2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ധരണീ വിലാപം (No.2)

                      

                   ധരണീ വിലാപം (2)
                          
വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ
 
മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെ തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല, മഗ്നി എന്നിവരെ സൃഷ്ടിച്ചു   
നെഞ്ചിലേക്കാവാഹിച്ചടിമകളാക്കി
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവായ് മാറ്റിയെടുത്തു ഞാൻ പതിയെ
ഒരു ചെറു കോശം മെനഞ്ഞിട്ടു ജീവൻറെ   
പൊരുളാം  തുടിപ്പേകി സംതൃപ്തയായി  

കടലിൽ  പായലും, ചെടികൾ മൽസ്യങ്ങളും  
കരയിലുരഗങ്ങൾ  സസ്യലതകൾ ,  
പറവകൾ നാൽക്കാലികളെന്നിവയ്ക്കെല്ലാം  
ഒരുപോലെ നൽകീ ജന്മവും ജീവനും

ഇനി എൻറെ സൃഷ്ടിയാണവസാനത്തേത്‌ 
ഇരുകാലി ജന്തുവാകട്ടെന്ന്  കരുതീട്ട്
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധി'നടി'ക്കുമിരുകാലിയെ വാർത്തു 

മനസ്സിൽ പ്രതീക്ഷയോടേകീയവനു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര നാമം 
'മനുഷ്യനും മണ്ണാകുമെന്നതു  മറന്നിട്ട്
മാതൃത്വത്തെ  മുറിവേൽപ്പിച്ചീടുന്നവൻ  

എന്നസ്ഥിയാകുന്ന  ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
എൻറെ ദശയാകുന്ന  മണ്ണും കൂടിച്ചേർന്നു 
എന്നെ ഞാനാക്കും  ധരണിയാണിന്നു  ഞാൻ  

എന്നസ്ഥി മുഴുവനും വെടിവച്ചു  പൊട്ടിച്ച് 
എൻ മാംസഭാഗങ്ങൾ കീറിമുറിച്ചിട്ടു
എൻചോരയാകെത്തിളപ്പിച്ചു  മറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കുവാനറിയില്ലവന്
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ചു  നദിയെ തോടാക്കീട്ട്
വയലൊക്കെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള   മോഹമേറീട്ടവൻ
വളമെന്ന് കരുതീട്ട്  വിഷം തളിക്കുന്നു
അതുവീണിട്ടെൻ തനു ചുട്ടു പൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും

സഹജീവിസ്നേഹമെന്തെന്നറിയില്ലവന്  
സഹജീവി ഹത്യയ്ക്കു    മടിയുമില്ല !
പാവപ്പെട്ടവരു പശിയാൽ കരഞ്ഞാലും 
പണച്ചാക്കുവീർപ്പിക്കാൻ ധിറുതിയവന് 

പുക തുപ്പീടുന്ന തൊഴിൽശാലകളേറെ  
പുകതുപ്പിയോടും ശകടങ്ങളേറെ
കോൺക്രീറ്റു പൊതിഞ്ഞെൻ ശരീരം മറച്ചിട്ടു 
വിമ്മിട്ടത്താൽഞാനെൻകണ്ണുമിഴിക്കുന്നു
 
ചൂടേറ്റിട്ടെന്നുള്ളം പഴുത്തങ്ങു പൊള്ളുന്നു
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ല
വിലപിക്കുക  മാത്രമേ   വഴിയുള്ളെനിക്ക്  
വിലപിക്കട്ടേ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായി  ഞാൻ നേടിയതാകെ
മക്കളിൽ കേമനാം മനുജൻറെ   നന്മയ്ക്കായ്
മർത്യനോ  മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വം തീണ്ടാത്ത മൃഗമിന്നവൻ 

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച് 
കുഴികുഴിച്ചിട്ട്  വീഴുന്ന  മനുജനെ  
കണ്ടിട്ടു സഹതപിച്ചീടുന്നു  ഞാനിന്നു  
കേഴുന്നീ വസുമതി, മർത്യനെയോർത്ത്  !

(Copy Right :  Upagupthan K. Ayilara)
  
 

3. വായു ഭൂതം

                  3.  വായു ഭൂതം               

                 വായു പുരാണം. 

പഞ്ചഭൂതങ്ങളിലൊന്നാണു ഞാനീപ്ര-
പഞ്ചത്തിന്നാധാരമെന്റെയും സാന്നിദ്ധ്യം
ആകാരമില്ലാത്ത വായു ഞാ,നെങ്കിലും 
അറിയുന്നുണ്ടെന്റെയപാരത മർത്യൻ  

മർത്യന്നു ജീവൻ നിലനിർത്തണമെങ്കിൽ 
മൂക്കിലെയ്‌ക്കെന്നെ വലിച്ചങ്ങു കേറ്റണം
മൂക്കിലേയ്ക്കൊന്നു ഞാൻ കേറാൻ മടിക്കുകിൽ
മർത്യൻ വലിച്ചീടുമൂർദ്ധ്വശ്വാസം പിന്നെ !

രൗദ്രഭാവത്തിൽ ഞാൻ വീശിയെന്നാലോ 
ആർദ്രതയില്ലാക്കൊടുങ്കാറ്റായ്  മാറിടും 
മരുഭൂമീൽ ഞാനൊന്ന് ചുറ്റി വരികിലോ
മണൽക്കാറ്റായോ ചുടുകാറ്റായോ മാറും! 

ചുറ്റും ചൂടുള്ളോരിടത്തിൽ പെട്ടിട്ടു ഞാൻ
ചക്രശ്വാസം വലിച്ചോടിക്കറങ്ങുകിൽ 
ചുഴലിക്കാറ്റെന്നോരു ചക്കരപ്പേരാണ്
ചാർത്തിത്തരുന്നതീ മർത്യൻ മഹാകേമൻ!

ശാന്തതയോടൊന്നു ചുറ്റിക്കറങ്ങുകിൽ  
മന്ദമാരുതനെന്നെന്നേ വിളിച്ചീടും        
പൂവിൻമണവും വഹിച്ചു ഞാൻ വീശുകിൽ
പൂങ്കാറ്റെന്നുള്ളോരു ഓമനപ്പേരിലും 

അറിയാതൊരു നാറുന്ന വസ്തുവിന്റെ  
അരികെക്കൂടൊന്നു കടന്നുപോയെന്നാൽ
നാറ്റക്കാറ്റായിട്ടു മാറിപ്പോയീടും  ഞാൻ
നാട്ടുകാരോടിപ്പോം മൂക്കും പൊത്തിക്കൊണ്ടു  !

രൂപമില്ലാത്തയെനിക്കവരുണ്ടാക്കും
രൂപം ടയറിൻറെയും ബലൂണിൻറെയും!
നന്നായി പമ്പുചെയ്തും ഊതിക്കേറ്റിയും
എന്നേയൊരു പരതന്ത്രനായ് മാറ്റീടും!

കാറ്റാടിയന്ത്രത്തിലെന്നേ കുരുക്കീട്ടു
കറക്കിത്തിരിച്ചെന്റെ 'കാറ്റു പോക്കീട്ടു'
കറന്റുണ്ടാക്കീട്ട്  കറങ്ങുന്ന ഫാനിന്റെ
കാറ്റു കൊണ്ടിട്ടു സുഖിക്കുന്നു മനുജൻ

ഇത്രയേറെയെന്നെ പീഡിപ്പിച്ചീടിലും
ഇത്രമേലെന്നെയധിക്ഷേപിച്ചീടിലും
ഇല്ലെനിക്കൊട്ടും പരിഭവമെന്തെന്നാൽ
ഇപ്പോഴുമെപ്പോഴും ഞാനൊരു സാത്ത്വികൻ
    
മഴവേണ്ടും നേരത്ത് കാർമേഘപ്പാളികൾ
മലയിലെത്തിച്ച്  മഴ പെയ്യിച്ചീടും ഞാൻ
മനുജന്ന് മാനസോല്ലാസമേകാനായി 
മാദക ഗന്ധങ്ങളെത്തിച്ചു നൽകും ഞാൻ 

മാഞ്ചോട്ടിൽ കൂടീട്ട്  കരിമാടിക്കുട്ടന്മാർ 
മേലോട്ടുനോക്കീട്ട് കൊതിവെള്ളോമൂറിട്ടു
മാടിവിളിക്കുമ്പോളോടിയെത്തീട്ടു ഞാൻ
മാവു കുലുക്കീട്ടു മാമ്പഴം വീഴ്ത്തിടും

പുല്ലാംകുഴലിൻറെയുള്ളിൽക്കയറീട്ടു
എല്ലാ രാഗങ്ങളും മെച്ചമായ് മൂളീട്ടു
മനുജന് കർണത്തിനാനന്ദവും പിന്നെ 
മാനസോല്ലാസ്സവുമേകുമൊരുപോലെ

ആസ്വാദനങ്ങളെനിക്കുമുണ്ടു സ്വന്തം   
അപ്പൂപ്പന്താടികൾ തട്ടിക്കളിച്ചിട്ടും  
മുളംകാട്ടിൽ ചുറ്റീട്ട്  ചൂളം വിളിച്ചിട്ടും 
മൂളിപ്പാട്ടും പാടി പൂക്കളെ ചുംബിച്ചും

പൂമരത്തിൽ നിന്നും പൂമഴ പെയ്യിച്ചും
പാടത്തെ നെൽക്കതിർ കുലകളിട്ടാട്ടീം  
തരുണിതന്നളകങ്ങളാട്ടി രസിച്ചും 
തരമോടവൾതൻ കുട കയ്ക്കലാക്കീം  

പട്ടങ്ങളുയരത്തിൽ പാറിപ്പറത്തീട്ട്  
കുട്ടികൾതൻ ബലൂൺ പൊക്കിപ്പറത്തീട്ട്
കുസൃതികളോരോന്നു കാണിച്ചു കൂട്ടീട്ട്
രസിക്കുന്ന ഞാനൊരു സാത്ത്വികനല്ലേ?

മനുഷ്യന്നു  ഞാൻ ജീവവായുവാണല്ലോ?
മരണത്തെ അവന് ഭയവുമാണല്ലോ ?
എന്നിട്ടെന്തേയെന്നെ കാത്തുരക്ഷിക്കാതെ
തോന്നിയപോലൊക്കെ ദുഷിപ്പിച്ചിടുന്നു?

പകലെന്നോ രാവെന്നോ ഭേദമില്ലാതെ
പുകയുന്ന വസ്തുക്കളൊക്കെയെരിച്ചും  
രാസവസ്തുക്കളും വിഷവും കലർത്തി 
ശ്വാസം മുട്ടിച്ചെന്നെ കൊല്ലാതെ കൊല്ലുന്നു!

ഇനിയും തുടർന്നിട്ടിതുപോലെ പോയാൽ
ഞാനൊരു കാകോളപ്പുകഗോളമാകും !
മനുജാ നീ സ്വന്തം കുഴി കുഴിച്ചീടും
എന്നേയും കൂട്ടി നീ അതിലേക്കു വീഴും!

അതുകൊണ്ട് മർത്യാ നീ മനസ്സൊന്നുമാറ്റൂ
അവിവേകമൊക്കെയും മതിയാക്കിയിട്ട്
നിന്നന്തരീക്ഷം ശുചിയാക്കി സൂക്ഷിച്ചി- 
ട്ടെന്നേയും നിന്നേയുമൊന്നിച്ചു രക്ഷിക്കൂ 
    

2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

Review for Press

               പുസ്തക പരിചയം 

"ദണ്ഡകാരണ്യം. മുതൽ ഇന്ദ്രപ്രസ്ഥംവരെ"
(ഉപഗുപ്തൻ കെ. അയിലറ - 8547487211)

         Prof. ജി എൻ പണിക്കർ

പല സവിഷേതകളാലും ഏറെ വ്യത്യസ്തവും  കൗതുകകരവുമായ  ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ.അയിലറയുടെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ".   ഒരു പ്രത്യേകത, അദ്ധ്യായങ്ങൾക്ക് ഒടുവിൽ ചേർത്തിട്ടുള്ള കാവ്യ മധുരമായ ശ്ലോകങ്ങളാണ്.    മദ്ധ്യപ്രദേശത്തും ഒറീസ്സയിലും കൽക്കട്ടയിലും ഡൽഹിയിലും തിരുവനന്തപുരത്തും ജോലി  ചെയ്യേണ്ടി വന്ന ഉപഗുപ്തന് അൻപതു വർഷത്തെ സജീവവും വൈവിദ്ധ്യവുമാർന്ന ഔദ്യോഗിക സേവനാനുഭവങ്ങൾ കൂടാതെ  മൂന്നാമത്തെ വയസ്സുമുതലുള്ള രസകരമായ കാര്യങ്ങളുമുണ്ട്  ഓർത്തെടുക്കുവാനും
നല്ല ഒഴുക്കുള്ള ആഖ്യാന ശൈലിയിൽ എഴുതുവാനും.  ജോലിയിലിരുന്ന പല 
 സ്ഥലങ്ങളുടെയും  സവിശേഷതകളും 
ആഘോഷങ്ങളും ഒരു യാത്രാവിവരണം പോലെ ഈ പുസ്തകത്തിൽ വർണിക്കുന്നുമുണ്ട്.  SSLC കഴിഞ്ഞ് ജോലിക്കായി അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് ട്രെയിൻ കയറുകയും  ആ യാത്രയ്ക്കിടെ ഒരു തിരിഞ്ഞു നോട്ടത്തിൽകൂടി തന്റെ  ബാല്യകാലം ഓർത്തെടുക്കുകയും ചെയ്യുന്നു.  മദ്ധ്യപ്രദേശിലും ഒറീസ്സയിലുമായി നാലര വർഷം കേന്ദ്ര സർവീസിൽ  ജോലിചെയ്ത ശേഷം ഉപഗുപ്തൻ,   തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളും കാത്തിരുന്ന  കൽക്കട്ടയിലെ പ്ലാനിംഗ് കമ്മീഷൻ ഓഫീസിലെത്തുന്നു..  അവിടെ  അദ്ദേഹത്തെ  കാത്തിരുന്നു.  ജാതി ഭ്രാന്തനും, ഉച്ചയോടു കൂടി മാത്രം ഓഫീസിലെത്തിയിട്ട് രാത്രിയിലും ജോലിയൊന്നുമില്ലതെ തനിക്കൊപ്പം ഉപഗുപ്തനുമിരിക്കണമെന്ന് ശഠിക്കുന്ന ഓഫിസർക്ക്  നിരുപാധികം വഴങ്ങാതെ' നൈറ്റ്‌ കോളേജിൽ  ചേർന്നു പഠിച്ച്  ബി.കോം.ഓണേഴ്‌സ് ജയിച്ച് എം.കോമിന് പഠിക്കുമ്പോഴാണ്‌ 
ഉപഗുപ്തന് ഡൽഹിയ്ക്ക് മാറ്റമായത്.  ഡൽഹിയിൽ പ്ലാനിംഗ് കമ്മീഷനിൽ നിന്നും ഗസറ്റഡ് ഓഫീസറായി  തൊഴിൽ മന്ത്രാലയത്തിലെത്തുകയും  അവിടെനിന്നും  തന്റെ  എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹത്തെ അഴിമതിയുടെ വിഹാരകേന്ദ്രമായ തിരുവനന്തപുരത്തെ എമിഗ്രേഷൻ ഓഫീസിന്റെ   ചുമതല ഏറ്റെടുക്കുവാനായി സ്ഥലം മാറ്റുന്നു. 
അഞ്ചു വർഷക്കാലം തിരുവനന്തപുരത്ത് എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ അഴിമതിക്കും മനുഷ്യക്കടത്തിനും എതിരേ ഉപഗുപ്തൻ നടത്തിയ ധീരവും സാഹസികവുമായ നിരന്തരമായ ശ്രമങ്ങൾ വിവരിക്കുന്ന "അനന്തപുരി യുദ്ധകാണ്ഡ" മാണ് ആരെയും   ഏറ്റവുമധികം ആകർഷിക്കുന്നതും ചിന്താധീനരാക്കുന്നതും.  എയർപോർട്ട്‌  വഴി നടന്നിരുന്ന മനുഷ്യക്കടത്തിനെതിരായി,  ഉപഗുപ്തൻ നടത്തിയ ധീരവും തികച്ചും നിയമപരവുമായ പ്രവർത്തികൾ കൊണ്ട് രോഷാകുലരായ    എയർപോർട് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ട്രാവൽ ഏജന്റുമാരുടെയും എതിർപ്പും ഭീഷണിയും അദ്ദേഹത്തിന്  നേരിടേണ്ടിവന്നതിനു പുറമേ മുഖ്യമന്ത്രിയുടെയും MP മാരുടെയും മലയാളിയായ  കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും  അപ്രീതിയ്ക്ക്  
ഇരയാകേണ്ടിയും വന്നു.  അഞ്ചു വർഷങ്ങളോളം നിരന്തരം അവർ  അദ്ദേഹത്തിനെതിരെ നീങ്ങിയെങ്കിലും അതെല്ലാം അതിജീവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഡൽഹിയ്ക്ക് സ്ഥലം മാറ്റമായത്.  ((ഉപഗുപ്തൻ നടത്തിയ സാഹസിക നീക്കങ്ങളെക്കുറിച്ചും
അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളെ പറ്റിയും മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ ജി. ശേഖരൻ നായർ ആ പത്രത്തിൽ അക്കാലത്ത് എഴുതിയിരുന്ന  'അക്കരപ്പച്ച' എന്ന ലേഖന 
പരമ്പരയിൽ വിശദീകരിച്ചിട്ടുണ്ട്.))  ഒരു പ്രവാസി ട്രാവൽ ഏജന്റിന്റെ   പറ്റിപ്പിനിരയായ നിസ്സഹായയായ ഒരു സ്ത്രീയ്ക്ക്,  അയാളെ വരച്ച  വരയിൽ നിറുത്തി അയാളുടെ പക്കൽ നിന്നും  വൻ തുക വാങ്ങിക്കൊടുത്തപ്പോൾ,  നിറകണ്ണുകളോടെ ആ നിർഭാഗ്യ "സാറിന് നൂറു പുണ്യം കിട്ടും" എന്ന് ഉപഗുപ്തനോട് പറഞ്ഞിട്ട് ഇറങ്ങിപ്പോകുമ്പോൾ വായനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞുപോകും. 
  
ഡൽഹിയിൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ എത്തിയ  ഉപഗുപ്തൻ  ഫിനാൻസ്  അണ്ടർ സെക്രട്ടറിയായിരിക്കെ  മന്ത്രാലയത്തിലെ ഉന്നതർക്കിടയിൽ നടന്നിരുന്ന അഴിമതികൾക്കെതിരെ  തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിച്ചത്  പല ഉന്നതർക്കും രുചിക്കാതായി.   സർവീസിൽ നിന്നും സ്വയം വിരമിക്കുവാൻ  തീരുമാനിച്ച  ഉപഗുപ്തൻ വിരമിക്കൽ സദസ്സിൽ   നടത്തിയത്  അസാധാരണമായ,    ഒരു  വിടവാങ്ങൽ        പ്രസംഗമായിരുന്നു   കേന്ദ്ര ഗവ.സർവീസിൽ നിന്നും വിരമിച്ച ശേഷം പത്തു വർഷക്കാലം WHO യിൽ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയ അനുഭവങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്.  ((ഒപ്പമുണ്ടായിരുന്ന, ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സഹപ്രവർത്തകരെപ്പറ്റി അദ്ദേഹം പറയുന്നു:  "ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും  സത്യസന്ധതയ്ക്കും പൊന്നുംവില കൽപ്പിക്കുകയും , സഹപ്രവർത്തകരോട് സ്നേഹവും സാഹോദര്യവും വച്ചു പുലർത്തുകയും ചെയ്യുന്ന  ഈ മാന്യ വ്യക്തികളെവിടെ,  ഈ ഗുണങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്രസർക്കാർ ബ്യൂറോക്രാറ്റുകളെവിടെ? " ))

നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തന്റെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തൻറെ    ഈ ആത്മകഥ വായനക്കാരുടെ ജീവിതാനുഭവത്തിന്റെ അതിർത്തി രേഖകൾ മാറ്റി വരയ്ക്കും, തീർച്ച. ഉപഗുപ്‌തന്റെ   "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം lവരെ"  നമ്മുടെ ആത്മകഥാ സാഹിത്യത്തിനും,  മൊത്തം മലയാള സാഹിത്യത്തിനും, ഒരു മുതൽക്കൂട്ടാണ്.  ദിശാ ബോധം നഷ്ട്ടപ്പെട്ട  ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.  കഠിനാദ്ധ്വാനത്തിന്റെ,  ധീരമായ,  ആദർശ സമ്പന്നമായ,  ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട് .  വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാള വായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും.

പബ്ലിഷേഴ്സ് :  പ്രഭാത് ബുക്ക്‌ ഹൌസ് 
തിരുവനന്തപുരം  വില :Rs.300 

ജി. എൻ. പണിക്കർ
പ്രദീപ്തി, പാങ്ങോട്,  തിരുവനന്തപുരം
0471 2353205

2019 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

8. ഗിരി രോദനം.

                  

   
           8.  ഗിരി രോദനം 

മോഹമുണ്ടെനിക്കിന്ന്  കരിമുകിൽ  കൂട്ടങ്ങളെ
ദാഹിക്കും മനമോടെ തടഞ്ഞൊന്നു  നിർത്തീട്ടു 
മാരി പെയ്തിറക്കുവാൻ നനഞ്ഞു  കുളിർക്കൊള്ളാൻ
മോഹമെന്നാലിന്നെന്റേതതിമോഹമാണല്ലോ!

ഇന്നു ഞാൻ ഉയർന്നോരു ഊഷര  ഭൂവായ്  മാറി
എന്നിലേയിടതൂർന്നു വളർന്ന മരങ്ങളെ
ഒന്നോടെ വെട്ടിക്കോതി വെളുപ്പിച്ചില്ലേ  നിങ്ങൾ? 
പിന്നെയെങ്ങിനെ മാരിക്കാറിനെ തടയും  ഞാൻ?

മാരിക്കാറുകളിന്നെൻ കയ്യെത്താദൂരത്തെത്തി 
മോഹിപ്പിച്ചുകൊണ്ടെന്നെ, തെന്നിമാറിപ്പോകവേ
എന്മനം തപിച്ചിട്ടു മഴവെള്ളമേൽക്കാതെ
എരിപൊരിക്കൊള്ളുന്നത്  അറിയുന്നുണ്ടോ നിങ്ങൾ?
 
എന്മാറിൽ വളർന്നെത്ര തരുക്കൾ,   ലതകളും
'എത്രയോ പേരുള്ളവ,   ഓർത്തെടുക്കാനാവില്ല
പൂത്തുകായിച്ചിട്ടവ, കാലാകാലങ്ങളിലായ് 
പ്രജനം നടത്തിയും മഴപെയ്യിച്ചും  പൊന്നു.

പക്ഷി മൃഗാദികൾക്കും  മർത്യന്നുtമൊരുപോലെ
പശിയ്ക്കും ദാഹത്തിനും  ഉതകിയിരുന്നവ
അവയിലൊക്കെത്തന്നെ പക്ഷികൾ  കൂടും കൂട്ടി
ആർത്തുല്ലസിച്ചിരുന്നു വംശവും  നിലനിർത്തി 

എന്നുടെ ധമനികളാകും നീരുറവകൾ
എൻ്റെ  താഴ് വാരങ്ങളിൽ ചെറുനീർച്ചോലകളായ്
ചിരിച്ചുല്ലാസമോടെ, ഒഴുകി ഒരുമിച്ചോ-
രരുവിയായ് ഗ്രാമത്തിൻ ജീവനാഡിയായില്ലേ!

ഇടതൂർന്നൊരെൻ തനു കയ്യേറിയിട്ടു  നല്ല
തടിയും കായ് കനികളും ചൂരലും  തേനും മറ്റും 
വനവിഭവങ്ങളെന്ന ഓമനപ്പേര് ചൊല്ലി
വേണ്ടുവോളവും നിങ്ങൾ സംഭരിച്ചിരുന്നില്ലേ 

എന്നെന്നുമെനിക്കതു സന്തോഷമായിരുന്നു
അന്നെൻ ജീവിതമെത്ര ധന്യമായിരുന്നെന്നോ!
ഇന്നവയൊക്കെപ്പഴങ്കഥകൾ വല്ലപ്പോഴും 
ഒന്നോർത്തു മനം കുളിർപ്പിക്കാനുതകുന്നവ!

നല്ലതല്ലാത്തതൊന്നും ചെയ്തില്ല  നിങ്ങൾക്കു ഞാൻ
നിലകൊണ്ടിരുന്നു ഞാൻ നിങ്ങൾ തൻ  സമൃദ്ധിക്കായ്
എന്നിട്ടുമെന്തേ നിങ്ങൾ കണ്ണിൽച്ചോരയില്ലാതെ
എന്നെ വെട്ടിനിരത്തി നഗ്നയായിട്ടു  നിർത്തീ?

പതിവായ് നിങ്ങളിന്നു കേൾക്കും  വാക്കുകളല്ലോ   
'പരിസ്ഥിതി പ്രശ്നവും'  'ആഗോളോഷ്ണവും' പിന്നെ
'പ്രകൃതീ സംരക്ഷണോം'  "വനവൽക്കരണവും
പറയൂ അറിയുമോ  അർത്ഥമെന്തവയുടെ 

പശ്ചാത്താപമെങ്കിലോ എന്നെയൊർത്തുണ്ടാകണം   
പകരം പ്രായശ്ചിത്തം ചെയ്യുവാൻ തോന്നുന്നുണ്ടോ?
എങ്കിൽ നിങ്ങളെന്നേയൊന്നു 'വനവൽക്കരിച്ചിട്ട് '
എനിക്കു പുനർജ്ജന്മം തന്നു നേടീടൂ പുണ്യം!!!

കഴിയുമോ നിങ്ങൾക്കെന്നേ വനമായ്മാറ്റാനൊന്ന്? 
കഴിയില്ലെങ്കിൽ, ഇതെൻ വനരോദന'മായി  
കരുതുന്നൂ നിങ്ങളെങ്കിൽ, വന്നിടും മഹാനഷ്ടം
കരുതിക്കോളൂ നിങ്ങൾക്കാവില്ലത് നികത്തുവാൻ!!!
                                                                             
                  
                       
            

                                                               
 
           
                   
 
           
       
                    
                      
                      
                     
                     
 
                  
  

2019 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

31. പ്രണയചാപല്യങ്ങൾ.

           31.  പ്രണയചാപല്യങ്ങൾ

തിമിരം കടക്കണ്ണിലൊളിപ്പിച്ച്  ഞാനൊരു
തരുണിയെ പതിയേ പ്രണയിച്ചു നോക്കി
പ്രണയചാപല്യങ്ങളധികമായിട്ടാ
പ്രണയം വിഫലമായെന്നറിഞ്ഞീടവേ
    
അടവ് മാറ്റീട്ടൊരു കവിയുടെ വേഷത്തിൽ
അവളെ സമീപിച്ചിട്ടെന്റെ കവിതകൾ
അനുരാഗമൂറീടുമീണത്തിൽ പാടിയത്
വാനത്തുനോക്കിനിന്നവൾ കേട്ടുനിന്നല്ലോ!

അവളെന്റെ വലയിലാകുന്നതിൻ  തെളിവ്
അവളെയെൻ പാട്ടിലാക്കാനില്ല വിഷമം!
പതിയേ വശീകരിച്ചരികത്താക്കേണം
അതിനായി ഞാൻ നടന്നവളുടെ നേർക്ക്

കണ്ടു ഞാനപ്പോളവൾ നമ്രമുഖിയായി
കാൽവിരലാലേ രചിക്കുന്നതു പൂഴിയിൽ
ചിത്രങ്ങൾ നാണമോടത് തന്നെയവളുടെ
തത്രപ്പാടല്ലേയെൻ സാമിപ്യമറിയുവാൻ?

മിടിക്കും മനമോടെയെത്തീയടുത്തായി
മിഴിമാറ്റിയില്ല ഞാനവളിൽ നിന്നെന്നാൽ
തിരിഞ്ഞു നോക്കാതെ നടന്നവളകലേയ്ക്ക്
തരമോടെയെന്നടവ് മാറ്റേണമിനിയും  

വരികൾക്കുമദ്ധ്യേയവൾക്കുവായിക്കുവാൻ
വേണ്ടും മസാലകൾ കുറയാതെ ചേർത്തിട്ട്
മോഹത്തിൻമേമ്പൊടിയും പൂശീയൊരു നല്ല
സ്നേഹക്കൂട്ടാം പ്രേമലേഖനമെഴുതീ ഞാൻ

ഇനിയതവളുടെ കയ്യിലെത്തിക്കുവാൻ
കനിവു കാട്ടേണമാരെങ്കിലുമത്  തന്റെ 
അനിയത്തിക്കുട്ടിയായാലതും നന്നല്ലേ,
അനിയത്തി നിർവഹിച്ചാ ജോലി നന്നായി

പ്രതികരണമെന്താകുമോ അവളുടേത് ?
പ്രതിദിനം ദ്രുതതരം ഹൃത്തിൻ്റെ താളം   
മറുപടി കിട്ടിയില്ലിതുവരെയെന്നത്
മനസ്സിൻ്റെ താളത്തെ തെറ്റിക്കുമെന്നായി

ഇനിയും പ്രതീക്ഷിച്ചിരിക്കുവാനാകില്ല
പതിയേ നടന്നവൾക്കരികിലേക്കായി
മുഖപടമൊക്കെയഴിച്ചു ഞാൻ നോക്കവേ
നഖവും കടിച്ചവൾ നിൽപ്പൂ വിവശയായ് 

അവൾ തൻ്റെ  വലയിലായെന്നു തോന്നുന്നു
അല്ലേലവൾ വ്രീളാവിവശയാകില്ലല്ലോ!
അരികത്തണഞ്ഞ് തൻ വിരലാലവളുടെ
അരുമയാം താടിയുയർത്താൻ ശ്രമിക്കവേ

അറിയില്ലയെന്താണ് കവിളിൽ പതിച്ചതെ-
ന്നറിയുന്നതിന്നു മുൻപുണർന്നുപോയല്ലോ!
തൻവലം കൈപ്പത്തി തന്നിടതു കവിളിൽ
തടവുന്നുണ്ടെന്നതറിഞ്ഞുതാനുടനേ

പ്രണയചാപല്യങ്ങൾ കാട്ടിയാലുണ്ടാകും
പ്രതികരണമെന്താകാമെന്നത് നല്ലപോൽ
പ്രായോഗികമായിട്ടല്ലാതെയറിഞ്ഞു ഞാൻ
പ്രായോഗികമായെന്നാൽ അറിയുന്നനേകർ! 
   
  
 

  
 
  

2019 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

40. ഞാൻ കവളപ്പാറയുടെ ദുഃഖപുത്രൻ

40.  ഞാൻ കവളപ്പാറയുടെ     
        ദുഃഖപുത്രൻ
(കവളപ്പാറ ഉരുൾ പൊട്ടലിനെ ആധാരമാക്കി) 

കളിചിരിയില്ലെനിക്കിന്നൊട്ടുമേ 
കരയുവാനോ കണ്ണുനീരുമില്ല
കരളിൽ കദനം നിറഞ്ഞു നിൽക്കേ
കരയുന്നതു  മരുന്നാണുപോലും!

കണ്ണീര് വറ്റിയാലെങ്ങിനെ കരയും?
കരയുന്നുണ്ടെങ്കിലുമെൻ ഹൃദയം
കരയാതെ കരയുകയാണതെന്ന്
കരുതുന്നതിൽ തെറ്റൊട്ടില്ല താനും

കവളപ്പാറേലായിരുന്നെൻ്റെ വീട്
കവളപ്പാറയിന്നു കാണ്മാനില്ല
ഉരുൾപൊട്ടി വീടും പോയ്‌ വീട്ടുകാരും
ഒരുദിനം ഞാനേകനായി മാറി!

കൂട്ടുകാർ ചിലരിന്നും മണ്ണിന്നടീൽ
നാട്ടുകാരിൽ പലർ മണ്ണിന്നടിയിൽ
പ്രകൃതി ക്ഷോഭിച്ചാലുമിങ്ങനാമോ?
പ്രകൃതിയ്ക്ക് കണ്ണില്ലേ, ചോരയില്ലേ? 
 
വന്നുപെട്ടീ അനാഥാലയത്തിൽ ഞാൻ
എന്നേപ്പോലുണ്ടനേകം പേരിവിടെ!
ജന്മനാ തന്നെയനാഥരായോരും
ജനിപ്പിച്ചിട്ടു കളയപ്പെട്ടോരും!
 
പോറ്റുവാനാകാതെ മാതാപിതാക്കൾ
തെറ്റെന്നറിഞ്ഞോണ്ടു കൊണ്ടുവന്നോരും!
പാതകളിൽ തെണ്ടിത്തിരിഞ്ഞതിനാൽ
പോലീസ്സു പിടിച്ചോണ്ടു  വന്നവരും!

എന്നാലുമെല്ലാർക്കുമിവിടൊരുപോൽ 
നന്നായിച്ചേരുന്ന പേരാ'ണനാഥൻ'!
കേൾക്കുവാൻ ചേലുള്ളോരോമനപ്പേരാ!
കേൾക്കുവാനിമ്പവും നോന്നുന്നതില്ലേ?

നെറ്റിയിൽ ഞങ്ങടെ ഒട്ടിച്ചുപോയി
മാറ്റുവാനാകുമോ ഇനിയുമാപ്പേര്!
വിധിയാണിതെന്നൊക്കെ നിങ്ങൾ ചൊല്ലും
വിധിയെപ്പഴിക്കുവാൻ ഞങ്ങളില്ല

ഓർക്കാതിരിക്കുവാനാകില്ലെനിക്ക്
ഓർമ്മച്ചെപ്പൊന്നു തുറന്നീടട്ടേ ഞാൻ
കവളപ്പാറേലെ പറമ്പിലൊക്കെ
കൂട്ടരോടൊപ്പം കറങ്ങി നടന്നു ഞാൻ

തമ്മിലടിച്ചും കളിച്ചു രസിച്ചും
തോമ്മനും ചെല്ലനും ഖാദറുമൊപ്പം
മാവിലും പിന്നെക്കശുമാവിലുമായ്
മാറിമാറിക്കേറീം കല്ലെറിഞ്ഞിട്ടും

കുട്ടിയും കോലും തലയോലപ്പന്തും
വട്ടും കിളിത്തട്ടുമണ്ടികളിയും
തീർന്നില്ല, കളികളുണ്ടേറെയിനീം
ഓർത്തെടുക്കേണ്ടുന്ന കാര്യമേയുള്ളു

കളം ചാടും കാളീടേം മീനുവിന്റേം
കളമൊക്കെയും തേച്ച് മാച്ചു കളഞ്ഞും
അവരെ ശരിക്കൊന്നു ശുണ്ഠികൂട്ടീട്ട്
അവർതൻ മുഖത്തെപ്പരിഭവങ്ങൾ  

കണ്ടിട്ടു കൈകൊട്ടി ആർത്തുചിരിക്കും 
കനിവു തോന്നിപ്പിന്നെയാക്കളങ്ങൾ
വരച്ചുകൊടുത്തിട്ടവരോടൊപ്പം
പരിഭവം തീർക്കാൻ കളം കളിക്കും  

സ്കൂളിലേക്കൊരുമിച്ചെല്ലാരും പോകും 
സ്‌കെയ്ലു കൊണ്ടന്യോന്യമടികൂടീടും
വൈകിട്ടു  കുളത്തിലേക്കൂളിയിട്ടിട്ട്
വെള്ളം തെറ്റിച്ചു കളിച്ച് രസിച്ചീടും!
 
അങ്ങിനെയെത്രയോ കളികൾ കളിച്ച്
ഞങ്ങൾ സന്തോഷമായ് കാലം കഴിച്ചു
അന്നൊക്കെ ഞങ്ങളൊരുമിച്ചാരുന്നേൽ
ഇന്നില്ലവരാരും ഞാനേകനായി!

അച്ഛനുമമ്മയും മീനുവെന്നയെൻ 
കൊച്ചനുജത്തിയുമൊത്തുചേരുമ്പോൾ
എന്തർഥമാരുന്നു ജീവിതമെന്നാൽ
എന്തോരു വ്യർത്ഥതയിന്നെൻ്റെ ജീവന്ന്

പ്രകൃതിയെയാര്  പ്രകോപിപ്പിച്ചാലും
പ്രതികാരമുണ്ടാം പകരമായിട്ട്
പ്രകൃതിക്ക് ഹൃദയമില്ലെന്നുവന്നാൽ
പാവങ്ങളാണോ പിഴയൊടുക്കേണ്ടൂ? 
  
ജീവിച്ചിരുന്നിട്ടിനിക്കാര്യമില്ലെന്ന്
ജീവിച്ചിരിക്കുവാനായാശയില്ലെന്ന്
പറയുവാനെത്രയെളുപ്പമെന്നാൽ
അറിയുന്നു ഞാനതസാദ്ധ്യമെന്നും

ആശ കൈവിട്ട്  കളയുവാനാവില്ല
വാശിയോടെ തന്നെ മുന്നോട്ടു പോണം 
കാലമെനിക്കായി കാത്തുസൂക്ഷിക്കും
കാര്യമെന്താണേലും വേണമെനിക്കത്!!!