2017 മേയ് 16, ചൊവ്വാഴ്ച

Post No.7 :: കറുമ്പിപ്പശുവും നന്ദിനിക്കോഴിയും


 



കറുമ്പിയമ്മയും നന്ദിനിക്കോഴിയും  


 1. കറുമ്പിയമ്മ                       


സ്വന്തം  വീട്ടിൽ  വിദ്യാലയം  തുടങ്ങി  രണ്ടാം വർഷം   പുതിയ  സർക്കാർ  കെട്ടിടത്തിലേക്ക്  മാറ്റിക്കഴിഞ്ഞപ്പോൾ     അവിടേയ്ക്കു താമസം മാറ്റുവാൻ കേശവൻ  തീരുമാനിച്ചു.   പക്ഷേ കരുതി വച്ചിരുന്ന പൈസ എടുത്തു  ആ വസ്തുവിനോട് ചേർന്നു കിടന്നിരുന്ന 60 സെന്റ് വസ്തു വാങ്ങിയത്   കാരണം ഇനി ഉടനെയെങ്ങും വീടുപണി പൂർത്തീകരിക്കുവാൻ പറ്റാത്ത അവസ്ഥയിലായി. പോരെങ്കിൽ, വസ്തുവിന്റെ  വിലയുടെ പകുതി തുകയായ മുന്നൂറു രൂപാ  മലയാലപ്പുഴയിലെ മുത്തച്ഛന്റെ കയ്യിൽ നിന്നു കടം കൊള്ളുകയും ചെയ്തു.

എന്നാൽ അതുകൊണ്ടൊന്നും കേശവൻ  പിന്മാറിയില്ല. അടുക്കളയും അതിനോട് ചേർന്ന മുറിയും   ഓല കെട്ടി മറച്ചു,    വാതിലുകളും ഉണ്ടാക്കി.  ബാക്കിയുള്ള ഭാഗം   അറുത്തു വച്ചിരുന്ന പലകകൾ കൊണ്ടു കെട്ടി മറച്ചു ,  താമസവും അങ്ങോട്ടാക്കി.  അതിനും  കുറേ മാസങ്ങൾക്ക്  മുൻപ്  തന്നെ  ഭവാനി തന്റെ  അഞ്ചാമത്തെ  കുഞ്ഞിന്, സുധയ്ക്ക് ,  ജന്മം  കൊടുത്തു  കഴിഞ്ഞിരുന്നു . കേശവന്റെ  ബുദ്ധിമുട്ടുകൾ  ഏറി ഏറി വരികയും ചെയ്തു .    

പാട്ടത്തിനു എടുത്ത  വീടു   റബ്ബർമരങ്ങളുടെ മദ്ധ്യേ ആയിരുന്നതിനാൽ അവിടെ എല്ലായ്പ്പോഴും ഒരു ഇരുൾച്ചയായിരുന്നു.  എന്നാൽ പുതിയ വീടു നിന്നിരുന്നത് തുറസ്സായ,  കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന പച്ചപ്പു  നിറഞ്ഞ, സ്ഥലത്തായിരുന്നു.  പുതു മണ്ണിൽ കൃഷി ഇറക്കിയിരിക്കുന്നതിനാൽ ചുറ്റും  തെങ്ങും തൈകളും വാഴകളും മരച്ചീനിയും ചേനയും ചേമ്പും കാച്ചിലും മറ്റു പച്ചക്കറി  വർഗങ്ങളും സമൃദ്ധമായി  തഴച്ചു വളർന്നു നിൽക്കുന്ന അന്തരീക്ഷം.  അങ്ങോട്ട് താമസം മാറ്റിയപ്പോൾ പെട്ടെന്ന് മനസ്സിനും ശരീരത്തിനും ഒരു കുളിർമയും ഉണർവും വന്ന പോലെ. വീടിനും കുറച്ചു ഏറെ   മുകളിലായി നിറയെ കായ്‌ഫലമുള്ള   ഒറ്റപ്പെട്ട ഒരു  പ്ലാവുണ്ട്.   അതിനും കുറേ മുകളിലായാണ് വെട്ടാതെ ബാക്കി നിറുത്തിയിരിക്കുന്ന വയസ്സൻ പറങ്കിമാവിൻ തോട്ടം.  അതിനപ്പുറം    വലിയ കുന്നായ  , നൂറിലധികം ഏക്കറോളം, സ്ഥലം കൃഷിയൊന്നുമില്ലാതെ കാടുപിടിച്ചു കുറുക്കന്റെയും മറ്റും വിഹാര സ്ഥലമായി കിടക്കുകയാണ്. ഉപനും  ചേച്ചിമാരും സ്കൂൾ ഇല്ലാത്ത സമയങ്ങളിലൊക്കെ തങ്ങളുടെ പുരയിടത്തിലെ  പച്ചപ്പിൽക്കൂടെ ഓടിച്ചാടി കളിച്ചു നടക്കുകയും, പച്ചപ്പയറും വെണ്ടക്കയുമൊക്കെ പൊട്ടിച്ചു മതിയാവോളം തിന്നും,  ആഹ്ലാദം കൊള്ളുക പതിവാണ്. 

വേനലവധി സമയമായാൽ അവർക്കു നല്ല ജോലി സമയവുമാണ്.  അതിരാവിലെ എഴുന്നേറ്റു  ഓരോ വട്ടിയുമെടുത്തു  കശുമാവിൻ തോട്ടത്തിൽ പോയി വീണു കിടക്കുന്ന കശുവണ്ടികളെല്ലാം ശേഖരിക്കണം.     ആഴ്ചയിൽ രണ്ടു ദിവസ്സം എരൂരുള്ള ചന്തയിൽ കശുവണ്ടി കൊണ്ടുപോയി വിൽക്കുകയാണ് പതിവ്. ചന്തയുടെ തലേ ദിവസ്സം കേശവൻ കൂടുതൽ കായ്‌ഫലമുള്ള കശുമാവുകളിൽ കയറി  പഴുത്തു നിൽക്കുന്ന പഴങ്ങൾ കുലുക്കിയിടാറുണ്ട്.  അവ ശേഖരിക്കേണ്ടതും      അവരുടെ   ജോലിയായിരുന്നു.  ഇടയ്ക്കിടയ്ക്ക് നല്ല മധുരമുള്ള പഴങ്ങൾ തിരഞ്ഞെടുത്തു അവയുടെ ചാറു വയർ   നിറയെ കുടിക്കുകയും ചെയ്തിരിക്കും.  ക്രമേണ ഉപനും   മരങ്ങൾ കയറുവാൻ തുടങ്ങിയപ്പോൾ കേശവൻ അതിൽ നിന്നും പതുക്കെ  പിന്മാറി മുഴുവൻ ജോലിയും മക്കൾക്ക്  കൈമാറുകയും ചെയ്തു.

ഇതിനിടെ വീടിനോടു ചേർന്നു പിറകു വശത്തായി കേശവൻ ഒരു എരുത്തിൽ കെട്ടി അധികം പ്രായമായിട്ടില്ലാത്ത രണ്ടു പശുക്കളെ  - ഒരു കറുമ്പിയും     ഒരു പുള്ളിയും -  വാങ്ങി  വളർത്തുവാൻ തുടങ്ങി.  പുല്ലു ശേഖരിച്ചു അവയെ തീറ്റുന്നതിനു ഉപനും ചേച്ചിമാർക്കും വലിയ സന്തോഷം.   കറമ്പിപ്പശു  വളരെ സൗമ്യയായിരുന്നു. ഉപൻ അടുത്തു ചെന്ന് അവളെ തടവുകയും താടിക്കു ചൊറിഞ്ഞു കൊടുക്കുകയും ചെയ്യുമ്പോൾ അതാസ്വദിച്ചു കൊണ്ടു അവൾ അവനോടു ചേർന്നു നിൽക്കും. അവളുടെ മുൻപിൽ തല കുനിച്ചു കാണിച്ചാൽ അവൾ തല നക്കിത്തുവർത്തി  മുകളിലേയ്ക്കു 'ചീകി മിനുക്കി' വച്ചു കൊടുക്കും !  ഒരിക്കൽ  അവൾ തല അൽപ്പം ഉയർത്തി ചൊറിയുവാനായി നിന്നുകൊടുത്തപ്പോൾ അവൻ അവളുടെ നെറ്റിയ്ക്കു അൽപ്പം താഴെയായി ഒരുമ്മ കൊടുക്കുകയുണ്ടായി. എന്തൊരത്ഭുതം, അവിടെ  നല്ല, മണമുള്ള പൂവിന്റെ ഗന്ധത്തെയും വെല്ലുന്ന, സുഗന്ധം !  അവൻ  വീണ്ടും വീണ്ടും മണത്തു നോക്കി; ഒരു സംശയവുമില്ല, അത്‌ യാഥാർഥ്യം തന്നെ!!!  പിന്നെ അവനും ചേച്ചിമാരും    ആ സുഗന്ധം ആസ്വദിക്കുക ഒരു പതിവാക്കി   മാറ്റി.    

വീട്ടിലെ  വിദ്യാലയ'ത്തിൽ രണ്ടാം  ക്ലാസ്സിൽ  ചേർന്നത്  മുതൽ  ഉപന്റെ  അടുത്ത  കൂട്ടുകാർ വട്ടാംകുഴിയിലെ  മോഹനനും  കൂപ്പിലെ  ശാർങ്ഗധരനും  ആയിരുന്നു.  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന  സമയം ഉപന്  പുതിയ    ഒരു കൂട്ടുകാരൻ കൂടിയായി - തുമ്പോട്ടു് നിന്നും പുതുതായി വന്നു ചേർന്ന പ്രതാപൻ.  

നാലാം ക്‌ളാസ്സിൽ പഠിക്കുന്ന സമയം. രണ്ടു ദിവസം   മോഹനൻ സ്കൂളിൽ വരികയുണ്ടായില്ല. പനിയാണെന്നറിഞ്ഞു.  മൂന്നാം ദിവസം   വെളിക്ക്‌ വിട്ട സമയം അക്കരെ റോഡിൽ  കൂടി മോഹനന്റെ അച്ഛൻ അവനെയും തോളിലിരുത്തി റോഡിലൂടെ ഏരൂരിലേയ്ക്ക് നടന്ന് പോകുന്നത്കാണുകയുണ്ടായി.രണ്ടിന്റന്നറിവായി അവൻ അഞ്ചൽ ആശുപത്രിയിൽ       ആയിരുന്നെന്നും അവിടെ വച്ചു അസുഖം കൂടിയിട്ട് അവൻ മരിച്ചുപോയി  എന്നും.  അതോടെ ഉപന് അവന്റെ ആദ്യത്തെ , ഏറ്റവുമടുത്ത,  കൂട്ടുകാരൻ എന്നത്തേയ്ക്കുമായി നഷ്ടപ്പെട്ടു. എന്നാൽ താമസിയാതെ തന്നെ അവനൊരു പുതിയ കളിക്കൂട്ടുകാരനെ    ലഭിക്കുയുണ്ടായി. കറുമ്പിപ്പശുവിന്റെ മോൻ , ഒരു  സുന്ദരക്കുട്ടപ്പൻ !    അവന്   മണിക്കുട്ടൻ എന്നു   പേരുമിട്ട്  ചെറിയ  ഒരു  ഓട്ടു മണിയും  കെട്ടിക്കൊടുത്തു.   ഒരു പശുക്കിടാവ്  തള്ളപ്പശുവിന്റെ അകിടിൽ മൂക്കുകൊണ്ടിടിച്ചിടിച്ചു വാലുമാട്ടി സസന്തോഷം പാലുകുടിക്കുന്നതും തള്ള അതിന്റെ   ദേഹം    സ്നേഹപൂർവ്വം നക്കിത്തുടച്ചു കൊടുക്കുന്നതുമായ മനോഹര ദൃശ്യം ആദ്യമായിട്ടാണ് ഉപൻ അടുത്ത് നിന്നു കാണുന്നത്.  അവനു വലിയ കൗതുകമായി. ഭവാനി പശുവിന്റെ     അകിട് കഴുകിയിട്ടു പാൽ കറന്നെടുക്കുന്നതു അവൻ നോക്കി നിൽക്കുകയും പലപ്പോഴും ഓട്ടുഗ്ലാസ്സ്  എടുത്തു കൊണ്ടുവന്നു ചൂടുള്ള പാൽ വാങ്ങി കുടിക്കുകയും ചെയ്യും.  ഒരു ദിവസ്സം അവനൊരു പൂതി തോന്നി.  കറമ്പിയുടെ അകിടിൽ നിന്നും നേരിട്ട് പാൽ കുടിച്ചു നോക്കിയാലെന്ത്? . അടുത്തെങ്ങും ആരുമില്ല.    മണിക്കുട്ടൻ  അല്പമകലെ  ചുരുണ്ടു  കൂടി  കണ്ണുമടച്ചു  കിടപ്പുണ്ട്  . വരാന്തയിൽ  മരച്ചീനിക്കിഴങ്ങുകൾ    കിടക്കുന്നു  . ഉപൻ   അതിൽനിന്നും  ഒരെണ്ണം എടുത്തു  കറുമ്പിക്കു  കൊടുക്കുകയും  അവൾ സസന്തോഷം  അതു  തിന്നുകയും ചെയ്തു. അവൻ  അവളുടെ  താടി  ചൊറിഞ്ഞു  കൊടുത്തിട്ടു  തലയുയർത്തി പിടിച്ചുനിന്നിരുന്ന  കറുമ്പിയുടെ  കണ്ണിൽ നോക്കി ചോദിച്ചു  :  "കറമ്പി മോളേ , ഞാൻ നിന്റെ  പാലിത്തിരി  കുടിച്ചോട്ടേ ? ചവിട്ടുവേം  തൊഴിക്കുവേമൊന്നും  ചെയ്യല്ലേ "  എന്നിട്ട് അടുത്തു കണ്ട ഒരു ചിരട്ടയിൽ വെള്ളം നിറച്ചുകൊണ്ടു വന്നു കറമ്പിയുടെ അകിടു കഴുകിയിട്ടു മുട്ടിന്മേൽ കുത്തിയിരുന്നു അകിടിൽ നിന്നും പാൽ കുടിക്കുവാൻ തുടങ്ങി.    കറുമ്പിയും  അവസരത്തിനൊത്ത് ഉയരുകയും  അവന്റെ പുറത്തു നക്കുകയും പാൽ ചുരത്തിക്കൊടുക്കുകയും ചെയ്തു   പക്ഷേ,  സംഭവം  മണത്തറിഞ്ഞത്  പോലെ, മണിക്കുട്ടൻ  എഴുന്നേറ്റോടി  വന്നു     "എടാ ദരിദ്രവാസീ, നീയിപ്പം   അങ്ങിനെ  സുഖിക്കണ്ടാ , എന്റെ  അമ്മേടെ പാല് എനിക്കൊള്ളതാ, അങ്ങോട്ട് മാറിക്കാട്ടെ , ഞാൻകുടിക്കട്ടെ" എന്നു  പറയും  പോലെ, തല  കൊണ്ടു  അവനേ  തെള്ളിമാറ്റുവാൻ  തുടങ്ങി.  ഉപൻ  മാറിക്കൊടുത്തു . പിന്നീടൊരിക്കലും  അവൻ  അതിനു തുനിഞ്ഞതുമില്ല. 

*****                     *****               *****

ഉപൻ 1959 ൽ അന്നത്തെ പതിനൊന്നാം ക്ലാസ്സിൽ SSLC യ്ക്ക്   പഠിക്കുന്ന സമയം ( ഇന്നത്തെ പ്ലസ് 1).  മാസം  തോറും  ആറു  രൂപാ  ഫീസ്  കൊടുക്കണം. ഇതിനകം കേശവനും ഭവാനിക്കും എട്ടു മക്കൾ പിറന്നു കഴിഞ്ഞിരുന്നു.   . മൂത്ത മകളുടെ വിവാഹം നടത്തിയതിന്റെ അവശത വിട്ടുമാറിയിട്ടില്ല. എട്ടു മക്കളുള്ള ഒരു വെറും സാധാരണ കുടുംബത്തിന് ആ  തുക ഫീസ്സിനായി മാത്രം താങ്ങാൻ ബുദ്ധിമുട്ടാണ്.  ഉപന്റെ ഫീസ് മൂന്നു മാസ്സം തുടർച്ചയായി മുടങ്ങി. ഒന്നര രൂപാ ഫൈനുമായി.  മൊത്തം   പത്തൊൻപതര    രൂപാ വേണം.  അവനേ ക്‌ളാസ്സിൽ നിന്നും ഇറക്കിവിട്ടിട്ടു രണ്ടു ദിവസ്സങ്ങളായിക്കഴിഞ്ഞു. കേശവൻ പല   മാർഗങ്ങളെപ്പറ്റിയും ആലോചിച്ചു. കടം വാങ്ങുന്നത് കേശവന് വിരോധമുള്ള കാര്യമാണ്.  മൂന്നിന്റന്ന് രാവിലെ  കേശവൻ എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടു ഉപനോടു പറഞ്ഞു:

"നീ ഇന്ന് ക്ലാസ്സി പോയിരിക്ക്.  സാറിനോട്  പറയ് അച്ഛൻ ഉച്ചയോട് ഫീസ്സു കൊണ്ടു വരുമെന്ന് "

ഉപൻ സ്കൂളിൽ ചെന്ന് ക്ലാസ്സ്‌ റ്റീച്ചർ പ്രഭാകരൻ സാറിനെക്കണ്ടു വിവരം ധരിപ്പിച്ചു. ഉപനേ  കാര്യമായിരുന്ന സാറു സമ്മതിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ക്‌ളാസ്‌ പിരിഞ്ഞു ഉപൻ വെളിയിൽ വന്നപ്പോൾ അച്ഛൻ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.  അവൻ അടുത്തു ചെന്നപ്പോൾ കേശവൻ ഇരുപതു രൂപാ ഉപന്റെ കയ്യിൽ കൊടുത്തിട്ടു ഉടനെ ഫീസ് അടയ്ക്കുവാൻ പറഞ്ഞിട്ട് പെട്ടന്നുതന്നെ തിരിഞ്ഞു നടന്നുപോയി.  അച്ഛൻ രൂപാ എങ്ങിനെ തരപ്പെടുത്തിയെന്നു ഉപന് ഒരു ഊഹവുമുണ്ടായിരുന്നില്ല. അതറിയുവാനുള്ള ഉപന്റെ ഉദ്വേഗം അങ്ങിനെ തന്നെ അവശേഷിച്ചു.   

ആ ഉദ്വേഗത്തോടു കൂടെത്തന്നെയാണ് ഉപൻ വൈകിട്ട് വീട്ടിലെത്തിയത്. താൻ വീട്ടിലെത്തിയാൽ സാധാരണ കേൾക്കാറുള്ള, തന്നെ വരവേറ്റു കൊണ്ടുള്ള,  കറുമ്പിയുടെ അമറൽ അന്ന് കേട്ടില്ലെന്ന കാര്യം ആ ഉദ്വേഗം കാരണം അവനൊട്ടു ശ്രദ്ധിച്ചുമില്ല. അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. നേരേ ഭവാനിയുടെ അടുത്തു ചെന്ന് അവൻ ആ ഉദ്വേഗം മറയ്ക്കാതെ ചോദിച്ചു :

"അമ്മച്ചീ, അച്ഛനെങ്ങിനാ എന്റെ ഫീസിനൊള്ള രൂപാ ഒപ്പിച്ചത് ?  

"എനിക്കറിയില്ല , നിന്റച്ഛൻ എന്നോടൊന്നും പറഞ്ഞില്ല." 

 അതു പറയുമ്പോൾ അമ്മച്ചി അവൻെറ  മുഖത്തു നോക്കുന്നുണ്ടായിരുന്നില്ലെന്നും അമ്മച്ചിയുടെ  മുഖത്തൊരു മ്ലാനത നിഴല്ച്ചിരുന്നെന്നും     അവൻ ശ്രദ്ധിക്കാതിരുന്നില്ല.   വാഗമ്മചേച്ചിയെ അവിടെയെങ്ങും കണ്ടില്ല. മുറ്റത്തു കാണുമെന്നു കരുതി മുറ്റത്തിറങ്ങി തൊഴുത്തിനടുത്തായപ്പോഴാണ് കറുമ്പി അവിടെയില്ലെന്ന  തോന്നലുണ്ടായത്. ആ സമയം ചേച്ചിയും അതു വഴി വന്നു. ചേച്ചി ചോദിച്ചു :

"നീ  എന്തിനാ എരുത്തിലിലോട്ടും നോക്കി  നിക്കുന്നേ; കറുമ്പി പോയെന്റെ സങ്കടമാ?"   

"കറുമ്പി എങ്ങോട്ടു പോയി?" എന്തോ അരുതാത്തതു സംഭവിച്ചത് പോലുള്ള ഒരു വെമ്പലോടെ അവൻ പെട്ടെന്ന് ചോദിച്ചു.  

"അപ്പോ നീ അറിഞ്ഞില്ലാരുന്നോ ?  അവളെ കൊടുത്തിട്ടല്ല്യോ അച്ഛൻ ഇന്ന് നിനക്കുള്ള ഫീസ് സ്കൂളി കൊണ്ടത്തന്നേ ? അമ്മച്ചി പറേവാരുന്നു  , നീ വരുമ്പോ  ബഹളം വയ്ക്കുമെന്ന്. എന്നിട്ടെന്നോട് പറഞ്ഞു, വയസ്സായതോണ്ട് കറംപീടെ കറവയൊക്കെ വറ്റിത്തുടങ്ങിയതാ, ഇനി  പ്രസവിച്ചാലും വല്യ പാലൊന്നും  കാണുകേലെന്ന്‌ , നിന്നോട് പറയാൻ"

ഉപന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി. അപ്പോ ഫീസ്സു വന്ന വഴി അതാണ്. തന്റെ പ്രിയപ്പെട്ട കറുമ്പിപ്പശു തന്റെ പഠിപ്പു മുടങ്ങാതിരിക്കുവാൻ എന്നത്തേയ്ക്കുമായി തന്നെ വിട്ടു പോയിരിക്കുന്നു.  അവനു സങ്കടം സഹിക്കുവാനായില്ല. കിണറ്റുകരയിൽ പോയിനിന്ന് ആരും കാണാതെ കുറേനേരം നിന്നു കരഞ്ഞു.അന്നും പിറ്റേ ദിവസ്സവും   അവന് ആഹാരം കഴിക്കുവാൻ  തോന്നിയില്ല.   


മേമ്പൊടി     

 

കറുമ്പിപ്പശുവിന്റെ  പുറമാ കറുത്തത്‌    കറുപ്പതുമേഴഴകുള്ള  കറുപ്പാണ് 

അവളുടെ  അകമാണേ  കനകം,                                          തനിത്തങ്കം  

അവളുടെ  മകനേ  പോലവൾ                                            കണ്ടുപനെയും 

നല്കിയവൾ തൻ പാൽ                                                    രണ്ടാൾക്കുമൊരുപോലെ, നാവിനാൽ കോതി മിനുക്കിയവർ  തല !

പത്തിലെ  ഫീസുപന്റേതു കൊടുക്കുവാൻ     ബുദ്ധിമുട്ടുന്നോരു  കേശവൻ  തൻ  മനം  

കണ്ടറിഞ്ഞിട്ടവൾ പോയി, അയാൾക്കൊപ്പം, കൊണ്ടുക്കൊടുത്തവൾ   തൻ                                                തനു ചന്തയിൽ  !!!                                                      

ഖേദം സഹിക്കാതവൻ കരഞ്ഞൂ മനോ       വേദനയാലേ, വെടിഞ്ഞവൻ ഭക്ഷണം.         



2. നന്ദിനിക്കോഴി 
 

പാട്ടപ്പുരയിടത്തിലെ വീട്ടിൽ   താമസിക്കുമ്പോൾ     തന്നെ ഭവാനി ഏഴെട്ടു കോഴികളെ വളർത്തുന്നുണ്ടായിരുന്നു. താമസം മാറ്റിയപ്പോൾ അവയേയും കോഴിക്കൂടും  കൊണ്ടുവന്ന്  വീടിനു പിറകിൽ   സ്ഥാപിച്ചിരുന്നു. ഉപൻ അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ,  ചന്നം ചിന്നം മഴ പെയ്തു കൊണ്ടിരുന്ന ഒരു അവധി  ദിവസ്സം പകൽ സമയം , കോഴിക്കൂട്ടിന്റെ ഭാഗത്തു നിന്നും കോഴികളുടെ ഭയന്നുള്ള കൊക്കലും 
ചിറകടികളും കേട്ട്‌ ഉപൻ പലകഭിത്തിയുടെ വിടവിൽക്കൂടി  നോക്കിയപ്പോൾ പട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു മൃഗം ഒരു പിടക്കോഴിയേയും തൂക്കിപ്പിടിച്ചു ഓടിപ്പോകുന്നതാണ് കണ്ടത്. ശബ്ദം കേട്ടു വന്ന ഭവാനിയും അതു കാണുകയും അതൊരു കുറുക്കനാണെന്നും ആ കോഴി മുട്ടയിടുവാൻ കൂട്ടിൽ കയറിയതാണെന്നും പറഞ്ഞു.  എന്നിട്ട് ഭവാനി   ഉപനോട്  പറഞ്ഞു :  

"മോനാ തൊപ്പിക്കൊടേം  എടുത്തു തലേ വച്ചോണ്ട് പിറകിലെ വരാന്തേന്ന് ഒരു ചെറിയ വിറകു കൊള്ളീം കയ്യിലെടുത്തു അതിന്റെ പിറകേ ഓടിച്ചെന്നു നോക്ക് ; ചെലപ്പം മോനേക്കാണുമ്പം  പേടിച്ചു കുറുക്കൻ കോഴിയെ വിട്ടിട്ടു ഓടിപ്പോകാൻ മതി".

"എനിക്കു  കുറുക്കനേ പേടിയാ" , അവൻ ഭയത്തോടെ പറഞ്ഞു.

"കുറുക്കന്മാർക്കാ  മനുഷ്യരേ പേടി. അതു കൊണ്ടല്യോ അതുങ്ങള് രാത്രീ മാത്രം പൊറത്തെറങ്ങുന്നേ.  മഴയായൊണ്ട് അതിനു തിന്നാനൊന്നും കിട്ടീട്ടുണ്ടാവില്ല. വിശപ്പു സഹിക്കാൻ വയ്യാഞ്ഞു  പകലിറങ്ങിയതാ. നിന്റെ തൊപ്പീം വടീമൊക്കെ കാണുമ്പോ അതു പേടിച്ചോടത്‌തേയുള്ളു", ഭവാനി അവനു ധൈര്യം കൊടുത്തു.   

പിന്നെ അവൻ താമസിച്ചില്ല.    തൊപ്പിക്കുടയും എടുത്തു  വച്ചു  ഒരു വടിയും എടുത്തു കൊണ്ടു  അവൻ     മുകളിൽക്കയറി   കുറുക്കന്റെ  പിന്നാലെ  പറങ്കിതോപ്പിലേക്കുള്ള  വഴിയേ കൂടി  ഓടാൻ  തുടങ്ങി.  കുറേ  ചെന്നപ്പോൾ  പറങ്കിതോപ്പിൽ  കൂടി  കോഴിയെ  വലിച്ചിഴച്ചുകൊണ്ടു   ആയാസപ്പെട്ട്  ഓടിപ്പോകുന്ന കുറുക്കനെ  കാണായി.  "കോഴിയെ വിട്ടേച്ചു  പോടാ"  എന്നു  ഉറക്കെ ആക്രോശിച്ചു  കൊണ്ടു ഉപൻ  പിറകേ  വച്ചു  പിടിച്ചെങ്കിലും  കുറുക്കൻ  കോഴിയേയും  കൊണ്ടു  പറങ്കിമാവിൻ  തൊപ്പിനും  അപ്പുറത്തെ കാട്ടിലേക്ക്  വലിഞ്ഞു  കളഞ്ഞു.   ഇനി  രക്ഷയില്ലെന്നു കണ്ടു  ഉപൻ  തിരികെ  നടക്കുമ്പോൾ കണ്ടു ,  വഴിയിനീളെ കോഴിയുടെ പൂട  കിടക്കുന്നു .   ചില നനുത്ത  പൂടകൾ  കരിയിലയ്ക്കു മുകളിൽ  അപ്പോഴും കാറ്റിൽ  തത്തിക്കളിച്ചു  നടക്കുന്നു  ! 
പൂടകളുടെ  ലക്‌ഷ്യം  വച്ചുതന്നെ   വീട്ടിലേയ്ക്കു  നടക്കുമ്പോൾ    അവൻ യാദൃശ്ചിയാ  അതു  കണ്ടു  ; ഒരു  കോഴിമുട്ട  അതാ  കരിയിലകളുടെ  മുകളിൽ  കിടക്കുന്നു. അതു  കണ്ടപ്പോൾ  ഉപന്  സങ്കടം  വന്നു  ; അവനതു എടുത്തു  നോക്കി. "മുട്ടയിടുന്ന  നന്ദിനിക്കോഴിയുടെ മുട്ട തന്നെ ", അവൻ  മനസ്സിൽ  കരുതി.    .  വീട്ടിലെ   കോഴികളുടെ  മുട്ടകൾ  കണ്ടാൽ അവനറിയാം  അതേതു  കൊഴിയുടേതാണെന്ന്‌. ഉപന്  വീണ്ടും  സങ്കടമായി. അവൾക്കും മറ്റു കോഴികൾക്കും താൻ അമ്മച്ചിയും ചേച്ചിമാരും കാണാതെ നെല്ലു മോട്ടിച്ചു കൊടുക്കാറുണ്ടായിരുന്നു.  അതിന്റെ നന്ദി കാട്ടാനായിരിക്കുമോ ചാകാൻ  പോകുന്ന  സമയത്തും  നന്ദ്‌നിക്കോഴി  അവളുടെ അവസാനത്തെ മുട്ട  തനിക്ക്‌   സമ്മാനിച്ചിട്ടു  പോയിരിക്കുന്നത്  !!!

പിറ്റേ  ദിവസ്സവും പതിവ്  പോലെ കേശവൻ  കറമ്പിപ്പശുവിനെയും  പുള്ളിയെയും  മേയുവാനായി  പറങ്കിത്തൊപ്പിനും  മുകളിലെ  കാട്ടിനിടയിലുള്ള , പുല്ലു  നിറഞ്ഞ,  വെളിയിടങ്ങളിൽ  കെട്ടുവാനായി  കൊണ്ടുപോയി. അവയെ  കെട്ടിയിട്ടു  തിരികെ നടക്കുമ്പോൾ  കാട്ടിനരികിലായി  കുറേ കോഴിപ്പൂടകൾ  കൂടിക്കിടക്കുന്നതു  കണ്ടു.  അടുത്തു  ചെന്ന്  നോക്കിയപ്പോൾ കണ്ടതു  പൂടകൾക്കിടയ്ക്കു രണ്ടു  കോഴിക്കലുകൾ  മാത്രം വിരലുകൾ  വിടർത്തി  ഇളകിയ  മണ്ണിനു  മുകളിലേയ്ക്കു നോക്കി നിൽക്കുന്നതാണ്.  അടുത്തു  നിന്നിരുന്ന ഒരു വട്ടത്താമരയില   പൊട്ടിച്ചെടുത്തു കേശവൻ  ആ  കാലുകളിൽ ചേർത്ത്  പിടിച്ചു അതു  മണ്ണിൽ നിന്നും  പിഴുതെടുത്തു.  നെഞ്ചാം  കൂടു  മുറിഞ്ഞു  തുറന്നു  മണ്ണും  പിടിച്ചു   നന്ദിനിക്കോഴിയുടെ  ശവം  !  കേശവൻ  അതുമായി വീട്ടിലെത്തി, ഭവാനിയോട്  വിവരങ്ങൾ വിശദീകരിച്ചത്  ഉപനും  കേട്ടു.  അച്ഛൻ  പറയുകയാണ്  "കോഴിയെപ്പിടിച്ചാൽ  കുറുക്കൻ  ആദ്യം അതിന്റെ  ചങ്കും  കരളും മാത്രം കടിച്ചു  പറിച്ചു തിന്നും.  പിന്നെ   ബാക്കിയുള്ളത്  മണ്ണിൽ  കുഴിച്ചിടും.  ഒരു ദിവസ്സം  കഴിയുമ്പോൾ  ശവം ഒന്നു  പഴുത്തു കഴിയുമ്പോൾ  ചെന്ന് വലിച്ചെടുത്തു തിന്നും.  അപ്പോൾ  അതിനു  കൂടുതൽ രുചി തോന്നും"  .  അതു  ഉപന് പുതിയ ഒരറിവായിരുന്നു.

"കുറുക്കന്റെ  മറ്റൊരു  ബുദ്ധിയേ  !!!" ഉപൻ  അതിശയപ്പെട്ടു  പോയി.

കേശവൻ നന്ദിനിയുടെ ജഡം കൊണ്ടുപോയി  ശീമപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. എലിവില്ലു വച്ചു പിടിക്കുന്ന എലികളെയെല്ലാം അപ്രകാരം ശീമപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിടുകയാണ് പതിവ്.  അച്ഛൻ പറഞ്ഞിട്ടുണ്ട്, ശീമപ്ലാവിന് ഏറ്റവും പറ്റിയ വളം ഇറച്ചിയാണെന്ന്‌. ഇറച്ചിവളം വലിച്ചെടുത്തു വളർന്ന കടപ്ലാവിലെ ചക്ക ഇറച്ചിമസാല ചേർത്ത് പാകപ്പെടുത്തിയാൽ ഇറച്ചിയേക്കാൾ സ്വാദുള്ളതാണെന്നു അനുഭവം കൊണ്ടു ഉപനറിയാവുന്നതുമാണ് !

   
മേമ്പൊടി

കാട്ടു കുറുക്കൻ  പിടിച്ചോണ്ടു    
                     പോയിട്ടും 
മുട്ട  വഴിക്കിട്ടു  തന്നവൾ,  നന്ദിനി!

നെല്ലു മോട്ടിച്ചു  കൊടുത്തതിനാലെന്നെ തെല്ലും മറന്നില്ലവളന്ത്യയാത്രയിൽ.

നന്ദിനിക്കോഴീടെ  നന്ദി, വളർത്യേന് , നന്ദിയില്ലാത്തോരു  കണ്ടു  പഠിച്ചെങ്കിൽ !

കള്ളക്കുറുക്കനെ വെട്ടിച്ചിട്ടു ശീമ -
പ്‌ളാവിന്ന്‌ തിന്നാൻ കൊടുത്തവൾ                                    തൻ  ജഡം

നന്ദിനിക്കോഴീടേം  കറമ്പിപ്പശുവിന്റേം  
നന്ദി കണ്ടിട്ടെന്തു തോന്നുന്നു   നിങ്ങൾക്ക്?

നമ്മൾ  വളർത്തുന്ന  നായയ്‌ക്ക്  മാത്രമേ 
നന്മയേറും    നന്ദിയുള്ളെന്നു  ചൊല്ലുമോ  ?


       

 







1 അഭിപ്രായം:

  1. കറുമ്പിപ്പശുവും നന്ദിനികോഴിയും വളരെ നന്നായിട്ടുണ്ട്. മലയാലപ്പുഴയിലെ മുത്തശ്ശന്റെ പേര് കേട്ടപ്പോള്‍ എനിക്കും ചില ഓര്‍മ്മകള്‍ ഉണ്ടായി. മുത്തശ്ശന്റെ വല്ലനയിലോട്ടുള്ള വരവും ആറന്മുള ഉത്സവത്തിന് ചൂട്ടും കത്തിച്ചള്ള പോക്കും മറ്റും

    മറുപടിഇല്ലാതാക്കൂ