തോട്ടരികിലായതിനാൽ ആറു അരഞ്ഞാണങ്ങൾ മാത്രമുള്ള ചെറിയ കിണറാണ് രണ്ടരഞ്ഞാണങ്ങൾ വെള്ളത്തിനടിയിലും നാലെണ്ണം മുകളിലും. തൊട്ടി കാണാനില്ല. കയറിന്റെ അല്പം വളഞ്ഞ ഭാഗം മാത്രം വെള്ളത്തിന് മുകളിൽ കാണാം . പെട്ടെന്ന് പരമു സ്കൂളിലേയ്ക്ക് നോക്കി സാറന്മാരൊന്നും വരാന്തയിലില്ലെന്നു ഉറപ്പു വരുത്തിയിട്ട് , സാവധാനം കിണറ്റിലിറങ്ങി കയറെടുത്തു അതിന്റെ അറ്റം കൈക്കുഴയിൽ കെട്ടിക്കൊണ്ടു തിരികെ കയറി വന്നു . എന്നിട്ട് ഒരു ജേതാവിനെപ്പോലെ മറ്റുള്ളവരെ നോക്കിക്കൊണ്ടു വീമ്പിളക്കി :
"എല്ലാരും കണ്ടല്ലോ ഞാൻ കിണറ്റിലിറങ്ങിയേ ? നിങ്ങക്കാർക്കെങ്കിലും ഇറങ്ങിയിട്ട് കേറി വരാവോ ? തങ്കപ്പൻ പറയണ്ട . ആരും മിണ്ടിയില്ല. പെട്ടെന്നു അവൻ ഉപനോടായി ചോദിച്ചു : "ഉപന് പറ്റ്വോ? ഇയ്യാളാല്യോ ക്‌ളാസ്സിലെ ഒന്നാമൻ ഇതൊന്നു ചെയ്തു കാണിക്ക് . അപ്പോ സമ്മതിക്കാം, ഒന്നാമനാണെന്നു ."
പരമു വെല്ലുവിളിച്ചിരിക്കുകയാണ് . ഉപന്റെ അഭിമാനത്തിന്റെ പ്രശ്നമാണ് . കാലിനു നീളമില്ലാത്ത തനിക്കു അതത്ര എളുപ്പമുള്ള കാര്യമല്ലെന്നവനറിയുകയും ചെയ്യാം . വെല്ലുവിളി സ്വീകരിക്കാതിരുന്നാൽ പരമു പിന്നെ എപ്പോഴും തന്നെ കളിയാക്കിക്കൊണ്ടിരിക്കും . ഇനി ബെല്ലടിക്കാൻ വൈകില്ല . അതെല്ലാവർക്കുമറിയാം . തല്ക്കാലം രക്ഷപ്പെടാൻ പറ്റും . പക്ഷേ പരമു വിടുന്ന മട്ടില്ല.
"നിന്നെക്കൊണ്ട് പറ്റത്തില്ലേ തോൽവി സമ്മതിച്ചാ മതി"
"അതൊക്കെ എന്നെക്കൊണ്ടും പറ്റും" , പെട്ടെന്നു ഉപൻ പ്രതികരിച്ചു പോയി . അപ്പോഴേയ്ക്കും ബെല്ലുമടിച്ചു . ഉപന് ആശ്വാസമായി. അവർ ക്ലാസ്സിലേക്കോടാൻ തുടങ്ങിയപ്പോൾ പരമു എല്ലാവരോടുമായി പറഞ്ഞു :
"എല്ലാരും കേട്ടല്ലോ , ഉപൻ കിണറ്റിലിറങ്ങുമെന്നു പറഞ്ഞത് ? ശരി , നാളെ ഈ സമയത്തു വെളിക്കു വിടുമ്പം ഇറങ്ങി കാണിച്ചേക്കണം . ഇല്ലെങ്കി സുല്ലിട്ടു തോൽവി സമ്മതിച്ചോണം , പറഞ്ഞേക്കാം ."
വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലേയ്ക്കു നടക്കുമ്പോൾ തങ്കപ്പൻ ഉപന്റെ അടുത്തു ചെന്നു ചോദിച്ചു :
"ഇയ്യാളെന്തിനാഡേ പരമൂന്റടുത്തു കിണറ്റിലിറങ്ങാമെന്നു കേറിപ്പറഞ്ഞേ? ഇയ്യാളെക്കൊണ്ടതിനു പറ്റുവോ? അവൻ പറഞ്ഞാപ്പറഞ്ഞതാ , നാളെ എല്ലാരുടേം മുന്പിവച്ചു് അവൻ നിന്നേ കളിയാക്കും , നോക്കിക്കോ "
ഉപന് ചെറിയ ഒരു വേവലാതിയുണ്ടായി. പരമു കുഴപ്പക്കാരനാണ്. ഇനി എന്തു ചെയ്യും? :അവൻ ആലോചിച്ചു . പെട്ടെന്ന് അവൻ തങ്കപ്പനോട് ചോദിച്ചു :
"തങ്കപ്പന് പറ്റുവോ ആ കിണറ്റിലിറങ്ങാൻ?"
"ങ്ങും , എനിക്കു പറ്റും , എന്റെ കാലിനും നീളമുണ്ട് "
"എന്നാ തങ്കപ്പൻ കെണറ്റിലിറങ്ങാൻ എന്നേ ഒന്നു പഠിപ്പിച്ചു തരുവോ ?" ഉപൻ പെട്ടെന്ന് ചോദിച്ചു. തങ്കപ്പൻ അൽപ നേരം ആലൊചിച്ചു, എന്നിട്ട് പറഞ്ഞു .
"ഇത്തിരി പ്രയാസ്സമാ, എന്നാലും നമുക്കൊന്ന് നോക്കാം , നാളെ നമുക്ക് രണ്ടു പേർക്കും കൂടെ നേരത്തേ സ്കൂളീ പോകാം, ആരും വരുന്നേനു മുൻപ് . നിനക്കു വരാമ്പറ്റുവോ ?"
"ഓ, ഞാൻ വരാം. നീ റോഡീ നിന്നോണ്ട് എന്നേ പതിയെ വിളിച്ചാ മതി, ഞാൻ റെഡിയായി നിക്കാം " ഉപൻ സമ്മതിച്ചു. ആവശ്യം അവന്റേതാണല്ലോ.
പറഞ്ഞതുപോലെ പിറ്റേന്ന് തങ്കപ്പൻ നേരത്തേയെത്തി. അവർ കിണറ്റിൻ കരയിലെത്തി ആരും കാണുന്നില്ലെന്നുറപ്പ് വരുത്തിയിട്ട് തങ്കപ്പൻ പതുക്കെ കിണറ്റിലേക്കിറങ്ങിക്കാണിച്ചു. ഉപൻ ശ്രദ്ധയോടെ എല്ലാം നോക്കി മനസ്സിലാക്കി. "ഇനി പതുക്കെ ഇറങ്ങിക്കോ ഞാൻ ചെയ്തപോലെ ചെയ്താ മതി. ദേ ഈ കയറു തൂണേ കെട്ടി നിന്റടുത്തൂടെ ഞാൻ താഴോട്ട് പിടിച്ചു തരാം. ബാലൻസു പോകുമെന്ന് തോന്നിയാ മാത്രം അതേ പിടിച്ചു തൂങ്ങിയാ മതി. ." തിരികെ കയറിവന്നിട്ടു തങ്കപ്പൻ ഉപനോടായി പറഞ്ഞു.
ഉപൻ പതുക്കെ തങ്കപ്പൻ പറഞ്ഞതു പോലെയും ചെയ്തതുപോലെയും അനുകരിച്ചു വളരെ ആയാസപ്പെട്ട് കിണറ്റിലേക്കിറങ്ങി. ബുദ്ധിമുട്ടു തന്നെ. തങ്കപ്പൻ ഓരോരോ സ്റ്റെപ്പും പറഞ്ഞുകൊടുത്തതുപോലെ ചെയ്തു ഉപൻ സമയമെടുത്ത് താഴെയെത്തി കുനിഞ്ഞു വെള്ളത്തിൽ തൊട്ടു . വല്ലാത്ത ദാഹം . അവൻ കൈക്കുമ്പിളിൽ അല്പം വെള്ളം കോരിക്കുടിച്ചിട്ടു ശ്വാസം നേരേ വിട്ടു. ഒരുണർവ് കിട്ടിയ പോലെ.
" ഇനി താമസിക്കണ്ടാ, ആരെങ്കിലും കാണുന്നേനുമുമ്പ് കേറിക്കോ " തങ്കപ്പന്റെ ശബ്ദം. പിന്നെ താമസിച്ചില്ല . ഉപൻ പതുക്കെ കയറുവാൻ ശ്രമിച്ചു. അപ്പോഴാണറിയുന്നതു കയറുകയെന്നത് ഇറങ്ങിയ പോലെ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. അവന്റെ ബുദ്ധിമുട്ടു കണ്ട തങ്കപ്പൻ കയ്യും കാലും ഏതുവിധമൊക്കെ ഉറപ്പിച്ചും അരഞ്ഞാണത്തിൽ ബലം കൊടുത്തും മുകളിലേയ്ക്കു കയറി വരണമെന്ന് നിർദേശങ്ങൾ കൊടുത്തു കൊണ്ടേയിരുന്നു.. രണ്ടരഞ്ഞാണങ്ങൾ കയറിക്കഴിഞ്ഞപ്പോൾ ഉപന് ആത്മവിശ്വാസമായി. ബാക്കി രണ്ടരഞ്ഞാണം പ്രയാസസാമില്ലാതെ കയറി അവൻ മുകളിൽ വന്നു. ഉപൻ ഒരു ദീർഘ ശ്വാസം വിട്ടു.
കാലുകളുടെയും, കൈകളുടെയും , അതിനുപരി മാനസ്സിന്റെയും ശരീരത്തിന്റെയും പിരിമുറുക്കം പതുക്കെ വിട്ടുമാറിയപ്പോൾ വലിയ ആശ്വാസവും ഒപ്പം അഭിമാമാവും അവനു തോന്നി. വെറും നാല് അരഞ്ഞാണങ്ങൾ ഇറങ്ങിക്കയറി എന്നതല്ല കാര്യം. ഇനി പരമുവിന്റെവെല്ലുവിളി സധൈര്യം സ്വീകരിച്ചു അവനെ അതിശയിപ്പിക്കാനാകും; താൻ വളരെ കൊച്ചാണെങ്കിലും ഒരു ഭീരുവല്ലെന്നു അവനു മനസ്സിലാക്കിക്കൊടുക്കുവാൻ സാധിക്കും .
പിറ്റേ ദിവസ്സം പരമു സ്കൂളിൽ വന്നില്ല. ആന്റണി സാർ ഹാജരെടുക്കുവാനായി പരമുവിന്റെ പേര് വിളിച്ചപ്പോൾ അവനില്ല. പെട്ടെന്ന് പിറകിലിരുന്ന പ്രതാപൻ വിളിച്ചു പറഞ്ഞു :
"സാർ, പരമു ഇന്നലെ താഴത്തെ കിണറ്റിലെറങ്ങിയാരുന്നു . എന്നിട്ട് ഞങ്ങളോടും ഇറങ്ങാൻ പറഞ്ഞു "
ക്‌ളാസ്സിൽ വരാതിരിക്കുക പരമുവിന്റെ പതിവാണ് .
ആന്റണി സാർ തല ഉയർത്തി നോക്കിയിട്ടു ചോദിച്ചു :
"ഉള്ളതാണോടാ , അവൻ കിണറ്റിലിറങ്ങിയോ ? ; നിങ്ങളേം ഇറങ്ങാൻ നിർബന്ധിച്ചോ ?"
"ഒള്ളതാ സാർ" മൂന്നുനാലു പേർ ഒരുമിച്ചു ഉത്തരം കൊടുത്തു.
"ശരി, നാളെ അവനോടു പറഞ്ഞേക്ക് എന്നേ വന്നു കാണാൻ "
പിറ്റേ ദിവസ്സം രാവിലെ ആദ്യ ബെല്ലിന് മുൻപുള്ള ആന്റണി സാറിന്റെ ചൂരലും ചുഴറ്റിയുള്ള പതിവ് റോന്തു ചുറ്റൽ സമയം. കുട്ടികൾ വരാന്തയിലും മുറ്റത്തും ഓടിച്ചാടി കളിക്കുന്നു. പരമു ക്‌ളാസ്സ്‌മുറിയിൽ നിന്നും മറ്റുകുട്ടികളോടു അടികൂടിയിട്ടു "ചൊണയുണ്ടെങ്കിൽ എന്നെപ്പിടിക്കിനെടാ" എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഓടി വരാന്തയിൽ ചാടിയതു നേരേ ആന്റണി സാറിന്റെ മുന്പിലേയ്ക്കും. പരമു സഡൻ ബ്രേക്കിട്ടു നിന്നുപോയി.
"ഞാൻ പിടിച്ചോളാമെടാ" എന്നു പറഞ്ഞു കൊണ്ടു സാർ തന്റെ ഇടതു കൈകൊണ്ടു അവന്റെ വലതു ചെവിക്കു പിടിച്ചു നിറുത്തിക്കൊണ്ടു ചോദിച്ചു :
"നീ മിനിഞ്ഞാന്ന് കിണറ്റിലിറങ്ങിയാരുന്നോടാ? "
പരാമുവിന് മനസ്സിലായി ആരോ ഒറ്റിക്കൊടുത്തിട്ടുണ്ടെന്നും ഇനി കള്ളം പറഞ്ഞിട്ടും രക്ഷയില്ലെന്നും. കുറ്റസമ്മതമെന്ന പോലെ അവൻ മിണ്ടാതെ നിന്നപ്പോൾ സാറു ആദ്യം അവന്റെ ചെവി മുറുക്കിക്കറക്കിയിട്ടു പിന്നെ പിടിവിട്ടു അവന്റെ ഇടതു കൈക്കുപിടിച്ചു തിരിച്ചു നിറുത്തിയിട്ട് ചൂരലുകൊണ്ടു പൃഷ്ഠത്തിനു ആഞ്ഞു രണ്ടു പൂശങ്ങു പൂശി. പരമു വേദന കൊണ്ടു പുളഞ്ഞെങ്കിലും അനങ്ങിയില്ല; നല്ല മനക്കട്ടിയും തന്റേടവുമുള്ളവനാണവൻ. "ഇനി ഇറങ്ങുവോടാ .." സാറു ദേഷ്യത്തിൽ അവനോടു ചോദിച്ചു. "ഇല്ല" , പരമു മറുപടിയും കൊടുത്തു .
ഇതെല്ലാം കണ്ടു കൊണ്ടു നിന്ന ഉപന്റെയും തങ്കപ്പന്റെയും മനസ്സുകൾ ഒന്നാളി . പ്രത്യേകിച്ചും ഉപന്റെ. താൻ കിണറ്റിലിറങ്ങിയ കാര്യം സാററിഞ്ഞിരുന്നെങ്കിൽ തനിക്കും അടി ഉറപ്പായിരുന്നു. ഇനിയും വേറേ ആരും അറിഞ്ഞിട്ടില്ലെന്നത് ആശ്വാസം തന്നെ . തങ്കപ്പൻ ആരോടും പറയുകയില്ലെന്നുറപ്പാണ് .
വെളിക്കു വിട്ടപ്പോൾ തങ്കപ്പൻ പ്രതാപനോട് ചോദിച്ചു :
"നീയെന്തിനാടാ പ്രതാപാ പരമു കെണറ്റിലിറങ്ങിയ കാര്യം ആന്റണി സാറിനോട് പറഞ്ഞു അവനേ തല്ലു കൊള്ളിച്ചേ?"
"അതു പിന്നെ അവനിനി ഉപനേ നിർബന്ധിച്ചു കെണറ്റിലിറക്കാതിരിക്കാൻവേണ്ടിയല്യോ. ഇനി അവൻ ആരേം വെല്ലുവിളിക്കരുത്". പ്രതാപന്റെ മറുപടി ശരിക്കും ആല്മാർത്ഥതയുടെ തനി പ്രതീകമായിരുന്നെന്നു പറയേണ്ടല്ലോ !
ഉപന് തല്ക്കാലം പരമുവിന്റെ വെല്ലുവിളി ഏറ്റെടുത്തു കിണറ്റിലിറങ്ങേണ്ടി വരികയോ അവനു കിട്ടിയപോലെ ആന്റണിസാറിന്റെ ചൂരൽ പ്രയോഗം അനുഭവിക്കേണ്ടി വരികയോ വേണ്ടി വന്നില്ല. പക്ഷേ, അടിച്ചേൽപ്പിച്ച ആ അനുഭവം രണ്ടു വർഷങ്ങൾക്കു ശേഷം അച്ഛന്റെ കയ്യിൽ നിന്നും ചോര പൊടിയുന്ന ചുട്ട അടി ഏറ്റുവാങ്ങുവാൻ അവനുപകരിച്ചു.
xxx xxx xxx xxx xxx
ഉപൻ ഏരൂർ മിഡ്‌ഡിൽ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരവധി ദിവസം ഉപൻ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കയർ പൊട്ടി തോട്ടിയും കയറും കയ്യിൽ നിന്നും "ധും" ന്ന് കിണറ്റിൽ പോയി. ഒരു നിമിഷം അവൻ പകച്ചു നിന്നു. പിന്നെ വീട്ടിലേക്കും, ചുറ്റും, നോക്കി; ആരും കണ്ടിട്ടില്ല. കിണറ്റിനു 15 അരഞ്ഞാണങ്ങളുണ്ട്. മൂന്നെണ്ണം വെള്ളത്തിനടിയിലാണ്. തൊട്ടിയും കയറും കിണറ്റിൽ പോയാൽ എപ്പോഴും അച്ഛൻ ഇറങ്ങി എടുക്കുകയാണ് പതിവ്. അച്ഛൻ എത്ര വേഗത്തിലാണ് ഇറങ്ങുന്നത് ! വീട്ടിലാരെങ്കിലും തൊട്ടി കിണറ്റിലിട്ടാൽ ഇട്ട ആളിനെ അച്ഛൻ ശരിക്കു ശകാരിക്കും. അച്ഛൻ വരുമ്പോൾ ശകാരം കേൾക്കണം. താനാകുമ്പോൾ ചിലപ്പോൾ അടി കിട്ടിയാലും മതി. അച്ഛന് ഈയിടെയായിട്ടു ദേഷ്യം കൂടുതലാണ്. എന്തു വേണം ? പണ്ട് പരമുവിന്റെ വെല്ലുവിളിയെ നേരിടാൻ സ്കൂളിലെ കിണറ്റിലിറങ്ങിയ കാര്യം ഓർമ്മ വന്നു. ഇപ്പോൾ താൻ ഒന്നുകൂടി വലുതാവുകയും കാലിനും കൈക്കും കുറച്ചു കൂടി നീളവും ബലവും വയ്ക്കുകയും ചെയ്തിട്ടുണ്ട്. അരഞ്ഞാണങ്ങളുടെ അകലത്തിൽ വലിയ വ്യത്യാസമില്ല. പുതിയ കിണറായതിനാൽ അരഞ്ഞാണത്തിനു വീതിയും ഉറപ്പുമുണ്ട്. എന്തുകൊണ്ട് ഒരു കൈ നോക്കിക്കൂടാ? എരുത്തിലിന്റെ സൈഡിൽ കിടന്ന പഴയ നീളമുള്ള കയർ എടുത്തു കൊണ്ടുവന്ന് ഒരറ്റം കിണറിലിറക്കി അടിയിലെത്തുന്ന വിധം മറ്റേ അറ്റം കിണറിന്റെ തൂണിൽ ബലമായി കെട്ടി. പതുക്കെ ഇറങ്ങി. കിണറിന്റെ ആഴം കണ്ടപ്പോൾ ചെറിയ ഒരങ്കലാപ്പുണ്ടായെങ്കിലും അതത്ര കാര്യമാക്കിയില്ല. നാലഞ്ചരഞ്ഞാണങ്ങൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ധൈര്യമായി. താഴെയെത്തി തൊട്ടിയെടുത്തു വെള്ളം കളഞ്ഞിട്ടു തൂക്കിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കിയിട്ടിട്ടു പതുക്കെ, ആയാസപ്പെട്ട് നാലഞ്ചരഞ്ഞാണങ്ങൾ കയറിക്കഴിഞ്ഞപ്പോഴാണ് പ്രശ്നമായത്. അടുക്കളയിലേയ്ക്ക് വെള്ളം കോരാനായി വാഗമ്മ വന്നപ്പോൾ കപ്പിയിൽ കയറും തൊട്ടിയുമില്ല. കുനിഞ്ഞു കിണറ്റിലേക്ക് നോക്കിയപ്പോൾ ഒരു തല കിണറിന്റെ പകുതിക്കു കാണുന്നു. ആരാണെന്നു മനസ്സിലായില്ല. അച്ഛനല്ലെന്നുറപ്പ്. ഇതു ഏതോ ചെറിയ ഒരാൾ. അവൾ ഉറക്കെ വിളിച്ചു ചോദിച്ചു : "ആരാദ് ?" ശബ്ദം കേട്ടു ഉപൻ മുകളിലേയ്ക്കു നോക്കി. ഇനി രക്ഷയില്ല. ചേച്ചി അമ്മച്ചിയോടു പറഞ്ഞതു തന്നെ. മിനിഞ്ഞാന്നും താൻ ചേച്ചിയേ "പ്‌ഡീ ...പ്‌ഡീ ......ദുർഗുണേ ...നീ പ്‌ഡീ ...പ്‌ഡീ" എന്നു പറഞ്ഞു കളിയാക്കിയതിന്റെ ചൊരുക്ക് ഇനിയും മാറിയിട്ടുണ്ടാവില്ല. അമ്മച്ചിയറിഞ്ഞാൽ അച്ഛനോട് പറയും. പിന്നെ അച്ഛന്റെ കാപ്പിക്കഷായം ഉറപ്പാണ്. കാപ്പിക്കമ്പു കൊണ്ടാണ് അച്ഛൻ ഈയിടെ മക്കളെ തല്ലുന്നത്. ചൂരലിനൊപ്പം ചൂടുണ്ടാവും അതിനും. ഉപന് പേടിയായി.
"ഇച്ചേയീ ഞാനാ. അമ്മച്ചിയോടു പറയല്ലേ" ഉപൻ ചേച്ചിയോട് കെഞ്ചിപ്പറഞ്ഞു. വാഗമ്മയുടെ ഉള്ളൊന്നാളി. ഇവനിത്ര ധൈര്യമോ !
"നീയെന്തിനാ തനിയേ കെണറ്റിലിറങ്ങാൻപോയേ?" വാഗമ്മയ്ക്കതു ചിന്തിക്കുവാൻ കൂടി സാധ്യമായിരുന്നില്ല.
"എന്തായാലും പതുക്കെ, സൂക്ഷിച്ചു കേറിവാ" അവൾ പരിഭ്രമം വെളിയിൽ കാണിക്കാതെ പറഞ്ഞു.
ഇതിനിടെ, വെള്ളമെടുക്കുവാൻ പോയ വാഗമ്മയെ കാണാഞ്ഞു 'അമ്മ ഭവാനി മുറ്റത്തിറങ്ങി കിണറ്റിനരികിലേയ്ക്കു നോക്കി. വാഗമ്മ ആരോടോ കിണറ്റിലേക്ക് കുനിഞ്ഞുനോക്കി സംസാരിക്കുന്നു. കപ്പിയിൽ കയറില്ല. "തോട്ടി കിണറ്റിൽ പോയത് തന്നെ. അവളുടെ അച്ഛൻ എപ്പോൾ വന്നു ?" അങ്ങിനെ ചിന്തിച്ചതും ഒരു തല കിണറ്റിൽ നിന്നും പതുക്കെ ഉയർന്നു മുകളിലേയ്ക്കു വരുന്നത് കാണായി. "അയ്യോ! അതു ഉപനല്ലേ ?ഇവനെങ്ങിനെ കിണറ്റിലിറങ്ങാൻ ധൈര്യം കിട്ടി ?" ഭവാനിയുടെ നെഞ്ചിലൊരിടിപ്പുണ്ടായി. തന്നെ അവർ കണ്ടിട്ടില്ല. ഉപൻ വെളിയിലിറങ്ങിയതും ഭവാനി പെട്ടെന്ന് വീട്ടിനുള്ളിലേക്ക് വലിഞ്ഞു.
ചേച്ചി എന്തായാലും അമ്മച്ചിയോടു പറഞ്ഞില്ല. ഉപന് ആശ്വാസമായി. എന്നാൽ വൈകിട്ട് കേശവൻ വന്നപ്പോൾ ഭവാനി കാര്യം പറയുക തന്നെ ചെയ്തു.
"അവൻ കൊച്ചാ. ഇത്രേം വലിയ കിണറ്റിൽ ഈ പ്രായത്തിലിറങ്ങുന്നത് നിറുത്തണം. വിളിച്ചു ഒന്നു കാര്യമായിട്ട് ശകാരിച്ചാ മതി, തല്ലരുത്" ഭവാനിക്കറിയാം ഇതു ശകാരത്തിൽ ഒതുങ്ങില്ലെന്നും തല്ലിലേ അവസാനിക്കുള്ളുവെന്നും. പക്ഷേ പറയാതിരിക്കുവാൻ പറ്റില്ലല്ലോ!
കേശവൻ കാപ്പിക്കമ്പൊടിച്ചു കൊണ്ടു വന്നിട്ടു ഉപനേ വിളിച്ചു. വിളി കേട്ടപ്പോഴേ അവനു ഉറപ്പായി ശരിക്കും കിട്ടുമെന്ന്. അവനടുത്തു ചെന്നപ്പോൾ "ഇനി കിണറ്റിലിറങ്ങുമോടാ" എന്ന ചോദ്യം കേട്ടു കഴിയുന്നതിനു മുൻപ് തന്നെ തുടയ്ക്കും കാൽവണ്ണയ്ക്കും പൊതിരെ തല്ലു വീണു; വീണ്ടും വീണ്ടും. ഭവാനി തടഞ്ഞിട്ടും രക്ഷയുണ്ടായില്ല; കേശവന്റെ കലി അത്രയേറെയായിരുന്നു. അടി കൊണ്ടിടമൊക്കെ തിണർത്തു ചുവന്നു രക്തം പൊടിക്കുവാൻ തുടങ്ങിയിരുന്നു. ഉപൻ കരഞ്ഞു വശായി. അച്ഛൻ ആദ്യമായിട്ടാണ് തന്നെ ഇത്രയേറെ തല്ലുന്നത്. അവൻ സങ്കടം സഹിക്കവഹിയാതെ പോയി കിടന്നു ഓർത്തോർത്തു കരച്ചിൽ തുടർന്നു. കുറച്ചു കഴിഞ്ഞു ഭവാനി മണ്ണെണ്ണവിളക്കുമായി ചെന്നു അവന്റെ കാലിൽ നോക്കി. അടിപ്പാടുകൾ കണ്ടതും ഭവാനിക്ക് വലിയ വിഷമമായി. "പറയേണ്ടിയിരുന്നില്ല; ഇനി എന്നെങ്കിലും കിണറ്റിലിറങ്ങിയാൽ അച്ഛനോട് പറയുമെന്ന് അവനേ ഭയപ്പെടുത്തിയാൽ മതിയായിരുന്നു"
ഭവാനി വിളക്കുമായി മുറ്റത്തിറങ്ങി അടുത്തുI നിന്നിരുന്ന കുരുമുളക് വള്ളിയുടെ മൂന്ന് നാലിലകൾ പൊട്ടിച്ചു കൊണ്ടുവന്ന് അതിൽ വേപ്പെണ്ണ പുരട്ടി അടുപ്പിലെ തീക്കനലിൽ വച്ചു ചൂടാക്കി ഉപന്റെ അടിപ്പാടുകളിൽ തടവിക്കൊടുത്തു. ഇപ്പോൾ ഉപന്റെ നല്ലജീവൻ ഒന്നുകൂടി പോയതിനൊപ്പമായി. വേദനകൊണ്ടു അവൻ പുളഞ്ഞു പോയി. അവന് u വീണ്ടും കരയുകയേ മാർഗമുണ്ടായിരുന്നുള്ളു.
മേമ്പൊടി
കൂപത്തിലേക്കങ്ങിറങ്ങിച്ചെന്നിട്ടുപൻ കോപമച്ഛന്റേതിരന്നു വാങ്ങി
പരമൂന് കിട്ടിയതാന്റണി സാറിന്റെ ചൂരൽ കഷായമാണെങ്കിൽ
ഭീരുവല്ലാത്തൊരുപന് തന്റച്ഛന്റെ ചോര ചിന്തും കാപ്പിക്കമ്പ് കഷായം
ഭീരുത്വം കാട്ട്യാലും വീരത്വം കാട്ട്യാലും ഒരുപോലാ തല്ലിന്റെ ചൂടും നോവും !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ