2017 മേയ് 1, തിങ്കളാഴ്‌ച

Blog പോസ്റ്റ് No.6 :: ഉപന്റെ സ്കൂൾ പ്രവേശനവും ഇടിച്ചു കയറിത്തന്നെ




സ്കൂൾ പ്രവേശനവും  ഇടിച്ചു കയറിത്തന്നെ   !

കേശവന്റെ ജന്മസ്ഥലം കോഴഞ്ചേരിയും  ഭവാനിയുടേത്  പത്തനംതിട്ടയ്ക്കടുത്തുള്ള മലയാലപ്പുഴയും ആണ്. രണ്ടാമത്തെ മകൾ വാഗമ്മയുടെ ജനനം കഴിഞ്ഞു കേശവൻ കോഴഞ്ചേരിയിൽ          ഉണ്ടായിരുന്ന  തന്റെ ഓഹരി വിറ്റിട്ട്  അയിലറയിൽ വന്നു  മൂന്ന് ഏക്കറോളം വരുന്ന പഴയ പറങ്കിമാവിൻ തോപ്പ് വാങ്ങി. ആ വസ്തുവിൽ വീടില്ലാതിരുന്നതിനാൽ അതിനടുത്തു തന്നെയുള്ള ഒരു പുല്ലു    മേഞ്ഞ വീടും അതോടു ചേർന്നു   കൃഷി ചെയ്യുവാൻ പറ്റിയ കുറേ സ്ഥലവും  പാട്ടത്തിനെടുത്തു അവിടെ താമസമാക്കി, കൃഷിയുമിറക്കി. താമസിയാതെ  അവിടെവച്ചു ഉപൻമോൻ  ജനിച്ചു. രണ്ടു  വർഷത്തിനകം പാട്ട  വസ്തു ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും, താമസിക്കുവാനായി വയലിനും തോടിനും അക്കരെയുള്ള പഴയ റബ്ബർ തോട്ടത്തിലെ  ഓടിട്ട വീട് പാട്ടത്തിനെടുക്കുകയും  ചെയ്തു. അടുത്ത അദ്ധ്യയന വർഷം മൂത്ത മകൾ വിലാസിനിയെ ഏരൂരുള്ള പ്രാഥമിക വിദ്യാലയത്തിൽ ചേർത്തു.  അതിനിടെ സ്വന്തമായി വാങ്ങിയ പറങ്കിമാവിൻ പുരയിടത്തിന്റെ റോഡരികിലുള്ള പകുതിയോളം  ഭാഗം  വെട്ടിത്തെളിച്ചു  കയ്യാലകൾ  കെട്ടി , തട്ട് തിരിച്ചു , ഒരു  വീട്  വൈക്കുവാനുള്ള  സ്ഥലം തെളിച്ച   വസ്തുവിന്റെ മദ്ധ്യ ഭാഗത്തായി വിട്ടിട്ടു ബാക്കിയുള്ള സ്ഥലത്തു തെങ്ങും  തൈകൾ  വച്ചു  പിടിപ്പിക്കുകയും, മരച്ചീനി,  വാഴ , പച്ചക്കറികൾ  തുടങ്ങിയ കൃഷികൾ  ഇറക്കുകയും  ചെയ്തു.  ഇതിനിടെ ഭവാനി വീണ്ടും    ഗർഭിണിയാകുകയും ഇളയ മകൻ ബാബുവിനെ ഭവാനിയുടെ അച്ഛനുമമ്മയും വന്നപ്പോൾ അവർ നോക്കിക്കൊള്ളാമെന്നു പറഞ്ഞു  അവർക്കൊപ്പം കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

ഉപനും ചേച്ചിയും കുടിപ്പള്ളിക്കൂടത്തിൽ രണ്ടാം പാഠ പുസ്തകത്തിലെ അഞ്ചാറു പാഠങ്ങളും   അതിനനുസൃതമായ കണക്കും പഠിച്ചു കഴിഞ്ഞപ്പോൾ, അയിലറയിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങുവാനുള്ള ദിവാന്റെ അറിയിപ്പ് വന്നു.   തുടക്കത്തിൽ ഒന്നും രണ്ടും തരം (ക്ലാസുകൾ) മാത്രം.  അടുത്ത അദ്ധ്യയനവർഷം മൂന്നാം തരം. അങ്ങിനെ  ഓരോ വർഷവും ഒരു ക്ലാസ്സ്‌ വീതം അഞ്ചാം തരം വരെ ഉണ്ടാകും. പക്ഷേ ഒരു പ്രശ്നം.  വിദ്യാലയം ഈ അദ്ധ്യയന വർഷം  തന്നെ തുടങ്ങണമെങ്കിൽ,  സർക്കാർ സ്ഥലം വാങ്ങി കെട്ടിടം ഉണ്ടാക്കുന്നത് വരെ, നാട്ടുകാർ അതിനുള്ള കെട്ടിടം കൊടുക്കണം. അതല്ലെങ്കിൽ സർക്കാർ അതു ചെയ്യുന്നത് വരെ കാത്തു നിൽക്കണം.

ദിവാന്റെ അറിയിപ്പ് വന്ന സമയം കേശവൻ സ്വന്തം മണ്ണിൽ വീട് വയ്ക്കുവാനായി മാറ്റിയിട്ടിരുന്ന സ്ഥലം വെട്ടി നിരപ്പാക്കി തറനിരപ്പിൽ നിന്നും ഒന്നരയടിയോളം  ഉയരത്തിലുള്ള  അസ്തിവാരം  പൂർത്തിയാക്കിയിരുന്നു. വീട് നിരർമിക്കുവാനായി കുറേ രൂപയും സ്വരുക്കൂട്ടി വച്ചിട്ടുണ്ട്.

ദിവാന്റെ അറിയിപ്പ് കിട്ടിയെങ്കിലും സ്കൂൾ തുടങ്ങാൻ  സ്ഥലമോ കെട്ടിടമോ കൊടുക്കുവാനായി aarum മുന്നോട്ടു വരികയുണ്ടായില്ല.  പുതിയ അദ്ധ്യയന വര്ഷം തുടങ്ങുവാൻ ഇനി നാല് മാസത്തോളമേ ബാക്കിയുള്ളു..ഒരു ഉറച്ച  തീരുമാനത്തിലെത്തുവാൻ കേശവന് പിന്നെ അധികം സമയം  വേണ്ടി വന്നില്ല. ഉടൻതന്നെ ദിവാന് മറുപടി സമർപ്പിച്ചു. "രണ്ടു ക്ലാസ്സുകൾ തുടങ്ങുവാനുള്ള, സ്വതന്ത്രമായിട്ടുള്ള ഒരു കെട്ടിടം തയ്യാറായുണ്ട്; ഈ അദ്ധ്യയന വർഷം തന്നെ വിദ്യാലയം അനുവദിച്ചു തരുവാൻ കനിവുണ്ടാകണം.  അതോടൊപ്പം വിദ്യാലയം പണിയുവാൻ പറ്റിയ സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ചാലുടൻ വിവരം അറിയിക്കുന്നതായിരിക്കും.  അപ്പോൾ അതു വാങ്ങി കെട്ടിടം പണിയുവാനും ഉപകരണങ്ങൾ വാങ്ങുവാനും  കൂടുതൽ അദ്ധ്യാപകരെ നിയമിക്കുവാനും വേണ്ട  നടപടികൾ കൈക്കൊള്ളുകയും വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു ". പിന്നെ  അടിയന്തിരാടിസ്ഥാനത്തിൽ  ജോലിയാരംഭിച്ചു . സ്വന്തം വീടിനായി കെട്ടിയിട്ടിരുന്ന അസ്തിവാരത്തിൽ  മണ്ണിട്ടുറപ്പിച്ചു.  വീടുപണിക്കായി കരുതിവച്ചിരുന്ന ഉറപ്പുള്ള തടികൾ കൊണ്ടു പത്തോളം തൂണുകൾ നാലുചുറ്റും നടുഭാഗങ്ങളിലുമായി ഉറപ്പിച്ചിട്ടു അതിനുമുകളിൽ,  തടിയറപ്പിച്ചു കരുതി  വച്ചിരുന്ന ഉത്തരങ്ങളും കഴുക്കോലുകളും കൊണ്ടു മേൽക്കൂരയും പണിയിച്ചു ഓലമേയുകയും ചെയ്തു. ഒന്നാന്തരമൊരു വലിയ ഷെഡ്ഡ് തയ്യാറായിരിക്കുന്നു. അവസാനമായി അതിന്റെ തറ  തല്ലിയടിച്ചു നിരപ്പാക്കി ചാണകവും മെഴുകി.  അയിലറയിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം തയ്യാർ.

അദ്ധ്യയന വര്ഷം തുടങ്ങുന്നതിനും മുൻപ് തന്നെ വിദ്യാലയവും ഒരു അധ്യാപകനെയും  അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നു. തല്ക്കാലം രണ്ടു ക്ലാസുകൾ മാത്രമുള്ളതിനാൽ ഒന്നാം തരം ഉച്ച വരെയും രണ്ടാം തരം ഉച്ച കഴിഞ്ഞും പ്രവർത്തിക്കണം.  അടുത്ത വർഷം മൂന്നാം തരം അനുവദിക്കുന്നതോടൊപ്പം ഒരു അധ്യാപകനെക്കൂടി നിയമിക്കുന്നതായിരിക്കും. ഏരൂർ സ്കൂളിലെ  മുതിർന്ന അധ്യാപകനായിരുന്ന,  കേശവന് പരിചയമുണ്ടായിരുന്ന, ആന്റണി സാറിനെയാണ് നിയമിച്ചത്. അദ്ദേഹം തന്നെയായിരിക്കും മുഖ്യാദ്ധ്യാപകനും. വിദ്യാലയത്തിലെ ഉപകരണങ്ങൾ, ഒരോ  കസേരയും മേശയും, രണ്ടു ചൂരലും, ഒരു ബ്ലാക്ക് ബോർഡും അതു തുടയ്ക്കുവാൻ കുറച്ചു പഴംതുണികളും,മണിയടിക്കുവാൻ ഒരു ഓട്ടുമണിയും,  കുട്ടികളുടെ ഹാജർ മാർക്ക് ചെയ്യുവാനും മറ്റുവിവരങ്ങൾ കുറിയ്ക്കുവാനുമായി രണ്ടു ബുക്കുകളും മാത്രമായിരുന്നു. കുട്ടികൾക്കിരിക്കുവാൻ ബെഞ്ചില്ല, അതു പിറകേ ആന്റണിസാർ ശരിയാക്കണം.  തൽക്കാലം കുട്ടികൾ നിലത്തിരുന്നുകൊള്ളും.  വീടിന്റെ കിഴക്കുവശത്തായി ഒരു കിണർ കുഴിച്ചതിനാൽ അതിൽ നിന്നും ഒരു വലിയ മൺകലത്തിൽ വെള്ളം നിറച്ചു അടച്ചു അതിനു മുകളിൽ ഒരു പഴയ ഓട്ടു ഗ്ലാസ്സുമായി ഒരു  മൂലയ്ക്ക്, അദ്ധ്യാപകനും കുട്ടികൾക്കും കുടിക്കുവാനായി  അടച്ചു വച്ചിട്ടുണ്ട്.

വിദ്യാലയം തുടങ്ങുന്നതായും,  എവിടെയാണെന്നും, പ്രവേശനവും ക്ലാസ്സും എന്നുമുതൽ  തുടങ്ങുമെന്നുമുള്ള വിവരങ്ങൾ കാണിച്ചുള്ള നാലഞ്ചു നോട്ടീസുകൾ വെള്ളക്കടലാസ്സിൽ എഴുതി ഐലറയിൽ റോഡരികിലുള്ള കടകളിലെ ഭിത്തികളിൽ നാട്ടുകാരുടെ അറിവിലേക്കായി  ഒട്ടിച്ചു വച്ചു. 

പ്രവേശനം തുടങ്ങിയ ദിവസ്സം തന്നെ   കേശവൻ രണ്ടു മക്കളേയും കൊണ്ടു തന്റെ വീടാകേണ്ടിയിരുന്ന, ഭാവിയിൽ ഇനിയും ആകേണ്ടിയിരിക്കുന്ന , വിദ്യാലയത്തിലെത്തി. വിലാസിനി നാലാം ക്ലാസ്സിലേയ്‌ക്കെത്തിയിരുന്നതിനാൽ ഇനിയും ഏരൂർ സ്കൂളിൽത്തന്നെ തുടരേണ്ടി വരും.

കേശവൻ വാഗമ്മയെയും ഉപൻമോനെയും കൊണ്ടു  ആന്റണി സാറിന്റടുത്തു ചെന്ന് അവർ രണ്ടു പേരുടെയും പ്രായം എത്രയെന്നു  ധരിപ്പിച്ചു.

"ഇപ്പോ രണ്ടു പേരും  കുടിപ്പള്ളിക്കൂടത്തി രണ്ടാം പാഠവും കണക്കും പഠിക്കുന്നുണ്ട്. മോളേ  രണ്ടാം ക്‌ളാസ്സിൽ ചേർത്താട്ടെ.   മോനേ ഒന്നാം ക്ലാസ്സിലും."  കേശവൻ പറഞ്ഞു.

"എന്നേം ചേച്ചീടെകൂടെ രണ്ടാം ക്ലാസ്സീ ചേർത്താ മതി എനിക്കോന്നാം ക്‌ളാസ്സു വേണ്ടാ"   ഉപന്റെ പ്രതിഷേധ  പ്രതികരണം പെട്ടെന്നുണ്ടായി.  കേശവനറിയാം ഇനി രക്ഷയില്ലെന്ന്. "ഇനി സാറു തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ."  കേശവൻ മനസ്സിൽ പറഞ്ഞുകൊണ്ട് മിണ്ടാതെ നിന്നു.  ആന്റണിസ്സാറു ഉപന്റെയും പിന്നെ  കേശവന്റെയും മുഖങ്ങളിൽ മാറി മാറി നോക്കിയിട്ടു ഉപനോടായി പറഞ്ഞു:

"മോനതിനു ഒന്നാം ക്ലാസ്സിൽ ചേർക്കാനുള്ള വയസ്സുപോലുമായിട്ടില്ലല്ലോ; പിന്നെങ്ങനാ രണ്ടാം ക്ലാസ്സീ ചേർക്കാമ്പറ്റുന്നേ?  ഒന്നാം ക്ലാസ്സീ ചേർക്കാം, അതേ പറ്റത്തൊള്ളൂ."

ഉപനത് ചിന്തിക്കുവാനോ സഹിക്കുവാനോ പറ്റുമായിരുന്നില്ല. കരച്ചിലിന്റെ വക്കത്തെത്തിയ  അവൻ പെട്ടെന്ന് അച്ഛന്റെ കൈകളിൽ കയറിപ്പിടിച്ചു തലയുയർത്തി നോക്കിക്കൊണ്ടു വിമ്മിഷ്ടത്തോടെ പറഞ്ഞൊപ്പിച്ചു :

"വേണ്ടാച്ചാച്ചാ എന്നേ ചേച്ചീടെ കൂടെ രണ്ടില് ചേർത്താമതി. ഒന്നില് ഞാമ്പോവത്തില്ല.."  അവൻ ചിണുങ്ങുവാൻ തുടങ്ങി. കേശവൻ അവനേ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. 

"മോനേ രണ്ടില് ചേർക്കാൻ പറ്റില്ലെന്ന് സാറു പറഞ്ഞത് മോൻ കേട്ടതല്ലേ? നിർബന്ധം പിടിക്കല്ലേ, പറഞ്ഞത്  കേക്ക്."

ഉപൻ അച്ഛന്റെ കയ്യിലെ പിടിവിട്ടിട്ടു പെട്ടെന്ന് നിലത്തേക്ക് മൂടിടിച്ചു വീണു ഉറക്കെ കരഞ്ഞു കൊണ്ടു, കാലുകൾ   മുന്നോട്ടും പിന്നോട്ടും ഉരച്ചു കൈകൾ രണ്ടു തുടകളിലും ആഞ്ഞാഞ്ഞടിച്ചു കൊണ്ട്, വിക്കി വിക്കി പറഞ്ഞു കൊണ്ടേയിരുന്നു :

"എനിക്കു ചേച്ചീടെ കൂടെ രണ്ടില് പോയാ മതി ... രണ്ടില് ... രണ്ടില് ..."

ഇതൊക്കെ കണ്ടു വാഗമ്മയും കരയുമെന്ന മട്ടിലായി.     പ്രവേശനത്തിന് വന്ന  മറ്റുള്ളവരും കുട്ടികളും നോക്കി നിൽക്കുകയാണ് .  ഒന്നു  രണ്ടു കുട്ടികൾ തിരികെ    പോകണമെന്നു നിർബന്ധം പിടിച്ചു കരയുന്നുമുണ്ട്. പലർക്കും അതിശയമായി; തങ്ങളുടെ കുട്ടികൾ ക്‌ളാസ്സിൽ ചേരേണ്ടെന്നും പറഞ്ഞു കരയുമ്പോൾ, ഇതാ അവരേക്കാൾ ചെറിയ ഒരു കുട്ടി ഒന്നിൽ പോരാ, രണ്ടിൽ ചേർക്കണമെന്ന് പറഞ്ഞു കരഞ്ഞു വാശികൂട്ടുന്നു !

കേശവനും സാറും വിഷമത്തിലായി. കേശവന് നേരിയ ഭയം . കേശവൻ സാറിനോട് ആരാഞ്ഞു :

"രണ്ടിലാക്കാൻ ഒരു വഴിയുമില്ലേ, സാർ?  അവനങ്ങിനെയാ, മനസ്സിലെന്തെങ്കിലും കണ്ടാപ്പിന്നെ അതിനായി വാശി കൂട്ടും,  അത് നടക്കുന്നതു  വരെ.  രണ്ടു വയസ്സ് തികയുന്നതിനു മുൻപ് അവന്റെ തള്ളയോട് എന്തിനോ വാശി പിടിച്ചു വെയിലത്തു പയർ വിത്തു ഉണക്കാനിട്ടിരുന്ന പാനമ്പേ പോയിക്കിടന്നു കരഞ്ഞു കരഞ്ഞു അവനു ശന്നി വന്നിട്ടുണ്ട്.  അതിനു ശേഷം അവൻ കാര്യമായി വാശി പിടിയ്ക്കുമ്പോൾ  ഞങ്ങൾക്ക് പേടിയാകും."

ആന്റണി സാർ ഒരുനിമിഷം ആലോചിച്ചിട്ട് പറഞ്ഞു : "ഒരു വഴിയുണ്ട്, പക്ഷേ അവന്  ഒരു വർഷത്തിലേറെ നഷ്ടമാകും. രേഖകളിൽ വയസ്സ് കൂട്ടി വയ്‌ക്കേണ്ടിവരും. ഇപ്പോഴുള്ള പ്രായം കാണിച്ചു രണ്ടിൽ ചേർക്കുവാൻ  എനിക്കനുവാദമില്ല."  ആന്റണി സാർ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.

കേശവന് ആശ്വാസമായി 

"അതു സാരമില്ല.  സാറ്  വയസ്സ് ഒരു വര്ഷം കൂട്ടി വച്ചു അവനേ രണ്ടില് ചേർത്താട്ടെ 

തകർത്തു കരയുകയായിരുന്നെങ്കിലും ഉപൻ അച്ഛന്റെയും സാറിന്റെയും സംസാരം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. അവരുടെ രണ്ടുപേരുടെയും അവസാന വാക്കുകൾ കേട്ടപ്പോൾ അവനു പ്രതീക്ഷയായി. കരച്ചിലിന്റെ ആക്കം പതുക്കെ കുറഞ്ഞു വന്നു. 

"കരയണ്ടാ, രണ്ടില് തന്നെ ചേർക്കാം, എന്താ,  പോരേ ? ഇനി എഴുന്നറ്റു നിന്നു  ചിരിക്ക്." , സാറു അവനേ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

സാറിന്റെ  വാക്കുകൾ കേട്ടപ്പോൾ അവന്റെ കരച്ചിൽ പെട്ടെന്ന് നിന്നു.  എഴുന്നേറ്റു  കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ അവൻ സാറിനെ നോക്കി തലയാട്ടി 'മതി' യെന്നു സമ്മതമറിയിച്ചു. 

അങ്ങിനെ തന്റെ  ഒരു വർഷവും നാല് മാസ്സവും ആന്റണി സാറിനു വിട്ടുകൊടുത്തു കൊണ്ട് ഉപൻമോൻ,   കുടിപ്പള്ളിക്കൂടത്തിലെന്നപോലെ  തന്നെ,   'ഇടിച്ചു' കയറി,  രണ്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടി! അതും  സ്വന്തം വീട്ടിലാരംഭിച്ച  വിദ്യാലയത്തിൽ
ആദ്യ വര്ഷം തന്നെ, തുടക്കക്കാരനായി  !  ഒരു പക്ഷേ ആർക്കും നേടാൻ  ആവാത്ത ഭാഗ്യം !!!

ഏരൂർ സ്കൂളിൽ ഒന്നാം തരം കഴിഞ്ഞവരും അയിലറെ കുടിപ്പള്ളിക്കൂടത്തിൽ രണ്ടാം പാഠം പഠിച്ചു കൊണ്ടിരുന്നവരും രണ്ടാം ക്ലാസ്സിൽ ചേർന്നു. ഇനി നാളെയും പ്രവേശനം ഉണ്ടാകും.  അന്നു വന്നവരോടായി ആന്റണി സാറു  പറഞ്ഞു :

"അടുത്ത തിങ്കളാഴ്ച എല്ലാവരും പത്തു മണിയാകുമ്പോൾ വരണം. അന്നു എല്ലാവരുടെയും ഹാജർ എടുക്കും.  എരൂരിലെ രണ്ടു മൂന്നു കടകളിൽ  പാഠ പുസ്തകങ്ങളും  സ്ലേറ്റും പെൻസിലും  ഒക്കെ കിട്ടും. ഒന്നാം ക്ലാസ്സിലൊള്ളോരു ഒന്നാം പാഠവും സ്ലേറ്റും കല്ലു പെൻസിലും   രണ്ടാം ക്ലാസ്സിലൊള്ളോരു രണ്ടാം പാഠവും സ്ലേറ്റും കല്ലു പെൻസിലും  നൂറു പേജുള്ള ഒരു നോട്ടു ബുക്കും റൂൾ പെൻസിലും കൊണ്ടു വരണം.

തിങ്കളാഴ്ച ഉപനും ചേച്ചിയും  സമയത്തിനു മുൻപുതന്നെ സ്വന്തം  വീട്ടിലെ സർക്കാർ  വിദ്യാലയത്തിലെത്തി. കെട്ടിടത്തിന്റെ പടിഞ്ഞാറേ അറ്റത്തു നടുവിലായി മേശയും കസേരയും     ഇട്ടിരിക്കുന്നു . മേശപ്പുറത്തു രണ്ടു ബുക്കുകളും രണ്ടു ചൂരലും ഓട്ടുമണിയും ചോക്കും ഇരിപ്പുണ്ട്. ആന്റണി സാർ ഒന്നിലെ  കുട്ടികളെയെല്ലാം  തറയുടെ ഇടതും രണ്ടിലെ കുട്ടികളെ  വലതുമായി  ഇരുത്തിയിട്ടു പറഞ്ഞു :

"നമുക്ക് ആദ്യം  വഞ്ചീശ മംഗളം ചൊല്ലിയിട്ടു തുടങ്ങാം.  അതു നമ്മുടെ തിരുവിതാംകൂർ മഹാരാജാവിനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടാണ് .   വഞ്ചീശ മംഗളം മുഴുക്കെയും നല്ലപോലെ പാടാനറിയാവുന്നോരൊക്കെ എഴുന്നേറ്റു നിന്നേ." 

ഏരൂർ സ്കൂളിൽ നിന്നു വന്ന രണ്ടു പെൺകുട്ടികളോടൊപ്പം  ചേച്ചിയും എഴുന്നേറ്റു നിന്നപ്പോൾ ഉപനും എഴുന്നേറ്റു നിന്നു. അപ്പോൾ ചേച്ചിയോടും ഉപനോടുമായി സാറു ചോദിച്ചു :

"നിങ്ങൾക്ക് ശരിക്കും അറിയാമോ, മുഴുക്കെ ?"

"അറിയാം സാർ,  വിലാസിനി ചേച്ചി ഞങ്ങളേം നല്ലപോലെ പഠിപ്പിച്ചു തന്നിട്ടൊണ്ട് .ഞങ്ങളു മൂന്നും കൂടെ വീട്ടീ പാടാറൊണ്ട്‌ ", വാഗമ്മ പെട്ടെന്ന് പറഞ്ഞു.

സാർ അപ്പോൾ ഉപനേ ചൂണ്ടി ചോദിച്ചു : "ശരി, എന്താ നിന്റെ പേര്‌ ?" 

"ഉപൻ", അവൻ പറഞ്ഞു.

"എന്നാ നീ അതു മുഴുക്കെ തെറ്റാതെ  ഉറക്കെയൊന്ന്  പാടിക്കേ, കേക്കട്ടെ "

തെറ്റാതെ പാടണമെന്നാണ് സാറു പറഞ്ഞേക്കുന്നത്. അവൻ ഓർത്തു നോക്കി.  ആദ്യമൊക്കെ താൻ  "ഭ" യും "ശ്രീ" യും "ഞ്ജ " യുമൊക്കെ തെറ്റിച്ചായിരുന്നു പറഞ്ഞിരുന്നത്. മഹാരാജാവിനു വേണ്ടിയുള്ള പാട്ടായോണ്ട് തെറ്റിച്ചു കൂടെന്നു പറഞ്ഞു വിലാസിനിച്ചേച്ചി തെറ്റെല്ലാം തിരുത്തി പഠിപ്പിച്ചിട്ടുണ്ട്. അവൻ തയ്യാറെടുത്തു ധൈര്യത്തോടെ പാടുവാൻ തുടങ്ങി :

"വഞ്ചിപൂ(ഭു)മിപതേ ചിരം              സഞ്ചി(ഞ്ജി)താഫ(ഭം) ജയിക്കേണം         ദേവദേവൻ ഫ(ഭ)വാനെന്നും         ദേഹസൗഖ്യം വളർത്തേണം           വഞ്ചിഭുമിപതേ ചിരം                 ത്വച്ചരിതമെന്നും  ഫൂ(ഭൂ)മൗ                         വിസൃ(ശൃ)തമായ് വിളങ്ങേണം         വഞ്ചിഭുമിപതേ ചിരം                 മർത്യമനമേതും ഫ(ഭ)വാൽ                   പത്തനമായ് ഫ(ഭ)വിക്കേണം വഞ്ചിഭുമിപതേചിരം                           താവകമാം കുലം മേന്മേൽ        സ്‌റീ(ശ്രീ)iവളർന്നുല്ലസിക്കേണം,       വഞ്ചിപൂ(ഭു)മിപതേ ചിരം ,                             മാലകറ്റി ചിരം പ്രജാ-                                പാലനം ചെയ്തരുളേണം          വഞ്ചിഫൂ(ഭു)മിപതേ ചിരം                                 സഞ്ചി(ഞ്ജി)താഫം(ഭം) ജയിക്കേണം."

ആന്റണി സാറിനു അതിശയം തോന്നി ; ഉപൻ,  രണ്ടോ മൂന്നോ അക്ഷരങ്ങൾ  മാത്രം ചെറിയ കൊഞ്ചലോടെ, എന്നാൽ ബാക്കിയൊക്കെ ഒരറപ്പുമില്ലാതെ, ഭംഗിയായി പാടിയിരിക്കുന്നു. സാറിന്  ഉപനോടൊരു വാത്സല്യം തോന്നുക  തന്നെ  ചെയ്തു. സാറു പിന്നെ വാഗമ്മയെ കൊണ്ടും മറ്റേ രണ്ടു കുട്ടികളേക്കൊണ്ടും
പാടിച്ചു  നോക്കി. ഒരു കുട്ടി തെറ്റിച്ചു പാടി.  വാഗമ്മയും വേറൊരു കുട്ടിയും നന്നായി പാടി. അവരോടും ഉപനോടുമായി സാറു പറഞ്ഞു :

"ഇനി നിങ്ങളു മൂന്നും കൂടി ഒരുമിച്ചു തെറ്റാതെ ഒരുപോലെ പാടണം "  എന്നിട്ടു എല്ലാവരോടുമായി  പറഞ്ഞു.

"എല്ലാവരും എഴുന്നേറ്റു നിൽക്ക്‌.  വഞ്ചീശ മംഗളം പാടുമ്പോൾ ആരും ഇരിക്കരുത് , എഴുന്നേറ്റു നിൽക്കണം." എന്നിട്ടു ഉപനേയും മറ്റും ചൂണ്ടി പറഞ്ഞു :  

"ശരി, ഇനി നിങ്ങളു പാടിക്കോളൂ "

അവർ തരക്കേടില്ലാതെ പാടി.

അന്നു പിന്നെ സാറു രണ്ടു ക്‌ളാസ്സുകളിലേയും കുട്ടികളുടെ പേര്‌ വിളിച്ചു ഹാജർ രേഖപ്പെടുത്തി, കുട്ടികളോട് കുറേ കുശലങ്ങളൊക്കെ പറഞ്ഞിട്ട് അന്നത്തെ ക്‌ളാസ്സ് മതിയാക്കി, പിറ്റേ ദിവസ്സം ഒന്നാം ക്‌ളാസ്സുകാർ രാവിലെ പത്തുമണിയ്ക്ക് മുൻപും, രണ്ടാം ക്ലാസ്സുകാർ  ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് മുൻപും വരണമെന്ന് പറഞ്ഞു
അവരേ പറഞ്ഞു വിട്ടു.

ആന്റണി സാർ വളരെ ഗൗരവക്കാരനും കണിശ്ശക്കാരനുമാണ് ; ഒപ്പം കുട്ടികളോട് വാത്സല്യം കാണിക്കുവാൻ മടിക്കാത്തയാളും. ഉപൻ ഇതിനകം സാറിന്റെ അരുമ ശിഷ്യനായി മാറിക്കഴിഞ്ഞിരുന്നു.  ആദ്യ വർഷം  ക്ളാസ്സുകളൊക്കെ, പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ,  ഭംഗിയായിത്തന്നെ നടന്നു. 

ആ വർഷം അവസാനത്തോട് കൂടി  അയിലറയുടെ മദ്ധ്യഭാഗത്തായി, റോഡും വയലും കഴിഞ്ഞു തോട്ടിൻ കരയിലുള്ള  രണ്ടേക്കറോളം സ്ഥലം സർക്കാർ ഏറ്റെടുത്ത് അതിൽ
ഓലമേഞ്ഞ, അരഭിത്തിയോടും പനമ്പിനാലും മറച്ച, ആറേഴു ക്ലാസുകൾ നടത്തുവാനുതകും വിധമുള്ള,  ഒരു വലിയ കെട്ടിടം നിർമ്മിച്ച് വേണ്ട ഉപകരണങ്ങളും സംഘടിപ്പിച്ചു. അടുത്ത അദ്ധ്യയന വർഷം വിദ്യാലയം അങ്ങോട്ട് മാറ്റുകയും മൂന്നാം തരം കൂടി ആരംഭിക്കുകയും ചെയ്തു. ഇതിനകം  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിരുന്നു.   തിരുവിതാംകൂർ ഉൾപ്പെടെയുള്ള നാട്ടു രാജ്യങ്ങൾ ഇന്ത്യാ മഹാരാജ്യത്തോട് ലയിക്കുക ചെയ്ത കാരണം ആ അദ്ധ്യയന വർഷം ആദ്യം മുതൽ തന്നെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന" പാടിത്തുടങ്ങുകയും പഴയ 'വഞ്ചീശ മംഗളം'
നിലയ്ക്കുകയും ചെയ്തു.


മേമ്പൊടി 


വഞ്ചിനാഥൻ കനിഞ്ഞിങ്ങു                        തന്ന പാഠശാല താതൻ 

തഞ്ചമോടെ തന്റെ വീട്ടി -
ന്നസ്‌തിവാരേ പ്രതിഷ്ഠിച്ചു.

നെഞ്ചു പൊട്ടിക്കരഞ്ഞിട്ടൊരു  പുഞ്ചിരിയാൽ തരമാക്കീ 

തഞ്ചമോടെ തരം രണ്ടിൽ
നെഞ്ചിലേറ്റി, യഡ്മിഷൻ ഞാൻ

മൊഞ്ചലോടും കൊഞ്ചലോടും
വഞ്ചിനാഥന് സ്തുതി ചൊല്ലി

"വഞ്ചിഭൂമീ പതേ ചിരം
സഞ്ജിതാഭം ജയിക്കേണം "

വര്ഷമൊന്നു കഴിഞ്ഞപ്പോൾ           വിദ്യാലയം  സ്ഥലം മാറി,


വന്നൂ "ജനഗണമന "
പോയി  "വഞ്ചിനാഥൻ" സ്തുതി









































 .



 






 















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ