2017 മേയ് 8, തിങ്കളാഴ്‌ച

Blog Post No.3 :: ഇടിച്ചു കയറി നേടിയ വിദ്യാരംഭം


ഇടിച്ചു കയറി ഒരു  വിദ്യാരംഭം

           ഉപൻ മോന്റെ മൂക്കിലെ മുറിവുണങ്ങി അധികം  താമസിയാതെ തന്നെ അയിലറയിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി; കരിക്കത്തിൽ രാഘവൻ പിള്ളയുടെ വീട്ടിൽ. വാഗമ്മ  മോളെ   നല്ല ഒരു ദിവസ്സം നോക്കി വിദ്യാരംഭം കുറിക്കാൻ അവിടെ   ചേർക്കണം.  ഉപനമോനെ ചേർക്കുവാൻ പ്രായമായിട്ടില്ല ",  കേശവൻ മനസ്സിലോർത്തു.   "ഇനി മോക്കൊരു ഫ്രോക്ക് തൈപ്പിക്കണം.  പക്ഷേ ഉപൻമൊനു കൂടി  തൈപ്പിച്ചേ പറ്റൂ."    രണ്ടുപേർക്കും തൈപ്പിച്ചു.  എഴുത്തോലയും സംഘടിപ്പിച്ചു.

ഉപൻമോന്റെ ഇടിച്ചു കയറിയുള്ള വിദ്യാരംഭം

മുന്നൊരുക്കം

ചേച്ചിക്കൊരു   ഫ്രോക്കെനിക്കുടുപ്പും കൊച്ചു നിക്കറും തൈപ്പിച്ചു                                     തന്നിതച്ഛൻ

ചേച്ചിയെ നാളെ ഓലപ്പള്ളിക്കൂടത്തി-     ലച്ഛനോ കൊണ്ടുപോയ് ചേർത്തിടും                    പോൽ. 

ഞാനോ വെറുമൊരു കൊച്ചുകുഞ്ഞാ                     ണു പോ-                                  ലെന്നെയവിടെ എടുക്കില്ല പോൽ.

അന്നില്ല, പറ്റിയി, ല്ലൊട്ടുമുറങ്ങുവാ-     നെന്നിലെ 'ക്കുഞ്ഞി'നെ  ഞാൻ                                 വെറുത്തു.  

ചേച്ചിക്കു ചെയ്യുവാൻ പറ്റുന്ന കാര്യങ്ങ-ളിശ്ചയോടൊക്കെയും                                             ചെയ്തിടാറുണ്ടു ഞാൻ

അച്ഛനുമമ്മയുമെന്നിട്ടുമേന്തേയെ-   ന്നിശ്ചയെ തെല്ലും പരിഗണിക്കാതെ                           പോയ് ?

നല്ലപോൽ ചെയ്തിടാറുണ്ടു ഞാൻ                                      ചേച്ചിയേ                                 വെല്ലുന്ന മാതിരി   എല്ലാമെല്ലാം 

ഇല്ല,  ഞാൻ വിട്ടുകൊടുക്കില്ല,                                                 തെല്ലുമേ,                                 വെല്ലുന്ന വാശിയാൽ ഞാനുറച്ചു.

                            . *****          

 

നടപ്പാക്കൽ   

അതേ,   വാഗമ്മ ചേച്ചിയെ  ആശാൻ പള്ളിക്കൂടത്തിൽ  എഴുത്തു പഠിക്കുവാൻ  ചേർക്കുകയാണെങ്കിൽ തന്നെയും  ചേർത്തേ  പറ്റൂ.   ഉപൻമോൻ  അതു ഉറപ്പിച്ചു  കഴിഞ്ഞിരുന്നു. 

അതിരാവിലെ  ചേച്ചിയോടൊപ്പം ഉണർന്നപ്പോൾ  തലേദിവസത്തെ കാര്യങ്ങൾ അവന്റെ ഓർമയിലേക്ക്  വന്നു. ഇന്നലെ   രാവിലെ അച്ഛൻ എവിടെ  നിന്നോ  എഴുത്തു  പനയോലയുടെ  ഒരു  കയ്യു  മുഴുവനായി  കൊണ്ടുവന്നു  അതിന്റെ, ചേർന്നിരുന്ന,  ഓലകൾ  ഓരോന്നായി  വേർപെടുത്തിയിട്ടു  മുറിച്ചു  അടുക്കി  വയ്ക്കുന്നത്  കണ്ടപ്പോൾ  അവൻ  അടുത്ത്  ചെന്ന്  ഒരോല  എടുത്തു  വിടർത്തി  അതിന്റെ  മണം  ആസ്വദിച്ചു  കൊണ്ട് ചോദിച്ചാരുന്നു:

"എന്തിനാച്ചാച്ചാ   ഈ  ഓല ?"

"ചേച്ചിയെ  നാളെ  എഴുത്തു പഠിക്കുവാൻ  ആശാൻ  പള്ളിക്കൂടത്തിൽ  ചേർക്കുവല്യോ.    ഈ  ഒലേലാ  ആശാൻ  അക്ഷരങ്ങളെഴുതി  തരുന്നത്."

"അന്നേരം ചേച്ചിക്കതു  വായിക്കാൻ  പറ്റുവോ? ചേച്ചി വായിക്കുന്നത്  ഞാനതിനു  കണ്ടിട്ടില്ലല്ലോ" അവൻ  പറഞ്ഞു. 

"ആദ്യം ആശാൻ  'ഹരി' എന്ന് പറഞ്ഞു  കൊണ്ട്  അതു  പൂഴിമണ്ണിൽ  എഴുതിയിടും.    എന്നിട്ടു  ചേച്ചിയുടെ  ചൂണ്ടുവിരലിൽ പിടിച്ചു  അതിൻെറ മോളിക്കൂടെ  എഴുതിക്കും 'ഹ.....രി ...' എന്ന്.   പിന്നെ  ചേച്ചി  തനിയെ  അങ്ങിനെ  പറഞ്ഞു  കൊണ്ട്  എഴുതി  എഴുതി  പഠിക്കണം.   എല്ലാ  അക്ഷരങ്ങളും  അങ്ങിനെ  തനിയെ  എഴുതി  പഠിച്ചുകഴിയുമ്പോൾ   കടലാസ്സിയിൽ  അച്ചടിച്ചേക്കുന്നതും എഴുതിയെക്കുന്നതുമൊക്കെ  വായിക്കാൻ  പറ്റും."

അവനു   കൗതുകമായി. 

"അപ്പപ്പിന്നെ  എനിച്ചും  അതുപോലെ  പഠിച്ചാൻ  പറ്റൂലോ .  ചേച്ചി  ചെയ്യുന്നതൊക്കെ  എനിക്കും  ചെയ്യാൻ പറ്റൂല്ലോ. .  ചേച്ചിക്കറിയാവുന്നൊക്കെ  എനിച്ചുമറിയാവല്ലോ."  ഒരു നിസ്സാര  കാര്യമെന്നപോലെ  അവൻ   പറഞ്ഞു. 

"മോനിപ്പം  കുഞ്ഞല്യോ?  ചേച്ചീടത്രേം  വലുതാകുമ്പോ  മോനേം  ചേർക്കാം."  

ആശ്വസിപ്പിക്കാനെന്നോണം  അച്ഛൻ  പറഞ്ഞു. 

"അതു പറ്റൂല.  എനിക്കും  ചേചീടെകൂടെ പടിച്ചാൻ പോയാമതി."   സങ്കടം  വന്നിട്ട്  അവൻ   ചിണുങ്ങിക്കൊണ്ടു  നിർബന്ധം  പിടിച്ചു . 

"മോൻ വലുതാകുമ്പം  തീർച്ചയായും  വിടാം " അച്ഛൻ  അവസാന  വാക്കെന്നപോലെ  പറഞ്ഞു. 

അവൻ   കരഞ്ഞുകൊണ്ട്  അമ്മച്ചിയുടെ  അടുത്തേക്കോടിച്ചെന്ന് പരാതിപ്പെട്ടു.   രക്ഷയില്ല;  അച്ഛൻ  പറഞ്ഞത്  തന്നെ  അമ്മച്ചിയും  പറഞ്ഞു.  എന്നിട്ടൂ  ആശ്വസിപ്പിക്കാനെന്നപോലെ അമ്മച്ചി  പറഞ്ഞു : 

"മോന് ദിവസോം  മെറ്റലിളകിക്കിടക്കുന്ന  ആ  റോഡേ  അത്രേം  ദൂരം  നടക്കാൻ  പറ്റുവേല.  ആ   റോഡേ  പോകുമ്പോഴൊക്കെ  മോനേ അച്ഛനോ  അമ്മച്ചിയോ  എടുക്കുവല്ലിയോ  ചെയ്യുന്നേ? ചേച്ചീടത്രേം  വലുതാവുമ്പോ  മോനും  തനിയെ  അതിലെ നടക്കാൻ പറ്റും, ചേച്ചി   ഇപ്പോ  നടക്കുന്നപോലെ.  മോനേ  അപ്പോൾ   ചേർക്കാം."  

അവൻ   പിന്നെയും  ചിണുങ്ങലും  പരാതിയുമായി  നിന്നപ്പോൾ ഏതോ  ജോലിയിൽ  മുഴുകിയിരുന്ന  അമ്മച്ചി  ദേഷ്യപ്പെട്ടു:

"എനിക്കിവിടെ പിടിപ്പതു  ജോലിയുണ്ട്.  കിണുങ്ങാതെ  പോകുന്നുണ്ടോ, വല്ലതും  വാങ്ങിച്ചു  കെട്ടാതെ?"

ഇനി നിന്നിട്ടു  രക്ഷയില്ല. ചിണുങ്ങിക്കൊണ്ടുതന്നെ  അവൻ   പോയി   കട്ടിലിൽ   കേറിക്കിടന്നു കരഞ്ഞു  കരഞ്ഞു  ഉറങ്ങിപ്പോയി, ഉച്ചയ്ക്ക്  ചോറ് തിന്നാൻ  അമ്മച്ചി വന്നു  വിളിക്കുന്നത്  വരെ. രാത്രി  ഉറങ്ങുന്നവരെ  അവൻ  ചിന്തയിലായിരുന്നു.

അവസാനം  ഉറങ്ങുന്നതിനു  മുൻപ്  തന്നെ  ഒരു  തീരുമാനത്തിലെത്തുകയും ചെയ്തു.

 ചേച്ചിയേം  കൊണ്ട്  അച്ഛൻ  പോകുമ്പോൾ  കൂടെ  പോകുക  തന്നെ. നേരത്തേ തന്നെ ഉണരണം.  ചേച്ചിയെ  മുറുകെ  കെട്ടിപ്പിടിച്ചു 

കിടന്നു.  ചേച്ചി  ഉണരുമ്പോൾ  തനിക്കുമുണരാൻ  പറ്റും.

എഴുന്നേറ്റു  കഴിഞ്ഞ പ്പോൾ  വാഗ  മ്മച്ചേച്ചി  എവിടെ എന്തിനു  പോയാലും അവനും  പിറകേ  കൂടി.  കുറച്ചു  കഴിഞ്ഞപ്പോൾ അമ്മച്ചി  ചേച്ചിയോട്  വിളിച്ചുപറയുന്നത്  കേട്ടു :

"മോളേ, തോട്ടി  പോയി  വേഗം  കുളിച്ചിട്ടു വാ, പള്ളിക്കൂടത്തി  പോവാനൊള്ളതാ ."  

ചേച്ചി   പോകാനിറങ്ങിയപ്പോൾ  അവനും  പിറകേ  കൂടി. 

"നീയെന്തിനാ  ഇപ്പം  വരുന്നേ, നീ  ഇപ്പഴേ  കുളിക്കണ്ടാ, തണുക്കും. നിന്നെ  പിന്നെ  അമ്മച്ചി  കുളിപ്പിച്ചോളും."

"അതിനു   ഞാൻ  ചേച്ചിക്കു  കൂട്ടു  വരുവല്യോ?"  അവൻ   ഉടൻ മറുപടികൊടുത്തു. 

ചേച്ചി കുളിച്ചപ്പോൾ  അവനും  തൊട്ടിലിറങ്ങി  അരയ്ക്കുതാഴെ  വെള്ളമുള്ളിടത്തു  മുങ്ങിക്കുളിച്ചു.  തിരികെ 

വീട്ടിലെത്തിയപ്പോഴേയ്ക്കും വിലാസിനിച്ചേച്ചി ഏരൂർ ഉള്ള സ്കൂളിലേയ്ക്ക്
പോയിക്കഴിഞ്ഞിരുന്നു.  അല്പം  കഴിഞ്ഞപ്പോൾ  അച്ഛൻ  ചേച്ചിയോടായി  പറഞ്ഞു  

"മോളാ  എഴുത്തോലക്കെട്ടേന്ന്‌  ഒരോല ഊരിയെടുത്തു  തിണ്ണേലെ  ബെഞ്ചേ  വെച്ചേച്ചു പോയി കഞ്ഞി  കുടിക്ക്.  പോകാന്നേരം  ഓലയെടുക്കാൻ  മറക്കരുത് ."

ചേച്ചി ഒരു ഓല  എടുത്തു  ബഞ്ചിൽ  വച്ചിട്ട്  അടുക്കളയിലേയ്ക്കു  പോയ  തക്കം  നോക്കി  ആരും  കാണാതെ  അവൻ   പോയി  ഒരോലകൂടി   ഊരിക്കൊണ്ടുവന്നു  ചേച്ചിയുടെ  ഓല  രണ്ടായി  വിടർത്തി  അതിനകത്തു  തിരുകിക്കയറ്റി  വച്ചു. ഒറ്റ നോട്ടത്തിൽ അത് ഒരോല മാത്രമാണെന്നേ  തോന്നൂ. എന്നിട്ടു വേഗം അടുക്കളയിൽ പോയി  കഞ്ഞി  വാങ്ങി  കുടിച്ചിട്ട്  ചേച്ചിക്കൊപ്പം  പോയി.  ചേച്ചി പുതിയ ഫ്രോക്ക്  എടുത്തിട്ടപ്പോൾ    അവൻ തന്റെ  പുതിയ  നിക്കറും  ഉടുപ്പുമെടുത്തിടുവാൻ  തുടങ്ങി . അതു കണ്ട  ചേച്ചി :  

"നീയെന്തിനാ  അതിപ്പോ  എടുത്തീടുന്നേ ?   നിന്നെയതിനു  ആശാംപള്ളിക്കൂടത്തി  ചേർക്കുന്നില്ലല്ലോ!"

"ചേച്ചി  പുത്യേതെടുത്തീടുന്നെ   കണ്ടപ്പം  എനിക്കും  കൊതി വന്നു. അതോണ്ടാ."   അവനു   അതിനും  തക്ക  മറുപടിയുണ്ടായിരുന്നു. 

അല്പം  കഴിഞ്ഞപ്പോൾ  അച്ഛൻ  ചേച്ചിയോടായിപ്പറയുന്നത്  കേട്ടു :

"ഓലേം  എടുത്തോണ്ട്  വാ മോളെ,   പോകാം.  ദേവിയെ  ധ്യാനിച്ചോണ്ടു  പടിയിറങ്ങണം,  കേട്ടോ  ?"

"ങ്ങും", ചേച്ചി  മൂളി. 

ഉടുപ്പിട്ടുകഴിഞ്ഞു  വെളിയിൽ  വരാതെ ഉപൻമോൻ   മുൻവശത്തെ  തിണ്ണയിൽ നിന്നും  അകത്തേക്കുള്ള മുറിയുടെ  കതകിന്റെ  പിറകിൽ നിന്ന്  തിണ്ണയിൽ  നടക്കുന്നതെല്ലാം ഒളിഞ്ഞു  നോക്കിക്കൊണ്ടു  നിൽക്കുകയായിരുന്നു.

അച്ഛൻ   വെള്ള  മുണ്ടുമുടുത്തു  തോർത്തും  തൊളിലിട്ടിരിക്കുന്നു.    അച്ഛൻ  വെറ്റിലയും  പാക്കും  ഒരു  ചക്രവും   കടലാസ്സിൽ  പൊതിഞ്ഞു  എടുക്കുന്നത്  കണ്ടിരുന്നു. അതെന്തിനാണെന്നു  അവനു  മനസ്സിലായില്ല.  

 അമ്മച്ചിയും  തിണ്ണയിലുണ്ട്. അച്ഛൻ  വെളിയിലേക്കിറങ്ങി.  പിറകേ  ഓലയുമെടുത്തു  കൊണ്ട് ചേച്ചിയും.   ഓല  രണ്ടെണ്ണമുണ്ടെന്ന  കാര്യം ചേച്ചി  അറിഞ്ഞില്ലെന്ന്  തോന്നുന്നു. അവർ  മുറ്റവും കടന്നു  വഴിയിലേക്കിറങ്ങിയപ്പോൾ അമ്മച്ചി  തിണ്ണയിൽ നിന്നും  അടുക്കളയിലേക്കു  പോയ ഉടൻ അവൻ   ഓടിയിറങ്ങി  അച്ഛന്റെയും  ചേച്ചിയുടെയും   ഒപ്പമെത്തി. അവനേ   കണ്ടതും  അച്ഛൻ  ഉറക്കെ  ദേഷ്യപ്പെട്ടു  :

"നീ  എവിടെപ്പോവാടാ ? കേറിപ്പോടാ  അകത്തു, ഒന്നും  കിട്ടേണ്ടേൽ"

"ഞാനും  വരണു. എന്നേം  കൊണ്ടോണം. ചേച്ചിയെ  ആശാൻ  പഠിപ്പിക്കുന്നെ  കാണാനാ. അച്ചാച്ചൻ  തിരയെ  വരുമ്പം ഞാനും വന്നോളാം ."  

കരച്ചിലിന്റെ  വക്കിലെത്തിക്കഴിഞ്ഞിരുന്ന ഉപൻമോൻ  പറഞ്ഞു. 

"വേണ്ടാ, നീയിപ്പോ  വരണ്ടാ.  നിന്നെ  വേറൊരു  ദിവസം  ഞാൻ  കൊണ്ട്  പോകാം.  ഇപ്പം  മര്യാദക്ക്  അകത്തു  കേറിപ്പോ"  അച്ഛൻ  വഴങ്ങുന്ന മട്ടില്ല. 

 അവൻ   ഉറക്കെ  കരയാൻ  തുടങ്ങി.  ബഹളം  കേട്ടു അമ്മച്ചി

ഇറങ്ങി  വന്നു.  കാര്യം  മനസ്സിലായപ്പോൾ  അമ്മച്ചി  അവന്റെ  രക്ഷയ്ക്കെത്തി :

"അവനെക്കൂടെ കൊണ്ടുപോകരുതോ? നിങ്ങള് പോരുമ്പോ കൂടിങ്ങു   കൊണ്ടുപൊന്നാപ്പോരേ?" 

തന്നെ കൂട്ടാതിരുന്നാൽ  അവിടെ താൻ  കാട്ടിക്കൂട്ടാവുന്ന  പുകിലിൽ  നിന്നും  അമ്മച്ചിക്ക്  രക്ഷപ്പെടാനാവുമല്ലോ! 

അവനു   ആശ്വാസമായി.  അച്ഛൻ പിന്നെയൊന്നും  പറഞ്ഞില്ല.  അവൻ  കരച്ചിൽ നിറുത്തി  ധൈര്യമായി  അവരുടെയൊപ്പം  നടന്നു.  തലേ  ദിവസം ചേച്ചി പറഞ്ഞാരുന്നു, ആശാൻ  പള്ളിക്കൂടം  തുടങ്ങുന്നത്  കരിക്കത്തിൽ  വീട്ടിലാണെന്നും, എരപ്പും (അടുത്തുള്ള  വെള്ളച്ചട്ടത്തിനു  'എരപ്പു ' എന്നാണ്  നാട്ടുകാർ   പറഞ്ഞിരുന്നത്) കഴിഞ്ഞു കൊറേ  ദൂരം  പോകണമെന്നും.

  അവർ  തോടും  കടന്നു  റോഡിൽ   കയറി.   നിറയെ  മെറ്റൽക്കഷണങ്ങൾ  ഇളകിക്കിടക്കുന്ന   ആ  റോഡ്  കണ്ടപ്പോൾത്തന്നെ  അവനു   പേടിയായി.    ഇന്നത് പുറമേ  കാണിച്ചു പതിവുപോലെ  അച്ഛനോട്  തന്നെ     എടുക്കുവാൻ  പറയാനുമാവില്ലല്ലോ! ധൈര്യം നടിച്ചുകൊണ്ടു  തട്ടിയും  തടഞ്ഞും  അവൻ  നടക്കുവാൻ  തുടങ്ങുന്നത്  കണ്ടു 

അവനേ   എടുക്കുവാനായി അച്ഛൻ  തുനിഞ്ഞപ്പോൾ  കുതറി  മാറിക്കൊണ്ട്  അവൻ  പറഞ്ഞു :

"വേണ്ടാ,  എന്നെ  എടുക്കേണ്ട,   ഞാൻ  നടന്നോളാം "

എരപ്പും  കഴിഞ്ഞു  കുറേദൂരം നടന്നപ്പോൾ  അവർ  പള്ളിക്കൂടത്തിലെത്തി.  കരിക്കത്തിൽ വീടിന്റെ  മുറ്റത്തോട്  ചേർന്നു അഞ്ചാറ് തൂണിന്മേൽ, വനത്തിലെ  പുല്ലു  മേഞ്ഞ മേൽക്കൂരയുള്ള, ഒരു  ഷെഡ്ഡ് ആണ്  പള്ളിക്കൂടം.  ഷെഡിനുള്ളിലായി നാലരികിലും    ഒരാൾക്കിരിക്കാൻ  മാത്രം  വീതിയുള്ള  ഓലത്തടുക്കിട്ടു  അതിനു  മുന്നിലായി  അതിലും  കുറഞ്ഞ  വീതിയിൽ പൂഴിമണ്ണ്  വിരിച്ചിരിക്കുന്നു.  സ്കൂൾ  ആദ്യമായിട്ട്  തുടങ്ങുന്നതായതിനാൽ  വേറെയും  അച്ഛനമ്മമാർ   കുട്ടികളേയും  കൊണ്ട് വന്നിട്ടുണ്ട്.  വേറെയും  ചിലർ  വന്നുകൊണ്ടേയിരുന്നു.

ചേച്ചിയുടെ ഊഴം വന്നപ്പോൾ അച്ഛൻ ചേച്ചിയോടായി പറഞ്ഞു :

"മോളു ഓല ഉപൻമോന്റെ കയ്യിൽ കൊടുക്ക്.  എന്നിട്ടു  ഈ വെറ്റയും പാക്കും ആശാനു ദക്ഷിണ  കൊടുത്തിട്ടു ആശാന്റെ പാദത്തിൽ തൊട്ടു ആശാനേ തൊഴുതു വന്ദിക്ക്‌."

ചേച്ചി ഓല അവന്റെ  കയ്യിൽ കൊടുത്തിട്ടു  അച്ഛൻ പറഞ്ഞത് പോലെ ചെയ്തു. അതുവരെ തന്റെ കയ്യിൽ രണ്ടു ഓലകൾ ഉള്ള വിവരം ചേച്ചി അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. ആശാൻ ചേച്ചിയുടെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചിട്ടു  ചേച്ചിയുടെ കൈ പിടിച്ചു തടുക്കിലിരുത്തി. ഉപൻമൊന്നും  ധൃതിയിൽ ചേച്ചിയുടെ അടുത്തായി ഇരുപ്പുറപ്പിച്ചു. ആശാൻ ചേച്ചിയുടെ മുന്നിലെ പൂഴിമണ്ണിൽ 

'ഹരി' എന്നു പറഞ്ഞു കൊണ്ട് ആ അക്ഷരങ്ങൾ വലുതായി എഴുതിയിട്ട്, അതു പോലെ ചേച്ചിയെക്കൊണ്ടും പറയിച്ചു. (അവനും  , മനസ്സിൽ, അതേറ്റുപറഞ്ഞു). അതു കഴിഞ്ഞു ആശാൻ ചേച്ചിയുടെ വലതുകൈയ്യുടെ  ചൂണ്ടുവിരൽ പിടിച്ചു ആ അക്ഷരങ്ങളുടെ മുകളിൽക്കൂടി രണ്ടുമൂന്നു പ്രാവശ്യാം  എഴുതിക്കുകയും 'ഹ ....രി ...'  എന്നു പറയിക്കുകയും ചെയ്തു. 

"കുഞ്ഞിനി അതിന്റെ മോളിക്കൂടെ പല പ്രാവശ്യം എഴുതി 'ഹരീ'ന്ന്  കാണാതെ എഴുതാനും വായിക്കാനും പഠിക്ക്.  അതു കഴിഞ്ഞാൽ അടുത്ത അക്ഷരം എഴുതിക്കാം. അനിയൻ കുഞ്ഞു ആ ഓലയിങ്ങു തന്നാട്ടെ,  ചേച്ചിക്കു ആദ്യത്തെ പാഠം  അതിലെഴുതിക്കൊടുക്കട്ടെ ." 

അത്രയും   പറഞ്ഞിട്ട് ആശാൻ ഉപന്റെ  കയ്യിൽ  നിന്നും  ഓല എടുത്തു  കൊണ്ടു  എഴുന്നേൽക്കുവാൻ  തുടങ്ങിയപ്പോൾ  അവൻ   പെട്ടെന്ന്  പറഞ്ഞൊപ്പിച്ചു :

"എനിച്ചും  എഴുതിപ്പടിച്ചണം,
എന്റെ  ഓലേം അതിലൊണ്ട് "  

അതു  കേട്ട  ആശാൻ അവന്റെ  മുഖത്തേയ്ക്കു  സൂക്ഷിച്ചു  നോക്കി. അതിനിടെ , അവനേക്കാൾ  പ്രായമുള്ള ചില  കുട്ടികൾ  "എനിച്ചു  പടിക്കണ്ട, നമ്മക്ക്   വീട്ടീ  പോകാം"  എന്നൊക്കെ പറഞ്ഞു  കരയുന്നുമുണ്ട്. ഇതിനിടെ എതിർത്ത്  എന്തോ  പറയുവാൻ തുനിഞ്ഞ  അച്ഛനെ  കയ്യുയർത്തി വിലക്കിക്കൊണ്ട്, ഉപൻമോന്റെ   കണ്ണിലെ  പഠിക്കുവാനായുള്ള  'ത്വര' യും നിശ്ചയദാർഢ്യവും കണ്ടിട്ടാകണം, ആശാൻ പറഞ്ഞു :

"ഈ കുഞ്ഞിന് പഠിക്കുവാനുള്ള ആത്മാർത്ഥതയുണ്ട്. അവൻ ഇരുന്നോട്ടെ.  എതിരു പറയരുത്."

പിന്നെ അച്ഛൻ ഒന്നും പറയുകയുണ്ടായില്ല. ആശാൻ മാറ്റി വച്ചിരുന്ന വെറ്റിലയും  പാക്കും അച്ഛൻ എടുത്തുകൊണ്ടു വന്നു ഒരു ചക്രവും  കൂടി അതിൽ വച്ചിട്ട് അവനേക്കൊണ്ട് ആശാന് ദക്ഷിണ കൊടുപ്പിച്ചു.   അങ്ങിനെ 'ഇടിച്ചു കയറി' ഉപൻമോൻ അവന്റെ  വിദ്യാരംഭം ഭംഗിയായി കുറിച്ചു.

ആശാൻ അവനും  ആദ്യാക്ഷരങ്ങൾ എഴുതിക്കൊടുത്തു,   പഠിപ്പിച്ചു. 

അന്നു വന്ന കുട്ടികളെയെല്ലാം എഴുത്തിനിരുത്തിയിട്ടു ആശാൻ ഓരോരുത്തരും കൊണ്ടുവന്ന ഓലകളിൽ ആദ്യത്തെ പാഠം   "ഹരി ശ്രീ ഗ ണ പ താ യേ നമഹ : " എന്നു 

നാരായം കൊണ്ടു കോറിയിട്ടിരിക്കുന്നതു ഉയർത്തി കാണിച്ചു കൊണ്ട്  പറഞ്ഞു. 

"ഇന്നു നിങ്ങൾ എഴുതിപ്പഠിച്ച അക്ഷരങ്ങളെല്ലാം ഈ  ഓലയിൽ ഒണ്ട്. അതു  നോക്കി കാണാതെപഠിച്ചു കൊണ്ടു വന്നു നാളെ എന്നെ വായിച്ചും  എഴുതിയും കാണിക്കണം."

ഓല ഉപനൊഴികെ  എല്ലാവര്ക്കും  കൈമാറിക്കഴിഞ്ഞിട്ട് ആശാൻ അവസാനത്തെ ഓലയിലെ അക്ഷരങ്ങളിൽ 

 ഒരു പച്ചില ഉരച്ചുകാണിച്ചു കൊണ്ടു എല്ലാവരോടുമായി പറഞ്ഞു :

 "ദേ,  ഈ ഇല കണ്ടോ - കുപ്പപ്പച്ച.   ഞാൻ എഴുതിത്തരുന്ന ഓലകളിലെ അക്ഷരങ്ങളിൽ ദാ ഇതുപോലെ  ഈ പച്ചില ഉരച്ചാൽ അതെല്ലാം നല്ലപോലെ കാണാനും വായിക്കാനും പറ്റും" 

  എന്നിട്ട് ആശാൻ ഉപനമോനെ  അടുത്തു വിളിച്ചിട്ടു  ആ ഓല അവനു    കൊടുത്തുകൊണ്ടു      പറഞ്ഞു : "ഞാൻ പറഞ്ഞതെല്ലാം കേട്ടല്ലോ?  എഴുതിത്തരുന്നതെല്ലാം അന്നന്ന് പഠിച്ചോണം "

"ങ്ങും",  അവൻ  സമ്മതം മൂളി.  

ഓലയും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ എല്ലാവരേയും ഒരു ജേതാവിനെപ്പോലെ അവൻ  ഒന്ന്        നോക്കി; "ആശാൻ എനിക്കു പ്രത്യേക പരിഗണന തന്നിരിക്കുന്നത് എല്ലാവരും കണ്ടല്ലോ?"  എന്നു അവന്റെ മുഖഭാവം  വിളിച്ചു പറഞ്ഞു കൊണ്ട്.   

അങ്ങിനെ, ഇടിച്ചു കയറി,  ഉപൻമോന്റെ വിദ്യാരംഭം കുറിച്ചുകൊണ്ട്  അവന്റ കുടിപ്പള്ളിക്കൂട ജീവിതം  ആരംഭിച്ചു. 

          *******

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ