2017 മേയ് 12, വെള്ളിയാഴ്‌ച

Post No.9 :: തുളുമ്പിപ്പോയ പാലും ദുർഗുണയും



1. തുളുമ്പിപ്പോയ പാൽ  


അയിലറ സ്കൂളിലെ അന്നാമ്മ സാറും മറിയാമ്മ സാറും ഒരുമിച്ചു സ്കൂ ളിന് അല്പം പിറകിലുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.  അവർക്കു രാവിലെ തോറും  തന്റെ   വീട്ടിൽ നിന്നും   നാഴി പാൽ (കറമ്പിപ്പശുവിന്റെ)    ഉപൻ കൊണ്ടുക്കൊടുക്കുകയായിരുന്നു പതിവ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം ഉപൻ    പാലുമായി  സാറന്മാർ താമസിക്കുന്ന വീടിനു താഴെയുള്ള വയൽവരമ്പിലെത്തിയപ്പോൾ  കാലു എന്തിലോ  തട്ടി മുന്നോട്ടാഞ്ഞു വീണു.   കാൽ മുട്ടുകളും ഇടതു കൈപ്പത്തിക്കും ഒപ്പം വലതു കയ്യിൽ പിടിച്ചിരുന്ന പാൽ   മൊന്തയും കുത്തിയാണ് വീണത്.  കയ്യിലൊതുങ്ങുന്ന വായ്‌വട്ടമുള്ളതിനാൽ  മൊന്ത കൈവിട്ടു പോയില്ലെങ്കിലും തറയിലിടിച്ച ആഘാതത്തിൽ മൊന്തയിൽ നിന്നും പകുതിയോളം പാൽ തെറിച്ചും തുളുമ്പിയും താഴെ പോയി. ഉപനാകെ പരിഭ്രമമായി. അത്രയും പാലുമായി ഇനി പോണോ അതോ  തിരിച്ചു വീട്ടിലേയ്ക്കു പോകണമോ എന്ന അനിശ്ചിതത്ത്വം. മറിയാമ്മ സാറാണെങ്കിൽ പൊതുവേ ഗൗരവക്കാരിയും ദേഷ്യക്കാരിയും   സംശയാലുവാണ്.  "നീ വഴിക്കുവച്ചു  മൊന്തേന്നു പാല് കട്ടു  കുടിച്ചിട്ടല്യോടാ പാലിത്രേം കൊറഞ്ഞു പോയത് ?"  എന്നു സാറു   ചോദിച്ചെന്നു വരും.  സാറിനെ  നേരിടുക പ്രയാസമാണ്.  അന്നാമ്മ സാർ പാവമാണ്.  സ്നേഹമായിട്ടേ പെരുമാറുകയുള്ളു. വീട്ടിലേക്കു ബാക്കി പാലും കൊണ്ടു ചെന്നാൽ അമ്മച്ചിയുടെ വഴക്കു കേൾക്കേണ്ടി വരും. എന്തു വേണം?   ഒരു തീരുമാനത്തിലെത്താനാവാതെ അവൻ കുഴങ്ങി കുറേ നേരം അവിടെത്തന്നെ നിന്നു.  അപ്പോഴാണ്  ചിന്ത ആ വഴിക്കു തിരിഞ്ഞത്  -  അടുത്തു തന്നെ വയൽക്കരയിൽ ഒരു ചെറിയ കുളമുണ്ട്.  നല്ല ശുദ്ധമായ വെള്ളവും.  അടുത്തുള്ള ചില വീട്ടുകാർ വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം അതിൽ നിന്നാണെടുക്കുന്നത്.  അതിൽ നിന്നും പോയ പാലിന് പകരം വെള്ളം നിറച്ചാലോ? പാലും വെള്ളമാകും.   നാഴിപ്പാലിൽ പകുതിയോളം വെള്ളം ചേർത്താൽ പാലു കാണുമ്പോഴേ മനസ്സിലാകും അതു ശരിക്കും വെള്ളം ചേർത്തതാണെന്ന്.  ചന്തയിലും യാത്ര പോകുമ്പോഴുമൊക്കെ കാപ്പിക്കടയിൽ കയറുമ്പോൾ അച്ഛന് ചായ വാങ്ങിയിട്ട് തനിക്കു വാങ്ങിത്തരുന്ന പാലുംവെള്ളത്തിന്റെ കാര്യം ഓർമയിലേക്ക് വന്നു.  അതു ശരിയാവത്തില്ല.  വിദ്യ  പകർന്നു തരുന്ന സാറൻമാരോട്  അങ്ങിനെ ചെയ്യുന്നത് മഹാ പാപമാണല്ലോ?  മാത്രമല്ല, അപ്പോൾ മറിയാമ്മ സാർ തന്റെ മേൽ ഒന്നിന് പകരം രണ്ടു കുറ്റങ്ങളായിരിക്കും ആരോപിക്കുന്നത് - "വഴിക്കുവച്ചു പാലു കട്ടു കുടിച്ചതും പോരാ, വയലിലെ അഴുക്കു വെള്ളവും ഒഴിച്ചു!".  വീണ്ടും അനിശ്ചിതത്വത്തെയും കെട്ടിപ്പിടിച്ചു ഉപൻ നിൽപ്പായി. അല്പം കൂടി കഴിഞ്ഞപ്പോൾ, പാലു വരാൻ താമസിക്കുന്നതുകൊണ്ടാവണം, അന്നാമ്മസാർ മുറ്റത്തിറങ്ങി ഉപൻ പാലുമായി വരുന്നുണ്ടോ എന്നറിയാൻ താഴെ വയൽ വരമ്പിലേയ്ക്ക് നോക്കിയപ്പോൾ അവനവിടെ ഒരു പന്തിയല്ലാത്ത നിൽപ്പ് നിൽക്കുന്നതാണ് കണ്ടത്. അൽപനേരം കൂടി കാത്തു നിന്നിട്ടും അവൻ അതേ നിൽപ്പുതന്നെ.  സംശയം തോന്നിയിട്ട് സാറു അവനേ ഉറക്കെ  വിളിച്ചു.  തിരിഞ്ഞു നോക്കിയെങ്കിലും അവൻ അതേ നിൽപ്പ് തന്നെ.  സാറു താഴേയ്ക്കിറങ്ങി വീണ്ടും വിളിച്ചു.  സാറിനെ അടുത്തു കണ്ടതും അവൻ വിങ്ങിപ്പൊട്ടി കരച്ചിലിന്റെ വക്കിലെത്തി.  സാറിനും പരിഭ്രമമായി. 

"എന്തു പറ്റി, ഉപനേ?  നീയെന്തിനാ കരയാൻ പൊന്നേ?"  സാറു ഉൽഘണ്ഠയോടെ ചോദിച്ചു. അവൻ മൊന്ത ഉയർത്തിക്കാണിച്ചു കൊണ്ടു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു : 

 "കാലുതട്ടി  വീഴാമ്പോയപ്പം       കൊറേ പാലു തുളുമ്പിപ്പോയി.  ഇനി പകുതിയേ കാണത്തൊള്ളൂ, അതുകൊണ്ടാ ..."  അവൻ പറഞ്ഞൊപ്പിച്ചതിനൊപ്പം തന്നെ വീണ്ടും കരയുമെന്ന മട്ടിലായി.

അന്നാമ്മസാറു പൊട്ടിച്ചിരിച്ചു പോയി.

"നീ ശുദ്ധ മണ്ടനാണല്ലോടാ? ഇത്തിരി പാലു പോയെന്നു കണ്ടു ആരെങ്കിലും നിന്നേ പിടിച്ചു തിന്നുവോ അടിക്കുവോ  ചെയ്യുമെന്നു നീ വിചാരിച്ചോ?. സാരമില്ല, മറന്നേക്കൂ. പിന്നെ പാലു പോയ കാര്യം നീ വീട്ടി പറയണ്ടാ.  മുഴുക്കെ പാലിന്റേം പൈസാ തരുന്നുണ്ട്;  എന്താ, അതു പോരേ"

സാറു അവനേ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.  അവനു ആശ്വാസമായെങ്കിലും തന്റെ ധൈര്യമില്ലായ്മയെപ്പറ്റി ബോധ്യമായപ്പോൾ ഉപന് നാണവും തന്നോട് തന്നെ  പുശ്ചവും തോന്നി. എങ്കിലും, തന്നേ പഠിപ്പിക്കുന്ന സാറന്മാരെ സംബന്ധിക്കുന്ന കാര്യമായതുകൊണ്ടാണ് താനിങ്ങനെ ഒരു അവസ്ഥയിൽ പെട്ടുപോയതെന്നു അവന്റെ മനസ്സ് അവനെ ആശ്വസിപ്പിക്കുന്നുണ്ടെന്നു    അവനു അറിയാമായിരുന്നു. 

മേമ്പൊടി 

"കരയുന്ന കുഞ്ഞിനേ  പാലുള്ളൂ" പോലും, കരയുക തന്നെയാ ചെയ്തതുപനും.

പാലു കിട്ടാൻ വേണ്ടിയല്ലെന്നു മാത്രം,       പാലു തുളുമ്പ്യേന്റെ തുട്ടു കിട്ടാൻ വേണ്ടി. 


2.  "പ്‌ടീ പ്‌ടീ ദുർഗുണേ...ഏ ..ഏ  നീ പ്‌ടീ പ്‌ടീ"  


അഞ്ചാം ക്‌ളാസ്  അദ്ധ്യയന വർഷം   അവസാനിക്കാറാകുന്നതിനു മുൻപ് തന്നെ സ്കൂളിന്റെ ആദ്യ വാർഷികാഘോഷം നടത്തുവാൻ ആന്റണി സാറും മറ്റു വാദ്ധ്യാന്മാരും ചേർന്നു തീരുമാനിച്ചു. ആദ്യമായതിനാലും  കുട്ടികൾക്ക് ഒരു ധാരണയുമില്ലാത്തതിനാലും  സാറന്മാർ അവർക്കു കായിക ഇനങ്ങളിലും പിന്നെ ഉപന്യാസം, പദ്യപാരായണം,  ലളിതഗാനം എന്നിവയിലും മറ്റും  മത്സരിക്കുവാനായി വേണ്ട പരിശീലനങ്ങളും നിർദേശങ്ങളും രണ്ടാഴ്ചയോളം നൽകി.   പിന്നെ വാർഷിക ദിനത്തിൽ കുട്ടികളുടെ ലഘുനാടകങ്ങളും തിരുവാതിര, ലളിത  ഗാനം   തുടങ്ങി കുറേ കലാ പരിപാടികളും  സംഘടിപ്പിച്ചു. അക്കാലത്തു അയിലറയിൽ  വൈദ്യുതി ഇല്ലാതിരുന്നതിനാൽ ആഘോഷം പകൽ രണ്ടു മണി മുതൽ അഞ്ചുമണി വരെ നടത്തുവാനും  തീരുമാനിച്ചു.  

കായിക ഇനങ്ങൾ ഒന്നാം ക്ലാസ്സ്‌ മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ക്ലാസ്സ് തിരിച്ചു നടത്തുകയായിരുന്നതിനാൽ തന്റെ ക്ലാസ്സിലെ തടിമാടന്മാർക്കൊപ്പം ഓടിയും ചാടിയും മറ്റും വിജയിക്കുവാൻ ഉപനായില്ല. നേരേ മറിച്ചു അവന്റെ ചേച്ചി വാഗമ്മ പെൺകുട്ടികളുടെ ചിലയിനങ്ങളിൽ ഒന്നാമതെത്തുകയുണ്ടായി.  എങ്കിലും ഉപന് നിരാശപ്പെടേണ്ടി വന്നില്ല.  അച്ഛൻ രണ്ടു പേർക്കും വെവ്വേറെ  എഴുതി പരിശീലിപ്പിച്ചു കൊടുത്ത ഉപന്യാസ മത്സരത്തിലും  പദ്യപാരായണത്തിലും അവൻ ഒന്നാമതെത്തി, ഒന്നാം സമ്മാനമായ രണ്ടു റൂൾ പെൻസിലുകൾ കരസ്ഥമാക്കി. സമ്മാനം ചെറുതായിരുന്നെങ്കിലും അതു കിട്ടിയതിന്റെ സന്തോഷം വളരെ വലുതായിരുന്നു ! 

കലാപരിപാടികളുടെ ഇനത്തിൽ,  ഉപന്റെ അച്ഛൻ കേശവൻ, ഏരൂർ സ്കൂളിൽ പഠിക്കുകയായിരുന്ന  തന്റെ മൂത്ത മകൾ വിലാസിനിയെയും ഇളയ  കുട്ടികളായ വാഗമ്മയെയും ഉപനേയും  ഉൾപ്പെടുത്തി ഒരു ലഘു ഗദ്യ-പദ്യ നാടകം അവതരിപ്പിക്കുന്നതിനായി  ആന്റണി സാറിന്റെ അനുവാദം വാങ്ങി. 

നാടകത്തിന്റെ  ഇതിവൃത്തം : ഒരു താമരപ്പൂവും  റോസ്സാപ്പൂവും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളും അതു കാണുവാനിടയാകുന്ന മുല്ലപ്പൂവ് ഇടപെട്ടു അവരെ സമാധാനിപ്പിച്ചു പിണക്കം തീർത്തു ഇണക്കുന്നതുമാണ്.   വിലാസിനി താമരയായും, വാഗമ്മ റോസയായും, ഉപൻ മുല്ലയായുമാണ് വേഷമിടുന്നത്.

വാർഷിക ദിവസം.   ഗദ്യ - പദ്യ നാടകത്തിന്റെ സമയമായി. വിലാസിനി താമരപ്പൂവായി നെഞ്ചത്ത് താമരപ്പൂവിന്റെ ഒരു വലിയ പടവും ഘടിപ്പിച്ചു കൊണ്ടു ഒരു വശത്തുകൂടി  സ്റ്റേജിൽ പ്രവേശിച്ചിട്ടൂ,  താനാണ് എല്ലാവരാലും ഇഷ്ടപ്പെടുന്ന, വീണ വായിക്കുന്ന സരസ്വതീദേവിയുടെ ഇരിപ്പിടമായ  താമരപ്പുവെന്നു ശ്ലോകം ചൊ ല്ലിക്കൊണ്ടു  സദസ്യരെ സ്വയം പരിചയപ്പെടുത്തുന്നു.  ഉടനെ   നെഞ്ചിൽ റോസ്സാപ്പൂവിന്റെ ഒരു വലിയ പടവും ഘടിപ്പിച്ചു വാഗമ്മ റോസാപ്പൂവായിട്ടു സ്റ്റേജിന്റെ മറുവശത്തു കൂടി പ്രവേശിച്ചു, മനുഷ്യരെല്ലാവരും ഒന്നു ചുംബിക്കുവാനിഷ്ടപ്പെടുന്ന, എപ്പോഴും സുഗന്ധം വമിച്ചുകൊണ്ടേയിരിക്കുന്ന സുന്ദരിയായ റോസാപ്പുഷ്പമാണ് ഞാൻ എന്നു പാടിക്കൊണ്ട് സദസ്യരെ സ്വയം  പരിചയപ്പെടുത്തുന്നു. താമരയ്ക്കതു  ഇഷ്ടപ്പെടുന്നില്ല. 

"നീ ശരീരം നിറയെ "കണ്ടകങ്ങൾ" നിറഞ്ഞ വൃത്തികെട്ടവളാണ്, പൂവിനു സമാനരായ കൊച്ചു കുട്ടികൾക്ക് നിന്റെ സമീപം വരുവാൻ തന്നെ ഭയമാണ്",   എന്നു റോസയെ ഇകഴ്ത്തിക്കൊണ്ടു പാടുന്നു.   അതു കേൾക്കുന്ന റോസ : "നീ ചേറിൽ നിന്നു വളർന്നു പൊന്തിയ"വളാണ്,  നിനക്ക് അപ്പോൾ ചേറിന്റെ നാറ്റമല്ലേ ഉണ്ടാകുള്ളൂ" എന്നു പാടി താമരയെ ഇകഴ്ത്തുന്നു. എന്നിട്ട്, സ്വയം പുകഴ്ത്തി : "ആളുകൾ എന്റെ ശരീരത്തിൽ നിന്നും പനിനീർ ശേഖരിച്ചു പൂജാ വേളകളിലും  വിവാഹ വേദികളിലും  മറ്റു ആഘോഷ വേളകളിലും അവരുടെ മേൽ തളിച്ച് എന്റെ സുഗന്ധം ആസ്വദിക്കുന്നു" എന്നു പാടുന്നു.  താമരയും വിട്ടുകൊടുക്കുവാൻ തയ്യാറല്ലായിരുന്നു.  "ഞാൻ ബ്രഹ്മാവിന്റെ പൊക്കിൾക്കൊടിയിലാണ് വിടർന്നു നിൽക്കുന്നത്, അതിലും വലിയ ഒരു സ്ഥാനം  ആർക്കു കിട്ടും" എന്നായി താമര.  ഇങ്ങിനെ രണ്ടാളും സ്വയം പുകഴ്ത്തിയും അപരനെ ഇകഴ്ത്തിയും ശണ്ഠ കൂടി, താമര അവസാനം റോസയെ  "പോടീ, പോടീ ദുർഗുണേ, നീ പോടീ, പോടീ"  എന്നു ഇകഴ്ത്തിക്കൊണ്ടു പാടുന്നതു കേട്ടുകൊണ്ട്, ഒരു മുല്ലപ്പൂമാലയും ചൂടിക്കൊണ്ടു  ഉപൻ മുല്ലപ്പൂവായിട്ടു പ്രവേശിച്ചു രണ്ടുപേരോടുമായി പറയുന്നു  : 

"എന്തിനാണ് സഹോദരിമാരേ നിങ്ങൾ ഇങ്ങിനെ നിസ്സാര കാര്യത്തിന് ശണ്ഠ കൂടുന്നത്?  നോക്കൂ, എനിക്കും നല്ല സുഗന്ധവും ശുഭ്രതയുമില്ലേ? മഹിളാ രത്നങ്ങൾ എന്നെ മാലയാക്കി അവരുടെ കാർകൂന്തലിൽ  ചൂടാറില്ലേ? പുതു  ദമ്പതികൾ അവരുടെ മണിയറയിൽ  മധുവിധു ആഘോഷിക്കുന്നത് കിടക്കയിൽ എന്നേ വിതറി വിരിച്ചുകൊണ്ടല്ലേ? എന്നിട്ടും എനിക്കൊരഹങ്കാരവുമില്ലല്ലോ! ഞാൻ സ്വയം പുകഴ്ത്താറുമില്ല, മറ്റുള്ളവരെ താഴ്ത്തിക്കെട്ടാറുമില്ല.    നമ്മൾ  പുഷ്പങ്ങൾക്കു രണ്ടോ മൂന്നോ ദിവസങ്ങളുടെ ജീവിതമേയുള്ളു.  അതു കഴിഞ്ഞാൽ നമ്മൾ വെറും "വീണപൂക്കൾ" മാത്രമാണ്. ഉള്ള ജീവിത കാലം ശാന്തിയോടും സമാധാനത്തോടും   കൂടി   ജീവിക്കുന്നതല്ലേ ബുദ്ധിയും ഉചിതവും?  നമ്മളുടേതായ സുഗന്ധവും, സൗന്ദര്യവും മറ്റു ഗുണങ്ങളും മനുഷ്യർ ആസ്വദിക്കുന്നത് കണ്ടു നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്? നിങ്ങൾ നല്ല കൂട്ടുകാരായി, സന്തോഷത്തോടെ പിരിഞ്ഞു പോകുക"

താമരയും റോസയും  മുല്ലയുടെ ഓരോ കൈകൾ കരസ്ഥമാക്കിക്കൊണ്ട്‌ ഒരുമിച്ച്  :

"സഹോദരി പറഞ്ഞതാണ് വാസ്തവം. നിസ്സാര കാര്യങ്ങൾക്കായി ശണ്ഠ   കൂടുന്ന   ഞങ്ങൾ എന്തു വിഡ്ഢികളാണ്?"

എന്നിട്ട് മൂന്നു പേരും കൂടി  പൂക്കളെപ്പറ്റിയും പ്രകൃതിയെപ്പറ്റിയും ദൈവത്തെപ്പറ്റിയും പുകഴ്ത്തി ഒരുമിച്ചു പാടിയിട്ടു സ്റ്റേജിൽ നിന്നും മറയുന്നു. 

നാടകം കളിച്ച കാര്യം താമസിയാതെ എല്ലാവരും മറന്നു.  പക്ഷേ, അതിലെ ഒരു വരി പിന്നീട് ചേച്ചി വാഗമ്മയ്‌ക്കെതിരെ നല്ല ഒരു ആയുധമായി ഉപയോഗിക്കുവാൻ ഉപന് ഉതകി.  രണ്ടുപേരും കൂടി നിസ്സാര കാര്യങ്ങൾക്കും വഴക്കിടും, ഇരട്ടപ്പേര് വിളിയിൽ തുടങ്ങി അതവസാനം അടിയിലോ, പിച്ചിലോ നുള്ളിലോ പിന്നെ ഉപന്റെ മോങ്ങലിലോ മാത്രമേ അവസാനിക്കൂ; കാരണം ആ കാര്യങ്ങളിലൊന്നും അവനു ചേച്ചിയേ തോൽപ്പിക്കുവാൻ കഴിയുമായിരുന്നില്ല. 

പതിവു പോലെ ഒരിക്കൽ വഴക്കു കൂടി അടിപിടിയിലും  മറ്റുമെത്തി  താൻ  തോറ്റൊടുമെന്ന സ്ഥിതിയായപ്പോൾ അപ്രതീക്ഷിതമായാണ് ഉപന്റെ ബുദ്ധിയിലേക്കു ഒരു മിന്നലെന്ന പോലെ ആ വാക്കുകൾ  കടന്നു വന്നത്; തങ്ങൾ കളിച്ച നാടകത്തിൽ താൻ സ്റ്റേജിലേക്ക് പ്രവേശിക്കുമ്പോൾ, താൻ കേട്ട,  തമ്മിലുള്ള വാഗ്‌പോരാട്ടത്തിനിടെ  വിലാസിനിച്ചേച്ചി വാഗമ്മച്ചേച്ചിക്കെതിരേ  പ്രയോഗിച്ച ആ വാക്കുകൾ :  "പോടീ പോടീ, ദുർഗുണേ നീ, പോടീ പോടീ" !!! പിന്നെ താമസിച്ചില്ല - കൈപ്പത്തികൾ രണ്ടുമുയർത്തി കോക്രി കാണിച്ചുകൊണ്ട് വച്ചു കാച്ചിക്കൊടുത്തു : "പോടീ പോടീ, ദുർഗുണേ നീ, പോടീ പോടീ".  പക്ഷേ, പുതിയ ആയുധം കിട്ടിയതിന്റെ  ആവേശത്തിൽ താൻ ചേച്ചിയോട് അടുത്തു തന്നെയാണ് നിൽക്കുന്നതെന്ന കാര്യം അവൻ ശ്രദ്ധിച്ചിരുന്നില്ല.  വാഗമ്മയുടെ  മട്ടും ഭാവവുമെല്ലാം അടിമുടി മാറി.  ആ മുഖം ശൗര്യത്താൽ ചുവന്നു തുടുത്തു; കണ്ണുകളിൽ ക്രോധം രക്തനിറത്തോടെ ഇരമ്പിക്കയറി.  പല്ലുകളും മുഷ്ടികളും ഞെരിച്ചമർത്തിക്കൊണ്ടു അവൾ മിന്നൽ വേഗത്തിൽ, ഓടുവാൻ ഉപനവസരം കൊടുക്കാതെ, അവനെ കടന്നു പിടിച്ചു പൊതിരെ തല്ലുകയും, പിച്ചുകയും, മാന്തുകയുമൊക്കെ നിമിഷങ്ങൾക്കകം ചെയ്തു ശൗര്യവും ദേഷ്യവുമൊക്കെ തീർത്തു.  ഉപന് പതിവു പോലെ മോങ്ങുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളു. തമ്മിൽ  വഴക്കു കൂടി തോറ്റാൽ പരാതിയുമായി അമ്മച്ചിയുടെ അടുത്തു ചെല്ലാനും പറ്റില്ല; ചെന്നാൽ അമ്മച്ചിയുടെ പങ്കും കിട്ടും.  അച്ഛൻ വീട്ടിലുണ്ടെങ്കിൽ വഴക്കു കൂടുന്ന പ്രശ്നമേയില്ല.

ആദ്യത്തെ പ്രയോഗത്തിൽ അതിദയനീയമായി തോറ്റെങ്കിലും, ഉപന് ഒരു കാര്യം ഉറപ്പായി; ചേച്ചിയേ ശുണ്ഠിയും ദേഷ്യവും പിടിപ്പിക്കുവാൻ ഇതിലും നല്ല ഒരു അടവ്  വേറേ കിട്ടില്ല.  അങ്ങനങ്ങു തോറ്റു പിന്മാറുവാൻ ആവാനാകില്ലായിരുന്നു. അവൻ വീണ്ടും വീണ്ടും ആലിച്ചിച്ചു : എന്താണൊരു മാർഗ്ഗം?  അവസാനം അവനൊരു നിസ്സാര വഴി തന്നെ കണ്ടെത്തി. തോൽക്കുമെന്ന ഘട്ടമെത്തുമ്പോൾ തോൽവി സമ്മതിച്ചെന്ന മട്ടിൽ ഒന്നും ചെയ്യാതെയും പറയാതെയും, മുറ്റത്തേയ്ക്ക് നടന്ന് ദൂരേയ്ക്ക് മാറിപ്പോവുക; എന്നിട്ട് ഉറക്കെ ആ സ്പെഷ്യൽ പ്രയോഗം നടത്തിയിട്ട് പെട്ടെന്നൊടി മരച്ചീനികളുടെ ഇടയിൽ മറയുക.  ഉപൻ അടുത്ത തവണ മുതൽ ആ പദ്ധതി വിജയകരമായി പ്രയോഗിച്ചു പൊന്നു.  ചേച്ചി കലികൊണ്ടു തുള്ളി അവന്റെ  പിറകേ ഓടുമെങ്കിലും മരച്ചീനികളുടെ അടുത്തെത്തുമ്പോൾ കുറേ ചരലും മണ്ണും വാരി അവൻ മറഞ്ഞ ഭാഗത്തേക്കെറിഞ്ഞിട്ട് : "നിനക്കു ഞാൻ നല്ലതു വച്ചിട്ടുണ്ട്; നിന്നേ എന്റെ കയ്യിൽ കിട്ടാതിരിക്കില്ല" എന്നുറക്കെ പറഞ്ഞിട്ട്  ചേച്ചിക്കു തിരികെ നടക്കുകയേ മാർഗമുണ്ടായിരുന്നുള്ളു.  പിന്നീട് തമ്മിൽ കാണുമ്പോൾ ചേച്ചി അതേപ്പറ്റി മറന്നിരിക്കും; അതല്ലെങ്കിൽ, ഇനിയും ആ വിളി കേൾക്കാതിരിക്കാൻ തൽക്കാലം മിണ്ടാതിരിക്കുകയാവും ഭംഗിയെന്ന് ചേച്ചി കരുതിയിട്ടുണ്ടാവും.

എന്നിരുന്നാലും വഴക്കു കൂടുവാനുള്ള സന്ദർഭങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു; ഉപന്റെ പ്രയോഗം തുടർന്നുകൊണ്ടുമിരുന്നു.  ക്രമേണ ആ പ്രയോഗത്തിൽ ഒരു ചെറിയ മാറ്റമുണ്ടായെന്നു മാത്രം.  പെട്ടെന്ന് പ്രയോഗിച്ചിട്ടു ഓടിമറയുവാനുള്ള ധൃതിയിൽ പ്രയോഗം "പ്‌ടീ പ്‌ടീ ദുർഗുണേ...ഏ ..ഏ  നീ പ്‌ടീ പ്‌ടീ"    എന്നു രൂപാന്തരപ്പെട്ടു.  'പോടീ പോടീ' എന്നുള്ള പദങ്ങൾ ചുരുക്കിയും, 'ദുർഗുണേ' എന്ന  വാക്കിനു ഊന്നൽ കൊടുക്കാനായി അതു   വളരെ നീട്ടിയും ഉള്ള പ്രയോഗം.     ഉപൻ ഹൈസ്കൂളിൽ പോയിത്തുടങ്ങിയതിനു  ശേഷമാണ് വഴക്കിനും തമ്മിലടിയ്ക്കും അറുതി വന്നത്.  

 

മേമ്പൊടി 


"നാടകാന്ത്യം കവിത്വ"മാണെങ്കിൽ തൻ     നാടകം നല്ലപോലേ നടിച്ചുപൻ

നാടകത്തിൽ നിന്നേട് കടമെടു-               ത്താടി മോടിയിൽ ജീവിത നാടകം !

ജീവിതക്കളിപ്പോരിന്റെ ഏടതി-ജീവനത്തിന്റെ  കാര്യമായ് മാറിടെ

"തന്നള മുട്ടിയാൽ ചേരയും കൊത്തിടു"-മെന്നുള്ള  ചൊല്ലുപനന്വർത്ഥമാക്കിനാൻ. 



B










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ