2017 ഏപ്രിൽ 27, വ്യാഴാഴ്‌ച

Blog post No.5 :: ഉപന്റെ കഥകളി അരങ്ങേറ്റം



    ഉപന്റെ കഥകളിയരങ്ങേറ്റം
                           *******
കുടിപ്പള്ളിക്കൂടത്തിലെ  നിലത്തെഴുത്തു പഠിത്തം  മുന്നോട്ടു പോകുംതോറും ഓലകളുടെ എണ്ണവും കൂടിക്കൂടി വന്നു. സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും കഴിഞ്ഞു  കൂട്ടക്ഷരങ്ങളിലേയ്ക്ക്  കടന്നു.  (ഇന്നസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ആശാൻ   'ക്ക ങ്ങ ക്ഷ ' വരപ്പിച്ചു  -  പഠിപ്പിച്ചു -മൂക്കിൻ തുമ്പ് കൊണ്ടല്ല , വിരലിൻ തുമ്പുകൊണ്ടു ). അതു കഴിഞ്ഞു ചെറിയ വലിയ ഒരു പ്രൊമോഷൻ . ഒന്നാം ക്ലാസ്സ്‌ പുസ്തകത്തിലെ പാഠങ്ങളും, പിന്നെ  അക്കങ്ങളും, സ്ലേറ്റും.  അക്കങ്ങൾ കൂട്ടുവാനും കുറയ്ക്കുവാനും ഒക്കെ ആശാൻ പഠിപ്പിച്ചു. പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ ഒരു കേട്ടെഴുത്തും  കണക്കിന്റെ പരീക്ഷയും നടത്തി, സ്ലേറ്റിൽ മാർക്കും ഇട്ടുകൊടുക്കും. മാർക്ക് മായിച്ചു കളയാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണമെന്നാണ് ആശാന്റെ നിർദേശം.
ഒരിക്കൽ ആശാൻ ഉപന് കണക്കിന് പത്തിൽ    പത്തു മാർക്കും കൊടുത്തത്  സ്ലേറ്റുയർത്തി അവൻ  കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി. പിന്നീട്  'വെളിക്കു' വിട്ടപ്പോൾ മോഹനനൊപ്പം കളിച്ചു കൊണ്ട് നിന്ന ഉപന്റെ അടുത്തേയ്ക്കു  ഭാസ്കരൻ ഓടി   വന്നിട്ട് പറഞ്ഞു : 
"ഉപനേ, ദേ  നിന്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലു തൊട്ടു മാച്ചുകളേന്നു." 
ക്‌ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും.  അവനു ആ കണക്കു പരീക്ഷയ്ക്കു  അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന്  സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവന്റെ    കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു.  ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻമോൻ  കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി.   ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ സ്ലേറ്റ് വാങ്ങി വീണ്ടും മാർക്കിട്ടു കൊടുത്തിട്ട്  തങ്കപ്പനെ വിളിച്ചു  അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു  നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവന്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തി ഒറ്റക്കാലിൽ   കുതിരച്ചാട്ടം ചാടിയത് പിന്നീട്  അവിടെ ആരും ഉപൻമോനെ  ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു. 
സ്ഥലത്തൊരു സ്കൂൾ ഇല്ലാത്തതിനാൽ മൂത്ത മകൾ വിലാസിനി 3 മൈൽ നടന്നു ഏരൂർ സ്കൂളിൽ പോയി വരുന്നതിന്റെ ബുദ്ധിമുട്ടു കാരണം കാരമ്മേലിൽ കേശവനും മറ്റു ചിലരും കൂടി മുൻകയ്യെടുത്തു അവിടെ ഒരു പ്രൈമറി സ്കൂൾ അനുവദിച്ചു തരണമെന്ന് കാണിച്ചു ഒരു ഹർജി അന്നത്തെ തിരുവിതാംകൂർ ദിവാന് സമർപ്പിച്ചിട്ടു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . അതുകൊണ്ടു തന്നെ രണ്ടാമത്തെ മകൾ വാഗമ്മയെ സ്കൂളിൽ ചേർക്കേണ്ട സമയമായിട്ടും, ഒന്നാം ക്‌ളാസ്സിലെ പാഠപുസ്തകവും കണക്കും പഠിച്ചു തീർന്നിട്ടും,  ഏരൂർ സ്കൂളിൽ ചേർക്കുവാൻ  തുനിഞ്ഞിട്ടില്ല. പകരം അവളേയും ഉപനേയും രണ്ടാം ക്ലാസ്സിലെ പുസ്തകവും കണക്കും  പഠിപ്പിച്ചുകൊള്ളുവാൻ ആശാന് നിർദ്ദേശം കൊടുത്തിരിക്കുകയാണ്.
ആ ഇടയ്ക്കു അടുത്തുള്ള ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടത്തിയ കഥകളി ആട്ടം കാണുവാൻ കേശവൻ ഉപൻ മോനെയും കൂട്ടി പോവുകയുണ്ടായി. തലയിൽ മിനുങ്ങുന്ന വലിയ തൊപ്പിയും വച്ചു  മുഖത്തു പലനിറത്തിലുള്ള ചായം തേച്ചു എന്തൊക്കെയോ ഒട്ടിച്ചു വച്ചു നീണ്ട നഖങ്ങളും വളർത്തി ചുവപ്പും വെളുപ്പുമൊക്കെ  നിറമുള്ള ഉടുപ്പും പൊങ്ങി നിൽക്കുന്ന  പാവാടയും    ഉടുത്തു കഴുത്തിൽ   കൂടി തുമ്പത്തു കണ്ണാടിയുള്ള നീണ്ട തുണിയുമിട്ടു എരിയുന്ന വലിയ വിളക്കിന്റെ പിൻപിൽ നിന്നു ചാടുകേം ആടുകേം കൈക്രിയ കാണിക്കുകേം മുഖം വിറപ്പിക്കുകേം  ഇടയ്ക്കു 'കോക്വ' എന്നു അലറുകേം ഒക്കെ  ചെയ്യുന്ന ജന്തുക്കളെ കണ്ടു ഉപൻ മോൻ അമ്പരന്നു പേടിച്ചു അത്ഭുതവും കൂറി അച്ഛന്റെ കയ്യിൽ മുറുകെപ്പിടിച്ചു ഇരുന്നുപോയി. അവരുടെ പിറകിലായി രണ്ടുമൂന്നു പേരു നിന്നു പാടുകേം ചെണ്ട കോട്ടുകേമൊക്കെ ചെയ്യുന്നുമുണ്ട്. പതുക്കെ  ആദ്യത്തെ ഭയം  മാറിയപ്പോൾ ഉപന് അവരുടെ വേഷ ഭൂഷാദികളും ആടയാഭരണങ്ങളും  ആട്ടവും ചാട്ടവും നൃത്തവുമൊക്കെ കാണുവാൻ നല്ല രസമായി. എല്ലാം ശ്രദ്ധിച്ചു, എന്നാൽ ഒന്നും മനസ്സിലാകാതെ, നോക്കി രസിച്ചു അവൻ ഇരുന്നുപോയി .പൊതുവേ അവന് ആ കളി ഇഷ്ടപ്പട്ടു.
കളി കഴിഞ്ഞു തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഉപൻ അവന്റെ സംശയങ്ങൾ അച്ഛനോട് ചോദിച്ചു.
"അച്ചാച്ചാ ആ ചാടിക്കളിച്ചോരു മനുസമ്മരല്ല്യോ,  അവർക്കു മിണ്ടാൻ പറ്റൂലേ, അവരെന്താ നഖം വെട്ടിക്കളയാത്തെ ?"  ഇനിയുമുണ്ട് അവനു ചോദ്യങ്ങൾ.
"അവരു മനുഷ്യേന്മാര് തന്നാ, മോനേ. ഇങ്ങനെ വേഷോമൊക്കെ കെട്ടി കൈക്രിയേമൊക്കെ കാണിച്ചു ചാടീം ആടീം ഒക്കെ കളിക്കുന്നേനാ ആട്ടക്കളി  എന്നു പറേന്നെ.  കഥകളീന്നും പറേം. ആടുന്നോർക്കു മിണ്ടിക്കൂടാ. പകരം  പെറകീ നിന്നു പാടുന്ന പാട്ടിൽ ഒരു കഥയുണ്ട്. ആ കഥ ആടുന്നോരു കൈക്രിയ കൊണ്ടും കണ്ണ് കൊണ്ടും മുഖത്തെ ഭാവം കൊണ്ടുമൊക്കെ അടയാളം കാണിച്ചു കാണാനിരിക്കുന്നോരെ മനസ്സിലാക്കിക്കൊടുക്കും. അങ്ങനാ ആട്ടം കളിക്കുന്നേ.  മോനിപ്പം മനസ്സിലാകത്തില്ല. വലുതാകുമ്പോ ആ പാട്ടു ശ്രദ്ധിച്ചു കേട്ടിട്ട് അവരെന്താ അടയാളം കാണിക്കുന്നേന്ന് നോക്കിയാ മതി.  അന്നേരം മോനെല്ലാം മനസ്സിലാകും.  ആട്ടെ മോനിഷ്ടപ്പെട്ടോ, രസം തോന്നിയോ ?"  കേശവൻ മോന് മനസ്സിലാകുന്ന വിധം പറഞ്ഞുകൊടുക്കുവാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
"കാണാൻ നല്ല രസോണ്ടാരുന്നു. എനിച്ചിസ്‌ട്ടപ്പെട്ടു .  ആ  പാടിയേല് എന്തോന്ന് കതയാരുന്നച്ചാച്ചാ?"  അവനു വീണ്ടും സംശയം.
"മഹാഭാരതോന്നും പറഞ്ഞു വലിയ ഒരു കഥാ  പുസ്തകോണ്ട്.  അതില് പണ്ടത്തെ രാജാക്കമ്മാരേപ്പറ്റി ഒരുപാട് കഥകളൊണ്ട്. പാണ്ഡവന്മാരുടേം കൗരവമ്മാരുടേം ഒക്കെ. അതിലേ ഒരു കൊച്ചു കഥയാ ദുശ്ശാസന വധം. ആ കഥയാ ഇന്ന് കളിച്ചേ."
"ന്നാ അച്ചാച്ചൻ ആ കത മോന് പറഞ്ഞു താ. എനിച്ചു കേക്കാം കൊതിയാ." അവൻ നിർബന്ധിച്ചു.  
കേശവൻ മകന് മനസ്സിലാകും വിധം ചെറിയ, കുറഞ്ഞ വാചകങ്ങളിൽ, കഥാപത്രങ്ങളുടെ പേരുകളും വിവരണങ്ങളും  സന്ദർഭങ്ങളും വിവരിച്ചു ആ കഥ അവനു പറഞ്ഞു കൊടുത്തു. അവൻ കണ്ട കാഴ്ചയും അച്ഛൻ പറഞ്ഞുകൊടുത്ത വിവരണങ്ങളും അവന്റെ കുഞ്ഞു ബുദ്ധിയിൽ സമന്വയിപ്പിച്ചു കൊണ്ട് ആ കളി വീണ്ടും അവൻ  മനസ്സിൽ കണ്ടുകൊണ്ടേ നടന്നു.
വീടെത്തിയിട്ടു ഉറങ്ങുന്നത് വരെയും, അടുത്ത ദിവസങ്ങളിലും ആ ദൃഷ്ട്യ വിരുന്നു അവന്റെ കൊച്ചു മനസ്സിൽതെളിഞ്ഞു  'കളി'യാടിക്കൊണ്ടേയിരുന്നു.
ഒരു അവധി ദിവസം.  ഉപൻ മോനേ കൂട്ടാതെ  ഒളിച്ചു ചേച്ചിമാർ രണ്ടുപേരും കൂടി ഏതോ കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകയാണ്. അതിനവൻ അമ്മച്ചിയോടു ശണ്ഠ കൂടിയിട്ട്  മുറ്റത്തിറങ്ങി ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചു കൂട്ടി കളിയ്ക്കുവാൻ തുടങ്ങുമ്പോൾ പെട്ടെന്ന് കഥകളിയാട്ടം മനസ്സിലേക്കോടിവന്നു.  ഒപ്പം അവന്റെ മനസ്സിൽ ഒരാശയവും കടന്നുവന്നു. ആട്ടക്കളി  ഒന്ന് ആടിനോക്കിയാലെന്ത്? പിന്നെ താമസിച്ചില്ല. വേഷമില്ലാതെന്ത്  ആട്ടം? ഉപൻ ആലോചിച്ചു. ഉണങ്ങിയ വാഴനാര് പുറം വരാന്തയിലുണ്ട്. അതെടുത്തുകൊണ്ടുവന്നു  കനം കുറഞ്ഞകുറേ  നാരുകൾ കീറിയെടുത്തു ചെമ്പരത്തിപ്പൂവുകൾ  അതിൽ അൽപ്പംഅകലങ്ങളിലായി കെട്ടിത്തൂക്കി വലുതും ചെറുതുമായ അഞ്ചാറ്  മാലകളുണ്ടാക്കി. മുറ്റത്തരുകിൽ നിൽക്കുന്ന പ്ലാവിൽ നിന്നും വീണു കിടക്കുന്ന വലുപ്പമുള്ള കുറേ പഴുത്ത  പ്ലാവിലകൾ പെറുക്കിക്കൂട്ടി അവയും വാഴനാരിൽ അടുത്തടുത്തായി ഒന്നിടവിട്ട്  നീട്ടിയും കുറുക്കിയും  കെട്ടിതൂക്കി  പാവാടയും 'തുന്നി'യെടുത്തു.  ഇനി കിരീടം  വേണം.  അതിനും വഴിയുണ്ട്.  അച്ഛനും കൂടെയുള്ള ജോലിക്കാരും  പറമ്പിൽ പണിയെടുക്കുവാൻ പോകുമ്പോൾ തലയിൽ വയ്ക്കുവാനുപയോഗിക്കുന്ന കൂർത്ത തുമ്പുള്ള, പഴയതും പുതിയതുമായ, നാലഞ്ചു  പാളത്തൊപ്പികൾ പുറം  വരാന്തയിൽ കിടന്നിരുന്നതിൽ നിന്നും പുതിയത് നോക്കി ഒരെണ്ണം എടുത്തുകൊണ്ടു വന്നു. ചേച്ചിമാരും ഉപനും അവയെടുത്തു തലയിൽ ധരിച്ചു കൊണ്ട് 'കൃഷിപ്പണിക്കളി'   കളിച്ചിട്ടുള്ളതാണ്. വലിപ്പക്കൂടുതലുള്ളതിനാൽ അവ തലയിൽ വച്ചാൽ കണ്ണ് മറഞ്ഞിരിക്കുമെന്നതിനാൽ, ചേച്ചിമാർ ആദ്യം തൊപ്പിക്കകത്തു പഴയ തുണികൾ കുത്തിനിറച്ചു തൊപ്പി നെറ്റിയോളം മാത്രം ഇറങ്ങിയിരിക്കത്തക്കവിധമാക്കും. എന്നിട്ടു രണ്ടു വശങ്ങളിലുമുള്ള വള്ളികൾ വലിച്ചു   താടിയ്ക്കടിയിൽ കൊണ്ട് കെട്ടിയാൽ തൊപ്പി പാകത്തിനുറച്ചിരിക്കുകയായി. ഉപൻ പാകത്തിന് തുണി നിറച്ചിട്ടു തൊപ്പിയിൽ ചെറുതും  വലുതുമായ രണ്ടു ചെമ്പരത്തിപ്പൂ മലകളെടുത്തു  ചുറ്റിക്കെട്ടിയിട്ടു. ഒരു ചെമ്പരത്തിപ്പൂവ്  തൊപ്പിയുടെ  മുകളറ്റത്തുള്ള  സുഷിരത്തിൽ  കുത്തിയിറക്കി മുകളിൽ വിടർന്നു  നിൽക്കുന്ന വിധമാക്കി.  ഇപ്പോൾ വേഷ ഭൂഷാദികളെല്ലാം വർണാഭയുള്ളവയായിക്കഴിഞ്ഞു.  ഇനി കളിവിളക്കു വേണം. തലപ്പത്തു  ഒരു  പൂവുള്ള ഒരു  ചെമ്പരത്തിക്കമ്പു  അടർത്തിയെടുത്ത്‌  ഇലകളെല്ലാം  നീക്കി അറ്റത്തു പൂവ് മാത്രം  നിറുത്തിയിട്ട് മുറ്റത്തരികിലുള്ള ഒരു ചെറിയ കുഴിയിൽ കുത്തിനിറുത്തി അതിനടുത്തു കിടന്നിരുന്ന ചരലും മണലും നീക്കിയിട്ട് 'വിളക്ക്' ഉറപ്പിച്ചു നിറുത്തി.   അങ്ങിനെ വേഷഭൂഷാദികളെല്ലാം തയ്യാർ.  ഇനി അവയണിഞ്ഞു ആടിയാൽ മാത്രം മതി.
 മുറ്റത്തിന്റെ മദ്ധ്യഭാഗത്തു നിന്നും ഒരിറക്കത്തേയ്ക്കാണ് വഴിയുടെ  തുടക്കം.  വഴിയുടെ ഇടതു ഭാഗത്തായി മരച്ചീനികൾപകുതിയോളം വളർച്ചയായി നിരന്നു നിൽക്കുന്നു.  വലതുവശത്തായി പ്ലാവും.  മരച്ചീനി നിൽക്കുന്ന ഭാഗത്തെ മുറ്റത്താണ് ഉപൻ കളിവിളക്കു  സ്ഥാപിച്ചത്.  അവൻ ആടയാഭരണങ്ങൾ അണിയുവാൻ തുടങ്ങി.  ആദ്യം പ്ലാവിലപ്പാവാട ചുറ്റിക്കെട്ടിയിട്ട് കുനിഞ്ഞു മുൻഭാഗവും തിരിഞ്ഞു വിൻഭാഗവും നോക്കിക്കണ്ടു;  കൊള്ളാം, തരക്കേടില്ല. അടുത്തതായി ഏറ്റവും ചെറിയ ചെമ്പരത്തിപ്പൂമാല എടുത്തണിഞ്ഞു. പിന്നെ അതിനേക്കാൾ വലിയ  ഒന്ന്,  കൂടുതൽ വലിപ്പമുള്ള വേറൊന്നു  അങ്ങിനെ   മൂന്നെണ്ണം  ഒന്നിന് പിറകേ ഒന്നായി എടുത്തണിഞ്ഞു.  വലിയത് മുട്ടിനു മുകളിൽ വരെയുണ്ട്.  ഏറ്റവും കൂടുതൽ നീളമുള്ള ഒരെണ്ണം അറ്റങ്ങൾ കൂട്ടിക്കെട്ടാതെ  കഴുത്തിൽ കൂടി രണ്ടുവശങ്ങളിലായി ഒരേ നീളത്തിൽ   തൂക്കിയിട്ടു - അതു തുമ്പത്തു കണ്ണാടിയുള്ള മാല. ഇനി ഒരു മാല  ദുശ്ശാസനന്റെ കുടൽമലയ്ക്കായി മാറ്റിവച്ചു. അവസാനം തലയിൽ തൊപ്പിയെടുത്തണിഞ്ഞിട്ടു   വശങ്ങളിലെ വള്ളികൾ താടിക്കടിയിൽക്കൂടി എടുത്തു മുറുക്കിക്കെട്ടി ഉറപ്പിച്ചു.  രണ്ടു ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചെടുത്തു ഇരുചെവികൾക്കുമിടയിൽ, കിരീടം ഉയർത്തിയിട്ടു പൂക്കൾ  തിരുകി ഉറപ്പിച്ചു വച്ചു. പൂക്കളുടെ വലിപ്പം കാരണം മുഖം ആരുടെതെന്ന് ഇപ്പോൾതിരിച്ചറിയുക  അത്ര എളുപ്പമല്ലാതായി. അപ്പോഴാണോർത്തത് , ദുര്യോധനന്റെ ഗദയെപ്പറ്റി.  പുറം വരാന്തയിൽ പോയി നോക്കി.  ഒരു ഉണങ്ങിയ തെങ്ങിൻ കൊതുമ്പു കിട്ടി. ധാരാളം , ഗദയുമായി. ഇനി ആടിത്തകർത്താൽ മതി.  
ഉപൻമോൻ വിളക്കിന്റെ പിറകിൽ ചെന്ന് നിന്നു മുന്നോട്ടു നോക്കി.  അത്ഭുതം! ഇത്രയേറെ കാണികളെ അവൻ പ്രതീക്ഷിച്ചില്ല ! മുൻവശത്തെ 'ഉത്സവ' പറമ്പ് നിറയെ അവന്റെ വേഷഭൂഷാദികളെയും ആടയാ ഭരണങ്ങളേയും അഭിനന്ദിച്ചു കൊണ്ട് തലയുമാട്ടി (ഇളം കാറ്റിൽ), ഇനി ആട്ടം കാണുവാനായി, പ്രതീക്ഷയോടെ നിരന്നു  നിൽക്കുന്നു -   മരച്ചീനിത്തലപ്പുകൾ !!! ഇനി താമസിച്ചു കൂടാ.  അവൻ ആലോചിച്ചു, എവിടെയാണ് തുടക്കം? പിടി കിട്ടി.  ആദ്യം തിരനോട്ടം. തിരശ്ശീലയും  അതു പിടിക്കുവാൻ ആളുമില്ല.  സാരമില്ല.  അവൻ കയ്കൾ രണ്ടു വശങ്ങളിലുമായി കഴുത്തോളം    ഉയരത്തിൽ ഉയർത്തി തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് പിടിച്ചു മറ്റുവിരലുകൾ നീണ്ട നഖങ്ങൾ മുകളിലേക്കുയർത്തി നിർത്തി 'തിരശ്ശീലയിൽ' അങ്ങോട്ടുമിങ്ങോട്ടും നീക്കി





 നീക്കി പുരികങ്ങൾ ചുളിച്ചും കണ്ണുകൾ ഉരുട്ടിയും കവിളുകൾ വിറപ്പിച്ചും കൊണ്ട് ഒരു 'കോക്വാ' വിളിയോടെ, തിരശ്ശീല ഒന്ന് ബലത്തിൽ താഴ്ത്തിയിട്ടു വീണ്ടും ഉയർത്തി അതിൽ നിന്നും പെട്ടെന്ന് പിടിവിട്ടു, തിരിഞ്ഞു മറിഞ്ഞു വേദിയിൽ നിന്നും അല്പം മാറി നിന്നു.  എന്നിട്ടു വീണ്ടും ആലോചിച്ചു.  തുടക്കം നന്നായിട്ടുണ്ട്.  അവനു അവനിൽത്തന്നെ അഭിമാനം തോന്നി.  ഇനി?   താമരപ്പൂ വിരിയുന്നതാകട്ടെ. വേദിയിലേക്ക് വന്നു, കാലുകൾ രണ്ടുവശത്തേക്കും വളച്ചു തൊഴുകൈകൾ  മുന്നിൽ താഴ്ത്തിപ്പിടിച്ചു, പിന്നെ പതുക്കെ പതുക്കെ ഉയർത്തിക്കൊണ്ടുവന്ന്, വിരലുകൾ അകത്തിയകത്തി വിറപ്പിച്ചു കൊണ്ട്, ഉയർന്നു കൈകൾ മുഴുവനുമായി   'പൽമജം' വിടർത്തി പങ്കജാക്ഷനെ അവതരിപ്പിച്ചു.  വീണ്ടും ഇടവിട്ട്  ആലോചിച്ചാലോചിച്ചു  നടനവും നൃത്തവും ഗദാപ്രയോഗവും, ദുര്യോധനനായി  "കോക്വാ' പ്രയോഗവും ചെയ്ത് നോക്കി. അടുത്തത് ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രം വലിച്ചഴിക്കുന്നതു.  ഭീമനായി മാറിയിട്ട് , ദുര്യോധനന്റെ ഗദയെ ദുശ്ശാസനനാക്കി, അതിന്റെ  മാറു പിളർന്നു രക്‌തം കുടിച്ചു, കരുതി വച്ചിരുന്ന ചെമ്പരത്തിപ്പൂമാല കുടൽമാലയാക്കി, അതിൽ മിന്നും ഒരു പൂവ് കടിച്ചു പിടിച്ചു രക്തമൊഴുകുന്ന ചുണ്ടുകളുമാക്കി, അലറിക്കൊണ്ട്, രണ്ടുകൈകളിലും പൂവിന്റെ ദളങ്ങൾ വച്ചു രക്താഭമാക്കി, എഴുന്നേറ്റു, ആ കൈകളിലെ രക്തം പാഞ്ചാലിയുടെ മുടിയിൽ പുരട്ടിക്കൊണ്ട്, ദുശ്ശാസന വധം അവസാനിപ്പിച്ചു.  
ഉപൻ മോൻ മാറി നിന്നു വീണ്ടും ആലോചിച്ചു.  ഓരോന്നും ഇടയ്ക്കു നിറുത്തി ആലോചിച്ചു  സമയം കളഞ്ഞു  ഒപ്പിച്ചെടുക്കുകയാണല്ലോ ചെയ്തത്? തൃപ്തിയായില്ല.  അത്രയും കളിച്ചു പഠിച്ചത് മാത്രമാണ് ചെയ്തിരിക്കുന്നത് . (റിഹേഴ്സൽ).  ഇനി തെറ്റാതെ, ആദ്യാവസാനം, തുടർച്ചയായി ചെയ്യണം.  അവൻ ചെയ്ത കാര്യങ്ങൾ മുറപോലെ ആലോചിച്ചെടുക്കുവാൻ തുടങ്ങി.
ഉപൻമോൻ 'റിഹേഴ്സൽ' നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒരാൾ താഴേ വഴിയിൽക്കൂടി കയറിവരികയും അവന്റെ കോപ്രായക്കളി കണ്ടു മറഞ്ഞുനിന്നു കൊണ്ട് മുഴുവനും വീക്ഷിക്കുന്നതും അവൻ അറിഞ്ഞിരുന്നില്ല.
ഭവാനിയുടെ ഇളയ സഹോദരൻ കാർത്തികേയൻ, സഹോദരിയേയും അളിയനേയും അനന്തിരവരേയും സന്ദർശിക്കുവാനായി മലയാലപ്പുഴയിൽ നിന്നും വരികയായിരുന്നു.  വീട്ടുമുറ്റത്തേയ്ക്കു കയറുന്ന വഴിയിലെത്തിയപ്പോൾ വലതു വശത്തെ മരച്ചീനി തലപ്പുകൾക്കു മുകളിൽ കൂടി ചുവപ്പു നിറത്തിൽ എന്തോ പൊങ്ങിയും താണും,  ഇടത്തോട്ടും വലത്തോട്ടും     ചലിക്കുന്നത്   കാണുകയും,  'കോക്വാ' എന്നൊരു കുട്ടിശ്ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ അതു എന്താണെന്ന്‌   അറിയുവാനായി  നിന്നു ശ്രദ്ധിച്ചു നോക്കി. ഒരു കുട്ടി  എന്തൊക്കെയോ ശരീരത്തിൽ വച്ചുകെട്ടി വെറുതേ ചാടിക്കളിക്കുന്നു, മുഖം വ്യക്തമല്ല, പൂവിന്റെ മറവ്‌.  വീണ്ടും ശ്രദ്ധിച്ചു നോക്കിയപ്പോളാണ് ആളിനേ മനസ്സിലായത്  -  ഉപൻമോൻ !  കാർത്തികേയൻ കുനിഞ്ഞു പ്ലാവിന്റെ പിറകിലേക്ക് മാറിനിന്ന്‌  പ്ലാവിൽ പടർന്നുകയറിയ കുരുമുളകു വള്ളിയുടെ ഇലകൾക്കിടയിലൂടെ നോക്കി നിന്നു - സംഭവം എന്താണെന്നറിയണമല്ലോ. 
റിഹേഴ്സൽ കഴിഞ്ഞു ഉപൻമോൻ മുഴുനീള ആട്ടം അവൻ ക്രമപ്പെടുത്തിയതുപോലെ വിടവില്ലാതെ ആടിക്കളിച്ചു.  കാർത്തികേയന് സംഭവമെന്താണെന്നു മനസ്സിലായി. റിഹേർസലിന്റെ അവസാനഭാഗം കണ്ടിരുന്നതാണ്. കളി അവസാനിക്കുന്നെന്നറിഞ്ഞതും ഓടിച്ചെന്നു അവനേ കോരിയെടുത്തു "എടാ ഭയങ്കരാ" എന്നു പറഞ്ഞുകൊണ്ട് അവന്റെ  മുഖത്തും നെഞ്ചത്തുമൊക്കെ തുരുതുരാ ഉമ്മകൾ വയ്ക്കുവാൻ തുടങ്ങി.  എന്താണ് സംഭവിക്കുന്നതെന്ന്‌             അറിയാതെ ഉപൻമോൻ ഭയന്നുപോയി.  അപ്പോഴാണ് ഉമ്മവയ്പ്പു കഴിഞ്ഞു തലയുയർത്തി തന്റെമുഖത്ത് വാത്സല്യത്തോടെ നോക്കിച്ചിരിക്കുന്ന  'പൊന്ന'മ്മാവനെ അവൻ കാണുന്നത്.  കണ്ടതും, നാണം കൊണ്ട് അവൻ ചൂളിപ്പോയി. 
(ഭവാനി, തന്റെ അച്ഛനേയും അമ്മയേയും, തങ്ങൾ എട്ടു സഹോദരിമാർക്കായുള്ള  ഒരേ ഒരു സഹോദരനേയും, സ്നേഹപാരമ്യത്തോടെ, തങ്ങൾ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ, വിളിക്കുവാൻ പഠിപ്പിച്ചിരിക്കുന്നത്, യഥാക്രമം, 'അച്ഛക്കിളൻ', 'അമ്മച്ചിക്കിളി' 'പൊന്നമ്മാവൻ' എന്നായിരുന്നു.)
കാർത്തികേയൻ ഉപൻ മോനെയുമെടുത്തുകൊണ്ടു വീടിനകത്തു കയറി ചേച്ചിയേയുമന്വേഷിച്ചു നേരേ അടുക്കളയിലെത്തി, അവനേ നിലത്തു നിർത്തിക്കൊണ്ട് നടന്ന കാര്യങ്ങൾ ചേച്ചിയേ പറഞ്ഞു കേൾപ്പിച്ചിട്ടു അവർ രണ്ടുപേരും മതിയാവോളം ചിരിച്ചു.  ഉപൻമോനാണെങ്കിൽ, നാണം വന്നു അമ്മച്ചിയുടെ മുണ്ടിൻ തുമ്പെടുത്തു മുഖം  ഒളിച്ചിട്ടു , അമ്മച്ചിയും ചിരിക്കുന്നതിനു പ്രതിഷേധമായി, അമ്മച്ചിയുടെ കാലിൽ പിടിച്ചു  തള്ളി നീക്കുവാൻ തുടങ്ങി. 
പ്രൈമറി സ്കൂളിൽ പഠിക്കുന്ന  കാലം. കഥകളിയിൽ വലിയ ഭ്രമമുണ്ടായിരുന്ന ഒരു നാട്ടുകാരൻ  ദൂരെയെവിടെ നിന്നോ ഒരു കഥകളി ആശാനെ സംഘടിപ്പിച്ചു കൊണ്ടുവന്ന് തണ്ടും തടിയുമുള്ള പത്തു പതിനഞ്ചു കുട്ടികളെ കഥകളി പഠിപ്പിക്കുവാൻ തുടങ്ങി.  ഉപന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും ഉയരവും തടിയുമില്ലാതിരുന്നതിനാൽ അവന്റ ആഗ്രഹം സഫലമായില്ല. അവന്റെ നിരാശ്ശ മനസ്സിലാക്കിയ കേശവൻ അവനേ സമാധാനിപ്പിച്ചു.  
"ഇവരു പഠിച്ചു കഴിയുമ്പോഴേയ്‌ക്ക്‌ രണ്ടുവർഷം കഴിയും.  അപ്പോഴേയ്‌ക്ക്‌ രണ്ടുവർഷം കഴിയും, മോൻ വലുതാകുവേം ചെയ്യും.  അന്നേരം പുതിയ ക്ലാസ്സ്‌ തൊടങ്ങുമ്പം മോനും ചേരാം."   
ഉപൻ  അവധിദിവസങ്ങളിലും മറ്റും കഥകളി പഠനം നടക്കുന്ന അടുത്തുള്ള വീടുകളിൽ പോയി കഥകളി പഠനം കണ്ടു മനസ്സിലാക്കുക പതിവാക്കിയിരുന്നു. അവരുടെ ചവിട്ടി ഉഴിയലുകളും, റിഹേർസലുകളും  അരങ്ങേറ്റ സമയത്തെ ചുട്ടികുത്തലും വേഷമണിയലും  അരങ്ങേറ്റവും വരെ അവൻ കൗതുകത്തോടെ നോക്കിക്കണ്ടു നിന്നു സ്വയം മനസ്സിലാക്കിപ്പഠിച്ചു; ഏകാന്തതതയിൽ സ്വയം അഭിനയിച്ചു നോക്കി തൃപ്തിപ്പെട്ടു.  ആശാൻ തന്റെ ശിഷ്യരേയും കൂട്ടി ഉത്സവക്കാലത്തു കുറച്ചകലെയുള്ള സ്ഥലങ്ങളിൽ കഥകളി ആടുവാൻ പോയിത്തുടങ്ങി. താമസിയാതെ  കുറേ കുട്ടികളെ സംഘടിപ്പിച്ചു അടുത്ത ക്ലാസ്സ്‌ തുടങ്ങുവാനുള്ള  പദ്ധതിയുമിട്ടു.  അതിനു മുൻപ് തൻറെ നാട്ടിലൊന്നു  പോയി വരാമെന്നു പറഞ്ഞു ആശാൻ പോയി.  അതു കഴിഞ്ഞു അയിലറനാട്ടിൽ ആരും ആശാനേ കാണുകയുണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞറിഞ്ഞൂ ,  ആശാൻ മരണപ്പെട്ടുവെന്ന്.  ഉപന്റെ കഥകളി പഠികൂവാനുള്ള അമിതമായ ആഗ്രഹം അതോടെ പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു.
വർഷങ്ങൾക്ക് ശേഷം അമ്മാവന്  ദൂരെയുള്ള സർക്കാർ സ്കൂളിൽ ഡ്രായിങ് മാസ്റ്റർ ആയി ജോലിയായി.  ഉപനും സഹോദരരും  അമ്മച്ചിയുടെ ചേച്ചിമാരുടെയും അനുജത്തിമാരുടെയും ഏതാണ്ടൊക്കെ സമപ്രായക്കാരായ, മിഡ്‌ഡിൽ സ്കൂൾ തലത്തിൽ പഠിക്കുന്ന  കുട്ടികളെല്ലാവരും,  വേനലവധിക്കാലത്തു മലയാലപ്പുഴയിലെ കുടുംബവീട്ടിൽ അവധിക്കാലം അടിച്ചുപൊളിക്കുവാൻ  എത്തിയിരിക്കണമെന്ന, അച്ഛക്കിളന്റെയും അമ്മച്ചിക്കിളിയുടയും ആജ്ഞ നിലവിലുള്ള കാലം. ഒരു വേനലവധിക്കാലത്തു മിക്കവാറുമൊക്കെ,  പത്തോളം, കുട്ടികൾ കുടുംബത്തെത്തി അടിച്ചുപൊളി ആരംഭിച്ചു കഴിഞ്ഞ സമയം. അമ്മാവനുമെത്തി. പകൽ മുഴുവൻ പത്തോളം പലയിനം മാമ്പഴങ്ങൾ ഇറുന്നു വീണുകൊണ്ടേയിരിക്കുന്ന മാഞ്ചുവടുകളിൽ കൂടിയും മറ്റു കളികളിലേർപ്പെട്ടും    അടിച്ചു പൊളിച്ചതിനു ശേഷം സന്ധ്യയ്ക്കു മുൻപ് അടുത്തുള്ള വലിയ കുളത്തിൽ ചാടിമറിഞ്ഞു അടിച്ചുപൊളിച്ചു കുളിച്ചു സന്ധ്യയോടെ കുടുംബത്തു തിരിച്ചെത്തിയ സമയം.
കുട്ടികൾ മിക്കവാറും എല്ലാവരും  മണൽ വിരിച്ച വിശാലമായ മുറ്റത്തു തന്നെയുണ്ട്..അമ്മാവൻ കുട്ടികളെയെല്ലാം മുറ്റത്തു വിളിച്ചു കൂട്ടിയിട്ട് പറഞ്ഞു :
"ഇനി വൈകുന്നേരങ്ങളിലെല്ലാം കുളിയും കഴിഞ്ഞു  ഇതേ സമയത്തു നിങ്ങളെല്ലാവരും ഈ മുറ്റത്തു കൂടിയിരിക്കണം.  എല്ലാവരും അവരോർക്കറിയാവുന്ന ഓരോ കലാ പ്രകടനം  നടത്തണം.  പാട്ടോ ഡാൻസോ, കഥാപ്രസംഗമോ, കഥകളിയോ, പദ്യം ചൊല്ലലോ, ഉപന്യാസമോ , എന്തു വേണമെങ്കിലുമാകാം.ഇന്ന് ആദ്യം യമുനയുടെ പാട്ട്, പിന്നെ കമലയുടെ ഡാൻസ്. അതുകഴിഞ്ഞു ഉപന്റെ കഥകളി."
അമ്മാവനെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്.  ആർക്കും ഒഴിഞ്ഞു മാറുവാൻ സാധ്യമല്ല, അനുസരിക്കുകയേ നിവർത്തിയുള്ളു.
പാട്ടും ഡാൻസും നടക്കുന്നതൊന്നും ഉപനറിഞ്ഞില്ല. അവൻ  കഥകളി എങ്ങിനെ അതരിപ്പിക്കണമെന്നു  മനസ്സിൽ ചിട്ടപ്പെടുത്തുകയായിരുന്നൂ,  ആ  സമയമെല്ലാം.  എങ്കിലും  ഇടയ്ക്കൊരിക്കൽ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോൾ കമല 'അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് '     എന്ന പാട്ട് പാടി ഡാൻസ് ചെയ്യുകയാണെന്നുമനസ്സിലായി.    
ഉപന്റെ അവസരമായി. പണ്ട് അവന്റെ സ്വന്തം കയ്യൊപ്പുണ്ടായിരുന്ന വേഷ ഭൂഷാദികളുടെയും  ആടയാഭരണങ്ങളുടെയും സഹായത്തോടെ അവന്റെ 'കോപ്രായ' ആട്ടക്കളി മറഞ്ഞു നിന്നു  കണ്ടു ആസ്വദിച്ച അമ്മാവനും, മിക്കവാറും  അതേപ്പയറ്റി  അറിവില്ലാത്ത  മറ്റുള്ളവരുമടങ്ങിയ കുടുംബസദസ്സിനും മുൻപിൽ  വേഷങ്ങളൊന്നുമില്ലാതെ കുറെയൊക്കെ ആധികാരികമായ വിധത്തിൽ ഉപൻ  തകർത്ത് ഒരു ഒറ്റയാൾ കഥകളി അവതരിപ്പിച്ചു.
ഉപന്റെ  സ്വയം പരിശീലനത്തെപ്പറ്റി അറിവില്ലാതിരുന്ന അമ്മാവനും മറ്റുള്ളവരും അത് എത്രമാത്രം ആ സ്വദിച്ചിരിക്കണമെന്നറിവില്ല. എന്തായാലും ഒരു കയ്യടിയോടെ അവരെല്ലാം അവന്റെ കളി  അംഗീകരിക്കുകയുണ്ടായി.     
മേമ്പൊടി                           
കഥയറിയാതെ ഞാൻ കണ്ടൊരാട്ട-             ക്കഥയതു താതൻ പറഞ്ഞുകേട്ടപ്പോൾ 
കഥകളിക്കമ്പം മനസ്സിലാഴ്ന്നൂ                     കഥകളിയാടുവാൻ  വെമ്പലായി 
കഥയതു താമസിച്ചില്ല പിന്നെ ഗുരു-                   നാഥനില്ലാതേയരങ്ങേറി, ഞാൻ  സ്വയം
കാണികളായിട്ടങ്ങാരു മില്ലെങ്കിലോ   നാണിച്ചു നിൽക്കേണ്ട കാര്യവുമില്ലല്ലോ ?                                                                                           കാണുവാനായൊരാൾ നിന്നിരുന്നെങ്കിലും     കാണുവാനായില്ലയാളെ എനിക്കഹോ !
കണ്ട ആളെന്നേയെടുത്തുമ്മ വച്ചിട്ടു കൊണ്ടുപോയമ്മതൻ ചാരേ, പറയുവാൻ                                                                                           കൊണ്ടു നാണം, പിന്നൊളിക്കുവാനമ്മതൻ   മുണ്ടിന്റെ തുമ്പെനിക്കെന്തോരനുഗ്രഹം ! 
കഥയിതു വേനലവധിക്കാലത്തൊരു     മധുരാനുഭൂതിയായ് മാറ്റിയെൻ മാതുലൻ!                                                      
















.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ