2024 മേയ് 3, വെള്ളിയാഴ്‌ച

Rhymes

1.

ചിരിയോ ചിരി
          *
കുളിർ കുളിർകാറ്റിൽ
ചെറു ചെറുപൂക്കൾ
മല മലമടിയിൽ 
ചിരി ചിരിതൂകും

മാനം മാനം മാനം പൂക്കും
മഴ മഴ മഴവില്ലെത്തും
മഴ മഴ മഴവിൽ ചാരുതയെന്റെ
മിഴി മിഴി മിഴിയിൽ തെളിയും
 
മഴ മഴപൊഴിയും
കിളി കിളിപാടും
മല മലയോരം
കുളിർ കുളിരണിയും!

കുളിർ കുളിരേകും 
തെളി നീരരുവി
കളകളമൊഴുകും
പുളകിതയായി. 

 




2


അമ്മാവൻ
         *
കാക്കവിളിച്ചു വിരുന്നുണ്ണാൻ
കാലേവന്നു വിരുന്നുണ്ണാൻ
ചാലേ ഞങ്ങടെയമ്മാവൻ
ചാലക്കുടിയിലെയമ്മാവൻ

കണ്ണടവെച്ചോരമ്മാവൻ
കടുക്കനിട്ടോരമ്മാവൻ
മെലിഞ്ഞുനീണ്ടോരമ്മാവൻ
മെതിയടിയിട്ടോരമ്മാവൻ

വിശപ്പടക്കി, വീട്ടിലുറങ്ങി
വീണ്ടുംവരുമെന്നോതി
വിടപറഞ്ഞുമടങ്ങീ, പക്ഷേ
വന്നില്ലിനിയും അമ്മാവൻ


3

മാൻപേട
       *
അമ്പിളിവിടരും മാനത്ത്
ഗംഗാനദിയുടെ തീരത്ത്

ആഹാ, നല്ല നിലാവത്ത്
ആനക്കുട്ടനുമൊരുമിച്ച്

തുള്ളിനടപ്പൂ മാൻപേട
ആകാശത്തിലെ മാൻപേട

അമ്പിളിപോറ്റും മാൻപേട
അഴകേറുന്നൊരു മാൻപേട

മാനത്തിന്റെ മടിത്തട്ടിൽ
മടിച്ചുറങ്ങും മാൻപേട

മണ്ണിൽനിന്നാൽ കാണൂല
മാനത്താണാ മാൻപേട!


2


തത്തക്കല്യാണം
             ***
താഴ് വരക്കാട്ടിലെ തത്തപ്പെണ്ണിനു
തങ്കത്തിൽ തീർത്തൊരു താലിവേണം

താഴംപൂകൊണ്ടുളള മാലവേണം
താലമെടുക്കുവാനാളുവേണം

തപ്പും തകിലും കുഴൽവിളിയും
താളവും മേളവും കൂടെവേണം

തത്തകൾകൂടീട്ടു പാട്ടുവേണം
തോഴിമാരായിരം കൂട്ടുവേണം

താലിചാർത്തീടാൻ തത്തയേപ്പോലെ
തത്തിനടക്കുന്നൊരാളുവേണം

തത്തേടെ മൊഞ്ചുള്ളൊരാളുവേണം 
താതയ്യംകാട്ടില് സദ്യവേണം!


3


         
മാനത്തെയുണ്ണി
           *
മാനത്തെവീട്ടിലെ ഉണ്ണിയാണേ
മഴവില്ലിൻനാട്ടിലെ ഉണ്ണിയാണേ
മഞ്ഞുംമഴയും ഇഷ്ടമാണേ
മാനത്തെയാനയെ പേടിയാണേ

മാനത്തെ മാൻപേടക്കുഞ്ഞുമൊത്ത്
മാനത്തുകളിയാടുമുണ്ണിയാണേ
മണ്ണിലെ ഉണ്ണികളൊത്തുകൂടാൻ
മനസ്സിലുണ്ണിക്കെന്നും മോഹമാണേ!



 4

        
കുഞ്ഞുങ്ങൾ
         *
ഓമനക്കുഞ്ഞുങ്ങളാകാം
ഒന്നിച്ചുതന്നെ നടക്കാം
ഓടിനടന്നു കളിക്കാം
ഓടക്കാട്ടിലൊളിക്കാം

ഓലപ്പീപ്പികളൂതാം
ഓലപ്പന്തും മെനയാം
ഒത്തിരിനേരം കളിച്ച്
ഓലിപ്പുഴയിൽ കുളിക്കാം

ഒരു കളിവഞ്ചിയിലേറാം
ഒന്നിച്ചുതന്നെ തുഴയാം
ഒടുവിൽ തിരിച്ചിങ്ങുപോരാം
ഒത്താൽ നാളെയും കാണാം.


5
           
അമ്പിളിച്ചെപ്പ്
            *
ആകാശത്തെച്ചെപ്പാണ്
അമ്പിളിവട്ടച്ചെപ്പാണ്
ചെപ്പുനിറച്ചും നിലാവാണ്
ചെപ്പുതുറന്നാൽ ചേലാണ്

പാൽപ്പുഴപോലെ നിലാവൊഴുകും
പാരിതിലാകെ നിലാവൊഴുകും
പാതിരനേരം പാലമരത്തിൽ
പാടാനപ്പോൾ കിന്നരനണയും

ആകാശത്തെ അപ്സരസുന്ദരി
ആടിരസിക്കാനെത്തും മണ്ണിൽ 
മണ്ണിൽ മാനുഷരുണരുംമുമ്പേ 
മാനത്തേക്കു മടങ്ങുമവൾ !

6



കുഞ്ഞിക്കാറ്റ്
           *
കുഞ്ഞിക്കാറ്റിൻ ജീവിതയാത്ര
കുന്നിൽനിന്നു തുടങ്ങുന്നു
കുന്നിക്കുരുമണി വീടിന്നുളളിൽ
കുഞ്ഞിക്കാറ്റു വസിക്കുന്നു

കുന്നിൻചെരിവിൽ കുഞ്ഞിക്കാറ്റ്
കുസൃതികൾകാട്ടി നടക്കുന്നു
കോവിൽനടയിൽ കാവടിയാടി
കുഞ്ഞിക്കാറ്റു കളിക്കുന്നു

കുളിർമഴപെയ്താൽ കുഞ്ഞിക്കാറ്റ്
കുന്നിൽ കൂനിയിരിക്കുന്നു
കളിയിൽ, ചിരിയിൽ കുഞ്ഞിക്കാറ്റ്
കാലവുമങ്ങനെ തള്ളുന്നു!


7





8.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ