പഞ്ചപാണ്ഡവീയം
സ്വർഗ്ഗത്തേക്കുടലോടെ എത്തിപ്പെടുന്നതിന്നായ്
അര്‍ഹതനേടിയോരിൽ അഗ്രഗണ്യനും തഥാ
ധാർമ്മികരായുള്ളോരിൽ ഏറ്റവും ശ്രേഷ്ഠനുമാം
ധർമ്മപുത്രരുൾപ്പെട്ട ഐതിഹ്യമാകുlന്നിത്
വ്യാസമഹർഷിതന്റെ സൃഷ്ടിയായിഭ്ഭവിച്ച
വ്യാപ്തിയേറീടുന്നൊരാ മഹാഭാരതൈതിഹ്യം!
. കുരുവംശം
മുക്കുവകന്യകയാം സത്യവതിതന്നിലായ്
മാമുനി പരാശരർക്കുണ്ടായ പുത്രൻ വ്യാസൻ
കുരുവംശ രാജാവാം ശന്തനുവിന്നു ദേവി
ഗംഗയിൽ ജനിച്ചോരു പുത്രനല്ലയോ ഭീഷ്മർ
ശന്തനൂ-സത്യവതീ ബാന്ധവം നടക്കാനായ്
ശപഥം ചെയ്തു ഭീഷ്മർ "ബ്രഹ്മചര്യം പാലിക്കും"
ശന്തനുവിന്നു സത്യവതിയിൽ പിറന്നോരു
പുത്രരാം ചിത്രാംഗദ-വിചിത്രവീര്യന്മാരും
ചിത്രാംഗദനെക്കൊന്നൂ ഗന്ധർവന്മാർ യുദ്ധത്തിൽ
നിത്യരോഗിയായ് മാറിപ്പോയീ വിചിത്രവീര്യൻ
ഹസ്തിനാപുരീ രാജാ വിചിത്രവീര്യൻതന്റെ
പത്നിമാർ, സോദരിമാരംബികേമംബാലികേം
വംശസൃഷ്ടിക്കു മുൻപേ അകാലത്തിൽവിചിത്ര-
വീര്യന്നു മൃത്യു വന്നുഭവിച്ചതിൻ കാരണം
ജ്യേഷ്ഠൻ വ്യാസനോ,ടമ്മ സത്യവതിചൊൽകയായ്
സൃഷ്ടി നീ നടത്തേണം പുത്രനേയംബികയിൽ
കുരുവംശം പുലർത്തുവാൻ'നിയോഗ'
മാർഗ്ഗം, സ്വീ-
കരിച്ചീടാമില്ലല്ലോ പ്രമാദമായിട്ടൊന്നും
അമ്മതന്നാദേശത്തെ പാലിക്കവേണമല്ലോ
അംബികയെ പ്രാപിക്കാനടുക്കേ വേദവ്യാസൻ,
ഋഷിരൂപം കണ്ടിടേയംബിക ഭയത്താലേ
ദൃഷ്ടികളടക്കയാൽ ജനിച്ചു കുഞ്ഞന്ധനായ്
ധൃതരാഷ്ട്ര നാമത്താൽ വളർന്നാ വ്യാസപുത്രൻ
ദൃഷ്ടികൾതന്നഭാവം രാജയോഗം നിഷിദ്ധം
"സൃഷ്ടി നടത്തിടൂനീ അംബാലികയിൽക്കൂടി",
സത്യവതിതന്നാജ്ഞ,"പൂർണ്ണനാം പുത്രൻ വേണം"
കണ്ണടച്ചില്ലെന്നാലും,ഭയന്നംബാലികയും,
കാണവേ ഋഷിരൂപം,മഞ്ഞിളിച്ചൂ ശരീരം!
പുത്രനോ പിറന്നിതേ രക്തമയമില്ലാതെ,
പാണ്ഡു നാമധേയത്താൽ വളരേണ്ടിവന്നവൻ
തൃപ്തിയായതേയില്ല രണ്ടുപുത്രന്മാരിലും
സത്യവതി,ക്കതിന്നാൽ വ്യാസനെ നിർബന്ധിച്ചു
"ഒരിക്കൽക്കൂടി ശ്രമം നടത്തൂ മടിക്കാതെ
കുരുവംശത്തിൻ നാശം സംഭവ്യമായിക്കൂടാ"
വേദവ്യാസനെത്തിടേ അംബികേമംബാലികേം
വാല്യക്കാരിയെയല്ലോ വ്യാസന്നടുത്തെത്തിച്ചൂ!
ഒട്ടുമേ മടിക്കാതെ വ്യാസൻ പ്രാപിച്ചവളെ
ഒട്ടും ഭീതിയില്ലാതെതന്നവൾ കൂടെനിന്നു
പുത്രനുണ്ടായി,യെന്നാൽ രാജയോഗംകിട്ടിടാ
എത്രയായാലും വാല്യക്കാരിതൻ പുത്രനല്ലോ!
അറിയപ്പെട്ടാ പുത്രൻ വിദുരർ നാമത്താലേ
അറിവിൻ ഭണ്ഡാഗാരം, വിശാല ഹൃത്തുള്ളവൻ!
ധൃതരാഷ്ട്രരാണെങ്കിലറിയപ്പെട്ടു കൊടും
തിന്മതൻ പര്യായമായ്,അന്ധനാണെ ങ്കിൽപോലും!
അഭിലാഷങ്ങൾതന്റെ പര്യായമായി പാണ്ഡു
അറിയപ്പെട്ടു, എന്തും നേടുവാനായി ഭ്രമം
അന്ധനാം ധൃതരാഷ്ട്രർ ഗാന്ധാരരാജപുത്രി
ഗാന്ധാരിയേ വരിക്കേ കണ്കൾ കെട്ടി ഗാന്ധാരി!
യദുവംശ രാജനാം ശൂരസേനന്റെ പുത്രി
പൃഥയേ പാണ്ഡു വേട്ടു, വസുദേവർതൻ പെങ്ങൾ
മാതുലൻ കുന്തീഭോജൻ പൃഥയേ ദത്തെടുക്കേ
കുന്തിയെന്ന നാമവും പൃഥക്കു വന്നുചേർന്നു
മാദ്രരാജന്റെ പുത്രി,ശല്യർതൻ സോദരിയാം
മാദ്രിയേയും വരിച്ചു,കുരുവംശനാം പാണ്ഡു
ധനുർവിദ്യയിൽ, രാഷ്ട്രമീമാംസതന്നിൽ തഥാ
ധർമ്മത്തിൽ, ഭരണത്തിൽ, പ്രാവിണ്യം നേടി പാണ്ഡു
അന്ധനാകായാൽ ജ്യേഷ്ഠൻ ധൃതരാഷ്ട്രർ, ഭരണം
പാണ്ഡുവിൽ വന്നുചേരേ പിടിച്ചടക്കിയല്ലോ
ത്രിഗർത്ത, കാശി, അംഗ,കലിംഗ, സിന്ധു തഥാ
മാഗധ രാജ്യങ്ങളേ യുദ്ധനൈപുണ്യത്താലേ!
. ശാപഗ്രസ്തനായ പാണ്ഡു
വേട്ടയ്ക്കായ് കാനനത്തിൽ എത്തിയ പാണ്ഡുവിന്റെ
വില്ലിൽ തൊടുത്തയമ്പാൽ കിണ്ടാബ മഹർഷിയാം
പുള്ളിമാനെക്കൊന്നതിൻ ശാപത്താൽ പാണ്ഡുവിന്നു
പുത്രരുണ്ടാകാനുള്ള യോഗ്യതയില്ലാതായി
ശാപത്തിന്റെ ഗൗരവം കൂടെക്കൂടെയൊർത്തിടേ
ശാന്തി പോയ് ഭരണത്തിൽ താൽപ്പര്യമില്ലാതാകേ
മാനസാന്തരം വന്ന പാണ്ഡു തീരുമാനിച്ചു
കാനനവാസം ചെയ്തു തപസ്സിലേർപ്പെട്ടിടാം
ജ്യേഷ്ഠൻ ധൃതരാഷ്ട്രരെ രാജ്യഭാരമേൽപ്പിച്ചു
കാട്ടിലേക്കു യാത്രയായ് സന്യസിച്ചീടുവാനായ് .
ഗർഭിണിയായ് ഗാന്ധാരി, നീണ്ടുപോയിതാ ഗർഭം
വർഷമൊന്നിലേറെയും എടുത്തൂ പ്രസവിക്കാൻ
മാംസപിണ്ഡത്തെയല്ലോ പ്രസവിച്ചു ഗാന്ധാരി,
വ്യാസൻ നൂറ്റൊന്നായിട്ടു മുറിച്ചാ മാംസപിണ്ഡം
സൂക്ഷിച്ചോരോ കഷണം നൂറ്റൊന്നു മൺകലത്തിൽ
സാകൂതംകാത്തിരുന്നു കുട്ടികൾപി റക്കാനായ്
. പാണ്ഡവരും കൗരവരും
ഓർക്കേ പാണ്ഡു. തൻജീവചരിത്രം, ജീവിതത്തി-
ന്നർത്ഥമില്ലെന്നു തോന്നി പുത്രന്മാരില്ലാതായാൽ
പാണ്ഡുവിന്റെ മാനസേ, പുത്രദുഃഖമേറീടേ
പേർത്തും നിർബന്ധിക്കയായ് പൃഥയെപ്പുത്രർക്കായി
"ഉത്കൃഷ്ടനായീടുന്ന ബ്രാഹ്‌മണനെ പ്രാപിക്കൂ
ഉത്പാദിപ്പിക്കൂ മേന്മയേറിടും പുത്രരേ നീ"
"ആവില്ലെനിക്കു ദേവാ കുലസ്ത്രീയാമെനിക്കു
ആവില്ലറിഞ്ഞുകൊണ്ടങ്ങയേ വഞ്ചിക്കുവാൻ"
പിന്തിരിഞ്ഞില്ല പാണ്ഡു, ആവശ്യമാവർത്തിക്കേ,
കുന്തിയോർത്തെടുക്കയായ് ദുർവ്വാസ്സാവിന്റെ വരം
"കേൾക്കൂ മഹാനുഭാവാ, കുട്ടിക്കാലത്തൊരിക്കൽ
കേൾവികേട്ട ദുർവ്വാസ്സാ മഹർഷിയെ സേവിക്കേ
അഭീഷ്ട്ട സിദ്ധിക്കായി മന്ത്രമൊന്നോതിത്തന്നു,
അങ്ങാഗ്രഹിച്ചീടുകിൽ പരീക്ഷിച്ചത് നോക്കിടാം
മറ്റു മാർഗ്ഗമില്ലാതെ പാണ്ഡുവേകി സമ്മതം
മന്ത്രം ചൊല്ലിയാണേലും പുത്രനെ ലഭിക്കേണം!
കുന്തിക്കു ദുർവ്വാസ്സാവ് നൽകിയോരാ ദിവ്യമാം
മന്ത്രത്തെയാവർത്തിച്ചു പാണ്ഡുവിന്നാഗ്രഹംപോൽ
ധ്യാനിക്കേ കുന്തീദേവി, അഭീഷ്ട സിദ്ധിക്കായി,
ധർമ്മരാജാവെ നിത്യം, പ്രത്യക്ഷനായി ധർമ്മൻ
കുന്തിയിൽ പ്രസാദിച്ചു ധർമ്മരാജൻ മടങ്ങി
കുന്തി കാത്തിരിക്കയായ് പുത്രനുണ്ടാകാനായി
കുന്തിക്കു പിറക്കയായ് പുത്രനായ്യുധിഷ്ഠിരൻ
സന്തോഷിച്ചു പാണ്ഡുവും വംശം മുന്നോട്ടുപോകും.
കുന്തിതൻ രണ്ടാമത്തെ പുത്രനാണെന്നാലവൻ
മൂത്തവനെന്നു മാത്രം പഞ്ചപാണ്ഡവന്മാരിൽ
ജന്മമെടുക്കേ തന്നെ അശരീരിയുണ്ടായി
"നന്മയേറെയുള്ളോരു പുത്രനായ് മാറുമിവൻ
"സന്മാർഗ്ഗവും ധർമ്മവും ജീവിതമാർഗ്ഗമാക്കും
ധർമ്മ-സത്യാദികൾക്കായ് എന്നും നിലകൊണ്ടീടും
മൂന്നു ലോകമൊന്നുപോൽ യുധിഷ്ഠിര നാമത്താൽ
എന്നുമറിയപ്പെടും രാജാവായ് വാഴുമിവൻ"
മൂത്തപുത്രനാകയാൽ പാണ്ഡവ കൗരവരിൽ
തീർത്തുമേ യുധിഷ്ഠിരൻതന്നെ യുവരാജാവാം
നൂറ്റൊന്നു മണ്കലത്തിൽ നിന്നൊരു വർഷം പോകേ
നൂറാണുമൊറ്റപ്പെണ്ണും പിറന്നൂ കൗരവർക്കും
ജനിക്കേ ദുര്യോധനൻ, ചൊല്കയായി വിദുരർ,
വധിക്കേണമിവന്നെ കുലദ്രോഹിയായ് മാറും!
പറ്റില്ലായെന്നായ് ധൃതരാഷ്ട്രരും ഗാന്ധാരിയും
മാറ്റുവാനാമോ വിധി, കൗരവനാശത്തിന്റെ
പാണ്ഡുവിന്നിച്ഛപോലെ മാരുതനെ ധ്യാനിക്കെ
രണ്ടാമത്തെ പുത്രനായ് ജാതനായ് ഭീമസേനൻ
കായബലത്തിലഗ്രൻ ഗദാധാരിയാമവൻ
വായുവേഗത്തിൽ യാത്ര, ആർക്കും വഴങ്ങിടാത്തോൻ
മൂന്നാമതൊന്നുകൂടി ധ്യാനിക്കയായി പൃഥ
ഇന്ദ്രനെ, ജനിക്കയായ് വില്ലാളിവീരൻ പാർത്ഥൻ
ഇന്ദ്രതനൂജനെന്നാൽ ഋഷി നരൻതൻ പുനർ-
ജന്മമാം സവ്യസാചി, പാണ്ഡവരിൽ ശ്രേഷ്ഠനും.
പഞ്ചപാണ്ഡവർക്കായി വില്ലിന്റെ ബലത്താലേ
പഞ്ചാലിയേ വരിക്കാൻ വിധിയാൽ നിയോഗിച്ചോൻ
നിത്യം തപസ്സു ചെയ്തു ശിവപ്രസാദത്താലേ
ദിവ്യാസ്ത്രമാകും പാശുപതത്തെ സമ്പാദിച്ചോൻ
കൗരവർതൻ പതിനൊന്നക്ഷൗഹിണിപ്പടയെ
കുരുക്ഷേത്രയുദ്ധത്തിൽ തകർക്കാൻ വിധിച്ചവൻ
ആഗ്രഹമേറീടവേ കൂടുതൽ പുത്രന്മാർക്കായ്,
ആവശ്യം കുന്തിയോടായ് ഉന്നയിച്ചിതേ പാണ്ഡു
"അർത്ഥിക്കൂ വീണ്ടുമന്യദേവനോടായിട്ടൊരു
പുത്രനേക്കൂടി കിട്ടാൻ, കൗരവപുത്രർ നൂറായ്"
"പാപമാമതെൻ പതേ, മൂന്നിലധികം പേരെ
പ്രാപിക്കിൽ കുലസ്ത്രീകൾ, 'സ്വൈരിണി'മാരായ് മാറും"
"വേദവാക്യം മറന്നു പോയെന്നോ ചൊല്ലൂ ദേവാ
വേണ്ട,യെന്നോടക്കാര്യം ചൊല്ലേണ്ട"യെന്നായ് കുന്തി
ആഗ്രഹമുപേക്ഷിക്കാനാവാതെ പാണ്ഡു ചൊല്ലി
"എങ്കിൽ നീ സപത്നിയാം മാദ്രിക്കു ചൊല്ലിക്കൊടൂ
മന്ത്രമൊ,ന്നവൾകൂടി, പുത്രനെത്തന്നീടട്ടെ,
മാദ്രിക്കും സന്തോഷമാം, സംശയം തെല്ലുമില്ല"
കുന്തി ചൊല്ലിക്കൊടുത്തു ശങ്കയില്ലാതെ മന്ത്രം
മാദ്രിക്കു ചൊല്ലുവാനായ്,പുത്രനെ നേടുവാനായ്
മാദ്രിയാഗ്രഹിച്ചതോ അശ്വിൻ ദേവന്മാരെപ്പോൽ
സൗന്ദര്യത്തിടമ്പാകും പുത്രദ്വയത്തെയല്ലോ
ധ്യാനിച്ചവളശ്വിനീ ദേവന്മാരെത്തനിക്കു
തന്നീടുവാനായ് വേഗം സൗന്ദര്യദ്വയങ്ങളെ
ധ്യാനിച്ചപോലേയതും സംഭവിക്കയായിതേ
ജനിച്ചു മാദ്രിക്കു നകുലൻ സഹദേവരും
നൂറ്റൊന്നുപേർ ജനിക്കേ കൗരവകുലത്തിങ്കൽ,
നാലുമൊന്നും ജനിച്ചു പാണ്ഡവകുലത്തിലും .
നൈസര്‍ഗ്ഗികമല്ലാത്ത ജന്മങ്ങളല്ലോ രണ്ടു
വംശങ്ങളിലും വന്നുഭവിച്ച,തെന്തത്ഭുതം!
ഇല്ല ചോദ്യം കഥയിൽ എന്നതല്ലോ പ്രമാണം!
ഇല്ല, പിൻവലിച്ചിതാ,അത്ഭുതമേയില്ലതിൽ
ആരണ്യവാസത്തിലും പാണ്ഡവപുത്രന്മാർക്കു
ആദേശനിർദേശങ്ങൾ ഋഷിമാർ നൽക മൂലം
വേണ്ടുംവിധം ലഭിച്ചു മാർഗ്ഗോപദേശങ്ങളും
വിദ്യയും ശിക്ഷണവും ലോകപരിജ്ഞാനവും .
പ്രകൃതീമാതാവേകി ശക്തിയും വിവേകവും
പ്രാവിണ്യം നേടിയവർ ആയുധാഭ്യാസത്തിലും
പുത്രരേ നേർവഴിക്കുനയിക്കാൻ വേണ്ടും ശ്രദ്ധ
കുന്തിയോടൊപ്പംതന്നെ മാദ്രിയുമേകിയല്ലോ
പാണ്ഡുവൊരിക്കൽ തന്റെശാപത്തെ മറന്നുകാ-
മാന്ധനായി, മാദ്രിതൻ സൗന്ദര്യമാസ്വദിക്കെ
മാദ്രിതന്നെതിർപ്പുകൾ വകവെച്ചിടാതയാൾ
മാദ്രിയെ പ്രാപിച്ചിടേ മൃത്യുവേയുംവരിച്ചു!
കുറ്റബോധമേറിടേ മാദ്രി തൻ പുത്രന്മാരെ
കുന്തിയെഏൽപ്പിച്ചിട്ടു ആത്മാഹുതിയും ചെയ്തു
.
കുന്തിയാകട്ടേ ധൈര്യം വീണ്ടെടുത്തു വേഗത്തിൽ
പുത്രരാരുമന്യാധീനപ്പെട്ടുപൊയിക്കൂടാ
ഹസ്തിനാപുരത്തേക്കു പോകുവാൻ നേരമായി
യാത്രയായവർ പത്തും ആറും വർഷങ്ങൾ പോകേ!
പാണ്ഡവർ ഹസ്തിനാപുരിയിൽ
പാണ്ഡവരെത്തീടുന്ന വാർത്തകേട്ടിടേയേറ്റം
സന്ദേഹമായി ദുര്യോധനനും കനിഷ്ഠർക്കും
കൈവിട്ടുപോയീടുമോ ഭരണം, പാണ്ഡവർക്ക്
കൈമാറിടേണ്ടി വന്നാൽ ഗതിയെന്തായീടുമോ?
പാണ്ഡുവിന്റെ ഭരണം ഇഷ്ടമായിരുന്നേറെ
പണ്ടു പ്രജകൾക്കെന്നാലിന്നു പാണ്ഡുവില്ലല്ലോ
ഭരണം കൈമാറുവാനാകില്ലയല്ലോയിതേ-
വരെയും തമ്മിൽ കണ്ടിട്ടില്ലാത്ത ബന്ധുക്കൾക്ക്
വളരെസ്സന്തോഷിച്ചു പ്രജകൾ പാണ്ഡവർതൻ
വരവിൽ, നഗരത്തിൻ വാതിൽക്കലൊത്തുകൂടി
കൗരവരെല്ലാവർക്കുമൊപ്പം വരവേൽക്കുവാൻ,
കാണുവാൻ പാണ്ഡുവിന്റെ പുത്രരെക്കൺനിറയേ!
പാണ്ഡുവിന്നാത്മശാന്തിക്കായുള്ള കർമ്മങ്ങളെ
പാലിച്ചു ധൃതരാഷ്ട്രർ വിധിയാംവണ്ണം തന്നെ
.
ദ്രോണാചാര്യർതൻ കീഴിൽ വിദ്യയഭ്യസിക്കുമാ
ദുര്യോധനനും സഹോദരരോടുമൊന്നിച്ചു
പാണ്ഡവ സോദരരും ആയുധാഭ്യാസങ്ങളിൽ
പാടവം നേടുവാനായ്, നേരിടാനാരുമായും!
ദൈവകല്പിതംപോലെ,തമ്മിൽ കാണ്മവേ തന്നെ,
ദുര്യോധന ഭീമന്മാർക്കിടയിൽ വൈര്യമുണ്ടായ്
ശക്തിയേറും യുവാക്കൾ രണ്ടുകുലത്തിലേയും
ബദ്ധശത്രുക്കളാകാൻ മറ്റുകാരണം വേണോ?
നേരിടിൽ രണ്ടുപേരും ഗോദയിൽ മത്സരിക്കാൻ,
നേട്ടമെപ്പോഴുമുണ്ടാം ഭീമന്നു തന്നെന്നാകേ
കൗരവ സോദരരിൽ ആരേമുപദ്രവിക്കാൻ
മാരുതി മടിച്ചില്ലാ, ബന്ധം മറന്നേപോയി!
മാരുതിതന്നോടുള്ള വൈര്യമേറിവന്നിടേ
ദുര്യോധനനാരാഞ്ഞു മാർഗ്ഗങ്ങളോരോന്നായി
ഭീമനേയൊതുക്കുവാൻ വേണ്ടിവന്നാൽ കൊല്ലുവാൻ,
ഭീമനാകട്ടേ രക്ഷപ്പെട്ടുപോന്നെല്ലായ്പ്പോഴും
കൗരവർതൻ ശക്തിയെ പോഷിപ്പിക്കുവാനായി,
കുല്സിതമാർഗ്ഗവുമായെത്തീ ശകുനീ മാമൻ
ഭീഷ്മർ പണ്ടു ഗാന്ധാര രാജ്യത്തോടായി ചെയ്ത
ഭീമാപരാധത്തിന്നു പ്രതികാരവും തേടി
എത്തിയതാം ഗാന്ധാരീ സോദരൻ, കൗരവർതൻ
മാതുലനാം ശകുനീനാമധേയൻ, മുടന്തൻ
കൗരവരുമായുള്ള ഗാന്ധാര രാജൻതന്റെ
വൈര്യത്തെ പുത്രനോർക്കാൻ തല്ലിയൊടിച്ചിതാ കാൽ
മരിക്കും മുമ്പേ തന്നെ ഗാന്ധാരരാജൻ തന്റെ
മകനോടായിച്ചൊല്ലി: "ഞാൻ മരിക്കുമ്പോഴെൻകൈ
വിരലിന്റെയെല്ലുകൾ മുറിച്ചെടുത്തുണ്ടാക്കൂ
കരുക്കൾ, ചൂതാട്ടത്തിൻ, നിനക്കു ചൂതാടുവാൻ
നീയാഗ്രഹിക്കും വിധം കരുക്കൾ മറിഞ്ഞിടാ-
നായി ഞാൻ നിയന്ത്രിക്കും മാന്ത്രികശക്തിയാലേ
തോൽവിയറിയില്ലനീ കൗരവർ നശിക്കുവാൻ
തീർത്തും കരുവായീടുമാകരുക്കൾ നിശ്ചയം!"
ഗാന്ധാരനിപ്രകാരം പുത്രനേയയച്ചതാം
ഹസ്തിനാപുരത്തേക്ക് പൂർത്തീകരിക്കാൻ ദൗത്യം
ദുര്യോധനന്നേ വേഗം തന്നുടെ വഴിക്കാക്കാൻ
കാര്യമായ് ചെയ്യാതൊന്നും ഗാന്ധരപുത്രന്നായി
ഭീമനോടുള്ള വൈരം പുകഞ്ഞേറിടേയവർ
ക്രമമോടാസൂത്രണം ചെയ്കയായോരോന്നായി
ഭീഷ്മോപദേശത്താലേ യുധിഷ്ഠിരന്നേ ധൃത-
രാഷ്ട്രർ വാഴിക്കയായി യുവരാജാവായിട്ടു
വൈര്യം വർദ്ധിക്കയായി പതിന്മടങ്ങായിട്ടു
ദുര്യോധനന്നു ഭീമന്നോടതും സ്വാഭാവികം
പാണ്ഡവരുടെ അരക്കില്ലവാസവും
വനവാസവും
ദുര്യോധന-ശകുനീ കൂട്ടായ്മയിൽ പിറന്നു
കാര്യമായിട്ടുള്ളോരു പദ്ധതി, പാണ്ഡവർക്കു
സ്വന്തമായിട്ടുള്ളോരു കൊട്ടാരം നിർമ്മിക്കാനും
സൗകര്യംപോലെന്നിട്ടു അവരേയില്ലാതാക്കാൻ
സംശയമാർക്കും തോന്നാതിരിക്കാൻ പൂർവികർതൻ
സാങ്കേതമായിരുന്ന വാരണാവതത്തിലായ്
അരക്കാലേ തീർത്തല്ലോ കൊട്ടാരം അവർക്കായി
പുരോചനനെന്ന നിർമ്മാണ വിദഗ്ധനാലേ.
സ്വന്തമാം കൊട്ടാരത്തിൽ താമസിച്ചീടേയവർ
വെന്തുമരിച്ചുവെന്നാൽ സംശയിച്ചീടായാരും
വർഷമൊന്ന് കഴിഞ്ഞിടേ അരക്കില്ലം കൊളുത്താൻ
ഏർപ്പാടും ചെയ്തുവല്ലോ ദുര്യോധനാദികളാൽ
സംശയം തോന്നുകയാൽ വിദുരർ തൻ വിശ്വസ്ത
ശില്പിയാം ഖനകനാൽ രഹസ്യമായിത്തീർത്തു
അരക്കിൻ കൊട്ടാരത്തിൽ നിന്നും ദൂരത്തേക്കൊരു
തുരങ്കത്തെ രക്ഷക്കായ്, കൊട്ടാരമെരിഞ്ഞെന്നാൽ
പറയാം വേണമെങ്കിൽ "ഉരുളക്കുപ്പേരി' പോൽ,
അറിയാ ദുര്യോധനൻ, ശകുനീമറിഞ്ഞില്ല
വർഷമൊന്നു പോയിടേ ദുര്യോധനന്നാദേശം
'കൃഷ്ണചതുർദ്ദശി']യിൽ കൊട്ടാരമെരിച്ചിടൂ '
പാണ്ഡവർക്കെന്നാൽ കാര്യം ബോദ്ധ്യമായിടേയവർ
വേണ്ടിടും മുൻകരുതൽ ഏർപ്പാടാക്കുകയായി
ചുറ്റുമുള്ള ബ്രാഹ്‌മണകുടുംബങ്ങളെ ക്ഷണി-
ച്ചേകിയന്നു ഭോജനം,വാങ്ങീയനുഗ്രഹങ്ങൾ
രാക്ഷസിയൊരുത്തിയും അഞ്ചു പുത്രരുമെത്തി
ഭക്ഷണ ദക്ഷിണാദി സ്വീകരിച്ചുറക്കമായ്
ലക്ഷാഗൃഹത്തിൽത്തന്നെ ഭാവിയെച്ചിന്തിക്കാതെ,
ലക്ഷ്യമേതുമില്ലാതെ നടപ്പൊർക്കെന്തേ ചിന്ത!
കൊട്ടാരത്തിന്നു പുരോചനൻ തീയിടും മുമ്പേ
കീചകനെക്കൊന്നോൻ തീകൊളുത്തീ രഹസ്യമായ്
കൊട്ടാരമെരിയേ ഭൂഗർഭപാതയിൽക്കൂടെ
പാണ്ഡവസോദരരും പൃഥയും രക്ഷപ്പെട്ടു
ഘോരവനത്തിലെത്തി വ്യഥകൾ പേറിടേണ്ടും
കാലമെത്തിയെന്നർത്ഥം, മാർഗ്ഗമില്ലല്ലോ വേറെ
വെന്തുമരിച്ചു രാക്ഷസീയുമഞ്ചു മക്കളും
സന്തോഷിച്ചു കൗരവർ, പണ്ഡവരല്ലോ വെന്തൂ!
ധൃതരാഷ്ട്രരാകട്ടെ ശരിക്കും ഖേദംപൂണ്ടി-
ട്ടന്ത്യകർമ്മങ്ങൾ ചെയ്തു പാണ്ഡവർക്കായിട്ടുടൻ
സന്തോഷിച്ചു വിദുരർ ഖനികൻ അറിയിക്കേ
സത്യമെന്തെന്ന കാര്യം പാണ്ഡവർ രക്ഷപ്പെടേ
വിദുരർ പാണ്ഡവർക്കായ് ഘോരവനത്തിൽ ഗംഗാ
നദിയെക്കടക്കുവാൻ സഹായഹസ്ഥവുമായ്
ദൂതനേയയച്ചയാൾ അക്കരെക്കെത്തിക്കയായ്
നൗകയൊന്നിൽക്കയറ്റി പാണ്ഡവരേ ഭദ്രമായ്.
ഹസ്ത്തിനാപുരേ വീണ്ടുമെത്തിയെന്നാലോ തങ്ങൾ-
ക്കെത്രനാൾ ജീവൻ വച്ചുപുലർത്താനാമെന്നുള്ള
സന്ദേഹമുണ്ടാകയാൽ കാനനവാസമാകും
സ്വീകാര്യമെന്ന ചിന്ത ഉറപ്പായി കുന്തിയിൽ
ഭാവിയെപ്പറ്റിയൊന്നും തൽക്കാലം ചിന്തിക്കേണ്ടെ-
ന്നേവരും സമ്മതിക്കേ വാസവുമുറപ്പാക്കി
ശക്തനും ധീരനുമാം ഭീമസേനൻ തന്നുടെ
ശൗര്യപരാക്രമത്താൽ അനായാസമായല്ലോ
കാനനവാസമേറെ ബുദ്ധിമുട്ടില്ലാത്തതായ്
കാട്ടിലെ കുട്ടിക്കാലം തുണയായിന്നുമാറി
രാക്ഷസൻ ഹിഡുംബനേ യുദ്ധത്തിൽ കൊന്നശേഷം
രാക്ഷസി ഹിഡുംബിയെ വേൾക്കുകയായി ഭീമൻ
ഭൂജാതനായവർക്ക് പുത്രനായ് ഘടൊൽക്കചൻ,
ഭാവിയിൽ കുരുക്ഷേത്രയുദ്ധത്തിൽ തിളങ്ങേണ്ടോൻ
താമസിയാതെതന്നെ യാത്രയായി പാണ്ഡവർ
താമസസ്ഥലം തേടി ഹിഡുംബിയെക്കൂട്ടാതെ
ബകാസുര വധം
ഏകചക്രപുരത്തിൽ, ബ്രാഹ്‌മണകുല സ്ത്രീയും
മക്കളഞ്ചുപേരുംപോൽ താമസമാക്കീയവർ
ഭീതിപൂണ്ട നാൽവർതൻ കുഡുംബത്തിനോടൊപ്പം,
ഭീതിതൻ കാരണമോ എത്രയോ വിചിത്രമാം
കിട്ടുവോരെയൊക്കെയും രാക്ഷസൻ ബകാസുരൻ
കൊന്നുതിന്നീടുകയാൽ ഗ്രാമവാസികൾ ഏറെ
ചർച്ചകൾ ചെയ്ത ശേഷം ബകാസുരന്നുമായി
ഏർപ്പെട്ടു കരാറൊന്നിൽ,മാർഗ്ഗമില്ലല്ലോ വേറേ
നിത്യവുമെത്തിച്ചീടാം ഓരോവീട്ടിൽ നിന്നുമായ്
പോത്തുവണ്ടിനിറയെ ഭക്ഷണോമൊരാളിനേം
നാളെയല്ലയോ ഊഴം പോകുവാനീവീടിന്റെ
നായകന്നു, പോയെന്നാൽ അന്ത്യയാത്രയായിടും!
കുന്തിക്കു സഹിക്കുവാനായില്ലാ വാർത്ത കേൾക്കേ
എന്തുവന്നാലും ഗൃഹനാഥനേ രക്ഷിക്കേണം
"ഭക്ഷണവണ്ടിയുമായ് നാളെ ഭീമൻ പോയീടട്ടെ
രാക്ഷസന്റെ മുന്നിലായ്" ചൊല്ലുകയായി കുന്തി
അത്രയേറെ വിശ്വാസം സ്വപുത്രനിൽ കുന്തിക്കുണ്ട്
എത്രകണ്ടിരിക്കുന്നീ പുത്രന്റെ പരാക്രമം!
യാത്രയായി ഭക്ഷണവണ്ടിയുമായി ഭീമൻ
യാത്രയിൽ ഭക്ഷിക്കയായ് വണ്ടിയിലെ ഭക്ഷണം
ബാകാസുരൻ സമീപേ എത്തീടേ കണ്ടയാൾതൻ
ഭക്ഷണമൊക്കെ വണ്ടിക്കാരൻ തിന്നുതീർക്കുന്നു!
ഓടിയെത്തി ഭീമനേയാക്രമിക്കാനായ് ബകൻ
ഒട്ടുമേയയാൾക്കറിയില്ല ഭീമന്റെ ശക്തി!
വാമഭാഗത്തെക്കയ്യാൽ ബകനെത്തടഞ്ഞിട്ടു
ഭീമൻ തീർത്താ ഭക്ഷണം,ചൊല്ലിയെന്നിട്ടു മെല്ലേ
"ഭക്ഷണം ഞാൻ തിന്നാലും ഞാൻ നിനക്കുള്ളതല്ലോ
ഭക്ഷിച്ചിടെന്നേ വേഗം എന്തിന്നു മടിക്കേണം?
ആക്രമിക്കുവാൻ ബകൻ നോക്കിയെന്നാലായില്ല,
ആ ശ്രമം പരാജയം, കൊന്നൂ ബകന്നെ ഭീമൻ
രക്ഷപ്പെട്ടല്ലോ ഗ്രാമവാസികളെന്നെന്നേക്കും
രക്ഷകരായ് വന്നതോ 'ബ്രാഹ്‌മണ'കുഡുംബവും
. പാഞ്ചാലീ സ്വയംവരം
പാഞ്ചാലപുത്രി തന്റെ സ്വയംവര വാർത്തയെത്തേ
പഞ്ചപാണ്ഡവന്മാരും എത്തീ പങ്കെടുക്കുവാൻ,
വേഷപ്പകർച്ചയോടെ ബ്രാഹ്‌മണ യുവാക്കളായ്
വേറിട്ടു മാർഗ്ഗമില്ല, ശ്രമമല്ലോ പ്രധാനം!
കൃഷ്ണന്നായി ദ്രൗപദൻ കാത്തുസൂക്ഷിച്ചിതല്ലോ
കൃഷ്‌ണയെത്തന്റെ കൃഷ്ണമണിയെന്നപോലെന്നും
കൃഷ്ണനോ പാണ്ഡവരിൽ തൻപ്രിയനർജ്ജുനൻതാൻ
കൃഷ്‌ണയെ വേൾക്കവേണമെന്നാഗ്രഹിക്ക മൂലം
ചൊല്ലീ ദ്രുപദന്നോടായ് "സ്വയംവരം ഒരുക്കിടൂ
വില്ലൊടിക്കും ക്ഷത്രിയൻ തന്നെയാകണം വരൻ"
ഉയരെക്കറങ്ങുന്ന പക്ഷിതൻകണ്ണിലായ-
മ്പെയ്തങ്ങു കൊള്ളിക്കേണം നിഴൽകണ്ട് വെള്ളത്തിലെ
ക്ഷത്രിയർക്കൊപ്പം കർണ്ണൻ വില്ലെടുക്കേ "നീ സൂത-
പുത്ര"നെന്നു പാഞ്ചാലിയധിക്ഷേപിക്കയായി
ക്ഷത്രിയരൊക്കെ തോൽക്കേ ബ്രാഹ്മണർക്കവസരം,
പാർത്ഥനാകും 'ബ്രാഹ്മണൻ' വില്ലൊടിച്ചെളുപ്പത്തിൽ!
പാഞ്ചാലിയേ വരിച്ചു പാർത്ഥൻ സ്വയംവരത്തിൽ
അഞ്ചുപേർക്കായി മാറും എന്നറിയാതേ പാവം!
വേട്ടുവല്ലോ പുത്രിയെ ബ്രാഹ്മണനെന്നതിന്നാൽ
ഒട്ടുമേ തൃപ്തനല്ലാതായല്ലോ പാഞ്ചാലനും
പാഞ്ചാലിക്ക് അഞ്ചു ഭർത്താക്കന്മാർ
പാഞ്ചാലപുത്രിയുമായ് കുന്തിതന്നടുത്തെത്തി
പഞ്ചപാണ്ഡവർ ചൊല്ലി: "ഇന്നിൻ ഭിക്ഷ ദേ, അമ്മേ"
"അഞ്ചുപേരുമൊന്നിച്ച് പങ്കിട്ടെടുത്തുകൊള്ളൂ"
അശ്രദ്ധയോടിരുന്ന കുന്തീദേവി ചൊന്നിതേ!
അഞ്ചു പതിമാർക്കൊറ്റ പത്നിയായിഭ്ഭവിച്ചു
പാഞ്ചാലി, കുന്തിതന്റെ ഉദാസീനമാം വാക്കാൽ
പാഞ്ചാലൻ, തൻപുത്രനാം ധൃഷ്ടദ്യുമ്നനെവിട്ടാ
പഞ്ചബ്രാഹ്‌മണർതൻചരിതം തേടുവാനായ്
പുത്രിക്കഞ്ചു പ്രഭുക്കൾ, ബ്രാഹ്‌മണ
സഹോദരർ!
പാഞ്ചാലനേറെ ദുഃഖ-പശ്ചാത്താപമുണ്ടാകേ
വേദവ്യാസമഹര്‍ഷി ചൊല്ലീ ദ്രുപദനോടായ്
"വേണ്ട,യാകുലപ്പെടാ, പഞ്ചപാണ്ഡവരവർ
പാഞ്ചാലിയഞ്ചുപേരെ വരിക്കാനുണ്ടായോരു
പശ്ചാത്തലം കേട്ടിടൂ ചൊല്ലിടാം ഞാനെല്ലാമേ"
"പാഞ്ചാലി പൂർവ്വജന്മേ "നാളായണി" നാമത്തിൽ
പ്രാജ്ഞനാം മൗൽഗല്യന്റെ പത്നിയായിരിക്കവേ
"സന്ദർഭവശാലവൾ മൗൽഗല്യമഹർഷി തൻ
ക്രോധത്തിന്നടിപ്പെടേ ശാപമൊന്നേറ്റുവാങ്ങി
'ഭാവിജന്മത്തിലഞ്ചു പേരെനീ വരിച്ചീടും
ഭേദമില്ലിതിന്നെത്രയേറെനീ ശ്രമിച്ചാലും'
പേടിയാൽ വിറച്ചുപോയ് നാളായണിയും
മോക്ഷം
തേടിക്കൊണ്ടനുഷ്ഠിച്ചു പാശുപതന്നെത്തപസ്സ്
പ്രസന്നനായി ശിവൻ, "വരം ചോദിച്ചുകൊള്ളൂ"
പഞ്ചാലിയോടായ് ചൊല്ലേ പരിഭ്രാന്തിയാലവൾ
അഞ്ചുപ്രാവശ്യമല്ലോ "പതിയേത്തന്നിടൂ" എന്ന്
കെഞ്ചിപ്പറഞ്ഞ,തിന്റെ ഗൗരവം ഓർത്തിടാതെ.
നാളായണിതൻ നാവിൻ പിഴക്കുള്ള ശിക്ഷപോൽ
നാവ്, പൃഥതന്നുടേയും ഉറപ്പിച്ചിതാ ശാപം"
പഞ്ചപാണ്ഡവരല്ലേ കേമൻമാരല്ലോയഞ്ചും
അഞ്ചാതിരുന്നുകൊള്ളൂ നല്ലതിന്നല്ലോയെല്ലാം"
വേദവ്യാസൻ തന്നുടെ സമഗ്രമായിട്ടുള്ള
വ്യാഖ്യാനം കെട്ടീടവേ ദ്രുപദന്നാശ്വാസമായ്
പാണ്ഡവർ തിരികെ ഹസ്ത്തിനാപുരിയിൽ
പാഞ്ചാലീ സ്വയംവരം കേട്ടറിഞ്ഞ ധൃതരാഷ്ട്രർ
പാണ്ഡവർ മരിച്ചില്ലെന്നറിഞ്ഞു ക്ഷണിക്കയായ്,
'പാതിരാജ്യം കൊടുക്കാം തിരിച്ചു വന്നീടുവിൻ'
പഞ്ചപാണ്ഡവർ എത്തീ തിരികേയിന്ദ്രപ്രസ്ഥേ
പാതിരാജ്യം ലഭിക്കേ രാജ്യാഭിഷിക്തനായി
പാണ്ഡവജ്യേഷ്ഠനാകും യുധിഷ്ഠിരൻ മുറപോൽ
രാജസൂയ യാഗത്താൽ പ്രാഭവം വർദ്ധിച്ചീടേ
രാജകൊട്ടാരമൊന്നു നിർമ്മിച്ചിന്ദ്രപ്രസ്ഥയിൽ
സ്ഫടികത്തിൻ തുല്യമാം പളുങ്കാൽ വജ്രങ്ങളാൽ
സ്ഥല,നീർ ഭ്രമം തൊന്നും കൊട്ടാരം, നിർമ്മിക്കയായ്
മായാസുരൻ ശ്രമത്താൽ നോക്കിനിന്നു പോകുമാ
മായാമന്ദിരം കാണ്ങ്കിൽ, ഭ്രമിച്ചുപോമാരുമേ
സന്ദർശിക്കേ കൗരവർ, സ്ഥലമോ ജലമോയെന്ന്
സന്ദേഹിച്ചു വലഞ്ഞിടേ കണ്ടുനിന്ന പാഞ്ചാലി
പൊട്ടിച്ചിരിച്ചുപോയി, ക്രൂദ്ധരായ കൗരവർ
പെട്ടെന്നു തിരിച്ചു പോയ് വൈര്യവുമുള്ളിലേന്തി
യുധിഷ്ഠിരൻ വേൾക്കയായി ഷിബി രാജപുത്രിയേ,
വധിച്ചൂ ഭീമാർജ്ജുനന്മാർ ജരാസന്ധനേയും
വീഴ്ചയേതുമില്ലാത്ത യുധിഷ്ഠിരൻ ഭരണം
വാഴ്ത്തപ്പെടുകയായി, സന്തുഷ്ടരല്ലോ ജനം!
ദിവ്യസഭതന്നിലായ് പാണ്ഡവർ ഭരിച്ചിടേ
ദുര്യോധനാദികൾക്കോ
ഏറിവന്നസൂയയും
ചൂതാട്ടവും പാഞ്ചാലിയുടെ
വസ്ത്രാക്ഷേപവും ശപഥവും,
മാതുലൻ ശകുനിയും ദുര്യോധനനും ചേർന്നു
ചൂതാട്ടമാസൂത്രണം ചെയ്കയായ്
പാണ്ഡവരെ
പൂട്ടുവാൻ, തുരത്തുവാൻ, ഭരണം കയ്യേറുവാൻ
കാട്ടിലേക്കോടിക്കുവാൻ കാരണമുണ്ടാക്കുവാൻ
വീണുപോയ് പാണ്ഡവരാ കെണിയിലനായാസം
വീണുപോമാരായാലും ശകുനിക്കെണിതന്നിൽ!
കാപട്യം ലേശംപോലുമേശാത്ത യുധിഷ്ഠിരൻ
കുത്സിതൻ ശകുനിതൻ കാപട്യം കാണാതെപോയ്
അറിയാതെപൊയ് കൃഷ്ണൻ ചൂതാട്ടത്തിന്റെ കാര്യം
അറിഞ്ഞിരുന്നെന്നാലത് നിശ്ചയം തടഞ്ഞേനെ
കള്ളങ്ങൾ നിരന്തരം ചൂതാടും കളത്തിലായ്
കാട്ടുകയായ് ശകുനി നേട്ടങ്ങൾകൊയ്യുകയായ്
ഒന്നൊന്നായി രാജ്യവും മറ്റു സമ്പത്തുക്കളും
എന്നെന്നേക്കുമായി കൈവിട്ടുപോകയായി
ചൂതാട്ടത്തിൽ തോറ്റെല്ലാം നഷ്ടമായ്, യുധിഷ്ഠിരൻ
ഗത്യന്തരമില്ലാതെ, കൃഷ്ണയെ ജാമ്യം വച്ചു
ധർമിഷ്ഠനാണെന്നുള്ള പേരുകേട്ടോരു രാജൻ
ധർമ്മപത്നിയെച്ചൂതിൽ ജാമ്യം വച്ചെ,ന്തത്ഭുതം!
ചിന്തിച്ചിടാതെപോയോ ആ കുലസ്ത്രീക്കുണ്ടാകും
ചേതോവികാരമെന്താം എന്നചോദ്യവും ബാക്കി!
ധർമിഷ്ഠനെന്ന കീർത്തിമുദ്രയും കുത്തി വ്യാസൻ
ധർമ്മപുത്രരെന്നോരു പാത്രസൃഷ്ടി നടത്തി
എന്നാലക്കഥാപാത്രമിത്രയധർമ്മമാർഗ്ഗം
എങ്ങനെ സ്വീകരിച്ചു? ചിന്തിക്കാതെന്തു ചെയ്യും!
വേദവ്യാസമഹർഷി ചൊന്നോരു കാര്യമല്ലോ
ചോദ്യങ്ങളാവർത്തിക്കിലില്ലാ, ഉത്തരം കിട്ടാ!
കിട്ടിയോരാ സന്ദർഭം ഉപയോഗിക്കാൻ തന്നെ
പെട്ടെന്നു ദുശ്ശാസാനൻ തീരുമാനിക്കയായി
രജസ്വലയായോരു കൃഷ്‌ണയെയവൻ വേഗം
ഭുജത്താൽ വലിച്ചിഴച്ച് രാജസദസ്സിലാക്കി
വസ്ത്രാക്ഷേപം ചെയ്തിടേ കൃഷ്ണ ഭയന്നല്ലോ വി-
വസ്ത്രയായാലുണ്ടാകുമനർത്ഥത്തെ യോർത്തിടേ
തൻരക്ഷകൻ കൃഷ്ണനേ വിളിച്ചവൾ ഉറക്കെ,
തന്നെ രക്ഷിച്ചിടേണ്ടുമഞ്ചുപേർ നിഷ്ക്രിയരാം
ചെന്താമരക്കണ്ണനാ വിളി കേട്ടനന്തമാം
ചേലയാൽ പാഞ്ചാലിതൻ മാനം കാക്കുകയായി
കോപാകുലനാം ഭീമൻ തൻഗദ കൈക്കലാക്കേ
കോപം ലേശമേലാത്ത ധർമ്മപുത്രർ തടഞ്ഞു.
കൂന്തലഴിഞ്ഞുലയേ ഭീമസേനനെക്കാട്ടി
നൊന്തമനസ്സിനാലെ ചൊല്ലീ പാഞ്ചാലി ശീഘ്റം
"ഇക്കൂന്തൽകെട്ടില്ലഞാൻ ദുശ്ശാസ്സനന്റെ ഹൃത്തിൻ
രക്തം നീ പുരട്ടാതെ ഓർക്കൂ, ഇതെൻ ശപഥം"
തോൽവിയിൽ തന്നെത്തന്നെ പണയം വച്ചു രാജൻ,
താനും സഹോദരരും കൗരവർതൻ ദാസരായ്
ആഗ്രഹിച്ചപോൽതന്നെ ലക്ഷ്യമെത്തിക്കഴിഞ്ഞു
ആരും ചോദിക്കാനില്ല, ചൊല്ലീ വിധി കൗരവർ
"ആനനവും മാനവും രാജ്യവും നഷ്ടമായോർ
കാനനവാസത്തിന്നു പോണം പന്ത്രണ്ടു വർഷം
ശേഷമൊരു വർഷത്തെ അജ്ഞാതവാസം വേണം;
വർഷം പന്ത്രണ്ടു വീണ്ടും, കണ്ടുപിടിച്ചെന്നാലോ"
ആ വിധി സ്വീകരിക്ക മാത്രമേ മാർഗ്ഗമുള്ളൂ
ആരണ്യം ലക്ഷ്യമാക്കി പോകേണമുടൻതന്നെ!
പാണ്ഡവരുടെ വനവാസം
ആരുമേ കണ്ടിടാതെ പാണ്ഡവരെത്തി കാമ്യ-
കാരണ്യകം തന്നിലായ് സരസ്വതീ നദിതൻ
വിസ്തൃതതടങ്ങളിൽ പക്ഷിമൃഗാദികൾതൻ
സ്വസ്ഥവിഹാരരംഗമാകും കാനനത്തിങ്കൽ
തപസ്സനുഷ്ഠിക്കുവാനായീ വനം ഋഷിമാർ
തപോവനമായിട്ടുത്തമമായിക്കരുതൂ
സൂര്യനെ ധ്യാനിച്ചിട്ടു ധർമ്മപുത്രരാർജ്ജിച്ചു
കാര്യസിദ്ധിയായ് ഭോജ്യം പതിമ്മൂന്നു വർഷത്തെ
പാണ്ഡവരീവനത്തിൽ വസിക്കേ കാണ്മാനായ് മാർ-
ക്കണ്ഡേയ, നാരദന്മാർ എത്തീയാശ്വാസവുമായ്
വിദുരർ അപേക്ഷിച്ചു ധൃതരാഷ്ട്രരോടായി
വിളിക്കൂ മടിക്കാതെ പാണ്ഡവരെത്തിരിച്ചു
ചെവിക്കൊണ്ടില്ല തെല്ലും ധൃതരാഷ്ട്രരൊന്നുമേ
ചെവിയും മൂടിക്കെട്ടിക്കണ്കൾപോലിരുട്ടാക്കി!
മൈത്രേയന്റെ മന്ത്രണം ദുര്യോധനൻ തള്ളേയാ
മാമുനി ശപിച്ചു "നിന്നന്ത്യം ഭീമന്റെ കയ്യാൽ "
വിദുര സഞ്ജയന്മാർ ചെന്നാശ്വസിപ്പിച്ചൂ, കൈ-
വിടുവാനാവില്ലല്ലോ ബന്ധുവേയാപത്തിങ്കൽ!
കൌരവരേറെ ശ്രമം നടത്തീ പാണ്ഡവരെ
കൊല്ലുവാനീ വനത്തിൽ, ഒന്നുമേ നടന്നില്ല
നരഭോജി കിർമ്മീരൻ ഭീമനോടേറ്റുമുട്ടി
നരകത്തിലെത്തിച്ചവനേ ഭീമസേനനും
വ്യാസമഹർഷിയെത്തി യുധിഷ്ഠിരന്നു നൽകി
വേഗേന സഞ്ചരിക്കുവാനുള്ള മന്ത്രതന്ത്രം
*** *** ***
അർജ്ജുനൻ സഞ്ചരിച്ചു ഉത്തരദിക്കിലേക്കായ്
ആർജ്ജിച്ചിടുന്നതിന്നായ് ദിവ്യാസ്ത്രങ്ങളൊക്കെയും
കാനനച്ചോലയിലായ് പാർത്ഥൻ സ്നാനം ചെയ് വതേ
കണ്ടോരു നാഗകന്യ ഉലൂപിക്കേറീ ഭ്രമം
വേഴ്ചക്കായ് നിർബന്ധിക്കേ മാർഗ്ഗമില്ലാതർജ്ജുനൻ
വേട്ടവളേയെന്നിട്ടു തുടർന്നു തന്റെ യാത്ര
പുത്രനവർക്കുണ്ടായി ഇരാവാനെന്ന പേരിൽ
പാർത്ഥനറിഞ്ഞതില്ല ആക്കാര്യമേറെക്കാലം
എത്തുകയായി പാർത്ഥൻ ദൂരേ മണിപ്പൂരിലായ്
ചിത്രാംഗദയെക്കാണ്കേ വേൾക്കുവാനാഗ്രഹമായ്
ചിത്രാംഗദതൻ പിതാവിന്റെ സമക്ഷമെത്തി
ചിത്രാംഗദയെപ്പാണിഗ്രഹണം ചെയ്യാനുള്ള
താൽപ്പര്യമറിയിക്കെ ചിത്രവാഹകൻ ചൊല്ലി
"താൽപ്പര്യമൊക്കെക്കൊള്ളാം ചിത്രാംഗദയാകട്ടെ
എന്നുടെയൊരേ പുത്രി, എന്റെപിൻഗാമിയല്ലോ
എന്റ സ്വത്തെല്ലാത്തിനും അവകാശിയാമവൾ
വേൾക്കുകിൽ എൻപുത്രിയേ കുട്ടികളുണ്ടായെന്നാൽ
വേണമവൾ എന്റെകൂടൊപ്പമാ കുഞ്ഞുങ്ങളും
നീയാഗ്രഹിപ്പതാട്ടെ തിരികെപ്പോകാനെങ്കിൽ
ആയിടാമപ്രകാരം ഒറ്റക്കു പോകേണ്ടിടും"
പാർത്ഥൻ സമ്മതം മൂളീ അത്രയേറെയിഷ്ടമാം
ചിത്രാംഗദയോടായി, നടന്നു വിവാഹവും
പാർത്ഥനുണ്ടാകേ ബബ്രുവാഹനനെന്നപുത്രൻ
യാത്രയായല്ലോ വീണ്ടും കൂട്ടാതെ കുടുംബത്തെ
തൻപിതാവാമിന്ദ്രനെ കണ്ടുമുട്ടിയർജ്ജുനൻ
അൻപോടുചൊല്ലിയിന്ദ്രൻ ധ്യാനിച്ചിടൂ ശിവനേ
തന്നേ ധ്യാനിച്ചിടുന്ന പാർത്ഥന്റെയിച്ഛയെന്താ-
ണെന്നറിയേ ശങ്കരൻ കിരാതന്റെ വേഷത്തിൽ
എത്തീയർജ്ജുനന്നുമായ് ഏറ്റുമുട്ടി, തോൽപ്പിച്ചു
പാർത്ഥനെ, നിരായുധനാക്കിയ ശേഷം തന്റെ
വ്യക്തിത്വം വെളിവാക്കി,യൊപ്പംതന്നെ പാശുപ-
താസ്ത്രമന്ത്രവും ചൊല്ലിക്കൊടുത്താശിസ്സുമേകി
ഇന്ദ്രനും കുബേരനും യമനും പ്രചേതസ്സും
ചെന്നൂ, നൽകീയവരും തന്നുടെ ദിവ്യാസ്ത്രങ്ങൾ
*** *** ***
ധർമ്മപുത്രരെക്കാണാൻ എത്തുകയായൊരിക്കൽ
ദേവർഷിയാം നാരദർ, സന്തുഷ്ടരായ് പാണ്ഡവർ
"രാജസൂയം നടത്തി ശ്രേഷ്ഠരിൽ ശ്രേഷ്ഠനായ
രാജാരാജനാം നിനക്കെന്തുചെയ്‌തീടണം ഞാൻ?"
ചോദിച്ചു മുനിശ്രേഷ്ഠൻ യുധിഷ്ഠിരന്നോടായി
ചൊല്ലിയെന്നിട്ടു, ഭീഷ്മർ പുലസ്ത്യ മുനിയിൽനിന്ന്
പണ്ടു ചോദിച്ചറിഞ്ഞു ചെയ്തോരുപദേശത്തെ
"പോകൂ തീർത്ഥയാത്രക്കായ് കാണൂ ഏറെ സ്ഥലങ്ങൾ
പുണ്യതീർത്ഥങ്ങളിലും ശ്രേഷ്ഠ മുനിമാർ വാഴും
പുണ്യാശ്രമങ്ങളിലും നടത്തൂ സന്ദർശനം"
നേടിടൂ വേറിട്ടുള്ള ജ്ഞാനാനുഭവാദികൾ
നേടിയപോൽ പ്രസിദ്ധ ശ്രേഷ്ഠരാകും ഋഷിമാർ
ചൊല്ലാമിന്ദ്രനോടായ് ഞാൻ കൂട്ടിനായിട്ടയക്കാൻ
തെല്ലും താമസിക്കാതെ ലോമാഷ മഹർഷിയേ
യാത്രയാകേ നാരദർ യുധിഷ്ഠിരനാകട്ടെ
ചിന്തിക്കയായിനിയും എന്തുചെയ്‌തീട വേണം?
പാണ്ഡവ പുരോഹിതർ ധൗമ്യനേ വരുത്തിടാം
പുണ്യതീർത്ഥാദികളേപ്പറ്റി ജ്ഞാനമുള്ളയാൾ
പുണ്യമാം തീർത്ഥങ്ങളും ആശ്രമങ്ങളും തഥാ
പർവ്വതങ്ങളുംമറ്റും ഏവയെന്നതും ഏതു
ദിക്കിലാണെന്നും ധൗമ്യൻ ചൊല്ലിക്കൊടുത്തിട്ടുപ-
ദേശവും നൽകേയെത്തി ലോമാഷ മഹർഷിയും
പാണ്ഡവരിൽ നാൽവരും ലോമാഷ മഹർഷിയും
പാഞ്ചാലിയും യാത്രയായ് പരിവാരങ്ങളോടൊത്ത്
പൂർവ്വദിക്കു ലക്ഷ്യമായ്, നാളെത്രയെടുത്താലും
പാപങ്ങളൊക്കെപ്പുണ്യതീർത്ഥങ്ങളിൽ ഒഴുക്കാൻ,
പുണ്യസാഫല്യങ്ങളും കീർത്തി നേടീടാനും രി-
പുക്കളെത്തോൽപ്പിച്ചിന്ദ്രപ്രസ്ഥം തിരികേ നേടാൻ
സന്ദർശിച്ചവരേറെ പുണ്യാശ്രമങ്ങളൊപ്പം
വന്ദിച്ചനുഗ്രഹങ്ങൾ നേടീ ഋഷിമാർതന്റെ
യാത്രതുടരേയെത്തി ഗന്ധമാദാനതന്നിൽ
പാർത്തീടവേണം ഋഷീവരൻ ധനജ്ഞയന്നെ
ധനജ്ഞയനേക്കാണാൻ യുധിഷ്ഠിരൻ യാത്രയായി
തനിച്ചായി ദ്രൗപതീം ഭീമനും കനിഷ്ഠരും
സൗഗന്ധിക പുഷ്പത്തിനായ്
ഭീമന്റെ യാത്ര
എത്തുകയായവിടേക്കേറ്റം സ്വർഗ്ഗീയമാകും
ഗന്ധവുമൊപ്പം പുഷ്പദളവും ശക്തിയേറും
കാറ്റിലൂടെ വടക്കുകിഴക്കേ ദിക്കിൽ നിന്നും
കാറ്റിലേ ഗന്ധമേൽക്കേ, കണ്ടിടേപുഷ്പദളം
പാഞ്ചാലിക്കുണ്ടായേറെയിഷ്ടമാപുഷ്‌ത്തോടായ്
പാരം സന്തോഷമോടേ ചൊല്ലീ ഭീമനോടായി
"സൗഗന്ധിക പുഷ്പത്തിൻ ഗന്ധം തന്നല്ലോയിത്
മാർഗമെന്തേ കിട്ടുവാൻ വേണമെനിക്കീ പുഷ്പം
ഏകുവാൻ യുധിഷ്ഠിര,ന്നേകുവാൻ മറ്റുള്ളോർക്കും
പോകേതിരികേ കാമ്യകത്തേക്കും, കൊണ്ടുപോകാൻ
അല്ലയോ ഭീമസേനാ പോകില്ലേ കൊണ്ടു വരാൻ
തെല്ലും മടിച്ചിടാതെ എനിക്കായ് കുറേ പുഷ്പം?"
തന്റെയും പത്നിയല്ലോ പ്രീതി നേടീടവേണം
തന്റേടമോടേ ഭീമൻ "ചൊല്ലി "ഞാൻ പോയിവരാം,
കൊണ്ടുവന്നീടും കൂടെ സൗഗന്ധിക പുഷ്പത്തെ
രണ്ടുമൂന്നു ദിനങ്ങൾ കാത്തിരുന്നീടൂ പ്രിയേ"
മാരുതി പുറപ്പെട്ടൂ വായൂവേഗത്തിൽ തന്നെ
കാര്യഗൗരവം പേറി ആരുമേ തടഞ്ഞീടാ
ഏറെയുണ്ടായ് തടസ്സം നീക്കീയവയൊക്കെയും
പാറപോലുള്ളദേഹം ശക്തിയേറിയതല്ലോ
എത്തിടേ ഉൾവനത്തിൽ വന്യമൃഗങ്ങളേറെ
എത്തീയാക്രമിക്കുവാൻ കൊന്നവയേയൊക്കെയും
വാനര ശ്രേഷ്ഠരാകും ബാലിസുഗ്രീവന്മാർതൻ
വന്യസങ്കേതമാകും കിഷ്ക്കിന്ധ രാജ്യമല്ലോ
വാനാരോപദേഷ്ടാവാം, മാരുതപുത്രൻ ഭീമൻ
തന്നുടെ ജ്യേഷ്ഠൻ, ഹനുമാനുണ്ടിവിടെത്തന്നെ
ഭീമസേനന്റെ വരവുണ്ടാകുമെന്ന കാര്യം
ഭാവനതന്നിലൂടെ കണ്ടിതല്ലോ ഹനുമാൻ
ഭീമനും ഹനുമാനും നേർക്കുനേർ
മുന്നോട്ടു പോകേ ഭീമൻ കാണ്കയായ് വഴിമദ്ധ്യേ
മാർഗ്ഗതടസ്സമായി ഭീമാകാരനാകുന്ന
വൃദ്ധനാകും മർക്കടൻ മയക്കത്തിലെന്നോണം,
വാലതും ഭീമമല്ലോ വഴിയില്ലൊട്ടുംതന്നെ
ഏഴുദിക്കും പൊട്ടുമാറാക്രോശിച്ചിതേ ഭീമൻ
"പാഴ്ക്കിളവാ മർക്കടാ വഴിമാറിക്കിടക്കൂ
അല്ലെന്നാലെന്റെയീ ദൺഡെടുക്കും നിന്റെ ജീവൻ
ഇല്ലയോ നിനക്കൊട്ടും കൊതി നിന്റെ ജീവനിൽ?"
"വയസ്സേറെച്ചെന്നോരു വൃദ്ധനാം മർക്കടൻ ഞാൻ
ദയയൽപ്പം കാട്ടീടൂ എഴുന്നേൽക്കാനായീടാ
ചാടിക്കടന്നുകൊള്ളൂ എന്റെ മുകളിലൂടെ
ചാടുവാൻ മടിയുണ്ടേൽ മാർഗ്ഗമുണ്ടല്ലോ വേറേ
ഗദകൊണ്ടെൻ വാലൊന്നു പൊക്കിമാറ്റീട്ടു പോകൂ
സദാ നിനക്കുണ്ടാകും കൃപയീശ്വരൻ തന്റെ
മർക്കടനേവംചൊല്ലേ ദയതോന്നി ഭീമനും
'മാർഗ്ഗമുണ്ടേലേ ലക്ഷ്യം പ്രാപിക്കൂ' എന്നറിയാം
മാരുതി വാലുപൊക്കാൻ എത്രയോ ശ്രമിച്ചിട്ടും
മാറ്റുവാനായില്ലാ, ശ്രമമൊക്കെപ്പാഴായി
സംശയമായ് ആരിവൻ? "ചതിയെന്തോ ഉണ്ടിതിൽ
വാശി തന്റേതുപേക്ഷിച്ച് അറിയാമാരിവനെന്ന്
"അല്ലാ വെറും മർക്കടനെന്നകാര്യമറിവായ്
ചൊല്ലിടൂ, ആരങ്ങെന്നതറിയാനുണ്ടാകാംക്ഷ"
വീണ്ടെടുത്തു ഹനുമാൻ തൻസ്വരൂപമെന്നിട്ടു
വായുപുത്രനാം തന്റെ കനിഷ്ഠനോടായ് ചൊന്നു
"അഹങ്കാരം നിന്റേതു പോയെന്നാൽ ചൊല്ലിടാം ഞാൻ
അഹമാരെന്നും എന്തിന്നിങ്ങനെ ചെയ്തുവെന്നും
കിഷ്ക്കിന്ധ രാജ്യമാമിത് മാരുതപുത്രൻ, നിന്റെ
ജ്യേഷ്ഠനാം ഹനുമാൻ, ഞാൻ, നിൻസഹായത്തിനെത്തി"
പുണർന്നിട്ടു ഭീമന്നെ ഹനുമാൻ ചൊല്ലുകയായ്
"മണക്കും സൗഗന്ധികം എവിടെന്നു ചൊല്ലിടാം ഞാൻ
"പോയിടാ ദിക്കിലപ്പോളെത്തിടും കുബേരന്റെ
മായാമോഹനോദ്യാനം തന്നിൽ താമസിക്കാതെ
രാക്ഷസന്മാരെക്കാവൽ നിർത്തിയിട്ടുണ്ടാകുമാ-
രേയുംതന്നെ കടത്തിവിടുകില്ല സൂക്ഷിക്കൂ
ജ്യേഷ്ഠന്റെയനുഗ്രഹം വാങ്ങി ഭീമൻ യാത്രയായി
കഷ്ടപ്പെടാതെയെത്തി കുബേരോദ്യാനം തന്നിൽ
രാക്ഷസരെത്തോൽപ്പിച്ചു സൗഗന്ധികങ്ങൾ ശേഖ-
രിച്ചു ഭീമൻ വേണ്ടത്ര
കുബേരന്നറിവോടെ
*** *** ***
തിരികേയെത്തേ ധർമ്മപുത്രരും ഋഷിമാരും
തിരഞ്ഞു ധർമ്മപുത്രർ ദ്രൗപാതിയോടായെങ്ങേ
ഭീമസേനൻ, അവന്നേ കാണാതെവന്നീടവേ,
"ഭീമസേനൻ പോയിതേ വടക്കുകിഴക്കുള്ള
ദിക്കിൽ സൌഗന്ധിക പുഷ്പങ്ങൾ ശേഖരിക്കാനെ-
നിക്കായി, ഞാനായിട്ടു വിട്ടതല്ലോ ഭീമനേ
ആ ദിക്കിൽ നിന്നുവന്ന കാറ്റിലെ സുഗന്ധവും
ആരെയും മോഹിപ്പിക്കും ആ പുഷ്പത്തിൻ ദളവും
എന്നെയും മോഹിപ്പിച്ചു, ഏറെയാഗ്രഹിച്ചുപോയ്,
പിന്നൊന്നും ചിന്തിച്ചില്ല ചൊല്ലി ഭീമനോടായ്ഞാൻ"
ആപത്തു നിറഞ്ഞോരു സ്ഥലമാണല്ലോയത്
അന്വേഷിച്ചിട്ടവന്നെ പോകവേണ്ടും നമുക്ക് "
പോയവർ എല്ലാവരും ലോമേഷ ഋഷിയോടൊത്ത്
പോകേ വനത്തിൽ കണ്ടു ഘടോൽക്കചനന്നേയും
തോളിലേറ്റിക്കൊള്ളേണം ദ്രൗപാതീയമ്മയേ നീ
തീർത്തും ദുർഘടമാമീ കാനനത്തിൽ നടക്ക
താമസിയാതെയെത്തി കുബേരന്റെയുദ്യാനേ
ഭീമനേയും കണ്ടെത്തി, തിരികേയും പോകയായ്
. ജടാസുര വധം
കൂടെച്ചേർന്നവർക്കൊപ്പം ബ്രാഹ്മണനേപ്പോലൊരാൾ
കാട്ടിൽ വച്ചെന്നാലാർക്കും സംശയമുണ്ടായില്ല
വിശ്രമിക്കേയിടക്കു ഭീമനും മറ്റുള്ളോരും
വേവ്വേറേ കാര്യങ്ങൾക്കായ് പൊയിടേ, പലമാർഗ്ഗേ
യുധിഷ്ഠിരനും രണ്ടു കനിഷ്ടരും ദ്രൗപതീം
തനിച്ചാകേ പെട്ടെന്നാ ബ്രാഹ്മണൻ ഭീമാകാര
രാക്ഷസരൂപം പൂണ്ടു, ജടാസുരനാമവൻ
രക്ഷിക്കാൻ ഭീമനില്ലയെന്നുകണ്ടവൻ വേഗം
പൊക്കിയെടുത്തു ബലവത്താം കൈകളിൽ
പാണ്ഡവർ മൂവരേയും ദ്രൗപതിയേയും തഥാ
ആയുധ ശേഖരവും കൊണ്ടു വനത്തിലേറി
ആയുധവും ദ്രൗപതീമാണവന്റെതാം ലക്ഷ്യം
രക്ഷപ്പെട്ടല്ലോ സഹദേവൻ ജടാസുരൻക-
രങ്ങളിൽ നിന്നെന്നിട്ടു ഭീമനേ വിളിക്കയായ്
താമസിയാതെയെത്തി ഭീമനെന്നിട്ടുകൊന്നാ
ഭീമനാം രാക്ഷസന്നെ, ആയുധം വീണ്ടെടുത്തു
എത്തിടേ കാമ്യകത്തിൽ, ഏറെനാളാകും മുമ്പേ
എത്തീ സവ്യസാചിയും യശസ്ത്ര ശേഖരവുമായ്
കൃഷ്ണനുമെത്തീടവേ യുധിഷ്ഠിരൻ ചൊൽകയായ്
"കൃഷ്ണാ നീയായീടണം രക്ഷകൻ ഞങ്ങൾക്കുള്ള"
ജയദ്രഥന്റെ പഞ്ചാലീഹരണം
യുധിഷ്ഠിരനും മറ്റു മുതിർന്നവരും വേട്ട-
യാടുവാൻ കാട്ടിൽപോകേ ജയദ്രഥനങ്ങെത്തി
പിടിച്ചുകൊണ്ടുപോയി ബലമായ് പാഞ്ചാലിയേ
വിടന്മാർ കാട്ടുംവിധം പ്രത്യാഘാതമോർക്കാതെ
പിറകേയെത്തിയോരാ പാണ്ഡവസോദരരോ
പഴുതില്ലാത്തവിധം പിൻതുടർന്നെത്തിയിട്ടു
ജയദ്രഥനോടേറ്റു മുട്ടിത്തോൽപ്പിച്ചവന്നെ
ജഡതുല്യമായ് മറ്റി കൊല്ലാതെവിട്ടെന്നാലും
'ദുശ്ശളാഭർത്താ'വെന്ന, ധർമ്മപുത്രർതന്നുടേ
ദാക്ഷിണ്യമേകിയിട്ടു, കാരുണ്യവാനല്ലയോ
പാണ്ഡവർ വിട്ടുപോയി കാമ്യകം അന്നു തന്നെ
പോയതാകട്ടേ ദ്വൈതവനത്തിലേക്കു തന്നെ
യക്ഷനായ് ധർമ്മദേവൻ
യുധിഷ്ഠിരന്റെ മുന്നിൽ
അർജ്ജുനൻ നകുലസഹദേവരൊത്തു
അന്വേഷിക്കവേ വെള്ളം, തടാകതീരേയെത്തി
കാവൽ നിൽപ്പുണ്ടൊരു യക്ഷൻ താടാകത്തിന്നായി
കാണവേയവരോടായ് ചൊല്ലുകയായി യക്ഷൻ
"എന്റെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തന്നീടാതേ
തന്റേടമോടെ നിങ്ങൾ ഈ വെള്ളം കുടിക്കുകിൽ
അന്ത്യമാകും നിങ്ങൾതൻ മാറ്റമില്ലതിന്നൊട്ടും
ആരുമായ്ക്കോട്ടേ നിങ്ങൾ, ഇല്ലെനിക്കൊട്ടും ഖേദം"
കേട്ടഭാവമില്ലാതെ ജലം കോരിക്കുടിക്കേ
പെട്ടെന്നു ബോധംകെട്ടു വീണുപോയീ നകുലൻ
കാര്യമതാവർത്തിക്കേ സഹദേവാർജ്ജുനന്മാർ
മാരണം സംഭവിച്ചു ഒപ്പമവർക്കു രണ്ടും
ദീർഘനേരമായിട്ടും സോദരരേ കാണാഞ്ഞു
ധർമ്മപുത്രരയച്ചു ഭീമനേ തടാകത്തിൽ
എത്തീടവേ ഭീമനുമതേപോലെതന്നെയാ-
വർത്തിക്കയാലുണ്ടായ് മരണം, അനിവാര്യം
ഏറെത്താമസിക്കയാൽ നാൽവരും തിരിച്ചെത്താൻ
ഏറുമാകാംക്ഷയോടെ പോയീ യുധിഷ്ഠിരനും
സങ്കടമുണ്ടായേറെ മരിച്ചപോൽക്കിടന്ന
സോദരരേക്കണ്ടിടെ ജ്യേഷ്ഠൻ യുധിഷ്ഠിരന്ന്
യക്ഷന്റെ താക്കീതിനേ മാനിച്ചു കൊണ്ടു തന്നെ
യുധിഷ്ഠിരൻ തയ്യാറായ് ചോദ്യങ്ങൾ നേരീടുവാൻ
ആവർത്തിക്കയായ് യക്ഷൻ യുധിഷ്ഠിരന്നോടുമാ
ആരുമേയിഷ്ടപ്പെടാ ചോദ്യോത്തരാവലി
ഏറെ ബുദ്ധിമാനാകും യുധിഷ്ഠിരന്നറിയാം
ഏതോരുചോദ്യത്തിനും യോജിക്കുമുത്തരങ്ങൾ
നൂറു ചോദ്യങ്ങൾക്കെല്ലാം കൃത്യമായിട്ടുത്തരം
നൽകീട്ടു യുധിഷ്ഠിരൻ യക്ഷനോടായ് ചോദിച്ചു
"യക്ഷനല്ലയങ്ങേതോ ദിവ്യനാമുറപ്പല്ലോ
ശിക്ഷപോലെന്തിന്നെടുത്തീ നാലുജീവിതങ്ങൾ?"
ചൊല്ലിടാം, നിൻതാതനാം ധർമ്മരാജനല്ലോ ഞാൻ
നല്ലപോൽനിൻ നീതിധർമ്മം പരീക്ഷിക്കാനെത്തിഞാൻ
സംപ്രീതനാം ഞാൻ, വരമായെന്തുവേണം ചൊല്ലൂ
സാധ്യമാക്കിത്തന്നീടാം ധർമ്മം വിട്ടുപോകൊലാ"
"അജ്ഞാതവാസകാലം ഒരുവർഷമന്നേരം
ആരും ഞങ്ങളെക്കണ്ടുപിടിക്കാതിരിക്കുവാൻ
വരംതന്നിടൂ താതാ, ഉണർത്തെൻ സോദരരേ
വനവാസം തീർന്നീടും ഉടനേയങ്ങറിയൂ."
"തഥാസ്തു, പേടിക്കേണ്ടാ, ഉണർന്നിതാ കനിഷ്ഠർ"
തഥാ ആശിസ്സുമേകി മറഞ്ഞു ധർമ്മദേവൻ
പാണ്ഡവരുടെ അജ്ഞാതവാസം
കാനന വാസംതീരേ പോയീവിരാടരാജ-
ധാനിതന്നിൽ അജ്ഞാതവാസവും പൂർത്തിയാക്കാൻ
കങ്കനായ് യുധിഷ്ഠിരൻ, വല്ലവനായ് ഭീമനും,
ക്ലീബന്‍ ബ്രിഹന്ദളയായ് പാർത്ഥനും പേരുമാറ്റേ,
ഗ്രന്ധികയായ് നകുലൻ, സഹദേവനാകട്ടെ
തന്തിപാലകനാകേ, പാഞ്ചാലി സൈരന്ധ്രിയും.
ബ്രഹ്മോത്സവം നടക്കേ മല്ലനാം ജീമൂതന്നെ
ഭീമനാകും വല്ലവൻ അടിപ്പെടുത്തിക്കൊന്നു
സൈരന്ധ്രിയാം കൃഷ്ണയിൽ കാമാന്ധനായ രാജ-
സ്യാലനാം കീചകന്നെ വല്ലവൻ കൊന്നിതല്ലോ
"ചത്തതു കീചകനോ, കൊന്നതു ഭീമൻ തന്നെ"
വാർത്തകേട്ട കൗരവർക്കാശങ്ക തോന്നീടവേ
ത്രിഗർത്തരാജാവാകും സുശർമ്മാവുമായ്ചേർന്നു
വേഗത്തിലാലോലിച്ചശേഷം തീരുമാനിച്ചു
ആക്രമിക്കാൻ വിരാടരാജ്യത്തെയുടൻ തന്നെ
ആക്രമിച്ചവർ രണ്ടുദിക്കുകളിൽ നിന്നെന്നാൽ
ബല്ലവനനായാസം തോൽപ്പിച്ചു ത്രിഗർത്തനേ
ബന്ധനസ്ഥനാക്കീട്ടു ഓടിച്ചു സൈന്യത്തെയും
വിരാടന്റെ ഗോക്കളെ കൗരവർ മോഷ്ടിച്ചിടേ
സൈരന്ധ്രിയെ ഉത്തരൻ തന്റെ തേരാളിയാക്കി
കൗരവരെ നേരിടാൻ എത്തിയെന്നാലുമവൻ
കൗരവരെ കണ്ടിടേ ഭയത്താലെ പിന്മാറി
ബാലിശമാം പ്രവർത്തി കാണേ തേർതെളിച്ചു
ബ്രിഹന്ദളയാം പാർത്ഥൻ തോൽപ്പിച്ചൂ കൗരവരെ
തോറ്റൂ കൗരവരെന്ന വാർത്തയറിഞ്ഞീടവേ
തോൽപ്പിച്ചതോതൻ പുത്രൻ ഉത്തരനെന്നു
ധരിച്ചൂ വിരാടരും, തിരുത്തിയുത്തരനും
തിരിച്ചെത്തേ സത്യം തുറന്നു പറഞ്ഞിട്ട്
പാരം സന്തോഷമായി വിരാടരാജാവിന്നു
ആരാണു വിരുന്നുകാരെന്ന സത്യമറിയേ
പുത്രിയാം ഉത്തരയെ പാർത്ഥന്നു ദാനം ചെയ്കേ
പാർത്ഥൻ ചൊല്ലി "ഉത്തരയേയഭിമന്യുവിന്നേകൂ
സന്തോഷമുള്ളകാര്യം, പാണ്ഡവർ ബന്ധുവാകിൽ
സാധ്യമാക്കിക്കൊടുത്തു വിരാടരാജൻ വേഗം
കൗരവർക്കായതില്ല പാണ്ഡവർതന്നജ്ഞാത
കാലവാസം പൊളിക്കാൻ എത്രശ്രമിച്ചെന്നാലും
പോയിടുംമുൻപേതിരിച്ചിന്ദ്രപ്രസ്ഥലേക്കു
പാണ്ഡവരും ബന്ധുവാം രാജാക്കന്മാരും ചേർന്നു
ആലോചിച്ചെവ്വിധത്തിൽ നേരിടാൻ കൗരവരേ
അർദ്ധരാജ്യം പാണ്ഡവർക്കേകുവാൻ മടിക്കുകിൽ
യുദ്ധമൊഴിവാക്കുവാൻ സാധ്യമാകാതെ വന്നാൽ
യുദ്ധസന്നാഹമൊരുക്കേണമെല്ലാ രാജ്യവും
പാണ്ഡവർതന്നജ്ഞാത വാസം തീരവേതന്നെ
പാണ്ഡവരെത്തി രാജ്യം തിരിച്ചാവശ്യപ്പെടിൽ
കൊടുക്കാതിരിക്കാനും ആവശ്യമെന്നു കണ്ടാൽ
കൊടും യുദ്ധത്തിനായും ബന്ധുരാജ്യങ്ങളുമായ്
ആലോചിച്ചുറപ്പിച്ചു ദുര്യോധനപ്രാമാണ്യേ
ആരംഭിക്കയുംചെയ്തു യുദ്ധസന്നാഹങ്ങളും
പൂർത്തിയാക്കേയജ്ഞാതവാസം, തിരികേയെത്തി,
പാണ്ഡവർ ഇന്ദ്രപ്രസ്ഥേ, ചോദിക്കാൻ പാതിരാജ്യം
പാതിരാജ്യവകാശവുമായി പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ - .
. ഭഗവത് ദൂത്
പാതിരാജ്യം തരുവാൻ ആവശ്യപ്പെട്ടിടേണം
പോയീടവേണം ദൂതൻ, പാണ്ഡവപക്ഷത്തിന്റെ
ദൂതുമായാദ്യം പോയി ദ്രുപദനൻതൻ പുരോഹിതൻ
ദൗത്യമെന്നാൽ വിഫലം, നിഷേധിച്ചു കൗരവർ
രണ്ടാമതായിപ്പോയി മാന്യനാകും സഞ്ജയൻ
വേണ്ടുമടുപ്പമുള്ളോൻ ധൃതരാഷ്ട്രരുമായി
ഫലമുണ്ടായില്ലെന്നാൽ ദുര്യോധനന്റെ രൂക്ഷ
നിലപാടുകാരണം മദയാനയെപ്പോലെ!
കൃഷ്ണനേറ്റെടുത്തല്ലോ ദൗത്യം മൂന്നാമനായി
കാര്യമെന്തുമാകട്ടേ തീരുമാനമുണ്ടാകും
പാതിരാജ്യമെങ്കിലും ലഭിക്കേണമല്ലെങ്കി-
ലെത്തിടും കാര്യമാകേ നേരേ യുദ്ധപാതയിൽ
ദൂതനായ് പോയി കൃഷ്ണൻ യുധിഷ്ഠിരന്നു വേണ്ടി,
യുദ്ധമൊഴിവാക്കാനായ് മാർഗ്ഗമാരായ്കയായി
അറിയാം യുദ്ധത്തിലേ അവസാനിക്കൂ എല്ലാം
അറിയാതെ പോകുമോ ത്രികാലജ്ഞനാം കൃഷ്ണൻ!
ദുര്യോധനന്നൊരുക്കി കൃഷ്ണനായ് സിംഹാസനം
ആരും യോഗ്യരല്ലേ,ലിരിക്കെത്തലപോയിടും !
ശന്തനു രാജൻതന്റെ ശാപമുണ്ടായിരുന്നാ
സിംഹാസനത്തിനെന്നബോധ്യം കൗരവർക്കുണ്ട്
കൗരവരാം ശ്രേഷ്ഠരാരും അറിഞ്ഞതില്ല
ദുര്യോധനന്റെയീവൻ വക്രബുദ്ധിയെപ്പറ്റി
ശ്രേഷ്ഠരെല്ലാമിരിക്കേ രാജസഭതന്നിലായ്
കൃഷ്ണൻ തൻദൗത്യത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി
"പാണ്ഡവർതൻ കൈവശം ആയിരുന്നൊരീ രാജ്യം
പാഴ്ചൂതാട്ടത്തിൽക്കൂടല്ലയോനേടീ നിങ്ങൾ
കഷ്ടപ്പെട്ടില്ലേയവർ പതിമ്മൂന്നു വർഷങ്ങൾ?
ഒട്ടുമേനിങ്ങൾക്കേതും ബാധ്യതയായീടാതെ?
ആഗ്രഹിക്കുന്നില്ലവർ മൊത്തവും രാജ്യമെന്നാൽ
ആഗ്രഹിച്ചീടുന്നവർ ശാന്തിയുമർദ്ധരാജ്യോം
"പാണ്ഡവരർഹരല്ലോ, സോദരരുമാണവർ
പാതിരാജ്യം അവർക്കായ് കൊടുക്കാൻ മടിക്കേണ്ടാ"
ശ്രേഷ്ഠരൊക്കെയും അതോടൊത്തു യോജിച്ചീടവേ
ദുര്യോധനന്നനാട്ടേ എതിർക്കയായതിന്നെ
എല്ലാംപരിത്യജിച്ചു പോയതല്ലയോഅവർ
ഇല്ലാ, തരില്ല"യെന്നു ശഠിച്ചു ദുര്യോധനൻ
അഞ്ചാതെ കൗരവരോടോതി ശ്യാമവർണ്ണനും
"അഞ്ചു ദേശങ്ങളേകൂ തൃപ്തരായീടുമവർ"
"സാദ്ധ്യമല്ലതു"മെന്നു ദുര്യോധനനും തീർത്തും
ബോധിപ്പിച്ചീടെകൃഷ്ണൻ ഒന്നുകൂടയഞ്ഞിതേ
"തന്നീടെന്നാലൊരൊറ്റ ദേശമെങ്കിലു"മെന്നു
ചൊന്നവൻ, വന്നകോപം തന്നുള്ളിലായൊതുക്കി
"ഇല്ലാ"യെന്നവൻ ചൊല്ലേ,"എങ്കിൽ താമസിക്കുവാൻ
"ഇല്ലങ്ങളഞ്ചു തരൂ" എന്നായി ശ്യാമവർണ്ണൻ
"ഇല്ലാ, തരില്ല സൂചികുത്താനിടമീമണ്ണിൽ"
തെല്ലും ദയകാട്ടാതെ ചൊല്ലീ ദുര്യോധനനും
ക്രോധമോടയാൾ രാജസദസ്സും വിട്ടുപോയി
കൂട്ടരോടൊത്തുതന്ത്രം മെനയാനായ്
തുടങ്ങി
ഗത്യന്തരമില്ലെന്നു വന്നിടേ പീതാംബരൻ
യുദ്ധമല്ലാതേയില്ല മാർഗ്ഗമെന്നുറപ്പാക്കി.
ദുര്യോധനന്റെ വക്രസംഘമായിടും ആശ്വ-
ത്ഥാമാ, ശകുനീ, കർണ്ണരിത്യാദികൾ
ഒത്തുകൂടിച്ചർച്ചകൾ ചെയ്തിട്ടെടുത്തതാട്ടേ
ഒട്ടുമേ മാന്യന്മാർക്കു ചേരാത്ത തീരുമാനം!
"യുദ്ധമനിവാര്യമായ് ഒഴിവാക്കിടാ, കൃഷ്ണൻ
ശത്രുപക്ഷത്തുണ്ടാകാ, എങ്കിലവർക്കാം ജയം
പോകാനിടം കൊടുക്കാ ബന്ധിയാക്കാമവന്നെ
പാണ്ഡവരറിയണ്ടാ കണ്ടതായ്പ്പറയണ്ടാ"
അന്യമനസ്സറിയാൻ കഴിവേറെയുള്ളോരു
സാത്യകിയറിയേയീ നികൃഷ്ടമാം വൃത്താന്തം
സഭാതലത്തിലെത്തി ശ്രേഷ്ഠരോടെല്ലാമായി,
ശ്യാമവർണ്ണൻ, ഭഗവാൻ ചൊല്ലുകയായക്കാര്യം
കേട്ടവരൊക്കെ ഞെട്ടി, എന്തു ഭോഷത്ത വാർത്ത,
കൃഷ്ണനോ കോപമേറി വിശ്വരൂപവും കാട്ടി
വിഷ്ണുവിൻ രൂപമല്ലോ പരിഭ്രമം സദസ്സിൽ
കൃഷ്ണനെന്നാലോ വീണ്ടും ശാന്തനായ് മാറിയല്ലോ
പോകയായിന്ദ്രപ്രസ്ഥം വിട്ടു ശ്യാമവർണ്ണനും
പാണ്ഡവർ തന്നടുത്തായ് നല്ലവാർത്തയില്ലാതെ
യുദ്ധമനിവാര്യമാണെന്നറിയേ കൃഷ്ണനാ-
യുദ്ധപര്യവസാനം എന്തെന്നും തീർച്ചയാക്കി
എത്രനാൾ യുദ്ധം നീണ്ടുപോകവേണമെന്നതും
എത്രപേർ മരിക്കേണം ഓരോപക്ഷത്തെന്നതും
ആർക്കൊക്കെയന്ത്യം വേണം, ആരതിജീവിക്കേണം,
അന്ത്യത്തിലാർക്കാം ജയം, എല്ലാം മുൻകൂട്ടിത്തന്നെ
ദർശിച്ചശേഷമല്ലോ കുരുക്ഷേത്രയുദ്ധത്തെ
സർവ്വകാലജ്ഞൻ കൃഷ്ണൻ സംഭവ്യമാക്കിത്തീർത്തു
യുദ്ധമുറകൾ ഏറെയരങ്ങേറിടാനായും, പത്തുമെട്ടും ദിനങ്ങൾ നീണ്ടുനിൽക്കുവാനായും!
കുരുക്ഷേത്രയുദ്ധ പ്രഖ്യാപനം
പ്രഖ്യാപിക്കയായ് യുദ്ധം മുഹൂർത്തം നോക്കി കൃഷ്ണ-
പക്ഷത്തിലമാവാസിദിനേയാരംഭിക്കണം
സരസ്വതീ നദീതൻതടത്തിൽ വിശാലമാം
കുരുക്ഷേത്രഭൂമിയിൽ യുദ്ധം നടത്തവേണം
സൂര്യോദയാസ്തമയമദ്ധ്യേമാത്രമാം യുദ്ധം
ആരേയുമാക്രമിക്ക ഒരാൾ മാത്രമാകണം
ഇരുകൂട്ടരൂടെയും സമ്മതപ്രകാരമേ
ഇരുട്ടായിക്കഴിഞ്ഞാൽ യുദ്ധം നടത്തിടാവൂ
ദ്വന്ദയുദ്ധമാകണം ഒരേയായുധത്തിനാൽ
ന്യായമല്ലാത്ത പോരിൽ ആരുമേർപ്പെട്ടുകൂടാ
പിന്തിരിഞ്ഞോടുന്നോരേ,മബോധാവസ്ഥയിലാ-
കുന്നവരേയുമൊന്നും ആക്രമിക്കൊലായാരും
യുദ്ധസന്നാഹത്തിനായ് തൻസോദരരേയൊക്കെ
യുധിഷ്ഠിരനേൽപ്പിച്ചു ഉത്തരവാദിത്വങ്ങൾ
സൈന്യാധിപൻമാരുമായാലോചിച്ചതിൻ ശേഷം
സർവ്വസൈന്യാധിപനായ് ധൃഷ്ടദ്യുമ്നനെയാക്കി
കൃഷ്ണൻ കൂടെയുണ്ടേലും യുദ്ധത്തിലേർപ്പെട്ടിടാ
ജിഷ്ണുവിൻ സാരഥിയായുള്ള കർത്തവ്യം മാത്രം
കൗരവർക്കു ഭീഷ്മരാം സർവ്വസൈന്യാധിപനായ്
കർണ്ണൻ കൂടെയുണ്ടേലും യുദ്ധമാദ്യം ചെയ്കൊലാ
പാണ്ഡവർക്കേഴ്ഔക്ഷണി, കൗരവർക്ക് മൂന്നേറെ,
പോരെങ്കിലോ കൃഷ്ണന്റെ നാരായണിപ്പടയും
യുദ്ധമാരംഭിച്ചിടും മുമ്പനുഗ്രഹം തേടി വന്ദിച്ചു യുധിഷ്ഠിരൻ ഭീഷ്മർതൻ കാലിൽ തൊട്ടു
യുദ്ധം തുടങ്ങും മുൻപായ് അർജ്ജുനന്നൊരുമോഹം
യുദ്ധഭൂവിൽനിരന്ന കൗരവരെക്കാണണം
സാരഥിയാം കൃഷ്ണൻ തേര് നിർത്തിക്കൊടുത്തു രണ്ടു
സൈന്യങ്ങൾക്കും നടുക്കായ് വ്യക്തമായെല്ലാം കാണ്മാൻ
മുൻനിരതന്നിലായി അർജുനൻ കാണേ തന്റെ
മുത്തച്ഛന്മാരെ,ഗുരുനാഥരെ, പിതാക്കളെ
കനിഷ്ഠ,ജ്യേഷ്ഠന്മാരെ ഭാഗിനേയരേ, തഥാ
സതീർത്ഥ്യരേയും ഭാര്യാസോദരരേ, പുത്രരേ
ഒന്നല്ല,യഞ്ചു പുരുഷാന്തരങ്ങളേയല്ലോ
മുന്നിൽ താൻ കാണ്മ,തതിൽ ഏറെയും തൻ ബന്ധുക്കൾ!
വല്ലാത്ത ചാഞ്ചല്യത്താൽ ചിന്തിയിലായി പാർത്ഥൻ
കൊല്ലുകിലിക്കൂട്ടരേ പാപംചെയ്കയല്ലോ താൻ
ചൊല്ലീ കൃഷ്ണനോടായി "ആവില്ലെനിക്കുയുദ്ധം
ചെയ്യുവാൻ കൊന്നീടുവാൻ എന്റേയീ ബന്ധുക്കളേ
. ഗീതോപദേശം
കൃഷ്ണനുപദേശിച്ചു, വിഷാദമഗ്‌ദനാകും
ജിഷ്ണുവിന്നോടായി "സ്വധർമ്മമനുഷ്ഠിക്കൂ നീ"
വേദവേദാന്തങ്ങൾതൻ, ഉപനിഷത്തുക്കൾതൻ,
വിദ്വത്തമേറും മർമ്മമടങ്ങും ആത്മതത്ത്വ-
ജ്ഞാന, കർമ്മയോഗത്തെ, മോക്ഷമാർഗ്ഗാദികളെ
ജ്ഞാനയോഗത്തെ, എല്ലാം ഉപദേശിച്ചെന്നിട്ടും
വിശ്വാസമേലാതെ പാർത്ഥനിരുന്നിടേതൻ
വിശ്വരൂപം കാണിച്ചവന്നേ ശ്യാമവർണ്ണനും
വിഷ്ണുതന്റെ പ്രതീകം! കൃഷ്ണനുമവൻ തന്നെ ,
ജിഷ്ണുവിന്നുറപ്പായി വിശ്വസിച്ചില്ലല്ലോ താൻ
ബോദ്ധ്യമായിടേയെല്ലാം വില്ലെടുത്തൂ കിരീടിk
ബോധോദയമുണ്ടായി വിജയം സുനിശ്ചിതം
. കുരുക്ഷേത്ര യുദ്ധം
യുദ്ധം തുടങ്ങിടേ നേരിട്ടു ഭീഷ്മരേ വീര-
യോദ്ധാവാമഭിമന്യു, ഒപ്പം തുണയ്ക്കായെത്തി
മാതുലന്മാർ ശ്വേതനും ഉത്തരനുമെങ്കിലും,
ശത്രുവാകും ശല്യരും ഭീഷ്മരും കൊന്നൂ രണ്ടിനേം
ആദ്യദിനം പാണ്ഡവർ തോറ്റുപോയിതെങ്കിലും
ആശ്വസിപ്പിച്ചു കൃഷ്ണൻ യുധിഷ്ഠിരനെയേറെ
അന്ത്യജയം നിശ്ചയം നമ്മൾക്കുതന്നറിയൂ
സത്യമേ ജയിച്ചിടൂ ലോകമുള്ളിടത്തോളം
ധൃഷ്ടദ്യുമ്നനോടേറ്റു മുട്ടിടേ ദ്രോണാചാര്യർ,
ഭീഷ്മരോടർജ്ജുനനും നേരിട്ടു രണ്ടാം ദിനം
കിരീടി കൊന്നൊടുക്കേ പാശുപതാസ്ത്രത്താലേ
കൗരവസൈന്യത്തിന്റെ നല്ലോരു വിഭാഗത്തെ,
ധൃഷ്ടദ്യുമ്നനെ ദ്രോണർ പരാജയപ്പെടുത്തി,
രക്ഷകനായിട്ടെന്നാൽ മാരുതപുത്രനെത്തി
ദുര്യോധനനെത്തിച്ചു ഭീമനോടേറ്റുമുട്ടാൻ
പേരുകേട്ട കലിംഗപ്പടയെയുടൻതന്നെ
ഫലമോ ഭീമൻതന്റെ ശൗര്യത്തിന്നു മുൻപിൽ
കലിംഗ രാജാവൊപ്പം പടയുമൊടുങ്ങിപ്പോയ്
ഭീമന്നു തുണയേകും സാത്യകിയാട്ടേ കൊന്നൂ
ഭീഷ്മർതൻ സാരഥിയെ, ഭീഷ്മരെ രക്ഷിച്ചശ്വം
കൗരവസേനതന്റെ പല വ്യൂഹങ്ങളേയും
മാരുതീ പുത്രൻ ഘടോൽക്കചൻ താറുമാറാക്കേ
ധർമ്മപുത്രരും സഹദേവനകുലന്മാരും
ചേർന്നിട്ടവന്നു നൽകി വേണ്ട സംരക്ഷണവും
മൂന്നാമത്തെ ദിനത്തിൽ വിന്യസിച്ചിടേ ഭീഷ്മർ
സേനയെ ഗരുഡന്റെ രൂപത്തിൽ, ധൃഷ്ടദ്യുമ്നൻ
വിന്യസിച്ചിതേ ചന്ദ്രക്കലാരൂപത്തിൽ തന്റെ
സേനയെ, രണ്ടറ്റത്തും ഭീമനുമർജ്ജുനനും
സാത്യകീയഭിമന്യുമാർ രണ്ടുമൊത്തുചേർന്നു
ഗാന്ധാരസേനയേ മൊത്തവുമില്ലാതെയാക്കി!
നാലാംദിനം ഭീമാഭിമന്യുമാർ കൗരവരേ
നേരിട്ടു തകർത്തീടെ, ഭീമനെ നേരിടാനായ്
ദുര്യോധനൻ അയച്ചായിരത്തിന്മേൽ മത്തഭ
വീരന്മാരെയും പത്തും മൂന്നും സോദരരേയും.
ആനകളേയുമൊപ്പം പതിമ്മൂന്നു ദുര്യോധ-
നാനുജരേയും ഭീമൻ കാലപുരിക്കയച്ചു
ക്രോധംപൂണ്ടതിൽ ദുര്യോധനൻ പാഞ്ഞടുത്തു വൃ-
കോദരൻതന്റെ നേരേ, പിന്തിരിഞ്ഞെന്നാൽ വേഗം
ഭീമനേ സഹായിക്കാൻ ഘടോൽക്കചനുണ്ടെന്ന
ബോധ്യം വന്നിടേ, കാര്യം കൈവിട്ടുപോകുമല്ലേൽ
നാലാം ദിനാന്ത്യം മുൻപേ ധൃഷ്ടദ്യുമ്നൻ വധിച്ചു
സ്വാലനേയും പിറകേ ശല്യർതൻ സോദരരേം
കൗരവർക്കുണ്ടായ് തീരാനഷ്ടമീ മൂന്നു ദിനം
ദുര്യോധനനാകുമോ ആ ചേതം സഹിക്കുവാൻ?
. *** *** ***
ഘോരയുദ്ധം നാലുനാൾ കഴിയേ ഭീഷ്മരോടായ്
ആരാഞ്ഞു ദുര്യോധനൻ "പാണ്ഡവരെന്തേ മുന്നിൽ"
ചൊല്ലീ ഭീഷ്മരും മെല്ലേ "സത്യം പാണ്ഡവർക്കൊപ്പം
ചെല്ലുനീ, സമാധാനം തേടിടൂ അവരോടായ്"
മുഷ്കിന്റെയുത്തുംഗത്തിൽ നിൽക്കുന്ന ദുര്യോധനൻ
കേൾക്കാ സദ്ഉപദേശം വിധിയെത്തിരുത്താമോ?
യുദ്ധം തുടർന്നേ പോയി ജയമാർക്കെന്നറിയാ,
ബദ്ധശത്രുക്കളായി മാറിപ്പോയാ ബന്ധുക്കൾ
ശക്തവ്യൂഹം ചമയ്ക്കേ അഞ്ചാംദിനം കൗരവർ,
ശങ്കയില്ലാതെ പാണ്ഡവർ മണ്ഡലവ്യൂഹം തീർത്തു
പാണ്ഡവ സേനകളേ ഭീഷമർ താറുമാറാക്കി
പിന്തിരിഞ്ഞോടി പലപ്പോഴും പാണ്ഡവസൈന്യം
സാത്യകിതൻ പുത്രരേ കൊന്നന്നു കൗരവരും
സന്ധ്യയോടെ പാണ്ഡവർ കൊന്നേറെക്കൗരവരേം
ചീങ്കണ്ണിരൂപം തീർക്കേ പാണ്ഡവർ ആറാംദിനം,
കൊക്കിന്റെ രൂപം തീർത്തു കൗരവരും സൈന്യത്തെ
പാണ്ഡവർ തോൽപ്പിച്ചന്നു ദ്രോണരെ ആദ്യമായി
പ്രാണരക്ഷാർത്ഥം ദ്രോണർ ഓടീ, രഥം തകരേ
ഭീമനെപ്പിടിക്കാനായ് ദുര്യോധനന്റെ സൈന്യം
ശ്രമിക്കേ മാരുതിയേ രക്ഷിച്ചഭിമന്യുവും
ഗദയാൽ ഭീമമർദ്ദനമേറ്റ സുയോധനൻ
രഥത്തിൻ തട്ടിൽ ബോധം നഷ്ടപ്പെട്ടു വീണിടേ
രക്ഷപ്പെടുത്തീ കൃപർ അല്ലായിരുന്നുവെന്നാൽ
മുക്തിയാറാം നാൾതന്നെ കിട്ടുമായിരുന്നല്ലോ!
തന്റെ പത്തു പുത്രരേ കൊന്ന ഭൂരിശ്രവസ്സെ
നേരിട്ടു കൊല്ലാനുള്ള സാത്യകീ ശ്രമം തെറ്റി
.
തീർക്കേ ത്രിശൂല വ്യൂഹം ഏഴാം ദിനം കൗരവർ
തീർത്തൂ പാണ്ഡവർ വജ്രവ്യൂഹവും, എതിരിടാൻ
വിരാടരും ദ്രോണരും തമ്മിലേറ്റുമുട്ടിടേ
വിരാടപുത്രൻ ശംഖൻ കൊല്ലപ്പെട്ടു ദ്രോണരാൽ
ഭൂരിശ്രവസ്സിനോടു തോറ്റോടി ധൃഷ്ടദ്യുമ്നൻ,
പാണ്ഡവരോടെതിർക്കേ ബോധമറ്റ് കൃപർ വീണു
എട്ടാം ദിനം വധിക്കേ ഭീമൻ ദുര്യോധനന്റെ
എട്ടനുജരേ, ഇരാവാൻ വധിച്ചതാകട്ടേ
ശകുനീപുത്രനാം ഉലൂകനേയുമൊപ്പം
ശകുനിതൻ കനിഷ്ഠസഹോദരന്മാരെയും
വനവാസത്തിൽ ഭീമൻ വധിച്ച കൃമ്മീരന്റെ
തനൂജൻ ആലമ്പുസൻ മായാശക്തിയാലുള്ള
ആകാശയുദ്ധത്താലേ പരിക്കേൽപ്പിച്ചതാട്ടേ
അർജ്ജുനനേയും ശ്യാമവർണ്ണനേയുമൊന്നുപോൽ
വായൂപുത്രനോടേറ്റുമുട്ടിയൊരാ ശകുനി-
യേയും ജയദ്രഥനേം തോൽപ്പിച്ചു ഘടോത്ക്കചൻ
ജിഷ്ണുവിന്നുലൂപിയിൽ ജനിച്ചോരിരാവനും
കൃഷ്ണന്റെ ശാപത്തിനാൽ പരലോകം പൂകയായ്
എട്ടാം ദിവസ്സം യുദ്ധം അവസ്സാനിക്കുമ്പോഴേ-
ക്കെട്ടൗക്ഷണികൾ ഇരുപക്ഷത്തുമായില്ലാതായ്
അലംബുസനെക്കൊല്ലാൻ ഘടോത്ക്കചൻതന്റെയും
അഭിമന്യുവിന്റെയും ശ്രമം പരാജയമായ്
ഭീഷ്മപതനവും ശരശയ്യയും
ഒമ്പതാം ദിനമായി, യുദ്ധം തുടർന്നേ പോയി,
വന്മരംപോലെ ഭീഷ്മർ നിൽപ്പൂ യുദ്ധഭൂമിയിൽ
ജീവിച്ചിരിക്കേ ഭീഷ്മർ, കൗരവപക്ഷത്തായി,
ആവില്ല ജയിക്കുവാനെന്ന സത്യമറിയേ
തീരുമാനിച്ചർജ്ജുനൻ പിതാമഹനെക്കൊല്ലാൻ,
കാര്യമാകില്ലെളുപ്പം ശ്രമമല്ലോ പ്രധാനം
കൃഷ്ണന്റെ സഹായത്താൽ ശ്രമിച്ചുവെന്നാകിലും
കൗരവസേനയേകി ഭീഷ്മർക്കു സംരക്ഷണം
പാണ്ഡവ സൈന്യത്തിന്റെ ഏറെ ഭാഗവും നശി-
പ്പിച്ചിടേ സ്വയം ഭീഷ്മർ, കോപമേറുമർജ്ജുനൻ
പാഞ്ഞടുത്തദ്ദേഹത്തിന്നടുത്തേക്കെന്നാലോ താൻ
പാപമാകും ചെയ് വതെന്നോർത്തുപോയി പാർത്ഥനും
തൻപിതാമഹന്നുടെ അന്ത്യം താനാഗ്രഹിപ്പോ?
അൻപിന്റെ തമ്പുരാനാം ഭീഷ്മരെക്കൊല്ലാനാമോ
എന്തുവേണമെന്നുള്ള ശങ്കയുണ്ടായിടവേ
ചിന്തയിലാണ്ടു നിന്നൂ അർജ്ജുനനൽപ്പനേരം
ഭീഷ്മരാകട്ടെ വേഗം ജിഷ്ണുവിൻ വില്ലൊടിച്ചു,
നിഷ്പ്രയാസമവന്നെ മുറിവേൽപ്പിക്കയായി
അവശ്ശനായർജ്ജുനൻ തേർത്തട്ടിൽ വീണേപോയി
അതുകണ്ടിടേ കൃഷ്ണൻ ഭീഷ്മരെക്കൊല്ലാനായി
തൻസുദർശന ചക്രം ഉയർത്തി,ഭീഷ്മരാട്ടേ
തന്നുടെയവസാനം ഭഗവാന്റെ കയ്യാൽ വേണം
എന്നയാഗ്രഹത്താലേ നമ്രശ്ശിരസ്സനായി
നിന്നുകൊടുത്തു,വെന്നാൽ ഫൽഗുനൻ ഓർമ്മിപ്പിക്കേ
കുരുക്ഷേത്ര യുദ്ധത്തിൽ ആയുധമെടുക്കില്ല
ഒരുകാരണത്താലും എന്നുള്ള തൻനിശ്ചയം,
പിൻവലിച്ചൂ ഭഗവാൻ തൻ സുദർശന ചക്രം
പാതകം ഒഴിവാക്കി അസ്‌തമിച്ചാ ദിനവും.
വിജയം കൈവരിക്കാൻ സാധിക്കാത്ത കാരണം
വിഷമിക്കും പാണ്ഡവസോദരരെക്കണ്ടിടേ
കൃഷ്ണൻ അന്നുരാത്രിയിൽ കൊണ്ടുപോയീയവരേ
ഭീഷ്മർതൻ കുടീരത്തിൽ പരിഹാരം കാണുവാൻ
പാണ്ഡവരോടാം തന്റെ അനുകമ്പയെന്നറിയും
ഭീഷ്മപിതാമഹനോ ചൊല്ലീ നിർവ്വികാരനായ്
"ആയുദ്ധം എടുക്കില്ല എന്നുടെമുന്നിലായി
ആണും പെണ്ണുമല്ലാത്ത ആളൊരാൾ വന്നുനിന്നാൽ"
പത്താം ദിനം പാണ്ഡവർ ധൃഷ്ടദ്യുമ്നന്റെ സ്ഥാനേ
യുദ്ധം തുടങ്ങും മുൻപേ നിർത്തീ ശിഖണ്ഡിയേയും
തുണയായി ഭീഷ്മർക്കു ദുശ്ശാസനന്നെ ദുര്യോ-
ധനനും നിയോഗിച്ചു, യുദ്ധം തുടങ്ങീടവേ.
ഭീഷ്മർ അമ്പെയ്തതാട്ടെ അർജ്ജുനന്നുനേർക്കെന്നാൽ
ജിഷ്ണുവും ശിഖണ്ഡിയും ഒന്നായ് ഭീഷ്മർക്കെതിരേ
ഭീഷ്മർതൻ വീര്യം ശിഖണ്ഡിക്കുമുന്നിൽ സ്തംഭിച്ചു
ജിഷ്ണുവാ അവസ്സരം പാഴാക്കിടാതെ ശീഘ്റം
അമ്പുകളെയ്യുകയായ് ഭീഷ്മർതൻ ശരീരത്തിൽ,
അമ്പേ വീണാവന്മരം അമ്പിന്റെ ശയ്യയിലായ്
. *** *** ***
അന്ത്യമാകാം ഭീഷ്മർതൻ എന്നുള്ള ഭീതിയാലേ
പിന്തിരിഞ്ഞോടിയല്ലോ കൗരവപ്പടയുടൻ
തന്നടുത്തേക്കു വന്ന ദുശ്ശാസനന്നോടായി
ചൊന്നൂ ഭീഷ്മർ ബദ്ധപ്പെ"ട്ടിനി യുദ്ധം നിർത്തൂ"
അന്നത്തെയുദ്ധം തീർന്നു, കൗരവപാണ്ഡവന്മാർ
വന്നുനിന്നൂ ഭീഷ്മർതൻ ചുറ്റിനും ദുഃഖത്താലേ
ശരശയ്യയിൽ കിടക്കേ തൂങ്ങിക്കിടക്കും തന്റെ
ശിരസ്സൊന്നുയർത്തുവാൻ ഭീഷ്മരാഗ്രഹിക്കവേ
താങ്ങായി രണ്ടസ്ത്രങ്ങൾ ഫൽഗുനൻ വേഗം തൊടു-
ത്താത്തലപൊക്കിനിർത്തി സ്വയമാശ്വാസം കൊണ്ടു.
സൈന്യാധിപനാം ഭീഷ്മർ വീഴേ കൗരവർവീര്യം
ചോർന്നുപോയി മൊത്തവും നയിക്കാനാരുണ്ടിനി?
ഖേദവുമാശ്വാസവും പാണ്ഡവർക്കൊരേപോലെ,
യുദ്ധം ജയിക്കാമെന്നാൽ പിതാമഹന്നന്ത്യമാം
അഷ്ടവസുക്കളെത്തി ദേവലോകത്തേക്കായി
കൂട്ടിക്കൊണ്ടുപോകുവാൻ ഭീഷ്മരേ,യുടൻതന്നെ
അഷ്ടവസുക്കൾതന്നിൽ കനിഷ്ഠനാം പ്രഭാസൻ
ഭീഷ്മർതന്നെയല്ലയോ സ്വർഗ്ഗവാസിയാകേണ്ടോൻ
"ഉത്തരായനം ആരംഭിക്കുംവരേക്കും മരി-
ക്കാതെഞാനുണ്ടാകുമീ യുദ്ധഭൂമിയിൽത്തന്നെ
"നിൽക്കവേണ്ടാരുംതന്നെ തിരിച്ചു പോയിക്കൊള്ളൂ"
നിർബന്ധിച്ചിടേ ഭീഷ്മർ, കൂടാരമണഞ്ഞവർ
പിറ്റേന്നതിരാവിലേ ഇന്ദ്രനെത്തീടുകയായ്
പ്രഛന്നവേഷത്തോടെ കർണ്ണന്റെ സന്നിധിയിൽ
കർണ്ണൻ യുദ്ധഭൂമിയിൽ ആദ്യം
അന്നു യുദ്ധത്തിൽ കർണ്ണൻ പങ്കെടുത്തീടുമെന്ന
അറിവുണ്ടാകേസ്വന്തം പുത്രനാമർജ്ജുനന്നെ
സഹായിക്കാൻ കർണ്ണന്റെ പടച്ചട്ട,കുണ്ഡലങ്ങൾ
സ്വീകരിക്കുവാനായി ചതിപ്രയോഗത്താലേ
ദാനശീലനാം കർണ്ണൻ കാപട്യമറിഞ്ഞില്ല
ദാനം ചെയ്കയായിതേ പടച്ചട്ട,
pകുണ്ഡലങ്ങൾ
ഇന്ദ്രൻ പോയതും ഉടൻ എത്തീ കുന്തീദേവിയും,
കുന്തിഎന്തിനെത്തീയെന്നറിഞ്ഞിരുന്നുകർണ്ണൻ
കുന്തിതൻമാതാവെന്നു ദുര്യോധനൻ ചൊന്നിതേ
കുന്തിയെക്കണ്ടീടവേ കർണ്ണനുമോർക്കയായി
"എന്തിന്നുവന്നൂ, എന്നെ പോറ്റിയോരെൻ പിതാക്കൾ,
യുദ്ധത്തിൽ ഞാൻകൊല്ലുക അർജ്ജുനന്നേമാത്രമാം"
ഒന്നുകിൽ ജീവിക്ക ഞാൻ അല്ലെന്നാലർജ്ജുനനാം
എന്നതേ ചൊല്ലാനുള്ളു മറ്റൊന്നും ചോദിക്കേണ്ടാ"
കണ്ണീരണിഞ്ഞു കുന്തി തിരികേ യാത്രയായി
കർണ്ണനോ പോയീ നേരേ യുദ്ധക്കളത്തിലേക്കും
എത്തേ പിറ്റേന്നെല്ലാരും യുദ്ധഭൂമിയിൽ വീണ്ടും
"ഇത്തിരി ജലം തരൂ" ചൊൽകയായ് പിതാമഹൻ
അർജ്ജുനനുടൻതന്നെ ഭൂമിതൻ മാറിലേക്കായ്
അമ്പെയ്തു ഗംഗാജലസ്രോതസ്സുയർത്തിയല്ലോ
യുദ്ധഭൂയിൽ വന്നൂ ആദ്യമായന്നു കർണ്ണൻ
യുദ്ധം ഇനിച്ചെയ്യേണം വീണുപോയില്ലേ ഭീഷ്മർ
ദുര്യോധനൻ വാഴിച്ചു കൗരവാചാര്യനാകും
ദ്രോണരേ സൈന്യത്തിന്റെ സർവ്വസൈന്യാധിപനായ്
പദ്ധതിയിട്ടു ദ്രോണർ പതിനൊന്നാം ദിനത്തിൽ
ബന്ധിക്കാൻ ജീവനോടെ യുധിഷ്ഠിരന്നെ വേഗം
സാദ്ധ്യമായതെന്നാലോ മറ്റുള്ളപാണ്ഡവരേ
സ്വാധീനിച്ചു കാര്യങ്ങൾ തന്നുടെ വഴിക്കാക്കാം
. *** *** ***
ധർമ്മപുത്രരേ വേഗം ബന്ധിക്കാനായി ദ്രോണ-
ദുര്യോധനന്മാർ യുദ്ധം ആരംഭിക്കുകയായി
വില്ലൊടിക്കവേ ദ്രോണർ ധർമ്മപുത്രർതന്നുടെ,
വേഗമെത്തീ രക്ഷക്കായ്
കൃഷ്ണനും അർജ്ജുനനും
പാണ്ഡവ സൈന്യാധിപൻ ധൃഷ്ടദ്യുമ്നനാകട്ടേ
ദ്രോണരോടേറ്റുമുട്ടിപ്പിന്തിരിയേണ്ടി വന്നു!
പന്ത്രണ്ടാം ദിനം എത്തേ വീണ്ടും യുധിഷ്ഠിരന്നെ
ബന്ധിക്കുവാനായ് ദ്രോണർ ചമക്കേ വേദവ്യൂഹം,
ശൃംഗാരകവ്യൂഹത്തെ ചമച്ചു ധൃഷ്ടദ്യുമ്നൻ,
ശക്തമായിട്ടു യുദ്ധം ആരംഭിക്കയും ചെയ്തു
ഭീഷ്മർതന്നഭാവത്തിൽ കൗരവസേനയാട്ടേ
ഭീമാർജ്ജുനന്മാർതന്റെ ആക്രമണത്തിൽ തോറ്റു
പിന്തിരിഞ്ഞോടീടവേ തിരികേ രണഭ്ഭൂവിൽ
എത്തിക്കാൻ ദുര്യോധനൻ, നരകാസുരൻ തന്റെ
വത്സൻ ജ്യോതിഷരാജ്യ രാജാ ഭഗദത്തനേ,
വാർദ്ധക്യമേറിയേലും, നിയോഗിച്ചിടേയവൻ
വൈഷ്ണവാസ്ത്രത്തിനാലേ ഭീമസേനൻ നയിച്ച
പാണ്ഡവസൈന്യത്തിന്നെ ഏറെയും കൊന്നൊടുക്കി
മത്തഭനാനമേലേ കേറിയ ഭഗദത്തൻ,
മത്തഭനാൽ ഭീമനേ പൊക്കിമേലേക്കെറിഞ്ഞു
കൊമ്പുമുയർത്തിനിന്നു, വീണതിൽ കോർത്തിരിക്കാൻ
കൊന്നു കൊലവിളിക്കാൻ, സംഭവ്യമായില്ലെന്നാൽ
എത്തീയർജ്ജുനൻതക്ക നേരത്തവിടെന്നിട്ടു
മത്തേഭന്റേ തലയും വാലും, ഭഗദത്തന്റെ
ശിരസ്സും ഭേദിച്ചമ്പാൽ, രക്ഷിക്കയായ് ഭീമനേ,
മരിക്കേ ഭഗദത്തൻ കൗരവർക്കേറ്റാഘാതം
കർണ്ണപുത്രൻ വൃക്ഷസേനനേയർജ്ജുനൻ കൊല്ലേ
കൊന്നിതല്ലോ നകുലൻ ഭഗദത്തപുത്രനേ
യുദ്ധഭൂമിവിട്ടുപോയ് രാധേയൻ ദുഃഖത്താലേ,
യുദ്ധം തീർന്നിടേയന്നു ദുര്യോധനൻ നടത്തീ
ചർച്ചകൾ ജയദ്രഥ, ശകുനീ,ദ്രോണരോടും
കർണ്ണനോടും, എവ്വിധം പാണ്ഡവരെത്തകർക്കാം?
"ചക്രവ്വ്യൂഹം ചമയ്ക്കാം, ധർമ്മ പുത്രരെപ്പിടി-
ച്ചീടാം, പന്ത്രണ്ടു വർഷം വീണ്ടും വനത്തിൽ വിടാം"
ദുര്യോധനന്റെ യുക്തി, വേഗം പിടിക്കാനായി,
ധർമ്മപുത്രരേ,യെന്നാൽ സാധ്യമാകുമോ, കാണാം!
ചക്രവ്യൂഹവും അഭിമന്യൂ വധവും
അർണ്ണവ്യൂഹത്തെ ചമയ്ക്കേ പതിമ്മൂന്നാം ദിനത്തിൽ
പാണ്ഡവർ, കൗരവരോ ചക്രവ്യൂഹം ചമച്ചു
ചക്രവ്യൂഹത്തിനുള്ളിൽ ശത്രു കടക്കും തോറും
ചക്രവ്യൂഹക്കവാടം ചുരുങ്ങിക്കൊച്ചായ് മാറും
പുറത്തായുമുള്ളിലും നിന്നിടും പോരാളികൾ
കറങ്ങുന്നുണ്ടാം ക്രാന്തി-
വൃത്തപഥത്തിലേപോൽ
ദ്രോണരുമശ്വത്ഥാമാ, ജയദ്രഥ, ദുശ്ശാസൻ
കർണ്ണൻ, ലക്ഷ്മണൻ ശല്യർ നിന്നൂ ചക്രവ്യൂഹത്തിൽ
ദ്രോണർ തീർത്തോരു പത്മവ്യൂഹത്തെ ഭേദിക്കുവാൻ
ധൈര്യമുള്ളവർവരാൻ വെല്ലുവിളിക്കയായി
ആ വ്യൂഹം ഭേദിക്കുവാൻ കഴിവുള്ള രണ്ടുപേർ
അർജ്ജുനനും കൃഷ്ണനും മാത്രമാണെന്നറിയും
ദ്രോണർ തൻബുദ്ധിയാലേ രണ്ടുപേരെയും ഏറെ
ദൂരഭാഗത്തെത്തിച്ചു വേഗമെത്താത്തവണ്ണം
ഉത്തരഭാഗത്തായർജ്ജുനനേറ്റുമുട്ടേ ത്രി-
ഗർത്തനോടായി, ചക്രവ്യൂഹത്തിൽനിന്നു ദ്രോണർ
പുറത്തായ് നിൽക്കും ധർമ്മപുത്രരോടേറ്റുമുട്ടി
പരലോകം പ്രാപിച്ചു പാണ്ഡവ സേനാനികൾ
ഭയമേറിവന്നിടേ ധർമ്മപുത്രരാട്ടേയ-
ഭിമന്യുവിന്നെക്കൊണ്ടു ചക്രവ്യൂഹം ഭേദിക്കാൻ
ആകുമെന്ന യാഥാർഥ്യം ഓർത്തിട്ടവന്നോടായ്
ആജ്ഞാപിച്ചു "നീ ചെല്ലൂ, ചക്രവ്യൂഹം ഭേദിക്കൂ"
അഭിമന്യുവിന്നാകും കയറാൻ നിഷ്പ്രയാസം
അറിയില്ലെന്നാൽ പുറത്തിറങ്ങി വന്നീടുവാൻ
വല്ല്യച്ഛന്നുടേയാജ്ഞ ശിരസ്സാ വഹിക്കേണം,
വെല്ലുവിളിതന്നല്ലോ പിന്തിരിയുവാനാകാ
ചൊല്ലീ മടിക്കാതവൻ, "അറിയാം ഉള്ളിൽക്കേറാൻ
ഇല്ലെന്നാൽ പുറത്തെത്താൻ, വേണം സൈന്യസഹായം"
അമ്മതൻ ഗർഭത്തിലായ് കിടക്കേ കുരുക്ഷേത്ര
യുദ്ധത്തിൽ താൻകാട്ടിടും ശൗര്യപരാക്രമങ്ങൾ
കേൾക്കുവാനമ്മക്കായിട്ടച്ഛൻ ചൊല്ലിക്കൊടുക്കേ,
കേട്ടകത്തേക്കായുള്ള മാർഗ്ഗത്തെ, കേട്ടില്ലെന്നാൽ
പുറത്തേക്കുള്ള മാർഗ്ഗം അമ്മയും താനുമൊപ്പം
ഉറങ്ങിപ്പോ,യിന്നതോ വിനയായ് മാറിയല്ലോ!
"മടിക്കാതുള്ളിൽ കേറൂ സൈന്യം കൂടെയുണ്ടാകും
പിടിക്കപ്പെടാതവർ നോക്കും," വല്ല്യച്ഛൻ ചൊല്ലേ,
അന്നു ചക്രവ്യൂഹത്തിൽ പ്രവേശിച്ചഭിമന്യു
കൊന്നേറെ ശത്രുക്കളെ സ്വയം കൊല്ലപ്പെടും മുൻപ്
എത്തുമെന്നാശിച്ചവൻ, തൻപിറകേ പാണ്ഡവർ,
എത്താതെ ജയദ്രഥൻ നോക്കീ ശിവശക്തിയാൽ
ആ വരത്താലേയവൻ പാണ്ഡവരേയെല്ലാം
ആവും വിധം തടഞ്ഞു ധീരമായ് യുദ്ധം ചെയ്കേ
കഴിഞ്ഞില്ല പാണ്ഡവ സേനയ്ക്കുള്ളിൽക്കടക്കാൻ
കടന്നതാട്ടേ ധീരനാമഭിമന്യു മാത്രം
വീര്യം ചോർന്നു പോകാതെ തനിയേ യുദ്ധം ചെയ്കേ
ദുര്യോധന്റ പുത്രനാം ലക്ഷ്മണൻ ഏറ്റുമുട്ടി
ശിരസ്സവന്റേതുടൻ ഛേദിച്ചതുകണ്ടീടെ
ശകുനീസഹോദരർ ഏറ്റുമുട്ടാനായ് വന്നു.
അഭിമന്യൂ വധിക്കേ അവരേയും ധൃതിയിൽ
അറിഞ്ഞിതേ കൗരവർ കാര്യം എളുപ്പമാകാ
ദ്രോണരപ്പോൾ നിർബന്ധ ബുദ്ധിയാൽ കൽപ്പിച്ചിതേ
കർണ്ണനോടഭിമന്യുവിന്റെ വില്ലൊടിക്കുവാൻ
കാപട്യമെന്നറിഞ്ഞും പിന്നിൽനിന്നും രാധേയൻ
അമ്പെയ്തഭിമന്യുവിൻ വില്ലൊടിക്കുകയായി
മറന്നേപൊയ് രാധേയൻ, അർജ്ജുനപുത്രനവൻ,
വെറുപ്പിക്കയായിതാൻ, പാർത്ഥനേയത്യധികം
ദ്രോണർ അഭിമന്യുവിൻ അശ്വങ്ങളെക്കൊല്ലവേ
തേരാളി സുമിത്രന്നെ ശല്യരും കൊന്നിതല്ലോ
താഴെനിന്നവൻ വാളാൽ യുദ്ധം ചെയ്തിടേ വീണ്ടും
ദ്രോണകർണ്ണന്മാർ ചേർന്നാ വാൾ തെറിപ്പിക്കയായി,
ഒളിയമ്പാലേ, കൊടും ചതിയെന്നറിഞ്ഞിട്ടും,
വെളിവൊക്കെയും പോയി മറഞ്ഞേപോയെന്നപോൽ ,
നിരായുധനായോരാ അഭിമന്യുവേ വധി-
ക്കരു,തല്ലല്ലോ യുദ്ധനീതിയതെന്നു വീണ്ടും
ഓർമ്മിപ്പിച്ചു ദ്രോണാരെ, കർണ്ണനെന്നിട്ടും ദ്രോണർ ഒട്ടുമേചെവിക്കൊണ്ടിടാതെ നിർദ്ദേശിക്കയായ്
"കൊല്ലുക തന്നെവേണം ചതി പ്രയോഗിച്ചാലും
ഇല്ലെങ്കിലവൻ നമുക്കൊരു പാരയായ് മാറും"
അഭിമന്യുവാകട്ടേ ആയുധമെല്ലാം പോകേ
അടരാടുവാനായി രഥത്തിൻ ചക്രമൂരി
ചുറ്റും നിന്നാക്രമിക്കും കൗരവസേനയോടായ്
മുറ്റുംവീര്യത്തിനാലേ യുദ്ധംതുടർന്നീടവേ
പന്തിയല്ല കാര്യങ്ങൾ എന്നഭീതി പൂണ്ടിടേ,
പിന്തിരിഞ്ഞോടിയല്ലോ ദുശ്ശാസ്സന ശല്യന്മാർ.
കൗരവപ്രമാണികൾ എല്ലാരുമൊത്തുചേർന്നാ
ധീരനാം പോരാളിയേ കൊല്ലാൻ പദ്ധതിയിട്ടു
പുറത്തേക്കെത്താനുള്ള മാർഗ്ഗമടച്ചു ചതി-
പ്രയോഗത്താൽ കൗരവർ അഭിമന്യുവെക്കൊന്നു!
കൗരവർ യുദ്ധനീതി തെറ്റിച്ചുവെന്നറിയേ
കൃഷ്ണനും തന്മനസ്സിൽ നിശ്ചയം കുറിച്ചിട്ടു
പറ്റിയ സന്ദർഭത്തിൽ കൗരവർക്കെതിരേയും
തെറ്റാം ചതിപ്രയോഗം ചെയ്കിലോ തെറ്റാവില്ല
ധർമ്മപുത്രരാകട്ടേ അഭിമന്യൂവിൻ മൃത്യു
താൻകാരണമെന്നോർത്തു ദുഃഖത്തിലാഴ്ന്നുപോയി.
വ്യാസനെത്തീയുടൻ സ്വാന്തനമേകുകയായ്
വിസ്തരിച്ചു ഷോഡശരാജാക്കഥകൾ ചൊല്ലി.
അഭിമന്യുവിന്നന്ത്യം അറിയേ ഫൽഗുനനോ
അഴലാൽ മോഹാലസ്യപ്പെട്ടുവീണുപോയല്ലോ
ശ്യാമവർണ്ണൻ ഫൽഗുനന്നുടെ ദുഃഖം മാറ്റുവാൻ
ശ്രമിച്ചൂ ഏറെയെന്നാൽ, തന്റെ പുത്രനെക്കൊല്ലാൻ
കാരണക്കാരൻ "ജയദ്രഥന്റെ ശിരസ്സ് നാളെ
സൂര്യാസ്തമയത്തിന്നു മുമ്പായെയ്തു വീഴ്ത്തിടും,
അല്ലായ്കിലഗ്നിക്കുള്ളിൽ ചാടിമരിച്ചീടും ഞാൻ"
തെല്ലും മടിക്കാതെ ഫൽഗുനൻ ശപഥം ചെയ്തു.
കൃഷ്ണനന്നു രാത്രിയിൽ സ്വർഗ്ഗത്തിൽ കൊണ്ടുപോയി,
ജിഷ്ണുവേ സ്വർഗ്ഗസ്ഥനാം അഭിമന്യുവേക്കാണാൻ
. ജയദ്രഥവധം
ചാരന്മാരാലറിയേ അർജ്ജുന പ്രതിജ്ഞയേ
കൗരവർ ഭയത്താലേ വിഹ്വലരായിപ്പോയി
അർജ്ജുന പ്രതിജ്ഞയിൽ ഏറെ സംഭ്രീതനായി-
ത്തീർന്നോരു ജയദ്രഥൻ കൗരവസ്യാലനല്ലോ
ദുശ്ശളാഭർത്താവല്ലോ രക്ഷിക്കവേണമല്ലോ
സംശയമില്ലാ തെല്ലും,കൗരവർ ഒത്തുചേർന്നു.
വേണ്ടതൊക്കെയും ചെയ്തു ജയദ്രഥരക്ഷക്കായ്
വ്യൂഹങ്ങൾ രണ്ടു തീർത്തു ദ്രോണർതൻ ബുദ്ധിയാലെ
സൂചിവ്യൂഹം അകത്തും പത്മവ്യൂഹം പുറത്തും
സൃഷ്ടിച്ചിട്ടതിൻ മദ്ധ്യേ നിർത്തീ ജയദ്രഥന്നെ
കാവൽനിന്നു ചുറ്റിലും അശ്വത്ഥാമ-ശല്യരും
കർണ്ണൻ-കൃപർ ഭൂരിശ്രവസ്സ്, വൃക്ഷസേനനും
സൂചിവ്യൂഹക്കവാടേ കൃതവർമ്മാവ് നിൽക്കേ, ദു-
ശ്ശാസ്സന-സുയോധനർ പത്മവ്യൂഹദ്വാരേയും
ദ്രോണരാകട്ടേ ഏറ്റം പുറത്തായുറപ്പിച്ചു
തൻനില, ജയദ്രഥൻ തന്നുടെ രക്ഷക്കായി
സൂര്യാസ്തമയം വരേക്കർജ്ജുനന്നേയകറ്റാൻ
സാദ്ധ്യമായെന്നാൽ ജയദ്രഥന്നു രക്ഷയാകും
അർജ്ജുനൻ തൻശപഥം നിറവേറ്റുവാനായി
അഗ്നിയിൽ ചാടുമപ്പോൾ, ആത്മാഹുതി ചെയ്തിടും
യുദ്ധമാരംഭിച്ചിടേ എത്രയോ തിരഞ്ഞിട്ടും
യുദ്ധഭൂമിയിൽ ജയദ്രഥന്നേ കണ്ടിടാതെ
പാർത്ഥനൽപ്പം വിയർത്തു, വിയർക്കാതിരിക്കുമോ
ഓർത്തുപോകേ ശപഥം, സൂര്യാസ്തമയത്തേയും!
അറിയേ ജയദ്രഥൻ വ്യൂഹങ്ങൾക്കുള്ളിലാണെ-
ന്നറിയാതെയർജ്ജുനൻ വിട്ടൂ ദീർഘനിശ്വാസം!
ഭീമാർജ്ജുനന്മാർ ചേർന്നു പത്മവ്യൂഹം തകർത്തു
ധർമ്മപുത്രർ അയച്ചു സാത്യകിയെത്തുണക്കായ്
ശക്തമായ്ത്തന്നെതിർത്തിട്ടേറെ നേരം നിന്നൂ ദു-
ശ്ശാസനനും ദ്രോണരും ദുര്യോധനന്നുമെന്നാൽ
പാർത്ഥനായല്ലോ പത്മവ്യൂഹം നിസ്സാരമായ് ത-
കർക്കുവാനും മൂവരേം തോൽപ്പിച്ചോടിക്കുവാനും
തകർക്കാൻ ശ്രമിക്കവേ സൂചിവ്യൂഹം പിറകേ
തടുക്കാനായിടാതെ കൃതവർമ്മാവുമോടി
നേരിട്ട ഭൂരീശ്രവസ്സിനേയും വൃക്ഷസേന-
നേയും സാത്യകീഭീമസേനന്മാർ വധിച്ചിതേ.
കൗരവസൈന്യത്തിന്റെ ഏഴക്ഷൗണികൾ പാടേ
കാലപുരിപ്രാപിച്ചു അർജ്ജുനകോപത്താലേ
ബാഹ്യകോലാഹലങ്ങൾ കേട്ടീടേ ജയദ്രഥൻ
വിഹ്വലനായ് ഭയത്താൽ, കർണ്ണൻ സ്വാന്തനം നൽകി
എപ്രകാരവും ജയദ്രഥനേ രക്ഷിക്കുവാൻ
എത്തുകയായി വീണ്ടും ദ്രോണദുര്യോധനന്മാർ
സന്ധ്യയടുക്കും വരേ പാർത്ഥനായില്ല ജയ-
ദ്രഥനെക്കൊല്ലാനായി, കൗരവർ സന്തോഷിച്ചു
കൃഷ്ണൻ മറയ്ക്കയായി സുദർശന ചക്രത്താൽ
ഉഷ്ണരശ്മിതന്നുടെ പ്രകാശം, ഇരുട്ടാക്കാൻ
തയ്യാറെടുക്കേ പാർത്ഥൻ ആത്മഹത്യ ചെയ്യുവാൻ
ജയദ്രഥനുണ്ടായി ഒന്നതു കാണാൻ മോഹം
വന്നവൻ വ്യൂഹങ്ങൾക്ക് വെളിയിൽ, കൃഷ്ണൻ വേഗം
തന്നുടെ സുദർശന ചക്രത്തെ പിൻവലിച്ചു
ഇരുട്ടോ പോയൊളിച്ചു വെളിച്ചം തിരിച്ചെത്തി
ഇരുണ്ട മുഖത്തോടെ കൗരവർ നിന്നേപോയി
വന്നിടേ പകൽ വീണ്ടും, "തല കൊയ്തീടൂ വേഗം"
ചൊന്നൂ സാരഥി കൃഷ്ണൻ പാർത്ഥനോടായി മെല്ലേ
പാർത്ഥൻ തൊടുത്തയമ്പാൽ ജയദ്രഥന്റെ തല
പോയ് വീണു, ജയദ്രഥൻതൻ പിതാവിന്റെ കയ്യിൽ
. *** *** ***
തുടർന്നേ പോയി യുദ്ധം കൃപാർജ്ജുനന്മാർതമ്മിൽ
തുടരെത്തോൽവിയേൽക്കേ കൃപർപിൻവാങ്ങിയല്ലോ
തോൽവിയേറ്റകാരണം, കൂടാരമെത്തേയന്നു
ദ്രോണരോടായ്ക്കയർത്തു ദുര്യോധനൻ ദേഷ്യത്താൽ
അന്നാദ്യമായി രാത്രിയുദ്ധം നടത്താനായ് നിർ-
ബന്ധിതനാകേ ദ്രോണർ മുഴക്കീ യുദ്ധകാഹളം
കേൾക്കേ ദ്രോണശംഖൊലി പാണ്ഡവസൈന്യമെത്തി
കാര്യമായാരംഭിക്കയായി രാത്രിയുദ്ധവും
രാത്രീഞ്ചരനാം ഘടോത്ക്കചനാകട്ടേയേറെ
ശക്തമായ് യുദ്ധം ചെയ്യാൻ പറ്റിയോരന്തരീക്ഷം!
കൊന്നൊടുക്കുകയായി മുൻപിലെത്തും സർവ്വരേം
മുന്നുംപിന്നും നോക്കാതെ സ്വയമേ ഘട്ടോത്ക്കചൻ
കൗരവപ്രമാണികൾ കൃതവർമ്മാവ് ദ്രോണരും
ദുര്യോധന-ശല്യരും പ്രാണരക്ഷാർത്ഥമോടി
നഷ്ടമാകേ കർണ്ണന്നു സാരഥിയേയുമൊപ്പം
അശ്വങ്ങളേയും, പാർത്ഥവധത്തിന്നായിട്ടിന്ദ്രൻ
നൽകിയ വേലിനാലേ കൊന്നീടുകയായീ ഘ-
ടോൽക്കചനേ വേറിട്ടു മാർഗ്ഗമില്ലാതെ വന്നു
യുദ്ധത്തിലേർപ്പെട്ടോരിലേറ്റവും പ്രായമാ-
യീട്ടുള്ള, ഭീഷ്മപിതാവിന്റെയിളയച്ഛനാം
ബാൽഹികാനെയാട്ടേ മാരുതീപുത്രനാകും
ഭീമസേനനും വധിച്ചന്നാ രാത്രിയുദ്ധത്തിൽ
സാത്യകി വധിച്ചതോ ഭൂരീശ്രവസ്സിനേയും
പുത്രരേയൊക്കെ, പോരേൽ സോമദത്തനേമൊപ്പം
.
രാത്രി യുദ്ധത്തിലേറെ നഷ്ടമുണ്ടാകയായി
രണ്ടുപക്ഷത്തുമെന്നാൽ കൗരവർക്കേറെ നഷ്ടം
അവസാനിക്കേയന്നു യുദ്ധം, കൃഷ്ണനോതിപാ-
ണ്ഡവരോടായുണ്ടാക്കാൻ ആനബിംബമൊന്നുടൻ
മണ്ണിനാലെന്നിട്ടതിന്നേകുവാന'ശ്വത്ഥാമാ'
വെന്നപേരെന്നിട്ടതിൻ തലവെട്ടീടുവാനും"
ചിന്തിച്ചുറച്ചിരിക്കാം ഭഗവാൻ കൃഷ്ണനെന്തോ
എന്തായിരിക്കാമതെന്നാർക്കും ചിന്തിക്കാനാകാ!
ദ്രോണാചാര്യ വധവും
അശ്വത്ഥാവിന്റെ പകയും
ദ്രോണരെത്തുകയായി, പതിനഞ്ചാം ദിനത്തിൽ
പാണ്ഡവരേയുമൊപ്പം പാണ്ഡവസൈന്യത്തെയും
എന്നേക്കുമില്ലാതാക്കാനുള്ള പദ്ധതിയുമായ്,
ഇന്ദ്രപ്രസ്ഥത്തിൽ മേലിൽ വേണ്ടാ പാണ്ഡവ വാസം
ധർമ്മാധർമ്മങ്ങളേ മറന്നുപോയിയാചാര്യർ,
ആർക്കു വേണ്ടിയാണെന്നോ എന്തുനേടുവാനെന്നോ
ഓർക്കാതെയുള്ളയാ പൈശാചികത്വം കാണേ
അംഗീരസ്സ്, ആത്രി, വിശ്വാമിത്രർ വസിഷ്ഠർ എന്നീ
ശ്രേഷ്ഠരാം മഹർഷിമാർ എഴുന്നെള്ളീ, ഉപദേ-
ശിക്കയായി ദ്രോണരേ പിന്തിരിഞ്ഞീടുവാനായ്
ഇല്ലാ, തനിക്കതിന്നാവില്ല, സ്വാതന്ത്ര്യമില്ല-
യെല്ലാം കൗരവർ തന്റ ഇച്ഛപോൽ ചെയ്തീടണം.
കൗരവരെത്തോൽപ്പിക്ക അത്രയെളുപ്പമുള്ള
കാര്യമാകില്ല ദ്രോണർ മുന്നിലായുള്ള കാലം
ദ്രോണരായുധം താഴ്ത്താൻ, കൃഷ്ണനോതുകയായ് യു-
ധിഷ്ഠിരനോടായിട്ടു, "കള്ളമൊന്നോതിടേണ്ടൂ,
കള്ളമാവില്ല, യശ്വത്ഥാമാവാം മണ്ണാനയേ
കൊന്നതില്ലേ രാത്രിയിൽ ചൊല്ലൂ സംശയം വേണ്ടാ
"ചൊല്ലുറക്കെ ദ്രോണരോടശ്വത്ഥാമാവ് ചത്തു'
മെല്ലെയെന്നിട്ടു ചൊല്ലൂ "അശ്വത്ഥാമാവാം ആന"
ശത്രുസേനയേമൊത്തം ഇല്ലാതെയാക്കുമാഗ്നേ-
യാസ്ത്രം തൊടുക്കാൻ ദ്രോണർ ശ്രമിച്ചീടുന്നത് കാണ്കേ
കയ്യിലെടുത്തു സുദർശനചക്രം ഭഗവാൻ
കൃഷ്ണനും, പിന്നെയമാന്തിക്കാതെ യുധിഷ്ഠിരൻ
ചൊല്ലീ ദ്രോണർ കേൾക്കുവാൻ "ഗുരോ അശ്വത്ഥാമാവ്
കൊല്ലപ്പെട്ടിരിക്കുന്നു, കഴുത്തറുക്കപ്പെട്ടാം"
മെല്ലെയെന്നിട്ടു ചൊല്ലീ "അശ്വത്ഥാമാവാം ആന"
ചൊല്ലിയതാട്ടേ ദ്രോണർക്കാകാത്തവിധം കേൾക്കാൻ
ജീവിതത്തിലാദ്യമായ് കള്ളമോതി ധർമ്മിഷ്ഠൻ,
വേവലാതിയോടെ,ന്നാൽ, 'ധർമ്മ'മെന്നു കൃഷ്ണനും
തന്മകന്നന്ത്യം കേൾക്കേ ദുഃഖാർത്തനായ ദ്രോണർ
താഴെവച്ചായുധവും, യുദ്ധം ചെയ്‌വാനാകാതെ.
ധൃഷ്ടദ്യുമ്‌നനാകട്ടേ തൻപിതാവിനെക്കൊന്ന
ദ്രോണരെകൊല്ലാനുള്ള സന്ദർഭം കളഞ്ഞില്ല!
തൻപിതാവിന്റെയന്ത്യം അറിയേയശ്വത്ഥാമാവ്
താപകോപാദികളാൽ ഓടിപ്പാഞ്ഞെത്തിയല്ലോ
സംഹാരരുദ്രനായി നാരായണാസ്ത്രമെയ്തൂ
സംഭീതരായിനിന്നോരോടൊക്കെ കൃഷ്ണനോതീ
"ഭയപ്പെടേണ്ടതില്ലാ നമസ്കരിച്ചു നിൽക്കൂ
പോയീടുമസ്ത്രം വന്ന വഴിയേ തിരിച്ചങ്ങു"
ഫലംകാണാതെ നാരായണാസ്ത്രം പൊയ് മറയേ
പ്രയോഗിച്ചിതേയാഗ്നേയാസ്ത്രത്തെയശ്വത്ഥാമാവ്
ഫൽഗുനനാട്ടേയുടൻ വരുണാസ്ത്രത്തിനാലേ
ആഗ്നേയാസ്ത്രത്തെ തടഞ്ഞില്ലാതെയാക്കി വീര്യം.
ഭ്രാന്തനെപ്പോലെയശ്വത്ഥാമാവോടിപ്പോകവേ
യുദ്ധവുമന്നു തീർന്നു മടങ്ങിപ്പോയെല്ലാരും
ദ്രോണർതൻയുഗം തീരേ, പതിന്നാറാം ദിനത്തിൽ,
ദുര്യോധനൻ കർണ്ണനേ സർവ്വസൈന്യാധിപനായ്
കുംഭാഭിഷേകം ചെയ്ത ശേഷം യുദ്ധഭൂവിലേ
ക്കായവരെത്തിച്ചേർന്നൂ തീർക്കേ മകരവ്യൂഹം
അർദ്ധചന്ദ്രവ്യൂഹത്തെ ചമച്ചൂ പാണ്ഡവരും
യുദ്ധത്തിനായിട്ടിരു കൂട്ടരും തയ്യാറായി
സർവ്വസൈന്യാധിപനായ് വാഴുവാനായെങ്കിലും
കർണ്ണനായില്ലയൊന്നും കാര്യമായ് ചെയ്‌തീടുവാൻ
പാണ്ഡവകനിഷ്ഠരാൽ തകർക്കപ്പെട്ടു വംഗ-
ഗാന്ധാര സേനാദികൾ നിസ്സാരമെന്നപോലെ
ത്രിഗർത്തസേനയേയർജ്ജുനൻ തകർത്തീടവേ
ധർമ്മപുത്രരാകട്ടേ ദ്വന്ദ്വയുദ്ധത്തിനാലല്ലോ
ദുര്യോധനന്നെപ്പരാജയപ്പെടുത്തി, യെന്നാൽ
കൗരവരിൽ ജ്യേഷ്ഠനെ കൊന്നില്ല യുധിഷ്ഠിരൻ,
ഓർത്തിടേ ഭീമൻതന്റെ ശപഥത്തെയാസമയം,
ആർക്കോ വിധിച്ചതയാൾ തീർപ്പാക്കണം വിധിയും!
ദുര്യോധനന്റെയാധിവ്യഥകൾകേൾക്കേ കർണ്ണൻ
'നിസ്സഹായനും ശാപഗ്രസ്തനും' താനെന്നോതി
"ദ്രോണാചാര്യർതൻ കീഴിൽ ചെറുപ്പത്തിലസ്ത്ര വി-
ദ്യയഭ്യസിക്കേ 'പഠിക്കേണം ബ്രഹ്‌മാസ്ത്രവിദ്യ'യെന്ന
"തന്റെയാഗ്രഹം ദ്രോണർ തള്ളിക്കളഞ്ഞുവല്ലോ
താനാകും 'സൂതപുത്രൻ'എന്നൊറ്റക്കാരണത്താൽ
എത്തീ പിന്നെപ്പരശ്ശുരാമന്നടുക്കലേക്കു
അസ്ത്രവിദ്യ പഠിക്കാൻ 'ബ്രാഹ്മണബാല'നെന്ന
വ്യാജേന,യെല്ലാംതന്നെ സ്വായാത്തമാക്കി,യെന്നാൽ
വിശ്വാസവഞ്ചനക്കു കിട്ടീ ഗുരുവിൻ ശാപം
എന്മടിയിൽ തലയും വച്ചുകൊണ്ടൊരു നാളിൽ
എൻഗുരു മയങ്ങവേ രക്‌തദാഹിയാമോരു
ഭ്രമരം എൻതുടയിൽ കുത്തിത്തുളച്ചീടവേ
ഭംഗമുണ്ടാകായെന്റെ ഗുരുവിൻ മയക്കത്തിൽ,
എന്ന നിർബന്ധബുദ്ധിയോടേ ഞാനാനൊമ്പരം
നന്നായ്ക്കടിച്ചമർത്തി ഇരുന്നുപോയിതല്ലോ
ഉണരേ നിദ്രവിട്ടിട്ട് ഗുരുനാഥൻ കണ്ടതോ
നിണത്തിൽ പീഡനവും സഹിച്ചിരിക്കുമെന്നേ
പീഡനം ക്ഷമയോടെയിങ്ങനെ സഹിക്കുവാൻ
പക്വതയുണ്ടായീടാ ബ്രാഹ്മണർക്കെന്നോർത്തിടേ
കോപിഷ്ഠനായദ്ദേഹം, സത്യം ചൊല്ലേണ്ടി വന്നൂ
ശാപമേറ്റൂ പരശ്ശുരാമന്റെ നാവിൽനിന്നും
'യുദ്ധം മുറുകീടവേ സന്ദർഭത്തിനൊത്തുള്ള
യുക്തിതോന്നാതെ പോട്ടേ', ഞാനിനിയെന്തു ചെയ്യാൻ?
അർജ്ജുനന്നുണ്ട് ഗാണ്ഡീവം, പാശുപതം, ഒടുങ്ങാ
ആവനാഴിയും തഥാ സാരഥിയായ് കൃഷ്ണനും
ദിവ്യാസ്ത്രപ്രയോഗങ്ങൾ അറിയാമെനിക്കേറെ
നല്ലോരു സാരഥിയേ കിട്ടിൽ യുദ്ധം ജയിക്കാം "
ദുര്യോധനൻ താമസ്സിക്കാതെ നിയമിക്കയായ്
മാദ്രരാജാ ശല്യരേ കർണ്ണന്റെ സാരഥിയായ്
മാദ്രരാജാവു ശല്യർ, കയ്യൊന്നിൽ ചമ്മട്ടിയും,
മറ്റേതിൽ കടിഞ്ഞാണും പിടിച്ചു തേർതെളിക്കേ
സൂര്യതേജസ്വി കർണ്ണൻ കൗരവചതുരംഗ
സേനകളുടേയകമ്പടിയുമായി, കയ്യിൽ
കാളപൃഷ്ഠ ചാപവും കുലച്ചങ്ങെത്തീ കുരു-
ക്ഷേത്രഭൂമിയിൽ, വീണ്ടും യുദ്ധം കൊഴുപ്പിക്കുവാൻ
ശല്യരാവട്ടേ ധർമ്മപുത്രർക്കു താൻനൽകിയ
സന്ദേശം പാലിക്കുവാൻ കിട്ടിയ സന്ദർഭത്തെ
ഓർത്തിടേ വിദഗ്ധമായ് ഉപയോഗിക്കയായി.
കർണ്ണൻ ആത്മപ്രശംസ തുടരേ
ചെയ് വതിന്നെ
വിമർശിച്ചും ഖണ്ഡിച്ചും കുത്തുവാക്കിനാലേയ-
ക്ഷമനാക്കിയുമാത്മവീര്യത്തെക്കെടുത്തിയും!
ധർമ്മപുത്രരുമായി ഏറ്റുമുട്ടിയ കർണ്ണൻ തോൽപ്പിച്ചു കനിഷ്ഠനേ എങ്കിലും കൊന്നതില്ല,
യുദ്ധത്തിൽ താൻകൊല്ലില്ല തന്നനുജരേയെന്ന,
കുന്തിക്കു കൊടുത്തോരു, വാക്കുപാലിക്കാനായി
ദുശ്ശാസന വധവും പാഞ്ചാലീ-
ശപഥനിറവേറ്റലും
ദുശ്ശാസനന്നെത്തേടി ഭീമൻ നടന്നീരുന്നു
നേരിട്ടു കണ്ടതില്ല മാറി നടക്കയാമോ?
ഇന്നറിയാതെയെത്തി, നേർക്കുനേർ കണ്ടീടവേ,
ദ്വന്ദ്വയുദ്ധത്തിന്നായി പോർവിളിച്ചല്ലോ ഭീമൻ
മത്തേഭദ്വയം പോലേ ഏറ്റുമുട്ടീ ഗദയാൽ,
മുഷ്ടിയാലേ, ഗദകൾ തകർന്നുപോയീടവേ
പാണ്ഡവരോടു പണ്ടു ചെയ്ത കൊടും തിന്മകൾ
എണ്ണിച്ചൊല്ലിക്കൊണ്ട് ഭീമൻ ദുശ്ശാസനന്നേ തള്ളി
താഴെയിട്ടു, ഗദയാൽ ശിരസ്സിലടിക്കവേ
ദുശ്ശാസനന്റെ ശിരസ്സ് പൊട്ടിത്തകർന്നുപോയി
ദ്രൗപദിയോടു ചെയ്ത തെറ്റുകളെണ്ണിച്ചൊല്ലി
നെഞ്ചിലടിക്കയായി, വീണ്ടും തലക്കടിച്ചു
കൊന്നിതേ നിഷ്ക്കരുണം, നെഞ്ചിലിരുന്നുകൊണ്ടു
കൈകളാൽ മാറ് പിളർന്നാ രക്തം കുടിക്കയായി,
പുറത്തേക്കെടുത്തിട്ടു കുടൽമാലയൊക്കെയും
അറപ്പുണ്ടാക്കും വിധം, ആർത്തട്ടഹസിക്കയായ്
കുടൽമാലകൾ വാരിവലിച്ചു തൻ ശരീരേ
പൊടുന്നനേയിട്ടിട്ടു വേഗമോടി, സ്യമന്ത-
പഞ്ചകം തന്നിലേക്കെന്നിട്ടഴിഞ്ഞ് കിടന്നിടും
പാഞ്ചാലിതൻ കൂന്തലിൽ പുരട്ടീ നിണം മൊത്തം,
രൗദ്രഭീമനെക്കാണേ പരിഭ്രമിച്ചുപോയി
ദ്രൗപദിയൽപ്പനേരം സന്തോഷമായെന്നാലും
നിറവേറീ ശപഥം തന്റെയും ഭീമന്റെയും
അറിയാതുന്മാദത്താൽ മനമൊന്നുലഞ്ഞുപൊയ്
തിരികേയെത്തേ യുദ്ധക്കളത്തിലേക്കു ഭീമൻ,
ദുര്യോധനന്റെ മറ്റു സോദരരേയും കൊന്നു
ഉദരത്തിൽ തിളയ്ക്കേ ദുശ്ശാസനന്റെ നിണം
മദയാനയെപ്പോലെ കൊലചെയ്തു കണ്ടൊരേ
. കർണ്ണവധം
അർജ്ജുനനേറ്റുമുട്ടി അന്നു മദ്ധ്യാഹ്നശേഷം
കർണ്ണനോടവർ രണ്ടും എടുത്തൂ ദിവ്യാസ്ത്രങ്ങൾ
പ്രയോഗിച്ചതൊക്കെയും തുല്യഫലം നൽകയായ്
പ്രയോഗിക്കേണ്ടതെന്തിനി,യെന്നവർ ചിന്തിക്കേ
സർപ്പമുഖബാണമാം ഉരഗാസ്യ അസ്ത്രത്തെ
കർണ്ണൻ തൊടുത്തു വിട്ടു അർജ്ജുനന്നു നേർക്കായി
പാഴിലായിപ്പോയെന്നാൽ അസ്ത്രമതേറ്റതില്ലാ
പാർത്ഥസാരഥിക്കറിയാം നന്നായതിൻ ശക്തി!
പാർത്ഥന്റെ ശിരസ്സിന്നേ ലക്ഷ്യംവച്ചുവന്നൊരാ
ബാണമെത്തിടും മുൻപേ രഥത്തിൻ ചക്രം താഴ്ത്തി,
അഞ്ചുവിരലാഴത്തിൽ പൂഴിയിലേക്കു കൃഷ്ണൻ,
അമ്പ് പാഞ്ഞുപോയി ചുംബിച്ചർജ്ജുനന്റെ കിരീടം!
കർണ്ണരഥം മുന്നിലേക്കെടുത്തൂ ശല്യരെന്നാൽ
കർണ്ണഹിംസതൻ കാലം ആഗതമായ കാര്യം
ശക്തമാക്കുമ്പോൽ പണ്ടു കിട്ടിയോരാ ബ്രാഹ്‌മണ
ശാപത്താൽ തേരിൻ ചക്രം പുതഞ്ഞിളകാതായി
പോരെങ്കിൽ പണ്ടെങ്ങോപരശുരാമൻ വിധിച്ച
പ്രാക്കിനാലെ ബ്രഹ്‌മാസ്‌ത്രപ്രയോഗം മറന്നുപോയ്!
എന്തു ചെയ്യേണമെന്നു അറിയാതായ കർണ്ണൻ
നിന്നുപോയ് നിസ്തബ്ധനായ് അല്പനേരമെങ്കിലും
മോഹാലസ്യപ്പെടുത്തിയർജ്ജുനനേ തൽക്കാലം,
മോചിപ്പിച്ചിടാൻ രഥം ശ്രമിച്ചുവെന്നാകിലോ
ആയുധംവിനാ നിൽക്കും കർണനെ വധിയ്ക്കുവാൻ
ആവാതെ നിന്നേപോയി അർജ്ജുനൻ മടിച്ചങ്ങു.
ഇത്തരമുത്തമമാം സന്ദർഭം ഒരിക്കലും
ഒത്തുവന്നീടില്ലെന്ന കൃഷ്ണവാക്കുകൾ കേൾക്കേ
അർജ്ജുനൻ പ്രയോഗിച്ചു മടിക്കാതുടൻ തന്നെ
അർദ്ധചന്ദ്രബാണത്തെ കർണ്ണനേ ലക്ഷ്യമാക്കി
അർജ്ജുനതാതനിന്ദ്രൻ ഭിക്ഷയായേറ്റുവാങ്ങി
കർണ്ണന്റെ പടച്ചട്ട, കുണ്ഡലങ്ങളെന്നിവ
.
തന്മൂലമർജ്ജുനന്ന് നിഷ്പ്രയാസം കർണ്ണനെ
ഉന്മൂലനം ചെയ്യുവാൻ സാധ്യമായി വന്നിതേ
കർണ്ണന്റെ ശിരസ്സറ്റു പോയിടേ നിരാശരായ്
കൗരവപ്പടയോടി, അല്ലാതെയെന്തേ ചെയ് വൂ ?
സർവ്വസൈന്യാധിപന്റെ വീഴ്ച കണ്ടിതേയന്നു
സായഹ്നമായീടവേ പതിനേഴാം ദിനത്തിൻ
. *** *** ***
കർണ്ണവധം നടക്കേ, പതിനെട്ടാം ദിനത്തിൽ
കൗരവസർവ്വസൈന്യാധിപനായി ശല്യരെ
സ്ഥാനാഭിഷേകം ചെയ്കയായ് ദുര്യോധനൻ, അശ്വ-
ത്ഥാമാവിന്നഭിലാഷേ, യുദ്ധം തുടങ്ങും മുൻപേ
വൃദ്ധനാകും ശല്യരോ, അന്നാദ്യമായിട്ടല്ലോ
യുദ്ധംചെയ്യാൻ തുടങ്ങി, ധർമ്മപുത്രരോടായി
.
തേർതട്ടിൽ ക്ഷീണിതനായ് വീണ യുധിഷ്ഠിരന്നെ
താമസംവിനാ ഭീമൻ രക്ഷിച്ചു മാറ്റുകയായ്
യുധിഷ്ഠിരൻ എങ്കിലും തിരികേയെത്തി വീണ്ടും
യുദ്ധത്തിലേർപ്പെട്ടല്ലോ ദിവ്യാസ്ത്രമാകും വേലാൽ
ശല്യരെ വീഴ്ത്തേ താഴെ, കൗരവപ്പടതന്റെ
സർവ്വസൈന്യാധിപനാം ശല്യർതൻ വീഴ്ചകാണ്കേ
പിന്തിരിഞ്ഞോടിപ്പോയ കൗരവർക്കിടയിലേ-
ക്കെത്തീ സഹദേവൻ, പിടിക്കേ തൻമാതുലനേ,
"കൊല്ലരുതെന്നേ, നിന്റെ ബന്ധുവാണെ"ന്നു ശല്യർ
കെഞ്ചിക്കേണുവെന്നാലും കൊന്നുതൻ വാളിന്നാലേ .
കേട്ടിടേ അന്ത്യം സർവ്വസൈന്യാധിപൻ ശല്യർതൻ
ഞെട്ടിത്തരിച്ചുനിന്നു പോയിതേ ദുര്യോധനൻ
കൃതവർമ്മാവുമശ്വത്ഥാമാവുമവർക്കൊപ്പം
കൃപാചാര്യരും ചേർന്നു യുദ്ധം തുടരാനെത്തി
ധൃഷ്ടദ്യുമ്നനോടെതിർത്തീടവേ ദുര്യോധനൻ
ജിഷ്ണുവെത്തീയവിടേ ഘോരയുദ്ധം തുടങ്ങി.
കൗരവസൈന്യം മൊത്തം തകർന്നുപോകയായി
ദുര്യോധനന്നറിവായ് രക്ഷയില്ലിനി നിന്നാൽ
ദുര്യോധനന്റെ ഒളിച്ചോട്ടവും
ഭീമനോടുള്ള തോൽവിയും
കൗരവർതന്നിലിന്നു ജീവനോടിരിപ്പില്ല
ആരുംതന്നെന്ന സത്യം അറിയേ ദുര്യോധനൻ
യുദ്ധഭൂമിവിട്ടോടി അശ്വത്തിന്റെ മേലേറി,
യുക്തിയോ ഭീരുത്വമോ എന്തുതന്നായിക്കോട്ടെ
,
ചോരയുമൊലിപ്പിച്ചു ലക്ഷ്യമില്ലാതെയോടി
ചെന്നെത്തിടേണ്ടയിടം ഏതുതന്നായിക്കോട്ടെ
ദുര്യോധനനോ ചെന്നെത്തി, ഏറെദൂരെയല്ലാത്ത,
ദ്വൈപായനഹ്രദമാം, പുണ്യത്തീർത്ഥത്തിൻ തീരേ
ചോരയൊലിക്കയല്ലോ, വേദനസഹിച്ചിടാ,
ചിന്തിച്ചു നിന്നതില്ല, ദേഹം തണുപ്പിക്കേണം
ചാടീ നദിയിലേക്കായ് അല്പമാശ്വാസമായി
ചിന്തകൾ കാടുകേറി എന്താമിനിയും ഭാവി?
യുദ്ധഭൂമിതന്നിലായ് സുയോധനന്നഭാവം
ശ്രദ്ധയിൽ വന്നീടവേ തിരച്ചിൽ തുടങ്ങയായ്.
വന്നൂ ധൃതരാഷ്ട്രർതൻ സുഹൃത്താകും സഞ്ജയൻ,
വ്യാസൻ കൊടുത്ത ദിവ്യചക്ഷുസ്സിനാലദ്ദേഹം
കണ്ടെത്തീ ദുര്യോധനൻ എവിടാണുള്ളതെന്ന
കാര്യം, പിന്നെ കൃപരും കൃതവർമ്മാവും ചേർന്നു
സഞ്ജയനേയും കൂട്ടി എത്തീ തടാകതീരേ
സാദ്ധ്യമായുള്ള കാര്യം എന്തിനി, ചിന്തിക്കേണ്ടേ
ദിനംതോറും ഭീമന്നു മാംസമെത്തിച്ചിരുന്ന
വനവാസി കാണ്കേ സുയോധനന്നേ നദിയിൽ,
കാത്തുനിൽക്കാതെത്തിച്ചു പാണ്ഡവർക്കു വിവരം
കേൾക്കേയവർ സമയം കളയില്ലെത്തും, തീർച്ച.
പാണ്ഡവരെത്തി വെല്ലു വിളിക്കേ ദുര്യോധനൻ
വന്നൂ കരയിൽ, മല്ല യുദ്ധം ചെയ്യുവാനായി
ബലരാമനും അപ്പോൾ എത്തീയവിടെക്കയ്യിൽ
ഹലായുധവും പിടിച്ച് കനിഷ്ഠന്നടുത്തേക്ക്
.
പണ്ടു മൈത്രേയയോഗി ദുര്യോധനന്നേകിയ
പ്രാക്കിൻ രഹസ്യം കൃഷ്ണൻ ഭീമനോടോതുകയായ്
ദുര്യോധനന്റെയന്ത്യം സംഭവ്യമാകുവാനായ്
കാര്യമായിട്ടടിയേൽപ്പിക്കവേണം തുടയിൽ
ആ ശാപം ഫലിക്കാതേയിരിക്കാനായി നഗ്നൻ
ആയിട്ട് നിർത്തി ഗാന്ധാരി തന്മകന്നേയെങ്കിലോ
കണ്ണിന്റെ കെട്ടഴിച്ചു ഗാന്ധാരി നോക്കീടവേ
നാണത്താൽ ദുര്യോധനൻ കയ്യാൽ തുടയെപ്പൊത്തി
ഏറ്റില്ല തന്മകന്നെ രക്ഷിക്കുവാനായുള്ള
പെറ്റമ്മതന്റെ ശ്രമം, ശാപം ഫലിക്കവേണ്ടേ!
സ്യമന്തപഞ്ചകത്തിൽ, കൃഷ്ണന്നുപദേശത്താൽ
സന്ധ്യവരേക്കും യുദ്ധം പതിനെട്ടാം ദിനത്തിൻ
കൃഷ്ണനോ പ്രേരിപ്പിക്കേ, നീതിക്കാണെന്നു ചൊല്ലി,
ദണ്ഡിനാലടിച്ചല്ലോ നീതിവിട്ടു ഭീമനും
ദുര്യോധനൻ തന്നുടെ അരയ്ക്കു താഴെയായി,
ആരുമില്ല രക്ഷയ്ക്കായ് ദുര്യോധനൻ വീണുപോയ്
പൊട്ടിപ്പോയ്തുടയെല്ലു ആവില്ലെഴുന്നേൽക്കുവാൻ
പെട്ടെന്നതുകണ്ടിടേ ബലരാമനാകട്ടേ
യുദ്ധ നീതിയല്ലെന്ന തോന്നലാൽ ഹലായുധം
ഏന്തികയ്യിലായെന്നാൽ ശാന്തനാക്കി കൃഷ്ണനാൽ
നീതി പാണ്ഡവർ പക്ഷം തന്നെയെന്നുമുൻകൂറായ്
നിശ്ചയിച്ചല്ലോ കൃഷ്ണൻ, അല്പമനീതി കാട്ടാം!
കൗരവപക്ഷത്താകെ മൂവർ മാത്രം ശേഷിക്കേ
തുടർന്നീടവേണ്ടില്ല യുദ്ധമെന്നും തീർപ്പാക്കി
ദുര്യോധനന്റെയും അശ്വത്ഥാമാ വിന്റെയും പകപോക്കലും അന്ത്യവും
സൂര്യനസ്തമിക്കയായ് യുദ്ധവും തീർന്നുവല്ലോ
യാത്രയായവർ കൂടാരങ്ങളെ ലക്ഷ്യമാക്കി
തേരിൽനിന്നർജ്ജുനന്നെ ഇറക്കീ കൃഷ്ണനാദ്യം
തേരിൽ ചമ്മട്ടിയിട്ടിട്ടിറങ്ങീടവേ കൃഷ്ണൻ
അഗ്നിക്കിരയായല്ലോ തൽക്ഷണം തന്നെയാ തേർ.
ആഗ്നേയാസ്ത്രത്തെ ദ്രോണർ അർജ്ജുനന്നെ ലക്ഷ്യമായ്
എയ്തീടവേ തന്നെയാ തേരെരിഞ്ഞുപോകേണ്ട-
തായിരു,ന്നിതേവരേ കാത്തുസൂക്ഷിച്ചു കൃഷ്ണൻ
കൃഷ്ണൻ പാണ്ഡവർക്കൊത്തു
ശിബിരം പൂകീടാതെ
കൂട്ടിക്കൊണ്ടുപോയതോ ഗോമതീ നദീതീരേ
ദുര്യോധനൻതൻ മൃത്യുവിൻമുൻപേ തന്നെ കൃപാ-
ചാര്യരും അശ്വത്ഥാമാ, തഥാ കൃതവർമ്മരും
എത്തീ ദുര്യോധനൻതൻ ചാരത്തായി വാഗ്ദാനം
ഏകിടാൻ, തീർച്ചയായും പാണ്ഡവരെത്തീർക്കുവാൻ
നിർദ്ദേശിച്ചിടേ കൃപർ വാഴിച്ചശ്വത്ഥാമാവേ
ദുര്യോധനൻ കൗരവ സൈന്യാധിപനായുടൻ
പാണ്ഡവ കുടിരങ്ങൾ ലക്ഷ്യമാക്കി മൂവരും
പോകയായ് ദുര്യോധനന്നേകിയ വാഗ്ദാനത്തെ
പാലിക്കാൻ, തകർക്കുവാൻ പാണ്ഡവരേയും തഥാ
പുത്രരേയുമൊന്നോടെ ജീവിച്ചീടേണ്ടയാരും
വിശ്രമിക്കേ വഴിയിൽ ഉറങ്ങിപ്പോയി കൃതാ-
വർമ്മാവുമൊപ്പം കൃപാചാര്യരും ക്ഷീണത്തിനാൽ
കണ്ടൂ ഉണർന്നിരിക്കും അശ്വത്ഥാമാവ് ദൂരേ
കാക്കക്കൂട്ടം മരത്തിൽ സുഷുപ്‌തിയിലാണ്ടിടേ
ആക്രമിച്ചീടും കൂമകൂട്ടങ്ങളാ,ഇരുട്ടിൽ
ആ യുദ്ധതന്ത്രം കൊള്ളാം, താമസിച്ചില്ല പിന്നെ,
വാക്കുപാലിക്കാനായി പാണ്ഡവക്കൂടാരത്തെ
ആക്രമിക്കാൻ തുടങ്ങി മാറിമാറിയോരൊന്നും
ധൃഷ്ടദ്യുമ്നന്റെ നെഞ്ചിൽ ചവിട്ടിയുണർത്തിയിട്ട്
തൻപിതാവാം ദ്രോണരെ കൊന്നതിന്റെ കോപത്താൽ
പൈശാചികമായ്തന്നെ കൊന്നു പകതീർത്തിടേ
പോകയായ് ലക്ഷ്യം വച്ചു മറ്റുള്ള കൂടാരങ്ങൾ
കൊല്ലുകയായിരുട്ടിൽ കിട്ടിയോരെയൊക്കെയും
വല്ലാത്ത പകയോടേ, പാണ്ഡവരിനി വേണ്ടാ
അമാവാസിയല്ലയോ കൂരിരുട്ടിലന്യോന്യം
അറിയില്ലെന്തേയന്യ കുടീരത്തിൽ നടപ്പൂ
കൊന്നതാകട്ടെ ധൃഷ്ടദ്യുമ്നനെ, ശിഖണ്ഡിയേ
പിന്നെയോ ദ്രൗപതിതൻ പുത്രരേയഞ്ചുപേരേം
പ്രതിവിന്ധ്യന്റെ, ശതാനീകന്റെ , ശ്രുതസേന-
ശ്രുതകർമ്മന്റേം സുതസോമൻതന്റേയുമന്ത്യം
പാണ്ഡവരഞ്ചുപേരാണെന്നു ധരിച്ചേപോയി
പാതിരാക്കൂരിരുട്ടിൽ ആളുകൾ മാറിപ്പോയി
കൃഷ്ണദീർഘദർശനം പാണ്ഡവർക്കു രക്ഷയായ്
ശേഷിച്ച പുത്രരഞ്ചും നഷ്ടമായല്ലോയെന്നാൽ!
പാണ്ഡവരെക്കാണാതെ വന്നിടേയശ്വത്ഥാമാവ്
വെന്തുമരിക്കാനഗ്നിക്കിട്ടെല്ലാ കൂടാരവും
തിരികേയെത്തീ മൂവർ ചേർന്നു ദുര്യോധനന്നേ
ധരിപ്പിച്ചു "പാണ്ഡവർ മൊത്തവും വെന്തുചത്തു"
ഏറെസന്തോഷമായി ദുര്യോധനന്നെങ്കിലോ,
ഏറെനേരം ജീവിക്കാൻ ആയുസ്സു നീണ്ടതില്ല
സൂര്യോദയത്തിൻ മുൻപേ യാത്രയായ് ഭൂവിൽനിന്നും
ദുര്യോധനൻ, കൗരവകുലത്തിന്റെയന്ത്യമായ്!
അഞ്ചു പൗത്രരുമൊപ്പം സോദരനും കൊല്ലപ്പെടേ
പാഞ്ചാലി ദുഃഖാർത്തയായ് പൊട്ടിക്കരഞ്ഞുപോയി
സ്വാന്തനമൊന്നും തന്നെ ഫലം കാണ്മാതെവരേ
കാന്തനാം ഭീമൻ അശ്വത്ഥാമാവേക്കൊല്ലാനായി
യാത്രയാകേ പിറകേ കൃഷ്ണനുമർജ്ജുനനും
എത്തുകയാ,യനർത്ഥം ഒഴിവാക്കുവാനായി
അശ്വത്ഥാമാവോടൊറ്റക്കേറ്റുമുട്ടാൻ ഭീമന്നു
ആവില്ലയെന്ന കാര്യം അറിയാം രണ്ടുപേർക്കും
വെല്ലുവിളിക്കേ ഭീമൻ, ഗംഗയിൽ കുളിക്കുമാ
മല്ലനാമശ്വത്ഥാമാവ് എത്തിയല്ലോ കരയിൽ
പുൽക്കൊടിയൊന്നു മെല്ലേ പറിച്ചെടുത്തെന്നിട്ടു
പ്രയോഗിച്ചു ബ്രഹ്മാസ്‌ത്രം പാണ്ഡവരെത്തകർക്കാൻ
ഉടൻതന്നർജ്ജുനനും പ്രയോഗിച്ചു ബ്രഹ്മാസ്‌ത്രം
കൊടിയോരാപത്തിൽനിന്നുള്ളൊരു രക്ഷക്കായി
രണ്ടു ബ്രഹ്മാസ്‌ത്രങ്ങളും കൂട്ടിമുട്ടുകയെന്നാൽ
ഉണ്ടാകും ലോകനാശം എന്നതറിയേ കൃഷ്ണൻ
രണ്ടുപേരോടും തന്റെ ബ്രഹ്മാസ്‌ത്രത്തെത്തിരിച്ചു
കൊണ്ടുവന്നീടുവാനായ് നിർദ്ദേശിക്കയായല്ലോ
പിൻവലിച്ചു ബ്രഹ്മാസ്‌ത്രം ഉടൻതന്നെയർജ്ജുനൻ
പിൻവലിച്ചില്ലായെന്നാൽ അശ്വത്ഥാമാവാ അസ്ത്രം
ദുരന്തമകന്നേപൊയ്, ശപിക്കയായിയെന്നാൽ,
പെരുത്ത കോപത്താലേ കൃഷ്ണനശ്വത്ഥാമാവേ!
"ചിരഞ്ജീവിയാം നിന്റെ ഉടൽമൊത്തവും മേലിൽ
ചൊറിയാൽ, ത്വക് രോഗത്താൽ,
ഉഴറിനടക്കും നീ"
ഭീമനാകട്ടേയുടൻ ചൂഴ്ന്നെടുക്കയായശ്വ-
ത്ഥാമാവിൻ ശിരസ്സിലെ സുന്ദര ചൂഡാരത്നം
ദ്രൗപതീ തന്നാഗ്രഹം പൂർത്തീകരിക്കാനായി
പാപമാം ചെയ്കയെന്ന ബോധമേയുണ്ടാകാതെ!
പണ്ടു ദ്രൗപതിക്കായി സൗഗന്ധികത്തെ തേടി
പോയോരു ഭീമന്നിതോ ദുഷ്‌കരമായ കർമ്മം?
തന്റെയാഗ്രഹം പോലേ ക്രൂരനാമശ്വത്ഥാമാവ്
തന്നുടെ ബ്രഹ്മാസ്‌ത്രമോ പോയിപ്പതിക്കയായി
ഗർഭിണിയാമുത്തരതൻ വയറ്റിലായി,
ഗർഭസ്ഥശിശുവിന്റെ അന്ത്യം സംഭവിക്കയായ്!
എങ്കിലുമാക്കുഞ്ഞിന്നു പുനർജ്ജീവൻ നൽകയായ്
ഫൽഗുന സാരഥിയാം ഭഗവാൻ കൃഷ്ണനാലേ
ധീരനാമഭിമന്യൂ പുത്രനല്ലോ ഭാവിയിൽ
ഭാരത ചക്രവർത്തി പരീക്ഷിത്തെന്ന നാമേ!
കൃഷ്ണശാപത്താലശ്വത്ഥാമാവിൻ ദേഹമാകെ
കുഷ്ഠസമം വ്രണവും ചൊറിയും ശല്യം ചെയ്തു.
യുദ്ധമവസാനിച്ചിടേ പത്തും രണ്ടുമാളുകൾ
മാത്രമേ ശേഷിച്ചുള്ളൂ ഇരുഭാഗത്തുമായി
പാണ്ഡവരഞ്ചുപേരും സാത്യകീ യുയുത്സുവും,
കൃഷ്ണനും ചേർന്നെട്ടുപേർ പാണ്ഡവപക്ഷത്തായും
കൃപരുമശ്വത്ഥാമാവും വൃഷകേതുവും തഥാ
കൃതവർമ്മാ,വീ നാൽവർ കൗരവ പക്ഷത്തായും!
ചിത്രാംഗദതന്നിലായ് അർജ്ജുനന്നു ജനിച്ച
ബഭ്രുവാഹനൻ പങ്കെടുത്തിരുന്നില്ല യുദ്ധേ
യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവർതൻ മറ്റുള്ള
പുത്രന്മാരാരുംതന്നെ ശേഷിപ്പതുണ്ടായില്ല
യുദ്ധകാലത്തു ഗർഭവതിയായിരുന്നോരു
ഉത്തര പരീക്ഷിത്തിന്നേകി ജന്മം പിൽക്കാലേ
പാണ്ഡവർക്കപ്രകാരം ശേഷിച്ചതാട്ടേയോരോ
പുത്രപൗത്രന്മാർ മാത്രം കുലത്തിൻ
ഭാവിക്കായി
. ഗാന്ധാരീ വിലാപം
എത്തുകയായ് ഗാന്ധാരി യുദ്ധഭൂമിയിലേക്കായ്
പുത്രി ദുശ്ശളയേയും പുത്രവധുക്കളേയും
പൗത്ര വധുക്കളേയും തന്നുടെയൊപ്പം കൂട്ടി,
പോർക്കളത്തിലെ ശേഷം അവസ്ഥയറിഞ്ഞീടാൻ
യുദ്ധക്കളേ ശേഷിച്ച ഭീകരകാഴ്ച കേൾക്കേ
ഗാന്ധാരിക്കായില്ലതൻ ശോകമടക്കുവാനായ്
അംഗഭംഗം വന്നോരു ചീഞ്ഞ ശരീരങ്ങളും
ആകേ വികൃതമായ ജീവിക്കും ഗാത്രങ്ങളും
ശവത്തെക്കൊത്തിത്തിന്നും ജീവൻവിട്ടുപോകാത്ത,
ശരീരങ്ങങ്ങളെ നോക്കി കാവലിരുന്നീടുന്ന
കഴുകന്മാരും തഥാ നരികൾതൻ കൂട്ടവും,
അഴലാൽ ബന്ധുക്കളെ തേടും സ്ത്രീജനങ്ങളും!
ദുര്യോധനന്റെ പത്നി ഭാനുമതീ സഹായേ
ദുര്യോധനന്റെ ഗാത്രം ദർശിക്കാനായെത്തവേ
ഗാന്ധാരി തന്റെ കണ്ണിൻ കെട്ടങ്ങഴിച്ചുമാറ്റി,
അന്ധനാം ധൃതരാഷ്ട്രർ തന്നുടെ പത്നിയാകേ
കെട്ടിയതാണാക്കെട്ട് പാതിവ്രത്യപ്രമാണം!
കെട്ടഴിച്ചിതേവരേ ഒറ്റപ്രാവശ്യം മാത്രം,
യുദ്ധം തുടങ്ങും മുൻപേ അനുഗ്രഹമേകുവാൻ
പുത്രൻ ദുര്യോധനന്നെ നൂൽബന്ധംവിനാ കണ്ട്
കൈകളാൽ ദുര്യോധനൻ തൻ തുട മറയ്ക്കയാൽ
കാണുവാനാകാതേപോയ് നഗ്നശരീരമാകേ
ഏൽക്കാതെപോയിതല്ലോ തന്റെയായനുഗ്രഹം,
ഏൽപ്പിച്ചിടേ മർദ്ദനം ഭീമനാൽ തുടയ്ക്കിട്ട്!
ഇന്നുരണ്ടാമതായാ കൺകെട്ടഴിക്കയായി
പൊന്നുമോൻ ദുര്യോധനൻ തന്നുടെ ഗാത്രം കാണാൻ,
അന്ത്യയാത്രയിലൊന്നാലിംഗനം ചെയ്യാനായി,
എത്രയായാലും തന്റെ ഓമനപ്പുത്രനല്ലോ!
എത്ര ഭയാനകമാം കാഴ്ചയല്ലോ താൻ കാണ്മൂ
എങ്ങനെ സഹിച്ചീടും മാതാവല്ലയോ താനും!
നേരിട്ടു കണ്ടിതല്ലോ ദാരുണാന്ത്യം പ്രിയരാം
നൂറു പുത്രന്മാർക്കൊപ്പം മറ്റു ബന്ധുക്കളുടേം
ആർത്തു വിലപിച്ചുപോയ് തന്നുടേയുറ്റ പുത്ര-
മിത്രാദികൾതന്നന്ത്യം കണ്ടിടേ ഗാന്ധാരിയും
സത്ബധനായിപ്പോയല്ലോ കൃഷ്ണനുമാ ശുദ്ധമാം
പുത്രസ്നേഹത്തിൻമുന്നിൽ, അവതാരം തന്നാകിലും!
ഭാനുമതിതന്റെയാ നെഞ്ചത്താഞ്ഞടിച്ചുള്ള
രോദനം കണ്ടീടവേ നൂറ്റൊന്നുപേർക്കമ്മതൻ
മാതൃസ്നേഹത്തിന്നതിർ പൊട്ടിപ്രവഹിക്കയായ്,
കാതരയാം ഗാന്ധാരി കോപതാപാദികളാൽ
ചെന്താമരക്കണ്ണനേ നിർദ്ദയം നിരന്തരം
ചോദ്യശരങ്ങളാലേ ഭേദ്യം ചെയ്യുകയായി!
സഹിച്ചീടുവാനാമോ ധർമിഷ്ഠയും ഭക്തയും
സതിയാമൊരമ്മയുമല്ലയോ ഗാന്ധാരിയും!
വാക്കുകൾ തുടർച്ചയായുതിർന്നൂ ഗാന്ധാരിതൻ
വക്ത്രത്തിൽനിന്നും ലക്ഷ്യമാക്കി കൃഷ്ണന്നു നേർക്ക്
"നിന്നുടെ കാപട്യവും വക്രബുദ്ധിയും മൂലം
എന്നുടെ നൂറു പുത്രർക്കീഗതി വന്നൂ കൃഷ്ണാ,
"ഭീഷ്മപിതാമഹന്നെ വീഴ്ത്തീ ശരശയ്യയിൽ
ഉഷ്ണരശ്മിയേ മൂടി ജയദ്രഥനേക്കൊന്നു!
"കൊന്നതില്ലേ ദ്രോണരേ അശ്വത്ഥാമാവ് ചത്തെന്നു
കള്ളമോതിച്ചതിച്ചും, യുദ്ധക്കളം വിട്ടോരെൻ
"പൊന്മകൻ ദുര്യോധനൻ തന്റെ തുടയ്ക്കടിയേൽ-
പ്പിച്ചു കൊല്ലിച്ചതും നീയല്ലയോ ശ്യാമവർണ്ണാ!"
"ഇത്രയുമേറെ ധാർത്തരാഷ്ട്രന്മാരെക്കൊല്ലുവാൻ
തീർത്തും നീ നിശ്ചയിച്ചു തീരുമാനിച്ചതല്ലേ?
"പതിശുശ്രൂഷയാലേ തപോബലം ആർജ്ജിച്ച
പതിവ്രത ഞാനെങ്കിൽ, മധുസൂദനാ കേൾക്കൂ
"ഇന്നീ യുദ്ധഭൂമിയിൽ കാലുകളുറപ്പിച്ചു
നിന്നുകൊണ്ടിതാ ഞാനും ശപിപ്പൂ നിന്നേ, കൃഷ്ണാ,
"നിന്നുടെ ബന്ധുക്കളും കൊല്ലപ്പെടുമിവ്വിധം
ഇന്നേക്കു മുപ്പത്തിയാറാണ്ടു തികഞ്ഞീടവേ
"തത്ര നീയേകനായി വനമദ്ധ്യേ നടക്കേ
കുത്സിതമായുള്ളോരുപായത്താൽ മരിക്കും നീ
"ബന്ധുക്കളേയൊക്കെയും നഷ്ടമാകേ നിന്റെയും
ബന്ധുസ്ത്രീകൾ പുലമ്പിക്കരഞ്ഞീടുമിവ്വിധം"
ഏതും കുലുങ്ങീടാതെ കൃഷ്ണനോ ചൊൽകയായി,
"മാതേ അതൊക്കെത്തന്നെയാണെൻ തീരുമാനവും
"ഇല്ലയൊന്നുമേ പുത്തനായ കാര്യങ്ങളിതിൽ"
തെല്ലുപുഞ്ചിരിയേകി, പിന്തിരിഞ്ഞു കൃഷ്ണനും,
തന്റെ തീരുമാനത്തിന്നൊപ്പം ഗാന്ധാരിയെന്ന
ധർമിഷ്ഠയും ഭക്തയും ആകും സ്ത്രീരത്നത്തിന്റെ
ശാപത്തിൻ വാക്കുകളും
സത്യമാക്കുവാനായിത്തന്നാ
ശാപത്തെ സ്വീകരിച്ചു പുഞ്ചിരിയാലേ കൃഷ്ണൻ.
അപ്രകാരം തന്നല്ലോ യാദവ കുലത്തിന്റെ
അന്ത്യവും പിൽക്കാലത്ത് സംഭവ്യമായിത്തീർന്നൂ!
ധർമ്മപുത്രരുടെ രാജ്യാഭിഷേകം
ശാന്തി ലഭിക്കാനായി മരിച്ചോരുടാത്മാക്കൾക്ക്
പിതൃശുദ്ധികർമ്മങ്ങൾ യുധിഷ്ഠിര നോട്ടത്തിൽ
ചെയ്ത ശേഷം പാണ്ഡവർ ഹസ്തിനാപുരത്തേക്ക്
യാത്രയായിതേ രാജ്യഭരണം ഏറ്റെടുക്കാൻ.
ഏത്തീടവേയവർ ധൃതരാഷ്ട്രർതന്നാശിർവാ-
ദത്തെത്തേടുവാനായി ച്ചൊല്ലുകയായി കൃഷ്ണൻ
ദുര്യോധനന്നെ ഭീമൻ നിഷ്‌ക്കരുണം വധിച്ച
വൈരാഗ്യം ധൃതരാഷ്ട്രർക്കുണ്ടെന്നറിഞ്ഞ കൃഷ്ണൻ
ഭീമനേ മാറ്റിനിർത്തി തൽസ്ഥാനത്തായിട്ടോരു
ഭീമമാം കൽവിഗ്രഹം നിർത്തേ ധൃതരാഷ്ട്രരോ
ശക്തിമൊത്തവും തന്റെ
കൈകളിലാവാഹിച്ചു
ശക്തനാം ഭീമനെന്ന ഭാവേനയമർത്തവേ
പൊട്ടിത്തകർന്നാ മൂർത്തി പളുങ്കുപാത്രം പോലെ,
പൊട്ടിച്ചിരിച്ചുപോയീ കണ്ടുനിന്നവരൊക്കെ
തന്നുടെ വിഡ്ഢിത്തത്തേയറിയേ ധൃതരാഷ്ട്രർ
തീർത്തും പശ്ചാത്തപിച്ചു പുൽകി ഭീമനേപ്പിന്നെ.
പത്തും രണ്ടും ദിനങ്ങൾ പോകേ യുദ്ധാനന്തരേ
പാണ്ഡവ ഗുരുക്കളാം ധൗമ്യന്റെയാശിർവാദം
തേടുകയായി, തഥാ ശുഭമുഹൂർത്തം നോക്കി
ധർമ്മപുത്രർതൻ രാജ്യാഭിഷേകവും നടത്തി.
കൃഷ്ണന്നുപദേശത്താൽ നടത്തീ യുധിഷ്ഠിരൻ
ആശ്വമേധയാഗവും വിഘ്നങ്ങൾ നീക്കുവാനായ്
താമസം വിനാ കുന്തീദേവി കർണ്ണരഹസ്യം
ധർമ്മപുത്രാരോടോതി, ഏറെ സങ്കടത്തോടെ.
താൻമൂലമല്ലോ ജ്യേഷ്ഠൻ കൊലചെയ്യപ്പെട്ടതെന്ന്
ധർമ്മപുത്രർക്കു ബോധ്യം വന്നിടേ ബോധംകെട്ടു
താഴെവീണല്ലോ രാജൻ, കാര്യമറിയേയെത്തീ
തന്റെ സോദരരെല്ലാം, ദുഃഖമാചരിക്കയായ് .
കർണ്ണരഹസ്യം പണ്ടേ അറിഞ്ഞിരുന്നുവെങ്കിൽ
കർണ്ണനെത്തന്നെ രാജാവായഭിഷേകം ചെയ്തു
വാഴിക്കുമായിരുന്നു, എന്നായിയഞ്ചുപേരും,
ഒഴിവായേനെ യുദ്ധം, വേറിട്ടെന്തിനിച്ചൊല്ലാൻ!
ഖേദാധിക്യത്താൽ ധർമ്മപുത്രരാലോചിക്കയായ്
ഖ്യാതിയൊന്നുമേ വേണ്ട, വനവാസം നയിക്കാം
കൃഷ്ണന്റെ ചതുരമാം ഉപദേശത്തിനാലും
ഭീഷ്മ കല്പ്പനയാലും തിരുത്തീയാചിന്തകൾ
കർണ്ണപുത്രരൊക്കെയും മരിക്കേ യുദ്ധഭൂവിൽ
കർണ്ണനുവേണ്ടി ബലി യർപ്പിച്ചിതേ പാണ്ഡവർ
കർണ്ണപുത്രർക്കും വേണ്ടി തർപ്പണപൂജാദികൾ
പാണ്ഡവർ തന്നെ ചെയ്തൂ മാറ്റാരുമില്ലായല്ലോ!
തത്ര എല്ലാരുമൊത്ത് എത്തീ കർണ്ണഗൃഹത്തിൽ
തൻമൂത്തപുത്രൻ തന്റെ വധുവേ പുൽകീ കുന്തി
യുദ്ധത്തിൽ പൊലിഞ്ഞോരു കർണ്ണപുത്രന്മാർതന്റെ
പത്നിമാരെയൊക്കെയാശ്വസിപ്പിച്ചു കുന്തിയും
ചേർന്നു കുന്തിയോടൊപ്പം ദ്രൗപതീ സുഭദ്രമാർ
കർണ്ണപത്നിതന്നാശിർവാദവും നേടിയവർ
ധൃതരാഷ്ട്രർ, വിദുരർ, ഗാന്ധാരി എന്നിവരേം
യുധിഷ്ഠിരൻ സന്ദർശിച്ചാശിർവാദവും വാങ്ങി.
ശേഷം പരിവാരത്തോടൊത്തുപോയ് കുരുക്ഷേത്രേ
ഭീഷ്മപിതാമഹന്നെ കണ്ടു വന്ദിച്ചിതല്ലോ
യുധിഷ്ഠിരന്നു ഭീഷ്മർ പാഠഭാഗമായ് നൽകി-
'യനുശാസനം' രാജഭരണത്തിൻ പൊരുളായ്
ഉത്തരായനത്തിനാരംഭംവരേയും കുരു-
ക്ഷേത്രേ ശരശയ്യയിൽ ശയിച്ചാ ദിവ്യാത്മാവ്
ദിവ്യോപദേശാദികൾ ചൊല്ലിക്കൊടുത്തശേഷം
ദിവ്യനാമാമഹാത്മാ ചേർന്നഷ്ട്ടവസുക്കളിൽ
.
കൃഷ്ണനും യാത്രയായി ദ്വാരക ലക്ഷ്യമാക്കി,
കാര്യങ്ങൾ കൈവിട്ടിടേ തന്നഭാവം കാരണം
തമ്മിൽതല്ലി യാദവകുലം നാശത്തിലെത്തി
തന്റെ ബന്ധുക്കളേറെ മരണപ്പെട്ടുപോയി
ദുർവാസ്സാവിന്റെ ശാപകാരണം ഭവിച്ചെല്ലാം,
ദ്വാരകക്കില്ലായേറെ ആയുസ്സെന്നതാം സാരം
എങ്കിലും കുറേക്കാലം ഭരിക്കയായി കൃഷ്ണൻ
എത്രയായാലും തന്റെ കുലവും രാജ്യവുമാം
ധർമ്മപുത്രർക്കുവേണ്ടും
ഭരണോപദേശങ്ങൾ
ധൃതരഷ്ടരും നൽകീ പതിനഞ്ചു വർഷങ്ങൾ
ഉത്തമമാം വിധത്തിൽ രാജ്യം ഭരിച്ചു ധർമ്മ-
പുത്രർ, തന്റെ പ്രജകൾ സന്തുഷ്ടരാകും വിധം
കർക്കശമാം വാക്കുകൾ ഭീമനിൽനിന്നുതിരേ
കൗരവശ്രേഷ്ഠനൊപ്പം ഗാന്ധാരിക്കുമുണ്ടാകേ
ഏറെയസ്വസ്ഥതകൾ, തീരുമാനിക്കയായി
വേറിട്ടില്ലൊരു മാർഗ്ഗം
വനവാസംതന്നെ കാമ്യം.
യുദ്ധത്തിൽ പൊലിഞ്ഞോരു കർണ്ണന്റെയഭാവത്തിൽ
കുന്തീദേവിയുമേറെ ഖിന്നയായിരുന്നല്ലോ
കുന്തീദേവീ,വിദുരർ, ഗാന്ധാരി എന്നിവരോ-
ടൊത്തുവനവാസത്തിനായ് പോയി ധൃതരാഷ്ട്രർ
വരില്ലായവർ വീണ്ടും തിരികേയൊരിക്കലും
വിധിയെത്തടുക്കുവാനാവില്ലയാർക്കും തന്നെ
കുന്തിയും മൂന്നുപേരും വർഷം മൂന്നു കഴിയേ
വെന്തുമരിച്ചു കാട്ടു തീയിലകപ്പെട്ടിട്ടു
പാണ്ഡവർക്കേറെ ദുഃഖം ഉണ്ടായതിൻകാരണം
പോയവരെല്ലാം തന്നെ കുലത്തിൽ മൂത്തവരാം
മൂന്നു വ്യാഴവട്ടങ്ങൾ ഭരിച്ചു യുധിഷ്ഠിരൻ
നന്നായിത്തന്നെ രാജ്യം പ്രജകൾ സന്തോഷിച്ചു.
യുധിഷ്ഠിരന്റെ സ്വർഗ്ഗരോഹണം
ഇന്ദ്രപ്രസ്ഥത്തെ വിട്ടു ദ്വാരകതന്നിലേക്ക്
എന്നെന്നേക്കുമായ് കൃഷ്ണൻ പോയനാൾമുതൽതന്നെ
യുധിഷ്ഠിരന്നുണ്ടായിരുന്നേറെ ഖേദമെന്നാ-
ലധികാരത്തിലേറേ ഒതുക്കീ ഖേദമൊക്കെ
ഇന്നറിവായിതല്ലോ വേടന്റെയമ്പിനാൽഗോ-
വിന്ദനുണ്ടായിയന്ത്യം വിഷ്ണുപാദം പൂകിപോൽ
കടലിൽ ദ്വാരകയും മുങ്ങിപോൽ, ഒരുയുഗം
കടന്നേപോയി കൃഷ്ണൻ പോയതോടൊപ്പംതന്നെ
തോന്നുകയായ് വിരക്തി ഇഹലോകവാസത്തിൽ
ഒന്നിലും തോന്നുന്നില്ല തൃപ്തിയെന്നു ബോധ്യമായ്
ഭാരമായിത്തോന്നിടേ ഭരണം, യുധിഷ്ഠിരൻ
തീരുമാനിക്കയായി ലോകവാസം വെടിയാൻ
സ്വർഗ്ഗം പൂകുവാനായി ദ്രൗപദിയും തന്നുടെ
സോദരരോടുമൊപ്പം യാത്രയാകേണമുടൻ
ഏൽപ്പിച്ചു രാജ്യഭാരം യുയുത്സുവിന്റെ കയ്യിൽ
തൽക്കാലത്തേക്കു, പിന്നെയാകാം രാജ്യാഭിഷേകം
അഭിമന്യുവിന്നേക പുത്രനല്ലോ പരീക്ഷിത്ത്,
അവനേ ശേഷിപ്പുള്ളു പാണ്ഡവപിൻഗാമിയായ്!
പാണ്ഡവർക്കൊപ്പം ദ്രൗപതിയും പോയിതേ മഹാ-
പ്രസ്ഥാനത്തിൻ വഴിയേ ഹിമാലയം ലക്ഷ്യമായ്
മുൻപിലായ് യുധിഷ്ഠിരൻ മുറപോൽ പിന്നിലായി
മറ്റു സോദരന്മാരും, ദ്രൗപതിയേറ്റം പിന്നിൽ
യാത്ര തുടർന്നുപോകേ ദ്രൗപതി വീഴുകയായ്
ധാത്രിയിൽ, മുറപോലെ മുന്നിലെ മറ്റുള്ളോരും
ഭീമസേനനും വീണെന്നാകിലും യുധിഷ്ഠിരൻ,
ഭാവഭേദമില്ലാതെ, വീഴാതെ, മുന്നോട്ടു പോയ്
ധർമ്മത്തിൻ മൂർത്തിമത് ഭാവമാകും ധർമ്മപു-
ത്രർക്കുണ്ടായിടാ ക്ഷീണം, വീഴുകയസാധ്യമാം!
യാത്ര തുടർന്നേകനായ് കൂട്ടിനായെത്തിയെന്നാൽ
യാത്രാമദ്ധ്യേയെവിടോ നിന്നുമൊരു ശ്വാനനും
യാത്രതുടർന്നേ പോയി, തിരിഞ്ഞു നോക്കാതേ സു-
ഹൃത്തുക്കളേപ്പോലെയൊരുവ്യാഴവട്ടക്കാലം
ധരയിൽ വാണിടേണ്ടും സമയം കഴിഞ്ഞിട്ടും
ധർമ്മപുത്രർ തുടർന്നു ജീവിതം ഏകനായി.
ഇന്ദ്രനെത്തീയൊടുവിൽ യുധിഷ്ഠിരന്നു മുന്നിൽ
തേരുമായ്, കൂട്ടികൊണ്ടു പോകുവാൻ സ്വർഗ്ഗത്തേക്ക്
അനുയായിയാകുമാ നായയേയുപേക്ഷിച്ചു
അവനിവിട്ടിന്ദ്രനൊത്ത് ചെല്ലുവാനാവില്ലെന്നു
ചൊല്ലവേ യുധിഷ്ഠിരൻ, സ്വർഗ്ഗത്തിൽ ശുനകന്മാർ-
ക്കില്ലല്ലോ പ്രവേശനം, ബോധിപ്പിച്ചിതേയിന്ദ്രൻ
എങ്കിൽ ഞാനുമില്ലല്ലോ സ്വർഗ്ഗത്തേക്കൊരിക്കലും,
എന്നായി യുദ്ധിഷ്ഠിരൻ, സ്വാർത്ഥത തീണ്ടാത്തവൻ!
നായ തന്റെ രൂപത്തെ പകർത്തി, ധർമ്മദേവ-
നായിട്ടു പ്രത്യക്ഷനായ്, പ്രസാദിച്ചു പുത്രനേ
ധർമ്മദേവന്റെയാശിർവാദവും വാങ്ങി പിന്നെ
ധർമ്മപുത്രർ ഇന്ദ്രനോടൊത്തു യാത്രയായിതേ
സ്വർഗ്ഗത്തിലെത്തേയാദ്യം കണ്ടതോ യുധിഷ്ഠിരൻ,
സംപൂജ്യനായിരിക്കും ദുര്യോധനനേയല്ലോ
ദുഷ്ടനാം ദുര്യോധനൻ ഇരിക്കുന്നയീ സ്വർഗ്ഗം
ഇഷ്ടമേയല്ലാ തനിക്കെന്നായി യുധിഷ്ഠിരൻ
കർണ്ണനേയും തന്നുടേ മറ്റുള്ള സോദരരേം
കാണേണമെന്നാഗ്രഹം പ്രകടിപ്പിച്ചീടവേ
കാട്ടിക്കൊടുത്തുവല്ലോ ദേവദൂതൻ നരകം,
കാണ്കയായ് യുധിഷ്ഠിരൻ തന്നനുജന്മാരേയും
കർണ്ണനേ, ദ്രൗപതിയേ, ഏവരേം നരകത്തിൽ!
കഷ്ടപ്പാടവരെത്രയനുഭവിക്കുന്നുവോ!
"വേണ്ടെനിക്കിനി സ്വർഗ്ഗം ഈനരകത്തിൽ ഞാനും
വാണുകൊള്ളാമിനിമേൽ തിരികെപ്പോകൂ നിങ്ങൾ"
ദേവദൂതനോടായി ചൊല്ലിടേ യുധിഷ്ഠിരൻ,
ദേവന്മാരെത്തീ സ്വർഗ്ഗമാക്കിമാറ്റീ നരകം
നരകത്തിൻ പ്രതീതിയുണ്ടാക്കിയൽപ്പനേരം
നരകത്തിലെത്തിക്കാൻ യുധിഷ്ഠിരന്നേയൊന്നു
ധർമ്മപുത്രരന്നർദ്ധസത്യമോതീടേ,"യശ്വ-
ത്ഥാമാ ഹതകുഞ്ജര" എന്നു ദ്രോണരോടായി,
യുദ്ധം മുറുകി നിൽക്കേ, കൃഷ്ണന്റെ പ്രേരണയാൽ,
യുദ്ധം ജയിക്കുവാനും കൗരവതോൽവിക്കായും!
മായാ നരകം കണ്ടതിൻശേഷം യുധിഷ്ഠിരൻ
പോയി സ്നാനം ചെയ്കയായ് ആകാശഗംഗതന്നിൽ
മനുഷ്യരൂപം വിട്ടു, ദിവ്യരൂപത്തിൽ ദുര്യോ-
ധനനോടുള്ള വൈര്യം പോയിമറഞ്ഞുവല്ലോ!
കൂട്ടിക്കൊണ്ടുപോയിന്ദ്രൻ സ്വർഗത്തിലേക്ക് പിന്നെ
കാട്ടിക്കൊടുക്കയായി തൻസോദരരേ,യൊപ്പം
മറ്റു ബന്ധുക്കളേയും, സന്തോഷമോടുകൂടി
മേവിടാമീസ്വർഗ്ഗത്തിൽ ദിവ്യരൂപവുമായി
സ്വർഗ്ഗത്തേക്കുടലോടെ എത്തിപ്പെടുന്നതിന്നായ്
അര്‍ഹതനേടിയോരിൽ അഗ്രഗണ്യനല്ലയോ
ധർമ്മദേവന്റെ പുത്രൻ യുധിഷ്ഠിര നാമത്താൽ
കീർത്തിയുമാർജ്ജിച്ചെത്തി ഉടലോടെസ്വർഗ്ഗത്തിൽ!
-----:0:-----
==============================
അവലംബം : ഇംഗ്ലീഷ്ഗ്ളീഷിലും മലയാളത്തിലുമുള്ള വിവിധ ലേഖനങ്ങൾ
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ