2024 മേയ് 14, ചൊവ്വാഴ്ച

മണിമഞ്ജരി വൃത്തം

മഞ്ജരി വൃത്തത്തിൽ 
ഗണമാദിമം 
ലഘുമയമായെന്നാലോ മണീമഞ്ജരിയായിടും




കാലഗതി (വൃത്തം മണിമഞ്ജരി)
സുദർശൻ കാർത്തികപ്പറമ്പിൽ
---------------------------------------------------------
കൊടിയവിഷാദവും പേറിഞാനീജൻമ-
പ്പടവുകളോരോന്നും കേറിടുമ്പോൾ,
മിഴിരണ്ടിൽനിന്നും തുരുതുരെച്ചുടുബാഷ്പ-
മൊഴുകുന്നൂ,തെല്ലുംനിലച്ചിടാതെ!
കപടമാംലോകത്തിലൊരു നിഷ്കളങ്കമാം
ഹൃദയത്തിനല്ലെങ്കിലെന്തു കാര്യം?
വിപരീത ചിന്തകൾക്കല്ലോലഭിച്ചിടൂ
സപദി സൗഭാഗ്യങ്ങളേതുമേതും!
ഒരു ഗർഭപാത്രത്തിൽനിന്നു ജനിച്ചവർ-
ക്കൊരുമയില്ലാത്തതിന്നെന്തു ഞായം?
പരദുഃഖമെന്തെന്നറിഞ്ഞിടാത്തോരെ ഹാ!
നരനെന്നു ചൊല്ലുന്നതാരീമന്നിൽ
ജനിമൃതിതൻ സൂത്രവാക്യങ്ങളോരുവാൻ
മനതാരിനെന്നെന്നുമായിടേണം
ഇടനെഞ്ചിലിരുൾമൂടിയെത്രനാളിങ്ങനെ-
യടിവച്ചടിവച്ചു നീങ്ങിടുംനാം
പുലരിപിറക്കുമ്പോൾകാണുന്നതൊക്കെയും
കലിതുള്ളും കാഴ്ചകളല്ലി,യെങ്ങും!
മരണം വന്നരികെയണയുന്നനേരത്തും
ദുരയേറും കാഴ്ചകളല്ലിയെങ്ങും!
അറിയുവാനൊട്ടു മുതിരുന്നില്ലീലോക-
ത്തുറവാർന്ന സത്യങ്ങളാരുമാരും
നിയതിതൻ സങ്കൽപ്പസീമയെ വെല്ലുവാൻ
സ്വയമേവനാം തുനിഞ്ഞാൽ വിഫലം
തെളിനീലനഭസ്സുപോൽ മനസ്സിനെ മാറ്റുവാ-
നെളിമകൊണ്ടെന്നുംനമുക്കാകണം
സകലതും സകലർക്കുമെന്നുള്ള ബോധനം
സമഭാവത്തോടുള്ളിലുണ്ടാകണം
ഒരു മാതൃഹദയവിശുദ്ധി പകർന്നേവ-
മരിയ വിഭൂതിയിലാഴ്ന്നിടാത്തോർ,
നരകത്തിലേക്കല്ലോ ചെന്നുപതിക്കുന്നു,
പരിമിതിയില്ലാതതീവ ദൈന്യം.
-------------------------------------------------------------------------
സുദർശൻ കാർത്തികപ്പറമ്പിൽ
15.4.2024

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ