ലോകനാഥൻ്റെ മയാലോകം
(1967 ലെ സംഭവകഥയെ ആസ്പദമാക്കി)
ലോകനാഥന് 27 വയസ്സോളം പ്രായം കാണും. മദ്ധ്യപ്രദേശത്തുള്ള റെയ്പ്പൂരിൽ നിന്നും സ്ഥലം മാറ്റം കിട്ടി ഒറീസ്സയിലെ കൊരാപ്പുട്ടിലെത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളു. ഞങ്ങൾ ഏഴ് മലയാളി അവിവാഹിതർ ഒരുമിച്ച് താമസിക്കുന്ന പ്രോജെക്ട്ടിന്റെ വലിയ ഒരു ബാംഗ്ലാവിലേയ്ക്ക് ലോകനാഥനെയും ഞങ്ങൾ സ്വാഗതം ചെയ്തു. ശാന്ത സ്വഭാവം, എപ്പോഴും ചിരിച്ച മുഖം, കളിയാക്കിയാലും ചിരിച്ചുകൊണ്ടുള്ള പ്രതികരണം മാത്രം. അധികം താമസിയാതെ, അയാളുടെ സ്വഭാവത്തിലും, പ്രവർത്തിയിലും, ഭാവത്തിലും ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. എവിടെയെങ്കിലും കണ്ണും നട്ടു പരിസര ബോധം മറന്നിരിക്കുക, കൈക്രിയകൾ കാണിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടു നടക്കുക, ആഹാരത്തിനോട് വെറുപ്പ്, വീട്ടിൽ എപ്പോഴും ഒരു കാക്കി ഹാഫ് പാൻറ് മാത്രം ധരിക്കുക, വെറുതെ ചിരിച്ചുകൊണ്ട് നടക്കുക, പതിവില്ലാതെ, രാത്രിയിൽ മുറ്റത്തിറങ്ങി ചുറ്റി നടക്കുക, ഓഫീസിൽ പോകേണ്ട കാര്യം
ഓർമ്മിപ്പിക്കേണ്ടി വരിക, അങ്ങനെ അങ്ങനെ.....എന്തൊക്കെയോ പന്തികേടുകൾ. ആരെന്തു പറഞ്ഞാലും, പ്രകോപിപ്പിച്ചാലും, ദേഷ്യമില്ല; നിഷ്കളങ്കമായ ചിരി മാത്രം. ചെറിയാൻ റെയ്പ്പൂരിലുള്ള സ്നേഹിതനുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വെളിപ്പെട്ടത്. അവിടെ ലോകനാഥനൊരു പ്രണയബന്ധം ഉണ്ടായിരുന്നു. എന്തോ കാരണത്താൽ അത് പൊളിഞ്ഞു പോയി. അതിൽപ്പിന്നെ അയാളുടെ സമനില കൂടെക്കൂടെ തെറ്റാറുണ്ട്. കൊരാപ്പുട്ടേയ്ക്കു ട്രാൻസ്ഫറിന് കാര
ണം അതുതന്നെയായിരുന്നുതാനും.
അതിനു ശേഷം ചെറിയാൻ ലോകനാഥന് ഒരു ഓമനപ്പേരിട്ടു: "പ്രേംജി".
പ്രശ്നം ഗുരുതരമായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ലോകനാഥൻ്റെ അഛൻ്റെ അഡ്രസ് സംഘടിപ്പിച്ച് , പെട്ടെന്നെത്തുവാൻ, ലോകനാഥൻ തന്നെ അയയ്ക്കുന്നതായി, കമ്പിയടിച്ചിട്ട് കാത്തിരുന്നു. അയാൾ ഓഫീസിൽ പോകുവാൻ കൂട്ടാക്കാതായപ്പോഴും രാത്രികളിലും ഞങ്ങൾ മാറി മാറി കാവലിരുന്നു. എന്നിട്ടും, അച്ഛൻ എത്തുന്നതിനു നാല് ദിവസങ്ങൾക്കു മുൻപ്, കാവലിരുന്നയാളിനെ വെട്ടിച്ചിട്ടു ലോകനാഥൻ മുങ്ങി. രാവിലെ കാര്യമറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ ടീമുകളായി പലവഴിയ്ക്കു പോയി കോരാപ്പുട്ട് മുഴുവൻ തിരക്കി നടന്നു. റെയ്പ്പൂരിളും ജയപ്പൂരുമുള്ള സ്നേഹിതന്മാരെ വിവരമറിയിച്ചു. ആദ്യ ദിവസം കടന്നുപോയി. പിറ്റേന്നും തെരച്ചിൽ തുടരുകയും ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസിലറിയിക്കുവാൻ ഓഫീസിൽനിന്നുള്ള ഉപദേശം. അന്നുതന്നെ പോലീസിലറിയിക്കുകയും, മലയാളിയായ SP പോലീസ് നായയേയും കൊണ്ടുവന്ന് തെരച്ചിൽ നടത്തിയെങ്കിലും, നായ മണം പിടിച്ചിട്ട്,
വീടിനു മുൻവശമുള്ള വലിയ ആഴമുള്ള തടാകക്കരയിൽ വരെ, വീണ്ടും വീണ്ടും, ചെന്നിട്ട് തിരികെ വരും. അത് കണ്ടപ്പോൾ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്ന പ്രൊജക്റ്റ് ഡിസ്പെൻസറിയിലെ ഡോക്ടർ ഘോഷ് ഡസ്തിദാർ അഭിപ്രായമിട്ടു: "തല്ലിക്കൊന്നു തടാകത്തിലിട്ടിട്ടുണ്ടാകും". അത് കേട്ട് ഞങ്ങൾ ശരിക്കും പേടിച്ചുപോയി. SP നിൽക്കുമ്പോഴാണ് അദ്ദേഹമങ്ങിനെ പറഞ്ഞത്. പക്ഷേ, SP അതത്ര കാര്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. ഒരു തുമ്പും കിട്ടാതെ, അന്വേഷണം തുടരാമെന്ന് പറഞ്ഞ്, SP പോയതിനു പിന്നാലേ അന്വേഷണത്തിൻ്റെ ഭാഗമായി സുനബേഡാ ആർമി കാമ്പിൽ പോയിരുന്നവർ തിരികെ വന്നിട്ട് പറഞ്ഞു: "ഇന്നലെ ലോകനാഥനേപ്പോലൊരാൾ ഹാഫ് പാന്റ്റും സാൻഡോ ബന്യനുമിട്ട്, കയ്യിലൊരു വടിയുമായി ആർമി ക്യാമ്പിൽ ചെന്നിരുന്നെന്ന് . അവിടെ നടന്നുകൊണ്ടിരുന്ന കവാത്ത് കുറേനേരം നോക്കിനിന്നിട്ട് ഓഫീസിനു മുന്നിൽ ചെന്നുനിന്നുകൊണ്ട് , ലെഫ്റ്റ് - റൈറ്റ് പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും സ്വയം കവാത്തു നടത്തിയപ്പോൾ, ബുദ്ധിമാന്ദ്യം ബാധിച്ചയാളെന്നു മനസ്സിലാക്കി, അവർ പിടിച്ചു ഗേറ്റിനു വെളിയിലാക്കി ഓടിച്ചുവിട്ടെ
ന്നും പറഞ്ഞു."
അതറിഞ്ഞപ്പോൾ ക്യാമ്പിൽ നിന്നും രണ്ടുമൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിലും അന്വേഷണം നടത്തിയിട്ടും ലോകനാഥൻ്റെ പൊടിപോലും കിട്ടിയില്ല.
രാത്രി കിടക്കുമ്പോൾ ഞാൻ ലോകനാഥനെപ്പറ്റിത്തന്നെ ചിന്തിക്കുകയായിരുന്നു. രണ്ടുമാസത്തെ പരിചയമേ ഉള്ളെങ്കിലും അയാളൊരു ലോലഹൃദയനായിരുന്നു. നിഷ്കളങ്ക പ്രേമത്തിന് നിനച്ചിരിക്കാതെ തിരസ്കാരമുണ്ടായത് ആ ഹൃദയത്തിന് താങ്ങുവാൻ കഴിഞ്ഞിട്ടുണ്ടാവില്ല. കഴിഞ്ഞ രണ്ടു മാസത്തോളം അതിൻ്റെ ലാഞ്ചനപോലും ആ മുഖത്ത് നിഴലിച്ചിരുന്നില്ലെന്നത് അത്ഭുതകരം തന്നെ. ചിന്തിക്കുവാനുള്ള മനുഷ്യമനസ്സിൻ്റെ കഴിവ് നഷ്ട സ്വപ്നങ്ങളിൽ വീണുഴറിത്തിരിഞ്ഞ് വലയുന്ന അവസ്ഥയിൽ സ്വയം എത്തിയിരിക്കുകയാണ്, പാവം ലോകനാഥൻ.
അതിനടുത്ത ദിവസം, ഞങ്ങളുടെ തലവേദനയ്ക്ക് ആക്കം കൂട്ടുവാനെന്നോണം, ലോകാനാഥൻ്റെ അച്ഛൻ വന്നു ചേർന്നു. അദ്ദേഹത്തോട്, വേണ്ടിവന്നാൽ, പറയുവാനായി നേരത്തേ കരുതിവച്ചിരുന്ന ഒരു കള്ളം പറഞ്ഞു തല്ക്കാലം രക്ഷപ്പെട്ടു. "ലോകനാഥൻ ഓഫീസ് കാര്യവുമായി ഇന്ന് അത്യാവശ്യമായി മാനയ്ക്കു പോയിരിക്കുകയാണ്. രണ്ടു ദിവസമെങ്കിലും കഴിഞ്ഞേ തിരികെയെത്തൂ." ചെറിയാൻ പറഞ്ഞു. "അവനെന്തിനാ, പെട്ടെന്ന് വരണമെന്ന് എനിക്ക് കമ്പിയടിച്ചത്?" അച്ഛന്റെ സംശയം. ഉടൻ ചെറിയാൻ മറുപടിയും കൊടുത്തു: "കമ്പിയടിച്ചോ? ഞങ്ങൾക്കാർക്കുമറിയില്ലല്ലോ! എന്തായാലും ലോകനാഥൻ തിരികെ വരട്ടെ." ആകാംക്ഷയോടെ എത്തിയ അദ്ദേഹത്തിന്, കുഴപ്പമൊന്നുമില്ലെന്നു കരുതി ആശ്വാസം തോന്നിയിരിക്കണം.
പിറ്റേ ദിവസം വൈകിട്ട് വിജയനഗരത്തിനു പോയിട്ട് വന്ന , KNG പിള്ളയുടെ ഡിപ്പോയിലെ ഒരു ജീപ്പ് ഡ്രൈവർ, താൻ സുനബേഡായിൽ നിന്നും നാല് കിലോമീറ്ററോളം അപ്പുറത്തു വച്ച് റോഡിൽനിന്നും കുറെയകലെയുള്ള വലിയ ഒരു മൊട്ടമലയുടെ നെറുകയിൽ ഒരു ചെറിയ വെള്ള കൊടിപോലെ എന്തോ ചലിക്കുന്നത് കണ്ടെന്നു പിള്ളയോട് പറഞ്ഞു. മലയുടെ നേറുകയ്ക്കപ്പുറത്തു നിന്നുയർന്നു വന്നത് പോലെ തോന്നിയതുകൊണ്ട് ആരെങ്കിലും പിടിച്ചിരിക്കുകയാണോ എന്ന് നിശ്ചയമില്ലെന്നും അയാൾ പറയുകയുണ്ടായി. പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ ഡ്രൈവറേയും കൂട്ടി ആ മലയുടെ മുകളിലെത്തി അവിടെയെല്ലാം പരതി നോക്കിയെങ്കിലും കാണാതെ, മലയുടെ മറുവശത്തേയ്ക്കിറങ്ങി ചെന്നപ്പോൾ അവിടെ ഒരു പാറയുടെ ചെറിയ വിള്ളലിൽ കുത്തിനിറുത്തിയ ഒരു കമ്പിൽ ബന്യൻ പോലെ എന്തോ കാറ്റിൽ കിടന്നാടുന്നത് കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഞങ്ങൾ ആശ്വാസകരമായ ആ കാഴ്ച കണ്ടു.: ലോകനാഥൻ അല്പം അകലെ, മലർന്നു കിടന്ന് കൈകൾ രണ്ടും തലയ്ക്കു പിറകിൽ കോർത്ത് പിടിച്ചു കൈമുട്ടുകൾ രണ്ടും തലയുടെ രണ്ടു വശത്തുമായി ഉയർത്തിപ്പിടിച്ച്, ഇടതു കാൽമുട്ട് മടക്കി ഉയർത്തി വച്ച് അതിനു മുകളിൽ വലതു കാൽവണ്ണ സ്ഥാപിച്ചു ആ കാൽ ചലിപ്പിച്ചുകൊണ്ടു, ആകാശത്തേയ്ക്ക് മിഴിച്ചു നോക്കി കിടക്കുന്നു!!! ഒരു വളവു തിരിയുമ്പോഴാണ് താൻ ഇത് കണ്ടതെന്ന് അപ്പോൾ ഡ്രൈവർ പറയുകയുണ്ടായി. ആഹാരവും വെള്ളവുമില്ലാതെ ആ മൊട്ടക്കുന്നിൽ അയാളെങ്ങിനെ ഇത്രയും ദിവസങ്ങൾ കഴിഞ്ഞെന്നു ഞങ്ങൾ അതിശയിച്ചു പോയി.
ലോകനാഥനെ അയാളുടെ അച്ഛനെ ഏൽപ്പിച്ച് വിവരങ്ങളൊക്കെ വിശദമായി ധരിപ്പിച്ചിട്ട്, നല്ല ചികിത്സ നൽകി അസുഖം പൂർണമായും ഭേദമായ ശേഷമേ ഇങ്ങോട്ടു ഇനി അയയ്ക്കാനാവൂ എന്നും ശട്ടം കെട്ടി. പിറ്റേ ദിവസം തന്നെ അച്ഛനും മകനും നാട്ടിലേയ്ക്ക് യാത്രയുമായി.
ജീവിതം പഴയതുപോലെ ആയിത്തുടങ്ങി രണ്ടു ദിവസം കഴിഞ്ഞ്, വൈകിട്ട് ഞങ്ങൾ ഓഫീസിൽ നിന്നും മടങ്ങി വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ വീണ്ടും പിരിമുറുക്കത്തിലാക്കി. ലോകനാഥനതാ, കുന്നിൻചെരിവിൽ മലർന്നു കിടന്നിരുന്ന അതേ പോസിൽ, വരാന്തയിൽ മലർന്നു കിടന്ന് എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നു! പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചപ്പോൾ അയാൾ ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു:
"അച്ഛനെ ഞാൻ വെട്ടിച്ചേ ! അച്ഛനിപ്പം നാട്ടിലെത്തീട്ടൊണ്ടാകും. അവിടെച്ചെന്നു നോക്കുമ്പം എന്നെ കാണത്തില്ല; ഞാനിവിടല്ല്യോ?" എന്നിട്ടു ചിരി കൈകൊട്ടിക്കൊണ്ടായി. ഞങ്ങൾക്ക് കാര്യം മനസ്സിലായി. അച്ഛനെ വെട്ടിച്ച്, ലോകനാഥൻ ഏതോ സ്‌റ്റേഷനിലിറങ്ങിയിട്ട് ഇങ്ങോട്ടുള്ള അടുത്ത ട്രെയിനിൽ കയറി മിടുക്കനായി ഇങ്ങെത്തി. അന്ന് തന്നെ ഞങ്ങൾ അയാളുടെ അച്ഛന് നാട്ടിലേയ്ക്ക്, ലോകനാഥൻ തിരിച്ചെത്തിയെന്നും, വേറെ ആരെയെങ്കിലും കൂടി കൂടെക്കൂട്ടി പെട്ടന്ന് വന്നു അയാളെ തിരികെക്കൊണ്ടുപോകണമെന്നും കാണിച്ച് , ഒരു കമ്പിയടിച്ചു. എന്നാൽ, ഭാഗ്യത്തിന്, പിറ്റേ ദിവസം തന്നെ അദ്ദേഹവും തിരികെയെത്തി. ട്രെയിനിൽ മകനെ കാണാതെ വന്നപ്പോൾ വിട്ടുപോയ ഏതോ സ്റ്റേഷനിൽ ഇറങ്ങി തിരികെയിവിടെ എത്തിയിട്ടുണ്ടാകുമെന്ന ഉറച്ച ധാരണയിൽ അദ്ദേഹവും അടുത്ത സ്റ്റേഷനിലിറങ്ങി തിരികെ വരികയാണുണ്ടായത്. പിറ്റേ ദിവസം തന്നെ അദ്ദേഹം മകനെയും കൊണ്ട് നാട്ടിലേയ്ക്ക് പോകുവാൻ തയ്യാറായപ്പോൾ, ഇനിയും മകൻ വെട്ടിച്ചാലോ എന്ന് പേടിച്ച ഞങ്ങൾ, രണ്ടു ദിവസം കഴിഞ്ഞു നാട്ടിലേയ്ക്ക് പോകാനിരുന്ന ഒരു പരിചയക്കാരനെ വിവരങ്ങളെല്ലാം ധരിപ്പിച്ച്, അവരെ അയാളുടെ കൂടെ വിട്ടു.
ലോകനാഥനെപ്പറ്റി പിന്നീട് ഞങ്ങൾക്ക് ഒരു വിവരവും കിട്ടുകയുണ്ടായില്ല.
********
ഉപഗുപ്തൻ കെ അയിലറ