25. നെയ്തലാമ്പലിനോട്
നിറതിങ്കൾ തലോടിയുണർത്തേ
വിറയാർന്നിട്ടുൽഫുല്ലയായി നീ
നിറപുഞ്ചിരിക്കതിരൊളിപോൽ
നറു നെയ്തലാമ്പൽ മലരേ നീ
അറിയില്ലെയെന്നു വരുമോ, ഞാൻ
പറയാതെ, നിൻ വദന കാന്തി?
ജലദർപ്പണത്തിലേക്കു നോക്കി
ഫലമെന്തെന്നു സ്വയമറിയൂ
സ്വവദന കാന്തി കാണ്മതൊപ്പം
സ്വകമിതാവിനെ നിനക്ക് കാണാം
പരിരംഭണത്തിനായ് കൊതിച്ചി-
ട്ടരികത്തവൻ തിളങ്ങി നിൽപ്പൂ.
അരികേയണഞ്ഞു നിന്നാലൊരു -
പരിരംഭണം നിനക്കു പ്രാപ്യം
ശിരസ്സും നമിച്ചു മരുവീടിൽ
ഒരു ചുംബനം നിനക്കു സ്വന്തം.
പവനൻ നിനക്കു തുണയായി,
സ്വവദന കാന്തി കാണ്മതിന്നായ്
ഒരു മാത്ര, പക്ഷേ വിനയായി
ഇരുവേലിയലയിന്ദുവേ മറച്ചു.
തമസ്വിനി മെല്ലെ പോയ് മറഞ്ഞൂ,
തമോസുദനും പൊലിഞ്ഞു പോയി,
ദിനകരനൊരു വില്ലനായ് വന്ന്
നിശാകരനെത്തുരത്തി വിട്ടു
വിധിയിന്നു നിനക്കു ശാപമായ്
വിധു ദർശനം നിനക്കു നഷ്ടം
പരിരംഭണം നിനക്കു നഷ്ടം,
ഒരു ചുംബനം നിനക്കു നഷ്ടം!
നഷ്ട നിമിഷങ്ങൾ നീ മറക്കൂ
ഇഷ്ട കമിതാവിനെ സ്മരിക്കൂ
ഇജ്ജന്മമിനി സന്ധിയസാദ്ധ്യം
മുജ്ജന്മ കർമ്മ ഫലമായിടാം
ഇനി കരണീയമൊന്നു മാത്രം
നിനക്കനിലാലിംഗനം ലഭിക്കേ
ചുടുചുംബനം തിരികെനൽകീട്ട-
തുഡുരാജനായ് കൊടുത്തയക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ