🌹 സംസ്കൃതഭാഷാപരിചയം-1🌹
"അക്ഷരദേവത,നിസ്തുലരൂപിണി
പക്ഷമിളക്കിയുയർന്നുപറക്കേ
സക്ഷമരായ,ഗവീശ്വരരുണ്ടിഹ
രക്ഷകരായതു,ഭാഷയ്ക്കനവധി!"
മുഖവുര:- സംസ്കൃതഭാഷയെ പ്രാഥമിക തലത്തിൽ പരിചയിക്കുവാൻ ശ്രമിക്കുന്ന
ഒരു വിദ്യാർത്ഥിയെന്നനിലയിൽ സംസ്കൃത ഭാഷാപരിചയമില്ലാത്ത,സുഹൃത്തുക്കൾക്കായി, അനുഭവംപങ്കുവയ്ക്കുവാനുള്ള,എളിയശ്രമമാണ് ഈ അവതരണം. ഭാഷാപണ്ഡിതനല്ലാത്ത തിനാൽ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ദോഷങ്ങളും കുറവുകളും,ക്ഷമിക്കണമെന്ന് മുൻകൂറായി അപേക്ഷ!🙏
- രാജേന്ദ്രൻ.ഡി
പേരുസൂചിപ്പിക്കുന്നതുപോലെ ഈ പ്രാചീനഭാഷ,മറ്റേതോരൂപത്തിൽനിന്ന് സംസ്കരിക്കപ്പെട്ടതാണ്(refined).അത് പ്രാകൃതം അഥവാ പാലി മുതലായ സഹോദരഭാഷകളിൽ നിന്നോ അല്ലെങ്കിൽ പൊതുവായ മറ്റേതെങ്കിലും പ്രാചീനഭാഷയിൽ നിന്നോ ആകാം. ഇൻഡോ - യൂറോപ്യൻ ഭാഷാഗോത്ര ത്തിൽപ്പെട്ട സംസ്കൃതത്തിന്റെ നാടൻ വ്യവഹാരരൂപമായ പ്രാകൃതത്തിൽ നിന്നാണ് മിക്ക ഉത്തരേന്ത്യൻ ഭാഷകളും ആവിർഭവിച്ചത് എന്നാണ് വിശ്വാസം. പണ്ഡിതവ്യവഹാരമാത്ര ഭാഷയായിരുന്നു സംസ്കൃതം. വേദകാലം മുതൽമാത്രമേ നമുക്ക് ഈ ഭാഷയുടെ വ്യവഹാരത്തിന് തെളിവുള്ളു. ലിപിരഹിത കാലവും ശേഷം ഗ്രന്ഥാക്ഷരം, ബ്രാഹ്മി മുതലായ ലിപികളും കഴിഞ്ഞ് ഏ.ഡി 1100 ൽ മാത്രമാണ് ഇന്നുകാണുന്ന ദേവനാഗരി ലിപിയെ സംസ്കൃതഭാഷ സ്വീകരിച്ചത്.
വേദകാലസംസ്കൃതം(വൈദികസംസ്കൃതം), ഇന്നു നാം ഉപയോഗിക്കുന്ന ലൗകികസംസ്കൃത ത്തിൽനിന്ന് ചില്ലറവ്യത്യാസങ്ങൾ ഉള്ളതാണ്. ചതുർവേദങ്ങൾ(ഋക്,യജുസ്,സാമം,അഥർവം), ഷഡ്വേദാംഗങ്ങൾ(ഛന്ദസ്,കല്പം,വ്യാകരണം,ശിക്ഷാ,നിരുക്തം,ജ്യോതിഷം), ചതുരുപവേദങ്ങൾ (ആയുർവേദം,ധനുർവേദം,ഗാന്ധർവ്വം,സ്ഥാപത്യം അഥവാ അർത്ഥശാസ്ത്രം) എന്നിവയാണ് വൈദികസാഹിത്യശാഖകൾ.
ബി.സി.അറുനൂറിനടുത്ത് പാണിനിമഹർഷി 'അഷ്ടാദ്ധ്യായി'(എട്ടദ്ധ്യായമുള്ളത്) എന്ന പ്രൗഢവ്യാകരണഗ്രന്ഥത്തിന്റെ സഹായത്താ ൽ, ഭാഷയെ വലുതായി ചിട്ടപ്പെടുത്തി. അനന്തരകാലം, ലൗകികസംസ്കൃതകാലമായി അറിയപ്പെടുന്നു. അങ്ങനെ വൈദികസംസ്കൃ തത്തിൽ നിന്ന് ചെറിയ വ്യത്യാസങ്ങളുള്ള ലൗകികസംസ്കൃതമാണ് ഇന്ന് വ്യവഹാരഭാഷ യായറിയുന്ന സംസ്കൃതം.ആദികാവ്യമായ രാമായണവും(ബി.സി.അഞ്ഞൂറ്),പിന്നീട് മഹാഭാരതവും,പതിനെട്ടുപുരാണങ്ങളും,ദർശനങ്ങളും സ്മൃതികളുമെല്ലാം ലൗകികസംസ്കൃ തകാലഘട്ടത്തിലാണ്.അനന്തരം കാവ്യ,നാടക, ഗദ്യ,ചമ്പുരൂപങ്ങളിലെ സാഹിത്യകൃതികളും.
ഗോത്രപരമായി യൂറോപ്യൻ ഭാഷകൾ മിക്കതും (ജർമൻ,റഷ്യൻ,ഇറ്റാലിയൻ,പോർച്ചുഗീസ്,പ്രാചീനലാറ്റിൻ,ഇംഗ്ലീഷ്)സംസ്കൃതസഹോദര ഭാഷകളാണ്. വിചിത്രമായത്,ഇന്ന് സംസ്കൃത ത്തോട് പദസമ്പത്തിലും വ്യാകരണത്തിലും വൃത്താലങ്കാരങ്ങളിലുമെല്ലാം ഏറെ കടപ്പെട്ടി രിക്കുന്ന മലയാളം, ഗോത്രപരമായി സംസ്കൃത ത്തോട് ബന്ധമില്ലാത്ത ദ്രാവിഡഗോത്രത്തിൽ പെട്ടതാണ് എന്നതാണ്.തെലുങ്ക്,കന്നഡ,തമിഴ് എന്നിവയാണ് ദ്രാവിഡഗോത്രത്തിലെ മറ്റു പ്രധാന ഭാഷകൾ!പ്രാരംഭമായി ഇത്രയും മാത്രം പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം!
ഇനി പൊതുവായിപ്പറയുന്നത് സംസ്കൃതഭാഷ
മുൻനിർത്തിയാവും എന്നത് ഓർക്കണം.
ഉച്ചാരണത്തിന്റ ചില പൊതു നിയമങ്ങൾ സൂചി പ്പിക്കാം.ഹിന്ദിയിൽ,പദങ്ങളുടെ അവസാന വ്യഞ്ജനാക്ഷരം,അന്തിമസ്വരാക്ഷരംഉപേക്ഷിച്ചാ ണ് പറയുന്നത്.ഉദാ:- കമല എന്നെഴുതി ''കമൽ'' എന്നുവായിക്കുന്നു.कलम (കലമ)എന്നെഴുതി ''कलम्'' (കലം)എന്ന് വായിക്കുന്നു. പക്ഷെ സംസ്കൃതത്തിൽ ഈ രീതിയില്ല. राम എന്നെഴു തിയാൽ 'രാമ' എന്നു വായിക്കണം.कलम എന്നെഴുതിയാൽ 'കലമ' എന്നുവായിക്കണം. കലം എന്നു വായിക്കണമെങ്കിൽ कलम् എന്നെഴുതണം.(വ്യഞ്ജനവർണ്ണത്തിനവസാനം "्" 'ഹലന്ത' ചിഹ്നം വേണമെന്നു സാരം).
വിസർഗം(ഃ) അർദ്ധ 'ഹ' കാരമായി ഉച്ചരിക്കണ മെങ്കിലും ശ്രവണസൗകര്യത്തിനായി മുഴു ''ഹ'' കാരമായാണ് ഉച്ചരിക്കാറ്,തെറ്റാണെങ്കിലും. രാമഃ="രാമഹ";രവിഃ="രവിഹി"; രഘുഃ="രഘുഹു"; മുനേഃ="മുനേഹെ"; രാമൈഃ="രാമൈഹി" എന്നിങ്ങനെ അന്തിമ സ്വരം ഹകാരത്തിനോട് ചേർത്തുപറയുന്നു.
മലയാളത്തിലെപ്പോലെ 'ത് ' എന്നവ്യഞ്ജനം പലപ്പോഴും സന്ധിയിൽ 'ല് 'എന്നുച്ചരിക്കുന്ന രീതി സംസ്കൃതത്തിലില്ല. "തത്കാലം", "വ്യുത്പത്തി" എന്നിങ്ങനെയല്ലാതെ "തൽക്കാലം", "വ്യുൽപ്പത്തി" എന്നുപതിവില്ല.
"റ" , "ള" എന്നീവ്യഞ്ജനവർണ്ണങ്ങളും "ർ" , "ൾ" എന്നീ ചില്ലുകളും ലൗകികസംസ്കൃതത്തിലില്ല.
അതിനാൽ "അർച്ചനാ" എന്നത് "അര്ചനാ" എന്നും "വർതുളം" എന്നത് "വര്തുലം" എന്നും പ്രയോഗിക്കണം.എങ്കിലും മലയാളികൾക്ക് അരോചകമായതിനാൽ ഈ നിയമം കർശന മായി പാലിച്ചുകാണാറില്ല. "എ" , "ഒ" എന്നീ ഹ്രസ്വസ്വരങ്ങൾ സംസ്കൃതത്തിലില്ല. ഇതുപോലെ നിരവധി വിവരങ്ങൾ മുന്നോട്ടുള്ള യാത്രയിൽ ശ്രദ്ധിക്കാം. നിരവധി സംശയങ്ങൾ ഉയരുന്നത് ക്ഷമയോടെ പഠിച്ചുമനസ്സിലാക്കാം എന്ന എളിയനിർദ്ദേശത്തോടെ ഇന്ന് ഇവിടെ നിർത്താം. അഞ്ചാറുപാഠങ്ങളിലെ പൊതുവായ ചിന്തകൾക്കുശേഷം ക്രമമായ പ്രായോഗിക പഠനം ആവാം.അടുത്തതവണ വീണ്ടും കാണു ന്നതുവരെ "നമസ്കാരഃ! പുനർമിലാമഃ!" 🙏❤️🌹(നമസ്ക്കാരം!വീണ്ടും കണ്ടുമുട്ടാം! )
അനുബന്ധം:-സംസ്കൃതനാടകങ്ങളിൽ പുരുഷകഥാപാത്രങ്ങൾ(അന്ന് സാമൂഹ്യമായി ഉന്നത ശ്രേണിയിലുള്ളവർ) സംസ്കൃതം സംസാരിക്കുമ്പോൾ, സ്ത്രീകഥാപാത്രങ്ങളും സമൂഹത്തിൽ അന്ന് താഴ്ന്നശ്രേണിയിലുള്ള വരും പ്രാകൃതം സംസാരിക്കുന്നു.പരസ്പരം ഭാഷ മനസ്സിലാക്കിക്കൊണ്ടുതന്നെ. സംസ്കൃത ത്തിന് അന്നുണ്ടായിരുന്ന സാമൂഹ്യവിലക്ക്, ഒരുപക്ഷെ ഭാഷയുടെ,വ്യാപനത്തിന് പില്ക്കാലത്ത്,വിലങ്ങു തീർത്തിട്ടുണ്ടാവാം!
ഭട്ടനാരായണന്റെ പ്രസിദ്ധമായ "വേണീസംഹാര നാടക" ത്തിലെ ഒന്നാമങ്കത്തിൽ, ഭീമസേനനും ദ്രൗപദിയും നേരിട്ടുകാണുന്നരംഗം !
ഭീമസേനഃ :-
"ദേവി! വർധിതാമർഷൈരസ്മാഭിരാഗതാപി ഭവതീ നോപലക്ഷിതാ|അതോ ന മന്യും കർതുമർഹസി|"
(ദേവീ!എന്റെ വർദ്ധിച്ചക്രോധത്താൽ ഭവതി വന്നത് ശ്രദ്ധിച്ചില്ല.അത് കാര്യമായെടുത്ത് കോപിക്കരുത്!)
ദ്രൗപദീ:-
"ണാഹ!ഉദാസീണേഷു തുമ്ഹേസു മഹ മണ്ണു ണ ഉണ കുവിദേസു|"
(നാഥ!ഉദാസീനേഷു യുഷ്മാസു മമ മന്യുഃ ന പുനഃ കുപിതേഷു|)= (നാഥാ!അങ്ങ് ഉദാസീനനാ യാലാണ് എനിക്ക് കോപംവരിക.അങ്ങ് കുപിത നായാലല്ല.)'അങ്ങയുടെ രൗദ്രഭാവമാണ് എനിക്കിഷ്ടം' എന്നു താല്പര്യം!
ഇവിടെ പരസ്പരം വ്യവഹാരക്ഷമമായാണ് സംസ്കൃതവും പ്രാകൃതവും വർത്തിക്കുന്നത്.
പ്രാകൃതത്തിന് പഞ്ചാബി/ഹിന്ദി ഭാഷകളോ ടെല്ലാമുള്ള ഉച്ചാരണസാദൃശ്യം പ്രകടമാണ്.
(തുടരും)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹സംസ്കൃതഭാഷാപരിചയം-2🌹
ദേവനാഗരിലിപി:-
(ചിത്രം താഴെക്കൊടുക്കുന്നു)
ഒന്നാമത്തെ വരി കഴിഞ്ഞ് മൂന്നാംവരിയിലെ ऋ, മുതൽ നാലുസ്വരങ്ങളാണ് ക്രമം.മൂന്നാമത്തെ വരിയിൽ "ഇലൂ" എന്ന ദീർഘസ്വരം ലൗകിക- സംസ്കൃതത്തിൽ ഉപയോഗിക്കാറില്ല.അങ്ങനെ പതിമൂന്ന് സ്വരാക്ഷരങ്ങൾ! (സ്വയം രാജിക്കുന്നത്, "സ്വയം രാജന്തേ ഇതിസ്വരാഃ" എന്ന്, പ്രമാണം) .
മുപ്പത്തിമൂന്ന്,വ്യഞ്ജനാക്ഷരങ്ങൾ(സ്വരവുമായിച്ചേർന്ന് അർത്ഥംവ്യഞ്ജി'പ്പിക്കുന്നത്) . (ശുദ്ധമായ വ്യഞ്ജനവർണ്ണങ്ങളുടെ അവസാനം ' ् ' -ഹലന്തചിഹ്നം ചേർക്കുന്നു.) കൂടാതെ അനുസ്വാരം (സ്വരത്തിനു പിന്നാലെ വരുന്നത്- "മ്" എന്നശബ്ദം. - ' ं ' ), സാധാരണ ഇത് അക്ഷരത്തിനു മുകളിൽ ഒരു കുത്ത് (कं=കം) , ആയിരേഖപ്പെടുത്തും. എന്നാൽ സ്വതന്ത്രമായ പദത്തിന്റെയോ വരിയുടെയോ അവസാന മാണെങ്കിൽ(म्=മ്) എന്നാണെഴുതുക. കൂടാതെ അനുസ്വാരം കഴിഞ്ഞ് ഒരു സ്വരാക്ഷരമാണ് വരുന്നതെങ്കിൽ ( म् ) എന്നുതന്നെ എഴുതും! ഇതാണ് അനുസ്വാരലേഖനനിയമം.
( ഉദാ :- पठनं करोति; अयं राजेन्द्रः ; अयम् अनन्तः)
മേൽപ്പറഞ്ഞ വർണ്ണങ്ങളും അനുസ്വാരവും വിസർഗ്ഗവും (ः ')കൂടിച്ചേർന്നാൽ ആകെ നാല്പത്തെട്ട് വർണ്ണങ്ങൾ. (കൂടാതെ വിസർഗ്ഗസന്ധിയിലെ "പൂർവ്വരൂപസന്ധിയിൽ" ഹ്രസ്വ 'അ'കാര ഉച്ചാരണം സൂചിപ്പിക്കുന്ന, 'പ്രശ്ലേഷം' അഥവാ 'അവഗ്രഹ'ചിഹ്നവും( f ) ഉപയോഗിക്കുന്നു.) സന്ധിയും സമാസവുംമൂലം പദങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ, വിസർഗ്ഗത്തിനും മറ്റക്ഷരങ്ങളെപ്പോലെ മാറ്റങ്ങൾ സംഭവിക്കാം. കൂട്ടക്ഷരങ്ങൾക്കുള്ള ലിപിനിയമങ്ങൾ ഏതാണ്ട് ഹിന്ദിയിലെപ്പോലെതന്നെ. ശബ്ദശാസ്ത്രഭാഗങ്ങൾ, വ്യാകരണപ്രധാനമായതിനാൽ, തല്ക്കാലം പരാമർശിക്കുന്നില്ല. അക്ഷരങ്ങൾ, ഒരു മാത്രയുള്ളത് ഹ്രസ്വം, രണ്ടുമാത്രയുള്ളത് ദീർഘം (ആ,കാ,ഐ,ഔ, തുടങ്ങിയവ), മൂന്നുമാത്രയുള്ളത് പ്ലുതം (സംബോധനാ,"ഓം", തുടങ്ങിയവ ). "ഏ","ഓ" ,"ഐ" ,"ഔ",ഇവ "സംയുക്തസ്വരാക്ഷരങ്ങൾ". ('അ'+'ഇ'='ഏ' ; 'അ'+'ഉ'='ഓ' ; 'അ'+'ഏ'='ഐ' ; 'അ'+'ഓ'='ഔ' )
🌹പദം:- സംസ്കൃതഭാഷയിൽ പദങ്ങൾ രണ്ടു ഭാഗങ്ങളുള്ളവയാണ്.വാക്കിന്റെ ആദ്യഭാഗ ത്തെ "പ്രകൃതി" എന്നും അവസാനഭാഗത്തെ "പ്രത്യയം" എന്നും പറയും.പ്രകൃതിപ്രത്യയങ്ങൾ ചേർന്നാണ് ഏതൊരുപദവും ഉണ്ടാവുന്നത്.("രാമ്"+ "അഃ" ="രാമഃ") . ഇവിടെ ''രാമ്'' പ്രകൃതിയും "അഃ" പ്രത്യയവും.("പഠ്" +"അതി" ="പഠതി" - 'പഠ് ' പ്രകൃതിയും ' അതി ' പ്രത്യയ വും ). കൂടാതെ ഭാഷയിൽ പദങ്ങൾ രണ്ടു വിധം. "നാമ"(നാമം) ;"ക്രിയാ" എന്നിങ്ങനെ. "നാമ" ത്തിന്റെ ആദ്യഭാഗത്തെ (പ്രകൃതി) "പ്രാതിപദികം" എന്നും അവസാനഭാഗത്തെ (പ്രത്യയം) "സുപ്" എന്നും പറയുന്നു. ഇപ്രകാരം "സുപ്" പ്രത്യയത്തിലവസാനിക്കുന്നതിനാൽ നാമങ്ങളെ ("സുപ്"+ അന്തം = "സുബന്തം " ) എന്നുവിളിക്കുന്നു.അതുപോലെ "ക്രിയാ" പദങ്ങളുടെ പ്രകൃതിയെ (ആദ്യഭാഗം) "ധാതു" എന്നും ക്രിയാപ്രത്യയത്തിനെ "തിങ്" എന്നും പറയുന്നു. അതിനാൽ ക്രിയാപദങ്ങളെ "തിങന്തങ്ങൾ" എന്നും പറയുന്നു. ചുരുക്കത്തിൽ സംസ്കൃതഭാഷയിൽ പദങ്ങളെ ല്ലാം തന്നെ " സുബന്തങ്ങളോ" "തിങന്തങ്ങളോ" ആയിരിക്കും. അതായത് നാമങ്ങളോ ക്രിയക ളോ ആകുന്നു. വ്യാകരണനിയമങ്ങൾ അനുസ രിച്ച് പദങ്ങൾക്ക് രൂപഭേദം സംഭവിക്കുന്നു. എന്നാൽ ഇപ്രകാരം രൂപഭേദം സംഭവിക്കാത്ത ഒരു വിഭാഗം പദങ്ങളുമുണ്ട്. ഇവയെ "അവ്യയങ്ങൾ" എന്നു പറ യുന്നു. ഇങ്ങനെ 'പ്രാതിപദികം', പ്രകൃതിയും 'സുപ്', പ്രത്യയവും ആയപദങ്ങളാണ്,സുബന്തങ്ങൾ' അഥവാ നാമപദങ്ങൾ.'ധാതു',പ്രകൃതിയും 'തിങ്', പ്രത്യയവും ആയപദങ്ങളാണ്,'തിങന്തങ്ങൾ' അഥവാ ക്രിയാപദങ്ങൾ.'ബാലക: പഠതി'
ഈ വാക്യത്തിൽ 'ബാലക:' എന്നത് സുബന്ത വും, 'പഠതി' എന്നത് 'തിങന്തവും' ആണ്.(ബാലകൻ പഠിക്കുന്നു- ഇതിൽ 'ബാലകൻ' - നാമം ; 'പഠിക്കുന്നു' - ക്രിയ ) 'നാമം' എന്നത് പേര് അഥവാ സംജ്ഞ. 'ക്രിയ' എന്നത് പ്രവൃത്തി. രണ്ടും കൂടി,ഇപ്രകാരം പൂർണ്ണവാക്യം.
🌹'സുബന്തങ്ങൾ'(നാമങ്ങൾ):- നാമപദങ്ങളുടെ പ്രധാനവ്യാകരണവിശേഷത കൾ ലിംഗം, വചനം,വിഭക്തി എന്നിവയാണ്.ഈ വിശേഷതകൾക്കനുസരിച്ച് പ്രത്യയങ്ങൾ മാറുകയും നാമങ്ങൾക്ക് വ്യാകരണപരമായി രൂപഭേദം വരികയും ചെയ്യുന്നു. കൂടാതെ നാമങ്ങൾ (Noun)എല്ലാം'പ്രഥമപുരുഷൻ' (Third Person) എന്ന വിഭാഗത്തിലും, സർവ്വനാമങ്ങളി ലെ (Pronoun) മൂന്ന് പദങ്ങളെ(ത്വം=നീ; യുവാം = നിങ്ങൾരണ്ടാൾ; യൂയം=നിങ്ങൾരണ്ടിൽ കൂടുതൽ), 'മദ്ധ്യമ പുരുഷൻ'(SecondPerson) വിഭാഗത്തിലും, സർവ്വനാമങ്ങളിലെ മറ്റുമൂന്നു പദങ്ങളെ (അഹം=ഞാൻ;ആവാം=ഞങ്ങൾ/നമ്മൾരണ്ടുപേർ;വയം=ഞങ്ങൾനമ്മൾരണ്ടിലധികം )'ഉത്തമപുരുഷ'(FirstPerson) വിഭാഗത്തി ലും പെടുത്തിയിരിക്കുന്നു. നാമ/സർവ്വനാമപദ ങ്ങളുടെ ഈ 'പുരുഷത്വ' വ്യത്യാസമനുസരിച്ച് ഇവ കർത്താവായിവരുന്ന വാക്യത്തിലെ ക്രിയ കൾക്ക് രൂപഭേദം സംഭവിക്കുന്നു. പുല്ലിംഗത്തി ലെ പുരുഷത്വമല്ല ഇവിടെ പരാമർശിച്ചത് എന്ന ത് ശ്രദ്ധിക്കണം.
(ഉദാ:- ബാലകഃ "പഠതി"(ആൺകുട്ടി വായിക്കു ന്നു )- ഇവിടെ, കർത്താവ് , പ്രഥമപുരുഷൻ ;
ത്വം "പഠസി"(നീ വായിക്കുന്നു)-മധ്യമപുരുഷൻ കർത്താവ്;
അഹം "പഠാമി"(ഞാൻ വായിക്കുന്നു) -ഉത്തമ പുരുഷൻ കർത്താവ്);ക്രിയയുടെ രൂപമാറ്റങ്ങൾ ശ്രദ്ധിക്കുക.അതായത്,കർത്താവിന്റെ പുരുഷ ത്വം മാറുന്നതിനനുസരിച്ച്, ക്രിയയുടെ രൂപം മാറുന്നു. മലയാളത്തിലതില്ല. അടുത്തതവണ നാമപദങ്ങളുടെ,ലിംഗവചന,വിഭക്തികൾ,മനസ്സിലാക്കാം. ഏവരേയും സംശയനിവാരണത്തി നായി ക്ഷണിക്കുന്നു. (പഠനാവശ്യത്തിനായി എല്ലാ പാഠങ്ങളും ദയവായി കോപ്പിചെയ്തു സൂക്ഷിക്കുക.)🌹
🌹അനുബന്ധം:-
സംസ്കൃതഭാഷയിൽ,ക്രിയാപദങ്ങളുടെ 'പ്രകൃതി' ഭാഗമായ "ധാതു"ക്കൾ ഏതാണ്ട് രണ്ടായിരത്തോളമുണ്ട്.ഇവയോടുകൂടി "തിങ് " പ്രത്യയം ചേരുമ്പോൾ ക്രിയാപദങ്ങളുണ്ടാവു ന്നു. എന്നാൽ മിക്കവാറും നാമപദങ്ങളുടെ "പ്രകൃതി" ഭാഗമായ "പ്രാതിപദികവും" ഉൽഭവി ച്ചിരിക്കുന്നത് ഇതേ മൂല "ധാതു"ക്കളിൽ നിന്നാണ്.ഉദാ:- "രമ്"എന്ന ധാതുവിൽനിന്ന് "അതേ" പ്രത്യയം ചേർത്ത് (കൃത്യമായി, ഇപ്ര കാരമല്ല) "രമതേ" (സന്തോഷിക്കുന്നു) എന്ന ക്രിയ ഉണ്ടാവുന്നു. ഇതേ " രമ്" ധാതുവിൽ നിന്നാണ് 'രമ' ,'രാമ' തുടങ്ങിയ പ്രാതിപദിക ങ്ങളും തുടർന്ന് "രമഃ" ,"രമാ", "രാമഃ' എന്നീ നാമപദങ്ങളും ഉണ്ടായത്!(രമഃ=സന്തോഷം, ഭർത്താവ്,കാമദേവൻ) ;( രമാ= ലക്ഷ്മി) ;
( രാമഃ =രാമൻ,സന്തോഷിപ്പിക്കുന്നവൻ )
❤️മമ മാതാ❤️*
കല്യേ ബുധ്യതി മമ ജനനീ പശ്ചാൻമാമപി ബോധയതി |
ഉഷ്ണജലേന പ്ലാവയതി നവവസനം സാ പരിധാരയതി ||
ഫാലേ തിലകം ധാരയതി പുനരക്ഷ്ണോര- ഞ്ജനമാലിഖതി |
സുന്ദരകുണ്ഡലയുഗലേനാംബാ കർണദ്വയമപി ഭൂഷയതി ||
പാത്രേ ഭോജനമാനയതി മാം അങ്കേ ദൃഢമുപ- വേശയതി |
തത്കരനിർമിതമന്നഗ്രാസം മാമക വദനേ സ്ഥാപയതി! ||
കാകകഥാം മാം ശ്രാവയതി സാ ശൗനകകഥയാ ഭായയതി |
ശ്രുത്വാ രോദിതുമുദ്യുക്തേ മയി ഗണ്ഡേ ചുംബ- നമർപയതി ||
(കല്യേ=പ്രഭാതത്തിൽ;ബുധ്യതി=ഉണരുന്നു; മമ=എന്റെ; ജനനീ=അമ്മ; പശ്ചാത്=പിന്നാലെ;
മാം=എന്നെ; അപി= കൂടെ; ബോധയതി= ഉണർത്തുന്നു;
ഉഷ്ണജലേന=ചൂടുവെള്ളത്താൽ; പ്ലാവയതി= കഴുകിക്കുന്നു; നവ വസനം= പുത്തൻ വസ്ത്രം;
സാ=അവൾ;പരിധാരയതി = ധരിപ്പിക്കുന്നു;
ഫാലേ= നെറ്റിയിൽ; തിലകം=പൊട്ട്; ധാരയതി= അണിയിക്കുന്നു; പുനഃ=വീണ്ടും; അക്ഷ്ണഃ= കൺപീലികൾ; അഞ്ജനം= കൺമഷി; ആലിഖതി=എഴുതിക്കുന്നു; സുന്ദരകുണ്ഡല യുഗലേന=സുന്ദരകമ്മൽജോഡിയാൽ ;
അംബാ= അമ്മ; കർണദ്വയം=ഇരുചെവികൾ;
അപി= കൂടി; ഭൂഷയതി= അലങ്കരിക്കുന്നു;
പാത്രേ= പാത്രത്തിൽ; ഭോജനം= ആഹാരം; ആനയതി= കൊണ്ടുവരുന്നു; മാം= എന്നെ;
അങ്കേ=മടിയിൽ; ദൃഢം= ബലമായിഃ
ഉപവേശയതി= ഇരുത്തുന്നു; തത്കരനിർമിതം= ആകൈകളാൽ ഉണ്ടാക്കിയ; അന്നഗ്രാസം= ചോറുരുള; മാമക= എന്റെ; വദനേ= വായിൽ;
സ്ഥാപയതി= വയ്ക്കുന്നു; കാകകഥാം= കാക്ക കഥയെ ;മാം= എന്നെ; ശ്രാവയതി= കേൾപ്പിക്കു ന്നു; ശൗനകകഥയാ=ശുനകന്റെകഥയാൽ;
ഭായയതി= ഭയപ്പെടുത്തുന്നു; ശ്രുത്വാ=കേട്ടിട്ട്; രോദിതും= കരയുവാൻ; ഉദ്യുക്തേ= തയ്യാറെടു പ്പിൽ; മയി ഗണ്ഡേ= എന്റെകവിളിൽ; ചുംബനം= ഉമ്മ ; അർപയതി= അർപ്പിക്കുന്നു)
ലളിതമായ ഈ കവിതയിൽ മലയാളത്തിലുപ യോഗിക്കുന്ന സംസ്കൃതപദങ്ങൾ ധാരാളം !
* സംസ്കൃതഭാരതി പ്രസിദ്ധീകരിച്ച ഗാനം. https://www.facebook.com/995864823841974/posts/2068888239872955/
(തുടരും)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹സംസ്കൃതഭാഷാപരിചയം- 3🌹
രാജേന്ദ്രൻ.ഡി
🌷"സര് വേ ഭവന്തു സുഖിനഃ
സര് വേ സന്തു നിരാമയാഃ
സര് വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാഗ്ഭവേത്"🌷
(എല്ലാവരും സുഖമുള്ളവരായി ഭവിക്കട്ടെ!
എല്ലാവരും ദുഃഖാനുഭവമില്ലാത്തവരാവട്ടെ!
എല്ലാവരും മംഗളമുള്ളവരായി കാണട്ടെ!
ആരും ദുഃഖമുണ്ടാക്കുന്നവയിൽ പങ്കുചേരാതിരിക്കട്ടെ!)
പുനഃസ്മാരണം(റിവിഷൻ):-
(പ്രത്യയം "സുപ് " ആണ് നാമപദങ്ങൾക്ക്,
പ്രകൃതിയോ " പ്രാതിപദികഃ " ഓർക്കണം!
" തിങ് " എന്നു ക്രിയതൻ പ്രത്യയം എപ്പോഴും,
" ധാതു " ആണ് എന്നും ക്രിയതൻ പ്രകൃതിയും!
"സുബന്തങ്ങൾ " നാമങ്ങൾ!, ക്രിയയോ "തിങന്തവും" ! അന്ത്യമാം പ്രത്യയം രൂപത്തിലേറെയാം ! )
നാമപദങ്ങളുടെ (സർവ്വനാമങ്ങളുടെയും) ലിംഗ / വചന / വിഭക്തികൾ:-
1.ലിംഗം(Gender):-
മലയാളത്തിലെപ്പോലെ സംസ്കൃതത്തിലും പുല്ലിംഗം,സ്ത്രീലിംഗം,നപുംസകലിംഗം എന്നിങ്ങനെ മൂന്നുവിധം ലിംഗങ്ങളാണെങ്കിലും പദങ്ങളുടെ അവസാനഅക്ഷരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ലിംഗനിർണ്ണയം മിക്കവാറും.പദങ്ങളുടെ അർത്ഥത്തിനെ അടിസ്ഥാനപ്പെടുത്തിയല്ല എല്ലായ്പോഴും ലിംഗനിർണ്ണയം. അചേതനങ്ങളായ വസ്തു ക്കളും ഗുണങ്ങളുമെല്ലാം മൂന്നുലിംഗങ്ങളിലു മുണ്ട്. ഉദാഹരണത്തിന് "ബാലകഃ"എന്ന പുല്ലിംഗപദംപോലെ തന്നെയാണ് വ്യാകരണ പ്രകാരം "വൃക്ഷഃ" (മരം) എന്ന പുല്ലിംഗ പദവും. "ഗ്രന്ഥഃ" എന്നത് പുല്ലിംഗമാണെങ്കിൽ, "പുസ്തകം" എന്നപദം നപുംസകലിംഗമാണ്. അതുപോലെ "മിത്രം"/"കളത്രം" എന്നിവ നപും സകലിംഗപദങ്ങളാണ്. കാരണം "അം" എന്ന ശബ്ദത്തിലവസാനിക്കുന്ന മിക്കവാറും പദങ്ങ ൾ നപുംസകലിംഗങ്ങളാണ്. "ആ"/"ഈ" എന്നീ ദീർഘസ്വരാന്തപദങ്ങൾ മിക്കതും സ്ത്രീലിംഗ പദങ്ങൾ. "അഃ" എന്ന് ഹ്രസ്വ ശബ്ദത്തിലവസാ നിക്കുന്ന മിക്കവാറും ശബ്ദങ്ങൾ പുല്ലിംഗവും. അപവാദങ്ങളുണ്ട് എങ്കിലും പദാന്തവർണ്ണങ്ങ ളാണ് ലിംഗനിർണ്ണയത്തിന് മിക്കവാറും കാരണം. മലയാളം പോലെ സംസ്കൃതത്തിലും നാമ പദങ്ങളുടെ ലിംഗ വ്യത്യാസം ക്രിയയെ സ്വാധീനി ക്കുന്നില്ല.
"അവൻ വീഴുന്നു/അവൾ വീഴുന്നു/ഫലം വീഴുന്നു."
"സഃ പതതി/സാ പതതി/ഫലം പതതി"/ (രണ്ടുഭാഷയിലും കർത്താവായ നാമപദത്തി ന്റെ ലിംഗം, പുല്ലിംഗം/ സ്ത്രീലിംഗം/നപുംസക ലിംഗം എന്നിങ്ങനെ മാറിയിട്ടും ക്രിയയുടെ രൂപം മാറുന്നതായിക്കാണുന്നില്ല. )
പദങ്ങളുടെ കൃത്യമായ ലിംഗനിർണ്ണയത്തിന് നിഘണ്ടുക്കൾ തന്നെ ശരണം. പരിചയവും പാണ്ഡിത്യവും തുണയ്ക്കണം.
സർവ്വനാമങ്ങളിൽ, മധ്യമപുരുഷൻ(ത്വം=നീ; യുവാം=നിങ്ങൾരണ്ട്; യൂയം = നിങ്ങൾ രണ്ടില ധികം), ഏകവചനവും, ദ്വിവചനവും, ബഹുവചനവും, ആയ മൂന്നു ശബ്ദങ്ങളും മൂന്നുലിംഗങ്ങളിലും മാറ്റമില്ലാത്ത 'ത്രിലിംഗക'ങ്ങളാണ്. മലയാളത്തിലും നീ/നിങ്ങൾ എന്നെല്ലാം ആൺ /പെൺ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതാണല്ലോ. ഇതുപോലെതന്നെ ഉത്തമപുരുഷ സർവ്വനാമ ങ്ങളും (അഹം/ആവാം/വയം) = (ഞാൻ/ ഞങ്ങൾ രണ്ട്/ ഞങ്ങൾ രണ്ടിലധികം) ത്രിലിംഗകങ്ങളാണ്. മലയാളത്തിനെ അപേക്ഷിച്ച് നപുംസകവുമാകാമെന്ന വ്യത്യാസമുണ്ട്. (മിത്രം / കളത്രം - ഇവ നപും.)
2.വചനം(Number):- സംസ്കൃതഭാഷാപഠനത്തിൽ ആരംഭത്തിൽ വിഷമിപ്പിക്കുന്ന സംഗതിയിതാണ്. മിക്കവാറും ഭാഷകളിൽനിന്നു വ്യത്യസ്ഥമായി സംസ്കൃതത്തിൽ ഏകവചനം,ബഹുവചനം എന്നിവ കൂടാതെ "ദ്വിവചനം" എന്ന "രണ്ട്എണ്ണത്തെ" സൂചിപ്പിക്കുന്ന മൂന്നാമത് ഒരുവചനം കൂടി യുണ്ട്. വ്യാകരണനിയമങ്ങളുടെ പഠനത്തിൽ ആദ്യമാദ്യം പഠിതാവിനെ പിന്തിരിപ്പിക്കുന്ന ഈ ഘടകം പിന്നീട് ഭാഷാ ഉപയോഗത്തിൽ അനുഗ്രഹമാകുന്നതാണെന്ന് അനുഭവത്തിൽ പറയാനാവും. നാമപദത്തിന്റെ വചനവ്യത്യാസമനുസരിച്ച് പദങ്ങളുടെ രൂപം മാറുന്നതനുസരിച്ച് ക്രിയാപദങ്ങളേയും അത് സ്വാധീനിക്കുകയും രൂപം മാറുകയും ചെയ്യുന്നു. ഇത്, മലയാളത്തിൽ നിന്ന് ഭിന്നമാണ്.
"അവൻ പോകുന്നു." = "സഃ ഗച്ഛതി"
"അവർ(ആൺ) പോകുന്നു " = " തേ ഗച്ഛന്തി"
"അവർ(ആൺ)2പേർ പോകുന്നു"="തൗ ഗച്ഛതഃ
"നീ പോകുന്നു"="ത്വം ഗച്ഛസി"
"നിങ്ങൾ2പേർ പോകുന്നു"="യുവാം ഗച്ഛഥഃ"
"നിങ്ങൾ പോകുന്നു"="യൂയം ഗച്ഛഥ"
"ഞാൻ പോകുന്നു"="അഹം ഗച്ഛാമി"
"നമ്മൾ 2 പേർ പോകുന്നു"="ആവാം ഗച്ഛാവഃ"
"നമ്മൾ പോകുന്നു"="വയം ഗച്ഛാമഃ"
മുകളിൽ പറഞ്ഞ 9 വാക്യങ്ങളിലും മലയാളത്തിൽ ക്രിയയ്ക്ക് മാറ്റങ്ങളില്ല. എന്നാൽ നാമത്തിന്റെ വചനവും (ഏക / ദ്വി / ബഹു ) പുരുഷനും ( പ്രഥമ / മധ്യമ / ഉത്തമ ) മാറുന്നതനുസരിച്ച് സംസ്കൃതത്തിൽ ക്രിയാപ്രത്യയം ( തിങ് ) മാറുന്നതുകാണാം.
ഇത് പൊതുവായ പ്രസ്താവനകൾ മാത്രമാണ്. ക്രമപ്രകാരമുള്ള പഠനം നമ്മൾ ആരംഭിച്ചാൽ ആദ്യത്തെ ആശയക്കുഴപ്പങ്ങളും പ്രയാസവും മാറുന്നതാണ്. ആരംഭത്തിൽ നിശ്ചയദാർഢ്യം വലുതായി ഉണ്ടാവണമെന്നുമാത്രം.
ആറ് പാഠങ്ങൾക്കുശേഷം ക്രമമായി പ്രായോ ഗികപഠനം ആരംഭിക്കാം.🌹
🌹അനുബന്ധം :- സംസ്കൃതഭാഷയിലെ പ്രസിദ്ധമായ ശബ്ദകോശമാണ് "അമരകോശം" എന്നറിയപ്പെടുന്ന "നാമലിംഗാനുശാസനം". വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽപ്പെട്ട 'അമരസിംഹൻ' ആണ് കർത്താവ്. സാധാരണ നിഘണ്ഡുക്കളിലെപ്പോലെ അക്ഷരമാലാ ക്രമത്തിലല്ല പദങ്ങൾ. മൂന്നുകാണ്ഡങ്ങളിലായി 26 വർഗ്ഗങ്ങളിലായി 1525 പദ്യങ്ങൾ (രണ്ടുവരി) അടങ്ങുന്നതാണ് 'അമരം'! സ്വർഗ്ഗവർഗ്ഗം, വ്യോമവർഗ്ഗം തുടങ്ങി വർഗ്ഗവിഷയങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ, അവ്യയം / പുല്ലിംഗം / സ്ത്രീലിംഗം / നപുംസക ലിംഗം എന്നീക്രമത്തിൽ പര്യായങ്ങൾ പറഞ്ഞ് ആ വർഗ്ഗവുമായി ബന്ധപ്പെട്ട മറ്റുപദങ്ങളെപ്പറയുന്നു. സ്വർഗ്ഗവർഗ്ഗമാണെങ്കിൽ സ്വർഗ്ഗത്തിന്റെ പര്യായങ്ങൾക്കുശേഷം വസിക്കുന്ന ദേവൻമാരെപ്പറയുന്നു. പദ്യരൂപത്തിലെന്നതിനാൽ ഹൃദിസ്ഥമാക്കുവാ നുദ്ദേശിച്ചുള്ളതാണ് രചനാരീതി. പദാന്തവർണ്ണക്രമത്തിൽ വിഭക്തിപ്രത്യയങ്ങളുടെ പട്ടികയായ "സിദ്ധരൂപ"ത്തിനുശേഷം പഠിക്കേണ്ടതാണ് "അമരം" എന്ന "നാമലിംഗാനുശാസനം". പേരുസൂചിപ്പിക്കുന്നതുപോലെ നാമശബ്ദങ്ങളുടെ വൈവിദ്ധ്യസ്വഭാവങ്ങളും ലിംഗനിർണ്ണയവും നടത്താനുള്ള ആധികാരിക ഗ്രന്ഥമാണ് അമരകോശം! പ്രഥമകാണ്ഡത്തിലെ സ്വർഗ്ഗവർഗ്ഗത്തിലെ 30, 31 പദ്യങ്ങളിലെ രണ്ടുവരി കാണുക:-
"അരവിന്ദമശോകഞ്ച ചൂതഞ്ച നവമാലികാ
നീലോൽപലഞ്ച പഞ്ചൈതേ പഞ്ചബാണസ്യ സായകാഃ " (കേരളീയപാഠമാണിത് ) കാമദേവന്റെ ബാണങ്ങൾ. 'അരവിന്ദം, അശോകം, ചൂതം , നീലോൽപലം' ഇവ 'അം' ൽ അവസാനിക്കുന്ന നപുംസകലിംഗങ്ങളും "നവമാലികാ" എന്ന ദീർഘസ്വരാന്തമായ('ആ') പദം സ്ത്രീലിംഗവുമെന്ന് സാമാന്യേന മനസ്സിലാക്കണം. വിശേഷവിധിയായി മാറ്റമുണ്ടെങ്കിൽ സൂചിപ്പിക്കും. പ്രാഥമിക ഭാഷാപരിചയത്തിന് നേരിട്ട് അമരം ആശ്രയിക്കാതെ തന്നെ പോകാം.
(തുടരാം)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹സംസ്കൃതഭാഷാപരിചയം -4 🌹
രാജേന്ദ്രൻ.ഡി
"ക്ഷണശഃ കണശശ്ചൈവ
വിദ്യാമർത്ഥം ച സാധയേത്!"
(ക്ഷണംതോറും കണങ്ങളായി വിദ്യയും അർത്ഥവും സാധിക്കട്ടെ !)
🌹പുനഃസ്മാരണം :-
വാക്കിന്നവസാനവർണ്ണത്തിനൊത്തതാം
നോക്കിയാൽ ലിംഗവ്യത്യാസങ്ങൾ മൂന്നതും!
ഏക്കില്ല ക്രിയതന്റെ രൂപത്തിനെന്നുമേ
കാക്കണം ഓർമ്മയിൽ ലിംഗഭേദങ്ങളും!
ഹ്രസ്വസ്വരാന്തങ്ങൾ പുല്ലിംഗമായതും
ഹ്രസ്വമല്ലാത്തവ സ്ത്രീലിംഗരൂപികൾ
ഹ്രസ്വ 'അ'കാരത്തിനൊപ്പമായെത്തുമാ-
നുസ്വരാന്തം വരും ലിംഗനപുംസകേ!
വചനങ്ങൾ മൂന്നുരൂപങ്ങളിൽ, മാറ്റുന്നു
രചനയിൽ നാമ,ക്രിയാദിപദങ്ങളെ!
സൂചിതമിരട്ടയാം ദ്വിവചനപദങ്ങളും
പ്രാചീനരീതിയാണിന്നും തുടരുന്നു!🌹നാമപദങ്ങളുടെ ലിംഗവചനവിഭക്തി:-(തുടർച്ച)
വിഭക്തിഃ:-
വാക്യങ്ങളിൽ അർത്ഥപൂർത്തിക്കായി പദങ്ങൾ തമ്മിൽ ബന്ധം സൂചിപ്പിക്കുവാനാണ് നാമ- പദങ്ങളുടെ "വിഭക്തി"! ഓരോ നാമപദങ്ങളോടും ഏഴുതരം വിഭിന്നങ്ങളായ വിഭക്തിപ്രത്യയങ്ങൾ ചേർത്ത് വിവിധ അർത്ഥകല്പനകൾ നിർവ്വഹിക്കുന്നു. അപ്രകാരം നാമപദങ്ങളുടെ പ്രത്യയങ്ങളായിവരുന്ന ഈ വിഭക്തിപ്രത്യയങ്ങ ളുടെ പൊതുവായ വ്യാകരണകോഡ് (പ്രത്യാഹാരം) ആണ് "സുപ്" എന്നത്. അതിനാൽ, "സുപ്"പ്രത്യയം (വിഭക്തിപ്രത്യയം) അന്തമായി വരുന്നതിനാൽ, നാമപദങ്ങൾ, "സുപ് അന്തങ്ങൾ" ="സുബന്തങ്ങൾ " എന്നറിയപ്പെടുന്നു. ഇത് ഓരോ നാമപദത്തിന് ഓരോ വചനത്തിൽ ഏഴുവീതം, മൂന്നുവചന ങ്ങൾക്കും കൂടി മൊത്തം ഇരുപത്തൊന്ന് പ്രത്യയങ്ങൾ അടങ്ങുന്ന സമൂഹമാണ്. അതായത് ഓരോ നാമപദത്തിനും ഇരുപത്തൊന്നുതരം പ്രത്യയങ്ങൾ. (ഇവയിൽ പലതും കാഴ്ചയിൽ പരസ്പര വ്യത്യാസമില്ലാത്തവയാണ്)! ഏഴു വിഭക്തികൾ കൂടാതെ 'സംബോധന' എന്ന് എട്ടാമതൊന്നുകൂടി പറയാം! പ്രധാനമല്ല!പ്രഥമാവിഭക്തിരൂപംതന്നെയാണ്, പക്ഷെ, ഏക വചനരൂപത്തിൽ 'പ്രഥമാ'വിഭക്തിയുമായി ചെറിയവ്യത്യാസമുണ്ടെന്നുമാത്രം. സംസ്കൃതത്തിൽ, മലയാളത്തിലേതുപോലെ വിഭക്തികളുടെ ഏഴുപേരുകൾ അർത്ഥസൂചകമായല്ല, മറിച്ച് ക്രമസംഖ്യാസൂചകമായി "പ്രഥമാ, ദ്വിതീയാ, തൃതീയാ, ചതുർഥീ, പഞ്ചമീ, ഷഷ്ഠീ, സപ്തമീ" എന്നാണ് നല്കിയിട്ടുള്ളത്! (ദീർഘാന്തങ്ങളായ ഈ പേരുകളെല്ലാം സ്ത്രീലിംഗപദങ്ങളാണ്! "തിഃ"എന്നവസാനിക്കുന്ന പദങ്ങളും സ്ത്രീലിംഗ ങ്ങൾ. അതിനാൽ "വിഭക്തിഃ" എന്നതും പെണ്ണാ ളാണ് സംസ്കൃതത്തിൽ!) ("ഷഷ്ഠീ" എന്നത് "ആറാമത്തേത്" എന്നാണെങ്കിൽ "ഷഷ്ടി" എന്നത് "അറുപത്" ആണ്! അക്ഷരങ്ങൾ ശ്രദ്ധിക്കണമെന്ന്ചുരുക്കം!).
ഇനി, വിഭക്തിയുടെ അർത്ഥങ്ങൾ നോക്കാം.
1.പ്രഥമാ:- നാമപദങ്ങളുടെ കേവലരൂപം!(ഉദാ:-രാമഃ/ സീതാ/ ഫലം = രാമൻ/ സീത/പഴം)("അത്" എന്നു പ്രഥമയ്ക്കർത്ഥം). കർത്തരിപ്രയോഗത്തിൽ(Active Voice) കർത്താവ്, പ്രഥമാ വിഭക്തിയിലായിരിക്കണം.
( ജനകഃ ബാലകം പശ്യതി = അച്ഛൻ ബാലകനെ നോക്കുന്നു. -ഇവിടെ "ജനകഃ" "പ്രഥമാവിഭക്തിഃ"
"അംബാ" ഭോജനം പചതി = അമ്മ ആഹാരത്തെ പാചകം ചെയ്യുന്നു. - ഇവിടെ "അംബാ" "പ്രഥമാ"വിഭക്തി. "ഫലം" വൃക്ഷാത് പതതി = പഴം, വൃക്ഷത്തിൽനിന്ന് വീഴുന്നു. - ഇവിടെ "ഫലം","പ്രഥമാ"വിഭക്തിയിൽ ആണ്. )
2.ദ്വിതീയാ:- കർത്താവ് ചെയ്യുന്ന ക്രിയയുടെ 'ലക്ഷ്യം' ഏതുനാമപദമാണോ, ആ നാമപദം, 'ദ്വിതീയാ'വിഭക്തിയിലാവണം. അതായത് കർത്തരിപ്രയോഗത്തിലെ "കർമ്മം" ദ്വിതീയയി ലാവണം. (ദ്വിതീയക്ക്"അതിനെ" പുനഃ , "അതിനോട്" ,"അത്തെ" ,"മുഴുവൻ" ,"കുറിച്ച്" ," ഇലേയ്ക്ക്" എന്നും വരുന്നുപോൽ)
(ഉദാ:- അധ്യാപകഃ "ബാലകം " ആഹ്വയതി =അദ്ധ്യാപകൻ "ബാലകനെ" വിളിക്കുന്നു. -ഇവിടെ "ബാലകം", എന്നത് , ബാലകഃ എന്ന പുല്ലിംഗ,ഏകവചനപ്രഥമപുരുഷനാമത്തിന്റെ ദ്വിതീയാവിഭക്തിരൂപം. 'വിളിക്കുന്നു' എന്ന ക്രിയ യുടെ'ലക്ഷ്യം' (Destination)ആണ്,"ബാലകൻ".
ബാലികാ "ക്ഷീരം" ഹരതി = ബാലിക "പാലിനെ" കൊണ്ടുവരുന്നു.-ഇവിടെ "ക്ഷീരം" എന്ന "അം" ലവസാനിക്കുന്ന നപുംസകലിംഗഏകവചന നാമത്തിന്റെ ദ്വിതീയാവിഭക്തിരൂപവും "ക്ഷീരം" എന്നുതന്നെ.അതായത് "അ"കാരാന്ത നപുംസ കലിംഗപദങ്ങൾ("അം"ലവസാനിക്കുന്നത്) പ്രഥമാവിഭക്തിയും ദ്വിതീയാവിഭക്തിയും രൂപ ങ്ങൾ ഒരുപോലെയാണ് കാഴ്ചയിൽ!ഉദാഹരണം, "ഫലം"= 'പഴം' എന്ന് പ്രഥമാവിഭ ക്തിയും 'പഴത്തിനെ' എന്ന് ദ്വിതീയാവിഭക്തി യുമാകാം. ഇത് ഏകവചനം. ബഹുവചനം, "ഫലാനി" എന്നതും പ്രഥമാരൂപവും ദ്വിതീയാ രൂപവും ആവാം."ഫലേ" എന്ന ദ്വിവചനരൂപവും പ്രഥമാ, ദ്വിതീയാ വിഭക്തിരൂപങ്ങൾ ഒരുപോലെ. ഇവ പിന്നീട് ക്രമമായി വിഭക്തി പഠിക്കുമ്പോൾ കാണാം. ദ്വിതീയാവിഭക്തിയിൽ എല്ലാ ഏക വചനനാമരൂപങ്ങളും "അനുസ്വാരാന്ത" മാണ്.
(ബാലകം,സീതാം,നദീം,ഗുരും,കവിം,ബുദ്ധിം,ഫലം,സ്വരം=ബാലകനെ,സീതയെ,നദിയെ,ഗുരുവിനെ,കവിയെ,ബുദ്ധിയെ,ഫലത്തിനെ,സ്വരത്തെ)
3.തൃതീയാ:-ക്രിയയുടെ കാരണം സൂചിപ്പിക്കു ന്നു. കർമ്മണിപ്രയോഗത്തിൽ കർത്താവ് തൃതീയാവിഭക്തിയിലായിരിക്കും. (തൃതീയാ ഹേതുവായി "കൊണ്ട്", "ആൽ", "ഓട്" , "ഊടെ" യെന്നപി.)ഉദാ:-ബാലഃ "അധ്യാപകേന" പാഠ്യതേ= ബാലൻ,"അദ്ധ്യാപകനാൽ" പഠിപ്പിക്ക പ്പെടുന്നു (കർമ്മണിപ്രയോഗം). ബാലഃ "ഹസ്തേന" ക്രീഡതി=ബാലൻ "കൈകൊണ്ട്" കളിക്കുന്നു. പല വിശേഷ പ്രയോഗങ്ങളും തൃതീയക്കുള്ളത് സാവധാനം കാണാം. "അംബയാ" കഥാ ഉച്യതേ=അമ്മയാൽ കഥ, പറയപ്പെടുന്നു. (കർമ്മണിപ്രയോഗം)
4.ചതുർഥീ:-നാമപദത്തിനെ ക്രിയയുടെ ഗുണഭോക്താവാക്കുന്നതാണ് ചതുർഥീ.("ആയിക്കൊണ്ട്" ചതുർഥീ ച സർവ്വത്ര പരികീർത്തിതാ) ഉദാ:-അംബാ "ബാലകായ" ഗീതം ഗായതി=അമ്മ, "ആൺകുട്ടിക്കായി ക്കൊണ്ട്", പാട്ടിനെ പാടുന്നു. ഭക്തഃ "ദേവായ" നമതി=ഭക്തൻ, "ദേവനായിക്കൊണ്ട് " നമിക്കുന്നു.'സരസ്വതി!നമസ്'തുഭ്യം'=സരസ്വതീ! നിനക്കായിക്കൊണ്ട് നമഃ(തുഭ്യം=നിനക്കായി ) 5.പഞ്ചമീ:-കർത്താവുചെയ്യുന്ന, ക്രിയ , "എവിടെനിന്ന്", എന്നുസൂചിപ്പിക്കുന്നു, അഥവാഎവിടെനിന്ന് "വേർപിരിയുന്നു" എന്നുകാണിക്കുന്നു, "പഞ്ചമീവിഭക്തിഃ"!("അതിങ്കൽ നിന്ന്", "പോകെ", "കാൾ", "ഹേതുവായിട്ട്" പഞ്ചമീ)
ഉദാ:-ഛാത്രഃ "വിദ്യാലയാത്" ആഗച്ഛതി.(വിദ്യാർത്ഥി "വിദ്യാലയത്തിൽനിന്ന്" വരുന്നു.)
ഫലം "വൃക്ഷാത് " പതതി (പഴം "വൃക്ഷത്തിൽ നിന്ന്" വീഴുന്നു.)"സർപ്പാത്" ഭയം ഭവതി= സർപ്പത്തിൽ നിന്ന് ഭയം ഉണ്ടാവുന്നു.
6. ഷഷ്ഠീ:- ഒരുനാമപദത്തിന് മറ്റൊരു നാമപദത്തിന്റെ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നു. ("ക്ക്" ഉം "ന്ന്" ഉം "ഉടെ" ഷഷ്ഠിക്ക് "അതിന്റെ" ,"വച്ചും" എന്നപി)
"ബാലകസ്യ" പുസ്തകം=ബാലകന്റെ പുസ്തകം. "ബാലികായാഃ" ലേഖനീ =ബാലികയുടെ പേന."മമ" ഭാഷാ= എന്റെ ഭാഷ.
ക്രിയയുമായി നേരിട്ട് ബന്ധപ്പെടാത്ത വിഭക്തിയാണ് ഷഷ്ഠി.
7.സപ്തമീ:- ഒരുനാമത്തിൽ മറ്റൊരു നാമത്തിന്റെ സ്ഥിതിയെ സൂചിപ്പിക്കുന്നു.
("അതിങ്കൽ", "അതിൽവച്ച്", എന്നും "വിഷയം" സപ്തമീമതാം.) "രാമേ" ദശരഥസ്യ പ്രേമം അസ്തി= "രാമനിൽ" ദശരഥന് സ്നേഹമുണ്ട്.
"ഭാഷായാം" മമ ഗൗരവം അസ്തി= "ഭാഷയിൽ"
എനിക്ക് ബഹുമാനമുണ്ട്.
വിഭക്തിപ്രത്യയങ്ങൾ, ഓരോനാമപദത്തിന്റെ യും അവസാന വർണ്ണത്തിനനുസരിച്ച്(അന്തം) ആണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ "അ"കാരാന്ത /"ഇ"കാരാന്ത/"ഉ"കാരാന്ത/", "ഋ"കാരാന്ത/"ഓ"കാരാന്ത പുല്ലിംഗപദങ്ങൾ; "ആ"കാരാന്ത/"ഇ"കാരാന്ത/"ഈ"കാരാന്ത/
"ഉ"കാരാന്ത/"ഊ"കാരാന്ത/"ഋ"കാരാന്ത സ്ത്രീ ലിംഗപദങ്ങൾ; "അ"കാരാന്ത നപുംസകലിംഗ പദങ്ങൾ കൂടാതെ മൂന്നുലിംഗങ്ങളിലെ വിവിധ വ്യഞ്ജനാന്തപദങ്ങൾ,എന്നിങ്ങനെവിവിധനാമപദങ്ങളുടെ വിഭക്തിരൂപങ്ങൾ പറഞ്ഞിരിക്കുന്ന "സിദ്ധരൂപാവലി" ഹൃദിസ്ഥമാക്കേണ്ടത് ഭാഷാ പഠനത്തിന് ആവശ്യമാണ്.🌹
അനുബന്ധം:-'സംബോധനാപ്രഥമാ'വിഭക്തിയടക്കം"രാമ"ശബ്ദത്തിന്റെ എട്ടുരൂപങ്ങളും പ്രത്യക്ഷപ്പെടുന്ന ഒരു ശ്ലോകം കാണാം.
"രാമോരാജമണിഃ സദാ വിജയതേ
രാമം രമേശം ഭജേ |
രാമേണാഭിഹതാ നിശാചരചമൂഃ
രാമായ തസ്മൈ നമഃ |
രാമാന്നാസ്തി പരായണം പരതരം
രാമസ്യ ദാസോ√സ്മ്യഹം |
രാമേ ചിത്തലയഃ സദാ ഭവതു മേ
ഭോ! രാമ! മാമുദ്ധര! |"
ആദ്യവരിയിൽ"രാമഃ""രാജമണിഃ" (രാജമണിയായ രാമൻ) ഇവ പ്രഥമാവിഭക്തികൾ.
(രാമഃ+രാജമണിഃ=രാമോരാജമണിഃ)
രണ്ടാംവരി-"രാമം" "രമേശം" (രമേശനെ രാമനെ = രമേശനായ രാമനെ) ഇവ ദ്വിതീയാവിഭക്തി.
മൂന്നാംവരി- "രാമേണ" അഭിഹതാ നിശാചരചമൂഃ (രാമനാൽ ഹനിക്കപ്പെട്ട നിശാചരസേന) ഇവിടെ "രാമേണ" എന്നത് 'തൃതീയാവിഭക്തിഃ'
(രാമേണ+അഭിഹതാ=രാമേണാഭിഹതാ)
നാലാംവരി-"രാമായ" "തസ്മൈ" നമഃ രാമനായിക്കൊണ്ട് അവനായിക്കൊണ്ട് = രാമനായ അവനായിക്കൊണ്ട് ) ഇവ ചതുർത്ഥീ വിഭക്തികൾ.
അഞ്ചാംവരി- "രാമാത്" നാസ്തി പരായണം പരതരം(രാമനിൽനിന്ന് അന്യതായ മുഖ്യാശ്രയം ഇല്ല). ഇവിടെ "രാമാത്" എന്നത് പഞ്ചമീവിഭക്തി
(രാമാത്+ നാസ്തി= രാമാന്നാസ്തി)
ആറാംവരി-"രാമസ്യ" ദാസഃ അസ്മി അഹം
(രാമന്റെ ദാസൻ ആകുന്നു ഞാൻ). ഇവിടെ
"രാമസ്യ"എന്നത് ഷഷ്ഠീവിഭക്തി.
(ദാസഃ+അസ്മി+അഹം=ദാസോസ്മ്യഹം)
ഏഴാംവരി-"രാമേ" ചിത്തലയഃ സദാ ഭവതു മേ
(രാമനിൽ എന്റെ മനസ്സ് സദാ ലയിക്കപ്പെട്ടവൻ ആകട്ടെ) ഇവിടെ "രാമേ" എന്നത് സപ്തമീ വിഭക്തിഃ
എട്ടാംവരി-"ഭോ!" "രാമ" മാം ഉദ്ധര!(അല്ലയോ!രാമാ! എന്നെ ഉയർത്തൂ!)ഇവിടെ "ഭോ!" "രാമ" ഇവ സംബോധനാപ്രഥമാവിഭക്തികൾ.
(മാം+ഉദ്ധര=മാമുദ്ധര)
(തുടരും)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സൂചന:- അടുത്ത ചൊവ്വാഴ്ച രാവിലെ പരീക്ഷച്ചോദ്യങ്ങൾ വായനാകൗതുകം ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും. കഴിഞ്ഞ നാല് ക്ലാസ്സുകൾ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ ഉണ്ടാവും.
ഗ്രൂപ് അംഗങ്ങൾ പഠനപരമ്പരയിൽ വായിച്ചതിനനുസരിച്ച ഉത്തരങ്ങൾ അവതാരകന്റെ (രാജേന്ദ്രൻ.ഡി) മെസഞ്ജറിലോ വാട്സ്ആപ്പിലോ അയയ്ക്കുക. കമന്റ്സ് ആയി അയക്കരുത്! ചൊവ്വാഴ്ച രാത്രി 10 മണിവരെ ഉത്തരം രേഖപ്പെടുത്താം. പഠനപ്രോത്സാഹനമായി ഇതിനെക്കണ്ട് പങ്കെടുക്കുവാൻ താൽപ്പര്യം!🌹
🌹സംസ്കൃതഭാഷാപരിചയം-5🌹
രാജേന്ദ്രൻ.ഡി
മാഹേശ്വരസൂത്രങ്ങൾ (ശിവസൂത്രജാലം):-
ലൗകികസംസ്കൃതത്തിന് അടിത്തറയിട്ട വ്യാകരണഗ്രന്ഥമായ"പാണിനീയം" (അഷ്ടാദ്ധ്യായി) സൂത്രരൂപത്തിൽ രചിച്ച പ്രാചീനഗ്രന്ഥമാണ്. സംസ്കൃതസാഹിത്യത്തിൽ സൂത്രകാലഘട്ടം എന്നുകരുതപ്പെടുന്ന ക്രി.മു. 600-500 കാലത്തിന്റെ ആദ്യഭാഗത്താണ് പാണിനി അഷ്ടാദ്ധ്യായി രചിച്ചത് എന്നാണ് ഭാരതീയ പണ്ഡിതരുടെ അഭിപ്രായം.
"അല്പാക്ഷരമസന്ദിഗ്ധം
സാരവത് വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദാത് വിദുഃ" എന്നസൂത്രലക്ഷ ണമനുസരിച്ച് കുറച്ചക്ഷരങ്ങളിൽ ഏറെക്കാര്യ ങ്ങൾ പറയുന്ന ഈരീതി ഹൃദിസ്ഥമാക്കാനുള്ള സൗകര്യത്താൽ അക്കാലത്ത് പ്രിയംകരമായി രുന്നു. കാലക്രമേണ പുതുപുതുലേഖന രീതികൾക്കുശേഷമോ മറ്റോആവാം ഇതിന് മാറ്റം വന്നത്.അഷ്ടാദ്ധ്യായി, ലോകത്തിലേക്കും മികച്ച ഒരു ഭാഷാശാസ്ത്ര ഗ്രന്ഥമായാണ് ഇന്നും കണക്കാക്കപ്പെടുന്നത്.
ആധുനികകംപ്യൂട്ടർഗ്രാമർ(syntax) രീതികളു മായി ഒത്തുപോകുന്നതാണ് ഇതിലെരീതികളും. ഇതിലെ നിയമങ്ങൾ പരാമർശിക്കുമ്പോൾ സംസ്കൃതവർണ്ണങ്ങളെ ഉച്ചാരണപ്രാമുഖ്യത്തി ൽ വർഗ്ഗീകരിച്ചിരിക്കുന്നത് പതിന്നാല് കൂട്ടങ്ങ ളായാണ്. ഈ തരം കോഡിംഗിനെ "പ്രത്യാഹാര പദ്ധതി" എന്നുപറയുന്നു. പതിന്നാല് സൂത്രങ്ങ ളായി അവതരിപ്പിക്കപ്പെട്ട ഈ പ്രത്യാഹാരങ്ങ ളാണ് "മാഹേശ്വരസൂത്രങ്ങൾ" അഥവാ "ശിവസൂത്രജാലം!" പതിന്നാലിൽ ആദ്യത്തെ നാലെണ്ണം 13 സ്വരാക്ഷരങ്ങളെയും പിന്നീടുള്ള, പത്തെണ്ണം33വ്യഞ്ജനാക്ഷരങ്ങളെയും, പ്രതിനി ധീകരിക്കുന്നു.
൧. അ ഇ ഉ ണ്
൨. ഋ ഌ ക്
൩. ഏ ഓ ങ്
൪. ഐ ഔ ച്
🌹🌹🌹🌹🌹
൫. ഹ യ വ ര ട്
൬. ല ണ്
൭. ഞ മ ങ ണ ന മ്
൮. ഝ ഭ ഞ്
൯. ഘ ഢ ധ ഷ്
൧൦. ജ ബ ഗ ഡ ദ ശ്
൧൧. ഖ ഫ ഛ ഠ ഥ ച ട ത വ്
൧൨. ക പ യ്
൧൩. ശ ഷ സ ര്
൧൪. ഹ ല്
ഓരോസൂത്രത്തിന്റെയും അവസാനം ഉള്ള വ്യഞ്ജനവർണ്ണം "ഇത്ത്" എന്ന് വിളിക്കപ്പെടുന്നു.
ഒന്നാമത്തെ സൂത്രം,"അ ഇ ഉ ണ്" എന്നതിൽ, "ണ്" എന്നത് " ഇത്ത് " ആണ്. (സൂത്രത്തിന്റെ ഗ്രൂപ് അഡ്രസ്). കൂടാതെ "അ" ,"ഇ" ,"ഉ" എന്ന മൂന്ന് ഹ്രസ്വസ്വരങ്ങൾകൊണ്ട് അവയുടെ ദീർഘസ്വരങ്ങളെയും സൂചിപ്പിക്കുന്നു, എന്ന് മനസ്സിലാക്കണം. അതായത്, ഒന്നാം സൂത്രത്തി ൽ "അ,ആ,ഇ,ഈ,ഉ,ഊ" എന്നീ ആറുസ്വരങ്ങൾ അടങ്ങുന്നു. ഇവിടെ പ്രധാനപ്പെട്ട ഒരു നിയമം വരുന്നു. ഒരു സൂത്രത്തിലെ(ഗ്രൂപ്പ്) ഏതെങ്കിലും ഒരുസ്വരവും ആ സൂത്രത്തിലെ 'ഇത്തും' ചേർത്തുപറഞ്ഞാൽ ഇടയ്ക്കുള്ള വർണ്ണങ്ങളും പ്രതിനിധീകരിക്കപ്പെടും. ഉദാഹരണത്തിന് "അണ്" എന്നുപറഞ്ഞാൽ "അ" മുതൽ "ഊ" വരെ 6 സ്വരങ്ങളും പറയുന്നതിനുതുല്യം. ( 'അ ഇ ഉ ണ് ' ) അതുപോലെ "ഉണ്" എന്നു പറഞ്ഞാൽ "ഉ" , "ഊ" എന്നീ രണ്ടുവർണ്ണങ്ങൾ. ഇതുപോലെ ഏതെങ്കിലും സൂത്രത്തിലെ ഒരുവർണ്ണവും അതിനുശേഷംവരുന്ന (ക്രമസംഖ്യപ്രകാരം) മറ്റേതെങ്കിലും സൂത്രത്തിന്റെ 'ഇത്തും' ചേർത്തു പറഞ്ഞാൽ രണ്ടിനുമിടയ്ക്കുള്ള എല്ലാവർണ്ണങ്ങളും പ്രതിനിധീകരിക്കപ്പെടും. ഉദാ:- "അക് " എന്നാൽ "അ,ആ,ഇ,ഈ,ഉ,ഊ,ഋ,ഋ(ദീർഘം), 'ഇലു' " എന്നീ വർണ്ണങ്ങളെന്നർത്ഥം. (1.അ ഇ ഉ ണ് 2. ഋ ഌ ക് ) . അതു പോലെ " അച് " എന്നാൽ പതിമൂന്നുസ്വരാക്ഷരങ്ങളും എന്നാണ് അർത്ഥമാക്കുന്നത്. (അഇഉണ്, ഋ ഌ ക്,ഏഓങ്,ഐഔച്). "സ്വരാന്തങ്ങൾ" എന്നതിന് ( "അച് "+ "അന്തങ്ങൾ" ) അഥവാ "അജന്തങ്ങൾ " എന്നു പറയാം. ഇതേരീതിയിൽ വ്യഞ്ജനവർണ്ണങ്ങളുടെ ആദ്യസൂത്രമായ ' ഹയവരട് ' ലെ ആദ്യവർണ്ണ മായ " ഹ " യും അവസാനസൂത്രമായ " ഹല് " എന്നതിലെ 'ഇത്ത് ' ആയ "ല് " എന്നതും ചേർത്ത് " ഹല് " ( കേവലം പതിന്നാലാംസൂത്ര മായ 'ഹല്' അല്ല!) എന്നുപറഞ്ഞാൽ വ്യഞ്ജന വർണ്ണങ്ങളെല്ലാം എന്നുസാരം. അതിനാൽ
" ഹലന്തങ്ങൾ " എന്നാൽ വ്യഞ്ജനാന്തപദങ്ങൾ എന്നർത്ഥം. അതായത്,സംസ്കൃതപദങ്ങൾ 'അജന്തങ്ങളോ' 'ഹലന്തങ്ങളോ' ആയിരിക്കും.
പാണിനി, 'അഷ്ടാധ്യായി' യിൽ പതിന്നാല് ശിവ സൂത്രങ്ങളിൽനിന്നായി 41 വിഭിന്നങ്ങളായ 'പ്രത്യാഹാരങ്ങൾ ' ഉപയോഗിച്ചിട്ടുണ്ട്. വ്യാകര ണപ്രയോഗങ്ങളുടെ വിശദീകരണത്തിൽ പ്രത്യാഹാരപദ്ധതി അറിഞ്ഞിരിക്കേണ്ടത് ആവശ്യമായതിനാൽ, ഇവ മനസ്സിരുത്തി വായി ക്കണമെന്നഭ്യർത്ഥിക്കുന്നു. പ്രയാസം തോന്നിയാൽ സാരമാക്കേണ്ട. "ധന്യവാദഃ !" 🙏
"പുനർമിലാമഃ ! "🌹
അനുബന്ധം:-
🌹" നൃത്താവസാനേ നടരാജരാജോ
നനാദ ഢക്കാം നവപഞ്ചവാരം
ഉദ്വർത്തുകാമോസനകാദിസിദ്ധാ-
ദിനേതദ് വിമർശേ ശിവസൂത്രജാലം!" 🌹
(നൃത്താവസാനം സനകാദിസിദ്ധൻമാരെ അനുഗ്രഹിക്കുവാനായി മഹേശ്വരൻ പതിന്നാലു തവണ ഡമരു ശബ്ദിപ്പിച്ചത്രേ!ഇങ്ങനെ 14 ശിവസൂത്രങ്ങൾ പൊഴിഞ്ഞുവീണു.)
'അഷ്ടാധ്യായി'യിൽ സൂത്രങ്ങളിലെല്ലാം പ്രത്യാഹാരങ്ങളാണ് പരക്കെ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് അഷ്ടാദ്ധ്യായിയിലെ ഒന്നാമത്തെ സൂത്രം (1-1-1 = ഒന്നാം അദ്ധ്യായം , ഒന്നാം പാദം , ഒന്നാം സൂത്രം ) "വൃദ്ധിരാദൈച് " എന്നത്.
വൃദ്ധിഃ ആദ് ഐച് = വൃദ്ധി എന്നാൽ ആദ്, ഐച് എന്നിവയാണ്. ആതായത് 'ആദ് ' എന്നാൽ ദീർഘസ്വരം "ആ" എന്നാണ്. ' ഐച് ' എന്നാൽ നാലാമത്തെ മാഹേശ്വരസൂത്രമായ "ഐഔച് "ന്റെ ചുരുക്കം. ആദ്യത്തെ ' ഐ' യും 'ഇത്ത്' ആയ 'ച് ' ചേർന്നാൽ ഇടയ്ക്കുള്ള "ഔ " കൂടി ഉൾപ്പെടും. അപ്രകാരം "ആ, ഐ, ഔ " എന്നീ സ്വരങ്ങളെ "വൃദ്ധി " എന്നുവിളിക്കുന്നു എന്നാണ് സൂത്രത്തിന്റെ അർത്ഥം!
(തുടരാം)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
താല്പര്യമുള്ളവർക്കായി കഴിഞ്ഞ 4 ലക്കങ്ങളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ കൊടുക്കുന്നു.
(ഉത്തരങ്ങൾ പാഠഭാഗങ്ങളിലെപ്പോലെയാവണം.)
1. വാല്മീകിരാമായണം രചിക്കപ്പെട്ടത് ലൗകികസംസ്കൃതത്തിലോ വൈദികസംസ്കൃതത്തിലോ?
2. "നാഥ!" എന്ന സംസ്കൃതസംബോധനയുടെ പ്രാകൃതരൂപമെന്ത്?
3. ലൗകികസംസ്കൃതത്തിലുപയോഗിക്കാത്ത രണ്ട് ഹൃസ്വസ്വരാക്ഷരങ്ങൾ?
4. നാമപദങ്ങളുടെ 'പ്രകൃതിയുടെ' പേര്?
5. "അഃ " എന്ന് ഹൃസ്വസ്വരശബ്ദത്തി ലവസാനിക്കുന്ന മിക്കവാറും പദങ്ങൾ ഏത് ലിംഗത്തിലാണ്?
6.ത്രിലിംഗകങ്ങളായ ഏതെങ്കിലും മൂന്നു സർവ്വനാമങ്ങൾ?
7.ഓരോനാമപദത്തിനും മൊത്തം എത്ര 'സുപ്' പ്രത്യയങ്ങൾ?
8."അമ്മ,ആൺകുട്ടിക്കായിക്കൊണ്ട് പാട്ടിനെ പാടുന്നു." - ഇതിന്റെ സംസ്കൃതപരിഭാഷ?
9."വിദ്യാർത്ഥി വിദ്യാലയത്തിൽനിന്നുവരുന്നു."-
ഇതിന്റെ സംസ്കൃതപരിഭാഷ?
10."ഉഷ്ണജലേന പ്ലാവയതി നവവസനം സാ പരിധാരയതി " -ഇതിന്റെ മലയാളപരിഭാഷ?
(കുറിപ്പ്- ഉത്തരങ്ങൾ അക്ഷരപ്പിശകില്ലാ തിരിക്കുവാൻ ശ്രദ്ധിക്കണമെന്നപേക്ഷ. ഉത്തരങ്ങൾ കമന്റ് ആയി ചേർക്കാം!)
🌹സംസ്കൃതഭാഷാപരിചയം - 6 🌹
രാജേന്ദ്രൻ.ഡി
🌹" ജലബിന്ദുനിപാതേന
ക്രമശഃ പൂര്യതേ ഘടഃ
രീതിരേഷാ ച വിദ്യായാഃ
ധർമസ്യ ച ധനസ്യ ച!"🌹
(വെള്ളത്തുള്ളികൾ പതിച്ച് കുടം ക്രമേണ നിറയുന്നു. ഈരീതിയാണ് വിദ്യയുടെയും ധർമ്മത്തിന്റയും ധനത്തിന്റെയും!)
🌹ക്രിയാപദങ്ങൾ (തിങന്തങ്ങൾ):- 🌹
നാമത്തിനോട് ചേർന്ന് വാക്യത്തിന് ആശയപൂർണ്ണത നല്കുന്ന പദമാണ് " ക്രിയാ ".
'നാമം' എന്നത്, പ്രവൃത്തിചെയ്യുന്ന അഥവാ ഫലമനുഭവിക്കുന്ന, ആൾ / വസ്തു / ഗുണം എന്നിവയെ സൂചിപ്പിക്കുമ്പോൾ , 'ക്രിയ' എന്നത് , ആ 'പ്രവൃത്തിയെ' സൂചിപ്പിക്കുന്നു. ക്രിയയുടെ ഗുണമാണ്, "കാലം "(Tens ), "പ്രകാരം "( Mood ) എന്നിവ. അതായത് പ്രവൃത്തി നടക്കുന്ന സമയം (കഴിഞ്ഞത്, ഇപ്പോൾ നടക്കുന്നത്, നടക്കുവാൻപോകുന്നത് ) എന്നതാണ് "കാലം ". പ്രധാനമായി മൂന്ന് തരം കാലങ്ങൾ. 'ഭൂതം' ( ഭവിച്ചത്-കഴിഞ്ഞത്), 'വർതമാനം' (വർത്തിക്കുന്നത്), 'ഭാവി' ( ഭവിക്കാൻ പോകുന്നത്). ഇവയ്ക്ക് സൂക്ഷ്മ വിഭാഗങ്ങൾ ഉണ്ട്.
1. ( ലട് ) വർതമാനം (Present) -ഇപ്പോൾ നടക്കുന്നത്.
2. (ലങ് ) അനദ്യതനഭൂതം - (സാധാരണ ഉപയോഗിക്കുന്നത് ) ( ഇന്നത്തെയല്ലാത്തത്- അതായത് കഴിഞ്ഞരാത്രി 12 മണിക്ക് മുൻപുള്ളത് - Past Imperfect- പൂർണ്ണഭൂതം - ഇംഗ്ലീഷിലെ Simple Past നു സമം )
3. ( ലുങ് ) അദ്യതനഭൂതം ( കഴിഞ്ഞരാത്രി 12 മണിക്കു ശേഷം ഈനിമിഷത്തിനു തൊട്ടു മുൻപു വരെ- ( വിരളമായി ഉപയോഗിക്കുന്നു)
Aorist - സാമാന്യഭൂതം - ഇംഗ്ലീഷിലെ Present Perfect നു സമം )
4. ( ലിട് ) പരോക്ഷഭൂതം ( പറയുന്നയാൾ സാക്ഷിയല്ലാത്തത് - Past Perfect -കേട്ടുകേൾവിയോ പഴമയോ പോലെയുള്ളവ )
( കാവ്യങ്ങളിലും മറ്റും ഉപയോഗം - ദൈനംദിന വ്യവഹാരത്തിൽ വിരളം )
5. ( ലൃട് ) സാമാന്യഭാവി - First Future - ( സാധാരണ ഉപയോഗിക്കുന്നത് )
6. ( ലുട് ) വിദൂരഭാവി - Future - ( ദൈനംദിനോ പയോഗം അപൂർവ്വം )
7. ( ലൃങ് ) ഹേതുഹേതുമത് ഭാവം - ( Conditional ) ( യഥാർത്ഥത്തിൽ നടക്കാതെ സങ്കല്പത്തിൽ ഉപാധിരൂപേണ പ്രവൃത്തി സൂചിപ്പിക്കുന്നത്. ) ( അത് അങ്ങനെയായിരു ന്നെങ്കിൽ ഇത് നടന്നേനെ..; "ആത്മാർത്ഥമായി വായിച്ചിരുന്നെങ്കിൽ നന്നായിമനസ്സിലായേനെ" - വായനയും നടന്നില്ല, ഒട്ടുമനസ്സിലായതുമില്ല ! ")
മേൽപ്പറഞ്ഞ ക്രിയയുടെ 7 കാലങ്ങളിൽ, ലട്, ലങ്, ലൃട് ( വർതമാനം, അനദ്യതനഭൂതം, സാമാന്യഭാവി ) എന്നിവയാണ് നിത്യവ്യവഹാര ത്തിനാവശ്യം. മറ്റുള്ളവ വിശേഷാവസരത്തിൽ.
അടുത്തത് 'പ്രകാരങ്ങൾ' നോക്കാം. ക്രിയയുടെ നടന്നസമയമല്ല ഇവിടെ വിവക്ഷിതം. മറിച്ച് അവയുടെ മാനസികഭാവം (Mood ) ആണ്.അഥവാ അതുനല്കുന്ന വൈകാരിക സന്ദേശം ആണ് പ്രധാനം.
8. ( ലോട് ) നിമന്ത്രണം - Imperative Mood (പ്രാർത്ഥനാ / ആജ്ഞാ / നിർദ്ദേശം )
9. (ലിങ് ) രണ്ടുവിധം - (i) വിധിലിങ് - Potential
കർശനവിധി ; (ii) ആശിർലിങ് - Bendective ആശീർവ്വാദം ( പ്രയോഗം ഒരുപോലെ )
10.( ലേട് ) വേദങ്ങളിൽമാത്രം ഉപയോഗമുള്ള പ്രകാരവിശേഷമാണ്. ലൗകികസംസ്കൃത ത്തിൽ ഉപയോഗത്തിലില്ല.
ഇപ്രകാരം ക്രിയാധാതുവിന് 10 വിധം കാല/ പ്രകാരങ്ങളിലൂടെ വിവിധ പ്രത്യയരൂപങ്ങൾ ചേർത്ത് വിവിധ ക്രിയാരൂപങ്ങൾ സിദ്ധിക്കുന്നു.
(ക്രിയാപദങ്ങളുടെ ആദ്യപകുതിയെ അതായത് പ്രകൃതിഭാഗത്തിനെ "ധാതു" എന്നു പറയുന്നു. ക്രിയാപദങ്ങളുടെ രണ്ടാംപകുതിയെ അതായത് പ്രത്യയഭാഗത്തിനെ "തിങ്" എന്നും പറയുന്നു.) ക്രിയാ"ധാതു"വിനോടുകൂടിച്ചേർക്കുന്ന "തിങ് " പ്രത്യയങ്ങൾ കർത്തരിപ്രയോഗത്തിൽ കർതൃനാമപദത്തിന്റെയും കർമ്മണിപ്രയോഗ ത്തിൽ കർമ്മനാമപദത്തിന്റെയും പുരുഷ / വചനങ്ങൾക്കനുസരിച്ച് വിവിധങ്ങളായി മാറിമാറി വരുന്നു. കൂടാതെ സംസ്കൃതത്തിൽ ക്രിയകൾ 'പരസ്മൈപദി', 'ആത്മനേപദി' എന്നിങ്ങനെ രണ്ടുതരമുണ്ട്. രണ്ടായിരത്തോളം ക്രിയാ"ധാതു"ക്കളിൽ കുറേയെണ്ണം പരസ്മൈപദി രൂപത്തിലും മറ്റുകുറേയെണ്ണം ആത്മനേപദി രൂപത്തിലും വേറേകുറച്ചെണ്ണം രണ്ടുരൂപത്തി ലും ( ഉഭയപദി ) ഉപയോഗിക്കപ്പെടുന്നു. പരസ്മൈപദിക്രിയകൾക്കും ആത്മനേപദി ക്രിയകൾക്കും പ്രത്യയങ്ങൾ വ്യത്യസ്ഥങ്ങളാണ്.
മൂന്നുവിധ പുരുഷത്വത്തിലും (പ്രഥമ, മധ്യമ, ഉത്തമ) മൂന്നുവിധ വചനത്തിലും (ഏക, ദ്വി, ബഹു) കൂടി ഒരുധാതുവിന് വർതമാന കാലത്തിൽ 9 വിധ പ്രത്യയങ്ങളും
ഭൂതകാലത്തിൽ ( ലങ് ) 9 വിധ പ്രത്യയങ്ങളും പ്രകാരങ്ങളിൽ ( ലോട് ) 9വിധ പ്രത്യയങ്ങളും ചേർത്ത് പരസ്മൈപദിവിഭാഗത്തിൽ 27 ഉം ആത്മനേപദിവിഭാഗത്തിൽ 27 ഉം , ആകെ 54 വിവിധ പ്രത്യയരൂപങ്ങൾ അടിസ്ഥാനഭാഷാ പരിചയത്തിൽ നമുക്ക് പഠിക്കേണ്ടതുണ്ട്. ചില പ്രത്യേക രീതികളിൽ വലിയവിഷമംകൂടാതെ ആർക്കും ഇത് ക്രമമായി അഭ്യസിക്കാവുന്ന താണ്. ഒന്നിച്ചുകേൾക്കുന്ന വിഷമം ക്രമമായ പഠനത്തിൽ അനുഭവപ്പെടില്ലെന്നു ചുരുക്കം.
ഭാഷയുടെ പ്രധാന സവിശേഷതകൾ അവതരിപ്പിക്കുവാനാണ് ആദ്യമേ ഈവക വിശദീകരണങ്ങൾ നല്കിയത്. പ്രാഥമിക തലത്തിൽ ഉൾക്കൊള്ളുവാൻ ഏറെ പ്രയാസമുള്ള ഇവ നാമറിയാതെ എങ്ങിനെ നമ്മിലെത്തുമെന്ന് നോക്കുന്നത് രസകരമാവും. ദൈർഘ്യമേറാത്ത ചിലവരികൾ കാണാതെ പഠിക്കുവാൻ സന്നദ്ധരാവണം. അത്രമാത്രം.
അടുത്തപാഠത്തിൽ പഠനം ആരംഭിക്കാം. ഏവർക്കും സ്വാഗതം ! " ജയതുസംസ്കൃതം! " 🌹അനുബന്ധം :- കാലങ്ങളുടെയും പ്രകാരങ്ങ ളുടെയും പാണിനീയ പ്രത്യാഹാര പദ്ധതിയിലെ പേരാണ് (കോഡ്) ഓരോ ക്രമനമ്പരിനും ശേഷവും ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത്. അവ പത്തും "ലകാര" ത്തിലാണ് ആരംഭിക്കുന്നത്. അതിനാൽ അവയെ "ദശലകാരങ്ങൾ " എന്നുപറയുന്നു. ഇവ ഓർത്തുവയ്ക്കുവാൻ ഉള്ള വരികളാണ്,
" ലട് വർതമാനേ ലേട് വേദേ
ഭൂതേ ലങ് ലുങ് ലിടസ്തഥാ
വിധ്യാശിഷോസ്തു ലിങ്ലോടൗ
ലൃങ് ലൃട് ലുട് ഭവിഷ്യതി "
(ആദ്യം കേട്ടപ്പോൾ ചിരിവന്നെങ്കിലും അടങ്ങിയിട്ടുള്ള വ്യാകരണഗൗരവം അല്പാല്പം മനസ്സിലാകുമ്പോൾ ആ പ്രാചീനബുദ്ധിയെ നമിച്ചുപോകും !)
പ്രാരംഭവിവരണം ഇവിടെ അവസാനിക്കുന്നു.
ഏഴാംലക്കംമുതൽ പ്രായോഗികപാഠങ്ങൾ!
നോട്ടുബുക്കിൽ പകർത്തിവയ്ക്കുന്നതിലൂടെ നന്നായി ഗ്രഹിക്കാനാകട്ടെ!. ശുഭാശയാഃ!🙏🌹
( തുടരാം )
🌹 സംസ്കൃതഭാഷാപരിചയം-7 🌹
രാജേന്ദ്രൻ.ഡി
🌷" ആരബ്ധമുത്തമജനാഃ ന പരിത്യജന്തി"🌷
(ആരബ്ധം ഉത്തമജനാഃ ന പരിത്യജന്തി=ആരംഭിക്കപ്പെട്ടതിനെ ഉത്തമജനങ്ങൾ ഉപേക്ഷിക്കുന്നില്ല)
പ്രാരംഭപാഠങ്ങളിലെ അറിവ്, മുന്നോട്ടുള്ള പഠനത്തിൽ സഹായകമാവുന്നതിനാൽ കഴിയുന്നതും അത് നല്ലവണ്ണംവായിക്കുവാൻ ദയവായി ശ്രദ്ധിക്കുക.
🌹പ്രായോഗികപഠനം:-
നാമങ്ങൾ (സുബന്തങ്ങൾ): ലിംഗവചനങ്ങൾ:-
നാമപദങ്ങളുടെ വ്യാകരണപ്രക്രിയകൾ പദത്തിന്റെ അവസാനവർണ്ണത്തെ അടിസ്ഥാനമാക്കിയാണ്. അതിനാൽ പദങ്ങളെ പൊതുവെ അവസാന വർണ്ണമേത് എന്നരീതിയിലാണ് തരംതിരിച്ചിരിക്കുന്നത്. ഉദാ:- 'അ'കാരാന്തം, 'ആ'കാരാന്തം, 'ഇ' കാരാന്തം എന്നിങ്ങനെ. 'അ'കാരാന്ത നാമങ്ങൾ മിക്കതും പുല്ലിംഗനാമങ്ങളും 'ആ'കാരാന്ത നാമങ്ങൾ മിക്കതും സ്ത്രീലിംഗനാമങ്ങളും ആയിരിക്കും. നപുംസകലിംഗ നാമപദങ്ങൾ ഭൂരിപക്ഷവും 'അ' കാരാന്തവും അനുസ്വാരവും ചേർന്നതാവും. നാമപദങ്ങൾ എന്ന് പൊതുവെ പറയുമ്പോൾ ഏകവചനരൂപങ്ങളെയാണ് ഉദാഹരിക്കുന്നത്. അതുപോലെ പ്രഥമാ വിഭക്തിയെന്ന രൂപത്തിലും. ഇത്രയും ഓർമ്മിച്ചുകൊണ്ട് താഴെക്കാണുന്ന പട്ടികകൾ ശ്രദ്ധിക്കാം.
**********************************************
പട്ടിക-I
ഏകവചനം ദ്വിവചനം ബഹുവചനം
************* *********** **************
ബാലഃ ബാലൗ ബാലാഃ
ശാലാ ശാലേ ശാലാഃ
പുസ്തകം പുസ്തകേ പുസ്തകാനി
പട്ടിക-II
വൃക്ഷഃ വൃക്ഷൗ വൃക്ഷാഃ
ലതാ ലതേ ലതാഃ
ഫലം ഫലേ ഫലാനി
പട്ടിക-III
രാമഃ രാമൗ രാമാഃ
സീതാ സീതേ സീതാഃ
വനം വനേ വനാനി
**********************************************
മുകളിലെ മൂന്നുപട്ടികകളും സമാനവ്യാകരണ സ്വഭാവങ്ങളുള്ളവയാണ്. ഏതെങ്കിലും ഒരു പട്ടിക ചൊല്ലിപ്പഠിക്കുക. ആദ്യത്തെ പട്ടികയെ ഒന്നുനോക്കാം.
ആദ്യവരിയിൽ "ബാലഹ-ബാലൗ-ബാലാഹ" എന്നും രണ്ടാം വരിയിൽ "ശാലാ-ശാലേ-ശാലാഹ" എന്നും മൂന്നാം വരിയിൽ "പുസ്തകം-പുസ്തകേ-പുസ്തകാനി"
എന്നും ഉച്ചരിക്കണം. പഠിക്കുമ്പോൾ "ബാലഹബാലൗബാലാഹ" എന്ന് ചേർത്തുപറഞ്ഞ് കാണാതെ പഠിക്കുക.
ഓരോപട്ടികയിലും ആദ്യവരി പുല്ലിംഗവും രണ്ടാംവരി സ്ത്രീലിംഗവും മൂന്നാംവരി നപുംസകലിംഗവുമാണ്. പഠനക്രമം ഇതാണ്. ആദ്യം പുല്ലിംഗം ഏകവചനം, അതിനുവലത്ത് പുല്ലിംഗം ദ്വിവചനം, അതിനുവലത്ത് പുല്ലിംഗം ബഹുവചനം. ഇനി ഈ നാമശബ്ദങ്ങളുടെ പ്രത്യേകതകൾ പരിശോധിക്കാം. പുല്ലിംഗശബ്ദം "ബാലഃ" എന്നത് അവസാനിക്കുന്നത് "അ" എന്ന ഹൃസ്വസ്വരത്തിലാണ്. 'വിസർഗ്ഗം' സ്വരമോ വ്യഞ്ജനമോ അല്ലാത്തതിനാൽ. അതായത് "ബാലഃ" എന്നതിന്റെ 'അന്തം'(അവസാനം) അകാരമാണ്. അതുകൊണ്ട് "ബാലഃ" ശബ്ദം 'അകാരാന്തപുല്ലിംഗ' നാമശബ്ദമാണ്! മൂന്നു പട്ടികകളിലെയും 'അകാരാന്തപുല്ലിംഗശബ്ദം' നോക്കുക. ബാലഃ ; വൃക്ഷഃ ; രാമഃ . ഇവയുടെ മൂന്നിന്റെയും ദ്വിവചനങ്ങൾ നോക്കുക. "ബാലൗ" ;"വൃക്ഷൗ" , "രാമൗ". എല്ലാം "ഔ" ൽ അവസാനിക്കുന്നു. അതുപോലെ ബഹുവചനങ്ങൾ, "ബാലാഃ , വൃക്ഷാഃ , രാമാഃ " .
എല്ലാം "ആഃ" എന്നവസാനിക്കുന്നു. പക്ഷെ ഈ ശബ്ദങ്ങളുടെയെല്ലാം "അന്തം" ഏതെന്നു ചോദിച്ചാൽ ഏകവചന രൂപങ്ങളുടെ അന്തമായ "അകാരം" എന്നേ പറയൂ. ചുരുക്കത്തിൽ സ്വരങ്ങളിൽ അവസാനിക്കുന്ന സ്വരാന്തങ്ങൾ (അജന്തങ്ങൾ) ആയ നാമശബ്ദങ്ങളുടെ 'അന്തം' തീരുമാനിക്കുന്നത് ഏകവചനപ്രഥമാവിഭക്തിയുടെ അന്തം നോക്കിയിട്ടാണ്. ദ്വിവചനമോ ബഹുവചനമോ നോക്കിയിട്ടല്ല. അപ്പോൾ അകാരാന്ത പുല്ലിംഗശബ്ദങ്ങൾ "അഃ ,ഔ ,ആഃ " എന്ന് യഥാക്രമം ഏകവചന, ദ്വിവചന, ബഹുവചനങ്ങൾക്ക് അവസാനിക്കുന്നു. സംസ്കൃതഭാഷയിലെ ഭൂരിപക്ഷ പുല്ലിംഗ നാമശബ്ദങ്ങളും ഇതുപോലെ അകാരാന്തങ്ങളാണ്. ബാലഃ= ഒരു ആൺകുട്ടി.
ബാലൗ=രണ്ട് ആൺകുട്ടികൾ. ബാലാഃ= മൂന്നോ അതിലധികമോ ആൺകുട്ടികൾ. ഇതുപോലെ വൃക്ഷവും, രാമനും. ശ്രദ്ധിക്കുക, സംസ്കൃതത്തിൽ രാമനെപ്പോലെ പുരുഷനാണ് വൃക്ഷവും. കാരണം 'അകാരാന്ത'മാണ് ആ പദം എന്നതു കൊണ്ട്. ഇനി മൂന്നു പട്ടികകളിലെയും സ്ത്രീലിംഗ ശബ്ദങ്ങൾ നോക്കാം. "ശാലാ" എന്ന ശബ്ദം "ആകാരാന്ത" മാണ്. സംസ്കൃതത്തിൽ മിക്കവാറും സ്ത്രീലിംഗപദങ്ങൾ "ആകാരാന്ത"മോ "ഈകാരാന്ത" മോ ആയിരിക്കും. ദീർഘസ്വരാന്തങ്ങൾ. എന്നാൽ "ഇകാരാന്ത"വും "ഉകാരാന്ത "വും "ഊകാരാന്ത"വും എല്ലാം അല്പാല്പം ഉണ്ട്. കൂടാതെ വ്യഞ്ജനാന്തങ്ങളും (ഹലന്തങ്ങൾ). തല്ക്കാലം നമുക്ക് ആകാരാന്തം ശ്രദ്ധിക്കാം. ശാലാ= കെട്ടിടം. ലതാ= വള്ളിച്ചെടി. ഇവയുടെ വചനക്രമം നോക്കിയാൽ "ശാലാ-ശാലേ-ശാലാഃ" (ഉച്ചാരണം ശാലാ ശാലേ ശാലാഹ). ഒരു കെട്ടിടം, രണ്ടു കെട്ടിടങ്ങൾ, മൂന്നോ അതിലധികമോ കെട്ടിടങ്ങൾ എന്നിങ്ങനെ അർത്ഥം. (ആ-ഏ-ആഃ) എന്നതാണ് അവസാനശബ്ദങ്ങളുടെ ക്രമം. 'ശാലാ ' എന്ന കെട്ടിടം , ' ലതാ' എന്ന വള്ളിച്ചെടി ഇവയെല്ലാം "സീതാ" യെപ്പോലെ സ്ത്രീലിംഗശബ്ദങ്ങൾ!
അടുത്തത് നപുംസകലിംഗശബ്ദങ്ങൾ നോക്കിയാൽ ബഹുഭൂരിപക്ഷവും "അകാരാന്ത" ങ്ങളാണ്. പക്ഷെ അവസാനം അനുസ്വാരം കൂടിയുണ്ടെന്നുമാത്രം. "പുസ്തകം , ഫലം ,വനം" .യഥാക്രമം "അം"- "ഏ"- "ആനി" എന്നാണ് വചനങ്ങളുടെ അന്തശബ്ദം. ( ഫലം-ഫലേ-ഫലാനി) നപുംസകലിംഗ ബഹുവചനത്തിന്റെ "ആനി" രൂപം പെട്ടെന്ന് തിരിച്ചറിയാം. അതുപോലെ ഏകവചനം "അം" എന്നവസാനിക്കുന്നതും. (സകലമാന ഏകവചന ദ്വിതീയാ വിഭക്തി രൂപങ്ങളും അനുസ്വാരത്തിലാണവസാനിക്കുന്നത് എന്നത് വിഭക്തി പഠിക്കുമ്പോൾ മനസ്സിലാകും. തല്ക്കാലം ഇങ്ങനെ ധരിക്കാം). ഇവിടെ നമ്മൾ കുറച്ച് നാമപദങ്ങളെ പരിചയിച്ചു. എല്ലാം സ്വരാന്തങ്ങൾ അഥവാ അജന്തങ്ങൾ. ക്രമേണ മൂന്നുലിംഗങ്ങളിലുമുള്ള വ്യഞ്ജനാന്തങ്ങളെയും ( ഹലന്തങ്ങൾ) പരിചയിക്കാം. ഇന്നുനമ്മൾ കണ്ട ഈ നാമശബ്ദപട്ടികകളുടെ നിരീക്ഷണത്തിൽ നിന്നും പൊതുവായ ചില ശബ്ദതാളങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാം. അവയെന്തെല്ലാം? ഓരോരുത്തരും തനിയെ ദയവായി പരിശ്രമിക്കുക. കമന്റ് ചെയ്യുക! ഈ ശബ്ദതാളങ്ങൾ സംസ്കൃതവ്യാകരണത്തിന്റെ ജീവൻതന്നെയാണ്. അടുത്തയാഴ്ച നമുക്ക് നോക്കാം! ഏവർക്കും വന്ദനം! ശുഭാശയാഃ!🌹🙏
🌹അനുബന്ധം:- അകാരാന്ത പുല്ലിംഗപദങ്ങൾ:
രാമഃ,കൃഷ്ണഃ,രാജേന്ദ്രഃ, തുടങ്ങിയ പുരുഷന്മാരുടെ നാമങ്ങൾ, അഗ്രജഃ ,അനുജഃ, അനുരാഗഃ, അനുഗ്രഹഃ("അനുഗ്രഹഹ"), അപരാധഃ, അഭാവഃ, ആരംഭഃ, ഈശ്വരഃ, ഇതിഹാസഃ , ഉപദേശഃ, കപോലഃ, കപോതഃ, ഖഡ്ഗഃ, ഗന്ധഃ, ഗജഃ,ജലാശയഃ, പ്രസംഗഃ, ഭടഃ, മനുഷ്യഃ എന്നിങ്ങനെ അനവധി പദങ്ങൾ.
ആകാരാന്ത സ്ത്രീലിംഗനാമങ്ങൾ:-
സീതാ,രമാ,ഗംഗാ തുടങ്ങിയ സ്ത്രീകളുടെ പേരുകളും അംബാ,ആശാ,ആജ്ഞാ, ആരാധനാ,ഇഷ്ടികാ, കലികാ,ഗുഹാ,ജവനികാ, ബുഭുക്ഷാ,മക്ഷികാ, യാത്രാ,ശാഖാ,ശിലാ, സഭാ,സമസ്യാ തുടങ്ങി വിവിധ പദങ്ങൾ.
"അകാരാന്ത" നപുംസകലിംഗ പദങ്ങൾ:-
അക്ഷരം, അന്നം,അംബുജം,അപത്യം, കളത്രം,മിത്രം,ആഭരണം,ഉദാഹരണം,ഐതിഹ്യം,കീർതനം,കുടുംബം,ഉദ്യാനം,കമലം,പാനീയം,പായസം തുടങ്ങി നിരവധി. മേൽക്കാണിച്ച നാമപദങ്ങളുടെ ദ്വിവചന,ബഹുവചന രൂപങ്ങൾ പറഞ്ഞുനോക്കുക. ധന്യവാദഃ🙏🌹
(തുടരാം)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം-8 🌹
രാജേന്ദ്രൻ.ഡി
🌹"ഉദ്യമേനൈവ സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
ന ഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ"🌹(പരിശ്രമത്താൽ തന്നെ കാര്യങ്ങൾ സിദ്ധിക്കുന്നു; മനോരഥത്താലല്ല. ഉറങ്ങുന്ന സിംഹത്തിന്റെ വായിൽ മാനുകൾ പ്രവേശിക്കുന്നില്ല തന്നെ.)
കഴിഞ്ഞപാഠത്തിലെ നാമപദങ്ങളുടെ ലിംഗ,വചനങ്ങൾ പട്ടികകളായി കൊടുത്തത് നോക്കിയാൽ പൊതുവായി കാണാവുന്ന ചില കാര്യങ്ങൾ ഒന്നുനോക്കാം.
പട്ടിക-I
ഏകവചനം ദ്വിവചനം ബഹുവചനം
*********** ********* ************ പും - ബാലഃ ബാലൗ ബാലാഃ
സ്ത്രീ.- ശാലാ ശാലേ ശാലാഃ
നപും - പുസ്തകം പുസ്തകേ പുസ്തകാനി
ഇവിടെ ദ്വിവചനരൂപത്തിൽ 'ആകാരാന്ത' സ്ത്രീലിംഗ നാമത്തിനും 'അകാരാന്ത' നപുംസകലിംഗ നാമത്തിനും ഒരേപോലെ "ഏ" എന്നവസാനിക്കുന്നു.(ശാലേ ; പുസ്തകേ)
ബഹുവചനരൂപത്തിലാകട്ടെ "അകാരാന്ത" പുല്ലിംഗ നാമത്തിനും "ആകാരാന്ത' സ്ത്രീലിംഗ നാമത്തിനും ഒരേപോലെ "ആഃ"(ആഹ) എന്നവസാനം. (ബാലാഃ ; ശാലാഃ ) ഈ സാമ്യങ്ങൾ ഓർമ്മിക്കാം.
🌹സർവ്വനാമങ്ങൾ:- ഇനി നാമങ്ങൾക്ക് പകരം ഉപയോഗിക്കുന്ന സർവ്വനാമങ്ങളെ നോക്കാം. പ്രാരംഭ പാഠങ്ങളിൽ പറഞ്ഞതുപോലെ നാമങ്ങളെല്ലാംതന്നെ പ്രഥമപുരുഷ വിഭാഗമാണ് (third person). അതുപോലെ മിക്കവാറും സർവ്വനാമങ്ങളും പ്രഥമപുരുഷൻ തന്നെ. എന്നാൽ മൂന്ന് സർവ്വനാമപദങ്ങൾ മദ്ധ്യമപുരുഷവിഭാഗത്തിലും വേറെ മൂന്നെണ്ണം ഉത്തമപുരുഷ വിഭാഗത്തിലും പെട്ടവയാണ്.
ഇവ ഏതെന്നു നോക്കാം.
പട്ടിക-IV
ഏ.വ. ദ്വി.വ. ബ.വ
**********************************************
മ.പു* ത്വം യുവാം യൂയം
( നീ ) (നിങ്ങൾ 2) (നിങ്ങൾ )
ഉ.പു* അഹം ആവാം വയം
(ഞാൻ) (ഞങ്ങൾ2) (ഞങ്ങൾ)
**********************************************
(*മ.പു =മധ്യമപുരുഷൻ ; *ഉ.പു = ഉത്തമ പുരുഷൻ)
മുകളിൽ പട്ടികയിലെ ആറ് സർവ്വനാമങ്ങൾ (അതിന്റെ ഏഴുവീതം വിഭക്തിരൂപങ്ങളും) മാത്രമാണ് പ്രഥമപുരുഷനല്ലാത്ത സർവ്വനാമ പദങ്ങൾ. ഇവയിൽ മധ്യമപുരുഷ ശബ്ദങ്ങൾ (ത്വം , യുവാം , യൂയം ) ഒരുകുടുംബമായി "ദ്" കാരാന്ത "യുഷ്മദ് " ശബ്ദം എന്നറിയപ്പെടുന്നു
അതായത് "ത്വം" എന്നത് "ദ് "കാരാന്ത ശബ്ദമാണ് .അതുപോലെ യുവാം , യൂയം എന്നിവയും. കാരണം സർവ്വനാമങ്ങൾ അതാത് കുടുംബത്തിന്റെ പേരിലാണ് 'അന്തം' നിശ്ചയിക്കപ്പെടുന്നത്. അപ്രകാരം ''യുഷ്മദ് '' ശബ്ദങ്ങൾ= ത്വം ,യുവാം, യൂയം.
ഇതുപോലെ ഉത്തമപുരുഷ സർവ്വനാമ ശബ്ദങ്ങളായ "ദ് " കാരാന്ത "അസ്മദ് " കുടുംബമാണ് ,അഹം, ആവാം,വയം എന്നിവ. മുൻപ് പറഞ്ഞതുപോലെ ഇവ "ദ് "കാരാന്ത ശബ്ദങ്ങളാണ്. കാരണം "അസ്മദ് " കുടുംബം.
ഇവിടെ ഈ രണ്ടു കുടുംബങ്ങളും ഒരു പ്രത്യേകത ഉള്ളതാണ്. ഇതിലെ ശബ്ദങ്ങൾ മൂന്നു ലിംഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു, ഒരു മാറ്റവുമില്ലാതെ. ഉദാഹരണം "ത്വം " എന്നാൽ " നീ " ഇത് പുല്ലിംഗമോ സ്ത്രീലിംഗമോ നപുംസകലിംഗമോ ആകാം. ഇതുപോലെ ഈ രണ്ടു കുടുംബത്തിലെയും മറ്റ് ശബ്ദങ്ങളും. അതിനാൽ ഇവ "ത്രിലിംഗക " ശബ്ദങ്ങൾ എന്നാണറിയപ്പെടുന്നത് . മലയാളത്തിലെ പ്പോലെ. ഉദാഹരണം നോക്കാം.
1. "തത് ത്വം അസി" (തത്ത്വമസി)= അത് നീ ആകുന്നു.
2. "യുവാം രാമലക്ഷ്മണൗ" =നിങ്ങൾ (2) രാമലക്ഷ്മണന്മാർ .
3. " യൂയം ഛാത്രാഃ " =നിങ്ങൾ വിദ്യാർത്ഥികൾ
4."അഹം ബ്രഹ്മ അസ്മി"(അഹം ബ്രഹ്മാസ്മി) = ഞാൻ ബ്രഹ്മം ആകുന്നു.
5. "ആവാം മിത്രേ" = ഞങ്ങൾ 2 മിത്രങ്ങൾ
6. "വയം സംസ്കൃതം പഠാമഃ " =നമ്മൾ /ഞങ്ങൾ സംസ്കൃതത്തെ പഠിക്കുന്നു.
(മധ്യമ/ഉത്തമ പുരുഷ സർവ്വനാമങ്ങൾ കാണാതെ പറഞ്ഞു ശീലിക്കണം : "ത്വംയുവാംയൂയം/അഹംആവാംവയം")
🌹അനുബന്ധം:- ഇന്നുപഠിച്ച '' യുഷ്മദ് '' / ''അസ്മദ് ' ശബ്ദങ്ങളെല്ലാം ത്രിലിംഗകങ്ങൾ ആയതിനാലാവാം നപുംസകലിംഗ ശബ്ദം പോലെ 'അം' എന്ന് അനുസ്വാരത്തിലാണ് അവസാനിക്കുന്നത്. സർവ്വനാമ കുടുംബങ്ങളിലെ ഈ നപുംസക പ്രാധാന്യം അടുത്ത പാഠത്തിലും കാണാം. കഴിഞ്ഞ 4 ലക്കങ്ങളിലെ (5-8) പാഠഭാഗങ്ങൾക്കുള്ള പരീക്ഷ അടുത്ത ചൊവ്വാഴ്ച. പങ്കെടുക്കുക.👍
(തുടരാം)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം-9 🌹
" സര് വേ ഭവന്തു സുഖിനഃ
സര് വേ സന്തു നിരാമയാഃ
സര് വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാക് ഭവേത് ! "🙏
(സർവ്വരും സുഖികളായി ഭവിക്കട്ടെ! സർവ്വരും വ്യാധികളില്ലാത്തവരാകട്ടെ! സർവ്വരും ഭാഗ്യദർശനം ചെയ്യട്ടെ! എന്തെങ്കിലും ദുഃഖാനുഭവങ്ങളിൽ പെടാതിരിക്കട്ടെ! )
കഴിഞ്ഞപാഠത്തിൽ മധ്യമപുരുഷസർവനാമങ്ങളായ ' യുഷ്മദ് ' ശബ്ദങ്ങളും (ത്വം,യുവാം,യൂയം) ഉത്തമപുരുഷ സർവ്വനാമങ്ങളായ 'അസ്മദ് ' ശബ്ദങ്ങളും (അഹം,ആവാം,വയം) കണ്ടു. ഇനി പ്രഥമപുരുഷസർവ്വനാമങ്ങളെ മനസ്സിലാക്കാം. ഇതിൽ പ്രധാനമായ നാല് കുടുംബങ്ങളെ നമുക്ക് പരിചയിക്കാം. ഇവ 1. 'ദ് 'കാരാന്ത "തദ് " ശബ്ദങ്ങൾ ; 2. ' ദ് 'കാരാന്ത "ഏതദ് " ശബ്ദങ്ങൾ; 3. 'മ് 'കാരാന്ത " ഇദമ് " ശബ്ദങ്ങൾ ; 4. 'മ് 'കാരാന്ത "കിമ് " ശബ്ദങ്ങൾ.
🌹പട്ടിക-V ('ദ് ' കാരാന്ത "തദ് " ശബ്ദങ്ങൾ)
**********************************************
ഏ.വ. ദ്വി.വ. ബ.വ.
പു- സഃ തൗ തേ
(അവൻ) (അവർ2) (അവർ)
സ്ത്രീ- സാ തേ താഃ
(അവൾ) (അവർ2) (അവർ)
നപും- തത് തേ താനി
(അത്) (അവ2) (അവ)
**********************************************
ഈ പട്ടികയിലെ ഒൻപത് സർവനാമപദങ്ങളും
' ദ് ' കാരാന്തമാണ്. കാരണം ഇവയെല്ലാം "തദ് " എന്ന സർവ്വനാമകുടുംബത്തിലെ അംഗങ്ങളാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കുടുംബപ്പേര് നപുംസകലിംഗ ഏകവചന ശബ്ദത്തിന്റേതാണ്. ചെറിയൊരു വ്യത്യാസം വ്യാകരണനിയമമനുസരിച്ചുള്ള ' ദ് ' എന്നവർണ്ണം 'ത് ' എന്നു മാറുന്നത്. അതായത്
' തദ് ' ശബ്ദത്തിന്റെ നപുംസക ഏകവചനം
"തത് " എന്നായി. ' ഏതദ് ' ; ' ഇദമ് ' ; ' കിമ് ' എന്ന സർവനാമകുടുംബങ്ങളിലും ഈ പ്രത്യേകത കാണാം. ഇവിടെ പട്ടികയിൽ
" അവൻ, അവൾ, അത് " എന്നീ സർവനാമങ്ങളുടെ മുമ്മൂന്ന് വചനങ്ങളാണ് നമ്മൾ കണ്ടത്. നാമശബ്ദങ്ങളുടെ പട്ടികകളായ I, II, III എന്നിവയിലെ ശബ്ദങ്ങളുമായുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും നിരീക്ഷിച്ച് മനസ്സിലാക്കുക.
🌹 പട്ടിക - VI ( 'ദ് 'കാരാന്ത "ഏതദ്"ശബ്ദങ്ങൾ)
**********************************************
പു- ഏഷഃ ഏതൗ ഏതേ
(ഇവൻ) (ഇവർ2) ( ഇവർ )
സ്ത്രീ- ഏഷാ ഏതേ ഏതാഃ
(ഇവൾ) (ഇവർ2) ( ഇവർ )
നപും- ഏതത് ഏതേ ഏതാനി
(ഇത് ) ( ഇവ2 ) ( ഇവ )
**********************************************
അഞ്ചാം പട്ടിക (V ) ' അവൻ,അവൾ,അത് ' എന്നീ സർവനാമങ്ങളായിരുന്നെങ്കിൽ ആറാം പട്ടിക (VI) ' ഇവൻ,ഇവൾ,ഇത് ' എന്നീ സർവനാമങ്ങളാണ്. അഞ്ചാംപട്ടിക ശബ്ദങ്ങളുടെ ആദ്യം "ഏ " എന്ന ഒരക്ഷരം ചേർത്താൽ ആറാം പട്ടികയായി. രണ്ട് ചെറിയ വ്യത്യാസങ്ങൾ കണ്ടുപിടിക്കുക. ആറാം പട്ടികയിലെ "ഏതദ് " സർവനാമശബ്ദങ്ങളുടെ സമാനമായ അർത്ഥമുള്ള "ഇദം " ശബ്ദങ്ങൾ ഇനി നോക്കാം. (സൂക്ഷ്മാർത്ഥത്തിൽ ചില്ലറ വ്യത്യാസമുള്ളത് ഇപ്പോൾ കണക്കാക്കേണ്ട!)
🌹പട്ടിക- VII ('മ് ' കാരാന്ത " ഇദം " ശബ്ദം)
**********************************************
പു- അയം ഇമൗ ഇമേ
(ഇവൻ) (ഇവർ2) (ഇവർ)
സ്ത്രീ- ഇയം ഇമേ ഇമാഃ
(ഇവൾ) (ഇവർ2) (ഇവർ)
നപും- ഇദം ഇമേ ഇമാനി
(ഇത്) (ഇവ2) (ഇവ)
**********************************************
ഈ ഏഴാംപട്ടികയിലെ "ഇദം " ശബ്ദങ്ങൾ പണ്ഡിതോചിതവ്യവഹാരത്തിനായുള്ളത് എന്ന് തല്ക്കാലം മനസ്സിലാക്കാം. നിത്യവ്യവഹാരത്തിന് ഇതിനുപകരം "ഏതദ് " ശബ്ദങ്ങൾ ഉപയോഗിക്കാം. ഇതിലും പൊതുവായ താളങ്ങളും താളവ്യത്യാസങ്ങളും കാണാം. അടുത്തതായി ചോദ്യവാചകങ്ങളായ "കിമ് " ശബ്ദങ്ങൾ കാണാം.
🌹പട്ടിക-VIII('മ് 'കാരാന്ത "കിമ് " ശബ്ദങ്ങൾ)
**********************************************
പു- കഃ കൗ കേ
(എവൻ) (എവർ2) (എവർ)
സ്ത്രി.- കാ കേ കാഃ
(എവൾ) (എവർ2) (എവർ)
നപും- കിം കേ കാനി
(എന്ത്) (എന്ത്2) (എന്ത്/എവ)
**********************************************
നാല് സർവനാമകുടുംബങ്ങളുടെയും ശരിയായ ശബ്ദതാളം തൊട്ടുമുകളിലെ എട്ടാമത് പട്ടികയിൽ വ്യക്തമാണ്. ഇത് ഹൃദിസ്ഥമാക്കുക.
സംസ്കൃതഭാഷാവ്യവഹാരത്തിൽ അത്യാവശ്യമായതാണ് ഈവക സർവനാമങ്ങൾ.
🌹അനുബന്ധം:- ചില ഉദാഹരണവാക്യങ്ങൾ നോക്കാം.(പട്ടികകളിലെ ശബ്ദങ്ങളുടെ ക്രമത്തിലാണ് ഉദാഹരണവാക്യങ്ങൾ )
1. സഃ ബഹു പണ്ഡിതഃ(അവൻ/അദ്ദേഹം വളരെ പണ്ഡിതൻ)
2. തൗ ബാലകൗ മമ ശിഷ്യൗ(ആ രണ്ടുബാലകർ
എന്റെ ശിഷ്യന്മാർ)
3. തേ വാനരാഃ ദേവാംശസംഭവാഃ (അവർ വാനരന്മാർ ദേവാംശസംഭവന്മാർ)
4.സാ വനിതാ ബഹുസുന്ദരീ(ആ വനിത വളരെ സുന്ദരി)
5.തേ ബാലികേ വിദ്യാലയം ഗച്ഛതഃ (ആ രണ്ടുപെൺകുട്ടികൾ വിദ്യാലയത്തിലേയ്ക്ക് പോകുന്നു.)
6.താഃ മഹിലാഃ നൃത്യന്തി (ആ മഹിളകൾ നൃത്തം ചെയ്യുന്നു)
7. തത് മമ പുസ്തകം(അത് എന്റെ പുസ്തകം)
8. തേ ഫലേ മധുരേ (ആ രണ്ടുപഴങ്ങൾ മധുരമുള്ളവ)
9.താനി പുണ്യാനികർമാണി മോക്ഷദായകാനി (ആ പുണ്യകർമ്മങ്ങൾ മോക്ഷദായകങ്ങൾ)
**********************************************
10.ഏഷഃ മമ പുത്രഃ(ഇവൻ എന്റെ പുത്രൻ)
11.ഏതൗ മമ അനുജൗ(ഇവർ എന്റെ രണ്ടനുജന്മാർ)
12.ഏതേ ഗ്രന്ഥാഃ അമൂല്യാഃ (ഈ ഗ്രന്ഥങ്ങൾ അമൂല്യങ്ങൾ)
13. ഏഷാ മമ അനുജാ (ഇവൾ എന്റെ അനുജത്തി)
14. ഏതേ തവ കവിതേ ( ഈ രണ്ടു കവിതകൾ നിന്റെ)
15. ഏതാഃ ബാലികാഃ ഗായന്തി ( ഈ ബാലികമാർ പാടുന്നു)
16. ഏതത് തവ പുസ്തകം (ഇത് നിന്റെ പുസ്തകം)
17. ഏതേ തസ്യ പാത്രേ (ഈ രണ്ട് പാത്രങ്ങൾ അവന്റെ )
18. ഏതാനി തസ്യാഃ ആഭരണാനി ( ഇവ അവളുടെ ആഭരണങ്ങൾ )
**********************************************
19. അയം വൃക്ഷഃ അശ്വത്ഥഃ ( ഈ വൃക്ഷം അരയാൽ )
20. ഇമൗ അദ്ധ്യാപകൗ (ഇവർ രണ്ട് അദ്ധ്യാപകർ)
21. ഇമേ ദേവാഃ (ഇവർ ദേവന്മാർ)
22. ഇയം ഭാഷാ 'സംസ്കൃതം' (ഈ ഭാഷ 'സംസ്കൃതം')
23. ഇമേ രചനേ സരസേ ( ഈ രണ്ടു രചനകൾ സരസങ്ങൾ )
24. ഇമാഃ ശാലാഃ സർവകാരസ്യ ( ഈ കെട്ടിടങ്ങൾ സർക്കാരിന്റെ )
25.' ഇദം ന മമ ' ( ഇത് എന്റെയല്ല )
26. ഇമേ യാനേ ശ്വശുരസ്യ ( ഈ രണ്ടു വണ്ടികൾ ഭാര്യാപിതാവിന്റെ )
27. ഇമാനി പുഷ്പാണി വികസന്തി ( ഈ പുഷ്പങ്ങൾ വിടരുന്നു )
**********************************************
28. സഃ കഃ ( അവൻ ആര്? )
29. തൗ കൗ ( അവരിരുവർ-ആൺ- ആര്? )
30. തേ കേ ( അവരാര്? )
31. സാ കാ ( അവളാര്? )
32. തേ കേ ( അവരിരുവർ-പെൺ- ആര്? )
33. താഃ കാഃ ( അവരാര്-പെൺ)
34. തത് കിം ( അതെന്ത്? )
35. തേ കേ ( അവ രണ്ട് എന്ത്? )
36. താനി കാനി ( അവയെന്ത്?)
**********************************************
ഉദാഹരണങ്ങളിൽ സമാനശബ്ദങ്ങൾക്ക് പല അർത്ഥങ്ങൾ വരുന്നതുകാണാം. സന്ദർഭമനുസരിച്ചാണ് അർത്ഥം മനസ്സിലാക്കേണ്ടത്, മലയാളത്തിലെപ്പോലെ.
മേൽ പറഞ്ഞ നാലുവിധ സർവ്വനാമകുടുംബങ്ങളെക്കുടാതെ 'അ'കാരാന്ത "സർവ്വ" ശബ്ദങ്ങൾ, 'ദ് ' കാരാന്ത "യദ് " ശബ്ദങ്ങൾ, 'സ് ' കാരാന്ത "അദസ് " ശബ്ദങ്ങൾ തുടങ്ങി മൂന്നു സർവ്വനാമ കുടുംബങ്ങൾ കൂടിയുണ്ട്. പ്രാഥമികതലത്തിൽ ഇവ ഒഴിവാക്കാം. ( "സർവേ ഭവന്തു സുഖിനഃ = എല്ലാവരും സുഖികളായി ഭവിക്കട്ടെ !)
( " ...യദ് ക്രൗഞ്ചമിഥുനാദേകമവധീഃ.." = ഏതൊരു ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ വധിച്ചവൻ.....)
( "പൂർണമദഃ പൂർണമിദം......"= അത് പൂർണ്ണം, ഇത് പൂർണ്ണം....)
ധാരാളം സംശയങ്ങൾക്ക് സാദ്ധ്യതയുള്ള ഈ പഠനപരമ്പര സജീവമാകണമെങ്കിൽ മാന്യസുഹൃത്തുക്കളുടെ ആത്മാർത്ഥമായ പങ്കാളിത്തം ഉണ്ടായേതീരൂ. പൊതുവെ തിരക്കുകൾ ഒഴിയുന്നസമയം അതിനായി വിനിയോഗിക്കാൻ അപേക്ഷിക്കുന്നു. തുടക്കത്തിൽ പറഞ്ഞതെങ്കിലും ആവർത്തിക്കുന്നു. നിങ്ങൾക്കൊപ്പം ഈയുള്ളവനും പഠിക്കുകയാണ്. ധന്യവാദഃ!🙏🌹❤️
**********************************************
( തുടരാം )
🌹 സംസ്കൃതഭാഷാപരിചയം -10 🌹
രാജേന്ദ്രൻ.ഡി
🌹"ഉദ്യമേനൈവ സിദ്ധ്യന്തി
കാര്യാണി ന മനോരഥൈഃ
ന ഹി സുപ്തസ്യസിംഹസ്യ
പ്രവിശന്തി മുഖേ മൃഗാഃ!"🌹
🌷( ഉദ്യമം കൊണ്ടുതന്നെ സിദ്ധിക്കുന്നു കാര്യങ്ങൾ; മനോരഥങ്ങളാലല്ല. ഉറങ്ങുന്ന സിംഹത്തിന്റെ വായിൽ മാനുകൾ പ്രവേശിക്കുന്നില്ല തന്നെ! )🌷
നാമങ്ങളുടെയും സർവ്വനാമങ്ങളുടെയും ലിംഗവചനങ്ങൾ ചെറുതായി പരിചയിച്ചു കഴിഞ്ഞു. അടുത്തതായി ക്രിയാപദങ്ങൾ നോക്കാം. ഒരു പൂർണ്ണമായ വാക്യത്തിന് നാമവും ക്രിയയും ആവശ്യമാണ്. അതായത് പ്രവൃത്തിസൂചകമായ ക്രിയാപദം (തിങന്തം) കൂടി നാമത്തിനോട് / സർവ്വനാമത്തിനോട് ചേരുമ്പോഴാണ് ആശയപൂർണ്ണതയുള്ള വാക്യം ഉണ്ടാവുന്നത്. ക്രിയാപദങ്ങളുടെ ആദ്യപകുതിയായ പ്രകൃതിയെ ധാതു എന്നും രണ്ടാംപകുതിയായ പ്രത്യയത്തിനെ തിങ് എന്നും പറയുന്നുവെന്ന് നേരത്തേ നമ്മൾ കണ്ടുവല്ലോ. കൂടുതൽ കാര്യങ്ങൾ നോക്കാം.
🌹ക്രിയാപദങ്ങൾ:- സംസ്കൃതഭാഷയിൽ ക്രിയാപദങ്ങൾ രണ്ടുതരം. പരസ്മൈപദിയും ആത്മനേപദിയും. പ്രാചീനകാലത്ത് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന വ്യത്യാസത്തിന്റെ പേരിലാണത്രെ ഈ വേർതിരിവ്. അതായത് ക്രിയയുടെ അഥവാ പ്രവൃത്തിയുടെ ഫലം അന്യർക്കു വേണ്ടിയെങ്കിൽ അത് "പരസ്മൈപദി" എന്നും അവനവനു വേണ്ടിയെങ്കിൽ "ആത്മനേപദി " എന്നുമായിരുന്നുവത്രെ പണ്ടുകാലത്ത് ഉപയോഗക്രമം. പക്ഷെ ഇപ്പോൾ കൃത്യമായി ഇങ്ങനെ ഒരു വ്യത്യാസം കാണാനില്ല. ക്രിയാധാതുവിനോടുകൂടി ചേർക്കുന്ന പ്രത്യയത്തിലാണ് ഇവ തമ്മിലുള്ള വ്യത്യാസം.
ഉദാ:- പഠതി (പഠിക്കുന്നു ) - പരസ്മൈപദി
(പ്രത്യയരൂപം "തി" എന്ന അക്ഷരം)
വന്ദതേ (വന്ദിക്കുന്നു ) - ആത്മനേപദി
(പ്രത്യയരൂപം "തേ " എന്ന അക്ഷരം).
രണ്ടുരീതിയിലും ഉപയോഗിക്കാവുന്ന
"ഉഭയപദി " ക്രിയാധാതുക്കളുമുണ്ട്.
ഉദാ:- 'പചതി ' / 'പചതേ '. വിശദമായി ഉദാഹരണങ്ങൾ വഴിയേ കാണാം.
ക്രിയയുടെ രൂപത്തിൽ മാറ്റം വരുത്തുന്നത് പ്രധാനമായും ക്രിയയുടെ കാലവും(tens)
കർത്താവിന്റെ വചനവും പുരുഷത്വവും അനുസരിച്ചായിരിക്കും. ഇവിടെ ശ്രദ്ധിക്കേണ്ടത് കർത്താവിന്റെ ലിംഗവ്യത്യാസം ക്രിയാരൂപത്തിനെ ബാധിക്കുന്നില്ല എന്നതാണ്.
കാലവും (tens) പ്രകാരവും(mood) ആകെ പത്തുവിധത്തിലാണ്. ഇവ "ലകാരങ്ങൾ" എന്നാണറിയപ്പെടുന്നത്. പാണിനീയസൂത്രത്തിൽ ഇവപത്തിന്റെയും പേര് "ല " എന്ന അക്ഷരത്തിലാരംഭിക്കുന്നു. അതിനാലാണ് "ദശലകാരങ്ങൾ" എന്നപേര്. പ്രാരംഭപാഠം ഓർക്കുമല്ലോ.
ആദ്യം പരസ്മൈപദി ക്രിയകളുടെ വർത്തമാനകാല (Present Tens) രൂപങ്ങൾ പരിശോധിക്കാം.
വർത്തമാനകാലത്തെ "ലട് " എന്ന ലകാരം കൊണ്ടാണല്ലോ സൂചിപ്പിക്കുന്നത്. കർത്താവിന്റെ പുരുഷത്വവും വചനവും അനുസരിച്ച് ക്രിയാധാതുവിന് പ്രത്യയങ്ങൾ എങ്ങിനെ മാറുന്നു എന്നാണിവിടെ നമ്മൾ നോക്കുന്നത്.
പട്ടിക - IX വർത്തമാനകാലം (ലട് ) പരസ്മൈപദി:-("പഠ് "ധാതു = പഠിക്കുക )
**********************************************
ഏ.വ ദ്വി.വ ബ.വ
പ്ര.പു* - പഠതി പഠതഃ പഠന്തി
മ.പു* - പഠസി പഠഥഃ പഠഥ
ഉ.പു* - പഠാമി പഠാവഃ പഠാമഃ
***********************************************പ്ര.പു-പ്രഥമപുരുഷൻ; *മ.പു-മധ്യമപുരുഷൻ;
*ഉ.പു- ഉത്തമപുരുഷൻ; (ക്രിയ=പഠിക്കുന്നു)
ഇവിടെ ഏത് പ്രഥമപുരുഷനാമം കർത്താവായി വന്നാലും ഏകവചനമെങ്കിൽ ക്രിയാരൂപം
" പഠതി " എന്നുപറയാം; ദ്വിവചനമെങ്കിൽ "പഠതഃ " എന്നും ; ബഹുവചനമെങ്കിൽ "പഠന്തി " എന്നും പറയാം.(കർത്താവിന് പഠനശേഷി ഉണ്ടാവണമെന്നത് കേവല യുക്തി!)
ഉദാഹരണങ്ങൾ:- പ്രഥമപുരുഷൻ ഏകവചനം:-
രാജേന്ദ്രഃ പഠതി = രാജേന്ദ്രൻ പഠിക്കുന്നു.
ജയശ്രീ പഠതി = ജയശ്രീ പഠിക്കുന്നു.
മിത്രം പഠതി = മിത്രം പഠിക്കുന്നു.
സഃ പഠതി = അവൻ പഠിക്കുന്നു
സാ പഠതി = അവൾ പഠിക്കുന്നു
(എല്ലാ വാക്യത്തിലും പ്രത്യയം " തി " എന്നാണ്)
**********************************************
മധ്യമപുരുഷൻ ഏകവചനം:-
ത്വം പഠസി = നീ പഠിക്കുന്നു.
( ക്രിയാപ്രത്യയം " സി " എന്നാണ് )
**********************************************
ഉത്തമപുരുഷൻ ഏകവചനം:-
അഹം പഠാമി = ഞാൻ പഠിക്കുന്നു.
( ക്രിയാ പ്രത്യയം " ആമി " എന്നാണ്.
**********************************************
പ്രഥമപുരുഷൻ ദ്വിവചനം :-
ബാലകൗ പഠതഃ=രണ്ടുബാലൻമാർ പഠിക്കുന്നു
ബാലികേ പഠതഃ=രണ്ടുബാലികമാർ പഠിക്കുന്നു
മിത്രേ പഠതഃ = രണ്ടുമിത്രങ്ങൾ പഠിക്കുന്നു.
തൗ പഠതഃ = അവർ2(ആൺ) പഠിക്കുന്നു.
തേ പഠതഃ = അവർ2(പെൺ) പഠിക്കുന്നു.
( ക്രിയാപ്രത്യയം " തഃ " എന്നാണ് )
**********************************************
മധ്യമപുരുഷൻ ദ്വിവചനം:-
യുവാം പഠഥഃ = നിങ്ങൾ2 ആൾ പഠിക്കുന്നു.
( ക്രിയാപ്രത്യയം " ഥഃ " എന്നാണ് )
**********************************************
ഉത്തമപുരുഷൻ ദ്വിവചനം:-
ആവാം പഠാവഃ = ഞങ്ങൾ2ആൾ പഠിക്കുന്നു.
( ക്രിയാപ്രത്യയം " ആവഃ " എന്നാണ് )
**********************************************
പ്രഥമപുരുഷൻ ബഹുവചനം:-
ബാലകാഃ പഠന്തി = ബാലൻമാർ പഠിക്കുന്നു.
ബാലികാഃ പഠന്തി = ബാലികമാർ പഠിക്കുന്നു
മിത്രാണി പഠന്തി = മിത്രങ്ങൾ പഠിക്കുന്നു.
തേ പഠന്തി = അവർ (ആൺ) പഠിക്കുന്നു.
താഃ പഠന്തി = അവർ (പെൺ) പഠിക്കുന്നു.
( ക്രിയാപ്രത്യയം " ന്തി " എന്നാണ് )
**********************************************
മധ്യമപുരുഷൻ ബഹുവചനം :-
യൂയം പഠഥ = നിങ്ങൾ പഠിക്കുന്നു.
(ക്രിയാപ്രത്യയം " ഥ " എന്നാണ് )
**********************************************
ഉത്തമപുരുഷൻ ബഹുവചനം :-
വയം പഠാമഃ = ഞങ്ങൾ/നമ്മൾ പഠിക്കുന്നു.
( ക്രിയാപ്രത്യയം " ആമഃ " എന്നാണ് )
**********************************************
മേൽ ഉദാഹരണങ്ങളിൽ നിന്നും പ്രഥമ,മധ്യമ,ഉത്തമ പുരുഷക്രമത്തിലും ഏകവചന,ദ്വിവചന,ബഹുവചനക്രമത്തിലും
(പ്ര.പു -ഏ.വ; മ.പു - ഏ.വ; ഉ.പു-ഏ.വ )
ക്രിയാപ്രത്യയങ്ങളെ മാത്രം നോക്കി കാണാതെ പഠിച്ച് ശീലിക്കാം.("തി-സി-മി; തഃ-ഥഃ-വഃ; ന്തി-ഥ-മഃ "). സമാനമായ മറ്റു ക്രിയാ ധാതുക്കളോടും മേൽ പ്രത്യയങ്ങൾ ചേർത്ത് ക്രിയാപദങ്ങൾ വരുത്തി പൂർണ്ണവാക്യങ്ങൾ രചിക്കാം. ഉദാ:- "ലിഖ് " (എഴുതുക)ധാതുവിനെ ഉപയോഗിച്ചാൽ "ലിഖതി" തുടങ്ങിയരൂപങ്ങൾ ലഭിക്കും. ശ്രമിച്ചു നോക്കുക. ഇനി ആത്മനേപദി ക്രിയകളെ നോക്കാം.
പട്ടിക - X വർത്തമാനകാലം (ലട് ) ആത്മനേപദി:-("വന്ദ് "ധാതു = വന്ദിക്കുക )
**********************************************
ഏ.വ ദ്വി.വ ബ.വ
പ്ര.പു - വന്ദതേ വന്ദേതേ വന്ദന്തേ
മ.പു - വന്ദസേ വന്ദേഥേ വന്ദധ്വേ
ഉ.പു - വന്ദേ വന്ദാവഹേ വന്ദാമഹേ
**********************************************
ഉദാഹരണങ്ങൾ:- പ്രഥമപുരുഷൻ :-
ഭക്തഃ വന്ദതേ = ഭക്തൻ വന്ദിക്കുന്നു.
ശിഷ്യൗ വന്ദേതേ = രണ്ടുശിഷ്യർ വന്ദിക്കുന്നു
ബാലികാഃ വന്ദന്തേ=പെൺകുട്ടികൾവന്ദിക്കുന്നു
**********************************************
ഉദാഹരണങ്ങൾ:- മധ്യമപുരുഷൻ:-
ത്വം വന്ദസേ = നീ വന്ദിക്കുന്നു.
യുവാം വന്ദേഥേ = നിങ്ങൾ2 വന്ദിക്കുന്നു.
യൂയം വന്ദധ്വേ = നിങ്ങൾ വന്ദിക്കുന്നു. ( ഇവിടെ "ധ്വേ" എന്ന അക്ഷരം ശ്രദ്ധിക്കുക.)
**********************************************
ഉദാഹരണങ്ങൾ:- ഉത്തമപുരുഷൻ:-
അഹം വന്ദേ = ഞാൻ വന്ദിക്കുന്നു.
ആവാം വന്ദാവഹേ =ഞങ്ങൾ2വന്ദിക്കുന്നു.
വയം വന്ദാമഹേ= ഞങ്ങൾ വന്ദിക്കുന്നു.
**********************************************
ആത്മനേപദിക്രിയകളുടെ വർത്തമാനകാല പ്രത്യയങ്ങൾ ,(പ്രഥമപുരുഷൻ-ഏക,ദ്വി,ബഹുവചനങ്ങളിലും, മധ്യമപുരുഷൻ-ഏക,ദ്വി,ബഹുവചനങ്ങളിലും,
ഉത്തമപുരുഷൻ-ഏക,ദ്വി,ബഹുവചനങ്ങളിലും) ചേർത്തുപറഞ്ഞാൽ, "തേ-ഏതേ-ന്തേ;, സേ-ഏഥേ-ധ്വേ; ഏ-ആവഹേ-ആമഹേ " എന്നുവരും. കാണാതെ പഠിക്കുക.
"ഭാഷ് " ധാതു(സംസാരിക്കുക)ഉപയോഗിച്ച് വിവിധ നാമപദങ്ങളോടു ചേർത്ത് വാക്യങ്ങൾ രചിക്കുക. ഉദാ:- അധ്യാപകഃ ഭാഷതേ.
**********************************************
ആശയപൂർണ്ണതയുള്ള വാക്യങ്ങൾ രചിക്കുന്ന ഘട്ടമാണ്. ക്ഷമയോടെ പരിശീലിക്കുക.
**********************************************
🌹അനുബന്ധം:- താഴെക്കൊടുത്തിരിക്കുന്ന നാമപദങ്ങളെ അതിന്റെ മൂന്നുതരം വചനരൂപങ്ങളിൽ, കൂടെയുള്ള ക്രിയാപദത്തിനോട് ശരിയായ പ്രത്യയം ചേർത്ത് പ്രയോഗിക്കുക.
ഉദാ:-പുത്രഃ ധാവതി (പുത്രൻ ഓടുന്നു)
പുത്രൗ ധാവതഃ ; പുത്രാഃ ധാവന്തി
1. മഹിലാ പചതി (മഹിള പാചകംചെയ്യുന്നു)
2. വൃക്ഷഃ ഫലതി ( വൃക്ഷം കായ്ക്കുന്നു)
3. അഗ്രജഃ പശ്യതി (ജ്യേഷ്ഠൻ നോക്കുന്നു)
4. പുഷ്പം വികസതി ( പൂവ് വിടരുന്നു)
5. അനുജാ ക്രീഡതി (അനുജത്തി കളിക്കുന്നു)
**********************************************
6. അംബാ ആലോകതേ (അമ്മ നോക്കുന്നു)
7.ലതാ കമ്പതേ (വള്ളി ഇളകുന്നു )
8. ബാലഃ സ്പർധതേ ( ബാലൻ മത്സരിക്കുന്നു )
9. പുഷ്പം ശോഭതേ ( പൂവ് ശോഭിക്കുന്നു )
10. വനിതാ ലജ്ജതേ ( വനിത നാണിക്കുന്നു )
**********************************************
( തുടരാം)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം-11 🌹
രാജേന്ദ്രൻ.ഡി
കഴിഞ്ഞപാഠത്തിൽ വർത്തമാനകാല ക്രിയാരൂപങ്ങൾ -ലട് (പരസ്മൈപദിയും ആത്മനേപദിയും) നാം കണ്ടു. പരസ്മൈപദി പ്രത്യയങ്ങൾ ( തി/സി/മി ; തഃ/ ഥഃ / വഃ ; ന്തി/ഥ / മഃ) എന്നിവയും ആത്മനേപദി പ്രത്യയങ്ങൾ (തേ/ഏതേ/ന്തേ ; സേ/ഏഥേ / ധ്വേ ; ഏ / ആവഹേ/ആമഹേ ) എന്നിവയും ആണ്. ഓർമ്മയിൽ സൂക്ഷിക്കുവാനായി പരസ്മൈപദി ക്രിയക്ക് ഒരുവിധവും ആത്മനേപദിക്രിയക്ക് വേറൊരുവിധവുമാണിവിടെ പ്രത്യയക്രമം പറഞ്ഞത്. ഇനി ക്രിയയുടെ ഭൂതകാലരൂപങ്ങൾ നോക്കാം. മുൻപുപറഞ്ഞതുപോലെ സാധാരണഗതിയിൽ 'അനദ്യതനഭൂതം' ആണ് ഉപയോഗിക്കാറ്. അതായത് "ലങ് " ലകാരം.
പട്ടിക - XI ഭൂതകാലം (ലങ് ) പരസ്മൈപദി:-("പഠ് "ധാതു = പഠിക്കുക )
**********************************************
ഏ.വ ദ്വി.വ ബ.വ
പ്ര.പു* - അപഠത് അപഠതാം അപഠൻ
മ.പു* - അപഠഃ അപഠതം അപഠത
ഉ.പു* - അപഠം അപഠാവ അപഠാമ
**********************************************
ഉദാഹരണങ്ങൾ:-
പ്രഥമ പുരുഷൻ:- ഏകവചനം:-
മാധവഃ അപഠത് = മാധവൻ പഠിച്ചു/വായിച്ചു.
ഇന്ദിരാ അപഠത് = ഇന്ദിര പഠിച്ചു.
**********************************************
പ്ര.പു :- ദ്വി വചനം :-
ഛാത്രൗ അപഠതാം = 2 വിദ്യാർത്ഥികൾ പഠിച്ചു
ബാലികേ അപഠതാം = 2 പെൺകുട്ടികൾപഠിച്ചു
**********************************************
പ്ര.പു :- ബഹുവചനം :-
അധ്യാപകാഃ അപഠൻ = അദ്ധ്യാപകർ പഠിച്ചു.
വനിതാഃ അപഠൻ = വനിതകൾ പഠിച്ചു.
**********************************************
മധ്യമപുരുഷൻ:- ഏകവചനം:-
ത്വം അപഠഃ = നീ പഠിച്ചു.
**********************************************
മധ്യമ പുരുഷൻ:- ദ്വിവചനം:-
യുവാം അപഠതം = നിങ്ങൾ2 പഠിച്ചു.
**********************************************
മധ്യമപുരുഷൻ:- ബഹുവചനം :-
യൂയം അപഠത = നിങ്ങൾ പഠിച്ചു.
**********************************************
ഉത്തമപുരുഷൻ:-ഏകവചനം:-
അഹം അപഠം = ഞാൻ പഠിച്ചു.
**********************************************
ഉത്തമപുരുഷൻ:- ദ്വിവചനം:-
ആവാം അപഠാവ = നമ്മൾ2 പഠിച്ചു.
**********************************************
ഉത്തമപുരുഷൻ:-ബഹുവചനം:-
വയം അപഠാമ = നമ്മൾ/ഞങ്ങൾ പഠിച്ചു
**********************************************
ഇപ്രകാരം പ്രഥമപുരുഷനാമങ്ങൾ, ഏകവചനം, ദ്വിവചനം, ബഹുവചനം എന്നീക്രമത്തിൽ കർത്താവായി വരുമ്പോൾ ഓരോ അവസരത്തിലും ഉപയോഗിക്കുന്ന ഭൂതകാല പരസ്മൈപദി ക്രിയാരൂപങ്ങൾ ചേർത്തു പറഞ്ഞാൽ
അപഠത്,അപഠതാം,അപഠൻ,അപഠഃ,അപഠതം,അപഠത,അപഠം,അപഠാവ,അപഠാമ എന്നിങ്ങനെയാണ്. 'ഖാദതി' = ഭക്ഷിക്കുക എന്ന പരസ്മൈപദി ക്രിയയുടെ ഭൂതകാലരൂപങ്ങൾ അഖാദത്,അഖാദതാം, അഖാദൻ,അഖാദഃ, അഖാദതം,അഖാദത, അഖാദം,അഖാദാവ, അഖാദാമ
**********************************************
അടുത്തതായി ആത്മനേപദി ക്രിയകളുടെ ഭൂതകാല(ലങ്) രൂപം നോക്കാം.
🌹
പട്ടിക - XII ഭൂതകാലം (ലങ് ) ആത്മനേപദി:- ("വന്ദ് "ധാതു = വന്ദിക്കുക )
**********************************************
ഏ.വ ദ്വി.വ ബ.വ
പ്ര.പു* - അവന്ദത അവന്ദേതാം അവന്ദന്ത
മ.പു* - അവന്ദഥാഃ അവന്ദേഥാം അവന്ദധ്വം
ഉ.പു* - അവന്ദേ അവന്ദാവഹി അവന്ദാമഹി
**********************************************
ഉദാഹരണം:-
1. സഃ അഭാഷത = അവൻ പറഞ്ഞു.
2. തൗ അഭാഷേതാം = അവർ2 പറഞ്ഞു.
3. തേ അഭാഷന്ത = അവർ പറഞ്ഞു.
4. ത്വം അലജ്ജഥാഃ = നീ ലജ്ജിച്ചു.
5. യുവാം അലജ്ജേഥാം = നിങ്ങൾ 2 ലജ്ജിച്ചു.
6. യൂയം അലജ്ജധ്വം = നിങ്ങൾ ലജ്ജിച്ചു.
7. അഹം അയാചേ = ഞാൻ യാചിച്ചു.
8. ആവാം അയാചാവഹി = ഞങ്ങൾ2 യാചിച്ചു.
9. വയം അയാചാമഹി = ഞങ്ങൾ യാചിച്ചു.
**********************************************
ഭൂതകാല ലങ്ലകാരക്രിയകൾക്ക് പൊതുവായി കാണാവുന്ന (പരസ്മൈപദിക്കും ആത്മനേപദിക്കും) ഒരു പ്രത്യേകത ക്രിയാപദങ്ങളുടെ തുടക്കത്തിൽ കാണുന്ന "അ"കാരമാണ്. പലപ്പോഴും സംസ്കൃത രചനകളിൽ, പഠിച്ചുതുടങ്ങുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് ലങ്ലകാരപ്രയോഗം. ഒറ്റനോട്ടത്തിൽ വിപരീതാർത്ഥമെന്ന് തോന്നും. കൂടാതെ പഠിക്കുവാൻ എളുപ്പമാർഗ്ഗങ്ങളുമില്ല. സൂക്ഷ്മ താളങ്ങൾ മനസ്സിലാവർത്തിച്ചുരുവിട്ട് ഉറപ്പിക്കുക തന്നെ. ഇവിടെ ഭൂതകാലക്രിയകൾ ഉപയോഗിക്കുന്നതിലെ വൈഷമ്യം ഒട്ടൊക്കെ ഒഴിവാക്കുവാൻ കൃദന്തരൂപങ്ങൾ ഉപയോഗിക്കുകയാണ് നിത്യവ്യവഹാരത്തിൽ ചെയ്യാറ്. കൃദന്തം എന്താണെന്ന് വഴിയേ കാണാം.ഉദാ:- സഃ പഠിതവാൻ ( സഃ അപഠത് )
ത്വം പഠിതവാൻ ( ത്വം അപഠഃ )
അഹം പഠിതവാൻ ( അഹം അപഠം )
ബാലികാ പഠിതവതീ ( ബാലികാ അപഠത് )
മിത്രം പഠിതവത് ( മിത്രം അപഠത് )
ഇവിടെ കൊടുത്ത പ്രയോഗങ്ങൾ ബ്രാക്കറ്റിൽ കൊടുത്ത ഭൂതകാല ക്രിയകൾക്കു തുല്യമായി ഉപയോഗിക്കാം. ഈ കൃദന്തപ്രയോഗങ്ങൾ ലിംഗവ്യത്യാസവും വചനവ്യത്യാസവും ഉണ്ടെങ്കിലും പുരുഷവ്യത്യാസമില്ല എന്നത് പ്രയോഗം എളുപ്പമാക്കും. വിശദമായി പിന്നാലെ കാണാം. ഇവ പൊതുവെ "ക്തവതു" എന്ന പ്രത്യയ സമൂഹമായാണ് അറിയപ്പെടുന്നത്.🌹
🌹അനുബന്ധം :-
പരസ്മൈപദി ക്രിയകൾ :- *
മലയാളം ലട് കൃദന്തഭൂതം(ക്തവതു)
പോകുന്നു =ഗച്ഛതി ഗതവാൻ
പഠിക്കുന്നു = പഠതി പഠിതവാൻ
വീഴുന്നു = പതതി. പതിതവാൻ
പറയുന്നു. = വദതി. ഉക്തവാൻ
കുടിക്കുന്നു = പിബതി പീതവാൻ
എഴുതുന്നു = ലിഖതി ലിഖിതവാൻ
നയിക്കുന്നു = നയതി നീതവാൻ
കാണുന്നു = പശ്യതി ദൃഷ്ടവാൻ
ചോദിക്കുന്നു = പൃച്ഛതി പൃഷ്ടവാൻ
ചേരുന്നു = മിലതി മിലിതവാൻ
ഉപേക്ഷിക്കുന്നു = ത്യജതി ത്യക്തവാൻ
അയക്കുന്നു = പ്രേഷയതി പ്രേഷിതവാൻ
തിന്നുന്നു = ഖാദതി ഖാദിതവാൻ
കഴുകുന്നു = പ്രക്ഷാളയതി പ്രക്ഷാളിതവാൻ
എഴുനേല്ക്കുന്നു = ഉത്തിഷ്ഠതി ഉത്ഥിതവാൻ
ഇരിക്കുന്നു = ഉപവിശതി ഉപവിഷ്ടവാൻ
സ്ഥാപിക്കുന്നു = സ്ഥാപയതി സ്ഥാപിതവാൻ
ഓർക്കുന്നു = സ്മരതി സ്മൃതവാൻ
ഭവിക്കുന്നു = ഭവതി ----------------
കേൾക്കുന്നു = ശൃണോതി ശ്രുതവാൻ
ചെയ്യുന്നു = കരോതി. കൃതവാൻ
അറിയുന്നു = ജാനാതി ജ്ഞാതവാൻ
കൊടുക്കുന്നു = ദദാതി ദത്തവാൻ
**********************************************
* കടപ്പാട്- വിശ്വസംസ്കൃതപ്രതിഷ്ഠാനം
ഇതുപോലെ ഏതാണ്ടെല്ലാക്രിയകളുടെയും ഭൂതകാലരൂപത്തിനു പകരം 'ഇതവാൻ' എന്ന് പുല്ലിംഗ നാമരൂപത്തിലും 'ഇതവതീ' എന്ന് സ്ത്രീലിംഗനാമരൂപത്തിലും 'ഇതവത്' എന്ന് നപുംസകലിംഗനാമരൂപത്തിലും മൂന്ന് വചനങ്ങളിലും ഏഴുവിഭക്തിരൂപങ്ങളിലും പുരുഷവ്യത്യാസമില്ലാതെ ഉപയോഗിക്കാം. താരതമ്യേന ഓർമ്മിക്കുവാൻ ലഘുവായ രൂപങ്ങളായതിനാൽ "ക്തവതു " പ്രത്യയ കൃദന്തം വ്യാപകമായി നിത്യവ്യവഹാരത്തിൽ ഉപയോഗിക്കുന്നു.
ഇതുവരെയുള്ള പാഠഭാഗങ്ങൾ (നാമങ്ങൾ, സർവ്വനാമങ്ങൾ, ക്രിയാരൂപങ്ങൾ തുടങ്ങിയവയിലെ പട്ടികകൾ ) ഹൃദിസ്ഥമാക്കേണ്ടതാണ്. ഈയവസരത്തിലെ പാഠങ്ങൾ എത്രയും ഭംഗിയായി പഠിച്ചാൽ മാത്രമേ മുന്നോട്ടുപോകുവാൻ കഴിയൂ. പ്രാഥമികതലത്തിൽ പ്രയാസം നേരിടുന്ന വിഭക്തിരൂപങ്ങൾ നമ്മൾ പഠിച്ചു തുടങ്ങുന്നതിനു മുൻപായി അതുവരെയുള്ളവ നന്നായി ശ്രദ്ധിച്ച് വായിക്കണം. വർഷങ്ങൾ എടുത്ത് പഠിക്കേണ്ട പാഠഭാഗങ്ങൾ കുറഞ്ഞസമയത്തിൽ പഠിക്കുവാനാണ് നമ്മുടെ ശ്രമം. കഴിയുന്നത്ര വേഗത്തിൽ പാഠഭാഗങ്ങൾ പകർത്തി പഠിക്കുക. സംശയം ചർച്ച ചെയ്യാൻ ദയവായി മടിക്കരുത്. സ്വാഭാവികമായും തുടക്കക്കാർക്ക് പ്രയാസം നേരിടുമെന്നത് ഈയുള്ളവന്റെ അനുഭവം.
എന്തായാലും ശ്രമം ഉപേക്ഷിക്കരുത് എന്നുമാത്രം അപേക്ഷിച്ചുകൊണ്ട് ഏവർക്കും ശുഭാശംസകൾ നേരുന്നു!🌹❤️🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹സംസ്കൃതഭാഷാപരിചയം -12 🌹
രാജേന്ദ്രൻ.ഡി
🙏അക്ഷരലക്ഷമൊരുക്കിവരുന്നു
ലക്ഷണയുക്തയിതാ ഗൈർവാണി🙏
സംസ്കൃതഭാഷയിൽ ഭാവികാല (ലൃട് ) ക്രിയാരൂപങ്ങൾ പഠിക്കാൻ താരതമ്യേന എളുപ്പമാണ്. വർത്തമാനകാലക്രിയാരൂപങ്ങളുടെ അവസാനപ്രത്യയത്തിനു മുൻപായി " ഇഷ്യ "/ "ഇസ്യ " എന്ന വർണ്ണങ്ങൾ ചേർത്താൽ മതി. ചില പദങ്ങൾക്ക് " ഷ്യ"/"സ്യ" എന്ന വർണ്ണം മതി. ഉദാഹരണങ്ങൾ നോക്കാം.
പരസ്മൈപദി - ആത്മനേപദി
പഠതി -പഠിഷ്യതി ഭാഷതേ -ഭാഷിഷ്യതേ
പതതി-പതിഷ്യതി. വർധതേ-വർധിഷ്യതേ
വദതി-വദിഷ്യതി. മോദതേ. - മോദിഷ്യതേ
ലിഖതി-ലേഖിഷ്യതി. സ്പർധതേ-സ്പർധിഷ്യതേ
ഖാദതി-ഖാദിഷ്യതി യതതേ -യതിഷ്യതേ
**********************************************
വർത്ത. - ഭാവി -അർത്ഥം
പിബതി-പാസ്യതി-കുടിക്കും
നയതി-നേഷ്യതി-നയിക്കും
ഉത്തിഷ്ഠതി-ഉത്ഥാസ്യതി-എഴുന്നേൽക്കും
പൃച്ഛതി-പ്രക്ഷ്യതി-ചോദിക്കും
ജാനാതി-ജ്ഞാസ്യതി-അറിയും
ശൃണോതി-ശ്രോഷ്യതി-കേൾക്കും
ദദാതി-ദാസ്യതി-നല്കും
പശ്യതി-ദ്രക്ഷ്യതി-കാണും
ശക്നോതി-ശക്ഷ്യതി-കഴിയും
**********************************************
ഉദാ:- ബാലകഃ പഠിഷ്യതി=ബാലൻ പഠിക്കും
തൗ ലേഖിഷ്യതഃ = അവർ2 എഴുതും
അംബാഃ ഗമിഷ്യന്തി = അമ്മമാർ പോകും
ത്വം വദിഷ്യസി = നീ പറയും
യുവാം ദാസ്യഥഃ = നിങ്ങൾ2 നല്കും
യൂയം ശ്രോഷ്യഥ = നിങ്ങൾ കേൾക്കും
അഹം ദ്രക്ഷ്യാമി = ഞാൻ കാണും
ആവാംയതിഷ്യാവഹേ=ഞങ്ങൾ2 . യത്നിക്കും.
വയം വന്ദിഷ്യാമഹേ = ഞങ്ങൾ വന്ദിക്കും
**********************************************
വർത്തമാന/ ഭൂത/ ഭാവികാലക്രിയകളെ പരിചയപ്പെട്ടുകഴിഞ്ഞതിനാൽ ഇനി ക്രിയാധാതുക്കളുടെ പ്രകാര(mood) ഭേദങ്ങൾ നോക്കാം. "ലോട് " എന്ന ലകാരം, ആജ്ഞ, പ്രാർത്ഥന, അനുമതി തുടങ്ങിയ മാനസികഭാവങ്ങളെ സൂചിപ്പിക്കുന്നു. ഈ 'ലോട്' ലകാരത്തിനും പരസ്മൈപദി / ആത്മനേപദി വ്യത്യാസങ്ങളുണ്ട്. ആദ്യം പരസ്മൈപദി 'ലോട് 'നമുക്ക് ശ്രദ്ധിക്കാം.
**********************************************
പട്ടിക - XIII
പരസ്മൈപദി - ലോട് (ആജ്ഞ / പ്രാർത്ഥന )
ഏ.വ. ദ്വി.വ. ബ.വ
പ്ര.പു- പഠതു പഠതാം പഠന്തു
മ.പു - പഠ പഠതം പഠത
ഉ.പു - പഠാനി പഠാവ പഠാമ
**********************************************
ഉദാ:- ബാലകഃ പഠതു = ബാലൻ പഠിക്കട്ടെ
ഭവാൻ വദതു = ഭവാൻ പറഞ്ഞാലും
ഛാത്രൗ ലിഖതാം = 2 വിദ്യാർത്ഥികൾ എഴുതട്ടെ
അംബേ ഗായതാം = 2അമ്മമാർ പാടിയാലും
മംഗലാനി ഭവന്തു = മംഗളങ്ങൾ ഭവിക്കട്ടെ
ബാലികാഃനൃത്യന്തു = ബാലികമാർനൃത്തംചെയ്യട്ടെ
ത്വം പഠ = നീപഠിക്കൂ(നീപഠിച്ചാലും)
യുവാം ഖാദതം = നിങ്ങൾ2 തിന്നാലും
യൂയം പശ്യത = നിങ്ങൾ കണ്ടാലും
അഹം ആഗച്ഛാനി = ഞാൻ വരട്ടെ
ആവാം മിലാവ = ഞങ്ങൾ2 ഒത്തുചേരട്ടെ
(നമ്മൾ2 ഒത്തുചേരാം)
വയം പഠാമ = നമ്മൾ പഠിക്കാം
(ഞങ്ങൾ പഠിക്കട്ടെ)
*******************************************
പട്ടിക - XIV ആത്മനേപദി ലോട്
വന്ദതാം വന്ദേതാം വന്ദന്താം
വന്ദസ്വ വന്ദേഥാം വന്ദധ്വം
വന്ദൈ വന്ദാവഹൈ വന്ദാമഹൈ
**********************************************
ഉദാ:- സഃ യതതാം = അവൻ പ്രയത്നിക്കട്ടെ.
വൃക്ഷൗ കമ്പേതാം = 2വൃക്ഷങ്ങൾ ഇളകട്ടെ
ഭക്താഃ വന്ദന്താം = ഭക്തന്മാർ വന്ദിക്കട്ടെ
ത്വം ഭാഷസ്വ = നീ സംസാരിക്കൂ.
യുവാം ക്ഷമേഥാം = നിങ്ങൾ 2 ക്ഷമിച്ചാലും
യൂയം ആലോകധ്വം = നിങ്ങൾ നിരീക്ഷിച്ചാലും
അഹം ഊഹൈ = ഞാൻ ഊഹിക്കട്ടേ
ആവാം മന്യാവഹൈ = ഞങ്ങൾ 2 ചിന്തിക്കട്ടേ
വയം സേവാമഹൈ = ഞങ്ങൾ സേവിക്കട്ടേ
**********************************************
ഇതോടെ പ്രാഥമികതലത്തിലെ ക്രിയാപദരൂപങ്ങൾ കണ്ടുകഴിഞ്ഞു. വർത്തമാനം, ഭൂതം, ആജ്ഞ ( ലട്, ലങ് ,ലോട് ) ഇവയുടെ 27 പരസ്മൈപദിരൂപങ്ങളും 27 ആത്മനേപദിരൂപങ്ങളും മൊത്തം 54 ക്രിയാരൂപങ്ങൾ നല്ലവണ്ണം നോക്കി മനസ്സിലാക്കണം. എല്ലാം കൂടി ഒരുമിച്ച് പ്രയാസം തന്നെ. പക്ഷെ പട്ടികകൾ വലുതായി പകർത്തിയെഴുതി ഭിത്തിയിലോ മറ്റോ പതിച്ച് പതിവായി കണ്ടുചൊല്ലിപ്പഠിച്ചു നോക്കിയാൽ സാധിക്കും. ഇനി കാണാതെ പഠിക്കുക പ്രയാസമെങ്കിൽ പലതവണ പലക്രിയാധാതുക്കളും നാമപദങ്ങളും ഉപയോഗിച്ച് സ്വയം വാചകങ്ങൾ എഴുതി ശീലിക്കുക. ഇതേവരെ നാം പഠിച്ച , നാമ, സർവ്വനാമ, ക്രിയാ എന്നിവയുടെ പദരൂപങ്ങളുടെ പതിന്നാലുപട്ടികകളും സാവധാനം മനസ്സിലാക്കണം. അടുത്തഘട്ടത്തിൽ കൂടുതൽ നാമപദങ്ങൾ, അവ്യയപദങ്ങൾ, ചെറിയ നിത്യോപയോഗവാചകങ്ങൾ എന്നിവയും മറ്റും കാണാം. അതിനുശേഷം നമ്മുടെ പഠനത്തിലെ ഏറ്റവും പ്രധാനഭാഗമായ വിഭക്തികളും പഠിക്കാം. താല്പര്യമുള്ളവർ ആവശ്യപ്പെട്ടാൽ ഇതുവരെയുള്ള പാഠങ്ങളുടെ പരിശീലനച്ചോദ്യങ്ങൾ തയ്യാറാക്കി പോസ്റ്റുചെയ്യാം. പഠനത്തിലെ ആദ്യഭാഗങ്ങൾ തന്നെയാണ് പഠിക്കുവാൻ ഏറെ പ്രയാസമെന്ന് ഈയുള്ളവന്റെ അനുഭവം. ആ ഘട്ടം കടന്നുകിട്ടുവാൻ ക്ഷമയും പ്രാർത്ഥനയും പരിശ്രമവും അത്യാവശ്യം.
അനുബന്ധം:-
ക്രിയാരൂപങ്ങളുടെ കർതൃബന്ധത്തിലുള്ള കാർക്കശ്യം കാരണം പലപ്പോഴും കർതൃപദത്തിന്റെ ഉപയോഗം ആവശ്യമില്ലാതെവരുന്നു. ഉദാഹരണത്തിന്
" സംസ്കൃതം പഠ! ആധുനികോ ഭവ!"
(സംസ്കൃതത്തെ പഠിക്കൂ!ആധുനികനാവൂ!)
ഈ വാക്യത്തിൽ ലോട് ലകാര ക്രിയാരൂപമാണ് ഉള്ളത്. കർതൃപദമില്ലെങ്കിലും "പഠ" ,"ഭവ " എന്നീ ക്രിയാരൂപങ്ങൾ മദ്ധ്യമപുരുഷ ഏകവചനസർവ്വനാമമായ "ത്വം " (നീ ) നോട് ചേരുന്നതാണ് എന്നു മനസ്സിലാക്കാം!
"വന്ദേ മുകുന്ദ! ഹരേ!"( ഹേ!മുകുന്ദാ! ഹേ!ഹരേ ! വന്ദിക്കുന്നു.) ആര്? "വന്ദേ" എന്ന പ്രയോഗം ഉത്തമപുരുഷ ഏകവചന സർവ്വനാമമായ " അഹം"(ഞാൻ) കർതൃപദമാവുമ്പോഴാണ്. (ലട് ലകാര ആത്മനേപദി- പട്ടിക -X.)
( തുടരും)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ