. 48. മകനെയോർത്ത്
ആരെന്നുചൊല്ലുവാനാവില്ലെനി, ക്കെന്റെ
ആരോമലുണ്ണിക്കു കാണണമച്ഛനെ
അച്ഛനൊരു ദിനം വരുമെന്നു ചൊല്ലി
ആശ്വസിപ്പിച്ചിരുന്നിതുവരേയും ഞാൻ
ആദ്യമായ് വിദ്യാലയത്തിലാക്കീട്ടു ഞാൻ
അവനെ വിളിക്കുവാനെത്തവേ വൈകിട്ട്
ആ മുഖം വിങ്ങി വിഷാദമയമായിട്ട്
ആലോചനയിലാണ്ടസ്വസ്ഥമായ്ക്കണ്ടു
"കുട്ടികളൊത്തു വഴക്കിലേർപ്പെട്ടുവോ
കിട്ടുകയുണ്ടായോ ടീച്ചറിൽ നിന്നടി?"
കാര്യമെന്തെന്നു ചോദിച്ചു ഞാനെങ്കിലും
കേട്ടഭാവം നടിച്ചില്ലവൻ തെല്ലുമേa
എത്രചുഴിഞ്ഞുഞാൻ ചോദിച്ചുവെങ്കിലും
എന്റെ ചോദ്യം വെറും പാഴ്‍ച്ചോദ്യമായ് മാറി
എന്റെ മകന്റെ മനസ്സിലെ വേദന
എത്രയാഴത്തിലോ എങ്ങനറിയും ഞാൻ
ഒട്ടും പ്രതീക്ഷിക്കാതൊരുസന്ധ്യാ നേരത്ത്
ഒട്ടിയെന്നോടു നിന്നിട്ടവൻ ചോദിച്ചു
"ഒന്നു ചൊല്ലീടുമോ എന്റെയച്ഛന്റെ പേർ
ഒന്നു കേൾക്കാനായിട്ടെങ്കിലും ചൊല്ലുമോ?
"ക്ളാസ്സിലേക്കുട്ടികൾ ചോദിക്കയുണ്ടായി
കാരണമെന്തേയെന്റച്ഛനെന്നെക്കൂട്ടി
ക്ളാസ്സിലാക്കുന്നില്ലവരെയാക്കുമ്പോലെ,
കൂടാതെ ചോദിച്ചച്ഛന്റെ പേരുമവർ"
ചങ്കുപൊട്ടിച്ചോര ചിന്തിയെന്നുള്ളിലായ്
ചോദ്യത്തിനുത്തരമെന്തേ കൊടുക്കുക?
കൂട്ടുകാരച്ഛന്മാരൊപ്പമെത്തുന്നതു
കണ്ടീടവേയവനാഗ്രഹമുണ്ടാകാം
അത്രയെളുപ്പം തന്നാഗ്രഹത്തിന്നൊരു
അറുതിയുണ്ടാവില്ലയെന്ന് കണ്ടീടവേ
പേരു ചൊന്നാൽമതിയെന്നവൻ ചൊല്ലവേ
പേരെടുത്തെങ്ങിനെ ചൊല്ലുമപ്പേരുഞാൻ?
തെറ്ററിയാതൊന്നു പറ്റിയകാരണം
തീരാത്തവേദനയിന്നു തിന്നുന്നു ഞാൻ
പോരെങ്കിലെന്റെയാവൻതെറ്റുകാരണം
പൊന്നുമോനച്ഛനുവേണ്ടിയുഴറുന്നു
ജീവിതകാലം മുഴുവനിനിയവൻ
ജീവിച്ചു തീർക്കണമച്ഛനില്ലാത്തോനായ്
എന്റെ തെറ്റിന്നായവൻ പിഴ മൂളണം
എന്നേയവൻ ശപിക്കാതെയിരുന്നെങ്കിൽ
പേരിനി ചൊല്ലാതിരിക്കാനാവില്ലല്ലോ
പാടില്ലിനിയെന്റെ മോനേക്കരയിക്കാൻ
അച്ഛന്റെ പേരുമാത്രം കൊണ്ടവനിനി
ആശ്വാസതീരത്തണഞ്ഞുനിന്നീടട്ടെ
ഒരുനിമിഷത്തിലെ തെറ്റിന്റെ പേരിൽ
ഒന്നല്ല രണ്ടുപേർ നീറി ജീവിക്കണം
ഇലമുള്ളേലോ മുള്ളിലയിലോ വീണാൽ
ഇലയ്ക്കാണ് ദോഷമെന്നറിയുന്നു ഞാനിന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ