2019 നവംബർ 25, തിങ്കളാഴ്‌ച

32. ബാർബിയുടെ ദുഃഖം

       32.  'ബാർബി'യുടെ ദുഃഖം.

"എത്ര സുന്ദരി ബാർബി", ചൊൽവൂ  ബാലകരൊക്കെ ! 
എനിക്കറിവില്ലെന്നാൽ എൻ്റെ  ചന്തമെത്രയാം 
എന്തിനാണെന്നേയവർ ഇത്ര  സ്നേഹിക്കുന്നതും
എപ്പോഴുമവരെന്നെ പട്ടുടുപ്പിടുവിച്ചു 
                   
പൌഡർ പൂശീടുന്നതും  കണ്ണുകളെഴുതീട്ടു 
പൊട്ടുതൊടുവിക്കതും മാമും  പാലുമുട്ടീട്ടു
പാടിയുറക്കുന്നതും  ഉറങ്ങിക്കഴിയുമ്പോൾ 
പുതപ്പിച്ചീടുന്നതും, അറിയില്ലെനിക്കൊട്ടും!

എങ്കിലും ഞാനതെത്ര  ഇഷ്ട്ടപ്പെട്ടീടുന്നെന്നോ
എപ്പോഴുമെപ്പൊഴും ഞാൻ  അതിനായ് കാത്തീടുന്നു.
കുഞ്ഞിക്കൈ കൊണ്ടുള്ളോരു തടവും തലോടലും
കുഞ്ഞിവായ് കൊണ്ടുള്ളോരു താരാട്ടു കേൾക്കുന്നതും

എന്നേയുറങ്ങാത്തേനു കൊഞ്ചി  ശകാരിക്കതും
മണവാട്ടിയെപ്പോലെ  അണിയിച്ചൊരുക്കീട്ടു
മണവാളനെക്കൊണ്ടു  മാലകെട്ടിക്കുന്നതും
മണിയറയിലേക്കു ആനയിച്ചീടുന്നതും 
  
എത്രയാനന്ദകരം?  കണ്ടുനിങ്ങൾ  നിന്നാലോ 
എന്നേപ്പോലെ നിങ്ങളും ഉറപ്പായ്  സന്തോഷിക്കും! 
സന്തോഷമെനിക്കേറെ ഉണ്ടെന്നാകിലും  ഉള്ളിൽ
സന്താപത്തിഎന്റേയൊരു നീറ്റലൂറീടുന്നുണ്ട്

എനിക്കും അവരേപ്പോൽ കൊഞ്ചാനും  കുഴയാനും
എവിടേക്കു വേണേലും  നടന്നു  പോയീടാനും
തിന്നാനും കുടിയ്ക്കാനും കുന്നായ്‌മ  കാണിക്കാനും
തനിയെയിരുന്നിട്ടു പുന്നാരം ചൊല്ലീടാനും

അച്ഛനമ്മമാരുടേന്നുമ്മ കിട്ടീടുവാനും
അവർക്കതൊക്കെത്തന്നെ തിരികേ  കൊടുക്കാനും
ആഗ്രഹമെത്രയേറെ ഉണ്ടാവും,  ചിന്തിച്ചീടൂ
ആഗ്രഹമെന്റേതൊന്നു  സാധിച്ചു  തന്നീടാമോ? 

എന്നെയെന്തുകൊണ്ടൊരു ഊമയായി  സൃഷ്ടിച്ചൂ?
എന്തുകൊണ്ടു ജീവൻ്റെ  തുടിപ്പു  തന്നതില്ല?
അപരാധമായൊന്നും  ചെയ്തിട്ടില്ലൊരിക്കലും 
അറിയാതെപോലും ഞാൻ, ഉറപ്പായിട്ടും ചൊല്ലാം

എന്നിട്ടുമെനിക്കെന്തേ 'കളിപ്പാവ'യായിട്ടു 
തന്നു ജന്മം ചൊല്ലീടൂ മനുജാ ദയവായി
മിണ്ടുവാനാകാത്തതും വികാരം  കൊള്ളാത്തതും
ഉണ്ടാക്കുന്നെന്നിൽ ഖേദം അറിയൂ മനുജാ നീ 

പൊയ്‌പ്പോയജന്മത്തിൽ ഞാൻ  അറിയാതെയെങ്കിലും
പാപമായെന്തെങ്കിലും  ചെയ്തുപോയിട്ടുണ്ടെങ്കിൽ
പുനർജീവിപ്പിച്ചൂടേ ശാപമോക്ഷം തന്നൊരു
പാവം പെൺകുഞ്ഞായെന്നെ? മനുജാ  പുണ്യം കിട്ടും!

                       
                       

                       

    
          




                         
   


                     
              
  
          
        









  

                   

  
                 . 
                  
                   
  

20. മനസ്സെന്ന അഭിലാഷച്ചെപ്പ്.

   20.  മനസ്സെന്ന അഭിലാഷച്ചെപ്പ് 

പിഞ്ചിളം കുഞ്ഞിൻ മനതാരിന്നാഗ്രഹം    ചെഞ്ചൊടിയാലമ്മേടമ്മിഞ്ഞനുണയാൻ 
നല്ലപോലെന്നിട്ട് കണ്ണടച്ചുറങ്ങേണം
ഇല്ലില്ല വേറിട്ടൊരു മോഹവുമവന് 

എന്നാലിശ്ചകൾ വളരുമവനൊപ്പം!
'നന്നായ് ചരിഞ്ഞു കമിഴ്ന്നൊന്നു വീഴണം,
തല പൊക്കണം, വയറിന്മേല് നീന്തണം
തലതിരിച്ചമ്മയേ നോക്കിച്ചിരിച്ചിട്ട്,  

'കണ്ടുവോ എന്റെ മിടുക്കെ' ന്നമ്മയുടെ 
കണ്ണിൽ നോക്കിത്തൻ്റെ കണ്ണാൽ ചോദിക്കണം,
മുട്ടേൽ നിവർന്നിട്ട്  നാൽക്കാലിലിഴയേണം
പെട്ടെന്നെഴുന്നേറ്റു പിച്ചനടക്കേണം

അച്ഛന്റേമമ്മേടേം വിരലിൽപ്പിടിച്ചോണ്ട് 
അതിവേഗം നടക്കണം, ഓടിടേണം  
ചേട്ടന്റേം ചേച്ചീടേം കലപില കേൾക്കുമ്പോൾ
ചോരിവായാലതുപോലെ കൊഞ്ചീടണം' 

കളങ്കമില്ലാത്ത മനസ്സിന്നിശ്ചകൾ
കഴിവിൻ പടി നിറവേറുക ചെയ്യും
വളർച്ചതന്നോരോ പടവും കയറേ
വളരും മനസ്സിന്നിശ്ചകളുമൊപ്പം!

വലുതായാൽ മനുജൻ്റെ  മോഹങ്ങൾക്കും 
വരുമൊരു നിറം, അതിമോഹത്തിന്റേത്!
മതിവിട്ടയാശ നിറവേറാതാകേ 
മനുഷ്യ മനസ്സിൽ നിരാശയുദിക്കും  

എന്നാലുമതിരില്ലയഭിലാഷങ്ങൾക്ക്  
നന്നാകുകില്ലവനെത്രപഠിച്ചാലും!  
പരലോകം പൂകേണ്ട സമയം വരെ
പൊരുതുമവൻ തൻ്റെയാശകൾ തീർക്കാൻ !

രോഗിയായ് വയസ്സായ് കിടക്കയിൽ വീഴേ 
രാവും പകലും മനസ്സാലേ കേണീടും :
"ദൈവമേ ജീവിച്ചു കൊതിതീർന്നില്ലല്ലോ  
ജീവിക്കാനവസരം തരണേമിനീം!"

മറ്റുള്ളോർ കേൾക്കാനായുറക്കെച്ചൊല്ലും:  
"മതിയായി ദൈവമേ എന്നേയെടുക്കങ്ങ്"
മനുജൻ്റെയാഗ്രഹച്ചെപ്പാം മനസ്സിൽ  
അനുദിനമാഗ്രഹം കതിരിട്ട് പൊന്തും!


                 

                     

                 



  
                        
                     
         . 

                    

2019 നവംബർ 9, ശനിയാഴ്‌ച

39. കുട ചരിതം

                 39.  കുടചരിതം
   
കുടയെന്നു കേൾക്കുമ്പോളാദ്യമായെൻ  മനസ്സിൽ 
കയറിവരുമച്ഛൻ്റെ ഓലത്തൊപ്പിക്കുട

വെയിലത്തും മഴയത്തും  ജോലിചെയ്യാനായി
വയലിലും പറമ്പിലും പോകുമ്പോൾ തലയിൽ  

ഓലത്തൊപ്പിക്കുട തൻതനുവിൻ ഭാഗംപോൽ
തലയിലുറപ്പിച്ചു വയ്ക്കുമച്ഛൻ പതിയേ

ഇടവപ്പാതി മഴ തുടങ്ങിയാലച്ഛൻ്റെ  
കുടയുടെകോലവും നിറവും മാറിപ്പോകും

ചൂരലിൽ തീർത്തോരു വളവുള്ള പിടിയോടെ 
നരച്ചു കീറാറായ ശീലതൻ കാലൻകുട!

മഴയത്തുഞാനെന്റെ സ്വന്തം കുടയായിട്ടു
വാഴത്തണ്ടിന്റെപിടിയുള്ളൊരു നീണ്ടകുട

വാഴയുടെ കയ്യീന്നു കടമായി വാങ്ങീട്ടു 
വഴിയിലെ മഴവെള്ളം തട്ടിത്തെറിപ്പിച്ചു

പോയീടും ദിവസേനപാഠശാലയിലേക്ക് 
പലപ്പോഴും കുടയുടെ നീളം കുറഞ്ഞീടും 

വട്ടത്തിൽ ചേമ്പിലക്കുടയായതു മാറീടും!
വഴിയിലെറിയാമവ മഴ കഴിഞ്ഞെന്നാൽ!

നാളുകൾ കഴിയവേ കുടയുടെ നീളവും
നിറവും വലിപ്പവും തുണിയുടെ ഗുണവും 

മാറിമറിഞ്ഞിട്ടു വരും വന്നതുപോൽ  പോകും
മാറില്ലെന്നാൽ ഗതി മഴയുടേം  വെയിലിന്റേം 

കാലൻകുട മാറീ, മുറികാലൻ കുട വന്നു
നീലക്കുട, പിങ്കുകുട, പച്ച, മഞ്ഞക്കുട,

മാറൂൺകുട,യങ്ങിനെയെത്ര നിറത്തിൽ  കുട
മാരിവില്ലുപോലെ പലനിറത്തിൽ കുടകൾ! 

നിറമില്ലാക്കുട മാത്രം വന്നില്ലിതുവരെ!
അറിയില്ലതു വരുമോ? വന്നെന്നും വന്നീടാം!

ശീലക്കുട പോയിട്ടു പ്ലാസ്റ്റിക്കിൻ  കുടവന്നൂ,
നൈലോണും അക്രിലിക്കും  ഫെൽറ്റിന്റേം റയോണിന്റേം. 

തുണിതൻ കുടകളിൽ ഭ്രമമായി  മനുജന്ന് 
തുണിയില്ലാക്കുടയിനി വന്നെന്നും  വന്നീടാം

മുറിക്കാൽക്കുടപോയിട്ട് ഇരുമടക്കൻ  വന്നു
പിറകേ വന്നൂ മൂന്ന്  മടക്കുള്ള കുടകളും

പുതുതായിതാവന്നല്ലോ വെള്ളിപൂശീട്ടുള്ള
പഞ്ചമടക്കുള്ളോരു ഭാരമില്ലാത്ത കുട!
                        
തരുണികളതു സ്വന്തം കൈസഞ്ചിയിൽ  വച്ചിട്ട്
തഞ്ചത്തിൽ ഗമിച്ചീടും ഗമയോടെ  നാടാകെ!

ഇപ്പോഴിതാ വന്നല്ലോ കുട്ടിപ്പട്ടാളത്തിനു
തൊപ്പിക്കുട നൈലോണിൻ, കാലില്ലാക്കുടയാണത്!

കുടയുടെ കമ്പിക്കും വ്യതിയാനം  വന്നേറെ 
കറുത്തതും, വെളുത്തതും  പരന്ന, തുരുണ്ടത്
              
പണ്ടുകമ്പിയില്ലാക്കമ്പി വന്നതുപോലിനി
പിറകേ വന്നെന്നു വരാം  കമ്പിയില്ലാക്കുട!!!                         

                                              
                        
  
                        

                           





                        
                        
                       
   

                        

   


  







.
  
                       




                      
                      
                       



  




2019 നവംബർ 4, തിങ്കളാഴ്‌ച

വിദ്യാരംഭം

           എൻ്റെ   വിദ്യാരംഭം

    ഉപഗുപ്തൻ കെ. അയിലറ

കുളിയും കഴിഞ്ഞു കുറിയുമിട്ട് 
തെളിയും വദനവുമായ് മെല്ലേ 
അച്ഛനും ചേച്ചിയ്ക്കുമൊപ്പം പോയി
ആശാൻ പള്ളിക്കൂടമമ്പലത്തിൽ

ഒരു തളിർവെറ്റിലയിൽ നൽകീ   
ഗുരുദക്ഷിണയാശാനു പിന്നെ    
ഗുരുവെൻ്റെ തലയിൽ കൈവയ്ക്കേ  
ഒരു കുളിര്  തനുവെപ്പുണർന്നു

ഗുരുവിന്നനുഗ്രഹമാണതെന്ന്
ഒരു മാത്രയന്ന് നിനച്ചില്ല ഞാൻ
ഗുരു  പിടിച്ചെന്നേയിരുത്തീ 
ഒരോലത്തടുക്കിലായ് മെല്ലേ 

വലതുകൈച്ചൂണ്ടു വിരൽ പിടിച്ച്
വളയാതതു നേരേ നിവർത്തീട്ട് 
എഴുതിച്ചെന്നേ 'ഹരിശ്രീ'യാശാൻ  
പൂഴി മണ്ണിലനേകം  തവണ

ചൊല്ലിച്ചദ്ദേഹം 'ഹരിശ്രീ'യെന്നു
എല്ലായ്പ്പോഴുമെഴുതിച്ചീടവേ
ചൊല്ലാതെചൊല്ലി, രഹസ്യമായി
ചൊല്ലിപ്പഠിച്ചതു ഞാനെന്നുള്ളിൽ

ആദ്യാക്ഷരങ്ങളെഴുതിച്ചെന്നെ
ആശാനൊരാനന്ദത്തേരിലേറ്റി
അക്ഷരമുറ്റത്ത് പിച്ചവയ്ക്കാനും   
അറിവിൻ തേൻ നുകരാനുമായി

നാരായത്തുമ്പാൽ പനയോലേല-
ക്ഷരമാലയെഴുതിയെനിക്ക് തന്നു
വേനപ്പച്ചേടെയില ഞെരുടി 
ഞാനാ അക്ഷരത്തിന്മേല്  തേച്ചു 

കറുപ്പിൻ നറുനിറം വന്നപ്പോൾ
നിറഞ്ഞുതുളുമ്പിയെൻ സന്തോഷം
അറിയാതൊരുമ്മ കൊടുത്തതിന്ന് 
പറയല്ലേ ആരോടും നിങ്ങളത്

ആശാൻ പള്ളിക്കൂടമിന്നില്ലല്ലോ
ആശാനുമന്നത്തേപ്പോലിന്നില്ല
പനയോലപ്പുസ്തകോമിന്നില്ല
പനയോല പോലും കാണ്മാനില്ല
  
ആശയുണ്ടിന്നെനിക്കൊന്നുകൂടി
ആശാൻ്റെ ശാലയിലൊന്നുപോയി
ആശാൻ്റെയനുഗ്രഹം വാങ്ങിയിട്ട് 
ആ പൂഴിമണ്ണിലായൊന്നെഴുതാൻ!

ഗുരുവിനെയോർത്തൊന്നു ധ്യാനിക്കൂ 
ഒരു പുത്തൻ കാരിയം ചെയ്യുമ്പോൾ   
ഗുരുവിന്നനുഗ്രഹമില്ലെങ്കിൽ
ഗുരുത്വമില്ലാത്തവനായിപ്പോം!

(Copy Right :  Upagupthan K.Ayilara)

   

  

   
   







2019 നവംബർ 2, ശനിയാഴ്‌ച

12. കേഴുന്ന വഴിത്താര.

        12.   കേഴുന്ന വഴിത്താര

പണ്ടു ഞാൻ വെറുമൊരു  വഴിത്താരയാരുന്നു
പതിവായ് താണ്ടീടുന്ന നാട്ടാർക്കു മാത്രം വേണ്ടി
വളഞ്ഞും പുളഞ്ഞും ഞാൻ കിടന്നൂ അവർക്കായി, 
കളങ്കം തീണ്ടാത്തോരു  വാല്യക്കാരനെപ്പോലെ.            

നടന്നുപോയിരുന്നവർ വളരെപ്പതുക്കെ, 
നഗ്നപാദങ്ങളാലേ എന്നെനോവിച്ചിടാതെ  
മുതിർന്നോർ ചന്തേലേയ്ക്കു  പോകുമ്പോൾ കുട്ടിക്കൂട്ടം
മതിവിട്ടോടിച്ചാടീം തമ്മിൽത്തല്ലുകൂടിയും

വഴിയോരത്തെ മാവിൽ കയറീം എറിഞ്ഞിട്ടും
വഴിയോരത്തെ പൂക്കൾ മുത്തിയും മണപ്പിച്ചും
വിദ്യാലയത്തിലേയ്ക്കും തിരികേം പോകുമവർ
വലിയാഹ്ളാദത്തോടെ, പൂമ്പാറ്റക്കൂട്ടം പോലെ
      *******     *******     ***
ഒരുനാൾ മൺവെട്ടിയും പിക്കാസ്സും കയ്യിലേന്തി
ഒരുപറ്റമാളുകൾ വന്നെന്നെ വെട്ടിക്കീറി, 
വീതിയേറെക്കൂട്ടീട്ടു നല്ലപോൽ നിരപ്പാക്കി
വെട്ടുകല്ലും നിരത്തി മണ്ണുമിട്ടുറപ്പിച്ചു 

മാറിപ്പോയെന്റെ കോലം കാലം മാറിപ്പോയില്ലേ
മാറിപ്പോയെൻ്റെ പേരും, പേരു 'റോഡെ' ന്നിട്ടവർ
വേദനിച്ചിട്ടാണേലും സഹിച്ചൂ ഞാനതൊക്കെ
വേണമല്ലോ പുതുമ, കാലത്തിന്നൊത്തു പോണം

വന്നൂ കാളവണ്ടികൾ കഴുത്തിൽ  മണിയാട്ടി
മന്ദമായലസമായ് അയവുമിറക്കീട്ടു 
നടക്കും കാളജോഡി വലിച്ചീടും വണ്ടികൾ
'കടകടാ'രവത്തോടെ  റാന്തലും തൂക്കിയിട്ട്   

പിറകേയെത്തീ സൈക്കിൾ'  മണിയുമടിച്ചോണ്ടു 
പിന്നെ ഭാരവുമേറ്റി ചീറിപ്പായും ലോറികൾ 
പുകയും തുപ്പിക്കൊണ്ടു പൊടിമണ്ണു വായുവിൽ
പറത്തീമെൻ്റെയിടനെഞ്ചു പിളർത്തീം വന്നൂ !

പിറകേ ബസ്സും വന്നൂ ഒന്നല്ല, മത്സരിച്ചു 
പറക്കുവാൻ വേണ്ടത്രയും, 'കിളി'തൻ കളിയുമായ്‌,
മഴക്കാലമാകുമ്പോൾ ചെളിവെള്ളവും കെട്ടി
വഴിയേ പോകുന്നൊരെ  ചെളിയിൽക്കുളിപ്പിക്കാൻ!!!
      *******     *******     *******
കാലമങ്ങിനെയൊട്ടു കടന്നേപോയീ പിന്നേം
കാലക്കേ,ടെന്റെ മാറിൽ ടാറിട്ടെന്നേ മിനുക്കി
അധികാരികളെന്നെ താമസംവിനാ രാജ-
വീഥിയായി വാഴിച്ചിട്ടിട്ടൊരു പുത്തൻ പേരും!

ഏറെ ഞാൻ സന്തോഷിച്ചു തരിമ്പും മണ്ണില്ലാതെ
മാറിക്കിട്ടീടും പൊടി, ചെളിയുമതുപോലെ!
എന്റെ മോളിൽക്കൂടിപ്പോൾ ഓടുന്നു 'മോഡേ'ണായ
'എസീ', 'ലോയർ ഫ്ലോറുകൾ', 'സൂപ്പർ ഫാസ്റ്റുകൾ', പിന്നെ 

എത്രയോ പേരുള്ളോരോ കാറുകൾ, സ്‌കൂട്ടർ, ബൈക്ക്
എത്ര  വേഗത്തിലെന്നോ!,  പായുന്നൂ  നിരന്തരം!
ഏറെനാളെന്നാലെന്റെ സന്തോഷം നീണ്ടില്ലല്ലോ!
ടാറു ചൂടായിട്ടെന്റെ മേലാകെ പൊള്ളിപ്പൊങ്ങി! 

മഴക്കാലമാകവേ എന്റെ ദേഹത്തെ ടാറു
മെല്ലെ മെല്ലേയിളകി കല്ലുകൾ തെളിഞ്ഞിട്ടു 
ഒരുപാടു വണ്ടികൾ  പാഞ്ഞുപോകൂമ്പോളവ
ഒന്നൊന്നായിളകീട്ടു കുഴിയായി കുണ്ടായി

ആഴമേറും കുഴികൾ പൈപ്പും കേബിളുമിടാൻ
കുഴിച്ചിട്ടു മൂടാതെ ഇട്ടേക്കുമനേകനാൾ 
പൊട്ടച്ചെളിക്കുളമായ് ഞാൻ മാറിപ്പോകവേയെൻ
പണ്ടത്തെ ഒറ്റയടി വഴിത്താരക്കാലത്തെ

കളങ്കം തീണ്ടാത്തോരു വാല്യക്കാരനെപ്പോലെ 
വളഞ്ഞുപുളഞ്ഞിട്ടു കിടന്നാൽ മതിയെന്നു
അതിയായിട്ടാഗ്രഹം മനസ്സിലുദിച്ചുപോയ്
അതിന്നായി ഞാനിന്നു  മനംനൊന്തു കേഴുന്നു!
  







                       
                        








                      
                         



             

Q