9. വയലേലയുടെ വിലാപം
ഓർത്തെടുക്കട്ടേ ഞാനെൻ ഓർമ്മയിൽ പരതീട്ടു,
ഓർമ്മയായൊരാ നാളിൻ താളിലെ പദങ്ങളെ
ചൊല്ലിയന്നാ പദങ്ങൾ നിങ്ങളെന്നെ നോക്കീട്ടു
'നെല്ലു വിളഞ്ഞീടുന്ന''വയലേല'യാണതു!
'വയാലേല'യല്ലിന്നു ഞാൻ 'വയൽക്കര'യെന്ന
വ്യക്തിത്വമില്ലാത്തൊരു കോലത്തിലായിപ്പോയി
അന്നുഞാൻ നാട്ടാർക്കൊക്കെ പൊന്നുവിളയും പാടം
അന്നദാതാവെന്നെന്നേ വിളിച്ചാദരവോടെ
വളവും വെള്ളോമേകി പരിരക്ഷിച്ചൂ നിങ്ങൾ
വിഷംതീണ്ടാത്ത വളം പരിശുദ്ധമാം വെള്ളം!
വിത്തിട്ടു, കാവൽ നിന്നു, തുരത്തീ പക്ഷികളെ
ചന്തത്തിൽ ചെറുമികൾ നട്ടു ഞാർ, പാട്ടുംപാടി
ഞാനേറ്റിയവയെന്റെ നെഞ്ചിലായ് മോദത്തോടെ
ഞാറൊക്കെ വേരിറക്കി, വിത്തു മുളച്ചുപൊങ്ങി
ചന്തത്തിലവമെല്ലെ വളർന്നു വലുതായി
ചേലുറ്റപച്ചപ്പോടെ തലയാട്ടിനിന്നു ഞാൻ
.***** ***** *****
ആശ്രയംകൊടുത്തൂ ഞാൻ എൻമാറിൽ പലയിനം
മൽസ്യങ്ങൾ, തവളകൾ, മാക്രികൾ, നീർക്കോലികൾ
കൊക്കുകൾ, കുളക്കോഴി, ഞണ്ടുകൾ ഇത്യാദിക്ക്
കാത്തു ഞാനവരെയെൻ മക്കളെപ്പോലേയെന്നും
വളർത്തീ ഞാനെന്നതിർ വരമ്പിൽ പലയിനം
വിളകളാകും തെങ്ങും കമുകും വാഴേം പിന്നെ
കുടങ്ങൽ കാക്കപ്പൂവും ഔഷധച്ചെടികളും,
കൊടുക്കാൻ പശുക്കൾക്ക് പുല്ലുകൾ പലയിനം
ചുരുളി,തഴക്കൈത, കാട്ടുചേമ്പുമൊക്കെയും;
അരികെയുള്ള തൊടു ക്രമീകരിച്ചൂ വെള്ളം
പ്രകൃതീ സന്തൂലനം നന്നായിപ്പാലിച്ചു ഞാൻ
പറയട്ടെയില്ലെന്നു പഴയ തലമുറ!
.***** ***** . *****
കാർത്തിക വിളക്കുകൾ നിരത്തിക്കത്തിച്ചിട്ട്
'പൂർത്തിയായ് നിൻവളർച്ച', ഓർമിപ്പിച്ചെന്നേ നിങ്ങൾ
കതിരിട്ടുടനേ ഞാൻ പാകമായ് പഴുത്തുഞാൻ
കാഞ്ചന നിറമാർന്നു മോഹിപ്പിച്ചു നിങ്ങളെ
മോഹ,മോദങ്ങളോടെ കൊയ്തു കറ്റയാക്കീട്ടു,
മെതിച്ചുണക്കി, ഇട്ടൂ പത്തായത്തിലായ് നിങ്ങൾ!
കൊയ്തുകഴിഞ്ഞ പാടം നിറഞ്ഞൂ പശുക്കളാൽ
കൂത്താടിച്ചാടി,മേഞ്ഞു സന്തോഷത്തോടെയവ
കുട്ടികൾ മേളത്തോടെ കളിച്ചൂ പലതരം
കളികൾ, എല്ലാം കണ്ടു നിങ്ങളും സന്തോഷിച്ചു.
ഇത്രമേൽ നിങ്ങൾക്കു ഞാൻ സന്തോഷം പകർന്നിട്ടും
തത്രപ്പാടോടേ നിങ്ങളൾ എന്നെക്ക്രൂശിച്ചതില്ലേ?
എന്നുള്ളിൽകല്ലുംമണ്ണും മാലിന്യക്കൂമ്പാരവും
കുന്നോളം നിറച്ചെന്നെ വിരൂപമാക്കിയില്ലേ?
ഇന്നെൻ്റെ നെഞ്ചിൻ കൂട്ടിൽ കമ്പിത്തൂണുകളേറെ
ഇടിച്ചങ്ങിറക്കുന്നു പിടഞ്ഞുകേഴുന്നു ഞാൻ
ഭാരവും പേറിനിൽപ്പൂ മന്ദിരങ്ങളേറെയെൻ
കരണത്തിലാകെയും എങ്ങിനെതാങ്ങീടും ഞാൻ?
പേരറിയാ വൃക്ഷങ്ങൾ തങ്ങൾതൻ കൂർത്തുമൂർത്ത
വേരുകളേറെയെൻ്റെ ഹൃത്തിലേക്കിറക്കീട്ട്
കുത്തിനോവിക്കുന്നെന്നെ, രക്തമൂറ്റിടുന്നെൻ്റെ
ഇത്തിരി ശ്വാസത്തിനായ് വീർപ്പുമുട്ടീടുന്നു ഞാൻ
ആരെന്നേ ശപിച്ചെന്നു അറിയില്ല തെല്ലുമേ
അഹല്ല്യാമോക്ഷംപോലെ ശാപമോക്ഷമുണ്ടാമോ?
ശാപമോക്ഷത്തിന്നായി കാത്തു ഞാൻ കിടക്കുന്നൂ
പാപമായൊന്നും തന്നെ ചെയ്തിട്ടില്ലെന്നാകിലും!
ആവില്ലേ മർത്യാ നിങ്ങൾക്കെന്നെ മോചിപ്പിച്ചീടാൻ
ആ നല്ല നാളേക്കായി മോഹിക്കുന്നില്ലേ നിങ്ങൾ?
മോഹമുണ്ടാകും നിങ്ങൾ, ക്കറിയാമെനിക്കതും
മോഹം നിങ്ങൾ മറയ്ക്കും ദുരഭിമാനം മൂലം!
മോഹമുണ്ടെനിക്കേറെ ഒന്നുയിർത്തെഴുന്നേൽക്കാൻ
മോഹമുണ്ടന്നത്തേപ്പോൽ വയലേലയായ് മാറാൻ!!!
(കരണം = ശരീരം)
*******
ഉപഗുപ്തൻ കെ. അയിലറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ