2019 സെപ്റ്റംബർ 15, ഞായറാഴ്‌ച

44. ഒരു പക്ഷി - വൃക്ഷ സംവാദം.

  44.  ഒരു പക്ഷി  - വൃക്ഷ സംവാദം.
      
മരമൊന്നുലഞ്ഞു, കിളിചൊല്ലി  "ഉലയല്ലേ! 
മനമെന്റേതുലയും, മമമുട്ട കണ്ടീലേ?
എന്റേതിതു പൊന്മുട്ട വീണിട്ടുടഞ്ഞാലതു 
എന്നേ വൻ കദനത്തിൽ  ആഴ്ത്തുമെന്നറിയീലേ?

"മുട്ടകൾ വിരിഞ്ഞിട്ടെൻ അരുമ, പൊന്നോമന
മക്കളെ കൊതിതീരെ കണ്ടു  ലാളിക്കുവാൻ
എന്മനമുഴറുന്നതു നീയറിയുന്നുണ്ടോ
നിന്മനമതിലൊരു മാതാവിൻ മനമുണ്ടോ? "

"അറിയാഞ്ഞിട്ടല്ല, ഞാനറിയാതെ മാരുതൻ
അലിവുകാട്ടാതെന്നെ പിടിച്ചൊന്നു കുലുക്കി
പിടിച്ചുഞാൻ നിന്നീലയോ നിന്മുട്ട വീഴാതെ
പരിഭവിയ്‌ക്കേണ്ട നീ"  മരമോതിയുടനേ

"അഭയം നിനക്കു ഞാൻ തന്നെങ്കിലതു നിന്നെ
അലിവുള്ള മനമോടെ കാത്തീടുവാനല്ലേ?
എന്നിൽ നീ വിശ്വാസം അർപ്പിച്ചിതെന്നാകിൽ
എന്നേക്കുമതു നില നിർത്തുകയെൻ കടമ

"എന്നിലെ സ്വാദേറിയ പഴങ്ങൾ ഭക്ഷിച്ചു നീ
നന്നായി നിൻ പശി അടക്കീടുവതുണ്ടല്ലോ
എൻവിത്തുകൾ പകരമായ് ദൂരേയ്‌ക്കായെത്തിച്ചു
എൻ വംശ വർധനവിനു നീ ഹേതുവാകുന്നു

"എൻവിത്തുകൾ എൻ കീഴിൽ വീണു കിളിർത്താലവ
ഏറെനാൾ ജീവിക്കുക സാധ്യമല്ലെന്നറിക
ദൂരേയ്ക്കവ പോയെന്നാൽ വീണവ കിളിർത്തെന്നാൽ
കരുതൂ അവ വളർന്നിട്ട് വലുതാകുമെന്നത്

"നിന്മുട്ട വിരിഞ്ഞുള്ള ഓമനകളെ  കാൺകേ
എന്മനമലിയുന്നതു നീയറിയുന്നീല!
അകലെക്കിളിർത്തു വളർന്നു വലുതാകുമെൻ
തൈകളാം ഓമനകളെ ഒന്നു തലോടുവാൻ

"എൻകൈ തരിക്കുന്നതും ഒരുനോക്കു കാണുവാൻ 
എന്മനമുഴറുന്നതും നീയറിയുന്നീല!
നിൻ്റെ യോമനകളെ പകരമായ് ഞാനെൻ്റെ
നീണ്ടോരു  ശാഖകളാം കൈകളിൽ കനിവോടെ

"ലാളിച്ചു നിർവൃതി കൊൾവതുണ്ടറിയുക നീ
കളിവാക്കല്ലിതു തെല്ലും, കാര്യമായ് ചൊൽവൂ ഞാൻ"
പക്ഷിക്കു ജാള്യമായ് മനതാരിലലിവൂറി
വൃക്ഷത്തിന്നാത്മാർത്ഥത ഉൾക്കൊണ്ടിട്ടവൾ ചൊല്ലി:

"നമിപ്പൂ ഞാൻ  നിങ്ങളെ പൊറുത്തീടെൻ നെറികേട്
നന്ദിയില്ലാതെ ഞാൻ ചൊല്ലിയവ ക്ഷമിച്ചീടൂ
പരോപകാരത്തിനായ് വേണം തനുവെന്നുള്ള
പൊതു പരമാർത്ഥമതു ഞാൻ  മറന്നേ പോയി

"മറക്കുവാനാകില്ല എനിക്കിനി ആ സത്യം
മരിക്കുവോളവും എന്നു ഞാനുറപ്പേകുന്നു
ഇനി നമ്മളൊന്നാണ് പിരിയാ സഹോദരിമാർ
കനിവോടെയന്യോന്യം മരുവേണമെന്നെന്നും"!
       
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ