2017 മേയ് 16, ചൊവ്വാഴ്ച

Post No.7 :: കറുമ്പിപ്പശുവും നന്ദിനിക്കോഴിയും


 



കറുമ്പിയമ്മയും നന്ദിനിക്കോഴിയും  


 1. കറുമ്പിയമ്മ                       


സ്വന്തം  വീട്ടിൽ  വിദ്യാലയം  തുടങ്ങി  രണ്ടാം വർഷം   പുതിയ  സർക്കാർ  കെട്ടിടത്തിലേക്ക്  മാറ്റിക്കഴിഞ്ഞപ്പോൾ     അവിടേയ്ക്കു താമസം മാറ്റുവാൻ കേശവൻ  തീരുമാനിച്ചു.   പക്ഷേ കരുതി വച്ചിരുന്ന പൈസ എടുത്തു  ആ വസ്തുവിനോട് ചേർന്നു കിടന്നിരുന്ന 60 സെന്റ് വസ്തു വാങ്ങിയത്   കാരണം ഇനി ഉടനെയെങ്ങും വീടുപണി പൂർത്തീകരിക്കുവാൻ പറ്റാത്ത അവസ്ഥയിലായി. പോരെങ്കിൽ, വസ്തുവിന്റെ  വിലയുടെ പകുതി തുകയായ മുന്നൂറു രൂപാ  മലയാലപ്പുഴയിലെ മുത്തച്ഛന്റെ കയ്യിൽ നിന്നു കടം കൊള്ളുകയും ചെയ്തു.

എന്നാൽ അതുകൊണ്ടൊന്നും കേശവൻ  പിന്മാറിയില്ല. അടുക്കളയും അതിനോട് ചേർന്ന മുറിയും   ഓല കെട്ടി മറച്ചു,    വാതിലുകളും ഉണ്ടാക്കി.  ബാക്കിയുള്ള ഭാഗം   അറുത്തു വച്ചിരുന്ന പലകകൾ കൊണ്ടു കെട്ടി മറച്ചു ,  താമസവും അങ്ങോട്ടാക്കി.  അതിനും  കുറേ മാസങ്ങൾക്ക്  മുൻപ്  തന്നെ  ഭവാനി തന്റെ  അഞ്ചാമത്തെ  കുഞ്ഞിന്, സുധയ്ക്ക് ,  ജന്മം  കൊടുത്തു  കഴിഞ്ഞിരുന്നു . കേശവന്റെ  ബുദ്ധിമുട്ടുകൾ  ഏറി ഏറി വരികയും ചെയ്തു .    

പാട്ടത്തിനു എടുത്ത  വീടു   റബ്ബർമരങ്ങളുടെ മദ്ധ്യേ ആയിരുന്നതിനാൽ അവിടെ എല്ലായ്പ്പോഴും ഒരു ഇരുൾച്ചയായിരുന്നു.  എന്നാൽ പുതിയ വീടു നിന്നിരുന്നത് തുറസ്സായ,  കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന പച്ചപ്പു  നിറഞ്ഞ, സ്ഥലത്തായിരുന്നു.  പുതു മണ്ണിൽ കൃഷി ഇറക്കിയിരിക്കുന്നതിനാൽ ചുറ്റും  തെങ്ങും തൈകളും വാഴകളും മരച്ചീനിയും ചേനയും ചേമ്പും കാച്ചിലും മറ്റു പച്ചക്കറി  വർഗങ്ങളും സമൃദ്ധമായി  തഴച്ചു വളർന്നു നിൽക്കുന്ന അന്തരീക്ഷം.  അങ്ങോട്ട് താമസം മാറ്റിയപ്പോൾ പെട്ടെന്ന് മനസ്സിനും ശരീരത്തിനും ഒരു കുളിർമയും ഉണർവും വന്ന പോലെ. വീടിനും കുറച്ചു ഏറെ   മുകളിലായി നിറയെ കായ്‌ഫലമുള്ള   ഒറ്റപ്പെട്ട ഒരു  പ്ലാവുണ്ട്.   അതിനും കുറേ മുകളിലായാണ് വെട്ടാതെ ബാക്കി നിറുത്തിയിരിക്കുന്ന വയസ്സൻ പറങ്കിമാവിൻ തോട്ടം.  അതിനപ്പുറം    വലിയ കുന്നായ  , നൂറിലധികം ഏക്കറോളം, സ്ഥലം കൃഷിയൊന്നുമില്ലാതെ കാടുപിടിച്ചു കുറുക്കന്റെയും മറ്റും വിഹാര സ്ഥലമായി കിടക്കുകയാണ്. ഉപനും  ചേച്ചിമാരും സ്കൂൾ ഇല്ലാത്ത സമയങ്ങളിലൊക്കെ തങ്ങളുടെ പുരയിടത്തിലെ  പച്ചപ്പിൽക്കൂടെ ഓടിച്ചാടി കളിച്ചു നടക്കുകയും, പച്ചപ്പയറും വെണ്ടക്കയുമൊക്കെ പൊട്ടിച്ചു മതിയാവോളം തിന്നും,  ആഹ്ലാദം കൊള്ളുക പതിവാണ്. 

വേനലവധി സമയമായാൽ അവർക്കു നല്ല ജോലി സമയവുമാണ്.  അതിരാവിലെ എഴുന്നേറ്റു  ഓരോ വട്ടിയുമെടുത്തു  കശുമാവിൻ തോട്ടത്തിൽ പോയി വീണു കിടക്കുന്ന കശുവണ്ടികളെല്ലാം ശേഖരിക്കണം.     ആഴ്ചയിൽ രണ്ടു ദിവസ്സം എരൂരുള്ള ചന്തയിൽ കശുവണ്ടി കൊണ്ടുപോയി വിൽക്കുകയാണ് പതിവ്. ചന്തയുടെ തലേ ദിവസ്സം കേശവൻ കൂടുതൽ കായ്‌ഫലമുള്ള കശുമാവുകളിൽ കയറി  പഴുത്തു നിൽക്കുന്ന പഴങ്ങൾ കുലുക്കിയിടാറുണ്ട്.  അവ ശേഖരിക്കേണ്ടതും      അവരുടെ   ജോലിയായിരുന്നു.  ഇടയ്ക്കിടയ്ക്ക് നല്ല മധുരമുള്ള പഴങ്ങൾ തിരഞ്ഞെടുത്തു അവയുടെ ചാറു വയർ   നിറയെ കുടിക്കുകയും ചെയ്തിരിക്കും.  ക്രമേണ ഉപനും   മരങ്ങൾ കയറുവാൻ തുടങ്ങിയപ്പോൾ കേശവൻ അതിൽ നിന്നും പതുക്കെ  പിന്മാറി മുഴുവൻ ജോലിയും മക്കൾക്ക്  കൈമാറുകയും ചെയ്തു.

ഇതിനിടെ വീടിനോടു ചേർന്നു പിറകു വശത്തായി കേശവൻ ഒരു എരുത്തിൽ കെട്ടി അധികം പ്രായമായിട്ടില്ലാത്ത രണ്ടു പശുക്കളെ  - ഒരു കറുമ്പിയും     ഒരു പുള്ളിയും -  വാങ്ങി  വളർത്തുവാൻ തുടങ്ങി.  പുല്ലു ശേഖരിച്ചു അവയെ തീറ്റുന്നതിനു ഉപനും ചേച്ചിമാർക്കും വലിയ സന്തോഷം.   കറമ്പിപ്പശു  വളരെ സൗമ്യയായിരുന്നു. ഉപൻ അടുത്തു ചെന്ന് അവളെ തടവുകയും താടിക്കു ചൊറിഞ്ഞു കൊടുക്കുകയും ചെയ്യുമ്പോൾ അതാസ്വദിച്ചു കൊണ്ടു അവൾ അവനോടു ചേർന്നു നിൽക്കും. അവളുടെ മുൻപിൽ തല കുനിച്ചു കാണിച്ചാൽ അവൾ തല നക്കിത്തുവർത്തി  മുകളിലേയ്ക്കു 'ചീകി മിനുക്കി' വച്ചു കൊടുക്കും !  ഒരിക്കൽ  അവൾ തല അൽപ്പം ഉയർത്തി ചൊറിയുവാനായി നിന്നുകൊടുത്തപ്പോൾ അവൻ അവളുടെ നെറ്റിയ്ക്കു അൽപ്പം താഴെയായി ഒരുമ്മ കൊടുക്കുകയുണ്ടായി. എന്തൊരത്ഭുതം, അവിടെ  നല്ല, മണമുള്ള പൂവിന്റെ ഗന്ധത്തെയും വെല്ലുന്ന, സുഗന്ധം !  അവൻ  വീണ്ടും വീണ്ടും മണത്തു നോക്കി; ഒരു സംശയവുമില്ല, അത്‌ യാഥാർഥ്യം തന്നെ!!!  പിന്നെ അവനും ചേച്ചിമാരും    ആ സുഗന്ധം ആസ്വദിക്കുക ഒരു പതിവാക്കി   മാറ്റി.    

വീട്ടിലെ  വിദ്യാലയ'ത്തിൽ രണ്ടാം  ക്ലാസ്സിൽ  ചേർന്നത്  മുതൽ  ഉപന്റെ  അടുത്ത  കൂട്ടുകാർ വട്ടാംകുഴിയിലെ  മോഹനനും  കൂപ്പിലെ  ശാർങ്ഗധരനും  ആയിരുന്നു.  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന  സമയം ഉപന്  പുതിയ    ഒരു കൂട്ടുകാരൻ കൂടിയായി - തുമ്പോട്ടു് നിന്നും പുതുതായി വന്നു ചേർന്ന പ്രതാപൻ.  

നാലാം ക്‌ളാസ്സിൽ പഠിക്കുന്ന സമയം. രണ്ടു ദിവസം   മോഹനൻ സ്കൂളിൽ വരികയുണ്ടായില്ല. പനിയാണെന്നറിഞ്ഞു.  മൂന്നാം ദിവസം   വെളിക്ക്‌ വിട്ട സമയം അക്കരെ റോഡിൽ  കൂടി മോഹനന്റെ അച്ഛൻ അവനെയും തോളിലിരുത്തി റോഡിലൂടെ ഏരൂരിലേയ്ക്ക് നടന്ന് പോകുന്നത്കാണുകയുണ്ടായി.രണ്ടിന്റന്നറിവായി അവൻ അഞ്ചൽ ആശുപത്രിയിൽ       ആയിരുന്നെന്നും അവിടെ വച്ചു അസുഖം കൂടിയിട്ട് അവൻ മരിച്ചുപോയി  എന്നും.  അതോടെ ഉപന് അവന്റെ ആദ്യത്തെ , ഏറ്റവുമടുത്ത,  കൂട്ടുകാരൻ എന്നത്തേയ്ക്കുമായി നഷ്ടപ്പെട്ടു. എന്നാൽ താമസിയാതെ തന്നെ അവനൊരു പുതിയ കളിക്കൂട്ടുകാരനെ    ലഭിക്കുയുണ്ടായി. കറുമ്പിപ്പശുവിന്റെ മോൻ , ഒരു  സുന്ദരക്കുട്ടപ്പൻ !    അവന്   മണിക്കുട്ടൻ എന്നു   പേരുമിട്ട്  ചെറിയ  ഒരു  ഓട്ടു മണിയും  കെട്ടിക്കൊടുത്തു.   ഒരു പശുക്കിടാവ്  തള്ളപ്പശുവിന്റെ അകിടിൽ മൂക്കുകൊണ്ടിടിച്ചിടിച്ചു വാലുമാട്ടി സസന്തോഷം പാലുകുടിക്കുന്നതും തള്ള അതിന്റെ   ദേഹം    സ്നേഹപൂർവ്വം നക്കിത്തുടച്ചു കൊടുക്കുന്നതുമായ മനോഹര ദൃശ്യം ആദ്യമായിട്ടാണ് ഉപൻ അടുത്ത് നിന്നു കാണുന്നത്.  അവനു വലിയ കൗതുകമായി. ഭവാനി പശുവിന്റെ     അകിട് കഴുകിയിട്ടു പാൽ കറന്നെടുക്കുന്നതു അവൻ നോക്കി നിൽക്കുകയും പലപ്പോഴും ഓട്ടുഗ്ലാസ്സ്  എടുത്തു കൊണ്ടുവന്നു ചൂടുള്ള പാൽ വാങ്ങി കുടിക്കുകയും ചെയ്യും.  ഒരു ദിവസ്സം അവനൊരു പൂതി തോന്നി.  കറമ്പിയുടെ അകിടിൽ നിന്നും നേരിട്ട് പാൽ കുടിച്ചു നോക്കിയാലെന്ത്? . അടുത്തെങ്ങും ആരുമില്ല.    മണിക്കുട്ടൻ  അല്പമകലെ  ചുരുണ്ടു  കൂടി  കണ്ണുമടച്ചു  കിടപ്പുണ്ട്  . വരാന്തയിൽ  മരച്ചീനിക്കിഴങ്ങുകൾ    കിടക്കുന്നു  . ഉപൻ   അതിൽനിന്നും  ഒരെണ്ണം എടുത്തു  കറുമ്പിക്കു  കൊടുക്കുകയും  അവൾ സസന്തോഷം  അതു  തിന്നുകയും ചെയ്തു. അവൻ  അവളുടെ  താടി  ചൊറിഞ്ഞു  കൊടുത്തിട്ടു  തലയുയർത്തി പിടിച്ചുനിന്നിരുന്ന  കറുമ്പിയുടെ  കണ്ണിൽ നോക്കി ചോദിച്ചു  :  "കറമ്പി മോളേ , ഞാൻ നിന്റെ  പാലിത്തിരി  കുടിച്ചോട്ടേ ? ചവിട്ടുവേം  തൊഴിക്കുവേമൊന്നും  ചെയ്യല്ലേ "  എന്നിട്ട് അടുത്തു കണ്ട ഒരു ചിരട്ടയിൽ വെള്ളം നിറച്ചുകൊണ്ടു വന്നു കറമ്പിയുടെ അകിടു കഴുകിയിട്ടു മുട്ടിന്മേൽ കുത്തിയിരുന്നു അകിടിൽ നിന്നും പാൽ കുടിക്കുവാൻ തുടങ്ങി.    കറുമ്പിയും  അവസരത്തിനൊത്ത് ഉയരുകയും  അവന്റെ പുറത്തു നക്കുകയും പാൽ ചുരത്തിക്കൊടുക്കുകയും ചെയ്തു   പക്ഷേ,  സംഭവം  മണത്തറിഞ്ഞത്  പോലെ, മണിക്കുട്ടൻ  എഴുന്നേറ്റോടി  വന്നു     "എടാ ദരിദ്രവാസീ, നീയിപ്പം   അങ്ങിനെ  സുഖിക്കണ്ടാ , എന്റെ  അമ്മേടെ പാല് എനിക്കൊള്ളതാ, അങ്ങോട്ട് മാറിക്കാട്ടെ , ഞാൻകുടിക്കട്ടെ" എന്നു  പറയും  പോലെ, തല  കൊണ്ടു  അവനേ  തെള്ളിമാറ്റുവാൻ  തുടങ്ങി.  ഉപൻ  മാറിക്കൊടുത്തു . പിന്നീടൊരിക്കലും  അവൻ  അതിനു തുനിഞ്ഞതുമില്ല. 

*****                     *****               *****

ഉപൻ 1959 ൽ അന്നത്തെ പതിനൊന്നാം ക്ലാസ്സിൽ SSLC യ്ക്ക്   പഠിക്കുന്ന സമയം ( ഇന്നത്തെ പ്ലസ് 1).  മാസം  തോറും  ആറു  രൂപാ  ഫീസ്  കൊടുക്കണം. ഇതിനകം കേശവനും ഭവാനിക്കും എട്ടു മക്കൾ പിറന്നു കഴിഞ്ഞിരുന്നു.   . മൂത്ത മകളുടെ വിവാഹം നടത്തിയതിന്റെ അവശത വിട്ടുമാറിയിട്ടില്ല. എട്ടു മക്കളുള്ള ഒരു വെറും സാധാരണ കുടുംബത്തിന് ആ  തുക ഫീസ്സിനായി മാത്രം താങ്ങാൻ ബുദ്ധിമുട്ടാണ്.  ഉപന്റെ ഫീസ് മൂന്നു മാസ്സം തുടർച്ചയായി മുടങ്ങി. ഒന്നര രൂപാ ഫൈനുമായി.  മൊത്തം   പത്തൊൻപതര    രൂപാ വേണം.  അവനേ ക്‌ളാസ്സിൽ നിന്നും ഇറക്കിവിട്ടിട്ടു രണ്ടു ദിവസ്സങ്ങളായിക്കഴിഞ്ഞു. കേശവൻ പല   മാർഗങ്ങളെപ്പറ്റിയും ആലോചിച്ചു. കടം വാങ്ങുന്നത് കേശവന് വിരോധമുള്ള കാര്യമാണ്.  മൂന്നിന്റന്ന് രാവിലെ  കേശവൻ എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടു ഉപനോടു പറഞ്ഞു:

"നീ ഇന്ന് ക്ലാസ്സി പോയിരിക്ക്.  സാറിനോട്  പറയ് അച്ഛൻ ഉച്ചയോട് ഫീസ്സു കൊണ്ടു വരുമെന്ന് "

ഉപൻ സ്കൂളിൽ ചെന്ന് ക്ലാസ്സ്‌ റ്റീച്ചർ പ്രഭാകരൻ സാറിനെക്കണ്ടു വിവരം ധരിപ്പിച്ചു. ഉപനേ  കാര്യമായിരുന്ന സാറു സമ്മതിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ക്‌ളാസ്‌ പിരിഞ്ഞു ഉപൻ വെളിയിൽ വന്നപ്പോൾ അച്ഛൻ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.  അവൻ അടുത്തു ചെന്നപ്പോൾ കേശവൻ ഇരുപതു രൂപാ ഉപന്റെ കയ്യിൽ കൊടുത്തിട്ടു ഉടനെ ഫീസ് അടയ്ക്കുവാൻ പറഞ്ഞിട്ട് പെട്ടന്നുതന്നെ തിരിഞ്ഞു നടന്നുപോയി.  അച്ഛൻ രൂപാ എങ്ങിനെ തരപ്പെടുത്തിയെന്നു ഉപന് ഒരു ഊഹവുമുണ്ടായിരുന്നില്ല. അതറിയുവാനുള്ള ഉപന്റെ ഉദ്വേഗം അങ്ങിനെ തന്നെ അവശേഷിച്ചു.   

ആ ഉദ്വേഗത്തോടു കൂടെത്തന്നെയാണ് ഉപൻ വൈകിട്ട് വീട്ടിലെത്തിയത്. താൻ വീട്ടിലെത്തിയാൽ സാധാരണ കേൾക്കാറുള്ള, തന്നെ വരവേറ്റു കൊണ്ടുള്ള,  കറുമ്പിയുടെ അമറൽ അന്ന് കേട്ടില്ലെന്ന കാര്യം ആ ഉദ്വേഗം കാരണം അവനൊട്ടു ശ്രദ്ധിച്ചുമില്ല. അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. നേരേ ഭവാനിയുടെ അടുത്തു ചെന്ന് അവൻ ആ ഉദ്വേഗം മറയ്ക്കാതെ ചോദിച്ചു :

"അമ്മച്ചീ, അച്ഛനെങ്ങിനാ എന്റെ ഫീസിനൊള്ള രൂപാ ഒപ്പിച്ചത് ?  

"എനിക്കറിയില്ല , നിന്റച്ഛൻ എന്നോടൊന്നും പറഞ്ഞില്ല." 

 അതു പറയുമ്പോൾ അമ്മച്ചി അവൻെറ  മുഖത്തു നോക്കുന്നുണ്ടായിരുന്നില്ലെന്നും അമ്മച്ചിയുടെ  മുഖത്തൊരു മ്ലാനത നിഴല്ച്ചിരുന്നെന്നും     അവൻ ശ്രദ്ധിക്കാതിരുന്നില്ല.   വാഗമ്മചേച്ചിയെ അവിടെയെങ്ങും കണ്ടില്ല. മുറ്റത്തു കാണുമെന്നു കരുതി മുറ്റത്തിറങ്ങി തൊഴുത്തിനടുത്തായപ്പോഴാണ് കറുമ്പി അവിടെയില്ലെന്ന  തോന്നലുണ്ടായത്. ആ സമയം ചേച്ചിയും അതു വഴി വന്നു. ചേച്ചി ചോദിച്ചു :

"നീ  എന്തിനാ എരുത്തിലിലോട്ടും നോക്കി  നിക്കുന്നേ; കറുമ്പി പോയെന്റെ സങ്കടമാ?"   

"കറുമ്പി എങ്ങോട്ടു പോയി?" എന്തോ അരുതാത്തതു സംഭവിച്ചത് പോലുള്ള ഒരു വെമ്പലോടെ അവൻ പെട്ടെന്ന് ചോദിച്ചു.  

"അപ്പോ നീ അറിഞ്ഞില്ലാരുന്നോ ?  അവളെ കൊടുത്തിട്ടല്ല്യോ അച്ഛൻ ഇന്ന് നിനക്കുള്ള ഫീസ് സ്കൂളി കൊണ്ടത്തന്നേ ? അമ്മച്ചി പറേവാരുന്നു  , നീ വരുമ്പോ  ബഹളം വയ്ക്കുമെന്ന്. എന്നിട്ടെന്നോട് പറഞ്ഞു, വയസ്സായതോണ്ട് കറംപീടെ കറവയൊക്കെ വറ്റിത്തുടങ്ങിയതാ, ഇനി  പ്രസവിച്ചാലും വല്യ പാലൊന്നും  കാണുകേലെന്ന്‌ , നിന്നോട് പറയാൻ"

ഉപന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി. അപ്പോ ഫീസ്സു വന്ന വഴി അതാണ്. തന്റെ പ്രിയപ്പെട്ട കറുമ്പിപ്പശു തന്റെ പഠിപ്പു മുടങ്ങാതിരിക്കുവാൻ എന്നത്തേയ്ക്കുമായി തന്നെ വിട്ടു പോയിരിക്കുന്നു.  അവനു സങ്കടം സഹിക്കുവാനായില്ല. കിണറ്റുകരയിൽ പോയിനിന്ന് ആരും കാണാതെ കുറേനേരം നിന്നു കരഞ്ഞു.അന്നും പിറ്റേ ദിവസ്സവും   അവന് ആഹാരം കഴിക്കുവാൻ  തോന്നിയില്ല.   


മേമ്പൊടി     

 

കറുമ്പിപ്പശുവിന്റെ  പുറമാ കറുത്തത്‌    കറുപ്പതുമേഴഴകുള്ള  കറുപ്പാണ് 

അവളുടെ  അകമാണേ  കനകം,                                          തനിത്തങ്കം  

അവളുടെ  മകനേ  പോലവൾ                                            കണ്ടുപനെയും 

നല്കിയവൾ തൻ പാൽ                                                    രണ്ടാൾക്കുമൊരുപോലെ, നാവിനാൽ കോതി മിനുക്കിയവർ  തല !

പത്തിലെ  ഫീസുപന്റേതു കൊടുക്കുവാൻ     ബുദ്ധിമുട്ടുന്നോരു  കേശവൻ  തൻ  മനം  

കണ്ടറിഞ്ഞിട്ടവൾ പോയി, അയാൾക്കൊപ്പം, കൊണ്ടുക്കൊടുത്തവൾ   തൻ                                                തനു ചന്തയിൽ  !!!                                                      

ഖേദം സഹിക്കാതവൻ കരഞ്ഞൂ മനോ       വേദനയാലേ, വെടിഞ്ഞവൻ ഭക്ഷണം.         



2. നന്ദിനിക്കോഴി 
 

പാട്ടപ്പുരയിടത്തിലെ വീട്ടിൽ   താമസിക്കുമ്പോൾ     തന്നെ ഭവാനി ഏഴെട്ടു കോഴികളെ വളർത്തുന്നുണ്ടായിരുന്നു. താമസം മാറ്റിയപ്പോൾ അവയേയും കോഴിക്കൂടും  കൊണ്ടുവന്ന്  വീടിനു പിറകിൽ   സ്ഥാപിച്ചിരുന്നു. ഉപൻ അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ,  ചന്നം ചിന്നം മഴ പെയ്തു കൊണ്ടിരുന്ന ഒരു അവധി  ദിവസ്സം പകൽ സമയം , കോഴിക്കൂട്ടിന്റെ ഭാഗത്തു നിന്നും കോഴികളുടെ ഭയന്നുള്ള കൊക്കലും 
ചിറകടികളും കേട്ട്‌ ഉപൻ പലകഭിത്തിയുടെ വിടവിൽക്കൂടി  നോക്കിയപ്പോൾ പട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു മൃഗം ഒരു പിടക്കോഴിയേയും തൂക്കിപ്പിടിച്ചു ഓടിപ്പോകുന്നതാണ് കണ്ടത്. ശബ്ദം കേട്ടു വന്ന ഭവാനിയും അതു കാണുകയും അതൊരു കുറുക്കനാണെന്നും ആ കോഴി മുട്ടയിടുവാൻ കൂട്ടിൽ കയറിയതാണെന്നും പറഞ്ഞു.  എന്നിട്ട് ഭവാനി   ഉപനോട്  പറഞ്ഞു :  

"മോനാ തൊപ്പിക്കൊടേം  എടുത്തു തലേ വച്ചോണ്ട് പിറകിലെ വരാന്തേന്ന് ഒരു ചെറിയ വിറകു കൊള്ളീം കയ്യിലെടുത്തു അതിന്റെ പിറകേ ഓടിച്ചെന്നു നോക്ക് ; ചെലപ്പം മോനേക്കാണുമ്പം  പേടിച്ചു കുറുക്കൻ കോഴിയെ വിട്ടിട്ടു ഓടിപ്പോകാൻ മതി".

"എനിക്കു  കുറുക്കനേ പേടിയാ" , അവൻ ഭയത്തോടെ പറഞ്ഞു.

"കുറുക്കന്മാർക്കാ  മനുഷ്യരേ പേടി. അതു കൊണ്ടല്യോ അതുങ്ങള് രാത്രീ മാത്രം പൊറത്തെറങ്ങുന്നേ.  മഴയായൊണ്ട് അതിനു തിന്നാനൊന്നും കിട്ടീട്ടുണ്ടാവില്ല. വിശപ്പു സഹിക്കാൻ വയ്യാഞ്ഞു  പകലിറങ്ങിയതാ. നിന്റെ തൊപ്പീം വടീമൊക്കെ കാണുമ്പോ അതു പേടിച്ചോടത്‌തേയുള്ളു", ഭവാനി അവനു ധൈര്യം കൊടുത്തു.   

പിന്നെ അവൻ താമസിച്ചില്ല.    തൊപ്പിക്കുടയും എടുത്തു  വച്ചു  ഒരു വടിയും എടുത്തു കൊണ്ടു  അവൻ     മുകളിൽക്കയറി   കുറുക്കന്റെ  പിന്നാലെ  പറങ്കിതോപ്പിലേക്കുള്ള  വഴിയേ കൂടി  ഓടാൻ  തുടങ്ങി.  കുറേ  ചെന്നപ്പോൾ  പറങ്കിതോപ്പിൽ  കൂടി  കോഴിയെ  വലിച്ചിഴച്ചുകൊണ്ടു   ആയാസപ്പെട്ട്  ഓടിപ്പോകുന്ന കുറുക്കനെ  കാണായി.  "കോഴിയെ വിട്ടേച്ചു  പോടാ"  എന്നു  ഉറക്കെ ആക്രോശിച്ചു  കൊണ്ടു ഉപൻ  പിറകേ  വച്ചു  പിടിച്ചെങ്കിലും  കുറുക്കൻ  കോഴിയേയും  കൊണ്ടു  പറങ്കിമാവിൻ  തൊപ്പിനും  അപ്പുറത്തെ കാട്ടിലേക്ക്  വലിഞ്ഞു  കളഞ്ഞു.   ഇനി  രക്ഷയില്ലെന്നു കണ്ടു  ഉപൻ  തിരികെ  നടക്കുമ്പോൾ കണ്ടു ,  വഴിയിനീളെ കോഴിയുടെ പൂട  കിടക്കുന്നു .   ചില നനുത്ത  പൂടകൾ  കരിയിലയ്ക്കു മുകളിൽ  അപ്പോഴും കാറ്റിൽ  തത്തിക്കളിച്ചു  നടക്കുന്നു  ! 
പൂടകളുടെ  ലക്‌ഷ്യം  വച്ചുതന്നെ   വീട്ടിലേയ്ക്കു  നടക്കുമ്പോൾ    അവൻ യാദൃശ്ചിയാ  അതു  കണ്ടു  ; ഒരു  കോഴിമുട്ട  അതാ  കരിയിലകളുടെ  മുകളിൽ  കിടക്കുന്നു. അതു  കണ്ടപ്പോൾ  ഉപന്  സങ്കടം  വന്നു  ; അവനതു എടുത്തു  നോക്കി. "മുട്ടയിടുന്ന  നന്ദിനിക്കോഴിയുടെ മുട്ട തന്നെ ", അവൻ  മനസ്സിൽ  കരുതി.    .  വീട്ടിലെ   കോഴികളുടെ  മുട്ടകൾ  കണ്ടാൽ അവനറിയാം  അതേതു  കൊഴിയുടേതാണെന്ന്‌. ഉപന്  വീണ്ടും  സങ്കടമായി. അവൾക്കും മറ്റു കോഴികൾക്കും താൻ അമ്മച്ചിയും ചേച്ചിമാരും കാണാതെ നെല്ലു മോട്ടിച്ചു കൊടുക്കാറുണ്ടായിരുന്നു.  അതിന്റെ നന്ദി കാട്ടാനായിരിക്കുമോ ചാകാൻ  പോകുന്ന  സമയത്തും  നന്ദ്‌നിക്കോഴി  അവളുടെ അവസാനത്തെ മുട്ട  തനിക്ക്‌   സമ്മാനിച്ചിട്ടു  പോയിരിക്കുന്നത്  !!!

പിറ്റേ  ദിവസ്സവും പതിവ്  പോലെ കേശവൻ  കറമ്പിപ്പശുവിനെയും  പുള്ളിയെയും  മേയുവാനായി  പറങ്കിത്തൊപ്പിനും  മുകളിലെ  കാട്ടിനിടയിലുള്ള , പുല്ലു  നിറഞ്ഞ,  വെളിയിടങ്ങളിൽ  കെട്ടുവാനായി  കൊണ്ടുപോയി. അവയെ  കെട്ടിയിട്ടു  തിരികെ നടക്കുമ്പോൾ  കാട്ടിനരികിലായി  കുറേ കോഴിപ്പൂടകൾ  കൂടിക്കിടക്കുന്നതു  കണ്ടു.  അടുത്തു  ചെന്ന്  നോക്കിയപ്പോൾ കണ്ടതു  പൂടകൾക്കിടയ്ക്കു രണ്ടു  കോഴിക്കലുകൾ  മാത്രം വിരലുകൾ  വിടർത്തി  ഇളകിയ  മണ്ണിനു  മുകളിലേയ്ക്കു നോക്കി നിൽക്കുന്നതാണ്.  അടുത്തു  നിന്നിരുന്ന ഒരു വട്ടത്താമരയില   പൊട്ടിച്ചെടുത്തു കേശവൻ  ആ  കാലുകളിൽ ചേർത്ത്  പിടിച്ചു അതു  മണ്ണിൽ നിന്നും  പിഴുതെടുത്തു.  നെഞ്ചാം  കൂടു  മുറിഞ്ഞു  തുറന്നു  മണ്ണും  പിടിച്ചു   നന്ദിനിക്കോഴിയുടെ  ശവം  !  കേശവൻ  അതുമായി വീട്ടിലെത്തി, ഭവാനിയോട്  വിവരങ്ങൾ വിശദീകരിച്ചത്  ഉപനും  കേട്ടു.  അച്ഛൻ  പറയുകയാണ്  "കോഴിയെപ്പിടിച്ചാൽ  കുറുക്കൻ  ആദ്യം അതിന്റെ  ചങ്കും  കരളും മാത്രം കടിച്ചു  പറിച്ചു തിന്നും.  പിന്നെ   ബാക്കിയുള്ളത്  മണ്ണിൽ  കുഴിച്ചിടും.  ഒരു ദിവസ്സം  കഴിയുമ്പോൾ  ശവം ഒന്നു  പഴുത്തു കഴിയുമ്പോൾ  ചെന്ന് വലിച്ചെടുത്തു തിന്നും.  അപ്പോൾ  അതിനു  കൂടുതൽ രുചി തോന്നും"  .  അതു  ഉപന് പുതിയ ഒരറിവായിരുന്നു.

"കുറുക്കന്റെ  മറ്റൊരു  ബുദ്ധിയേ  !!!" ഉപൻ  അതിശയപ്പെട്ടു  പോയി.

കേശവൻ നന്ദിനിയുടെ ജഡം കൊണ്ടുപോയി  ശീമപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. എലിവില്ലു വച്ചു പിടിക്കുന്ന എലികളെയെല്ലാം അപ്രകാരം ശീമപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിടുകയാണ് പതിവ്.  അച്ഛൻ പറഞ്ഞിട്ടുണ്ട്, ശീമപ്ലാവിന് ഏറ്റവും പറ്റിയ വളം ഇറച്ചിയാണെന്ന്‌. ഇറച്ചിവളം വലിച്ചെടുത്തു വളർന്ന കടപ്ലാവിലെ ചക്ക ഇറച്ചിമസാല ചേർത്ത് പാകപ്പെടുത്തിയാൽ ഇറച്ചിയേക്കാൾ സ്വാദുള്ളതാണെന്നു അനുഭവം കൊണ്ടു ഉപനറിയാവുന്നതുമാണ് !

   
മേമ്പൊടി

കാട്ടു കുറുക്കൻ  പിടിച്ചോണ്ടു    
                     പോയിട്ടും 
മുട്ട  വഴിക്കിട്ടു  തന്നവൾ,  നന്ദിനി!

നെല്ലു മോട്ടിച്ചു  കൊടുത്തതിനാലെന്നെ തെല്ലും മറന്നില്ലവളന്ത്യയാത്രയിൽ.

നന്ദിനിക്കോഴീടെ  നന്ദി, വളർത്യേന് , നന്ദിയില്ലാത്തോരു  കണ്ടു  പഠിച്ചെങ്കിൽ !

കള്ളക്കുറുക്കനെ വെട്ടിച്ചിട്ടു ശീമ -
പ്‌ളാവിന്ന്‌ തിന്നാൻ കൊടുത്തവൾ                                    തൻ  ജഡം

നന്ദിനിക്കോഴീടേം  കറമ്പിപ്പശുവിന്റേം  
നന്ദി കണ്ടിട്ടെന്തു തോന്നുന്നു   നിങ്ങൾക്ക്?

നമ്മൾ  വളർത്തുന്ന  നായയ്‌ക്ക്  മാത്രമേ 
നന്മയേറും    നന്ദിയുള്ളെന്നു  ചൊല്ലുമോ  ?


       

 







2017 മേയ് 12, വെള്ളിയാഴ്‌ച

Post No.8 :: കിണറ്റിലിറങ്ങാൻ ഒരു വെല്ലുവിളി !






  
  കിണറ്റിലിറങ്ങാൻ ഒരു വെല്ലുവിളി  


അഞ്ചാം  ക്ലാസ്സ്‌ അദ്ധ്യയന വർഷം പകുതി കഴിഞ്ഞ സമയം.  ഒരു ദിവസം , വെളിക്ക്‌   വിട്ടപ്പോൾ താഴെ കിണറ്റിൻ     കരയിൽ കുട്ടികൾ കൂടി നിൽക്കുന്നത് കണ്ടിട്ട് ഉപനും കൂട്ടുകാരും  അങ്ങോട്ട് ചെന്നു. പെൺകുട്ടികൾ കുടിക്കുവാനായി വെള്ളം  കോരിയപ്പോൾ തോട്ടിയും കയറും കയ്യിൽ നിന്നും ഊർന്നു കിണറ്റിൽ  വീണു പോയി.  ആൺകുട്ടികൾ വരുന്നത് കണ്ടപ്പോൾ അവർ ഓടി ക്ലാസ്സിലേക്ക് പോയി . ഉപനും മറ്റും കുനിഞ്ഞു  കിണറ്റിലേയ്ക്കും നോക്കി  നിന്നപ്പോൾ  മുതിർന്ന  കുട്ടികളായ   പരമുവും തങ്കപ്പനും പാക്കരനും  അങ്ങോട്ട് വന്നു.

തോട്ടരികിലായതിനാൽ ആറു അരഞ്ഞാണങ്ങൾ മാത്രമുള്ള ചെറിയ കിണറാണ് രണ്ടരഞ്ഞാണങ്ങൾ വെള്ളത്തിനടിയിലും നാലെണ്ണം മുകളിലും.   തൊട്ടി  കാണാനില്ല.  കയറിന്റെ അല്പം വളഞ്ഞ  ഭാഗം  മാത്രം   വെള്ളത്തിന് മുകളിൽ കാണാം .  പെട്ടെന്ന് പരമു സ്കൂളിലേയ്ക്ക്  നോക്കി സാറന്മാരൊന്നും വരാന്തയിലില്ലെന്നു  ഉറപ്പു വരുത്തിയിട്ട് ,     സാവധാനം  കിണറ്റിലിറങ്ങി  കയറെടുത്തു അതിന്റെ അറ്റം  കൈക്കുഴയിൽ  കെട്ടിക്കൊണ്ടു  തിരികെ കയറി  വന്നു .  എന്നിട്ട് ഒരു ജേതാവിനെപ്പോലെ മറ്റുള്ളവരെ നോക്കിക്കൊണ്ടു  വീമ്പിളക്കി : 

"എല്ലാരും കണ്ടല്ലോ ഞാൻ  കിണറ്റിലിറങ്ങിയേ ? നിങ്ങക്കാർക്കെങ്കിലും ഇറങ്ങിയിട്ട് കേറി  വരാവോ  ? തങ്കപ്പൻ പറയണ്ട .      ആരും  മിണ്ടിയില്ല.  പെട്ടെന്നു അവൻ ഉപനോടായി  ചോദിച്ചു  :  "ഉപന്  പറ്റ്വോ?  ഇയ്യാളാല്യോ  ക്‌ളാസ്സിലെ  ഒന്നാമൻ ഇതൊന്നു ചെയ്തു  കാണിക്ക്‌ .  അപ്പോ സമ്മതിക്കാം, ഒന്നാമനാണെന്നു  ."  

പരമു  വെല്ലുവിളിച്ചിരിക്കുകയാണ്  .  ഉപന്റെ  അഭിമാനത്തിന്റെ  പ്രശ്നമാണ് . കാലിനു  നീളമില്ലാത്ത  തനിക്കു അതത്ര  എളുപ്പമുള്ള  കാര്യമല്ലെന്നവനറിയുകയും  ചെയ്യാം  . വെല്ലുവിളി സ്വീകരിക്കാതിരുന്നാൽ  പരമു പിന്നെ എപ്പോഴും  തന്നെ  കളിയാക്കിക്കൊണ്ടിരിക്കും .  ഇനി ബെല്ലടിക്കാൻ  വൈകില്ല  . അതെല്ലാവർക്കുമറിയാം . തല്ക്കാലം രക്ഷപ്പെടാൻ   പറ്റും  .  പക്ഷേ പരമു വിടുന്ന  മട്ടില്ല. 

 "നിന്നെക്കൊണ്ട് പറ്റത്തില്ലേ  തോൽവി  സമ്മതിച്ചാ  മതി" 

"അതൊക്കെ എന്നെക്കൊണ്ടും  പറ്റും" , പെട്ടെന്നു ഉപൻ  പ്രതികരിച്ചു  പോയി . അപ്പോഴേയ്ക്കും    ബെല്ലുമടിച്ചു  .  ഉപന്  ആശ്വാസമായി. അവർ ക്ലാസ്സിലേക്കോടാൻ തുടങ്ങിയപ്പോൾ പരമു  എല്ലാവരോടുമായി  പറഞ്ഞു  :  

"എല്ലാരും  കേട്ടല്ലോ , ഉപൻ കിണറ്റിലിറങ്ങുമെന്നു  പറഞ്ഞത് ?  ശരി ,  നാളെ ഈ  സമയത്തു   വെളിക്കു  വിടുമ്പം  ഇറങ്ങി  കാണിച്ചേക്കണം  .  ഇല്ലെങ്കി  സുല്ലിട്ടു തോൽവി സമ്മതിച്ചോണം  , പറഞ്ഞേക്കാം ."  

വൈകിട്ട്  സ്കൂൾ  വിട്ടു വീട്ടിലേയ്ക്കു   നടക്കുമ്പോൾ തങ്കപ്പൻ ഉപന്റെ അടുത്തു ചെന്നു ചോദിച്ചു :

"ഇയ്യാളെന്തിനാഡേ  പരമൂന്റടുത്തു  കിണറ്റിലിറങ്ങാമെന്നു കേറിപ്പറഞ്ഞേ?  ഇയ്യാളെക്കൊണ്ടതിനു  പറ്റുവോ?  അവൻ  പറഞ്ഞാപ്പറഞ്ഞതാ  ,  നാളെ എല്ലാരുടേം  മുന്പിവച്ചു് അവൻ  നിന്നേ കളിയാക്കും  , നോക്കിക്കോ  " 

ഉപന് ചെറിയ  ഒരു വേവലാതിയുണ്ടായി. പരമു  കുഴപ്പക്കാരനാണ്.  ഇനി എന്തു ചെയ്യും? :അവൻ  ആലോചിച്ചു . പെട്ടെന്ന് അവൻ   തങ്കപ്പനോട്    ചോദിച്ചു  :

"തങ്കപ്പന്  പറ്റുവോ  ആ  കിണറ്റിലിറങ്ങാൻ?" 

"ങ്ങും  , എനിക്കു  പറ്റും , എന്റെ കാലിനും   നീളമുണ്ട്‌ "

"എന്നാ   തങ്കപ്പൻ   കെണറ്റിലിറങ്ങാൻ  എന്നേ  ഒന്നു  പഠിപ്പിച്ചു  തരുവോ ?"  ഉപൻ പെട്ടെന്ന് ചോദിച്ചു.  തങ്കപ്പൻ  അൽപ  നേരം  ആലൊചിച്ചു,  എന്നിട്ട്  പറഞ്ഞു .

"ഇത്തിരി പ്രയാസ്സമാ,  എന്നാലും നമുക്കൊന്ന്  നോക്കാം ,  നാളെ നമുക്ക് രണ്ടു പേർക്കും  കൂടെ   നേരത്തേ സ്കൂളീ പോകാം,  ആരും  വരുന്നേനു   മുൻപ്  . നിനക്കു     വരാമ്പറ്റുവോ  ?"  

"ഓ, ഞാൻ  വരാം.  നീ  റോഡീ  നിന്നോണ്ട്  എന്നേ പതിയെ  വിളിച്ചാ മതി,  ഞാൻ  റെഡിയായി  നിക്കാം "  ഉപൻ സമ്മതിച്ചു.  ആവശ്യം അവന്റേതാണല്ലോ. 

പറഞ്ഞതുപോലെ പിറ്റേന്ന് തങ്കപ്പൻ  നേരത്തേയെത്തി.   അവർ  കിണറ്റിൻ കരയിലെത്തി ആരും  കാണുന്നില്ലെന്നുറപ്പ്  വരുത്തിയിട്ട്  തങ്കപ്പൻ പതുക്കെ  കിണറ്റിലേക്കിറങ്ങിക്കാണിച്ചു. ഉപൻ  ശ്രദ്ധയോടെ എല്ലാം   നോക്കി  മനസ്സിലാക്കി. "ഇനി  പതുക്കെ  ഇറങ്ങിക്കോ ഞാൻ ചെയ്തപോലെ    ചെയ്താ മതി.  ദേ ഈ  കയറു  തൂണേ കെട്ടി  നിന്റടുത്തൂടെ ഞാൻ  താഴോട്ട്  പിടിച്ചു തരാം. ബാലൻസു  പോകുമെന്ന്  തോന്നിയാ  മാത്രം അതേ    പിടിച്ചു തൂങ്ങിയാ മതി. ."  തിരികെ കയറിവന്നിട്ടു തങ്കപ്പൻ ഉപനോടായി പറഞ്ഞു.

ഉപൻ  പതുക്കെ    തങ്കപ്പൻ പറഞ്ഞതു പോലെയും ചെയ്തതുപോലെയും അനുകരിച്ചു വളരെ ആയാസപ്പെട്ട് കിണറ്റിലേക്കിറങ്ങി.  ബുദ്ധിമുട്ടു തന്നെ. തങ്കപ്പൻ ഓരോരോ സ്റ്റെപ്പും പറഞ്ഞുകൊടുത്തതുപോലെ ചെയ്തു ഉപൻ സമയമെടുത്ത് താഴെയെത്തി     കുനിഞ്ഞു വെള്ളത്തിൽ  തൊട്ടു .  വല്ലാത്ത ദാഹം .  അവൻ  കൈക്കുമ്പിളിൽ  അല്പം വെള്ളം കോരിക്കുടിച്ചിട്ടു  ശ്വാസം  നേരേ  വിട്ടു.  ഒരുണർവ്  കിട്ടിയ  പോലെ.  

" ഇനി താമസിക്കണ്ടാ, ആരെങ്കിലും  കാണുന്നേനുമുമ്പ്  കേറിക്കോ "  തങ്കപ്പന്റെ  ശബ്ദം.  പിന്നെ  താമസിച്ചില്ല . ഉപൻ പതുക്കെ കയറുവാൻ  ശ്രമിച്ചു.  അപ്പോഴാണറിയുന്നതു  കയറുകയെന്നത്  ഇറങ്ങിയ പോലെ  അത്ര  എളുപ്പമുള്ള കാര്യമല്ലെന്ന്.   അവന്റെ  ബുദ്ധിമുട്ടു കണ്ട തങ്കപ്പൻ കയ്യും കാലും ഏതുവിധമൊക്കെ ഉറപ്പിച്ചും അരഞ്ഞാണത്തിൽ ബലം കൊടുത്തും മുകളിലേയ്ക്കു കയറി വരണമെന്ന് നിർദേശങ്ങൾ കൊടുത്തു കൊണ്ടേയിരുന്നു.. രണ്ടരഞ്ഞാണങ്ങൾ    കയറിക്കഴിഞ്ഞപ്പോൾ ഉപന് ആത്മവിശ്വാസമായി.  ബാക്കി രണ്ടരഞ്ഞാണം  പ്രയാസസാമില്ലാതെ കയറി അവൻ മുകളിൽ വന്നു. ഉപൻ ഒരു ദീർഘ ശ്വാസം വിട്ടു.

കാലുകളുടെയും, കൈകളുടെയും , അതിനുപരി മാനസ്സിന്റെയും  ശരീരത്തിന്റെയും  പിരിമുറുക്കം  പതുക്കെ  വിട്ടുമാറിയപ്പോൾ വലിയ  ആശ്വാസവും  ഒപ്പം  അഭിമാമാവും അവനു  തോന്നി.  വെറും  നാല്  അരഞ്ഞാണങ്ങൾ  ഇറങ്ങിക്കയറി  എന്നതല്ല  കാര്യം.  ഇനി പരമുവിന്റെവെല്ലുവിളി  സധൈര്യം സ്വീകരിച്ചു  അവനെ   അതിശയിപ്പിക്കാനാകും; താൻ വളരെ കൊച്ചാണെങ്കിലും ഒരു ഭീരുവല്ലെന്നു അവനു മനസ്സിലാക്കിക്കൊടുക്കുവാൻ  സാധിക്കും  .

പിറ്റേ  ദിവസ്സം  പരമു  സ്കൂളിൽ വന്നില്ല. ആന്റണി സാർ ഹാജരെടുക്കുവാനായി   പരമുവിന്റെ  പേര്‌  വിളിച്ചപ്പോൾ  അവനില്ല.  പെട്ടെന്ന്  പിറകിലിരുന്ന  പ്രതാപൻ  വിളിച്ചു  പറഞ്ഞു  : 

 "സാർ, പരമു  ഇന്നലെ  താഴത്തെ കിണറ്റിലെറങ്ങിയാരുന്നു . എന്നിട്ട്  ഞങ്ങളോടും   ഇറങ്ങാൻ   പറഞ്ഞു "   

ക്‌ളാസ്സിൽ  വരാതിരിക്കുക  പരമുവിന്റെ പതിവാണ് .

ആന്റണി  സാർ തല  ഉയർത്തി   നോക്കിയിട്ടു  ചോദിച്ചു  :

"ഉള്ളതാണോടാ , അവൻ  കിണറ്റിലിറങ്ങിയോ ? ; നിങ്ങളേം  ഇറങ്ങാൻ നിർബന്ധിച്ചോ  ?"

"ഒള്ളതാ  സാർ"  മൂന്നുനാലു  പേർ  ഒരുമിച്ചു  ഉത്തരം  കൊടുത്തു.

"ശരി,  നാളെ  അവനോടു പറഞ്ഞേക്ക്‌ എന്നേ വന്നു  കാണാൻ  "

പിറ്റേ  ദിവസ്സം രാവിലെ  ആദ്യ  ബെല്ലിന്  മുൻപുള്ള   ആന്റണി  സാറിന്റെ  ചൂരലും  ചുഴറ്റിയുള്ള  പതിവ്  റോന്തു  ചുറ്റൽ  സമയം. കുട്ടികൾ വരാന്തയിലും മുറ്റത്തും ഓടിച്ചാടി കളിക്കുന്നു.   പരമു ക്‌ളാസ്സ്‌മുറിയിൽ നിന്നും മറ്റുകുട്ടികളോടു അടികൂടിയിട്ടു  "ചൊണയുണ്ടെങ്കിൽ എന്നെപ്പിടിക്കിനെടാ"  എന്നു  വിളിച്ചു പറഞ്ഞുകൊണ്ട്  ഓടി  വരാന്തയിൽ ചാടിയതു നേരേ  ആന്റണി സാറിന്റെ  മുന്പിലേയ്ക്കും. പരമു സഡൻ  ബ്രേക്കിട്ടു നിന്നുപോയി. 

"ഞാൻ  പിടിച്ചോളാമെടാ" എന്നു  പറഞ്ഞു  കൊണ്ടു  സാർ  തന്റെ ഇടതു  കൈകൊണ്ടു അവന്റെ  വലതു  ചെവിക്കു പിടിച്ചു നിറുത്തിക്കൊണ്ടു  ചോദിച്ചു :

"നീ മിനിഞ്ഞാന്ന്  കിണറ്റിലിറങ്ങിയാരുന്നോടാ? " 

പരാമുവിന് മനസ്സിലായി ആരോ  ഒറ്റിക്കൊടുത്തിട്ടുണ്ടെന്നും  ഇനി കള്ളം പറഞ്ഞിട്ടും  രക്ഷയില്ലെന്നും. കുറ്റസമ്മതമെന്ന പോലെ അവൻ മിണ്ടാതെ നിന്നപ്പോൾ   സാറു ആദ്യം  അവന്റെ  ചെവി മുറുക്കിക്കറക്കിയിട്ടു  പിന്നെ പിടിവിട്ടു അവന്റെ  ഇടതു  കൈക്കുപിടിച്ചു  തിരിച്ചു നിറുത്തിയിട്ട് ചൂരലുകൊണ്ടു   പൃഷ്ഠത്തിനു ആഞ്ഞു രണ്ടു   പൂശങ്ങു  പൂശി. പരമു വേദന കൊണ്ടു പുളഞ്ഞെങ്കിലും അനങ്ങിയില്ല; നല്ല മനക്കട്ടിയും തന്റേടവുമുള്ളവനാണവൻ.  "ഇനി ഇറങ്ങുവോടാ .." സാറു  ദേഷ്യത്തിൽ  അവനോടു ചോദിച്ചു.  "ഇല്ല" , പരമു  മറുപടിയും  കൊടുത്തു  . 

ഇതെല്ലാം കണ്ടു  കൊണ്ടു  നിന്ന  ഉപന്റെയും തങ്കപ്പന്റെയും  മനസ്സുകൾ ഒന്നാളി . പ്രത്യേകിച്ചും  ഉപന്റെ.  താൻ കിണറ്റിലിറങ്ങിയ കാര്യം സാററിഞ്ഞിരുന്നെങ്കിൽ  തനിക്കും  അടി  ഉറപ്പായിരുന്നു.  ഇനിയും  വേറേ ആരും അറിഞ്ഞിട്ടില്ലെന്നത്  ആശ്വാസം  തന്നെ .   തങ്കപ്പൻ  ആരോടും പറയുകയില്ലെന്നുറപ്പാണ് . 

 വെളിക്കു  വിട്ടപ്പോൾ  തങ്കപ്പൻ പ്രതാപനോട്  ചോദിച്ചു : 

"നീയെന്തിനാടാ പ്രതാപാ  പരമു കെണറ്റിലിറങ്ങിയ  കാര്യം  ആന്റണി സാറിനോട് പറഞ്ഞു  അവനേ  തല്ലു കൊള്ളിച്ചേ?"

"അതു  പിന്നെ  അവനിനി   ഉപനേ നിർബന്ധിച്ചു കെണറ്റിലിറക്കാതിരിക്കാൻവേണ്ടിയല്യോ.  ഇനി  അവൻ  ആരേം വെല്ലുവിളിക്കരുത്".  പ്രതാപന്റെ  മറുപടി  ശരിക്കും  ആല്മാർത്ഥതയുടെ  തനി പ്രതീകമായിരുന്നെന്നു  പറയേണ്ടല്ലോ !

ഉപന് തല്ക്കാലം പരമുവിന്റെ വെല്ലുവിളി ഏറ്റെടുത്തു കിണറ്റിലിറങ്ങേണ്ടി വരികയോ അവനു കിട്ടിയപോലെ ആന്റണിസാറിന്റെ ചൂരൽ പ്രയോഗം അനുഭവിക്കേണ്ടി വരികയോ വേണ്ടി വന്നില്ല.  പക്ഷേ, അടിച്ചേൽപ്പിച്ച ആ  അനുഭവം രണ്ടു വർഷങ്ങൾക്കു ശേഷം അച്ഛന്റെ കയ്യിൽ നിന്നും ചോര പൊടിയുന്ന ചുട്ട അടി ഏറ്റുവാങ്ങുവാൻ അവനുപകരിച്ചു. 


xxx          xxx           xxx         xxx         xxx


ഉപൻ ഏരൂർ മിഡ്‌ഡിൽ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം.  ഒരവധി ദിവസം ഉപൻ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കയർ പൊട്ടി  തോട്ടിയും കയറും കയ്യിൽ നിന്നും  "ധും" ന്ന്‌ കിണറ്റിൽ പോയി.  ഒരു നിമിഷം അവൻ പകച്ചു നിന്നു. പിന്നെ വീട്ടിലേക്കും,  ചുറ്റും, നോക്കി;  ആരും കണ്ടിട്ടില്ല.     കിണറ്റിനു 15 അരഞ്ഞാണങ്ങളുണ്ട്.  മൂന്നെണ്ണം വെള്ളത്തിനടിയിലാണ്.  തൊട്ടിയും കയറും കിണറ്റിൽ പോയാൽ എപ്പോഴും അച്ഛൻ  ഇറങ്ങി എടുക്കുകയാണ് പതിവ്. അച്ഛൻ എത്ര വേഗത്തിലാണ് ഇറങ്ങുന്നത് ! വീട്ടിലാരെങ്കിലും  തൊട്ടി കിണറ്റിലിട്ടാൽ  ഇട്ട ആളിനെ അച്ഛൻ ശരിക്കു ശകാരിക്കും. അച്ഛൻ വരുമ്പോൾ ശകാരം കേൾക്കണം. താനാകുമ്പോൾ ചിലപ്പോൾ അടി കിട്ടിയാലും മതി.  അച്ഛന് ഈയിടെയായിട്ടു ദേഷ്യം കൂടുതലാണ്. എന്തു വേണം ?  പണ്ട് പരമുവിന്റെ വെല്ലുവിളിയെ  നേരിടാൻ സ്കൂളിലെ കിണറ്റിലിറങ്ങിയ കാര്യം ഓർമ്മ വന്നു. ഇപ്പോൾ താൻ ഒന്നുകൂടി വലുതാവുകയും  കാലിനും കൈക്കും   കുറച്ചു കൂടി  നീളവും ബലവും  വയ്ക്കുകയും ചെയ്തിട്ടുണ്ട്. അരഞ്ഞാണങ്ങളുടെ  അകലത്തിൽ വലിയ വ്യത്യാസമില്ല.  പുതിയ കിണറായതിനാൽ അരഞ്ഞാണത്തിനു വീതിയും ഉറപ്പുമുണ്ട്. എന്തുകൊണ്ട് ഒരു കൈ നോക്കിക്കൂടാ? എരുത്തിലിന്റെ സൈഡിൽ കിടന്ന  പഴയ നീളമുള്ള കയർ എടുത്തു കൊണ്ടുവന്ന് ഒരറ്റം  കിണറിലിറക്കി  അടിയിലെത്തുന്ന വിധം മറ്റേ അറ്റം കിണറിന്റെ തൂണിൽ ബലമായി കെട്ടി. പതുക്കെ ഇറങ്ങി.  കിണറിന്റെ ആഴം കണ്ടപ്പോൾ  ചെറിയ    ഒരങ്കലാപ്പുണ്ടായെങ്കിലും അതത്ര കാര്യമാക്കിയില്ല.  നാലഞ്ചരഞ്ഞാണങ്ങൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ധൈര്യമായി. താഴെയെത്തി തൊട്ടിയെടുത്തു വെള്ളം കളഞ്ഞിട്ടു തൂക്കിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കിയിട്ടിട്ടു പതുക്കെ, ആയാസപ്പെട്ട് നാലഞ്ചരഞ്ഞാണങ്ങൾ  കയറിക്കഴിഞ്ഞപ്പോഴാണ് പ്രശ്നമായത്.  അടുക്കളയിലേയ്ക്ക്  വെള്ളം കോരാനായി വാഗമ്മ വന്നപ്പോൾ കപ്പിയിൽ കയറും തൊട്ടിയുമില്ല. കുനിഞ്ഞു കിണറ്റിലേക്ക് നോക്കിയപ്പോൾ ഒരു തല കിണറിന്റെ പകുതിക്കു കാണുന്നു.  ആരാണെന്നു മനസ്സിലായില്ല.  അച്ഛനല്ലെന്നുറപ്പ്. ഇതു ഏതോ ചെറിയ ഒരാൾ.  അവൾ ഉറക്കെ വിളിച്ചു ചോദിച്ചു :  "ആരാദ് ?"   ശബ്ദം കേട്ടു ഉപൻ മുകളിലേയ്ക്കു നോക്കി.  ഇനി രക്ഷയില്ല. ചേച്ചി അമ്മച്ചിയോടു പറഞ്ഞതു തന്നെ.  മിനിഞ്ഞാന്നും താൻ ചേച്ചിയേ "പ്‌ഡീ ...പ്‌ഡീ ......ദുർഗുണേ ...നീ  പ്‌ഡീ ...പ്‌ഡീ" എന്നു പറഞ്ഞു കളിയാക്കിയതിന്റെ ചൊരുക്ക് ഇനിയും മാറിയിട്ടുണ്ടാവില്ല. അമ്മച്ചിയറിഞ്ഞാൽ അച്ഛനോട് പറയും.  പിന്നെ  അച്ഛന്റെ കാപ്പിക്കഷായം  ഉറപ്പാണ്. കാപ്പിക്കമ്പു കൊണ്ടാണ് അച്ഛൻ ഈയിടെ മക്കളെ തല്ലുന്നത്.  ചൂരലിനൊപ്പം ചൂടുണ്ടാവും അതിനും.  ഉപന്  പേടിയായി.

"ഇച്ചേയീ ഞാനാ.  അമ്മച്ചിയോടു പറയല്ലേ"  ഉപൻ ചേച്ചിയോട് കെഞ്ചിപ്പറഞ്ഞു. വാഗമ്മയുടെ ഉള്ളൊന്നാളി. ഇവനിത്ര ധൈര്യമോ ! 

"നീയെന്തിനാ തനിയേ കെണറ്റിലിറങ്ങാൻപോയേ?"  വാഗമ്മയ്ക്കതു ചിന്തിക്കുവാൻ കൂടി സാധ്യമായിരുന്നില്ല. 

"എന്തായാലും പതുക്കെ, സൂക്ഷിച്ചു കേറിവാ"  അവൾ പരിഭ്രമം വെളിയിൽ കാണിക്കാതെ പറഞ്ഞു. 

ഇതിനിടെ, വെള്ളമെടുക്കുവാൻ പോയ വാഗമ്മയെ കാണാഞ്ഞു  'അമ്മ ഭവാനി മുറ്റത്തിറങ്ങി കിണറ്റിനരികിലേയ്ക്കു നോക്കി. വാഗമ്മ ആരോടോ കിണറ്റിലേക്ക് കുനിഞ്ഞുനോക്കി സംസാരിക്കുന്നു.   കപ്പിയിൽ  കയറില്ല.  "തോട്ടി  കിണറ്റിൽ  പോയത് തന്നെ. അവളുടെ അച്ഛൻ എപ്പോൾ വന്നു ?"   അങ്ങിനെ ചിന്തിച്ചതും ഒരു തല കിണറ്റിൽ നിന്നും പതുക്കെ ഉയർന്നു മുകളിലേയ്ക്കു വരുന്നത്  കാണായി. "അയ്യോ! അതു ഉപനല്ലേ ?ഇവനെങ്ങിനെ കിണറ്റിലിറങ്ങാൻ ധൈര്യം കിട്ടി ?"  ഭവാനിയുടെ നെഞ്ചിലൊരിടിപ്പുണ്ടായി.  തന്നെ അവർ കണ്ടിട്ടില്ല. ഉപൻ വെളിയിലിറങ്ങിയതും ഭവാനി പെട്ടെന്ന് വീട്ടിനുള്ളിലേക്ക് വലിഞ്ഞു.

ചേച്ചി   എന്തായാലും അമ്മച്ചിയോടു പറഞ്ഞില്ല.  ഉപന്  ആശ്വാസമായി. എന്നാൽ വൈകിട്ട് കേശവൻ വന്നപ്പോൾ ഭവാനി കാര്യം പറയുക തന്നെ  ചെയ്തു.   

"അവൻ കൊച്ചാ.  ഇത്രേം വലിയ കിണറ്റിൽ ഈ പ്രായത്തിലിറങ്ങുന്നത് നിറുത്തണം. വിളിച്ചു ഒന്നു കാര്യമായിട്ട് ശകാരിച്ചാ മതി, തല്ലരുത്"  ഭവാനിക്കറിയാം ഇതു ശകാരത്തിൽ ഒതുങ്ങില്ലെന്നും തല്ലിലേ   അവസാനിക്കുള്ളുവെന്നും.  പക്ഷേ പറയാതിരിക്കുവാൻ പറ്റില്ലല്ലോ!  

കേശവൻ കാപ്പിക്കമ്പൊടിച്ചു കൊണ്ടു വന്നിട്ടു ഉപനേ വിളിച്ചു. വിളി കേട്ടപ്പോഴേ അവനു ഉറപ്പായി  ശരിക്കും കിട്ടുമെന്ന്. അവനടുത്തു ചെന്നപ്പോൾ "ഇനി കിണറ്റിലിറങ്ങുമോടാ" എന്ന ചോദ്യം കേട്ടു കഴിയുന്നതിനു മുൻപ് തന്നെ തുടയ്ക്കും കാൽവണ്ണയ്ക്കും പൊതിരെ തല്ലു വീണു; വീണ്ടും വീണ്ടും. ഭവാനി തടഞ്ഞിട്ടും രക്ഷയുണ്ടായില്ല; കേശവന്റെ കലി അത്രയേറെയായിരുന്നു.  അടി കൊണ്ടിടമൊക്കെ തിണർത്തു ചുവന്നു രക്തം പൊടിക്കുവാൻ തുടങ്ങിയിരുന്നു.  ഉപൻ കരഞ്ഞു വശായി. അച്ഛൻ ആദ്യമായിട്ടാണ്  തന്നെ ഇത്രയേറെ തല്ലുന്നത്.  അവൻ സങ്കടം സഹിക്കവഹിയാതെ പോയി കിടന്നു ഓർത്തോർത്തു കരച്ചിൽ തുടർന്നു.  കുറച്ചു കഴിഞ്ഞു ഭവാനി മണ്ണെണ്ണവിളക്കുമായി ചെന്നു അവന്റെ കാലിൽ നോക്കി.  അടിപ്പാടുകൾ കണ്ടതും ഭവാനിക്ക് വലിയ വിഷമമായി.  "പറയേണ്ടിയിരുന്നില്ല; ഇനി എന്നെങ്കിലും കിണറ്റിലിറങ്ങിയാൽ അച്ഛനോട് പറയുമെന്ന് അവനേ  ഭയപ്പെടുത്തിയാൽ മതിയായിരുന്നു"

ഭവാനി വിളക്കുമായി മുറ്റത്തിറങ്ങി അടുത്തുI നിന്നിരുന്ന കുരുമുളക് വള്ളിയുടെ മൂന്ന് നാലിലകൾ പൊട്ടിച്ചു കൊണ്ടുവന്ന് അതിൽ വേപ്പെണ്ണ പുരട്ടി അടുപ്പിലെ തീക്കനലിൽ വച്ചു ചൂടാക്കി ഉപന്റെ അടിപ്പാടുകളിൽ തടവിക്കൊടുത്തു. ഇപ്പോൾ ഉപന്റെ നല്ലജീവൻ ഒന്നുകൂടി പോയതിനൊപ്പമായി.    വേദനകൊണ്ടു അവൻ പുളഞ്ഞു പോയി.  അവന് u വീണ്ടും കരയുകയേ മാർഗമുണ്ടായിരുന്നുള്ളു.


 

 മേമ്പൊടി 


കൂപത്തിലേക്കങ്ങിറങ്ങിച്ചെന്നിട്ടുപൻ കോപമച്ഛന്റേതിരന്നു  വാങ്ങി  

പരമൂന്  കിട്ടിയതാന്റണി  സാറിന്റെ       ചൂരൽ  കഷായമാണെങ്കിൽ 

ഭീരുവല്ലാത്തൊരുപന് തന്റച്ഛന്റെ             ചോര ചിന്തും കാപ്പിക്കമ്പ് കഷായം  

ഭീരുത്വം കാട്ട്യാലും  വീരത്വം കാട്ട്യാലും ഒരുപോലാ  തല്ലിന്റെ  ചൂടും നോവും  !





Post No.9 :: തുളുമ്പിപ്പോയ പാലും ദുർഗുണയും



1. തുളുമ്പിപ്പോയ പാൽ  


അയിലറ സ്കൂളിലെ അന്നാമ്മ സാറും മറിയാമ്മ സാറും ഒരുമിച്ചു സ്കൂ ളിന് അല്പം പിറകിലുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.  അവർക്കു രാവിലെ തോറും  തന്റെ   വീട്ടിൽ നിന്നും   നാഴി പാൽ (കറമ്പിപ്പശുവിന്റെ)    ഉപൻ കൊണ്ടുക്കൊടുക്കുകയായിരുന്നു പതിവ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം ഉപൻ    പാലുമായി  സാറന്മാർ താമസിക്കുന്ന വീടിനു താഴെയുള്ള വയൽവരമ്പിലെത്തിയപ്പോൾ  കാലു എന്തിലോ  തട്ടി മുന്നോട്ടാഞ്ഞു വീണു.   കാൽ മുട്ടുകളും ഇടതു കൈപ്പത്തിക്കും ഒപ്പം വലതു കയ്യിൽ പിടിച്ചിരുന്ന പാൽ   മൊന്തയും കുത്തിയാണ് വീണത്.  കയ്യിലൊതുങ്ങുന്ന വായ്‌വട്ടമുള്ളതിനാൽ  മൊന്ത കൈവിട്ടു പോയില്ലെങ്കിലും തറയിലിടിച്ച ആഘാതത്തിൽ മൊന്തയിൽ നിന്നും പകുതിയോളം പാൽ തെറിച്ചും തുളുമ്പിയും താഴെ പോയി. ഉപനാകെ പരിഭ്രമമായി. അത്രയും പാലുമായി ഇനി പോണോ അതോ  തിരിച്ചു വീട്ടിലേയ്ക്കു പോകണമോ എന്ന അനിശ്ചിതത്ത്വം. മറിയാമ്മ സാറാണെങ്കിൽ പൊതുവേ ഗൗരവക്കാരിയും ദേഷ്യക്കാരിയും   സംശയാലുവാണ്.  "നീ വഴിക്കുവച്ചു  മൊന്തേന്നു പാല് കട്ടു  കുടിച്ചിട്ടല്യോടാ പാലിത്രേം കൊറഞ്ഞു പോയത് ?"  എന്നു സാറു   ചോദിച്ചെന്നു വരും.  സാറിനെ  നേരിടുക പ്രയാസമാണ്.  അന്നാമ്മ സാർ പാവമാണ്.  സ്നേഹമായിട്ടേ പെരുമാറുകയുള്ളു. വീട്ടിലേക്കു ബാക്കി പാലും കൊണ്ടു ചെന്നാൽ അമ്മച്ചിയുടെ വഴക്കു കേൾക്കേണ്ടി വരും. എന്തു വേണം?   ഒരു തീരുമാനത്തിലെത്താനാവാതെ അവൻ കുഴങ്ങി കുറേ നേരം അവിടെത്തന്നെ നിന്നു.  അപ്പോഴാണ്  ചിന്ത ആ വഴിക്കു തിരിഞ്ഞത്  -  അടുത്തു തന്നെ വയൽക്കരയിൽ ഒരു ചെറിയ കുളമുണ്ട്.  നല്ല ശുദ്ധമായ വെള്ളവും.  അടുത്തുള്ള ചില വീട്ടുകാർ വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം അതിൽ നിന്നാണെടുക്കുന്നത്.  അതിൽ നിന്നും പോയ പാലിന് പകരം വെള്ളം നിറച്ചാലോ? പാലും വെള്ളമാകും.   നാഴിപ്പാലിൽ പകുതിയോളം വെള്ളം ചേർത്താൽ പാലു കാണുമ്പോഴേ മനസ്സിലാകും അതു ശരിക്കും വെള്ളം ചേർത്തതാണെന്ന്.  ചന്തയിലും യാത്ര പോകുമ്പോഴുമൊക്കെ കാപ്പിക്കടയിൽ കയറുമ്പോൾ അച്ഛന് ചായ വാങ്ങിയിട്ട് തനിക്കു വാങ്ങിത്തരുന്ന പാലുംവെള്ളത്തിന്റെ കാര്യം ഓർമയിലേക്ക് വന്നു.  അതു ശരിയാവത്തില്ല.  വിദ്യ  പകർന്നു തരുന്ന സാറൻമാരോട്  അങ്ങിനെ ചെയ്യുന്നത് മഹാ പാപമാണല്ലോ?  മാത്രമല്ല, അപ്പോൾ മറിയാമ്മ സാർ തന്റെ മേൽ ഒന്നിന് പകരം രണ്ടു കുറ്റങ്ങളായിരിക്കും ആരോപിക്കുന്നത് - "വഴിക്കുവച്ചു പാലു കട്ടു കുടിച്ചതും പോരാ, വയലിലെ അഴുക്കു വെള്ളവും ഒഴിച്ചു!".  വീണ്ടും അനിശ്ചിതത്വത്തെയും കെട്ടിപ്പിടിച്ചു ഉപൻ നിൽപ്പായി. അല്പം കൂടി കഴിഞ്ഞപ്പോൾ, പാലു വരാൻ താമസിക്കുന്നതുകൊണ്ടാവണം, അന്നാമ്മസാർ മുറ്റത്തിറങ്ങി ഉപൻ പാലുമായി വരുന്നുണ്ടോ എന്നറിയാൻ താഴെ വയൽ വരമ്പിലേയ്ക്ക് നോക്കിയപ്പോൾ അവനവിടെ ഒരു പന്തിയല്ലാത്ത നിൽപ്പ് നിൽക്കുന്നതാണ് കണ്ടത്. അൽപനേരം കൂടി കാത്തു നിന്നിട്ടും അവൻ അതേ നിൽപ്പുതന്നെ.  സംശയം തോന്നിയിട്ട് സാറു അവനേ ഉറക്കെ  വിളിച്ചു.  തിരിഞ്ഞു നോക്കിയെങ്കിലും അവൻ അതേ നിൽപ്പ് തന്നെ.  സാറു താഴേയ്ക്കിറങ്ങി വീണ്ടും വിളിച്ചു.  സാറിനെ അടുത്തു കണ്ടതും അവൻ വിങ്ങിപ്പൊട്ടി കരച്ചിലിന്റെ വക്കിലെത്തി.  സാറിനും പരിഭ്രമമായി. 

"എന്തു പറ്റി, ഉപനേ?  നീയെന്തിനാ കരയാൻ പൊന്നേ?"  സാറു ഉൽഘണ്ഠയോടെ ചോദിച്ചു. അവൻ മൊന്ത ഉയർത്തിക്കാണിച്ചു കൊണ്ടു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു : 

 "കാലുതട്ടി  വീഴാമ്പോയപ്പം       കൊറേ പാലു തുളുമ്പിപ്പോയി.  ഇനി പകുതിയേ കാണത്തൊള്ളൂ, അതുകൊണ്ടാ ..."  അവൻ പറഞ്ഞൊപ്പിച്ചതിനൊപ്പം തന്നെ വീണ്ടും കരയുമെന്ന മട്ടിലായി.

അന്നാമ്മസാറു പൊട്ടിച്ചിരിച്ചു പോയി.

"നീ ശുദ്ധ മണ്ടനാണല്ലോടാ? ഇത്തിരി പാലു പോയെന്നു കണ്ടു ആരെങ്കിലും നിന്നേ പിടിച്ചു തിന്നുവോ അടിക്കുവോ  ചെയ്യുമെന്നു നീ വിചാരിച്ചോ?. സാരമില്ല, മറന്നേക്കൂ. പിന്നെ പാലു പോയ കാര്യം നീ വീട്ടി പറയണ്ടാ.  മുഴുക്കെ പാലിന്റേം പൈസാ തരുന്നുണ്ട്;  എന്താ, അതു പോരേ"

സാറു അവനേ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.  അവനു ആശ്വാസമായെങ്കിലും തന്റെ ധൈര്യമില്ലായ്മയെപ്പറ്റി ബോധ്യമായപ്പോൾ ഉപന് നാണവും തന്നോട് തന്നെ  പുശ്ചവും തോന്നി. എങ്കിലും, തന്നേ പഠിപ്പിക്കുന്ന സാറന്മാരെ സംബന്ധിക്കുന്ന കാര്യമായതുകൊണ്ടാണ് താനിങ്ങനെ ഒരു അവസ്ഥയിൽ പെട്ടുപോയതെന്നു അവന്റെ മനസ്സ് അവനെ ആശ്വസിപ്പിക്കുന്നുണ്ടെന്നു    അവനു അറിയാമായിരുന്നു. 

മേമ്പൊടി 

"കരയുന്ന കുഞ്ഞിനേ  പാലുള്ളൂ" പോലും, കരയുക തന്നെയാ ചെയ്തതുപനും.

പാലു കിട്ടാൻ വേണ്ടിയല്ലെന്നു മാത്രം,       പാലു തുളുമ്പ്യേന്റെ തുട്ടു കിട്ടാൻ വേണ്ടി. 


2.  "പ്‌ടീ പ്‌ടീ ദുർഗുണേ...ഏ ..ഏ  നീ പ്‌ടീ പ്‌ടീ"  


അഞ്ചാം ക്‌ളാസ്  അദ്ധ്യയന വർഷം   അവസാനിക്കാറാകുന്നതിനു മുൻപ് തന്നെ സ്കൂളിന്റെ ആദ്യ വാർഷികാഘോഷം നടത്തുവാൻ ആന്റണി സാറും മറ്റു വാദ്ധ്യാന്മാരും ചേർന്നു തീരുമാനിച്ചു. ആദ്യമായതിനാലും  കുട്ടികൾക്ക് ഒരു ധാരണയുമില്ലാത്തതിനാലും  സാറന്മാർ അവർക്കു കായിക ഇനങ്ങളിലും പിന്നെ ഉപന്യാസം, പദ്യപാരായണം,  ലളിതഗാനം എന്നിവയിലും മറ്റും  മത്സരിക്കുവാനായി വേണ്ട പരിശീലനങ്ങളും നിർദേശങ്ങളും രണ്ടാഴ്ചയോളം നൽകി.   പിന്നെ വാർഷിക ദിനത്തിൽ കുട്ടികളുടെ ലഘുനാടകങ്ങളും തിരുവാതിര, ലളിത  ഗാനം   തുടങ്ങി കുറേ കലാ പരിപാടികളും  സംഘടിപ്പിച്ചു. അക്കാലത്തു അയിലറയിൽ  വൈദ്യുതി ഇല്ലാതിരുന്നതിനാൽ ആഘോഷം പകൽ രണ്ടു മണി മുതൽ അഞ്ചുമണി വരെ നടത്തുവാനും  തീരുമാനിച്ചു.  

കായിക ഇനങ്ങൾ ഒന്നാം ക്ലാസ്സ്‌ മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ ക്ലാസ്സ് തിരിച്ചു നടത്തുകയായിരുന്നതിനാൽ തന്റെ ക്ലാസ്സിലെ തടിമാടന്മാർക്കൊപ്പം ഓടിയും ചാടിയും മറ്റും വിജയിക്കുവാൻ ഉപനായില്ല. നേരേ മറിച്ചു അവന്റെ ചേച്ചി വാഗമ്മ പെൺകുട്ടികളുടെ ചിലയിനങ്ങളിൽ ഒന്നാമതെത്തുകയുണ്ടായി.  എങ്കിലും ഉപന് നിരാശപ്പെടേണ്ടി വന്നില്ല.  അച്ഛൻ രണ്ടു പേർക്കും വെവ്വേറെ  എഴുതി പരിശീലിപ്പിച്ചു കൊടുത്ത ഉപന്യാസ മത്സരത്തിലും  പദ്യപാരായണത്തിലും അവൻ ഒന്നാമതെത്തി, ഒന്നാം സമ്മാനമായ രണ്ടു റൂൾ പെൻസിലുകൾ കരസ്ഥമാക്കി. സമ്മാനം ചെറുതായിരുന്നെങ്കിലും അതു കിട്ടിയതിന്റെ സന്തോഷം വളരെ വലുതായിരുന്നു ! 

കലാപരിപാടികളുടെ ഇനത്തിൽ,  ഉപന്റെ അച്ഛൻ കേശവൻ, ഏരൂർ സ്കൂളിൽ പഠിക്കുകയായിരുന്ന  തന്റെ മൂത്ത മകൾ വിലാസിനിയെയും ഇളയ  കുട്ടികളായ വാഗമ്മയെയും ഉപനേയും  ഉൾപ്പെടുത്തി ഒരു ലഘു ഗദ്യ-പദ്യ നാടകം അവതരിപ്പിക്കുന്നതിനായി  ആന്റണി സാറിന്റെ അനുവാദം വാങ്ങി. 

നാടകത്തിന്റെ  ഇതിവൃത്തം : ഒരു താമരപ്പൂവും  റോസ്സാപ്പൂവും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളും അതു കാണുവാനിടയാകുന്ന മുല്ലപ്പൂവ് ഇടപെട്ടു അവരെ സമാധാനിപ്പിച്ചു പിണക്കം തീർത്തു ഇണക്കുന്നതുമാണ്.   വിലാസിനി താമരയായും, വാഗമ്മ റോസയായും, ഉപൻ മുല്ലയായുമാണ് വേഷമിടുന്നത്.

വാർഷിക ദിവസം.   ഗദ്യ - പദ്യ നാടകത്തിന്റെ സമയമായി. വിലാസിനി താമരപ്പൂവായി നെഞ്ചത്ത് താമരപ്പൂവിന്റെ ഒരു വലിയ പടവും ഘടിപ്പിച്ചു കൊണ്ടു ഒരു വശത്തുകൂടി  സ്റ്റേജിൽ പ്രവേശിച്ചിട്ടൂ,  താനാണ് എല്ലാവരാലും ഇഷ്ടപ്പെടുന്ന, വീണ വായിക്കുന്ന സരസ്വതീദേവിയുടെ ഇരിപ്പിടമായ  താമരപ്പുവെന്നു ശ്ലോകം ചൊ ല്ലിക്കൊണ്ടു  സദസ്യരെ സ്വയം പരിചയപ്പെടുത്തുന്നു.  ഉടനെ   നെഞ്ചിൽ റോസ്സാപ്പൂവിന്റെ ഒരു വലിയ പടവും ഘടിപ്പിച്ചു വാഗമ്മ റോസാപ്പൂവായിട്ടു സ്റ്റേജിന്റെ മറുവശത്തു കൂടി പ്രവേശിച്ചു, മനുഷ്യരെല്ലാവരും ഒന്നു ചുംബിക്കുവാനിഷ്ടപ്പെടുന്ന, എപ്പോഴും സുഗന്ധം വമിച്ചുകൊണ്ടേയിരിക്കുന്ന സുന്ദരിയായ റോസാപ്പുഷ്പമാണ് ഞാൻ എന്നു പാടിക്കൊണ്ട് സദസ്യരെ സ്വയം  പരിചയപ്പെടുത്തുന്നു. താമരയ്ക്കതു  ഇഷ്ടപ്പെടുന്നില്ല. 

"നീ ശരീരം നിറയെ "കണ്ടകങ്ങൾ" നിറഞ്ഞ വൃത്തികെട്ടവളാണ്, പൂവിനു സമാനരായ കൊച്ചു കുട്ടികൾക്ക് നിന്റെ സമീപം വരുവാൻ തന്നെ ഭയമാണ്",   എന്നു റോസയെ ഇകഴ്ത്തിക്കൊണ്ടു പാടുന്നു.   അതു കേൾക്കുന്ന റോസ : "നീ ചേറിൽ നിന്നു വളർന്നു പൊന്തിയ"വളാണ്,  നിനക്ക് അപ്പോൾ ചേറിന്റെ നാറ്റമല്ലേ ഉണ്ടാകുള്ളൂ" എന്നു പാടി താമരയെ ഇകഴ്ത്തുന്നു. എന്നിട്ട്, സ്വയം പുകഴ്ത്തി : "ആളുകൾ എന്റെ ശരീരത്തിൽ നിന്നും പനിനീർ ശേഖരിച്ചു പൂജാ വേളകളിലും  വിവാഹ വേദികളിലും  മറ്റു ആഘോഷ വേളകളിലും അവരുടെ മേൽ തളിച്ച് എന്റെ സുഗന്ധം ആസ്വദിക്കുന്നു" എന്നു പാടുന്നു.  താമരയും വിട്ടുകൊടുക്കുവാൻ തയ്യാറല്ലായിരുന്നു.  "ഞാൻ ബ്രഹ്മാവിന്റെ പൊക്കിൾക്കൊടിയിലാണ് വിടർന്നു നിൽക്കുന്നത്, അതിലും വലിയ ഒരു സ്ഥാനം  ആർക്കു കിട്ടും" എന്നായി താമര.  ഇങ്ങിനെ രണ്ടാളും സ്വയം പുകഴ്ത്തിയും അപരനെ ഇകഴ്ത്തിയും ശണ്ഠ കൂടി, താമര അവസാനം റോസയെ  "പോടീ, പോടീ ദുർഗുണേ, നീ പോടീ, പോടീ"  എന്നു ഇകഴ്ത്തിക്കൊണ്ടു പാടുന്നതു കേട്ടുകൊണ്ട്, ഒരു മുല്ലപ്പൂമാലയും ചൂടിക്കൊണ്ടു  ഉപൻ മുല്ലപ്പൂവായിട്ടു പ്രവേശിച്ചു രണ്ടുപേരോടുമായി പറയുന്നു  : 

"എന്തിനാണ് സഹോദരിമാരേ നിങ്ങൾ ഇങ്ങിനെ നിസ്സാര കാര്യത്തിന് ശണ്ഠ കൂടുന്നത്?  നോക്കൂ, എനിക്കും നല്ല സുഗന്ധവും ശുഭ്രതയുമില്ലേ? മഹിളാ രത്നങ്ങൾ എന്നെ മാലയാക്കി അവരുടെ കാർകൂന്തലിൽ  ചൂടാറില്ലേ? പുതു  ദമ്പതികൾ അവരുടെ മണിയറയിൽ  മധുവിധു ആഘോഷിക്കുന്നത് കിടക്കയിൽ എന്നേ വിതറി വിരിച്ചുകൊണ്ടല്ലേ? എന്നിട്ടും എനിക്കൊരഹങ്കാരവുമില്ലല്ലോ! ഞാൻ സ്വയം പുകഴ്ത്താറുമില്ല, മറ്റുള്ളവരെ താഴ്ത്തിക്കെട്ടാറുമില്ല.    നമ്മൾ  പുഷ്പങ്ങൾക്കു രണ്ടോ മൂന്നോ ദിവസങ്ങളുടെ ജീവിതമേയുള്ളു.  അതു കഴിഞ്ഞാൽ നമ്മൾ വെറും "വീണപൂക്കൾ" മാത്രമാണ്. ഉള്ള ജീവിത കാലം ശാന്തിയോടും സമാധാനത്തോടും   കൂടി   ജീവിക്കുന്നതല്ലേ ബുദ്ധിയും ഉചിതവും?  നമ്മളുടേതായ സുഗന്ധവും, സൗന്ദര്യവും മറ്റു ഗുണങ്ങളും മനുഷ്യർ ആസ്വദിക്കുന്നത് കണ്ടു നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്? നിങ്ങൾ നല്ല കൂട്ടുകാരായി, സന്തോഷത്തോടെ പിരിഞ്ഞു പോകുക"

താമരയും റോസയും  മുല്ലയുടെ ഓരോ കൈകൾ കരസ്ഥമാക്കിക്കൊണ്ട്‌ ഒരുമിച്ച്  :

"സഹോദരി പറഞ്ഞതാണ് വാസ്തവം. നിസ്സാര കാര്യങ്ങൾക്കായി ശണ്ഠ   കൂടുന്ന   ഞങ്ങൾ എന്തു വിഡ്ഢികളാണ്?"

എന്നിട്ട് മൂന്നു പേരും കൂടി  പൂക്കളെപ്പറ്റിയും പ്രകൃതിയെപ്പറ്റിയും ദൈവത്തെപ്പറ്റിയും പുകഴ്ത്തി ഒരുമിച്ചു പാടിയിട്ടു സ്റ്റേജിൽ നിന്നും മറയുന്നു. 

നാടകം കളിച്ച കാര്യം താമസിയാതെ എല്ലാവരും മറന്നു.  പക്ഷേ, അതിലെ ഒരു വരി പിന്നീട് ചേച്ചി വാഗമ്മയ്‌ക്കെതിരെ നല്ല ഒരു ആയുധമായി ഉപയോഗിക്കുവാൻ ഉപന് ഉതകി.  രണ്ടുപേരും കൂടി നിസ്സാര കാര്യങ്ങൾക്കും വഴക്കിടും, ഇരട്ടപ്പേര് വിളിയിൽ തുടങ്ങി അതവസാനം അടിയിലോ, പിച്ചിലോ നുള്ളിലോ പിന്നെ ഉപന്റെ മോങ്ങലിലോ മാത്രമേ അവസാനിക്കൂ; കാരണം ആ കാര്യങ്ങളിലൊന്നും അവനു ചേച്ചിയേ തോൽപ്പിക്കുവാൻ കഴിയുമായിരുന്നില്ല. 

പതിവു പോലെ ഒരിക്കൽ വഴക്കു കൂടി അടിപിടിയിലും  മറ്റുമെത്തി  താൻ  തോറ്റൊടുമെന്ന സ്ഥിതിയായപ്പോൾ അപ്രതീക്ഷിതമായാണ് ഉപന്റെ ബുദ്ധിയിലേക്കു ഒരു മിന്നലെന്ന പോലെ ആ വാക്കുകൾ  കടന്നു വന്നത്; തങ്ങൾ കളിച്ച നാടകത്തിൽ താൻ സ്റ്റേജിലേക്ക് പ്രവേശിക്കുമ്പോൾ, താൻ കേട്ട,  തമ്മിലുള്ള വാഗ്‌പോരാട്ടത്തിനിടെ  വിലാസിനിച്ചേച്ചി വാഗമ്മച്ചേച്ചിക്കെതിരേ  പ്രയോഗിച്ച ആ വാക്കുകൾ :  "പോടീ പോടീ, ദുർഗുണേ നീ, പോടീ പോടീ" !!! പിന്നെ താമസിച്ചില്ല - കൈപ്പത്തികൾ രണ്ടുമുയർത്തി കോക്രി കാണിച്ചുകൊണ്ട് വച്ചു കാച്ചിക്കൊടുത്തു : "പോടീ പോടീ, ദുർഗുണേ നീ, പോടീ പോടീ".  പക്ഷേ, പുതിയ ആയുധം കിട്ടിയതിന്റെ  ആവേശത്തിൽ താൻ ചേച്ചിയോട് അടുത്തു തന്നെയാണ് നിൽക്കുന്നതെന്ന കാര്യം അവൻ ശ്രദ്ധിച്ചിരുന്നില്ല.  വാഗമ്മയുടെ  മട്ടും ഭാവവുമെല്ലാം അടിമുടി മാറി.  ആ മുഖം ശൗര്യത്താൽ ചുവന്നു തുടുത്തു; കണ്ണുകളിൽ ക്രോധം രക്തനിറത്തോടെ ഇരമ്പിക്കയറി.  പല്ലുകളും മുഷ്ടികളും ഞെരിച്ചമർത്തിക്കൊണ്ടു അവൾ മിന്നൽ വേഗത്തിൽ, ഓടുവാൻ ഉപനവസരം കൊടുക്കാതെ, അവനെ കടന്നു പിടിച്ചു പൊതിരെ തല്ലുകയും, പിച്ചുകയും, മാന്തുകയുമൊക്കെ നിമിഷങ്ങൾക്കകം ചെയ്തു ശൗര്യവും ദേഷ്യവുമൊക്കെ തീർത്തു.  ഉപന് പതിവു പോലെ മോങ്ങുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളു. തമ്മിൽ  വഴക്കു കൂടി തോറ്റാൽ പരാതിയുമായി അമ്മച്ചിയുടെ അടുത്തു ചെല്ലാനും പറ്റില്ല; ചെന്നാൽ അമ്മച്ചിയുടെ പങ്കും കിട്ടും.  അച്ഛൻ വീട്ടിലുണ്ടെങ്കിൽ വഴക്കു കൂടുന്ന പ്രശ്നമേയില്ല.

ആദ്യത്തെ പ്രയോഗത്തിൽ അതിദയനീയമായി തോറ്റെങ്കിലും, ഉപന് ഒരു കാര്യം ഉറപ്പായി; ചേച്ചിയേ ശുണ്ഠിയും ദേഷ്യവും പിടിപ്പിക്കുവാൻ ഇതിലും നല്ല ഒരു അടവ്  വേറേ കിട്ടില്ല.  അങ്ങനങ്ങു തോറ്റു പിന്മാറുവാൻ ആവാനാകില്ലായിരുന്നു. അവൻ വീണ്ടും വീണ്ടും ആലിച്ചിച്ചു : എന്താണൊരു മാർഗ്ഗം?  അവസാനം അവനൊരു നിസ്സാര വഴി തന്നെ കണ്ടെത്തി. തോൽക്കുമെന്ന ഘട്ടമെത്തുമ്പോൾ തോൽവി സമ്മതിച്ചെന്ന മട്ടിൽ ഒന്നും ചെയ്യാതെയും പറയാതെയും, മുറ്റത്തേയ്ക്ക് നടന്ന് ദൂരേയ്ക്ക് മാറിപ്പോവുക; എന്നിട്ട് ഉറക്കെ ആ സ്പെഷ്യൽ പ്രയോഗം നടത്തിയിട്ട് പെട്ടെന്നൊടി മരച്ചീനികളുടെ ഇടയിൽ മറയുക.  ഉപൻ അടുത്ത തവണ മുതൽ ആ പദ്ധതി വിജയകരമായി പ്രയോഗിച്ചു പൊന്നു.  ചേച്ചി കലികൊണ്ടു തുള്ളി അവന്റെ  പിറകേ ഓടുമെങ്കിലും മരച്ചീനികളുടെ അടുത്തെത്തുമ്പോൾ കുറേ ചരലും മണ്ണും വാരി അവൻ മറഞ്ഞ ഭാഗത്തേക്കെറിഞ്ഞിട്ട് : "നിനക്കു ഞാൻ നല്ലതു വച്ചിട്ടുണ്ട്; നിന്നേ എന്റെ കയ്യിൽ കിട്ടാതിരിക്കില്ല" എന്നുറക്കെ പറഞ്ഞിട്ട്  ചേച്ചിക്കു തിരികെ നടക്കുകയേ മാർഗമുണ്ടായിരുന്നുള്ളു.  പിന്നീട് തമ്മിൽ കാണുമ്പോൾ ചേച്ചി അതേപ്പറ്റി മറന്നിരിക്കും; അതല്ലെങ്കിൽ, ഇനിയും ആ വിളി കേൾക്കാതിരിക്കാൻ തൽക്കാലം മിണ്ടാതിരിക്കുകയാവും ഭംഗിയെന്ന് ചേച്ചി കരുതിയിട്ടുണ്ടാവും.

എന്നിരുന്നാലും വഴക്കു കൂടുവാനുള്ള സന്ദർഭങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു; ഉപന്റെ പ്രയോഗം തുടർന്നുകൊണ്ടുമിരുന്നു.  ക്രമേണ ആ പ്രയോഗത്തിൽ ഒരു ചെറിയ മാറ്റമുണ്ടായെന്നു മാത്രം.  പെട്ടെന്ന് പ്രയോഗിച്ചിട്ടു ഓടിമറയുവാനുള്ള ധൃതിയിൽ പ്രയോഗം "പ്‌ടീ പ്‌ടീ ദുർഗുണേ...ഏ ..ഏ  നീ പ്‌ടീ പ്‌ടീ"    എന്നു രൂപാന്തരപ്പെട്ടു.  'പോടീ പോടീ' എന്നുള്ള പദങ്ങൾ ചുരുക്കിയും, 'ദുർഗുണേ' എന്ന  വാക്കിനു ഊന്നൽ കൊടുക്കാനായി അതു   വളരെ നീട്ടിയും ഉള്ള പ്രയോഗം.     ഉപൻ ഹൈസ്കൂളിൽ പോയിത്തുടങ്ങിയതിനു  ശേഷമാണ് വഴക്കിനും തമ്മിലടിയ്ക്കും അറുതി വന്നത്.  

 

മേമ്പൊടി 


"നാടകാന്ത്യം കവിത്വ"മാണെങ്കിൽ തൻ     നാടകം നല്ലപോലേ നടിച്ചുപൻ

നാടകത്തിൽ നിന്നേട് കടമെടു-               ത്താടി മോടിയിൽ ജീവിത നാടകം !

ജീവിതക്കളിപ്പോരിന്റെ ഏടതി-ജീവനത്തിന്റെ  കാര്യമായ് മാറിടെ

"തന്നള മുട്ടിയാൽ ചേരയും കൊത്തിടു"-മെന്നുള്ള  ചൊല്ലുപനന്വർത്ഥമാക്കിനാൻ. 



B










2017 മേയ് 8, തിങ്കളാഴ്‌ച

Blog Post No.3 :: ഇടിച്ചു കയറി നേടിയ വിദ്യാരംഭം


ഇടിച്ചു കയറി ഒരു  വിദ്യാരംഭം

           ഉപൻ മോന്റെ മൂക്കിലെ മുറിവുണങ്ങി അധികം  താമസിയാതെ തന്നെ അയിലറയിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി; കരിക്കത്തിൽ രാഘവൻ പിള്ളയുടെ വീട്ടിൽ. വാഗമ്മ  മോളെ   നല്ല ഒരു ദിവസ്സം നോക്കി വിദ്യാരംഭം കുറിക്കാൻ അവിടെ   ചേർക്കണം.  ഉപനമോനെ ചേർക്കുവാൻ പ്രായമായിട്ടില്ല ",  കേശവൻ മനസ്സിലോർത്തു.   "ഇനി മോക്കൊരു ഫ്രോക്ക് തൈപ്പിക്കണം.  പക്ഷേ ഉപൻമൊനു കൂടി  തൈപ്പിച്ചേ പറ്റൂ."    രണ്ടുപേർക്കും തൈപ്പിച്ചു.  എഴുത്തോലയും സംഘടിപ്പിച്ചു.

ഉപൻമോന്റെ ഇടിച്ചു കയറിയുള്ള വിദ്യാരംഭം

മുന്നൊരുക്കം

ചേച്ചിക്കൊരു   ഫ്രോക്കെനിക്കുടുപ്പും കൊച്ചു നിക്കറും തൈപ്പിച്ചു                                     തന്നിതച്ഛൻ

ചേച്ചിയെ നാളെ ഓലപ്പള്ളിക്കൂടത്തി-     ലച്ഛനോ കൊണ്ടുപോയ് ചേർത്തിടും                    പോൽ. 

ഞാനോ വെറുമൊരു കൊച്ചുകുഞ്ഞാ                     ണു പോ-                                  ലെന്നെയവിടെ എടുക്കില്ല പോൽ.

അന്നില്ല, പറ്റിയി, ല്ലൊട്ടുമുറങ്ങുവാ-     നെന്നിലെ 'ക്കുഞ്ഞി'നെ  ഞാൻ                                 വെറുത്തു.  

ചേച്ചിക്കു ചെയ്യുവാൻ പറ്റുന്ന കാര്യങ്ങ-ളിശ്ചയോടൊക്കെയും                                             ചെയ്തിടാറുണ്ടു ഞാൻ

അച്ഛനുമമ്മയുമെന്നിട്ടുമേന്തേയെ-   ന്നിശ്ചയെ തെല്ലും പരിഗണിക്കാതെ                           പോയ് ?

നല്ലപോൽ ചെയ്തിടാറുണ്ടു ഞാൻ                                      ചേച്ചിയേ                                 വെല്ലുന്ന മാതിരി   എല്ലാമെല്ലാം 

ഇല്ല,  ഞാൻ വിട്ടുകൊടുക്കില്ല,                                                 തെല്ലുമേ,                                 വെല്ലുന്ന വാശിയാൽ ഞാനുറച്ചു.

                            . *****          

 

നടപ്പാക്കൽ   

അതേ,   വാഗമ്മ ചേച്ചിയെ  ആശാൻ പള്ളിക്കൂടത്തിൽ  എഴുത്തു പഠിക്കുവാൻ  ചേർക്കുകയാണെങ്കിൽ തന്നെയും  ചേർത്തേ  പറ്റൂ.   ഉപൻമോൻ  അതു ഉറപ്പിച്ചു  കഴിഞ്ഞിരുന്നു. 

അതിരാവിലെ  ചേച്ചിയോടൊപ്പം ഉണർന്നപ്പോൾ  തലേദിവസത്തെ കാര്യങ്ങൾ അവന്റെ ഓർമയിലേക്ക്  വന്നു. ഇന്നലെ   രാവിലെ അച്ഛൻ എവിടെ  നിന്നോ  എഴുത്തു  പനയോലയുടെ  ഒരു  കയ്യു  മുഴുവനായി  കൊണ്ടുവന്നു  അതിന്റെ, ചേർന്നിരുന്ന,  ഓലകൾ  ഓരോന്നായി  വേർപെടുത്തിയിട്ടു  മുറിച്ചു  അടുക്കി  വയ്ക്കുന്നത്  കണ്ടപ്പോൾ  അവൻ  അടുത്ത്  ചെന്ന്  ഒരോല  എടുത്തു  വിടർത്തി  അതിന്റെ  മണം  ആസ്വദിച്ചു  കൊണ്ട് ചോദിച്ചാരുന്നു:

"എന്തിനാച്ചാച്ചാ   ഈ  ഓല ?"

"ചേച്ചിയെ  നാളെ  എഴുത്തു പഠിക്കുവാൻ  ആശാൻ  പള്ളിക്കൂടത്തിൽ  ചേർക്കുവല്യോ.    ഈ  ഒലേലാ  ആശാൻ  അക്ഷരങ്ങളെഴുതി  തരുന്നത്."

"അന്നേരം ചേച്ചിക്കതു  വായിക്കാൻ  പറ്റുവോ? ചേച്ചി വായിക്കുന്നത്  ഞാനതിനു  കണ്ടിട്ടില്ലല്ലോ" അവൻ  പറഞ്ഞു. 

"ആദ്യം ആശാൻ  'ഹരി' എന്ന് പറഞ്ഞു  കൊണ്ട്  അതു  പൂഴിമണ്ണിൽ  എഴുതിയിടും.    എന്നിട്ടു  ചേച്ചിയുടെ  ചൂണ്ടുവിരലിൽ പിടിച്ചു  അതിൻെറ മോളിക്കൂടെ  എഴുതിക്കും 'ഹ.....രി ...' എന്ന്.   പിന്നെ  ചേച്ചി  തനിയെ  അങ്ങിനെ  പറഞ്ഞു  കൊണ്ട്  എഴുതി  എഴുതി  പഠിക്കണം.   എല്ലാ  അക്ഷരങ്ങളും  അങ്ങിനെ  തനിയെ  എഴുതി  പഠിച്ചുകഴിയുമ്പോൾ   കടലാസ്സിയിൽ  അച്ചടിച്ചേക്കുന്നതും എഴുതിയെക്കുന്നതുമൊക്കെ  വായിക്കാൻ  പറ്റും."

അവനു   കൗതുകമായി. 

"അപ്പപ്പിന്നെ  എനിച്ചും  അതുപോലെ  പഠിച്ചാൻ  പറ്റൂലോ .  ചേച്ചി  ചെയ്യുന്നതൊക്കെ  എനിക്കും  ചെയ്യാൻ പറ്റൂല്ലോ. .  ചേച്ചിക്കറിയാവുന്നൊക്കെ  എനിച്ചുമറിയാവല്ലോ."  ഒരു നിസ്സാര  കാര്യമെന്നപോലെ  അവൻ   പറഞ്ഞു. 

"മോനിപ്പം  കുഞ്ഞല്യോ?  ചേച്ചീടത്രേം  വലുതാകുമ്പോ  മോനേം  ചേർക്കാം."  

ആശ്വസിപ്പിക്കാനെന്നോണം  അച്ഛൻ  പറഞ്ഞു. 

"അതു പറ്റൂല.  എനിക്കും  ചേചീടെകൂടെ പടിച്ചാൻ പോയാമതി."   സങ്കടം  വന്നിട്ട്  അവൻ   ചിണുങ്ങിക്കൊണ്ടു  നിർബന്ധം  പിടിച്ചു . 

"മോൻ വലുതാകുമ്പം  തീർച്ചയായും  വിടാം " അച്ഛൻ  അവസാന  വാക്കെന്നപോലെ  പറഞ്ഞു. 

അവൻ   കരഞ്ഞുകൊണ്ട്  അമ്മച്ചിയുടെ  അടുത്തേക്കോടിച്ചെന്ന് പരാതിപ്പെട്ടു.   രക്ഷയില്ല;  അച്ഛൻ  പറഞ്ഞത്  തന്നെ  അമ്മച്ചിയും  പറഞ്ഞു.  എന്നിട്ടൂ  ആശ്വസിപ്പിക്കാനെന്നപോലെ അമ്മച്ചി  പറഞ്ഞു : 

"മോന് ദിവസോം  മെറ്റലിളകിക്കിടക്കുന്ന  ആ  റോഡേ  അത്രേം  ദൂരം  നടക്കാൻ  പറ്റുവേല.  ആ   റോഡേ  പോകുമ്പോഴൊക്കെ  മോനേ അച്ഛനോ  അമ്മച്ചിയോ  എടുക്കുവല്ലിയോ  ചെയ്യുന്നേ? ചേച്ചീടത്രേം  വലുതാവുമ്പോ  മോനും  തനിയെ  അതിലെ നടക്കാൻ പറ്റും, ചേച്ചി   ഇപ്പോ  നടക്കുന്നപോലെ.  മോനേ  അപ്പോൾ   ചേർക്കാം."  

അവൻ   പിന്നെയും  ചിണുങ്ങലും  പരാതിയുമായി  നിന്നപ്പോൾ ഏതോ  ജോലിയിൽ  മുഴുകിയിരുന്ന  അമ്മച്ചി  ദേഷ്യപ്പെട്ടു:

"എനിക്കിവിടെ പിടിപ്പതു  ജോലിയുണ്ട്.  കിണുങ്ങാതെ  പോകുന്നുണ്ടോ, വല്ലതും  വാങ്ങിച്ചു  കെട്ടാതെ?"

ഇനി നിന്നിട്ടു  രക്ഷയില്ല. ചിണുങ്ങിക്കൊണ്ടുതന്നെ  അവൻ   പോയി   കട്ടിലിൽ   കേറിക്കിടന്നു കരഞ്ഞു  കരഞ്ഞു  ഉറങ്ങിപ്പോയി, ഉച്ചയ്ക്ക്  ചോറ് തിന്നാൻ  അമ്മച്ചി വന്നു  വിളിക്കുന്നത്  വരെ. രാത്രി  ഉറങ്ങുന്നവരെ  അവൻ  ചിന്തയിലായിരുന്നു.

അവസാനം  ഉറങ്ങുന്നതിനു  മുൻപ്  തന്നെ  ഒരു  തീരുമാനത്തിലെത്തുകയും ചെയ്തു.

 ചേച്ചിയേം  കൊണ്ട്  അച്ഛൻ  പോകുമ്പോൾ  കൂടെ  പോകുക  തന്നെ. നേരത്തേ തന്നെ ഉണരണം.  ചേച്ചിയെ  മുറുകെ  കെട്ടിപ്പിടിച്ചു 

കിടന്നു.  ചേച്ചി  ഉണരുമ്പോൾ  തനിക്കുമുണരാൻ  പറ്റും.

എഴുന്നേറ്റു  കഴിഞ്ഞ പ്പോൾ  വാഗ  മ്മച്ചേച്ചി  എവിടെ എന്തിനു  പോയാലും അവനും  പിറകേ  കൂടി.  കുറച്ചു  കഴിഞ്ഞപ്പോൾ അമ്മച്ചി  ചേച്ചിയോട്  വിളിച്ചുപറയുന്നത്  കേട്ടു :

"മോളേ, തോട്ടി  പോയി  വേഗം  കുളിച്ചിട്ടു വാ, പള്ളിക്കൂടത്തി  പോവാനൊള്ളതാ ."  

ചേച്ചി   പോകാനിറങ്ങിയപ്പോൾ  അവനും  പിറകേ  കൂടി. 

"നീയെന്തിനാ  ഇപ്പം  വരുന്നേ, നീ  ഇപ്പഴേ  കുളിക്കണ്ടാ, തണുക്കും. നിന്നെ  പിന്നെ  അമ്മച്ചി  കുളിപ്പിച്ചോളും."

"അതിനു   ഞാൻ  ചേച്ചിക്കു  കൂട്ടു  വരുവല്യോ?"  അവൻ   ഉടൻ മറുപടികൊടുത്തു. 

ചേച്ചി കുളിച്ചപ്പോൾ  അവനും  തൊട്ടിലിറങ്ങി  അരയ്ക്കുതാഴെ  വെള്ളമുള്ളിടത്തു  മുങ്ങിക്കുളിച്ചു.  തിരികെ 

വീട്ടിലെത്തിയപ്പോഴേയ്ക്കും വിലാസിനിച്ചേച്ചി ഏരൂർ ഉള്ള സ്കൂളിലേയ്ക്ക്
പോയിക്കഴിഞ്ഞിരുന്നു.  അല്പം  കഴിഞ്ഞപ്പോൾ  അച്ഛൻ  ചേച്ചിയോടായി  പറഞ്ഞു  

"മോളാ  എഴുത്തോലക്കെട്ടേന്ന്‌  ഒരോല ഊരിയെടുത്തു  തിണ്ണേലെ  ബെഞ്ചേ  വെച്ചേച്ചു പോയി കഞ്ഞി  കുടിക്ക്.  പോകാന്നേരം  ഓലയെടുക്കാൻ  മറക്കരുത് ."

ചേച്ചി ഒരു ഓല  എടുത്തു  ബഞ്ചിൽ  വച്ചിട്ട്  അടുക്കളയിലേയ്ക്കു  പോയ  തക്കം  നോക്കി  ആരും  കാണാതെ  അവൻ   പോയി  ഒരോലകൂടി   ഊരിക്കൊണ്ടുവന്നു  ചേച്ചിയുടെ  ഓല  രണ്ടായി  വിടർത്തി  അതിനകത്തു  തിരുകിക്കയറ്റി  വച്ചു. ഒറ്റ നോട്ടത്തിൽ അത് ഒരോല മാത്രമാണെന്നേ  തോന്നൂ. എന്നിട്ടു വേഗം അടുക്കളയിൽ പോയി  കഞ്ഞി  വാങ്ങി  കുടിച്ചിട്ട്  ചേച്ചിക്കൊപ്പം  പോയി.  ചേച്ചി പുതിയ ഫ്രോക്ക്  എടുത്തിട്ടപ്പോൾ    അവൻ തന്റെ  പുതിയ  നിക്കറും  ഉടുപ്പുമെടുത്തിടുവാൻ  തുടങ്ങി . അതു കണ്ട  ചേച്ചി :  

"നീയെന്തിനാ  അതിപ്പോ  എടുത്തീടുന്നേ ?   നിന്നെയതിനു  ആശാംപള്ളിക്കൂടത്തി  ചേർക്കുന്നില്ലല്ലോ!"

"ചേച്ചി  പുത്യേതെടുത്തീടുന്നെ   കണ്ടപ്പം  എനിക്കും  കൊതി വന്നു. അതോണ്ടാ."   അവനു   അതിനും  തക്ക  മറുപടിയുണ്ടായിരുന്നു. 

അല്പം  കഴിഞ്ഞപ്പോൾ  അച്ഛൻ  ചേച്ചിയോടായിപ്പറയുന്നത്  കേട്ടു :

"ഓലേം  എടുത്തോണ്ട്  വാ മോളെ,   പോകാം.  ദേവിയെ  ധ്യാനിച്ചോണ്ടു  പടിയിറങ്ങണം,  കേട്ടോ  ?"

"ങ്ങും", ചേച്ചി  മൂളി. 

ഉടുപ്പിട്ടുകഴിഞ്ഞു  വെളിയിൽ  വരാതെ ഉപൻമോൻ   മുൻവശത്തെ  തിണ്ണയിൽ നിന്നും  അകത്തേക്കുള്ള മുറിയുടെ  കതകിന്റെ  പിറകിൽ നിന്ന്  തിണ്ണയിൽ  നടക്കുന്നതെല്ലാം ഒളിഞ്ഞു  നോക്കിക്കൊണ്ടു  നിൽക്കുകയായിരുന്നു.

അച്ഛൻ   വെള്ള  മുണ്ടുമുടുത്തു  തോർത്തും  തൊളിലിട്ടിരിക്കുന്നു.    അച്ഛൻ  വെറ്റിലയും  പാക്കും  ഒരു  ചക്രവും   കടലാസ്സിൽ  പൊതിഞ്ഞു  എടുക്കുന്നത്  കണ്ടിരുന്നു. അതെന്തിനാണെന്നു  അവനു  മനസ്സിലായില്ല.  

 അമ്മച്ചിയും  തിണ്ണയിലുണ്ട്. അച്ഛൻ  വെളിയിലേക്കിറങ്ങി.  പിറകേ  ഓലയുമെടുത്തു  കൊണ്ട് ചേച്ചിയും.   ഓല  രണ്ടെണ്ണമുണ്ടെന്ന  കാര്യം ചേച്ചി  അറിഞ്ഞില്ലെന്ന്  തോന്നുന്നു. അവർ  മുറ്റവും കടന്നു  വഴിയിലേക്കിറങ്ങിയപ്പോൾ അമ്മച്ചി  തിണ്ണയിൽ നിന്നും  അടുക്കളയിലേക്കു  പോയ ഉടൻ അവൻ   ഓടിയിറങ്ങി  അച്ഛന്റെയും  ചേച്ചിയുടെയും   ഒപ്പമെത്തി. അവനേ   കണ്ടതും  അച്ഛൻ  ഉറക്കെ  ദേഷ്യപ്പെട്ടു  :

"നീ  എവിടെപ്പോവാടാ ? കേറിപ്പോടാ  അകത്തു, ഒന്നും  കിട്ടേണ്ടേൽ"

"ഞാനും  വരണു. എന്നേം  കൊണ്ടോണം. ചേച്ചിയെ  ആശാൻ  പഠിപ്പിക്കുന്നെ  കാണാനാ. അച്ചാച്ചൻ  തിരയെ  വരുമ്പം ഞാനും വന്നോളാം ."  

കരച്ചിലിന്റെ  വക്കിലെത്തിക്കഴിഞ്ഞിരുന്ന ഉപൻമോൻ  പറഞ്ഞു. 

"വേണ്ടാ, നീയിപ്പോ  വരണ്ടാ.  നിന്നെ  വേറൊരു  ദിവസം  ഞാൻ  കൊണ്ട്  പോകാം.  ഇപ്പം  മര്യാദക്ക്  അകത്തു  കേറിപ്പോ"  അച്ഛൻ  വഴങ്ങുന്ന മട്ടില്ല. 

 അവൻ   ഉറക്കെ  കരയാൻ  തുടങ്ങി.  ബഹളം  കേട്ടു അമ്മച്ചി

ഇറങ്ങി  വന്നു.  കാര്യം  മനസ്സിലായപ്പോൾ  അമ്മച്ചി  അവന്റെ  രക്ഷയ്ക്കെത്തി :

"അവനെക്കൂടെ കൊണ്ടുപോകരുതോ? നിങ്ങള് പോരുമ്പോ കൂടിങ്ങു   കൊണ്ടുപൊന്നാപ്പോരേ?" 

തന്നെ കൂട്ടാതിരുന്നാൽ  അവിടെ താൻ  കാട്ടിക്കൂട്ടാവുന്ന  പുകിലിൽ  നിന്നും  അമ്മച്ചിക്ക്  രക്ഷപ്പെടാനാവുമല്ലോ! 

അവനു   ആശ്വാസമായി.  അച്ഛൻ പിന്നെയൊന്നും  പറഞ്ഞില്ല.  അവൻ  കരച്ചിൽ നിറുത്തി  ധൈര്യമായി  അവരുടെയൊപ്പം  നടന്നു.  തലേ  ദിവസം ചേച്ചി പറഞ്ഞാരുന്നു, ആശാൻ  പള്ളിക്കൂടം  തുടങ്ങുന്നത്  കരിക്കത്തിൽ  വീട്ടിലാണെന്നും, എരപ്പും (അടുത്തുള്ള  വെള്ളച്ചട്ടത്തിനു  'എരപ്പു ' എന്നാണ്  നാട്ടുകാർ   പറഞ്ഞിരുന്നത്) കഴിഞ്ഞു കൊറേ  ദൂരം  പോകണമെന്നും.

  അവർ  തോടും  കടന്നു  റോഡിൽ   കയറി.   നിറയെ  മെറ്റൽക്കഷണങ്ങൾ  ഇളകിക്കിടക്കുന്ന   ആ  റോഡ്  കണ്ടപ്പോൾത്തന്നെ  അവനു   പേടിയായി.    ഇന്നത് പുറമേ  കാണിച്ചു പതിവുപോലെ  അച്ഛനോട്  തന്നെ     എടുക്കുവാൻ  പറയാനുമാവില്ലല്ലോ! ധൈര്യം നടിച്ചുകൊണ്ടു  തട്ടിയും  തടഞ്ഞും  അവൻ  നടക്കുവാൻ  തുടങ്ങുന്നത്  കണ്ടു 

അവനേ   എടുക്കുവാനായി അച്ഛൻ  തുനിഞ്ഞപ്പോൾ  കുതറി  മാറിക്കൊണ്ട്  അവൻ  പറഞ്ഞു :

"വേണ്ടാ,  എന്നെ  എടുക്കേണ്ട,   ഞാൻ  നടന്നോളാം "

എരപ്പും  കഴിഞ്ഞു  കുറേദൂരം നടന്നപ്പോൾ  അവർ  പള്ളിക്കൂടത്തിലെത്തി.  കരിക്കത്തിൽ വീടിന്റെ  മുറ്റത്തോട്  ചേർന്നു അഞ്ചാറ് തൂണിന്മേൽ, വനത്തിലെ  പുല്ലു  മേഞ്ഞ മേൽക്കൂരയുള്ള, ഒരു  ഷെഡ്ഡ് ആണ്  പള്ളിക്കൂടം.  ഷെഡിനുള്ളിലായി നാലരികിലും    ഒരാൾക്കിരിക്കാൻ  മാത്രം  വീതിയുള്ള  ഓലത്തടുക്കിട്ടു  അതിനു  മുന്നിലായി  അതിലും  കുറഞ്ഞ  വീതിയിൽ പൂഴിമണ്ണ്  വിരിച്ചിരിക്കുന്നു.  സ്കൂൾ  ആദ്യമായിട്ട്  തുടങ്ങുന്നതായതിനാൽ  വേറെയും  അച്ഛനമ്മമാർ   കുട്ടികളേയും  കൊണ്ട് വന്നിട്ടുണ്ട്.  വേറെയും  ചിലർ  വന്നുകൊണ്ടേയിരുന്നു.

ചേച്ചിയുടെ ഊഴം വന്നപ്പോൾ അച്ഛൻ ചേച്ചിയോടായി പറഞ്ഞു :

"മോളു ഓല ഉപൻമോന്റെ കയ്യിൽ കൊടുക്ക്.  എന്നിട്ടു  ഈ വെറ്റയും പാക്കും ആശാനു ദക്ഷിണ  കൊടുത്തിട്ടു ആശാന്റെ പാദത്തിൽ തൊട്ടു ആശാനേ തൊഴുതു വന്ദിക്ക്‌."

ചേച്ചി ഓല അവന്റെ  കയ്യിൽ കൊടുത്തിട്ടു  അച്ഛൻ പറഞ്ഞത് പോലെ ചെയ്തു. അതുവരെ തന്റെ കയ്യിൽ രണ്ടു ഓലകൾ ഉള്ള വിവരം ചേച്ചി അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. ആശാൻ ചേച്ചിയുടെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചിട്ടു  ചേച്ചിയുടെ കൈ പിടിച്ചു തടുക്കിലിരുത്തി. ഉപൻമൊന്നും  ധൃതിയിൽ ചേച്ചിയുടെ അടുത്തായി ഇരുപ്പുറപ്പിച്ചു. ആശാൻ ചേച്ചിയുടെ മുന്നിലെ പൂഴിമണ്ണിൽ 

'ഹരി' എന്നു പറഞ്ഞു കൊണ്ട് ആ അക്ഷരങ്ങൾ വലുതായി എഴുതിയിട്ട്, അതു പോലെ ചേച്ചിയെക്കൊണ്ടും പറയിച്ചു. (അവനും  , മനസ്സിൽ, അതേറ്റുപറഞ്ഞു). അതു കഴിഞ്ഞു ആശാൻ ചേച്ചിയുടെ വലതുകൈയ്യുടെ  ചൂണ്ടുവിരൽ പിടിച്ചു ആ അക്ഷരങ്ങളുടെ മുകളിൽക്കൂടി രണ്ടുമൂന്നു പ്രാവശ്യാം  എഴുതിക്കുകയും 'ഹ ....രി ...'  എന്നു പറയിക്കുകയും ചെയ്തു. 

"കുഞ്ഞിനി അതിന്റെ മോളിക്കൂടെ പല പ്രാവശ്യം എഴുതി 'ഹരീ'ന്ന്  കാണാതെ എഴുതാനും വായിക്കാനും പഠിക്ക്.  അതു കഴിഞ്ഞാൽ അടുത്ത അക്ഷരം എഴുതിക്കാം. അനിയൻ കുഞ്ഞു ആ ഓലയിങ്ങു തന്നാട്ടെ,  ചേച്ചിക്കു ആദ്യത്തെ പാഠം  അതിലെഴുതിക്കൊടുക്കട്ടെ ." 

അത്രയും   പറഞ്ഞിട്ട് ആശാൻ ഉപന്റെ  കയ്യിൽ  നിന്നും  ഓല എടുത്തു  കൊണ്ടു  എഴുന്നേൽക്കുവാൻ  തുടങ്ങിയപ്പോൾ  അവൻ   പെട്ടെന്ന്  പറഞ്ഞൊപ്പിച്ചു :

"എനിച്ചും  എഴുതിപ്പടിച്ചണം,
എന്റെ  ഓലേം അതിലൊണ്ട് "  

അതു  കേട്ട  ആശാൻ അവന്റെ  മുഖത്തേയ്ക്കു  സൂക്ഷിച്ചു  നോക്കി. അതിനിടെ , അവനേക്കാൾ  പ്രായമുള്ള ചില  കുട്ടികൾ  "എനിച്ചു  പടിക്കണ്ട, നമ്മക്ക്   വീട്ടീ  പോകാം"  എന്നൊക്കെ പറഞ്ഞു  കരയുന്നുമുണ്ട്. ഇതിനിടെ എതിർത്ത്  എന്തോ  പറയുവാൻ തുനിഞ്ഞ  അച്ഛനെ  കയ്യുയർത്തി വിലക്കിക്കൊണ്ട്, ഉപൻമോന്റെ   കണ്ണിലെ  പഠിക്കുവാനായുള്ള  'ത്വര' യും നിശ്ചയദാർഢ്യവും കണ്ടിട്ടാകണം, ആശാൻ പറഞ്ഞു :

"ഈ കുഞ്ഞിന് പഠിക്കുവാനുള്ള ആത്മാർത്ഥതയുണ്ട്. അവൻ ഇരുന്നോട്ടെ.  എതിരു പറയരുത്."

പിന്നെ അച്ഛൻ ഒന്നും പറയുകയുണ്ടായില്ല. ആശാൻ മാറ്റി വച്ചിരുന്ന വെറ്റിലയും  പാക്കും അച്ഛൻ എടുത്തുകൊണ്ടു വന്നു ഒരു ചക്രവും  കൂടി അതിൽ വച്ചിട്ട് അവനേക്കൊണ്ട് ആശാന് ദക്ഷിണ കൊടുപ്പിച്ചു.   അങ്ങിനെ 'ഇടിച്ചു കയറി' ഉപൻമോൻ അവന്റെ  വിദ്യാരംഭം ഭംഗിയായി കുറിച്ചു.

ആശാൻ അവനും  ആദ്യാക്ഷരങ്ങൾ എഴുതിക്കൊടുത്തു,   പഠിപ്പിച്ചു. 

അന്നു വന്ന കുട്ടികളെയെല്ലാം എഴുത്തിനിരുത്തിയിട്ടു ആശാൻ ഓരോരുത്തരും കൊണ്ടുവന്ന ഓലകളിൽ ആദ്യത്തെ പാഠം   "ഹരി ശ്രീ ഗ ണ പ താ യേ നമഹ : " എന്നു 

നാരായം കൊണ്ടു കോറിയിട്ടിരിക്കുന്നതു ഉയർത്തി കാണിച്ചു കൊണ്ട്  പറഞ്ഞു. 

"ഇന്നു നിങ്ങൾ എഴുതിപ്പഠിച്ച അക്ഷരങ്ങളെല്ലാം ഈ  ഓലയിൽ ഒണ്ട്. അതു  നോക്കി കാണാതെപഠിച്ചു കൊണ്ടു വന്നു നാളെ എന്നെ വായിച്ചും  എഴുതിയും കാണിക്കണം."

ഓല ഉപനൊഴികെ  എല്ലാവര്ക്കും  കൈമാറിക്കഴിഞ്ഞിട്ട് ആശാൻ അവസാനത്തെ ഓലയിലെ അക്ഷരങ്ങളിൽ 

 ഒരു പച്ചില ഉരച്ചുകാണിച്ചു കൊണ്ടു എല്ലാവരോടുമായി പറഞ്ഞു :

 "ദേ,  ഈ ഇല കണ്ടോ - കുപ്പപ്പച്ച.   ഞാൻ എഴുതിത്തരുന്ന ഓലകളിലെ അക്ഷരങ്ങളിൽ ദാ ഇതുപോലെ  ഈ പച്ചില ഉരച്ചാൽ അതെല്ലാം നല്ലപോലെ കാണാനും വായിക്കാനും പറ്റും" 

  എന്നിട്ട് ആശാൻ ഉപനമോനെ  അടുത്തു വിളിച്ചിട്ടു  ആ ഓല അവനു    കൊടുത്തുകൊണ്ടു      പറഞ്ഞു : "ഞാൻ പറഞ്ഞതെല്ലാം കേട്ടല്ലോ?  എഴുതിത്തരുന്നതെല്ലാം അന്നന്ന് പഠിച്ചോണം "

"ങ്ങും",  അവൻ  സമ്മതം മൂളി.  

ഓലയും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ എല്ലാവരേയും ഒരു ജേതാവിനെപ്പോലെ അവൻ  ഒന്ന്        നോക്കി; "ആശാൻ എനിക്കു പ്രത്യേക പരിഗണന തന്നിരിക്കുന്നത് എല്ലാവരും കണ്ടല്ലോ?"  എന്നു അവന്റെ മുഖഭാവം  വിളിച്ചു പറഞ്ഞു കൊണ്ട്.   

അങ്ങിനെ, ഇടിച്ചു കയറി,  ഉപൻമോന്റെ വിദ്യാരംഭം കുറിച്ചുകൊണ്ട്  അവന്റ കുടിപ്പള്ളിക്കൂട ജീവിതം  ആരംഭിച്ചു. 

          *******

2017 മേയ് 1, തിങ്കളാഴ്‌ച

Blog പോസ്റ്റ് No.6 :: ഉപന്റെ സ്കൂൾ പ്രവേശനവും ഇടിച്ചു കയറിത്തന്നെ




സ്കൂൾ പ്രവേശനവും  ഇടിച്ചു കയറിത്തന്നെ   !

കേശവന്റെ ജന്മസ്ഥലം കോഴഞ്ചേരിയും  ഭവാനിയുടേത്  പത്തനംതിട്ടയ്ക്കടുത്തുള്ള മലയാലപ്പുഴയും ആണ്. രണ്ടാമത്തെ മകൾ വാഗമ്മയുടെ ജനനം കഴിഞ്ഞു കേശവൻ കോഴഞ്ചേരിയിൽ          ഉണ്ടായിരുന്ന  തന്റെ ഓഹരി വിറ്റിട്ട്  അയിലറയിൽ വന്നു  മൂന്ന് ഏക്കറോളം വരുന്ന പഴയ പറങ്കിമാവിൻ തോപ്പ് വാങ്ങി. ആ വസ്തുവിൽ വീടില്ലാതിരുന്നതിനാൽ അതിനടുത്തു തന്നെയുള്ള ഒരു പുല്ലു    മേഞ്ഞ വീടും അതോടു ചേർന്നു   കൃഷി ചെയ്യുവാൻ പറ്റിയ കുറേ സ്ഥലവും  പാട്ടത്തിനെടുത്തു അവിടെ താമസമാക്കി, കൃഷിയുമിറക്കി. താമസിയാതെ  അവിടെവച്ചു ഉപൻമോൻ  ജനിച്ചു. രണ്ടു  വർഷത്തിനകം പാട്ട  വസ്തു ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും, താമസിക്കുവാനായി വയലിനും തോടിനും അക്കരെയുള്ള പഴയ റബ്ബർ തോട്ടത്തിലെ  ഓടിട്ട വീട് പാട്ടത്തിനെടുക്കുകയും  ചെയ്തു. അടുത്ത അദ്ധ്യയന വർഷം മൂത്ത മകൾ വിലാസിനിയെ ഏരൂരുള്ള പ്രാഥമിക വിദ്യാലയത്തിൽ ചേർത്തു.  അതിനിടെ സ്വന്തമായി വാങ്ങിയ പറങ്കിമാവിൻ പുരയിടത്തിന്റെ റോഡരികിലുള്ള പകുതിയോളം  ഭാഗം  വെട്ടിത്തെളിച്ചു  കയ്യാലകൾ  കെട്ടി , തട്ട് തിരിച്ചു , ഒരു  വീട്  വൈക്കുവാനുള്ള  സ്ഥലം തെളിച്ച   വസ്തുവിന്റെ മദ്ധ്യ ഭാഗത്തായി വിട്ടിട്ടു ബാക്കിയുള്ള സ്ഥലത്തു തെങ്ങും  തൈകൾ  വച്ചു  പിടിപ്പിക്കുകയും, മരച്ചീനി,  വാഴ , പച്ചക്കറികൾ  തുടങ്ങിയ കൃഷികൾ  ഇറക്കുകയും  ചെയ്തു.  ഇതിനിടെ ഭവാനി വീണ്ടും    ഗർഭിണിയാകുകയും ഇളയ മകൻ ബാബുവിനെ ഭവാനിയുടെ അച്ഛനുമമ്മയും വന്നപ്പോൾ അവർ നോക്കിക്കൊള്ളാമെന്നു പറഞ്ഞു  അവർക്കൊപ്പം കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

ഉപനും ചേച്ചിയും കുടിപ്പള്ളിക്കൂടത്തിൽ രണ്ടാം പാഠ പുസ്തകത്തിലെ അഞ്ചാറു പാഠങ്ങളും   അതിനനുസൃതമായ കണക്കും പഠിച്ചു കഴിഞ്ഞപ്പോൾ, അയിലറയിൽ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങുവാനുള്ള ദിവാന്റെ അറിയിപ്പ് വന്നു.   തുടക്കത്തിൽ ഒന്നും രണ്ടും തരം (ക്ലാസുകൾ) മാത്രം.  അടുത്ത അദ്ധ്യയനവർഷം മൂന്നാം തരം. അങ്ങിനെ  ഓരോ വർഷവും ഒരു ക്ലാസ്സ്‌ വീതം അഞ്ചാം തരം വരെ ഉണ്ടാകും. പക്ഷേ ഒരു പ്രശ്നം.  വിദ്യാലയം ഈ അദ്ധ്യയന വർഷം  തന്നെ തുടങ്ങണമെങ്കിൽ,  സർക്കാർ സ്ഥലം വാങ്ങി കെട്ടിടം ഉണ്ടാക്കുന്നത് വരെ, നാട്ടുകാർ അതിനുള്ള കെട്ടിടം കൊടുക്കണം. അതല്ലെങ്കിൽ സർക്കാർ അതു ചെയ്യുന്നത് വരെ കാത്തു നിൽക്കണം.

ദിവാന്റെ അറിയിപ്പ് വന്ന സമയം കേശവൻ സ്വന്തം മണ്ണിൽ വീട് വയ്ക്കുവാനായി മാറ്റിയിട്ടിരുന്ന സ്ഥലം വെട്ടി നിരപ്പാക്കി തറനിരപ്പിൽ നിന്നും ഒന്നരയടിയോളം  ഉയരത്തിലുള്ള  അസ്തിവാരം  പൂർത്തിയാക്കിയിരുന്നു. വീട് നിരർമിക്കുവാനായി കുറേ രൂപയും സ്വരുക്കൂട്ടി വച്ചിട്ടുണ്ട്.

ദിവാന്റെ അറിയിപ്പ് കിട്ടിയെങ്കിലും സ്കൂൾ തുടങ്ങാൻ  സ്ഥലമോ കെട്ടിടമോ കൊടുക്കുവാനായി aarum മുന്നോട്ടു വരികയുണ്ടായില്ല.  പുതിയ അദ്ധ്യയന വര്ഷം തുടങ്ങുവാൻ ഇനി നാല് മാസത്തോളമേ ബാക്കിയുള്ളു..ഒരു ഉറച്ച  തീരുമാനത്തിലെത്തുവാൻ കേശവന് പിന്നെ അധികം സമയം  വേണ്ടി വന്നില്ല. ഉടൻതന്നെ ദിവാന് മറുപടി സമർപ്പിച്ചു. "രണ്ടു ക്ലാസ്സുകൾ തുടങ്ങുവാനുള്ള, സ്വതന്ത്രമായിട്ടുള്ള ഒരു കെട്ടിടം തയ്യാറായുണ്ട്; ഈ അദ്ധ്യയന വർഷം തന്നെ വിദ്യാലയം അനുവദിച്ചു തരുവാൻ കനിവുണ്ടാകണം.  അതോടൊപ്പം വിദ്യാലയം പണിയുവാൻ പറ്റിയ സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ചാലുടൻ വിവരം അറിയിക്കുന്നതായിരിക്കും.  അപ്പോൾ അതു വാങ്ങി കെട്ടിടം പണിയുവാനും ഉപകരണങ്ങൾ വാങ്ങുവാനും  കൂടുതൽ അദ്ധ്യാപകരെ നിയമിക്കുവാനും വേണ്ട  നടപടികൾ കൈക്കൊള്ളുകയും വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു ". പിന്നെ  അടിയന്തിരാടിസ്ഥാനത്തിൽ  ജോലിയാരംഭിച്ചു . സ്വന്തം വീടിനായി കെട്ടിയിട്ടിരുന്ന അസ്തിവാരത്തിൽ  മണ്ണിട്ടുറപ്പിച്ചു.  വീടുപണിക്കായി കരുതിവച്ചിരുന്ന ഉറപ്പുള്ള തടികൾ കൊണ്ടു പത്തോളം തൂണുകൾ നാലുചുറ്റും നടുഭാഗങ്ങളിലുമായി ഉറപ്പിച്ചിട്ടു അതിനുമുകളിൽ,  തടിയറപ്പിച്ചു കരുതി  വച്ചിരുന്ന ഉത്തരങ്ങളും കഴുക്കോലുകളും കൊണ്ടു മേൽക്കൂരയും പണിയിച്ചു ഓലമേയുകയും ചെയ്തു. ഒന്നാന്തരമൊരു വലിയ ഷെഡ്ഡ് തയ്യാറായിരിക്കുന്നു. അവസാനമായി അതിന്റെ തറ  തല്ലിയടിച്ചു നിരപ്പാക്കി ചാണകവും മെഴുകി.  അയിലറയിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം തയ്യാർ.

അദ്ധ്യയന വര്ഷം തുടങ്ങുന്നതിനും മുൻപ് തന്നെ വിദ്യാലയവും ഒരു അധ്യാപകനെയും  അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നു. തല്ക്കാലം രണ്ടു ക്ലാസുകൾ മാത്രമുള്ളതിനാൽ ഒന്നാം തരം ഉച്ച വരെയും രണ്ടാം തരം ഉച്ച കഴിഞ്ഞും പ്രവർത്തിക്കണം.  അടുത്ത വർഷം മൂന്നാം തരം അനുവദിക്കുന്നതോടൊപ്പം ഒരു അധ്യാപകനെക്കൂടി നിയമിക്കുന്നതായിരിക്കും. ഏരൂർ സ്കൂളിലെ  മുതിർന്ന അധ്യാപകനായിരുന്ന,  കേശവന് പരിചയമുണ്ടായിരുന്ന, ആന്റണി സാറിനെയാണ് നിയമിച്ചത്. അദ്ദേഹം തന്നെയായിരിക്കും മുഖ്യാദ്ധ്യാപകനും. വിദ്യാലയത്തിലെ ഉപകരണങ്ങൾ, ഒരോ  കസേരയും മേശയും, രണ്ടു ചൂരലും, ഒരു ബ്ലാക്ക് ബോർഡും അതു തുടയ്ക്കുവാൻ കുറച്ചു പഴംതുണികളും,മണിയടിക്കുവാൻ ഒരു ഓട്ടുമണിയും,  കുട്ടികളുടെ ഹാജർ മാർക്ക് ചെയ്യുവാനും മറ്റുവിവരങ്ങൾ കുറിയ്ക്കുവാനുമായി രണ്ടു ബുക്കുകളും മാത്രമായിരുന്നു. കുട്ടികൾക്കിരിക്കുവാൻ ബെഞ്ചില്ല, അതു പിറകേ ആന്റണിസാർ ശരിയാക്കണം.  തൽക്കാലം കുട്ടികൾ നിലത്തിരുന്നുകൊള്ളും.  വീടിന്റെ കിഴക്കുവശത്തായി ഒരു കിണർ കുഴിച്ചതിനാൽ അതിൽ നിന്നും ഒരു വലിയ മൺകലത്തിൽ വെള്ളം നിറച്ചു അടച്ചു അതിനു മുകളിൽ ഒരു പഴയ ഓട്ടു ഗ്ലാസ്സുമായി ഒരു  മൂലയ്ക്ക്, അദ്ധ്യാപകനും കുട്ടികൾക്കും കുടിക്കുവാനായി  അടച്ചു വച്ചിട്ടുണ്ട്.

വിദ്യാലയം തുടങ്ങുന്നതായും,  എവിടെയാണെന്നും, പ്രവേശനവും ക്ലാസ്സും എന്നുമുതൽ  തുടങ്ങുമെന്നുമുള്ള വിവരങ്ങൾ കാണിച്ചുള്ള നാലഞ്ചു നോട്ടീസുകൾ വെള്ളക്കടലാസ്സിൽ എഴുതി ഐലറയിൽ റോഡരികിലുള്ള കടകളിലെ ഭിത്തികളിൽ നാട്ടുകാരുടെ അറിവിലേക്കായി  ഒട്ടിച്ചു വച്ചു. 

പ്രവേശനം തുടങ്ങിയ ദിവസ്സം തന്നെ   കേശവൻ രണ്ടു മക്കളേയും കൊണ്ടു തന്റെ വീടാകേണ്ടിയിരുന്ന, ഭാവിയിൽ ഇനിയും ആകേണ്ടിയിരിക്കുന്ന , വിദ്യാലയത്തിലെത്തി. വിലാസിനി നാലാം ക്ലാസ്സിലേയ്‌ക്കെത്തിയിരുന്നതിനാൽ ഇനിയും ഏരൂർ സ്കൂളിൽത്തന്നെ തുടരേണ്ടി വരും.

കേശവൻ വാഗമ്മയെയും ഉപൻമോനെയും കൊണ്ടു  ആന്റണി സാറിന്റടുത്തു ചെന്ന് അവർ രണ്ടു പേരുടെയും പ്രായം എത്രയെന്നു  ധരിപ്പിച്ചു.

"ഇപ്പോ രണ്ടു പേരും  കുടിപ്പള്ളിക്കൂടത്തി രണ്ടാം പാഠവും കണക്കും പഠിക്കുന്നുണ്ട്. മോളേ  രണ്ടാം ക്‌ളാസ്സിൽ ചേർത്താട്ടെ.   മോനേ ഒന്നാം ക്ലാസ്സിലും."  കേശവൻ പറഞ്ഞു.

"എന്നേം ചേച്ചീടെകൂടെ രണ്ടാം ക്ലാസ്സീ ചേർത്താ മതി എനിക്കോന്നാം ക്‌ളാസ്സു വേണ്ടാ"   ഉപന്റെ പ്രതിഷേധ  പ്രതികരണം പെട്ടെന്നുണ്ടായി.  കേശവനറിയാം ഇനി രക്ഷയില്ലെന്ന്. "ഇനി സാറു തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ."  കേശവൻ മനസ്സിൽ പറഞ്ഞുകൊണ്ട് മിണ്ടാതെ നിന്നു.  ആന്റണിസ്സാറു ഉപന്റെയും പിന്നെ  കേശവന്റെയും മുഖങ്ങളിൽ മാറി മാറി നോക്കിയിട്ടു ഉപനോടായി പറഞ്ഞു:

"മോനതിനു ഒന്നാം ക്ലാസ്സിൽ ചേർക്കാനുള്ള വയസ്സുപോലുമായിട്ടില്ലല്ലോ; പിന്നെങ്ങനാ രണ്ടാം ക്ലാസ്സീ ചേർക്കാമ്പറ്റുന്നേ?  ഒന്നാം ക്ലാസ്സീ ചേർക്കാം, അതേ പറ്റത്തൊള്ളൂ."

ഉപനത് ചിന്തിക്കുവാനോ സഹിക്കുവാനോ പറ്റുമായിരുന്നില്ല. കരച്ചിലിന്റെ വക്കത്തെത്തിയ  അവൻ പെട്ടെന്ന് അച്ഛന്റെ കൈകളിൽ കയറിപ്പിടിച്ചു തലയുയർത്തി നോക്കിക്കൊണ്ടു വിമ്മിഷ്ടത്തോടെ പറഞ്ഞൊപ്പിച്ചു :

"വേണ്ടാച്ചാച്ചാ എന്നേ ചേച്ചീടെ കൂടെ രണ്ടില് ചേർത്താമതി. ഒന്നില് ഞാമ്പോവത്തില്ല.."  അവൻ ചിണുങ്ങുവാൻ തുടങ്ങി. കേശവൻ അവനേ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. 

"മോനേ രണ്ടില് ചേർക്കാൻ പറ്റില്ലെന്ന് സാറു പറഞ്ഞത് മോൻ കേട്ടതല്ലേ? നിർബന്ധം പിടിക്കല്ലേ, പറഞ്ഞത്  കേക്ക്."

ഉപൻ അച്ഛന്റെ കയ്യിലെ പിടിവിട്ടിട്ടു പെട്ടെന്ന് നിലത്തേക്ക് മൂടിടിച്ചു വീണു ഉറക്കെ കരഞ്ഞു കൊണ്ടു, കാലുകൾ   മുന്നോട്ടും പിന്നോട്ടും ഉരച്ചു കൈകൾ രണ്ടു തുടകളിലും ആഞ്ഞാഞ്ഞടിച്ചു കൊണ്ട്, വിക്കി വിക്കി പറഞ്ഞു കൊണ്ടേയിരുന്നു :

"എനിക്കു ചേച്ചീടെ കൂടെ രണ്ടില് പോയാ മതി ... രണ്ടില് ... രണ്ടില് ..."

ഇതൊക്കെ കണ്ടു വാഗമ്മയും കരയുമെന്ന മട്ടിലായി.     പ്രവേശനത്തിന് വന്ന  മറ്റുള്ളവരും കുട്ടികളും നോക്കി നിൽക്കുകയാണ് .  ഒന്നു  രണ്ടു കുട്ടികൾ തിരികെ    പോകണമെന്നു നിർബന്ധം പിടിച്ചു കരയുന്നുമുണ്ട്. പലർക്കും അതിശയമായി; തങ്ങളുടെ കുട്ടികൾ ക്‌ളാസ്സിൽ ചേരേണ്ടെന്നും പറഞ്ഞു കരയുമ്പോൾ, ഇതാ അവരേക്കാൾ ചെറിയ ഒരു കുട്ടി ഒന്നിൽ പോരാ, രണ്ടിൽ ചേർക്കണമെന്ന് പറഞ്ഞു കരഞ്ഞു വാശികൂട്ടുന്നു !

കേശവനും സാറും വിഷമത്തിലായി. കേശവന് നേരിയ ഭയം . കേശവൻ സാറിനോട് ആരാഞ്ഞു :

"രണ്ടിലാക്കാൻ ഒരു വഴിയുമില്ലേ, സാർ?  അവനങ്ങിനെയാ, മനസ്സിലെന്തെങ്കിലും കണ്ടാപ്പിന്നെ അതിനായി വാശി കൂട്ടും,  അത് നടക്കുന്നതു  വരെ.  രണ്ടു വയസ്സ് തികയുന്നതിനു മുൻപ് അവന്റെ തള്ളയോട് എന്തിനോ വാശി പിടിച്ചു വെയിലത്തു പയർ വിത്തു ഉണക്കാനിട്ടിരുന്ന പാനമ്പേ പോയിക്കിടന്നു കരഞ്ഞു കരഞ്ഞു അവനു ശന്നി വന്നിട്ടുണ്ട്.  അതിനു ശേഷം അവൻ കാര്യമായി വാശി പിടിയ്ക്കുമ്പോൾ  ഞങ്ങൾക്ക് പേടിയാകും."

ആന്റണി സാർ ഒരുനിമിഷം ആലോചിച്ചിട്ട് പറഞ്ഞു : "ഒരു വഴിയുണ്ട്, പക്ഷേ അവന്  ഒരു വർഷത്തിലേറെ നഷ്ടമാകും. രേഖകളിൽ വയസ്സ് കൂട്ടി വയ്‌ക്കേണ്ടിവരും. ഇപ്പോഴുള്ള പ്രായം കാണിച്ചു രണ്ടിൽ ചേർക്കുവാൻ  എനിക്കനുവാദമില്ല."  ആന്റണി സാർ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.

കേശവന് ആശ്വാസമായി 

"അതു സാരമില്ല.  സാറ്  വയസ്സ് ഒരു വര്ഷം കൂട്ടി വച്ചു അവനേ രണ്ടില് ചേർത്താട്ടെ 

തകർത്തു കരയുകയായിരുന്നെങ്കിലും ഉപൻ അച്ഛന്റെയും സാറിന്റെയും സംസാരം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. അവരുടെ രണ്ടുപേരുടെയും അവസാന വാക്കുകൾ കേട്ടപ്പോൾ അവനു പ്രതീക്ഷയായി. കരച്ചിലിന്റെ ആക്കം പതുക്കെ കുറഞ്ഞു വന്നു. 

"കരയണ്ടാ, രണ്ടില് തന്നെ ചേർക്കാം, എന്താ,  പോരേ ? ഇനി എഴുന്നറ്റു നിന്നു  ചിരിക്ക്." , സാറു അവനേ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

സാറിന്റെ  വാക്കുകൾ കേട്ടപ്പോൾ അവന്റെ കരച്ചിൽ പെട്ടെന്ന് നിന്നു.  എഴുന്നേറ്റു  കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ അവൻ സാറിനെ നോക്കി തലയാട്ടി 'മതി' യെന്നു സമ്മതമറിയിച്ചു. 

അങ്ങിനെ തന്റെ  ഒരു വർഷവും നാല് മാസ്സവും ആന്റണി സാറിനു വിട്ടുകൊടുത്തു കൊണ്ട് ഉപൻമോൻ,   കുടിപ്പള്ളിക്കൂടത്തിലെന്നപോലെ  തന്നെ,   'ഇടിച്ചു' കയറി,  രണ്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടി! അതും  സ്വന്തം വീട്ടിലാരംഭിച്ച  വിദ്യാലയത്തിൽ
ആദ്യ വര്ഷം തന്നെ, തുടക്കക്കാരനായി  !  ഒരു പക്ഷേ ആർക്കും നേടാൻ  ആവാത്ത ഭാഗ്യം !!!

ഏരൂർ സ്കൂളിൽ ഒന്നാം തരം കഴിഞ്ഞവരും അയിലറെ കുടിപ്പള്ളിക്കൂടത്തിൽ രണ്ടാം പാഠം പഠിച്ചു കൊണ്ടിരുന്നവരും രണ്ടാം ക്ലാസ്സിൽ ചേർന്നു. ഇനി നാളെയും പ്രവേശനം ഉണ്ടാകും.  അന്നു വന്നവരോടായി ആന്റണി സാറു  പറഞ്ഞു :

"അടുത്ത തിങ്കളാഴ്ച എല്ലാവരും പത്തു മണിയാകുമ്പോൾ വരണം. അന്നു എല്ലാവരുടെയും ഹാജർ എടുക്കും.  എരൂരിലെ രണ്ടു മൂന്നു കടകളിൽ  പാഠ പുസ്തകങ്ങളും  സ്ലേറ്റും പെൻസിലും  ഒക്കെ കിട്ടും. ഒന്നാം ക്ലാസ്സിലൊള്ളോരു ഒന്നാം പാഠവും സ്ലേറ്റും കല്ലു പെൻസിലും   രണ്ടാം ക്ലാസ്സിലൊള്ളോരു രണ്ടാം പാഠവും സ്ലേറ്റും കല്ലു പെൻസിലും  നൂറു പേജുള്ള ഒരു നോട്ടു ബുക്കും റൂൾ പെൻസിലും കൊണ്ടു വരണം.

തിങ്കളാഴ്ച ഉപനും ചേച്ചിയും  സമയത്തിനു മുൻപുതന്നെ സ്വന്തം  വീട്ടിലെ സർക്കാർ  വിദ്യാലയത്തിലെത്തി. കെട്ടിടത്തിന്റെ പടിഞ്ഞാറേ അറ്റത്തു നടുവിലായി മേശയും കസേരയും     ഇട്ടിരിക്കുന്നു . മേശപ്പുറത്തു രണ്ടു ബുക്കുകളും രണ്ടു ചൂരലും ഓട്ടുമണിയും ചോക്കും ഇരിപ്പുണ്ട്. ആന്റണി സാർ ഒന്നിലെ  കുട്ടികളെയെല്ലാം  തറയുടെ ഇടതും രണ്ടിലെ കുട്ടികളെ  വലതുമായി  ഇരുത്തിയിട്ടു പറഞ്ഞു :

"നമുക്ക് ആദ്യം  വഞ്ചീശ മംഗളം ചൊല്ലിയിട്ടു തുടങ്ങാം.  അതു നമ്മുടെ തിരുവിതാംകൂർ മഹാരാജാവിനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടാണ് .   വഞ്ചീശ മംഗളം മുഴുക്കെയും നല്ലപോലെ പാടാനറിയാവുന്നോരൊക്കെ എഴുന്നേറ്റു നിന്നേ." 

ഏരൂർ സ്കൂളിൽ നിന്നു വന്ന രണ്ടു പെൺകുട്ടികളോടൊപ്പം  ചേച്ചിയും എഴുന്നേറ്റു നിന്നപ്പോൾ ഉപനും എഴുന്നേറ്റു നിന്നു. അപ്പോൾ ചേച്ചിയോടും ഉപനോടുമായി സാറു ചോദിച്ചു :

"നിങ്ങൾക്ക് ശരിക്കും അറിയാമോ, മുഴുക്കെ ?"

"അറിയാം സാർ,  വിലാസിനി ചേച്ചി ഞങ്ങളേം നല്ലപോലെ പഠിപ്പിച്ചു തന്നിട്ടൊണ്ട് .ഞങ്ങളു മൂന്നും കൂടെ വീട്ടീ പാടാറൊണ്ട്‌ ", വാഗമ്മ പെട്ടെന്ന് പറഞ്ഞു.

സാർ അപ്പോൾ ഉപനേ ചൂണ്ടി ചോദിച്ചു : "ശരി, എന്താ നിന്റെ പേര്‌ ?" 

"ഉപൻ", അവൻ പറഞ്ഞു.

"എന്നാ നീ അതു മുഴുക്കെ തെറ്റാതെ  ഉറക്കെയൊന്ന്  പാടിക്കേ, കേക്കട്ടെ "

തെറ്റാതെ പാടണമെന്നാണ് സാറു പറഞ്ഞേക്കുന്നത്. അവൻ ഓർത്തു നോക്കി.  ആദ്യമൊക്കെ താൻ  "ഭ" യും "ശ്രീ" യും "ഞ്ജ " യുമൊക്കെ തെറ്റിച്ചായിരുന്നു പറഞ്ഞിരുന്നത്. മഹാരാജാവിനു വേണ്ടിയുള്ള പാട്ടായോണ്ട് തെറ്റിച്ചു കൂടെന്നു പറഞ്ഞു വിലാസിനിച്ചേച്ചി തെറ്റെല്ലാം തിരുത്തി പഠിപ്പിച്ചിട്ടുണ്ട്. അവൻ തയ്യാറെടുത്തു ധൈര്യത്തോടെ പാടുവാൻ തുടങ്ങി :

"വഞ്ചിപൂ(ഭു)മിപതേ ചിരം              സഞ്ചി(ഞ്ജി)താഫ(ഭം) ജയിക്കേണം         ദേവദേവൻ ഫ(ഭ)വാനെന്നും         ദേഹസൗഖ്യം വളർത്തേണം           വഞ്ചിഭുമിപതേ ചിരം                 ത്വച്ചരിതമെന്നും  ഫൂ(ഭൂ)മൗ                         വിസൃ(ശൃ)തമായ് വിളങ്ങേണം         വഞ്ചിഭുമിപതേ ചിരം                 മർത്യമനമേതും ഫ(ഭ)വാൽ                   പത്തനമായ് ഫ(ഭ)വിക്കേണം വഞ്ചിഭുമിപതേചിരം                           താവകമാം കുലം മേന്മേൽ        സ്‌റീ(ശ്രീ)iവളർന്നുല്ലസിക്കേണം,       വഞ്ചിപൂ(ഭു)മിപതേ ചിരം ,                             മാലകറ്റി ചിരം പ്രജാ-                                പാലനം ചെയ്തരുളേണം          വഞ്ചിഫൂ(ഭു)മിപതേ ചിരം                                 സഞ്ചി(ഞ്ജി)താഫം(ഭം) ജയിക്കേണം."

ആന്റണി സാറിനു അതിശയം തോന്നി ; ഉപൻ,  രണ്ടോ മൂന്നോ അക്ഷരങ്ങൾ  മാത്രം ചെറിയ കൊഞ്ചലോടെ, എന്നാൽ ബാക്കിയൊക്കെ ഒരറപ്പുമില്ലാതെ, ഭംഗിയായി പാടിയിരിക്കുന്നു. സാറിന്  ഉപനോടൊരു വാത്സല്യം തോന്നുക  തന്നെ  ചെയ്തു. സാറു പിന്നെ വാഗമ്മയെ കൊണ്ടും മറ്റേ രണ്ടു കുട്ടികളേക്കൊണ്ടും
പാടിച്ചു  നോക്കി. ഒരു കുട്ടി തെറ്റിച്ചു പാടി.  വാഗമ്മയും വേറൊരു കുട്ടിയും നന്നായി പാടി. അവരോടും ഉപനോടുമായി സാറു പറഞ്ഞു :

"ഇനി നിങ്ങളു മൂന്നും കൂടി ഒരുമിച്ചു തെറ്റാതെ ഒരുപോലെ പാടണം "  എന്നിട്ടു എല്ലാവരോടുമായി  പറഞ്ഞു.

"എല്ലാവരും എഴുന്നേറ്റു നിൽക്ക്‌.  വഞ്ചീശ മംഗളം പാടുമ്പോൾ ആരും ഇരിക്കരുത് , എഴുന്നേറ്റു നിൽക്കണം." എന്നിട്ടു ഉപനേയും മറ്റും ചൂണ്ടി പറഞ്ഞു :  

"ശരി, ഇനി നിങ്ങളു പാടിക്കോളൂ "

അവർ തരക്കേടില്ലാതെ പാടി.

അന്നു പിന്നെ സാറു രണ്ടു ക്‌ളാസ്സുകളിലേയും കുട്ടികളുടെ പേര്‌ വിളിച്ചു ഹാജർ രേഖപ്പെടുത്തി, കുട്ടികളോട് കുറേ കുശലങ്ങളൊക്കെ പറഞ്ഞിട്ട് അന്നത്തെ ക്‌ളാസ്സ് മതിയാക്കി, പിറ്റേ ദിവസ്സം ഒന്നാം ക്‌ളാസ്സുകാർ രാവിലെ പത്തുമണിയ്ക്ക് മുൻപും, രണ്ടാം ക്ലാസ്സുകാർ  ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് മുൻപും വരണമെന്ന് പറഞ്ഞു
അവരേ പറഞ്ഞു വിട്ടു.

ആന്റണി സാർ വളരെ ഗൗരവക്കാരനും കണിശ്ശക്കാരനുമാണ് ; ഒപ്പം കുട്ടികളോട് വാത്സല്യം കാണിക്കുവാൻ മടിക്കാത്തയാളും. ഉപൻ ഇതിനകം സാറിന്റെ അരുമ ശിഷ്യനായി മാറിക്കഴിഞ്ഞിരുന്നു.  ആദ്യ വർഷം  ക്ളാസ്സുകളൊക്കെ, പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ,  ഭംഗിയായിത്തന്നെ നടന്നു. 

ആ വർഷം അവസാനത്തോട് കൂടി  അയിലറയുടെ മദ്ധ്യഭാഗത്തായി, റോഡും വയലും കഴിഞ്ഞു തോട്ടിൻ കരയിലുള്ള  രണ്ടേക്കറോളം സ്ഥലം സർക്കാർ ഏറ്റെടുത്ത് അതിൽ
ഓലമേഞ്ഞ, അരഭിത്തിയോടും പനമ്പിനാലും മറച്ച, ആറേഴു ക്ലാസുകൾ നടത്തുവാനുതകും വിധമുള്ള,  ഒരു വലിയ കെട്ടിടം നിർമ്മിച്ച് വേണ്ട ഉപകരണങ്ങളും സംഘടിപ്പിച്ചു. അടുത്ത അദ്ധ്യയന വർഷം വിദ്യാലയം അങ്ങോട്ട് മാറ്റുകയും മൂന്നാം തരം കൂടി ആരംഭിക്കുകയും ചെയ്തു. ഇതിനകം  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിരുന്നു.   തിരുവിതാംകൂർ ഉൾപ്പെടെയുള്ള നാട്ടു രാജ്യങ്ങൾ ഇന്ത്യാ മഹാരാജ്യത്തോട് ലയിക്കുക ചെയ്ത കാരണം ആ അദ്ധ്യയന വർഷം ആദ്യം മുതൽ തന്നെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന" പാടിത്തുടങ്ങുകയും പഴയ 'വഞ്ചീശ മംഗളം'
നിലയ്ക്കുകയും ചെയ്തു.


മേമ്പൊടി 


വഞ്ചിനാഥൻ കനിഞ്ഞിങ്ങു                        തന്ന പാഠശാല താതൻ 

തഞ്ചമോടെ തന്റെ വീട്ടി -
ന്നസ്‌തിവാരേ പ്രതിഷ്ഠിച്ചു.

നെഞ്ചു പൊട്ടിക്കരഞ്ഞിട്ടൊരു  പുഞ്ചിരിയാൽ തരമാക്കീ 

തഞ്ചമോടെ തരം രണ്ടിൽ
നെഞ്ചിലേറ്റി, യഡ്മിഷൻ ഞാൻ

മൊഞ്ചലോടും കൊഞ്ചലോടും
വഞ്ചിനാഥന് സ്തുതി ചൊല്ലി

"വഞ്ചിഭൂമീ പതേ ചിരം
സഞ്ജിതാഭം ജയിക്കേണം "

വര്ഷമൊന്നു കഴിഞ്ഞപ്പോൾ           വിദ്യാലയം  സ്ഥലം മാറി,


വന്നൂ "ജനഗണമന "
പോയി  "വഞ്ചിനാഥൻ" സ്തുതി









































 .