(1001സുഭാഷിതങ്ങളും നീതിസാരങ്ങളും)
അ
അച്ഛനുമമ്മക്കുമാവശ്യമേയില്ല
അശ്രു നിങ്ങൾ ഒഴുക്കുന്നതവർ ചാകെ.
ജീവിച്ചിരിക്കേയവർക്കു നിങ്ങൾ നൽകും
കാവലുംശ്രദ്ധയും സ്നേഹവും പോരുമേ
അഞ്ചുമാത്ര മാത്രം ഹൃദ്യമായിട്ടൊന്നു
പുഞ്ചിരിക്കേ നല്ല ഛായാപടം കിട്ടിൽ
എപ്പൊഴും പുഞ്ചിരിച്ചേകൊണ്ടിരുന്നിടിൽ
എത്രയോ സൗന്ദര്യമുള്ളതാം ജീവിതം.
അത്യന്തം ഹൃദ്യമായ്തോന്നിടും ചാർച്ചകൾ
ആശ്രയിച്ചീടുന്ന രണ്ടുകാര്യങ്ങളാം
ഉക്തമാകുന്ന സന്ദേശവും പിന്നെയോ
ഉക്തമാക്കാത്ത ചേതോവികാരങ്ങളും
അത്ഭുതം തോന്നിടും സംഭവം ആയിടാ
ആയിരം സൗഹൃദം സാധ്യമായെങ്കിലും
ആയിരം സ്നേഹിതർ തടസ്സം നിന്നിടേ
ആലംബം ഏകിടും ഒറ്റയാളത്ഭുതം!
അത്യാഗ്രഹം നിർവ്വഹണത്തിന്റെ മുന്നി-
ലായീടിലന്തരം മോഹഭംഗമല്ലോ
അത്യാഗ്രഹം നിർവ്വഹണത്തിന്റെ പിന്നി-
ലാകുകിൽ കാര്യസിദ്ധിയാകുമന്തരം
അത്രയേറെ സ്വസ്ഥമായിടാ ജീവിതം,
എന്തെങ്കിലും ചിലപ്പോഴൊക്കെയംഗീക-
രിച്ചും ചിലപ്പോഴതേപോലെ നാം വിസ്മ-
രിച്ചും അനായാസമാക്കിടാം ജീവിതം.
അത്രനിസ്സാരമല്ലാത്തൊരീ ജീവിതം
എത്രനന്നാക്കിമാറ്റാമെന്നതിന്നായി
കൈവിട്ടിടേണം ചിലകാര്യങ്ങളൊക്കെ
കൈവരിച്ചീടുവാൻ മറ്റുകാര്യങ്ങളെ
അത്രക്കു നീണ്ടയൊന്നായിടാ ജീവിതം,
അന്യോന്യമെപ്പൊഴും മല്ലിട്ടുതീർക്കുവാൻ
ആവോളവും സ്നേഹമന്യോന്യമേകിടൂ
ആസ്വദിക്കൂ ജീവിതം വേണ്ടുവോളവും
തോന്നേയനുതാപം, ഉള്ളിൽകൊളുത്തി ടൂ
എന്നും മുടങ്ങിടാതേകണ്ടൊരു ദീപം
ചെയ്തയന്യായങ്ങളവിടേറ്റു ചൊല്ലിൽ
പെയ്തൊഴിഞ്ഞീടും മനസ്സിന്റെയാധിക ൾ
അന്യരാകുന്നേറെ ധന്യരായുള്ളവർ
എന്നുള്ള ചിന്തയേയാവശ്യമില്ലഹോ
വേറിട്ട രീതിയിൽ നമ്മളും ധന്യരായ്
മാറിയിട്ടുണ്ടാകുമെന്നതാം വാസ്തവം
അന്യരെന്നെപ്പറ്റിപ്പറയുന്നതൊക്കെ
ഞാനെന്തിനു കാര്യമാക്കീട വേണം!
എന്നെപ്പറ്റി ഞാൻസ്വയം പറയുന്നതും
എന്റെ കർമ്മങ്ങളുമാണെന്നെ ബാധിക്ക!
അന്യരാരേലും നിരാശപ്പെടുത്തീടി-
ലാകുലപ്പെട്ടിടാ, കുറ്റപ്പെടുത്തിടാ.
കുറ്റപ്പെടുത്തൂ സ്വയം, പ്രതീക്ഷ നിങ്ങൾ
കാത്തുസൂക്ഷിച്ചുവെച്ചീടിലായന്യരിൽ
അന്യരിൽ നിന്നും നിങ്ങൾക്കു ലഭിച്ചിടും. അന്യൂന ശ്രദ്ധയും താൽപ്പര്യവുമൊക്കെ സ്വന്തം പ്രവർത്തികൾക്കായുള്ള സാമാ ന്യ
സമ്മാനം മാത്രമാണെന്നറിഞ്ഞീടണം
അന്യരിൽ മാറ്റമുണ്ടാകേണമെന്നുള്ള
ആശയങ്ങൾ പലർക്കുമുണ്ടെന്നുവരാം
എങ്കിലും തന്റെകാര്യത്തിലും അന്തരം
എന്തൊക്കെ വേണമെന്നൂഹമേയില്ലഹോ
അന്യരിൽ സ്വന്തം മതിപ്പുതോന്നിപ്പിക്കു-
വാനായിയേറെ ശ്രമിക്കാതിരുന്നിടൂ
സ്വന്തം മതിപ്പിനെപ്പറ്റിത്തനിക്കേറെ
ബോധ്യമുണ്ടെന്നാലതാകുമേറെ യോഗ്യം
അന്യരെപ്പറ്റിപ്പരാതി ചൊല്ലീടാതെ
ആരുമേ മാറ്റം വരുത്തീടണം സ്വയം
നിഷ്പ്രയാസം തന്റെ പാദത്തെരക്ഷിക്കു
നാടുമൊത്തം നമുക്കാകാ ശരിയാക്കാൻ
അന്യരെപ്പോർവിളിച്ചീടിലെന്നെങ്കിലും
വന്നിടാം തോൽവിയെന്നറിഞ്ഞീടവേണം
തന്നോടുതന്നൊന്നു പോർവിളിച്ചീടുകിൽ
വന്നുചേരും ജയം നിശ്ചയം എന്നതാം
അന്യരെസ്സൂക്ഷമായ് ശ്രദ്ധിച്ചുവെന്നാകിൽ
ആരും നമുക്കു ചേരുന്നതായ് തോന്നിടാ
ആരെയും നന്നായ് മനസ്സിലാക്കിയെന്നാൽ
ആരും നമുക്കന്യരല്ലെന്നു തോന്നിടും
അന്യരേയാദരിക്കെന്നതല്ലോ എന്നു-
മന്യൂനമാം വ്യക്തിമാഹാത്മ്യ കാരണം
ലാഭം തരുന്നോരു നിക്ഷേപമാകയാൽ
ലോഭമില്ലാതെ കിട്ടീടും തിരിച്ചതും
അന്യരോടൊക്കെപ്പൊറുത്തിടാമേവരും
അർഹിച്ചിടുന്നതിന്നാലല്ല,യെങ്കിലോ,
ശാന്തിയെന്നതിന്നെയർഹിച്ചിടുന്നു നാം
ശാന്തിയോടേതന്നെ ജീവിക്ക വേണ്ടിടും
അന്യരോടൊത്തു സമ്പർക്കമേയില്ലാതെ
യെന്നും കഴിഞ്ഞുകൂടെന്നതാം ദുഷ്‌കരം
ആകില്ല ദുഷ്‌കരം എന്നുചിന്തിക്കുകിൽ
ആകാമതു മിഥ്യാബോധമെന്നോർക്കണം
അന്യരോടു നമ്മൾ കാട്ടും നിലപാടും
മാന്യമല്ലാതെയുണ്ടാം തീരുമാനവും
നിശ്ചയം നമ്മുടേയാരുടേം സ്വത്വത്തെ
നിർവ്വചിക്കുമെന്നറിഞ്ഞു പ്രവർത്തിക്കു
അന്യന്റെജീവിതേ മാറ്റമുണ്ടാക്കുവാൻ
ആരും ധനവാനോ ബുദ്ധിമാനോ തഥാ
ഉത്തമനോ സുന്ദരനോ ആയിടെണ്ടാ
ഉത്തമ ശ്രദ്ധമാത്രം കൊടുത്താൽ മതി
അന്യന്റെ വൈരൂപ്യവുംദോഷവുംകാണു-
വാനായ് കഴുകൻകണ്ണോടേയിരിക്കുന്ന
നമ്മളീ ജീവിതത്തിന്റെയേറെ പങ്കും
തിന്മകൾമാത്രം തെരഞ്ഞോണ്ടിരുന്നിടും
അന്യർക്കു തെല്ലുമേ ക്ലേശമേകീടാതെ
മാന്യമായ് ജീവിക്കയെത്രയോ ഭാഗ്യമാം
പ്രത്യാശകാട്ടാതെ സ്നേഹിക്കയുമൊപ്പം
എത്രയും ശ്രദ്ധയേകിക്കൊണ്ടു മേവിടൂ
അന്യർക്കു നന്മചെയ്യുന്നതൊരിക്കലും
അല്ലാ വിധേയത്വമെങ്കിലോ നിശ്ചയം
മനസ്സിന്ന് സന്തോഷവും സമാധാനവു-
മതേപോലെയാരോഗ്യവുമെന്നുമേകും.
അന്യർക്കുനൽകണം മാന്യമാകും സ്ഥാന-
മെന്നും, അവർ അതർഹിക്കുന്നുവെന്നാലു-
മില്ലേലു,മല്ലാതെകണ്ടവർതൻ വ്യക്തി-
മാഹാത്മ്യമെന്നോരു കാരണത്താലല്ല
അന്യർക്കു നൽകുവാൻ യോജ്യമായുള്ളോരു
ദാനമാകും തന്നമൂല്യമായ നേരം
തൻജീവിതത്തിന്റെ ഭാഗമാണെങ്കിലും
തീർത്തും തിരികെക്കിട്ടില്ലയെന്നോർത്തിടൂ
അന്യർക്കു നിങ്ങളിലാത്മീയമായിട്ടു
ജ്ഞാനം വളർത്തിയെടുക്കുവാനാകില്ല!
സ്വന്തമായിട്ടുള്ളിൽനിന്നും വളരാനായ് ,
സ്വന്തമാത്മാവൊരദ്ധ്യാപകനാകേണം!
അന്യർക്കു വേണ്ടിനാം ചെയ്വതിന്നായ്പ്രതി-
ദാനം അവരിൽ നിന്നും പ്രതീക്ഷിച്ചിടാ
നമ്മൾക്കു നാം സ്വയം ഏകിടാനാകുന്ന
സമ്മാനമാം മനസ്സമാധാനമെന്നത്
അന്യർക്കു വന്നിടും ദുഃഖങ്ങളൊന്നുമേ
ആരും സ്വയമേറ്റെടുപ്പതുണ്ടാവില്ല
എല്ലാം സ്വയം സഹിച്ചീടേണ്ടിവന്നിടും
അല്ലാതെയില്ലോരുമാർഗ്ഗം,അറിഞ്ഞിടൂ
അന്യർക്കു വേണ്ടിയിട്ടേതൊരാശ്വാസവും
ആവശ്യമെന്നാൽ നിവർത്തിക്കവേണ്ടിടും
എത്രയോ നിസ്സാര കാര്യമെന്നാലുമാ
ഹൃത്തിനെക്കയ്യടക്കീടാമറിഞ്ഞിടൂ
അന്യോന്യമാശ്രയിക്കാതുള്ള ജീവിതം
ആരുമേ ആഗ്രഹിക്കാറില്ലറിഞ്ഞിടൂ
ഭക്ഷിക്കയില്ല വൃക്ഷം സ്വയം തൻഫലം
പൂക്കൾ സ്വയം ആസ്വദിക്കില്ല ഗന്ധവും
അന്യോന്യമെപ്പഴും സ്നേഹാദരം ഏകി
അംഗീകരിക്കണം, ശുഭ്രമാകും ഹൃത്തു
കൊണ്ടു നേടീടണം, അല്ലാതൊരിക്കലും
കിട്ടിടാ സ്നേഹം വിലയ്ക്കുവാങ്ങാനായി
അന്വേഷണംകൊണ്ടു കിട്ടില്ലയാനന്ദ,
മന്യർക്കുനൽകിയാലോ തിരിച്ചെത്തിടും
സന്തോഷമെന്നതിന്നിന്ദ്രജാലമാ,മാ
നന്ദത്തെപങ്കിടൂ, ഊർജ്ജമാർജ്ജിച്ചിടൂ
അഭിപ്രായഭിന്നിപ്പുളവാക്കുന്നവ
ഉപേക്ഷിക്കയാകും സ്വീകാര്യ,മോർത്തിടൂ
ആത്മാവുമായിട്ടിണങ്ങീടുവതൊക്കെ
ആകണം സ്വീകാര്യമാക്കേണ്ടകാര്യങ്ങൾ
അമ്മ ജന്മംതരേയച്ഛൻ വഴി കാട്ടും,
അദ്ധ്യാപകർ തന്നിടുന്നതോ വിദ്യയും.
തന്നിടും പങ്കാളി ജീവിതം, എങ്കിലും,
തന്നീടുമാനന്ദമേറെയും കൂട്ടുകാർ.
അല്പമായുള്ളതിൽ തൃപ്തിതോന്നീടുന്ന,
അല്പത്തമില്ലാത്ത വ്യക്തികൾ നന്നായി
സ്വന്ത ജീവിതത്തേയാസ്വദിച്ചീടുന്ന
സന്തുഷ്ടരായിടും തർക്കമേയില്ലതിൽ
അല്ലായെളുപ്പമാർജ്ജിക്കുവാൻ വിശ്വാസം
മൂല്യമേറേയുള്ള നാണയം പോലെയാം
വൈഷമ്യമേറെയുണ്ടാമതിന്നെ കിട്ടാൻ
നഷ്ടമാകാനേക മാത്രതാൻ പോരുമേ
അർത്ഥമേയില്ല സ്വതേ ജീവിതത്തിന്നു
അർത്ഥമുണ്ടാക്കുവാനായുള്ള യോഗമാം
ജീവിതം സന്തുഷ്ടിയുള്ളതാക്കീടുവാ-
നാവശ്യമുള്ളതുണ്ടായിടും ആരിലും
അർത്ഥശൂന്യമാമീ യുദ്ധത്താൽ നേടിടും
വ്യർത്ഥമാം മേൽക്കോയ്മക്കെന്താണു മാഹാത്മ്യം?
അർത്ഥത്തിനും ജീവനും ചേതമേകിയീ
പൃഥ്വിക്കു നഷ്ടമേൽപ്പിക്കുമെന്നല്ലാതെ
അർത്ഥവത്തായുള്ളനിശ്ശബ്ദതയെന്നും
അർത്ഥമില്ലാച്ചൊല്ലിനേക്കാളുമുത്തമം
ആരെയും നന്നായ്മനസ്സിലാക്കീടുവാൻ
ആകില്ല ചിന്തിക്കയില്ലേലവരെപ്പോൽ
അറ്റുപോം ജീവിതം, സ്വപ്‌നങ്ങൾ തീരുകിൽ
ആശകൾതീർന്നിടും വിശ്വാസമറ്റിടിൽ
സ്നേഹമില്ലാതായിടും ശ്രദ്ധതെറ്റിയാൽ
സ്നേഹിച്ചു ജീവിച്ചിടൂ സ്വപ്നവുംകണ്ടു.
അക്ഷുബ്‌ധമാമകക്കാമ്പിന്നു മാത്രമേ
അക്ഷോഭ്യമായി ചിന്തിച്ചിടാനായിടൂ
ഓരോ ദിവസ്സവും നിശ്ശബ്ദമാ,മൽപ
നേരം മനസ്സിനേകിൽ വിസ്മയം ഫലം
അക്ഷോഭ്യതയാകും മർത്യന്റ നല്ലോരു
ലക്ഷണം,താനെത്രവൻശക്തിയാണെന്നു
മാത്മവിശ്വാസികൂടാണെന്നതേപോലെ
വ്യക്തമാം ചിന്തക്കധീശനെന്നും കാട്ടാൻ
അക്ഷോഭ്യതയെന്നും മർത്യന്നു കിട്ടുന്ന
രക്ഷാകവചത്തിൻ തുല്യമാകും ശക്തി
ബുദ്ധിക്കു മങ്ങൽ വരാതെനോക്കുവാനും
ചിന്തക്കു ശാന്തിയേകാനും ഉതകീടും.
അക്ഷോഭ്യരായിമാറും പ്രായമാകെ നാം
അക്ഷമക്കുമുണ്ടായീടും അവസാനം
ബോധ്യമാകുമൊപ്പം എത്രയോ നേരമാ-
ണർത്ഥമില്ലാതെ വ്യയം ചെയ്തതെന്നതും.
അംബരത്തോളം വളരാൻ വെമ്പും മരം
ആഴ്ത്തണം വേരുകൾ ഉള്ളിലേക്കുർവ്വിതൻ.
താണീടവേണ്ടിടും നമ്മൾ ധരയോളം
തന്നെ,യീജീവിതേ മുന്നേറിടുവാനായ്.
അംശിച്ചുവെന്നാൽ കുറഞ്ഞിടും നൊമ്പരം
ആഹ്ലാദമാകട്ടെ ഏറിടും പങ്കിടിൽ
വീതിച്ചിടൂ രണ്ടുമേറെ സ്നേഹിച്ചിടും
മിത്രങ്ങളോടൊത്തു, സന്ദേഹമില്ലാതെ
ആ
ആകസ്മികമാകും സംഭവങ്ങൾകൊണ്ടു
ആയുസ്സിലുണ്ടാകുമേറെ സന്തോഷവും
സന്താപവുമെന്നാ,ലുദ്ദേശ്യശുദ്ധിയും
ശക്തമാകും മനസ്സും കാത്തുസൂക്ഷിക്കു
ആകാ നമുക്കു സ്വാധീനിക്കുവാനായി
ഭാഗധേയത്തെയും, ഹൃദ്സ്പന്ദനത്തെയും,
കാലത്തെയു, മെന്നാലായിടും നമ്മൾക്കു
നല്ലബന്ധങ്ങളെ സ്വാധീനിച്ചീടുവാൻ.
ആകാരമായിടാ ആരുടേയും തുലാസ്സ്
ആകർഷണം നേടുവാനായി, പിന്നെയോ
സത്യസന്ധതയും വിശ്വസ്സനീയതേം
സ്നേഹവും ഭക്തിയും ആദരിക്കലുമാം
ആകില്ലയെന്നാൽ നിയന്ത്രിച്ചിടാനായി,
ആകുലപ്പെട്ടിടാതേയുള്ള വീര്യത്തെ
സൃഷ്ടിനടത്താൻ വിനിയോഗിക്ക നന്നാം
കഷ്ടപ്പെടേണ്ടാത്തിടത്തൊക്കെ മാത്രം
ആഖ്യായികയെപ്പോലായിടാം ജീവിതം
ദുഃഖത്തിനുമാനന്ദത്തിനും താളുകൾ!
സന്തോഷവും ദുഃഖവും മാറി വന്നിടാം
എന്തിനായിട്ടതിന്നാലെ ഖേദിക്കണം?
ആഗ്രഹങ്ങളൊക്കെ നേടിയെന്നാകിലോ
ആഹ്ലാദപൂര്‍ണ്ണമായ് മാറിടാം ജീവിതം
അർഹിക്കുമാഗ്രഹങ്ങൾ നേടിയെങ്കിലേ
അർത്ഥപൂർണ്ണമാകൂ ആർജ്ജിച്ച സന്തുഷ്ടി
ആഗ്രഹങ്ങൾ നിശ്ചയിക്കേ മനുഷ്യന്റെ
ആദ്യത്തെ ആവശ്യമെന്താകുമെന്ന,താ
പ്രാഥമ്യതയാകും നിശ്ചയിക്ക വീണ്ടും
പ്രാധാന്യമേതുകാര്യങ്ങൾക്കു നൽകേണ്ടു
ആഗ്രഹങ്ങൾ പ്രവർത്തിക്കപ്പുറംപോകെ
അന്തരം തമ്മിലുണ്ടാ,മിച്ഛാഭംഗമായ്
ഒട്ടുചിന്തിക്കൂ മറിച്ചാണുണ്ടാകുകിൽ
നേട്ടമായിമാറും മോഹഭംഗങ്ങളും
ആഗ്രഹിക്കുന്നതിന്നായി ശ്രമിക്കായ്കി-
ലാവില്ല നേടുവാനായിട്ടൊരിക്കലും
മുന്നോട്ടു കാലുകൾ നീട്ടിവച്ചില്ലെങ്കി-
ലെന്നും ഒരേസ്ഥലത്തായിടും നിൽക്കുക
ആഗ്രഹിക്കുന്നതെച്ചെയ്യുവാനാകുന്ന
ആരുമേ കേമരായ്മാറിടും നിശ്ചയം.
ചെയ്യുവാനായ്സ്വയം പറ്റുന്നവ മാത്രം
ചെയ്യുവാനാഗ്രഹിപ്പോരാം വിവേകികൾ.
ആഗ്രഹിക്കുന്നോരു ജീവിതത്തിന്നായി
ആവശ്യമുള്ളയധ്വാനമില്ലെങ്കിലോ
ഇഷ്ടപ്പെടാത്തോരു ജീവിതം പേറുവാൻ
കഷ്ടപ്പെടേണ്ടതായ് വന്നിടും ഏറെനാൾ
ആഗ്രഹിച്ചീടുന്നതൊക്കെയും കിട്ടിടാ
അർഹിച്ചിടുന്നതെല്ലാം തന്നെ കൈവരും
അർത്ഥവത്താകുമീ തത്വത്തെ മാനിക്കു
ആയാസമില്ലാത്തതായിടും ജീവിതം
ആഗ്രഹിച്ചോരുലക്ഷ്യം മൂല്യമുള്ളതും
അർത്ഥവത്തായതുമാണെന്നുവന്നിടിൽ
യത്നിക്കവേണ്ടിടും കൈവരിച്ചീടുവാ-
നെത്രയോ വിഘ്നങ്ങളുണ്ടായിരിക്കിലും
ആഡംബരത്തിനും കള്ളത്തരത്തിനും
അത്യന്തമാണു സംരക്ഷണ വേതനം
സത്യത്തിനും ലാഘവത്തിന്നുമെങ്കിലോ
സംരക്ഷണത്തിനായില്ലാ ചെലവൊട്ടും
ആത്മവിശ്വാസം തുടിക്കും മനസ്സിന്നെ
ആയുധത്തിൻ തുല്യമായിട്ടു മാറ്റിടാം
ഏതു പ്രതിബന്ധം ആകിലും നേരിടാം, എത്ര കാതങ്ങൾ കടന്നുപോകുവാനും
ആത്മവിശ്വാസം പരിപൂര്‍ണ്ണതയേക്കാൾ
മേന്മയുള്ള,തെന്തെന്നാലാത്മവിശ്വാസം
തീവ്രമാം കാര്യ'മേറെനന്നാ'യ് ചെയ്തിടേ
തീർത്തിടും സമ്പൂർണ്ണത'നന്നാ'യെന്നതാം
ആത്മവിശ്വാസം മനുഷ്യന്റെ മേൽത്തരം
ശക്തിയാ,മൊപ്പം എതിർപ്പു ത്യജിച്ചിടും
പാടവം കൂടൊത്തുചേരുകിൽ ഹൃത്തിന്നെ
പോറ്റിടാമെപ്പൊഴും അക്ഷുബ്‌ധതയോടെ
ആത്മൻ ശിരസ്സുയർത്തീടും പതുക്കവേ
അദ്ധ്വാനമില്ലാതെയെല്ലാം ലഭിക്കുകിൽ
സ്വന്തം കഠിനാദ്ധ്വാനത്തിൻ ഫലം കാണ്കേ
തോന്നീടുമാദരം അന്യന്റെ ജോലിയിൽ
ആത്മാവിനു ക്ഷതം ഏകുന്ന സംഭവം
ആവിർഭവിച്ചെന്നുവന്നാലതിൽനിന്ന-
കന്നുമാറി സഞ്ചാരം ചെയ്കിൽ ജീവിതം
കൂടുതൽ സന്തോഷമുള്ളതായ്മാറിടും.
ആത്മീയമോ തന്ത്രമോ ഗാർഹികമായോ
ആദർശമോ സാമുദായീകമോ തഥാ
സാമ്പത്തികമായോ എന്തു തന്നാകട്ടെ
സ്വാതന്ത്ര്യത്തെപ്പറ്റിയെപ്പൊഴും ചിന്തിക്കൂ
ആദരിക്കെന്നതാം നമ്മുടെ സ്വത്വത്തി-
നത്യന്തം പ്രാധാന്യമേറിയോരു കാര്യം
മൂല്യമേറീടുന്ന നിക്ഷേപമെന്നപോൽ
മറ്റുള്ളവർക്കും കൊടുത്തു നേടാം ഗുണം
ആദരിക്കൂ യൗവ്വനേ പ്രായമുള്ളോരെ
ആശ്രയമേകിടൂ ദൗർബ്ബല്യമുള്ളോർക്ക്
കുറ്റമേറ്റീടണം തെറ്റുചെയ്‌തീടുകിൽ
കാരണം ഏവർക്കുമാ അവസ്ഥയുണ്ടാം
ആദരിക്കേണം ശരീരത്തെയെപ്പൊഴും
ആവശ്യമുന്നയിക്കിൽ വിശ്രമത്തിനായ്
വിശ്രമം ഏകീടവേണം മനസ്സിനും
ആശ്വാസമേകീടവേണം സ്വയമെന്നും.
ആദരം ഇല്ലെങ്കിലില്ലൊട്ടു സ്നേഹവും
ആശയം കൈമാറിടാതില്ല ബന്ധവും
വിശ്വാസമില്ലാത്തവസ്ഥയാണെങ്കിലോ
വാദിച്ചു മുന്നോട്ടു ബന്ധം തുടർന്നിടാ
ആദ്യമായ്ക്കാണവേ പേരക്കിടാവിന്റെ
ആനനം ആനന്ദത്തിരയിളക്കുമല്ലോ
ആനന്ദമെന്നാലതെത്രയാണെന്നാർക്കു-
മാവില്ല ചൊല്ലി പ്രതിഫലിപ്പിക്കുവാൻ
ആധിയില്ലാ ചിത്തവും ദുഃഖമേശിടാ
ഹൃത്തുമാനന്ദം നിറഞ്ഞതാമോജസും
രോഗമില്ലായ്മയും,സ്നേഹബന്ധങ്ങളും,
ഒക്കെയും മർത്യന്റെയത്യാഗ്രഹങ്ങളാം
ആദ്ധ്യാത്മികമാകും ശാന്തി കൈവന്നിടും
അന്യരേയോ മറ്റു സംഭവങ്ങളേയോ
തന്റെ സ്വകാര്യ സന്ദർഭങ്ങളെയൊന്നും
തെല്ലും നിയന്ത്രിച്ചിടാൻ വിസമ്മതിക്കിൽ
ആനന്ദമോടെയാരും ജനിക്കില്ലേലു-
മാനന്ദമേകീടുവാനാർക്കുമായിടും
ആത്മാർത്ഥത തിങ്ങീടും ചിരിക്കാകട്ടെ
ആരുടേയും ഹൃത്തിനെത്തൊടാനായിടും
ആനുകൂല്യം ലഭിച്ചീടുന്ന മാനുഷർ
ആരുമേ വിസ്മരിക്കായതൊരിക്കലും
ആനുകൂല്യം നൽകിടുന്നയാളാകട്ടെ
അക്കാര്യമപ്പൊഴേ വിസ്മരിച്ചീടണം
ആടട്ടെ ജീവൻ സമയത്തിൻ സീമയിൽ
ആടിടുംപോലിലത്തുമ്പിൽ ഹിമത്തുള്ളി
താഴെവീഴേ ഛിന്നഭിന്നമാകുന്നൊരാ
തുള്ളിപോലാകാതെ നോക്കണം ജീവിതം
ആയിടാ തത്തയെപ്പോലെ നാം ജീവിതേ
ആകാമെന്നാലോ, ഗരുഡനേപ്പോലവേ
ഏറെച്ചിലക്കേ ശുകം, മൂകൻ ഗരുഡൻ
ഏറെപ്പറന്നങ്ങു പൊങ്ങിടും വാനോളം
ആയിരം കാതം കടക്കേണ്ട യാത്രതൻ
ആദ്യത്തെ കാല്‍വയ്‌പു ഒറ്റപ്പദത്തിനാൽ
ആകർഷകത്വം യശസ്സിൻ തുടക്കവും
ആഡംബരം വശ്യതതന്റെ പൂർണ്ണതേം
ആയുസ്സിന്റെയോരോഘട്ടവും നമ്മളെ
ആവോളം നല്ലപാഠങ്ങൾ പഠിപ്പിക്കും
പാഠങ്ങൾ നാം ഗ്രഹിക്കുന്നതുണ്ടോ, വൃഥാ
പേജു മറിക്കുന്നോ, ചിന്തനീയമഹോ!
ആയുസ്സിലുണ്ടായൊരമൂല്യ ക്ഷണങ്ങൾ
പോയതല്ലോ, വന്നിടില്ലാതിരിച്ചിനീം
നന്മയുള്ളവരോടൊത്തുള്ള ഓർമ്മക-
ളെന്നും നിലനിന്നീടാമെന്നതോർത്തിടൂ
ആയുസ്സിലേറ്റവും ബുദ്ധിമുട്ടുള്ളോരു
ആഹ്വാനമായിടും സ്വയം ഗ്രഹിക്കെന്നത്
ഉള്ളതിൽസംതൃപ്തി കണ്ടെത്തിടേണമെ-
ന്നുള്ളതാകും വേറൊരാഹ്വാനമെന്നതാം
ആകില്ലയാർക്കും നിയന്ത്രിക്കുവാനായി
അന്യരായിട്ടുള്ളവർതൻ സ്വഭാവത്തെ
എങ്കിലും എപ്രകാരം എതിർത്തീടണം
എന്ന കാര്യത്തിലാർക്കുമുണ്ടാം നിശ്ചയം
ആരാകണം സത്യവാനോ ദയാലുവോ,
ഈ രണ്ടുവേഷങ്ങളിലൊന്നു നിങ്ങൾക്കു
ആടേണ്ടിവന്നാൽ ദയാലുവായീടണം
ആ തീരുമാനമാണേറ്റവും ഉത്തമം.
ആരാണു നമ്മുടെ മുന്നിലെന്നുള്ളതോ
ആരാണു പിന്നിലെന്നുള്ളതോ ആയിടാ
ആലോചനയ്ക്കുള്ള കാരണമെന്നാലോ
ആരായിരിക്കും നമുക്കൊപ്പമെന്നതാം
'ആരാണു' നാമീപ്രപഞ്ചത്തിലെന്നതെ-
ക്കാര്യമായിട്ടെടുക്കേണ്ടതേയില്ലഹോ .
എന്താണു ലക്ഷ്യങ്ങ,ളേതാണുദിക്കുകൾ
എന്നതിന്നല്ലയോ പ്രാധാന്യമേകേണ്ടു?
ആരാലുമേ ശ്രദ്ധനേടിയില്ലെങ്കിലും
കാര്യമൊക്കെച്ചെയ്യു നേരെന്നുതോന്നിടേ
എത്രപേർ കാണുന്നുവെന്നതല്ല കാര്യം
എത്ര നല്ലകാര്യം ചെയ്യുന്നുവെന്നതാം
ആരിലും ഏറ്റവും നിസ്തേജമായുള്ള
കാര്യംസ്വന്തംചിന്ത, താനെത്ര ബുദ്ധിമാൻ
സ്വന്തമജ്ഞതയെപ്പറ്റിയജ്ഞനായീ-ടുന്നതാമജ്ഞതാവ്യാധിയെന്നോർത്തിടൂ
ആരിലും ഭേദമുണ്ടാക്കുകില്ല കാലം
നേരം വെളിവാക്കിടും യഥാർത്ഥ മുഖം
പ്രായമേറുന്നതെച്ചൊല്ലി ക്ളേശിച്ചിടാ
പ്രായമാകാ പൊരുൾ ചിന്തതന്നായിടും
ആരുടേയും യോഗ്യതക്കുള്ള ഏകകം
ആണെന്നു വന്നിടായാരുടേം വേറിട്ട
സിദ്ധിയെന്നുള്ളതെന്നാലെപ്രകാരമാ
സിദ്ധി പ്രയോജനപ്പെടുത്തുമെന്നതാം.
ആരുമായുമേറെ സ്നേഹബന്ധമാകാ,
കാരണം ഓരോദിവസ്സവും ഏവരും
വ്യത്യസ്ഥതയേറീടുമോരോ മനോഭാ-
വത്തിലായീടാമുണർന്നെഴുന്നേൽക്കവേ
ആരുമേ തെറ്റുകൾ ചെയ്യാതൊരിക്കലും
ആകാ മഹാത്മാവുമതേപോൽ മാന്യനും
നല്ലകാര്യങ്ങളദൃശ്യമായ് തോന്നിടാമെ-
ന്നാലതന്യർതൻ മനസ്സിൽ പതിഞ്ഞിടാം.
ആരുമേ തെറ്റുകാരല്ലെന്ന നിശ്ചയം
ആത്മബന്ധത്തേയുറപ്പുള്ളതാക്കിടും
വ്യത്യസ്തരാണവർ ധാരണയ്ക്കപ്പുറ-
മത്രമാത്രം നാം ധരിക്കയേവേണ്ടിടൂ
ആരുമേ നിസ്സഹായരായിപ്പോയിടും
ആനന്ദമെങ്ങുനിന്നും ലഭിക്കാതെയും
സങ്കടം ആർക്കുമേ കൈമാറുവതിന്നും
സാധിച്ചിടാത്തോരവസ്ഥയിൽ നിശ്ചയം.
ആരുമേയാർക്കുമധിപനാകുന്നില്ല
ആരുമധീനനുമാകില്ലയാർക്കുമേ
ആരുമപ്പോഴുമൊരുപോലെയാകില്ല
അദ്വിതീയരാ,മതുല്യരാ,മാളുകൾ
ആരുമേ സംവദിച്ചീടേയറിവുള്ള
കാര്യമാവർത്തിക്ക മാത്രമേ ചെയ്തിടൂ
ശ്രദ്ധിക്കിലോ മറ്റൊരാളിന്റെ ഭാഷണം
വൃദ്ധിയുണ്ടാക്കും പരിജ്ഞാനമെന്നതിൽ
ആരെയൊക്കെക്കണ്ടിടേണമെന്നുകാലം
തീരുമാനിക്കെയീ ജീവിതത്തിൽ വേണ്ട-
താരെന്നു മനസ്സും, കൂടെ ജീവിക്കേണ്ട-
താരെന്നു കർമ്മവും തീരുമാനിച്ചിടും
ആരെയും തോൽപ്പിച്ചിടാനായ് ശ്രമിച്ചിടാ
ആർക്കുമേലും ജയം നേടാൻ ശ്രമിച്ചിടൂ
ആരെയും നോക്കിക്കളിയായിച്ചിരിക്കാ
ആരുമൊത്തും ചിരിക്കാനായ് ശ്രമിച്ചിടൂ
ആരെയും ബുദ്ധിമാൻമാരായി മാറ്റുന്ന
സാരവത്തായുള്ള രണ്ടുകാര്യങ്ങളാം
പാരായണം ചെയ്ത പുസ്തകക്കൂട്ടവും
നേരിട്ടു ബോധ്യമുണ്ടാകും മനുഷ്യരും
ആരുമൊറ്റത്തെറ്റുപോലുമേ ചെയ്യാതെ
ആകില്ല നല്ലയാളോ മഹത് വ്യക്തിയോ
നല്ലോരുകർമ്മമദൃശ്യമായ് തോന്നുമെ-
ന്നാലുമന്യർതൻ മനസ്സിൽപ്പതിച്ചിടും
ആരെങ്കിലുമായിട്ടു സാമിപ്യമുണ്ടേൽ
കാരണം കാണുമെന്നറിഞ്ഞീട വേണം.
നിങ്ങളിൽ കണ്ടെത്തിടേ ചിലർ നന്മകൾ
നിങ്ങളെക്കരുവാക്കിടാം വേറേ ചിലർ
ആരെയും പിന്നിലാക്കീടാൻ ശ്രമിക്കാതെ
അന്യരെസ്നേഹിക്കു ലാഭേച്ഛയില്ലാതെ
ശ്രദ്ധിച്ചുവെന്നാലവരേയല്പമേലും
വർദ്ധിച്ച തോതിൽ തിരികെത്തന്നീടുമേ.
ആരോഗ്യമാർക്കും മരുന്നിന്നുപയോഗ
കാരണത്താൽ മാത്രമാകാ ലഭിക്കുക
സ്നേഹമോലും മനസ്സും സമാധാനവും
സൂക്ഷിപ്പവരാകുമാരോഗ്യമുള്ളവർ
ആരോഗ്യമുള്ളോരു മനസ്സിന്നാകണം
തീരുമാനിക്കുവാൻ വ്യാഖ്യാനമേകേണ്ട-
താർക്കെന്നുമുത്തരമേകേണ്ടതാർക്കെന്നു-
മാരാണതിന്നർഹരല്ലാത്തതെന്നതും
ആരോഗ്യവും ബന്ധവും കാലവും മൂന്നു
കാര്യങ്ങ,ളൊന്നിന്നുമേലുമേ കാണില്ല
മൂല്യമെന്താണെന്നു കാട്ടുന്നതൊങ്ങലെ-
ന്നാലാകെ കൈവിടേ മൂല്യമറിഞ്ഞിടും.
ആവശ്യമില്ലാത്തതെല്ലാമുപേക്ഷിച്ചു
ജീവിക്കവേണം വിഹഗങ്ങൾ പോലവേ
ഭീതിയും ശോകവുമാധിയും കൈവിടൂ
ഭാരമില്ലാതാകെ ജീവിതം സുന്ദരം
ആവില്ലയാലിംഗനം ചെയ്യുവാൻ സ്വയം
ആകാകരയാൻ തോളിൽ ശിരസ്സുവച്ചും
സ്നേഹിപ്പവർ ഒത്തുചേർന്നു രമ്യമായി
സോദരത്വേന വാഴുന്നതാം ജീവിതം.
ആവില്ല കാണ്മതിന്നായി പ്രതിച്ഛായ
ആവിയായീടുന്ന വെള്ളത്തിലെന്നപോൽ
ഉത്തരം കിട്ടേണമെന്നില്ല തേടിയാൽ
ശാന്തമല്ലാതുള്ള മനസ്സാലെയാരും.
ആവില്ല ജീവിതം വിലയേകി വാങ്ങാ- നാവില്ലനുതാപവ്യസനാദികൾക്കു
ഭൂതകാലത്തെത്തിരുത്തിക്കുറിക്കാനും,
സന്തോഷമോടെയെപ്പോഴുമിരുത്താനും
ആവേശമേറെയുള്ളോരേയെതിർപ്പുകൾ
ആകെത്തപിപ്പിച്ചിടാ,മെന്നാലാരെയും
ആകാ പരിവർത്തനപ്പെടുത്തീടുവാൻ
ആവേശമന്ധരായ് മാറ്റുമാ കൂട്ടരേ
ആവോളം പൊട്ടിക്കരഞ്ഞീടുവാനായി,
ആയിരം കാരണങ്ങൾ ജീവിതം നൽകെ
ചൊന്നിടൂ ജീവിതത്തോടായ് തനിക്കുണ്ട്
മന്ദസ്മിതം ചൊരിയാനേറെ കാരണം
ആവുംവിധം നല്ലപോലെ ചിന്തിക്കുവോർ
ജീവിതദൈർഘ്യമിരട്ടിയായ്മാറ്റിടും
ജീവിതാന്ത്യേ തിരിഞ്ഞൊന്നു നോക്കീട്ടവർ
ജീവിച്ച ജീവിതം രണ്ടെന്നു മോദിക്കും
ആശയഭ്രംശമോടോടുന്നതിൽ ഭേദം
ആത്മവിശ്വാസമോടേ നടക്കെന്നതാം.
ആരെയും ഹാസ്യമായിപ്പകർന്നീടാതെ
ആരിലും നിന്നുമെന്തും പഠിക്കാനുമാം
ആശ്വാസമോടുള്ള ജീവിതയാത്രക്കാ-
യാഗ്രഹം നിങ്ങൾക്കു തോന്നുന്നുവെങ്കിലോ
ഭാരം കുറച്ചീടവേണം പ്രതീക്ഷതൻ
കാര്യമായി പ്രയത്നിക്കേണമതിന്നായ്
ആശിസ്സുകൾ തേടിയു,മർപ്പിച്ചും തഥാ
ആരിലും നിന്നുമാശിർവാദം നേടിയും
മുന്നോട്ടു ജീവിതത്തേ നയിക്കുന്നതാം
ചന്തമേറും ജീവിതത്തിൻ നിഗൂഢത
ആശയം കൈമാറിടാ വിളക്കെന്നാൽ പ്ര-
കാശം വഴി സ്വയംചെയ്യും പ്രചാരണം.
നേട്ടങ്ങളെക്കൈവരിച്ചിടുന്നോരൊക്കെ
കാട്ടാ തുറന്നു, നേട്ടം സ്വയം കാട്ടിടും
ആശയം കൈമാറുവാനായി നേരിടും
പ്രശ്നം, എല്ലാവരും ശ്രദ്ധിക്കയെപ്പൊഴും,
ഉത്തരം നൽകുവാനായീടു, മല്ലാതെ
വ്യക്തമായിട്ടറിയാൻ ശ്രമിക്കാത്തതാം
ആസ്തിയും കാലവും തമ്മിലുണ്ടാമേക
വ്യത്യാസം എന്താകു,മെന്നറിഞ്ഞീടണം.
ആസ്തിയെത്രയുണ്ടെന്നറിയാമെങ്കിലും
ആയുസ്സിനെന്തുണ്ടു നീളമെന്നറിയാ.
ആസ്വദിച്ചീടാതെപോകുന്നെത്രയോപേർ
ആനന്ദമവർക്കുണ്ടാകേണ്ടതെ,ന്തെന്നാൽ
ആസ്വദിക്കുന്നതിന്നില്ലവർക്കു നേരം
വിശ്വസിക്കു സമ്പത്തിന്റെപിമ്പേയവർ
ആളുകളായിടാം പുസ്തകങ്ങൾപോലെ
ഉള്ളടക്കത്താൽകുറേയൊക്കെ പുസ്ത കം
വിസ്മയിപ്പിച്ചിടേ മറ്റുള്ളതൊക്കെയും
വഞ്ചിച്ചിടും മോശമാകും വിഭവത്താൽ.
ആളും അരങ്ങും മനോഭാവവും തഥാ
ആലോചനയും താൽക്കാലികം മാത്രമാം
ആകായിവയോടാകർഷണം കൂടുതൽ
ആയാസമെന്യേയവയൊത്തു നീങ്ങിടൂ
ആർക്കും അവകാശം ഇല്ല സ്വയം നിശ്ച-
യിക്കുവാനെന്തുമേസ്വന്തമിഷ്ടത്തിനാൽ
നിശ്ചയിച്ചീടുവാനാമെങ്കിലും ചെയ്ക
നിശ്ചയം നേരായകാര്യങ്ങളാവുകിൽ
ആർക്കും നടക്കുവാനാകുന്നൊരു നല്ല
പൂങ്കാവനം പോലെ രൂപപ്പെടുത്താതെ
ആരുമുയരെച്ചെന്നെത്തിടാൻ മോഹിക്കു
മാകാശതുല്യം ഉയർത്തു തൻസ്വത്വത്തെ
ആർക്കുമെപ്പൊഴും വാങ്ങീടുവാനായിടാ
ആഡംബരമാകും നേരം, അറിഞ്ഞിടൂ.
ആരെങ്കിലും നമുക്കായിട്ടു കാലത്തെ
കാര്യമായി വ്യയംചെയ്യിലോ നന്മയാം.
ആഹ്ലാദപൂർണ്ണമാകും ജീവിതത്തിനായ്
ആവശ്യമായിട്ടധികം വേണ്ടയൊന്നും
എല്ലാമേ നമ്മുടേയുള്ളിലാണുള്ളതും
എവ്വിധം ചിന്തിക്കുമെന്നപോലാം ഫലം
ഇ
ഇത്തിരിപ്പോരും മഴത്തുള്ളികളല്ലോ
ഒത്തുകൂടിപ്പെരുത്താറായിമാറുന്നു
സാന്ദ്രമായുള്ള ശ്രമങ്ങളല്ലോയേറെ
സ്ഥൂലമാമന്തരം ഉണ്ടാക്ക ജീവിതേ
ഇന്ധനത്തിൻ സ്ഥലത്തായൊഴിച്ചീടുകി ൽ
മന്ദഹാസം, ഫലം സുന്ദരം ജീവിതം
കൈവിട്ടിടേണം ചിലകാര്യങ്ങളൊക്കെ
കൈവരിച്ചീടുവാൻ മറ്റുകാര്യങ്ങളെ
ഇന്നലത്തെ ജീവിതം പരിജ്ഞാനമാം
ഇന്നത്തെതാകും പരീക്ഷിച്ചുനോക്കലും
നാളത്തെജീവിതം കാത്തിരിപ്പാ,മത്
നേടാൻ പരീക്ഷിച്ചുനോക്കൂ പരിജ്ഞാനം
ഇന്നലെക്കൈവിട്ടുപോയോരു കാര്യങ്ങ-
ളിന്നു നേടീടുവാനായി സാദ്ധ്യമാകാം
ഏത്രയോ തോൽവികളേറ്റുവാങ്ങിയാലും
അത്ര കാര്യമാക്കാ, മുന്നോട്ടു പോയിടൂ
ഇന്നലെപ്പരിക്കേൽപ്പിച്ചോരെ മറക്കൂ
എന്നും പ്രിയം തരുന്നോരേ മറന്നിടാ
ഇന്നലെക്കരഞ്ഞെന്നതും ആധിയും മറ-
ന്നിന്നു പുഞ്ചിരിക്കൂ നേട്ടങ്ങളോർത്തിടൂ
ഇന്നിന്റെ നമ്മൾക്കു രൂപമുണ്ടാകുവാ-
നിന്നലത്തെച്ചിന്തകൾതന്നെ കാരണം.
നാളത്തെ ജീവിതം രൂപപ്പടുത്തുവാൻ
നാം നിയന്ത്രിക്കണം ചിന്തകൾ നന്നായി
ഇന്നിന്റെ സൗന്ദര്യമാസ്വദിച്ചീടുവാൻ
ഇന്നലത്തേതിനേക്കാളേറെ സൗന്ദര്യ-
മുള്ളതാക്കീടുവാനൂർജ്ജമുണ്ടാകണം
മാറ്റം അനുസ്യൂതമാക്കിയും മാറ്റണം
ഇന്നെന്നതാമല്ലൊ സത്യമാകും, ഭാവി-
യെന്നകാര്യമെന്നും വിശ്വാസമല്ലയോ
കയ്യിലിന്നുള്ളോരു സന്തോഷത്തെ മാറ്റി-
വയ്ക്കാതെയിന്നു ശീലിച്ചറിഞ്ഞീടണം
ഇന്നേവരേയുളള,യാവിഷ്‌കരണത്തിൽ
നിന്നുള്ള പാഠമാകു,മാർക്കും തൻമനോ-
ഭാവത്തെ മാറ്റുവാനാകിൽക്കഴിയും തൻ
ഭാവിയെത്തന്നെയും മാറ്റീയെടുക്കുവാൻ
ഇന്ദ്രജാലത്തിൻ സമാനമായീടുന്ന
സൂര്യോദയാസ്തമയങ്ങളെക്കാണവേ
നിത്യമല്ലേതോരുയർച്ചയെന്നു തോന്നും
ഏതോരു വീഴ്ചയും ഹ്രസ്വമാണെന്നതും
ഇന്ദ്രജാലത്തിനും ദുർഗ്രാഹ്യതകൾക്കും
ഇല്ലോരു സ്ഥാനവും കാര്യസിദ്ധികളിൽ
പ്രാവർത്തികമാക്കിൽ നല്ലതാം ചിട്ടകൾ
പ്രാപഞ്ചികമായിട്ടുണ്ടായിടും ജയം
ഇന്ദ്രജാലമേവം ആത്മീയ ജ്ഞാനവും
ഇല്ലോരു നേട്ടത്തിനും പിന്നിലായിട്ട്
നേരേമറിച്ചതിൻ പിന്നിലുണ്ടായിടും
നൈസർഗ്ഗികമായിട്ടുള്ള പ്രവൃത്തികൾ.
ഇല്ലാ സ്ഥിരമായിട്ടുള്ളോരവസ്ഥയും,
ഈഭൂവിലില്ലയെന്നുള്ളതാം വാസ്തവം.
ക്ളേശപ്പെടേണ്ടതില്ലാരും അതിന്നാലെ
കാരണം ഈ ആസ്പദം മാറി വന്നിടും.
ഇല്ലൗഷധങ്ങളായ് മന്ദഹാസത്തിന്നു
തുല്യമായൊന്നുമേ, ഈജീവിതയാത്രേ,
അത്രനിസ്സാരമല്ലാത്തൊരീ ജീവിതം
എത്രനന്നാക്കിമാറ്റാമെന്നതിന്നായി
ഇഷ്ടമുള്ളോർനമ്മെ വിട്ടുപോയീടിലാ
നഷ്ടംനികത്താൻ തയാറാക്കുഹൃത്തിനേ
കണ്ടെത്തിടൂ തന്റെയെത്രയംശം കൂടെ
കൊണ്ടുപോയീയവർ, വീണ്ടും നികത്തിടൂ
ഈ
ഈശ്വരവിശ്വാസമുള്ളയാൾ ചെയ്തിടും
വിശ്വസിപ്പിച്ചപോൽ,സത്യമെന്താകിലും.
ആദ്ധ്യാത്മികമായിച്ചിന്തിച്ചിടുന്നയാൾ
യാഥാര്‍ത്ഥ്യമായതേ മാത്രമേ ചെയ്തിടൂ .
ഉ
ഉച്ചരിക്കുംമുൻപു വാക്കുകൾതൻ മാറ്റു-
രച്ചുനോക്കീടണം,ചൊല്ലുന്നതൊക്കെയും
സത്യമാണോ അവശ്യാവശ്യമാണോ മൃ-
ദുത്വമുള്ളതാണോയെന്നുറപ്പിക്കുവാൻ
ഉത്കൃഷ്ടബുദ്ധിയായുള്ളവർക്കെന്നുമേ
ഉണ്ടായിരുന്നിടും ശക്തമായുള്ളോരു
നൈസര്‍ഗ്ഗികമാകും സ്വാധീന,മൂർജ്ജത്തെ
നേരിട്ടു സൃഷ്‌ടിച്ചുപയോഗിച്ചീടുവാൻ
ഉത്കൃഷ്ടമായവക്കെത്രയംഗീകാരം ഉണ്ടായിടാം ജീവിതത്തിലെന്നാകിലും
സന്തുഷ്ടിയേറെ നൽകീടുന്നൊരയ്‌ച്ഛികം
ഏതോ, അതായിരിക്കാമേറ്റവും നന്ന്
ഉത്തമവ്യക്തിയോടുള്ളോരു ബന്ധത്തെ
വ്യക്തമാം ഹേതുവില്ലാതുപേക്ഷിച്ചിടാ
തെറ്റുചെയ്യാത്തവരാരുമേ കാണില്ല!
കുറ്റമില്ലായ്മക്കുമേലാകണം സ്നേഹം.
ഉത്തരങ്ങളെല്ലാം കയ്യിലുണ്ടെങ്കിലോ
ആത്മവിശ്വാസമുണ്ടെന്നർത്ഥമാവില്ല.
ഏതു പ്രശ്നങ്ങളും നേരിടാനാകുകിൽ
ആത്മവിശ്വാസമുണ്ടെന്നുറപ്പാക്കിടാം
ഉത്തരം കണ്ടെത്തിടേണ്ടും ചെറുതാകും
ചിന്താവിഷയം മാത്രമല്ലീ ജീവിതം
അജ്ഞേയമായ കാര്യങ്ങൾ നിറഞ്ഞുള്ള
ഊർജ്ജമേറും കാലമെന്നോരവസ്ഥയാം
ഉത്തരം കിട്ടാത്ത വൈഷമ്യമേറിടും
ചിന്താവിഷയത്തെ പ്രശ്നമായ്ക്കണ്ടിടാ
നേരേമറിച്ചതംഗീകരിക്കേണ്ടിടും
നേരായിമാത്രം കരുതേണ്ടതായ് വരും
ഉന്മേഷമില്ലയോ, ഭൂതകാലത്തിലും
ഉദ്വേഗമോടെയോ, ഭാവികാലത്തിലും
സ്വൈര്യമോടാണെങ്കിലിന്നത്തെ കാലത്തും
ആരുമേ ജീവിപ്പുവെന്നർത്ഥമായിടും
ഉണ്ടാകണം ശ്രദ്ധ, ഉണ്ടാക്കിടെ ബന്ധം
രണ്ടുകാര്യങ്ങളിൽ, എന്നതോർത്തീടണം.
ആദ്യം അറിയേണം സാദൃശ്യമെന്തെന്നു,
പിന്നെയോ മാനിക്കു തമ്മിലെ വ്യത്യാസം
ഉണ്ടായയോരോയിടർച്ചകൾക്കും നന്ദി-
യുണ്ടായിരിക്കേണമെന്തുകൊണ്ടെന്നാലി
ടർച്ചയേയില്ലായിരുന്നുവെങ്കിൽ നമു-
ക്കാർക്കുമേ തൻശക്തിയെന്തെന്നറിഞ്ഞിടാ.
ഉണ്ടായിടാം സ്വാനുഭവത്തിൽ നിന്നും
വേണ്ടും ഉറപ്പുള്ള തീരുമാനമെന്നാൽ
തെറ്റായിടും തീരുമാനങ്ങളിൽ നിന്നു
തന്നെയേറെപ്പരിജ്ഞാനമുണ്ടായിടും
.
ഉണ്ടായിടുമീജീവിതത്തിൽ സന്തോഷ-
മുണ്ടാകിൽ മാറ്റങ്ങളെന്നു നാമാശിക്കെ
സംഭവിക്കുന്നതോ, മാറ്റമുണ്ടാകുന്നു
സന്തോഷമോടങ്ങു നാമിരുന്നീടവേ
'ഉണ്ടെ'ന്നതു'മില്ലാ'യെന്നതും നിശ്ചയം
രണ്ടക്ഷരംമാത്രമുള്ള വാക്കെങ്കിലും
മെല്ലവേ'ഇല്ല'യെന്നോ വേഗ'മുണ്ടെ'ന്നൊ
ചൊല്ലിയാലുണ്ടാക്കിടാം ബുദ്ധിമുട്ടുകൾ
ഉപ്പിൻ സമാനമനന്യമാം വ്യക്തിത്വ-
മുള്ളൊരാളാകുവാനായി ശ്രമിച്ചിടൂ
തോന്നില്ല സാന്നിദ്ധ്യമുപ്പിന്റെയെന്നാല-
സാന്നിദ്ധ്യമാട്ടേ രുചിയില്ലാതാക്കിടും
ഉള്ളതും വേണ്ടതും തുല്യമാക്കാനായി-
ട്ടുള്ളിലുണ്ടാകും അവസ്ഥയാനന്ദമാം
സ്വന്തമന്തരംഗേ സ്വൈര്യമില്ലെങ്കിലോ
വ്യർത്ഥമാമന്വേഷണം ബാഹ്യമാക്കിടിൽ
ഉള്ളൊന്നു ശൂന്യമാക്കീടിൽ തലേദിനം
ഉണ്ടായ ദുഃഖങ്ങളൊക്കേയുപേക്ഷിച്ചു,
ഇന്നിന്റെ സന്തോഷമാകെ സൂക്ഷിക്കുവാ-
നൊന്നോടെ കിട്ടീടുമായിടം ഓർത്തിടൂ
ഊ
ഊർജ്ജം പകർന്നിടും പുഞ്ചിരിച്ചീടുകിൽ
ഊർജ്ജയന്ത്രംപോലെയായിടും ജീവിതം
ഊർജ്ജസ്വലമാക്കിയിട്ടു പുഞ്ചിരിയാൽ
ഇജ്ജീവിതം ധന്യമാക്കി മാറ്റീടണം
ഋ
ഋതുക്കൾക്കുണ്ടായിടും തക്കതാം യുക്തി
അതേപോലേവരും നേരിടുന്നയോരോ
സന്ദേഹകാര്യത്തിലുമർത്ഥവത്താകും
സന്ദേശമുണ്ടാമവയുൾക്കൊള്ളവേണം
എ
എങ്ങോട്ടുമേയില്ല രാജകീയമാകും
മാർഗ്ഗമെന്നുള്ളതാകും കേവല സത്യം.
ഒന്നിന്നു പിന്നാലെ മറ്റൊന്നു ചെയ്യുകിൽ
ഓരോന്നിനും കിട്ടുമുറപ്പെന്നു തിട്ടം
എത്ര കോറിയാലും പേജുകൾ തീരാത്ത,
ഏറെ സ്വപ്നങ്ങളും യാതനേം വേദനേം
ഗോപനം ചെയ്യുവാനാകുന്ന മാന്ത്രിക-
ച്ചെപ്പിൻസമാനമാകും മർത്യന്റെ മനസ്സ്.
എത്രദൂരം താണ്ടിടാനാകും നിങ്ങൾക്ക്
എന്നതെച്ചൊല്ലിയാരെങ്കിലും സംശയം
ചൊല്ലിടിൽ അത്രയും ദൂരേക്കു പോയിടൂ
തെല്ലുമേ നിങ്ങൾക്കവരെക്കേൾക്കാനാക
എത്ര നന്നായിട്ടു കാര്യങ്ങൾ ചെയ്കിലും
എന്തെങ്കിലും പിഴക്കാൻ സാദ്ധ്യതയുണ്ടാം
എങ്കിലും ന്യായമായുള്ള കാര്യങ്ങളേ
എപ്പൊഴും ചെയ്യുവാനായി ശ്രമിക്കാവു
എത്രമാത്രം സമാർജ്ജിച്ചിടുന്നു നിങ്ങൾ
എന്നതാവില്ല പ്രധാനമീ ജീവിതേ
നിങ്ങളീ ജീവിതം ജീവിച്ചു തീർക്കുന്ന-
തെങ്ങനാണെന്നുള്ളതാകുമേറെ മുഖ്യം
എത്രമാത്രം സ്വത്തെനിക്കുണ്ടെന്നകാര്യ-
മെത്ര നന്നായിട്ടറിവുണ്ടായീടിലും
എത്രേ സമയം തൻകൈവശമുള്ളതെ-
ന്നെത്രയേറെക്കണക്കാക്കിയാലും കിട്ടാ
എത്രയേറെനിങ്ങൾ ജീവിതത്തിൽ നേടു-
ന്നെന്നതേക്കാളെത്രയോയേറെ മുഖ്യമാം
ജീവിതത്തിന്റെയെല്ലാ മുഹൂർത്തങ്ങളും
ആവുംവിധം ആസ്വദിക്കയെന്ന കാര്യം
എത്രയേറെ മേലേയെത്തിയെന്നാകിലും
നേത്രം പരുന്തിന്റെ, തീറ്റയിൽ തന്നെയാം,
ദൂരം തടസ്സമാകുന്നതേയില്ലതിൻ
കാരണം ലക്ഷ്യമെന്നുള്ളതുതന്നെയാം
എത്രയോനാൾശേഷമാണെന്നിരുന്നാലുംപ്രത്യക്ഷമായിട്ടു വന്നീടുമെന്തുമേ
എത്രനിസ്സാരമാം കാര്യത്തിനാകട്ടെ,
നന്ദി നാം രേഖപ്പെടുത്തീടവേണമേ
എത്രയോപേരാസ്വദിക്കാതെ പോകുന്നു
സന്തോഷമെന്ന,തെന്തെന്നാലവർക്കില്ല
ഒട്ടുമേ നേരമാസ്വദിച്ചീടാനായി
ഓട്ടമല്ലോ അവർ സമ്പത്തിനു പിൻപേ
എത്രയോ ശക്തിമത്തായതാകും തന്റെ
ചിന്തയും പ്രവൃത്തിയുമെന്നറിഞ്ഞീടി-
ലില്ല,യാർക്കും തന്നെ ചിന്തിച്ചിടുവാനാ-
കില്ലാ, നിഷേധാത്മകമായീടും വിധം
എനിക്കെന്റെചിത്തം കരുത്തേകിയെന്നാൽ
നിനയ്ക്കാമെനിക്കാത്മ വിശ്വാസമായി
മനസ്സിന്നുറപ്പെൻ മുതൽക്കൂട്ടുമാകും
നിനയ്ക്കുന്ന കാര്യം നടത്താനുമാകും
എന്നുമീ ജീവിതത്തിന്റെയാകർഷണം
എത്ര സന്തോഷവാനാമെന്നതിലാകാ.
എത്രയോപേരു സന്തോഷിപ്പു നമ്മളാ
ലെന്നകാര്യത്തിലാകേണമെന്നേയുള്ളു
എന്നുമെപ്പോഴുമാനന്ദമോടേയിരി-
ക്കുന്നതിന്നായുറപ്പില്ലയീ ജീവിതേ.
മാറ്റുവാനാകാത്ത ഏതു കാര്യങ്ങളു-
മായിട്ടിണങ്ങിയാൽ മെച്ചമാം ജീവിതം
എന്നുമേ നല്ലകാര്യങ്ങളുണ്ടാകേണ-
മെന്നയാവശ്യമല്ല നേരാകും ചിന്ത
എന്തുസംഭവിച്ചാലും നല്ലതിന്നാകു-
മെന്നുള്ളതാകണം മുഖ്യമാം ചിന്തനം.
എന്നുമൊന്നുപോലീ ബന്ധം നിലനിന്നാൽ
വന്നുചേരും ഏറെ ഗ്രാഹ്യവും ധൈര്യവും
ഔല്‍സുക്യതയും സംപൂര്‍ണ്ണതേയുമൊപ്പം
ആത്മാർത്ഥതയും കാര്യപ്രാപ്തിയുമെന്നും
എന്നുമേ രണ്ടുപക്ഷങ്ങളുണ്ടായിടും
ഏതുകാര്യത്തിനാണെങ്കിലും നിശ്ചയം
ക്ലേശിക്കവേണ്ടതിൽ, സാധ്യമായ് വന്നിടും
കൃത്യമായ്
കാര്യങ്ങളൊത്തുതീർപ്പാക്കിടാൻ
എന്താഗ്രഹിക്കുന്നുവോ നാ,മതാവില്ല
എപ്പൊഴും കിട്ടുന്ന,തെന്നാൽ ചിലപ്പോഴ-
കാരണം എന്തെങ്കിലും ലഭിച്ചെന്നാല-
നുഗ്രഹം മാത്രമായിഗ്ഗണിച്ചീടണം.
എന്താണടുത്ത മാത്രയിൽ സംഭവിക്ക
എന്നതാർക്കുമേ പ്രവചിക്കാനായിടാ
പോകുന്നു മുന്നോട്ടുതന്നെ നാമെങ്കിലും
പ്രത്യാശയുമൊപ്പം വിശ്വാസമോടെയും
എന്താണൊരാൾക്കുള്ളതെന്നതുമാവില്ല
എന്താണയാൾ ചെയ് വതെന്നതുമാവില്ല
എന്താണയാളെന്നതേയാശ്രയിച്ചാകു-
മെന്താണയാളുടെ ശ്രേഷ്ഠതയെന്നത്.
എന്തിനായന്യർക്കു തന്നേക്കുറിച്ചുള്ള
ചിന്താഗതിയെയോർത്തിട്ടു ഖേദിക്കണം?
തള്ളിക്കളയേണ്ടിടുമന്യർതൻ ചിന്ത
തന്റെയും ഭാഗധേയത്തെ ബാധിക്കില്ലേൽ
എന്തിന്നസൂയ തോന്നേണമന്യരോടായ്
ഏറെ ഗ്രാഹ്യമവർക്കുണ്ടെന്നുകണ്ടിടേ?
നേരേമറിച്ചൊട്ടുമേ ജ്ഞാനമില്ലാത്ത
ആരോടുമെന്നും ദയാലുവായീടണം
എന്തിന്നുമുണ്ടാകുമത്ഭുതത്തിൻ വശം
അന്ധകാരമാട്ടേ നിശ്ശബ്ദതയാട്ടേ
ഏതോരവസ്ഥയിലെത്തിയെന്നാകിലും
സന്തോഷമോടിരിക്കെന്നതല്ലോ മുഖ്യം.
എന്തുചിന്തിക്കിലും നിങ്ങളെന്നെപ്പറ്റി
എന്നഹത്തിനുണ്ടാ മാറ്റങ്ങളൊന്നുമേ
എന്നിലെന്തൊക്കെക്കളങ്കങ്ങളുണ്ടെന്നു-
മെങ്ങനുണ്ടായെന്നുമറിയില്ല നിങ്ങൾക്ക്
എന്തു ചെയ്വതെന്നല്ലെപ്രകാരം ചെയ്വു
എന്തു കാണ്മതെന്നല്ലെപ്രകാരം കാണ്മു
എങ്ങനാം ജീവിതം എന്നതല്ല നിങ്ങൾ
എങ്ങനാം ജീവിപ്പതെന്നുള്ളതാം മുഖ്യം.
എന്തുമേതുമെത്രയും വിലപ്പെട്ടതായ്
തോന്നിടും രണ്ടുഘട്ടങ്ങളിൽ ആർക്കുമേ
ഏതാഗ്രഹിച്ചോ അതുകിട്ടും മുമ്പെയും
എന്തുമേ കൈവിട്ടുപോയതിൻ ശേഷവും
എന്തുമേ സംഭവ്യമാമോരു കാരണ-
ത്തിന്നാലെ, എന്തേലും മാറ്റമുണ്ടാക്കു വാൻ;
മാറ്റം മുറിവേല്പിക്കാം, ക്രൂരവുമാകാ-
മെന്നാലവസാനം നല്ലതിന്നായിടാം
എന്തെങ്കിലുമെന്തിനേക്കുറിച്ചുമൽപ്പം
ചിന്തിക്കുവാനും പഠിക്കാനുമായിടും
എന്നിരുന്നാലുമായീടാ,യെല്ലാത്തിനേ
മൊന്നുപോലെല്ലാം പഠിക്കുവാനായഹോ
എന്തെങ്കിലും കാരണത്താലെയായിടും
എന്തുമേ സംഭവിക്കുന്ന,താം കാരണം
മാറ്റങ്ങളുണ്ടാക്കിടാം തീഷ്ണതയേറും,
മാറ്റങ്ങളെയെന്നും സ്വാഗതം ചെയ്യണം
എന്തെങ്കിലും തെറ്റു ചെയ്തുപോയീടിലും
സത്യം വെളിവാക്കീടുന്നതാം മാന്യത
ആത്മാഭിമാനം വിഴുങ്ങിയിന്നേവരേ
ആരുമേ ചത്തുപോയിട്ടില്ലറിഞ്ഞിടൂ
എന്തെങ്കിലും നല്ലതല്ലാത്തതുണ്ടാമോ
എന്നുള്ള ചിന്തതന്നുള്ളിലുണ്ടായിടാ
ചിന്തിക്കവേണം ശുഭാപ്തിവിശ്വാസമോ-
ടെന്തുവന്നെന്നാലുമെല്ലാം ശുഭമാകും
എന്തെങ്കിലും സംഭവിച്ചീടുമെന്നുള്ള
പ്രത്യാശതന്നെയാം മോഹമെന്നുള്ളതും.
വിശ്വാസമെന്നതോ സംഭവിക്കുമെന്ന
നിശ്ചയം, ധൈര്യമോ സംഭവിപ്പിക്കതും
എന്തും കൊടുക്കുന്നവരാകാമേറ്റവും
സന്തോഷമോടേയിരിക്കുന്നതെന്നുമേ
വാങ്ങുന്നവരാകില്ലേറെസന്തോഷമോ-
ടങ്ങു ജീവിക്കുന്നതെന്നതാം വാസ്തവം
എപ്പൊഴും പാനീയമതുൾക്കൊള്ളും പാത്ര-
രൂപത്തിനെക്കൈവരിക്കുന്നതേപോലെ സാഹചര്യം നോക്കിവേണമെല്ലാവരും
സ്വന്തമായുള്ള മാറ്റം വരുത്തീടുവാൻ
എപ്പൊഴും പുഞ്ചിരിച്ചേകൊണ്ടിരിപ്പവർ
സമ്പൂർണ്ണജീവിതം കൈവന്നോരായിടാ
ആശയും ത്രാണിയും ചേർന്ന പ്രതിരൂപം
ആയിടാമാതുടർപുഞ്ചിരിക്കു പിന്നിൽ
എല്ലാക്കാര്യങ്ങളേയുംപറ്റിയിത്തിരി
എന്നുമറിയാൻ കഴിഞ്ഞെന്നുവന്നിടാം
എങ്കിലുമെല്ലാമറിയുവാനാകില്ല എന്തിനേയുംപറ്റിയെത്രശ്രമിച്ചാലും.
എല്ലാ ദിവസ്സവും നല്ലതാകേണമെ-
ന്നില്ലയെന്നാൽ നല്ലതല്ലാത്ത ദിവസ്സം
നല്ലതായ് മാറ്റുവാനായിടും ആർക്കുമേ
നല്ല പ്രവർത്തികൾ ചെയ്തുകാണിക്കുകിൽ
എല്ലാമറിഞ്ഞെന്നുകണ്ടൊന്നുമാകില്ല
നല്ലപോലെല്ലാം പ്രയോഗിക്കവേണ്ടിടും
ചൊല്ലിയാലാവില്ല താല്പര്യമുണ്ടെന്നു
ചെയ്തുകാണിക്കുന്നതാകും അനുയോജ്യം.
എല്ലാവരും ഒന്നുപോലെയന്യർക്കുള്ള
നല്ല കാര്യങ്ങളെക്കണ്ടുശീലിക്കുകിൽ
എത്രയോ വർണ്ണാഭമായോരു ജീവിതം
ഏവർക്കുമൊന്നുപോലെന്നും ലഭിച്ചേനെ
എല്ലാവരുടേയും ഉള്ളിലുണ്ടായിടാ-
മൽപ്പം മൃദുത്വം, പുറമേയില്ലെങ്കിലും,
ആയതിന്നാലൊരവ്യക്തമാകും പ്രതി-
ച്ഛായയാരെക്കുറിച്ചും മനസ്സിൽ വേണ്ട.
എല്ലാ വ്രണങ്ങളേയുമുണക്കീടുവാൻ
നല്ല നൈപുണ്യം മനുഷ്യനുണ്ടെങ്കിലും
ഏറ്റം പ്രിയമുള്ളോരാലേ പ്രതീക്ഷിക്കാ-
തേറ്റ ക്ഷതമെല്ലിന്നുള്ളിലേക്കെത്തിടും
എല്ലാ ശ്രമങ്ങളും കണ്ടെന്നു വന്നിടാ
നല്ലതാകും ഫലം എന്നതാം വാസ്തവം
എന്നിരുന്നാലും ഒരിക്കലും കൈവരാ
നന്നായ്ശ്രമിക്കാതെ കാര്യസിദ്ധിയെന്നാം
എല്ലാറ്റിനേയും കുറിച്ചിത്തിരിമാത്രം
എന്നെങ്കിലും ധരിക്കുന്നതിന്നായിടാം
എങ്കിലും എല്ലാമറിയുവാനാകില്ല
എത്രശ്രമിച്ചാലുമെന്തിനേയുംപറ്റി
എല്ലാർക്കുമാഗ്രഹം തർക്കം ജയിക്കുവാൻ
നല്ല ബന്ധങ്ങൾ മുറിഞ്ഞുപോയീടിലും.
വാദങ്ങൾ തോൽക്കിലും ബന്ധം മുറിച്ചീടു-
വാൻ പക്വതയുള്ളോരാരും ശ്രമിക്കൊലാ
എല്ലാം തികഞ്ഞവർ ആരുമേയുണ്ടാക
യില്ലീയുലകത്തിൽ എന്നതാം വാസ്തവം
ഏകാന്തസഞ്ചാരിയായിമാറുമാരും
ഏവരേയും ചെറുതെറ്റിന്നകറ്റിയാൽ!
ഏ
ഏകനായ് സഞ്ചരിച്ചീടവേ തോന്നിടും
എത്രയും വേഗം വഴി തീർന്നു കിട്ടണം
കൂട്ടുകാരൊത്തു നീങ്ങീടവേ തോന്നിടും
കൂടുതൽ ദൂരം നടന്നങ്ങു പോകണം
ഏതാനുമാളുകൾക്കെപ്പോഴുമായിടും
സ്വാധീനമുണ്ടാക്കുവാനായി നമ്മളിൽ
ഏകാന്തതയില്ലാതാക്കുന്നതിന്നായി
എപ്പൊഴും നാമാഗ്രഹിക്കുമാ സൗഹൃദം.
ഏതുകാര്യത്തിലും നല്ലതേ കാണുവാൻ
എല്ലാവരും മനസ്സിന്നേയൊരുക്കണം .
സന്തോഷമാർജ്ജിക്കുവാനായിനാം നല്ല
ചിന്തകൾക്കും കൊടുത്തീടണം ഗൗരവം.
ഏതു കാൽവയ്പ്പായിരിക്കുമെന്നറിയാ,
ഏങ്ങനാം മാറ്റിമറിക്കെന്നും, ജീവിതം
മുന്നോട്ടെന്നാകിലുംപോകൂ സന്തോഷവു-
മൊപ്പമാശിസ്സുമെത്താം നിനച്ചീടാതെ
ഏതുനേരവുംഞാൻ ശ്വസിക്കുമീ വായു
എന്നുമെൻജീവൻ നിലനിർത്തീടും വായു-
മണ്ഡലത്തേ ഞാനശുദ്ധമാക്കീടുകിൽ
അന്ധനെന്നുള്ള പേരിന്നർഹനല്ലയോ?
ഏതൊരു ഹൃത്തിന്നുമേകിടാവുന്നതാം
ഏറ്റവും തീക്ഷ്ണമായീടും പരീക്ഷണം
തെല്ലുമാഘോഷിച്ചിടാതെപോകാനാമൊ
തൻപ്രതിദ്വന്ദിതൻതോൽവിയെന്നതല്ലോ.
ഏതോരുമാത്രയും ആസ്വദിച്ചിടണം
ക്രോധവും ദേഷ്യവും കാട്ടിടാ, കാരണം
മാത്രയോരോന്നിലേം ദുഃഖമല്ലോ ഷഷ്ടി
മാത്രയിൽ നഷ്ടമാമാഹ്ലാദ മാത്രകൾ
ഏറെച്ചിരിക്കൂ, കരച്ചിൽ കുറച്ചിടൂ
ഏറെസന്തോഷിക്കു കൈവശം ഉള്ളതിൽ
ഈവിധം ചിട്ടപ്പെടുത്തുകിൽ ചര്യകൾ
ജീവിതം നന്നായി മുന്നോട്ടു നീങ്ങിടും
ഏറെ ധിക്കാരിയാം മേധാവിയുണ്ടാകിൽ
ഏറിയ ക്ലേശമുണ്ടായിടും ജീവിതേ
ഏറെ സാമിപ്യമുണ്ടായാൽ കരിഞ്ഞിടാം
ഏറെദൂരത്തായിപ്പോയാൽ തണുത്തു
പോം
ഏറെപ്പിഴവുകൾ ചെയ്തുവെന്നാകിലോ
ഏറും പരിചയസമ്പത്തും നിശ്ചയം
തെറ്റിലൂടെ നിങ്ങൾ പാഠം പഠിക്കുകിൽ
മറ്റുള്ളവർ പഠിക്കും പാഠമതിൽ നിന്ന്
ഏറെ മാറിപ്പോയൊരീയുഗം തന്നിലായ്
മാറുവാൻ നാമും ശ്രമിച്ചിടും വേളയിൽ
മാറ്റത്തിലൂടെയുണ്ടായിടും നന്മതി-
ന്മാദികൾ ഒന്നുപോലെന്നറിഞ്ഞീടണം
ഏറെ മൃദുത്വമുണ്ടാകാമൊരച്ഛന്റെ
മാറിടത്തിനെന്നാലോ കല്ലുകൊണ്ടാമൊ-
രാണിന്റെ മാറിടം സ്രഷ്ടാവു നിർമ്മിച്ചി-
രിക്കുന്നതെന്നുള്ളതല്ലയോ വാസ്തവം.
ഏറെയെന്നതിന്റെയും വേണ്ടുവോളവും
എന്നതിന്റെയും ഭേദം ഗ്രഹിക്കാനായ്
സാധിപ്പവരാം പ്രപഞ്ചത്തിലേറ്റവും
ശോഭിക്കും ജീവിതമുള്ളവർ നിശ്ചയം
ഏറെ വ്യയം ചെയ്‌വതേക്കാളുമുത്തമം
എത്രയുമൌദാര്യമുള്ളയാളാവതാം
ഏറെപ്പണം കൂട്ടിവച്ചെന്ന കാരണം
ഒന്നുമേ നേടുവാനാകില്ലയാർക്കുമേ
ഏറെ സന്താപങ്ങൾക്കിടക്കുണ്ടാകുന്ന
ഏറ്റവും കൊച്ചുസംതൃപ്തിയും നന്നായി
ആസ്വദിക്കാനായ്ക്കഴിയുന്നോരായിടും
വാസ്തവത്തിൽ ജീവിതത്തിൽ വിജയിപ്പൂ.
ഏറെസന്തുഷ്ടരാം കൂട്ടുകാർ ക്കൊക്കെയും
വേറിട്ടതായിരിക്കാമിഷ്ടങ്ങൾ പോലും
എങ്കിലോ ഉണ്ടാമവർക്കൊരു ധാരണ,-
യെന്താണപരന്റെയിഷ്ടമെന്നുള്ളതും.
ഏറെ സമ്പത്തുള്ളൊരാൾക്കേതു നേരവും
ഏറെ ശത്രുക്കളും ഉണ്ടാമറിഞ്ഞിടൂ
പാടവം കൂടുതൽ ഉള്ളൊരാൾക്കാകട്ടെ
കൂട്ടുകാരാണേറെയുള്ളതെന്നോർത്തിടൂ
ഏറെ സാന്ദ്രമായിട്ടുള്ള പ്രകാശമാം
ഏതൊരാളിന്റേയുമകത്തേ വെളിച്ചം
നേരായ മാർഗ്ഗം വകഞ്ഞു മുന്നേറിടാൻ
പോരുന്നൊരാപ്രകാശം ജ്വലിപ്പിച്ചിടൂ
ഏറെ സ്വയം പുകഴ്ത്തീടുന്നയാരുമേ
വേറൊരാളെപ്പറ്റി നല്ലതിഷ്ടപ്പെടാ
മോഹമേറീടുന്നവർക്കു ഖ്യാതിയെന്നാൽ
ദാഹിക്കുവോർക്കുപ്പുവെള്ളം സമാനമാം
ഏറ്റം കുറച്ചുമാത്രം വേണ്ടി വന്നിടും
ഏറ്റവും സന്തോഷമുള്ളോരു ജീവിതം
ഉണ്ടാക്കിടാൻ വേണ്ടതായുള്ള,തൊക്കെയും
ഉണ്ടായിടും നിങ്ങളിൽതന്നെ,യോർത്തിടൂ
ഏറ്റം ചെറുതാകും കാര്യങ്ങളായിടും
ഏറെ സന്തോഷം ജനിപ്പിക്ക ജീവിതേ.
നേർത്ത ദീപം ഇരുട്ടിന്നേ തുരത്തിടും
നിസ്സാരമാമോർമ്മയെന്നും നിലനിൽക്കും
ഏറ്റം നിഗൂഢമാം കാര്യങ്ങളൊക്കെയും
ഏറെ വിശ്വസ്തനായീടുന്ന,ഞാനെന്ന,
വ്യക്തിയോടല്ലാതെയാരോടു ചൊല്ലിടും;
അത്രയ്ക്കു വിശ്വാസമാരിലർപ്പിച്ചിടാൻ?
ഏറ്റം പ്രയാസമുള്ളോരു വിദ്യാലയം
മറ്റൊന്നുമായിടാ, ജീവിതം തന്നെയാം
ഏതാണുക്ലാസ്സെന്നു മെന്താംപരീക്ഷണം
എന്നൊന്നുമൊട്ടും ഗ്രഹിക്കാനു മാകില്ല
ഏറ്റം ബ്രഹത്താം പരീക്ഷയാം ജീവിതം.
ഏവർക്കുമൊന്നുപോലല്ല ചോദ്യപ്പേപ്പ-
റെന്നകാര്യം മറന്നിട്ടു മറ്റുള്ളോരെ
നന്നേ പകർത്തീടിലേൽക്കും പരാജയം.
ഏറ്റം മഹത്താകുമാവിഷ്‌കരണമാം
തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞീടുകിൽ
സദ്‌വൃത്തിയേറ്റം മഹത്തായിമാറിടും
സ്വന്തമപരാധം ഏറ്റുചൊല്ലീടുകിൽ
ഏറ്റവും നന്നായി വ്യാഖ്യാനമേകുവാൻ
പറ്റുന്നയാളായിടും മറ്റേതൊരാളിന്റേം
നിശ്ശബ്ദതക്കു വ്യാഖ്യാനമേകീയതാം
പ്രസാദാത്മകത്വമെന്നു ചൊല്ലുന്നയാൾ
ഏറ്റവും ന്യൂനമായിട്ടു പ്രത്യുത്തരം
ഏകിൽ വിമർശകർക്കും കർക്കശക്കാർക്കും
ജീവിതം നമ്മുടേതാകും സമാധാന-
മേവുന്നതൊന്നെന്നതിൽ വേണ്ട സംശയം
ഏറ്റവും ബുദ്ധിമുട്ടുകൾ സഹിക്കേണ്ട
ചുറ്റുപാടൊക്കെയും താണ്ടിവന്നീടിലേ
ജീവിതത്തിന്റെയേറ്റം നല്ലയേടുകൾ
ഭാവികാലത്തെങ്കിലും കടക്കാനാകു
ഏറ്റവും ലോലമായുള്ളോരു കാര്യമാം
മുറ്റും വികാര പ്രകടനം ജീവിതേ
വേദനിപ്പിക്കാ വികാരം കാട്ടുവോരേ
വിസ്മരിച്ചീടാ നമുക്കാ ഗതിവരാം
ഏറ്റവും സന്തുഷ്ടിയുള്ളവർക്കു കിട്ടാ
എല്ലാറ്റിലേയുമേറ്റം നല്ലതൊക്കെയും.
ഉള്ളതിൽ നിന്നവർ നേടുന്നതാകട്ടെ
ഉത്തുംഗമായ സന്തുഷ്ടിതന്നായിടും.
ഏറ്റവും സൗന്ദര്യമുള്ളയാളായിട്ടു
മാറ്റും ദയാശീലം നിങ്ങളേ,യോർക്കുക
കാഴ്ചയിൽ എങ്ങനാകും നിങ്ങളെന്നതേ
കാര്യമാകായനുകമ്പതൻ ശക്തിയാൽ!
ഏവരുംകാണെക്കരയുന്നു ബാല്യത്തിൽ
യൗവ്വനേ ആരുമേകാണാതെ രോദനം
വാർദ്ധക്യമെത്തിടേ കരഞ്ഞാലുമാരും
പാർക്കാതിരിഞ്ഞൊന്നിതല്ലയോ ജീവിതം
ഏവർക്കുമിഷ്ടമാം നിങ്ങളോടെങ്കിലോ
എത്രയോ വിട്ടുവീഴ്ച നിങ്ങൾചെയ്തിടാം
എല്ലാവരോടും നിങ്ങൾക്കും പ്രിയമെന്നാൽ
എല്ലാ പിശകും നിങ്ങൾ ക്ഷമിച്ചെന്നതാം
ഒ
ഒന്നിച്ചുചേർന്നു നിൽക്കുന്നവസ്ഥ നമ്മേ
ബോധ്യമുള്ളോരാക്കിടും സ്നേഹമെന്തെ ന്നു
ഏകാന്തതേമതേപോൽ പഠിപ്പിച്ചിടും
എന്താണീ ജീവിതത്തിന്റെയർത്ഥമെന്നും
ഒന്നിന്നുമേയില്ല സ്ഥിരതയെന്നൊന്ന്
ഊന്നൽ കൊടുത്തിടാ ഒന്നിന്നുമതിനാൽ
എത്രയോ മോശമായുള്ളോരവസ്ഥയും
ഏറെനാൾ നീണ്ടിടാ മാറ്റമുണ്ടായിടും
ഒന്നുപോലാകാം സമുദ്രമെല്ലാവർക്കു-
മെന്നിരുന്നാലും ചിലർക്കു മുത്തുകളും,
മൽസ്യം ചിലർക്കും ലഭിക്കവേയന്യർക്കു
കാൽനനക്കാൻമാത്രമാം ദൈവയോഗം
ഒന്നുപോലല്ലാ വിരലോരോന്നുമെന്നാ_
ലൊന്നുപോലായിമാറുന്നതായ്കണ്ടിടാം
അപ്രകാരം അനായാസമാം ജീവിതം
അല്പസ്വൽപ്പം ക്രമീകരണം നടത്തി
ഒന്നും തനിക്കില്ലയെന്നു ചിന്തിക്കൊലാ
എന്നുമെല്ലാമുള്ളതായും കരുതേണ്ടാ
ചിന്തയാകാം തനിക്കെന്തേലുമുണ്ടെന്നു-
മെന്തുമേ കൈവരിച്ചീടുവാനാമെന്നും.
ഒന്നും സ്ഥിരമായിട്ടില്ലയീ ഭൂമിയി-
ലെന്നുള്ള സത്യം അറിഞ്ഞിടേ നമ്മളും
നേടീടവേണം ക്ഷമാശീലവും മാപ്പു
നൽകുവാൻ സജ്ജമായോരു സന്മനസ്സും.
ഒറ്റക്ഷണത്തിലീ ജീവിതത്തിൽ വരാ
മാറ്റമൊന്നുമെന്നാലൊറ്റക്ഷണത്തിലെ-
ടുക്കുന്നയേതോരു നിശ്ചയത്തിന്നുമാ-
മൊക്കെമാറ്റാനും മറിക്കാനും ജീവിതേ
ഓ
ഓജസ്വിയാമൊരാൾക്കായിടും മാറ്റുവാൻ
ഓരോ തിരിച്ചടീം തിരിച്ചെ/ത്തലായിട്ട്
ഓർമ്മകേടോ പഠിപ്പായും ഭയത്തിന്നെ
ധർമ്മമായും മാപ്പു തീരുമാനമായും
ഓരോകറുത്ത മേഘത്തിന്നുമോരത്തു
ഓരോവെളുത്ത രേഖയ്ക്കുമുണ്ടാമിടം!
കാത്തുസൂക്ഷിച്ചീടതിന്നാലെയാശകൾ
ഒത്തുവന്നെങ്കിലോ സന്ദർഭമേറെയായ്.
ഓരോ ദിവസ്സവും വേറിട്ട സംഭവ്യ
കാര്യങ്ങളുള്ളതാമീ ജീവിതപ്പാത.
കാലത്തിനെ നിങ്ങളാദരിച്ചീടുകിൽ
കാര്യമായ് കാലവും ആശ്വാസമേകിടും.
ഓരോപെരുത്ത സംഘർഷവും നാമൊക്കെ
ആരായിമാറിയെന്നോർക്കുവാനുള്ളതാം
ക്രൂരമായ്തോന്നുമാ നാളുകൾ മാറ്റിടാം
ആരെയും ദൃഢഗാത്രരായിട്ട് നിശ്ചയം.
ഓർമ്മകൾ ഉള്ളോളമിന്നലേകളെന്നും തീർച്ചയായിട്ടുമുണ്ടായീടുമെന്നപോൽ
കാത്തിരുന്നീടുകിൽ നാളെകൾ വന്നിടും
പ്രത്യാശ കാട്ടുകിൽ ഇന്നുകൾ സുന്ദരം.
ഔ
ഔചിത്യമോടെ, സന്ദർഭോചിതമായി
വാചാലനാകാൻ, പ്രതിപ്രവര്‍ത്തിക്കുവാൻ,
മാപ്പു ചോദിക്കാനുമാഞ്ഞു കുതിക്കാനു-
മാകുന്നവർ ജീവിതത്തിൽ വിജയിക്കും
അം
അംഗീകരിക്കേണ്ട ജീവിതത്തെപ്പറ്റി
അന്യർതരുന്നോരു വ്യാഖാനമൊന്നുമേ
നമ്മുടേതാം ജീവിതം നിർവ്വചിക്കുവാൻ
നാംതന്നെയല്ലയോ ബാധ്യസ്ഥരാകുന്നു
ക
കണ്ണിനും കൈക്കുമുണ്ടെത്രയോ യോജിപ്പ്!
കണ്ണുനീർ തൂവിയെന്നാൽ കയ്യു തൂത്തിടും
കണ്ണോ കരഞ്ഞിടും കയ്യൊന്നു ഛേദിക്കെ,
കണ്ണും കരവും ചേർന്നെന്തൊക്കെ ചെയ്തിടാ
കണ്ണിൽ നിഴലിക്കും ഭാവഭേദങ്ങളെ-
ക്കണ്ടുവായിക്കുവാനാർക്കുമേയായിടും
ഹൃത്തിലുണ്ടാകും വിഷാദം പഠിക്കുവാൻ
അത്രവേഗമാർക്കും സാധ്യമായ് വന്നിടാ
കണ്ണുകൊണ്ടല്ലാതെ സ്വന്തം മനസ്സാലീ
മണ്ണിലെക്കാഴ്ചകൾ ആകമാനം ഒന്നു
കണ്ടുനോക്കീടിലപ്പോൾ ബോദ്ധ്യമായിടും
കണ്ടതിൽ ഭംഗിയില്ലാത്തതില്ലൊന്നുമേ
കണ്ണുനീരിന്നേറെ മൂല്യമുണ്ടാം, വാക്കു-
കൾക്കുമേറ്റം ശക്തിയുണ്ടാമതേപോലെ
സ്നേഹംനിറഞ്ഞോരു ഹൃത്തെത്രസുന്ദരം
സ്നേഹിതർക്കൊപ്പമാമുൽകൃഷ്ട ജീവിതം.
കണ്ടകാര്യങ്ങൾ തെറ്റാണെന്നു തോന്നുകിൽ
ദൂരത്തു നിന്നിടൂ, നേരാംവഴി പോകൂ
ദൂരത്തിരുന്നിട്ടടുത്തോരെയോർക്കുകിൽ
നേരായ സ്നേഹമെന്താണെന്നറിഞ്ഞിടും
കണ്ടിടും നാം ജീവിതത്തിൽ അനേകമുൽ
കൃഷ്ടരായുള്ളോരെയും നല്ലവരേയും
എങ്കിലും ഈ രണ്ടു നന്മകൾ ഒന്നിച്ചു
എത്രപേരിൽ കാണുവാനായ്കഴിഞ്ഞിടും?
കണ്ടുമുട്ടീടുന്ന ഏതോരു വ്യക്തിക്കും
ഉണ്ടായിടാം നിങ്ങൾക്കില്ലാത്ത വിജ്ഞാനം
വേണ്ടിടും വിജ്ഞാനമൊക്കെയാരും തന്നെ
കണ്ടുപഠിച്ചു സ്വായത്തമാക്കീടണം
കത്തിച്ചുവെന്നാലൊരു ദീപം മറ്റു ദീ-
പത്തിൽ നിന്നുമെന്നാലും നഷ്ടമായിടാ
ആദ്യദീപത്തിൻ വെളിച്ചമൊരിക്കലു-
മെന്നപോലായിടും സ്നേഹം പകരുകിൽ
കയ്യിലൊന്നുമില്ലേലെപ്രകാരമാകും
കാര്യങ്ങളൊക്കെനാം നിർവ്വഹിക്കെന്ന
തും
കയ്യിലെല്ലാമുള്ള നേരത്തു ചെയ് വതും
തീരുമാനിച്ചിടും ജീവിതത്തിൻ ജയം
കയ്യുകൾ നമ്മുടേതെത്രയേറെത്തിര-
ക്കുള്ളതാകട്ടേയനുഗ്രഹം കൈവരി-
ക്കുന്നതിൽ, കാരണം വിദ്വേഷം സ്വീകരി-
ക്കാനായ് സമയം കിട്ടാതേയിരിക്കട്ടെ
കേഴുന്നതിന്നായി നിങ്ങൾക്കു ജീവിതം
കാരണങ്ങൾ നൂറു തന്നിടുന്നെന്നാകിൽ
കാരണങ്ങൾ ചിരിക്കാനായിരമുണ്ടെന്ന്
കാണിച്ചു നൽകീടണം ജീവിതത്തിന്നും
കല്പിച്ചിടായതിർരേഖയൊരിക്കലും
കെൽപ്പില്ലയെന്നും പറഞ്ഞുകൊണ്ടാരുമേ
ജീവിക്കയല്ലയോ നാമിന്നതിരൊന്നു-
മാവശ്യമില്ലാത്തതായൊരീ ലോകത്തു
കല്ലെടുപ്പിക്കവേ തുമ്പിതൻ വാലഗ്രം
തെല്ലുമുറിഞ്ഞിടത്തൊരു പുൽത്തുരുമ്പു
കേറ്റീട്ടു പറപ്പിച്ചിടും കുട്ടിയേപോൽ
കൊല്ലാതെകൊല്ലുന്നനേകം മാന്യന്മാർ
കർമ്മം ഒഴിവാക്കീടുന്നവർ ഓർത്തിടാ
വർജ്ജിക്കയാണവർ നേട്ടങ്ങ,ളോർക്കാതെ
ആർജ്ജിച്ച സൗകര്യമെത്രയും വേഗേന
അർത്ഥവത്തായ് പ്രയോഗിപ്പവൻ ബുദ്ധിമാൻ
കർഷകൻ ആകട്ടെ രാജനാകട്ടെ സ-
ന്തോഷവാനായിടും സ്വന്തം തറവാട്ടിൽ
ശാന്തിയുണ്ടെന്നാകി,ലപ്രകാരമേറെ
ശാന്തിയോലും കുടുംബം സ്വർഗ്ഗമായിടും
കാണിക്കുക വേണം ചിലപ്പോഴെങ്കിലും
കൃത്രിമമല്ലാത്ത നന്ദിയും സ്നേഹവു-
മെത്ര നിസ്സാരകാര്യത്തിലും, കാരണം
ശാന്തിയുണ്ടായിടും ജീവിതത്തിൽതന്നെ.
കാന്തതുല്യമല്ലോ പ്രസാദാത്മകത്വം
സന്തോഷമുണ്ടാക്കുവാനായുതകിടും.
സംശയാതീതമായിട്ടുറച്ചുനിൽക്കിൽ
സംശയിക്കേണ്ടെത്തിടും സ്നേഹശാലികൾ
കാലത്തിനോരോന്നിനുമോരോ കാരണം
കാണുമത്രേയതേപോലെതന്നെയോരോ
പ്രശ്നത്തിനുമുണ്ടാമർത്ഥവത്താമോരു
ആശയം നാമതുൾക്കൊള്ളണം വേണ്ടപോൽ
കാട്ടിടൂ സന്മനസ്സ് മാപ്പു നൽകീടുവാൻ
കാട്ടൊലാ ഏറെവി,ശ്വാസമതില്പിന്നെ
നിങ്ങൾക്കറിവുള്ളയാരുടേമുള്ളിലും
നിങ്ങൾക്കറിവില്ലാതുള്ളൊരാൾകൂടുണ്ടാം
കാണവേ മറ്റൊരാൾ കാട്ടിടും തെറ്റുകൾ
കണ്ണടച്ചീടവേണ്ടീടും പലപ്പൊഴും
സ്വന്തം സമാധാനമെന്നതിന്നപ്പുറം
സ്വത്വത്തെയംഗീകരിക്കെന്നതുമാകാം.
കാണവേ മിണ്ടുവാൻ താൽപ്പര്യമുള്ളോരും
കാണാതിരിക്കവേയെങ്ങാണു നാമെന്നു
ആരായുവാനായി വെമ്പുന്നവരുമാം
നേരുള്ളതോഴർ ,അവരേയോർക്കേണ്ടിടും
കാണ്മവർക്കേറ്റവും ഭാരമായ്തോന്നുന്ന,
കയ്യിലാക്കിയെന്നാൽ ഭാരമില്ലാത്തതാം,
ഭീമമായ പഞ്ഞിക്കെട്ടിൻ സമാനമാം
ബുദ്ധിമുട്ടാകും കടമ്പതൻ കെട്ടുകൾ
കാത്തിരിക്കാനുള്ള ധൈര്യത്തെ സർവ്വംസ-
ഹത്വമായിക്കണക്കാക്കേണ്ടതേയില്ല
കാത്തിരുന്നിടേ കാട്ടീടുമാ മനോഭാ-
വത്തെ സർവ്വംസഹത്വമായ് കണ്ടിടൂ
കാത്തിരിക്കാൻ വിധിക്കപ്പെട്ട ഏതോരു
കർത്തവ്യവും തിരിച്ചെത്തിടും പുത്തനാം
ആറേഴു ധാർമ്മിക കർത്തവ്യവുമായി-
ട്ടേറെക്കടുക്കുമൂരാക്കുടുക്കിനൊപ്പം
കാത്തിരിക്കെ നാം നേരമോടും മെല്ലവേ
ഭീതിയുണ്ടാകിലോ നേരമോടും വേഗം
കമ്മിയാകും നേരമാചരിപ്പോർക്കൊ ക്കെ
പ്രേമികൾക്കാകട്ടെ നേരം നിതാന്തമാം
കാത്തിരിക്കേണ്ടതേയില്ല ചെയ്യാൻ നല്ല
കാര്യം വിശിഷ്ടമാം സാഹചര്യത്തിനായ്
നല്ലപ്രവര്‍ത്തനം കാഴ്ചവയ്ക്കാനായി
തെല്ലുസാമാന്യമായീടും സ്ഥിതി പോരും
കാത്തിരിപ്പിന്നായിമാറ്റിടാ ജീവിതം.
കാലത്തിനാവില്ലുറക്കം നടിക്കുവാൻ
മിന്നുന്നയോർമ്മകൾ കാത്തുസൂക്ഷിച്ചിടൂ
മായ്ക്കൂ മുഖം ചുളുപ്പിക്കുന്നവയൊക്കെ
കാത്തിരുന്നീടൊലാ മറ്റുള്ളവർക്കായി
സ്വന്തം തടസ്സങ്ങളെക്കീഴടക്കുവാൻ
കൂടെത്തടസ്സം കടക്കാൻ മനസ്സുള്ള
കൂട്ടരേയും ക്കൂട്ടി മുന്നോട്ടു പോയിടൂ
കാത്തുസൂക്ഷിച്ചിടൂ പ്രത്യാശയൊക്കെയും,
ബന്ധുത്വവും, സ്നേഹബന്ധങ്ങളൊക്കെയും
ഉണ്ടാക്കുകില്ലവ സ്വയമേയാരവം
ഉണ്ടാക്ക മൗനം സ്വയമേയുടഞ്ഞിടിൽ
കാപട്യമില്ലാതെയാകണം ജീവിക്ക,
കോപിച്ചിടാതെ പ്രിയം കാട്ടുകവേണം
ശ്രദ്ധിച്ചിടവേണം ന്യായീകരിക്കാതെ
സംവദിക്കൂ മനം വേദനിപ്പിക്കാതെ
കാരണം ഉണ്ടായിടാം സംഭവങ്ങൾക്കു
കാരണത്താലേറെ മാറ്റങ്ങളുമുണ്ടാം
മാറ്റമുണ്ടാക്കിടാം ദോഷവും നഷ്ടവും
മാറ്റങ്ങളെങ്കിലും സ്വീകാര്യമെന്നുമേ.
കാരുണ്യം തേടവേ കാട്ടും വിശ്വാസ്യത
കാട്ടണമതുപോലെ,യനുകമ്പ നേടവേ
മറ്റുള്ളവർക്കും പ്രയോജനപ്രദമായ്-
മാറണം നമ്മൾ നയിക്കുമീ ജീവിതം
കാരുണ്യമോടെനാമോതും പദങ്ങളും
ഓരോപ്രവൃത്തിയും ഹൃദ്യമാം ഹാസവും
നമ്മുടെ ഹൃത്തിന്റെയുമാത്മാവിന്റെയും
നന്മയും ഒപ്പം പ്രതിച്ഛായയുമല്ലോ
കാരുണ്യവാനാകുവാനായുപയോഗി-
ക്കേണമാരും തന്റെ ശബ്ദത്തെ വേണ്ടപോൽ
സത്യത്തിനായ്‌മനസ്സിന്നെയും ഹൃത്തിന്നെ
സ്നേഹത്തിനായും ഉപയോഗിച്ചീടണം.
കാര്യങ്ങളനായാസമാണെന്നിരിക്കിൽ
കാര്യമായ് നമ്മൾ വളർച്ച പ്രാപിച്ചിടാ
നേരിടേ ബുദ്ധിമുട്ടേറുന്ന ജോലികൾ
കാര്യമായുള്ള വളർച്ചയുണ്ടായിടും
കാര്യങ്ങളെപ്പലപ്പോഴും തിരസ്‌ക്കരി-
ക്കാൻ പഠിക്കുന്നതെത്രയോനല്ലകാര്യം.
ഉള്ളിൽ സമാധാനമുണ്ടെന്ന ബോധത്തെ
ഉണ്ടാക്കുവാനായതു സാദ്ധ്യമാക്കിടും
കാര്യങ്ങളോരോന്നു ചെയ്യുവാനായിട്ടു
തീരുമാനിപ്പതിൻ മുൻപുറപ്പാക്കണം
സന്തോഷമേകുന്ന കാര്യമെന്നും മന-
സ്സിന്നതേകില്ലൊട്ടുമേ വേദനയെന്നും
കാര്യമാക്കീടേണ്ട തെറ്റുകൾ വന്നാലും
കാര്യമായ് മുന്നോട്ടുപോയില്ലയെന്നാലും
കാരണം ഇപ്പോഴുമെത്രയോയാളുകൾ
ആരംഭരേഖയിൽ നട്ടംതിരിയുന്നു!
കാര്യമാക്കേണ്ടതേയില്ലെന്തുതന്നെയാ-
കട്ടേയിതേവരേയും തൻ ചരിതത്തിൽ.
ബാക്കിയുള്ള താളിൽ നിങ്ങളെന്തായിടും
രേഖപ്പെടുത്തെന്നതാം സാരമാക്കേണ്ടു
കാര്യസിദ്ധിക്കായിമാത്രം ശ്രമിക്കാതെ
ആരുമേയാദരിക്കും വ്യക്തിയായ്മാറു.
മൂല്യമേറീടുന്ന സ്വത്തിന്നു തുല്യമാം
മാന്യർതൻഹൃത്തിൽ നേടീടുന്നയാസ്പദം
കാര്യസിദ്ധിയുണ്ടാകില്ല യദൃച്ഛയാ,
സംരംഭവും സ്ഥിരോത്സാഹവും വിദ്യയും
പാണ്ഡിത്യവും യജ്ഞവും,ചെയ്യുവാനുള്ള
ഇഷ്ടവും ചേരിലേ സാധ്യമാകൂ ജയം.
കാര്യസിദ്ധിയുള്ള ജീവിതത്തിനേറെ-
ത്തിരക്കുണ്ടാമെന്നിരിക്കേ, വെറുമേകാ-
കിത്വമാകട്ടെ ഒന്നുമേ ചെയ്യുവാനി- ല്ലാത്തോരവസ്ഥയിലെത്തിക്കുമാരെയും
കാലത്തിനേയാകു മനുഷ്യന്റെ നേരാം
മൂല്യമെന്തെന്നതെ സ്ഥാപിക്കുവാനായി.
കാലം കഴിയേ നേരല്ലാത്തവർ മാഞ്ഞും
അല്ലാതുള്ളവർ തെളിഞ്ഞും മുന്നേറിടും
കാലത്തിനൊപ്പം ഗമിക്കുന്നതാം നന്ന്
മാലോകരെല്ലാമൊരുപോലെയാവില്ല,
സാധ്യമാകേയൊഴുക്കിന്നെതിരെ നീന്താൻ
സാധ്യമോ കാലത്തിനെതിരേ ഗമിക്കാൻ?
കാലത്തിനോരോന്നിനുമോരോ കാരണം
കാണുമത്രേ,യതേപോലെതന്നെയോരോ
പ്രശ്നത്തിനുമുണ്ടാമർത്ഥവത്താമോരു
ആശയം നാമതുൾക്കൊള്ളണം വേണ്ടപോൽ
കാലത്തെയും നെഞ്ചിടിപ്പിനേയും ദൈവ-
കല്പിതത്തേയും തഥാ ജീവിതത്തെയും
ആകാപിടിച്ചുനിർത്തീടാൻ നമുക്കെന്നാ-
ലാകും ബന്ധങ്ങൾ നിലനിർത്തീടാനായ്
കാലം ഒഴുകിപ്പോകും ജലത്തിൻസമം
കാണുവാനോ തൊടാനോ ആയിടാ നിർഗ്ഗ-
മിച്ചുപോയോരാ ജലത്തേയൊരിക്കലും
മേലിലാവെള്ളം ഒഴുകീടില്ലീ മാർഗ്ഗെ
കാലം മനുഷ്യന്റെ കോലത്തെ മാറ്റുവാൻ
കാരണമാണെന്ന കാര്യം ശരിയാകാ.
കേവലം മർത്യന്റെയകൃത്രിമമാം മു-
ഖത്തിനെ പ്രത്യക്ഷമാക്കിത്തരുന്നതാം
കാലവും ദേഹവുമാസ്തിയും ത്രാണിയും
കൂട്ടായിയെപ്പൊഴും വർത്തിക്കയില്ലഹോ!
ഉത്തമ വ്യക്തിത്വവും ഗ്രാഹ്യശക്തിയും
ആത്മീയ മാർഗ്ഗവും യോജിച്ചുപോയിടും
കാലാവധിയെത്തിട്ടപ്പെടുത്താത്ത തൽ-
ക്കാല സന്ദർശകച്ചീട്ടുതാൻ ജീവിതം
ആകാ പുതുക്കുവാനും യാത്ര ചെയ്യാനു-
മാസ്വദിക്കാനുമാ ചീട്ടുള്ള നാൾവരേം
കാറ്റടിക്കെക്കൊച്ചു ദീപമണഞ്ഞുപോം
കാട്ടുതീയാട്ടെയാളിക്കത്തിടും തീർച്ച
നമ്മളും കാട്ടുതീയെപ്പോലെയാവണം
നേരിടേണം ഏതു സാഹചര്യത്തെയും
കാറ്റിന്റെ ശല്യം ഒഴിഞ്ഞുപോകാനായി
കാത്തിരിക്കുന്നതായ് മാറിടാ ജീവിതം
പെയ്തിറങ്ങും മഴച്ചാറ്റിലായ് നർത്തനം
ചെയ്തു ശീലിച്ചീടിലെത്രയോ കാമ്യമാം.
കീഴടക്കൂ ക്ഷിപ്രകോപിയെ സ്നേഹമേ-
കീട്ടും പിശുക്കനേയൗദാര്യമോടെയും.
ദൈവത്തെ കീഴടക്കീടണം ധ്യാനിച്ചു-മേവമുൽകൃഷ്ഠമാകും ചെയ്തികളാലും
കുഞ്ഞായിരിക്കവേ മന്ദഹസ്സിച്ചിടും
കാര്യമൊന്നുമില്ലാതെതന്നെല്ലാവരും
പ്രായമാകേയേതുകാര്യം മറയ്ക്കാനു- മായാസമോടെ നാം പുഞ്ചിരിച്ചീടുന്നു
കുറ്റപ്പെടുത്തുവാൻ, ഒറ്റപ്പെടുത്തുവാൻ
മറ്റുള്ളവർക്കായിടുന്നു നിസ്സാരമായ്
ഒത്തുചേർത്തങ്ങുനിർത്തീടുവാനായിട്ടു
ഒട്ടു ബൃഹത്താം മനസ്സുകൾക്കേയാകു
കുറ്റമറ്റതായിട്ടുണ്ടായിരിക്കില്ല
ഒറ്റക്കുടുംബവും ഈഭൂവിലെങ്ങുമേ
തർക്കവും മിണ്ടാട്ടമില്ലായ്കയും തല്ലു-
മൊക്കെമാറും സ്നേഹമായിട്ടവസാനം
കുറ്റമറ്റോരവസ്ഥയുണ്ടാകാനായ്
കാത്തിരിക്കേണ്ടാ തുടക്കംകുറിക്കുവാൻ
നന്നായ് തുടക്കം കുറിച്ചുവെന്നാകിലും
ദോഷമറ്റോരവസ്ഥ പ്രതീക്ഷിച്ചിടാ
കൂടുതൽ കാണ്മതും ഏറെവേദനിപ്പി- ക്കുന്നതുമഭ്യസിക്കുന്നതും ഒന്നുപോൽ
വിദ്യനേടീടുവാനായിട്ടു പോരുന്ന
വ്യത്യസ്തമായുള്ള മാർഗ്ഗങ്ങളല്ലയോ
കൂട്ടരോടൊത്തു താൻ നിൽക്കുമെന്നുമെ ന്ന
കാരണത്താൽ പ്രതീക്ഷിക്കൊലായേവ രും
തന്റേയുമൊപ്പമുണ്ടാമെന്നു, കാരണം,
താൽപ്പര്യമേവർക്കുമൊന്നുപോലായിടാ
കൂട്ടുകാർ പ്രായമേറേ വിട്ടുപോയിടാ,
ഇഷ്ടമേറെയുള്ളോരാരെന്നുമറിയാം
മോശം സമയത്തേ നല്ലതാക്കിയവർ
മാറ്റിടും മറക്കാനായിടാത്ത വിധം
കൂട്ടുകെട്ടിൽനിന്നുമേറെപ്പഠിപ്പതിൽ
കൊള്ളാത്തതും നല്ലതും തഥാ വേദനി-
പ്പിക്കുന്നതുമാനന്ദിപ്പിക്കതും കാണും
എങ്കിലുമെല്ലാമമൂല്യമായുള്ളതാം
കൂപത്തിന്നാഴത്തിലേക്കരഞ്ഞാണവും,
കെട്ടിടത്തിന്നുച്ചിയിലേക്കായേണിയും,
യാനത്തിലാം വ്യോമ-യാഴി-ഭൂമീ യാത്ര
യാനം വിനാ നരക സ്വർഗ്ഗ യാത്രയും
കൂരിരുട്ടെന്നതിന്നർത്ഥമായീടും പ്ര-
കാശമൊട്ടുമില്ലാത്തോരവസ്ഥാന്തരം
പ്രശ്നങ്ങളും ഉത്തരം തേടുവാനുള്ള
ആശയം കിട്ടാത്തവസ്ഥതന്നായിടും.
കൃത്യമായിട്ടു നമ്മൾ ധരിച്ചീടുന്ന-
തെത്രയും തുച്ഛമായിട്ടറിഞ്ഞീടവേ.
കാര്യബോധം ഏറവേ സംശയങ്ങളും
കാര്യമായ് ഏറിടും എന്നതാം വാസ്തവം
കൃത്യമാം നേരമെത്തേ ചിട്ടയില്ലാതെ
പന്തൊന്നുതട്ടിയാലും ലക്ഷ്യമെത്തിടാം
എങ്കിലും ലക്ഷ്യം സ്വയംകാണ്മതായിടും
ഏറ്റവും മാധുര്യമുള്ളതാകും ജയം.
ക്രോധം ക്ഷണനേരത്തേക്കു കാട്ടീടുന്ന-
ചേതോവികാരമാകാം, നിയന്ത്രിച്ചിടൂ.
നിങ്ങൾനിയന്ത്രിക്കയില്ലയെന്നാൽ സ്വയം
നിങ്ങളേയാകും നിയന്ത്രിക്കുക,ക്രോധം.
കേട്ടീടവേണം ക്ഷമകാട്ടും കാതോടെ
കാരുണ്യമോലുന്ന കണ്ണാലെ കാണണം
സ്നേഹംവഴിഞ്ഞിടും വാക്കാലെ ചൊല്ലണം
മോഹം നിയന്ത്രിച്ചു ജീവിക്കുക വേണം
കേമത്തം തദ്ദേശമാകാം ചിലർക്കൊക്കെ
കാര്യം അവർതൻ കൂട്ടുകാരൽപ്പരാം!
അന്യാദൃശമാകും ഏകാഗ്രതയോടേ
ആന്യർക്കു കുറ്റമുണ്ടോയെന്നു നോക്കിടും!
കേവലം പണം മാത്രമാകാ സമൃദ്ധി-
ക്കുള്ളോരു മാനദണ്ഡം മറിച്ചു ശീല-
ങ്ങളും ഏറെ മൂല്യങ്ങളും തഥാ ചട്ട-
ങ്ങളൊക്കെവിധിക്കും സമൃദ്ധിയെപ്പറ്റി
ക്ലേശമുണ്ടായിടേ ആത്മാർഥത കാട്ടൂ
ഐശ്വര്യമുണ്ടാകെ നാട്യം വെടിഞ്ഞിടൂ
ആധിപത്യം കിട്ടെ മര്യാദ കാട്ടിടൂ
ക്രോധമുണ്ടായിടേ മൗനിയായ് മാറിടൂ.
കൈമാറുവാനും പകർന്നീടുവാനുമാ- കാത്തകാര്യമാകും ഭാഗ്യം അതിന്നാലെ
കീഴടങ്ങീടണം വാസ്തവസ്ഥിതിയോട്
കിട്ടില്ല പ്രശ്നങ്ങളേതിനും ഉത്തരം
കൈവരിക്കും ചിലപ്പോൾ ജയം മാനുകൾ
ജീവരക്ഷക്കുമാഹാരത്തിനും വേണ്ടി
മത്സരിച്ചോടവേ, സിംഹത്തിനുമേലേ,
താത്‌പര്യമാകുമാവശ്യമല്ല മുഖ്യം
കൈവരിച്ചെന്നു വന്നീടാം വിജയങ്ങൾ
ദൈവയോഗം കാരണം നിങ്ങ,ളെങ്കിലും
കൈകൊട്ടിയുള്ളയാഹ്ലാദങ്ങളുമംഗീ-
കാരങ്ങളും രാഷ്ട്രസേവകർ നേടിടും.
കൈവിടാ ധൈര്യത്തെ തോറ്റുവെന്നാകിലും,
കൈവരിക്കൂ ശാന്തത നേട്ടമുണ്ടാകെ
മാറ്റിൽ മുഖഭാവം, സംഭവിക്കില്ലൊന്നും
മാറ്റത്തെ നേരിടിൽ ഏറെ മാറ്റം വരാം
കൈവിടാം വസ്തുവിന്നെച്ചിലർക്കായിട്ടു
കൈവിടാ ഇഷ്ടമുള്ളോരെച്ചിലതിന്നായ്
തന്നിടും വീണ്ടുമെന്തിന്നെയും ജീവിതം,
തന്നിടാ ആളിന്നെയെന്നതാം കാരണം
കൊണ്ടുപോകില്ല സമ്പാദിച്ചവയൊന്നും
കൂടൊന്നുമേ കൊണ്ടുവന്നിട്ടുമില്ലഹോ!
എന്നായിടും യാത്രയാകുന്നതെന്നതും
എങ്ങോട്ടുപോയീടുമെന്നും അറിഞ്ഞിടാ
കോകിലം ആലപിക്കേ തന്റെ ഭാഷയിൽ,
കാട്ടിലും നാട്ടിലും പാടിപ്പറക്കുന്നു.
കേൾക്കുന്നതേറ്റുചൊല്ലീടുന്നു തത്തകൾ
കൂട്ടിൽ അടക്കപ്പെടുന്നതിന്നാൽത്തന്നെ
കോട്ടകൾ ചാടിക്കടക്കുന്ന ചിന്തകൾ
കാരണം ഉണ്ടായിടാമസന്തുഷ്ടികൾ
എപ്പോഴുമെന്തിലേലും വ്യാപൃതരാകൂ
എന്നാൽ ഒഴിവാക്കൂ വ്യർത്ഥമായുള്ളവ
കോപത്തിലേക്കാനയിക്കും കലഹങ്ങൾ
താപത്തെയുണ്ടാക്കിടും വിചാരങ്ങളും
ധന്യമായ്മാറ്റിടാമീജീവിതമെന്നാൽ
ധൈര്യമോടെന്തിനേയും ഉപേക്ഷിക്കുകിൽ
കോപം പ്രകടിപ്പിക്കുന്നയാൾ തൻറെ വൈ-
കല്യമാകും പ്രദർശിപ്പിക്കയെന്നതാം
മൗനമാട്ടേ ബുദ്ധിയും മന്ദഹാസം ക്ഷ-
മാശീലവുമാകും വ്യക്തമാക്കീടുക
ഖ
ഖേദമുണ്ടാക്കുന്ന കാര്യം മറക്കൂ സു-ഖിക്കാനുതകീടും മാത്രകൾ ഓർത്തിടൂ
ഓർമ്മിച്ചിടാ പോയ്മറഞ്ഞ കഷ്ടകാലം
ഒത്തുവന്നീടുന്നനുഗ്രഹം നേടിടൂ
ഖേദിച്ചിടാ പോയകാര്യങ്ങളെച്ചൊല്ലി
വേദനിച്ചെങ്കിൽ പരിജ്ഞാനമായിട്ടും
കിട്ടിൽ ഗുണം ആശ്ചര്യമായിട്ടും കണ-ക്കാക്കിയെന്നുംതന്നെ ജീവിക്കവേണ്ടിടും
82
ഗ
ഗ്രന്ഥകര്‍ത്താവാകു തൻജീവിതത്തിന്റെ,
സ്വന്തം മനസ്സിന്റെ വായനക്കാരനും.
തന്നേക്കുറിച്ചേറെ പഠിക്കാനായിടിൽ
അന്യന്റെ സാക്ഷിപത്രം വേണ്ടതില്ലഹോ
ഗ്രാഹ്യമാകേണമെന്നില്ല മദ്ധ്യസ്ഥന്നു,
ഗ്രാഹ്യമാകുന്നോർ വിധിക്കില്ലയൊട്ടുമേ
ഒന്നും ഗ്രഹിക്കാത്തവരെന്തറിഞ്ഞിടും?
ഒന്നോടെയെല്ലാം ഗ്രഹിപ്പവർ ശ്രേഷ്ഠരാം
ഗ്രാഹ്യമില്ലാത്ത കാര്യം പഠിക്കാനായി
ഗ്രാഹ്യമുള്ളോരേ സമീപിക്കുകയെന്നാൽ
വിശ്വസിച്ചീടാമതുസൂചിപ്പിച്ചിടും
വിജ്ഞാനവും ബുദ്ധിയും വളർന്നീടുന്നു
ഗ്രാഹ്യമുണ്ടാക്കുവാനുള്ളോരു സൂത്രമാം
ഗൗനിക്കവേണ്ടാത്തതെന്തെന്നു ബോധി ക്ക.
മേന്മയെന്നാൽ മെല്ലെമെല്ലേയൊരു കാര്യം
മെച്ചപ്പെടുത്താൻ ശ്രമിക്കെന്നതുമാകും
ച
ചന്തമുള്ളാനനത്തിനൊപ്പം ഗാത്രവും
ചുക്കിച്ചുളിഞ്ഞുപോയീടും വയസ്സാകെ
സൗന്ദര്യമുള്ളൊരാത്മാവിന്റെയാനനം
ചന്തം തികഞ്ഞുതന്നെന്നുമുണ്ടായിടും!
ചർച്ചചെയ്‌തീടു യോജിച്ചിടാതാകുകിൽ
ചോദിച്ചറിഞ്ഞിടൂ കാര്യങ്ങളെന്തെന്നു
ഇഷ്ടമായില്ലയെന്നാൽ സൗമ്യമായ് ചൊല്ലു
ഇഷ്ടമാകുംവിധം തീരുമാനിച്ചിടൂ
ചാരുതയുള്ളോരു വസ്ത്രത്തിനായിടും
ഏതൊരാളിന്റെയും സ്വത്വത്തെ മാറ്റുവാൻ
ചന്തമേറും സ്വഭാവത്തിനാണേൽ ജീവി-
തത്തിനെത്തന്നെ മാറ്റീടുവാനായിടും
ചായയിൽമുക്കിയോരു ബിസ്ക്കറ്റിനെപ്പോ-
ലായിടാമേതു സന്ദർഭവും നിശ്ചയം
താമസം നേരിടുന്നെങ്കിലോ, ഓർക്കണം
തീർത്തുമാസാദ്ധ്യത കൈവിട്ടുപോയിടാം
ചാർച്ചകൾക്കാവശ്യമില്ല വശ്യ ശബ്ദം,
ചന്തമുള്ളാനനത്തിന്റെയാവശ്യവും.
വേണം വിടവുണ്ടാകാത്ത വിശ്വാസവും
വാരുറ്റ, നൈർമല്യമുള്ളോരു മനസ്സും
ചിത്തത്തെ നയിക്കുന്നതിന്നായി മുന്നോട്ട്
പ്രാപ്തിയുള്ള കാര്യം രണ്ടുണ്ടറിഞ്ഞിടൂ
നല്ലതിന്നായുള്ള താൽപ്പര്യമാണൊന്നു
തിന്മയെപ്പറ്റിയുള്ളാശങ്കയാം രണ്ട്
ചിന്തകൾക്കാം വികാരത്തെ ബാധിക്കുവാൻ
ബാധിച്ചിടും നിർണ്ണയത്തേ വികാരവും
തീരുമാനം ജീവിതത്തെയും ബാധിക്കാം
ഓരോ കടമ്പയും സൂക്ഷിച്ചു നീങ്ങിടൂ
ചിന്തകൾതൻ ഗതാഗതത്തിൻ നിരത്താം
അന്തഃകരണമെന്നു ബോധ്യമാകുകിൽ
എത്രയും ചിന്തിച്ചാരാഞ്ഞെടുക്ക വേണ്ടും
യാത്രാവഴിയേതാകും കേമമെന്നതേ
ചിന്തകൾ താഴിട്ടു പൂട്ടുവാനാകുമോ?
ചന്ദ്രനെത്താഴേക്കിറക്കുവാനൊക്കുമോ?
സ്വന്തം മനസ്സിന്നടക്കമില്ലയെങ്കിൽ
എന്തിനായ് ചിന്തിക്കതന്യനെപ്പൂട്ടുവാൻ
ചിന്തതൻ മണ്ഡലം നോക്കുകണ്ണാടിപോ-
ലെന്തും തരംപോലുൾക്കൊള്ളുവാനായുള്ള
ആശ്രിതത്വം കാട്ടുന്നതിന്നാലതിന്നേ
ആവതും വൈപുല്യ ദൃശ്യത്തിനൊരുക്കൂ
ചിന്തതൻ സ്വാതന്ത്ര്യവും ശബ്ദശക്തിയും
ആത്മാഭിമാനവും ഹൃദയോന്മേഷവും
ചേർത്തുനമുക്കുനയിച്ചിടാം നമ്മളെ
ആർക്കുമാവാ നമ്മളെപ്പിന്നിലാക്കുവാൻ
ചിന്തയല്ലോ നിയന്ത്രിപ്പൂ വികാരത്തെ
ആർദ്രഭാവം നിയന്ത്രിപ്പൂ പ്രയത്നത്തെ
കർമ്മങ്ങളെല്ലാം നിയന്ത്രണം നേരിട്ടു
നമ്മുടെജ്ജീവിതത്തേയും നിയന്ത്രിപ്പു
ചിന്താവിഷയങ്ങൾ കൂട്ടിനെന്നുമുണ്ടാം
ഉത്തരം കണ്ടിടാം, വിട്ടുമാറി നില്‍ക്കാം
പ്രശ്നങ്ങളോടൊത്തു ജീവിച്ചിടേണ്ടുമാ-
വശ്യത്തെ വർജ്ജിച്ചിടുന്നതാണുത്തമം
ചിന്തിക്കുവാനേറെ വ്യക്തമാം കാര്യങ്ങൾ
അന്തക്കരണത്തിന്നേകിൽ സുനിശ്ചയം
ആശ്ചര്യമേകിടും സംഭവങ്ങളാലേ
ആകർഷകമാക്കി മാറ്റിടും ജീവിതം
ചിന്തിച്ചിടാതെ കാര്യങ്ങൾ നടത്തുകിൽ
ചിന്താവിഷയങ്ങൾ ജീവിതത്തിലുണ്ടാം
ഒന്നും പ്രവർത്തിച്ചിടാതെതന്നെപ്പൊഴും
ചിന്തിക്കിലുമുണ്ടാം പ്രശ്നങ്ങളോർത്തിടൂ
ചുണ്ടുകൾരണ്ടും മലർക്കെത്തുറക്കുന്ന
ചന്തമേറീടും ചിരിയും ഉള്ളിലുള്ള
മുത്തുമാത്മാവുമൊരുമിച്ചു കാട്ടുന്ന
ചിത്തത്തിനേയും നമുക്കേറെയിഷ്ടമാം.
ചുറ്റുപാടുമുള്ളോർ നമ്മേപ്പഠിപ്പിക്കും
ജീവിക്കുവാനായ്, നിന്ദിച്ചും വിമർശിച്ചും.
ആവും വിധമിച്ഛാശക്തിയാർജ്ജിച്ചതി-
ജീവിക്കുവാനായ്പഠിക്കവേണം നമ്മൾ
ചെങ്കുത്താം കുന്നിലേറീടുന്നതിനാദ്യം
വയ്ക്കവേണം സാവധാനം ചുവടുകൾ
സന്തോഷമോടേ വഹിച്ചുവെന്നാകിലോ
എന്തും ലഘുവായിത്തോന്നിടും നിശ്ചയം
ചെയ്ത കാര്യങ്ങളെയോർത്തു ചിന്തിച്ചിടാ
ചെയ്യുവാനുള്ളകാര്യങ്ങളേയോർത്തിടൂ
ചെയ്ത കർമ്മത്തിന്നു സമ്മാനമായിട്ടു
പ്രാപ്തിനേടി വീണ്ടും മറ്റൊന്നുചെയ്തിടൂ
ചെയ്യുന്നതോ ശുദ്ധമനസ്സാലെ വേണം
ചോദ്യമാവാ തിരിച്ചൊന്നും അതിന്മേലെ
നിഷ്‌ഫലത്വം തോന്നിടേണ്ടതില്ലൊട്ടുമേ
ന്യായമായും അതിൽ തെറ്റില്ല, താംഹേതു
ചെയ്യേണ്ടതെന്തെന്നു നിങ്ങളോടാരുമേ
ചൊല്ലുകിൽ ശ്രദ്ധിക്കവേണമെന്നേയില്ല
നല്ലതാണെന്നുറപ്പുള്ളതെച്ചെയ്യുവാ-
നായി ധൈര്യം പകർന്നീടിൽ മാത്രം കേൾക്കു.
ചേതോവികാരവും വാസ്തവീകത്വവും
ചേർന്നോരനുരഞ്ജനമാണീ ജീവിതം
ചേതോവികാരത്തെ വിട്ടോരോ ഘട്ടവും
വാസ്തവീകത്വം വരിക്കേണ്ടതായ് വരും
ചോദ്യത്തിനെല്ലാമൊരേപോലുതകീടും
പ്രത്യുത്തരം മൗനമാണെന്നറിയേണം
എല്ലായവസ്ഥകൾക്കും തുല്യമായിടും
നല്ലോരെതിർകർമ്മമാണു മന്ദഹാസം!
ജ
ജ്ഞാനമുള്ളോർക്കൊക്കെ സ്വപ്നത്തിനൊപ്പമാം
ജീവിതം, എങ്കിലോ മൂഢർക്കു ചൂതാട്ട
തുല്യവും സമ്പന്നരായോർക്കു ജീവിതം
ഉല്ലാസവും ദരിദ്രർക്കു ദുരന്തവും
ജീവജാലങ്ങൾക്കശേഷം ഒരേപോലെ
ജീവിക്കുവാനുണ്ടവകാശം ഭൂമിയിൽ
സ്വാർത്ഥതയാവട്ടെ മർത്യന്നെ ഭൂമിത-
ന്നസ്ഥിവാരം വരെത്തോണ്ടുവാൻ പ്രേരിപ്പു
ജീവിച്ചിരിക്കുന്നതി,ന്നേറെ നാളുകൾ,
ആവശ്യമായിട്ടു വന്നിടും സംഭവം
ശക്തിയും ബുദ്ധിയും അല്ല, ജീവിക്കണം
യുക്തിപൂർവ്വം പരിതഃസ്ഥിതിയോടൊത്തു
ജീവിക്കവേണമെന്നുണ്ടാകിലേറെനാൾ
സാവധാനത്തിലായീടണം ജീവിക്ക.
വേഗമോടെ ജീവിക്കുന്നവർക്കൊക്കെയും
വൈകിക്കുകെന്നതേ ചിന്തനീയമാക
ജീവിതത്തിൽ മാറ്റമുണ്ടാക്കുവാനായി-
ട്ടാവശ്യമാവതേതു പാദമുദ്രയാം,
എന്നകാര്യത്തിലില്ല വ്യക്തതയെന്നാൽ
സന്തുഷ്ടിയെത്തിടാമേതു നേരത്തുമേ
ജീവിതത്തിലുറപ്പോ മുൻകൂറായുള്ള
ജാമ്യമോ ലഭ്യമായീടാ, പകരമായ്
സംഭവ്യതകളോ യോഗ്യമാം കാലമോ
ലഭ്യമായ് വന്നിടും കൈവിടാതെനോക്കൂ .
ജീവിതത്തിന്റെയോരോ ഘട്ടവുമെത്തേ
ഏവരും നേടിടും ഏറേയവബോധം
പാഠങ്ങൾ നാംഗ്രഹിക്കുന്നതുണ്ടോ,വൃഥാ
പേജും മറിച്ചിരിപ്പോ, ചിന്തനീയമാം
ജീവിതത്തിലുണ്ടാകും സംഭവമൊന്നും
ആവില്ല മുൻകൂട്ടി തീരുമാനിച്ചവ.
ഒക്കെയും മാറ്റിമറിച്ചിടാനായിടും
ആർക്കു'മിച്ഛാശക്തി'യെന്ന ശസ്ത്രത്തി നാൽ
ജീവിതത്തെ കാണാം രണ്ടുകാഴ്ചപ്പാടിൽ
ദിവ്യാത്ഭുതമായിക്കണ്ടിടാം ജീവിതം
അല്ലായ്കിലോ ജീവിതത്തിലൊന്നും ത
ന്നെ
തെല്ലുമേ അത്ഭുതമല്ലെന്നും കണ്ടിടാം
ജീവിതപ്പാതയിൽ വേണ്ടെന്നു വക്കുവാ-
നാവാത്ത നാലു കാര്യങ്ങളുണ്ടറിയൂ
നേട്ടങ്ങളും തോൽവിയും, ജയം, പിന്നെയോ
നേട്ടങ്ങളെപ്പങ്കുവയ്ക്കെന്ന കാര്യവും
ജീവിതപ്പാതയിൽ ഏറ്റവും വമ്പിച്ച
പോർവിളിയല്ലോ സ്വയം ഗ്രഹിക്കെന്നത്
രണ്ടാമതുണ്ടായിടും പോർവിളിയാകും
കണ്ടെത്തുകയുള്ളതിൽനിന്നു സംതൃപ്തി.
ജീവിതപ്പാതയിൽ വാമഭാഗമെന്നും
മേവീടവേണ്ടിടും ചങ്ങാതിയെപ്പോലെ
ഒറ്റക്കുടുംബത്തെ പോലെ കൂട്ടുകാരും
ഒന്നിച്ചുചേരുകിൽ ജീവിതം സ്വർഗ്ഗമാം
ജീവിതം സ്വയം വിലപിച്ചാരംഭിക്കെ
വാവിട്ടുകൊണ്ടന്യർകരഞ്ഞിട്ടന്ത്യവും
എന്തുകൊണ്ടാകായിടക്കുള്ള കാലത്തെ
എന്നും ചിരിക്കുവാനുള്ളതായ്മാറ്റിടാൻ?
ജീവിതം അർത്ഥവത്താക്കുവാനായിട്ട്
യൗവ്വനേയാവശ്യമാം പ്രായമായവർ
തന്നുടെ ജ്ഞാനവും പോരേലതേപോ ലെ
തന്നെ പ്രായമാകേ യൗവ്വനവീര്യവും
ജീവിതം ഉത്കര്‍ഷപ്രാപ്തിയേകീടുവാ-
നാവശ്യമായോരുപാധിയാകും, നല്ല
സന്ദർഭമൊന്നൊട്ടനുകൂലമായ് വരിൽ
സാദ്ധ്യമായിട്ടതപ്പോൾതന്നെ മാറ്റിടൂ.
ജീവിതമേറെ മെച്ചപ്പെടുത്താനായ്സ-
ജീവമായിട്ടു സ്വയം ശ്രമിച്ചീടുകിൽ
മെച്ചപ്പെടുന്നത് കാണാം നമ്മുടെ ചുറ്റു-
മുള്ളവയൊക്കെയും നമ്മളുടെയൊപ്പം
ജീവിതം ചായകൂട്ടുന്നതുപോലെയാം,
ആവിയാക്കാം തിളപ്പി'ച്ചഹ'ത്തെ, യലി-
യിച്ചിടാം ഖേദമെന്നിട്ടു തെറ്റുകള-
രിച്ചുമാറ്റീട്ടാസ്വദിച്ചിടാം ധന്യത
ജീവിതം, ജന്മമെടുപ്പതിന്നും വയ-
സ്സാവുന്നതിന്നും ഇടക്കുള്ളവസ്ഥയാം
വർഷങ്ങളങ്ങോട്ടു നീണ്ടുപോയീടവേ
വാർദ്ധക്യമേറിടും വർഷങ്ങളോടൊത്ത്.
ജീവിതം താൽപ്പര്യമുള്ളതായ് മാറിടും
പോർവിളിക്കൊത്തുനാം മുന്നോട്ടു നീങ്ങിടിൽ
പോർവിളിയേറ്റെടുത്തിട്ടതിന്നേയതി-
ജ്ജീവിക്കുകെന്നാലതർത്ഥവത്തായിടും
ജീവിതം താൽപര്യമെന്നുമുണർത്തീടു-
മാവോളമെന്നതാണല്ലോ പരമാർത്ഥം
കാരണം സന്താപമേറെ നൽകീടുന്ന
കാര്യങ്ങളാമേറെ ശക്തി സമ്മാനിക്ക
ജീവിതം നന്നായ് നിയന്ത്രിക്കാനായിടും
ചേതമുണ്ടാകവേ വിശ്വസ്തനാകുകിൽ,
സമ്പന്നനായിടേ ലാളിത്യം കാട്ടുകിൽ,
കോപിഷ്ഠനായീടേ മൂകനുമാകുകിൽ
ജീവിതം നമ്മൾക്കു പ്രകൃത്യാ കിട്ടവേ
ആവേണമെന്നില്ല നല്ലതോ ചീത്തയോ.
വന്നോരു ജീവിതം എന്തായി മാറ്റണം
എന്നു തീരുമാനിക്കേണ്ടതോ നമ്മളാം
ജീവിതം നല്ലോരു ക്യാമറക്കു തുല്യം
ആവുംവിധം കേന്ദ്രബിന്ദു ക്രമീകരി-
ച്ചെത്രയും നല്ലകാലത്തെപ്പകർത്തു,അ-
ല്ലാത്തതൊക്കെ പോഷിപ്പിച്ചെടുത്തിടൂ
ജീവിതം നാമാഗ്രഹിക്കുമ്പോലല്ലേലും
ജീവിച്ചിടുന്നു കഴിവതും നന്നായി
സാധ്യമാകാ കുറ്റമറ്റോരു ജീവിതം
സാധ്യമാക്കാമെന്നാൽ നല്ല നിമിഷങ്ങൾ
ജീവിതം ബുദ്ധിമുട്ടിലായീടുമ്പൊഴും
സർവ്വവും മോശമായിട്ടുമാറുമ്പൊഴും
ഓർത്തിടൂ ആമക്കുമാകും ക്ഷമകാട്ടിൽ
ഓടിയെത്താനാമൊരോട്ടമത്സരത്തിൽ
ജീവിതം മുന്നോട്ടതിവേഗമോടിടേ
പൂർവ്വവിദ്വേഷമുപേക്ഷിക്കു, പിന്നെയോ
പ്രേമിക്കുവാനും ചിരിക്കുവാനും തഥാ
വിസ്മരിക്കാനും ക്ഷമിക്കാനുമാകട്ടെ
ജീവിതം വേഗം കടന്നങ്ങു പോയിടും
മേവും ദയാലുത്വമെന്നെന്നുമോർത്തിടൂ
ആഗ്രഹിച്ചീടുന്നതൊക്കെയും കിട്ടില്ല,
അർഹിച്ചിടുന്നവയൊക്കെയും കിട്ടിടും
ജീവിതത്തിൻ സമ്പ്രദായം വഴിതന്നെ-
യാവേണമെന്നില്ല ആയാസമുണ്ടാക.
കാരണം തന്റെ പ്രതിസ്‌പന്ദനങ്ങളാം,
നേരെയാമെല്ലാം മനോഭാവം മാറ്റുകിൽ
ജീവിതത്തിന്നു നമുക്കുതന്നീടാൻ യോ-
ജിച്ചോരു പാരിതോഷികം തീർച്ചയായും
ഏറെസ്നേഹം പകർന്നേകുവാനാകുന്ന,
ഏവർക്കും സ്നേഹിക്കുവാനാകുമമ്മയാം
ജീവിതത്തിലേറ്റം തെറ്റാമൊരു കൃത്യം
ഏവരും ചെയ്‌വതാം തന്റെയീ ജീവിതേ
താമസിക്കാനന്യരേ സമ്മതിക്കെന്ന
തെറ്റ,തിന്നർഹരാണോയെന്നു നോക്കാതെ
ജീവിതത്തിന്നു നീക്കങ്ങളനിവാര്യം
സർവ്വപ്രധാനമായീടും സ്ഥിതിഭേദം
വീക്ഷണം മുന്നോട്ടുതന്നെയായീടണം
തീക്ഷ്‌ണവും സമ്പൂർണ്ണവുമാക്കീടാനഹം
ജീവിതത്തിന്നോരു മാറ്റവും തന്നെ സം-
ഭവ്യമാകായൊറ്റ ദിനംകൊണ്ടെങ്കിലും
തീർത്തുമൊറ്റക്ഷണം കൊണ്ടെടുത്തീടു ന്ന
തീരുമാനം ജീവിതത്തെ ബാധിച്ചിടാം
ജീവിതത്തിൻ തുറന്നുള്ളോരു പുസ്തകം
ജീവിച്ചിരിപ്പവർക്കെല്ലാർക്കുമുണ്ടാകും
നന്നായ്പഠിച്ചിട്ടു ഹൃദിസ്ഥവുമാക്കീ-
ടുന്നതിന്നായിത്തെരഞ്ഞീടുന്നന്യരേ.
ജീവിതത്തിലെല്ലാം നഷ്ടപ്പെടുന്നെന്നും
ഭാവിയെല്ലാമിരുണ്ടുപോയെന്നും തോന്നെ
ഓർക്കൂ തരുക്കൾ തളിർക്കുവാൻ കാ ത്തിടും
വർഷങ്ങളിലെല്ലാം പത്രമടർത്തിയും.
ജീവിതത്തെയെത്തിച്ചീടും വിജയത്തിൽ
ആവുംവിധം ക്ഷമാശീലം വളർത്തുകിൽ
ഉന്മാദത്തിലേക്കാനയിക്കാം വികാരം
ഉത്തേജിതമാമാഗ്രഹം ഖേദമേകാം
ജീവിതത്തിലനേകർവന്നുചേർന്നിടും
ഏവരും തങ്ങിടാ നല്ലവർ തങ്ങിടും
ഒത്തുള്ള ജീവിതം സ്നേഹം പഠിപ്പിക്കെ
ഒറ്റപ്പെടൽ പഠിപ്പിച്ചിടും ജീവിതം.
ജീവിതത്തിലുണ്ടാകുന്ന സാഫല്യത്തെ
കേവലം സ്ഥാനമാനത്താലളന്നിടാ
നേരിട്ട വിഘ്നങ്ങളൊക്കെയും നിർഭയം
നീക്കി മുന്നേറിയോ എന്നതും നോക്കണം
ജീവിതത്തിലുണ്ടാകുന്ന സ്വാധീനവും
ദ്രവ്യവും കായ്കനിക്കൊപ്പമാകാമതിൻ.
കൂട്ടുകാരും കുടുംബങ്ങളും വേരതിൻ;
കായില്ലയെങ്കിലും വേരല്ലോ വേണ്ടതും
ജീവിതത്തിലുണ്ടായീടുന്ന ദൗർഭാഗ്യ
മാവേണമെന്നില്ല,ആത്യന്തികമൃത്യു.
ദൗർഭാഗ്യമാകുമെന്നാൽ നമ്മിലുള്ളവൈ-
ദഗ്ധ്യങ്ങളെപ്പങ്കിടാതെപോയീടുകിൽ
ജീവിതത്തിലുണ്ടാമേറെത്തിരിച്ചടീ-
മാവോളവും തടസ്സങ്ങളുമെങ്കിലും
ഒക്കെയും ജീവിതത്തിൻ ഭാഗമാണെന്നു
ഓർത്തിട്ടു കാത്തുസൂക്ഷിക്കു പ്രതീക്ഷ കൾ
ജീവിതത്തിലെന്നും നാമാഗ്രഹിക്കുന്ന
സർവ്വവും കിട്ടേണമെന്നില്ലയെന്നതിൻ
കാരണം നാമർഹരല്ലെന്നതാവില്ല,
നേരേമറിച്ചേറെയർഹിപ്പുവെന്നതാം
ജീവിതത്തിലെല്ലാം ഭദ്രമെന്നതിന്നാ-
ലാവില്ല സന്തുഷ്‌ടരാകുവാനാർക്കുമേ
ജീവിതത്തോടവർ കാട്ടും ശരിക്കുള്ള
ഭാവമാണവർതൻ സന്തോഷ കാരണം
ഏറ്റവും വമ്പിച്ചതാകും വെല്ലുവിളി
ഏവരും തങ്ങളാരെന്നു സ്വയമേവം
ബോധ്യപ്പെടെന്നതാം, രണ്ടാമത്തേതാട്ടെ
ബോദ്ധ്യമായീടിൽ പൊരുത്തപ്പെടെന്നതും
ജീവിതത്തിന്റെ തിരക്കിലൂടോടവേ
ആവില്ലകാണുവാൻ കൂടെയോടുന്നോരെ
കാണുവാനായിടും നമ്മളോടീടവേ
വീണുപോയാൽ മാത്രമെന്നതാം വാസ്തവം
ജീവിതത്തിൽ ജയം നേടെയാൾക്കൂട്ടവും
നോവേറുമേകാന്തതേലന്തരാളവും
സൃഷ്ടിച്ചിടേ ജീവിതത്തിലേയേറ്റവും
കഷ്ടകാലം നമ്മെ മാറ്റും മനുഷ്യരായ്
ജീവിതപ്പാതയിൽ ഒന്നുമേ പാഴായി-
പ്പോവില്ല, നല്ലതോ മോശമോ ആയുള്ള
ജ്ഞാനവും മറ്റുള്ള പാഠങ്ങളൊക്കെയും
മാനസത്തേം ബുദ്ധിയേയുമൊരുക്കിടും
ജീവിതമർത്ഥവത്താക്കുവാനായിട്ട്
യൗവ്വനത്തിൽ വേണം പ്രായമയോരുടേ-
പോലുള്ളയനുഭവജ്ഞാന, മതുപോൽ
പ്രായമാകേവേണം യൗവ്വനത്തിൻ വീര്യം
ത
തടസ്സങ്ങളാകും സഹായങ്ങളല്ല,
മുടക്കങ്ങളാകും സൗകര്യങ്ങളാകാ
മാനുഷന്നെയേറെ ക്ഷമാശീലമുള്ള
മർത്യനായ്മാറ്റീടുകെന്നതറിഞ്ഞിടൂ
തന്നജ്ഞതയെപ്പറ്റിസ്വയം അജ്ഞനാ
കുന്നതാകാമജ്ഞതയെന്നുള്ള രോഗം
വിദ്യനേടീയെന്നു ഗർവ്വുകാട്ടുന്നതും
അത്യന്തമാമജ്ഞതാമഹാമാരിയാം.
തന്നുടെ തെറ്റുകൾ താൻതന്നെ കാണുകിൽ
നന്നായിരിക്കുമെന്നെല്ലാരുമോർക്കണം
ഏറെനന്നാകും സ്വയം തിരുത്തീടുകിൽ
ഏറ്റവും നന്നാം സ്വയം ഏറ്റെടുക്കുകിൽ
തന്റെ വൈകല്യം എന്തെന്നറിവുള്ളവർ
തന്നെയാകുമേറെച്ചന്തമുള്ളാളുകൾ
തന്റെ ദൗര്‍ബല്യമറിയുന്നോർ ശക്തരാം
തെറ്റുകൾ ബോധ്യമുള്ളോർ ബുദ്ധിയുള്ളവർ
തന്നുടെ ഹൃത്തിന്റെ മേലേ മനസ്സിന്നെ
തോന്നുംവിധം ഭരിക്കാനായിവിട്ടിടാ
നേരേമറിച്ചു തൻ ഹൃത്തിനാകേണം മ-
നസ്സിന്റെമേലേ നിയന്ത്രണം വേണ്ടത്
തന്നുടെ ഹൃത്തിൻ പ്രതിച്ഛായതന്നെയാം
എന്നും ധരിത്രിയിൽക്കാണ്മതെല്ലാമഹോ
ചെയ്തുപോയതൊന്നുമേയിനിക്കാണാതെ
ചെയ്യുവാനുള്ളതെപ്പറ്റി ചിന്തിക്കണം.
തന്നുടേതാം ചിന്തകൾക്കേറെ ശക്തിയു-
ണ്ടെന്നസത്യത്തേയറിഞ്ഞാലൊരിക്കലും
വന്നീടുകില്ലാ നിഷേധാത്മകമാകും
ചിന്തയേയാരുടേയും മനസ്സിലൊന്നും .
തന്നെ താനായിക്കരുതീടുകെന്നതാം
തീർത്തും പ്രയാസപ്പെടുത്തുന്ന സംഭവം
ആർജ്ജിച്ച സംസ്കാരശിക്ഷണാഭ്യാസങ്ങൾ
തീർത്തും അതിന്നൊത്തു നിന്നെന്നുവന്നിടാ
തന്നേക്കാളുമേറെയറിവുള്ളയാളോട്
എന്തിന്നുവേണ്ടീട്ടസൂയ തോന്നീടണം?
നേരേമറിച്ചറിവില്ലാത്തവരോടായ്
തോന്നീടവേണം സഹാനുഭൂതിയെന്നും
തന്നോടുതന്നെ ചൊല്ലീടുന്ന വാക്കുകൾ
തന്നെയല്ലോ മുഖ്യമാകും വചസ്സുകൾ
താനാണീലോകത്തേക്കേറ്റവും ബുദ്ധി-
മാനെന്നുചിന്തിക്കിലതാം ബുദ്ധിമോശം.
തന്റെ പുഞ്ചിരിതൻ പിന്നിലെ ദുഃഖവും,
തന്റെ കോപത്തിന്നു പിന്നിലെ സ്നേഹവും
ഊമഭാവത്തിന്റെ ഹേതുവും ഒന്നുപോൽ
ഊഹിച്ചെടുപ്പോരെ വിശ്വസിച്ചീടുക
തന്റെ യാനത്തിലാരെക്കയറ്റുമ്പൊഴും
താല്‍പര്യമെത്രയും കാട്ടീട വേണ്ടിടും
നായകന്‍ ആകുവാനാകാതെ വന്നിടിൽ
നൗകമുക്കീടുവാനാരും ശ്രമിച്ചിടാം
തന്റെയുള്ളിലന്തർലീനമാകും ശക്തി
തന്റെചുറ്റുമുള്ള തടസ്സങ്ങളേക്കാൾ
എത്രയോ മേന്മയേറീടുന്നതാണെന്ന
വ്യക്തമാം ധാരണ കൈവരിച്ചീടണം
തല്ലുകൾ നാനാപ്രകാരം, അതിന്നന്ത്യേ
കല്ലു നന്നായിപ്പിളർന്നുപോയീടിലോ
വ്യർത്ഥമായാദ്യ തല്ലെന്നല്ലതിന്നുള്ള
അർത്ഥം ജയം തുടർകർമ്മത്തിനാലെന്നാം
താക്കോലുകളില്ലാതാരുമുണ്ടാക്കില്ല
താഴെന്ന,തേപോലെയല്ലയോ ഉത്തരം
ഇല്ലാത്ത പ്രശ്നങ്ങളൊന്നുമേ ഉണ്ടാക-
യില്ലാ,യവയെക്കണ്ടെത്താൻ ശ്രമിക്കണം
താഴേക്കു വീഴാതിരിക്കുന്നതിനായെ-
ത്രശ്രമിക്കുന്നുവോ നാമതിന്നേക്കാളു-
മേറെപ്രശംസ നേടീടുന്നൊരു കാര്യ
മാണെത്രവീണാലുമപ്പോഴെഴുന്നേറ്റാൽ
താഴ്ത്തീടുകില്ലായൊരിക്കലുമേ ജയം
തന്റെ മാനദണ്ഡം നമ്മെ ഉൾക്കൊള്ളുവാൻ
നമ്മൾക്കുയർത്തേണ്ടി വന്നിടും നിശ്ചയം
നമ്മുടേതാം മാനദണ്ഡം അതിന്നായി
താൽക്കാലികമാണീയിരുട്ടിൻ ദിനങ്ങൾ
നേരീടവേണ്ടും അവ ധൈര്യമോടഹോ
പേടിപ്പെടുത്തുവാനല്ലെത്തിയതെന്നാൽ
പാകപ്പെടുത്താൻ,പെരുത്തകാര്യത്തിന്നു
താത്കാലികം മാത്രമായിടാമീ ജീവി-
തത്തിലുണ്ടായീടുമോരോ അവസ്ഥയും
നല്ലസന്ദർഭം പ്രയോജനപ്പെടുത്തൂ
അല്ലാത്തവക്കില്ല നീളമെന്നോർത്തിടൂ
താരതമ്യം ചെയ്തിടാ തന്റെ ജീവിതം
ആരുമായും, കാരണം, ഒത്തുനോക്കിടാ
കൃത്യനേരത്തുമാത്രം പ്രകാശിച്ചിടും
ആദിത്യനേയും തഥാ ഹിമാംശുവേയും
താൽപ്പര്യമില്ലാത്ത കാര്യങ്ങളിലായാ-
സപ്പെട്ടു യത്നിക്കിലുണ്ടാം മനക്ളേശം
താൽപ്പര്യമുള്ള കാര്യത്തിലാണെങ്കില-
ത്യാസക്തിയെന്നതാണുണ്ടായിടുന്നതും
താൽപ്പര്യമുള്ളതെത്തിരഞ്ഞെടുക്കാൻസ്വാ-
തന്ത്ര്യമുണ്ടാകാമെന്നിരുന്നാൽതന്നെയുംനന്നല്ലെടുത്തതെന്നും വരാമെങ്കിലും
നല്ലകാര്യമല്ലോ തൃപ്തിവന്നീടുകിൽ
തിട്ടപ്പെടുത്താനാകായേതു ബന്ധവും
നേട്ടങ്ങളും ആസ്തിയേയും കണക്കാക്കി.
നിക്ഷേപമെപ്പോഴുമൊന്നുപോലെ ലാഭം
നേടിത്തരേണമെന്നില്ല,താം കാരണം
തിന്മകൾക്കൊന്നുമാകാ നശിപ്പിക്കുവാ ൻ
ധന്യാത്മകമായ്പ്രവർത്തിക്കുമാൾക്കാരെ
അപ്രകാരം തന്നൊരൗഷധത്തിന്നുമേ
ആകില്ല രക്ഷയേകാൻ നിഷേധികൾക്കും
തീരുമാനം ശരിക്കുള്ളതാണെന്നാല-
താരുടേമാത്മധൈര്യം ഇരട്ടിയാക്കും
തീരുമാനം തെല്ലുതെറ്റിയെന്നാലതും
ആരുടേയും പരിജ്ഞാനത്തെ കൂട്ടിടും
തീരുമാനം ശരിക്കുള്ളതാണെങ്കിലും
തെറ്റായി മാറിടാം താമസിച്ചുപോകിൽ
കാലത്തിനോടുള്ള മത്സരം ജീവിതം,
കാലത്തെ മാനിക്കിലാദരിക്കുമതും
തീവ്രമായുള്ളോരു ലക്ഷ്യമുണ്ടെന്നാകി-
ലാവശ്യമില്ല സമ്മർദ്ദം ചെലുത്തേണ്ട
തന്റെയത്യാസക്തി സ്വാഭാവികമായും
തന്നേ സഹായിക്കും ലക്ഷ്യത്തിലെത്തു വാൻ
തീർത്തും വിടർത്തിമാറ്റീടേണ്ടിവന്നിടാം
സ്വന്തം സമാധാനത്തിന്നായ്പലരേയും
ജീവിത്തിൽനിന്നുമെന്നത്തേക്കുമെന്നാ-
ലാവശ്യമില്ലൊട്ടും കുറ്റബോധത്തിന്റെ.
തീക്ഷ്‌ണമാമദ്ധ്വാനമേണിപ്പടിപോലാം
ദൈവയോഗം ലിഫ്റ്റുപോലെയും കണ്ടി ടാം.
കേടുപാടുണ്ടായിടാം ലിഫ്റ്റിനെങ്കിലോ
കൊണ്ടുപോമുയരേയേണിപ്പടി നമ്മേ
തുച്ഛമായോരു തെറ്റിദ്ധാരണ മൂലം
തോഴരായുള്ളവർ ശത്രുവായ് മാറുകിൽ,
ശത്രുതന്നായിരുന്നെന്നുമെന്നുമവർ
മിത്രമാണെന്നവർ നാട്യം മെനഞ്ഞതാം
യാനപാത്രം നമുക്കായ്കാത്തു നിന്നില്ലേൽ
താനേതുഴഞ്ഞുപോകാമിരു കൈകളാൽ
താണുപോയീടാതെനോക്കിത്തുഴയണം
തോർത്താനൊരുമുണ്ടും കെട്ടിടാം ശിരസ്സിൽ
തുല്യമായിടാം സമ്പത്തുമാരോഗ്യവും
മൂല്യമില്ലാതെന്നു മാറുമെന്നോതിടാ
മരുന്നല്ലയാരോഗ്യത്തിന്റെ രഹസ്യം
മനസ്സമാധാനോമേറെച്ചിരിയുമാം
തെല്ലും കഴമ്പു കാട്ടീടാത്ത മാനുഷർ
നല്ലകാലത്തിലാം കൂറുകാട്ടീടുന്ന-
തെങ്കിലോ ബുദ്ധിയും ശക്തിയുമുള്ളവർ,
തെല്ലും മടിക്കാതെന്നും കൂറുകാട്ടിടും
തെല്ലും ഭയക്കില്ലിരിക്കുന്ന കൊമ്പൊടി-
ഞ്ഞാലുംകിളികൾ,ക്കവർ താഴെവീണിടാ
വിശ്വാസമെന്നും സ്വപക്ഷത്തെ,നാമാത്മ-.
വിശ്വാസമോടേയിരിക്കേണമെന്നുമേ
തെറ്റുകൾ ഏറ്റെടുത്തീടുന്നവർ തുലോം
തുശ്ചമാകേ നമുക്കേവർക്കുമൊന്നുപോ-
ലന്യർക്കു നൽകാനുതകീടുന്നോരു സ-
മ്മാനമാം നാമാക ശ്രേഷ്ഠനിദർശനം
തെറ്റുകളിൽകൂടി സമ്പൂർണ്ണത നേടാം
തോൽവിയാകട്ടേ ജയത്തിൻ ഗോവേണിയും
നേട്ടമുണ്ടാകുവാൻ കോട്ടമുണ്ടാകണം
ജോഡിയായ് വന്നിടാമെല്ലാമിതേപോലെ.
തെറ്റുകൾ ആയിരത്തിലേറെച്ചെയ്താലു
മേറ്റവുംമെച്ചമായ് നാംനമ്മെസ്നേഹിപ്പു
എങ്കിലും തെറ്റൊന്നുമാത്രം ചെയ്‌തീടുന്ന
ഏതൊരന്യനേം വെറുക്കുന്നതെന്തെ നാം
തെറ്റുകൾ കാണുവാനായി ശ്രമിച്ചിടും
തീർപ്പുകൽപ്പിക്കുന്നയാളായി മാറാതെ
ഗോളടിക്കാൻ ലക്ഷ്യമിട്ടോടിടും കളി-
ക്കാരനാകാനാകണം ശ്രമിച്ചിടേണ്ടു
തെറ്റുകൾ തന്റേതു കാട്ടിത്തരുവാനായ്
പറ്റിടും ജ്ഞാനിയാകും വിമർശകന്നെ
കണ്ടുമുട്ടീടുകിൽ കൂടെക്കൂട്ടീടണം
കണ്ടുകിട്ടീയോരു ഗൂഢധനംപോലെ
തെറ്റുകൾ സംഭവിക്കേ വേദനിച്ചിടും
തെറ്റുകൾതൻ സമാഹാരം ഒരുനാളിൽ
മാറാം പരിജ്ഞാനമായിട്ടവസാനം
മാറിയെന്നും വരാം കാര്യസിദ്ധിയായും
തെറ്റുചെയ്യാതിരിക്കെന്നുള്ള സംഭവം
തീർത്തും മനുഷ്യന്റെ കയ്യിലല്ലോർത്തിടൂ
എന്നിരുന്നാലും വിവേകിയായ് ഭാവിയിൽ
എത്തീടുവാൻ തെറ്റൊരൂർജ്ജമായി മാറാം
തെറ്റുചെയ്തു പാപിയായി മാറീടവേ
ദേവാലയദൈവം തുണക്കായ് വരില്ലേൽ
തന്നുടേയുള്ളിലല്ലോ വസിപ്പൂ ദൈവം
എന്നുചിന്തിക്കൂ ഒഴിവാക്കാം തെറ്റുകൾ
തെറ്റും അധിക്ഷേപവും തോൽവിയും തഥാ
തള്ളിക്കളയൽ മോഹഭംഗമിത്യാദി
അഭ്യുന്നതിക്കും വളർച്ചക്കുമൊന്നു പോൽ
ആവശ്യമല്ലോ, ഒഴിവാക്കാനായിടാ
തൊട്ടറിഞ്ഞീടാതെ കാണുന്നതുത്തമം
തൊട്ടുനോക്കൽ ഉത്തമം വാക്കുകളേക്കാൾ
നന്നായ് ഉപയോഗിച്ചീടുകിൽ വാക്കുകൾ
നേത്രം നനയിക്കും ഹൃത്തിനേയും തൊടും
തോന്നേയനുതാപം, ഉള്ളിൽകൊളുത്തിടൂ
എന്നും മുടങ്ങിടാതേകണ്ടൊരു ദീപം
ചെയ്തയന്യായങ്ങളവിടേറ്റു ചൊല്ലിലോ
പെയ്തൊഴിഞ്ഞീടും മനസ്സിന്റെയാധികൾ
തോൽവിപോലും നല്ലചാരുതയുള്ളതായ്
തോന്നിടും കൂട്ടുകാർ പിന്തുണച്ചീടുകിൽ
കാര്യസിദ്ധിപോലും വേദനാജന്യമാം
കൊണ്ടാടുവാനായി കൂട്ടുകാരില്ലെങ്കിൽ
തോൽവിയും തെറ്റും ഒഴിവാക്കീടുന്നതീ
ഭൂവിലെന്നും തുടർന്നീടുന്ന സംഭവം
ആവശ്യമായീടുമാരണ്ടുമൊന്നുപോൽ
ആവുംവിധം നയിക്കാൻ നമ്മെ മുന്നോട്ടു.
തോൽവിയുണ്ടായാലതുറപ്പാക്കീടുന്ന-
താമോരു കാര്യമെന്തെന്നൊന്നറിഞ്ഞിടൂ.
ഉണ്ടായിരുന്നതില്ല നമ്മൾക്കുറപ്പു
വേണ്ടിടും തീരുമാനം ജയിക്കാനായി.
ദ
ദണ്‌ഡനം നമ്മേ കരുത്തരാക്കീടവേ
കണ്ണുനീർ ധൈര്യമുള്ളോരായി മാറ്റിടും
നെഞ്ചുപൊട്ടും വിഷാദം വിവേകിയാക്കേ
നല്ലോരുഭാവിക്കിതൊക്കെയും യോജ്യമാം
ദർപ്പണത്തെപ്പോലെയായിടും ആദരം
ആർക്കെത്രയോയേറെ, ലോഭമേയില്ലാതെ,
നാംകൊടുക്കുന്നോ അതേക്കാളുമേറെയായ്
നമ്മൾക്കു കിട്ടും തിരിച്ചെന്നറിഞ്ഞിടൂ
ദാനമായ് വന്നിടും ജീവിതത്തിനൊപ്പം
പ്രശ്നം തുറക്കുവാനായുള്ള ചാവിയും
ദീപ്തിക്കു ഛായയും, ഇന്നിന്നു നാളെയും,
ദുഃഖം ജയിക്കുവാനായി സന്തോഷവും
ദാനം ലഭിക്കുന്നവരേക്കാൾ കൂടുതൽ
ദാനം കൊടുക്കുന്നവരാം സന്തോഷിക്ക.
സ്വന്തമായി തയ്യാറാകാതിരുന്നിടിൽ
സന്തോഷവാനായി മാറില്ലൊരിക്കലും.
ദിവ്യമായുള്ളോരുശക്തിയുണ്ടേൽ ഭയം
ആവശ്യമേയില്ല നന്മകൾ ചെയ്യുവാൻ
ഭീതിവേണമെന്നും ചെയ്യുവാനായിട്ടു
ചെയ്തുകൂടാത്തകാര്യങ്ങ,ളെന്നോർക്കണം
ദുഖങ്ങളൊക്കെയും സഹനീയമാക്കി
ധൈര്യസമേതം മുന്നേറാൻ കഴിയുന്ന
വ്യക്തികളായിരിക്കേണമീ ഭൂമിയിൽ
മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടവർ
ദുർബ്ബലപ്പെടുത്തീടും സാഹചര്യത്തെ
ഓർത്താരുമേ നിരാശപ്പെട്ടിടാതതിൽ
പ്രച്ഛാദനത്തിലുള്ള യോഗ്യകാലത്തെ
പ്രാപ്തനാക്കീടൂ വെളിച്ചത്തിലെത്തിച്ചു
ദൂരം തകർക്കില്ല ബന്ധമൊരിക്കലും
നേരം ഒരിക്കലും ബന്ധമുണ്ടാക്കില്ല
നേരാം വികാരമുള്ളിൽനിന്നുവന്നിടിൽ
വൈരം സമാനം ബന്ധങ്ങൾ തിളങ്ങിടും
ദ്രവ്യവും ആസ്‌തിയും ഏറെയുണ്ടാകുകിൽ
നിങ്ങളാകാമന്യരേക്കാളുമേറ്റവും
യോഗ്യനായുള്ളവൻ എന്നുവിശ്വസിക്കിൽ
നിങ്ങൾ ദരിദ്രനാണീഭൂവിലേറ്റവും
ദ്രവ്യം കൊടുത്തു വാങ്ങാനാക ജീവിതം
ദുഃഖിക്കുകിൽ ഭൂതകാലം വരുകില്ലാ
എപ്പൊഴും നേരും സന്തോഷവും വന്നിടാ
എങ്കിലും നന്നായി ജീവിക്കാനായിടും
ദേഷ്യത്തിനും കൊടുങ്കാറ്റിന്നുമൊന്നുപോൽ
നാശനഷ്ടങ്ങളുണ്ടാക്കുവാനായിടും
ശാന്തി രണ്ടും കൈവരിച്ചതിൻ ശേഷമേ
എത്ര നഷ്ടം സംഭവിച്ചെന്നറിഞ്ഞിടൂ
ദേഹവുമാത്മാവുമായ് ജനിക്കുന്നു നാം
ദീർഘകാലം ജീവിതം നയിച്ചീടുവാൻ
എങ്കിലും ആദ്യത്തെ രണ്ടുകാര്യങ്ങളാം
ദീർഘജീവിതം കിട്ടുമോന്നുറപ്പാക്ക.
ദൈവയോഗം കൂടെയെപ്പൊഴും കാണില്ല
തീരുമാനമെന്നും നമ്മുടെ കയ്യിലാം
തീരുമാനം തന്നിടാം ഭാഗ്യത്തെയെന്നാൽ
ദൈവയോഗത്തിനാകാ തീരുമാനിക്കാൻ
ദോഷമറ്റോരു സംസർഗ്ഗത്തിലുമുണ്ടാം
രോഷവും ക്ഷോഭവും താറുമാറാകലും.
എത്രയും പെട്ടെന്നതിന്നു തീർപ്പുണ്ടാക്കി
ഒത്തുതീർപ്പിലെത്തുകെന്നതാമുത്തമം.
ദോഷൈകദൃക്കായിടുന്നയാർക്കും മുഖ-
ദാവിലുള്ള മൂല്യമറിയാമെന്തിന്റേം.
എങ്കിലോ മാഹാത്മ്യമൊന്നിന്റെയും അവർ-
ക്കാർക്കും അറിയില്ലായെന്നതാം വാസ്തവം
ദൗർബ്ബല്യമായിക്കരുതേണ്ടതേയില്ല
ധര്‍മ്മചിന്ത, ക്ഷമാശീലമെന്നീ രണ്ടു
കാര്യങ്ങളെന്നാലവയാട്ടേ ശക്തിതൻ
പര്യായമാണെന്നതായിടും വാസ്തവം
ദൗർബ്ബല്യമെന്തൊക്കെ തനിക്കെന്നറിഞ്ഞാൽ
ഊർജ്ജസ്വലൻ നിങ്ങളെന്നതാം വാസ്തവം.
വൈകല്യങ്ങൾ അറിഞ്ഞീടിലോ സുന്ദരൻ
വിജ്ഞനാം തൻതെറ്റിലൂടെപ്പഠിക്കുകിൽ
ദൗർഭാഗ്യമുണ്ടാം ദിനത്തിലൽപ്പമേറെ
നാമാരെയെങ്കിലും സ്നേഹിക്ക നല്ലതാം
എല്ലാർക്കുമായിടാ സ്നേഹിക്കാനെല്ലാരേ-
മെന്നാലുമാർക്കുമാരെയും സ്നേഹിച്ചിടാം
ദൗർലഭ്യമുള്ളോരപൂർവ്വമാകും വസ്തു-
വല്ലോ സമയം, വാങ്ങാനായി കിട്ടിടാ
നമ്മൾക്കുവേണ്ടിയാരേലും
ചെലവാക്കിൽ
നമ്മളിൽ ശ്രദ്ധയുണ്ടാമവർക്കെന്നതാം
ദ്രവ്യമല്ലോ ഏറെ പാപിഷ്ഠമായുള്ള
ആവിഷ്ക്കരണം മനുഷ്യൻ നടപ്പാക്കി.
എന്നിരുന്നാലും മനുഷ്യസ്വഭാവത്തെ
ഏറ്റവും നന്നായളക്കാനതുത്തമം!
ധ
ധാരണയ്ക്കില്ല വിജ്ഞാനത്തിനുള്ളത്ര
തീവ്രമാകും ഗ്രാഹ്യമെന്നതാം വാസ്തവം
നിങ്ങളെക്കുറിച്ചറിഞ്ഞാലും ചിലർക്കു
നിങ്ങളേയാകാ മനസ്സിലാക്കീടുവാൻ.
ധൈര്യക്കുറവിന്നാൽ ലോകത്തിലേയേറെ-
ത്രാണിയും പ്രയോഗിച്ചീടാതെ പോകുന്നു
സാഹചര്യങ്ങൾ ഒത്തുവന്നെന്നാകിൽ
സന്തോഷമോടതൊക്കെ പ്രയോഗിക്കണം
ധൈര്യം വഹിച്ചു നിർഭാഗ്യം സഹിക്കുന്ന
ആരേയുമീ പ്രപഞ്ചം പ്രശംസിച്ചിടും
വായിക്കുവാനാകിലോരോ മനുഷ്യനും
വ്യാപ്തിയേറീടുന്ന ഗ്രന്ഥമാണോർക്കണം
ധ്യാനവും ഭക്തിയും പ്രാധാന്യമർഹിക്കു-
ന്നെന്നകാര്യത്തിലില്ലൊട്ടുമേ സംശയം
ധ്യാനത്തിനുശേഷം നാമെങ്ങനെയാകും
അന്യരെക്കാണുന്നുവെന്നതല്ലി മുഖ്യം
ന
നന്ദിയുണ്ടാവണം എന്തിനും, കാരണം,
നല്ലതോ ചീത്തയോ ഭാവിയോ ഭൂതമോ,
എന്തുമാവട്ടേയവയൊക്കെക്കൂടിയാ-
ണിന്നത്തെനിങ്ങളെത്തീർത്തതെന്നോർക്കണം
നന്ദിയേക്കാളും വിലപ്പെട്ടതായിട്ടു
ഒന്നുമേയില്ലയീ ഭൂലോക,ത്തറിയൂ.
നന്ദിയെന്നുള്ളോരു മാനസ്സിക ഭാവം
എന്നുമെല്ലാർക്കുമേ സന്തോഷ ദായകം!
നന്ദി,യേവം ക്ഷമാശീല,മംഗീകാര-
മെന്നകാര്യങ്ങളാനന്ദത്തിന്നാധാരം
വെണ്ണക്കു തുല്യമാകും ദയാലുത്വവും
വ്യാപിക്കുമെന്നാൽ ഫലം ഏറെമെച്ചമാം
നന്ദിയും തൃപ്തിയും ഉള്ളതിൽ തോന്നിടേ
നിങ്ങൾക്കു കിട്ടിടും കൂടുതൽ സന്തുഷ്ടി
സന്തുഷ്ടിയേകിടും തൽക്കാല സംതൃപ്തി
സംതൃപ്‌തിനൽകും സ്ഥിരമാമാഹ്ലാദവും
നന്ദിയും വേണ്ടാ വിരോധവും തോന്നേണ്ട
സന്ദർഭമോ തഥാ ആളുകൾ മൂലമോ
രണ്ടിന്നുമുണ്ടാകയില്ല ശക്തി നമ്മൾ
വേണ്ടുംവിധം എതിർക്കാതേയിരുന്നിടിൽ
നന്ദി വേണ്ടു, മുന്നിൽ വാതിലടച്ചിടിൽ,
നേർപാതവിട്ടു പോകേണ്ടിവന്നീടിലും
പോകേണ്ടിടാത്തോരിടങ്ങളിൽ പോകാതെ
പാലനം കിട്ടിയെന്നല്ലോ കരുതേണ്ടൂ.
നന്നാണു വഴിയെന്നു തോന്നുന്നുവെങ്കിൽ
അന്വേഷിച്ചീടുകതെവിടേയ്ക്കു പോകും
എത്തേണ്ട സ്ഥലമാണേറെ നന്നെങ്കിലോ ചിന്തിക്കവേണ്ടേറെ, തുടരൂ നടത്തം
നന്മതൻ ലക്ഷണം തന്നെയാകും മാപ്പു
നൽകിടാനുള്ളോരു മനസ്സും തഥാ മാപ്പ്
തേടുന്നതിന്നുള്ള ധൈര്യവും, എങ്കിലോ
തീർത്തും ഇടയ്ക്കു വന്നീടും അഭിമാനം.
നന്മയുണ്ടാം ധാരണ കാക്കുന്നോർക്കൊക്കെ
നല്ലനേട്ടങ്ങളേറും ക്ഷമിപ്പോർക്കൊക്കെ
നന്മയേറ്റം വന്നു ചേരുന്നതാവട്ടെ
നിർത്തീടാതെ മുന്നോട്ടു പോകുന്നവർ
ക്കും
നന്മയുള്ളോരാകുലപ്പെടേണ്ടതില്ലാ
തിന്മയുള്ളോർതന്റെ മുന്നിലായ്, കാരണം
ഈ രണ്ടു വർഗ്ഗവും തമ്മിലുള്ളന്തരം
ആരും തിരിച്ചറിഞ്ഞീടുന്നുവെന്നതാം
നന്മയുള്ളോരുമായുള്ളോരുബന്ധത്തി-
നുണ്ടായിടും കരിമ്പിന്റേതാം മാധുര്യം
തല്ലിച്ചതച്ചരച്ചാലും പിഴിഞ്ഞാലും
വല്ലാത്ത മാധുര്യമുണ്ടാകുമപ്പൊഴും.
നന്മയുള്ളോരുമായൊത്തുള്ള കൂട്ടായ്മ
നല്ലോരു സുഗന്ധ വ്യാപാരശാലയിൽ
എത്തും വിധമല്ലോ, വാങ്ങിയില്ലെങ്കിലും
ഗന്ധം നമുക്കും ലഭിച്ചിടും നിശ്ചയം
നമ്മളാഗ്രഹിച്ചീടുന്ന കാര്യങ്ങളും
നമ്മളർഹിക്കുന്ന കാര്യങ്ങളും തമ്മി-
ലുള്ള വ്യത്യാസം ക്രമീകരിച്ചീടുവാനാ-
യുള്ളോരു പാടവം ജീവിതത്തിനുണ്ടാം
നമ്മളിഷ്ടപ്പെടുന്നോരെയപേക്ഷിച്ചു
നല്ല വിവേകികളധികമില്ലെന്നും
നമ്മൾമാത്രം ശരിയെന്നും ചിന്തിക്കുകിൽ
നമ്മൾ പഠിക്കില്ലീ ജീവിതത്തിൽ നിന്നും
നമ്മളേയോർത്തിരിക്കാനായിയാരെയും
നിർബന്ധമായുമോർമ്മപ്പെടുത്തവേണ്ടാ.
നിശ്ശബ്ദരായിട്ടു നാമിരിക്കിൽ അവർ
നമ്മുടേയഭാവം എത്രയെന്നോർത്തിടും
നമ്മളെല്ലാം മർത്യരായിരുന്നൂ രാജ-
നീതിയും ജാതിയും വേർപെടുത്തീടുകേം തൊട്ടുകൂടായ്മയും വർഗ്ഗീകരിക്കലും
ദാക്ഷിണ്യമില്ലാതെ നടപ്പാക്കും വരേം
നമ്മളോടൊപ്പമെപ്പോഴുമുണ്ടാകുന്ന
നല്ലോരു സുഹൃത്തിനെക്കിട്ടുകിലതാ-
ണേറെയുത്തമം, ആ മനസ്സുണ്ടാകാത്ത നൂറുസുഹൃത്തുക്കളുള്ളതിന്നേക്കാളും
നമ്മൾക്കുസന്തോഷമേകുന്നവരോടു
നന്ദിതോന്നീടണമെന്തെന്നാലവരാണ്
നമ്മുടാത്മാവിനന്നു വിടർന്നു വിലസ്സുവാൻ
നന്നായി പൂവാടി നോക്കിനടത്തുവോർ
നമ്മൾ സ്വയം നിശ്ചയിക്കും പ്രവർത്തികൾ
നമ്മളാരെന്ന കാര്യം നിശ്ചയിച്ചിടും
സംസ്കാരവും നല്ല മര്യാദയും നമ്മെ
സ്നേഹാദരങ്ങൾക്കു യോഗ്യരായ് മാറ്റിടും
നമ്മൾ വെളിച്ചത്തിലാണെന്നു വന്നിടിൽ
നമ്മളോടൊപ്പമുണ്ടായീടുമാരുമേ
അന്ധകാരം തന്നിലകപ്പെട്ടുവെങ്കിലോ
ആരുമേ ഒപ്പമുണ്ടായെന്നു വന്നിടാ.
നമ്മുടെ സംസാരമെങ്ങനാവേണമെ-
ന്നുള്ള പാഠം പഠിച്ചെന്നാലു,മാശയം
നമ്മളെപ്രകാരം വ്യക്തമാക്കുന്നുവെ-
ന്നുള്ളതല്ലോ തീരുമാനിക്ക വൈശിഷ്‌ട്യം
നമ്മുടേതാം ജീവിതം നിർവ്വചിക്കുവാൻ
നാംതന്നെയല്ലയോ ബാധ്യസ്ഥരാകുന്നു
നല്ലശീലങ്ങളോ നമ്മൾക്കു നൽകുമ-
ന്യർതൻ ഹൃദയത്തിൽ നിത്യപ്രതിഷ്ഠയും
നമ്മുടേതാം നഖവും കേശവും പോലെ
തന്നെയാം സ്വപ്നങ്ങളുമാഗ്രഹങ്ങളും
വെട്ടിക്കളഞ്ഞുവെന്നാലുമിടയ്ക്കിടെ
വീണ്ടും വളർന്നു നീളംവച്ചിടും രണ്ടും
നമ്മോടടുപ്പിച്ചു നാം പിടിക്കില്ലാ ന-
നഞ്ഞോരു ഛത്രം, നമുക്കായ് നനഞ്ഞാലും.
ബന്ധങ്ങളേയും അതേപോലകറ്റി നാം
നിർത്തിടും കാര്യം കഴിഞ്ഞു പോയീടുകിൽ
നമ്മോടു ശക്തികാട്ടീടുന്നവരേറ്റം-
നല്ല ശക്തിമാന്മാരാകേണമെന്നില്ല
കൂടുതൽ ശക്തരായുള്ളവർ എത്രയോ
കണ്ടിടാം, നമ്മൾക്കറിഞ്ഞുകൂടാത്തവർ
നല്ലകാര്യങ്ങളന്യർക്കായി ചെയ്യുന്നതാ-
വില്ലയാർക്കും വിധേയത്വമെന്നാകിലോ
ഉല്ലാസദായകം എന്നതിന്നപ്പുറം
നല്ലോരുണർവ്വു തന്നീടും മനസ്സിന്നു.
നല്ല കൂട്ടുകെട്ടിൽ നിന്നുള്ള ലാഭമാ-
കില്ലായവരിൽ നിന്നും ലഭിക്കുന്നവ.
നമ്മളെത്ര മെച്ചപ്പെട്ടവർമൂലമെ-
ന്നുള്ളതായീടണം സൗഹൃദത്തിൻ ഗുണം
നല്ലതാകുന്ന കാര്യങ്ങളെല്ലാം ഹൃത്തി-നന്തരേ നിന്നല്ലിയുത്ഭവിച്ചീടുന്നു .
ചീത്തയാം കാര്യങ്ങളാകട്ടെ,യുത്ഭവി-
ച്ചീടുന്നതോ മനസ്സിനുള്ളിൽ നിന്നുമാം.
നല്ലതിന്നെ മാത്രം കാണുന്ന കൺകളും
നീചത്വമൊക്കെ പൊറുക്കും ഹൃദയവും
നിഷേധ സ്വഭാവം മറക്കും മനസ്സും
നിങ്ങൾക്കുണ്ടെങ്കിലനുഗ്രഹ ജന്മമാം
നല്ലതോ ചീത്തയോ ആയോരു ജീവിത-
മല്ലാ നമുക്കായി നൽകിയിട്ടുണ്ടാക.
തന്നോരു ജീവിതം നല്ലതോ ചീത്തയോ
എന്നാക്കി മാറ്റുക നാംതന്നെയല്ലയോ
നല്ലതോ മോശമോ ഒന്നുമില്ലീ ഭൂവി-
ലെല്ലാമനുസൃതം, ചിന്തിച്ചിടും വിധം
ശസ്ത്രക്രിയവഴി ജീവിതം രക്ഷിക്കിൽ
കത്തി നല്ലതും, ഹത്യയാകിൽ ചീത്തയും!
നല്ലനാളേയ്ക്കായി നമ്മൾ ചിന്തിച്ചിടും
നാളെയെത്തേ ചിന്ത വീണ്ടുമതുതാനാം
നല്ലപോൽ ജീവിതമാസ്വദിച്ചീടുവാൻ
നല്ലോരു ഇന്നിനെപ്പറ്റിയാക്കൂ ചിന്ത
നല്ലബന്ധങ്ങൾ ഘടികാരത്തിൻ സൂചി
പോലെയല്ലോ ഒത്തുചേരും വെറും രണ്ടു
മാത്രകൾ നേരത്തേക്കെന്നിരുന്നാകിലു-
മാണ്ടുകൾ നീണ്ടുപോം നിർവിഘ്നമച്ചാർച്ച
നല്ല ബന്ധത്തിന്നനിവാര്യം തന്നെയാം
നല്ല ഹൃദയവും ദാർഢ്യ വിശ്വാസവും
അല്ലാതെ നല്ല ശബ്ദവും ആനനവും
അല്ല വേണ്ടീടുന്നതെന്നും അറിയേണം
നല്ലബന്ധത്തിന്നടിസ്ഥാനമായിട്ടു
നന്നായടുത്തന്യരേയറിഞ്ഞീടേണ-
മെന്നതല്ലെ,ന്നാലബദ്ധവിശ്വാസത്തെ
മാറ്റി ദിവ്യബന്ധം ശ്രിഷ്ടിക്കയെന്നതാം.
നല്ലകാലത്തൊക്കെ കയ്യുകൾ ചേർത്തൊന്നു
നന്നായ്ക്കുലുക്കുകിൽ ബന്ധം തിളങ്ങിടും
ബുദ്ധിമുട്ടിൽ, ചേർത്തു കൈകൾ പിടിക്കുകിൽ
ബാന്ധവങ്ങൾ പൂത്തുലഞ്ഞിടും നിശശ്ചയം
നല്ലതല്ലാത്ത സാഹചര്യങ്ങളേയും
നന്നായതിജീവിച്ചീടാതെയാർക്കുമേ
ആവില്ലയെത്തിപ്പെടാനായൊരിക്കലും
ജീവിതത്തിന്റെയേറ്റം നല്ലകോണിലായ്
നല്ലവർക്കും കൊടുക്കേണം മഹത്വം
നമ്മുടെ ഹൃദയമിടിപ്പുപോൽ തന്നെ
നിശ്ശബ്ദമായിട്ടവർതൻ സഹായവും
നമ്മുടെ ജീവിതത്തിൽ ലഭ്യമായ് വരാം
നല്ലവർ ചുറ്റുമുണ്ടെങ്കിൽ അതിൻ ഗുണം
നിങ്ങൾക്കവരിൽനിന്നെന്തുകിട്ടീടുന്നു
എന്നതല്ലെ,ന്നാലവർകാരണം എത്ര
നന്നായി മാറി തൻവ്യക്തിത്വമെന്നതാം
നല്ല ശീലത്തിനുണ്ടാകില്ല ദ്രവ്യത്തി-
നുള്ളമൂല്യമെന്നാലുണ്ടായിടാം പതി-
നായിരം സന്മനസ്സുള്ളോരെ നേടുവാ-
നുള്ള മൂല്ല്യം എന്നതായിടും വാസ്തവം.
നല്ലോരു ജീവിതം നയിച്ചീടുവാനായ്
നാട്യങ്ങളില്ലാതത്യാഗ്രഹം ഇല്ലാതെ,
സ്വപ്നങ്ങളേറെ കണ്ടേറെ പ്രവർത്തിച്ചു
സ്വത്വത്തെ നന്നായറിഞ്ഞീട വേണ്ടിടും
നല്ലോരു ജീവിതം ഏറെ സമ്പന്നതേം
നല്ല പ്രസിദ്ധിയും ശിക്ഷയും ആയിടാ,
കർമ്മത്തിനാലും തഥാ താഴ്മക്കുമൊപ്പം
കാരുണ്യവും കാട്ടി ജീവിക്കയെന്നതാം
നല്ലോരു ഹൃത്തുള്ളയാളേറെ സ്നേഹിക്കു-
മെല്ലാവരേയു,മെന്തും കൊടുക്കും, വിശ്വ-
സിക്കും സഹായിക്കുമൊപ്പം എന്നും മനോ-
ദുഃഖങ്ങളെല്ലാം സ്വയമേറ്റെടുത്തിടും
നല്ല ഹൃദയങ്ങൾ വേർതിരിച്ചറിയാ
നല്ലതല്ലാത്ത ഹൃത്തിന്നേയൊരിക്കലും.
വഞ്ചകർ തന്മുന്നിലെത്തിച്ചിടും സ്വന്ത-
മജ്ഞതക്കു കൊടുത്തീടവേണം മാപ്പ്.
നാട്യമില്ലാതുള്ള ജീവിതം മോഹനം;
നല്ല പാഠങ്ങളും, നന്ദി, അംഗീകാരം
ഒക്കെനേടേ, ഒഴിവാക്കിടാം പശ്ചാത്താപ-
വുംക്ലേശവും പ്രതീക്ഷയോടുള്ളിരിപ്പും
നാണയത്താൽ മാത്രമല്ലല്ലൊ മൂല്യത്തെ
നിർണയിച്ചീടുക ഐശ്വര്യമെന്നതിൻ
നൽശിക്ഷണങ്ങളും നല്ല ശീലങ്ങളും
നേടിത്തരുമല്ലോ ഐശ്വര്യമെന്നുമേ.
നാം സ്വയം തെറ്റുകൾ ചെയ്യുകിൽ മാറിടും
നാം തന്നെ നമ്മൾക്കു നല്ലോരു വക്കീലായ്
മറ്റുള്ളവർ തെറ്റു ചെയ്യുകിൽ മാറിടും
ഏറ്റവും നല്ലോരു ന്യായാധിപനായ് നാം
നിങ്ങളിന്നു ജീവിച്ചീടുന്ന ജീവിതം
നോക്കി മിഥ്യാവിചാരം കൊൾവതെത്രപേർ!
ഏതവസ്ഥേമാട്ടെ, യിന്നിൻ ജീവിതത്തിൽ
ഏറെ മോഹിക്കാതെ, തൃപ്തികാട്ടീടണം
നിങ്ങടുള്ളിലുള്ള നല്ലതിന്നെയെല്ലാം
നന്നായ്തുറന്നു കാട്ടീടുന്നവർക്കൊപ്പ-
മേറെ നേരം വ്യയം ചെയ്യേണ,മല്ലാതെ
നീറുന്ന ക്ലേശത്തെ കാട്ടോരുമൊത്തല്ല
നിങ്ങളെപ്പറ്റിയാരോടും സ്വയമൊന്നും
ന്യായീകരിക്കേണ്ടതില്ലെന്നറിഞ്ഞിടൂ
നിങ്ങളെ സ്നേഹിപ്പവർക്കില്ലതാവശ്യം
നീരസം കാട്ടുവോർ വിശ്വസിക്കേമില്ല
നിങ്ങൾ പലർക്കും വെളിച്ചം പകർന്നിടാം
നിങ്ങൾക്കുമന്യർ പ്രകാശം പകർന്നിടാം
ഭൂവിൽ വെളിച്ചം നിലനിൽക്കുന്നോളമു-
ണ്ടാവുമീയാശയും മാർഗ്ഗവും ഒന്നുപോൽ
നിത്യവും നമ്മുടെയുള്ളിന്റെയുള്ളിലായ്
സത്യ,മസത്യമെന്നീ രണ്ടു മൂരികൾ
ഏർപ്പെടും യുദ്ധത്തി,ലേതിനായീടുമോ
ഏറെ ഭോജ്യം ലഭി,ക്കതിന്നാകും ജയം
നിത്യവുമുണ്ടാകും നിസ്സാരകാര്യങ്ങൾ
നാടകീയമായതായ്മാറ്റാൻ ജീവിതം.
നിസ്സാരമായിടും കാര്യങ്ങളിൽ പോoലും
നേട്ടമുണ്ടാക്കി രസിച്ചിടൂ ജീവിതം
നിത്യവുമെന്നപോൽ നാംചെയ്തിടുന്ന പ്ര-
വർത്തികൾ രൂപപ്പെടുത്തിടും ജീവിതം
പ്രാവർത്തികമാക്കീടതിന്നാലേ പ്രതി-
പത്തിയും, ശാന്തിയും, നന്ദി, കാരുണ്യവും
നിന്ദയെന്നാലോ വിഴുപ്പിന്നു തുല്യമാം
നിഷ്‌കാസനം ചെയ്യണം നിശ്ചയമായും
മാപ്പു പ്രകടിപ്പിക്കിൽ അതോ ശക്തിയാം
മാറ്റുള്ള സ്നേഹം വെളിച്ചമാം, പങ്കിടൂ
നിന്ദിച്ചിടാതെ നോക്കേണമന്യർ നമ്മെ-
യെന്നിരുന്നാലും ദയാലുവായീടണം.
വിശ്വസിക്കൂയന്യരേയെന്നിരിക്കിലും
വഞ്ചനക്കധീനപ്പെടാതേ നോക്കണം.
നിന്ദ്യമായിപ്പെരുമാറുന്നയാൾക്കാരെ
ശ്രദ്ധിച്ചിടാ തഥാ പാരുഷ്യം കാട്ടോരെ
മാറ്റിനിർത്തൂ, നമ്മെ താഴ്ത്തി കെട്ടാനായ്ശ്ര-
മിക്കുവോരോടു ദൃഢമായ്പ്പെരുമാറൂ
നേരല്ലാതേയുദ്ധരിക്കുന്നൊരു വ്യാഖ്യാ-നങ്ങൾ ക്ഷമയോടും ശ്രദ്ധയോടുംകൂടി
കേൾക്കുവാനാകിലതിന്നർത്ഥമായിടും
പാകമെത്തിയോരു വ്യക്തിയാണു നിങ്ങൾ
നിർത്തുവാനാകില്ല വർഷത്തെ ഛത്രത്തി,-
നെങ്കിലും വൃഷ്ടിയിൽ നിൽക്കാനുതകീടും
വിശ്വാസമെപ്പൊഴും കൈവരിക്കാ ജയം
വേണ്ടയൂർജ്ജം തന്നിടുമെന്തും നേരിടാൻ
നിർത്തിടാ നിസ്സാര കാര്യത്തെചെയ് വത-
ന്യർക്കു സഹായമായ്മാറുന്നവയെങ്കിൽ
സംഭവ്യമാകാമവർതൻ മനസ്സുകൾ
സ്വായത്തമാക്കിടാമത്തരം ചെയ്തികൾ
നിർവ്വചിക്കും നമ്മെ രണ്ടുകാര്യങ്ങളാൽ;
നമ്മളെത്ര ക്ഷമാശീലരാ,ണൊന്നുമേ
ഇല്ലാത്തവസ്ഥയിൽ എന്നതും, രണ്ടാമ,-
തെല്ലാം നമുക്കുള്ളകാലത്തെ ഭാവവും
നിര്‍വ്യാജമാകുമാഹ്ലാദം സുനിശ്ചയം
മർത്യനിൽ സൃഷ്ടിച്ചിടും വിവേകം ദയ-
യിത്യാദി നന്മയേറും ഗുണങ്ങൾ തഥാ
അന്യരോടൊത്തു ഭാഗിക്കുമാഹ്ലാദവും.
നിശ്ശബ്ദതപോലും സ്വീകരിക്കപ്പെടും
വിശ്വാസമുണ്ടെങ്കി,ലല്ലെങ്കിലോ ഫലം
വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുമല്ലോ,
വിശ്വാസമാണു ബന്ധങ്ങൾക്കു കാരണം
നിശ്ശബ്ദതയുമതുപോലെ പുഞ്ചിരീം
നിസ്സംശയം രണ്ടു ഈടുറ്റ വാക്കുകൾ
നിശ്ശബ്ദതയൊഴിവാക്കും കലഹത്തെ
നിസ്സാരമാക്കും കലഹത്തെ പുഞ്ചിരി
നിശ്ശബ്ദതയും ക്ഷമയുമൊരേപോലെ
നിസ്സംശയം രണ്ടു ഊർജ്ജത്തിനുത്ഭവം
നിശ്ശബ്ദത ബുദ്ധിക്കേകീടവേയൂർജ്ജം
നിസ്‌തുലമാം ക്ഷമക്കുണ്ടാം വികാരവും
നിശ്ശബ്ദമാകും മണി ആരും മുഴക്കാ-
നില്ലയെന്നാലതേപോലാണു പാട്ടിനും
ഈണമുണ്ടാകില്ല ആരുമേ പാടുവാൻ
ഇല്ലയെന്നാലതിന്നാൽ തുറക്കൂ മനസ്സ്
നിസ്സഹായനായ്മാറിപ്പോകുന്നു മർത്യൻ
നീറിടും ക്ളേശത്തെ പങ്കിടാതെവന്നാൽ
സന്തോഷമേറ്റുവാങ്ങാനായില്ലെങ്കിലും
എന്തുതന്നായാലുമൊന്നേ ഫലമല്ലോ!
നീണ്ടതല്ലാത്തൊരീ ജീവിതത്തിലൊട്ടും
വേണ്ടാ പ്രതീക്ഷയും ഖേദവും ക്ലേശവും
ആവശ്യമാമെന്നാൽ പ്രത്യുപകാരവും
അഭ്യാസവും സമ്മതവും തീർച്ചയായും
നീറുന്നയാമാശയത്തിൽ ഉദിച്ചിടും നാളങ്ങളേറ്റോരു മനസ്സിൻ സംഭ്രമം
എപ്രകാരം അറിഞ്ഞീടും ഉദരാർത്തി
എന്തെന്നതൊട്ടും ഗ്രഹിക്കാത്തയാളുകൾ?
നീളുന്നയാത്രയെപ്പോലല്ലി ജീവൻ മ-
നുഷ്യത്വത്തിന്നും മനുഷ്യന്നുമിടക്കായ്
ഓരോപദം ദിനംതോറും എടുത്തിടൂ
ദൂരമുൾക്കൊള്ളുന്നതിന്നായി യാത്രതൻ.
നീളുന്ന വീഥി നേരുള്ളതാണെങ്കിലോ
നാളുകൾ ഏറെയെടുത്തുവെന്നാകിലും
ആളൊരുമ്പെട്ടിറങ്ങിച്ചെന്നാലെത്തിടും
പാളിച്ചയൊന്നുമേയില്ലാതെ ലക്ഷ്യത്തിൽ
നെഞ്ചിടിപ്പിന്നെയും കാലത്തെയും ഭാഗ-
ധേയത്തെയും ജീവിതത്തെയും നമ്മൾക്കു
ബന്ധിക്കാനായിടായെങ്കിലും സാധ്യമാം
ബന്ധിക്കുവാൻ നല്ല ബന്ധങ്ങളേയൊക്കെ
നെഞ്ചിൽ ജ്വലിക്കും മനഃസ്സാക്ഷിയെന്ന
ദിവ്യമാകും കണം കാത്തു സൂക്ഷിക്കുവാൻ
നന്നായ്പ്രയത്നിക്ക വേണം അനുസ്യൂത-
മൊന്നുമാ തീരുമാനത്തേയിളക്കിടാ
നേടിടൂ നല്ലബന്ധങ്ങൾ, ഒഴിവാക്കൂ
നല്ലതല്ലാത്തവ,ചൊല്ലിടുമീലോകം
ആരുമേ പൂർണ്ണതയോടെ ജനിച്ചിടാ
ആരിലേം നന്മകാണൂ വിടൂ തിന്മകൾ
നേടീടുവതിന്നായ് മതിപ്പാരുടേയും
നിങ്ങൾ ശ്രമിച്ചീടവേണ്ടതില്ലല്ലാതെ,
നിങ്ങളേയംഗീകരിക്കുന്നവർക്കൊക്കെ
നിങ്ങളോടുണ്ടാം മതിപ്പു ധാരാളമാം
നേടുവാനാഗ്രഹിക്കുന്നതിന്നെപ്പറ്റി
നിങ്ങൾക്കുമുണ്ടായിരിക്കണം ചിന്തനം
സ്നേഹാദരങ്ങൾ പ്രതീക്ഷിച്ചിടുന്നവർ
സ്വായത്തമാക്കാനവയേകേണമാദ്യം
നേട്ടമുണ്ടാക്കുവാൻ സ്വപ്‌നം കണ്ടീടുകിൽ
നിങ്ങൾ ചെറുപ്പമാം പ്രായം മറന്നിടൂ
തീഷ്ണമായീടും കടമ്പകൾ ഓരോന്നു
താണ്ടിയേ കൃത്യനേരത്തിലേക്കെത്തിടൂ.
നേതൃത്വമെന്നതായീടാ വെറും സ്ഥാന
നാമമോ ഉദ്യോഗനാമനിർദ്ദേശമോ,
സ്വാധീനവും ശക്തിയും പ്രാഭവവുമുദ്-
ബോധനത്തിന്റെയും കൂട്ടായ്മയാകണം
നേതൃത്വമെന്നതായീടേണമെന്നില്ല
നല്ലപോലേ നയിച്ചീടുവാനായ്മാത്ര-
മുള്ളോരു ശേഷി,യെന്നാലതാകും കൂടെ-
യുള്ളോരെയും പ്രാപ്തരാക്കെന്ന പാടവം
നേത്രവും പൂട്ടി വിശ്വാസമർപ്പിച്ചിടു-
ന്നോരും ശരിയാം വിധം ഗ്രഹിപ്പവരും
തമ്മിലുള്ള ബന്ധമായീടുമേറ്റവും
സാമ്മോഹനമാകും ബന്ധമെന്നോർത്തിടൂ
നേരത്തെയാക്കൂ ഉറങ്ങിയെഴുന്നേൽക്ക
ആരോഗ്യവും വിവേകവും ഒന്നുപോലെ
സമ്പന്നമായിടും ബുദ്ധിമുട്ടില്ലാ,തു-
റപ്പുള്ള കാര്യമാം തർക്കമില്ലേതുമേ
നേരല്ലാതേയുദ്ധരിക്കുന്നൊരു വ്യാഖ്യാ-
നങ്ങൾ ക്ഷമയോടും ശ്രദ്ധയോടും കൂടി
കേൾക്കുവാനാകിലതിന്നർത്ഥമായിടും
പാകമെത്തിയോരു വ്യക്തിയാണു നിങ്ങൾ
നേരായ തീർപ്പിരട്ടിയാക്കിടെ സ്വന്തം
കാര്യങ്ങളെ, തെറ്റാം തീരുമാനത്താലെ
വർദ്ധിച്ചിടും പരിജ്ഞാനം അതിന്നാലെ
വ്യാകുലപ്പെട്ടിടാ, യത്നം തുടർന്നിടൂ
നേരായ ബന്ധമൊക്കേ ജലത്തിൻസമം
നോക്കുകിൽ വർണ്ണമില്ലാ ഗന്ധവുമില്ലാ,
ആകാരവുമുണ്ടാ സ്വാദുമേയില്ലെന്നാൽ
ആ ബന്ധമൊക്കെയും ജീവിതഗന്ധികൾ
നേരായ മാർഗനിർദ്ദേശം ഗുഹയിൽ വ-
ച്ചോരു നേർത്തവെട്ടത്തിൻസമമായിടും
കാണ്മതില്ലെങ്കിലും എല്ലാമൊരുമിച്ചു,
കാട്ടിടും വെട്ടം അടുത്ത നീക്കത്തിനായ്
നേരായവീക്ഷണം ഉണ്ടെങ്കിലാരുമേ
നേരിയ ശങ്കയുമില്ലാതീ ലോകത്തെ
സ്നേഹിച്ചിടുമതേപോൽതന്നീലോകവും
സ്നേഹിക്കുമാരെയും, നാക്കുനന്നാകു കിൽ
നേരിട്ടു കണ്ടീടുവാനായ്‌ക്കഴിയും സൗ-
ന്ദര്യമായീടൊലാ ആവശ്യമാർക്കുമേ
ചാരുത്വമേറിടും, സ്നേഹം, ദയ, കൂറും
മര്യാദയും സത്യസന്ധതേം കാട്ടുകിൽ
നേരുള്ളയാളുമായ് യോജിച്ചു പോവതാം
നേരായ മാർഗ്ഗ,മല്ലാതേറെ തെറ്റുകൾ
കാട്ടുന്നയാൾക്കാരുമായിട്ടധികം തർ-
ക്കിച്ചുമുന്നോട്ടുപോയീടുന്നതാവില്ല
നേരീടവേണം ക്ഷമകാട്ടിയെന്നുമേ
നമ്മെബാധിച്ചിടും പ്രശ്നങ്ങളൊക്കെയും
കണ്ടിടും തീർച്ചയായിട്ടും പരിഹാരം
കാരണം ശക്തിയല്ലോ ക്ഷമാശീലവും
നേരെന്നു നാം ധരിച്ചീടുന്ന വീഥിയിൽ
നമ്മൾ നടക്കണം കാരണം നമ്മളാം
നമ്മുടേതാകും ഇതിവൃത്തനാടകേ
നമ്മേ നയിക്കുവാൻ പറ്റിയ വ്യക്തികൾ
നൊമ്പരം ഏകിടും തെറ്റുകൾ, എങ്കിലും
നാളുകൾ നീങ്ങീടെ തെറ്റുകൾ തന്റെയാ
നൊമ്പരക്കൂമ്പാരമേറെപ്പരിജ്ഞാനം
നേടിത്തന്നീടുമെന്നുള്ളതാം വാസ്തവം.
നൊമ്പരം നിങ്ങൾക്കു തോന്നുന്നുവെങ്കിലോ
നിങ്ങൾക്കുറപ്പാക്കിടാം ജീവനുണ്ടെന്നു.
അന്യർ സഹിക്കുന്ന നൊമ്പരം നിങ്ങൾക്കു-
മന്യമല്ലെങ്കിലോ നിങ്ങൾ മനുഷ്യനാം
നോക്കീടെയേറെസമ്പത്തിന്നുടയോരേ
നേടാമെന്നുതോന്നും നിങ്ങൾക്കുമേറെ
എങ്കിലോ, ഇല്ലാത്തവനേ നോക്കീടുകിൽ
ഏറെനേടി നിങ്ങൾ എന്നതും തോന്നിടും
നോക്കൂതിരിഞ്ഞൊന്നു, നേടൂപരിജ്ഞാനം
നേരിട്ടുനോക്കീട്ടു, നേടിടൂ പ്രത്യാശ
നോക്കിടൂ ചുറ്റുമേ, കണ്ടിടൂ വാസ്തവം,
നോക്കിടൂ ഉള്ളിൽ, മനസ്സിലാക്കു സ്വയം
ന്യായമാം കാര്യങ്ങളെന്നുമെപ്പോഴുമു-
ണ്ടായെന്നു വന്നീടുകില്ലെന്നറിഞ്ഞിടൂ
സാധ്യമായീടുന്ന കാര്യങ്ങളെപ്പൊഴും
സത്യമുള്ളതായിരിക്കേണമെന്നില്ല
ന്യായമല്ലാതുള്ള കൃത്യങ്ങളൊക്കെയും
ചെയ്യുന്നതെക്കാളും ഭേദമാണൊന്നുമേ
ചെയ്യാതിരിക്കുകിൽ,കാരണം, നാമെന്തു
ചെയ്തുവെന്നാലതെല്ലാം നമുക്കുമാത്രം
ന്യായാധിപന്മാരുടെ മുന്നിലെത്തീടു-
ന്നയോരോവാദിക്കുമെന്നപോലേതന്നെ
ഓരോ പ്രതിക്കും അറിവുണ്ടാകും സത്യം
ഒന്നുമേയറിയാത്തതോ ന്യായാധിപന്ന്
നൈസര്‍ഗ്ഗികമായി പുഞ്ചിരിക്കും മുഖം
നല്ലയൊരൗഷധമായിടും നിശ്ചയം
പാർശ്വഫലമൊന്നുമുണ്ടായിരിക്കില്ല
നിസ്സംശയമതിനെന്നതും നേട്ടമാം9
പ
പങ്കു വക്കേണമെന്നില്ല എല്ലാം തന്നെ
'ചങ്കു'സുഹൃത്തുക്കളുമായിട്ടെന്നാലോ
പങ്കുവക്കുന്നവയെല്ലാം തന്നെ കലർ-
പ്പില്ലാത്ത കാര്യങ്ങളെന്നുറപ്പാക്കണം
പക്ഷം വിരിച്ചാലേ ബോധ്യമായീടുള്ളു
പാറിപ്പറക്കുവാനായ് കാതമെത്രെന്നു
സ്വന്തമായുള്ള ഗ്രാഹ്യമല്ലാ ജീവിതം
സ്വന്തമായ് സൃഷ്ടിച്ചെടുക്കെന്നതാകണം
പണ്ടു വേദനിപ്പിച്ചോരേ മറന്നിടാം
വേണ്ടുവോളം സ്നേഹമേകിയോരെയോർക്കാം
ഇന്നലെക്കരയിച്ച കാലം മറക്കാം
എന്നും ചിരിക്കുവാനായി ശ്രമിച്ചിടാം
പണ്ടൊക്കെ നമ്മൾക്കു ശ്രദ്ധയേകിയോർക്കു
വേണ്ടത്ര ശ്രദ്ധ നൽകീടുന്നതാദരം
ജീവിതത്തിന്നേറെ വര്‍ണ്ണപ്പകിട്ടേകാ-
നാവതുള്ളോരുമായ് ബന്ധമുണ്ടാക്കിടൂ
പശ്ചാത്തപിച്ചിടാം തെറ്റുചെയ്തീടുകിൽ
വിശ്വാസലംഘനം കാട്ടി ഖേദിച്ചിടാ
മാപ്പേകി തെറ്റുക്ഷമിക്കാനെളുപ്പമാം
മാപ്പേകിവിശ്വസിക്കാനെളുപ്പമാകാ.
നിർമ്മലത്വമേറ്റമുള്ളോരു മാനസം
തീർത്തും വിശുദ്ധമാം ദേവാലയംസമം
പുഞ്ചിരിതൂകും വദനത്തെക്കാളേറെ
പുഞ്ചിരിക്കുന്ന ഹൃദയമഭികാമ്യം.
പരീക്ഷിച്ചീടാ മഹത്വമുള്ളാരെയും
ഒരിക്കൽ പോലുമേ, വൈര്യതുല്യമവർ
തെന്നിമാറി പോകും ഇടിക്കിൽ, പൊട്ടില്ല
എന്നേക്കും നിങ്ങളിൽനിന്നകന്നേപോകും
പറന്നീടുവാനാഗ്രഹിക്കുന്നുവെങ്കിൽ
മറക്കേണ്ടതായ്‌വരും ഭാരിച്ചതെല്ലാം
കണ്ടുവേണം പഠിക്കാനായി പക്ഷിയേ
കൊണ്ടുപോകാറില്ലയൊന്നുമവയെങ്ങും
പാതയേ വേണ്ടാചില യാത്രക്കതിന്നു
പാകപ്പെട്ടോരു മനസ്സുമാത്രം മതി
തോൽവിയെന്നാൽ ജയത്തിന്നെതിർ വാക്കല്ല-
തെന്നാൽ വിജയത്തിൻ ഭാഗമായിമാറും
പാലവും ഭിത്തിയും നിർമ്മിച്ചിടാനൊരേ-
പോലുള്ള വസ്തുക്കളാണു ചേർത്തീടുക
ആൾക്കാരെ തമ്മിൽ അടുപ്പിച്ചിടെ പാലം
ആരെയും ഭിത്തി ഭിന്നിപ്പിച്ചു നിർത്തുന്നു
പാഴായിടും സ്നേഹമില്ലാത്തയാദരം
പ്രത്യാശയില്ലാത്ത സ്നേഹമനുയോജ്യം
ആത്മാർഥതയില്ലേൽ ഭാഗ്യഹീനം സ്നേഹം
താത്‌പര്യമില്ലാത്ത സ്നേഹം മടുപ്പിക്കും
പുഞ്ചിരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടു
പ്രശ്നങ്ങളില്ലെന്നുറപ്പാക്കിടുന്നോരെ
കൈവിടാ, കൂടെനിർത്തീടവേണം തീർച്ച,
കിട്ടാനെളുപ്പമല്ലത്തരം ചാർച്ചകൾ
പുഞ്ചിരിക്കേ മുഖപേശി വിടർന്നിടും
പ്രാർത്ഥിച്ചിടേ മനോഭാരം കുറഞ്ഞിടും
തീർക്കും മനോബലം പൊട്ടിച്ചിരിക്കിലി-
തെല്ലാം പൊലിപ്പിച്ചിടും നല്ല ജീവിതം
പുത്തനാമുൽപ്പത്തിയോരൊയുഗത്തിലും
പണ്ടത്തെ സമ്പ്രദായത്തെച്ചെറുത്തിടും
ഒപ്പം മതാനുസാരമായിപ്പുത്തനാം
സമ്പ്രദായത്തെപ്പുകഴ്ത്താൻ മറന്നിടാ
പുസ്തകത്തേയപേക്ഷിച്ചേറെ ശിക്ഷണം
പ്രസ്താവമേകീടുമെന്നതാം വാസ്തവം
വ്യക്തിയിൽക്കൂടല്ല ശീലിച്ചറിഞ്ഞല്ലി
വിദ്യ സ്വയം നേടിടേണ്ടതെന്നോർത്തിടൂ.
പൂവാടി തന്നിലേ റോസാച്ചെടിയേപോൽ
പൂത്തുലഞ്ഞീടുവാനാഗ്രഹം തോന്നുകിൽ
സ്വായത്തമാക്കീടണം നിങ്ങളാദ്യമായ്
സൂത്രത്തെ മുൾച്ചെടിക്കൊപ്പം വിഹരിക്കും
പൂവിന്റെ ചന്തത്തിനാലല്ല, പൂമ്പാറ്റ
പൂവിലെത്തീടുക, തേനുണ്ണുവാനല്ലൊ.
നല്ലോരു മനസ്സുണ്ടേലാരെയും തേടി
നന്മയെത്തും, അതേപോലെന്നറിഞ്ഞിടൂ
പൂർണ്ണരാവില്ലാ ചിലകാര്യങ്ങളിൽ നാം
പൂർണ്ണമാവില്ല നാമില്ലയെങ്കിൽ മിക്ക
കാര്യങ്ങ,ളെങ്കിലും നമ്മൾക്കു നല്ലപോൽ
ചേരുംവിധം പോകയായീടുമുത്തമം
പൂർണ്ണവിവസ്ത്രരായ് സഞ്ചരിക്കാനാകും
പച്ചപ്പരമാർത്ഥങ്ങൾക്കെവിടേയും
പച്ചക്കളവിന്നായീടട്ടെ വസ്ത്രം ധ-
രിച്ചേ നടക്കുവാനാകുള്ളുവെങ്ങുമേ!
പേടിക്ക വേണ്ടില്ല നേരിന്റെ പിന്നാലെ
പോകാ,നുപദ്രവിക്കില്ലായതാരെയും
നമ്മേയുപദ്രവിച്ചീടുന്നതാവട്ടെ
നാംസ്വയം വഞ്ചിക്കയെന്നതും മൗഢ്യമാം
പേടിയും ഭീരുത്വവും ഒരു വ്യക്തിയിൽ
പൊട്ടിപ്പുറപ്പെടാമശ്രദ്ധ കാരണം
പേടിയെന്താണെന്നറിയാത്തോരാകട്ടെ
പെട്ടെന്നവർ തന്റെലക്ഷ്യത്തിലെത്തിടും
പേനയ്ക്കറിയാ തന്നെക്കൊണ്ടെഴുതിക്കും
പാണിതൻ നാഥന്റെ മനസ്സിന്നുള്ളിലെ-
ച്ചിന്തയെന്താകുമെന്നുള്ളതെന്നാൽ പേന
സ്വന്തം അകക്കാമ്പിനാലേയെഴുതീടും
പോരാട്ടമോരോന്നുമേകി സംഭാവന
പാകപ്പെടുത്തുവാൻ നിങ്ങളേയിവ്വിധം
നേരിട്ട ബുദ്ധിമുട്ടൊക്കെയും തന്നുടെ
വീര്യത്തെയുത്തേജിപ്പിക്കാനുതകീടും
പോയകാലത്തെ രൂപാന്തരപ്പെടുത്താ-
നായിടാ, തിരുത്തീടാനും മറക്കാനും,
മായിക്കുവാനും, മറിച്ചു സ്വീകരിക്കാ-
നായിട്ടുമാത്രമേ പോംവഴിയുണ്ടാകു
പോയകാലത്തിലെക്കേടുപാടുകൾ ഒ-
ക്കെയും നന്നാക്കുന്നതിനായ്ശ്രമിച്ചിടാ
സാധ്യമാകില്ലതെന്നാൽ ഭാവികാലത്തെ
സ്ഥാപിച്ചെടുക്കാമതിന്നു ശ്രമിച്ചിടൂ
പോയകാലം പാഴ്ക്കടലാസ്സുപോൽ, ദിന-
പ്പത്രം സമം വർത്തമാനം, ഭാവി ചോദ്യ-
പേപ്പറും, വായിക്കു പഠിക്കൂ, ടിഷ്യുപേ-
പ്പർസമം ജീവിതം പാഴായിപോകാതെ
പോയദിനങ്ങളിലേക്കു തിരിച്ചിനീം
പോകുവാനായിടായാർക്കുമൊരിക്കലും
ആവില്ല നാളയെപ്പറ്റി പ്രവചിക്കാൻ
ജീവിച്ചിടേണമിന്നേക്കുവേണ്ടി മാത്രം
പോയമാർഗ്ഗങ്ങളും വന്നബന്ധങ്ങളും
പോയോരുകാലവും വന്നദുഃഖങ്ങളും
എങ്ങനാകേണ, മായിക്കൂടയെന്നുവേ-
റെങ്ങും പഠിക്കാത്ത പാഠങ്ങളായിടും
പോർവിളിക്കെത്തുകിൽ,
മറ്റുള്ളവരോടയ്
ഓർത്തിടൂ നഷ്ട്ടമായ് മാറീടുമാ ദിനം
പോർവിളിച്ചീടുക തന്നോടുതന്നെയോ?
തീർച്ചയായും നേട്ടമെല്ലാ ദിവസ്സവും
പ്രതീക്ഷകളൊന്നും തന്നെയുള്ളിലൊതു-
ക്കാതെയാവാഹിച്ചിടൂ ഭാവിയെയുള്ളിൽ
ഓര്‍ത്തുഖേദിക്കാതെയൊന്നിനേപ്പറ്റിയും
നിർഗ്ഗമിപ്പിക്കവേണം ഭൂതകാലത്തെ.
പ്രത്യാശ ദുസ്സഹാധ്വാനത്തിലർപ്പിക്കി-
ലെത്രയോ പുത്തൻ വഴികൾ കണ്ടെത്തിടാം
കാര്യസിദ്ധിക്കൊരാരംഭമുണ്ടായിടും
തീരുമാനം എടുക്കേ ശ്രമിച്ചീടുവാൻ
പ്രത്യാശയിലേറ്റി ഊയലാടിക്കുന്ന
പാശമാകും ജീവിതമെന്നറിഞ്ഞിടൂ
ഇന്നലേയോ നാളയേയോ അപേക്ഷിച്ചു
ഇന്നേറെ നന്നായിരിക്കുമെന്നൂഹിക്കു
പ്രത്യാശയെന്നതാകും പുതുക്കീടുവാൻ
പ്രാപ്തിയുള്ളോരു കാര്യം, സംശയമില്ലാ.
പ്രത്യാശ തീർന്നിടിൽ ദിനാന്ത്യമായിടേ,
പിറ്റേന്നു രാവിലേ പുതുക്കാനായിടും
പ്രത്യാശയെന്നതായീടുമാർക്കും ഏറെ
ശക്തി പ്രദാനമേകീടുന്നൊരു കാര്യം.
ആശയെന്നൊന്നില്ലയെങ്കിൽമനുഷ്യന്റെ
ആയുസ്സിനെത്രയുണ്ടാം ദൈർഘ്യമോർത്തിടൂ
പ്രത്യാശയെന്നാൽ പ്രവര്‍ത്തിക്കുവാനു ള്ള
ചൈതന്യമാകുമല്ലോ, ജീവിതത്തിന്റെ-
യേതോരു കോണിലും ദീപ്തിയെത്തിച്ചിടും,
പ്രത്യാശ കൈവിടാതേവരും ജീവിക്കു.
പ്രത്യാശയെന്നും മനുഷ്യരാശിക്കുള്ള
പാരിതോഷികം പോലെന്നറിഞ്ഞീടണം
ഇന്ദ്രജാലം പോൽ പ്രചോദനം നൽകിടും
മുന്നോട്ടു പോകുവാനായ് ശ്രമിച്ചീടുവാൻ
പ്രത്യാശ സാഹചര്യങ്ങളെ സൃഷ്ടിക്കെ
വാതായനങ്ങളേയും തുറന്നുതരും
പ്രതീക്ഷകളിൽനിന്നും മുക്തമാകുന്ന
പ്രത്യാശ തന്നിടും തൃപ്തിതൻ തോന്നലും
പ്രത്യാശ സൂക്ഷിച്ചീടെന്നും ഹൃദയത്തിൽ
കാത്തിരിപ്പിന്നൊടുക്കം വന്നിടും ഗുണം
എത്രമാത്രം കുറയ്ക്കുന്നോ എതിർപ്പുകൾ
അത്രകണ്ടുണ്ടായിടും ശാന്തി ജീവിതേ.
പ്രത്യുത്തരം നൽകുകെന്നതാകും ശക്തി-
മത്തായയായുധം ഏതോരു ഹൃത്തിനും
ആത്മാർത്ഥമായി നമ്മെപ്പറ്റിചിന്തിപ്പോർ-
ക്കുത്തമ പ്രത്യുത്തരം കൊടുത്തീടണം
പ്രവൃത്തിയെക്കാൾ വലുതാകാ പാടവം
പാടവം തോറ്റുപോകുന്നിടത്തൊക്കെയും
പ്രവൃത്തി കൈവരിക്കുന്നതായി കാണാം
പിന്നെയും പിന്നെയും കേമമാകും ജയം
പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതൊപ്പം
പ്രശ്നത്തെനേരിടുവാൻ മനസ്സുള്ളോരെ
തേടുന്നതായിരിക്കും ബുദ്ധിയെന്നതിൽ
തെല്ലുമേ സംശയം വേണ്ടതില്ലാർക്കുമേ
പ്രശ്നങ്ങളെനമ്മൾ നേരിടുംപോലെയാം
ക്ളേശങ്ങളുണ്ടായിടുന്നതും, ഓർക്കണം
മാറ്റുകിൽ നാം കാട്ടിടുന്ന സമീപനം
മാറിടും ക്ളേശങ്ങളൊക്കെയും നിശ്ചയം
പ്രശ്നങ്ങളൊക്കെപ്പറഞ്ഞുതീർക്കെന്നതും
പാഠങ്ങളൊപ്പം പഠിച്ചീടുകെന്നതും
പ്രായോഗികമായിട്ടുള്ളനേട്ടത്താലെ
പ്രാപ്തനായ് മാറെന്നതും ജീവിതധർമ്മം.
പ്രശ്നങ്ങളെപ്പുഞ്ചിരിയാലേ നേരിടൂ
പ്രത്യക്ഷമായുള്ള മനോവൃത്തിയോടും.
പ്രശ്നത്തിനുണ്ടായിടാ മാറ്റമെന്നാൽ രൂ-
പാന്തരംനേരിടും നേരത്തുണ്ടായിടാം
പ്രാധാന്യമിത്തിരി സ്വയമേകെ വല്ല- പ്പോഴൊക്കെയും, സ്വാർത്ഥതയാകാ ഓർത്തിടൂ.
സ്വസ്സമാധാനത്തിനാവശ്യമാമതും
സ്വീകാര്യമന്യർക്കതാവില്ലയെങ്കിലും
പ്രായമങ്ങേറിവന്നീടവേ ജീവിതം
പ്രായേണ നമ്മേ വിനീതരായ് മാറ്റിടും
ഒപ്പം മനസ്സിലാക്കീടുവാനുമാകും
ഒട്ടേറെ നേരം നാം പാഴിലാക്കിയെന്നും
പ്രായമാകാ നിയന്ത്രിക്കുവാനോ മാപ്പ-
പേക്ഷിക്കുവാനുള്ള ഹേതുവോ, ഓർത്തിടൂ
പ്രായം പതിനാറോ എണ്പതോ ആട്ടെ ,സ്വ-
പ്നംകാണ്മതുനിന്നാൽ പ്രായമായെന്നതാം
പ്രായമായെന്നോരു ചിന്തയേയില്ലാതെ
പ്രശ്നങ്ങൾ നേരിടിൽ നിശ്ചയം ആർക്കുമാ-
കേണമെത്തീടുവാനേതു ലക്ഷ്യത്തിലും,
കാണുവാനായിപ്പുതിയ സ്വപ്നങ്ങളും.
പ്രായമേറീടുന്നവർതന്റെ വാക്കുകൾ പ്രീതിപ്പെടുത്തുവാനായല്ലയാരെയും,
തെറ്റുചെയ്യുന്നതിൽശീലമേറെയുള്ളോർ
തീർത്തും അവർതന്നെയെന്നതാം കാരണം
പ്രായമേറീടവേ ബന്ധങ്ങളും ശക്തി
പ്രാപിക്കുമെന്നതോ ലോകസത്യമല്ലോ
അന്യോന്യമുള്ളോരു ധാരണയുമൊപ്പം
സന്നദ്ധതയും ബന്ധങ്ങൾ ഉറപ്പിക്കും
പ്രായമേറുമ്പോൾ മനോഹാരിത പോകാ,
പോയീടുമെന്നാൽ ഹൃദയത്തിന്നുള്ളിലായ്
പുഞ്ചിരിക്കും മുഖം സൗന്ദര്യ പൂരിതം,
പുഞ്ചിരിച്ചിടും ഹൃത്താഹ്ലാദ പൂരിതം
പ്രായമേറേ വ്യക്തമാകുമാർക്കും നാട-
കീയതക്കും മത്സരത്തിനും പോകൊലാ.
സൗകര്യമുള്ളോരു വീടുമാഹാരവും
ശ്രദ്ധയുള്ളോരുമൊപ്പമുണ്ടേൽ സന്തോഷം
പ്രായം മറന്നാസ്വദിച്ചിടൂ ജീവിതം
പാഴാക്കിടാ ചിരിക്കാനുള്ള യോഗത്തെ
സ്നേഹിച്ചിടൂ സത്യസന്ധമായി മാത്രം
സ്വാർത്ഥനായീടാതെ കാരുണ്യവാനായി
പ്രോത്സാഹനമേകൂ വിമർശകനാകാ
മാത്സര്യമാകാ സഹായ ഹസ്തമേകൂ
മെച്ചപ്പെടുത്താം ക്ഷമാപണമായിടാ
മെച്ചപ്പെടുത്തിടൂ ഓരോ ദിവസ്സവും
ബ
ബന്ധങ്ങളറ്റുപോകാതേയിരിക്കുവാൻ
അന്ധനായും ചിലപ്പോൾ ഊമയായിട്ടും
മറ്റുനേരത്തോ ചെവി കേട്ടീടാത്തോനു- മായിമാറ വേണ്ടും ബോധപൂർവ്വ,മോർ ക്കു
ബന്ധങ്ങളൊക്കെയും പക്ഷികൾതുല്യ മാം
ചത്തുപോയീടാം മുറുക്കെപ്പിടിക്കുകിൽ
പാറിപ്പറന്നു പോയീടാമയച്ചിടേ
ഏറെശുശ്രൂഷിച്ചാലൊപ്പമുണ്ടായിടാം
ബന്ധങ്ങളും ബന്ധനങ്ങളും ചേരുകിൽ
അന്ധകാരത്തിലായ് പോയിടും ജീവിതം
കാര്യമേയില്ലതിൽ വ്യാകുലപ്പെട്ടിട്ടു
കാര്യമാക്കാതെ ജീവിക്കാൻ പഠിക്കണം
ബന്ധത്തെ ബാധിക്കാ ദൂരം ഒരിക്കലും
ബന്ധമുണ്ടാക്കതും സാമിപ്യമാകില്ല.
അന്യോന്യമാദരിക്കൂ കൊടുക്കൂ ശ്രദ്ധ
എന്നാകിലുണ്ടാകുമുറപ്പുള്ള ബന്ധം.
ബന്ധം ഉറപ്പിച്ചിടുന്ന സ്തംഭങ്ങളാം
പ്രത്യാശയും സത്യവുമെന്നറിയേണം
വിശ്വാസമില്ലാത്തയാളിനോടു നിങ്ങൾ
വാസ്തവം ചൊല്ലുവാനായും മടിച്ചിടും
ബന്ധുത്വമെന്നതുദ്യാനതുല്യമല്ലോ
സൗന്ദര്യമുളളതായ്മാറും നനയ്ക്കുകിൽ
ആലിംഗനവും ഉന്മേഷവും സ്നേഹവും
ആവോളമേകിനോക്കൂ ശുഷ്കമാകാതെ
ബന്ധുത്വമെന്നാലൊരുള്ളിക്കു തുല്യമാം
ശ്രദ്ധയും കൂറും വിശ്വാസവും ജാഗ്രതേ-
മൊക്കേയടുക്കിപ്പെറുക്കിവച്ചുള്ളതാ-
മെങ്കിലും കണ്ണീരൊലിക്കും മുറിക്കുകിൽ
ബന്ധുത്വവും കാര്യസിദ്ധിയും ലേശവും
ബുദ്ധിയേയാശ്രയിച്ചാകേണമെന്നില്ല
ശീലങ്ങളും മനോഭാവങ്ങളും ഒന്നു-
പോലേയതിന്നായി ഒത്തുചേർന്നീടണം
ബന്ധുത്വവും സൗഹൃദങ്ങളും, നോക്കുകിൽ,
വൃക്ഷങ്ങളെപ്പോലെയാണെന്നു കണ്ടിടാം
ആദ്യമൊക്കെയേറെ ശ്രദ്ധ നൽകീടുകിൽ
ആശ്രയം തന്നിടും പ്രായമാകേയവർ
ബാല്യത്തിലെല്ലാരുമെന്നോടു ചോദിച്ചു
"വല്യ'താകേയാരെപ്പോലെയായീടണം?"
'വല്യ'താകേയാണുത്തരം കിട്ടിയ,താ
ബാല്യകാലത്തെത്തിരിച്ചെനിക്കു വേണം
ബുദ്ധിമാനായുള്ളയാരുടേയും ഹൃത്തെ
ബാഹ്യമാം കയ്യാലശുദ്ധമായീടാതെ
നല്ലപോൽ കാത്തുസൂക്ഷിച്ചീട വേണ്ടിടും
എല്ലാം പ്രതിബിംബിക്കുന്നതിന്നായതിൽ
ബുദ്ധിമുട്ടുള്ളോരു കാര്യമാണെങ്കിലും
സാധ്യമാകും പരിശ്ശീലിപ്പിച്ചീടുവാൻ
മാനസത്തേയേതു സാഹചര്യത്തിലും
മെച്ചമേതാണെന്നു വ്യക്തമാക്കീടുവാൻ.
ബുദ്ധിമുട്ടേവം പ്രതിബന്ധങ്ങളൊക്കെ
മർത്യന്നെ മാറ്റും യഥാർത്ഥ മനുഷ്യനായ്.
അല്ലാതെയുണ്ടായിടുന്ന സൗകര്യമോ
അന്യരിൽ നിന്നുള്ളയാശ്വാസമോ അല്ല
ബുദ്ധിമുട്ടേറെയുണ്ടാക്കുന്ന കൃത്യമാം
തൃപ്തരാക്കീടന്യരേയെന്നൊരു കാര്യം.
ഏറ്റവും നിസ്സാരമായുള്ള കൃത്യമോ
മറ്റുള്ളവർക്കു സന്തോഷമേകെന്നതും
ബുദ്ധിമുട്ടേറെയുണ്ടായിടേ ശാരീരി-
കാധ്വാനവുമേറെച്ചെയ്തതായ്തോന്നിടും
ഇഷ്ടപ്പെടില്ലതെന്നാകിലും ഭാവിയിൽ
തിട്ടം സുശക്തനായ് മാറ്റാമതാരെയും.
ബുദ്ധിയേയാശ്രയിച്ചാകേണമെന്നില്ല
ബന്ധവും ഭാഗ്യവും ഉണ്ടാകയെപ്പൊഴും
നേർചിന്തയേയും പെരുമാറ്റത്തിന്നെയും
നേരിലാശ്രയിച്ചാമുണ്ടാവുക രണ്ടും
ബൃഹത്തായ കാര്യങ്ങൾ കഥിച്ചുവെന്നാൽ
മോഹിച്ചിടും പക്വതയുണ്ടാകയില്ലാ
കൊച്ചുകാര്യങ്ങളും നന്നായ് ധരിക്കിലോ
കാര്യമായ് പക്വത പ്രാപിച്ചുവെന്നതാം
ബോധ്യമുണ്ടെത്ര സമ്പത്തുണ്ടിനി,യെന്നാൽ
ബാക്കിയെത്രനേരം ഉണ്ടെന്നറിഞ്ഞിടാ
സമ്പത്തും നേരവും തമ്മിലുണ്ടായിടും
വമ്പിച്ച വ്യത്യാസമാണിതെന്നോർത്തിടൂ
ഭ
ഭാഗിക്കുകിൽ ഗുണിക്കും ഫലം കിട്ടിടും
ഭ്രാന്തിൻസമാനമാം വസ്തുവാം സംതൃപ്തി
രൂപം വഴങ്ങുന്ന പ്രകൃതം കാരണം
രൂപപ്പെടുത്താമനുയോജ്യമാം വിധം.
ഭാഗ്യന്തരേണയേറേയാസ്തി നേടുവോർ
ഭീതിയാലേ കഴിക്കുന്നു കാലമെന്നും
കൈവിട്ടു പോകുമോ കൈനനച്ചീടാതെ
കൈവന്നസൗഭാഗ്യമെന്നകാര്യമോർക്കെ
ഭാവികാലത്തേക്കു മാറ്റിവയ്ക്കുന്നതി-
ന്നാവാത്ത കാര്യമാണാഹ്ലാദമെന്നത്.
മാനസം തന്റേയമൂല്യമാം വ്യാപാര-
മാണതന്നന്നുതന്നാസ്വദിക്കവേണം
ഭാവിയെന്താകുമെന്നുള്ളയാകാംക്ഷയാൽ
ജീവിക്കുവാൻ മറക്കുന്നിന്നു മാനുഷർ
ജീവിതം ആസ്വദിക്കാതെയന്ത്യം വരേം
ജീവിച്ചിടാതെ ജീവിക്കയായി മർത്യൻ
ഭൂതകാലം വന്നു വാതിലിൽ മുട്ടുകിൽ
ഉത്തരം ഏകിടാ, പുത്തനൊന്നും കിട്ടാ
വര്‍ത്തമാനകാലം ആസ്വദിക്ക നന്നായ്,
ബാധിച്ചിടാതെകണ്ടൊട്ടുമേ ഭാവിയേ
ഭൂമിശാസ്ത്രത്തിലെങ്ങുംതന്നെയില്ലാത്ത
ഭാഗമാകുന്നു പാതാളവും സ്വർഗ്ഗവും
നമ്മൾ സ്വയമേവതീർക്കുന്നവരണ്ടും
നമ്മുടേതാം ഭാവനാവിലാസങ്ങളിൽ.
ഭൂമുഖത്തുള്ളോരനേക വസ്തുക്കളിൽ ഭാരമേയില്ലാത്തൊരേകവസ്തു വാക്കാം
വേണ്ടും വിധം പ്രയോഗിക്കാതിരിക്കുകിൽ
വീഴ്ചയാകും, തിരിച്ചെടുക്കാനായിടാ.
ഭൂവിലാരും കുറ്റമില്ലാത്തവരില്ലെന്ന്
ഭൂതകാലത്തിനായീടും തെളിയിക്കാൻ
ഭേദമില്ലാതെ കുറ്റമേവർക്കുമുണ്ടെന്ന്
ഭാവിക്കുമാകും തെളിയിക്കാനാവിധം
ഭംഗിയില്ലാത്തതേയിന്നില്ലയെന്നതാം
യാഥാർത്ഥ്യമെന്നുള്ളതൊന്നറിഞ്ഞീടണം
ശുഷ്‌കാന്തിയുമൊപ്പം അദ്ധ്വാനവും ചേർ ന്ന
ശക്തിയല്ലാതൊന്നുമല്ലതെന്നോർത്തിടൂ
ഭംഗിയേറീടുന്ന വസ്തുക്കളൊന്നുമേ
സംഗതികളാകാ,യെന്നാൽ ജനങ്ങളും
ശ്രേഷ്ഠചിന്തകളും പുഞ്ചിരിയും തഥാ
ശാന്തമാകും മാത്രയും ചിത്രങ്ങളുമാം
ഭംഗിയേറുന്നോരു കാരിയം ചെയ്‌തിടേ
ഭംഗിവാക്കാരുമേ ചൊല്ലിയില്ലെങ്കിലും,
സാരമാക്കാ,യെത്രയോ സുന്ദരമാകും
സൂര്യോദയം നിദ്രയാലെത്രപേർ കാണ്മു?
മ
മനഃസ്വസ്ഥതക്കൊപ്പം സമാശ്വാസവും
എന്നേക്കുമായിനേടുന്നതിന്നായിട്ടു
സ്വാർത്ഥതക്കു വംശനാശമുണ്ടാക്കിടൂ
സ്വന്തം മനസ്സിനുള്ളിൽനിന്നുമാദ്യമായ്
മർത്യനെന്ന മൃഗം മാത്രം വിലപേശും
മറ്റുമൃഗങ്ങളാ പാതകം ചെയ്തിടാ
പട്ടികൾ കിട്ടിയോരസ്ഥി കൈമാറിടാ
വേട്ടയാടില്ല മൃഗങ്ങൾ പശിയില്ലേൽ
മർത്യന്റെയേറ്റവും സൗന്ദര്യമേറിടും
മർമ്മമായിടാ വി/ജ്ഞാനമെന്നറിയൂ
അൻപുള്ളൊരു നെഞ്ചും ശ്രദ്ധിച്ചിടും കാതു-
മന്യരെത്തുണയ്ക്കും ഹസ്തവുമായിടും
മർത്യന്റെ ഹൃത്തിന്നിളക്കമുണ്ടാക്കീടു-
വാനായിടുന്ന രണ്ടു കാര്യങ്ങളല്ലോ
നല്ലവയ്ക്കായുള്ള ആഗ്രഹത്തിനൊപ്പം
എല്ലാ ദുരാചാരവും ഭയക്കെന്നതും
മർത്യന്റെയാത്മവിശ്വാസത്തിനായിടും
മാറ്റിടാനേറെ ശക്തിയുള്ളോരായിട്ടു
ഏറെപ്രതികരിക്കാതെയിരിപ്പതു-
മേറെമനസ്സമാധാനമുണ്ടാക്കിടും
മർത്യന്റെ സന്തുഷ്ടിയും സമാധാനവും
ഉദ്ധരിക്കിൽ മാത്രമേ പേരുകേട്ടോരു
ഉത്‌കൃഷ്‌ടബുദ്ധിമാന്മാർ യോഗ്യരായിടും
ആദരം നേടുവാൻ, ഇല്ലതിൽ സംശയം
മന്ദസ്മിതം നമ്മുടാനനത്തിലീശൻ
തന്ന യാഥാർത്ഥ്യമാണെന്നറിഞ്ഞീടണം
ശുഷ്‌കാന്തിയുമൊപ്പം അദ്ധ്വാനവും ചേർന്ന
ശക്തിയല്ലാതൊന്നുമല്ലതെന്നോർത്തിടൂ
മന്ദസ്മിതം ലേശ,മശ്രുപാതം ഏറെ
മല്ലിടീലേറെയും നർമ്മം കുറച്ചുമേ
വേദനിക്കലേറ്റം നാമമാത്രം നന്മ,
വേദിവിട്ടീടുകീ സാഹചര്യങ്ങളിൽ
മല്ലിടേണം തന്റെ നെഞ്ചുറപ്പാൽ മാത്ര-
മല്ലാതെയന്യന്റെ പാളിച്ചയിലാകാ
നേരായ കാര്യസിദ്ധി സ്വന്തമാമധ്വാ-
നത്താലെയാകുന്നതായീടുമുത്തമം
മറ്റുള്ളവരാൽ നിയന്ത്രിച്ചിടുന്നതാം
മാർഗ്ഗങ്ങളേ സ്വീകരിക്കാതെ സ്വന്തമാം
ചിന്തക്കനുസൃതം പോകുകിൽ നിശ്ചയം
സന്തോഷമോടേ കഴിഞ്ഞിടാമാർക്കുമേ
മറ്റുള്ളവരെന്താം ചിന്തിക്കനമ്മളെ-
പ്പറ്റിയെന്നുള്ളതോർത്തിട്ടുവേണ്ടാ ചിന്ത.
താരതമ്യമാവായന്യന്റെ ജീവിതം
തന്റേതുമായെന്നകാര്യം മറന്നിടാ
മറ്റുള്ളവർ എടുത്തീടും വെറും തീരു-
മാനങ്ങളിൽപ്പെട്ടുഴറീടാതെ നിങ്ങൾ
സ്വന്തം ബുദ്ധിക്കനുസൃതമായ കാര്യം
സ്വീകരിക്കു ഒപ്പംനിർവ്വഹിച്ചു കാട്ടു
മറ്റുള്ളവർക്കുനാം സന്താപമേകുകിൽ
കുറ്റമായ്ക്കണ്ടപേക്ഷിച്ചീടണം മാപ്പ്
ആരെങ്കിലും നമ്മെ വേദനിപ്പിക്കുകിൽ
ആർജ്ജവം കാട്ടീടണം ക്ഷമിച്ചീടുവാൻ
മറ്റുള്ളവർതന്നബദ്ധങ്ങൾ കാണുവാൻ
മുറ്റും എളുപ്പമെന്നാലതേക്കാൾ മേലെ
സ്വന്തമായിട്ടു ചെയ്തീടുന്നതേറ്റവും
ബുദ്ധിമുട്ടുള്ളോരു കാര്യമാണെന്നുമേ
മറ്റുള്ളവർതൻ വികാരങ്ങൾ നിസ്സാര-
മായിക്കരുതായൊരിക്കലും, കാരണം
ആദ്യ ജയം നമുക്കാണെന്നിരിക്കിലും
ആശങ്ക വേണ്ടിടും കൈവിട്ടുപോമവർ
മറ്റുള്ളവർതന്റെ സന്തോഷത്തിന്നു ന-
മുക്കു പങ്കുണ്ടുവെന്നാൽ സന്തോഷിക്കതിൽ
മറ്റുള്ളവർക്കൊക്കെ ദാനമായ് നൽകുവാൻ
പറ്റിടും മാതൃകാ സമ്മാനമല്ലൊ നാം
മറ്റുള്ളവർ നമ്മുടെ ചിന്തകൾക്കൊത്തു
മാറേണമെന്നുള്ള വാശിയുണ്ടായിടാ
ബുദ്ധിയും ചിന്തയും ആലോകനങ്ങളും
ഒന്നുപോലാകില്ലയേവർക്കു,മൊർക്കണം
മറ്റെന്തിനേയും അപേക്ഷിച്ചു വ്യത്യസ്ത-
മാകും വികാരമാകും സ്നേഹമെന്നത്.
സന്തോഷവും സങ്കടവും തന്നീടുവാൻ
സാധ്യമാകുന്നതിന്നെന്നതാം കാരണം.
മാനസ്സഭാവത്തെ പുതുക്കീടുവാനായ്
മന്ദഹാസത്തെയെന്നും ഭൂഷണമാക്കൂ
ശാന്തമാക്കീടും പരിഭ്രമാവസ്ഥയേ
പിന്തുണച്ചീടുമത് പ്രത്യാശബോധത്തെ
മാനസ്സഭാവത്തെയുല്ലാസവുമൊപ്പം
ആനന്ദമയത്തിന്റേതുമാക്കീടുകിൽ
ആയിരം നാശവും കേടുമുണ്ടാകിലും
ആയുസ്സിനുണ്ടായിടും നീളമോർത്തിടൂ
മാന്യത കൈവരിക്കെന്നാലതിന്നർത്ഥ-
മാവില്ല നേടവേണ്ടത്രപ്രശസ്തി നാം
നമ്മളർഹിക്കുന്നതെ,ന്നുള്ളവബോധം
നേടിയെന്നാകിൽ പ്രഭാവവും നേടി നാം
മാത്രകൾ കൊണ്ടളന്നീടണം ജീവിതം,
മൈൽക്കുറ്റിയാലല്ലളക്കയെന്നോർത്തിടൂ
ഓരോപുതുതാം ദിനത്തിനും സാധ്യമാം
കാര്യമായിട്ടുള്ള മാറ്റം വരുത്തുവാൻ
മാത്രയൊന്നിന്റെ ക്ഷമക്കു തീർച്ചയായും
മാറ്റുവാനായിടും മോശം അവസ്ഥയേ
ആ ഒറ്റ മാത്ര മാത്രം പോരുമല്ലയോ
ആദിനത്തെ മൊത്തം രക്ഷിച്ചെടുക്കുവാൻ
മാനസം നിങ്ങടേതത്യന്തം ശക്തമായ്
മാറ്റിടാം ധന്യാത്മകമാകും ചിന്തയാൽ
ജീവിതം നേരായ പാതയിൽ എത്തിച്ചി-
ടുന്നതിന്നായതും പ്രായോഗികമാകും.
മാനസം മാറ്റങ്ങളിച്ഛിക്കുമെങ്കിലേ
മാറ്റങ്ങളുണ്ടായിടൂ ജീവിതത്തിലും.
അഭ്യുന്നതിയുണ്ടായീടായൊരിക്കലും
അന്തരം കൈവരിക്കാതേയിരുന്നിടിൽ
മാനസ്സമാം തെറ്റു ചെയ്‌വതിൻ കാരണം
മാനസത്തിന്നു രൂപാന്തരം ഭവിക്കിൽ
തെറ്റുകൾക്കന്ത്യമുണ്ടായെന്നു വരുമോ?
തെറ്റുകൾക്കാവർത്തനമില്ലാതാകുമോ?
മാന്ത്രികച്ചെപ്പുപോലല്ലോ മനസ്സെന്ന
ഗ്രന്ഥം അതിന്റെയേടെത്രയാവർത്തിച്ചു നോക്കിയെന്നാലും പഠിച്ചുവെന്നാലുമ-
ന്യർക്കതിൻ ഭാഷയെന്നുമേയന്യമാം
മാധുര്യമേറുന്ന വാക്കുകൾക്കെപ്പോഴു-
മാത്മാർത്ഥതയുണ്ടാവേണമെന്നുമില്ല
സത്യമായിട്ടുള്ള വാക്കുകളാകട്ടെ
മാധുര്യമുള്ളതാവേണമെന്നുമില്ല.
മാരിയുള്ള നേരം വെയിൽപോലേ, കണ്ണു-
നീരിലുപ്പിന്റെ സ്വാദുള്ളതിൻ പോലെയും
സന്തോഷവും ദു:ഖവും പിണഞ്ഞിട്ടുള്ള
സമ്മിശ്രമാമോരനുഭവം ജീവിതം.
മാലാഖമാരെപ്പിശാചുക്കളായിട്ടു
മാറ്റുന്നതവർതന്നഹങ്കാരമല്ലോ!
മാലാഖമാരായ് മനുഷ്യന്നുമതേപോൽ മാറിയെന്നും വരാം ഗർവ്വില്ലയെങ്കിലോ
മാറീടവേ മാരി, ഛത്രം ഉപയോഗ്യ-
മല്ലാതെ ഭാരമായിട്ടു മാറുമ്പോലെ
ആദായമില്ലാതെയായിടേ നിന്നുപോം
ആദരം, കൂറെന്നിവയെന്നറിഞ്ഞിടൂ
മാറ്റങ്ങളംഗീകരിച്ചും പ്രതീക്ഷകൾ
മാറോടുചേർത്തും നിറവേറ്റിയും തഥാ
ഊർജ്ജ്വസ്വലമായി മുന്നോട്ടു പോയിട്ടു
പൂർത്തിയാക്കുന്നതാമുത്തമജീവിതം.
മാറ്റത്തിനായിത്തയാറെടുപ്പോർ തന്റെ
മുമ്പിലത്തെത്തെറ്റുകൾ ചൂണ്ടികാട്ടിടാ
പർവ്വതം കേറാനവർ പ്രയത്നിച്ചിടേ
പാറക്കഷണത്താലെറിഞ്ഞീടുംപോലത്
മാറ്റിടൂ ഹൃത്തിന്നെ ശാന്തമായുള്ളതും
മേല്‍നിരപ്പെത്രയും നിശ്ശബ്‌ദമായതും
ആഴങ്ങളേറെക്കരുണാര്‍ദ്രമായതും
ആയോരഴകേറും പൊയ്കക്കുതുല്യമായ്
മാറ്റിവച്ചീടൊലാ സന്തോഷമൊട്ടും അ-
മാന്തിക്കൊലാ നാളെയുമാനന്ദിക്കുവാൻ
നല്ല സന്ദർഭമാഹ്ലാദിച്ചിടുന്നതി-
ന്നിന്നുതന്നല്ലയോ, താമസിച്ചീടൊലാ
മാംസപേശിക്കു തുല്യമല്ലോ ആത്മവി-
ശ്വാസവും, കാരണം മെരുക്കീടുംതോറും
ശക്തിയേറീടുമെന്നുള്ളതാം വാസ്തവം,
ശീലിപ്പിക്കൂ മനഃശക്തിയേയെപ്പൊഴും
മിണ്ടുന്ന ചുണ്ടുകൾ പ്രശ്നം കുറക്കവേ
മിണ്ടാത്തവ പ്രശ്നത്തെ ത്യജിച്ചീടുന്നു
പുഞ്ചിരിക്കും ചുണ്ടിനായിടും തീർക്കു വാൻ
പ്രശ്നങ്ങളേറെ,യെന്നേക്കുമാ,യിട്ടഹോ.
മുൻകൂട്ടിയുണ്ടാക്കിയെടുത്തോരു കാര്യ-
മല്ലയാഹ്ലാദമെന്നുള്ളോരനുഭവം
നമ്മുടെ സ്വന്തമാം ചെയ്തികൾക്കായുള്ള
സമ്മാനമായിക്കണക്കാക്കവേണ്ടിടും
മുന്നിലായ് നിന്നിട്ടു വിശ്വസ്‌തത കാട്ടും
മാലോകരേക്കാളുമെത്രയേറെ ഭേദം
പിന്നിലെന്നും നിന്നു ക്ഷേമദുഃഖാദികൾ
പങ്കിടും കൂട്ടരാണെന്നതാം വാസ്തവം
മുന്നോട്ടു നീങ്ങുക ബുദ്ധിമുട്ടായിട്ടു
തോന്നിടാം മിക്കനേരത്തുമെന്നാലൊന്നു
നീങ്ങുവാനായിടിൽ ബോദ്ധ്യമായീടുമാ
നീക്കമേറ്റം നല്ല തീരുമാനം തന്നെ
മുന്നോട്ടുമാത്രമുന്തിനീക്കിയിട്ടാരു-
മിന്നോളം നേടാ ചതുരംഗത്തിൽ ജയം
പിന്നിലോട്ടും നീങ്ങിയെങ്കിലേ ഒട്ടൊക്കെ,
മുന്നോട്ടു ജീവിതത്തിൽ നീങ്ങുവാനാകു
മൂല്യമേറീടും നിധിയാകുന്നു നേരം
ഇല്ലതിന്നൊട്ടും വില, സൗജന്യമല്ലോ
തന്നുടേതാകാ,യെങ്കിലും ചെലവാക്കാം
എന്നാൽ തിരിച്ചുകിട്ടാ നഷ്ടമായെന്നാൽ
മൂല്യമേറേയുള്ള നേരവും യോഗ്യനാം
മർത്യനും ഒന്നുപോലുല്‍ക്കൃഷ്ടമല്ലയോ
കൈവിട്ടുപോയാലൊരിക്കലേലും പിന്നെ
കൈവന്നിടില്ല രണ്ടും മറ്റൊരിക്കലും
മേനിയും ബുദ്ധിയും കാലചക്രവു,മീ
മൂന്നു കാര്യങ്ങളോടൊപ്പമാം നമ്മളീ
മന്നിലെത്തീടുകെ,ന്നാലാദ്യരണ്ടുമാം
മൂന്നാമതിന്റെ നീളം നിർണ്ണയിക്കുന്നെ
മേന്മയോടെന്നും നയിച്ചോരു ജീവന്റെ
മൂല്യം അളക്കണം ചെയ്ത കർമ്മത്താലെt
നല്ലകാര്യമെന്താണെന്നറിഞ്ഞീടിലും
നെഞ്ചുറപ്പെന്നതില്ലാത്തവർ ചെയ്തിടാ
മൈത്രിയുണ്ടാക്കിടാ ഇഷ്ടദാനം നൽകി
എത്രയേറെ ദൃഢമെന്നുതോന്നീടിലും
പാരിതോഷികങ്ങൾ നിർത്തിയാലാളുകൾ
പിന്നീടു സൗഹൃദം വിട്ടിട്ടു പോയിടും
മൊത്തം സമുദ്രത്തിനാകില്ലൊരു കപ്പൽ
മുക്കുവാനുള്ളിൽക്കയറാനായില്ലെങ്കി,-
ലപ്രകാരം നിഷേധാത്മകതക്കക-
ത്തുപ്രവേശിക്കാനനുവാദം നൽകിടാ
മോദം ജനിപ്പിച്ചിടും വാർത്തയോർത്തിടൂ
വേദനിപ്പിക്കുന്ന കാര്യം മറന്നിടൂ
മറക്കൂ പോയോരു ക്ലേശങ്ങളൊക്കെയും
വരിക്കൂ ലഭ്യമാകും വരപ്രസാദം
മൗന-മന്ദസ്മിതദ്വയം ഏറ്റം ശക്തി-
മത്തായയായുധം തർക്കങ്ങൾ തീർക്കു വാൻ
മന്ദസ്മിതം പ്രശ്നമേറെയും തീർപ്പാക്കെ
മൗനം ഒഴിവാക്കും പ്രശ്നങ്ങളേറെയും
മൗനമാണേറ്റവും ശക്തമാകും ഭാഷ,
മൗനമാണേറ്റവും ശക്തമാം ശിക്ഷയും
നമ്മേമനസ്സിലാക്കാത്തവർക്കു മുന്നിൽ
നാം മൗനിയാകുന്നതായിടും ഭൂഷണം
യ
യത്നിച്ചിടവേണം സദുദ്ദേശത്തോടെ
യത്നമില്ലാതുള്ള പ്രശംസക്കായിടാ
ജീവിതം പ്രകാശംപരത്തി ജീവിക്കാൻ
ജീവിക്കൊലാ മതിപ്പുണ്ടാക്കുവാൻമാത്രം
യാഥാർഥ്യമെന്നും ജലത്തിലൊട്ടും ലയി-
ക്കാതേ കിടക്കുന്നയെണ്ണപോലായിടും.
എത്രയേറെ വെള്ളം ചേർത്തുവെന്നാകിലും
എപ്പോഴുമെണ്ണ പൊങ്ങിത്താൻകിടന്നിടും
യുക്തമായിട്ടുള്ള ആഗ്രഹങ്ങൾ ഫല-
പ്രാപ്തിയിൽ എത്തിടേ കിട്ടിടും സന്തുഷ്ടി
മാത്രമാകും ന്യായമായുള്ള സന്തോഷ-
മാകയാൽ വർജ്ജിക്കു തെറ്റായയാഗ്രഹം
യുക്തമാം വാക്കുകൾ കിട്ടില്ലയെങ്കില-
വ്യക്തമാം സാഹചര്യത്തിൽ, ചിരിച്ചിടൂ.
വാക്കുകൾ സംജാതമാക്കിടും സംഭ്രാന്തി,
വിശ്വാസമേകിടും പുഞ്ചിരിച്ചീടുകിൽ
യുക്തിബോധത്തിന്റെയുമങ്ങേപ്പുറത്താ-
യുണ്ടോരു പ്രേമവും കാരുണ്യവും തഥാ
ദൈവികത്വത്തിന്റെ മാഹാത്മ്യമേറുന്ന
ദേശ,മെത്തീയതിൻ മേന്മയെക്കണ്ടിടൂ.
യോഗമുണ്ടാക്കുന്നവൻ ബുദ്ധിമാനാകെ
ഭാഗ്യമുള്ളോൻ തക്കയോഗം ലഭിച്ചവൻ
സന്ദർഭമൊക്കെപ്രയോജനപ്പെടുത്തീ-
ടുന്നവൻ ജീവിതത്തിൽ ജയിക്കുന്നവൻ
ര
രത്നം മിനുക്കാനുരച്ചീടവേണ്ടിടും
ശുദ്ധമാം സ്വർണ്ണത്തിനായിട്ടുരുക്കണം
നന്നായ് പരീക്ഷിച്ചു ജയിച്ചെന്നാകിലേ
നെടുവാനായിടൂ രുചിക്കും ജീവിതം
രണ്ടുപ്രാവശ്യം ലഭിക്കില്ലൊരിക്കലും
പണ്ടുനിങ്ങൾ വ്യയം ചെയ്തോരു മാത്രകൾ
അർത്ഥവത്തായി മാറീടുമീ ജീവിതം
ഓർത്തീടുകിൽ കേവലമാമീ സത്യത്തെ.
രണ്ടുണ്ടു സന്തോഷമോടെയെപ്പോഴുമി-
രിക്കുവാനായുള്ള കൗശലം, ആദ്യമായ്
മാറ്റാൻ ശ്രമിച്ചിടൂ സാഹചര്യം, പിന്നെ
മാറ്റിടൂ സന്തുഷ്ടിയോടുള്ള സാമിപ്യം
രണ്ടുവർഷത്തിലും ഏറെ വേണമല്ലോ
രണ്ടുവാക്കുച്ചരിക്കാനായ് പഠിക്കുവാൻ
വേണമെന്നാൽ ജീവിതകാലം മൊത്തവും
വേണ്ടാത്തവചൊല്ലീടാതേ പഠിക്കുവാൻ
രാഗമൊന്നുള്ളിലുണ്ടെങ്കിലോ പാടണം
ശൃംഗാരമാത്മാവിലുണ്ടേൽ വെളിവാക്കൂ
പിന്തുടർന്നീടണം കിനാക്കളുണ്ടാകിൽ
സ്വന്തമാം ജീവിതം ജീവിച്ചു കാണിക്കൂ!
രൂപമില്ലാത്തോരവസ്ഥകൾ ആയിടും
രണ്ടുകാര്യങ്ങളാം ധ്യാനവും നിഷ്ഠയും.
രണ്ടിന്നുമേറിയ ഊർജ്ജചൈതന്യങ്ങ-
ളുണ്ടസംഭവ്യമായതേ സംഭവ്യമാക്കാൻ!
രൂപാന്തരത്തിരയ്‌ക്കുള്ളിലും നമ്മൾക്കു
നേർപാതയിലെത്തിച്ചേരുവാനായിടും.
ജീവിതം ഗംഭീരമായിമാറും ദുസ്വ-
ഭാവമുള്ളോരേയകറ്റി നിർത്തീടുകിൽ
ല
ലക്ഷത്തിലുമേറെത്തീപ്പെട്ടിക്കമ്പുകൾ
വൃക്ഷമൊന്നിൽനിന്നു തീർക്കാ, മതിലൊറ്റ-
ക്കോൽ വൃക്ഷലക്ഷങ്ങളെയഗ്നിക്കിരയാ-
ക്കീടുവാൻപോരുമെന്നസത്യം മറക്കാ
ലക്ഷ്യത്തിലെത്തിപ്പെടെന്നതാവില്ലഹോ
സാക്ഷാൽ ജയമെന്നാൽ ആ ജയത്തി ന്നായി
തൻറെ ക്ഷമക്കു മേലുണ്ടായിടും ജയം
തന്നാകുമേറ്റം പ്രയാസമേറും ജയം
ലക്ഷ്യത്തിലെത്തുവാനായിശ്രമിച്ചിടൂ
ലക്ഷ്യം അകന്നുപോയീടുന്നതിൻമുൻപെ
സമ്മർദ്ദത്തെയില്ലാതാക്കിടൂ, നിങ്ങളേ
സംഘർഷമില്ലാതെയാക്കുന്നതിൻമുൻപ്
ലാളിത്യമെന്നതിന്നായീടുമാരുടേ-
മുള്ളം നിറച്ചു സന്തോഷമേകിടാനും
വിഘ്‌നമില്ലാതെയീ ജീവിതത്തിൻതോണി
വീറോടെ മുന്നോട്ടു കൊണ്ടുപോയിടാനും
ലോകത്തെയായുധത്താലെ കാലിൻകീഴി-
ലാക്കിയോരെക്കാളുമേറും മമതയാൽ
കീഴ്പ്പെടുത്തി സമാധാനം കൊടുപ്പോരെ
വാഴ്ത്തിയാരാധിക്കുമീലോകമെന്നെന്നും
ലോകമാകെത്തനിക്കെതിരെന്നതോന്ന-
ലുണ്ടായിതെങ്കിൽ തിരിഞ്ഞൊന്നു നിന്നിടൂ
സ്വന്തമായെന്നിട്ടെടുക്കൂ ഒരു ചിത്രം,
എന്തത്ഭുതം, ലോകമെല്ലാം തന്റെ
പിന്നിൽ!
ലോകത്തിലേയൊരേ സംഗീതശാലയി-
ലഭ്യസിച്ചിട്ടുള്ളയോരോ കൊതുകിന്നേം
പാട്ടുമായ് വന്നിടിൽകൊന്നിടും,കുയിലോ
പാടിയെന്നാലേവരും പാടിടുമൊപ്പം
വ
വന്നശേഷംപോയ്‌മറഞ്ഞ മാത്രയൊന്നും
വീണ്ടും വരില്ലെന്ന വാസ്തവം മനസ്സി-
ലാക്കിലോ ജീവിതം ഏറെയർത്ഥവത്തും
ലാളിത്യമേറുന്നതുമാകും നിശ്ചയം
വഞ്ചനേം കൃത്രിമോം കാണിപ്പവരല്ലോ
അഞ്ചാതെ ശോച്യമാം നാടകം ഉണ്ടാക്കു
മറ്റുള്ളവർതൻ സഹാനുഭൂതി നേടീ-
ട്ടേറ്റം പ്രയോജനം സ്വന്തമാക്കീടുവാൻ
വമ്പിച്ച കാര്യങ്ങളോതിത്തുടങ്ങിയാൽ
സമ്പൂർണ്ണ പക്വത പ്രാപിച്ചുവെന്നല്ല
ഒപ്പം ഗ്രഹിക്കിലേ കൊച്ചുകാര്യങ്ങളും
മൂപ്പെത്തിടുന്നതിന്നായിടൂ, ഓർക്കണം
വമ്പൻ മരങ്ങൾ കൊടുങ്കാറ്റിലാടീട്ടു
വീഴേ വെറുംതൃണം നിൽക്കും തലപൊക്കി
നിസ്സ്വാര്‍ത്ഥതയും ലാളിത്യവും, നിശ്ചയം,
നൽകിടും നമ്മൾക്കുറപ്പും പ്രതാപവും.
വസ്തുവേയും വ്യക്തിയേയും പറ്റിയോര-
വ്യക്തമാകും ധാരണ നമ്മൾക്കുണ്ടാകെ
ആകാമതിന്നു സ്വാധീനമുണ്ടാക്കുവാ-
നായി നമ്മൾതൻ വിചാരത്തെ ഭാവിയിൽ
വർജ്ജിക്കുവാനുള്ള ശീലം വളർത്തീടി-
ലീജീവിതം ധന്യമായിട്ടു മാറിടും.
ഉള്ളിലുള്ള സ്രോതസ്സിനോളം സമീപ-
ത്തുള്ള വിഘ്നങ്ങളാകില്ലാ പെരുത്തതായ്
വർഷങ്ങളോരോന്നുതിർന്നു വീണീടവേ
ഓർമ്മകൾ നമ്മൾക്കനർഘമായുള്ളോരു
സമ്പത്തുതന്നെയാണെന്നുള്ള ബോധത്തെ
സാക്ഷാത്കരിക്കുന്നുവെന്നതാം വാസ്തവം
വർഷപാതം തീർന്നിടേ ഛത്രം മടക്കി
വക്കുന്നതിൻ സമം ആദായമറ്റിടേ,
മൂകരാജഭക്തിക്കുമന്ത്യമായീടു-
മെന്നതാണെന്നുമുള്ളോരു ലോകതത്വം.
വാക്കിനും മനോഭാവത്തിനുമൊട്ടുമേ
വീഴ്ചയുണ്ടാം വിധം കൂട്ടിക്കലർത്തിടാ
മാറ്റുവാനായ്കഴിഞ്ഞീടും മനോഭാവം
മാറ്റുവാനായിടാ ചൊല്ലിയ വാക്കുകൾ.
വാക്കുകൾ ഓരോന്നുമൊന്നാസ്വദിച്ചിട്ടു
വേണം പുറത്തേക്കയക്കുവാനായിട്ടു
ഏറെ മാധുര്യവും കൈപ്പുള്ളവയേയും
വർജ്ജിക്കു, വാവിടിൽ വീണ്ടെടുക്കാനാകാ
വാക്കുകൾതൻ ശക്തിയെത്രയപാരമാം!
വാക്കിന്റെ മൂർച്ചയിൽ മനസ്സും മുറിയും
വാക്കു നന്നെന്നാൽ മുറിപ്പാടുണങ്ങിടും
വാക്കുകൾ സൂക്ഷിച്ചുപയോഗിക്ക വേണ്ടും
വാക്കുകൾദയാപൂർണ്ണവുംഹ്രസ്വവുംആ_ണെങ്കിൽ നിയന്ത്രിച്ചുരക്കാനെളുപ്പമാം
എന്നാലവയുണ്ടാക്കീടുന്ന മാറ്റൊലി
എത്രയോ കാതം കടന്നു ചെന്നീടുന്നു!
വാക്കുകൾ മനസ്സിൽ താങ്ങാതെ മിക്കതും
വായുവിൽ ലയിക്കേ, മറ്റുള്ളവയാട്ടേ
ഉള്ളിൽ ഒളിച്ചേറെ രൂപഭേദാദികൾ
ഉണ്ടാക്കിടും ചിന്തയിൽ, സംസാരത്തിലും
വാക്കുകൾ മഹത്തായതായ് മാറണേൽ ദുർ-
വ്യാഖ്യാനസാദ്ധ്യത തെല്ലുമുണ്ടായിടാ.
അർത്ഥം, അടിസ്ഥാനമേന്മ, സുഗ്രാഹ്യത-
യിത്യാദി ധര്‍മങ്ങളുണ്ടായിരിക്കണം
വാക്ധോരണിയാവേശം നൽകിടേ മനോ-
വ്യാപാരമോ പ്രകോപിപ്പിക്ക ചെയ്തിടും
കർമ്മമാകട്ടെയെത്തിച്ചിടും നമ്മളേ
നമ്മുടെ സ്വപ്നഭൂമിക്കടുത്തേക്കായി
വാഗ്ദാനങ്ങളോ ഉപാധിയോ വേണ്ടിടാ
വീഴ്ചയില്ലാതുള്ള ചാർച്ചയുണ്ടാകുവാൻ
ആശ്രയിക്കാനായൊരാളുമതേപോലെ
വിശ്വസിക്കാൻ മറ്റൊരാളും മതിയാകും
വാരിധീ തീരത്തടുക്കും തരംഗവും
മാരുതൻ ചുറ്റിച്ചിടും ചക്രവാതവും
ആരും തടുക്കാതൊടുങ്ങുന്നതല്ലയോ
കാരണങ്ങൾ രണ്ടിനുമുണ്ടാമെങ്കിലും!
വായുവും വെള്ളവും തീയും ഒരേപോലെ
ആയുസ്സ്നിലനിർത്തും ആയുസ്സെടുത്തിടും
ആരാമിവർമൂന്നിലേറെമുന്നിലെന്ന-വരോടാരായുകിൽ ഉത്തരം കിട്ടുമോ?
വാത്സല്യവുമഹംഭാവവുമാമൊരേ
വൃക്ഷത്തിലുണ്ടായിടും രണ്ടു ശാഖകൾ
പശ്ചാത്തപിച്ചിടേ സ്നേഹ,മെപ്പോഴു,മാ
പശ്ചാത്തപിക്കലിലാസ്വദിക്കു,മഹം
വാസനത്തൈലം സുഗന്ധദ്രവ്യ തുല്യം
വീഴ്ത്തിടാതൽപ്പമേലും സ്വശരീരത്തി-
ലാകാ തളിക്കാനൊരിക്കലും അന്യരിൽ,
ആകാ സുഗന്ധം തടുത്തു നിർത്തീടുവാൻ
വാസ്തവം ശസ്ത്രക്രിയക്കുസമാനമാം
വേദനിപ്പിക്കേ സുഖപ്പെടുത്തീടുന്നു
വേദനാസംഹാരിതുല്യമാമസത്യം
വേഗമാശ്വാസമെന്നാൽ ദുഷ്ഫലമുണ്ടാം
വാഴ്ത്തിപ്പറയുന്നോർക്കിടയിൽപ്പോകാതെ
എത്തണം നേരുള്ള കാക്കകൾക്കിടയിൽ
കൊത്തി കീറീടേ മൃതദേഹം കാക്കകൾ
കൊത്തിതിന്നും വാഴ്ത്തുവോർ ജീവനോടെയും
വാർദ്ധക്യമാകുന്നതിൻ ലക്ഷണമല്ലോ
വിദ്യാലയത്തിൽ പഠിച്ചവയെല്ലാമേ
ഓർക്കുവാനാമെന്നാലാവില്ലയൊട്ടുമേ
ഓർക്കുവാനെന്തിന്നടുക്കളേൽ വന്നെന്ന്
വാർദ്ധക്യമേറിടേ കൂടുതൽ സ്നേഹിതർ
വേണമെന്നുള്ളതിന്നായിടാ മഹത്വം
സൗഹൃദങ്ങൾ കുറച്ചേയുള്ളുവെങ്കിലും
സ്നേഹമാത്മാർത്ഥമായുള്ളതായീടണം
വിജ്ഞാനമെന്നതിന്നുള്ളയൊരേ വൈരി
അജ്ഞതമാത്രമാകേണമെന്നില്ലഹോ
വിജ്ഞാനിയെന്നോരബദ്ധമാം ധാരണേ-
മജ്ഞതക്കൊപ്പമുള്ളോരു വൈരിയല്ലോ
വിജ്ഞാനമെന്നതിൻ സാരാംശമായിടും
വിദ്യയുണ്ടേൽ പ്രയോഗിച്ചീടുകെന്നതും
അജ്ഞനാണെങ്കിലോ മറ്റുള്ളവരോടായ്
അക്കാര്യമങ്ങേറ്റു ചൊല്ലീടുകെന്നതും
വിജ്ഞാനസമ്പത്തിരുത്തം വന്നുള്ളോരു
വാദ്ധ്യാർക്കു തുല്യമാണെന്നതാം വാസ്ത വം
തന്നീടുമാദ്യം വിമർശനങ്ങളൊക്കെ
പിന്നീടു തന്നിടും പാഠങ്ങളൊക്കെയും
വേണ്ടുംവിജയം നേടീടുവാൻ പോരുന്ന
വേറിട്ടൊരംശമാകുന്നു സ്വാഭിമാനം
നേടുവാനാമെന്നുമർഹിപ്പതുമെന്നും,
കിട്ടുമെന്നുമൊരുറപ്പതിന്നായ് വേണം
വിട്ടുവീഴ്ച ചെയ്കയെന്നതല്ലോ നല്ല
ചിട്ടയിൽ അഭ്യസിക്കുന്നതിന്റെ ഭാഗം
ലേശം കുനിഞ്ഞാലതുതന്നാം ബന്ധത്തെ
ലംഘിപ്പതിൽപ്പരം നല്ലതാം സാമിപ്യം
വിത്തുസമാനമാമോരോരോ കർമ്മവും
ശ്രദ്ധയോടെയെടുക്കേണം തിരഞ്ഞവ
എന്തുകൊണ്ടെന്നാലവ വളർന്നുവരാം
ചന്തമേറുന്ന പൂവോ മുൾച്ചെടിയായോ
വിദ്യയുള്ളോരേ സമീപിച്ചുവെങ്കിലോ
വിദ്യനേടാനായിട്ടറിയാത്തകാര്യം
വിശ്വസിച്ചീടാമതു സൂചിപ്പിക്കുക
വിജ്ഞാനവും ബുദ്ധിയും വളരുന്നൊപ്പം
വിദ്യാർത്ഥിയായിരുന്നദ്ധ്യാപകരെല്ലാം
വൈദഗ്‌ദ്ധ്യമുള്ളോർ തുടക്കം കുറിച്ചവർ
ഇന്നോ ജയിപ്പവർ തോറ്റിരുന്നൊരിക്കൽ
എന്നുമെല്ലാരും പഠിച്ചു പാഠങ്ങളും.
വിദ്വേഷമകറ്റീടുവാനായി വീണ്ടും
വൈരാഗ്യബുദ്ധി പ്രയോഗിച്ചുവെങ്കിലോ
ഉണ്ടായിടാ പ്രയോജനം ഒന്നുമെന്നാൽ
ഉണ്മകാട്ടീടേണമെന്നതല്ലി തത്വം
വിശ്വസ്തതയുള്ളോരു ബന്ധങ്ങളൊക്കെ
വെള്ളത്തിനൊപ്പമാണെന്നതാം വാസ്തവം
ഇല്ലാ നിറവും രൂപവും സ്വാദുമേയെ- ന്നാലേറെ പ്രാധാന്യമാ ചാർച്ചകൾക്കുണ്ടു
വിശ്വാസമെന്നതാം നാനാർത്ഥം പേറുന്ന
ഹ്രസ്വമാകും പദം ഉൽകൃഷ്ടവുമല്ലോ
വിശ്വാസത്തിൽ നമുക്കുണ്ടവിശ്വാസമ-
വിശ്വാസത്തിൽ നല്ല വിശ്വാസവുമല്ലോ!
വിശ്രമിക്കില്ലാ വിജയശ്രീലാളിതർ
വീട്ടിൽ തന്നങ്ങിരു,ന്നെന്നാലവർ വിശ്ര-
മിക്കുന്നു ജോലിയിൽ,സ്വപ്നവും കണ്ടുറ-
ങ്ങിക്കഴിഞ്ഞിട്ടു ലക്ഷ്യത്തിലെത്തുവാൻ
വിശ്രമം ഒട്ടുമേയില്ലാതെയെന്നും പ്ര-
വർത്തിച്ചിടും ഒരേ യന്ത്രമാം ഹൃദയം
സ്വന്തമാകട്ടെയന്യന്റെതായീടട്ടെ
സന്തോഷമെന്നും അതിന്നു നൽകീടണം
വിശ്വത്തിൻ നിശ്ശബ്ദമായുള്ളൊരു പാരി- തോഷികം തുല്യമാം ബന്ധുത്വമെന്നത്
ഏറെപ്പഴക്കം, ബഹുമാനം ജാഗ്രത
എന്നിവക്കാകുമാ ബന്ധം ദൃഢമാക്കാൻ
വിശ്വസിക്കൂ തന്റെ ഭാഷയിൽ, വാക്കിലായ്
ആശ്വസിക്കൂ സ്വന്തം സദ്ഭാവചിന്തയിൽ
സ്വന്തം മനസ്സിനെക്കണ്ടിടൂ സൂക്ഷ്മമായ്
ചന്തമേറും ജീവിതം സാധ്യമാക്കിടൂ
വിശ്വാസ്യത കാത്തീടുന്നവർക്കാർക്കും നി-
രാശപ്പെടേണ്ടതായ് വന്നീടുകില്ലാ നി-
രാശയ്ക്കതിരൊന്നും ഇല്ലാ,യതിരില്ലാ-
ത്താശകൾ ഒന്നുമേ നഷ്ടമാക്കീടൊലാ
വിശ്വാസമാർജ്ജിച്ചെടുക്കെന്നതെത്രയോ
വർഷത്തെ തീഷ്ണപ്രയത്നത്തിനാലല്ലി!
നഷ്ടമായ് മാറിടാമതൊറ്റമാത്രേലെ-
ന്നേക്കും തിരികെക്കിട്ടാത്തവണ്ണമഹോ!
വിശ്വാസമെന്നതുണ്ടെങ്കിലോ നിശ്ചയം
നിശ്ശബ്ദതപോലും ബോധ്യപ്പെടുന്നതാം
വിശ്വാസമില്ലയോ തെറ്റിദ്ധരിച്ചിടാം
വിശ്വാസമെന്നതാം ചാർച്ചകൾ തൻ സത്ത
വിശ്വാസമെന്നാലിരുണ്ട കാട്ടിനുള്ളിൽ
വച്ചോരു വിളക്കിൻ തുല്യമാ, ണെത്രയും
പെട്ടെന്നു കാണുവാനാകില്ലയെങ്കിലും
തൊട്ടടുത്തായുള്ളതൊക്കെയും കണ്ടിടാം
വിശ്വാസവും സംശയവും ചിത്തത്തിന്ന-
വസ്ഥയാകേ, സംശയം ജനിപ്പിച്ചിടു-
മന്ധകാരത്തിൻ നിമിഷങ്ങൾ, വിശ്വാസ
മേകുമുൽകൃഷ്ടമാകും മുഹൂർത്തങ്ങളും
വിശ്വം നിശബ്ദം മനുഷ്യനേകും പാരി-
തോഷികത്തിന്നൊപ്പമല്ലയോ ചാർച്ചകൾ
ഏറെപ്പഴകിയാൽ ബന്ധം ഉറച്ചിടും
കൂറും വിവേകവും ഏറിയും വന്നിടും
വിസ്മയത്തിന്റെയും തഴക്കത്തിന്റയും
വൻപെഴും ശ്രേണിതന്നാകുന്നു ജീവിതം
സ്വന്തം നിരീക്ഷണം പാഠമായിക്കാണു,
അത്ഭുതങ്ങളെത്തിരിച്ചറിഞ്ഞീടുക
വിസ്മരിക്കാ മൂന്നു ശക്തിഹേതുക്കളാം
വാത്സല്യവും ധ്യാനവും ആഗ്രഹങ്ങളും
ഒപ്പം സകാരാത്മകമാകും ചിന്തയും
ഒത്തുചേർത്തു തന്നിൽ വിശ്വാസമൂന്നിടൂ
വീതിച്ചു നൽകേയിരട്ടിച്ചിടും ജാല-
വിദ്യയാമാഹ്ലാദമെന്നതിന്നപ്പുറം
എത്തിടും തിരിച്ചേതുനേരത്തുമെന്ന-
തെത്രയോ ആഹ്ലാദദായകം ആയിടും
വീഥിതന്നിൽ ചിലപ്പോൾ കണ്ടിടുമോരോ
വിഘ്നങ്ങളായി തോന്നീടുന്ന കാര്യങ്ങ-
ളായിടാം വീഥി മാറിപ്പോയി, വേറെ നേ-
രായ പാതയെത്താനുള്ള വരദാനം
വീഥിദീപം പോൽ നന്മ കാംക്ഷിപ്പവർക്കാ
വീഥിതൻ ദൂരം കുറക്കുവാനായിടാ
എന്നിരുന്നാലുമാ വിളക്കിൻ കാലുപോൽ
നന്നായി പ്രയാണം അനായാസമാക്കു
വീഥിയിൽ വിഘ്‌നങ്ങളുണ്ടെന്നുവന്നിടിൽ
വിട്ടുമാറിപ്പോകുറുമ്പു ചെയ്യുംപോലെ
വിഘ്‌നങ്ങളെ മാറ്റീടാനായി നിൽക്കിലാ-
വില്ലല്ലൊ ലക്ഷ്യത്തിലെത്തിടാൻ വേഗേന
വൃഷ്ടിക്കു തുല്യം മിതമായാകേണം വി-
മർശിക്കയാരെയും; വേരിളക്കാതെയും,
പോഷണം നൽകിയും, കോട്ടം തിരുത്താനു-
മിഷ്ടമാർഗ്ഗം തേടി സ്വയം വളരാനും
വെള്ളം സമാനം ക്രമീകരിച്ചീടുവാൻ
വേണം മനസ്സേതു സാഹചര്യത്തിലും
സ്വന്തമായ് വീഥിയുണ്ടാക്കി മുന്നേറാനു-
മെന്തുരൂപം സ്വീകരിച്ചുവെന്നാകിലും
വേണമേറീടുന്ന തോതിൽ വിവേചനം
വാഗ്വിലാസത്തിലും ഏറെപ്രഭാഷണേ
മാത്രം ഒരാളു ചൊല്ലീടുന്നതുകേൾക്കാ,
മറ്റുള്ളവരേയും അതേപോലെകേൾക്കൂ
വ്യർത്ഥമാകും ശേഖരമാകരുതേറെ
വ്യക്തിബന്ധങ്ങൾ പകരമെല്ലാവരേം
ചേർത്തുനിറുത്തീടൂ ഹൃദയത്തിനൊപ്പം
ജീവിതാന്ത്യംവരെ, നേട്ടമുണ്ടായിടാൻ
വേദനാജന്യമാം രൂപാന്തരം സംഭ-
വിക്കെന്നകാര്യമെന്നാലന്ത്യമാകൊലാ
പുത്തനാം സൗന്ദര്യമോലുന്നവേറേ ത-
ലത്തിലുണ്ടാകുന്ന മാറ്റങ്ങളായിടാം
വേദനിപ്പിക്കില്ല മാറ്റങ്ങളൊന്നുമേ
വേദനിപ്പിച്ചിടും മാറ്റം ചെറുക്കുകിൽ
ഭാവിതൻ ജീവിതത്തിന്നോരു കോട്ടവും
മേവിടാതാസ്വദിക്കിന്നിന്റെതാം തുഷ്ടി
വേദനിപ്പിക്കും ചിലർ മൗനമോടെയും
വാക്കിലൂടെത്തഥാ കർമ്മങ്ങളാലെയും
ഏറ്റവും ആദരിക്കുന്നവർതന്നെയാം
ഏറ്റവും വേദനിപ്പിച്ചീടുകയെന്നാൽ
വേദനിപ്പിച്ചുവെന്നാലും തന്നപ്രിയം
വിദ്യയുള്ളോർ കാട്ടുകില്ലായൊരിക്കലും
കാത്തവർ നിന്നിടും വേദനിപ്പിച്ചവ-
രത്തെറ്റു സ്വയംതിരുത്തും പ്രതീക്ഷയിൽ
വേണ്ടത്രസന്തോഷമുണ്ടാകണമെങ്കിൽ
വേദനയാനന്ദമായും, ഇരുട്ടിന്നെ
വെട്ടമായും, സങ്കടം ഹർഷമായിട്ടും
മാറ്റേണ,മതിന്നായ്ധൈര്യമാർജ്ജിക്കണം
വേണ്ടാ നിരാശ,യാരെങ്കിലും തന്നുടെ
പാടവത്തിൽ സംശയാലുവായീടുകിൽ
സംശയാലുക്കൾ തനിസ്വർണ്ണത്തെപോലും
സംശയ ദൃഷ്ടിയോടല്ലയോ നോക്കിടൂ
'വേണ്ടെ'ന്നുചൊല്ലവേ പ്രത്യുത്തരമൊന്നും
വേണ്ടെന്നുവച്ചിടിൽ ജീവിതം നമ്മുടേ-
തേറെസന്തോഷം നിറഞ്ഞയൊന്നായിട്ടു
മാറീടുമെന്നതിൽ ഇല്ലൊട്ടു സംശയം.
വേറിട്ടതാകാമോരോദിവസ്സവുമ-
വ്വിധമായിടാം ചിന്തിക്കുവതെല്ലാരും
ഓരോനിമിഷവുമെന്നെന്നത്തേക്കുമായ് ഓർമ്മിച്ചുവച്ചിടാമങ്ങനെ തോന്നിയാൽ
വേറൊരാളിന്നേയപേക്ഷിച്ചു ആരുമേ
ഏറെയുന്നതീലും താഴെയും ആവില്ല
താഴ്ചയും ഉന്നതീം അർത്ഥശൂന്യങ്ങളാം
താൽക്കാലികമാകും വേലികൾ മാത്രമാം
വേവലാതിയല്ലോ മാറ്റം വരുത്താനാ-
വാത്തതെച്ചൊല്ലി നമ്മളോടു സ്വയംസം-വാദം നടത്തുന്നതല്ലയോ, മനസ്സിൽ
വല്ലാത്തതാം ചിന്തകൾ വന്നുകേറവേ
വൈദഗ്ദ്ധ്യമെത്തിച്ചിടും നമ്മെ നല്ലോരു
ഉദ്യോഗനേട്ടത്തിലേക്കെന്നിരുന്നിടേ
അംഗീകരിക്കേണ്ട ജീവിതത്തെപ്പറ്റി
അന്യർതരുന്നോരു വ്യാഖാനമൊന്നുമേ
വൈദഗ്‌ദ്ധ്യമേറിടും ശിക്ഷണത്തിൻ പൊരുൾ
വിദ്യാർത്ഥികളേയും ആദരിക്കെന്നതാം
ഗ്രന്ഥങ്ങളാകട്ടെ കാലമാമാഴിയിൽ
ഉത്ഥാപനം ചെയ്ത മിന്നാരം പോലെയാം
വൈദ്യുതിക്കുതുല്യമായിടും ചാർച്ചകൾ,
വേദനിക്കേണ്ടതായ് വന്നിടേ തെറ്റായ
ബന്ധങ്ങളിൽകൂടെ, കുറ്റമില്ലാതുള്ള
ബന്ധമോ സന്തുഷ്ടി ജീവിതത്തിനേകും
വൈയക്തികമാകും നേട്ടത്തിനായിട്ടു
വൈഭവം ഉള്ളവർ ഇച്ഛിക്കുകേയില്ല.
ന്യായമായിട്ടും അവർക്കു കിട്ടേണ്ടവ
കയ് വരും നേരായ നേരത്തു നിശ്ചയം
വൈരൂപ്യമെന്നതോരാപേക്ഷികമാകും
കാര്യമാം, കാര്യമില്ലതിലൊട്ടുമെന്നാൽ
കാണുന്നയേതുരൂപത്തിലുമുണ്ടാം വൈ- കല്യവും സൗന്ദര്യവും, നോക്കിലാഴത്തിൽ
വൈഷമ്യമൊക്കെ ദൂരീകരിക്കാൻ കഴി-
വുള്ളയാളെയന്വേഷിച്ചു പോയീടാതെ
അന്വേഷിച്ചീടണം തന്റെയൊപ്പമെല്ലാ
പ്രശ്നവും നേരീടുവാൻ മനസ്സുള്ളോരെ
വ്യക്തമാകുമെല്ലാം പ്രായമേറേ തന്റെ
വ്യക്തിത്വമെത്രയോ പേരുകേട്ടെന്നതും
എന്തുണ്ടു സ്വന്തമായിത്തനിക്കെന്നതും
എത്രയേറെത്താൻ മനുഷ്യനായെന്നതും
വ്യർത്ഥമായുള്ളോരു വസ്തുക്കളൊന്നുമേ
വാസസ്ഥലത്തോ തൻകീശയിൽ തന്നിലും
ഹൃത്തിലായാലും വിചാരത്തിലാകിലും
എന്തിനായ്സൂക്ഷിക്കണം, ഉപേക്ഷിച്ചിടൂ
വ്യക്തമായുള്ളോരു ചിന്തകൾക്കായിടും
തീക്ഷ്‌ണമാകും ദിനത്തേ നിയന്ത്രിക്കു വാൻ
അവ്വിധം തന്നെ നല്ലോരു ദിവസ്സത്തെ
ആവും വിധം മെച്ചമുള്ളതായ്മാറ്റാനും
വ്യക്തമാകും മനോഭാവമുണ്ടാകുകിൽ
കൃത്യമായും മഹായോഗമാകും ജയം
അവ്യക്തമാകും മനോഭാവമാകുകിൽ
ആനുകൂല്യം മാത്രമാകും വിജയങ്ങൾ.
വ്യക്തമായിട്ടു ചൊല്ലാനും പ്രവർത്തിക്കു-
വാനും മികവേറെക്കാട്ടീട വേണ്ടിടും
വ്യക്തമായർത്ഥം അറിയാത്തോർ കാട്ടിടും
ചിന്താക്കുഴപ്പമാപത്തിന്നിടയാക്കും
വ്യക്തിതന്നേറ്റം പ്രയോജനപ്രദമാം
ആസ്തി ബുദ്ധിയേറേയുണ്ടെന്നതാവില്ല
പിന്നെയോ, ഉള്ളംനിറച്ചുള്ള സ്നേഹവും,
അന്യരേ സഹായിക്കുന്ന സന്നദ്ധതേം
വ്യക്തിത്വമാകും മനോഹാരിതയെക്കാൾ
വൈശിഷ്ട്യമേറുന്ന മാനവീയ മൂല്യം
എന്നിരുന്നാലും സജീവമായ് ചാർച്ചകൾ
എന്നും നിലനിർത്തീടുന്നതേറെ കാമ്യം
വ്യത്യസ്ത സാഹചര്യത്തിന്നുതകീടും
കൃത്യമായിട്ടുള്ള വാക്കുകൾ കിട്ടായ്കി-
ലാകാ പരിഭ്രമം, ചിന്താക്കുഴപ്പവും
ഏകിടൂ പുഞ്ചിരി, ആളേ വശത്താക്കു
വ്യത്യസ്തമാകും വ്യവസ്ഥതന്നാകിലും
വർദ്ധിക്കയില്ല മാഹാത്മ്യവും നിന്ദയും
പൂർത്തിയാക്കിടൂ തന്റെ ഭാഗം നന്നായി
കീർത്തിനേടീടുവാ നുള്ളോരു മാർഗ്ഗമാം
വ്യത്യസ്തമായിടാം ജീവിച്ചുപോരുന്ന മാത്രയോരോന്നും, ചിലപ്പോൾ കടുപ്പവും
നിഷ്പ്രയാസം പഠിക്കാം
ചിലപ്പോഴെന്നാൽ
ശ്രേഷ്ഠമാം പാഠങ്ങളെന്നതാം വാസ്തവം
വ്യാകുലപ്പെട്ടങ്ങിരിക്കുന്നതെപ്പൊഴും വീട്ടിലാട്ടക്കസേരേലിരുന്നു രസി-
ച്ചീടുന്നപോലെയാണെങ്ങുമേയെത്തി-
ച്ചേരുകില്ലെന്ന സത്യം ധരിച്ചീടണം
വ്യാകുലപ്പെട്ടെന്ന കാരണംകൊണ്ടൊന്നു-
മാകൊലാ നാളത്തെ തടസ്സം നീക്കുവാൻ
തീരുമാനിച്ചിടാം, ആവിധം ചെയ്യുകിൽ,
തീർത്തുമിന്നിന്റെ സ്വൈര്യം നഷ്ടമായിടും
വ്യാജസ്ഥിതിയൊട്ടും സത്യസ്ഥിതിക്കൊത്തു
യോജിച്ചുപോകില്ലയെന്നതിന്നപ്പുറം
തമ്മിലുണ്ടാക്കിടുമെതിർപ്പും ശണ്ഠയും
തീർത്തും നിരന്തരം എന്നതാം വാസ്തവം
വ്യുത്‌പത്തി ഏറെയുള്ളാളിനോടായിട്ടു
എന്തുകാര്യത്തിന്നു സ്‌പര്‍ദ്ധതോന്നീടണം?
അന്യഥാ തെല്ലും അറിവില്ലാത്തോരോടു
തോന്നീടവേണ്ടും ദയാലുത്വമെന്നുമേ!
വ്യാപരിക്കെ നമ്മോടൊപ്പം പകലൊക്കെ
വ്യാജരാകും സ്നേഹിതർ നിഴൽപോലല്ലി
നമ്മൾ തണൽപറ്റെ വിട്ടവർ പോയിടും
നമ്മൾ തനിച്ചാകുമെന്നതാം വാസ്തവം
വ്യുത്‌പത്തിയെന്നതിൻ സാരാംശമായിടും
വിജ്ഞാനമുണ്ടോ, പ്രയോഗിക്കവേണ്ടിടും
ഇല്ലയെന്നാകിലോ സമ്മതിച്ചീടണം
തെല്ലുമേയില്ലെന്നു,മജ്ഞനാണെന്നതും
വൃക്ഷതുല്യം ഉറച്ചെന്നുമേ നിൽക്കണം
വീക്ഷണം വേണമെന്നും പുത്തനായുള്ള.
വേണം വളച്ചിട്ടു പൊട്ടിക്കുവാൻ, സ്വത-
വേയുള്ള സൗന്ദര്യമാസ്വദിച്ചീടണം.
വ്യംഗ്യാത്മകമാണെന്നോർക്കണം ജീവിതം
വ്യസനം സഹിച്ചേ സന്തോഷമെന്തെന്നു,-
മൊച്ച കേൾക്കിലേ മൗനമെന്തെന്നതുംസാ-
മിപ്യത്തിലൂടേയഭാവവും ബോധ്യമാം
ശ
ശക്തിമത്താം രണ്ടു ഊർജ്ജങ്ങളാം ക്ഷമാ-
ശീലവും മൗനവും എന്നതാം വാസ്തവം
മാനസം ശക്തിപ്രാപിക്കെ ക്ഷമയേറും
മൗനമേകിടും വൈകാരീക ശക്തിയും.
ശക്തിയെന്നാലിഷ്ടമില്ലാത്തതെല്ലാം ന-
ശിപ്പിക്കുവാനുള്ള ശേഷിയായ്ക്കണ്ടിടാ
ഇഷ്ടം നമുക്കു തോന്നുന്നതെല്ലാം തന്നെ
സൃഷ്ടിക്കുകെന്നതാം ശക്തിയെന്നോർത്തിടൂ
ശത്രുക്കളാരും നമുക്കില്ല നമ്മുടെ
ആത്മാവിനു പുറത്തെന്നതറിയണം
അത്യാഗ്രഹ,മഹംഭാവം വെറുപ്പെന്നീ
ശത്രുക്കളുള്ളിലുണ്ടെന്നതാകും സത്യം
ശത്രുക്കളാരുമേയില്ലയാർക്കും സ്വന്ത-
മന്തരംഗത്തിലല്ലാതേ പുറത്തായി
അത്യാർത്തി,ദേഷ്യം,അഹങ്കാര വൈരാഗ്യ-
മിത്യാദിശത്രുക്കളെന്നുമുള്ളിലല്ലോ!
ശബ്ദം ദയ കാട്ടീടാനും, മനസ്സിന്നെ
സത്യത്തിനും, കരത്തേ പരോപകാരം
ചെയ്യുന്നതിന്നും, ഹൃദയം സ്നേഹിക്കാനു-
മായിട്ടുപയോഗിക്കുന്നതല്ലോ നന്മ
ശബ്ദം വിനാ വിത്തുകൾ മുളക്കേ മരം
ശബ്ദമുണ്ടാക്കിയല്ലോ നിലംപൊത്തുന്നു
നിശ്ശബ്ദമായ് സൃഷ്ടി, ശബ്‍ദമോടെ നാശം,
നിശ്ശബ്ദതതന്റെ ശക്തിയറിഞ്ഞിടൂ
ശാന്തത കൈവരിക്കൂ ധൃതിപ്പെട്ടിടാ,
ശക്തിപ്രയോഗമോ ക്ളേശമോ പാടില്ല
വിശ്വസിച്ചീടു സംഭവിച്ചീടുന്നതിൽ
ആസ്വദിക്കൂ ഒപ്പമുള്ളൊരാ യാത്രയിൽ
ശാന്തത കൈവരിച്ചീടേണമെപ്പൊഴും
ശക്തിയും നിർബന്ധവും കാട്ടിടാ തഥാ
ആയാസവും ത്യജിച്ചർപ്പിക്കു വിശ്വാസം
ആകാമത് നന്മക്കായെന്തുവന്നാകിലും
ശാന്തമായുള്ളോരു മനസ്സിന്നായിടും
ചിന്തിച്ചിടുവാനായേറെനന്നായിട്ട്.
മാനസത്തിന്നേകു മുഹൂർത്തങ്ങളെന്നും
മൂകമായുള്ളതേ ശ്രദ്ധിച്ചിടൂ പിന്നെ
ശാന്തിയെക്കൈവരിച്ചീടുവാനെപ്പൊഴും
ഹൃത്തിന്റെ വാതായനം തുറന്നീടണം
ഉദ്‌ബുദ്ധനാക, തൻ പ്രകൃതത്തിനാലേ
ഹേതുവാകന്യർക്കു സ്വസ്ഥതയേകിടാൻ
ശാരീരിക സൗഖ്യമെന്നും നിലനിർത്താൻ
കാര്യമായിന്നു നേരം കണ്ടില്ലയെന്നാൽ
നമ്മളാസമയം സൂക്ഷിച്ചുവയ്ക്കയാം
നാളേക്കു രോഗംവിളിച്ചുവരുത്തുവാൻ.
ശിക്ഷക്കുതുല്യമാം സാമാന്യബുദ്ധിയും,
ഇഷ്ടദാനത്തിന്നു തുല്യമായ് കാണേണ്ട
കാരണം നമ്മൾക്കു നേരിടേണ്ടീടവർ-
ക്കുണ്ടാകണമെന്നില്ല സാമാന്യബോധം
ശിക്ഷണം നല്‍കൂ മനസ്സിന്നു വേണ്ടപോ ൽ,
വീക്ഷിച്ചിടാൻ നന്മ മാത്രമെല്ലാറ്റിലും
സന്തോഷമുള്ളോരു ജീവിതമെപ്പൊഴും
ഉത്കൃഷ്‌ട ചിന്തയ്ക്കധീനമായീടണം
ശില്പിയാകേണമെന്നില്ലയാരും തന്റെ
സമ്പത്തു കെട്ടിപ്പടുക്കുന്നതിലെന്നാൽ
സ്വന്തം സ്വഭാവവൈശിഷ്ട്യം രചിപ്പതിൻ
ശില്പി മറ്റാരുമേയാവില്ല നിശ്ചയം.
ശീലിക്കൂ സംസാരരീതി മറ്റുള്ളവർ
ശ്രദ്ധിച്ചിടുംവിധം നിങ്ങളെ നന്നായി
ശ്രദ്ധിക്കു നാന്നായി മറ്റുള്ളോരെ,യവർ
ശ്രദ്ധിച്ചിടുംവിധം കേൾക്കുവാൻ നിങ്ങളേം
ശുദ്ധമാമുദ്ദേശ്യമാണുള്ളതെങ്കിലോ
ശാശ്വതമായാരുമേ പിരിഞ്ഞീടൊലാ
പുഷ്പമുണ്ടാം സൂര്യവർഷാദികളുണ്ടേൽ,
ആക്ഷേപവും വാഴ്ത്തലുമൊന്നുപോൽ കാണു.
ശൂന്യമായുള്ളോരു ആമാശയത്തിനും
ഒന്നുമേയില്ലാത്തൊരു കീശക്കുമേവം
പൊട്ടിത്തകർന്നോരു ഹൃത്തിനും ജീവിത
പാഠം നന്നായിപ്പഠിപ്പിക്കാനായിടും
ശൈശവത്തിൽനിന്നൊരാൾ യൗവനം പൂകെ
പെൻസിലിൻ സ്ഥാനം കൊടുത്തിടും പേനക്ക്
മേലിലും താൻ ചെയ്തിടും തെറ്റുകളൊന്നും
മായ്ക്കുവാനായിടായെന്നറിയിക്കുവാൻ
ശോഭയേറിയിട്ടോ തിളക്കം കുറഞ്ഞോ
ആഭയിൽ അന്തരം ഓരോ ദിനത്തിനും
കാരണം, കൊണ്ടുവന്നീടും നമുക്കായി
ഓരോ ദിവസ്സവും പുത്തനാസ്വാദനം.
ശ്രദ്ധ കേന്ദ്രീകരിക്കിൽ മനോദുഃഖത്തിൽ
ബുദ്ധിമുട്ടേറീടുമെന്നതാം വാസ്തവം.
ശ്രദ്ധ കേന്ദ്രീകരിക്കിൽ പാഠഭാഗത്തിൽ
വർദ്ധിച്ചിടും ജ്ഞാനമെന്നറിഞ്ഞീടണം
ശ്രദ്ധയും താൽപ്പര്യവുമന്യരിൽനിന്നും
ശ്രദ്ധേയമാംവിധം നിങ്ങൾക്കു കിട്ടുകിൽ
സംശയം വെണ്ടാ അതിന്നുള്ള കാരണം
സ്വന്തം സ്വഭാവവൈശിഷ്ട്യം തന്നായിടും
ശ്രദ്ധയും സ്നേഹവും തന്നീടുമാരെയും
ശ്രദ്ധിച്ചിടാതേയിരിക്കായൊരിക്കലും
നക്ഷത്രമെണ്ണീയിരിക്കവേ ചന്ദ്രനേ
നഷ്ടമായെന്നറിഞ്ഞീടു,മല്ലായ്കിലോ
ശ്രദ്ധാലുവാം ബന്ധു സംവദിക്കില്ലേറെ
സ്നിഗ്ദ്ധതയോടെ സന്ദേശമറിയിക്കും
കാരണം വായകൊണ്ടല്ല സംസാരിക്ക
നേരേമറിച്ചു ഹൃദയത്തെത്തൊട്ടാകും
ശ്രദ്ധിച്ചുവെങ്കിലുംഫലം തോൽവിയാകാ-
മെന്നുള്ളതായിടാം യാദൃച്ഛികമെന്നാൽ
ശ്രദ്ധയേകാതിരുന്നാൽ ഫലം തോൽവിയാ-
മെന്നങ്ങുറപ്പാക്കയല്ലിനാം ചെയ്‌തിടൂ ?
ശ്രേഷ്ഠബന്ധങ്ങളെപ്പറ്റിയാരാഞ്ഞിടാ
സ്പഷ്‌ടീകരിക്കലാം ബന്ധങ്ങളൊക്കെയും
നിശ്ശബ്ദമാം സ്നേഹവും ധാരണയേയും
ആശ്രയിക്കെന്ന കാര്യത്തിലും ആധാരം
ശ്രേഷ്ഠമാമാനന്ദമെന്നതിന്റെ തത്വം
ശ്രേഷ്ഠമാമാരോഗ്യമാണെന്നതേപോലെ
പൂർണ്ണമാമാരോഗ്യമെന്നതിൻ രഹസ്യം
പൂർണ്ണത കൈവരും വ്യായാമം ചെയ്കയാം
ശ്രേഷ്ഠമായോരു സമ്പത്തല്ലി സമയം
സൗജന്യമാ,മതിന്നില്ലയൊട്ടും വില
തന്നുടേതല്ലെങ്കിലും വ്യയം ചെയ്തിടാ-
മെന്നാൽ തിരിച്ചുകിട്ടാ നഷ്ടമാകുകിൽ
സ
സങ്കടങ്ങൾ നമ്മളേ മാറ്റിടേ ദയാ-
ശീലരായ്, തോൽവി ഗർവ്വില്ലാതെയുമാക്കും
സാമർത്ഥ്യമേറേ പരീക്ഷണങ്ങൾ മനഃ
സ്ഥൈര്യമേകും നയിക്കും നമ്മെ മുന്നോട്ടു
സങ്കടം എന്തെന്നറിഞ്ഞുവെന്നാകിലേ
സന്തോഷമെന്നാലതെന്തെന്നറിഞ്ഞിടൂ
ശബ്ദമെന്താണെന്നറിഞ്ഞുവെന്നാലേ നി-
ശ്ശബ്ദതതൻമൂല്യമെന്തെന്നറിഞ്ഞിടൂ
സങ്കീർണ്ണതയേയില്ലാത്തതാം ജീവിതം
സ്പഷ്ടീകരണം അന്യർക്കേകിടാനായി
നിൽക്കാതെ സ്വന്തമാം കാര്യങ്ങൾ മുറപോൽ
നോക്കിയുംകണ്ടും കഴിഞ്ഞു പോയീടുകിൽ
സജ്ജമാക്കീടും പലപ്പോഴും ക്ലേശങ്ങൾ
സാധാരണക്കാരാമാളുകളെ സ്വന്തം
മസ്തകത്തിൻ രേഖ തിരുത്തിക്കുറിച്ചി-
ട്ടെത്തിപ്പെടുന്നതിന്നായിട്ടുയരത്തിൽ
സത്യത്തെ ചോദ്യത്തിനായ് വിധേയമാക്കിൽ
സത്യത്തിനുണ്ടാകുകില്ലോരു മാറ്റവും
കള്ളത്തിനോ അപ്രകാരം വിധേയമാ-
ക്കുന്നതൊട്ടുംതന്നെയിഷ്ടമാകാറില്ല
സത്യമായീടാമിതെല്ലാം തികഞ്ഞോരു
വ്യക്തിയാകേണമെന്നില്ല ഞാനെങ്കിലോ
വ്യക്തമായും സത്യമാണു ഞാനില്ലാതെ-
യെത്രയോ കാര്യങ്ങളും പൂർണ്ണമായിടാ!
സത്യമായുള്ള കാര്യങ്ങളുണ്ടാവുക
സാധ്യമാകേണമെന്നില്ലാ പലപ്പൊഴും
സാധ്യമായീടുന്ന കാര്യങ്ങളാകട്ടെ
സത്യമായിട്ടും ഭവിക്കേണമെന്നില്ല.
സത്യസന്ധനാകൂ ബുദ്ധിമുട്ടുണ്ടാകെ
സമൃദ്ധിയിൽ നാട്യമില്ലാതെ നോക്കിടൂ
ആധിപത്യമുണ്ടായിടേ സൗമ്യനാകൂ
ക്ഷുബ്ധനായീടവേ മൗനവും പാലിക്കൂ
സത്യസ്ഥിതിക്കും പ്രതീക്ഷകൾക്കും തമ്മി-
ലന്തരം വന്നിടിൽ ക്ലേശമുണ്ടാക്കിടും
അന്തരം ഏറിയാൽ കൂടുമാ ക്ലേശവും
അംഗീകരിക്കണം യാഥാർത്ഥ്യമെപ്പൊഴും
സത്യസ്ഥിതി സ്വീകരിക്കുന്നതിലുണ്ടാം
സ്വൽപ്പം സമയത്തേക്കുള്ളയാധിയല്ലോ
ദീർഘകാലത്തെയാശങ്കമൂലമുണ്ടാം
ദുഃഖത്തിനേക്കാളുമെത്രയേറെ ഭേദം.
സത്യം വെളിച്ചത്തിലെത്തിപ്പെടുമന്ത്യേ.
എത്ര ശ്രമിച്ചുവെന്നാലും മറയ്ക്കുവാൻ,
കള്ളങ്ങളാകട്ടെ താത്കാലികമാകും
കാലതാമസത്തിൽ ഗോപനംചെയ്തതും
സന്താപകാരണത്താലെ സന്തോഷവും
ശബ്ദത്തിനാലെ മൗനമെന്തെന്നതും വി-
യോഗത്തിനാലെ സാന്നിദ്ധ്യമെന്തെന്നതും
വ്യംഗ്യാത്മകം ജീവിതം എന്നറിയിക്കും.
സന്താപമോ നീരസമോ തളർച്ചയോ
എന്താകിലും ഹേതുവാകായൊരിക്കലും
മോശമായാരോടുമേ പ്രവർത്തിക്കുവാൻ,
മാന്യമായിപ്പെരുമാറേണമെന്നുമേ.
സന്താപമൊന്നും പുറത്തുകാട്ടിടാനാ-
കാത്തോരുവ്യക്തിയേക്കാളേറെയുന്നതൻ
ദുഃഖങ്ങളൊക്കെ മറ്റുള്ളയാൾക്കാരുമായ്
പങ്കുവയ്ക്കുന്നയാളായിടും നിശ്ചയം.
സന്തുഷ്ടി നാം സ്വയം നേടീയെടുക്കണം.
സന്തോഷമെന്നാൽ തെരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യമുള്ളോരവസ്ഥമാത്ര,മല്ലാ-
തന്ത്യമാം സിദ്ധിയല്ലെന്നതാം വാസ്തവം
സന്തുഷ്ടി നമ്മെ പ്രിയമുള്ളോരാക്കിടും
ശക്തരാക്കീടും പരീക്ഷണങ്ങളൊക്കെ
സന്താപമോ നമുക്കേകും ദയാലുത്വം
സ്ഥൈര്യമാകട്ടെ മുന്നോട്ടും നയിച്ചിടും
സന്തുഷ്ടിയുണ്ടായിടാം നഷ്ടമായിടാ-
മെന്തുതന്നായിരുന്നാലും അതിന്നായി
കാത്തിരുന്നീടാതെജീവിതം നയിക്കാൻ
പ്രാപ്തനാകേണമെന്നതാകും പ്രധാനം
സന്തുഷ്ടിയോടെ ജീവിക്കെന്നകാര്യമാം
ചിന്തിക്കവേണ്ടതെന്തെന്നാലന്യരാരും
സന്തോഷമോടെ നാം ജീവിച്ചു കാണ്മതിൽ
സന്തോഷമൊട്ടുമേ കണ്ടിടാ ഓർത്തിടൂ
സന്തുഷ്ടിയോടെ ജീവിക്കുവാനായിട്ടു
സത്യസന്ധമായിട്ടാകണം കർമ്മവും
ഒപ്പം ഹൃദയത്തിൻ ശുദ്ധിയും മനസ്സിൽ
എപ്പൊഴും വ്യക്തമാം ധാരണേമാവശ്യം
സന്തോഷത്തിന്റെയും സന്താപത്തിന്റെയും
സമ്മിശ്രമാമൊരു വൃത്തമാം ജീവിതം
വെല്ലുന്ന രൂക്ഷമാം കാലം വന്നീടുകിൽ
നല്ലതാകും നാളെയുമെത്തും പിന്നാലെ
സന്തോഷത്തെയാകർഷിക്കുന്നതിന്നുള്ള
കാന്തം സമാനമാം ശുഭാപ്തി വിശ്വാസം.
നാംശുഭാപ്തിവിശ്വാസത്തോടിരിക്കുകി ൽ
നമ്മെ തേടും നല്ലവർ, നല്ലകാര്യങ്ങൾ
സന്തോഷപരിത്രാണം നേടിയെന്നാലെ
സങ്കടത്തേയകറ്റി നിർത്തുവാനായി
നിങ്ങൾക്കു സാദ്ധ്യമായീടുവെന്നുള്ളോരു
നേരിന്നെയേവരും അറിഞ്ഞീട വേണം
സന്തോഷമുള്ളവരെല്ലാരുമൊന്നുപോൽ
സന്തോഷമുള്ളവരാകേണമെന്നില്ല
സംതൃപ്തകർഷകനും തത്വജ്ഞാനിയും
സന്തുഷ്ടരാകേണമെന്നില്ലയൊന്നുപോൽ
സന്തോഷമെന്നതാം പൂമ്പാറ്റയേപോലെ
പിന്തുടർന്നീടിലോ ദൂരേക്കകന്നുപോം
പിന്തുടർന്നീടാതെ ദൂരേക്കു നാം പോകെ
വന്നിരിക്കും തോളിൽ, രണ്ടുമൊന്നുപോലേ
സന്തോഷമൊക്കെ നിയന്ത്രണം കൈവിടിൽ
ശിക്ഷയായ് മാറിടാമെന്നതല്ലോ സത്യം.
ആനന്ദമാർജ്ജിക്കുവതിന്നൊപ്പം എതിർ-
പ്പിന്നെയും മാറ്റിനിർത്താൻ ശ്രമിച്ചീടണം.
സന്തോഷമാർജ്ജിക്കയാകായെളുപ്പേന
സ്വന്തമാക്കീട്ടു പാഴാക്കാനുമാവില്ല
നന്ദിയും സ്നേഹവും ആത്മീയതക്കൊത്തു
നേടും അനുഗ്രഹം തന്നെ സന്തോഷമാം
സന്തോഷമെന്നുമുള്ളിൽനിന്നുമാകണം
ബന്ധങ്ങളിൽനിന്നുമാത്രമാകാ തഥാ
ജോലിയിൽനിന്നോ പണത്തിലോനിന്നൊന്നു-
മല്ലെന്നതും നാമറിഞ്ഞീടുക വേണം.
സന്തോഷമെന്നോരവസ്ഥയായീടേണ-
മെന്നില്ലയെല്ലാം തികഞ്ഞ സാഹചര്യം
ന്യൂനതയ്ക്കപ്പുറം കാണുവാനായുള്ള
സന്മനോഭാവമാണെന്നതിന്നർത്ഥമാം
സന്തോഷമുണ്ടാകുവതെപ്പോഴുമാരും
ചിന്തിച്ചിടുന്നതും ചൊല്ലുന്നതും തഥാ
ചെയ്യുന്നതും സ്വരച്ചേർച്ചയോടും കൂടി-
യായിരിക്കുന്നോരു വേളതന്നിലാകും.
സന്തോഷമുണ്ടാകേ കൈകളടിക്കുന്ന
പത്തു വിരലുകളേക്കാളഭികാമ്യം
ശോകമുണ്ടാകേ മിഴിനീർ തുടച്ചിടു-
മേകവിരലുതന്നില്ലൊട്ടു സംശയം.
സന്തോഷമെന്നതേ നമ്മൾക്കു വേണ്ടുന്ന
സർവ്വതും ചേർന്നോരവസ്ഥയാകുന്നില്ല.
സ്വന്തമായിട്ടുള്ളതൊക്കെ നന്നായിയാ -
സ്വദിക്കാനൊക്കുന്നയവസ്ഥയായിടും
സന്തോഷമൊക്കെയും പങ്കുവച്ചും തഥാ
സ്നേഹിതന്മാരുമൊത്തുല്ലസിച്ചും കുടും-
ബത്തെയുംനന്നായിസേവിച്ചുമുള്ളതിൽ
തൃപ്തരായ് ജീവിക്കയായീടുമുത്തമം
സന്തോഷമോടിരിക്കാനുള്ള മാർഗ്ഗങ്ങൾ
സാഹചര്യങ്ങളിൽ മാറ്റമുണ്ടാക്കിയും
സന്തോഷമെന്നതിന്നോടായ് തനിക്കുള്ള
സാമിപ്യത്തിൽ മാറ്റമുണ്ടാക്കിയുമാകാം
സന്തോഷമോടിരിക്കുന്നെന്നതിന്നർത്ഥം
സർവ്വവും സമ്പൂർത്തിയെത്തിയെന്നേയല്ല.
അർത്ഥമാകും നിങ്ങൾ ന്യൂനതക്കപ്പുറം
എത്തിനോക്കി തൃപ്തരാകാൻ പഠിച്ചെന്നു
സന്തോഷമോടിരിക്കുന്നതിന്റെപൊരുൾ
സന്തുഷ്ടിയോടെയെപ്പോഴുമിരിക്കേണ-
മെന്നുള്ളയൊറ്റ ദൃഢനിശ്ചയം തന്നെ-
യെന്നുള്ളസത്യമറിയുവതെത്രപേർ?
സന്തോഷമോടമ്മമാർ കഴിഞ്ഞീടുകിൽ
സന്തോഷമുണ്ടായിടുമെല്ലാ വീട്ടിലും
സന്തോഷമുണ്ടാകിലെല്ലാ ഭവനത്തും
സന്തോഷമുള്ളോരു രാജ്യമായിമാറും
സന്തോഷമോടെപ്പൊഴുമിരിക്കാനാകാ
എന്തു ചെയ്താലുമെല്ലാം ശരിയായിടാ
എന്നിരുന്നാലും നമുക്കാകവേണ്ടിടും
നന്നായി ജീവിതം ജീവിച്ചു തീർക്കുവാൻ
സന്തോഷമോടെയും ക്ലേശമില്ലാതെയും
മുന്നോട്ടുപോകുവാനുള്ളോരു ചിന്തനം
ആഗ്രഹിക്കുന്നതെല്ലാം കിട്ടിടില്ലെന്നാൽ
അർഹിക്കുവതെല്ലാം കിട്ടിടും നിശ്ചയം
സന്തോഷമോടിരിക്കുന്ന മിത്രങ്ങൾക്ക-
ടിസ്ഥാനമായി സ്വഭാവമൊന്നായിടാ
അന്യോന്യചേതോവികാരം ഗ്രഹിക്കുന്ന-
തിന്നായവർക്കുണ്ടപാരമാകും ശക്തി
സന്തോഷമോടിരിക്കുന്നവരെപ്പൊഴും
ശ്രദ്ധിക്ക സ്വായാത്തമാക്കിക്കഴിഞ്ഞ തിൽ
സന്തുഷ്ടിയില്ലാത്തവരെന്നാൽ ശ്രദ്ധിക്ക
സ്വാഭാവികമായും കിട്ടാത്ത വസ്തുവിൽ
സന്തോഷമോടിരിക്കെ പ്രതിജ്ഞയാകാ
ക്രുദ്ധനായിട്ടിരിക്കേയുത്തരമേകാ
ദാരുണാവസ്ഥയിൽപെട്ടോരു വേളയിൽ
തീരുമാനങ്ങളൊന്നുമെടുത്തീടൊലാ
സന്തോഷമോടേയിരിക്കുകിൽ, ജീവിതം
എത്രയോ നല്ലതെന്നുള്ളോരു തോന്നലാം.
തോന്നിടാമെത്രയോ നന്നെന്നു ജീവിതം
അന്യർക്കു സന്തോഷമേകിടിൽ നാം സ്വയം
സന്തോഷമോടേയിരിക്കുന്നതിൽ നിന്ന-
സാദ്ധ്യമാക്കും നമ്മളേ രണ്ടു കാര്യങ്ങൾ
ഒന്നുനാം പോയകാലത്തിൽ ജീവിക്കിൽ പി-
ന്നന്യരെ ശ്രദ്ധിച്ചു നേരം കളഞ്ഞിടിൽ
സന്തോഷവാനായിരിക്കാൻ ശ്രമിച്ചിടൂ
യാത്രയാരംഭിക്കെ തന്നെയോരോദിനോം
ആനന്ദം കണ്ടിടൂ സംഭവിക്കുന്നതിൽ
ആരെന്തു ചൊല്ലിലും മോശമാക്കാദിനം
സന്തോഷവുമൊപ്പം ഓർമ്മയും സ്നേഹവും
കാത്തുവച്ചീടും നിധിച്ചെപ്പുപോൽ മനം
പാകപ്പെടുത്തൂ, മനസ്സിന്നെ, വെറുപ്പും
ശങ്കയും കോപവും പേറും ചെപ്പാകാതെ.
സന്തോഷവും തഥാ സന്താപവുമൊന്നും
സ്ഥായിയായുള്ള കാര്യങ്ങളല്ലറിയൂ
ഇന്നട്ടഹസിക്കിൽ നാളെക്കരഞ്ഞിടും,
എന്നും പ്രപഞ്ചം നിയന്ത്രിക്കുമാവിധം.
സന്തോഷവും ദുഖവും ക്ഷോഭവുമെല്ലാ-
മൊത്തുചേർന്നീടുമദ്ധ്യായമാം ജീവിതം
എപ്പൊഴേലും മറിച്ചൊന്നു നോക്കിയില്ലേൽ
എന്താണടുത്ത സർഗ്ഗം എന്നറിഞ്ഞിടാ.
സന്തോഷം വന്നാലുമില്ലെങ്കിലും നമ്മൾ
സന്തോഷമൊന്നുമില്ലാതെ ജീവിക്കുവാൻ
സന്നാഹമോടിരിക്കാൻ പഠിച്ചീടണം
സ്വസ്ഥമാകും മനസ്സോടേയിരിക്കുവാൻ
സന്ദർഭമെത്ര കിട്ടിയാലും ആളുകൾ
നന്നാകുവാൻ ശ്രമിക്കില്ലതാം വാസ്തവം
സന്ദർഭമൊന്നുമേയില്ലാതെ വന്നിടേ
നന്നാകുവാൻ ശ്രമിക്കുന്നതും കണ്ടിടാം
സന്ദേശമെന്നതില്ലാതെയൊരിക്കലും
ബന്ധങ്ങളുണ്ടാകയില്ലെന്നതറിയൂ
സ്നേഹമുണ്ടാകാ ബഹുമാനമില്ലെങ്കിൽ
സമ്പർക്കമുണ്ടാകാ വിശ്വാസമില്ലെങ്കിൽ
സമ്പത്തിനും തഥാ സ്വന്തബന്ധത്തിനും
സദൃശ്യമാമാദരമേകീടവേണം
ദുസ്സഹം ഏറെയാം രണ്ടുമുണ്ടാക്കിടാൻ
നഷ്ടമായീടുവാനും നിഷ്പ്രയാസമാം
സമ്പത്തു മൂലമോ രൂപത്തിൽക്കൂടെയോ
സൗന്ദര്യം മൂലമോ ഭാവത്തിൽക്കൂടെയോ
ആവില്ലയാർക്കും വലിയവനായിടാൻ
ആകുമെന്നാലോ മനസ്സിന്റെ നന്മയാൽ
സമ്പദ്‌വ്യവസ്ഥക്കുറപ്പുണ്ടുവെങ്കിലോ
അമ്പേ ജയിച്ചിതേ പാതിയും ജീവിതം
നാണയം നേടുവാൻ വൈഷമ്യമുണ്ടാക,
നേടിയാലോ കടുപ്പം വ്യയം ചെയ്യുവാൻ
സമ്പന്നനാകും സുഹൃത്തിനേക്കാളേറെ
ആപത്തിലായോരു ചങ്ങാതിക്കായിടും
ആശ്വാസമേകീടവേണ്ടതെന്ന കാര്യം
ആരുമേ വിസ്മരിച്ചീടായൊരിക്കലും.
സമ്പന്നരായശേഷം സുഖിക്കാമെന്ന
സങ്കല്പമെത്രയോ ബുദ്ധിമോശമെന്നോ
എങ്ങനാണെങ്കിലും, നിങ്ങളീ മാത്രയിൽ,
ഏതുമാർഗ്ഗേനയും സന്തോഷം കണ്ടിടൂ.
സമ്പൂര്‍ണ്ണമാമോരു നേരത്തിനായിട്ടു
വെമ്പും മനസ്സോടെ കാത്തിരുന്നീടൊലാ
സന്ദർഭമൊന്നു കയ്യിൽവന്നുചേരുകിൽ
സമ്പൂർണ്ണമാക്കി മാറ്റാനായ് ശ്രമിച്ചിടൂ
സമ്മർദ്ദമകറ്റൂ പുഞ്ചിരിക്കെപ്പൊഴും,
ശാന്തിയാസ്വദിക്കൂ മറക്കൂ ആധികൾ
ഉപേക്ഷിച്ചിടൂ മനോവേദനയൊപ്പം
ഉല്ലസിച്ചുണർന്നും വസിക്കാൻ ശ്രമിക്കൂ.
സമ്മർദ്ദവും ശോകവും കാത്തുവച്ചിടും
സഞ്ചിയല്ലാ മനം, നേരേമറിച്ചോരു
സ്വർണ്ണച്ചിമിഴാകും, സ്വാദേറുമോർമ്മയും
സന്തോഷവുമൊക്കെ സൂക്ഷിച്ചുവച്ചിടും
സസ്യങ്ങളാഹാരമുണ്ടാക്കിടാനായി
സൂര്യതാപമുപയോഗിക്കുമെങ്കിലാ
'സൂര്യതാപ'മേറ്റവയ്ക്കുണ്ടാം നാശവും,
സൂര്യതാപത്താലേയാഹാരോം നിഗ്രഹോം!
സർവംസഹത്വം ഒരു ക്ഷണം കാട്ടുകിൽ
സാദ്ധ്യമാം മാറ്റുവാൻ മോശമാം ഭാവത്തെ
സാദ്ധ്യമാകും ജയം മനസ്സിന്നെയെന്നും
സ്തോഭഭാവങ്ങൾക്കു മേലേ നിറുത്തുകിൽ
സര്‍വ്വംസഹത്വമില്ലാതെയായാൽ നിണം
നീർവലിഞ്ഞിട്ടുണങ്ങിപ്പോകു,മാധിക്കു-
മായുസ്സിനുമന്ത്യം ഉണ്ടായിടുന്നതിൻ
മുന്നേ,യതിന്നാൽ സഹനം ശീലിച്ചിടൂ
സര്‍വ്വംസഹത്വം മനസ്സിന്നു വേണ്ടുന്ന
ശക്തിയേകേ മൗനപാലനം നിങ്ങൾക്കു
ശക്തിയേകീടും വൈകാരീകമായിട്ടും,
ശക്തിമത്തായുള്ള ഊർജ്ജദ്വയമല്ലോ!
സംവാദമെന്നതാം ആശയ കൈമാറ്റം
ആവുംവിധം അതിന്നെ പിന്താങ്ങീടണം
വിദ്യാവിഹീനതേമഹന്തേം കൈമാറിൽ
വാദപ്രതിവാദമുണ്ടാം, ഒഴിവാക്കൂ
സംശയാതീതമായെല്ലാം ഗ്രഹിക്കുവാൻ
ഉത്സാഹമുള്ളയാളാണു നിങ്ങളെങ്കിൽ
ജീവിതത്തിലുണ്ടാമോരോ നിമിഷവും
ആവോളമാസ്വദിക്കാനായിടുമല്ലോ.
സാഗരം പോലെയാം ദീനവാത്സല്യവും
സാഗരം മൊത്തവും പങ്കിലം ആയിടാ
മാലിന്യമൽപ്പം പടർന്നെന്നകാരണം;
മാനവീയമൂല്യത്തിൽ വിശ്വസിച്ചിടൂ
സാദ്ധ്യമായീടാ വിജയം നേടീടുവാൻ
ബുദ്ധിശക്തിമാത്രമതിന്നായി വേണം
സൽച്ചിന്തയും തഥാ സുതാര്യമായിടും
സ്വഭാവത്തിന്റെ മഹത്വവും ഒന്നുപോൽ
സാധിക്കയില്ലാ നിയന്ത്രിക്കുവാനായി
സ്വഭാവം നമുക്കന്യർതന്നുടെ,യെന്നാൽ
തീർത്തും നമുക്കാകണം നമ്മുടേതാമെ-
തിർപ്പവർക്കെതിരേയുയർത്തീടുവാനായ്
സാധ്യമല്ലെന്നുതോന്നുന്നവ നേടുവാൻ
സാധ്യമാണെന്നു ചിന്തിക്കുക വേണ്ടിടും
ലക്ഷ്യവും സ്ഥിരോത്സാഹവുമാം ജയത്തി-
ലേക്കാനയിച്ചീടുന്നതിന്നുള്ള മാർഗ്ഗം
സാധ്യമാകാ നിനക്കെന്നൊരാൾ ചൊല്ലുകിൽ
സത്യമേയല്ലതെന്നേ വിശ്വസിക്കാവു.
ചൊന്നയാളിൻ ക്ലിപ്തതതൻ പ്രതിച്ഛായ
തന്നായിടാമതല്ലാതാക നിങ്ങൾതൻ
സാഫല്യം നേടിടും ജീവിതത്തേക്കാളും
സംതൃപ്തിയേറെയുള്ളതാമല്ലി കാമ്യം
സാഫല്യം നമ്മുടേതന്യർ അളന്നിടേ
സംതൃപ്തിനാം സ്വയം അളക്കുന്നതല്ലയോ
സാമർത്ഥ്യമുണ്ടായിടാ ജയത്തിൽക്കൂടി സാഹസം ശക്തിപ്പെടുത്തിടും സാമർ ത്ഥ്യം
ക്ലേശമുണ്ടായിടേ തീരുമാനിക്കിൽ നാം കീഴടങ്ങില്ലെ,ന്നതായിടും സാമാർത്ഥ്യം
സാമർത്ഥ്യമേകാൻ പരീക്ഷണത്തിനാകും
സന്തോഷമെന്നുമേ മാധുര്യമുള്ളതാം
സന്താപമോ ദയാശീലത്തെയുണ്ടാക്കെ
കൃത്യലോപം ഗർവ്വുമില്ലാതെയാക്കിടും
സാമർത്ഥ്യമേറിടും ധൈര്യമുണ്ടായിടിൽ
ഉൻമേഷമുണ്ടെങ്കിലൈക്യം വളർന്നിടും
സ്നേഹം വളർന്നിടും പങ്കുവച്ചീടുകിൽ
ശ്രദ്ധ നൽകീടിലോ ബന്ധം വളർന്നിടും
സാമര്‍ത്ഥ്യവും രൂപവും തരും ഈശ്വരൻ
സ്വത്തുക്കളും ഖ്യാതിയും നേടിടും പുമാൻ
സ്വാര്‍ത്ഥഭാവാദികളല്ലോ സ്വയംകൃതം
സ്വാര്‍ത്ഥനായീടാതെ നന്ദിയുള്ളോനാകു
സാരവത്തല്ലാത്ത കാര്യങ്ങൾക്കൊന്നുമേ
കാര്യമായുള്ളയസ്തിവാരം കാണില്ല
വീട്ടുകാര്യങ്ങളുറപ്പുള്ളവയാണേൽ കെട്ടലോകം സുന്ദരമായിത്തോന്നിടാം
സാഹചര്യങ്ങളേ മാറ്റിയെടുക്കുവാൻ
സാധിക്കയില്ലയാരാധനയ്ക്കെപ്പോഴും
മാറ്റിടാമെന്നാലതു മനോഭാവത്തെ
മാറ്റിടാമപ്രകാരം ജീവിതത്തെയും
സാഹചര്യങ്ങളേയാശ്രയിച്ചായിടും
സാംഗത്യമൊക്കെയും ഒത്തുവന്നീടുന്നെ.
സ്വന്തമായിത്തെരഞ്ഞെടുത്തീ/ടുന്നതേ-
യെന്നുമാശ്രയിക്കും തൻമനോഭാവത്തെ
സാഹചര്യങ്ങളെയോർത്തു പിന്മാറിയാൽ
സാക്ഷാൽക്കരിക്കുവാനാകുമോ സ്വപ്‌നങ്ങൾ?
സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ചിടൂ
സാഹചര്യങ്ങളെക്കീഴടക്കീടണം
സാഹചര്യം വിനാ പുഞ്ചിരിക്കെന്നതും,
സംസാരിച്ചീടുക ലക്ഷ്യമില്ലാതെയും,
പ്രത്യാശയില്ലാതെ ശ്രദ്ധകിട്ടുന്നതും
സത്യസന്ധമാകും ബന്ധത്തിൻ ചാരുത!
സാഹസം കാട്ടേണ്ടയാവശ്യമേയില്ല
സാമിപ്യമുണ്ടു തന്റേതെന്നറിയിക്കാൻ
സാന്നിധ്യമില്ലെന്ന വാസ്തവം ശ്രദ്ധയിൽ
വന്നുവെന്നാലതാണേറെ നല്ല കാര്യം.
സാഹസം കാണിച്ചു നേടിയെന്നാകിലോ
സന്തോഷമോടേ നയിക്കുവാനായിടും
നേരേമറിച്ചങ്ങു തോറ്റുപോയീടിലും
നേരേ നയിക്കുന്ന മാർഗ്ഗദർശിയാകാം.
സുന്ദരമാമോരു ജീവിതം പെട്ടെന്നു
സാധ്യമാകാ, സ്വയം കെട്ടിപ്പടുക്കണം;
സ്നേഹം,ക്ഷമ,പരിത്യാഗം, പ്രസന്നത,
സൗമനസ്യ,മൊക്കെ ചേർത്തുറപ്പിക്കണം.
സുന്ദരീ സുന്ദരന്മാർ തമ്മിലുള്ളോരു
സ്നേഹമാവേണമെന്നില്ല പൂർണ്ണ സ്നേഹം
സൗന്ദര്യമോലുന്ന രണ്ടു ഹൃദയങ്ങൾ
തന്നുടെ സ്നേഹമാകും യഥാർത്ഥ സ്നേഹം
സുപ്രധാനമായിട്ടുള്ള കാര്യമാകും
സ്വന്തം കരുത്തിൽ ഉറച്ചു വിശ്വസിക്ക
മറ്റുള്ളവർതന്നഭിപ്രായമെപ്പൊഴും
മാറിടും സാഹചര്യത്തിന്നനുസൃതം
സുഹൃത്തുക്കളായാൽ വീഴ്ചകളൊക്കെയും
സഹിഷ്ണുതയോടേയന്യോന്യമറിഞ്ഞു
സന്മനോഭാവേന പൊറുക്കാതിരുന്നാൽ
സൗഹൃദം നീണ്ടകാലം നിലനിന്നിടാ
സൂനം വിടർന്നീടെയാദ്യമായ്ക്കാണുന്ന
മാനസത്തിന്നുള്ളത്തിലേക്കു പൂവിന്റെ
തണ്ടിലെക്കണ്ടകം കൊണ്ടു കേറീടുന്ന-
തെന്നതാമിന്നത്തെ സാമാന്യമാം കാഴ്ച
സൂക്ഷിച്ചിടാ ദേഷ്യമുള്ളിൽ ഒരിക്കലും
വാക്കിലായീടണം ദേഷ്യ പ്രദർശനം
വാക്കിലാകാ ജാഗ്രതയാരെപ്പറ്റിയും
വേണം ഹൃദയത്തിന്നുള്ളിലായിത്തന്നെ
സൂര്യരശ്മികൾ പോലാം മനസ്സിൻ ശക്തി
കേന്ദ്രീകരിച്ചുവെന്നാലോ അവരണ്ടും
ശോഭിച്ചിടും സ്വയം എന്നതിന്നപ്പുറം
ശോഭനൽകീടുമീ ലോകത്തിനാകെയും
സൂര്യാസ്തമയമോരോന്നുമോരോദിവ-
സ്സത്തെക്കുറച്ചിടും ജീവിതത്തിൽ നിന്നും
എങ്കിലും സൂര്യോദയങ്ങളോരോന്നുമാ-
ശക്കുറപ്പായി പുത്തൻ ദിനത്തെത്തരും
സ്തോഭവും ആവേശവും, സംഭ്രമം തഥാ
ക്ഷോഭവും വിദ്വേഷവും സങ്കടങ്ങളും
മാനവഹൃത്തിൻ വികാരങ്ങൾ, ഒക്കെയും
മാന്യമായ് വേണം പ്രകടിപ്പിച്ചീടുവാൻ.
സ്തംഭിപ്പിക്കാനായിട്ടെത്ര ശ്രമിച്ചാലും
സംഭവ്യമാകേണ്ടവ സംഭവിച്ചിടും
സംഗതിയധികം വഷളാക്കി മാറ്റാതെ
വേഗം നിയന്ത്രിക്കയാകും കരണീയം.
സ്ഥാനമാനങ്ങൾ താൽക്കാലികം മാത്രമാം
ഉദ്യോഗനാമങ്ങളോയേറെ കാണില്ല
എപ്രകാരം സേവയന്യർക്കു നൽകിടും
എന്നതെപ്പോഴുമെല്ലാരുമോർക്ക വേണം
സ്നേഹസന്ദേശവും മന്ദസ്മിതങ്ങളും
അനുകമ്പയോലുന്ന കരണങ്ങളും പ്രതിഫലിപ്പിക്കുവതാത്മാവിന്റേയും ഹൃത്തിന്റെയും നിർമ്മലമാകും സൗന്ദര്യം.
സ്നേഹവും ഊഷ്മള ബന്ധങ്ങളും തഥാ
സൗഹൃദഭാവവുമൊന്നിച്ചു പോയിടാം
എന്നിരുന്നാലും സ്ഥിരമായിട്ടാ സ്ഥിതി
നിന്നിടാ വേണ്ടുമംഗീകാരമില്ലെങ്കിൽ
സ്നേഹവും കാരുണ്യവും പാഴിലാകില്ല,
സ്വീകരിക്കുന്നവർക്കും കൊടുക്കുന്നോർക്കു-
മൊന്നുപോലാശിസ്സു രണ്ടും കൊടുക്കയാൽ;
എന്നുമേകീടതിന്നാലേയവയാർക്കും
സ്നേഹവും ധ്യാനവും, സ്വായത്തമാം ക്ഷമാ-
ശീലവും പോലുള്ള ഏറെ പ്രസിദ്ധമാം
ശക്തിയേറും മൂന്നു മാർഗ്ഗങ്ങളേതുനേ-
രത്തുമേവർക്കുമുണ്ടാമെന്നതോർത്തിടൂ
സ്നേഹസന്ദേശവും കാരുണ്യമോലുന്ന
മന്ദസ്മിതങ്ങളും ഗാത്രഭാവങ്ങളും
ഹൃത്തിന്റെയുമാത്മാവിന്റെയും നിർമ്മല സൗന്ദര്യമല്ലോ പ്രതിബിംബിപ്പിക്കുക
സ്നേഹിക്കുവാനായി പ്രാപ്തികാട്ടും മന-
സ്സെത്രയോ സൗന്ദര്യമുള്ളയൊന്നായിടും
ശ്രദ്ധയേകുന്ന ഹൃദയം ഉണ്ടാകിലോ
ശക്തിയുണ്ടാമതിന്നെന്നതും വ്യക്തമാം
സ്നേഹം, വെറുപ്പ്, ഭയം, ആശ, വൈരാഗ്യ,മ-
സൂയയും മനസ്സിൽ നട്ടാൽ വിളഞ്ഞിടും
എന്താണു നട്ടു കൊയ്തീടവേണ്ടതെന്നു
സ്വന്തമായിത്തീരുമാനിക്ക വേണ്ടിടും
സ്പഷ്ടമാക്കും തൊട്ടറിവേക്കാൾ ദൃഷ്‌ടികൾ
സ്പര്‍ശനം വാക്കിനേക്കാൾ ശ്രദ്ധയേകിടും
സൂക്ഷിച്ചു വാക്കുകൾ കൈകാര്യം ചെയ്യുകിൽ
അക്ഷികൾ ഈറനാക്കും ഹൃത്തിനെത്തൊടും
സ്പഷ്ടമാം ബുദ്ധിയും, സ്വച്ഛമായ ഹൃത്തും
സംതൃപ്തിയെപ്പോഴുമുള്ളോരവസ്ഥയും
സന്തോഷപൂർണ്ണമാകും ജീവിതത്തിന്റെ
സൂത്രവാക്യത്തിനാധാരം ഇതൊക്കെയാം
സ്‌പര്‍ദ്ധയും വൈരാഗ്യവും തഥാ രോഷവും
സൂക്ഷിച്ചിടാനുള്ളിടമല്ലാ മാനസം
സ്നേഹവും മാധുര്യമേറുന്നയോർമ്മയും
സന്തോഷവും പോറ്റിടും സ്ഥലം മാനസം
സൃഷ്ടിക്കുവാനായ് ശ്രമിക്കാതെ നമ്മുടെ
സ്വന്തം പ്രതികർതൃത്വത്തെ മാറ്റീടണം
നമ്മെയോർമ്മിപ്പിക്കുവാൻ ചുറ്റുമുള്ള സൗ-
ന്ദര്യത്തെയാശ്ലേഷണം ചെയ്യുവാനായി
സ്വത്വത്തിനും മേൽ വിജയിക്കാൻ നിങ്ങൾക്കു
സാധ്യമാണെന്നുറപ്പാകുന്നുവെങ്കിലോ
തീർച്ചയാണീശ്വരന്മാർക്കുപോലും ജയം
തോൽവിയായിട്ടു മാറ്റീടുവാനാകില്ല
സമ്പത്തുപയോഗിച്ചീടേ മനുഷ്യന്നെ
സ്നേഹിക്കുകയല്ലോ വേണ്ടതെന്നറിയൂ
മറിച്ചാണു കാര്യം നടക്കുന്നതെങ്കിൽ
മനുഷ്യർക്കിടയിൽ പ്രശ്നങ്ങളുണ്ടാകും
സ്വന്തമായൊന്നുമില്ലാർക്കുമീ ഭൂതലേ,
സ്വപ്‌നങ്ങളെത്രകണ്ടാലെന്തു നേടിടും?
നേടിയാലും കൂടെകൊണ്ടുപോകാനായി
നാമെത്രമോഹിച്ചുവെന്നാലുമായിടാ
സ്വന്തമായിട്ടുള്ള ചിന്തകൾ മാത്രമാം
ശല്യപ്പെടുത്തുന്നതീ ഭൂവിലാരെയും
തന്റെ ചിന്തക്കുള്ള സ്വാധീനമെന്തെന്ന-
തേവരും നന്നായറിഞ്ഞു പ്രവർത്തിക്ക
സ്വന്തമായിപ്പരിപോഷണം ചെയ് വതെ
സ്വാര്‍ത്ഥബുദ്ധിയായിക്കാണേണ്ടതില്ലഹോ!
സ്വന്തം അതിജീവനത്തിനെന്നപോലെ
സൗഖ്യത്തിനും അതത്യാവശ്യമല്ലയോ?
സ്വന്തമായൊന്നും നമുക്കില്ല ഭൂമിയിൽ
സർവ്വവും താൽക്കാലികം മാത്രമായിടും.
നമ്മൾ ഹൃദയത്തിൽ സൂക്ഷിച്ചിടും സ്നേഹ-
നന്മകൾ മാത്രം സ്ഥിരമായുണ്ടായിടും.
സ്വന്തമന്തസ്സുമതേപോലെ തന്നുടെ
സന്തുഷ്ടിയുമൊപ്പം കാത്തു സൂക്ഷിക്കുവാൻ
വ്യക്തിസ്വാതന്ത്ര്യം മനുഷ്യകുലത്തിനു
ശക്തികൂട്ടുന്ന ത്വരകമെന്നറിയൂ
സ്വന്തമാംതാല്പര്യം കാത്തുസൂക്ഷിച്ചിടിൽ
സ്വാര്‍ത്ഥബുദ്ധിയാകാ കാരണം എങ്കിലേ
അന്യർക്കുമേകുവാൻ ശേഷിക്കൂ വല്ലതും
ശൂന്യമാം പാത്രത്തിൽ നിന്നും വിളമ്പുമോ?
സ്വന്തം അറിവില്ലായ്മയെപ്പറ്റി നന്നായ്
ബോദ്ധ്യമായാലതായീടണം പാടവം
ആർജ്ജിക്കുവാനായി എത്തിപ്പെടാനുള്ള
ആദ്യത്തെസോപാനമെന്നതാം വാസ്തവം
സ്വന്തം പ്രമാദത്തെ പറ്റിയാരെങ്കിലും
സൂചനയേകിൽ സന്തോഷിക്കവേണ്ടിടും
കാരണം തന്റെയുത്കൃഷ്ടിയിൽതാത്പ ര്യം
കാട്ടുവാനാരേലുമുണ്ടെന്നു വ്യക്തമാം
സ്വന്തം പ്രവർത്തിയിൽ തെറ്റുകൾ കാണുവാൻ
സാധിക്കുവാൻ മടിക്കുന്നോരിലന്തരം
സൃഷ്ടിക്കുവാനായ് ശ്രമിക്കാതെ നമ്മുടെ
സ്വന്തം പ്രതികർതൃത്വത്തെ മാറ്റീടണം
സ്വന്തം പ്രശസ്തിയുയർത്തി പിടിക്കുവാൻ
ശ്രദ്ധ വേണ്ടുംവിധം തന്നെ കൊടുക്കണം
എന്തുകൊണ്ടെന്നാലതിന്റെ നിലനിൽപ്പ്
സ്വന്തം നിലനിൽപ്പിനെയതിജീവിക്കാം.
സ്വന്തം ശരീരത്തിനുള്ളിലേക്കെത്തിടൂ,
ശ്രദ്ധിച്ചിടൂ, ചതിക്കില്ലാതൊരിക്കലും
ബുദ്ധിയോ കാട്ടിടും സാമർത്ഥ്യ,മെങ്കിലും
ഹൃത്തുകാട്ടിത്തരും യാഥാർഥ്യമൊക്കെയും
സ്വപ്നതുല്യമല്ലോ ജ്ഞാനിക്കു ജീവിതം
സൂത്രക്കളിയായിത്തോന്നിടാം വങ്കന്നു
സാധാരണക്കാരനാം ദരിദ്രന്നഹോ
ശോചനീയമാകും സംഭവം ജീവിതം
സ്വപ്നങ്ങളില്ലെങ്കിലോ ജീവിതം തീർന്നു
ശുഷ്‌കാന്തിയില്ലെങ്കിലോ നിഷ്‌ഠയും തീർന്നു
സ്നേഹം നിലച്ചിടും മുൻവിചാരം വിനാ
സ്വപ്നവും കണ്ടു സ്നേഹിച്ചു ജീവിച്ചിടൂ
സ്വപ്നത്തിനായിട്ടുറങ്ങീട വേണ്ടിടും
യത്നമില്ലാതെകണ്ടെങ്കിലോ ലക്ഷ്യത്തി-
ലെത്തുവാനായിട്ടുറക്കമേയില്ലാതെ
യത്നിക്കവേണ്ടിടും എന്നതാണന്തരം
സ്വപ്നസാക്ഷാത്കാരമുണ്ടായിടാ വെറും
ചെപ്പടിവിദ്യയാൽ പിന്നെയോ ദൃഢമാം
തീരുമാനങ്ങളും തീക്ഷ്ണമാമദ്ധ്വാന-
ത്താലുള്ള സ്വേദനവുമാവശ്യമാകും
സ്വപ്‌നം പൊലിഞ്ഞിടാ, തളിരിട്ടു നിർത്തൂ
സ്വപ്നം മലരിട്ടാൽ കൊഴിയാതെ നോക്കൂ
പൂവിട്ടസ്വപ്നം ഫലങ്ങളായ് മാറ്റണം
പൂവുകായാകേ വിതച്ചുകൊയ്യു സ്വപ്‌നം
സംശയമെന്യേ സ്വഭാവശുദ്ധിയാകും
സമ്പത്തിനേക്കാൾ മികവേറും സംഭവം
മാനവീയമാകും മൂല്യവും ബന്ധവു-
മൊന്നിച്ചു സൂക്ഷിക്കുകെന്നതുമുത്തമം
സ്വന്തമായിത്തനിക്കായിടാം നൽസത്യ-
സന്ധനായിട്ടു മാറീടുവാനെങ്കിലോ
തീർച്ചയാക്കാനാകുമാമാത്രതൊട്ടോരു
നീചനീ ഭൂമിയിൽനിന്നും മറഞ്ഞിടും.
സ്വന്ത രക്ഷക്കായിയേറെ പ്രയോജനം
സ്വന്ത ശിക്ഷണം തന്നെയാകാമാരുടേം
മോശം പെരുമാറ്റത്തിന്നെതിരായിട്ടു
വീശുന്നതിനായും പറ്റിയോരായുധം.
സ്വന്തം പ്രമാദത്തെ കാണിൽ മഹനീയം
സ്വന്തമായ്തിരുത്തീടിലേറും മഹത്വം
തന്റെ തെറ്റിന്നേയറിഞ്ഞു സ്വീകരിക്കിൽ
തീർത്തും മഹത്തരം എന്നതാം വാസ്തവം
സ്വന്തമായ്മുട്ടപൊട്ടേ പുറത്തെത്തിടും
സാകൂതമോടങ്ങൊരു പുത്തൻ ജീവനം
ബാഹ്യശക്തിയാണാ മുട്ട പൊട്ടിക്കുകിൽ
ആഹാ! ഒരു ജീവന്നന്ത്യമുണ്ടായിടും
സ്വാഭാവികമായുള്ള മൗനത്തിനെന്നും
സ്വാധീനശക്തിയേറും സംശയമെന്യേ
ഉച്ചരിക്കാതെ പോയീടുന്ന വാക്കുകൾ
ഉണ്ടാക്കുകില്ല ഉപദ്രവമൊന്നുമേ
സ്വാഭിനന്ദനം ചൊല്ലുകിൽ തെറ്റില്ല,തൻ
സ്വന്തം കുടുംബ,മേറ്റം നല്ല കൂട്ടുകാർ,
ആരോഗ്യ,മിത്യാദിയെപ്പറ്റി, കാരണം
ആഹ്ലാദമേറുമാ സ്വാഭിനന്ദനത്താൽ
സ്വാസ്ഥ്യമെന്നതെന്നും ശ്രേഷ്ഠമായു ള്ളോരു
സംഭാവനപോലേയാണെന്നറിയേണം
പ്രത്യാശ കാക്കേണ്ടയെല്ലാവരിൽനിന്നു
ഹൃത്തവർതന്നുടേതാകാ വിശാലമാം
സ്വാസ്ഥ്യം പരിത്യജിച്ചീടുന്നു മാനുഷർ
സമ്പത്തിനെ സ്വരൂപിക്കുവാ,നെന്നിട്ടു
സമ്പത്തിനെപ്പരിത്യജിച്ചീടുന്നഹോ
സ്വാസ്ഥ്യത്തെവീണ്ടെടുത്തീടുന്നതിന്നായി
സൗകര്യമുള്ളവർ ഭാഗ്യവാന്മാരാകെ
സാമർത്ഥ്യമുള്ളവർ സൗകര്യമുണ്ടാക്കും
സന്ദർഭസേവകർ നേട്ടമുണ്ടാക്കുവാൻ
സേവിക്കുമാരണ്ടു കൂട്ടരേമൊന്നുപോൽ
സൗന്ദര്യമാകില്ല മെച്ചം,സ്വഭാവമാം,
സമ്പാദ്യമല്ല, കാരുണ്യം മികച്ചതാം
ചാർച്ചകൾ കാത്തു സൂക്ഷിക്കുന്നതിനേക്കാൾ
മെച്ചമായൊന്നുമേയില്ലയീ ഭൂമിയിൽ.
സൗന്ദര്യമേറും മനസ്സുള്ളവർ തന്റെ
സംസാരവും നല്ല ചിന്തയോടായിടും
സ്നേഹിച്ചിടുന്നതുപാധിയില്ലാതെയാം
ശ്രദ്ധിച്ചിടുന്നിതെല്ലാരേയുമൊന്നുപോൽ.
സൗന്ദര്യമുള്ളവരായിട്ടു മാറിടാം
ചിന്തിക്കിലേവരും ആവിധം, ഓർത്തിടൂ
ചിന്തിക്ക വേണ്ടിടും പ്രായോഗികമായി
എന്തുവന്നാകിലും നേരിടുന്നതിന്നായ്
സൗന്ദര്യമേറെയുള്ളോരാനനത്തെയും
സമ്പൂർണമാം ശരീരത്തേയുമൊന്നുപോൽ
വാർദ്ധക്യമാക്രമിക്കേ സുന്ദരമാം ജീ-
വാത്മാവിൻ സൗന്ദര്യമെന്നും നിലനിൽക്കും
സൗന്ദര്യമേറ്റവും കൂടുതൽ ഉണ്ടാക
സ്വന്തമാം വസ്തുക്കളിലല്ലെന്നോർത്തിടൂ
സംഭവങ്ങൾ, ദൃശ്യം, ഓർമ്മ, സ്ഥലങ്ങൾ
സാമാന്യജനവും മന്ദഹാസവുമാം
സൗഭാഗ്യമോടേയുമാരോഗ്യത്തോടെയും
സ്വസ്ഥമായ് ജീവിക്കാൻ വർജ്ജിക്കവേണ്ടിടും
താരതമ്യം, ആവലാതിയാക്ഷേപാദി
മാരകാർബ്ബുദങ്ങളാകുന്ന വ്യാധികൾ
സൗഹൃദങ്ങൾ പാരിതോഷികം പോലെയാം
സൂക്ഷിക്കവ ശ്രദ്ധയോടേ സജീവമായ്
ഹൃത്തിലേറ്റിപ്പുതുക്കീടു പണ്ടത്തെ സു-
ഹൃത്തുക്കളേ, ജീവിതം ധന്യമാക്കിടാൻ
സംതൃപ്തിയുള്ളോരു ജീവിതം എന്നുനാം
സ്വന്തമായ് തീരുമാനിക്കിലോ മെച്ചമാം
അന്യർ അളക്കും അഭിവൃദ്ധിയുള്ളോരു
മാന്യമാം ജീവിതത്തേക്കാളു,മോർത്തിടൂ
സംഭവങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നത്
സ്വാഭാവികം മാത്രമാണെന്നറിയേണം
ആർക്കും നിയന്ത്രിക്കു
വാനാകയെങ്കിലോ
ആകുമേറുംമോശമാക്കിടാതെ നോക്കാൻ
സംവദിക്കെന്നതെല്ലാ ബന്ധത്തിന്റെയും
ജീവനാഡിക്കൊപ്പമാണെന്നറിയേണം
സംവാദമറ്റുപോയീടിൽ കരുതിടാം
ശ്രേഷ്ഠബന്ധം നഷ്ടമായ്‌മാറിയെന്നതു.
സംവദിച്ചീടവേ സാമർത്ഥ്യമുള്ളവർ
സങ്കല്പരൂപങ്ങളെ, സാധാരണക്കാർ
സംഭവങ്ങളേയും, ദൗർബല്യമുള്ളവർ
സാമാന്യ ജനത്തെപ്പറ്റിയും വാദിക്കും.
സംശയാതീതമാം വിശ്വാസമെന്നുമേ
സൂക്ഷിക്കവേണം മനസ്സിലെല്ലാവരും
വാടാത്ത വൃക്ഷം മനസ്സിൽ വളർത്തുകിൽ
പാടിടും പക്ഷിയെത്തുമെന്നാം ലോകോക്തി
സംശയാതീതമാം സങ്കല്പമാകെയും
നിശ്ശബ്ദമായുള്ള ധ്യാനങ്ങളായിടും
ജീവിതം ഭേദപ്പെടുത്തുവാനായ് കാര്യ-
നിര്‍വ്വഹണം നടത്താനവയ്ക്കായിടും.
സംശയാതീതമാകും മനോഭാവേന
സാധിച്ചിടുന്ന കാര്യങ്ങൾ വിജയങ്ങൾ
സംശയാതീതമല്ലാതുള്ള ഭാവേന
സാധിച്ചിടുന്ന കാര്യങ്ങളോ ഭാഗ്യവും
സംശയാതീതമാകും മനം ഉള്ളയാൾ
സാധ്യത കണ്ടിടും ഏതുകാര്യത്തിലും
തീർത്തും നിഷേധാത്മകത്വമുള്ള വ്യക്തി
ദോഷൈക ദൃഷ്ടിയാലേ കണ്ടിടു എന്തും
സംശയാതീതമായിട്ടുള്ള ചിന്തയ-
ദൃശ്യമായുള്ളതെക്കാണ്മാനിടയാക്കും,
സ്‌പഷ്‌ടമല്ലാത്തതിന്നെത്തൊട്ടറിയാനും
സംഭവ്യമല്ലാത്തവ നേടാനുമാകും.
സംശയാതീതമായെല്ലാം ഗ്രഹിക്കുവാൻ
ഉത്സാഹമുള്ളയാളാണു നിങ്ങളെങ്കിൽ
ജീവിതത്തിലുണ്ടാമോരോ നിമിഷവും
ആവോളമാസ്വദിക്കാനായിടുമല്ലോ.
സംശയം ജീവിതത്തിലുണ്ടാകും നല്ല
സന്ദര്‍ഭമൊക്കേയിരുണ്ടതായ് മാറ്റിടേ
വിശ്വാസമോ ഇരുട്ടാർന്ന സന്ദർഭത്തി-
ലാശ്വാസമേകിടും നല്ല ക്ഷണങ്ങളാൽ
സംസാര ശൈലിയാം ജീവിതത്തിലേറ്റം
പ്രശ്നങ്ങളുണ്ടാക്കിടുന്നതെന്നോർത്തിടൂ
എന്തുചൊല്ലുന്നെന്നല്ലെങ്ങനെചൊല്ലുന്നു
എന്നതിന്നാൽ ശൈലി മാറ്റുന്നതുത്തമം
ഹ
ഹീനമായിട്ടുള്ളതായൊന്നുമേയില്ല,
ഹൃത്തിന്നകത്തുതന്നുള്ളതാണൊക്കെയും.
അന്യഥാ, വ്യക്തമായ്ചൊല്ലീടുകിലെല്ലാം ആകസ്‌മികമാവാം,നൈസര്‍ഗ്ഗികമാവാം.
ഹൃദ്യമാമോരിഷ്‌ടദാനം മനസ്സമാ-
ധാനം, നമുക്കതേകീടവേണ്ടും സ്വയം.
അന്യരിൽനിന്നും ലഭിക്കും പ്രതീക്ഷകൾ
ആരും വളർത്താതിരിക്കുന്നതാം ഭംഗി
ഹ്രസ്വമാകുന്നോരു സന്ദർശനത്തിനീ
വിശ്വത്തിലെത്തിയോരല്ലയോ നാമൊക്കെ
ബുദ്ധിമുട്ടേവം ധൃതിയൊട്ടും കാട്ടാതെ
സന്തോഷദായകമാക്കിടൂ ജീവിതം
3
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ