സുദീർഘമായ ഒരു യാത്രയുടെ തുടക്കം
ട്രെയിൻ പുനലൂർ സ്റ്റേഷനിൽ നിന്നും മദ്രാസ് എഗ്മോറിലേയ്ക്ക്
പുറപ്പെടേണ്ട സമയത്തിനും ഏതാണ്ട് ഒരു മണിക്കൂർ മുൻപു തന്നെ ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിച്ചേർന്നു. റിസർവേഷൻ ഇല്ലാതിരുന്നതിനാൽ, ജനറൽ കംപാർട്മെന്റ് ഏതു ഭാഗത്തായിരിക്കുമെന്നു ഒരു പോർട്ടറോട് തിരക്കി ഉറപ്പു വരുത്തിയിട്ട് ഒരു ഒഴിഞ്ഞ സിമെന്റ് ബഞ്ചിനോട് ചേർത്ത് ഇരുമ്പു പെട്ടിയും ബെഡ്‌ഹോൾഡറും ചണസഞ്ചിയും താഴെ വച്ചിട്ടു ബഞ്ചിൽ ഇരിപ്പുറപ്പിച്ചു . അനിശ്ചിത കാലത്തേയ്ക്കുള്ള ഒരു വേർ പിരിയലായതിനാലായിരിക്കാം, രണ്ടുപേരും അവരവരുടേതായ മനോവിചാരങ്ങളിൽ മുഴുകി, മൗനരായിരുന്നു. ഇടയ്ക്കിടെ ഞാൻ അച്ഛന്റെ മുഖത്തേയ്ക്കു ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. ആ മുഖത്ത് പ്രതിഫലിച്ചിരുന്ന വിവിധ വികാരങ്ങൾ - വേർപാടിന്റെ, കുടുംബം രക്ഷപ്പെടുവാൻ ഉതകുന്ന ഒരു ജോലി എനിക്കു തരപ്പെടുമോ എന്ന ആകാംക്ഷയുടെ, അതിലുപരി, എനിക്കു ഈ യാത്രയ്ക്കുള്ള വണ്ടിക്കൂലിയായ വെറും മുപ്പതു രൂപാ സ്വയം തരപ്പെടുത്തിത്തരുവാൻ സാധിക്കാതെ പോയതിന്റെ ദൈന്യത കലർന്ന നിസ്സഹായത - എല്ലാം എനിക്കു മനസ്സിലാക്കുവാൻ കഴിയുമായിരുന്നതേയുള്ളു.
അന്ന് മൂത്ത സഹോദരി വിലാസിനിച്ചേച്ചിയുടെ ഭർത്താവ് ഗോപാലൻ അളിയൻ മദ്ധ്യപ്രദേശിൽ ബസ്തർ ജില്ലയിലെ ബോർഗാവ് എന്ന സ്ഥലത്തു കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള ദണ്ഡകാരണ്യ പ്രോജെക്ടിൽ ജോലി ചെയ്യുകയായിരുന്നു. (ഇന്ന് ആ ജില്ലയും മറ്റു കുറേ സ്ഥലങ്ങളും ഇപ്പോഴത്തെ ച്ഛത്തിസ്‌ഗാഡ് സ്റ്റേറ്റിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു ). അവിടെ എത്തിയാൽ എനിക്കു എന്തെങ്കിലും ഒരു ജോലി തരപ്പെട്ടു കിട്ടുവാൻ സാധിച്ചേയ്ക്കുമെന്നു അളിയൻ ചേചച്ചിയ്ക്കെഴുതിയിട്ട് ഒന്നര മാസത്തോളമായെങ്കിലും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള തുക കണ്ടെത്തുവാൻ അച്ഛന്
കഴിയാതെ വന്നപ്പോൾ ചേച്ചി തന്നെ ആ തുക, എനിക്കു ജോലി കിട്ടിയാലുടൻ ഞാൻ തന്നെ തിരിച്ചു കൊടുക്കുമെന്ന വ്യവസ്ഥയിൽ, ഒരു അകന്ന ബന്ധുവിന്റ കയ്യിൽ നിന്നും തരപ്പെടുത്തുകയാണുണ്ടായത്.
അളിയൻ വഴി വിശദമായി എഴുതിയറിയിച്ചിരുന്നു. മദ്രാസ് എഗ്‌മോറിലെത്തിയിട്ടു മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ നിന്നും ഡെൽഹിയ്ക്കുള്ള ട്രെയിനിൽ കയറി നാഗ്പൂരിൽ ഇറങ്ങിയാൽ മതി, അളിയൻ അവിടെ കാത്തു നിൽക്കും. എന്റെ ചിന്തകൾക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് അച്ഛന്റെ ശബ്ദം :
"ആദ്യമായിട്ടുള്ള ദൂരയാത്രയാണ്, സർട്ടിഫിക്കറ്റും മറ്റും സൂക്ഷിച്ചുകൊള്ളണം; യാത്രയ്ക്കിടയിൽ അപരിചിതരുമായി അധികം അടുക്കരുത്. അങ്ങെത്തിയാലുടൻ എഴുതണം".
"ങ്ങും", ഞാൻ മൂളികേട്ടു. കുറേ നേരത്തെ നിശ്ശബ്ദത. പിന്നെ വീണ്ടും ഉപദേശ രൂപേണ അച്ഛന്റെ ശബ്ദം :
"കിട്ടുന്ന ജോലി ഏതായാലും ആത്‌മാർത്ഥതയോടും സത്യസന്ധതയോടും ചെയ്യണം. ആരുടേയും മുന്നിൽ തല കുനിക്കുവാനിട വരരുത്. ഏതു സാഹചര്യമുണ്ടായാലും കോഴ വാങ്ങരുത്.
ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു. ഇറങ്ങുവാൻ ധാരാളം പേരുണ്ടായിരുന്നു. മദ്രാസ് സ്റ്റേറ്റിന്റെ അതിർത്തിയായിരുന്നതിനാലാകാം കയറുവാൻ അധികം പേർ ഉണ്ടായിരുന്നില്ല. അച്ഛൻ പെട്ടിയും ചണസഞ്ചിയും ഞാൻ ബെഡ്ഡു മെടുത്തു വാതിലിനടുത്തെത്തി. അടുത്തുള്ള, രണ്ടാമത്തെ തുറന്ന ജനലിനടുത്തിരുന്ന ആളുകൾ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ അതു കണ്ട അച്ഛൻ ജനലിൽക്കൂടി സഞ്ചിയും പെട്ടിയും ഒഴിഞ്ഞ സീറ്റിലേയ്ക്ക് വച്ച് അതു 'റിസേർവ്' ചെയ്തു. അകത്തു ചെന്നപ്പോൾ ഭാഗ്യത്തിന് ആ സീറ്റിന്റെ മുകളിലത്തെ ബെർത്ത് ഒഴിഞ്ഞു കിടക്കുന്നതു കണ്ട് ഞാൻ ബെഡ്ഡ് നിവർത്തിയിട്ട് അതും 'റിസേർവ്' ചെയ്തു. എതിരെയുള്ള സീറ്റിൽ മുപ്പത്തഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളും അടുത്തു ഒരു സ്ത്രീയും അവരുടെ ഇടയ്ക്കു നാലഞ്ചു വയസ്സുള്ള ഒരാൺകുട്ടിയും ഇരുന്നിരുന്നു. ഒരു ചെറിയ കുടുംബമാണെന്നു വ്യക്തം. അച്ഛൻ അയാളോട് സംസാരിച്ചതിൽ നിന്നും അവർ ഡൽഹിക്കു പോകുകയാണെന്നു മനസ്സിലായി. ഞാൻ നാഗപ്പൂരിലിറങ്ങുമെന്നും, ആദ്യമായി ദൂരയാത്ര ചെയ്യുകയായതിനാൽ എന്റെ മേൽ ഒരു കണ്ണ് വേണമെന്നും, എഗ്‌മോറിൽ നിന്നും മദ്രാസ് സെൻട്രലിലേയ്ക്ക് പോകുവാൻ സഹായിക്കണമെന്നും അച്ഛൻ അയാളോട് സഹായമഭ്യർ ഥിച്ചു. അയാൾ അങ്ങിനെയാവാം എന്നു സമ്മതിക്കുകയും ചെയ്തു.
ട്രെയിൻ സാവധാനം നീങ്ങിത്തുടങ്ങി. നിമിഷങ്ങൾ ഘനീഭവിച്ചതുപോലെ. ഞാൻ പതുക്കെ തലയാട്ടി, മൗനമായി, അച്ഛനോട് യാത്രാനുമതി തേടി. അച്ഛനും അതേപോലെ യാത്രാനുമതിയും തന്നു. ട്രെയിൻ അകന്നു മാറുന്നതിനോടൊപ്പം അച്ഛന്റെ മുഖത്ത് പെട്ടെന്ന് മിന്നി മറയുന്ന ഭാവഭേദങ്ങൾ എന്റെ മനസ്സിലേയ്ക്ക് ആഴത്തിൽ പതിച്ചു. വേർപിരിയലിന്റെയും ആകാംക്ഷയുടേയും ഘനീഭവിച്ച ആ നിമിഷങ്ങൾ കുറേസമയത്തേയ്ക്കു എന്നേ കീഴ്പ്പെടുത്തിയിരുന്നു. എതീരേയിരുന്ന ആൾ എന്തോ ചോദിച്ചപ്പോഴാണ് എനിക്കു സ്ഥലകാലബോധമുണ്ടായത്. അയാളുടെ ചോദ്യങ്ങൾക്കു ഒന്നും രണ്ടും വാക്കുകളിൽ മറുപടി കൊടുത്തിട്ടു വീണ്ടും ഞാൻ മൗനിയായി ഇരുന്നു. വെളിയിൽ, ജനലിൽ കൂടി മിന്നിമറഞ്ഞു പോകുന്ന കാഴ്ചകൾ, പച്ചപ്പു നിറഞ്ഞ വനഭംഗി, മലകൾക്കിടയിൽക്കൂടി താഴോട്ടു പതഞ്ഞു പതിക്കുന്ന ചെറിയ കാട്ടരുവികൾ, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലയിനം കാട്ടുപക്ഷിയുടെ കളകൂജഞങ്ങൾ, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവ ആസ്വദിക്കുവാനുള്ള മനസ്ഥിതി അപ്പോഴെനിയ്ക്കുണ്ടായിരുന്നില്ല.
ചിന്തകൾ വീണ്ടും അച്ഛനേ ചുറ്റിപ്പറ്റിയായി; എട്ടു മക്കളേയും സ്ഥിരം രോഗിയായിക്കഴിഞ്ഞിരുന്ന അമ്മയേയും തീറ്റിപ്പോറ്റുവാനും മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകുവാനും പെടാപ്പാടു പെടുന്ന, പ്രായമേറി വരുന്ന, അച്ഛന്റെ അവസ്ഥയെപ്പറ്റി, മൂത്ത രണ്ടു പെൺമക്കളെയും, ആ പ്രാരാബ്ധങ്ങൾക്കിടയിലും, വിവാഹം കഴിച്ചയച്ചതിന്റെ അവശതയിൽ നിന്നും ഇനിയും പൂർണമായി മുക്തനായിട്ടില്ലാത്ത അച്ഛനെപ്പറ്റി, അതിനെല്ലാമുപരി, തീരാ രോഗിയായ അമ്മയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വേദനയും വേവലാതിയും മൂലമുളവായ അച്ഛന്റെ നിസ്സംഗതയെപ്പയറ്റി.
അച്ഛനെപ്പറ്റിയുള്ള തന്റെ ഓർമ്മകൾ എവിടെ തുടങ്ങുന്നു? ഓർത്തു നോക്കുവാൻ തോന്നി - അല്ല, തനിക്കു തെറ്റ് പറ്റി - അത്തരം ഓർമ്മകൾ അച്ഛനിൽ മാത്രം ഒതുങ്ങുന്നതല്ല എന്നുള്ളതല്ലേ വാസ്തവം? അവ തന്നേപ്പറ്റിയും, തനിക്കു ചുറ്റുമുള്ളവരേ പ്പറ്റിയും, അതിനുപരി ചുറ്റുമുള്ള വസ്തുതകളെപ്പറ്റിയും കൂടി ഉള്ളവയാണല്ലോ ? താനിതുവരെ ക ടന്നുവന്ന വഴികൾ ഏതൊക്കെ ? എന്തോക്കെയായിരുന്നൂ തന്റെ ഇതുവരെയുള്ള അനുഭവങ്ങൾ - പ്രത്യേകിച്ച് ഓർത്തിരിക്കത്തക്കവ - നല്ലവയും അല്ലാത്തവയും?
ഓർമ്മകൾ പിറകോട്ടു പിറകോട്ടു പോയി. അതേ , വ്യക്തതയുള്ള ഓർമ്മ അവിടെ തുടങ്ങുന്നു; അച്ഛന്റെ തോളിലേറി, ഒരു കുന്നും അതു കഴിഞ്ഞു ഒരിറക്കവുമിറങ്ങി, താനൊരു ശ്രദ്ധാകേന്ദ്രമായി മാറിയ, ആ വിവാഹവും, വധൂ വരന്മാർക്കു താൻ വിവാഹ മംഗളാശംസകൾ നേർന്നതുമായ ആ സംഭവം തന്നെ.
*** *** ***
ബാല കാണ്ഡം
*******
ആമുഖം
ഓർമ്മതൻ ചെപ്പിലെ ഓമന മുത്തുകൾ ഓരോന്നായെണ്ണിപ്പുറത്തെടുക്കട്ടെ ഞാൻ ... മറവിതൻ ചാമ്പലിൽ മൂടിക്കിടന്നേലും
നറു നിറമാർന്നോരു കനലുകളാണവ.
*******
അച്ഛന്റെ തോളേറി, ക്കുന്നേറി, ശ്ശാരദ- ച്ചേച്ചീടെ കല്യാണപ്പന്തലീലെത്തീട്ടു
ചേച്ചിക്കും ചേട്ടനുമാശംസാ വാക്കുകൾ അച്ഛൻ പഠിപ്പിച്ചു തന്ന, തതുപോലെ
ഉച്ചത്തിലങ്ങോട്ടു, ധൈര്യത്തിലങ്ങോട്ട് മെച്ചമായ് ചൊല്ലിയതൊന്നാമത്തേ മുത്ത്
******
1
ഒരു കൊച്ചു വിവാഹ മംഗളാശംസ പ്രസംഗം
*******
"അച്ചാച്ചാ......."💐
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ