2024 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ഓണം

മാവേലിയുടെ ദുഃഖം

മാവേലിമന്നനലസ്സനായി
ഓലക്കുടയും പിടിച്ചു
നാട്ടിലെയോണക്കോലാഹലങ്ങൾ
നോക്കീം കണ്ടും മടുത്തപ്പോൾ 
കല്പകവൃക്ഷത്തോപ്പിൻ തണലിൽ 
അല്പനേരം വിശ്രമിക്കേ 

പണ്ടുതാനീ കേരളത്തെ നല്ല-
പോലെ ഭരിച്ചതങ്ങോർത്തു
തന്റെ പ്രജകളന്നെത്രയേറെ തൃപ്തരായിരുന്നുവെന്നോ!
ഇന്നു കപടസന്തോഷമല്ലോ
മിന്നുന്നതെല്ലാ മുഖത്തും!
എത്ര മറയ്ക്കാൻ ശ്രമിച്ചെന്നാലും
എങ്ങും കണ്ടീടാം ദാരിദ്ര്യം
തന്നെ സ്നേഹിക്കും പ്രജകളെല്ലാം
ഒന്നും പുറമേ കാട്ടാതെ
എത്രയോ തന്മയമായിത്തന്നെ 
എല്ലാം മറച്ചു പിടിപ്പൂ
താനൊന്നും നേരിൽക്കാണാതിരിക്കാൻ
തത്രപ്പാടെത്ര പെടുന്നു!

ആധുനിക 'രാജാക്കന്മാ'രൊക്കെ
ആവോളം കട്ടുമുടിപ്പൂ
മാറിമാറിയവർ വന്നും പോയും
മാലോകരെ വിഡ്ഢിയാക്കും
കട്ടും മുടിച്ചും ചതിച്ചും അവർ
കുട്ടിച്ചോറാക്കുന്നീ നാട്
ഇമ്മട്ടിൽ മുന്നോട്ടു പോയീടുകിൽ 
ഇങ്ങോട്ടിനിയും വരേണോ!

കാട്ടവേണ്ടായിരുന്നൊട്ടും ദയ 
കുള്ളനാം വാമനനോടന്ന് 
ഇന്നു തിരിഞ്ഞൊന്നു നോക്കീടവേ
തോന്നുന്നു താനെന്തു വിഡ്ഢി!
വേദനയോടെ സഹിക്കാമെല്ലാം
ഖേദിച്ചിട്ടില്ലിനിക്കാര്യം!

Upagupthan K Ayilara 
 
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ