2023 ജനുവരി 22, ഞായറാഴ്‌ച

ജനിക്കും മുൻപേ കവിതകൾ (0thers )

ജനിക്കും മുൻപേ (competition കവിതകൾ )

1.  വിമൽ വാസുദേവ്, ഖത്തർ


ഈ കവിത താളത്തിൽ, വൃത്തത്തിൽ പുരാണത്തിൽ തൊട്ട് കാലികമായ അവസ്ഥകളെ ചാരുപദങ്ങൾ ഭംഗിയായി കോർത്തുവച്ചു. പുതിയ ലോകത്തിനായി നല്ല സന്ദേശം പറഞ്ഞു. കൗതുകമുള്ള വിഷയാവതരണം, സാമൂഹികപ്രതിബദ്ധത വ്യക്തം.

കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിത

ജനിക്കും മുൻപേ 

ജനിക്കുന്നതിൻമുമ്പുതന്നെ സശ്രദ്ധം 
ജയിക്കാൻ വെറുക്കാൻ പഠിപ്പിക്കയല്ലോ 
ജനാതങ്കബീജം വയറ്റിൽക്കിടക്കേ
ജനിപ്പിച്ചവർ തന്നെ തൂവുന്ന കൃത്യം!
 
പുരാ മേഘവർണ്ണൻ മുകുന്ദൻ മുരാരി
പരിഭ്രാന്താനായോരു വൃത്താന്തമോർക്കൂ
പരിക്ഷീണയാം തൻ കനിഷ്ഠയ്ക്കു കേൾക്കാൻ
പറഞ്ഞൂ രഹസ്യം മുദാ പദ്മവ്യൂഹം!

വയറ്റിൽ കിടക്കുന്ന കുഞ്ഞാക്ഷണത്തിൽ
സ്വയം കേട്ടു നന്നായി മൂളാൻ തുടങ്ങീ!
ഭയം തോന്നി,കൃഷ്ണൻ നിറുത്തീ രഹസ്യം
ജയം വന്നതില്ലാക്കുരുന്നും മരിച്ചൂ!

അതിജീവനത്തിൻ്റെയാത്മക്കരുത്തിൽ
അരുതാത്ത ചിന്തയ്ക്കു പാത്രീഭവിച്ചു 
വിചിന്ത്യം വിഭാഗീയമാകുന്ന ബോധം 
ഹനിച്ചു സ്വജീവനാവ്യൂഹമദ്ധ്യേ 

പരപ്രേമമോതാത്തവാക്കിൻ്റെ വക്കിൽ 
പൊലിഞ്ഞെത്ര പോകുന്നിതേപോലെ മർത്യർ 
മതദ്വേഷബോധത്തിനാത്മാർപ്പണത്തിൽ 
മദം ചൂടിനിൽക്കുന്നു പുത്തൻപ്രതീക്ഷ 

വികാരത്തിനാഴത്തിലാന്ന്യോന്യമെല്ലാം 
സദാ ഭസ്മമാക്കാനൊരുങ്ങും യുവത്വം 
സ്വരാഷ്ട്രത്തിലാളുന്നനീതിക്കു വേണ്ടീ 
ട്ടൊരാളില്ല വേറിട്ടഭിപ്രായമോതാൻ 

വരേണ്യം മഹാബോധമാകുന്ന ജ്ഞാനം 
കൊടുക്കാനുറയ്‌ക്കൂ വയറ്റിൽപ്പിറക്കേ 
ജയിക്കാനനേകം സുസാദ്ധ്യങ്ങളെല്ലാം 
ഗ്രഹിക്കാനുറപ്പിച്ചു വാഴാൻ പഠിക്കൂ.

വിമൽ വാസുദേവ് 
ഖത്തർ


2.  ചന്ദ്രമേനോൻ

ഈ കവിത, ആധുനികശൈലി, ലളിതം, വ്യക്തം. ബിംബങ്ങളിലൂടെ ധ്വനികൾ ശക്തം. ചില നല്ല പ്രയോഗങ്ങൾ കാണാം. "ഞാൻ" എന്ന ഭാവത്തിന്റെ സുന്ദരമായ ആവിഷ്കാരം.
രണ്ടാം സ്ഥാനം

കവിത :
" ജനിയ്ക്കും മുൻപേ "
-- ചന്ദ്രമേനോൻ .

അവിടെ ഞാനാരായിരുന്നു ,
യുഗങ്ങൾക്കു മകലെ,
'ഞാനുണ്ടായിരുന്നു
വെങ്കിൽ ?
അറിവില്ലാ പൈതലിൻ
ഹൃദയാന്തരാളത്തിൽ
വിരിയുകില്ലൊരു നാളും ,
ശരിയുത്തരം .

അറിയാ പ്രപഞ്ചത്തിൽ
ഏതോ തുരുത്തിലെ
ഒരു കൊച്ചു പുൽച്ചാടി -
യായിരിയ്ക്കാം.
ഇവിടെ ഞാനിപ്പൊഴും
ഒരു മനസ്സിൽ നിന്നും
പുറമെയൊരു ചിരി കണ്ടാൽ ചാടുന്നില്ലേ .

ഒരു വേള , നറുകണം
മാത്രമായ് ഞാനേതോ
യുഗസംക്രമത്തിൽ
പിറന്നിരിയ്ക്കാം.
ഒടുവിലൊരു രതിസുഖ-
ഫലം പൂത്ത യാമത്തിൻ
നടയിലീ രൂപം പകർന്നി -
രിയ്ക്കാം.
ഇരുളിന്റെ ഗുഹയിൽ നി-
ന്നൊരു പ്രഭാതീരത്തിൽ
ഒഴുകിവീണപ്പോൾ ,
പിടഞ്ഞിരിയ്ക്കാം.
അതുവരെ ഉണ്ടായിരു -
ന്നതാം അറിവെല്ലാം
പറയാതകന്നപ്പോൾ
കേണിരിയ്ക്കാം.
അറിയുന്നുണ്ടെന്നാലും,
അവയെല്ലാം കൈവിട്ട
നിനവിലാണിന്നു ഞാൻ
ഞാനാകുന്നു.

ഒരു വെറും പുൽച്ചാടി
യായിരുന്നപ്പോൾ ഞാൻ ,
നിധി തേടും ജീവന്റെ
പ്രഥമതാളം .
ക്ഷണികമാമറിവിന്റെ
സ്ഫുരണങ്ങളിൽ കേട്ട -
തനുപമപ്രണയത്തിൻ
പ്രണവമന്ത്രം .

ഇവിടെ ഞാൻ
തീരുന്നുമില്ല,യെൻ
തീരമൊരു
പ്രളയത്തിലലിയുന്ന
നാൾ കഴിഞ്ഞും
ഇനിയും വരും, കാറ്റും
മഴയും ഋതുക്കളും
കലയും സംഗീതവും,
പിന്നെ ഞാനും .
-------------------------------

----------------------------------


3.  റീന വക്കായിൽ

സ്നേഹവീട് കേരളയുടെ സംസ്ഥാനസാഹിത്യ അവാർഡ്
സ്നേഹവീടിന് നന്ദി😊🤝
അവാർഡിനർഹയാക്കിയ എൻ്റെ കവിത കൂടെ ചേർക്കുന്നു.
തന്നിരുന്ന വിഷയം #ജനിക്കുംമുമ്പേ

*ജനിക്കുംമുമ്പേ*

പിറക്കുവാനൊരുങ്ങിടും കുരുന്നുമാംസപിണ്ഡമേ!
നടുക്കമാണെനിക്കു നിൻ്റെ ഭാവിയോർത്തുപോകുകിൽ

ജനിത്രിയാകുമെൻമനസ്സിലെത്ര പൊൻകിനാവുകൾ
സുചിത്രമായ് തെളിഞ്ഞു നിൻതുടിപ്പറിഞ്ഞ നാൾമുതൽ!

നിനക്കു കണ്ടു കൺനിറയ്ക്കുവാനൊരുങ്ങുമീ ഗൃഹം
നിനയ്ക്കണം പ്രഭൂതവിസ്മയങ്ങളുണ്ടു ബാഹ്യവും

വിഹംഗജാലവും വിലോലപൂവനങ്ങളും ഭുവിൽ
വിനീതരായ് സുമോഹനം തരും നിനക്കു സ്വാഗതം!

ജനിച്ചിടുന്നതിന്നു മുമ്പറിഞ്ഞിടേണം നിശ്ചയം
നശിച്ചകാലമാണു മുന്നിൽ സ്വീകരിച്ചു നിർത്തുവാൻ!

കരുത്തരാണു ചുറ്റിലും ചരിച്ചിടുന്നതെന്നു നീ
പടുത്വമോടറിഞ്ഞുകൊൾക ജീവരക്ഷ നേടുവാൻ

മനുഷ്യരെന്നു തോന്നിടുന്ന ബാഹ്യരൂപമുള്ളവർ–
ക്കനുക്ഷണം ചതിച്ചിടുംവിനോദമെത്ര ലാഘവം!

അടുത്തുവന്നിരുന്നുചൊല്ലിടുന്ന നാട്യവാക്കുകൾ
തൊടുത്തുവിട്ട ബാണമായ്  തറച്ചിടും മനസ്സകം

ചതിച്ചിടാൻ പൊതിഞ്ഞുനല്കിടും വിഷച്ചരസ്സു , നീ
ചവച്ചുപോകുകിൽ കഴിഞ്ഞു ജീവിതാബ്ധി കണ്മണീ!

പരശ്ശതം മുഖം സദാ ചിരിച്ചു നിന്നെ നോക്കിടാം
പകച്ചിടേണ്ട പാതിമാത്രം പൊയ്മുഖങ്ങളായിടാം!

സ്നേഹമെന്നപേരിലേറെയൊട്ടിനിന്നൊടുക്കമോ
മോഹദാഹനീരു നഞ്ചുചേർത്തു ഹിംസചെയ്തിടും!

വിഭൂതിനേടിടാനറുത്തുതുണ്ടമാക്കി ജീവിതം
അഭൂതപൂർവമായ  മട്ടിലാർത്തിയാൽ ഭുജിച്ചിടും!

ഭയന്നിടേണ്ട തങ്കമേ! ജ്വലിച്ചിടുംവിളക്കുകൾ
തെളിഞ്ഞിടുന്ന വീഥി നോക്കി യാത്ര നീ തുടങ്ങണം

കയത്തിലാണ്ടുപോയിടുന്ന  പെറ്റനാടിനിണ്ടലിൽ
കരഞ്ഞിടാതെ, തിന്മകൾ തുടയ്ക്കുമുണ്മയാകു നീ!

റീന വാക്കയിൽ
(07/11/2022

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ