2023 ജനുവരി 23, തിങ്കളാഴ്‌ച

Indira's essay

ജീവിതവിജയങ്ങളുടെ കൊടുമുടികൾ ത കീഴടക്കി,  മക്കളെ  ഉന്നതങ്ങളിലേക്കെത്തിച്ച ശേഷം, സ്വസ്ഥജീവിതം നയിക്കാമെന്നു കരുതുന്നവരിൽ ഒട്ടുമിക്കപേരും അനാഥമന്ദിരങ്ങളിൽ എത്തിപ്പെടുന്ന സ്ഥിതിവിശേഷമാണിന്ന്.

മക്കളെ വളർത്തി വലുതാക്കി  തൻ്റെ സ്വത്തുവകകൾ അവരെ ഏല്ലിച്ചശേഷം നടുവൊന്നു നിവർക്കാമെന്ന് ആഗ്രഹിക്കുന്നവർ അറിയുന്നില്ല കാലം കലകാലമാണെന്ന്. .
സുഖജീവിതം നയിക്കുവാനുള്ള തിരക്കിനിടയിൽ അച്ഛനമ്മമാരെ മറന്നുപോകുന്ന ചിലർ. ജോലി തേടി അന്യദേശത്തു പോയതിനാൽ അച്ഛനമ്മമാരെ നോക്കാൻ കഴിയാത്ത മറ്റൊരു കൂട്ടർ. വാർദ്ധക്യത്തിൻ്റെ ബദ്ധപ്പാടുകൾക്കും വേദനകൾക്കുമിടയിലും സ്വന്തം മക്കൾക്കുവേണ്ടി മനസ്സിരുത്തി പ്രാർത്ഥിക്കുന്ന അമ്മമാർ; തെറ്റു ചെയ്ത മക്കളായാലും അവരെ കുറ്റപ്പെടുത്താത്ത അമ്മമാർ.  നമുക്ക് ചുറ്റും ഇമ്മാതിരി ഒരുപാട് സംഭവങ്ങൾ എന്നും അരങ്ങേറുന്നുണ്ട്.

നമ്മൾക്കെല്ലാം അറിയാവുന്ന ഒട്ടനവധി സംഭവങ്ങളുണ്ട്.. ഉദാഹരണത്തിന് മകൻ അനാഥമന്ദിരത്തിലേല്പിച്ച ഒരു അമ്മ മരിച്ച സമയത്ത് വിവരമറിയിക്കാൻ മകനെ വിളിച്ചപ്പോൾ "നിങ്ങൾ ബോഡി മറവു ചെയ്യുവാൻ വേണ്ടത് നോക്കിക്കൊള്ളൂ" എന്ന് പറഞ്ഞ മകൻ.  ഒടുവിൽ   മകൻ്റെ പേരിൽ കേസ് കൊടുത്ത്,  പോലീസ് ഇടപെട്ട് വരുത്തിച്ച കഥ. അച്ഛനെ ദ്രോഹിച്ചും അടിച്ചും വാർത്തകളിൽ ഇടംപിടിച്ച സംഭവങ്ങൾ അങ്ങനെ എത്രയോ കഥകൾ.  നമ്മുടെ നാട് ഉണരേണ്ടിയിരിക്കുന്നു.

നാട്ടിൽ ജോലിയില്ലാതെ, അന്യദേശത്ത് ജോലിക്കുപോയാലും സ്വന്തം അമ്മയെ അവരുടെ അവസാന നാളുകളിൽ ഒരുനോക്ക് കാണുന്നതിനായി അവധി കിട്ടാത്ത ജോലിയാണെന്ന് പറയുന്നത് ഒരു ഒഴികഴിവു മാത്രം.

കോവിഡ് വന്ന ശേഷം കുറെ മാറ്റങ്ങൾ ഉണ്ടായി; കാരണം മക്കൾ തന്നെ ഒറ്റപ്പെട്ടു പോയ സന്ദർഭങ്ങൾ.  അന്യോന്യം കാണാതെയും തൊടാതെയും മുറിയിൽ അടച്ചിരുന്ന സന്ദർഭങ്ങൾ മാതാപിതാക്കളെപ്പററി  കുറെയൊക്കെ ചിന്തിക്കാൻ  ഉപകരിച്ചു എന്ന് പറയാതെ വയ്യ.

കോവിഡ് പിടിപെട്ടപ്പോൾ ആരു കൈ വിട്ടാലും സ്വന്തം മക്കളെ അച്ഛനമ്മമാർ കൈവിടില്ല എന്നൊരു ബോധോദയം ഉണ്ടായിട്ടുണ്ട്.

ഭർത്താർവു നഷ്ടപ്പെട്ട സ്ത്രീക്ക് താങ്ങാ വേണ്ട മകൻ സ്വത്തിനു വേണ്ടി കലഹിക്കുന്നു. ഇതിനെല്ലാം ഇന്ന് നിയമ വശങ്ങൾ നിലവിലുണ്ട്
മക്കൾക്കു കൊടുത്ത ഭൂമി അവർ അവരെ നോക്കുന്നില്ലായെങ്കിൽ തിരിച്ചുപിടിക്കാനുള്ള നിയമം. വരുമാനമില്ലാത്ത അച്ഛനമ്മമാരാണെങ്കിൽ വീട് പണയപ്പെടുത്തി അവർക്ക് വീട് നേരെയാക്കുകയോ ജീവിതച്ചിലവിന് എടുക്കുകയോ ചെയ്യാം. മരണ ശേഷം ആ വീട് കടം വീട്ടി മക്കൾക്ക്എടുക്കാം. എന്തായാലും ജീവിതത്തിന് ഒരു താങ്ങായി സർക്കാർ സഹായം ഉണ്ടാകും..

വാർദ്ധക്യം പലർക്കും പലതരത്തിലാണ്. അറുപത് കഴിഞ്ഞാൽ തന്നെക്കൊണ്ട് ഇനി ഒന്നും പറ്റില്ല എന്ന തോന്നൽ കാരണം ചിലർ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നു.  മനസ്സിന് പ്രായം ബാധിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മുടെ നല്ല കാലത്ത് തിരക്കുകൾ കാരണം ചെയ്യാൻകഴിയാതെ പോയ കാര്യങ്ങൾ വാർദ്ധക്യകാലത്ത്  ചെയ്തു തീർക്കുവാൻ നാം നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കണം.  ഉദാഹരണത്തിന്, എഴുത്ത് നമുക്ക്ന കുറെയൊക്കെ ആശ്വാസം തരുന്ന ഒരു വഴിയാണ്.  മനസ്സിൽ നിന്നും വരുന്ന ചിന്തകൾ കഥയായോ കവിതയായോ ലേഖനമായോ ഉരുത്തിരിയടട്ടെ. പിന്നെ സൗഹൃദക്കൂട്ടായ്മകൾ മനസ്സിന് കുളിർമ്മ നൽകും. പ്രവർത്തനനിരതരായി കഴിയുമ്പോൾ ആവലാതികളും വേവലാതികളും നമ്മെ വിട്ടു പോകും. എല്ലാവരമൊന്നിച്ചൊരു യാത്രയും ഇടക്കിടെയുള്ള കുടുംബ സംഗമവും എല്ലാം മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളാണ്.

നമ്മൾ വലുതായാലും മക്കളുടെ കാര്യത്തിൽ ഒരുപാട് ഇടപെട്ട് അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത്. അടക്കയാകുമ്പോൾ മടിയിൽ വക്കാം കവുങ്ങായാൽ പറിച്ചുനടണം. വീട്ടിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ പ്രായമായവരും ചിലപ്പോൾ കാരണമാകുന്നു. മക്കളോടുള്ള അമിത സ്നേഹം അവരെ നമ്മിൽ നിന്നും അകറ്റാനും കാരണമാകുന്നു.
ആരേയും കഴിയുന്നതും ആശ്രയിക്കാതെ സ്വന്തം കാര്യം നോക്കാൻ ശ്രദ്ധിക്കണം. സ്നേഹമസൃണമായ പെരുമാറ്റം എവിടെയാണെങ്കിലും നമുക്ക് സന്തോഷകരമാക്കാം.
നമ്മുടെ മനസ്സിന് സന്തോഷവും സങ്കടവും ഏകുന്നത് നമ്മൾ തന്നെ. ശ്രമിച്ചാൽ ഓരോരുത്തർക്കം ജീവിത സായാഹ്നം മാധുര്യമുള്ളതാക്കാം.

എല്ലാ മുതിർന്ന പൗരന്മാർക്കും ആശംസകൾ നേർന്നു കൊണ്ട്

Jഇന്ദിരാ ഗംഗാധരൻ
മാനന്തവാടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ