2023 ജനുവരി 28, ശനിയാഴ്‌ച

ഒരു നിയോഗംപോലെ (സ്‌നേഹവീട് kathaamalsarakkathakal)


1.  ഊഞ്ഞാൽവള്ളി
ബാലു, പൂക്കാട്.

ഈ കഥ
കാലികമായ അവസ്ഥ ഭംഗിയായി വിവരിച്ച കഥയിൽ അമ്മയുടെ ദുരന്തം, അച്ഛന്റെ മരണം, മകളുടെ ഏകാന്തത, hallucinations, sister ന്റെ കാരുണ്യം...

കൊച്ചു വാക്കുകൾ, കൃത്യമായ ആശയങ്ങൾ...

ചില നല്ല പ്രയോഗങ്ങൾ.
ശീർഷകം പറയുംപോലെ ആടുന്ന മനസ്സ്. പ്രതീക്ഷ. എല്ലാം കൃത്യമായി വരച്ചു.

ഈ കഥ കൃത്യമായി അനുവാചകരിലേക്ക് എത്തുന്നു. കാലികമായ ദുരന്തം, നോവ്, പ്രതീക്ഷ

ഒന്നാം സ്ഥാനം നേടിയ ചെറുകഥ

ഊഞ്ഞാൽവള്ളി.
_ _ _ _ _ _ _ _ _ _ _ _ _ _ _ _
"മറ്റെന്നാൾവരുമ്പോൾ അമ്മ ,
മോൾക്ക് I
ബിരിയാണി കൊണ്ടരുംട്ടോ "
 കവിളിൽ ഉമ്മവെച്ചപ്പോൾ ഒരു തണുപ്പിന്റെ തലോടൽപോലെതോന്നി ,മീനൂട്ടിക്ക്.
അമ്മയുടെകണ്ണിലപ്പോൾ
ഒരു തിളക്കം അവൾകണ്ടു.

അനാഥാലയത്തിന്റെ ഗെയ്റ്റടച്ച്
നടക്കവെ അമ്മ ഒന്നുകൂടി തിരിഞ്ഞു
നോക്കി. അവളപ്പോഴും വരാന്തയിൽ 
തൂണുംചാരി
നോക്കിനിൽക്കയായിരുന്നു.
ദൂരെ നിഴൽമങ്ങിയസന്ധ്യയിൽ 
അസ്തമയത്തിന്റെ ഒരു പൊട്ടുപോലെ
അമ്മ അലിഞ്ഞാല്ലാതാവുന്നത് വരെ.

പിന്നെ, എപ്പൊഴൊക്കെയോ
 സ്വപ്നങ്ങൾകണ്ട്പേടിച്ച് ,
അമ്മയെ വിളിച്ചാർത്തുകരഞ്ഞ
രാത്രികളിൽ, അരികെ ചേർത്തു
കിടത്തി സിസ്റ്ററാന്റി പറഞ്ഞുതന്ന
കഥകളിൽ കുഞ്ഞിക്കിളിയെ
മരപ്പൊത്തിലൊളിപ്പിച്ച് ദൂരെയേതോ
കാടുകളിൽ ഇരതേടിപ്പോയ
അമ്മക്കിളിയുടെ നേരിയ
താരാട്ടുപാട്ട് മീനൂട്ടിയുടെ ഉള്ളിൽ 
 ഊഞ്ഞാലാടിക്കൊണ്ടിരുന്നു.
സിസ്റ്ററാന്റി അപ്പോൾ അവളുടെ
കണ്ണുതുടച്ച് കവിളിലും മുടിയിലും
തലോടും.
ഉത്തരങ്ങൾ അറിയാതെ
എത്രയെത്ര ചോദ്യങ്ങൾ തന്നെ
ഉറക്കം കെടുത്തിയിരുന്നു എന്നവൾ
ചിന്തിക്കുകയായിരുന്നു.
പിന്നൊരിക്കൽ കണ്ട ദുസ്വപ്നങ്ങളിൽ
അമ്മ , തന്നെ കഴുത്തുഞെരിച്ചു
കൊല്ലാൻ നോക്കിയത് ഓർത്തപ്പോൾ
അവൾ അറിയാതെ തന്റെ കഴുത്ത് 
തടവി നോക്കി. ഒരുൾക്കിടിലം ഇപ്പഴും
എവിടെയോ കുറുക്കുന്നുണ്ട് , എന്ന്
അവൾക്കു തോന്നി.

അന്നൊരിക്കൽ വീട്ടിലെ കഴുക്കോലിൽ
തൂങ്ങിയാടിയ അമ്മയുടെ കഴുത്തു 
കുരുങ്ങിയ കയർ കദീസത്താത്ത
ആരുമറിയാതെ അറുത്തിട്ടത് !

ദിവസവും ലഹരിയിൽ കുഴഞ്ഞ് വന്ന്
അച്ഛൻ അമ്മയെ ദ്രോഹിക്കുന്നത് !

അത് കണാനാകാതെ അടുക്കളവാതിൽ
മറഞ്ഞ്നിന്ന തന്നെ തൂക്കിയെറിഞ്ഞത് !
അതൊന്നും പക്ഷേ ദുസ്വപ്നങ്ങളായിരുന്നില്ലല്ലൊ എന്ന്
ഓർത്തെടുക്കുകയായിരുന്നു അവൾ.

നിന്നെമാത്രല്ല , കാശിനു വേണ്ടി ഈ
കൊച്ചിനേം ഞാൻ പണയം വെച്ചി
ട്ടുണ്ടെടീന്നും പറഞ്ഞ് പനിക്കിടക്ക
യിൽ നിന്ന് വലിച്ചിഴച്ചതിന്റെ
നടുക്കം ഇപ്പഴും ഓർക്കാൻകൂടി 
ആവുന്നില്ലവൾക്ക്.

അന്നാണ്
ചിരവകൊണ്ടമ്മ അച്ഛനെ 
ബോധംകെടുത്തിയത്! 
അല്ല, കൊന്നുകളഞ്ഞത്.
അന്ന് അമ്മ,എന്നെ വാരിയെടുത്ത്
പുറത്തെ ഇരുട്ടിലേക്ക് ഓടുമ്പോൾ
പേടിച്ചു വിറച്ചെങ്കിലും
 ഒരാശ്വാസമായി തോന്നിയിരുന്നു.
 ഇപ്പോൾ മനസ് അതിന്റെയൊക്കെ
 ഉത്തരങ്ങളിലേക്ക് പറന്നെത്താൻ
 ശ്രമിക്കുന്നു.
  പക്ഷേ ചില്ലകളെല്ലാം
 അവ്യക്തമായ നിഴലുകൾ മാത്രം.
 
  ''എന്താ മിന്നൂട്ടീ-- ആലോചന.?
നാളെ ലാസ്റ്റ് പരീക്ഷയല്ലെ?
പ്രാർത്ഥിച്ച് കിടന്നോളൂ.. 
എല്ലാംശരിയാകും. 
സിസ്റ്ററാന്റി അരികെ - -
''ഒരു സന്തോഷം പറയാനാ 
ഞാനിപ്പംവന്നത് .
കൗതുകത്തോടെ അവൾ തലയുയർത്തി.

മീനൂട്ടി, ..
സിസ്റ്ററാന്റി അവളെ അരികിൽ
പിടിച്ചിരുത്തി പുറം തലോടിക്കൊണ്ട്
പറഞ്ഞു.
"നാളെ അഞ്ച് വർഷം തികയുകയല്ലെ,
മിന്നൂട്ടിവന്നിട്ട് ? .
കൂട്ടിക്കൊണ്ടുപോകാൻ
അവർ വരുന്നുണ്ട് '
നിന്റമ്മ..
അത് പറയുമ്പോൾ സിസ്റ്ററാന്റി
അവളെനോക്കി ചിരിച്ചെങ്കിലും
പിന്നെ മുഖംതിരിച്ച് മെല്ലെ
കണ്ണുതുടച്ചു.
ശബ്ദമില്ലാത്ത അവരുടെ ചിരിയിൽ
അപ്പോൾ ഒരു നൊമ്പരത്തിന്റെ 
വിളർചയുണ്ടായിരുന്നോ എന്നവൾ
ശ്രദ്ധിച്ചു.

   പരീക്ഷാ ഹാളിൽ ക്ലോക്കിലെ
സൂചികൾക്ക് അമ്മയുടെ 
കാൽപെരുമാറ്റത്തിന്റെ
 അതേ താളം ., 
 ഉത്തരക്കടലാസിൽ
 എല്ലാ ചോദ്യങ്ങൾക്കും നേരെ
 ഒരു സ്വപ്നത്തിലെന്നോണം
"അമ്മ "
 എന്നെഴുതി നിറച്ചുവെച്ചു -
 നക്ഷത്രങ്ങൾ നിറഞ്ഞ
 ഒരാകാശം തന്നെവന്നുമൂടുന്ന പോലെ 
 അവൾക്ക് അനുഭവപ്പെടുകയായിരുന്നു.
 
 സ്ക്കൂളിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ
 മുന്നിൽ കണ്ടതെല്ലാം തന്റെ
 അമ്മയാണെന്ന് അവൾക്ക് തോന്നി.
 
 അനാഥാലയത്തിന്റെ തുരുമ്പിച്ച
 ജനലഴികളിൽ പിടിച്ച്, 
പ്രതീക്ഷയുടെ വെളളിമേഘങ്ങളെ
കൈ നീട്ടി ഒന്നു തൊട്ടു നോക്കാൻ 
വെറുതെ ശ്രമിച്ചു നോക്കി.
 ശൂന്യമായി പരന്നുകിടക്കുന്ന
നിറമില്ലാത്ത ആകാശത്തിനുളളിലേക്ക്
വെള്ളിമേഘങ്ങൾ അപ്പൊഴേക്കുംചിറകൊതുക്കിയിരുന്നു.

ഓർമകളുടെ ഊഷരതയിലേക്ക്
നിരാശയുടെ ഒരു മഞ്ഞുതുള്ളി
കൂടി അടർന്നു വീണു ..
അതിൽ
അമ്മയുടെ അവ്യക്തമായൊരു
പുഞ്ചിരി പ്രതിബിംബിച്ചു കിടന്നു.

മീനൂട്ടീ ..
ആ വിളിയാണ് അവളെ
ചിന്തയിൽ നിന്നുണർത്തിയത്.
ഞെട്ടിത്തിരിഞ്ഞ്,
ആവേശത്തോടെ എഴുന്നേറ്റ്
തിരിഞ്ഞുനോക്കിയപ്പോൾ
അരികെ സിസ്റ്ററാന്റി.

 മീനൂട്ടിയുടെ വിടർന്നകണ്ണുകളിലേക്ക്
 നോക്കിക്കൊണ്ട്
 സിസ്റ്ററാന്റി മെല്ലെ പറഞ്ഞു.

"മീനൂട്ടീ .. സോറി ട്ടൊ.
നിന്റമ്മ ഇന്ന് വരുന്നില്ല.!
ജയിലിൽ നിന്ന് പരോൾ
കിട്ടിയില്ലത്രെ. !
അത് പറയുമ്പോൾ സിസ്റ്ററാന്റി
അവളുടെ ശിരസിൽ തലോടിക്കൊണ്ട്
തന്നിലേക്ക് ചേർത്തു നിർത്തി.
 സന്ധ്യ, പകലിനെ രാത്രിയുടെ കമ്പളം കൊണ്ട് പുതപ്പിച്ച് താട്ടുപാടി ഉറക്കും പോലെ.
 മഴവില്ലിന്റെ നിറങ്ങളുള്ള ഊഞ്ഞാൽവള്ളി
 പൊട്ടി , പൊടുന്നനെ മീനൂട്ടി താഴെ ഏതോ
 ഇ
രുട്ടിലേക്ക് ഊർന്നുവീഴുകയായിരുന്നു.
 മയങ്ങിവീണ അവളെ സിസ്റ്ററാന്റി മെല്ലെ
 വാരിയെടുത്ത് ചുമലിൽ കിടത്തി പുറം മെല്ലെ തലോടി.
 ആ വിഷാദ സന്ധ്യയിൽ ഏതോ നിയോഗം പോലെ ബന്ധിപ്പിക്കപ്പെട്ട വിധം 
 സ്വന്തം സ്നേഹ വീട്ടിലേക്ക് തിരിച്ചത്തിയ പോലെ മീനൂട്ടിയുടെ , ഊഞ്ഞാൽവളളി പോലെ നേർത്തകൈകൾ സിസ്റ്ററാന്റിയുടെ
 കഴുത്തിൽ ചുറ്റിപ്പടരുകയായിരുന്നു.

ബാലു പൂക്കാട്


==================================

2.   പ്രണയത്തിൻ്റെ സുവിശേഷം
................................................

സിന്ധു തോമസ്.


ഈ കഥ ഒരു കവിത പോലെ തുടക്കം, ആത്മാവിന്റെ സഞ്ചാരം. ജീവിതം, കാഴ്ചകൾ. അമ്മയുടെ ദുഃഖം, കാമുകിയുടെ വഞ്ചന.
ചില ചോദ്യങ്ങൾ, ഉത്തരങ്ങൾ എല്ലാം കാണാം.

നല്ല അവതരണം. കാലികമായ വഞ്ചനയുടെ, പ്രണയത്തിന്റെ ലോകം കാട്ടി. മരിച്ചവൻ കാണുന്ന കാഴ്ചകളിൽ fantacy ഉണ്ടെങ്കിൽ നന്നായേനെ... ഈ കഥ വേറെ രീതിയിലും അവതരിപ്പിക്കാം. എങ്കിലും അവതരണ ശൈലി, കല്പന, കാവ്യഭാവം എല്ലാം നല്ലത്,

 രണ്ടാം സ്ഥാനം

പ്രണയത്തിൻ്റെ സുവിശേഷം
................................................

സിന്ധു തോമസ്.

മൂന്നാം നാൾ കല്ലറയിൽ നിന്നും ഉയർത്തെഴുന്നേറ്റത് അവന്റെ ആത്മാവായിരുന്നു. നരച്ച ആകാശത്തിന് കീഴെ ഭൂമി മരവിച്ചു കിടന്നു. തലേന്ന് പെയ്ത ചാറ്റൽ മഴയിൽ നനഞ്ഞൊതുങ്ങി പൂക്കളും പുല്ലുകളും.കല്ലറയ്ക്ക് മുകളിൽ കത്തിച്ച മെഴുകുതിരികളുടെ പ്രകാശത്തിലൂടെ അവൻ തന്റെ അമ്മയെ കണ്ടു. ആ മിഴികളിലൂടെ ഒലിച്ചിറങ്ങുന്ന നീരിന് ചോരയുടെ നിറം. 
ഹൃദയം മുറിഞ്ഞ വിലാപത്തിന്റെ അണമുറിയാത്ത പ്രവാഹം

          തന്റെ കല്ലറയുടെ സമീപം  പുതിയൊരു മൺ കൂന അവൻ കണ്ടു. ഇന്നലെ തനിക്കു കൂട്ടായി   ഇടം നേടിയവൻ. അവനിപ്പോഴും കുഴിയിലാ ണല്ലോ എന്നവൻ ഓർത്തു.തന്റെ കല്ലറ അവസാനിക്കുന്നിടത്ത് അവന്റെ മൺകൂന .

        
           കാശുള്ളവൻ മനോഹരമായി  പണികഴിപ്പിച്ച കല്ലറകളിൽ അന്ത്യ വിശ്രമം കൊള്ളുമ്പോൾ പാവപ്പെട്ടവന്റെ ഉറക്കം ആറടി മണ്ണിൽ…സെമിത്തേരികളും ഇങ്ങനെ അടയാളങ്ങളാകുന്നത്
എന്തിനാണ്?
 

         മനോഹരമായ താഴ്‌വരയിൽ  നിന്ന് അവൻ ആകാശത്തേക്ക് നോക്കി. മേഘപ്പിണരുകൾക്കിടയിൽ നിന്ന്  ഒരു മഞ്ഞിൻ കണം ഒഴുകി വന്ന് അവന്റെ കൈയിൽ സ്പർശിച്ചു.

അവനെ സ്വർഗ്ഗത്തിലേക്കാനയിക്കാൻ ദൈവത്തിൻ്റെ ദൂതുമായി മാലാഖ!

ഒരു ചെറു കാറ്റ്…
അണയാനൊരുങ്ങുന്ന മെഴുകുതിരികളെ കൈകൾക്കൊണ്ട് മറയ്ക്കുന്ന അമ്മയെ അവൻ കണ്ടു. 

''അമ്മേ "…നേർത്ത വിലാപം അന്തരീക്ഷത്തിൽ ചത്തു മലച്ചു. 

താൻ ഉയർപ്പിക്കപ്പെട്ടിരിക്കയാണ് എന്ന്  ഉറക്കെ പറയണം എന്നവനു തോന്നി. തന്റെ ശരീരം മണ്ണിനടിയിൽ ആണെന്നും താൻ അശരീരി ആണെന്നും അവൻ തിരിച്ചറിഞ്ഞു.
അവസാനത്തെ മെഴുകുതിരിയും എരിഞ്ഞു തീർന്നിരിക്കുന്നു.
ഒരു നോട്ടം കൂടി മകനുറങ്ങുന്ന കല്ലറയ്ക്ക് നൽകി അമ്മ സാരിത്തലപ്പുകൊണ്ടു തല മറച്ചു പുറത്തേക്ക് നടന്നകലുന്നത് അവൻ കണ്ടു.

     സെമിത്തേരിക്കപ്പുറം വിജനമായ പാതയിൽ അമ്മ ഒറ്റയ്ക്ക്.
അമ്മയുടെ കൈയിൽ തൂങ്ങി വീട്ടിലേക്ക് നടക്കാൻ അവൻ കൊതിച്ചു.

"അല്പസമയം കൂടി…അവൻ അമ്മ നടന്നകന്ന വഴിയിലേക്ക് നോട്ടമയച്ചു.

 "ഉം "…ഒരു മൂളലിൽ 
മാലാഖ സമ്മതം അറിയിച്ചു.

"വികൃതി കാട്ടാതെ മര്യാദക്ക് നടന്നോ " താൻ കുഞ്ഞായിരുന്നപ്പോഴുള്ള അമ്മയുടെ വഴക്ക് അവനോർത്തു.. മുതിർന്നപ്പോൾ താൻ അമ്മയുടെ കൂടെ നടന്നിട്ടുണ്ടോ? ഇല്ല, കൂട്ടുകാരുടെ നടുവിൽ ആയിരുന്നു …അവരൊക്കെ എവിടെ?
വീട്ടിലേക്കുള്ള പടികൾ കയറുമ്പോൾ അവൻ കണ്ടു - പോർച്ചിൽ തന്റെ പ്രിയപ്പെട്ട ബൈക്ക്…

തന്റെ മുറിയുടെ വാതിലുകൾ അടഞ്ഞു കിടക്കുന്നു. ഒരു തെന്നലായ് അവൻ അകത്തേക്ക് കടന്നു. ജാലക വിരികൾ പുറം കാഴ്ചകൾ മറയ്ക്കുന്നു. അരിച്ചെത്തുന്ന നേരിയ വെളിച്ചത്തിൽ ഒരു വിഷാദ സന്ധ്യയിൽ നിയോഗത്തിൽ ബന്ധിക്കപ്പെട്ടതു പോലെ താൻ തന്റെ സ്നേഹ വീട്ടിൽ തിരിച്ചെത്തിയതായി അവനു തോന്നി.
അവിടെ മേശപ്പുറത്ത് പ്രിയപ്പെട്ട പുസ്തങ്ങൾ.
ഭിത്തിയിൽ തന്റെ മനോഹര ചിത്രം.
പെട്ടെന്ന് അവനെന്തോ ഓർത്തു. ഒരു ചെറിയ കാറ്റ്.
മേശമേൽ വച്ച ബുക്കിന്റെ താളിൽ നിന്നൊരു ഫോട്ടോ പറന്നുവന്ന് അവന്റെ കാൽക്കൽ വീണു.

പ്രിയപ്പെട്ടവൾ.
അവൾ ഇപ്പോഴും തന്നെ ഓർത്തു കരയുകയാണോ? .അവളുടെ ഓർമയിൽ അവന്റെ മനസു നൊന്തു.. 

സാരി പോലും മാറാതെ തന്റെ ചിത്രം കൈയിലെടുത്ത് കണ്ണുനീർ പൊഴിക്കുന്ന അമ്മയെ അവനപ്പോൾ കണ്ടില്ലെന്നു നടിച്ചു…

''നമ്മുക്ക് പോകാം.."അവൻ ധൃതി വച്ചു.

അവളുടെ വീടിനു മുമ്പിൽ ഒരാൾകൂട്ടം…

അവളും ? 

'ജീവിച്ചാലും മരിച്ചാലും നമ്മൾ ഒരുമിച്ച് 'എന്ന് നാഴിക്ക് നാൽപതുവട്ടം പറയുന്നവൾ.. 
അവസാനം കണ്ടു പിരിഞ്ഞപ്പോൾ അവൾ തന്റെ ചുണ്ടുകളിൽ പതിപ്പിച്ച സ്നേഹ മുദ്ര അവനോർത്തു…

 ഒരു കൂട്ടം പോലീസുകാരുടെ നടുവിൽ തല കുനിച്ച്  അവൾ!

"പാവം പയ്യൻ, അവളെ അത്രമാത്രം സ്നേഹിച്ചിരുന്നു"ആരോ ദൂരെ നിന്ന് അവളുടെ നേർക്ക് വിരൽ ചൂണ്ടി.
ആ വിരൽ തന്റെ കണ്ണുകളിലേക്ക് തറച്ചിറങ്ങുന്നതായി അവനു തോന്നി. കപട സ്നേഹത്തിന്റെ പുറ്റുകൾ തകർന്നു വീഴുന്നു..
അവസാനത്തെ ചുംബനം അവനോർത്തു…
ചുംബനം കൊണ്ട് തന്നെ മരണത്തിനു ഒറ്റിക്കൊടുത്തവൾ !

അവൾക്ക് മരണത്തിന്റെ മുഖമാണെന്ന് അവൻ തിരിച്ചറിഞ്ഞു. തന്നെ ഒറ്റിക്കൊടുത്ത് അവൾ നേടിയ നാണയങ്ങൾ ആരൊക്കോയൊക്കെ ചേർന്ന് പെറുക്കിയെടുക്കുന്നു.

"മതിയായി, നമുക്ക് പോകാം… "
അവന്റെ കണ്ണിൽ നിന്ന് ഒരു പുഴ കൂത്തിയൊലിച്ചു.

" നശിച്ച മഴ…രാവിലെ തുടങ്ങി… "കൂടി നിന്നവർ വീടിന്റെ മറകളിൽ അഭയം തേടി.
സ്വർഗ്ഗത്തിന്റെ വാതിൽ തങ്ങൾക്കായി തുറക്കപ്പെടുന്നത് അവൻ കണ്ടു. അവസാനമായി അവൻ ഭൂമിയിലേക്ക് തിരിഞ്ഞു നോക്കി.. ദൂരെ മഴയത്തു കെടാതെ ഒരു ചിത…
പൂകഞ്ഞു തീരാറായ ചിതയ്ക്കരികിൽ മറ്റൊരമ്മ.

''എന്നാലും അവന്... എങ്ങനെ തോന്നി…?. " കൂടിനിന്നവർ പരസ്പരം പറഞ്ഞുകൊണ്ട് പിരിയുന്നു.. 

"പോകാം" അവൻ ധൃതി കൂട്ടി…കാണുന്ന കാഴ്ചകളിലൊക്കെ മരണത്തിന്റെ ഗന്ധം…മാലാഖയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി ആ ചിതയിലേക്ക് പതിക്കുന്നത് അവൻ കണ്ടു…
പ്രണയം നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട അവളുടെ മുഖം അവൻ ഓർത്തെടുത്തു…ഉദിച്ചുയർന്ന സൂര്യന്റെ പ്രഭയിൽ അവൻ ആ മുഖം തിരിച്ചറിഞ്ഞു.

ഭാരം നഷ്ടപ്പെട്ട മേഘക്കീറുകൾ പോലെ അവർ സ്വർഗ്ഗത്തിലേക്ക് പറന്നു..

സ്വർഗ്ഗ വാതിൽ അടയുന്നതിന് മുൻപ് അവർ ഒരിക്കൽ കൂടി ഭൂമിയിലേക്ക് നോക്കി.പച്ച പുതച്ച കുന്നിൻ ചെരുവിൽ നിന്ന് മഞ്ഞിൻ്റെ മേലാട ഇളം കാറ്റിൻ്റെ ചിറകിലേറി മറയുന്നു.മലഞ്ചെരുവിലെ പൂത്തുലഞ്ഞു നിൽക്കുന്ന മരത്തിൻ്റെ കൊമ്പിലേക്ക് ഒരു വെള്ളരിപ്രാവ് പറന്നിറങ്ങി. അടുത്ത മാത്രയിൽ ഇണപ്രാവിൻ്റെ നേർത്ത ചിറകടിയിൽ പൂക്കളിളകി .അവൻ അവൾക്കരികിലിരുന്ന് കൊക്കരുമ്മി.അവരുടെ കുറുകലിൽ താഴ് വാരം കുളിരണിഞ്ഞു.

.....കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ......

പ്രണയാർത്ഥിയായ ഏതോ ഭാവഗായകൻ്റെ ചുണ്ടിൽ നിന്ന് പുറപ്പെട്ട ഗാനം തങ്ങളെ വലയം ചെയ്യവെ അവർ സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു.

സ്വർഗ്ഗവാതിൽ അവർക്കു പിന്നിൽ മെല്ലെയടഞ്ഞു.

=================================(




3. മന്നാറപ്പൂക്കൾ
മേമ്മുറി ശ്രീനിവാസൻ

ഈ കഥ
പേരുകൊണ്ട് ശ്രദ്ധ നേടിയ കഥ പഴയത്, എങ്കിലും പ്രകടമാവുന്ന ഭാവങ്ങൾ, നല്ലത്. ജവാന്റെ കാഴ്ചകൾ നല്ല രീതിയിൽ അവതരിപ്പിച്ചു. അതിൽ വികാരവിചാരങ്ങളും നിറഞ്ഞു. അനുഭവങ്ങളുടെ തീയും നിറഞ്ഞു. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു, പക്ഷേ ഭാര്യയ്ക്ക് വേറെ ജീവിതം കിട്ടി. കെട്ടിയതു സുഹൃത്തും. സംഭവം ക്‌ളീഷേ ആണ്.
തരക്കേടില്ല

മൂന്നാം സ്ഥാനം

ചെറുകഥ - മന്നാറപ്പൂക്കൾ

 
 കുത്തനെയുള്ള ചെമ്മൺ പാതയിലൂടെ നീലമലക്കുന്നിൻ മുകളിൽ അയാളെത്തിയത് വളരെ പണിപ്പെട്ടായിരുന്നു. കുന്നിനെ തൊട്ടുരുമ്മി നിൽക്കുന്ന ആകാശം അയാൾ ഇങ്ങുതാഴെ നിന്ന് വളരെ വ്യക്തമായി കണ്ടതാണ്. ഇപ്പോളതാ , ആ ആകാശനീലിമ, വീണ്ടും വളരെ വളരെ ഉയരത്തിലാണെന്ന് അയാൾ തിരിച്ചറിഞ്ഞു. കുന്നിൻ മുകളിലെത്തിയ അയാൾ, മുന്നിൽ തുറിച്ചു നോക്കിനിൽക്കുന്ന കുത്തിറക്കം കണ്ട് പകച്ചു നിന്നു. ചന്ദ്രികയുടെ നറുനിലാപ്പുഞ്ചിരി മുന്നോട്ടുള്ള പാതയിൽ വെളിച്ചമേകി. നീണ്ട വർഷങ്ങൾക്ക് ശേഷം, ഭാര്യയേയും മക്കളേയും കാണാനെത്തുന്ന, ആ പിതാവിന്റെ സ്വപ്നാകാശത്ത് പൂത്തുലഞ്ഞത് ആയിരം ഇതളുള്ള മന്നാറപ്പൂക്കളായിരുന്നു. ബഹുവർണ്ണങ്ങളാൽ തിളങ്ങി നിൽക്കുന്ന മന്നാറപ്പൂവിന്റെ സൗരഭ്യം ഊർജ്ജദായിനിയാണ് , ഒപ്പം ജീവദായിനിയും. സർവ്വവിജയപ്രദായകമായ മന്നാറപ്പൂക്കൾ ദൈവീകമാണെന്ന് അവർ വിശ്വസിച്ചു പോന്നു.
 ഭാരതാംബയുടെ ഉത്തുംഗ ശിരസ്സാകുന്ന കാശ്മീരിൽ, ദുരന്തങ്ങളും ദുരിതങ്ങളും അയാൾക്ക് പുത്തരിയായിരുന്നില്ല. ശത്രു സൈന്യങ്ങൾ ആർത്തിരമ്പിയെത്തുമ്പോഴും, മനശ്ശക്തി വീണ്ടെടുത്ത് ശത്രുക്കളെ ഛിന്നഭിന്നമാക്കിയപ്പോഴും , തന്റെ പ്രിയതമയേയും കുഞ്ഞുങ്ങളേയും വീണ്ടും കാണാനാകുമല്ലോ എന്നോർത്ത് അയാളാശ്വസിച്ചു.
 "കാശ്മീർ ഭാരതത്തിന്റെ ഭാഗമാണ് , അത് വെട്ടിക്കീറുവാൻ ഞങ്ങൾ അനുവദിക്കുകയില്ല , ഈ ശരീരം നിശ്ചലമായാലും". അത് അവരുടെ മുദ്രാവാക്യമായിരുന്നു ! ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേയ്ക്കു വളർന്ന് പന്തലിച്ച ജീവത്യാഗത്തിന്റെ മുദ്രാവാക്യം ! ഭാരതപുത്രരെന്ന് അഭിമാനം കൊണ്ട ധീരജവാന്മാരുടെ മുദ്രാവാക്യം? ശത്രു സൈന്യങ്ങളുടെ നുഴഞ്ഞുകയറ്റത്തിന്റെ പല മേഖലകളും അവർ പിടിച്ചടക്കി , വീരേതിഹാസമായ പോരാട്ടത്തിലൂടെ . ക്യാപ്ററനും മേജറും നയിച്ച പാതയിലൂടെ, ബൂട്ടണിഞ്ഞ കാലുകൾ, സധൈര്യം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. വൻമലകളും കുന്നുകളും കിഴുക്കാംതൂക്കായ പാറക്കെട്ടുകളും നദികളും നീർച്ചാലുകളും അവരുടെ പാതയിൽ കഠിനങ്ങളായി. മഞ്ഞുവീഴ്ചകളും അതിശൈത്യവും മഴയും വെയിലും, ഒന്നും അവരുടെ നിശ്ചയദാർഢ്യമുളള മനസിനെ പിന്നോട്ടടിയ്ക്കുവാൻ പര്യാപ്തമായിരുന്നില്ല. പട്ടിണിയും രോഗവും അവരുടെ ശരീരങ്ങളെ അലട്ടിയിരുന്നെങ്കിലും ഭാരതാംബയ്ക്ക് വേണ്ടി പടപൊരുതുവാൻ ,പ്രതിജ്ഞാബദ്ധരായിരുന്നൂ അവർ , എക്കാലവും !
 അഴുക്കുചാലിലൂടെ ഒഴുകിയെത്തുന്ന മലിനജലം അവരുടെ ദാഹത്തിന് ശമനമേകി , പലപ്പോഴും ! കൂരിരുളിലും കൊടും തണുപ്പിലും ശത്രുവിന്റെ ചലനങ്ങൾ അവർ തിരിച്ചറിഞ്ഞ്, ആഞ്ഞടിച്ച് വിജയഭേരി മുഴക്കി. നമ്മുടെ കാശ്മീരിന് വേണ്ടി , എല്ലാ ഭാരതീയർക്കും വേണ്ടി. യുദ്ധഭൂമിയിൽ അവർ ഉറക്കമില്ലാതെ, ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി. അതിലൊരുവനായിരുന്നു, കാശ്മീർ മോചനത്തിനായി അഹോരാത്രം പ്രവർത്തിച്ച സുബേദാർ  ഇന്ദ്രജിത്ത്. ദൈർഘ്യമേറിയ വർഷങ്ങളുടെ, അനിയന്ത്രിതമായ ആത്മ പ്രവാഹത്തിന്റെ, ആത്മാഭിമാനത്തിന്റെ ധീരോദാത്തമായ ഐക്യനിര . മതവർഗ്ഗ ജാതി ഭേദമില്ലാത്ത, വിശ്വസാഹോദര്യത്തിന്റെ സുന്ദര സ്വപ്നങ്ങൾ സമ്മാനിച്ച കാലചക്രം കറങ്ങിത്തിരിഞ്ഞു.
 കുടുംബച്ചെലവിലേയ്ക്കായി അയാൾ എല്ലാ മാസവും കൃത്യമായി പണം, പ്രിയതമയുടെ അക്കൗണ്ടിലൂടെ,അയച്ചുകൊടുത്തുകൊണ്ടേയിരുന്നു. കുടുംബം പുലർത്തുവാൻ ,രതി നന്നേ വിഷമിക്കുന്നുണ്ടാകും. സുബേദാർ ഇന്ദ്രജിത്തിന് രണ്ടാണ് മക്കൾ, കൃഷ്ണപ്രിയയും കൃഷ്ണേന്ദുവും. അവർ നന്നായി പഠിയ്ക്കണം. നന്നായി വളരണം. നല്ലൊരു ജീവിതം കെട്ടിപ്പടുക്കുവാൻ അവർ പ്രാപ്തരാകണം. അയാളുടെ അഭിലാഷങ്ങൾ അങ്ങനെ, നീലാകാശത്ത് തിളങ്ങി നിൽക്കുന്ന വെള്ളിമേഘങ്ങളേപ്പോലെ പാറിപ്പറന്നു.
 യുദ്ധഭൂമിയിൽ നിന്ന് അബോധാവസ്ഥയിൽ, ആശുപത്രിക്കിടക്കയിലേയ്ക്ക് അടർത്തിമാറ്റിയപ്പോൾ ,കുടുംബത്തിലേയ്ക്കുള്ള പണമയയ്ക്കലിന് വിഘാതമായി. ബോംബേറേറ്റ് ചിതറിത്തൂങ്ങിയ കാലുമായി അയാൾ മല്ലടിച്ചുകൊണ്ടേയിരുന്നു. ഏതാനും മാസത്തെ ചികിത്സയിലൂടെ ബോധം വീണ്ടെടുത്തപ്പോൾ അയാൾ, കുടുംബത്തെയോർത്ത് വിതുമ്പി.അവർക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകാതിരിക്കാൻ തന്റെ ശമ്പളം പ്രിയതമയുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ടയക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു തീർത്തു. എന്നാൽ തന്റെ അപകടാവസ്ഥ വീട്ടുകാരെ അറിയിയ്ക്കാതിരിക്കാൻ സഹപ്രവർത്തകരോട് അയാൾ പ്രത്യകം പറഞ്ഞു. വീണ്ടും അബോധാവസ്ഥയിലേയ്ക്ക് ഊളിയിട്ടുപോയ ഇന്ദ്രജിത്തിനെ, തന്റെ സഹപ്രവർത്തകരുടെയും ഡോക്ടർമാരുടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും പരിചരണത്തിലൂടെയും സാവകാശം ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നു. നീണ്ടകാലത്തെ ആശുപത്രിവാസം കൃത്രിമക്കാലിൽ നടക്കുവാൻ അയാളെ പരിശീലിപ്പിച്ചു. ആശുപത്രിയിൽ, തന്നെ പരിചരിച്ചവരോടും സഹപ്രവർത്തകരോടും ഉന്നതഉദ്യോഗസ്ഥരോടും വാക്കുകൾക്കാകാത്ത നന്ദി പ്രകടിപ്പിക്കുവാൻ അയാൾ മറന്നില്ല. അത്യാവശ്യ സാമഗ്രികൾ അടക്കംചെയ്ത പെട്ടിയുമായി ഇന്ദ്രജിത്ത് വണ്ടി കയറി, തന്റെ പൊന്നു മക്കളേയും ഭാര്യയേയും ഒന്ന് കാണാനുളള വ്യഗ്രതയോടെ.
 അങ്ങനെ, അയാൾ ഒരു ദിവസം സന്ധ്യയോടുകൂടി നീലമലയിൽ എത്തിച്ചേർന്നു. ഇത് ഒരു ചെറിയ പട്ടണമായിരുന്നു. അവിടെ നിന്നും വീടിനെ ലക്ഷ്യമാക്കി ഇന്ദ്രജിത്ത് നടന്നു. വളരെ ചെറുപ്രായത്തിൽ, താൻ കണ്ടിട്ടുള്ള മക്കൾ, ഇപ്പോൾ തിരിച്ചറിയുമോ എന്നോർത്ത്, അയാൾ മനസ്സിലൂറി ചിരിച്ചു. അവർക്കേറെ ഇഷ്ടപ്പെട്ട മന്നാറപ്പൂക്കൾ കാണുമ്പോൾ ഓർമ്മവരും എന്റെ മക്കൾക്ക്. അതിനായി അവർ തല്ലിപ്പിടിയ്ക്കുന്നത് കാണാൻ എന്തു രസമായിരിക്കും, അയാളോർത്തു. നടന്ന് നടന്ന് അയാൾ വീട്ടുമുറ്റത്തെത്തി. വാതിൽ അടച്ചിട്ടിരിക്കുകയാണല്ലാ ! അയാൾ നീട്ടി വിളിച്ചു , രതീ ... രതീ ... മക്കളേ ... വീടിന് ചുററും നടന്നു നോക്കി. ഇല്ല ... ആരുമില്ല. ഈ സമയത്ത്, അവർ എവിടെപ്പോയതായിരിക്കും? അടുത്ത് ഒരു വീടുപോലുമില്ല. ഒക്കെ, അകലെയാണ്. അയാൾ വീണ്ടും നീട്ടി നടന്നു. കുഞ്ഞോലയ്ക്കൽ കുഞ്ഞവറാച്ചന്റെ വീട്ടിലാണ് ചെന്നെത്തിയത്. തന്റെ സുഹൃത്ത് സാബുവിന്റെ വീടാണ്. സാബൂ... സാബൂ... ഉറക്കെ വിളിച്ചു. ഇറങ്ങി വന്നത് കുഞ്ഞവറാച്ചൻ ചേട്ടനാണ്. നടക്കാൻ തീരെ വയ്യ. വാതമാണ്, കുഞ്ഞവറാച്ചന്. ആര്, ഇന്ദ്രനോ ? ഇതെന്ന് വന്നു? കണ്ടിട്ട് എത്ര കാലമായി? കുറേ നാളുകളായിട്ട് , ഞാൻ വീട്ടുകാരെയും കാണാറില്ല, കുഞ്ഞവറാച്ചൻ പറഞ്ഞു നിർത്തി.
 അവറാച്ചൻ ചേട്ടാ, ഞാൻ വരുന്ന വഴിയാണ്. വീട്ടിൽ ചെന്നപ്പോൾ ആരെയും കാണാനില്ല. അതാ ഇങ്ങോട്ട് വന്നത്. ഇവിടെയുണ്ടോ എന്നറിയാമല്ലോ?
അപ്പോഴാണ് കുഞ്ഞവറാച്ചൻ അത് കണ്ടത്. ഇന്ദ്രാ...നിന്റെ കാലിന് ....?
എന്തു പറ്റീ എന്നല്ലേ? അതൊരു കഥയാ... ഞാൻ വന്നിട്ട് പറയാം അതൊക്കെ . അയാൾ തിരികെ നടന്നു, വീട്ടിലേയ്ക്ക് . അപ്പോഴാണ് സാബുവിന്റെ കാര്യം വീണ്ടുമോർത്തത്. അവറാച്ചൻ , ചേട്ടാ സാബു ഇവിടെയുണ്ടോ ?
 അല്പം ദുഃഖത്തോടെ, അവറാച്ചൻ ചേട്ടൻ , ആ കഥ പറഞ്ഞു. സാബു വീട് വിട്ട് പോയി. കുറേക്കാലമായി. കുട്ടികളില്ലാത്ത ദുഃഖത്താൽ അവന്റെ ഭാര്യ, സലോമി , അവനെ ഉപേക്ഷിച്ച് പോയി. മറ്റൊരു വിവാഹത്തിൽ അവൾ കുട്ടികളോടൊത്ത് സുഖമായി കഴിയുന്നു. ആ ദുഃഖത്തിൽ അവൻ പടിയിറങ്ങിയതാ ... വിതുമ്പിക്കരഞ്ഞുകൊണ്ട് അവറാച്ചൻ അവിടെ കുത്തിയിരുന്നുപോയി. ആ നീലമലക്കുന്നിനക്കരെ എവിടെയോ അവനുണ്ടെന്നറിഞ്ഞു.    ഇന്ദ്രജിത്ത് മുന്നോട്ട് നീങ്ങി. പക്ഷികൾ ചേക്കേറുന്ന കലപിലശബ്ദം എങ്ങും ചിതറി വീണു. അപ്പോൾ പുള്ളുകളുടെ ഭീതിപ്പെടുത്തുന്ന ശബ്ദം കാതുകളിൽ വന്നലച്ചു. ഇരുട്ടിന്റെ കനം കൂടിക്കൂടി വന്നുകൊണ്ടേയിരുന്നു. വീട്ടിലെത്തി അയാൾ വീണ്ടും നോക്കി. ആരുമില്ല ... ആരും . അങ്ങനെയാണ് അയാൾ നീലമലക്കുന്ന് കയറിയത്. ഇപ്പോൾ വീണ്ടും ഇരുട്ടിയിരിക്കുന്നു. നടന്നവശനായ അയാൾ, അകലെ മിന്നിനിൽക്കുന്ന വെളിച്ചം ലക്ഷ്യമാക്കി, സാവകാശം നന്നേ പണിപ്പെട്ട് കുന്നിറങ്ങി നീങ്ങി. പക്ഷേ, പൊയ്ക്കാൽ കുത്തിയുള്ള ആ നടത്തത്തിന്റെ ബുദ്ധിമുട്ടുകൾ, അയാൾ അറിഞ്ഞതേയില്ല. ആരോ അയാളെ താങ്ങിയെടുത്ത് താഴേയ്ക്കിറങ്ങുകയായിരുന്നു. ആരാണെന്നെ താങ്ങിയത് ? കാശ്മീരിലെ യുദ്ധഭൂമിയിൽ, തറയിലൂടെ ഇഴഞ്ഞുനീങ്ങിയ തന്റെ നെഞ്ചിലും തലയിലും വെടിയുണ്ടകളേൽക്കാതെ, കാത്തുസൂക്ഷിച്ചതും ആരാണ്?
 നീലമലക്കുന്നിറങ്ങി എത്തിയ സുബേദാർ ഇന്ദ്രജിത്ത്, ആദ്യം കണ്ട വീട്ടിലേയ്ക്ക് കയറിച്ചെന്നു. ആ വീട്ടിലുള്ളവരെല്ലാം, നന്ദപ്പനും രാധയും മക്കളും, പുറത്തേയ്ക്ക് ഇറങ്ങി വന്നു. ആരാണ് ,എവിടെ നിന്നും വരുന്നു? അവർ അന്വേഷിച്ചു. ഞാൻ നീലമലയ്ക്കപ്പുറത്തുനിന്നും വരികയാണ്. ഇവിടെ സാബു എന്നൊരാൾ താമസിക്കുന്നത് എവിടെയാണ്? അയാൾ തിരക്കി.
കുറേക്കൂടി മുന്നോട്ട് ചെല്ലുമ്പോൾ ഇടുത്തേയ്ക്കുള്ള ഇടവഴിയിലൂടെ അകത്തേയ്ക്ക് കുറേദൂരം ചെന്നാൽ അവസാനം കാണുന്ന വീടാണ്. അവർ വഴികാണിച്ചു കൊടുത്തു.
 സുബേദാർ ഇന്ദ്രജിത്ത് തന്റെ പെട്ടിയും കൈയ്യിലേന്തി ആ വഴിയിലൂടെ നടന്നു നീങ്ങി. ആകാശം ചന്ദ്രികയും നക്ഷത്രങ്ങളും ഇല്ലാതെ, ഇരുണ്ട് കനം തൂങ്ങി നിന്നു. മലമ്പുള്ളുകൾ തലയ്ക്കു മുകളിൽ വട്ടമിട്ട് പറന്നു. അകലെ കുറുക്കന്റെ ഓലിയിടൽ മലമടക്കുകളിൽ തട്ടി നീലമലക്കുന്ന് കേറി എങ്ങോ അലിഞ്ഞു.
 അവസാനം ആ വീട്ടുമുററത്ത് അയാളെത്തി നിന്നു. സാബൂ... സാബൂ.. നീട്ടി വിളിച്ചു. അകത്തു നിന്നും രണ്ട് കുട്ടികൾ ഓടിയെത്തി. അതി ക്ഷീണിതനായി പൊയ്ക്കാലിൽ നിൽക്കുന്ന അയാളെ കണ്ടതും അവർ വിളിച്ചു പറഞ്ഞു. അമ്മേ, അതാ ഒരു ഭാക്ഷക്കാരൻ ... എന്തെങ്കിലും കൊടുക്കമ്മേ . പൊന്നോമനകളെ കൺകുളിർക്കെ അയാൾ കണ്ടു. മന്നാറപ്പൂക്കൾ കൈയ്യിലെടുത്ത് അയാൾ, മക്കളേ, ഞാൻ ഭിക്ഷക്കാരനല്ല ...അയാൾക്ക് മുഴുമിപ്പിക്കാനാകും മുമ്പേ, അമ്മയെത്തി. ഒപ്പം സാബുവും !
 ഒരു നിമിഷം ... ആ കണ്ണുകൾ തമ്മിലുടക്കി നിന്നൂ ,നിമിഷങ്ങളോളം  ! മാനം വീണ്ടുകീറുകയാണ്. യുദ്ധഭൂമിയിൽ, ശത്രുവിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ, ചീറിപ്പായുന്ന ബോംബുകൾക്ക് മുന്നിൽ, കൈകാലുകൾ വിറയ്ക്കാതെ, നെഞ്ച് നിവർത്തി , തന്നെയും തന്റെ സഹപട്ടാളക്കാരെയും ധീരതയോടെ മുന്നോട്ട് നയിച്ച്‌, പടകൾ ജയിച്ച സുബേദാർ ഇന്ദ്രജിത്തിന്റെ കാലുകൾ ഒന്നിടറി. കണ്ണുകൾ പതറി. അറിയാതെഅയാളുടെ നാവ് വിതുമ്പി.കൃഷ്ണ പ്രിയേ ...കൃഷ്ണേന്ദു ... എൻറെ മക്കളെ ...
 നീലമലക്കുന്നുകളെ ഇളക്കിമറിച്ച് ആ വിളി  ഇരുട്ടിന്റെഅഗാധതയിലേക്ക്  തുളച്ച് ഇറങ്ങി.അതിന്റെ പ്രതിധ്വനി  അയാളുടെ പൊന്നോമനകളുടെ കാതുകളിൽ വന്നലച്ചു.മണ്ണാറ പൂക്കളുടെ സൗരഭ്യം അവരെ പൊതിഞ്ഞു നിന്നു .മന്നാറപ്പൂക്കളിൽ നിന്നും ബഹുവർണ്ണവെളിച്ചം അവരിൽ നിറഞ്ഞ് പതഞ്ഞൊഴുകി.അവരുടെ പുരികക്കൊടികളുടെ മധ്യഭാഗത്തു നിന്നും അനന്തമായ നീലപ്രകാശം വമിച്ചുകൊണ്ടേയിരുന്നു. രക്തം രക്തത്തെ സ്വയം തിരിച്ചറിയാതിരിക്കുമോ ? മന്നാറപ്പൂക്കൾ, പൊന്നോമനകളുടെ കണ്ണുകളെ പ്രകാശപൂരിതമാക്കി . അവരുടെയുള്ളിൽ ചാട്ടുളികൾ വലിഞ്ഞുമുറുകികൊണ്ടേയിരുന്നു. അയാളുടെ സിരകൾ അനിയന്ത്രിതമായി വലിഞ്ഞുമുറുകി. ചുറ്റിലും ഉരുണ്ടുകൂടിയ മഞ്ഞുകട്ടകൾക്കിടയിൽ അയാൾ മരവിച്ചുനിന്നുപോയി. രതി, മോഹാലസ്യത്താൽ നിലംപതിച്ചു. ഏതോ കൈകൾ അയാളെ ബലമായി ചുറ്റിപ്പിടിച്ചുനിന്നു .സ്വപ്നലോകത്തെന്നപോലെ സുബേദാർ ഇന്ദ്രജിത്ത് കണ്ണുകൾ തുറന്നു ...
അവർ ഒന്നിച്ച് വിളിച്ചു കരഞ്ഞു ... അച്ഛാ ... എൻറെ അച്ഛാ ...
അയാൾ അവരെ ചേർത്തുപിടിച്ചു. അയാളുടെ തിളക്കമാർന്ന കണ്ണുകളിൽ നിന്ന് കുത്തിയൊലിച്ച കണ്ണീർപ്പുഴയിൽ നീലമലക്കുന്നുകൾ പുളകിതയായി. അങ്ങനെ, ആ ഒരു വിഷാദസന്ധ്യയിൽ, നിയോഗത്താൽ ബന്ധിക്കപ്പെട്ടപോലെ, ഞാനെന്റെ സ്നേഹവീട്ടിൽ മടങ്ങിയെത്തി.

മേമ്മുറി ശ്രീനിവാസൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ