(വഞ്ചിപ്പാട്ട്)
. ഉപഗുപ്തൻ കെ അയിലറ
ഹൈന്ദവൈതിഹ്യകഥകൾ
കേൾക്കുവാനുമറിയാനു-
മെന്നുമെന്നുമാർക്കുമാർക്കും
കമ്പമേറെയാം
കംസനെന്ന ക്രൂരനായ
രാക്ഷസരാജന്റെ കഥ
കേട്ടുകൊൾക, കുട്ടികൾക്കു
പകർന്നുനൽക.
വൃഷ്ണി രാജവംശൻ കംസൻ,
രാക്ഷസൻ ദ്രമിള പുത്രൻ,
കൃഷ്ണൻ മാതുലനു,മമ്മ
പത്മാവതിയും.
ഉഗ്രസേനപത്നിയാകും
പത്മാവതിയിൽ ദ്രമിളൻ
ഊക്കിനാലുൽപ്പാദിപ്പിച്ച
സന്തതി കംസൻ.
ജന്മമേകേ ശാപമേകി
'കാലനേമി' തന്റെ പുനർ-
ജന്മമാകും കംസ,നമ്മ ദ്രമിളൻ മുന്നിൽ
"ഇഷ്ടനാമെൻ ഭർത്താവിന്റെ
വംശത്തിൽ ജന്മമെടുക്കും
ശ്രേഷ്ഠൻ വധിക്കും നിശ്ചയം
ഈ സന്തതിയെ".
വിഷ്ണുവിനാൽ കൊല്ലപ്പെട്ട
കാലനേമി കംസനായും
വിഷ്ണു വീണ്ടും കൃഷ്ണനായും
അവതരിച്ചു
കാലംപോകേ തക്കം നോക്കി
കാത്തിരുന്ന കംസനാട്ടെ,
കിട്ടിയോരു സന്ദർഭത്തെ പാഴാക്കീടാതെ
ഉഗ്രസേനനെത്തടവി-
ലാക്കിയിട്ടു നിഷ്പ്രയാസം
ആഗ്രഹിച്ചപോലെ രാജ്യം പിടിച്ചെടുത്തു.
ശൂരസേനപുത്രനാകും
വാസുദേവരെ മംഗല്യ
സൂത്രമിട്ടു ദേവകിയും വരിച്ചു പിന്നെ.
ദേവകിതൻ വൈവാഹിക
ഘോഷയാത്രാ വേളതന്നിൽ
ദേവലോകേ നിന്നുകേട്ടോരശരീരിയും!
"ദേവകിതന്നെട്ടാമത്തെ
പുത്രൻ വധിക്കും കംസനെ"
വേവലാതിപൂണ്ടു കംസൻ
പാഞ്ഞുചെന്നല്ലോ
സ്വന്തം സോദരിയെക്കൊല്ലാൻ,
കേണുചൊല്ലി വാസുദേവർ
"ബന്ധം മറന്നിട്ടിവളെ വധിക്കരുതേ"
എന്തുകൊണ്ടോ ക്രൂരമാകും
കംസമനം തെല്ലലിഞ്ഞു
ബന്ധിയാക്കി ദേവകിയെ ജയിലിലാക്കി
കൂട്ടിനായിട്ടെന്നവണ്ണം
വാസുദേവരെത്തന്നെയും
കൂട്ടിലാക്കിയവൾക്കൊപ്പം
വിഡ്ഢിയാമവൻ
"ജനിക്കും മാത്രയിൽത്തന്നെ
മടിക്കാതോരോ കുട്ടിയേം
എനിക്കു കൈമാറിടേണം
വധിക്കുവാനായ്"
വിധിച്ചു കംസൻ, ഒട്ടുമേ
കരുണ കാണിച്ചിടാതെ
വിധിയെന്നു കരുതേണ്ടി
വന്നിതെല്ലാർക്കും
ദൈവഹിതം നടപ്പാകാൻ
മാർഗ്ഗമേതേലും തെളിയും
ദേവകിക്കു പുതുജീവൻ കിട്ടുകയായി!
ദേവകീവാസുദേവന്മാർ-
ക്കാദ്യമായ്പ്പിറന്നയാറു
ജീവനേയും നിഷ്ക്കരുണം
ഹിംസിച്ചു കംസൻ
ഏഴാമത്തെ പുത്രനാകും
ബലരാമന്റെ രക്ഷക്കായ്
ഏറ്റെടുത്താ ഭ്രൂണത്തെസ-
പത്നി രോഹിണി
ഗർഭഛിദ്രമുണ്ടായെന്നു
തെറ്റിദ്ധരിപ്പിച്ചു പിന്നെ
സർവ്വരും ചേർന്നു കംസനെ,
വിശ്വസിച്ചയാൾ!
ആവണിമാസത്തിൽ കൊടും
കാറ്റുമൊപ്പം പേമാരിയും
ആടിത്തിമിർക്കുമഷ്ടമി
രോഹിണി നാളിൽ
ദേവകീവസുദേവന്മാർ-
ക്കെട്ടാമത്തെ പുത്രനായി-
ട്ടവതരിച്ചല്ലോ വിഷ്ണു
കൃഷ്ണനാമത്തിൽ
ഒട്ടുമേതാമസിക്കാതെ
വസുദേവരാക്കുട്ടിയെ
കുട്ടയിലാക്കി,യമുനയ്ക്കക്കരെയുള്ള
അമ്പാടിയിൽ പാർത്തിടുന്ന
നന്ദഗോപ-യാശോധര
ദമ്പതിമാരുടെയടുത്തെത്തിച്ചശേഷം
ദേവകിതന്നടുത്തായി
യശോദ-നന്ദഗോപർതൻ
ദേവിതുല്യമാകും പുത്രിയേയും കിടത്തി.
ദേവകിതന്നെട്ടാമത്തെ
കുട്ടിപിറന്നെന്നറിയേ
ആവേഗമോടെത്തി കംസൻ
കുഞ്ഞിനെ റാഞ്ചി
കല്ലിലാഞ്ഞടിച്ചുകൊല്ലാൻ
ദയയെന്യേ തുനിയവേ
കയ്യിൽനിന്നു തെന്നിപ്പൊങ്ങി-
ച്ചൊല്ലിയാ ദേവി :
"അല്ലയോ, ദുഷ്ടനാം കംസാ
ഇല്ല കൊന്നിട്ടെന്നെക്കാര്യം
കൊല്ലുവനായ് നിന്നെ,യൊരാൾ
ജനിച്ചു വേറേ
നിന്റെ പൂർവ്വ ജന്മത്തിലെ
ശത്രുതന്നെയാകുമവൻ
തന്റേടമുണ്ടെങ്കിൽ പോയി
കൊന്നീടവനെ"
അമ്പരന്നുപോയി കംസൻ
തിരക്കോടെ ദൂതന്മാരെ
അയച്ചിട്ടു തിരച്ചിലായ് രാജ്യമെമ്പാടും
അമ്പാടിയിൽ കുഞ്ഞിക്കൃഷ്ണൻ
ഉണ്ടെന്നറിയേ കംസനു
വെമ്പലേറി, പൂതനയെയയച്ചവിടെ
രാക്ഷസിയാമവൾ തന്റെ
കുചത്തിൽ വിഷംപുരട്ടി
കൃഷ്ണനെ മുലയൂട്ടീട്ടു
കൊല്ലുവാൻ നോക്കി
വിഷ്ണുവിന്നവതാരമാം
കൃഷ്ണനുണ്ടോ വിഷം തീണ്ടൂ
രാക്ഷസിതൻ രക്തമൂറ്റിക്കുടിച്ചുകൊന്നു.
അനുചരന്മാർ പലരെ
പലപ്പോഴായിട്ടു കംസൻ
അയച്ചു കൃഷ്ണനെക്കൊല്ലാൻ
ശ്രമിച്ചെങ്കിലും
കൃഷ്ണനും ബലരാമനും
ചേർന്നവരെയെല്ലാം തന്നെ
നിഷ്പ്രയാസം കൊന്നു
കാലപുരിക്കയച്ചു
അവസാന ശ്രമംപോലെ
ഗുസ്തി മത്സരംതന്നൊരു
അവസരമായ്ക്കരുതി
കെണിയൊരുക്കി
കൃഷ്ണഭക്തൻ ആക്രൂരനെ
വൃന്ദാവനം തന്നിലേക്ക്
കംസൻ പറഞ്ഞയച്ചല്ലോ
ദൗത്യവുമായി
ചതിയാണതെന്ന കാര്യം
അറിഞ്ഞുകൊണ്ടുതന്നവർ
മഥുരാപുരിയിലെത്തി
കാഴ്ചകൾകാണേ
പടയാളികൾ കാക്കുന്ന
യജ്ഞവേദിയിൽ സൂക്ഷിക്കും
പടുകൂറ്റൻ പ്രദർശന
വില്ലു കാണായി.
വേദിയിൽക്കയറി കൃഷ്ണൻ,
യാഗത്തിനായ് വച്ചിരുന്ന
വില്ലെടുത്തു നിഷ്പ്രയാസമൊടിച്ചുവല്ലോ
കാവൽക്കാരെതിർത്തെന്നാലും
നിഷ്‌ക്കരുണമയച്ചല്ലോ
കാലാപുരിക്കവരേയും
കൃഷ്ണഭഗവാൻ
വില്ലൊടിഞ്ഞതിന്റെ ശബ്ദം
പ്രതിധ്വനിയായ് മുഴങ്ങി
വീണ്ടും വീണ്ടും ഭൂമിയിലും
ആകാശത്തിലും
എത്തവേയാശബ്ദം തന്റെ
മാളികയിലുമൊരുപോൽ,
എത്തീ തന്റെ അന്തകനെ-
ന്നറിഞ്ഞൂ കംസൻ
കണ്ണാടിയിൽ പോയിനോക്കി
തന്മുഖമെന്നാൽ കംസനു
കാണുവാനായില്ല തന്റെ തലയവിടെ!
ഭയത്താലേ കണ്ണുകാണാൻ
കഴിയാതെ വന്നാൽപ്പിന്നെ
കയത്തിൽ വീണുഴറുന്ന പ്രതീതിയല്ലോ!
ചുറ്റിനടന്നെത്തീ പിന്നെ
കൃഷ്ണനും ബലരാമനും
ചെറ്റുദൂരെയായിട്ടുള്ള
ഗുസ്തിഗോദായിൽ
ഗോദായുടെ വാതിൽക്കലായ്
നിന്ന കൂറ്റൻ മദയാന
മോദമോടെ ചിന്നം വിളിച്ചോടിയെത്തിടേ
നിസ്സാരമോടതിൻവാലിൽ
പിടിച്ചു ചുഴറ്റി കൃഷ്ണൻ
നാലുചുറ്റും വലിച്ചിഴച്ചതിനെക്കൊന്നു.
ഗുസ്തിമത്സരം തുടങ്ങേ
മത്സരത്തലവന്മാരാം
മുസ്തികനും കനുരനും
കൃഷ്ണനോടായി
ചൊല്ലുകയായ്, "കംസരാജൻ
കാത്തിരിപ്പൂ കാണുവാനായ്
ചേലെഴും നിങ്ങളുടെയാ
ഗുസ്തിവൈഭവം"
അറിഞ്ഞുകൊണ്ടല്ലോ കംസൻ
കൊടുത്തത് കൊലക്കായി
അവരെരണ്ടുപേരെയും
സ്വയരക്ഷയ്ക്കായ്.
കാണികൾക്ക് ഭയമായി
കുരുന്നു ബാലകരിവർ
കേൾവികേട്ട മല്ലന്മാരാൽ
. കൊല്ലപ്പെടില്ലേ!
"ചക്കിനുവച്ചതു കൊണ്ടു
കൊക്കി"നെന്നു പണ്ടേയുള്ള
ചൊല്ലുപോലാ ചതിക്കെണി
തിരിച്ചടിയായ്
കനുരനെ ബലരാമൻ
ഇടിച്ചുകൊന്നിടേ മുസ്തി-
കനെ കൃഷ്ണനും ചുഴറ്റി
എറിഞ്ഞു കൊന്നു
അതുകാണേ ഓടിവന്ന
മറ്റു മല്ലന്മാരെയൊക്കെ
അതേവിധം കൊന്നു കാല-
പുരിക്കയച്ചു.
ആധിപൂണ്ട കംസനുണ്ടോ
അടങ്ങിയിരിക്കാനാകും
ക്രോധമോടെയാജ്ഞാപിച്ചു
"ഓടിക്കിവരെ,
മഥുരയിൽ നിന്നെന്നിട്ട്
കൊള്ളയടിക്കിവരുടെ
മുതലൊക്കെ പിന്നെക്കൊല്ലൂ
പിതാവിനേയും"
കംസന്റെയാ കോപാക്രാന്ത
വചനങ്ങൾ ചൊടിപ്പിക്കേ
കൃഷ്ണൻ ചാടിക്കടന്നിട്ടാ
സുരക്ഷാമതിൽ
പിടിച്ചുതാഴെയിട്ടിട്ടു
വലിച്ചിഴച്ചു കംസനെ
ഇടിച്ചു മുഷ്ഠിചുരുട്ടി, മരിക്കുംവരെ
അരിശം തീരാതെ വീണ്ടും
കളരിയുടെ ചുറ്റിനും
കരിയെക്കൊന്നിട്ടു സിംഹം
ചെയ്തിടുംപോലെ,
കംസജഡo ഗോദായുടെ
ചുറ്റിനും വലിച്ചിഴച്ചു
കാണികൾക്കു കംസൻ ചത്തെ-
ന്നുറപ്പുവരാൻ
വിഷ്ണുവിന്നവതാരങ്ങൾ
പതിവായി ചെയ്യുംപോലെ
കൃഷ്ണൻകൊടുത്തു കംസനും
സാരൂപ്യമുക്തി.
തിന്മകൾക്കുമേലേയെന്നും
വിജയം കൈവരിച്ചീടും
നന്മയെന്നതല്ലോ വെറും
കേവലസത്യം!
.
.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ