. ഓർത്തെടുക്കട്ടെ ഞാൻ
*******
ബാല്യത്തിൻ നേത്രങ്ങൾ കൊണ്ടു ഞാൻ കണ്ടോരു
കാലീന ദൃശ്യങ്ങളെത്ര ചേതോഹരം!
കാലത്തെഴുന്നേറ്റു മുറ്റത്തിറങ്ങിയാൽ
കാണ്മതോ മഞ്ഞിൽകുളിക്കും പ്രകൃതിയെ.
.
ഉടനതാ കാണാം കിഴക്കേ മലകൾ- ക്കിടയിലൂടെത്തി നോക്കുന്നയർക്കനെ
അരുണന്റെ ബാല കിരണങ്ങൾ തട്ടി
ഉരുകുന്ന നേർത്ത മഞ്ഞിൻ പുടവയെ.,
പുൽത്തുമ്പിലൂറുന്ന നീർത്തുള്ളിക്കുള്ളിലായ്
പകലോന്റെ ബിംബം മിന്നി നിൽക്കുന്നതും,
പതിയെയാ നീർത്തുള്ളി ഭാരം സഹിക്കാതെ
പുൽത്തുമ്പിൽ നിന്നു ഞെട്ടറ്റു വീഴുന്നതും
കൊതി തോന്നവേയാ നീർത്തുള്ളി കയ്യിൽ ഞാൻ
കൊണ്ടിട്ടു കണ്ണിലേക്കിറ്റിറ്റു വീഴ്ത്തീട്ടു
കുളിരു കോരും തണുപ്പിന്റെ സുഖമെൻ
കണ്ണാസ്വദിക്കവേ കോരിത്തരിച്ചതും
പകലോനുയർന്ന് ലോകത്തെ വീക്ഷിക്കവേ
പതിയെ പ്രപഞ്ചം വെയിലാകും വെള്ള-
പ്പുടവയണിഞ്ഞു പ്രകാശിതമായി-
പ്പതിവ് പോൽ കർമ്മനിരതയാകുന്നതും
വായുവിൽ തിരമാല പോലെയുലയും
വയലും, കളകളം പാടിയൊഴുകും
അരുവിയും, പിന്നെ കലപില ചൊല്ലി
അകലേക്ക് പൊങ്ങിപ്പറക്കും കിളികളും
കാറ്റെന്ന കാണാത്ത കൂറ്റൻ പ്രതിഭാസം
കാട്ടിടും മായാ പ്രകടനമൊക്കെയും
പ്രസൂനങ്ങൾ കാറ്റിൽ സുഗന്ധം പരത്തി
പ്രകാശം ചൊരിഞ്ഞുല്ലസിച്ച് നിൽക്കുന്നതും
പൂമ്പാറ്റകൾ മലർ തോറും പറന്നിട്ടു
പൂക്കൾതൻ പ്രേമരഹസ്യങ്ങൾ കൈമാറി
പകരമായ് മധുവുണ്ട് തെന്നിപ്പറന്നിട്ട്
പുതിയ സൂനങ്ങളന്വേഷിച്ച് പോവതും
പാറിപ്പറക്കുന്ന വെൺമേഘരൂപങ്ങൾ
പാരം തിടുക്കത്തിൽ വേഷം മാറുന്നതും
ഇടി തമ്മിൽ കൂടീട്ട് കാർമേഘക്കൂട്ടങ്ങൾ
ഇടിമിന്നൽ പായിച്ച് വർഷം പൊഴിക്കതും
കുളിര് പരത്തും മഴച്ചാറ്റിൻ ധൂളിയിൽ
കതിരോൻ തന്റേഴു നിറങ്ങൾ നിറച്ചിട്ട്
കിരണമാകും പേനത്തുമ്പാൽ രചിക്കും
കിടയറ്റ മാരിവില്ലിന്റെയഴകും
സന്ധ്യയ്ക്കു പശ്ചിമ ചക്രവാളത്തിലായ്
സിന്ദൂരം ചാർത്തിയിളം പുഞ്ചിരിയോടെ
സവിതാവ് മെല്ലവേയാഴിയിൽ താഴ്‌വതും
സന്ധ്യപൊലിഞ്ഞിരുൾ വന്നുമൂടുന്നതും
രാവിൽ സുധാംശു തൻ പാലൊളിപ്പുഞ്ചിരി
ആവോളം തൂകി പ്രകാശിച്ചു നില്പതും
താരകൾ ചന്ദ്രനെ കൺചിമ്മിക്കാണിച്ചു
തങ്ങൾതൻ പ്രേമം തുറന്നുകാട്ടുന്നതും
ഓർമ്മിച്ചെടുക്കട്ടെയെൻ ബാല്യകാലത്തെ
ഓരോരോ കാഴ്ചയുമയവിറക്കാനായ്
ഒന്നുകൂടെന്നിട്ടെൻഹൃത്തിന്റെ കോണിലായ്
ഒതുക്കി വച്ചീടട്ടെ, വീണ്ടുമോർക്കാനായ്! ----------------------------------------------------------------
ഉപഗുപ്തൻ കെ. അയിലറ
!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ