2020 നവംബർ 18, ബുധനാഴ്‌ച

50. പൂവൻ കോഴി

 

50.       പൂവൻ കോഴി 
            (നർമ്മകവിത)
പുലരാനേഴര രാവുള്ളപ്പോൾ
പതിവ് തെറ്റാതെയലാറമടിച്ച്   
പൂവൻകോഴിയെന്ന സാത്ത്വികൻ ഞാൻ
പകലോനെ എന്നുമുണർത്തീടും

പണ്ടൊക്കെയെന്റെയലാറം കേട്ടാൽ
പാവം മനുഷ്യരുണർന്നിരുന്നു
പകരമവനിന്ന്  യന്ത്രവും വച്ച്
പല സമയത്താണുണരുന്നത്!

പകലോനെന്നാലുമുണരുന്നത്
പതിവുപോലെന്റെയലാറം കേട്ട്
പാവമല്ലിന്നു മനുഷ്യരൊന്നും
പോകട്ടവ,നവൻ പാടുനോക്കി!
   
പൂവും തലേൽ ചൂടി വൈകുംവരെ
പിടകളേയും തെളിയിച്ച് നടന്ന്   
പുഴുക്കളേമൊക്കെചികഞ്ഞ് കൊടുത്ത്  
പകരം ഞാൻ നെടുമവർ 'സ്നേഹം'

പകലൊക്കെ ഞങ്ങൾ സ്വതന്ത്രരാണ് 
പകലെരിഞ്ഞെന്നാലോ കൂട്ടിലാണ്    
പാരതന്ത്ര്യമാണ് രാത്രിയിലെന്നും
പോരെങ്കിലോ കുറ്റാക്കുറ്റിരുട്ടും   

പക്ഷേ ഇരുട്ടായ കാരണത്താൽ
പാരതന്ത്ര്യം ഞങ്ങളറിയുന്നില്ല
പിന്നെ കുറുക്കന്റെ കയ്യിലൊന്നും
പെട്ടുപോകാതെയിരിക്കാൻ പറ്റും

പോക്കാണെന്നാകിലുമെന്റെ കാര്യം
പതിവില്ലാതൊരാള് വീട്ടിൽവന്നാൽ 
പിരിക്കുമെൻ കഴുത്തയാൾക്കായിട്ട് 
പാവം പിടകളനാഥരാകും!!!

പരമാർത്ഥമോയെന്നറിയില്ല  
പലരും പറഞ്ഞറിയുന്നുണ്ടു ഞാനും പലരുമെന്നേയനുകരിച്ചിട്ട്
പേരെന്റേതന്വർത്ഥമാക്കുന്നുപോൽ!!!
പോരേയെനിക്കഭിമാനം തോന്നാൻ!!!
 
  
 
   
    

  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ