2020 നവംബർ 19, വ്യാഴാഴ്‌ച

സംസ്കൃത പാഠങ്ങൾ (3)

സംസ്കൃത പാഠങ്ങൾ  (3)


🌹 സംസ്കൃതഭാഷാപരിചയം - 27 🌹
                                                 രാജേന്ദ്രൻ .ഡി
       🥀 കൃദന്തങ്ങൾ ( തുടർച്ച ) 🥀
വർത്തമാനകാല,ഭൂതകാലക്രിയാസൂചകങ്ങളായ കൃദന്തങ്ങൾക്കുശേഷം പ്രകാരസൂചകങ്ങളായ രണ്ടുകൃദന്തങ്ങൾ പരിശോധിക്കാം. ക്രിയാപ്രകരണത്തിൽ പത്തുതരം "ലകാരങ്ങൾ" പ്രാരംഭപാഠങ്ങളിൽ ( പാഠം -6) നാം കണ്ടു! കാലം(Tens ), പ്രകാരം (Mood) എന്നിവയിൽ 'ലോട്' (നിർദ്ദേശം/ആജ്ഞ/പ്രാർത്ഥന) എന്നതും 'ലിങ്'(വിധി അഥവാ കർശനനിർദ്ദേശം- Potential Mood)
(ആശിസ്സ് അഥവാ അനുഗ്രഹവാചി - Benedictive) എന്നതും  രണ്ടുതരം പ്രകാരങ്ങളാണ്. ഇതിൽ വിധിലിങ് എന്നത് ഇംഗ്ലീഷിൽ must എന്ന പ്രയോഗത്തിനു തുല്യമാണ്. "പഠ് " എന്ന ധാതുവിന്റെ  വിധിലിങ് രൂപങ്ങൾ താഴെക്കൊടുക്കുന്നു. 
പ്ര.പു-  പഠേത്     -   പഠേതാം     - പഠേയുഃ
മ.പു  -  പഠേഃ      -    പഠേതം       - പഠേത
ഉ.പു -   പഠേയം  -    പഠേവ         - പഠേമ
ഉദാ:- ബാലകഃ പാഠം പഠേത് ( ബാലകൻ പാഠത്തെ  പഠിക്കണം)- ഇത് കർത്തരിപ്രയോഗമാണ്. അതിനാൽ ക്രിയ കർത്താവിന്റെ വചന,പുരുഷത്വത്തിന് അനുസൃതമാവണം. കർത്താവ് പ്രഥമാവിഭക്തിയിലും കർമ്മം ദ്വിതീയാവിഭക്തിയിലും ആയിരിക്കും.(ഇവിടെ കർത്താവ് -"ബാലകഃ'' ; കർമ്മം - "പാഠം ").
 ഈ വിധിലിങ്ലകാരത്തിന്റെ കർമ്മണിരൂപത്തിനു സമാനമായ കൃദന്തമാണ് "തവ്യത് / അനീയര് " എന്നീ പ്രത്യയാന്തങ്ങൾ രണ്ടും. സർവ്വസാധാരണമായി മലയാളത്തിലും ഇവയുടെ നപുംസകരൂപങ്ങൾ പ്രയോഗിക്കപ്പെടുന്നു. കർമ്മണിപ്രയോഗമായതിനാൽ കർമ്മത്തിന്റെ ലിംഗവചനങ്ങളനുസരിച്ചാവണം "തവ്യത്/അനീയര് " കൃദന്തങ്ങൾ. കർമ്മം പ്രഥമാവിഭക്തിയിലും കർത്താവ് തൃതീയാവിഭക്തിയിലും ആവണം. "തവ്യത് / അനീയര് " പ്രത്യയാന്തകൃദന്തങ്ങൾ തമ്മിൽ അർത്ഥവ്യത്യാസങ്ങളൊന്നുമില്ലാത്തതിനാൽ ഇച്ഛാനുസാരം പ്രയോഗിക്കാം. ഉദാഹരണങ്ങൾ:- 
1. ബാലകേന പാഠഃ പഠനീയഃ / ബാലകേന പാഠഃ പഠിതവ്യഃ = ബാലകനാൽ പാഠം പഠിക്കപ്പെടണം. ( പഠനീയഃ/പഠിതവ്യഃ= പഠിക്കപ്പെടേണ്ടവൻ -' പാഠഃ ' എന്നത് പുല്ലിംഗമായതിനാൽ)
2. ബാലകേന ഗീതാ പഠനീയാ / ബാലകേന ഗീതാ പഠിതവ്യാ = ബാലകനാൽ ഗീത പഠിക്കപ്പെടണം. ( പഠനീയാ / പഠിതവ്യാ = പഠിക്കപ്പെടേണ്ടവൾ. - 'ഗീതാ' എന്ന കർമ്മപദം സ്ത്രീലിംഗമായതിനാൽ)
3. ബാലകേന പുസ്തകം പഠിതവ്യം / ബാലകേന പുസ്തകം പഠനീയം = ബാലകനാൽ പുസ്തകം പഠിക്കപ്പെടണം. ( പഠനീയം / പഠിതവ്യം = പഠിക്കപ്പെടേണ്ടത്. "പുസ്തകം" നപുംസകലിംഗമായതിനാൽ)
ഇവിടെ "തവ്യത്" പ്രത്യയാന്തങ്ങൾ പും/സ്ത്രീ/നപും.ലിംഗങ്ങളിൽ യഥാക്രമം 
" പഠിതവ്യഃ / പഠിതവ്യാ / പഠിതവ്യം " എന്നാണ് രൂപം വന്നത്. അതായത് പഠ് ധാതുവിനോട് " "തവ്യഃ/തവ്യാ/തവ്യം" എന്ന ശബ്ദങ്ങൾ ചേർന്നു. "അനീയര് " പ്രത്യയത്തിനാണെങ്കിൽ ഇത് " അനീയഃ /അനീയാ / അനീയം " എന്നും ശബ്ദരൂപങ്ങൾ സിദ്ധിച്ചു. ഇവ അകാരാന്ത "രാമഃ ", ആകാരാന്ത " സീതാ", അകാരാന്ത "വനം" എന്നീ നാമശബ്ദങ്ങൾ പോലെയാണ് രൂപങ്ങൾ. ഇനി മറ്റുവചനങ്ങളിലുമുള്ള ഉദാഹരണങ്ങൾ നോക്കാം. 
1. ബാലകേന പരീക്ഷാ ലിഖിതവ്യാ = ബാലകനാൽ പരീക്ഷ എഴുതപ്പെടണം. (ലിഖിതവ്യാ = എഴുതപ്പെടേണ്ടവൾ - സ്ത്രീലിംഗം- ഏകവചനം - തവ്യത് - ഇവിടെ കർമ്മപദമായ 'പരീക്ഷാ '- ആകാരാന്ത സ്ത്രീ.ലിംഗ , ഏകവചനം )
1. ബാലകേന പരീക്ഷാ ലേഖനീയാ ( ലേഖനീയാ - അനീയര് , സ്ത്രീ ലിംഗ ഏകവചനം.)
2. ബാലികയാ പരീക്ഷേ ലിഖിതവ്യേ = ബാലികയാൽ 2പരീക്ഷകൾ എഴുതപ്പെടണം ( ലിഖിതവ്യേ - ആകാരാന്ത സ്ത്രീലിംഗ തവ്യത് 'ലിഖിതവ്യാ' യുടെ ദ്വിവചനം )- കാരണം, കർമ്മം-  'പരീക്ഷേ' , ആകാരാന്ത സ്ത്രീലിംഗ ദ്വിവചനം.
2. ബാലികയാ പരീക്ഷേ ലേഖനീയേ ( ലേഖനീയേ - ആകാരാന്ത സ്ത്രീലിംഗ അനീയര് 'ലേഖനീയാ' യുടെ ദ്വിവചനരൂപം.)
3. പരീക്ഷാഃ ലിഖിതവ്യാഃ - (സ്ത്രീലിംഗ ബഹുവചനം തവ്യത് )
3. പരീക്ഷാഃ ലേഖനീയാഃ ( സ്ത്രീലിംഗ ബഹുവചന അനീയര് )
4. കാര്യം കർതവ്യം = കാര്യം ചെയ്യപ്പെടണം 
( കർതവ്യം = ചെയ്യപ്പെടേണ്ടത് - നപുംസകലിംഗ ഏകവചന തവ്യത് )
4. കാര്യം കരണീയം ( അനീയര് )
5. ക്ഷീരം പാതവ്യം ( പാതവ്യം = കുടിക്കപ്പെടേണ്ടത് - നപുംസക തവ്യത്
5. ക്ഷീരം പാനീയം ( അനീയര്)
6. ഭവിഷ്യത്കാര്യാണി ചിന്തിതവ്യാനി.( നപും ബഹുവചനം തവ്യത്)
6. കാര്യാണി ചിന്തനീയാനി ( അനീയര് )
ചില സാധാരണ ധാതുക്കളുടെ മൂന്നുലിംഗങ്ങളിലുമുള്ള തവ്യത്/ അനീയര് കൃദന്തരൂപങ്ങൾ കാണാം. വലയങ്ങളിൽ അനീയര് പ്രത്യയാന്തം കൊടുത്തിരിക്കുന്നു.
1.ഗമ്        -       ഗന്തവ്യഃ / ഗന്തവ്യാ / ഗന്തവ്യം = പോകപ്പെടേണ്ടത്
(ഗമനിയഃ / ഗമനീയാ / ഗമനീയം )
2. വച്     -      വക്തവ്യഃ / വക്തവ്യാ /  വക്തവ്യം
=  പറയപ്പെടേണ്ടത്
(  വചനീയഃ / വചനീയാ / വചനീയം )
3. ദൃശ്     -    ദൃഷ്ടവ്യഃ  / ദൃഷ്ടവ്യാ  / ദൃഷ്ടവ്യം
= കാണപ്പെടേണ്ടത്
(  ദർശനീയഃ / ദർശനീയാ  / ദർശനീയം )
4. സൂച്    -  സൂചിതവ്യം=സൂചിപ്പിക്കപ്പെടേണ്ടത്
 ( സൂചനീയം .......)
5. ആചര്  - ആചരിതവ്യം = ആചരിയ്ക്കപ്പെടേണ്ടത് ( ആചരണീയം )
6. ദാ - ദാതവ്യം = നല്കപ്പെടേണ്ടത് ( ദാനീയം )
7. പ്രാപ്  - പ്രാപ്തവ്യം = പ്രാപിക്കപ്പെടേണ്ടത്
    ( പ്രാപണീയം )
***********************************************
നപുംസകലിംഗരൂപത്തിൽ അനീയര് രൂപം സർവ്വസാധാരണമായി മലയാളത്തിൽ ഉപയോഗിക്കുന്നു. കരണീയം,ഗണനീയം, പാനീയം,ആചരണീയം,ചിന്തനീയം,പഠനീയം മുതലായവ.
***********************************************
ഇവിടെ തവ്യത് രൂപത്തിന്റെ മറ്റൊരു ചുരുങ്ങിയ രൂപമായ "യത് " പ്രത്യയാന്ത കൃദന്തവും സാധാരണമായി ഉപയോഗിക്കപ്പെടുന്നു. അർത്ഥവും സൂക്ഷ്മതലത്തിൽ 'തവ്യത് / അനീയര് ' കൃദന്തത്തിന്റേതുതന്നെ.
'യത് '  എന്നതിൽ " യ " ശബ്ദം മാത്രമേ പ്രത്യക്ഷത്തിലുണ്ടാവുകയുള്ളു. താഴെ ധാതു - തവ്യത് - യത് എന്നക്രമത്തിൽ ഉദാഹരണങ്ങൾ.
        കൃ -        കർതവ്യം -          കാര്യം
       ഗമ് -        ഗന്തവ്യം   -          ഗമ്യം
        ദാ. -        ദാതവ്യം.  -          ദേയം
        പാ  -        പാതവ്യം  -          പേയം
        ക്ഷമ്  -    ക്ഷന്തവ്യം  -        ക്ഷമ്യം
        ഗാ     -      ഗാതവ്യം   -        ഗേയം
        ശക്   -      ശക്തവ്യം  -       ശക്യം
        ഹന്   -      ഹന്തവ്യം    -      ഹേയം
        ഭൂ       -      ഭവിതവ്യം   -      ഭാവ്യം
***********************************************
🌹അനുബന്ധം  :-  "ലിങ് " ലകാരത്തിന് വിധി /ആശിസ് എന്നീ 'പ്രകാരങ്ങളാ'യല്ലാതെ അനിശ്ചിതാർത്ഥ ഭാവികാലരൂപമായും പ്രയോഗമുണ്ട്. ഇതിന് "സംഭാവനാർഥേ ലിങ്ലകാരഃ" ( സംഭവിക്കാവുന്നത് എന്ന അർത്ഥത്തിൽ ഉള്ള 'ലിങ്' ലകാരം) എന്നുപറയാം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
അദ്യ സായം വൃഷ്ടിഃ ഭവേത് = ഇന്നു വൈകിട്ട് മഴ പെയ്തേക്കാം. 
ഇവിടെ 'ഭവേത്' (ഭവിച്ചേക്കാം) എന്നത് "ഭൂ " ധാതുവിന്റെ ലിങ്ലകാരരൂപമാണ്. 
ഛാത്രാഃ പ്രായഃ സംസ്കൃതം പഠേയുഃ
( വിദ്യാർത്ഥികൾ മിക്കവാറും സംസ്കൃതം പഠിച്ചേക്കാം.)
വയം സംസ്കൃതം ലിഖേമ ( നമ്മൾ സംസ്കൃതം എഴുതിയേക്കാം)
അംബാ ഫലാനി ആനയേത് ( അമ്മ പഴങ്ങൾ കൊണ്ടുവന്നേക്കാം)
***********************************************
'അസ് ' ധാതുവിന്റെ (ഉണ്ട് / ആകുന്നു) പ്രധാന ലകാരരൂപങ്ങൾ :-
1. ലട് ( വർത്തമാനകാലം) :- "ഉണ്ട് / ആകുന്നു "
പ്ര.പു -       അസ്തി  -  സ്തഃ     -  സന്തി
മ.പു   -       അസി      -  സ്ഥഃ      -  സ്ഥ
ഉ.പു   -       അസ്മി    -  സ്വഃ       -  സ്മഃ

2. ലങ് ( അനദ്യതന ഭൂതകാലം) :- "ആയിരുന്നു"
പ്ര.പു  -    ആസീത്    -  ആസ്താം  - ആസൻ
മ.പു   -     ആസീഃ      -  ആസ്തം    - ആസ്ത
ഉ.പു    -    ആസം      -   ആസ്വ         - ആസ്മ

3. ലോട് ( ആജ്ഞ / പ്രാർത്ഥന ) :- " ആകട്ടെ "
പ്ര.പു  -     അസ്തു   -     സ്താം         -  സന്തു
മ.പു    - ഏധി/സ്താത് -  സ്തം           -  സ്ത
ഉ.പു    -    അസാനി      -   അസാവ     -  അസാമ

4.  ലിങ് ( വിധി / ആശിസ് / സംഭാവന) :- "ആകണം" / " ആകാം "
പ്ര.പു    -   സ്യാത്        -  സ്യാതാം        -   സ്യുഃ
മ.പു     -    സ്യാഃ          -  സ്യാതം          -   സ്യാത
ഉ.പു     -    സ്യാം          -  സ്യാവ            -   സ്യാമ
***********************************************
🌹 " അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ "
= അസ്തി ഉത്തരസ്യാം.......   എന്ന കാളിദാസന്റെ വരിയിലെ "അസ്തി ";
" തത്ത്വമസി " = തത് ത്വം അസി    എന്ന വേദാന്തമഹാവാക്യത്തിലെ "അസി " ;
"അഹം ബ്രഹ്മാസ്മി " = അഹം ബ്രഹ്മ അസ്മി  
എന്ന വേദാന്തമഹാവാക്യത്തിലെ "അസ്മി" ;
"....സർവേ സന്തു നിരാമയാഃ" എന്ന മംഗളവാക്യത്തിലെ 'സന്തു' 
എന്നീ "അസ് " ധാതു ഉദാഹരണങ്ങൾ ശ്രദ്ധിക്കുക!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 28 🌹
                                                      രാജേന്ദ്രൻ .ഡി
  🥀 കൃദന്തങ്ങൾ ( തുടർച്ച ) 🥀
ഇത്തവണ ക്രിയാവിശേഷണങ്ങളായി ഉപയോഗിക്കുന്ന മൂന്നുകൃദന്തരൂപങ്ങൾ പരിചയപ്പെടാം. പ്രധാനപ്പെട്ട ഒരു സവിശേഷതയുള്ളത് ഇവ അവ്യയങ്ങളാണ് എന്നതാണ്. അതായത് കൃദന്തങ്ങൾക്ക് പൊതുവിൽക്കാണുന്ന ലിംഗവചനവിഭക്ത്യാദികളോ ക്രിയാപദങ്ങൾക്കുള്ള കാല,പ്രകാരവ്യത്യാസങ്ങളോ ഒന്നുമില്ലാത്ത മാറ്റങ്ങളില്ലാത്ത ശബ്ദരൂപങ്ങൾ! അതിനാൽ പ്രയോഗം എളുപ്പമാണ്. ക്രിയാധാതുക്കളോട് ചേർത്താണ് ഇവയും ഉപയോഗിക്കുന്നത്. ഇവയിൽ "ക്ത്വാന്തം ", "ല്യബന്തം " എന്നീ കൃദന്തങ്ങൾ ഒരേ അർത്ഥമുള്ളവയാണ്. ല്യബന്തം ഉപസർഗ്ഗക്രിയയോടുമാത്രമേ ചേരുകയുള്ളു എന്നതാണ് വ്യത്യാസം. ഉദാഹരണം കാണാം. 
ബാലകഃ പഠിത്വാ  നിദ്രാം കരോതി = ബാലകൻ പഠിച്ചിട്ട് ഉറങ്ങുന്നു. ഇവിടെ "പഠിത്വാ "= 'പഠിച്ചിട്ട്' എന്നത് ക്ത്വാന്തം ആണ്.
 ക്രിയാധാതുവിനവസാനം "ത്വാ/വാ " എന്ന ശബ്ദമാണ് 'ക്ത്വാ' പ്രത്യയം ചേരുമ്പോൾ ലഭിക്കുക. 'ബാലികാ പഠിത്വാ' , 'ബാലകാഃ പഠിത്വാ ' ,  'മിത്രം പഠിത്വാ' , ' ഛാത്രാഃ പഠിത്വാ പരീക്ഷാം ലിഖിതവന്തഃ '(വിദ്യാർത്ഥികൾ പഠിച്ചിട്ട് പരീക്ഷയെ എഴുതി) , ഭക്തഃ ദേവം ദൃഷ്ട്വാ പുഷ്പാണി അർച്ചിതവാൻ '( ഭക്തൻ ദേവനെ കണ്ടിട്ട് പുഷ്പങ്ങളെ അർച്ചിച്ചു)(ദൃഷ്ട്വാ = കണ്ടിട്ട്) എന്നിങ്ങനെ ക്ത്വാന്തം മാറ്റമില്ലാതെ ഉപയോഗിക്കപ്പെടുന്നു. ചില പ്രധാന ധാതുക്കളുടെ ക്ത്വാന്തരൂപങ്ങൾ പാഠാവസാനം കാണാം. 
***********************************************
അടുത്തത് "ല്യബന്തം"(ല്യപ് അന്തം) നോക്കാം. ഉപസർഗ്ഗക്രിയാധാതുക്കളുടെ അവസാനമാണ് "ല്യപ് " ചേരുന്നത്. അവസാനം "യ " എന്നശബ്ദമാണുവരുന്നത്. 'ഗച്ഛതി' (പോകുന്നു ) എന്ന ക്രിയയുടെ 'ക്ത്വാന്തരൂപം ' "ഗത്വാ "(പോയിട്ട്) എന്നാണ്. 'ഗച്ഛതി ' യുടെ ഉപസർഗക്രിയയാണ് "ആഗച്ഛതി " ( വരുന്നു ) എന്നത്. ( 'ആ ' എന്ന ഉപസർഗ്ഗം ആദ്യം ചേർന്നു)  ഇതിന്റെ ല്യബന്തരൂപം  "ആഗത്യ " ( വന്നിട്ട് ) എന്നാണ്. ചില ഉദാഹരണങ്ങൾ കാണാം. തസ്കരാഃ ധനം അപഹരന്തി. അനന്തരം പലായന്തേ. ( കള്ളന്മാർ ധനം അപഹരിക്കുന്നു. പിന്നീട് കടന്നുകളയുന്നു. ) ഈ വാചകങ്ങൾ ചേർത്തുപറഞ്ഞാൽ
 " തസ്കരാഃ ധനം 'അപഹൃത്യ 'പലായന്തേ"
(കള്ളന്മാർ ധനം അപഹരിച്ചിട്ട് കടന്നുകളയുന്നു ) . ഇവിടെ 'അപഹൃത്യ '= 'അപഹരിച്ചിട്ട് 'എന്ന് ല്യബന്തം പ്രയോഗിച്ചു. 'കരോതി' എന്ന ക്രിയയുടെ ക്ത്വാന്തരൂപമാണ് 
"കൃത്വാ"= ചെയ്തിട്ട്  എന്നത്. ഇതിന്റെ ചില ല്യബന്തരൂപങ്ങൾ :-
നമസ്കൃത്യ = നമസ്ക്കരിച്ചിട്ട്
അലങ്കൃത്യ = അലങ്കരിച്ചിട്ട് 
ഉഷ്ണീകൃത്യ = ചൂടാക്കിയിട്ട്
അപകൃത്യ = തെറ്റായി ചെയ്തിട്ട്
അനുകൃത്യ = അനുകരിച്ചിട്ട്
വികൃത്യ = മാറ്റംവരുത്തിയിട്ട് ( ഇതെല്ലാം 'കരോതി' യുടെ ഉപസർഗ ധാതുക്കളുടെ ല്യബന്തങ്ങളാണ്.)
***********************************************
മൂന്നാമതായി, 
"തുമുന്നന്തം " എന്ന അവ്യയ കൃദന്തം, ഒരു ക്രിയയുടെ ഉദ്ദേശം സൂചിപ്പിക്കുന്നതോ, ആ ക്രിയയ്ക്ക് ശേഷം ഭാവിയിൽ നടക്കുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നതോ ആകാം. "തുമുൻ " പ്രത്യയം ഉപയോഗിക്കുമ്പോൾ ധാതുവിനോട് " തും " എന്ന ശബ്ദമാണ് പ്രത്യക്ഷമാകുന്നത്. ഇതും അവ്യയം തന്നെ.
ബാലഃ "പഠിതും" വിദ്യാലയം ഗച്ഛതി = ബാലൻ പഠിക്കുവാൻ വിദ്യാലയത്തിലേയ്ക്ക് പോകുന്നു.
"പഠിതും"= പഠിക്കുവാൻ. ( പോകുന്നു എന്ന ക്രിയയുടെ ഉദ്ദേശം)
വയം സംസ്കൃതം 'ലേഖിതും' പരിശ്രമം കുർമഃ
( നമ്മൾ സംസ്കൃതം എഴുതുവാൻ പരിശ്രമം ചെയ്യുന്നു)
ഉത്തമജനാഃ ലോകസേവാം 'കർതും' സ്വാർഥം ത്യജന്തി = സജ്ജനങ്ങൾ ലോകസേവനം ചെയ്യുവാൻ സ്വാർത്ഥം വെടിയുന്നു.
പാഠാവസാനമുള്ള പട്ടികയിലെ അവസാനരണ്ടുകോളങ്ങൾ ക്ത്വാന്തവും തുമുന്നന്തവുമാണ്. അതിനു താഴെയുള്ള പട്ടികയിൽ ല്യബന്തങ്ങളും! ഭാഷാപ്രയോഗത്തിൽ പ്രധാനപങ്കുവഹിക്കുന്നവയാണ് അവ്യയങ്ങളായ മേൽകൃദന്തങ്ങൾ മൂന്നും!
***********************************************
🌹അനുബന്ധം :- " ഹൃത്വാ നിശ്ശേഷതാപാൻ...."
( ദുഃഖങ്ങളെ നിശ്ശേഷം ഇല്ലാതാക്കിയിട്ട് )
"അജ്ഞാത്വാ തേ മഹത്ത്വം...."
( നിന്റെ മഹത്ത്വം അറിയാതെ....)
" ആരുഹ്യ കവിതാശാഖാം...."
( കവിതാമരക്കൊമ്പിൽ കയറിയിട്ട്...)
" പ്രണമ്യ ശിരസാദേവം......"
(ശിരസിനാൽ ദേവനെ പ്രണമിച്ചിട്ട്...)
ഇതുപോലെ കിട്ടുന്ന ശ്ലോകങ്ങളിലെ ക്ത്വാന്തവും ല്യബന്തവും കണ്ടെത്താൻ ശ്രമിക്കുക.
***********************************************


🌹 സംസ്കൃതഭാഷാപരിചയം - 29 🌹
                                                രാജേന്ദ്രൻ. ഡി
   🥀കൃദന്തങ്ങൾ ( തുടർച്ച)
പാണിനീയപ്രത്യയവിഭാഗങ്ങളിൽ സുപ്,തിങ്,എന്നിവ നാമങ്ങളും ക്രിയകളും ആയിരുന്നല്ലോ. മൂന്നാമത്തെ വിഭാഗമായ കൃത് പ്രത്യയാന്തങ്ങളായ കൃദന്തങ്ങളാണ് നാം പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ക്രിയാധാതുക്കളോടു ചേർന്ന് നാമപദങ്ങളുടെ പ്രകൃതിഭാഗമായ (ആദ്യപകുതി) പ്രാതിപദികം നിർമ്മിക്കുകയാണ് ഒട്ടുമിക്ക കൃത്പ്രത്യയങ്ങളും ചെയ്യുന്നത്. ( ക്ത്വാന്തം,ല്യബന്തം,തുമുന്നന്തം മുതലായ ചില അവ്യയകൃദന്തങ്ങളൊഴിച്ചാൽ). മുൻപ് സൂചിപ്പിച്ചതുപോലേ ആകെ 140 നടുത്ത് കൃത് പ്രത്യയങ്ങളുള്ളതിൽ ഇരുപതിനടുത്ത് കൃദന്തങ്ങളാണ് പ്രധാനമായും ഭാഷയിൽ പദനിർമ്മാണത്തിനധികമായുപകരിക്കുന്നത്. കാരണം ഈ കൃദന്തങ്ങൾ  ഏതാണ്ട് മുഴുവൻധാതുക്കളോടും ചേരാൻ കഴിവുള്ളവയാണ്. അതായത് 2000ൽ പരം ധാതുരൂപങ്ങളോടും ചേർന്ന് ഇവ അനേകം പുതിയപദങ്ങൾക്ക് കാരണമാവുന്നു. അതായത് 2000×20=40000. ഇവയോരോന്നിനും ലിംഗവചനവിഭക്തിവ്യത്യാസങ്ങൾ കല്പിച്ചാൽ 40000×7×3×3= 25,20,000 ( ഏകദേശം).  പൊതുവിൽ കൃദന്തങ്ങൾ കാരകകൃത്തുക്കളെന്നും കൃതികൃത്തുക്കളെന്നും രണ്ടായിത്തിരിക്കാം. കാരകകൃത്തുക്കൾ, പ്രവൃത്തി ചെയ്യുന്നയാൾ (കർത്താവ്) എന്നും കൃതികൃത്തുക്കൾ പ്രവൃത്തി (ക്രിയ) എന്നും മനസ്സിലാക്കാം. ഇതുവരെ നമ്മൾ കണ്ടതിൽ 'ക്തവതു ' പ്രത്യയാന്ത കൃദന്തം ( ഉദാ:- ഗതവാൻ =പോയവൻ) 'കർതൃ' അഥവാ കാരകകൃദന്തമാണ്. കർമ്മമോ ക്രിയാവിശേഷണങ്ങളോ ആയി വരുന്നതാണ് ബാക്കി നമ്മൾ കണ്ടതെല്ലാം.   ഇവ കൃതികൃത്തുക്കളായിരുന്നു. അടുത്തതായി "ക്തിൻ " പ്രത്യയാന്തകൃദന്തം നോക്കാം. ഇതും ഒരു കൃതികൃത് പ്രത്യയമാണ്. അതായത് പ്രവൃത്തിയുടെ പേര് ( ക്രിയാനാമം). എല്ലാധാതുക്കളോടും ചേർന്ന് ആ പ്രവൃത്തിയുടെ പേര് സൂചിപ്പിക്കുന്നു. അർത്ഥത്തിൽ ല്യുടന്തത്തിനു സമാനം. ഉദാഹരണം - "കൃ " ധാതുവിന്റെ ( ചെയ്യുക - കരോതി) ല്യുട് കൃദന്തം "കരണം"(ചെയ്യൽ) എന്നായിരുന്നു. ഇതിന്റെ "ക്തിൻ " പ്രത്യയാന്തം "കൃതിഃ" എന്നാണ്. "ക്തിൻ" പ്രത്യയം ചേരുമ്പോൾ "തി " എന്ന ശബ്ദമാണ് ക്രിയാധാതുവിനോട് കൂടിച്ചേരുന്നത്. 
'കൃ + തി' = കൃതിഃ. ( ഇതിന്റെ വിഭിന്ന വിഭക്തിവചനങ്ങളും.) ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. "ക്തിൻ" പ്രത്യയാന്തങ്ങളെല്ലാം തന്നെ സ്ത്രീലിംഗപദങ്ങളാണ്. അതായത് 'പതിഃ ' എന്നപോലെ അപൂർവ്വം പദങ്ങളൊഴിച്ചാൽ "തിഃ " എന്നവസാനിക്കുന്ന പദങ്ങൾ എല്ലാംതന്നെ സ്ത്രീലിംഗങ്ങളാണ്. ചില ഉദാഹരണങ്ങൾ .
ധാതു        ക്തിൻരൂപം        അർത്ഥം            ല്യുട്
ഗമ്            ഗതിഃ                   പോക്ക്         ഗമനം
മന്            മതിഃ                    ബുദ്ധി          മനനം
സ്ഥാ         സ്ഥിതിഃ               നില്പ്              സ്ഥാനം
നീ              നീതിഃ                  നയിക്കൽ    നയനം
ഹു             ഹുതിഃ                 ഹോമം         ഹവനം
ധൃ              ധൃതിഃ                  ധരിക്കൽ     ധാരണം
ഭൂ               ഭൂതിഃ                   ഭവിക്കൽ     ഭവനം
ഭീ                ഭീതിഃ                   ഭയം              ഭീഷണം
ഗാ              ഗീതിഃ                  പാട്ട്               ഗാനം
ലുപ്           ലുപ്തിഃ             കുറവ്          ലോപനം
സ്വപ്           സുപ്തിഃ           ഉറക്കം         സ്വപനം
പ്രവൃത്        പ്രവൃത്തിഃ        ജോലി       പ്രവർതനം
മുച്             മുക്തിഃ             മോചനം    മോചനം
ഭജ്               ഭക്തിഃ              ഭക്തി          ഭജനം
വച്              ഉക്തിഃ              പറച്ചിൽ    വചനം
വൃധ്             വൃദ്ധിഃ               വളർച്ച      വർധനം
സിധ്            സിദ്ധിഃ              കിട്ടുന്നത്  സാധനം
ദൃശ്              ദൃഷ്ടിഃ              കാഴ്ച      ദർശനം
തുഷ്            തുഷ്ടി        സന്തോഷം   തോഷണം
പുഷ്            പുഷ്ടിഃ         നന്നാകൽ  പോഷണം   
ശമ്              ശാന്തിഃ          നാശം          ശമനം
ജന്              ജാതിഃ        ഉണ്ടാവൽ     ജനനം
ഭാഷയിൽ പദങ്ങളുടെ ആവിർഭാവം മനസ്സിലാക്കുവാൻ കൃദന്തങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി. 
**********************************************
അടുത്തതായി സമാനാർത്ഥമുള്ള രണ്ട് കാരകകൃദന്തങ്ങൾ നോക്കാം. പ്രവൃത്തി ചെയ്യുന്നയാൾ എന്ന സൂചനയാണ് ഈ കർതൃകൃദന്തങ്ങൾ നല്കുക. 
"തൃച് " പ്രത്യയാന്തകൃദന്തങ്ങൾ ധാതുവിനോട് ചേരുമ്പോൾ "തൃ "ശബ്ദം മാത്രം ചേരുകയും സന്ധിനിയമമനുസരിച്ച് "ർതാ /താ " എന്ന് പുല്ലിംഗത്തിലും " ർത്രി / ത്രി " എന്ന് സ്ത്രീലിംഗത്തിലും " ർത്രം / ത്രം " എന്ന് നപുംസകലിംഗത്തിലും (ഏകവചനരൂപം) പ്രാപിക്കുകയും ചെയ്യും. ഉദാഹരണം 'നീ ' ധാതു ( നയതി = നയിക്കുക) വിന്റെ 'തൃജന്തം ', " നേതാ / നേത്രീ / നേത്രം " എന്നാണ്. ഇതിന്റെ 'അഭി' ഉപസർഗം ചേർന്നതാണ് "അഭിനേതാ / അഭിനേത്രീ /അഭിനേത്രം " എന്നീ പദങ്ങൾ. 
സമാനാർത്ഥമുള്ള "ണ്വുൽ " പ്രത്യയാന്തകൃദന്തം നോക്കാം. ധാതുവിനോട്
 ' ണ്വുൽ' ചേരുമ്പോൾ " അക " എന്ന് പുല്ലിംഗങ്ങളിലും "ഇകാ" എന്ന് സ്ത്രീലിംഗങ്ങളിലും "അകം" എന്ന് നപുംസകലിംഗങ്ങളിലും രൂപം വരുന്നു. കർതൃപ്രയോഗമായതിനാൽ നപുംസകലിംഗരൂപങ്ങൾ താരതമ്യേന പ്രയോഗലുപ്തങ്ങളാണ്. ഉദാഹരണം 'ദൃശ് ' ധാതുവിന്റെ 'ണ്വുൽ' രൂപങ്ങൾ " ദർശകഃ / ദർശികാ / ദർശകം " എന്നിങ്ങനെയാണ്. തൃച്, ണ്വുൽ കൃദന്തങ്ങളുടെ ചെറിയൊരു പട്ടിക:-
ധാതു         തൃച്          ണ്വുൽ           അർത്ഥം
കൃ              കർതാ       കാരകഃ       ചെയ്യുന്നവൻ
ദാ               ദാതാ         ദായകഃ        നല്കുന്നവൻ
നീ               നേതാ        നായകഃ   നയിക്കുന്നവൻ
ഭൂ                ഭവിതാ       ഭാവകഃ       ആകുന്നവൻ
ധൃ               ധർതാ        ധാരകഃ     ധരിക്കുന്നവൻ
വച്             വക്താ       വാചകഃ     പറയുന്നവൻ
ഭുജ്          ഭോക്താ     ഭോജകഃ   ഭുജിക്കുന്നവൻ
ബുധ്        ബോദ്ധാ    ബോധകഃ        ബോധകൻ
അവസാനമായി മറ്റൊരു കർതൃകൃദന്തം കൂടി പരിശോധിച്ച് കൃദന്തസംബന്ധിയായ ഈ പ്രാഥമിക പഠനം തല്ക്കാലം അവസാനിപ്പിക്കാം.
"ണിനി " എന്ന പ്രത്യയം ധാതുവിനോട് ചേർക്കുമ്പോൾ " ഇൻ" ശബ്ദമാവുന്നു. ഉദാ:- "ഗ്രഹ് " ധാതു ( സ്വീകരിക്കുക). ഗ്രഹ് + ഇൻ = ഗ്രാഹിൻ എന്ന് നകാരാന്ത ( വ്യഞ്ജനാന്ത) പുല്ലിംഗരൂപം. പ്രഥമാവിഭക്തി ഏകവചനരൂപം "ഗ്രാഹീ " എന്നാകും. സ്ത്രീലിംഗരൂപമാവട്ടെ "ഗ്രാഹിണീ " എന്നുമാവും."ണിൻ " പ്രത്യയാന്തകൃദന്തം, പ്രവൃത്തിഗുണം കർത്താവിലാരോപിക്കുന്നതാണ്. 
ഭോജീ,ഉത്സാഹീ,അപരാധീ,ഉപരോധീ,സ്ഥായീ,സുഖീ മുതലായവ ഉദാഹരണങ്ങൾ. ഭോജിനീ,ഉത്സാഹിനീ,അപരാധിനീ തുടങ്ങിയവ സ്ത്രീലിംഗരൂപങ്ങൾ. ഇതോടെ പ്രധാനപ്പെട്ട  പതിനഞ്ചോളം കൃദന്തരൂപങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. അടുത്ത തവണ മറ്റൊരു പഠനഭാഗം ആരംഭിക്കാം. ഏവർക്കും നമസ്ക്കാരം! 🌹
*********************************************


🌹 സംസ്കൃതഭാഷാപരിചയം -30 🌹
                                                 രാജേന്ദ്രൻ.ഡി
             🙏നമസ്സര്വേഭ്യഃ🙏
🥀 കർമ്മണിപ്രയോഗം (Passive Voice) 🥀 :- മുൻപ് ചില സൂചനകൾ നല്കിയിരുന്ന കർമ്മണിപ്രയോഗത്തിന്റെ  വിശദാംശങ്ങൾ നോക്കാം. കർത്താവിന് പ്രാധാന്യം നല്കിയുള്ള വാക്യരീതിയാണ് കർത്തരിപ്രയോഗം (Active Voice). എന്നാൽ കർമ്മപദത്തിന് പ്രാധാന്യം നല്കുന്ന വാക്യപ്രയോഗമാണ് കർമ്മണിപ്രയോഗം (Passive Voice). ഇവയുടെ പ്രയോഗരീതികളിലെ പ്രധാനനിയമങ്ങൾ നോക്കാം. കർത്തരി പ്രയോഗത്തിൽ കർതൃപദം പ്രഥമാവിഭക്തിയിലും കർമ്മപദം ദ്വിതീയാവിഭക്തിയിലുമാണ്. ക്രിയാപദം ( സകർമ്മകമാണെന്ന് പറയേണ്ടതില്ലല്ലോ) കർതൃപദത്തിന്റെ വചന/പുരുഷത്വത്തിന് അനുസരിച്ചാവും. എന്നാൽ കർമ്മണിയിലാവട്ടെ, കർമ്മപദം പ്രഥമാവിഭക്തിയിലും കർതൃപദം തൃതീയാവിഭക്തിയിലുമാവണം. കൂടാതെ ക്രിയാപദം കർമ്മപദത്തിന്റെ വചന/ പുരുഷത്വങ്ങളെ അനുസരിക്കണം. ക്രിയാപദം പരസ്മൈപദിയായാലും ആത്മനേപദിയായാലും ആത്മനേപദിയുടെ രൂപത്തിലേക്ക് മാറുകയും അവസാനപ്രത്യയത്തിനു മുൻപായി "യ" എന്ന ശബ്ദം വരുകയും ചെയ്യും. I.വർത്തമാനകാലക്രിയാരൂപങ്ങളിലെ കർമ്മണിപ്രയോഗം ആദ്യം കാണാം. ഉദാഹരണം :- ബാലകാഃ അംബാം പശ്യന്തി ( ബാലകൻമാർ അമ്മയെ കാണുന്നു) ; ഇവിടെ ഈ  കർത്തരിപ്രയോഗത്തിൽ 'ബാലകാഃ ' എന്നത് കർതൃപദം,ബഹുവചനം, പ്രഥമപുരുഷനാണ്. അത് പ്രഥമാവിഭക്തിയിൽ പ്രയോഗിച്ചിരിക്കുന്നു. ' അംബാം' എന്നത് കർമ്മപദം, ഏകവചനം പ്രഥമപുരുഷൻ, ദ്വിതീയാവിഭക്തിയിൽ പ്രയോഗിച്ചിരിക്കുന്നു. 'പശ്യന്തി ' ക്രിയാപദം, ബാലകാഃ എന്ന കർതൃപദത്തിനനുസരണമായി ബഹുവചനം പ്രഥമപുരുഷരീതിയിൽ ( വർത്തമാനകാലം)
പ്രയോഗിച്ചിരിക്കുന്നു. ( 'പശ്യതി' എന്ന പരസ്മൈപദിക്രിയയുടെ ബഹുവചനം പശ്യന്തി)
ഇതിന്റെ കർമ്മണിപ്രയോഗരീതി നോക്കാം.
അംബാ ബാലകൈഃ ദൃശ്യതേ ( അമ്മ ബാലകന്മാരാൽ കാണപ്പെടുന്നു). ഇവിടെ വന്ന മാറ്റങ്ങൾ എന്തെല്ലാം? കർമ്മപദം 'അംബാ' പ്രഥമാവിഭക്തിയിലായി. അത് ഏകവചനം,  പ്രഥമപുരുഷപദമായതിനാൽ ' പശ്യതി' എന്ന പരസ്മൈപദിക്രിയയുടെ ഏകവചന, പ്രഥമപുരുഷ രൂപമായ ' പശ്യതി ', ആത്മനേപദിക്രിയയെപ്പോലെ 'ദൃശതേ ' എന്നാവുകയും അവസാനപ്രത്യയമായ 'തേ' എന്നതിനു മുൻപായി "യ" കാരം ചേർത്ത് 'ദൃശ്യതേ' എന്നാവുകയും ചെയ്തു. 
( ദൃശ് + യ + തേ = ദൃശ്യതേ). അവസാനമായി കർതൃപദം, ബാലകാഃ എന്ന പ്രഥമപുരുഷബഹുവചനം "ബാലകൈഃ " എന്ന് തൃതീയാവിഭക്തിബഹുവചനരൂപവുമായി. ഈ ഉദാഹരണവും നിയമവും പദാനുപദം വളരെ ശ്രദ്ധിച്ച് മനസ്സിലാക്കണം. കുറച്ച് ഉദാഹരണങ്ങൾ കൊടുക്കാം. ആദ്യം  കർത്തരിരൂപവും തുടർന്ന് കർമ്മണിരൂപവും. 
ബാലികാ പാഠാൻ പഠതി ( ബാലിക പാഠങ്ങളെ പഠിക്കുന്നു.)
പാഠാഃ ബാലികയാ പഠ്യന്തേ ( പാഠങ്ങൾ ബാലികയാൽ പഠിക്കപ്പെടുന്നു).
ഭക്താഃ ദേവം വന്ദന്തേ ( ഭക്തന്മാർ ദേവനെ വന്ദിക്കുന്നു) 
ദേവഃ ഭക്തൈഃ വന്ദ്യതേ ( ദേവൻ ഭക്തന്മാരാൽ വന്ദിക്കപ്പെടുന്നു). 
വനിതാഃ പുഷ്പാണി പശ്യന്തി ( സ്ത്രീകൾ പുഷ്പങ്ങളെ കാണുന്നു.)
പുഷ്പാണി വനിതാഭിഃ ദൃശ്യന്തേ ( പുഷ്പങ്ങൾ വനിതകളാൽ കാണപ്പെടുന്നു - ഇവിടെ 'ധാതു' "ദൃശ്" ആണെന്നോർക്കണം.)
രജകഃ വസ്ത്രാണി ക്ഷാളയതി ( അലക്കുകാരൻ വസ്ത്രങ്ങളെ കഴുകുന്നു)
വസ്ത്രാണി രജകേന ക്ഷാള്യന്തേ ( വസ്ത്രങ്ങൾ അലക്കുകാരനാൽ കഴുകപ്പെടുന്നു)
സഃ താം താഡയതി ( അവൻ അവളെ അടിക്കുന്നു) 
സാ തേന താഡ്യതേ ( അവൾ അവനാൽ അടിക്കപ്പെടുന്നു )
തേ തം ദണ്ഡയന്തി ( അവർ അവനെ ശിക്ഷിക്കുന്നു)
സഃ തൈഃ ദണ്ഡ്യതേ ( അവൻ അവരാൽ ശിക്ഷിക്കപ്പെടുന്നു)
ആചാര്യഃ യുഷ്മാൻ പാഠയതി ( ആചാര്യൻ നിങ്ങളെ പഠിപ്പിക്കുന്നു.)
യൂയം ആചാര്യേന പാഠ്യധ്വേ ( നിങ്ങൾ ആചാര്യനാൽ പഠിപ്പിക്കപ്പെടുന്നു)
വയം ഫലം ഖാദാമഃ ( നമ്മൾ പഴത്തെ തിന്നുന്നു)
ഫലം അസ്മാഭിഃ ഖാദ്യതേ ( പഴം നമ്മളാൽ തിന്നപ്പെടുന്നു)
ഇപ്രകാരം കർമ്മവും പ്രവൃത്തിയും മാത്രം പ്രധാനമായി സൂചിപ്പിക്കപ്പെടേണ്ട സന്ദർഭങ്ങളിൽ സാധാരണയായി കർമ്മണിപ്രയോഗമാണ് ഉപയോഗിക്കുന്നത്. 
' പഠതി ' എന്ന പരസ്മൈപദിക്രിയയുടെ കർമ്മണിപ്രയോഗരൂപങ്ങൾ താഴെക്കൊടുക്കുന്നു.
പ്ര.പു -  പഠ്യതേ     പഠ്യേതേ     പഠ്യന്തേ
മ.പു -   പഠ്യസേ     പഠ്യേഥേ      പഠ്യധ്വേ
ഉ.പു  -  പഠ്യേ       പഠ്യാവഹേ    പഠ്യാമഹേ
ഇവ ആത്മനേപദിക്രിയയുടെ രൂപത്തിൽ 'യകാരം' അവസാനപ്രത്യയത്തിനു മുൻപ് ചേർന്ന രൂപമാണെന്നുകാണാം.
അടുത്ത തവണ ഭൂതകാലക്രിയകളുടെ കർമ്മണിപ്രയോഗം കാണാം. ഏവർക്കും നമസ്ക്കാരം!
*********************************************** 
🌹അനുബന്ധം:- ചിലസാധാരണക്രിയകളുടെ വർത്തമാനകാലകർമ്മണിരൂപം താഴെക്കൊടുക്കുന്നു.
പരസ്മൈപദി ക്രിയകൾ:-
ലിഖതി - ലിഖ് + യ + തേ = ലിഖ്യതേ ; 
ഗച്ഛതി - ഗമ് + യ + തേ = ഗമ്യതേ ; 
ജാനാതി - ജ്ഞാ + യ + തേ = ജ്ഞായതേ;
നയതി  - നീ + യ + തേ = നീയതേ
ദദാതി - ദാ + യ + തേ = ദീയതേ (വിശേഷഗണം)
പശ്യതി -  ദൃശ് + യ + തേ = ദൃശ്യതേ 
പിബതി  - പാ + യ + തേ  = പീയതേ (*)
യച്ഛതി  -  ദാ + യ + തേ  = ദീയതേ (*)
ഇച്ഛതി - ഇഷ് + യ + തേ = ഇഷ്യതേ
ഗൃഹ്ണാതി - ഗൃഹ് + യ + തേ = ഗൃഹ്യതേ
രോദിതി - രുദ് + യ + തേ = രുദ്യതേ
ശൃണോതി - ശ്രു + യ + തേ  = ശ്രൂയതേ (*)
ഗായതി - ഗൈ + യ + തേ = ഗീയതേ (*)
അസ്തി/ഭവതി - ഭൂ + യ+ തേ = ഭൂയതേ
***********************************************
ആത്മനേപദിക്രിയകൾ:-
ഊഹതേ - ഊഹ് + യ + തേ = ഊഹ്യതേ
യാചതേ - യാച് + യ + തേ = യാച്യതേ
ക്ഷമതേ - ക്ഷമ് + യ + തേ = ക്ഷമ്യതേ
ഭാഷ്യതേ - ഭാഷ് + യ + തേ = ഭാഷ്യതേ
ശങ്കതേ - ശക് + യ + തേ = ശങ്ക്യതേ (*)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം -31 🌹
                                                     രാജേന്ദ്രൻ.ഡി
        🥀 കർമ്മണിപ്രയോഗം ( തുടർച്ച )🥀
II. അനദ്യതനഭൂതകാല(ലങ്ലകാരം)കർമ്മണി:-
കർമ്മണിപ്രയോഗത്തിന്റെ പൊതുനിയമങ്ങൾ :
1. കർത്തൃപദം, തൃതീയാവിഭക്തിയിൽ
2. കർമ്മപദം, പ്രഥമാവിഭക്തിയിൽ
3. ക്രിയാപദം, കർമ്മത്തിന്റെ വചന, പുരുഷത്വങ്ങൾക്കനുസൃതം
4. ക്രിയാപദം, പരസ്മൈപദിയായാലും ആത്മനേപദിയായാലും, ആത്മനേപദിയുടെ രൂപത്തിൽ.
5. ക്രിയാധാതുവിനുശേഷം അവസാനപ്രത്യയത്തിനുമുമ്പായി "യ"കാരം.
ഇവിടെ നമ്മൾ ലങ്ലകാരഭൂതകാലക്രിയയുടെ കർമ്മണിരൂപങ്ങളാണ് പരിശോധിക്കുന്നത് എന്നതിനാൽ ലങ്ലകാരത്തിലെ ആത്മനേപദിക്രിയാരൂപങ്ങൾ ഒന്നോർമ്മിക്കാം.
"വന്ദ് " ധാതുവിന്റെ അനദ്യതനഭൂതകാലരൂപങ്ങൾ ( ലങ് ലകാരം):-
പ്ര.പു  - അവന്ദത     അവന്ദേതാം   അവന്ദന്ത
മ.പു   - അവന്ദഥാഃ  അവന്ദേഥാം   അവന്ദധ്വം
ഉ.പു   -  അവന്ദേ    അവന്ദാവഹി  അവന്ദാമഹി
( "വന്ദിച്ചു " എന്നർത്ഥം )
***********************************************
മേൽക്കാണിച്ച ക്രിയാപദങ്ങളെ അവസാനപ്രത്യയത്തിനുമുൻപായി "യ" ശബ്ദംചേർത്ത് കർമ്മണിരൂപത്തിലാക്കിയാൽ,
പ്ര.പു  - അവന്ദ്യത     അവന്ദ്യേതാം   അവന്ദ്യന്ത
മ.പു   - അവന്ദ്യഥാഃ  അവന്ദ്യേഥാം   അവന്ദ്യധ്വം
ഉ.പു   -  അവന്ദ്യേ   അവന്ദ്യാവഹി  അവന്ദ്യാമഹി
എന്നാവും. ( "വന്ദിക്കപ്പെട്ടു " എന്നർത്ഥം )
***********************************************
ഇതുപോലേതന്നെയാണ്, പരസ്മൈപദിക്രിയാപദങ്ങളുടെ കർമ്മണിരൂപവും. 'പഠ് ' ധാതു നോക്കാം.
പ്ര.പു  - അപഠ്യത     അപഠ്യേതാം   അപഠ്യന്ത
മ.പു   - അപഠ്യഥാഃ  അപഠ്യേഥാം   അപഠ്യധ്വം
ഉ.പു   -  അപഠ്യേ   അപഠ്യാവഹി  അപഠ്യാമഹി
( " പഠിക്കപ്പെട്ടു " എന്നർത്ഥം )
***********************************************
ചില ഉദാഹരണങ്ങൾ കാണുക. പരസ്മൈപദി:-
1.തേന കഥാ അലിഖ്യത = അവനാൽ കഥ എഴുതപ്പെട്ടു. ( 'കഥാ ' ഏകവചനം പ്രഥമപുരുഷ സ്ത്രീലിംഗം. സാധാരണ, ക്രിയകൾക്ക് ലിംഗവ്യത്യാസമില്ല എന്നത് ഓർമ്മിക്കുക.)
2.  മയാ പാഠാഃ അപഠ്യന്ത  = എന്നാൽ പാഠങ്ങൾ പഠിക്കപ്പെട്ടു ( 'പാഠാഃ ' പ്ര.പു, ബഹുവചനം )
3. ശിഷ്യൈഃ അഹം അവന്ദ്യേ =  ശിഷ്യന്മാരാൽ ഞാൻ വന്ദിക്കപ്പെട്ടു ( 'അഹം ' ഉ.പു, ഏ.വ )
4.സംസ്കൃതഭാഷയാ  വയം അപാല്യാമഹി = സംസ്കൃതഭാഷയാൽ നമ്മൾ പാലിക്കപ്പെട്ടു.
( 'വയം ' ഉ.പു ബ.വ )
5.മാതൃഭിഃ യൂയം അപാഠ്യധ്വം = മാതാക്കളാൽ നിങ്ങൾ പഠിപ്പിക്കപ്പെട്ടു.( 'യൂയം ' മ.പു, ബ.വ)
6.രാമലക്ഷ്മണൗ വിശ്വാമിത്രേണ മിഥിലാപുരീം 
അനീയേതാം = രാമലക്ഷ്മണൻമാർ വിശ്വാമിത്രനാൽ മിഥിലാപുരിയിലേക്ക് നയിക്കപ്പെട്ടു. ( 'രാമലക്ഷ്മണൗ ' , പ്ര.പു, ദ്വി.വ)
7. കപിഭിഃ കമ്പിതശാഖാഭ്യാം പക്വാനി ജംബുഫലാനി വിമലേജലേ അപാത്യന്ത, " ഗുളുഗുഗ്ഗുളു " ഇതി ശബ്ദേനസഹ! =കുരങ്ങന്മാരാൽ കുലുക്കപ്പെട്ട മരക്കൊമ്പുകളിൽനിന്ന് പഴുത്തഞാവൽപ്പഴങ്ങൾ നിർമ്മലജലത്തിൽ വീഴ്ത്തപ്പെട്ടു, "ഗുളുഗുഗ്ഗുളു" എന്ന ശബ്ദത്തോടുകൂടി! ( 'ജംബുഫലാനി ' , പ്ര.പു,ബ.വ )
*********************************************** ഇതേ ഭൂതകാല കർമ്മണിപ്രയോഗം "ക്ത" പ്രത്യയാന്ത കൃദന്തത്താൽ ആയാസരഹിതമായി പ്രയോഗിക്കാമെന്ന് കൃദന്തപാഠങ്ങളിൽ നാം കണ്ടതാണ്. ഭൂതകാല കർത്തരിപ്രയോഗത്തിനുപകരം സാധാരണമായി ഉപയോഗിക്കുന്ന "ക്തവതു" പ്രത്യയത്തിന്റെ കർമ്മണിരൂപമാണ്, "ക്ത " പ്രത്യയം! അവിടെ ലിംഗവ്യത്യാസം ഉണ്ടെങ്കിൽപ്പോലും ( കൃദന്തങ്ങൾ നാമരൂപങ്ങളായതിനാൽ) പുരുഷവ്യത്യാസം ബാധകമല്ല എന്നകാരണത്താൽ പ്രയാസം കൂടാതെ സർവ്വസാധാരണമായി നിത്യവ്യവഹാരത്തിലും സാഹിതീവ്യവഹാരത്തിലും പ്രയോഗപ്പെടുത്തിവരുന്നു. മേലുദാഹരണങ്ങൾ "ക്ത" പ്രത്യയാന്തകൃദന്തരൂപത്തിലേക്ക് മാറ്റിനോക്കാം.
1. തേന കഥാ ലിഖിതാ ( ലിഖിതഃ/ ലിഖിതാ/ ലിഖിതം - പു.ലിം/ സ്ത്രീ.ലിം / നപും.ലിം )
( "ലിഖിതഃ " എന്ന പുല്ലിംഗ പദം വ്യാകരണദൃഷ്ട്യാ "രാമഃ " എന്നപദം പോലെ അകാരാന്തമായി മറ്റു വചനങ്ങളും പ്രയോഗിക്കാം.- ലിഖിതഃ- ലിഖിതൗ - ലിഖിതാഃ )
ഇവിടെ 'കഥാ' എന്നത് സ്ത്രീലിംഗമായതിനാൽ 'ലിഖിതാ' എന്ന് പ്രയോഗിച്ചു. 
2. മയാ പാഠാഃ പഠിതാഃ = എന്നാൽ പാഠങ്ങൾ പഠിക്കപ്പെട്ടവർ.
3. ശിഷ്യൈഃ അഹം വന്ദിതഃ = ശിഷ്യന്മാരാൽ ഞാൻ വന്ദിക്കപ്പെട്ടവൻ.
4. സംസ്കൃതഭാഷയാ വയം പാലിതാഃ = സംസ്കൃതഭാഷയാൽ നമ്മൾ പാലിക്കപ്പെട്ടവർ.
5. മാതൃഭിഃ യൂയം പാഠിതാഃ = മാതാക്കളാൽ നിങ്ങൾ പഠിപ്പിക്കപ്പെട്ടവർ.
6. രാമലക്ഷ്മണൗ വിശ്വാമിത്രേണ മിഥിലാപുരീം  
നീതൗ = രാമലക്ഷ്മണന്മാർ വിശ്വാമിത്രനാൽ  മിഥിലാപുരിയിലേക്ക് നയിക്കപ്പെട്ടവർ.
7. കപിഭിഃ കമ്പിതശാഖാഭ്യാം പക്വാനി ജംബുഫലാനി വിമലേജലേ പാതിതാനി.= കപികളാൽ കുലുക്കപ്പെട്ടശാഖയിൽനിന്ന് പാകമായ ഞാവൽപ്പഴങ്ങൾ വിമലജലത്തിൽ പതിപ്പിക്കപ്പെട്ടവ. ( ഇവിടെ 'കമ്പിത' = കുലുക്കപ്പെട്ട എന്ന വിശേഷണവും  'ക്ത' പ്രയോഗം തന്നെ!)
ഇനി താരതമ്യം ചെയ്താൽ കൃദന്തോപയോഗത്തിന്റെ ആയാസരാഹിത്യം മനസ്സിലാക്കാം. ഭാഷയുടെ ഉപയോഗത്തിലെ ഈ വൈവിദ്ധ്യം സാഹിതീരചനകളിൽ സമർത്ഥമായി ഉപയോഗിക്കപ്പെടുന്നു. 
***********************************************
🌹അനുബന്ധം:- മഹാകവി ബാണഭട്ടന്റെ പ്രസിദ്ധഗദ്യകാവ്യമായ "കാദംബരി" യുടെ 'കഥാമുഖ'ത്തിൽ 'ശൂദ്രകവർണനം' ആരംഭിക്കുന്നത് നോക്കുക:- "ആസീദശേഷനരപതിശിരഃസമഭ്യർചിതശാസനഃ പാകശാസനഇവാപരഃ ചതുരുദധിമാലാമേഖലായാ ഭുവോഭർതാ, പ്രതാപാനുരാഗാവനത, സമസ്തസാമന്തചക്രഃ, ചക്രവർതിലക്ഷണോപേതഃ, ചക്രധര ഇവ കരകമലോപലക്ഷ്യമാണ ശങ്ഖചക്രലാഞ്ഛനഃ, ഹര ഇവ ജിതമന്മഥഃ , ഗുഹ ഇവാപ്രതിഹതശക്തിഃ, കമലയോനിരിവ വിമാനീകൃതരാജഹംസമണ്ഡലഃ, ജലധിരിവ ലക്ഷ്മീപ്രസൂതിഃ, ഗങ്ഗാപ്രവാഹ ഇവ ഭഗീരഥപഥപ്രവൃത്തഃ, രവിരിവ പ്രതിദിവസോപജായമാനോദയഃ, മേരുരിവ സകലോപജീവ്യമാനപാദച്ഛായഃ, ദിഗ്ഗജ ഇവാനവരതപ്രവൃത്തദാനാർദ്രീകൃതകരഃ, കർതാ മഹാശ്ചര്യാണാം ആഹർത്താക്രതൂനാം, ആദർശഃ സർവശാസ്ത്രാണാം, ഉത്പത്തിഃ കലാനാം, കുലഭവനം ഗുണാനാം, ആഗമഃ കാവ്യാമൃതരസാനാം, ഉദയശൈലോ മിത്രമണ്ഡലസ്യ, ഉത്പാതകേതുരഹിതജനസ്യ, പ്രവൃത്തയിതാ ഗോഷ്ഠീബന്ധാനാം, ആശ്രയോ രസികാനാം, പ്രത്യാദേശോ ധനുഷ്മതാം, ധൗരേയഃ സാഹസികാനാം, അഗ്രണീർവിദഗ്ധാനാം, വൈനതേയ ഇവ വിനതാനന്ദജനനഃ, വൈന്യ ഇവ ചാപകോടിസമുത്സാരിതസകലാfരാതികുലാചലോ രാജാ ശൂദ്രകോ നാമ." 
( മഹാരാജാ ശൂദ്രകന്റെ വിശേഷണങ്ങളടങ്ങുന്ന ആദ്യവരിയാണ്! ഗദ്യകാവ്യത്തിന്റെ മുഖമുദ്രയായ ദീർഘസമസ്തപദപ്രയോഗങ്ങളാൽ ഓജോഗുണം തുളുമ്പുന്ന ഉപമാലങ്കാരപ്രചുരമായ ശൈലീവിലാസം കാണുക! ചില പദങ്ങളൊഴിച്ചാൽ മനസ്സിലാക്കുവാൻ പ്രയാസമധികമില്ലാത്ത വർണ്ണനാരീതിയാണിത്. നമ്മൾ ഇതിലെ "ക്ത" പ്രയോഗങ്ങളുടെ സാംഗത്യപരിശോധനയ്ക്കുവേണ്ടിയാണ്  ഇതിവിടെ കൊടുത്തത്. കണ്ടുപിടിക്കുവാൻ ശ്രമിക്കുക!) ഏവർക്കും നമസ്ക്കാരം!🙏❤️🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 32 🌹
                                                   രാജേന്ദ്രൻ.ഡി
🥀 കർമ്മണിപ്രയോഗം ( തുടർച്ച) 🥀
III. ഭാവികാല ( ലൃട് ലകാരം ) കർമ്മണി :-
നിയമങ്ങൾ മുൻപ് പറഞ്ഞതുതന്നെ. ഇവിടെ ചിലകാര്യങ്ങൾ ശ്രദ്ധിക്കണം. പരസ്മൈപദി ക്രിയകളും ആത്മനേപദിക്രിയകളും കർത്തരിപ്രയോഗ ഭാവികാലരൂപത്തിൽ സ്വതവേ " ഇഷ്യ" എന്ന ശബ്ദം അവസാനപ്രത്യയത്തിനുമുൻപായി ഉള്ളതാണ്. ഉദാ :- പഠിഷ്യതി = പഠിക്കും (പരസ്മൈപദി)
വന്ദിഷ്യതേ = വന്ദിക്കും ( ആത്മനേപദി )
ഇവിടെ പരസ്മൈപദി ഭാവികാലം കർമ്മണിയിലാവുമ്പോൾ നിയമപ്രകാരം ആത്മനേപദിപോലെയാവണം. "പഠിഷ്യതേ " എന്ന്. "അവസാനപ്രത്യയത്തിനുമുൻപായി നിലവിൽത്തന്നെ "യ"കാരം ഉള്ളതിനാൽ "പഠിഷ്യതേ " എന്നുപറയുമ്പോൾ നിയമം പാലിച്ചുകഴിഞ്ഞു! ഉദാഹരണം നോക്കാം.
'ബാലകേന പാഠഃ പഠിഷ്യതേ ' = ബാലനാൽ പാഠം പഠിക്കപ്പെടും. 
'പുത്രേണ പത്രാണി ലേഖിഷ്യന്തേ' = പുത്രനാൽ എഴുത്തുകൾ എഴുതപ്പെടും. 
'അസ്മാഭിഃ സംസ്കൃതം അവഗമിഷ്യതേ' = നമ്മളാൽ സംസ്കൃതം മനസ്സിലാക്കപ്പെടും.
ഇനി ആത്മനേപദിക്രിയയുടെ ഭാവികാലകർമ്മണിരൂപം പരിശോധിച്ചാൽ കർത്തരിപ്രയോഗഭാവികാലരൂപംതന്നെ കർമ്മണിക്രിയാരൂപത്തിന്റെ നിയമം സ്വയമേവ അനുസരിച്ചിട്ടുള്ളതാണെന്ന് മനസ്സിലാവും. ഉദാഹരണം "വന്ദിഷ്യതേ"= 'വന്ദിക്കും' എന്ന്  കർത്തരിപ്രയോഗഭാവികാലം. ഇതുതന്നെയാണ് കർമ്മണിപ്രയോഗഭാവികാലക്രിയാരൂപവും. 
"വന്ദിഷ്യതേ " = വന്ദിക്കപ്പെടും. അതായത് ആത്മനേപദിക്രിയയുടെ ഭാവികാലകർമ്മണി, തിരിച്ചറിയണമെങ്കിൽ കർതൃപദത്തിന്റെ തൃതീയാവിഭക്തിസന്ദർഭംകൊണ്ടേ സാദ്ധ്യമാവൂ എന്നർത്ഥം. ഉദാഹരണം, 
ഭക്തഃ ദേവം വന്ദിഷ്യതേ = ഭക്തൻ ദേവനെ വന്ദിക്കും. ( കർത്തരിപ്രയോഗം )
ദേവഃ ഭക്തേന വന്ദിഷ്യതേ = ദേവൻ ഭക്തനാൽ വന്ദിക്കപ്പെടും. (കർമ്മണിപ്രയോഗം)
രണ്ടിടത്തും ക്രിയാപദത്തിന് മാറ്റമില്ല! പക്ഷേ വന്ദനം എന്ന പ്രവൃത്തി ചെയ്യുന്ന "ഭക്തഃ" എന്ന കർതൃപദത്തിന്റെ തൃതീയാവിഭക്തി ( ഭക്തേന) കൊണ്ട് കർമ്മണിപ്രയോഗം തിരിച്ചറിയാം.
ഉദാഹരണങ്ങൾ:-
കവിനാ കാവ്യം രചയിഷ്യതേ = കവിയാൽ കാവ്യം രചിക്കപ്പെടും
കവിഭിഃ കാവ്യാനി രചയിഷ്യന്തേ = കവികളാൽ കാവ്യങ്ങൾ രചിക്കപ്പെടും
കപിനാ ജംബുശാഖാഃ കമ്പിഷ്യന്തേ = കുരങ്ങനാൽ ഞാവൽക്കൊമ്പുകൾ കുലുക്കപ്പെടും. ( ആത്മനേപദി )
കപിനാ പക്വാനി ജംബുഫലാനി വിമലേജലേ പാതയിഷ്യന്തേ = കുരങ്ങനാൽ പഴുത്ത ഞാവൽപ്പഴങ്ങൾ തെളിഞ്ഞവെള്ളത്തിൽ വീഴ്ത്തപ്പെടും. ( പാതയതി = പതിപ്പിക്കുക )
കാളിദാസസ്യ ശാകുന്തളനാടകേന സഹൃദയാഃ ആചന്ദ്രതാരം തോഷയിഷ്യന്തേ = കാളിദാസന്റെ ശാകുന്തളനാടകത്താൽ സഹൃദയന്മാർ എന്നെന്നും സന്തോഷിപ്പിക്കപ്പെടും. ( തോഷയതി = സന്തോഷിപ്പിക്കുന്നു )
**********************************************
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളം നാടകത്തിൽ ഏഴാമങ്കത്തിൽ മഹാരാജാദുഷ്യന്തൻ കണ്വാശ്രമപരിസരത്ത് സ്വപുത്രനായ സർവദമനനെ തിരിച്ചറിയുന്ന രംഗം!
(ദുഷ്യന്തഃ) രാജാ - " അയി! ഭോ! മഹർഷിപുത്ര! ഏവമാശ്രമവിരുദ്ധപ്രവൃത്തിനാ 
 സയമ കിമിതി ജന്മതസ്ത്വയാ 
സത്ത്വസശ്രയസുഖോfപി ദൂഷ്യതേ
കൃഷ്ണസർപശിശുനേവ ചന്ദന!" (15)
【അല്ലയോ മഹർഷിപുത്രാ! ഇങ്ങനെ ആശ്രമവിരുദ്ധപ്രവൃത്തിയാൽ അങ്ങയുടെ ജന്മനാതന്നെ ജീവികൾക്ക് സുഖാശ്രയകരമായ ക്ഷമാശീലത്തെ, ചന്ദനത്തിനെ കാളസർപ്പക്കുഞ്ഞെന്നപോലെ എന്തിനു ദുഷിപ്പിക്കുന്നു? 】
{സർവ്വദമനൻ സിംഹക്കുഞ്ഞുമായി ഭയമില്ലാതെ കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടിട്ട് }
താപസീ - " ഭദ്ദമുഹ! ണ ക്ഖു അഅ ഇസികുമാരഓ." ( ഭദ്രമുഖ! ന ഖലു അയം ഋഷികുമാരഃ ) ( പ്രാകൃതഭാഷണം)
【 ഹേ!സുമുഖ! ഇവൻ ഋഷികുമാരനല്ലല്ലോ!】
രാജാ- " ആകാരസദൃശചേഷ്ടിതമേവാസ്യ കഥയതി. സ്ഥാനപ്രത്യയയാത്തുവയമേവ തർകിണ. 【ആകാരംപോലേ പ്രവൃത്തിയും അതു പറയുന്നു. ഇതുപോലൊരു ചുറ്റുപാടിൽ നാം സംശയിച്ചുപോയി.】
( യഥാഭ്യർഥിതമനുതിഷ്ഠൻ ബാലസ്പർശമുപലഭ്യ) ( ആത്മഗതം)
【 താപസിയുടെ അഭ്യർത്ഥനപ്രകാരം (ബാലകനെ സിംഹക്കുട്ടിയിൽനിന്നും മാറ്റുമ്പോൾ) ബാലകസ്പർശനം ലഭിച്ചിട്ട് 】
【 ആത്മഗതം】
'അനേന കസ്യാപി കുലാങ്കുരേണ
സ്പൃഷ്ടസ്യ ഗാത്രേഷു സുഖ മമൈവ
കാ നിർവൃർതി ചേതസി തസ്യ കുര്യാദ്
യസ്യായമങ്കാത് കൃതി ന പ്രരുഢ ' (16)
【ഏതോ കുലത്തിൽ ജനിച്ച ഇവന്റെ സ്പർശനത്താൽ എനിക്കിത്രയും സുഖമെങ്കിൽ  ആരുടെ മടിയിലാണോ ഇവൻ ഉളവായത് ആ ഭാഗ്യവാന്റെ ( അച്ഛന്റെ) സുഖമെന്ത്? 】 🌹           ( തുടരും)
**********************************************

🌹 സംസ്കൃതഭാഷാപരിചയം - 33 🌹
                                                       രാജേന്ദ്രൻ.ഡി
🥀 കർമ്മണിപ്രയോഗം( ലോട് )- പ്രാർത്ഥന 🥀
പ്രകാരങ്ങളിൽ പ്രധാനവും സാധാരണവുമായ ലോട്, ആജ്ഞ/ നിർദ്ദേശം / പ്രാർത്ഥന മുതലായ വികാരസൂചകങ്ങളാണ് (mood).
സ്വാഭാവികമായും ഇവയുടെ കർമ്മണിപ്രയോഗസന്ദർഭങ്ങളും വരാം. എന്നാൽ "ത്വം /യുവാം/ യൂയം " എന്നീ മധ്യമപുരുഷ സർവ്വനാമങ്ങളും " അഹം / ആവാം / വയം " എന്നീ ഉത്തമപുരുഷസർവ്വനാമങ്ങളും ഇങ്ങനെ കർമ്മണിപ്രയോഗമായി ലോട് എന്ന വികാരസംവേദകപ്രയോഗങ്ങളിൽ കർമ്മമായി വരികയെന്നത് സാധാരണമല്ല. ഉദാഹരണത്തിന് 'അവൻ നിന്നെ നോക്കിക്കൊള്ളട്ടേ' എന്ന് അനുവാദസൂചകമായി ആവശ്യപ്പെടുന്നിടത്ത് "നീ അവനാൽ നോക്കിക്കൊള്ളപ്പെട്ടോട്ടേ" എന്ന ലോട് കർമ്മണി സാധാരണമല്ല. അതുപോലെ "നീ എന്നെ സ്നേഹിച്ചാലും" എന്ന ലോട് (യാചന), "ഞാൻ നിന്നാൽ സ്നേഹിക്കപ്പെട്ടാലും" എന്നരീതിയിൽ കർമ്മണി അസാധാരണമാണ്. ചുരുക്കത്തിൽ ലോട് ലകാരധാതുക്കൾക്ക് പ്രഥമപുരുഷനിൽ മാത്രമേ കർമ്മണിപ്രയോഗം പതിവുള്ളു. അതിനാൽ പ്രഥമപുരുഷകർമ്മങ്ങളിൽ മാത്രം അതിനനുസരിച്ച കർമ്മണിലോട്ലകാരധാതുക്കൾ നമുക്ക് പരിശോധിക്കാം. കർമ്മണിപ്രയോഗത്തിന്റെ മറ്റു നിയമങ്ങൾ മുൻപ് പറഞ്ഞതുപോലെ. 
ആത്മനേപദി ലോട്ലകാര ധാതുരൂപങ്ങൾ ഒന്നുകൂടി ഓർമ്മിക്കാം.
പ്ര.പു - വന്ദതാം          വന്ദേതാം         വന്ദന്താം
ഇതിന്റെ കർമ്മണിരൂപം,
പ്ര.പു - വന്ദ്യതാം        വന്ദ്യേതാം        വന്ദ്യന്താം
എന്നാണ്.
ഉദാഹരണങ്ങൾ നോക്കാം :-
"ബാലകേന പാഠഃ പഠ്യതാം" ( ബാലനാൽ പാഠം പഠിക്കപ്പെടണം ) - (പാഠഃ - ഏകവചനം)
"ബാലികയാ ഫലാനി ഖാദ്യന്താം"  
( ബാലികയാൽ പഴങ്ങൾ ഭക്ഷിക്കപ്പെടണം) - ( ഫലാനി -ബഹുവചനം)
"പുത്രൈഃ അംബാഃ പാല്യന്താം" ( പുത്രന്മാരാൽ അമ്മമാർ പാലിക്കപ്പെടണം)-(അംബാഃ - ബ.വ)
"അധ്യാപകേന ഛാത്രഃ ക്ഷമ്യതാം" 
( അദ്ധ്യാപകനാൽ വിദ്യാർത്ഥി ക്ഷമിക്കപ്പെടണം)
"സർവൈഃ സംസ്കൃതഭാഷണം ക്രിയതാം"
 ( എല്ലാവരാലും സംസ്കൃതഭാഷണം ചെയ്യപ്പെടണം)
"ഛാത്രേണ ഹസ്തൗ ക്ഷാള്യേതാം"
( വിദ്യാർത്ഥിയാൽ രണ്ടുകൈകൾ കഴുകപ്പെടണം) ( ഹസ്തൗ - ദ്വിവചനം)
**********************************************
ലോട്ലകാരത്തിലെ ആജ്ഞാരൂപത്തിന് ഏതാണ്ട് സമാനമായ അർത്ഥമാണ് വിധിരൂപലിങ്ലകാരം. വിധിരൂപമായതിനാൽ നിർദ്ദേശത്തിന് കാർക്കശ്യം കൂടുതലെന്നുമാത്രം. മലയാളത്തിൽ രണ്ടിനും ഒരുപോലെ അർത്ഥം പറയുകയും ചെയ്യാം. ഈ വിധിലിങ്ലകാരത്തിന്റെ കർമ്മണിരൂപത്തിന്റെ ആശയം തന്നെയാണ് 'തവ്യത്'/'അനീയര് ' എന്നീ രണ്ടു കൃദന്തപ്രയോഗങ്ങളും തരുന്നത്. അതിനാൽ ലോട്ലകാരകർമ്മണിയ്ക്കും കൂടി ഈ കൃദന്തങ്ങൾ വലിയ ആശയവ്യത്യാസം കൂടാതെ ഉപയോഗിക്കാം. മുകളിലെ ഉദാഹരണങ്ങൾ നോക്കിയാൽ :-
"ബാലകേന പാഠഃ പഠ്യതാം" -ലോട് - കർമ്മണി
ബാലകേന പാഠഃ പഠനീയഃ - അനീയര്
ബാലകേന പാഠഃ പഠിതവ്യഃ - തവ്യത്
( ബാലകനാൽ പാഠം പഠിക്കപ്പെടണം)
ബാലികയാ ഫലാനി ഖാദിതവ്യാനി/ ഖാദനീയാനി
പുത്രൈഃ അംബാഃ പാലനീയാഃ/ പാലിതവ്യാഃ
അധ്യാപകേന ഛാത്രഃ ക്ഷമണീയഃ/ ക്ഷന്തവ്യഃ
സർവൈഃ സംസ്കൃതഭാഷണം കരണീയം / കർതവ്യം
ഛാത്രേണ ഹസ്തൗ ക്ഷാളനീയൗ / ക്ഷാളിതവ്യൗ
കൃദന്തങ്ങളാവുമ്പോൾ ലിംഗവ്യത്യാസം പാലിക്കണമെന്നുമാത്രം.
**********************************************
🌹അനുബന്ധം:- ( സംസ്കൃതനാടകം - അഭിജ്ഞാനശാകുന്തളം- സപ്തമോfങ്കഃ (തുടർച്ച) :-
താപസി - ( ഉഭൗ നിർവർണ്യ) " അച്ഛരിഅ അച്ഛരിഅ"(ആശ്ചര്യമാശ്ചര്യം). 【രണ്ടുപേരെയും പറ്റി】[ആശ്ചര്യം!ആശ്ചര്യം!]
രാജാ - "ആര്യേ! കിമിവ? 【 ആര്യേ! എന്താണിങ്ങനെ】
താപസി- "ഇമസ്സ വാലഅസ്സ ദേ വി സവാദിണീ ആകിദീ ത്തി വിമ്ഹിദമ്ഹി. അപരിഇദസ്സ വി ദേ അപ്പഡിലോമോ സവുത്തോ ത്തി."
【 അസ്യ ബാലകസ്യ തേfപി സവാദിന്യാകൃതിരിതി വിസ്മിതാfസ്മി. അപരിചിതസ്യാപി തേfപ്രതിലോമ സവൃത്ത ഇതി.】 [ ഈ ബാലകന്റെയും അങ്ങയുടെയും ആകൃതിസാമ്യം എന്നെ വിസ്മിതയാക്കുന്നു. അപരിചിതനായിട്ടും അവൻ എതിർക്കുന്നുമില്ല.]
രാജാ- [ബാലകമുപലാലയൻ] ( ബാലനെ ലാളിച്ചുകൊണ്ട് )
" ന ചേന്മുനികുമാരോfയം അഥ കോfസ്യ വ്യപദേശ?" [ ഇവൻ മുനികുമാരനല്ലെങ്കിൽ പിന്നെ ഇവന്റെ വംശമേത്?]
താപസി-  "പുരുവസോ " 【പുരുവംശം】
രാജാ- ( ആത്മഗതം)  【 കഥമേകാന്വയോ മമ! അതഃ ഖലു മദനുകാരിണമേനമത്രഭവതീമന്യതേ. അസ്ത്യേതത് പൗരവാണാ മന്ത്യ കുലവ്രതം. (എങ്ങനെ! എന്റെ അതേ വംശമോ! അതുകൊണ്ടാണല്ലോ എന്നെപ്പോലെതന്നെയെന്ന് ഭവതിയും കരുതുന്നത്. ഇതാണ് പുരുവംശികളുടെ അവസാനകാലകുലവ്രതം.)
ഭവനേഷു രസാധികേഷു പൂർവ്വം
ക്ഷിതിരക്ഷാർഥമുശന്തി യേ നിവാസം
നിയതൈകപതിവ്രതാനി പശ്ചാത്
തരുമൂലാനി ഗൃഹീഭവന്തി തേഷാം (20)
[ ഇവർ (പുരുക്കൾ) ആദ്യകാലത്ത് (യൗവന) രസകരങ്ങളായ ഗൃഹങ്ങളിൽ രസിച്ച് വസിക്കുന്നു. പിന്നീട് (പ്രായമാവുമ്പോൾ) 
ഏകപത്നീവ്രതത്തോടെ വൃക്ഷച്ഛായയിൽ വസിക്കുന്നു ( വാനപ്രസ്ഥികളായി). [ ഈ ആശ്രമത്തിൽ ഇതുപോലൊരു പുരുവംശരാജകുമാരൻ ഉണ്ടാവണമെങ്കിൽ ഏകപത്നീവ്രതത്തോടെ വൃദ്ധാവസ്ഥയിൽ ഒരു പുരുവംശജൻ രാജൻ താമസിച്ചാൽ എന്നത് സംഭാവ്യമല്ല. മറിച്ച് യൗവ്വനാവസ്ഥയിൽ രാജാക്കൾ ഇതുപോലൊരു സ്ഥലത്ത് പാർക്കാനും വഴിയില്ല.]
(പ്രകാശം) ന പുനരാത്മഗത്യാ മാനുഷാണാമേഷ വിഷയ. ( പക്ഷേ സ്വയം ഒരു മനുഷ്യർക്കും ഇവിടെ പറ്റില്ല).( ഇതുപോലൊരു സ്ഥലത്ത് സഹായമില്ലാതെ എത്താൻ കഴിയില്ല) (തുടരും)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 34 🌹
                                                      രാജേന്ദ്രൻ.ഡി
ഭാവേപ്രയോഗം :- മലയാളത്തിൽ പൊതുവിൽ കാണാത്ത പ്രയോഗമാണ് 'ഭാവേ'! അകർമ്മക ക്രിയകളുള്ള വാക്യങ്ങളിൽ കർമ്മപദം ഉണ്ടായിരിക്കുകയില്ല. അതിനാൽ സ്വാഭാവികമായും കർമ്മണിപ്രയോഗവും പ്രസക്തമല്ല. പക്ഷേ സംസ്കൃതത്തിൽ അകർമ്മകക്രിയാവാക്യവും കർമ്മമില്ലാതെതന്നെ, കർമ്മണിപ്രയോഗത്തിലേതുപോലെ കർത്താവ് തൃതീയാവിഭക്തിയിലും ക്രിയ കർമ്മണിരൂപത്തിലും ആവുന്ന 'ഭാവേ ' എന്ന പ്രയോഗമുണ്ട്. കർമ്മമില്ലാത്തതിനാൽ ക്രിയാപദം പ്രഥമപുരുഷ ഏകവചനരൂപമെന്ന്  സ്ഥിരപ്പെടുത്തിയിരിക്കുന്നു. ( മധ്യമപുരുഷ/ഉത്തമപുരുഷ രൂപങ്ങളോ, ദ്വിവചന/ ബഹുവചനരുപങ്ങളോ ഇല്ല). ഭൂതകാല ലങ്ലകാരത്തിലും ആജ്ഞാദി പ്രകാരസൂചക ലോട്ലകാരത്തിലും ഭാവേ പ്രയോഗിക്കാം.
ഉദാഹരണം :- ബാലകേന ധാവ്യതേ ( ബാലകനാൽ ഓടപ്പെടുന്നു. = ബാലകൻ ഓടുന്നു എന്നുതന്നെ അർത്ഥം - ധാവതി എന്ന അകർമ്മകക്രിയയാണിവിടെ.)
ബാലികയാ ചല്യതേ = ബാലികയാൽ നടക്കപ്പെടുന്നു
അംബയാ ഹസ്യതേ = അമ്മയാൽ ചിരിക്കപ്പെടുന്നു.
കൂപ്യാ പത്യതേ = കുപ്പിയാൽ വീഴപ്പെടുന്നു
ശിശുനാ ഉത്ഥീയതേ = ശിശുവിനാൽ എഴുന്നേൽക്കപ്പെടുന്നു.
ഫലൈഃ പത്യതേ = പഴങ്ങളാൽ വീഴപ്പെടുന്നു.
വനിതാഭിഃ നൃത്യതേ = സ്ത്രീകളാൽ നൃത്തം ചെയ്യപ്പെടുന്നു.
കന്യാഭിഃ മില്യതേ = കന്യകമാരാൽ കണ്ടുമുട്ടപ്പെടുന്നു
ലതാഭിഃ കമ്പ്യതേ = വള്ളികളാൽ ഇളകപ്പെടുന്നു.
ശിക്ഷകൈഃ യത്യതേ = അദ്ധ്യാപകരാൽ ശ്രമിക്കപ്പെടുന്നു.
പുഷ്പേണ വികസ്യതേ = പുഷ്പത്താൽ വിടരപ്പെടുന്നു.
ഭൂതകാലത്തിൽ / ലോട് ലകാരാദികളിൽ :-
ബാലകൈഃ അക്രീഡ്യത = ബാലകരാൽ കളിക്കപ്പെട്ടു.
നർതകീഭിഃ അനൃത്യത = നർത്തകികളാൽ നൃത്തംചെയ്യപ്പെട്ടു.
തേന യത്യതാം = അവനാൽ ശ്രമിക്കപ്പെടട്ടെ.
മിത്രേണ ഭവിതവ്യം = മിത്രത്താൽ ഉണ്ടാകപ്പെടണം ( തവിയത് - കൃദന്തം)
നയനേന സ്ഫുരിതം = കണ്ണിനാൽ തുടിക്കപ്പെട്ടത് ( ക്ത പ്രത്യയം)
പുഷ്പൈഃ വികസ്യതാം = പുഷ്പങ്ങളാൽ വിടരപ്പെടട്ടെ. 
ഇതോടെ പ്രയോഗവ്യത്യാസങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. തുടർന്ന് ഭാഷാപഠനത്തിൽ വളരെ പ്രധാനപ്പെട്ട സന്ധികളെപ്പറ്റി അടുത്തയാഴ്ച പഠിക്കാം!
 ഏവർക്കും നമസ്ക്കാരം!
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളനാടകം ( തുടർച്ച) 
"जह भद्दमुहो भणदि।अच्छरासबन्धेण इमस्स जणणी एत्थ देवगुरुणो तवोवणे प्पसूदा।" 【यथा भद्रमुखो भणति। अप्सर सम्बन्धेनास्य जनन्यत्र देवगुरोस्तपोवने प्रसूता।】
[ഭദ്രമുഖാ! അങ്ങു പറഞ്ഞതുപോലെ. അപ്സരസംബന്ധത്താൽ ഇവന്റെയമ്മ ദേവഗുരുവിന്റെ ആശ്രമത്തിൽ പ്രസവിച്ചു.]
राजा - ( अपवार्य ) हन्त, द्वितीयमिदमाशाजननम्।
( प्रकाशम् ) अथ सा तत्र भवती किमाख्यस्य राजर्षे पत्नी?
[ മുഖംതിരിച്ച് - ഓ!ഇത് രണ്ടാമതും ആശാജനകം തന്നെ. ( പ്രകാശം )- അവർ അങ്ങനെയെങ്കിൽ ഏതുരാജാവിന്റെ പത്നിയാണ്?]
तापसी - " को तस्स धम्मदार परिच्चाइणो णाम सकीतिदु चिन्तिस्सदि?" 【 कस्तस्य धर्मदारपरित्यागिनो नाम सकीर्तयितुं चिन्तयिष्यति?】[ ധർമ്മപത്നിയെ പരിത്യജിച്ച ആ പേര് പറയുന്നതെങ്ങനെ ചിന്തിക്കും?]
राजा - ( स्वगतम्)- इयं खलु कथा मामेव लक्ष्यीकरोति। यदि तावदस्य शिशोर्मातर नामत पृच्छामि। अथवा अनार्य परदारव्यवहारम्। (തനിയേ)- [ ഈ കഥ എന്നെത്തന്നെ ലക്ഷ്യം വച്ചുള്ളതാണല്ലോ. ഇനി ഈ ശിശുവിന്റെ മാതാവിന്റെ പേരു ചോദിച്ചാലോ! അതോ അന്യസ്ത്രീവിഷയമായി അന്തസ്സില്ലാത്ത പെരുമാറ്റമാവുമോ!
              ( प्रविश्य मृण्मयूरहस्ता )
(  കൈയിൽ കളിമൺമയിലിനെയെടുത്ത് താപസി പ്രവേശിച്ചിട്ട് )
तापसी - " सव्वदमण, सउन्दलावण्ण पेक्ख।" 【 सर्वदमन, शकुन्तलावण्यं प्रेक्षस्व।】 [ സർവ്വദമനാ, പക്ഷിയുടെ സൗന്ദര്യം നോക്കൂ ( ശകുന്തം= പക്ഷി - ശകുന്തലാവണ്യം)]
बालक- ( सदृष्टिक्षेपम्) " कहि वा मे अज्जू ? " 【कुत्र वा मम माता?】[ എവിടെ? എന്റെ അമ്മ]
उभे - " णामसारिस्सेण वचिदो माउवच्छलो।"
【 नामसादृश्येन वञ्चितो मातृवत्सल।】
(പേരിന്റെ സാദൃശ്യത്താൽ അമ്മയുടെയോമന കളിപ്പിക്കപ്പെട്ടു.)
                        ( തുടരും )
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 35 🌹
                                                     രാജേന്ദ്രൻ.ഡി
സന്ധി  :- ഭാഷയുടെ ഉപയോഗത്തിൽ വളരെ പ്രധാനമായ ഭാഗമാണ് സന്ധിയും സമാസവും. അനായാസഭാഷാഉപയോഗത്തിന് ഇവ അത്യാവശ്യം. രണ്ടു പദങ്ങൾ തമ്മിൽച്ചേരുമ്പോൾ ആദ്യപദത്തിനവസാനവും രണ്ടാംപദത്തിനാദ്യവും ഉള്ള വർണ്ണവ്യതിയാനമാണ് പൊതുവിൽ സന്ധി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ആദ്യപദത്തിനവസാനവർണ്ണത്തെ "പൂർവ്വം" ( സന്ധിക്കുമുൻപുള്ളത്) എന്നും രണ്ടാംപദത്തിനാദ്യവർണ്ണത്തെ "പരം" ( സന്ധിക്കുശേഷം) എന്നും പറയുന്നു. പ്രധാനമായും വാക്യത്തിൽ ഉച്ചാരണതടസ്സവും അനാവശ്യ'നിർത്തു'കളും ഒഴിവാക്കി പദപ്രവാഹത്തിന് സഹായിക്കുന്നത് സന്ധിയാണ്. "അവൻ ഇവിടെ വരുന്നു എങ്കിൽ" എന്നു പറയുന്നതും "അവനിവിടെവരുന്നെങ്കിൽ" എന്നു പറയുന്നതിലുമുള്ള വ്യത്യാസം നോക്കുക. വിശിഷ്യാ സംസ്കൃതം സാഹിതീരചനകൾക്കനുയോജ്യമായ ഭാഷയായതിനാൽ സന്ധികളുടെ ഉപയോഗം അനിവാര്യമാവുന്നു.
സംസ്കൃതത്തിൽ സന്ധികൾ പ്രധാനമായി മൂന്നുതരം. സ്വരസന്ധി, വ്യഞ്ജനസന്ധി, വിസർഗസന്ധി. ആദ്യം സ്വരസന്ധി പരിശോധിക്കാം.
🌹സ്വരസന്ധി :- രണ്ടു പദങ്ങൾ തമ്മിൽച്ചേരുമ്പോൾ ആദ്യപദത്തിനവസാനവും രണ്ടാംപദത്തിനാദ്യവും ഉള്ള വർണ്ണങ്ങൾ രണ്ടും (പൂർവ്വവും പരവും ) സ്വരാക്ഷരങ്ങളാണെങ്കിൽ അതിനെ സ്വരസന്ധി എന്നുപറയുന്നു.  ഇവ 6 തരത്തിൽ വരാം. 1. സവർണ്ണദീർഘസന്ധി 2. ഗുണസന്ധി 3. വൃദ്ധിസന്ധി 4. യൺസന്ധി 
5. പൂർവരൂപസന്ധി 6. യാന്തവാന്താദേശസന്ധി
********************************************** 
1.സവർണ്ണദീർഘസന്ധി :- സന്ധിക്കുമുൻപും പിൻപും ( പൂർവ്വവും പരവും) 'അ' മുതൽ 'ഋ ' വരെയുള്ള  സമാനസ്വരാക്ഷരങ്ങൾ, 
(ഹ്രസ്വമോ ദീർഘമോ) വന്നാൽ അവരണ്ടും ചേർന്ന് അതേദീർഘസ്വരമാവുന്നു. ഉദാ:-
ദേവ + അധിപഃ = ദേവാധിപ ( പൂർവം "അ"; പരം "അ"; സന്ധിയിൽ അത് "ആ" എന്ന് ദീർഘമായി.( സവർണ്ണവും ദീർഘവും)(അ+അ= ആ)
താപസ + ആശ്രമഃ = താപസാശ്രമഃ (അ + ആ = ആ) 
ശാലാ + അധിപഃ = ശാലാധിപഃ ( ആ + അ = ആ)
വിദ്യാ + ആലയം = വിദ്യാലയം ( പൂർവ്വം "ആ" ; പരം "ആ"; സന്ധിയിൽ "ആ ")(ആ+ആ= ആ)
ഗിരി + ഇന്ദ്രഃ = ഗിരീന്ദ്രഃ ( ഇ + ഇ = ഈ )
ഗിരി + ഈശഃ = ഗിരീശഃ ( ഇ + ഈ = ഈ )
നദീ + ഇവ = നദീവ ( ഈ + ഇ = ഈ )
ഗുരു + ഉക്തിഃ = ഗുരൂക്തിഃ (  ഉ + ഉ = ഊ )
വധൂ + ഉക്തിഃ = വധൂക്തിഃ ( ഊ + ഉ = ഊ )
വധൂ + ഊർമികാ = വധൂർമികാ ( ഊ + ഊ = ഊ )
പിതൃ + ഋണം = പിതൃ*ണം ( ഋ + ഋ = ഋ*)
( * - ദീർഘം)
**********************************************
2. ഗുണസന്ധി :- പാണിനീയവ്യാകരണത്തിൽ "ഗുണഃ " എന്നതിനെ നിർവചിച്ചിരിക്കുന്നത് 
 " അദേങ് ഗുണഃ" എന്ന സൂത്രത്താലാണ്. (അദ് ഏങ് ) ഇവിടെ 'അദ് ' എന്നാൽ ഹ്രസ്വ അകാരമാണ്. 'ഏങ് ' എന്നത് മൂന്നാമത്തെ മാഹേശ്വരസൂത്രമായ 'ഏഓങ് ' എന്നതിന്റെ ചുരുക്കവും. അതായത് ഗുണം എന്നത് 'അകാരം' 'ഏകാരം ' 'ഓകാരം ' എന്നീ വർണ്ണങ്ങളാണ്. ( അ,ഏ,ഓ എന്നീ മൂന്നക്ഷരങ്ങൾ). 
ഗുണസന്ധിയിൽ ഈ മൂന്നുവർണ്ണങ്ങളിലേതെങ്കിലും ഉണ്ടാവുന്നു.
അതായത് "അ/ആ " എന്നീ സ്വരാക്ഷരങ്ങളേതെങ്കിലും പൂർവ്വമായും 
" ഇ / ഉ / ഋ " എന്നവയേതെങ്കിലും പരമായും വന്നാൽ സന്ധിയിൽ യഥാക്രമം "ഏ /ഓ / അര് " എന്നിങ്ങനെയാവും. ഉദാഹരണങ്ങൾ :-
ച + ഇതി = ചേതി ( അ + ഇ = ഏ )
മാതാ + ഇവ = മാതേവ ( ആ + ഇ = ഏ )
രാജ + ഈശ്വരീ = രാജേശ്വരീ ( അ + ഈ  = ഏ)
മഹാ + ഈശ്വരഃ =മഹേശ്വരഃ ( ആ + ഈ = ഏ )
ലംബ + ഉദരഃ = ലംബോദരഃ ( അ + ഉ = ഓ)
മഹാ + ഉന്നതിഃ = മഹോന്നതിഃ (ആ+ഉ = ഓ)
ഏക + ഊന = ഏകോന ( അ+ ഊ = ഓ )
ദേവ + ഋഷിഃ = ദേവര്ഷിഃ ( അ+ ഋ = അര് )
മഹാ + ഋഷിഃ = മഹര്ഷിഃ ( ആ+ ഋ = അര് )
🌹 അനുബന്ധം :- അഭിജ്ഞാനശാകുന്തളം
द्वितीया :- वच्छ, इमस्स मित्तिआमोरअस्स रम्मत्तण देक्ख त्ति भणिदो सि। 【वत्स, अस्य मृत्तिकामयूरस्य रम्यत्व
पश्येति भणितोfसि।】[ വത്സ, ഈ കളിമൺമയിലിന്റെ ഭംഗി കണ്ടോ എന്നാണ് പറഞ്ഞത്]
राजा :- ( आत्मगतम्) किं वा शकुन्तलेत्यस्य मातुराख्या। सन्ति पुनः नमिधेयसादृश्यानि। अपि नाम मृगतृष्णिकेव नाममात्रप्रस्तावो मे विषादाय कल्पते। [ (ആത്മഗതം) എന്ത് ശകുന്തള എന്നുതന്നെയോ ഇവന്റെ അമ്മയുടെ പേര്? വീണ്ടും പേരുകളും സദൃശങ്ങളോ! ഇനി മരീചികപോലെ പേരുകേട്ടപ്പോൾ തന്നെ എന്റെ സങ്കടംകൊണ്ടുള്ള വിചാരമോ!]
बाल :- अज्जुए, रोअदि मे एसो भद्दमोरओ ।【 मात, रोचते म एष भद्रमयूर । 
         ( इति क्रीडनकमादत्ते।)】
[ മാതേ, ഈ സുന്ദരമയിലിനെ എനിക്കിഷ്ടമായി. (ഇപ്രകാരം കളിപ്പാട്ടം കരസ്ഥമാക്കുന്നു.]
              ( തുടരും )
**********************************************


🌹 സംസ്കൃതഭാഷാപരിചയം -36 🌹
                                                    രാജേന്ദ്രൻ.ഡി
🥀 സ്വരസന്ധി ( തുടർച്ച) :-
3. വൃദ്ധിസന്ധി :- പാണിനീയസൂത്രമനുസരിച്ച് 
(" വൃദ്ധിരാദൈച് ") 'വൃദ്ധി ' എന്നത് 'ആദ്' ( "ആ " എന്ന ദീർഘസ്വരം) കൂടാതെ 'ഐച് ' അഥവാ നാലാംമാഹേശ്വരസൂത്രം സൂചിപ്പിക്കുന്ന "ഐഔച് " ( ഐ , ഔ എന്നീ സ്വരങ്ങൾ) എന്നിവയാണ്. അതായത്  "ആ,ഐ,ഔ" എന്നീ സ്വരങ്ങൾ. വൃദ്ധിസന്ധി സംഭവിച്ചാൽ ഈ മൂന്നു സ്വരങ്ങളിലേതെങ്കിലുമാവും സന്ധിയിൽ വരിക. നിയമം :- "അ","ആ" എന്നീ സ്വരങ്ങളേതെങ്കിലും പൂർവ്വമായും ( ആദ്യപദത്തിനവസാനം) "ഏ","ഐ" എന്നീ സ്വരങ്ങളേതെങ്കിലും പരം ആയി ( രണ്ടാം പദത്തിനാദ്യം) വരികയും ചെയ്താൽ സന്ധിസംഭവിക്കുമ്പോൾ അവ "ഐ" എന്ന വൃദ്ധിസ്വരമാവും. അതുപോലെ പൂർവ്വം "അ","ആ" എന്നതിലൊന്നും പരം "ഓ","ഔ" എന്നതിലൊന്നുമായാൽ സന്ധിസംഭവിച്ചാൽ അവ  "ഔ" എന്ന വൃദ്ധിയാവുകയും ചെയ്യും. ഉദാഹരണങ്ങൾ കാണാം.
ന + ഏവ = നൈവ ( അ + ഏ = ഐ)
സദാ + ഏവ = സദൈവ ( ആ + ഏ = ഐ)
രാഷ്ട്ര +ഐക്യം=രാഷ്ട്രൈക്യം(അ+ഐ= ഐ)
രാജാ+ ഐശ്വര്യം = രാജൈശ്വര്യം ( ആ+ഐ=ഐ)
വന + ഓഷധിഃ = വനൗഷധിഃ(അ+ഓ=ഔ)
ഗങ്ഗാ + ഓഘഃ = ഗങ്ഗൗഘഃ( ആ+ഓ=ഔ)
ദിവ്യ + ഔഷധം = ദിവ്യൗഷധം( അ+ഔ =ഔ)
മഹാ+ ഔത്സുക്യം= മഹൗത്സുക്യം 
(ആ+ഔ= ഔ)
4. യൺസന്ധി :- പാണിനീയപ്രത്യാഹാരപദ്ധതിയനുസരിച്ച് മാഹേശ്വരസൂത്രങ്ങളിൽ അഞ്ചാംസൂത്രംമുതൽ വ്യഞ്ജനാക്ഷരങ്ങളെ നിർദ്ദേശിക്കുന്നു. 5. ഹയവര(ട്) ,6. ല(ണ്). അഞ്ചാംസൂത്രത്തിലെ "യ" മുതൽ ആറാംസൂത്രവും ചേർത്തുപറഞ്ഞാൽ "യണ് " എന്നുവരും. അതായത് "യ,വ,ര,ല" ഇത്രയും അക്ഷരങ്ങൾ! അഥവാ "യൺ " എന്നതുകൊണ്ട് അർത്ഥമാക്കുന്നത് യഥാക്രമം 'യ,വ,ര,ല 'എന്നീ വ്യഞ്ജനാക്ഷരങ്ങളെയാണ്. ഇനി യൺസന്ധിയുടെ നിയമം നോക്കാം.
 " ഇ,ഉ,ഋ,ഇലു "എന്നിവയേതെങ്കിലും പൂർവ്വമായും സവർണ്ണമല്ലാതെ ( അതേ അക്ഷരമല്ലാതെ) ഇവയോ മറ്റേതെങ്കിലും സ്വരമോ പരമായും വന്നാൽ പൂർവ്വസ്വരങ്ങളുടെ സ്ഥാനത്ത് യഥാക്രമം "യ,വ,ര,ല " എന്നീ യൺ അക്ഷരം വരും. അതായത് "ഇ/ഈ "എന്നത് 'യ ' ആകും. "ഉ "  എന്നത് 'വ ' എന്നാകും. "ഋ" എന്നത് 'ര്' എന്നാകും. "ഇലു" , 'ല' എന്നാകും. 
ഉദാഹരണം നോക്കാം.
അതി + അധികം = അത്യധികം ( ഇ+അ = യ)
അതി+ഉത്തമം = അത്യുത്തമം( ഇ+ഉ= യു)
പ്രതി+ഏകം = പ്രത്യേകം( ഇ+ഏ=യേ)
നദീ+ ഏവ= നദ്യേവ(ഈ+ഏ=യേ)
ഗുരു+അഷ്ടകം= ഗുര്വഷ്ടകം(ഉ+അ=വ)
സാധു+ഇദം= സാധ്വിദം( ഉ+ഇ= വി)
കവിഷു + ഏകഃ= കവിഷ്വേകഃ( ഉ+ ഏ=വേ)
പിതൃ+അർഥം = പിത്രർഥം( ഋ+അ=ര)
മാതൃ+അംശഃ= മാത്രംശഃ (ഋ+അം= രം)
ഇലു+ആകൃതിഃ = ലാകൃതിഃ ( ഇലു+ആ=ലാ)
**********************************************
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളം 🌹
प्रथमा - ( विलोक्य। सोद्वेगम्) अम्हहे, रक्खाकरङअ से मणिवन्धे ण दीसदि। 【अहो, रक्षाकरण्ङ्कमस्य मणिबन्धे न दृश्यते।】[ പ്രഥമതാപസി-( ഉദ്വേഗത്തോടെ നോക്കിയിട്ട്) അയ്യോ! ഇവന്റെ കൈത്തണ്ടയിലെ രക്ഷാബന്ധനസൂത്രം കാണുന്നില്ലല്ലോ!]
राजा - अलमावेगेन। नन्विदमस्य सिंहशावकविमर्दात् परिभ्रष्टम्। ( इत्यादातुमिच्छति)
[ പേടിക്കാതെ. സിംഹക്കുട്ടിയോടുള്ള പരാക്രമത്തിൽ അഴിഞ്ഞുപോയതാണ്. ( ഇപ്രകാരം അതെടുക്കുവാനൊരുങ്ങുന്നു.)]
उभे-  मा क्खु एद अवलम्बिअ। कह?गहीदणेण। 【 मा खल्वेदतवलम्ब्य - कथम्? गृहीतमनेन।
( इति विस्मयादुरोनिहितहस्ते परस्परमवलोकयत।)
[ താപസികൾ രണ്ടുപേരും- "അതെടുക്കരുതേ!
എന്ത്? അദ്ദേഹമതെടുത്തല്ലോ!(നെഞ്ചിൽ കൈവച്ച് അദ്ഭുതത്തോടെ പരസ്പരം നോക്കുന്നു)]
राजा- किमर्थं प्रतिषिद्धा स्म? [ എന്തിന് നമ്മെ തടയുന്നു?]
प्रथमा - सुणादु महाराओ। एसा अवराजिदा णाम ओसही इमस्स जातकम्मसमए भअवदा मारीएण दिण्णा। एद किल मादापिदरो अप्पाण अ दज्जिअ अवरो भूमिपडिद ण गेह् णादि। 【 शृणोतु, महाराज। एषाfपराजिता नामौषधिरस्य जातकर्मसमये भगवता मारीचेन दत्ता। एतां किल मातापितरावात्मान च वर्जयित्वाfपरो भूमिपतितां न गृह्णाति।[ കേട്ടാലും, മഹാരാജൻ! ഇവന്റെ ജാതകർമ്മസമയത്ത് ഭഗവാൻ മാരീചൻ നല്കിയ 'അപരാജിത' എന്ന ഓഷധിരക്ഷാസൂത്രമാണിത്. ഇവനോ മാതാപിതാക്കളോ അല്ലാതെ മറ്റാരും ഇത് താഴെവീണാൽ എടുക്കാൻ പാടില്ല!]
राजा- अय गृह्णाति? [ എടുത്താലോ?]
प्रथमा- तदो त सप्पो भविअ दसइ। 【 ततस्त सर्पो भूत्वा दंशति।】 [ അത് അപ്പോൾ പാമ്പായികൊത്തും.]
राजा- भवतीभ्यां कदाचिदस्यां प्रत्यक्षीकृता विक्रिया?
[ ഭവതിമാർ എപ്പോഴെങ്കിലുമിത് നേരിട്ടു കണ്ടിട്ടുണ്ടോ? ]
उभे- अणेअसो 【 अनेकशः।】 [ രണ്ടുപേരും - "അനേകതവണ"]
राजा - ( सहर्षम् । आत्मगतम्) कथमिव सम्पूर्णमपि मे मनोरथं नाभिनन्दामि ? [ ( സന്തോഷത്തോടെ - ആത്മഗതം ) " എന്തായാലും എന്റെ മനോരഥം പൂർണ്ണമായതിൽ സന്തോഷിക്കാതിരിക്കുന്നതെങ്ങിനെ?" ]
 ( इति बालं परिरम्भते ) [ ഇങ്ങനെ ബാലനെ ആലിംഗനം ചെയ്യുന്നു ]
              ( തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹 സംസ്കൃതഭാഷാപരിചയം -37 🌹
                                                    രാജേന്ദ്രൻ.ഡി
🥀 സ്വരസന്ധി ( തുടർച്ച) :- 
5. പൂർവരൂപസന്ധി :- മറ്റുഭാഷകളിൽനിന്ന് വേറിട്ട് സംസ്കൃതത്തിന് തനതായ ആകാരഭംഗിനല്കുന്ന വിശേഷപ്പെട്ട ഒരു സന്ധിയാണ് പൂർവരൂപസന്ധി, പേരുപോലെതന്നെ സന്ധി സംഭവിക്കുന്നതിനുമുൻപുള്ളരൂപംതന്നെ ശേഷവും നിലനിർത്തുന്നു എന്ന അർത്ഥത്തിലോ അല്ലെങ്കിൽ സന്ധിയുടെ "പൂർവ്വത്തിൽ" അതായത് ആദ്യപദത്തിന്നവസാനമുള്ള വർണ്ണംതന്നെ നിലനിർത്തുന്നുവെന്ന അർത്ഥത്തിലോ ആകാം. എന്നാൽ രണ്ടാം പദത്തിനാദ്യമുള്ള "പരം" ആണ് വിശേഷരൂപവ്യതിയാനമാർജ്ജിക്കുന്നത്.
നിയമം നോക്കാം. 'പൂർവത്തിൽ' "ഏ" അഥവാ "ഓ" എന്നീ സ്വരങ്ങളേതെങ്കിലും വരികയും 'പരത്തിൽ' "അ" എന്ന ഹ്രസ്വസ്വരം വരികയും ചെയ്താൽ പൂർവത്തിലെ വർണ്ണം മാത്രം നിലനില്ക്കുകയും പരത്തിലെ ഹ്രസ്വ'അ'കാരം മാറി പകരം "അവഗ്രഹചിഹ്നം' ( f ) വരികയും ചെയ്യും. അവഗ്രഹം എന്നാൽ തടസ്സം എന്നർത്ഥം. അതായത് പരത്തിലെ ഹ്രസ്വ അകാരത്തിനെ തടസ്സപ്പെടുത്തുന്നു എന്ന്. എങ്കിലും ഉച്ചാരണത്തിൽ 'പൂർവ'ത്തിൽ വരുന്ന "ഏ"/"ഓ" എന്നീവർണ്ണങ്ങളെ ദീർഘിപ്പിച്ച് ഉച്ചരിക്കണമെന്ന് ഏ.ആർ.രാജരാജവർമ്മയുടെ 'ശബ്ദശോധിനി'യിൽ പറയുന്നു( വിക്കി ). പ്രസിദ്ധമായ 'മേൽപുത്തൂർ-പൂന്താനം ഭക്തി-വിഭക്തി' കഥയിലെ വില്ലൻ ഈ പൂർവരൂപസന്ധിയാണ്. "വിശ്വനാഥോfമരപ്രഭു"
എന്നത് 'വിശ്വനാഥോമരപ്രഭു' എന്ന് അവഗ്രഹം പരിഗണിക്കാതെ പൂന്താനം ചൊല്ലിയതിനെയാണ് മേൽപുത്തൂർ പരിഹസിച്ചത്. "പ്രശ്ലേഷം" എന്നും ഈ ചിഹ്നത്തിന് പേരുണ്ട്. കൂട്ടിച്ചേർക്കുന്നത് എന്നർത്ഥം. വൃത്തപദ്ധതിയിൽ അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിൽ ഇത് പങ്കുവഹിക്കുന്നു. അപൂർവ്വമായി പരത്തിൽ " ആ " എന്ന ദീർഘാക്ഷരം സൂചിപ്പിക്കുവാൻ അടുത്തടുത്ത് രണ്ടു പ്രശ്ലേഷം ( ff )ഉപയോഗിക്കാറുണ്ട്. പലപ്പോഴും വിസർഗ്ഗസന്ധിയിലാണ് പൂർവ്വത്തിൽ "ഓ"കാരം വരാറുള്ളത്. അത് പിന്നീട് കാണാം. ഉദാഹരണങ്ങൾ നോക്കാം.
കേ + അപി = കേfപി ( പൂർവത്തിൽ "ഏ" ; പരത്തിലെ ഹ്രസ്വ "അ"കാരം പ്രശ്ലേഷത്താൽ മാറ്റപ്പെട്ടു. ) 
കോ + അപി = കോfപി ( പൂർവം "ഓ" )
(ഇവിടെ യഥാർത്ഥത്തിൽ "കഃ + അപി " യാണ് വിസർഗം മാറി "കോ + അപി " എന്നായത്. )
ജലേ+അസ്മിൻ=ജലേfസ്മിൻ ( പൂർവം ഏ )
ധീരഃ + അപി = ധീരോ +അപി = ധീരോfപി
സുന്ദരേ+അംബരേ = സുന്ദരേfമ്ബരേ
( सुन्दरे + अम्बरे = सुन्दरेfम्बरे )
അല്പേ+അവസരേ = അല്പേfവസരേ
പുസ്തകേ+അപി= പുസ്തകേfപി
കാലഃ + അസ്തി = കാലോ + അസ്തി = കാലോfസ്തി
പുരുഷഃ + അന്യഃ = പുരുഷോ + അന്യഃ = പുരുഷോfന്യഃ
6. യാന്തവാന്താദേശസന്ധി :- സന്ധി സംഭവിച്ചു കഴിഞ്ഞാൽ "അയ് /ആയ് " എന്നീ "യാന്തങ്ങളോ" (യകാരത്തിൽ അവസാനിക്കുന്നത്) , "അവ് / ആവ് " എന്നീ "വാന്തങ്ങളോ" ( വകാരത്തിൽ അവസാനിക്കുന്നത് ) സന്ധിയിൽ വരുന്നതാണ് "യാന്തവാന്താദേശസന്ധി". 
നിയമം:- പൂർവത്തിൽ "ഏ/ ഐ" എന്നീ സ്വരങ്ങളേതെങ്കിലും, പരത്തിൽ ഏതെങ്കിലുമൊരു സ്വരാക്ഷരവും വന്നാൽ "അയ് / ആയ് " എന്നിവ യഥാക്രമം സന്ധിയിൽ വരും.
അതുപോലെ പൂർവത്തിൽ "ഓ/ഔ" എന്നീ സ്വരങ്ങളേതെങ്കിലും, പരത്തിൽ ഏതെങ്കിലും സ്വരാക്ഷരവും വന്നാൽ "അവ് / ആവ് " എന്നിവ യഥാക്രമം  സന്ധിയിൽ വരും. 
ഉദാഹരണങ്ങൾ :- 
ക്ഷീരേ + ഇച്ഛാ = ക്ഷീരയിച്ഛാ ( ഏ+ ഇ = അയ് )
പ്രഭാതേ + ഉത്ഥാനം = പ്രഭാതയുത്ഥാനം
 ( ഏ + ഉ = അയ് )
തസ്മൈ + ഏതത് = തസ്മായേതത് 
( ഐ + ഏ = ആയ് )
തസ്യൈ + അസ്തു = തസ്യായസ്തു 
( ഐ + അ = ആയ് )
ധേനോ + ഇഹ = ധേനവിഹ 
( ഓ + ഇ = അവ് )
ഗുരോ + അസ്തി = ഗുരവസ്തി 
( ഓ + അ = അവ് )
ബാലൗ + ആഗതൗ = ബാലാവാഗതൗ
( ഔ + ആ = ആവ് )
ഗ്രന്ഥൗ + അവശ്യകൗ = ഗ്രന്ഥാവാവശ്യകൗ
( ഔ + അ = ആവ് ) 
ജനകൗ + ഇതി = ജനകാവിതി
( ഔ + ഇ = ആവ് )
പ്രകൃതിഭാവഃ :- പൂർവ്വം "അ മുതൽ ഋ^ " വരെയുള്ള സ്വരാക്ഷരങ്ങളേതെങ്കിലും വരികയും തുടർന്ന് പരം "ഋ" കാരം വരികയും ചെയ്താൽ സന്ധിമൂലം മാറ്റമുണ്ടാവാത്ത 'പ്രകൃതിഭാവം' സംഭവിക്കുന്നു. പക്ഷേ ഇത് നിർബ്ബന്ധമല്ല. മറ്റു സന്ധികളും വേണമെങ്കിൽ സംഭവിക്കാമെന്ന വികല്പാവസ്ഥയാണ്. 
ഉദാഹരണം, " വർഷാ + ഋതുഃ = വർഷഋതുഃ " എന്ന് പ്രകൃതിഭാവം ആവാം. എന്നാൽ ഗുണസന്ധി സംഭവിച്ച് " വർഷര്തുഃ " എന്നുമാവാം.(പൂർവ്വത്തിൽ ഹ്രസ്വ അകാരവും പരത്തിൽ ഋ കാരവും. ഋകാരം 'അര് ' എന്നാവും.) അതുപോലെ പ്രകൃതിഭാവത്തിൽ പൂർവ്വത്തിലെ ദീർഘസ്വരം ഹ്രസ്വമായി മാറാറുമുണ്ട്. "രാജാ + ഋഷിഃ = രാജഋഷിഃ "
ഇത് ഗുണസന്ധിയിൽ "രാജര്ഷിഃ " എന്നുമാവാം. 
മഹാ+ ഋഷി = മഹാഋഷിഃ/മഹര്ഷിഃ
ഗ്രാമ+ ഋഷഭഃ = ഗ്രാമഋഷഭഃ / ഗ്രാമര്ഷഭഃ
പരമ+ ഋഷിഃ = പരമഋഷിഃ / പരമര്ഷി
**********************************************
🌹അനുബന്ധം :- അഭിജ്ഞാനശാകുന്തളം🌹
द्वितीया :- सुव्वदे, एहि। इमं वुत्तन्तं णिअमव्वावुडाए सउन्दलाए णिवेदेम्ह।【सुव्रते, एहि। इमं वृत्तान्तं नियमव्यापृतायै शकुन्तलायै निवेदयाव। 】
         ( इति निष्क्रान्ते  )
 [ സുവ്രതേ, വരൂ! ജോലിയിൽ മുഴുകിയിരിക്കുന്ന ശകുന്തളയെ ഈ വിവരം അറിയിക്കാം ] (  ഇങ്ങനെ പറഞ്ഞ് പോവുന്നു)
बाल : - मुच म। जाव अज्जुए सआस गमिस्स। 【 मुञ्च माम्। यावन्मातु सकाशं गमिष्यामि 】 [ എന്നെ വിടൂ! ഞാൻ അമ്മയുടെ അടുത്തേയ്ക്കു പോകുന്നു] 
राजा :- पुत्रक, मया सहैव मातरमभिनन्दिष्यसि।
[ പുത്ര, എന്നെക്കൂടെ കൂട്ടി അമ്മയെ സന്തോഷിപ്പിക്കൂ ]
बाल :- मम क्खु तादो  दुस्सन्दो। ण तुम।【 मम खलु तातो दुष्यन्त। न त्वम्। 】 [ എന്റെ പിതാവ് ദുഷ്യന്തനാണ്. നിങ്ങളല്ല.]
राजा :- ( सस्मितम्) एष विवाद एव प्रत्याययति।
 ( तत प्रविशत्येकवेणीधरा शकुन्तला।)
[ രാജാവ് :- (ചിരിച്ച് ) ഈ തർക്കം തന്നെ എനിക്ക് വിശ്വാസം പകരുന്നു. ]( തുടർന്ന്  മുടിയഴിച്ചിട്ട ശകുന്തള പ്രവേശിക്കുന്നു.)
* (വിരഹിണിയായ പതിവ്രതയുടെ രീതി)
शकुन्तला :-  विआरकाले वि पकिदित्थ सव्वदमणस्स आसहि सुणिअ ण मे आसा आसि अत्तणो भाअहेएसु । अहवा जह साणुमदीए आचक्खिद तह सभावीअदि एद।
【  विकारकालेfपि प्रकृतिस्था सर्वदमनस्यौषधिं श्रुत्वा न मे आशाffसिदात्मनो भागधेयेषु। अथवा यथा सानुमत्याffख्यात तथा संभाव्यत एतत्। [ അൽഭുതംതോന്നിയെങ്കിലും സർവ്വദമനന്റെ ഔഷധിരക്ഷയുടെ കാര്യമറിഞ്ഞിട്ടും എനിക്ക് ഭാഗ്യമുണ്ടെന്നാശിക്കുവാൻ തോന്നുന്നില്ല. അല്ലെങ്കിൽ എന്താണോ വരാനുള്ളത് അതുതന്നെ സംഭവിക്കുന്നു.]
                 ( തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹സംസ്കൃതഭാഷാപരിചയം - 38 🌹
                                                രാജേന്ദ്രൻ.ഡി
🥀വ്യഞ്ജനസന്ധയഃ :- സംസ്കൃതഭാഷയിലെ ഗൗരവതരമായ രചനകളെ വായിക്കണമെങ്കിൽ സന്ധികൾ അറിഞ്ഞിരിക്കേണ്ടതാണ്. അതിൽ വലിയൊരളവ് വ്യഞ്ജനസന്ധികളാണ്. വിവിധപേരുകളിൽ പറയപ്പെടുന്നുവെന്നത് കാര്യമാക്കേണ്ടതില്ലെങ്കിലും അവയുടെ സ്വഭാവങ്ങൾ അറിഞ്ഞേപറ്റു. രണ്ടുപദങ്ങൾ ചേരുമ്പോൾ ആദ്യപദത്തിനവസാനമുള്ള 'പൂർവമോ' രണ്ടാംപദത്തിനാദ്യമുള്ള 'പരമോ' വ്യഞ്ജനവർണമായാൽ അത് 'വ്യഞ്ജനസന്ധി' ആണ്. പ്രധാനപ്പെട്ട എട്ടുതരം വ്യഞ്ജനസന്ധികൾ നമുക്ക് നോക്കാം. 
1. ശ്ചുത്വസന്ധി :- പുർവ്വത്തിൽ "സ"കാരമോ "ത"വർഗ്ഗാക്ഷരമോ (ത/ഥ/ദ/ധ/ന ) വരികയും പരത്തിൽ "ശ"കാരമോ "ച"വർഗ്ഗാക്ഷരമോ (ച/ഛ/ജ/ഝ/ഞ)വരികയുംചെയ്താൽ, പൂർവ്വത്തിലെ "സ"/"തവർഗ്ഗം  ;  "ശ"/"ചവർഗ്ഗം" ആയി മാറുന്നു. ഇപ്രകാരം സന്ധിസംഭവിച്ചാൽ പൂർവ്വം "ശ","ച" എന്ന വർണ്ണങ്ങൾ സൂചിപ്പിക്കുന്ന(ശ്+ച് =ശ്ച് )ഏതെങ്കിലുമൊന്ന്  എന്നയർത്ഥത്തിൽ "ശ്ചുത്വം" സംഭവിക്കുന്നുവെന്ന് പറയുന്നു. ഉദാഹരണങ്ങൾ നോക്കാം. 
(രാമഃ 'ലക്ഷ്മണശ്ച' അരണ്യം ഗതൗ)
ഇവിടെ "ലക്ഷ്മണഃ+ ച = ലക്ഷ്മണസ് +ച" എന്ന് ആദ്യം വിസർഗസന്ധിയിൽ വിസർഗം മാറി "സ" കാരജ് വരുന്നു. (വിസർഗസന്ധികൾ വഴിയേകാണാം). അപ്പോൾ 
"ലക്ഷ്മണസ് +ച = ലക്ഷ്മണശ്ച " എന്നാവുന്നു. ഇവിടെ പൂർവ്വത്തിൽ "സ"കാരവും പരത്തിൽ "ച"കാരവും ആയിരുന്നത് സന്ധിയ്ക്കുശേഷം പൂർവ്വത്തിലെ സകാരം "ശ"കാരം ആയി മാറി.
അതിനാൽ ഇത് ശ്ചുത്വസന്ധി.
(പുർവ്വം -സ/ത വർഗ്ഗം ; പരം ശ/ച വർഗ്ഗം ;
സ/തവർഗം മാറി ശ/ച വർഗ്ഗമാവുന്നു 
സ+ച= ശ്ച )
ശരത് +ചന്ദ്രഃ = ശരച്ചന്ദ്രഃ ( പൂർവ്വത്തിലെ തവർഗ്ഗ തകാരം ചവർഗ്ഗ ചകാരമായി മാറി. 
 ത+ച=ച്ച )
ഉത് + ജീവയതി = ഉജ്ജീവയതി ( പൂർവ്വം തവർഗ്ഗ തകാരം പരം ചവർഗ്ഗ ജ കാരം. പൂർവ്വം മാറി ചവർഗ്ഗ ജകാരമായി. ത+ജ= ജ്ജ )
മൃത് +ശകടികാ = മൃച്ശകടികാ ( പൂർവം തകാരം പരം ശകാരം. പൂർവം മാറി ചകാരമായി. ത+ശ=ച്ശ )
തത്+ ജ്ഞാത്വാ = തജ്ജ്ഞാത്വാ ( ത+ജ= ജ്ജ)
2. ഷ്ടുത്വസന്ധി  :- പൂർവ്വത്തിൽ സ/ത വർഗ്ഗാക്ഷരമേതെങ്കിലും  പരത്തിൽ ഷ/ട വർഗ്ഗമേതെങ്കിലും വന്നാൽ പൂർവ്വം മാറി ഷ/ട വർഗ്ഗങ്ങളേതെങ്കിലും (ഷ്ടുത്വം) തന്നെ വരും. 
ഉദാഹരണം - ഉത് +ഡയതേ = ഉഡ്ഡയതേ
( പൂർവ്വം തകാരം ; പരം ടവർഗ്ഗ ഡകാരം ; പൂർവ്വം ഡകാരമായി മാറി. ത+ഡ=ഡ്ഡ)
ബൃഹത് + ടീകാ = ബൃഹട്ടീകാ ( ത+ട= ട്ട )
കന്യാസ് + ഷോഡശ = കന്യാഷ്ഷോഡശ ( സ + ഷ =ഷ്ഷ )
പതത്+ ഡമരുകം =പതഡ്ഡമരുകം ( ത+ഡ= ഡ്ഡ)
ഉത് + ടങ്കനം = ഉട്ടങ്കനം ( ത+ട =ട്ട )
**********************************************
❤️ അഭിജ്ഞാനശാകുന്തളം ❤️ (തുടർച്ച)
राजा :- ( शकुन्तलां विलोक्य ) अये, सेयमत्रभवती शकुन्तला।यैषा-
वसने परिधूसरे वसाना
नियमक्षाममुखी धृतैकवेणि।
अतिनिष्करुणस्य शुद्धशीला
मम दीर्घं विरहव्रत विभर्ति।।
[ (രാജാവ് ശകുന്തളയെ നോക്കിയിട്ട് ) ഓ! ഇതല്ലേ ആ ശകുന്തള! മലിനവസ്ത്രധാരിണിയായി കഠിനചര്യകളാൽ ശുഷ്കവദനയായി മുടിവിതർത്തിട്ട് ,ശുദ്ധശീലയായി, എന്റെ നിഷ്കരുണമായ പരിത്യാഗത്താൽ ദീർഘകാലമായി വിരഹവ്രതത്തെ പാലിച്ചുപോരുന്നവൾ!]
शकुन्तला - ( पश्चात्तापविवर्णं राजानं दृष्ट्वा) ण क्खु 
अज्जउत्तो इव। तदो को एसो दाणिं किदरक्खामंगल दारअ मे गत्तसंगेण दूसेदि?। 【 न खल्वार्यपुत्र इव । तत क एव इदानीं कृतरक्षामङ्गल दारक मे गात्रससङ्गेण दूषयति?
[ (പശ്ചാത്താപവിവശനും വിവർണ്ണനുമായ രാജാവിനെക്കണ്ടിട്ട് ) ആര്യപുത്രനെ ഇതുപോലെ കണ്ടിട്ടില്ലല്ലോ!പിന്നെ ആരാണ്  രക്ഷാമംഗളകൃത്യത്താൽ  ശരീരസ്പർശംമൂലം (എന്റെ പുത്രനെ) അശുദ്ധമാക്കുന്നത്?]
बालक - (मातरमुपेत्य) अज्जुए, एसो को वि पुरिसो म पुत्त त्ति आलिंगति। 【 मात, एष कोfपि पुरुषो मा पुत्र इत्यालिङ्गति। [ അമ്മേ, ഈ മനുഷ്യൻ "എന്റെപുത്രൻ" എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു.]
राजा - प्रिये, क्रौर्यमपि मे त्वयि प्रयुक्तमनुकूलपरिणाम सवृत्तम्, यदहमिदानीं त्वया प्रत्यभिज्ञातमात्मानं पश्यामि। [  പ്രിയേ, ഞാൻകാരണം നിനക്കുവന്ന ക്രൂരതകൾ കൂടി ഇപ്പോൾ സദ്ഫലമുളവാക്കുന്നു.നീമൂലം ഞാൻ എന്നെത്തന്നെ മനസ്സിലാക്കുന്നു.(എന്റെ തെറ്റ് എനിക്കുതന്നെ പിടികിട്ടുന്നു - പ്രത്യഭിജ്ഞാനം)]
                   (തുടരും )
**********************************************

🌹 സംസ്കൃതഭാഷാപരിചയം- 39 🌹
                                                  രാജേന്ദ്രൻ.ഡി
🥀വ്യഞ്ജനസന്ധയഃ ( തുടർച്ച ) :- 
3. അനുസ്വാരസന്ധിഃ :- ആദ്യപദത്തിനവസാനം (പൂർവ്വത്തിൽ) "മ"കാരവും രണ്ടാംപദത്തിനാദ്യം ( പരത്തിൽ) ഏതെങ്കിലും വ്യഞ്ജനവും വന്നാൽ, പൂർവ്വത്തിലെ 'മ'കാരം അനുസ്വാരമായി മാറും. (അനുസ്വാരമെന്നത്  വർണ്ണത്തിനുമുകളിലെ ബിന്ദുവായി രേഖപ്പെടുത്തുന്നു.) ഉദാഹരണം നോക്കാം -
रामम् + दशरथम्+ विद्धि  = रामं दशरथं विद्धि
अयोध्याम् + अटवीम् +विद्धि = अयोध्याम् अटवीं विद्धि
മേൽ വക്യങ്ങളിൽ മകാരം കഴിഞ്ഞ് വ്യഞ്ജനം വന്നപ്പോൾ മകാരം അനുസ്വാരമായി. എന്നാൽ രണ്ടാം വാക്യത്തിൽ മകാരശേഷം സ്വരാക്ഷരം വന്നപ്പോൾ മകാരത്തിന് മാറ്റമില്ലാതെ നിലകൊണ്ടു. ഇത് പൊതുവിൽ ലേഖനനിയമം എന്നറിയപ്പെടുന്നു. അതുപോലെ വാക്യത്തിനവസാനം വരുന്ന മകാരവും മാറ്റമില്ലാതെ തുടരുന്നു. സന്ധിയില്ലാത്തതിനാൽ. 
" सरस्वति नमस्तुभ्यम्।"
"विद्यारम्भं करिष्यामि "
अहं देवं वन्दे।
उचितपदम् उपयुज्य वाक्यं लेखनीयम्।
"सत्यं वद। धर्मं चर। "
4. ജശ്ത്വ സന്ധിഃ :-  
കഖഗഘങ         -  കവർഗം
ചഛജഝഞ     - ചവർഗം
ടഠഡഢണ          - ടവർഗം
തഥദധന             - തവർഗം
പഫബഭമ              - പവർഗം
എന്നിവയാണ് വർഗീയവ്യഞ്ജനങ്ങൾ എന്നറിയപ്പെടുന്നത്. ഇതിൽ ഓരോവർഗത്തിനുമവസാനമുള്ളവ 'അനുനാസികങ്ങളാണ് അഥവാ വർഗീയപഞ്ചമങ്ങൾ ( ങഞണനമ ).  അതുപോലെ ഓരോവർഗത്തിലും ആദ്യത്തെ ഈരണ്ടക്ഷരങ്ങൾ ( കഖ/ചഛ/ടഠ/തഥ/പഫ ) കർക്കശവ്യഞ്ജനങ്ങൾ എന്നും അവസാന മുമ്മൂന്നക്ഷരങ്ങൾ ( ഗഘങ /ജഝഞ / ഡഢണ/ ദധന/ ബഭമ ) മൃദുവ്യഞ്ജനങ്ങൾ എന്നും അറിയപ്പെടുന്നു. കൂടാതെ ( യവരലഹ) എന്നിവയും മൃദുവ്യഞ്ജനങ്ങൾ തന്നെ. 
ഒരു സന്ധിയിൽ പൂർവത്തിൽ അനുനാസികങ്ങളൊഴിച്ചുള്ള ( ങഞണനമ ) വർഗീയവ്യഞ്ജനങ്ങളേതെങ്കിലും വരികയും പരത്തിൽ സ്വരങ്ങളോ മൃദുവ്യഞ്ജനങ്ങളോ വരികയും ചെയ്താൽ പൂർവത്തിലെ വർഗീയവ്യഞ്ജനം, അതാതുവർഗത്തിലെ തൃതീയവ്യഞ്ജനമായി ( മൂന്നാം അക്ഷരം - ഗജഡദബ ) മാറുന്നു. ഇതാണ് ജശ്ത്വസന്ധി
ജഗത് + ഈശ്വരഃ = ജഗദീശ്വരഃ ( ത+ഈ = ദീ )
( തകാരം, ദകാരമായി )
വാക് + വാദഃ = വാഗ്വാദഃ ( ക+വാ = ഗ്വാ)
(കകാരം ഗകാരമായി മാറി )
ഷട് + ആനനഃ = ഷഡാനനഃ ( ട+ ആ = ഡാ )
മഹത്+ വചനം = മഹദ്വചനം ( ത+ വ = ദ്വ )
അപ് + ജം = അബ്ജം ( പ + ജ = ബ്ജ )
അച് + അന്തഃ = അജന്തഃ ( ച+അ = ജ)
പ്രാക് + ഏവ = പ്രാഗേവ ( ക+ ഏ = ഗേ )
🥀 അഭിജ്ഞാനശാകുന്തളം ( തുടർച്ച ) 🥀
शकुन्तला :- (आत्मगतम्) हिअअ, समस्सस। समस्सस परिच्चत्तमच्छरेण अणुअप्पिअ म्हि देवेण।अज्जउत्त क्खु एसो। 【 ह्रदय, समाश्वसिहि समाश्वसिहि।परित्यक्तमत्सरेणानुकम्पितास्मि दैवेन।आर्यपुत्र खल्वेष।
[മനസ്സേ, സമാശ്വസിക്കൂ സമാശ്വസിക്കൂ! ദൈവാധീനം എന്നിൽ ദ്വേഷഭാവം വെടിഞ്ഞ് അനുകമ്പയാവുന്നു. ഇത് ആര്യപുത്രൻ തന്നെയല്ലേ!]
राजा - प्रिये, स्मृतिभिन्नमोहतमसो दिष्ट्या प्रमुखे स्थितासि मे सुमुखि। 
उपरागान्ते शशिन समुपगता रोहिणी योगम्।
[ ഹേ!സുന്ദരീ! ഭാഗ്യവശാൽ ഓർമ്മകൾ അന്ധകാരംവിട്ട് പുറത്തുവന്നിതാ എന്റെമുന്നിൽ നില്ക്കുന്നു. ഗ്രഹണാവസാനം ചന്ദ്രനുമുന്നിൽ പ്രത്യക്ഷമായ ആമ്പൽപോലെ!]
शकुन्तला :- जेदु, जेदु अज्जउत्तो। 【 जयतुजयत्वार्यपुत्र।】 ( इत्यर्थोक्ते बाष्पकण्ठी विरमति ) [ ജയ!ജയ! ആര്യപുത്രാ! ] ( ഇത്രയുംപറഞ്ഞ് നിരുദ്ധകണ്ഠയായി നിർത്തുന്നു )
राजा - सुन्दरि! 
बाष्पेण प्रतिषिद्धोfपि जयशब्दे जित मया
यत्ते दृष्टमसंस्कार पाटलोष्टपुट मुखम्।।
[ സുന്ദരീ! കണ്ണീര് "ജയ"ശബ്ദം തടഞ്ഞെങ്കിലും എന്റെ ജയം ആയിരിക്കുന്നു.
എന്തുകൊണ്ടെന്നാൽ, സൗന്ദര്യലേപനങ്ങളൊന്നുമില്ലാതെതന്നെ രക്തവർണ്ണാധരങ്ങളുള്ള ഈ മുഖം കണ്ടുവല്ലോ!]
                          (തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹സംസ്കൃതഭാഷാപരിചയം - 40 🌹
                                                     രാജേന്ദ്രൻ.ഡി
🥀 വ്യഞ്ജനസന്ധയഃ ( തുടർച്ച) :-
5. പരസവർണസന്ധി :- പൂർവത്തിൽ അനുസ്വാരവും പരത്തിൽ ഏതെങ്കിലും വ്യഞ്ജനവർഗാക്ഷരവും (ക,ച,ട,ത,പ വർഗങ്ങളുടെ - അനുനാസികങ്ങളൊഴിച്ചുള്ള വർണങ്ങൾ) വന്നാൽ പൂർവത്തിലെ അനുസ്വാരം മാറി പകരം പരത്തിലെ വർഗ്ഗാക്ഷരത്തിന്റെ അതേവർഗത്തിലെ അനുനാസികം പൂർവത്തിന്റെ സ്ഥാനത്തുവരും. ഉദാഹരണങ്ങളിലൂടെ വ്യക്തമാവും. 
ഗം + ഗാ = ഗങ്ഗാ ( ഇവിടെ പൂർവത്തിലെ അനുസ്വാരം മാറി പകരം പരത്തിലെ "ഗ"കാരത്തിന്റെ വർഗമായ 'കവർഗത്തിലെ' അനുനാസികമായ "ങ"കാരം വന്നുചേർന്നു. 
വക്രം + ചലതി = വക്രഞ് ചലതി =വക്രഞ്ചലതി
ഇവിടെ പൂർവത്തിലെ അനുസ്വാരത്തിനു പകരം പരത്തിലെ ചവർഗത്തിലെ അനുനാസികമായ "ഞ"കാരം വന്നു. 
തം + ഡമരുഃ = തണ് ഡമരുഃ = തണ്ഡമരുഃ
ഇവിടെ പൂർവാനുസ്വാരം മാറി പരത്തിലെ ടവർഗത്തിലെ (ഡ) അനുനാസികമായ "ണ"കാരം വന്നു. 
സം + ധിഃ = സന് ധിഃ = സന്ധിഃ 
ഇവിടെ പൂർവാനുസ്വാരം മാറി പരത്തിലെ 'തവർഗ'ത്തിലെ ( ധ) അനുനാസികമായ "ന" കാരം വന്നു. 
കം + പതേ = കമ് പതേ = കമ്പതേ
ഇവിടെ പൂർവാനുസ്വാരം മാറി പരത്തിലെ പവർഗത്തിലെ അനുനാസികമായ "മ"കാരം വന്നു. ( പരത്തിന്റെ സവർണ്ണമായ, ഒരേവർഗ്ഗത്തിൽപെട്ട വർണം പൂർവത്തിൽ വരുന്നതിനാൽ 'പരസവർണസന്ധി'! )
കൂടാതെ പൂർവത്തിൽ അനുസ്വാരം ഏതെങ്കിലും പദാന്തമായാൽ ( അഹം + കരോമി) ഈ സന്ധി വികല്പമായേ വരികയുള്ളു. വികല്പം എന്നാൽ ഇച്ഛാനുസാരം. 
രണ്ടുതരത്തിലും ഉപയോഗിക്കാമെന്നുസാരം. അതായത് പദാന്തത്തിലെ "മ"കാരം അനുസ്വാരമാവണമെന്നില്ല എന്ന് നമ്മൾ മുൻപുകണ്ടു. ( ലേഖനനിയമം) അതിനാൽ അനുസ്വാരമില്ലെങ്കിൽ ഈ സന്ധി വരണമെന്നില്ല എന്നർത്ഥം.
അഹം + കരോമി = 'അഹങ്കരോമി' എന്നോ 'അഹംകരോമി ' എന്നോ ഉപയോഗിക്കാം.
6. ചർത്വസന്ധിഃ :- പൂർവം തൃതീയവർഗാക്ഷരവും ( ഗ,ജ,ഡ,ദ,ബ), പരം കർക്കശവ്യഞ്ജനവും ( വർഗാക്ഷരങ്ങളിൽ ആദ്യത്തെ രണ്ടും ശ,ഷ,സ  എന്നിവയും - കഖ,ചഛ,ടഠ,തഥ,പഫ,ശഷസ) ആയാൽ പൂർവം മാറി പൂർവത്തിന്റെ വർഗത്തിലെ ആദ്യാക്ഷരം വരും. ഇത് ജശ്ത്വസന്ധിയുടെ വിപരീതമെന്നുതോന്നും. ഉദാഹരണം-
ആപദ് + കാലഃ = ആപത്കാലഃ 
ഇവിടെ പൂർവത്തിലെ തൃതീയവർഗ്ഗാക്ഷരമായ ദകാരം മാറി തവർഗത്തിലെ ആദ്യാക്ഷരം തകാരം വന്നു. പരത്തിൽ കർക്കശവ്യഞ്ജനമായ കകാരം ആണ്.)
ഷഡ് + കാലഃ = ഷട്കാലഃ
പരിഷദ് + കാര്യം = പരിഷത്കാര്യം
ഏതാദൃഗ് + കീർതിഃ = ഏതാദൃക്കീർതിഃ
അസ്മദ് + പത്രം = അസ്മത്പത്രം
അനുഷ്ടുബ് + ഛന്ദഃ = അനുഷ്ടുപ്ഛന്ദഃ
**********************************************
   ❤️ അഭിജ്ഞാനശാകുന്തളം ❤️
बालः  - अज्जुए , को एसो । 【 मात, क एष 】 [ ബാലൻ - "അമ്മേ! ഇതാരാണ്? ]
शकुन्तला - वच्छ, दे भाअहेआइ पुच्छेहि। 【 वत्स, ते भागधेयानि पृच्छ।】 [ മകനേ, നിന്റെ ഭാഗ്യത്തോട് ചോദിക്കൂ ]
राजा - (शकुन्तलायाः पादयोः प्रणिपत्य ) 
' सुतनु हृदयात् प्रत्यादेशव्यलीकमपैतु ते 
किमपि मनस समोहो मे तदा बलवानभूत्।
प्रबलतमसामेवप्राया शुभेषु हि वृत्तय,
स्रजमपि शिरस्यन्ध क्षिप्ता धुनोत्यहिशङ्क्या।।'
【 രാജാവ് - ( ശകുന്തളയുടെ കാൽക്കൽ വീണ് ) അല്ലയോ സുന്ദരീ! ഞാൻ തള്ളിപ്പറഞ്ഞതുമൂലമുണ്ടായ ദുഃഖം ഒഴിവാക്കൂ! അന്ന് എന്റെ മനസ്സിൽ അറിയാത്ത പ്രബലമായ ഏതോ  അവിവേകം ഉണ്ടായിപ്പോയി. ശുഭകാര്യങ്ങളിലും വസ്തുക്കളിലും തമോഗുണവാൻമാരായവ്യക്തികളുടെ പ്രവൃത്തി, തലയിലണിയിച്ച പുഷ്പമാല്യം പാമ്പാണെന്നുകരുതി വലിച്ചെറിഞ്ഞുകളയുന്നത് പോലെയാണ്. 】
शकुन्तला - उट्ठेदु अज्जउत्तो। णूणं मे सुअरिअप्पडिवन्धअ
पुराकिद तेसु दिअहेसु परिणामाहिमुह आसि जेण साणुक्कोसो वि अज्जउत्तो मइ विरसो सवुत्तो। 【 उत्तिष्ठत्वार्यपुत्र! नूनं मे सुचरित-प्रतिबन्धक पुराकृत तेषु दिवसेषु परिणामाभिमुखमासीद् येन सानुक्रोशोfप्यार्यपुत्रो मयि विरस सवृत्त। 】 [ എഴുന്നേല്ക്കൂ! ആര്യപുത്രാ! നിശ്ചയമായി ശുഭഫലങ്ങൾക്ക് തടസ്സമായി പൂർവ്വജന്മത്തിലെ എന്റെ അശുഭകർമ്മഫലങ്ങൾ അന്നനുഭവിച്ചതാവാം. അതുകൊണ്ടാവാം ദയാലുവായ ആര്യപുത്രൻ പോലും എന്നോട് ആവിധം കഠോരവാനായത്.]  ( राजोत्तिष्ठति।) 【 രാജാവ് എഴുനേൽക്കുന്നു】
                         ( തുടരും)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


🌹സംസ്കൃതഭാഷാപരിചയം - 41 🌹
                                                     രാജേന്ദ്രൻ.ഡി
🥀 വ്യഞ്ജനസന്ധയഃ ( തുടർച്ച) :- 🥀
7. അനുനാസികസന്ധിഃ - പൂർവത്തിൽ ഏതെങ്കിലും വർഗീയവ്യഞ്ജനവും ( 'കചടതപ'യോ അവയുടെ വർഗാക്ഷരങ്ങളോ)  പരത്തിൽ ഏതെങ്കിലും അനുനാസികമോ ( ങഞണനമ ) വന്നാൽ പൂർവത്തിലെ വർഗാക്ഷരത്തിന്റെ സ്ഥാനത്ത് അതേവർഗത്തിലെ അനുനാസികം പകരംവരും. ഉദാ :- ദിക് + മുഖഃ = ദിങ്മുഖഃ
ഇവിടെ പൂർവത്തിലെ കവർഗാക്ഷരമായ "ക"കാരം മാറി, കവർഗത്തിലെ അനുനാസികമായ "ങ"കാരം വന്നു. നിയമമനുസരിച്ച് പരത്തിൽ അനുനാസികമായ "മ"കാരം ഉണ്ടായിരുന്നു.
ഷട് + മുഖഃ = ഷണ്മുഖഃ 
പൂർവത്തിലെ ടകാരംമാറി ടവർഗാനുനാസികമായ ണകാരം വന്നു. പരത്തിൽ അനുനാസികമായ മകാരം ഉണ്ടായിരുന്നു.
ജഗത് + നാഥഃ = ജഗന്നാഥഃ 
ഇവിടെ പൂർവത്തിലെ തകാരം മാറി തവർഗാനുനാസികമായ നകാരം വന്നു. പരത്തിൽ അനുനാസികമായ നകാരം ഉണ്ടായിരുന്നു.
ദിക് + നാഗഃ = ദിങ്നാഗഃ
പൂർവത്തിലെ കകാരം മാറി കവർഗാനുനാസികമായ ങകാരം വന്നു. പരത്തിൽ അനുനാസികമായ നകാരം ഉണ്ടായിരുന്നു.
സുഹൃത് + നാമ = സുഹൃന്നാമ
പൂർവത്തിലെ തകാരം തവർഗാനുനാസികമായ നകാരമായി മാറി. പരത്തിൽ അനുനാസികമായ നകാരം ഉണ്ടായിരുന്നു.
8. ങമുഡാഗമസന്ധിഃ  :- "ങമുട് " ആഗമം എന്നുപറഞ്ഞാൽ "ങമുട് " പുതിയതായി സന്ധിയിൽ ആഗമിക്കുന്നു അഥവാ വന്നുചേരുന്നു എന്നാണ്. "ങമുട് " എന്നത് പാണിനീയപ്രത്യാഹാരം(കോഡ്) ആണ്. 
"ങമുട് " = "ങമ് "+ ഉ + ട് 
ഇവിടെ 'ഉ' എന്നത് ഉച്ചാരണാർത്ഥം വന്നുചേർന്നതും "ട് " പ്രത്യാഹാരത്തിലെ 'ഇത്ത്' ഉം ആണ്. അതിനാൽ "ങമ് " എന്താണെന്നു നോക്കാം. മാഹേശ്വരസൂത്രങ്ങളിൽ ഏഴാമത്തെ സൂത്രമായ "ഞമങണനമ് " എന്നതിലെ
 " ങണനമ് " എന്നഭാഗം മാത്രം ചുരുക്കിപ്പറയണമെങ്കിൽ "ങ " എന്നവർണവും സൂത്രത്തിലെ അന്തിമമായ 'ഇത്തും' ചേർത്ത് 
" ങമ് " എന്നുപറഞ്ഞാൽമതി. "ങ" എന്നതിനും ഇത്തിനും ഇടയിലുള്ള "ണ,ന" ഇവ നിയമമനുസരിച്ച് അതിലുൾപ്പെടും. ചുരുക്കത്തിൽ,"ങമ് " എന്നാൽ "ങ ", "ണ ", 
"ന " എന്നീ വർണങ്ങളാണ്. അപ്പോൾ "ങമുഡാഗമം" എന്നാൽ "ങ,ണ,ന" എന്നതിലേതെങ്കിലും ആഗമം അഥവാ പുതുതായി വരിക എന്നർത്ഥം.
പൂർവത്തിൽ ഒരു ഹ്രസ്വസ്വരത്തിനുശേഷം "ങ,ണ,ന " എന്നിവയിലേതെങ്കിലും വർണവും 
പരത്തിൽ ഒരു സ്വരാക്ഷരവും വന്നാൽ പൂർവത്തിലെ "ങ,ണ,ന" വർണം ഇരട്ടിക്കും. അതായത് സമാനവ്യഞ്ജനവർണം ആഗമിക്കും എന്നർത്ഥം. ഉദാഹരണം :-
പ്രത്യങ് + ആത്മാ = പ്രത്യങ്ങാത്മാ
ഇവിടെ പൂർവ്വത്തിൽ (പ്രത്യങ്) ഹ്രസ്വ "അ " കാരത്തിനുശേഷം "ങ"കാരം ഉണ്ട്. പരത്തിൽ ദീർഘ "ആ"കാരവും. അതിനാൽ "ങ"കാരം ഇരട്ടിച്ചു.
സുഗണ് + ഈശഃ = സുഗണ്ണീശഃ
പൂർവത്തിൽ ഹ്രസ്വ അകാരത്തിനുശേഷം "ണ"കാരം ഉണ്ട്. പരത്തിൽ ദീർഘ ഈകാരവും. അതിനാൽ ണകാരം ഇരട്ടിച്ചു.
കുർവന് + ഏവ = കുർവന്നേവ
പൂർവത്തിൽ ഹ്രസ്വ അകാരശേഷം "ന"കാരം. പരത്തിൽ ദീർഘ ഏകാരം. അതിനാൽ പൂർവത്തിലെ നകാരം ഇരട്ടിച്ചു.
തസ്മിന് + ഏവ = തസ്മിന്നേവ
പൂർവത്തിൽ ഹ്രസ്വ ഇകാരശേഷം നകാരം. പരത്തിൽ ദീർഘ ഏകാരം. അതിനാൽ 
പൂർവ"ന"കാരം ഇരട്ടിച്ചു. 
**********************************************
❤️ അഭിജ്ഞാനശാകുന്തളം ( തുടർച്ച) ❤️
शकुन्तला - अह कहं अज्जउत्तेण सुमरिदो दुक्खभाई अअ जणो? 【 अथ कथमार्यपुत्रेण स्मृतो दुःखभाग्ययं जन।】
[ എന്നാൽ അവിടുന്ന് എങ്ങനെയാണ് ഈ ഭാഗ്യഹീനയെ ഓർമ്മിച്ചത്? ]
राजा- उद्धृतविषादशल्यः कथयिष्यामि।
मोहान्मया सुतनु पूर्वमुपेक्षितस्ते
यो बाष्पबिन्दुरधर परिबाधमान।
तं तावदाकुटिलपक्ष्मविलग्नमद्य
बाष्पं प्रमुज्य विगतानुशयो भवेयम्।।
  ( इति यथोक्तमनुतिष्ठति। )
[ രാജാവ് - ദുഃഖാസ്ത്രമുന ഊരിയിട്ടു പറയാം.
അല്ലയോ സുന്ദരീ! മുൻപ് അറിവില്ലായ്മയാൽ കാണാതിരുന്ന, വക്രതയില്ലാത്ത കൺപീലികളിൽ പറ്റിയ, നിന്റെ അധരങ്ങളെ ശല്യംചെയ്യുന്ന ആ അശ്രുബിന്ദുക്കളെ തുടച്ചുമാറ്റി പശ്ചാത്താപരഹിതനാവട്ടെ.]
( ഇപ്രകാരം പറഞ്ഞതുപോലെ ചെയ്യുന്നു. - കണ്ണീർ തുടയ്ക്കുന്നു )
शकुन्तला - ( नाममुद्रां दृष्ट्वा ) अज्जउत्त, एदं तं अंगुलीअअ 【 आर्यपुत्र, इदं तदङ्गुलीयकम्।】
[ ശകുന്തള - ( നാമമുദ്രമോതിരം കണ്ടിട്ട്) ആര്യപുത്രാ! ഇതാ ആ മോതിരം!]
राजा - अस्मादङ्गुलीयोपभ्यात् खलु स्मृतिरूपलब्धा।
[ മോതിരം ലഭിച്ചതിനാലല്ലേ ഓർമ്മ കിട്ടിയത് ]
शकुन्तला - विसम किदअणेण  तदा अज्जउत्तस्स पच्च अकाले दुल्लह आसि। 【 विषमकृतमनेन यत्तदार्यपुत्रस्य प्रत्ययकाले दुर्लभमासीत्।
[ ആര്യപുത്രനാവശ്യമുണ്ടായപ്പോൾ ഇതില്ലാതിരുന്നതിനാൽ വിഷമത്തിലാക്കിയതാണ്.]
राजा - तेन हि ऋतुसमवायचिह्न प्रतिपद्यता लताकुसुमम्।
[ ഈ , ഋതുസമവായചിഹ്നത്താൽ (വസന്താഗമത്തിൽ) ലത, പുഷ്പധാരിണിയാവട്ടെ! ]
( വസന്തർത്തുവിനുസമം ദുഷ്യന്താഗമനത്താൽ ശകുന്തളാവല്ലരി മോതിരമണിഞ്ഞ് പുഷ്പിണിയാവട്ടെ )
शकुन्तला - ण से विस्ससामि। अज्जउत्तो एव्व ण धारेदु।
【 नास्य विश्वसिमि।आर्यपुत्र एवैतद् धारयतु। 】
[ ഞാൻ ഇതിനെ വിശ്വസിക്കുന്നില്ല. ആര്യപുത്രൻതന്നെ ഇതുധരിച്ചാലും.]
                  ( തുടരും )
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹   സംസ്കൃതഭാഷാപരിചയം - 42 🌹
                                                     രാജേന്ദ്രൻ.ഡി
🥀 വ്യഞ്ജനസന്ധയഃ ( തുടർച്ച) :- 🥀
9. പൂർവസവർണസന്ധിഃ  :- പൂർവത്തിൽ വർഗതൃതീയാക്ഷരങ്ങളേതെങ്കിലും വരികയും ( ഗ,ജ,ഡ,ദ,ബ) പരത്തിൽ "ഹ"കാരവും വന്നാൽ പരത്തിലെ "ഹകാരം", പൂർവവർഗത്തിലെ ചതുർഥാക്ഷരത്താൽ മാറ്റപ്പെടും ( ഘഝഢധഭ ).ഇവിടെ പൂർവത്തിന്റെ അതേവർഗത്തിലെ ( സവർണം) അടുത്ത വർണത്താൽ, പരത്തിലെ ഹകാരം മാറ്റപ്പെടുന്നതിനാൽ 'പൂർവസവർണസന്ധിഃ' ! ഉദാഹരണങ്ങൾ- 
വാഗ് + ഹരതി = വാഗ്ഘരതി ( പൂർവത്തിലെ ഗകാരത്തിനടുത്ത സവർണമാണ് ഘകാരം.)
സമ്രാട് + ഹസതി = സമ്രാട്ഢസതി 
തദ് + ഹിതം = തദ്ധിതം
അബ് + ഹ്രാസഃ = അബ്ഭ്രാസഃ
വാഗ് + ഹീനഃ = വാഗ്ഘീനഃ
ജഗദ് + ഹിതായ = ജഗദ്ധിതായ
10. ഛത്വസന്ധിഃ  :- പൂർവത്തിൽ ഏതെങ്കിലും വർഗീയവ്യഞ്ജനങ്ങളും പരത്തിൽ "ശ"കാരവും തുടർന്ന് സ്വരങ്ങളോ "ഹയവര" എന്നീ വർണ്ണങ്ങളോ വന്നാൽ "ശ"കാരം "ഛ"കാരമായി മാറുന്നു. ( "ഛത്വം"). ഉദാ:-
ഉത് + ശ്വാസഃ = ഉച് + ശ്വാസഃ = ഉച്ഛ്വാസഃ
( ഇവിടെ ആദ്യം പൂർവത്തിലെ "ത"കാരം "ച''കാരമാവുന്ന "ശ്ചുത്വ"സന്ധി സംഭവിക്കുന്നു. പിന്നീട് പരത്തിലെ "ശ"കാരം  "ഛ"കാരമാവുന്ന 'ഛത്വ'സന്ധിയും സംഭവിക്കുന്നു. )
വാക് + ശസ്ത്രം= വാക്ഛസ്ത്രം
വിട് + ശങ്കരഃ = വിട്ഛങ്കരഃ
തദ് + ശാന്തിഃ = തച്ഛാന്തിഃ ( ശ്ചുത്വം കഴിഞ്ഞ് ഛത്വം)
മൃത് + ശകടികം = മൃച്ഛകടികം
സത് + ശീലം = സച്ഛീലം
അടുത്ത തവണ നമുക്ക് വിസർഗസന്ധികൾ കാണാം.
**********************************************
   ❤️ അഭിജ്ഞാനശാകുന്തളം ( തുടർച്ച ) ❤️
                  ( तत प्रविशति मातलि )
मातलि - दिष्ट्या धर्मपत्नीसमागमेन पुत्रमुखदर्शनेन चायुष्मान् वर्धते।
           ( മാതലി പ്രവേശിക്കുന്നു )
[ മാതലി- ഭാഗ്യവശാൽ ധർമ്മപത്നീസമാഗമത്താലും പുത്രമുഖദർശനത്താലും അഭ്യുദയം ലഭിച്ചിരിക്കുന്നു. ]
राजा - अभूत् सम्पादितस्वादुफलो मे मनोरथः। मातले, न खलु विदितोfयमाखण्डलेन वृत्तान्त स्यात् ?
[ രാജാവ് - എന്റെ മനോരഥം മധുരഫലലബ്ധമായിരിക്കുന്നു. ഹേ മാതലേ!
ഈ വൃത്താന്തം ഇന്ദ്രൻ അറിഞ്ഞിട്ടുണ്ടാവില്ലല്ലോ!]
मातलि - (सस्मितम्) किमीश्वराणां परोक्षम्? एत्वायुष्मान्। भगवान् मारीचस्ते दर्शनं वितरति। [ 
മാതലി- (ചിരിയോടെ ) ഈശ്വരന്മാർക്ക് എന്താണ് പ്രത്യക്ഷമല്ലാത്തത്? വന്നാലും!ആയുഷ്മാൻ! ഭഗവാൻ മാരീചൻ അങ്ങേയ്ക്ക് ദർശനം നല്കും. 
राजा - शकुन्तले, अवलम्ब्यतां पुत्रः।  त्वां पुरस्कृत्य भगवन्तं दृष्टुमिच्छामि।
 [ രാജാവ്- ശകുന്തളേ, പുത്രനെ പിടിച്ചുകൊള്ളുക. നിന്നെ മുൻനിർത്തി ഭഗവാനെക്കാണുവാനാഗ്രഹിക്കുന്നു. ]
शकुन्तला- हिरिआमि अज्जउत्तेण सह गुरुसमीव गन्तुं।    【जिह्नेभ्यार्यपुत्रेण सह गुरुसमीपं गन्तुम्।】
 [ ശകുന്തളാ- ആര്യപുത്രന്റെകൂടെ ഗുരുസമക്ഷം പോകുവാൻ ലജ്ജയുണ്ട് ]
राजा - अप्याचरितव्यमभ्युदयकालेषु । एह्य हि।
          ( सर्वे पररिक्रामन्ति।)
രാജാവ് - ജീവിതഭാഗ്യസമയത്ത് അതാണ് ചെയ്യേണ്ടത്.വരികതന്നെ! 
       ( എല്ലാവരും പോവുന്നു .)
             ( തുടരും )
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ