22. ഹൃദയതാളങ്ങൾ
പിഞ്ചിളം കുഞ്ഞിന്റെ ഹൃദയതാളമിളം
പൂവാം കുരുന്നില പൂവിന്റ താളം
നിദ്രയിൽ നിന്നുണരുമ്പോഴവനുടെ
ഹൃദയത്തിൻ താളം വിശപ്പിന്റെ താളം
അമ്മിഞ്ഞതേടി തിരയവേയമ്മയെ,
അപ്പിയുടെ ഹൃത്തിന് വ്യഗ്രതതൻ താളം അമ്മിഞ്ഞയൂറിയുറങ്ങുന്നസമയം
അമ്മയ്ക്കും മോനുമാന്ദോളന താളം
പിച്ചവച്ചീടവേ വീഴുവാനായുന്ന
പൈതലിൻഹൃദയതാളം ഭീതിയാലെ
വീഴാതെ മുന്നോട്ടു കാലു വച്ചീടുകിൽ
വാവേടെ ഹൃദയത്തിനാശ്വാസ താളം
ഗൃഹപാഠംചെയ്യാത്തവിദ്യാർത്ഥി ക്ലാസ്സിൽ ഗുരുവിന്റെമുന്നിലായ്നിൽക്കേണ്ടി വന്നാൽ
മിടിക്കുംഭയത്തിന്റെതാളത്തിൽഹൃത്ത്
അടിയുറപ്പാണെന്നറിയുന്ന നേരം
പരീക്ഷാ ഫലവും പ്രതീക്ഷിച്ചിരിക്കും
പഠിതാവിൻ ഹൃദ്താളം ഉദ്വേഗമൊടെ
വിജയിച്ചെന്നാലാ ഹൃദയമുതിർക്കും
വലുതാമൊരാശ്വാസനിശ്വാസ താളം
പരാജയമേറ്റ് വാങ്ങേണ്ടി വന്നാകിലോ
നിരാശയാൽ മാഴ്കീടുമാ ഹൃദയതാളം
സ്ഥിരമാമൊരുദ്യോഗം നേടിയെന്നാകിലോ
കരുതാമഹങ്കാര താളമാം ഹൃത്തിന്ന്
ഇഷ്ടപ്പെടുമൊരു ബാലിക വലുതാകെ
ഇഷ്ടം പതുക്കെ അനുരാഗമായെന്നാൽ
പ്രേമം കൈമാറുവാനാകാതെ വെമ്പുന്ന
പ്രേമിതൻ ഹൃദയതാളം ചഞ്ചലമാം
ഉള്ളിലെയനുരാഗമൊട്ടുവിടർന്നാൽ
ഉറപ്പാണ് വിവശമായ് മാറും ഹൃദ്താളം
പ്രണയംകൈമാറിക്കഴിഞ്ഞുവെന്നാലോ
പ്രകമ്പിതമാംഹൃദയതാളം പ്രതീക്ഷയാൽ
പ്രണയംസ്വീകാര്യമായെന്നറിഞ്ഞീടുകിൽ
പ്രസരിക്കുമാ ഹൃത്തിലുന്മാദ താളം
പ്രണയം നിരസിച്ചുവെന്നറിഞ്ഞാലോ
പ്രക്ഷോഭ ഭരിതമായ് മാറും ഹൃദ്താളം
പരിണയമാണെന്നറിയവേ ഹൃത്തിൽ
വിരിയുമാഹ്ലാദത്തിൻ താളപുഷ്പ്പങ്ങൾ
മധുവിധുവാഘോഷത്തേരിലേറീട്ടാ
മനമാടുമപ്പൂപ്പൻ താടിതാളത്തിൽ
മധുവിധു തീർന്നാലാഹ്ലാദ പുഷ്പ്പങ്ങൾ
മധുവറ്റിയിതൾ കൊഴിഞ്ഞെന്നപോലാകും
പിന്നെയാ ഹൃദ്താളം കാറ്റു തീരാറായ
പൊത്തബലൂണിന്റെ താളം പോലായിടും
അച്ഛനാകുന്നെന്നറിയുന്ന വേളയിൽ
അഭിമാന താളം ഹൃദയത്തിനുള്ളിൽ
അപ്പൂപ്പനാകുന്നെന്നറിയുന്ന മാത്രയിൽ
അകതാരിലാടുന്നതൂഞ്ഞാലിൻ താളം
മോഹങ്ങൾക്കൊപ്പം ഹൃദയതാളങ്ങളും
മായാപ്രപഞ്ചമാം മനതാരിലേറ്റി
മനുജനാ താളമേളങ്ങൾ കൊഴുക്കും
മനോഹര മായാ പ്രപഞ്ചത്തിലെത്തേ
താളങ്ങളെല്ലാമടിച്ചു ഹൃദയത്തിൻ
താളമെന്നേക്കും നിലക്കുന്നതിൻ മുമ്പ്
വൃദ്ധരാം മാതാപിതാക്കളെ തൻ മക്കൾ
വൃദ്ധ സദനത്തിൽ തള്ളിയെന്നാകിലോ
വൃദ്ധഹൃദയം മിടിക്കുന്ന താളം നിർ-
വ്വികാരതയോടെ ഇഴയുന്ന താളം,
മക്കളെ കുറ്റം പറയുവാനാകാതെ
മനസ്സിലെ വിങ്ങൽ തുടിക്കുന്ന താളം
ഇഹലോകവാസം വെടിയും സമയം
അഹമെന്നഭാവമകതാരിൽ നിന്നും
അറിയാതെയൂർന്നു നിലംപൊത്തുമെന്നിട്ട്
നിറയും ഹൃദയേ പ്രശാന്തിതൻ താളം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ