33. സ്നേഹ ഭാവങ്ങൾ.
സ്നേഹത്തിൻ ഭാവങ്ങൾ വൈവിദ്ധ്യമാർന്നവ
സ്നേഹം മനസ്സിലുള്ളോർക്കതു ബോധ്യമാം
സ്നേഹത്തിന്നാഴവും മൂല്യവും മൂർച്ചയും
സ്നേഹം നടിക്കോർക്കറിയില്ല തെല്ലുമേ
വാവയ്ക്കു സ്നേഹത്തോടൊപ്പം കൊടുക്കണം
വാത്സല്യം, ലാളന, അമ്മതൻ ദുഗ്ധവും
അമ്മതൻ സ്നേഹ വാത്സല്യങ്ങളോടൊപ്പം
അച്ഛന്റെ സ്നേഹ വാത്സല്യ ശകാരവും
കൂടപ്പിറപ്പുകൾ രക്തബന്ധത്തിന്റെ
കൂറാണു കാണിക്ക,തെത്ര ദൃഢതരം
ബാലകർ തന്നുടെ സ്നേഹപ്രകടനം
ബാലിശമല്ല കളങ്കരഹിതമാം
കൂട്ടുകാർക്കിടയിൽ ആത്മാർഥതയുള്ള
കൂറാണവരുടെ സ്നേഹത്തിന്നാഴവും
വേർപെടാ ബന്ധത്തി കെട്ടുറപ്പെന്നതും
വേറിട്ടൊരാത്മബന്ധത്തിൻ രഹസ്യവും
കമിതാക്കൾതന്നുടെ സ്നേഹഭാവങ്ങൾക്ക്
കല്പിച്ചുനൽകിടാം എത്രയോ മാനങ്ങൾ
പ്രേമ, മനുരാഗം ആകർഷണം പിന്നെ
പ്രണയം, പ്രതീക്ഷതൻ മധുരക്കിനാവ്
പതിപത്നിമാരുടെ സ്നേഹബന്ധങ്ങൾ-
ക്കതിരില്ല, യെത്രമാനങ്ങളുണ്ടെന്നോ!
അമ്മയും വാവയും തൊട്ടു കാലുംനീട്ടി
അങ്ങേലോകത്തേയ്ക്കു യാത്രയാകാനായി
കാത്തിരിക്കും വൃദ്ധദമ്പതിമാർവരെ
കാണിച്ചിടും സ്നേഹ ഭാവങ്ങളൊക്കെയും
ഒരുമിച്ചൊരു ചെപ്പിലിട്ടതിനൊപ്പം
കരുണ, കലഹ,മിണക്കം പിണക്കം
എന്നിവയും കൂടി കൂട്ടിയിളക്കിയാൽ
എല്ലാം തികഞ്ഞോരു കൂട്ടാകുമത് തന്നെ
കല്പിച്ചു നൽകിടാം ജീവിതയാത്രയിൽ
കൂട്ടായ്മയായിടും ദമ്പതികൾക്കായി.
വയോധിക ജോഡിതൻ സ്നേഹപ്രകടനം
വേറിട്ട മാനങ്ങൾ, പക്വതയുള്ളവ.
വാത്സല്യം കരുണ,യനുരാഗ, മാദര-
വാത്മാർഥത,യിവ ചേർന്നിട്ടനുപമം
സ്നേഹത്തിൻ ഭാസുര ഭാവങ്ങളിങ്ങനെ
സ്നേഹമുള്ളൊർതമ്മിൽ കാണിക്കുമെന്നാലും
ഇത്രയും സ്നേഹഭാവങ്ങൾ കാണിച്ചിടും
മർത്യനെന്തേ കൊടും ശത്രുത ശീലിപ്പൂ?
ശത്രുതയില്ലാതെ, സ്നേഹം വഴിയും ,
ശാന്തി, സമാധാന,മൈശ്വര്യമെന്നിവ
ശാശ്വതമായ് വാഴുമൊരുലോകമെത്ര
ശ്രേഷ്ഠതരമായിടും ഒന്നോർത്തു നോക്കൂ!