2020 ഫെബ്രുവരി 16, ഞായറാഴ്‌ച

34. പ്ലാസ്റ്റിക് പൂക്കൾ

           34.   പ്ലാസ്റ്റിക്  പൂക്കൾ.

ചെമ്പനീർപ്പൂവിൻ മൃദുല ദളങ്ങളും
ചെമ്പരത്തിയലർ തന്നരുണാഭയും
ചമ്പകപ്പൂവിന്റെ നേർത്ത സൗരഭ്യവും
ചെമ്പകപ്പൂവിൻ ദളത്തിലെ മഞ്ഞയും 

തുമ്പപ്പൂ തന്നുടെ  ശാലീന ഭംഗിയും
മാമ്പൂവിൻ ഗാഢമാം മാദക ഗന്ധവും 
മന്ദാരപ്പൂവിന്റെ ആകർഷകത്വവും
മല്ലികപ്പൂവിന്റെയല്ലിതൻ ഭംഗിയും 

മുള്ളിന്നിടയിലെ കാർത്തികപ്പൂവിന്റെ-
യുള്ളിലെ ശ്യാമച്ചുവപ്പിന്റെ ഭംഗിയും
മുല്ലപ്പൂവിന്റെയാ നൈർമല്യ വെണ്മയും
മുക്കുറ്റിപ്പൂവിന്റെയിത്തിരി ശോഭയും 

പിച്ചകപ്പൂവിന്റെ ഗാഢ സൗരഭ്യവും   
പറങ്കിമാംപൂവിന്റെ നേരിയ വാസനേം  
പാരിജാതപ്പൂവിന്നൂഷ്മള ഗന്ധവും
പത്തുമണിപ്പൂവിൻ നൈമിഷികത്വവും  
 
കൊന്നപ്പൂവിൻ കണി ഐശ്വര്യ പീതവും  
കായാമ്പൂവിന്റെ കടും നീല വർണവും
കനകാംബരത്തിൻ മണമില്ലാ മണവും 
കാക്കപ്പൂവിൻ കടും നീലത്തിൻ ആഴവും

കൃഷ്ണകിരീടത്തിൻ ആകാരഭംഗിയും
കാശിത്തെറ്റിയുടെ ശാലീന ഭംഗിയും 
നീലത്താമരതന്നഭൗമയാഭയും 
നന്ത്യാർവെട്ടത്തിൻ ശുഭ്രസൗകുമാര്യവും

തുളസിക്കതിരിന്റെ ശാലീന ഭംഗിയും  
തൊട്ടാവാടിപ്പൂവിന്നരുണ മൃദുത്വവും 
തെറ്റിപ്പൂവിന്റെയാ ദൈവീക ഭാവവും 
താഴാംപൂവിന്നതി തീക്ഷ്ണമാം ഗന്ധവും

കലംപൊട്ടിപ്പൂവിന്റെയാകാരഭംഗിയും
കൊങ്ങിണിപ്പൂവിന്റെ തീക്ഷ്ണമാം  ഗന്ധവും
പാലപ്പൂവിന്നതി ഗാഢമാം ഗന്ധവും
ഇലഞ്ഞിപ്പൂവിന്റെ നേരിയ വാസനേം

വൈവിധ്യനിറമുള്ള ശംഖ്പുഷ്പങ്ങളും
വേലിച്ചെമ്പരത്തീടെ വിടരായഴകും 
അശോകപ്പൂവിന്റെ ഔഷധ ഗുണവും
ആകാശമുല്ലതൻ നക്ഷത്ര രൂപവും 

കണ്ണിനും മൂക്കിനും  മനസ്സിന്നുമൊരുപോലെ   
വർണ്ണോം,സുഗന്ധോ,മാനന്ദോം നിറച്ചിട്ടു 
പണ്ടൊക്കെയോരോരോ വീടിന്റെ മുറ്റത്തും
പറമ്പിലും തോട്ടിന്റെ  കരയിലുമൊക്കെയായ്

നിന്നിരുന്നെന്നാലവയൊക്കെയവിടെ 
ഇന്നപൂർവ്വ,മെല്ലാം പ്ലാസ്റ്റിക്കു പൂക്കളായ്,
ഇലയായ്, തണ്ടായ് സ്വീകരണ മുറിയിൽ 
ഇരിപ്പുണ്ടതിഥി കണ്ടാസ്വദിച്ചോളും!





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ