ചിരകാല സ്വപ്നങ്ങളും മനസ്സിലടക്കിക്കൊണ്ടു
ഒരുകൊച്ചു'ടോപ്പ്യ'യിലായ് വന്നുചേർന്നു ഞാൻ
മനസ്സിലെയാഗ്രഹങ്ങൾ നിറവേറ്റിയിട്ടു വേണം
മതിമറന്നൊന്നുറങ്ങാൻ സ്വപ്നങ്ങളും കണ്ട്
അതിശയിച്ചുപോയി ഞാൻ കൈവച്ചുപോയ് നാസികയിൽ
അത്രക്കു തിരക്കാ, ണാരും അതിശയിക്കും!
ഇത്രയുമത്യാഗ്രഹമോ പുമാനെ,ന്നറിഞ്ഞില്ല ഞാൻ
ഇത്രയുമത്യാഗ്രഹമോ പാവമെനിക്കും?
എല്ലാമേ നന്നായിവിടെ നടക്കുന്നെന്നറിഞ്ഞപ്പോൾ
വല്ലാത്തൊരു മോഹവുമായി വന്നതാണ് ഞാൻ
അറിയില്ലയെന്നാഗ്രഹം ഞാനാഗ്രഹിച്ചതു പോലെ
നിറവേറ്റാൻ കഴിയുമോ കഴിഞ്ഞാൽ ഭാഗ്യം!
ആഗ്രഹങ്ങൾതൻ കെട്ടുകൾ എല്ലാരുമഴിച്ചുകാട്ടി
അന്യോന്യം ചർച്ചകൾ ചെയ്തു കാര്യകാരണം
നിരയായടുക്കി വച്ചു എല്ലാവരുമാഗ്രഹങ്ങൾ
നിരയായി ഞാനും വച്ചു എന്റെ മോഹങ്ങൾ
നിരത്തിവെച്ച മോഹങ്ങൾ കണ്ടു കണ്ണു മഞ്ഞളിച്ചു
നിലയ്ക്കാത്തയാഗ്രഹത്തിൻ പ്രളയമാണോ?
മോഹങ്ങളേതു വിധേന ആരാൽ നടത്തിയെടുക്കും?
മേലധികാരികളുണ്ടോ? അറിയില്ലാർക്കും !
കൈമടക്ക് കൊടുക്കണമോ കൊടുത്തില്ലേൽ നടക്കില്ലേ
കൊടുത്താലും നടക്കാതെ കാത്തിരിക്കണോ?
കൊടുത്തോരാരുണ്ടിവിടെ കൊടുത്തതുകയെത്രയാ ?
കൊടുത്തിട്ട് നടന്നോ കാര്യം കണ്ടവരുണ്ടോ?
അറിയില്ലയുത്തരമെന്ത് ആർക്കുമറിയില്ലപോലും!
അറിയുവാനെന്താകാംക്ഷ! ആരതു തീർക്കും?
സമയം കടന്നുപോയി സഹനം അതിരുകണ്ടു
സഹയാത്രികരെല്ലാർക്കും സഹിക്കാതായി
തർക്കമായി തമ്മിൽ തമ്മിൽ തനിക്കാദ്യം നേടീടേണം
തന്റെകാര്യം, നിങ്ങടേതു പിന്നെ നേടീടൂ
വാക്കുതർക്കം ഏറിയപ്പോൾ അടിയായി, പിടിയായി
വാക്കത്തിയാലാരോ വെട്ടി, അലർച്ച കേട്ടൂ!
ഉണർന്നു ഞാൻ ഞെട്ടലോടെ ഇരുട്ടിൽ തപ്പിത്തടഞ്ഞു
ഉണ്ടായതെന്താണെന്നൊരു ഊഹവുമില്ല
എഴുന്നേറ്റു ലയിറ്റിട്ടു എവിടെപ്പോയ് മറ്റുള്ളവര്
എന്റേതു കിനാവാരുന്നോ എവിടു'ട്ടോപ്യാ'?
ഇല്ലെന്നതുറപ്പായെനിക്ക് 'ഉട്ടോപ്പ്യ' എന്നൊരു രാജ്യം
ഇല്ലാത്തതുണ്ടെന്നു ചൊന്നാൽ ഉണ്ടാവില്ലല്ലോ?
മനുഷ്യന്റെയാഗ്രഹങ്ങൾ മലയോളം വളർന്നെന്നാൽ
മനസ്സിന്റെ മതിതീർക്കാൻ മറ്റൊരുപായം!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ