2019 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

9. വയലേലയുടെ വിലാപം

    9.   വയലേലയുടെ  വിലാപം

ഓർത്തെടുക്കട്ടേ  ഞാനെൻ ഓർമ്മയിൽ പരതീട്ടു, 
ഓർമ്മയായൊരാ നാളിൻ താളിലെ   പദങ്ങളെ
ചൊല്ലിയന്നാ പദങ്ങൾ നിങ്ങളെന്നെ നോക്കീട്ടു  
'നെല്ലു വിളഞ്ഞീടുന്ന''വയലേല'യാണതു!

'വയാലേല'യല്ലിന്നു ഞാൻ 'വയൽക്കര'യെന്ന  
വ്യക്തിത്വമില്ലാത്തൊരു കോലത്തിലായിപ്പോയി 
അന്നുഞാൻ നാട്ടാർക്കൊക്കെ പൊന്നുവിളയും പാടം 
അന്നദാതാവെന്നെന്നേ വിളിച്ചാദരവോടെ

വളവും വെള്ളോമേകി പരിരക്ഷിച്ചൂ  നിങ്ങൾ
വിഷംതീണ്ടാത്ത വളം പരിശുദ്ധമാം  വെള്ളം!
വിത്തിട്ടു,  കാവൽ നിന്നു, തുരത്തീ  പക്ഷികളെ
ചന്തത്തിൽ ചെറുമികൾ നട്ടു ഞാർ,  പാട്ടുംപാടി
 
ഞാനേറ്റിയവയെന്റെ നെഞ്ചിലായ്  മോദത്തോടെ
ഞാറൊക്കെ  വേരിറക്കി, വിത്തു  മുളച്ചുപൊങ്ങി
ചന്തത്തിലവമെല്ലെ വളർന്നു വലുതായി
ചേലുറ്റപച്ചപ്പോടെ തലയാട്ടിനിന്നു  ഞാൻ
.*****                     *****                  *****
ആശ്രയംകൊടുത്തൂ  ഞാൻ എൻമാറിൽ  പലയിനം
മൽസ്യങ്ങൾ, തവളകൾ,  മാക്രികൾ,  നീർക്കോലികൾ
കൊക്കുകൾ,  കുളക്കോഴി, ഞണ്ടുകൾ  ഇത്യാദിക്ക്
കാത്തു ഞാനവരെയെൻ മക്കളെപ്പോലേയെന്നും

വളർത്തീ ഞാനെന്നതിർ വരമ്പിൽ  പലയിനം
വിളകളാകും തെങ്ങും കമുകും വാഴേം  പിന്നെ 
കുടങ്ങൽ കാക്കപ്പൂവും  ഔഷധച്ചെടികളും, 
കൊടുക്കാൻ പശുക്കൾക്ക് പുല്ലുകൾ  പലയിനം

ചുരുളി,തഴക്കൈത, കാട്ടുചേമ്പുമൊക്കെയും;
അരികെയുള്ള തൊടു ക്രമീകരിച്ചൂ  വെള്ളം
പ്രകൃതീ  സന്തൂലനം നന്നായിപ്പാലിച്ചു ഞാൻ
പറയട്ടെയില്ലെന്നു പഴയ  തലമുറ!
.*****                     *****             .   *****
കാർത്തിക വിളക്കുകൾ നിരത്തിക്കത്തിച്ചിട്ട്
'പൂർത്തിയായ് നിൻവളർച്ച', ഓർമിപ്പിച്ചെന്നേ നിങ്ങൾ
കതിരിട്ടുടനേ ഞാൻ പാകമായ്  പഴുത്തുഞാൻ
കാഞ്ചന നിറമാർന്നു മോഹിപ്പിച്ചു  നിങ്ങളെ

മോഹ,മോദങ്ങളോടെ കൊയ്തു  കറ്റയാക്കീട്ടു, 
മെതിച്ചുണക്കി, ഇട്ടൂ പത്തായത്തിലായ്  നിങ്ങൾ!
കൊയ്തുകഴിഞ്ഞ പാടം നിറഞ്ഞൂ  പശുക്കളാൽ
കൂത്താടിച്ചാടി,മേഞ്ഞു സന്തോഷത്തോടെയവ

കുട്ടികൾ മേളത്തോടെ കളിച്ചൂ പലതരം
കളികൾ, എല്ലാം കണ്ടു നിങ്ങളും  സന്തോഷിച്ചു.
ഇത്രമേൽ നിങ്ങൾക്കു ഞാൻ സന്തോഷം പകർന്നിട്ടും
തത്രപ്പാടോടേ നിങ്ങളൾ   എന്നെക്ക്രൂശിച്ചതില്ലേ?

എന്നുള്ളിൽകല്ലുംമണ്ണും മാലിന്യക്കൂമ്പാരവും
കുന്നോളം നിറച്ചെന്നെ വിരൂപമാക്കിയില്ലേ?
ഇന്നെൻ്റെ  നെഞ്ചിൻ കൂട്ടിൽ കമ്പിത്തൂണുകളേറെ
ഇടിച്ചങ്ങിറക്കുന്നു പിടഞ്ഞുകേഴുന്നു  ഞാൻ

ഭാരവും പേറിനിൽപ്പൂ മന്ദിരങ്ങളേറെയെൻ
കരണത്തിലാകെയും എങ്ങിനെതാങ്ങീടും ഞാൻ?
പേരറിയാ വൃക്ഷങ്ങൾ തങ്ങൾതൻ  കൂർത്തുമൂർത്ത
വേരുകളേറെയെൻ്റെ ഹൃത്തിലേക്കിറക്കീട്ട്

കുത്തിനോവിക്കുന്നെന്നെ, രക്തമൂറ്റിടുന്നെൻ്റെ
ഇത്തിരി ശ്വാസത്തിനായ്  വീർപ്പുമുട്ടീടുന്നു ഞാൻ
ആരെന്നേ ശപിച്ചെന്നു അറിയില്ല  തെല്ലുമേ
അഹല്ല്യാമോക്ഷംപോലെ ശാപമോക്ഷമുണ്ടാമോ?
 
ശാപമോക്ഷത്തിന്നായി കാത്തു ഞാൻ  കിടക്കുന്നൂ
പാപമായൊന്നും തന്നെ  ചെയ്തിട്ടില്ലെന്നാകിലും!
ആവില്ലേ  മർത്യാ നിങ്ങൾക്കെന്നെ  മോചിപ്പിച്ചീടാൻ
ആ നല്ല നാളേക്കായി മോഹിക്കുന്നില്ലേ  നിങ്ങൾ?

മോഹമുണ്ടാകും നിങ്ങൾ, ക്കറിയാമെനിക്കതും
മോഹം നിങ്ങൾ മറയ്ക്കും ദുരഭിമാനം മൂലം!
മോഹമുണ്ടെനിക്കേറെ ഒന്നുയിർത്തെഴുന്നേൽക്കാൻ
മോഹമുണ്ടന്നത്തേപ്പോൽ വയലേലയായ് മാറാൻ!!!

(കരണം = ശരീരം)
                 *******
ഉപഗുപ്തൻ കെ. അയിലറ 


 

2019 ഓഗസ്റ്റ് 28, ബുധനാഴ്‌ച

41. അക്കരപ്പച്ചയിൽ പൊലിയുന്ന സ്വപ്നം

41.  അക്കരപ്പച്ചയിൽ പൊലിയുന്ന              സ്വപ്നം     
        
     
അക്കരപ്പച്ചയാം ഗൾഫിലെത്താനായ്
അവിടെയെത്തീട്ട് പച്ചപിടിക്കുവാൻ 
എത്രയോ നാളായ് കാത്തിരുന്നെങ്കിലും
ഇത്രനാൾ  സ്വപ്നമായിട്ടത് ശേഷിച്ചു
 
മിത്രങ്ങൾ  ഖാദറും ചന്ദ്രനും ജോസും  
എത്രയോമറ്റു കൂട്ടുകാർ നാട്ടുകാർ
അക്കരെയെത്തീ ഒരു കരയ്ക്കെത്തി
ഇക്കരെ വെറും സ്വപ്നവുമായ് താനും 
.
കാസ്സീമിക്കാ ചൊല്ലിയൊരു ദിവസം    
വിസ്സാ ശരിയാക്കിത്തന്നിടാമെന്നാൽ 
ലക്ഷമൊന്നു കൊടുക്കേണ്ടിവരുംപോൽ
ലക്ഷ്യത്തിലെത്താൻ മാർഗ്ഗവും  കാണണം!

അക്കരെയുള്ള ഏജന്റിനും പിന്നെ
ഇക്കരെയുള്ള യാത്രാ ദല്ലാളിനും
എമിഗ്രേഷനൻ ക്ലിയറൻസിനായും
വിമാനത്താവളപ്പോലീസ്സുകാർക്കും

ഒന്നുപോൽ മൊത്തമത് ഭാഗിക്കവേണം 
പിന്നെയൊരു കൊച്ചു പങ്കു തനിക്കും !
ചെറ്റും ദയ കാസ്സീമിക്ക കാട്ടീലാ   
ഒറ്റവഴി മാത്രമേയിനി ബാക്കി 

അച്ഛനമ്മമാരേ സമ്മതിപ്പിച്ചു 
കൊച്ചുകൂരേമുള്ള രണ്ട് സെന്റും വിറ്റു   
ഇക്കായ്ക്കതിലൊരു ലക്ഷം കൊടുത്തു 
ടിക്കറ്റിനായ് വേണം ബാക്കി തനിക്ക്  
.
വിസ്സായിക്കായിട്ടു കാത്തിരുപ്പായി
കാസ്സിമു ചൊല്ലിയുടനതു കിട്ടും
കിട്ടിയില്ലേഴെട്ടു മാസമായിട്ടും
'പെട്ടു'പോയെന്നൊരു മട്ടിലായ്ക്കാര്യം

കാസിമിനെയൊട്ടു കണ്ടുകിട്ടാതായ്
മാസങ്ങളാറോ ഏഴോ കഴിഞ്ഞപ്പോൾ 
കാസ്സീമൊരു ദിനം പ്രത്യക്ഷനായി 
വിസ്സാക്കോപ്പി പൊക്കിക്കാട്ടീട്ടു ച്ചൊല്ലി

എത്തിയിട്ടുണ്ട്  വിസ്സായിതു  കണ്ടോ
യാത്രാദല്ലാളിനെ പോയിനിക്കാണൂ
യാത്രാദല്ലാൾ ചൊല്ലീ  ജോലീടെ വിസ്സാ
മാത്രമേയുള്ളൂ ജോലിക്കരാറില്ല 

പോയില്ലേൽ പൈസാ തിരികെക്കിട്ടില്ല
പോയിക്കിട്ടും തുകേം വീടുമൊന്നായി
പോകുകയല്ലാതെ മാർഗ്ഗമില്ലെന്നായ്
പോകാതിരിക്കുവാനാകില്ല താനും!

ഓർത്തുതാൻ നാട്ടിലെ കുട്ടൻ്റെ കാര്യം
ഒമാനിൽ പോയിട്ടവൻ ജയ്ലിലായി
ജോലിക്കരാറവനില്ലാതെ പോയോണ്ട്
ജോയ്ക്കുട്ടീയുടെ കാര്യോമതുതന്നെ !

കരാറില്ലാതെതന്നക്കരെപ്പോയ
കരീമിന് കിട്ടിയത് നല്ലോരു ജോലി
ഭാഗ്യമവനെത്തുണച്ചെന്നു സാരം
ഭാഗ്യം പരീക്ഷിച്ചു നോക്കുക തന്നെ
 
ചിന്തിച്ചു നിന്നിട്ടിനിയെന്തു കാര്യം? 
ചിന്തിച്ചുപോയാലവസാനമില്ല
വേഗമൊന്നക്കരെ പോകുക തന്നെ
ഭാഗ്യമുണ്ടോ എന്നാലെല്ലാം നടക്കും!
  
അക്കരെയെത്തി, തനിക്കു സന്തോഷം
അവിടുത്തെയേജന്റു ചൊല്ലീയിനി,
"ജോലിക്കായിക്കരാറില്ലാത്തതിന്നാൽ 
ജോലി കണ്ടുപിടിക്കേണം സ്വയം താൻ

പോലീസ്സിൻ കയ്യിൽ പെടാതെ നോക്കേണം
പോലീസ്സു പൊക്കിയാൽ  ജയിലിലാകും
ജോലിക്കായ് തെണ്ടി നടന്നനേകം നാൾ 
കാലിയായ് പോക്കറ്റതിനകം തൻ്റെ 

പട്ടിണിയായിട്ടും തെണ്ടി ജോലിക്കായ് 
കിട്ടിയത് കൂലിപ്പണിയവസാനം
കിട്ടുന്ന പൈസാ തികയില്ലയൊട്ടും
പട്ടിണി മാറ്റുവാൻ പോലും തികയാ 

ചിന്തിച്ചു നാട്ടിലെ കൂലിപ്പണിയാണ്
അന്തസ്സുമഭിമാനോമുള്ള ജോലി,
ഭാഗ്യം തേടിത്തങ്ങൾ കേരളം വിട്ടൂ 
ബംഗാളി കണ്ടെത്തി നാട്ടിലായ് ഭാഗ്യം !

എന്തു ചൊല്ലും വിരോധാഭാസമല്ലേ
എന്തേ വിദ്യാഭ്യാസമേറെ നടിക്കും
മലയാളീടെ മണ്ടത്തരമെന്നോ?
മലർപ്പൊടിക്കാരൻ്റെ സ്വപ്നമെന്നോ?
   
താമസിച്ചില്ലായധികനാൾ,  തൻ്റെ
താമസസ്ഥലത്ത് പോലീസ്സുകാരെത്തി!
പൊക്കീയവരെല്ലാ  താമസ്സക്കാരേം
നീക്കീ ജയിലിലേക്കെല്ലാവരേയും 

പെട്ടുപോമേറെ നാൾ ജയിലിലിനി  
പട്ടിണി മാറീടും തന്റേതെന്നാലോ  
പട്ടിണിയാകുമെന്നാലിനി തൻ്റെ
പെറ്റമ്മേമച്ഛനും സോദരരൊക്കെ

കേട്ടില്ല സർക്കാരിൻ മുന്നറിയിപ്പും
പഠിച്ചില്ല പാഠങ്ങൾ കണ്ടറിഞ്ഞിട്ട്  
കണ്ടതും കേട്ടതും കാര്യമാക്കീല്ലാ!
കൊണ്ടറിഞ്ഞിട്ടിന്നു പാഠം പഠിച്ചു.

ഗൾഫെന്നയക്കരപ്പച്ചയുള്ളോളം
ഗൾഫുമോഹം മലയാളിക്കു തീരാ!
നാട്ടിലെ ജോലി ബംഗാളിക്കു നൽകീ-
ട്ടൊട്ടകത്തെ മേയ്ക്കാൻ ഗൾഫിലേക്കോടും! 
     
   
 
  
 
 
 
 
   

2019 ഓഗസ്റ്റ് 25, ഞായറാഴ്‌ച

19. അമ്മയെന്ന നിർവൃതിച്ചെപ്പ്

19.  അമ്മയെന്ന നിർവൃതിച്ചെപ്പ് 

അമ്മയുടെ പൊക്കിൾക്കൊടിയുടെ ബന്ധം
അടരും വേദനാ രോദനമമ്മയ്ക്ക്
അത്യന്തമാഹ് ളാദ നിർവൃതികളേകി  
അവനിയിൽ പിറന്നുണ്ണി കണ്ണുമടച്ച് 

മാനവ ശാപമാം പശിയുടൻ തന്നെ
വിനയായവനേക്കരയിച്ചുറക്കെ
"എവിടെ, പയോധര, മമ്മേ പറയൂ
എവിടെ?", കൈ വായുവിൽ പരതീയവൻ

നിർവൃതിയിൽ നിന്നുണർന്നിട്ടു പിന്നെയും 
നിർവൃതി കൊണ്ടമ്മ, അടുത്തേയ്ക്കവനെ
അണച്ചുപിടിച്ചുകൊണ്ടമ്മിഞ്ഞയേകീട്ട് 
അനവരതം ചുടുചുംബനമേകി   

ആദ്യമായ് കണ്ണു തുറക്കവേ നിർവൃതി, 
ആദ്യമായുണ്ണി തന്നമ്മയ്ക്കായേകിയ 
പിഞ്ചിളം ചുണ്ടിലെ പാലൂറും പുഞ്ചിരി
പഞ്ചാമൃത, മമ്മയ്ക്കു നിർവൃതി വീണ്ടും.

ഉണ്ണി കമഴ്ന്നാലും നീന്തിത്തുടിച്ചാലും 
ഉണ്ണിക്കാൽമുട്ടിലിഴഞ്ഞാലും നിർവൃതി
പിച്ചവച്ചുണ്ണി  നടന്നാലതി നിർവൃതി
അച്ഛനുമമ്മയ്ക്കുമൊന്നിച്ചു നിർവൃതി

ഉണ്ണിയേയമ്മ തലയ്ക്കുമീതേ പൊക്കി
കിണ്ണാരം ചൊല്ലിച്ചിരിച്ചു  രസിയ്ക്കവേ
പുണ്യാഹമമ്മേടെ വായിൽത്തളിച്ചുണ്ണി
കണ്ണിറുക്ക്യാലതുമമ്മയ്ക്കു നിർവൃതി!

കാലു വളർന്നാലും കയ്യു വളർന്നാലും 
കാലാകാലത്തെ വളർച്ചകൾ കണ്ടാലും
ഉണ്ണി വളർന്നേറെപ്പൊങ്ങിയാലും തൻ്റെ
ഉണ്ണിയൊരു നിർവൃതിച്ചെപ്പു തന്നമ്മക്ക് 

ഇത്രമേൽ നിർവൃതി നെഞ്ചിലേറ്റി അമ്മ
പുത്രവാത്സല്യ മാഹാൽമ്യം കാട്ടീടവേ     
അറിയാതെപോകുമാണ്മക്കളേറെയും
അമ്മയുടെ പൊന്നുണ്ണിയെന്നെന്നും താനെന്ന്

അമ്മയമ്മൂമ്മയായ് മാറവേ, താനൊരു
അച്ഛനായ് മാറവേ അമ്മതൻ പൊന്നുണ്ണി-
ക്കമ്മയൊരന്യയായമ്മയെ വേണ്ടാതായ്
അമ്മയെയെത്തിക്കുമഭയകേന്ദ്രത്തില് 

അമ്മയ്ക്ക്  പരിഭവമില്ല തെല്ലും തൻ്റെ
പൊന്മുത്ത്  സുഖമായി വാഴട്ടെ, തന്നുടെ
നിർവൃതിചെപ്പു പതുക്കേയൊരു ചെറു
നിർവികാരച്ചെപ്പായ് മാറുമെന്നാകിലും!

 
 
     
  
 
  
   

2019 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

11. വർഷ ഹർഷം.

     11.  വർഷ ഹർഷം

വാനത്തു പാറിക്കളിച്ചു നടന്നോരു  
വെൺമേഘമാലാഖമാർക്കു തോന്നി 
നനവുള്ളതെന്തോ കയറുന്നുവല്ലോ 
നിനയാത്ത നേരത്തിടയിലേയ്ക്ക്  

നീരാവിയാണതെന്നറിയേയവർക്ക് 
കരയേണ്ടി വരുമെന്നുറപ്പ്  വന്നു 
കറുപ്പ്  മേലങ്കിയും കദനവും പേറി
കാർമേഘമാം പയോധരമായ് മാറി

മയിലുകൾക്കുന്മാദമേറീട്ടിണയെ
മയക്കീടുവാനായി നൃത്തമാടി
വാനത്ത് പയോധരമിരുണ്ടു തുടങ്ങേ 
വരണ്ട ധരണിക്ക് പ്രത്യാശയേകീട്ട്  
   
തുള്ളിയായ് കണ്ണുനീരാദ്യമുതിർത്തിട്ടു
തുരുതുരെ പെയ്തിട്ട് മഴയായ് മാറീട്ട്  
വീഴുന്ന വേളയിൽ കണ്ടൂ വഴിയിലായ്
മഴവില്ലിൻ മാദക വർണ്ണ ചിത്രം 

കദനം വെടിഞ്ഞിട്ട് ഹർഷമോടെ പിന്നെ 
കിന്നാരം ചൊല്ലിത്തകർത്തങ്ങു പെയ്തു
കുളിരിൻ തരികളെറിഞ്ഞു കളിച്ചു,
കുളിരല വീശിപ്പതിച്ചു താഴേയ്ക്ക്   

പുഴതന്നിൽ വീണിട്ടു തുള്ളിക്കളിച്ചു 
ആഴക്കിണറ്റിലായ് വീണിട്ടൊളിച്ചു
ചേമ്പിലേൽ വീണിട്ടൊന്നാടിക്കളിച്ചു ക-
രിമ്പാറേൽ വീണിട്ടു കുതിച്ചു മേലോട്ട് 

എന്നിട്ടു വീണിട്ടു ചിന്നിച്ചിതറീട്ടു 
ഒന്നാകുവാനോടിയൊഴുകിയെത്തി 
വയലിലോ വീണ് താളം കെട്ടിനിന്നിട്ടു 
പൊയ്കയിൽ വീണുലയിച്ചങ്ങു ചേർന്നു

വേഴാമ്പൽ തന്നുടെ ദാഹവും തീർത്തിട്ടു ,
കേഴുന്ന ഭൂമിയ്ക്കൊരാശ്വാസമേകീട്ട്,
പുഴയിലൊഴുക്കിൻ്റെയാക്കവും കൂട്ടീട്ട് 
വഴിയോരയഴുക്ക് തുടച്ചെടുത്തിട്ട് 
  
വറ്റിയ കൂപത്തിൻ വയറും നിറച്ചിട്ട് ,
വറ്റും താടാകത്തിൻ പള്ള നിറച്ചിട്ട് 
വിയർക്കും പ്രകൃതിക്കു കുളിരേകിയിട്ട്
വാടുന്ന ചെടികൾക്ക് ജീവൻ പകർന്നിട്ട്

വിണ്ടോരുപാടത്തെവിള്ളൽ നികത്തീട്ടു
വിത്തിടാൻ പാകത്തിൽ പാടം നനച്ചിട്ട്  
വായുവിലലിഞ്ഞ മാലിന്യങ്ങൾ മാറ്റീട്ട്      
വർഷം ചൊരിഞ്ഞേറെ ഹർഷമോടെ!!!
 
 
     

2019 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

പഴഞ്ചൊല്ലുകൾക്ക് മറുചൊല്ലുകൾ (2)

പഴംചൊല്ലുകൾക്ക് മറുചൊല്ലുകൾ (2)

"അകത്തു കത്തിയും പുറത്തു പത്തിയും"
അകത്തെ കത്തല് പുറത്തറിയരുത്

"അക്കരെച്ചെല്ലണം തോണിയും മുങ്ങണം"
അക്കരെപ്പൊങ്ങണേൽ ഇക്കരെ മുങ്ങണം 

"അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതില്ല"
അഗ്രഹാരത്തിൽ പിറന്ന കഴുത വേദമോതുമോ

"അങ്കവും കാണാം താളിയുമൊടിക്കാം"
അങ്കം കാണാതെയും താളമടിക്കാം

"അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല"
അങ്ങാടിപ്പട്ടി ആലയത്തിലും നിൽക്കും

"അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്കു കുറ്റം"
അങ്ങാടിയിലെ ജയം തൊമ്മന്റെ കൂറ്റം

"അച്ചിക്ക് കൊഞ്ചു പക്ഷം; നായർക്ക് ഇഞ്ചി പക്ഷം"
അച്ചിക്കു കൊഞ്ചൽ വന്നാൽ നായർക്ക് പുഞ്ചിരി വരില്ലേ?

"അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളനെന്നാ പേര്"
അടയ്ക്ക കട്ടാൽ കൊച്ചു കള്ളൻ; ആനകട്ടാൽ പെരുങ്കള്ളൻ

"അടക്കമില്ലാത്ത അച്ചി അടുപ്പിൽ"
അടക്കമുള്ള അച്ചിക്ക് അടുക്കളയിലും കിടക്കാം   

"അടിക്കുന്ന ചൂല് തലയ്ക്കു വയ്ക്കരുത്"
അടിക്കാത്ത ചൂല് തലയ്ക്കു വയ്ക്കുമോ?

"അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക"
അടിച്ച വഴിയേ പോയാലും അടച്ച വഴി തുറക്കണമെന്നില്ല

"അട്ടയെ പിടിച്ചു മെത്തേൽ   കിടത്തുക"
അട്ടയെ പേടിച്ചു പത്തായത്തിൽ കേറുമോ?

"അറിയുന്നവനോട് പാറയയേണ്ട; അറിയാത്തവനോടും പറയേണ്ട"
അറിയുന്നവൻ പറയാതറിയും; അറിയാത്തവന് പറഞ്ഞാൽ ചൊറിയും.

"അഴകുള്ള ചക്കയിൽ ചുളയില്ല"
അഴുകും ചക്കയിൽ പുളയ്ക്കും  പുഴു 

"അഭിമാനം കൊടുത്താൽ അങ്ങാടീന്ന് അരി കിട്ടില്ല"
അഭിമാനം കടുത്താൽ അങ്ങേതിലും അടുപ്പിക്കില്ല

"ആനയ്ക്കറിയില്ല ആനയുടെ വണ്ണം"
ആനയ്ക്കറിയാം പാപ്പാന്റെ വണ്ണം.

"ആനയ്‌ക്കെതിരില്ല; ആശയ്ക്ക് അതിരില്ല."
ആനയ്ക്ക് തെരിയില്ല ആശയ്ക്ക് അതിരില്ലെന്ന്.

"ആടാ ചാക്യാർക്ക് അണിയൽ പ്രധാനം"
ആടും ചാക്യാർക്ക് പണം പ്രമാണം

"ആയിരം പഴംചൊല്ല് ആയുസ്സിന് കേടല്ല"
ആയിരംപഴം ഒന്നിച്ചു തിന്നാലായുസ്സിന് കേട് 

"ആരാനും കൊടുക്കുമ്പോൾ അരുതെന്ന് പറയരുത് "
ആരാനും തരുമ്പോൾ അരുതെന്ന് പറയാം

"ആരും മുടക്കില്ലെങ്കിൽ വ്യാഴം മുടക്കും"
ആരു മുടക്കിയാലും വഴി മുടങ്ങാം

"ആവശ്യക്കാരന് ഔചിത്യമില്ല "
ആവശ്യമില്ലാത്തോനൗചിത്യം നോക്കണോ 

"ആശയറ്റാൽ അർത്ഥമായി"
ആശ കൂടിയാൽ അനർത്ഥമാകും

"ആശാന് പിഴച്ചാൽ ഏത്തമില്ല"
ആശാനെ പഴിച്ചാൽ ഏത്തമുണ്ട്

"ആശാൻ വീണാൽ അതുമൊരടവ്"
ആശാൻ എണീറ്റാൽ അടി ഉറപ്പ്

"ആശാരി അകത്തായാൽ ആധാരം പുറത്ത്"
ആശാരി  'അക'ത്തായാൽ പരിവാരം വഴിയാധാരം 

"ആസനത്തിലെ പുണ്ണ് അങ്ങാടിയിൽ കാട്ടരുത്"
ആസനത്തിലെ ആല് അങ്ങാടിയിലെ പാട്ട്

"ആറ്റിൽ കളഞ്ഞാലും അളന്നു കളയണം"
ആറ്റിൽ കളഞ്ഞത് കുളത്തിൽ തെളിയുമോ

"ആളേറെ ചെല്ലുന്നതിനേക്കാൾ താനേറെ ചെല്ലുക"
ആളറിയെ ചെന്നാൽ താനറിയെ പോരാം

"ആള് ചെറുതെങ്കിലും കോള് വലുത്"
ആള് വലുതെങ്കിൽ കൊളതിലും വലുത്

"ആളുവില, കല്ലുവില"
ആള് പുലി; പുല്ലുവില

"ആഴമറിഞ്ഞേ കാലു വയ്ക്കാവൂ"
ആഴമറിയാതെയും തുഴയെറിയാം!

"ആഴമുള്ള കുഴിയ്ക്ക് നീളമുള്ള വടി"
ആഴമില്ലാക്കുഴീൽ ഉയരമില്ലാത്താന

2019 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

പഴഞ്ചൊല്ലിന് മറുചോല്ല് (1)

.  പഴഞ്ചൊല്ലുകൾക്ക്  'മറു'ചൊല്ലുകൾ (1)

പഴഞ്ചൊല്ലിൽ പതിരില്ലെന്നുള്ളോരു ചൊല്ല്
പഴഞ്ചനാവില്ലത്രേ   പലവട്ടം  ചൊല്ല്യാലും

"പണമുള്ളോരച്ഛന് നിറമുള്ളൊരു പെണ്ണ്"
പണമില്ലാ പയ്യന്  കുറവേറിയ  പെണ്ണ്

'പെണ്ണിനേംമണ്ണിനേം ദണ്ഡിച്ചാൽഗുണമുണ്ട്"
പെണ്ണിനെ കെട്ടിയോ കൺകാലുകൾ കെട്ടി

"പെൺചൊല്ലു കേട്ടിട്ട് പെരുവഴീലാണേൽ"
പെണ്ണിനെകെട്ടീട്ട്  വഴിയേ വരും ചിലർ

"പത്തമ്മ ചമഞ്ഞാലൊരു പെറ്റമ്മയാവില്ല"
പെറ്റമ്മ ചമഞ്ഞിട്ടൊരു പോറ്റമ്മയായിടാ

"പശു ചത്താൽ മോരിന്റെ പുളിയില്ലാതാകും" 
പശി മൂത്താൽ കരയാത്തൊരുപിള്ളയുമില്ല

"പാപി ചെല്ലുന്നയിടം പാതാളമാകുകിൽ"
പാപം ചെയ്യാത്തവരെറിയട്ടവനെ  കല്ല് 

"പിച്ചയ്ക്കു വന്നവനച്ചിക്ക്   നായരായി"
പൂച്ചയ്ക്ക് മണികെട്ടിയൊച്ചയുണ്ടാക്കിക്കും

"പൊന്നും കുടത്തിനുപൊട്ടുവേണ്ടെ"
പൊന്നൊത്തിരി വേണ്ടിവരും മൊഞ്ചില്ലാ പെണ്ണിന്ന്

"പട്ടി കുരച്ചാലോ  പടി തുറക്കും"
പട്ടി കുരച്ചില്ലേൽ പടിയടഞ്ഞീടുമോ? 

"പൊരിയുന്ന ചട്ടീന്ന്  എരിതീയിലേയ്ക്ക്"
പൊരിവെയിലിലെരിയും  കരയില പോലെ 

"പിള്ള മനസ്സില് കള്ളമില്ലൊട്ടുമെന്നാൽ"
പിള്ളയുറങ്ങില്ല കള്ളുള്ളിൽ ചെന്നില്ലേൽ

"പോയോരു ബുദ്ധി വരില്ലാന വലിച്ചെന്നാൽ"
പോയിക്കിട്ടും ബുദ്ധി കഞ്ചാവ് വലിച്ചീടിൽ

"പെറ്റവൾക്കറിയാമൊരു പിള്ള  വരത്തം"
പേറ്റുനോവറിയാത്തോൾ പിള്ളക്ക് പോറ്റമ്മ

"പെണ്ണൊരുമ്പെട്ടന്നാൽ  ബ്രഹ്മനും തടുക്കില്ല "
പെണ്ണിനെ തടുക്കണേൽ കണ്ണുതുറക്കേണം

"പകരാതെനിറഞ്ഞാൽകോരാതെയൊഴിയും"
പകരുന്ന,  തപരന്നു, പകാരമാവേണം 

"പൊന്നുരുക്കുന്നേടത്തു പൂച്ചയ്ക്കില്ല കാര്യം"
പൊന്നുള്ള മച്ചിക്കു മച്ചിന്നൊരു കുറവില്ല

"പെരുവെള്ളമായീടും പലതുള്ളിയെന്നാലാ"
പെരുവെള്ളമൊരുദിനമാകും മഴ'ത്തുള്ളി'

"പഴുത്തില വീഴുമ്പോ ചിരിക്കും പ്ളാപ്പച്ചില"
പഴുക്കാതെവീണാലൊഴുക്കുംശ്വേതക്കണ്ണീർ

"പയ്യെത്തിന്നീടിൽ പനയും തിന്നാമെന്നാൽ"
പയ്യിനെ തിന്നുന്നവനുറപ്പാണ്   മയ്യത്ത്