2017 സെപ്റ്റംബർ 28, വ്യാഴാഴ്‌ച

Post No.14. കട്ടൻ കാപ്പിയും പരിപ്പു വടയും.

14.  കട്ടൻ കാപ്പിയും പരിപ്പു വടയും 

സെക്കൻഡ് ഫോമിലെ    (ഏഴാം  ക്ലാസ്സ്)  പതിവ് സയൻസ് ടീച്ചർ അവധിയിലായിരുന്ന ഒരു ക്ലാസ്സ്‌.  തൽക്കാലം പകരക്കാരനായി പുതുതായി വന്നു ചേർന്ന   അബ്ദുൽ കരീം സാറ് ക്ലാസ്സിലേക്ക് പ്രവേശിക്കുമ്പോൾ ക്ലാസ്സ്‌ ശരിക്കും ബഹളമയം.  ആ സമയം ഉപനും മാധവൻ കുട്ടിയും തങ്ങളുടെ പുസ്തകക്കെട്ടിലിട്ടിരുന്ന റബ്ബർ ബാൻഡുകളെടുത്തു അവരവരുടെ രണ്ടു കൈകളുടെയും വിരലുകളിൽ കോർത്ത് പുതിയ പുതിയ കെട്ടുകളുണ്ടാക്കി മത്സരിച്ചു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.   സാറ് ക്ലാസ്സിൽ പ്രവേശിച്ചു ചൂരലെടുത്തു  മേശപ്പുറത്തു ആഞ്ഞടിച്ചു  ശബ്ദമുണ്ടാക്കിയപ്പോൾ ക്ലാസ് പെട്ടെന്ന് നിശ്ശബ്ദമായി.  ക്ലാസ് മോണിറ്റർ ആരാണെന്നു ചോദിച്ചു മനസ്സിലാക്കിയിട്ടു ആ ക്‌ളാസ്സിലെ വിഷയമെന്താണെന്നു ചോദിച്ചു.   സയൻസ് ആണെന്നറിഞ്ഞപ്പോൾ, അത്  തൻ്റെ  വിഷയമല്ലെന്നും,  പൊതുവായ എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കാം എന്നുമായി സാറ്.  സാറ് പലരോടും പല കാര്യങ്ങളും ചോദിക്കുകയും ചിലർ ശരിയുത്തരവും മറ്റു ചിലർ തെറ്റുത്തരവും കൊടുക്കുകയും ചെയ്തു.  ഉപനോടും മാധവൻ കുട്ടിയോടും സാർ  എന്തോ ചോദിക്കുകയും അവർ ഉത്തരം കൊടുക്കുകയും ചെയ്തു.  സാറ് പിറകിലെ ബെഞ്ചുകളിലിരിക്കുന്ന കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ അവർ രണ്ടുപേരും, തങ്ങളോട് ഇനി സാറ് ചോദ്യങ്ങൾ ചോദിക്കുവാനുള്ള സാദ്ധ്യത ഇല്ലെന്നുള്ള  തോന്നലാൽ ആകണം,   വീണ്ടും റബ്ബർ ബാൻഡ് കുരുക്കിക്കളിക്കുന്നതിൽ വ്യാപൃതരായി.  പക്ഷേ , അധികം താമസിച്ചില്ല, അത് സാറിൻ്റെ ശ്രദ്ധയിൽ പെടുക തന്നെ ചെയ്തു.
"ഇവിടെ വരിനെടാ, രണ്ടും".
ആരോടാണ് സാറതു പറഞ്ഞതെന്നറിയുവാൻ,   കളി നിറുത്തി, അവരും സാറിൻ്റെ നേർക്ക് നോക്കി. അതാ സാറിൻ്റെ ചൂരൽ തങ്ങളേ മാടി വിളിക്കുന്നു!  ഉപന് ഉള്ളിൽ നേരിയ ഭയം തോന്നി.  റബ്ബർ ബാൻഡ് അറിയാതെ തന്നെ  കൈകളിൽ നിന്നും ഊർന്നു പോയെങ്കിലും അവർ അനങ്ങാതെ അവിടെത്തന്നെയിരുന്നു.
"നിങ്ങളോടു തന്നെയാ പറഞ്ഞത്; എഴുന്നേറ്റു വരിനെടാ ഇവിടെ".  സാറ് വീണ്ടും ചൂരല് കൊണ്ട് മാടി വിളിച്ചു കൊണ്ട് ദേഷ്യപ്പെട്ടു പറഞ്ഞു. മാധവൻ കുട്ടി മുന്നിലും ഉപൻ പിന്നിലുമായി സാറിൻ്റെ  അടുത്ത്  ചെന്നു.  
"ക്ലാസ്സിലിരുന്നാണോടാ കളിക്കുന്നേ?  അതും മുൻ ബെഞ്ചിലിരുന്ന്.  കൈ നീട്ട്"
മാധവൻ കുട്ടി വലതു കൈ നീട്ടിക്കൊടുത്തു. സാറ് ആഞ്ഞു തന്നെ അവൻ്റെ കൈവെള്ളയിൽ  ഒരടി വച്ചു  കൊടുത്തു.  അടിയുടെ ഊക്കിൽ അവൻ്റെ  കൈ താഴുകയും വേദന കൊണ്ട് അവനൊന്നു പുളഞ്ഞു കുനിയുകയും ചെയ്തു.  അത് കണ്ട് ഉപൻ്റെ നെഞ്ചത്തൊരു ആളലുണ്ടായി.  
"ങ്ങും, നീട്ട്", വീണ്ടും മാധവൻ കുട്ടിയോട് തന്നെ. അവൻ കൈ നീട്ടി.  വീണ്ടും അതേ  ഊക്കിൽ ഒന്ന് കൂടി.
"ങ്ങും, പോയിരിക്ക് "
മാധവൻ കുട്ടി കയ്യും കുടഞ്ഞു, ബദ്ധപ്പെട്ടു വേദനയും കടിച്ചമർത്തി, ബെഞ്ചിൽ പോയി ഇരുന്നു.  ഉപൻ  ആലോചിക്കുകയായിരുന്നു: 'ഇനി തൻ്റെ ഊഴം.  തന്നെയും സാറാടിക്കുമോ?  തന്നെ ഇതു  വരെ സാറന്മാരാരും അടിച്ചിട്ടില്ലല്ലോ. അതിനവർക്ക് താൻ  അവസരം കൊടുത്തിട്ടില്ല       എന്നതാണ്   വാസ്തവം.'
"ങ്ങും, നീട്ട്", ചൂരൽ നീട്ടിക്കൊണ്ടു  സാറിൻ്റെ ആജ്ഞ.  അവൻ അറിയാതെ, അറച്ചറച്ച്‌, പതുക്കെ, കൈ നീട്ടിക്കൊടുത്തു.  പിന്നെ ഒരു നിമിഷം താമസിച്ചില്ല.  "ധിം".  സീൽക്കാരത്തോടെ, മാധവൻ കുട്ടിക്ക് കൊടുത്ത അതേ  ഊക്കിൽ, അടി  അവൻ്റെ കയ്യിൽ പതിച്ചു.  വേദന കൊണ്ട് ഉപൻ പുളഞ്ഞു പോയി.  അടിയുടെ ആഘാതത്താൽ കൈ താഴ്ന്നതൊടൊപ്പം  അവൻ മുന്നോട്ടാഞ്ഞു.   വീഴാതിരിക്കാൻ മുന്നോട്ട്  ഒരു സ്റ്റെപ് വച്ചു ബാലൻസ് വീണ്ടെടുത്തിട്ടു അവൻ അവിടെത്തന്നെ നിന്നെങ്കിലും അൽപ്പം ഉറക്കെത്തന്നെ കരഞ്ഞുപോയി.  കൈ മരവിച്ചു തളർന്നു; ഒപ്പം കൈവെള്ളയിലേക്കു ചൂടിൻ്റെ  ഒഴുക്കും അവനു അനുഭവപ്പെട്ടു.  ഇടതു കൈ കൊണ്ട് വലതു കൈ പിടിച്ചുയർത്തി നോക്കി.  കൈ വെള്ള ചുവന്നു വീർത്തു കഴിഞ്ഞു. അതാ സാറിൻ്റെ  ശബ്ദം വീണ്ടും :
"ങ്ങും, നീട്ട്", സാർ ആക്രോശിച്ചു.
സാറ് വിടുന്ന മട്ടില്ല.  മാധവൻ കുട്ടിക്ക് രണ്ടു കൊടുത്തതല്ലേ, പന്തിയിൽ പക്ഷപാതമരുതല്ലോ!
കാര്യം പന്തിയല്ലെന്ന് കണ്ടു സുലൈമാൻ പെട്ടെന്നെഴുന്നേറ്റു സാറിനോട് ഉറക്കെ പറഞ്ഞു:
"സാറേ, ഇനി അവനേ അടിക്കല്ലേ; സാറന്മാരാരും അവനെ  അടിക്കത്തില്ല."
തനിക്കു വേണ്ടി ഉറ്റ ചങ്ങാതിയുടെ അപേക്ഷ       കേട്ടതും, ഉപൻ്റെ സങ്കടം ഇരട്ടിച്ച്‌  കരച്ചിലിൻ്റെ ആക്കവും കണ്ണു    നീരിൻ്റെ  ഒഴുക്കും കൂടി,   
"ങ്ങും, പോയിരുന്നോ", സാർ പറഞ്ഞു.
ഉപൻ സീറ്റിൽ പോയിരുന്നു കരച്ചിൽ തുടർന്നു. കൈ വെള്ള വിങ്ങുന്നുണ്ട്. കണ്ണുമടച്ചിരുന്നു കരഞ്ഞും ഏങ്ങലടിച്ചും അവൻ തളർച്ചയിലേയ്ക്ക് വഴുതി. ശരീരത്തിന് ബലമില്ലാത്തതു പോലെ.  മാധവൻ കുട്ടിയുടെ തോളിലേക്ക് തല ചരിച്ചു വെച്ചായി  പിന്നീട് അവൻ്റെ  കരച്ചിലും ഏങ്ങലടിയും.  ക്രമേണ കരച്ചിൽ നിന്നെങ്കിലും കണ്ണീരിനും ഏങ്ങലടിക്കും കുറവില്ല.  നേരിയ ബോധവുമുണ്ട്. അല്പം കൂടി കഴിഞ്ഞപ്പോൾ അവൻ്റെ  തല മാധവൻ കുട്ടിയുടെ തോളിൽ നിന്നും വഴുതി വീഴുവാൻ പോയി.  മാധവൻ താങ്ങി നിറുത്തുവാൻ നോക്കിയെങ്കിലും വീണ്ടും തെന്നി വീഴുവാൻ പോയി.  അതു കണ്ട അടുത്തിരുന്ന കുട്ടി, പിൻ  ബഞ്ചിലെ കുട്ടികളോട് സംസാരിച്ചുകൊണ്ടിരുന്ന സാറിനോടായി വിളിച്ചു പറഞ്ഞു :
"സാർ, ഉപൻ തളന്നു വീഴാൻ പൊന്നു."
സാറെഴുന്നേറ്റു വന്നു ഉപനെ കുലുക്കി വിളിച്ചു: "എടോ".  അവൻ പ്രതികരിച്ചില്ല, ഏങ്ങലടി മാത്രം. വീണ്ടും വീഴുവാനാഞ്ഞു.  അത് കണ്ടു സാറ് അടുത്തിരുന്ന കുട്ടികളെ എഴുന്നേൽപ്പിച്ചിട്ടു ഉപനേ പതുക്കെ പിടിച്ചു ബഞ്ചിൽ കിടത്തിയിട്ട് വീണ്ടും കുലുക്കി വിളിച്ചു നോക്കി. അനക്കമില്ല;  എന്താണ്  സംഭവിക്കുന്നതെന്ന് അവൻ്റെ ഉപബോധ മനസ്സിൽ ഒരു ഏകദേശ രൂപമുണ്ടായിരുന്നെങ്കിലും, ഏങ്ങലടി മാത്രമായിരുന്നു പ്രതികരണം.  
കുറച്ചു സമയത്തേക്ക് വെറും നിശ്ശബ്ദത മാത്രം. അപ്പോഴതാ താൻ പറങ്കിമാവിൻകൊമ്പിലിരുന്നു അത് പിടിച്ചു കുലുക്കുന്നതു പോലെയുള്ള ഒരു തോന്നൽ. കുലുക്കം നിന്നതിനോടൊപ്പം  "ഉപനേ എഴുന്നേൽക്ക്" എന്നുള്ള ശബ്ദവും.  ആ ശബ്ദം താൻ എവിടെയോ കേട്ടിട്ടുള്ളത് പോലെ. അതാ കവിളിൽഒരു തലോടൽ.  അത് അച്ഛൻ്റെ ശബ്ദവും തലോടലുമല്ലേ?  പണ്ട് നടക്കല്ലിൽ വീണു മൂക്ക് ചമ്മന്തിയായപ്പോൾ അച്ഛൻ തലോടി ആശ്വസിപ്പിച്ചത് പോലെ തന്നെ!  അതേ, അച്ഛൻ തന്നെ. ഇനി പേടിക്കേണ്ടാ, എന്തൊരാശ്വാസം! "കുറച്ചു വെള്ളം കൊണ്ടുവാടോ", വീണ്ടും അതേ  ശബ്‌ദം.  പെട്ടെന്ന് തൻ്റെ  മുഖത്തതാ വെള്ളത്തുള്ളികൾ  വീഴുന്നു.  മഴ പെയ്യുകയാണോ? ഉപൻ അറിയാതെ തന്നെ കണ്ണ് തുറന്നു. മുന്നിലെ കാഴ്ച അത്ര വ്യക്തമല്ല. രണ്ടു മൂന്നു നിമിഷങ്ങൾ. അതാ ഒരു മുഖം കുനിഞ്ഞു വന്നു തൻ്റെ  മുഖത്തിന് മേൽ നിൽക്കുന്നു. ഏങ്ങലൊട് തന്നെ വീണ്ടും സൂക്ഷിച്ചു നോക്കി. 
"എടോ  ഞാൻ നിൻ്റെ  പ്രഭാകരൻ സാറാ, എഴുന്നേൽക്ക്" അവൻ്റെ ഇടതു തോളിൽ തട്ടിക്കൊണ്ടു അദ്ദേഹം പറഞ്ഞു.  പ്രഭാകരൻ സാറാണെന്നു തിരിച്ചറിഞ്ഞതും, ഉപൻ്റെ  സങ്കടം വീണ്ടും പൊട്ടി കണ്ണീരായി ഒഴുകുവാൻ തുടങ്ങി. ഉറക്കെ കരഞ്ഞു കൊണ്ട് അവൻ സാറിൻ്റെ ഇടതു കൈവിരലുകളിൽ ബലമായി പിടിച്ചു; തന്നെ വിട്ടുപോകരുതെന്നു അഭ്യർത്ഥിക്കും പോലെ. സാറവനെ പതുക്കെ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി.
താൻ വളരെ അവശനാണെന്നു സാറിനപ്പോൾ മനസ്സിലായിക്കാണണം.സമാധാനിപ്പിക്കാനെന്ന വണ്ണം സാറ്  പറഞ്ഞു :
"ഒരടിയല്ലേ കിട്ടിയുള്ളൂ; അതിനിത്രയുമാകാമോ?  മറ്റു കുട്ടികൾക്കൊക്കെ ദിവസ്സവും പൊതിരെ തല്ലു കിട്ടുന്നത് താൻ കാണാറുള്ളതല്ലേ?  അവർക്കൊന്നും ഒരു കൂസലുമില്ലല്ലോ?  കരച്ചില് നിർത്ത്, എല്ലാം ശരിയാകും."
എന്നിട്ട്  സാർ സുലൈമാനെ അടുത്ത് വിളിച്ചു  ഒന്ന് രണ്ടു തുട്ടുകൾ എടുത്തു കൊടുത്തിട്ട് പറഞ്ഞു:
"വേഗം പോയി ഒരു കാപ്പിയും രണ്ടു പരിപ്പ് വടയും വാങ്ങിക്കൊണ്ടു വാ."
അബ്ദുൽ കരീം സാർ ഈ സമയമത്രയും അല്പം അമ്പരപ്പോടുകൂടി, എന്നാൽ ഇളിഭ്യനായി,നിൽക്കുകയായിരുന്നു. പ്രഭാകരൻ സാർ തിരിഞ്ഞു, ഉപനേ ചൂണ്ടി,  അദ്ദേഹത്തോടായി  പറഞ്ഞു:  "ഇവൻ മറ്റു കുട്ടികളേ അപേക്ഷിച്ചു വളരെ കൊച്ചല്ലേ? ഇത്രയേ ഉള്ളെങ്കിലും ക്‌ളാസ്സിൽ  പഠിത്തത്തിന് അവനാണ് ഒന്നാമൻ. അധ്യാപകരാരും അവനെ തല്ലാറില്ല  - അതിനവൻ  അവസരം കൊടുക്കാറുമില്ല.  അല്പം മയത്തിലാകായിരുന്നു."
അബ്ദുൽ കരീം സാർ ഒന്നും മിണ്ടിയില്ല.  അബദ്ധം പിണഞ്ഞു പോയല്ലോ എന്ന ജാള്യതാ  മുഖഭാവം മാത്രം.
സുലൈമാൻ ഒരു കട്ടൻ കാപ്പിയും വടയുമായെത്തിയിട്ടു പ്രഭാകരൻ സാറിനോടായി പറഞ്ഞു:  "കട്ടൻ കാപ്പിയേ  ഉണ്ടായിരുന്നുള്ളു." എന്നിട്ട് അത് ബെഞ്ചിൽ ഉപൻ്റെ  അടുക്കലായി വച്ചു . സാറ് ഉപനോടായി പറഞ്ഞു:  അതെടുത്തു കഴിക്ക്.  ക്ഷീണവും തളർച്ചയുമൊക്കെ മാറും. "
ഉപന് ആകെയൊരു ചമ്മൽ.  സാറങ്ങിനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ? കുട്ടികളുടെയെല്ലാം മുൻപിൽ വച്ച് താൻ വീണ്ടും ചെറുതായി പോകുന്നതു പോലെ.  അവൻ മടിച്ചിരുന്നു.  അതു മനസ്സിലാക്കിയ പ്രഭാകരൻ സാറിൻ്റെ  ആജ്ഞ ഉടൻ കേട്ടു  :  "എടുത്തു കഴിക്കെടോ"  എന്നിട്ടു, പുഞ്ചിരിച്ചുകൊണ്ട്, വീണ്ടും: "അല്ലെങ്കിൽ എൻ്റെ കൈകൊണ്ടും കിട്ടും."
പ്രഭാകരൻ സാറിനു തന്നേ അടിക്കുവാൻ കഴിയില്ലെന്ന് ഇതിനകം തന്നെ ഉപൻ  മനസ്സിലാക്കിക്കഴിഞ്ഞതാണല്ലോ!  ആ സ്നേഹത്തിനു മുൻപിൽ അവൻ കീഴടങ്ങി. പതുക്കെ കാപ്പിയെടുത്തു രണ്ടിറക്കു കുടിച്ചിട്ടു  ഒരു വടയുമെടുത്തു കടിച്ചു തിന്നു തുടങ്ങി. അവൻ ഒരു വടയും തിന്നു, കാപ്പിയുടെ പകുതിയും കുടിച്ചതിനു ശേഷമേ സാറ് തിരികെപ്പോയുള്ളു;
"ങാ, ഇനി കുഴപ്പമൊന്നുമില്ല", എന്ന് പറഞ്ഞിട്ട്. സാറ് പോയിക്കഴിഞ്ഞപ്പോൾ ഉപൻ രണ്ടാമത്തെ വട മാധവൻ കുട്ടിക്ക് കൊടുത്തു, അടി വാങ്ങുന്നതിൽ അവനും പങ്കാളിയായിരുന്നല്ലോ!
പിന്നീട് മാധവൻ കുട്ടി പറഞ്ഞു:  "അബ്ദുൽ കരീം സാറ് നിന്നെപ്പിടിച്ചു ബെഞ്ചിൽ കിടത്തുന്നത് കണ്ടപ്പോ സുലൈമാനാ, സാറ് കാണാതെ, വെളിയിലിറങ്ങിപ്പോയി പ്രഭാകരൻ സാറിനെ വിളിച്ചോണ്ടു വന്നത്."  
ആ സംഭവത്തിന് ശേഷം ഉപന്  പ്രഭാകരൻ സാറിനോടുള്ള ബഹുമാനവും ആരാധനയും ഇരട്ടിയാകുകയും അവരുടെ ഗുരു ശിഷ്യ ബന്ധം ഒരു പുതിയ തലത്തിലേയ്ക്ക് ഉയരുകയും ചെയ്തു. ഉപൻ  തേർഡ് ഫോം (എട്ടാം ക്ലാസ്സ്) പാസ്സായിട്ടു അഞ്ചൽ ഹൈസ്കൂളിലേയ്ക്ക് പോകുന്ന വഴിക്ക്, ഏരൂർ സ്കൂൾ പിന്നിട്ടു കഴിഞ്ഞാൽ, മിക്കവാറും എല്ലാ ദിവസങ്ങളിലും, SSLC കഴിയുന്നത് വരെ, കരയുള്ള വെള്ള മുണ്ടും വെള്ള ജുബ്ബായും ധരിച്ചു, ഇടതു കയ്യിൽ നിവർത്തിയ കുടയും ആ കയ്യിൽത്തന്നെ മുണ്ടിൻ്റെ  കോന്തലയും പിടിച്ചു എതിരേ തലയുയർത്തി നടന്നു  വരുന്ന പ്രഭാകരൻ സാറിനെ വണങ്ങി അദ്ദേഹത്തിൻ്റെ മൗനാനുഗ്രഹം നേടാറുണ്ടായിരുന്നു.

       *******                         *******                     *******

23 വര്ഷങ്ങള്ക്കു ശേഷം, 1983 ൽ, ഉപഗുപ്തൻ തിരുവനന്തപുരത്തു എമിഗ്രേഷൻ ഓഫീസറായി ജോലിയിലിരിക്കുന്ന സമയം.  ഒരു ഞായറാഴ്ച ദിവസ്സം  ജന്മനാടായ അയിലറയ്ക്കു പോകുവാനായി അഞ്ചൽ  ബസ്സ്  സ്റ്റാൻഡിൽ                നിൽക്കുമ്പോൾ, യാദൃശ്ചികമായി പ്രഭാകരൻ സാറിനെ  കാണുവാനിടയായി. തല നന്നായി നരച്ചു പ്രായം തോന്നിക്കുമെന്നല്ലാതെ സാറിനു വലിയ മാറ്റമൊന്നുമില്ല.  ഉപനടുത്തു ചെന്ന് അഭിവാദ്യം ചെയ്തു; സാറ് തിരിച്ചും.  അദ്ദേഹത്തിൻ്റെ  നോട്ടം കണ്ടപ്പോൾ ഉപന്  മനസ്സിലായി, സാറിനവനെ മനസ്സിലായിട്ടില്ലെന്ന്.  ഉപൻ  സ്വയം പരിചയപ്പെടുത്തി.  തൻ്റെ പേരു  കേട്ടതും അദ്ദേഹത്തിൻ്റെ  കണ്ണുകൾ വികസിക്കുന്നതും ഒപ്പം ആ പഴയ വാത്സല്യം അവയിൽ നിഴലിക്കുന്നതും  ഉപൻ  വ്യക്തമായി കണ്ടു.  സാർ തെളിഞ്ഞ പുഞ്ചിരിയോട് പറഞ്ഞു:  "താനാളങ്ങു വലുതായല്ലോ, പിന്നെങ്ങിനെ മനസ്സിലാകും ഇത്രയും വര്ഷങ്ങള്ക്കു ശേഷം!?"
സാറ് വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. പിരിയുമ്പോൾ അദ്ദേഹം പറഞ്ഞു:  "താൻ നല്ല ഒരു നിലയിലെത്തിയല്ലോ, എനിക്ക് വളരെ സന്തോഷമായി" കൂടെത്തന്നെ ഒരനുഗ്രഹവും :  "ഇനിയും നന്നായി വാ."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ