2017 സെപ്റ്റംബർ 27, ബുധനാഴ്‌ച

11. "അമ്പടാ കൊച്ചു കള്ളനാച്ഛാ "

11.   "അമ്പടാ കൊച്ചു കള്ളനച്ഛാ!!!"


പുതിയ സ്കൂൾ വർഷം. സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ കേശവൻ ഏരൂർ ഗവ:  മിഡിൽ   സ്കൂളിൽ വാഗമ്മയ്ക്കും  ഉപനും ഫസ്റ്റ് ഫോമിലേക്ക്  അഡ്മിഷൻ എടുത്തിരുന്നു.  ഫസ്റ്റ് ഫോമിന് (ആറാം ക്ലാസ്) നാല് ഡിവിഷനുകൾ - ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഈരണ്ടു  ക്ളാസ്സുകൾ  വീതം.  ഉപൻ്റെ  ക്ലാസ്സിൽ അയിലറയിൽ നിന്നും അഞ്ചാം ക്ലാസ് പാസ്സായി വന്നവരിൽ ത്യാഗരാജനും തങ്കപ്പൻ പിള്ളയും മാത്രം.  അവർ രണ്ടുപേരും  പണ്ടേ ഉപൻ്റെ അടുത്ത കൂട്ടുകാരിൽ ഉൾപ്പെട്ടിരുന്നില്ല. രണ്ടുപേർക്കും നല്ല തണ്ടുംതടിയുമുണ്ടായിരുന്നതിനാൽ  പുതിയ ക്ലാസ്സിൽ അവർക്കു ഏറ്റവും പിറകിലെ ബെഞ്ചിലായിരുന്നു സ്ഥാനം; ഉപന്, പതിവുപോലെ, മുൻ ബെഞ്ചിലും.  സ്വാഭാവികമായും ഉപന് തൻ്റെ   ബെഞ്ചിൽ തന്നെ അടുത്തിരുന്ന മാധവൻകുട്ടിയും കൃഷ്ണൻകുട്ടിയുമായി കൂട്ടു കൂടുകയേ നിർവാഹമുണ്ടായിരുന്നുള്ളു.  എങ്കിലും ക്രമേണ പിൻ ബെഞ്ചുകാരനായ സുലൈമാനുമായി ഉപൻ ചങ്ങാത്തം കൂടുകയുണ്ടായി.


സുലൈമാൻ്റെ  വീട് ഏരൂരിനും ഐലറയ്ക്കും മദ്ധ്യേ,  റോഡിൽ നിന്നും രണ്ടു ഫർലോങ് ഉള്ളിലേയ്ക്ക് മാറിയുള്ള രാജരത്നം റബ്ബർ തോട്ടത്തിലായിരുന്നു.  ക്ലാസ്സു തുടങ്ങി ഒരാഴ്ചയോളം കഴിഞ്ഞ ഒരു ദിവസം ഉപൻ രാജരത്‌നം എസ്‌റ്റേറ്റിലേയ്ക്ക് തിരിയുന്ന കവലയിലെത്തിയപ്പോൾ യാദൃശ്ചികമായി സുലൈമാനും അവിടെയെത്തുകയുണ്ടായി.  സുലൈമാൻ ഉപനൊപ്പം കൂടുകയും അവർ അന്ന്യോന്യം   കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.  പിറ്റേദിവസം ഉപൻ അതേ സ്ഥലത്തു  എത്തിയപ്പോൾ സുലൈമാൻ അവിടെ തനിക്കുവേണ്ടി കാത്തു നിൽക്കുന്നതാണ് കണ്ടത്.  പിന്നീട് അത് ഒരു പതിവാകുകയും അതൊരു ഉറച്ച സുഹൃത്ബന്ധത്തിന്  വഴിതെളിക്കുകയും ചെയ്തുതു. തന്നേക്കാൾ പ്രായക്കുറവും വലിപ്പക്കുറവും ഉപനുണ്ടായിരുന്നതിനാലാകാം, സുലൈമാൻ അവനെ ഒരു സുഹൃത്തെന്നതിലുപരി, തൻ്റെ കൊച്ചനുജനെപ്പോലെ കരുതുകയാണുണ്ടായത്. ക്ലാസ്സിലോ, സ്കൂൾ ഗ്രൗണ്ടിലോ വച്ച് മറ്റു കുട്ടികൾ ഉപനൻ്റെ  മേൽ മെക്കിട്ടു കയറുവാൻ  ചെന്നാൽ സുലൈമാൻ അവിടെ ഓടിയെത്തി ഉപൻ്റെ  രക്ഷകനാകുമെന്നുറപ്പ്.


ക്ലാസ്സിൽ നാല്പത്തഞ്ചു കുട്ടികൾ  ഉണ്ടായിരുന്നതിൽ ഏറ്റവും ചെറുതും കുട്ടിത്തം അപ്പോഴും വിട്ടുമാറാത്തതിനാലുമാകാം, ക്ലാസ്സ്‌ ടീച്ചറും കണക്കു ടീച്ചറുമായിരുന്ന പ്രഭാകരൻ സാറിനു, മറ്റു കുട്ടികളെ അപേക്ഷിച്ചു,  ഉപനോട് ഒരു പ്രത്യേക വാത്സല്ല്യം തോന്നുകയും അതദ്ദേഹം  പലപ്പോഴും തുറന്നു പ്രകടമാക്കുകയും  ചെയ്തിരുന്നു.  ക്ലാസ്സിൽ    തുടക്കം മുതൽ അദ്ദേഹം    എന്ത് ചോദ്യം        ചോദിച്ചാലും ഉടനെഴുന്നേറ്റു ശരിയായ ഉത്തരം  വിളിച്ചു  പറയുന്ന  കുട്ടിയായിരുന്നു   കൊച്ചുകൃഷ്ണപിള്ള.  അതുകൊണ്ടുതന്നെ ആയിരിക്കണം     അദ്ദേഹം കൊച്ചുകൃഷ്ണപിള്ളയെ ക്ലാസ് മോണിറ്ററാക്കിയതും. ഓണപ്പരീക്ഷ കഴിഞ്ഞു കണക്കിൻ്റെ  ഉത്തരക്കടലാസ്സു പ്രഭാകരൻ സാറു ക്ലാസ്സിൽ വിതരണം ചെയ്തു.  പ്രതീക്ഷിച്ചതു പോലെ തന്നെ കൊച്ചുകൃഷ്ണപിള്ള ഒന്നാമൻ. ഉപന്  അഞ്ചാം സ്ഥാനം.  പിറകേ ഇംഗ്ലീഷ് പേപ്പർ കിട്ടി.  അതിൽ ഉപൻ  ഒന്നാമൻ.   അടുത്തത്  സോഷ്യൽ സ്റ്റഡീസ്. അതിൽ വേറെ ആരോ ആയിരുന്നു ഒന്നാമൻ.  അവസാനം വന്ന മലയാളത്തിനും സയൻസിനും വീണ്ടും ഉപൻ ഒന്നാമൻ. (അന്ന് ഫസ്റ്റ് ഫോമിൽ ഹിന്ദി വിഷയം ഉണ്ടായിരുന്നില്ല)     അങ്ങിനെ അഞ്ചു വിഷയങ്ങളിൽ മൂന്നിലും ഉപൻ  ഒന്നാമതായപ്പോൾ ക്‌ളാസ്സിൽ പൊതുവേ പഠിത്തത്തിനു ഉപനാണ് ഒന്നാമൻ എന്നൊരു ധാരണയായി.  അതു പ്രഭാകരൻ സാറിനു ഉപനോടുള്ള വാത്സല്യം കൂട്ടുവാൻ സഹായകമാകുകയും ചെയ്തു.  എല്ലാ വെള്ളിയാഴ്ചകളിലും അവസാനത്തെ പീരിയഡിൽ ECA (Extra Curricular Activities)  ആണ്.  സ്കൂൾ തുറന്നിട്ട് നാല് മാസം കഴിഞ്ഞെങ്കിലും ഇതേവരെ ഏതെങ്കിലും ടീച്ചർ വന്നു അദ്ദേഹത്തിൻ്റെ മനോധർമ്മമനുസ്സരിച്ചു, അക്ഷരശ്ലോകം ചൊല്ലൽ, ഇംഗ്ലീഷ് സ്പെല്ലിങ് പറയൽ, പദ്യം ചൊല്ലൽ, ലളിത ഗാനം പാടുക എന്നീ ഏതെങ്കിലും വിഷയത്തിൽ കുട്ടികളെ ഏർപ്പെടുത്തുകയായിരുന്നു പതിവ്. ഓണാവധികഴിഞ്ഞ ആദ്യ ആഴ്ചയിൽ മലയാളം ടീച്ചർ വരികയും, ഇനി താനായിരിക്കും ECA ക്ലാസ്സ് എടുക്കുന്നതെന്നും പ്രഖ്യാപിച്ചു.  അന്നു നാലഞ്ചു കുട്ടികളെക്കൊണ്ട് അദ്ദേഹം പദ്യപാരായണം നടത്തിച്ചു.  എല്ലാവരും ചൊല്ലിയത് താഴ്ന്ന ക്ലാസ്സുകളിൽ അവർ പഠിച്ചിട്ടുള്ള പദ്യഭാഗങ്ങളായിരുന്നു.  സാറിനതിൽ തൃപ്‌തി വന്നില്ല.    അദ്ദേഹം പറഞ്ഞു:             "ഇനി നിങ്ങൾ പാഠപുസ്തകത്തിലെ  പദ്യങ്ങൾ മാത്രം അറിഞ്ഞിരുന്നാൽ പോരാ.  നല്ല നല്ല പദ്യകൃതികൾ ഉണ്ട്. ഉയർന്ന ക്‌ളാസ്സുകളിൽ പദ്യപാഠാവലിയുണ്ട്.  അതൊക്കെയെടുത്തു വായിച്ചു കാണാതെ പഠിക്കണം. എന്നിട്ടു അടുത്തയാഴ്ച ആരെങ്കിലും അഞ്ചുപേർ അങ്ങിനെയുള്ള പദ്യങ്ങൾ ചൊല്ലണം. പതിനാറു വരികൾക്കും  നാൽപ്പത്‌ വരികൾക്കും ഇടയ്ക്കു നിൽക്കണം. ചൊല്ലുന്നത് സാമാന്യം നല്ല ഈണത്തിലായിരിക്കുകയും  വേണം.   ചൊല്ലുന്ന പദ്യം രചിച്ച കവിയുടെ പേരും കവിതയുടെ പേരും ഓർത്തുവച്ചിരിക്കണം. ശരി,  അടുത്തയാഴ്ച പദ്യം     ചൊല്ലുവാൻ  തയ്യാറുള്ളവർ എഴുന്നേറ്റു നിൽക്കട്ടെ. അവരുടെ പേരുകൾ മോണിട്ടർ എഴുതിയെടുക്കണം.   "അഞ്ചാം ക്‌ളാസ്സ്‌ വാർഷികോത്സവത്തിനു അച്ഛൻ പദ്യം  എഴുതിത്തന്നതു ചൊല്ലി സമ്മാനം വാങ്ങിയ കാര്യം പെട്ടെന്ന് ഉപൻ്റെ മനസ്സിലേക്കോടിവന്നു. അച്ഛനോടു  പറഞ്ഞാൽ നല്ല പദ്യമെഴുതിത്തരും.  പിന്നെ കൂടുതൽ ആലോച്ചില്ല.  ആദ്യം തന്നെ ഉപൻ  എഴുന്നേറ്റു നിന്നു. അതു കണ്ടപ്പോൾ, പതുക്കെപ്പതുക്കെ,  ഓരോരുത്തരായി നാല് പേര് കൂടി എഴുന്നേറ്റു നിന്നു.  കൊച്ചുകൃഷ്ണപിള്ള അവരുടെയെല്ലാം പേരുകൾ എഴുതിയെടുക്കുകയും ചെയ്തു. ആദ്യം എഴുന്നേറ്റതിനാലാവണം, സാറ് ഉപ്നോട്  അവൻ്റെ പേരു്                                      ഉപൻ തൻ്റെ അച്ഛനോട് വിവരങ്ങൾ പറഞ്ഞു. ചോദിച്ചറിഞ്ഞു.   വീട്ടിലെത്തി,.  പിറ്റേ ദിവസ്സം വൈകിട്ട് കേശവൻ  ഉപനേ  അടുത്തു വിളിച്ചു കവിതയെഴുതിയ കടലാസ്സു കൊടുത്തിട്ട് അത് നല്ല ഈണത്തിൽചൊല്ലിക്കേൾപ്പിച്ചു


"'സമയമായില്ല' പോലും, 'സമയമായില്ല' പോലും
ക്ഷമയെൻ്റെ ഹൃദയത്തിലൊഴിഞ്ഞു തോഴീ.


എന്നു തുടങ്ങി


നൃത്തഗീതാദികളിലെ നൈപുണിപോലും"   എന്നുവരെ 36 വരികൾ.


കവിതയുടേയും  കവിയുടേയും പേരുകൾ ആ കടലാസ്സിൽ, താഴെ, കുറിച്ചിരുന്നു:  കുമാരനാശാൻ്റെ കരുണ.  ക്ലാസ്സിൽ കവിത ചൊല്ലുന്നതിനു മുൻപ്  "ഇന്നു ഞാൻ ഇവിടെ ചൊല്ലുവാൻ പോകുന്ന പദ്യഭാഗം മഹാകവി കുമാരനാശാൻ്റെ കരുണ എന്ന കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്" എന്നു പറയണമെന്നും, കവിതാ ഭാഗം കാണാതെ പഠിച്ചിട്ടു തന്നെ ചൊല്ലിക്കേൾപ്പിക്കണമെന്നും കേശവൻ ഉപനോട് പറയുകയുണ്ടായി.  അന്നു  തന്നെ ഉപൻ പദ്യം കാണാതെ പഠിക്കുവാൻ തുടങ്ങി. കവിത കടുകട്ടിത്തന്നെ.  ഇത്ര പ്രയാസമുള്ള പദ്യം തെരഞ്ഞെടുത്തു ഇത്രയേറെ വരികൾ  അച്ഛൻ എഴുതിത്തന്നതെന്തിനാണെന്നു ഉപന്  മനസ്സിലായില്ല.  വളരെ ബുദ്ധിമുട്ടിയാണെങ്കിലും  അഞ്ച്   ദിവസങ്ങൾ കൊണ്ട് അവനതു ഹൃദിസ്ഥമാക്കി പല തവണ കാണാതെ, അച്ഛൻ ചൊല്ലിയ ട്യൂണിൽ ചൊല്ലിനോക്കി.   തൃപ്തിയായപ്പോൾ, ബുധനാഴ്ച  വൈകിട്ട് താൻ കാണാതെ പഠിച്ച കവിതാ ഭാഗം ഉപൻ അച്ഛനെ ചൊല്ലിക്കേൾപ്പിക്കുകയും, അതിൽ വന്ന ചില തെറ്റുകളും ട്യൂണും കേശവൻ തിരുത്തിക്കൊടുക്കുകയും ചെയ്തു.  


വെള്ളിയാഴ്ച ECA പീരിയഡ്.  ഉപനോട് തന്നെ ആദ്യം പദ്യം ചൊല്ലുവാൻ മലയാളം സാറ് പറയുകയും അവനതു കഴിവതും ഭംഗിയായിത്തന്നെ ചൊല്ലുകയും ചെയ്തു. താൻ പദ്യം ചൊല്ലുമ്പോൾ സാറ് തന്നെ സാകൂതം നോക്കിയിരിക്കുന്നതും കണ്ണുകൾ ചെറുതാക്കി എന്തോ ആലോചിക്കുന്നതും ഉപൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.   പദ്യം ചൊല്ലിക്കഴിഞ്ഞിട്ടു ഉപൻ ഇരിക്കുവാൻ ഭാവിച്ചപ്പോൾ സാറ് ഉപന് നേരേ കൈവിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു :


"ഉപഗുപ്തൻ അവിടെ നിൽക്ക്, ചോദിക്കട്ടെ"  ഉപൻ നേരേ നിന്നു.  സാറ് ചോദിച്ചു:
"താൻ 'കരുണ' എന്ന കൃതി മുഴുവൻ വായിച്ചിട്ടുണ്ടോ?"
"ഇല്ല" ഉടൻ ഉത്തരം വന്നു.
"വാസവദത്ത ആരാണെന്നു  തനിക്കറിയാമോ?"
"ഇല്ല"
"തനിക്കു സന്യസിക്കുവാൻ വല്ല ഉദ്ദേശവുമുണ്ടോ?"
സാറിൻ്റെ ചോദ്യം ശരിക്കും ഉൾക്കൊള്ളുവാൻ ഉപന് കഴിഞ്ഞില്ല.  എങ്കിലും അവൻ പറഞ്ഞു:  "ഇല്ല".
"പിന്നെ ഇതെവിടെ നിന്ന് കിട്ടി, ഈ കവിത?"
"അച്ഛൻ എഴുതിത്തന്നതാണ്"
"തനിക്കു ഉപഗുപ്തൻ എന്ന് പേരിട്ടതാരാണ്?"
"അച്ഛൻ"
"ഒഹോ, എന്താണ് അച്ഛൻ്റെ പേര്?"
"കേശവൻ"
"അതു ശരി, ഞാൻ വിചാരിച്ചു വല്ല സിദ്ധാർത്ഥനെന്നോ, ഗൗതമനെന്നോ, അതുമല്ലെങ്കിൽ ബുദ്ധനെന്നോ മറ്റോ ആയിരിക്കുമെന്ന്.  അച്ഛൻ ഇതിലെ കവിതാ സാരമൊന്നും പറഞ്ഞു തന്നില്ലേ?"
"ഇല്ല".  ഉപൻ ആകെ ധർമ്മ സങ്കടത്തിലായി.  അവനു കാര്യമൊന്നും മനസ്സിലായില്ല, മറ്റു കുട്ടികൾക്കും.  എന്തോ പന്തികേടുണ്ടെന്നു മാത്രം തോന്നി.  സാറവിടം കൊണ്ടും  നിറുത്തിയില്ല :
"എന്തായാലും താൻ ഇതേപ്പറ്റി  അച്ഛനോട്  ഒന്നും ചോദിക്കേണ്ട, കേട്ടോ?  ഒരു കാര്യം ചെയ്യു്, അവസരം  കിട്ടുമ്പോൾ എവിടെനിന്നെങ്കിലും കരുണ എന്ന  ഈ കവിതാ പുസ്തകം എടുത്തു അവതാരിക മുതൽ ആദ്യാവസാനം നന്നായി പല പ്രാവശ്യം  വായിക്ക്, അപ്പോൾ എല്ലാം മനസ്സിലാകും, എന്താ?"
"ശരി, സാർ". ചോദ്യങ്ങൾ കഴിഞ്ഞതിൽ ഉപനു  ആശ്വാസം തോന്നി. താമസിയാതെ   ഉപൻ ആ  സംഭവം തന്നെ മറന്നു കഴിഞ്ഞു.


***                                                 ***                                               ***


മൂന്നു വർഷങ്ങൾക്കു ശേഷം, ഉപൻ അഞ്ചൽ ഹൈസ്കൂളിൽ     ഫോർത്ത്             ഫോമിൽ (ഒൻപതാം ക്ലാസ്) പഠിക്കുന്ന സമയം. ഒരുദിവസം വൈകിട്ട് സ്കൂൾ വിട്ടു സുലൈമാനോടൊപ്പം വീട്ടിലേയ്ക്കു മടങ്ങുന്ന സമയം,  അഞ്ചലുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കഥാപ്രസംഗ പരിപാടിയുടെ ഒരു നോട്ടീസ് യദൃശ്ചയാ ഉപന്  കിട്ടുകയുണ്ടായി.  അതിലെ ഫോട്ടോകൾ കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടുപോയി.  സാറച്ഛൻ്റെയും പാട്ടമ്മയുടെയും ഫോട്ടോകൾ! പാട്ടമ്മ, സൗദാമിനിയമ്മ, ഉപൻ്റെ കുഞ്ഞമ്മ (അമ്മയുടെ നേരേ ഇളയ അനുജത്തി) ആണ്.  സാറച്ഛൻ   അന്നത്തെ പ്രശസ്തനായ, കഥാപ്രസംഗ കലയുടെ ആചാര്യനായ, കെ.കെ. വാദ്ധ്യാരും. തൻ്റെ രണ്ടാം ഭാര്യ എന്നതിന് പുറമേ അദ്ദേഹത്തിൻ്റെ കഥാപ്രസംഗ ട്രൂപ്പിലെ  ഭാഗവതർ കൂടിയാണ്‌ 'പാട്ടമ്മ'ക്കുഞ്ഞമ്മ.  കുഞ്ഞമ്മയുടെ താമസസ്ഥലം പത്തനംതിട്ടയിലുള്ള മലയാലപ്പുഴയിലായിരുന്നു. നോട്ടീസ് മുഴുവൻ വായിച്ചു നോക്കി.  കുമാരനാശാൻ്റെ 'കരുണ' യാണ് കഥ. രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടാണ്.  ഉപന് ഉടൻതന്നെ ഫസ്റ്റ് ഫോമിലെ ECA പീരിഡിലെ പദ്യ പാരായണ കഥയും മലയാളം സാറിൻ്റെ ചോദ്യ ശരങ്ങളും ഓർമ്മ വന്നു.  അപ്പോൾത്തന്നെ ആ   കഥാപ്രസംഗം കേൾക്കണമെന്നു തീരുമാനിച്ചുറപ്പിച്ചു.  സുലൈമാനെയും ശട്ടം കെട്ടി, സ്കൂൾ കഴിഞ്ഞു പോയി കഥാപ്രസംഗം കേട്ടപ്പോഴാണ്, അതിലെ നായകൻ്റെ പേരും തൻ്റെ  പേരും ഒന്നാണെന്നും, അതിലെ നായികയുടെ പേരാണ് വാസവദത്തയെന്നും, മലയാളം സാറിൻ്റെ ചോദ്യ ശരങ്ങളുടെ പൊരുൾ എന്തായിരുന്നുവെന്നും ഉപന് മനസ്സിലാക്കുവാൻ കഴിഞ്ഞത്! അപ്പോൾ തന്നേ പറ്റിച്ചത് സ്വന്തം അച്ഛൻ തന്നെയായിരുന്നു!?  ഉപൻ അറിയാതെതന്നെ മനസ്സിൽ പറഞ്ഞുപോയി - "അമ്പടാ, കൊച്ചു കള്ളനച്ഛാ!!!"  ....."' ഇങ്ങനൊരു പേരിട്ടു തന്നതും പോരാ, ആ കവിത തന്നെ എഴുതിത്തന്നു എന്നെക്കൊണ്ട് ചൊല്ലിച്ചിരിക്കുന്നു !!!


പിറ്റേ ദിവസം തന്നെ ഉപൻ  സ്കൂൾ  ലൈബ്രറിയിൽ നിന്നും 'കരുണ' എടുത്തു, പണ്ടത്തെ മലയാളം സാർ പറഞ്ഞതു പോലെ തന്നെ, അവതാരികയുൾപ്പെടെ അത് മുഴുവൻ ആദ്യാവസാനം പല പ്രാവശ്യം വായിക്കുകയും, ആദ്യ ഭാഗവും അവസാന ഭാഗവുമുൾപ്പെടെ ഒട്ടുമിക്ക ഭാഗങ്ങളും ഹൃദിസ്ഥമാക്കുകയും ചെയ്തു   ഉപന്  ‘കരുണ’ യിലെ ഉപഗുപ്തനോട് വളരെ ഇഷ്ടവും ആരാധനയും തോന്നി. പക്ഷേ, ആ മലയാളം സാറ് ചോദിച്ചത് പോലെ, ഉപൻ എന്ന ‘ഉപഗുപ്ത’ ന് ഒരു സന്യാസിയാകുവാൻ തോന്നുകയോ കഴിയുകയോ ചെയ്തില്ലെന്നു  മാത്രം.  ഒരു 'വാസവദത്ത' ഇല്ലാതെ എങ്ങിനെ ഒരു 'ഉപഗുപ്തൻ' ഉണ്ടാകും!!!?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ