Blog No.1
ആമുഖം
റിട്ടയർമെന്റ് കഴിഞ്ഞു സമയം എങ്ങിനെ നീക്കുമെന്ന് ചിന്തിച്ചു സമയം നീക്കുവാൻ തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി WHO യിൽ Finance Consultant ആയി നല്ല ഒരു ജോലി തരപ്പെട്ടത്. അതുസാധ്യമായതു തന്നെ, സാധ്യമാകാതിരിക്കാമായിരുന്ന , എന്നാൽ മേലുദ്യോഗസ്ഥനോട് വഴക്കിട്ടു, ഒരുവിധത്തിൽ പറഞ്ഞാൽ അദ്ദേഹത്തെ ധിക്കരിച്ചും, വേണ്ടിവന്നാൽ ആ ജോലി പോയാലും ഡിഗ്രി സമ്പാദിക്കണമെന്ന ഉറച്ച തീരുമാനത്തോട് തന്നെ, ഇടിച്ചുകയറി, ഓഫീസ് സമയം കഴിഞ്ഞു വൈകിട്ടു പ്രവർത്തിക്കുന്ന കോളേജിൽ അഡ്മിഷൻ വാങ്ങി സാധ്യമാക്കി നേടിയെടുത്ത, കോമേഴ്സ് ഡിഗ്രിയുടെയും അതുകഴിഞ്ഞു കൽക്കട്ട യൂണിവേഴ്സിറ്റിയിൽത്തന്നെ M.Com.(Management) - ഇന്നത്തെ MBA(Finance നേക്കാൾ ഭേദപ്പെട്ടതു) ചേർന്ന് പഠിച്ചതിന്റെയും ബലത്തിൽ. ആ ഡിഗ്രി കൊണ്ട് അന്നുണ്ടായിരുന്ന സർക്കാർ ജോലിക്കോ പ്രൊമോഷനോ റിട്ടയർമെന്റിനു ശേഷമോ പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായിരിക്കില്ലെന്നും, അതൊരു വിലയുമില്ലാത്ത വെറും കടലാസുതുണ്ടായി മാറുമെന്നും വിശ്വസിച്ചു വശായിരിക്കുന്ന സാഹചര്യത്തിൽ, അത്തരമൊരു ജോലി ഒരു windfall തന്നെയായിരുന്നു. 'ഇടിച്ചു' കയറി ഉന്നത വിദ്യാഭ്യാസം നേടിയെന്നു സൂചിപ്പിച്ചപ്പോഴാണ് എന്റെ ജീവിതത്തിലെ പല പ്രധാന ഘട്ടങ്ങളും ഞാൻ കടന്നത് 'ഇടിച്ചു' കയറി അല്ലെങ്കിൽ 'ഇടിച്ചു' ഇറങ്ങിത്തന്നെയായിരുന്നല്ലോ എന്നു ഞാൻ ഓർത്തു പോകുന്നത്. എന്റെ വിദ്യാരംഭം, സ്കൂൾപ്രവേശനം, മേൽസൂചിപ്പിച്ച തുടർവിദ്യാഭ്യാസം, MP യിൽ (1963) ആദ്യത്തെ കേന്ദ്ര സർക്കാർ ജോലി നേടിയത്, ഒറീസ്സയിൽ വച്ച് UPSC പരീക്ഷയ്ക്ക് പോകാനായി വിജയനഗരത്തു ചെന്ന് ട്രെയിനിൽ തിരക്കുമൂലം കയറുവാൻ സാധിക്കാതെ വന്നപ്പോൾ പരീക്ഷയ്ക്കിരിക്കുവാൻ സാധിക്കാതെ വരുമെന്ന ഭയത്താൽ റെയിലിംഗ് ഇല്ലാത്ത ജന്നലിൽക്കൂടി കയ്യിലുണ്ടായിരുന്ന, റ്റെപ് റൈറ്റർ പൂട്ടിവച്ചിരുന്ന, പെട്ടി കൊണ്ട് അകത്തു ജന്നലിനുസമീപം നിന്നിരുന്നവരെ ഇടിച്ചുമാറ്റി പെട്ടിയും താനുംകൂടി അതുവഴി ഇടിച്ചു കയറി ഇറങ്ങി കഷ്ടിച്ച് സമയത്തെത്തി പരീക്ഷയെഴുതിപ്പാസ്സായി രണ്ടാമത്തെ ജോലി നേടിയത്, തിരുവനന്തപുരത്തു ജോലിയിലിരുന്നപ്പോൾ എയർപോർട്ടിലെ പോലീസ് താവളത്തിൽ 'ഇടിച്ചു'കയറി അവരുടെ മനുഷ്യക്കടത്തു കയ്യോടെ പിടിച്ചു DYSP, CI, SIs എന്നിവരെ സസ്പെൻഡ് ചെയ്യിപ്പിച്ചു കോളിളക്കം സൃഷ്ട്ടിച്ചത് (**pleas see item No.13 of the blog), ഒറീസ്സയിൽ (1967) ജോലിയിൽ ഇരിക്കുമ്പോൾ ഞങ്ങൾ പത്തോളം സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ജീപ്പ് ഒരു വലിയ കൊക്കയിലേക്ക് 'ഇടിച്ചിറങ്ങി മരണത്തെ മുഖാമുഖം കണ്ടതിനുശേഷം അതിശയകരമായി രക്ഷപ്പെട്ടു ഒരു പോറലുപോലുമേൽക്കാതെ ജീവിതത്തിലേക്ക് തിരികെ വന്നത്, അവസാനം മന്ത്രാലയത്തിൽത്തന്നെ അഴിമതിക്കെതിരെ ഒരു ചെറിയ പ്രകമ്പനമുണ്ടാക്കിക്കൊണ്ടു 'ഇടിച്ചിറങ്ങി' ജോലിയിൽ നിന്നും വിരമിച്ചത് (voluntary retirement), എല്ലാം തന്നെ 'ഇടിച്ചു' കയറിയോ ഇറങ്ങിയോ ആയിരുന്നെന്നതു ഒരു പക്ഷേ യാദൃശ്ചികമായിരിക്കാമായിരുന്നെങ്കിലും അവയെല്ലാംതന്നെ അപ്പപ്പോഴത്തെ സാഹചര്യയങ്ങളുടെയും സന്ദര്ഭങ്ങളുടെയും സവിശേഷതകൾ കൊണ്ടു മാത്രമായിരുന്നെന്നു എനിക്കുറപ്പു പറയുവാൻ കഴിയും. (ഇവയുടെ സന്ദർഭങ്ങൾക്കൊക്കെ അവയുടേതായ സവിശേഷതകൾ ഉള്ളതിനാൽ അവയൊക്കെത്തന്നെ എന്റെ ഇനിയുമുള്ള വിവരണങ്ങളിൽ വിഷയങ്ങൾ ആകു ന്നതുമായിരിക്കും.) WHO യിൽ പത്തു വര്ഷം തുടരുന്നതിനിടയിൽ മക്കൾക്ക് രണ്ടുപേർക്കും ജോലിയാകുകയും വിവാഹം കഴിഞ്ഞു അവർ settle ആകുകയും ചെയ്തപ്പോൾ, സ്വയം ജോലി മതിയാക്കി തിരുവനന്തപുരത്തു (ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം) ഞങ്ങളും settle ചെയ്തു കഴിഞ്ഞപ്പോൾ, വീണ്ടും സമയം തള്ളിനീക്കുന്നതെങ്ങിനെയെന്ന ചിന്തയായി. സ്വാഭാവികമായും, കുട്ടിക്കാലം മുതൽ കൃഷിയിലെനിക്കുണ്ടായിരുന്ന താൽപ്പര്യം പ്രയോജനകരമായി വന്നു. ഞങ്ങൾക്കാവശ്യമുള്ളതിലും കൂടുതൽ പച്ചക്കറികൾ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതിൽ വ്യാപൃതനായി കുറെ സമയം ഫലപ്രദമായി ചെലവഴിക്കുവാൻ എനിക്ക് നിഷ്പ്രയാസം കഴിഞ്ഞു. കാര്യമായി അലട്ടുന്ന പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സ്വാഭാവികമായും ശേഷിച്ച സമയങ്ങളിൽ കടന്നുപോന്ന ജീവിതവീഥികളിലേക്കു ഒന്ന് തിരിഞ്ഞു നോക്കുവാനുള്ള കൗതുകവുമുണ്ടായി. ഒരിക്കലും മറക്കുവാൻ സാധിക്കാത്ത, എന്നാൽ താൽക്കാലികമായി മറവിയി ലാണ്ടു കിടന്നിരുന്ന പല സംഭവങ്ങൾ ഓർമയിലേക്ക് ഒന്നൊന്നായി അടുക്കും ചിട്ടയും ഇല്ലാതെ ഇഴഞ്ഞിഴഞ്ഞു വന്നപ്പോൾ ചിന്ത വേറൊരുവഴിക്കായി. "എന്റെ ജീവിതത്തിലെ, ഓർത്തെടുക്കാവുന്നതും വ്യക്തതയുള്ളതുമായ, ആദ്യത്തെ സംഭവമെന്തായിരുന്നു"? രണ്ടാമത്തെ വയസ്സിലും മറ്റും ഉണ്ടായ പല ചെറിയ ചെറിയ സന്ദർഭങ്ങൾ, സംഭവങ്ങൾ - മുറ്റത്തു കോഴിയേ ഓടിച്ചപ്പോൾ കോഴി വീട്ടിനുള്ളിലേക്ക് ഓടിക്കയറവേ പിറകെ ഓടിക്കയറു ന്നതിനിടയിൽ നടക്കലിൽ വീണു മൂക്ക് മുറിഞ്ഞു അലറി വിളിച്ചത് (അതിന്റെ മറുക് പിന്നീട് SSLC ബുക്കിൽ identification mark ആകുവാൻ സഹായകമായി), സന്ധ്യകളിൽ അച്ഛന്റെ തോളിലേറി റബ്ബർതോട്ടത്തിലെ ഇറക്കമിറങ്ങി താഴെ ഇരച്ചൊഴുകുന്ന തോട്ടിൽ കുളിക്കുവാൻ പോയിരുന്നത്, ചേച്ചിയ്ക്ക് വയറിളക്കുവാനായി അമ്മ കൊടുത്ത ആവണക്കെണ്ണയുടെ ബാക്കി, സംഗതിയെന്തെന്നറിയാതെ, ആരും കാണാതെടുത്തു കുടിച്ചു അമിതമായി വയറിളകി വശം കേട്ടത്, ശാരീരികാസ്വസ്ത തയും ചെറിയ ചെറിയ അസുഖങ്ങളും തനിക്കുണ്ടാകുമ്പോൾ തനിക്കു ആരുടെയോ കണ്ണുകിട്ടിയതാണെന്നു സംശയിച്ചു അമ്മ ചുവന്ന കടമുളകു വയറിനും മുഖത്തിനും വട്ടമുഴിഞ്ഞു അടുപ്പിലിട്ടു പുകച്ചിരുന്നതും ആ പുക ശ്വസിച്ചു ചുമച്ചു ചുമച്ചു കൂടുതൽ അസ്വസ്ഥനായിരുന്നതും - അങ്ങിനെയുള്ള പല പല, ചെറിയ ചെറിയ, സംഭവങ്ങൾ - അവ്യക്തതയോടെ മനസ്സിലേക്ക് വരികയുണ്ടായെങ്കിലും നല്ല വ്യക്തതയുള്ള, വിവരണീയ യോഗ്യതയുള്ള, ആദ്യത്തെ സംഭവം എനിക്ക് മൂന്നു വയസ്സ് തികയുന്നതിനുമുന്പുണ്ടായ ഒന്നാണ്. എന്റെ വിദ്യാരംഭത്തിനും മുൻപുതന്നെ ഒരു ചെറിയ പൊതുവേദിയിൽ ചെറിയൊരു പ്രസംഗം നടത്തി കയ്യടിയും പ്രശംസകളും നേടിയ ഒരു സംഭവബഹുലമല്ലാത്ത സംഭവകഥ. പിന്നീടുണ്ടായ, ഓർത്തിരിക്കുവാൻ പറ്റിയ, പല പല സന്ദർഭങ്ങളും സംഭവങ്ങളും ഒന്നൊന്നായി, എന്റെ മനസ്സിലേക്ക് വരികയും ചിലവ കുറിച്ചിടുകയും ചെയ്തു. അത്രയുമായപ്പോഴാണ് അവയിൽ ചിലവ എന്തുകൊണ്ട് വിശദമായി എഴുതിയിട്ടുകൂടാ എന്ന് തോന്നിയതും അവയിൽ ചിലതു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും. ഒന്നുകൂടി കടന്നുചിന്തിച്ചപ്പോൾ തോന്നി, ആദ്യം മുതലുള്ള സംഭവങ്ങൾ അതിന്റെ ക്രമമനുസരിച്ചു ഒരു ബ്ലോഗിലാക്കു ന്നതായിരിക്കും കൂടുതൽ ഉചിതമെന്നു. അതിന്റെ ഫലമായി ഇതാ എനിക്കൊരു ബ്ലോഗ് പേജ് പിറവിയെടുത്തിരിക്കുന്നു ! എന്റെ ആദ്യത്തെ ബ്ലോഗിന്റെ വിഷയം എന്റെ ആദ്യത്തെ കൊച്ചു പ്രസംഗം തന്നെയാണ്.
ബ്ലോഗിൽ ഇതെന്റെ ആദ്യ സംരംഭമാണ്. എഴുതുന്നത് ഇംഗ്ലീഷിൽ വേണമോ അതോ മലയാളത്തിലാകണമോ എന്ന ചിന്താക്കുഴപ്പവുമുണ്ടായി. SSLC കഴ്ഞ്ഞു മലയാളം അങ്ങിനെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല. 1960 മുതൽ 80 കളുടെ ആദ്യം വരെ വല്ലപ്പോഴും നാട്ടിലെ ബന്ധുക്കൾക്ക് അഞ്ചാറ് വരികളുള്ള കാത്തെങ്കിലും എഴുതിയിരുന്നു. ടെലിഫോൺ സൗകര്യം വന്നതിനു ശേഷം അതുമില്ലാതായി. മലയാളം ബുക്കുകളോ പ്രസിദ്ധീകരണങ്ങളോ വായിക്കുന്ന ശീലവും തഥയ് വ. എങ്കിലും മാതൃഭാഷയെ കൈവിടുവാനുള്ള മനസ്സ് വരാത്തതിനാൽ ഈ ബ്ലോഗിന്റെ മാധ്യമം മലയാളംതന്നെ യായിക്കോട്ടെ എന്നുറപ്പിച്ചു. ശൈലിയിൽ അല്പം വ്യത്യസ്ഥത വേണമെന്നുള്ള തോന്നലുണ്ടായപ്പോൾ , അതു കഴിവതും ഓരോ ബ്ലോഗിന്റേയും അവസാനം ആ ബ്ലോഗിലെ വിഷയത്തെ സംബന്ധിച്ചുള്ള ചെറിയ ഒരു പരാമർശം 'മേമ്പൊടി" ആയിട്ട് കവിതാ രൂപത്തിലായിക്കോട്ടെ, എന്നും നിശ്ചയിച്ചു. എന്റെ എഴുത്തിലും ശൈലിയിലും എന്തെങ്കിലും അപാകതകളോ കുറവുകളോ തോന്നുന്നുണ്ടെങ്കിൽ പ്രിയപ്പെട്ട വായനക്കാർ അതു തുറന്നു പ്രകടിപ്പിക്കണം. എനിക്കതിൽ സന്തോഷമേയുള്ളൂ എന്ന് ഞാൻ തുറന്നു പറഞ്ഞുകൊള്ളട്ടെ. എന്നെത്തന്നെ തിരുത്തുവാൻ അതൊരവസരമായി ഞാൻ എടുക്കുന്നതായിരിക്കും.
ഇതാ എന്റെ ആദ്യത്തെ ബ്ലോഗ്
******
ബാല കാണ്ഡം
*******
ഓർമ്മതൻ ചെപ്പിലെ ഓമന മുത്തുകൾ ഓരോന്നായെണ്ണിപ്പുറത്തെടുക്കട്ടെ ഞാൻ മറവി തൻ ചാമ്പലിൽ മൂടിക്കിടന്നേലും നറു നിറമാർന്നോരു കനലുകളാണവ.
ഒരു കൊച്ചു കല്യാണ (അധിക) പ്രസംഗം -- ഉപൻ മോന്റെ പൊതുവേദിയിലെ ആദ്യത്തെ പ്രസംഗം
*******
"അച്ചാച്ചാ ......."
കാരമ്മേലിൽ കേശവൻ ഉപൻമോന്റെ ആ വിളി കേട്ടില്ലെന്നു തോന്നുന്നു.
അച്ഛന്റെ ഇടതുതോളിൽ, മുന്നിലും പിന്നിലുമായി കാലുകൾ തൂക്കിയിട്ടു, അകാലത്തിൽ കഷണ്ടികയറിയ അച്ഛന്റെ തലയിൽ രണ്ടു കുഞ്ഞു കൈപ്പത്തികളും അമർത്തിവച്ചു, തന്റെ പിൻഭാഗത്തു അച്ഛന്റെ ഇടതുകൈപ്പത്തിയാലുള്ള താങ്ങിന്റെ ഭദ്രതയിൽ ഇടതുവഴിയിലൂടെ നടന്നു കുന്നുകയറുന്ന, അച്ഛന്റെ ഓരോ ചുവടുവെപ്പിലും താളത്മകമായി പൊങ്ങിയും താണുമിരുന്നുകൊണ്ടുള്ള യാത്ര ആസ്വദിച്ചു, മൂന്നുവയസ്സുകാരൻ ഉപൻമോൻ അച്ഛനെ വീണ്ടും നീട്ടി വിളിച്ചു :
"അച്ചാച്ചാാാാ..... "
"എന്താ മോനേ?" കേശവൻ ചോദിച്ചു.
"നമ്മള് പുലുക്കുഴീലെ ശാരദ ചേച്ചീടെ കല്യാണത്തിന് പോവല്ല്യോ? കല്യാണോന്നു വച്ചാ എന്തുവാച്ചാ ?"
"അത് ആ ചേച്ചിയെ ഇന്നൊരു ചേട്ടൻ കെട്ടും"
"കയറുകൊണ്ടാന്നോ കെട്ടുന്നേ ?"
"അല്ലാ മോനേ, താലിമാലകൊണ്ടാ "
"അപ്പം താലിമാലകൊണ്ടു ചേച്ചിയെ ആ ചേട്ടൻ തൂണില് കെട്ടീടുവോ ?
നമ്മടെ കറമ്പമ്പട്ടിയെ കേട്ടീടുന്നപോലെ ?"
നമ്മടെ കറമ്പമ്പട്ടിയെ കേട്ടീടുന്നപോലെ ?"
കേശവൻ ആസ്വദിച്ചു ചിരിച്ചു - ഒപ്പം ഇളയ കുഞ്ഞിനേയുമെടുത്തു പിറകേ. ആയാസ്സപ്പെട്ടു നടക്കുന്ന ഭവാനിയും.
"അച്ചനുമമ്മച്ചീമെന്തിനാ ചിരിക്കൂന്നേ?"
"അതുപിന്നെ മോന്റെ പറച്ചിലുകെട്ടാ എങ്ങനാ ചിരിക്കാതിരിക്കുന്നേ ? താലിമാലകൊണ്ടു തൂണില് കേട്ടീടുവല്ല ചെയ്യുന്നെ. ചേട്ടൻ താലിമാല ചേച്ചീടെ കഴുത്തിലിടും. പിന്നെ അവരൂ അങ്ങോട്ടുമിങ്ങോട്ടും പൂമാലേം കഴുത്തിലിടും. അപ്പോ നാദസ്വരവായനേമൊണ്ടാകും. അതിനാ കല്യാണം കഴിക്കുന്നെന്നു പറേന്നെ. അമ്മച്ചീടെ കഴുത്തേക്കെടക്കുന്നെ താലിമാല മോൻ കണ്ടിട്ടില്ല്യോ ? അത് അമ്മച്ചിയെ അച്ചൻ കല്യാണം കഴിച്ചപ്പോ ഇട്ടതാ" കേശവൻ വിശദീകരിച്ചു.
"അന്നേരം അവര് അച്ചനുമമ്മച്ചിമല്യോ ആകുന്നേ?"
കേശവനും ഭവാനിയ്ക്കും വീണ്ടും ചിരിവന്നു.
"അന്നേരമവര് പുത്തൻപെണ്ണും പുത്തൻ ചെറുക്കനുമേ ആവത്തുള്ളു. കെട്ടിയോളും കെട്ടിയൊനുമെന്നും പിന്നെ നവവധുവെന്നും വരനുമെന്നും പറേം. അച്ചൻ മോനേ പഠിപ്പിച്ച മംഗളാശംസയിലില്ലേ 'നവവധൂവരന്മാരേ' എന്ന്. അവര് അച്ഛനുമമ്മയുമാകുന്നത് അവർക്കും മോനേം ചേച്ചിമാരെയും പോലുള്ള കുഞ്ഞുങ്ങളുണ്ടാവുമ്പോളാ ".
കേശവൻ ഒന്ന് നിറുത്തിയിട്ട് തുടർന്നു :
അതിരിക്കട്ടെ, അച്ഛൻ മോനേ പഠിപ്പിച്ച മംഗളാശംസ മറന്നില്ലല്ലോ ? ആ ചേച്ചീടേം ചേട്ടന്റേം കല്യാണത്തിന് പറയാനാ അച്ഛൻ മോനേ അത് പഠിപ്പിച്ചത്. മാലയിടീലും മറ്റും കഴീമ്പം അച്ചൻ മോനേ മേശപ്പുറത്തു കയറ്റിനിറുത്തും. അപ്പോ മോൻ അത് ആ ചേച്ചിയേം ചേട്ടനേം നോക്കി തെറ്റാതെ, അച്ചൻ പഠിപ്പിച്ചതുപോലെതന്നെ, ഉറക്കെ പറയണം. പറഞ്ഞുതീരുമ്പോ അവിടുള്ളൊരു മോനോട് സ്നേഹംതോന്നീട്ടു മിടുക്കനെന്നു പറകേം കയ്യടീം ഉമ്മേം നാരങ്ങായുമൊക്കെ തരികേം ചെയ്യും. അപ്പോ അച്ഛനുമമ്മച്ചിക്കും എന്തു സന്തോഷമായിരിക്കുമെന്നറിയാമോ? മോനതു തെറ്റാതെ ഒന്നുകൂടി പറഞ്ഞേ , അച്ഛനുമമ്മച്ചിം ഒന്ന് കേക്കട്ടെ."
"അമ്മച്ചി അങ്ങനിപ്പം കേക്കണ്ട . കുഞ്ഞുവാവേം അച്ചനും മാത്രം കേട്ടാ മതി."
"നീയൊന്നു പതുക്കെ വാടീ ഭവാനീ ; മോൻ പറുന്നത് നീ കേക്കണ്ടാ" കേശവൻ ഭവാനിയോടായി പറഞ്ഞു. ഭവാനിയുടെ നടപ്പു പതുക്കെയായി. കേശവൻ തുടർന്നു :
"ഇനി മോൻ പറഞ്ഞാട്ടെ. അമ്മച്ചിക്ക് കേക്കാൻ പറ്റൂകേല. മോൻ കൊറേപ്പേരുടെ നടുവിൽ ഒരുമേശപ്പുറത്തു നിന്നുകൊണ്ട് പറേന്ന പോലെ മനസ്സില് കണ്ടേ ; ഇന്നാളൊരു ദിവസം കവലേല് ഒത്തിരിപേരുടെ നടുവില് നിന്നോണ്ട് ഒരു മാമൻ പ്രസംഗിക്കുന്നത് മോൻ കണ്ടാരുന്നല്ലോ. മോനും അതുപോലെ പ്രസങ്ങിക്കുവാന്നു കരുതിയാമതി. അപ്പോ അറപ്പുണ്ടകുവേല. എന്താ, മനസ്സില് അതുപോലെ കരുതിയോ മോൻ?"
"ഉം"
"എന്നാ മോൻ പറഞ്ഞേ : (ശബ്ദമുയർത്തി) "അല്ലയോ..... " "മോൻ ഉറക്കെ പറഞ്ഞേ "
അവൻ ഉറച്ചതെങ്കിലും അവ്യക്തത കലർന്ന അക്ഷരങ്ങളോടെ പറഞ്ഞു തുടങ്ങി :
"അല്ലയോ നവ വതൂവരമ്മാരേ; ഇന്നത്തെ ഈ സുപമുകൂർത്തത്തിനു സേസം ഇനിയൊള്ള കാലം ഒത്തൊരുമിച്ചു തോളോടുതോൾ ചേർന്ന് സുകവും സന്തോസവുമുള്ള ഒരു നീണ്ട ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾ പ്രതിഞ്ഞാ ബന്തരാണ്. മുന്നോട്ടുള്ള ജീവിതത്തിലെ ആയവും പരപ്പും കണ്ടു പ്രമിക്കാതിരിക്കുക. ഏതു പ്രതിസന്തീലും അന്നിയൊന്നിയം താങ്ങും തണലുമായി നിന്നുകൊണ്ട് അത് തരണം ചെയ്യാനുള്ള മനക്കരുത്തും നിച്ചയദാർഡിയവും നിങ്ങക്കൊണ്ടാകട്ടെ. നിങ്ങളുടെ ജീവിതവല്ലരി പുസ്പിച്ചു സന്താനസൗപാക്യമുണ്ടാകട്ടെ. നല്ലകാര്യങ്ങൾ മാത്രം ചെയ്യുക, ആപത്തിൽ മനോതൈര്യം കൈവിടാതിരിക്കുക. സന്തോസവും സൗപാക്യവും ആയുരാരോക്യവുമുള്ള ഒരു ജീവിതം നയിക്കുവാനായി ഈ ഉപൻമോൻ എല്ലാവിത മംഗളാസംസകളും നേർന്നുകൊള്ളുന്നു. നിങ്ങക്ക് ഈസ്വരന്റെ അനുക്കര കമൊണ്ടാകട്ടെ!"
ഉപൻമോൻ പറഞ്ഞു നിർത്തിയിട്ടു ഒരു ദീർഘനിശ്വാസവും വിട്ടു.
"മിടുക്കൻ. ഇതുപോലെ, ഒന്നും മറക്കാതെ, അവിടെയും മോൻ പറയണം." കേശവൻ മകനെ പ്രോത്സാഹിപ്പിച്ചു.
"ഉം" ഉപൻമോൻ സമ്മതം മൂളി.
അപ്പോഴേയ്ക്കും അവർ കുന്നിൻപുറത്തെത്തിയിരുന്നു. പിന്നെ കുറച്ചു ദൂരത്തെ നിരപ്പായ വഴിയും ഇറക്കവും താണ്ടി അവർ പുലിക്കുഴി കൃഷ്ണന്റെ വീട്ടിലെത്തി.
വിവാഹകർമങ്ങൾ കഴിഞ്ഞയുടൻ ഉപൻമോന്റെ മംഗളാശംസചൊല്ലലും ഭംഗിയായിത്തന്നെ നടന്നു. പ്രതീക്ഷിച്ചപോലെ ആളുകളുടെ അഭിനനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും അവനു വേണ്ടുവോളം കിട്ടുകയുമുണ്ടായി. സദ്യയൂണും കഴിഞ്ഞു അവർ തിരികെ യാത്രയായി. ഉപൻമോന്റെ ഇരിപ്പു ഇപ്പോൾ അച്ഛന്റെ വലതു തൊളിലായി. വഴി വിജനമാണ്, അന്തരീക്ഷം നിശ്ചലവും.ആയാസപ്പെട്ട് തിരികെ കുന്നുകയറുന്ന അച്ഛന്റെ നെഞ്ചിൽ മുട്ടിക്കിടക്കുന്ന അവന്റെ വലതുകാൽ അച്ഛന്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി സ്വന്തം ഹൃദയമിടിപ്പുമായി സമ്മിശ്രപ്പെട്ടു, താളാൽമകമായ ഒരു മുഴക്കമായി അവന്റെ സ്വന്തം ചെവിയിൽ പ്രതിധ്വനിച്ചു. പക്ഷേ അവനു തോന്നിയത് അത് ദൂരെയെവിടെയോനിന്ന് അതിവേഗം തങ്ങളെ ലക്ഷ്യം വച്ച് വരുന്ന ഏതോ അജ്ഞാതശക്തിയുടെ കാലടിശബ്ദമായിട്ടാണ്. അങ്ങിനെ ചിന്തിച്ചതും അവനു നേരിയെ ഭയം തോന്നി.
വിവാഹകർമങ്ങൾ കഴിഞ്ഞയുടൻ ഉപൻമോന്റെ മംഗളാശംസചൊല്ലലും ഭംഗിയായിത്തന്നെ നടന്നു. പ്രതീക്ഷിച്ചപോലെ ആളുകളുടെ അഭിനനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും അവനു വേണ്ടുവോളം കിട്ടുകയുമുണ്ടായി. സദ്യയൂണും കഴിഞ്ഞു അവർ തിരികെ യാത്രയായി. ഉപൻമോന്റെ ഇരിപ്പു ഇപ്പോൾ അച്ഛന്റെ വലതു തൊളിലായി. വഴി വിജനമാണ്, അന്തരീക്ഷം നിശ്ചലവും.ആയാസപ്പെട്ട് തിരികെ കുന്നുകയറുന്ന അച്ഛന്റെ നെഞ്ചിൽ മുട്ടിക്കിടക്കുന്ന അവന്റെ വലതുകാൽ അച്ഛന്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി സ്വന്തം ഹൃദയമിടിപ്പുമായി സമ്മിശ്രപ്പെട്ടു, താളാൽമകമായ ഒരു മുഴക്കമായി അവന്റെ സ്വന്തം ചെവിയിൽ പ്രതിധ്വനിച്ചു. പക്ഷേ അവനു തോന്നിയത് അത് ദൂരെയെവിടെയോനിന്ന് അതിവേഗം തങ്ങളെ ലക്ഷ്യം വച്ച് വരുന്ന ഏതോ അജ്ഞാതശക്തിയുടെ കാലടിശബ്ദമായിട്ടാണ്. അങ്ങിനെ ചിന്തിച്ചതും അവനു നേരിയെ ഭയം തോന്നി.
മോനെന്തേ മൗനിയായതെന്നു കേശവൻ ചിന്തിച്ചതേയുള്ളു. അപ്പോൾ, ഉണ്ടായ ഭയചിന്തയിൽ നിന്നും മോചിതനാകാനെന്നവിധം, അവൻ അച്ഛനെ വിളിക്കുകയായി :
"അച്ചാച്ചാ... "
"എന്താ മോനേ?"
"എന്താ മോനേ?"
"കല്യാണം കഴിഞ്ഞുപോകാന്നേരം ആ ചേച്ചിയെന്തിനാ കരഞ്ഞേ ? ചേച്ചീടമ്മേം കരഞ്ഞാരുന്നു. ആ ചേട്ടൻ അവരെ വയക്കു പറേവോ അടിക്കുവോ ചെയ്തോ ?"
"അല്ല മോനേ, ചേട്ടനടിച്ചിട്ടല്ല അവരു കരഞ്ഞേ. ഇനിമുതൽ ആ ചേച്ചി ചേട്ടന്റെ വീട്ടിലാ താമസിക്കേണ്ടേ. അപ്പോ ചേച്ചീ ചേട്ടന്റെ കൂടങ്ങു പോകുമ്പം ചേച്ചിക്കും ചേച്ചീടമ്മയ്ക്കുമൊക്കെ സങ്കടം വരത്തില്ല്യോ ? അതുകൊണ്ടാ ചെച്ചിം അമ്മേം കരഞ്ഞേ."
"അപ്പം വിലാസിനിച്ചേച്ചിയേം വാഗമ്മചേച്ചിയേം കല്യാണം കയിച്ചോണ്ടു പൊമ്പോ അവരും അമ്മച്ചീം കരേവോ?"
"പിന്നേ, അവർക്കും സങ്കടം വാരത്തില്യോ ?"
"അങ്ങനാന്നേ അവരെ ആരും കല്യാണം കയിക്കണ്ടാ. മോനും സങ്കടം വരും."
"അന്നത്തേക്കു മോനങ്ങ് വളന്നു വലുതാകത്തില്ലിയോ. വലുതായാൽ ആണുങ്ങൾ കരയത്തില്ല. പെണ്ണുങ്ങളേ കരയത്തൊള്ളൂ "
കേശവൻ അവനേ ധൈര്യപ്പെടുത്തി.
അപ്പോഴേക്കും അവർ വീടെത്തിക്കഴിഞ്ഞിരുന്നു.
മേമ്പൊടി
അച്ഛന്റെ തോളേറി, ക്കുന്നേറി, ശ്ശാരദ- ച്ചേച്ചീടെ കല്യാണപ്പന്തലീലെത്തീട്ടു
ചേച്ചിക്കും ചേട്ടനുമാശംസാ വാക്കുകൾ അച്ഛൻ പഠിപ്പിച്ചു തന്ന, തതുപോലെ
ഉച്ചത്തിലങ്ങോട്ടു, ധൈര്യത്തിലങ്ങോട്ട് 'വെച്ചുകാച്ചി'പ്പോന്നതൊന്നാമത്തേ മുത്ത്
താതൻ താൻ തന്നുടെയാരാധനാ മൂർത്തി അതുപോലെ തന്നെ താൻ
അനുകരിക്കേണ്ടയാൾ ഇതു ലോകനീതിപോൽ ബാലമനസ്സിലേ - ക്കതിവേഗമാഴ്ന്നിടും, പിച്ചവയ്ക്കുമ്പോഴേ .
ധീരനാമച്ഛന്റെ കാലടിപ്പാടുകൾ ധൈര്യം പകർന്നു തരും പാതയാകുകിൽ വീര്യം പകർന്നുകൊണ്ടപ്പാത പൂകുകാര്യം നിസ്സാരമാണേതോരു ബാലനും
കാപട്യമെന്തെന്നറിയാത്ത നാളുകൾ പാപകാര്യങ്ങളോ ചെയ്യാത്ത നാളുകൾ
മനതാരിലാശങ്കയില്ലാത്ത നാളുകൾ വിനയായ് ഭയം ലേശമേലാത്ത നാളുകൾ.
അന്നാളിലച്ഛൻ പഠിപ്പിച്ച പാഠങ്ങ- ളൊന്നായതുപോലെ, തെറ്റാതുരുവിടാൻ
എന്നിലേബ്ബാലനസാദ്ധ്യമല്ലെങ്കിലീ മന്നിലെബ്ബാല്യങ്ങൾക്കൊക്കെയും സാദ്ധ്യമാം
*******

തീരെ ചെറിയ കുട്ടിക്കാലം പൊലും ഓര്ത്തുവെച്ച് ഇത്രയും നല്ല മലയാളത്തില് എഴുതിയ കഥ വായിച്ചു. ഇന്നത്തെ മാതാപിതാക്കളു കുട്ടികളുമായി ഇതുപോെലെ നല്ല ബന്ധങ്ങള് കെട്ടിപ്പടുത്തിരുന്നെങ്കില് എന്ന് ആശിച്ചു പോകുന്നു. കേട്ടതിനേക്കാള് ഏറെ കേള്ക്കാനിരിക്കുന്നതേയുള്ളു എന്നു കരുതുന്നു.
മറുപടിഇല്ലാതാക്കൂ