Post No.4
ഉപൻമോന്റെ കുടിപ്പള്ളിക്കൂട ജീവിതം :
ഒരു കുള അട്ട ആക്രമണം. .
*******
കുടിപ്പള്ളിക്കൂടത്തിൽ ഇരുപത്തഞ്ചോളം കുട്ടികളുണ്ടായിരുന്നു. ഏറ്റവും പ്രായക്കുറവും വലിപ്പക്കുറവും സ്വാഭാവികമായും ഉപൻമൊനു തന്നെയായിരുന്നു. മൂന്ന് മൈലുകൾക്കുള്ളിൽ സ്കൂളോ മറ്റു കുടിപ്പള്ളിക്കൂടമോ ഇല്ലാതിരുന്നതിനാൽ എട്ടും ഒൻപതും അതിൽ കൂടുതലും വയസ്സ് പ്രായമുള്ള കുറെ കുട്ടികൾ ഗ്രാമത്തിൽ വിദ്യാഭ്യാസം കിട്ടാതെ നിൽപ്പുണ്ടായിരുന്നു. കുടിപ്പള്ളിക്കൂടം തുടങ്ങിയിട്ടും അവരിൽ പലരും അവിടെ ചേർന്നു പഠിക്കുകയുണ്ടായില്ല.
ആശാൻ ഓലപ്പുസ്തകം തയ്യാറാക്കുന്നത് വളരെ കലാപരമായാണ്. ഓലയുടെ തുമ്പ് അറ്റത്തു നിന്നും ഒന്നര ഇഞ്ചോളം മുറിച്ചുമാറ്റിയിട്ടു വീണ്ടും അറ്റത്തുള്ള ഈർക്കിൽമാത്രം രണ്ടിഞ്ചോളം ഓലയിൽ നിന്നും വേർപെടുത്തി മുറിച്ചു മാറ്റും. എന്നിട്ടു വേർപെട്ടുകിടക്കുന്ന രണ്ടു തുമ്പുകളും പിറകോട്ടെടുത്തു മൊത്തം ചുറ്റി അറ്റം മടക്കിനകത്തുകൂടി തിരുകിക്കയറ്റി വെളിയിൽ കൊണ്ടുവന്നു മുറുക്കിയിട്ട് മുറിച്ചു കളയും. അപ്പോഴേയ്ക്കും അവിടെ നല്ല ഒരു 'തലേക്കെട്ട്' ' രൂപപ്പെട്ടിരിക്കും. ചുവടെ ഒരു അർദ്ധവൃത്താകൃതിൽ മുറിച്ചെടുക്കും. ഒന്നിലധികം ഓലയായാൽ എല്ലാ ഓലകൾക്കും ഒരേ നീളം വരത്തക്കവിധം തലേല്ക്കെട്ടു കെട്ടും. . ഓരോ ഓലയുടെയും ചുവട്ടിൽ നിന്നും അരയടി മുകളിലായി, എല്ലാ ഓലയിലും ഒരേ സ്ഥലത്തു വരത്തക്കവ വിധം ഒരു സ്ലേറ്റു പെൻസിൽ കടക്കത്തക്ക വലിപ്പത്തിൽ വട്ടത്തിലുള്ള ഒരു സുഷിരമിടും. ഒരു ചരടിൽ എല്ലാ ഓലകളും ആ സുഷിരത്തിൽ കൂടി കോർത്ത് കെട്ടിയാൽ നല്ല ഭംഗിയുള്ള ഒരു ഓലപ്പുസ്തക കെട്ടായി. ഈ ഓലക്കെട്ടു കൊണ്ട് ഞങ്ങൾക്ക് വേറേ രണ്ടു പ്രയോജനങ്ങൾ കൂടി ഉണ്ടായിരുന്നു. തെരുവ് നായ അടുത്തു കൂടിയെങ്ങാനും വന്നാൽ അതൊന്നുയർത്തി വീശിയാൽ മതി, വടിയാണെന്നു കണ്ടു അതു ഓടിപ്പൊയ്ക്കൊള്ളും. ഇനി അതു ഒന്നാംതരമൊരു വാദ്യോപകരണമായി മാറ്റമെന്നതാണ്. ഓലകൾ തമ്മിൽ കെട്ടിയിരിക്കുന്ന ഭാഗത്തു മുറുകെ പിടിച്ചു ആഞ്ഞു താളാൽമകമായി കുലുക്കിയാൽ തലക്കെട്ടുകൾ തമ്മിൽ അടിച്ചു താളാൽമകമായ ശബ്ദമുണ്ടാക്കും. ഇനിയും ഒരുകൈകൊണ്ടു കെട്ടിന് മുകളിലായും മറുകൈ കൊണ്ട് അരയടി മുകളിലായും പിടിച്ചിട്ടു അതിനു മദ്ധ്യത്തായി ഓലയുടെ തുറന്ന ഭാഗത്തു ഉള്ളിലേയ്ക്ക് ശ്വാസം ആഞ്ഞെടുത്തു ഊതിയാൽ നല്ല " പീ.... പീ... " ശബ്ദമുണ്ടാകും. അല്പം ട്യൂൺ കൂടി കൊടുത്തൂതിയാൽ സംഗീതവും. ഇവയൊക്കെ അന്നത്തെ കുട്ടികളുടെ കലാപരിപാടികളുടെ ഭാഗമായിരുന്നു; ഇപ്പോൾ അവരുടെ ഗൃഹാതുരത്വവും !!! ഇന്നത്തെ കുട്ടികൾക്കു അതൊക്കെ അന്യം നിന്നുപോയി എന്ന് പറഞ്ഞാൽ മതി.
ഉപന്റെയും ചേച്ചിയുടെയും അടുത്ത കൂട്ടുകാർ വട്ടാംകുഴിയിലെ മോഹനനും മംഗലത്തെ ഓമനയും ആയിരുന്നു. മോഹനനും ഓമനയും ചേച്ചിയുടെ പ്രായക്കാരായിരുന്നു. മോഹനന്റെ കുടുംബവും, അമ്മച്ചിയുടെ സ്ഥലമായ, മലയാലപ്പുഴയിൽ നിന്നും വന്നവരായിരുന്നതിനാൽ അവനുമായി, അവർക്ക് കൂടുതൽ അടുപ്പ മുണ്ടായിരുന്നു. അവർ നാലുപേരും ഒരുമിച്ചായിരുന്നു പള്ളിക്കൂടത്തിലേക്കു പോകുന്നതും തിരികെ വരുന്നതും. ഉച്ച വരെ മാത്രമേ പഠിത്തമുള്ളു. സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ അവർ മൂന്നു താവളങ്ങളിൽ കുറച്ചു സമയം ചെലവാക്കുക പതിവായിരുന്നു. ആദ്യത്തെ താവളം സ്കൂളിന്റെ കുറച്ചടുത്തു റോഡരികിൽ നിന്നിരുന്ന ഒരു വലിയ കുളമാവിൻ ചുവടായിരുന്നു. രണ്ടാമത്തെ താവളം വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള വെള്ളച്ചാട്ടവും അതിനടുത്തു റോഡരികിൽ നിന്നിരുന്ന ഒരു കൂറ്റൻ ഇലവുമരത്തിന്റെ ചുവടുമായിരുന്നു. മൂന്നാമത്തേത് റോഡിന്റെയും അവരുടെ വീടുനിൽക്കുന്ന പുര യിടത്തിന്റെയും ഇടയിൽക്കൂടി, വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകിയെത്തുന്ന, തോട്ടിലെ കുളിക്കടവാണ്. അവിടെ ഒരു ചെറിയ കുളത്തിന്റെ വലുപ്പത്തിൽ വെള്ളം കെട്ടിനിൽക്കത്തക്ക വിധം കുഴിയുണ്ട്. അയൽ വക്കങ്ങളിലുള്ള സ്ത്രീകൾ കുളിക്കുന്നതും തുണി കഴുകുന്നതും അവിടെയാണ്.
കുളത്തിനു തൊട്ടു താഴെയുള്ള തോടിന്റെ ഭാഗത്തിന് നല്ല വീതിയുള്ളതിനാലും കുളത്തിൽ നിന്ന് ഒഴുകി വരുന്ന വെള്ളം അവിടെയെത്തുമ്പോൾ പരന്നൊഴുകുന്നതിനാലും മഴക്കാലമല്ലാത്ത സമയങ്ങളിൽ അവിടെ കണങ്കാൽ വരെ മാത്റമേ വെള്ളത്തിന് ആഴമുണ്ടാകുകയുള്ളു. അതുകൊണ്ടുതന്നെ അവർ ആ ഭാഗത്തു കൂടി ഇറങ്ങി തോട് കട
ന്നാണ് വീട്ടിലേയ്ക്കു കയറിപ്പോകുന്നത്.
കുളമാവ് കായ്ക്കുന്ന കാലമായാൽ സ്കൂൾ വിട്ടാൽ ഉടൻ അതിന്റെ ചുവട്ടിലേക്ക് ഓടിയെത്തും. ധാരാളം കുളമാവിൻ കായ്കൾ വീണു കിടപ്പുണ്ടാവും. കുളമാവിന്റെ ഇലയും തടിയും മാവിന്റേത് പോലെ ആണെങ്കിലും മാങ്ങയുടെ അടുത്തു രൂപമുള്ള കായ്ക്കു ഒരു മഞ്ചാടിക്കുരുവിനേക്കാൾ അല്പം കൂടി വലിപ്പമേയുള്ളു. പുറത്തെ കനം കുറഞ്ഞ തൊലിക്കകത്തു ചിരട്ട പോലെ കനമുള്ള തോടും അതിനുമകത്ത് നല്ല വെള്ള നിറത്തിലുള്ള, രുചിയുള്ള പരിപ്പുമാണുള്ളത്.
ആദ്യം നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും അവ പെറുക്കി നിറയ്ക്കും. പിന്നീടു പെറുക്കുന്നവയെല്ലാം അവിടെത്തന്നെയുള്ള പാറക്കല്ലിൽ വച്ചു ഇളകിക്കിടക്കുന്ന മെറ്റലെടുത്തു ഇടിച്ചു പൊട്ടിച്ചു പരിപ്പെടുത്തു മതിയാവോളം തിന്നും. പോക്കറ്റിൽ കിടക്കുന്നവ വീട്ടലെത്തിയാൽ സൗകര്യം കിട്ടുമ്പോൾ തല്ലിപ്പൊട്ടിച്ചു തിന്നും.
കുളമാവിൻ ചുവട്ടിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തെത്തിയാൽ ഇലവിൻ ചുവട്ടിൽ നിന്നുകൊണ്ട്, നുരയും പതയുമായി ഇരുപതു അടിയോളം താഴ്ചയിലേക്ക് കുതിച്ചു ചാടുന്ന, വെള്ളച്ചാട്ടത്തിന്റെ ഭംഗിയും അതിനുപരിയായി, വെള്ളച്ചാട്ടത്തിനു താഴെയുള്ള കുഴിയിൽ നിന്നും വെള്ളച്ചാട്ടത്തിന് മുകളിൽ എത്തുവാനായി ചാടിച്ചാടി അശ്രാന്തം പരിശ്രമിക്കുന്ന പരൽമീനുകളുടെ വ്യഗ്രതയും നോക്കി ആസ്വദിച്ചു നിൽക്കും. എന്നാൽ അത്ഭുതമെന്നും അവിശ്വസനീയമെന്നും തോന്നുന്ന കാര്യം, അവയിൽ അപൂർവം ചില മീനുകൾ അത്രയും ഉയരമുള്ള ആ വെള്ളച്ചാട്ടം ചാടിക്കടന്നു മുകളിൽ എത്തുന്നുണ്ട് എന്നുള്ളതാണ്. വെള്ളച്ചാട്ടം ശരിയ്ക്കും കുത്തനെയല്ല, കരിങ്കൽപ്പാറ പൊട്ടിച്ചുണ്ടായതിനാൽ അൽപ്പം ചരിവോടു കൂടിയതാണ്. അതുകൊണ്ടു തന്നെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ പാറക്കുഴികൾ താഴെ നിന്നും മുകൾഭാഗം വരെയുണ്ട്. ചിലവ വെള്ളമൊഴുക്കിന്റ അരികിലായി, കുതിച്ചു ചാടുന്ന വെള്ളക്കെട്ടിൽ നിന്നും തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളാൽ നിറഞ്ഞുകിടക്കും. താഴെ നിന്നും മുകളിലേയ്ക്കു ചാടുന്ന മീനുകളിൽ ചിലവ കുത്തൊഴുക്കിൽ തെറിച്ചു ഈ കുഴികളിൽ വീഴും. അവയിൽ ചിലവ വീണ്ടും മുകളിലേയ്ക്കു ചാടുമ്പോൾ അതുപോലെയുള്ള മുകളിലത്തെ കുഴിയിൽ വീണെന്നിരിക്കും. ഈവിധം അശ്രാന്ത പരിശ്രമത്തിന്റെ ഫലം വിജയമായി ആഘോഷിക്കുന്നത് മുകളിലെത്തിയ മീനുകൾ അതിവേഗം, ഇനി താഴേയ്ക്ക് വീഴുമോ എന്ന ഭയത്താലെന്ന വിധം, മുകളിലത്തെ ചെറിയ ഒഴുക്കിൽ സസന്തോഷം നീന്തിത്തുടിച്ചു മുന്നോട്ടു പോയിട്ടാണ്. അവയുടെ ആ ശ്രമവും വിജയാഘോഷവും ഞങ്ങൾ നോക്കിനിന്നു, അവയോടൊപ്പം, ആസ്വദിക്കാറുണ്ട്.
അവിടെ നിന്നും കുളിക്കടവിൽ എത്തിയാൽ ഉടുപ്പുകളൂരി, അവയും ഓലപ്പുസ്തകക്കെട്ടും കൂടി കരയിൽ വച്ചിട്ട്, നാലുപേരും ദിഗംബരരായിട്ടു തോട്ടിൽ അര മണിക്കൂറോളം ചാടിമറിഞ്ഞിട്ടേ വീട്ടിലെത്തൂ.
ഇലവ് പൂക്കുന്ന കാലമായാൽ (അപ്പോൾ കുളമാങ്ങാ ഉണ്ടാകില്ല) ഇലവിൻ ചുവടാണ് ആദ്യ താവളം. അവിടെ എത്തിയാൽ വെള്ളച്ചാട്ടത്തിൽ പരൽ മീനുകൾ മുകളിലെത്തുവാൻ വൃഥാ ഉയർന്നു ചാടി വീണു ഒഴുക്കിൽ വീണ്ടും കൂടുതൽ താഴേയ്ക്ക് പോകുന്നതും വീണ്ടും ശ്രമം തുടരുന്നതും നോക്കി
രസിച്ചു നിൽക്കും. പിന്നെ ഇലവിൻ പൂവുകൾ പെറുക്കിയെടുത്തു അവയുടെ വെൽവെറ്റ് നിറത്തിൽ, നീണ്ട കട്ടിയുള്ള ദളങ്ങൾ ഇറുത്ത് മാറ്റി, നീണ്ട ഷേവിങ്ങ് ബ്രഷ്ന്റെ ആകൃതിയിലുള്ള പിടിയും കേസരങ്ങളും ചേർന്ന ഭാഗം ശേഖരിച്ചു അവ കുളിക്കടവിലെ വെള്ളത്തിലെറിഞ്ഞു ഒഴുകി വരുമ്പോൾ പിടിച്ചെടുത്തു കളിച്ചു രസിക്കും. ഇലവുമരത്തിലെ പൂക്കളെല്ലാം കൊഴിഞ്ഞു കായ്ക്കളായി ഉണങ്ങി പൊട്ടിത്തെറിച്ചു നാലുപാടും സിൽക്കുപോലെയുള്ള പഞ്ഞിക്കൂടുകൾ പറന്നുനടക്കുന്ന കാലമാകുമ്പോൾ, റോഡിന്റെ ഇരുവശത്തുമുള്ള കാട്ടു ചെടികളിൽ അവ പറ്റിപ്പിടിച്ചു വെള്ളപ്പൂക്കളുടെ നീണ്ട നിരകളുടെ മനോഹര ദൃശ്യം ഉളവാകുകയായി. ഞങ്ങൾ മത്സരിച്ചു ഓടിനടന്നു അവ പെറുക്കി വായുവിലേക്ക് വീണ്ടും വീണ്ടും ഊതിപ്പറത്തി രസിക്കുകയായി. ഇലവിന്റെ പൂവോ കായോ ഇല്ലാത്ത സമയത്തു വീട്ടു പുരയിടത്തിലെ വയസ്സൻ റബ്ബർ മരങ്ങളിൽ നിന്നു പൊട്ടിത്തെറിച്ചു വീണുകിടക്കുന്ന റബ്ബർ കുരുക്കളാണ് വെള്ളത്തിലെറിഞ്ഞു കളിക്കുവാനുള്ള കളിപ്പാട്ടമായി ഞങ്ങൾ കരുതുക.
കുള അട്ടയുമായുള്ള ഏറ്റുമുട്ടൽ :
ഓലപ്പള്ളിക്കൂടത്തിൽ ചേർന്നിട്ടു ആറേഴു മാസം കഴിഞ്ഞ ഒരു ദിവസം. അന്നു പനി കാരണം ചേച്ചിയില്ലാതെ ഉപൻമോൻ മാത്രം കൂട്ടുകാരുമൊത്തു സ്കൂളിലേക്ക് പോയി.
പതിവുപോലെ ഇലവിൻചുവട്ടിലെത്തി കുറേ പൂക്കൾ പെറുക്കിയെടുത്തു ദളങ്ങൾ ഇറുത്തു മാറ്റിയിട്ടു അവർ മൂവരും കുളിക്കടവിലെത്തി. ചേച്ചി കൂടില്ലാത്തതിനാൽ ഓമന വീട്ടിലേയ്ക്കു പോയി. ഉപൻമോനും , മോഹനനും ദിഗംബരരായി, പൂക്കളുമെടുത്തു, തോട്ടിലേക്ക് ചാടി കളി തുടങ്ങി. കളിക്കു ഹരം കൂടിത്തുടങ്ങിയപ്പോൾ പതുക്കെപ്പതുക്കെ മുകളിലേയ്ക്കു, ആഴക്കൂടുതൽ ഉള്ളിടത്തേയ്ക്കു, നീങ്ങി നീങ്ങി അരയ്ക്കു മുകളിൽ വെള്ളമുള്ളിടത്തായി കളി. പതിവിലും കൂടുതൽ സമയമെടുത്തെന്നുള്ള തോന്നലുണ്ടായപ്പോൾ മോഹനൻ പറഞ്ഞു :
"ഒത്തിരി സമേമായി. നമ്മക്കിനി വീട്ടിപ്പോവാം. ഒരുപാടു താമസ്സിച്ചാ അച്ചനടിക്കും".
അപ്പോഴാണ് ഉപൻമോനും സ്ഥലകാലബോധമുണ്ടായത്. ധൃതിയിൽ രണ്ടുപേരും കരയ്ക്കു കയറി. മോഹനൻ ആദ്യം കയറിയിട്ട് പിറകേ കയറിച്ചെന്ന ഉപനേ തിരിഞ്ഞു നോക്കിയതും ഭയത്തോടെ അവന്റെ അരയ്ക്കു ചൂണ്ടി വിളിച്ചു പറഞ്ഞു :
"ഉപനേ ദേ അട്ട കടിച്ചു തൂങ്ങിക്കെടക്കുന്നു"
അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് ഉപൻമോൻ ഭയപ്പാടോടെ പെട്ടെന്ന് കുനിഞ്ഞു നോക്കിയതും, ഉച്ചത്തിൽ അലറിയതും ഒരുമിച്ചായിരുന്നു. ഒരു വലിയ കുള അട്ട രക്തം കുടിച്ചു വീർത്തുരുണ്ട് അവന്റെ അടിവയറ്റിൽ തൂങ്ങിക്കിടക്കുന്നു ! അവൻ തുള്ളിച്ചാടി, നിർത്താതെ, അലറിവിളിക്കുന്നതു കണ്ടപ്പോൾ മോഹനൻ ഭയന്ന് വശായി കരച്ചിലോളമെത്തിയിട്ട്, കാര്യം പന്തിയല്ലെന്ന് തോന്നിയിട്ടാവണം, അവന്റെ തുണികളും ഓലക്കെട്ടും ധൃതിയിൽ വലിച്ചു വാരിയെടുത്തുകൊണ്ടു ഒറ്റ ഓട്ടം വച്ചുകൊടുത്തു. അതുകൂടി കണ്ടപ്പോൾ, തനിച്ചായത്തിന്റെ ഭയം കൂടിയായപ്പോൾ, അവന്റെ അലർച്ചയുടെ ആക്കം പതിന്മടങ്ങായി. അലർച്ചയ്ക്കിടെ വിളിച്ചു കൂവുന്നുമുണ്ട് :
"അമ്മച്ചിയേ....... ഓടിവായോ... ഉപമ്മോനെ അട്ടകടിച്ചേ...... ഞാം ചത്തുപൊമേ....ഓടിവായോ.... " എന്ന്.
ആ സമയം വീട്ടിൽ ഭവാനി ആലോചിക്കുകയായിരുന്നു : 'ഉപൻമോൻ തനിയെയാണല്ലോ ഇന്ന് പോയിരിക്കുന്നത്. വരേണ്ട സമയവും കഴിഞ്ഞെന്നു തോന്നുന്നു. എന്തായാലും ഒന്ന് തോടുവരെ പോയിനോക്കാം. ചേച്ചിയില്ലാതെ തോട്ടിൽ ചാടരുതെന്നു പറഞ്ഞിട്ടുള്ളതാണ്. മറ്റു പിള്ളേര് കൂടെയുള്ളതിനാൽ പറഞ്ഞതൊക്കെ മറന്നു പോയിട്ടുണ്ടാകും.' ഭവാനി ഉടൻതന്നെ വഴിയിലേക്കിറങ്ങി.
കുറച്ചു നേരം എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഉപൻമോൻ പകച്ചു നിന്നുപോയി. അല്പം കഴിഞ്ഞപ്പോൾ തുണിയും ഓലക്കെട്ടുമെടുക്കാതെ, അലറിവിളിച്ചുകൊണ്ടു തന്നെ, വീട്ടിലേയ്ക്കുള്ള വഴിയേ മേലോട്ടൊടുവാൻ തുടങ്ങി.
പകുതി വഴിയ്ക്കു എത്തിയതും ഭവാനി ഉപൻമോന്റെ അലർച്ച കേട്ടു. ഏന്തോ കാര്യമായി നടന്നിരിക്കുന്നു ; ഭവാനി ഉറപ്പിച്ചുകൊണ്ട് ഓടിയിറങ്ങി ചെന്നപ്പോൾ കണ്ടത് പറക്കുന്നവിധം കൈകൾ രണ്ടു വശങ്ങളിലും അടിച്ചുകൊണ്ട് നഗ്നനായി ഓടിവരുന്ന ഉപൻമോനെയാണ്. അമ്മച്ചിയെ കണ്ടതും അവന് സങ്കടം കൂടുതലായി. ശബ്ദവും ഒപ്പം കൈകളും ഒന്നുകൂടി ഉയർത്തി, ഓട്ടത്തിന്റെ വേഗത കൂട്ടിക്കൊണ്ടു അവൻ അടുത്തെത്തി ഏങ്ങി ഏങ്ങി പറഞ്ഞൊപ്പിച്ചു : "മ്മചീ, അട്ട കടിച്ചു, മോൻ ചത്തുപോം"
അപ്പോഴാണ് അതു ഭവാനിയുടെ ശ്രദ്ധയിൽപ്പെടുന്നത് : ഒരു കുള അട്ട അവന്റെ അടിവയറ്റിൽ രക്തം കുടിച്ചു വീർത്തുരുണ്ട് കടിച്ചു തൂങ്ങിക്കിടക്കുന്നു. ഭവാനി പെട്ടെന്ന് അവനേ പിടിച്ചു നിർത്തിയിട്ടു കുനിഞ്ഞു അട്ടയെ അടർത്തിയെടുത്തു ദൂരേക്കെറിഞ്ഞിട്ട് സമാധാനിപ്പിച്ചു :
"അട്ട പോയില്ലേ? ഇനി കരച്ചില് നിർത്ത്. മോൻ ചത്തു പോത്തോന്നുമില്ല"
എന്നിട്ടു ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പുകൊണ്ടു അവന്റെ നനഞ്ഞിരുന്നു തലയും ദേഹവും തുവർത്തിക്കൊടുത്തു. അപ്പോൾ കണ്ടൂ അട്ട കടിച്ചിരുന്ന സ്ഥലത്തു നിന്നും രക്തം ഇറ്റു വീഴുന്നു. അവൻ കണ്ടാൽ കുഴപ്പമാവും ; ഭവാനി അവന്റെ ദേഹം തുവർത്തുന്ന ഭാവത്തിൽ രണ്ടുമൂന്നു പ്രാവശ്യം തുടച്ചു കഴിഞ്ഞപ്പോൾ രക്തത്തിന്റെ വരവ് കുറഞ്ഞു കുറഞ്ഞു വന്നു. ഒരുമ്മ അവന്റെ കവിളിൽ കൊടുത്തിട്ട്, ആശ്വസിപ്പിക്കാനും വിഷയം മാറ്റാനുമെന്ന വിധം ഒരു പുഞ്ചിരിയോട്, അവന്റെ പുറം തുടയ്ക്കു ഒരു കൊച്ചടി പാസ്സാക്കിക്കൊണ്ടു ഭവാനി അവനേ ശാസിച്ചു, :
"തനിയെ തൊട്ടിൽ ഇറങ്ങരുതെന്നു ഞാൻ പറഞ്ഞിട്ടില്ലേ ? അതനുരിക്കാഞ്ഞിട്ടല്ലേ അട്ട കടിച്ചത് ? ഇനി എന്നേലും തനിയേ നീ തോട്ടിലിറങ്ങുവോ ?"
"ഇല്ല", തന്റെ തെറ്റ് മനസ്സിലായവണ്ണം അവൻ ജാള്യതയോടെ പറഞ്ഞു. അപ്പോഴാണ് അവന്റെ തുണിയുടെയും ഓലക്കെട്ടിന്റെയും കാര്യം ഓർമ വന്നത്. ഭവാനി ചോദിച്ചു :
"മോന്റെ ഉടുപ്പും ഓലേമൊക്കെ എവിടെ?"
"തോട്ടുകരേലൊണ്ട് "
"എന്നാ മോനിവിടെ നിക്ക്; അമ്മച്ചി അതെടുത്തോണ്ടു വരാം "
"വേണ്ടാ, എനിച്ചു പേടിയാ, ഞാനും വരും " : അവൻ ചിണുങ്ങി.
ഭവാനി അവനെയും എടുത്തു താഴെച്ചെന്നു തുണികളും മറ്റും എടുത്തുകൊണ്ടു വീട്ടിലേക്കു മടങ്ങി.
*******
മേമ്പൊടി
***
പനയോലപ്പുസ്തകത്താളിലാശാൻ കനിവോടെ നാരായത്തുമ്പിനാലേ
വിരചിക്കുമക്ഷര മാലകൾ ഞാനൊരു വരമായ്ക്കരുതിപ്പഠിച്ച കാലം
കുളമാവിൻ ചോട്ടിൽ കഴിച്ച കാലം കുളയട്ട തൻ കടി ഏറ്റ കാലം
ആ കടി മൂലം താനങ്ങു പരലോകം പൂകുമെ- ന്നകതാര് നൊന്തു കരഞ്ഞകാലം
നുരയും പതയുമായ്ച്ചാടിടും വെള്ളത്തിൽ പരൽമീൻ കുതിപ്പിൽ രസിച്ച കാലം
ഇലവിലെ പൂക്കളും കായ്കളു മൊരുപോലെ നിലവിൽ കളിക്കൂട്ടരായ കാലം
കഥകളിയാദ്യമായ് കണ്ടകാലം ഞാൻ കഥയറിയാതാട്ടം കണ്ട കാലം
ഇവയൊക്കെയാണെന്റെയാശാൻ പള്ളിക്കൂട ജീവിത കാലത്തെയോർമ്മപ്പൂക്കൾ
*******

ഇലഞ്ഞമിരവും കുളമാവും കുള അട്ടയും കൈത്തോടും മലയാളിക്ക് ഇന്ന് അന്യമാണ്. ഇതെല്ലാം ഗൃഹാതുരത്വമുണര്ത്തുന്ന ഓര്മ്മകള് മാത്രമായി അവശേഷിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതിന്റെ കൂടെ കവിതയൊന്നും കണ്ടില്ല. അടുത്തതില് പ്രതീക്ഷിക്കുന്നു.
മേമ്പൊടി കുറിച്ചു വച്ചിരുന്നത് ചേറ്ക്കുവാൻ വിട്ടുപോയതായിരുന്നു. തെറ്റ് പറ്റിയ ഉടൻ അതു ചേർത്ത് flavour കൂട്ടിയെടുത്തു. പക്ഷേ അതിനു മുൻപുതന്നെ വായിക്കുവാൻ സോജൻ ധൃതി കാണിച്ചു. ഇനി അതു വായിച്ചിട്ടു അതിന്റെ അഭിപ്രായം കൂടി പാട്സക്കിക്കോളൂ. കാലം മുന്നോട്ടു പോകുംതോറും ഞങ്ങൾ പഴമക്കാർക്കു ഗൃഹാതുരത്വത്തിന്റെ ആഴം കൂടിക്കൂടി വരികയാണ്. ഉദാ : എന്റെ ഒരു കഥാപാത്രമായ ആ വെള്ളചാട്ടം ഇന്നൊരു 'ചാട്ട'മല്ല. അഞ്ചാറു മാസം മുൻപ് ഞാൻ അതു കൊണ്ടു സങ്കടപ്പെട്ടു നിന്നു. ഇപ്പോൾ അതു ഒരു വെളുത്ത നൂൽ കയർ തൂങ്ങി കിടക്കുന്നതു പോലെയുണ്ട്. മലയും poyi, വെള്ളവും നിലച്ചു ഈ വേനൽക്കാലത്തു അതു വറ്റിവരണ്ടു വെറും പാരയായിട്ടുണ്ട്.
ഇല്ലാതാക്കൂമേമ്പൊടി ഗംഭീരം
മറുപടിഇല്ലാതാക്കൂ