വിത്തിനുള്ളിൽച്ചെറുബീജമായി
എത്രനാൾ ഞാൻ മയങ്ങിക്കിടന്നോ!
ഏതൊവിദ്യാർത്ഥിയെറിഞ്ഞതാകാം,
മൂത്തുപഴുത്ത പഴംതിന്നു തൻ
വായിലൂറും സ്വാദുമാസ്വദിച്ചീ
വിദ്യാലയത്തിൻ മുറ്റത്തരികിൽ
പേമാരിയൊന്നു കടന്നുപോകേ
പാരിലേക്കെത്തി ഞാൻ നോക്കിയല്ലോ!
എത്ര മൃദുലമന്നെന്റെ മേനി!
പുത്തനാം സിൽക്കുടുപ്പിട്ടപോലെ!
മെല്ലേയിലകൾ വിരിഞ്ഞ ശേഷം
വെല്ലും മരതകപ്പച്ചയായി
പുത്തനാം നാമ്പു വിരിയേയിന്നും
പാടലവർണ്ണം തന്നായിരിക്കും
ശാഖകളോടെ വളർന്നുപോങ്ങി
ശോഭതോന്നും യുവചൈതന്യമായ്
താമസിച്ചില്ല, താരുണ്യമെന്നിൽ
താരിന്റെ മൊട്ടണിയിക്കയായി
മൊട്ടുവിരിഞ്ഞു മലരാകവേ
മാണ്പെഴും വർണ്ണമനോഹരിയായ്
തേൻകിനിഞ്ഞുള്ളിൽ, സൗരഭ്യമൊപ്പം
തേനീച്ചയും വണ്ടുമോടിയെത്തി
മോദമോടേയവർ മധുനുണയു-
മൊപ്പമറിയാതെ പൂമ്പൊടിയും
ഒപ്പിയെടുത്തു മൂളിപ്പാട്ടുമായ്
ഒത്തിരി ദൂരെ പറന്നകലും
പൂവിൻ ദളങ്ങൾ മെല്ലെക്കൊഴിഞ്ഞു
പോകേയവ കായ്കനിയായ് മാറി
മൂത്തുപഴുത്തു കിനിഞ്ഞീടവേ
എത്രയോ അണ്ണാറക്കണ്ണന്മാരും
പക്ഷികളും തൻകുക്ഷി നിറയെ
ഭക്ഷിക്കായായിയാമോദമോടെ.
എത്തിച്ചവരെന്റെ വിത്തുകളെ
ഏറെ ദൂരെത്തൈച്ചെടികളാക്കാൻ
വിദ്യാർത്ഥികളുമെല്ലാ വർഷവും
സ്വാദോടെയെൻഫലമാസ്വദിച്ചു
വിത്തുകളവരും കഴിച്ചിടുന്നു
പാതയോരത്തും പലയിടത്തും.
ശാഖകളേറിയും നീണ്ടും വന്നു
ശോഭയു,മൊപ്പമൊരോവർഷവും
പത്രങ്ങളെന്റെ കൊഴിഞ്ഞുപോകേ
പുത്തനിലകൾ കിളിർത്തുവന്നു
പച്ചയിലകൾ ചിരിച്ചില്ലമൂ-
പ്പെത്തിപ്പഴുത്തയിലകൊഴിയേ
പാഴ് വാക്കുരയ്ക്കുകയാണു മർത്യർ
പ്രകൃതിക്കില്ലാ നീതി, തിട്ടമാണ്
വർഷങ്ങളേറെക്കടന്നുപോകെ
വന്മരമായിഞാൻ മാറിയല്ലോ
ഭാഗ്യവാൻ ഞാൻ, മർത്യൻ വെട്ടിയില്ല,
യോഗ്യനായ് നിൽക്കുന്നു സ്കൂൾമുറ്റത്ത്
കുട്ടികൾ, ഭാവിതാൻ വാഗ്ദാനങ്ങൾ,
ഒട്ടുമാശങ്കയില്ലാതെയെന്നും
ഉല്ലാസമോടെ കളിപ്പെൻ ചുറ്റും
വല്ലാത്തൊരാഹ്ലാദമാണെനിക്കും
ഇന്ന് പരിസ്ഥിതിദിനമാണല്ലോ!
ഇന്നവർക്കേകി ഞാൻ തൈകളേറെ
നട്ടു നനച്ചു വളർത്തുമവർ
ഒട്ടേറെ വൃക്ഷങ്ങളായ് വളരും
പ്രകൃതീസ്നേഹിയായ് മാറി മർത്യൻ
പക്വതകാട്ടുകയെത്ര നന്നാം
എത്രയോ ധന്യനാണിന്നു ഞാനും
പത്രാസെനിക്കില്ലയെന്നാലൊട്ടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ