2022 ജൂലൈ 8, വെള്ളിയാഴ്‌ച

പല്ലുവിചാരങ്ങൾ (NOT included)

.               പല്ലു വിചാരങ്ങൾ                

പല്ലെന്നെന്നെ വിളിക്കുന്നിതെല്ലാരും 
പല്ലില്ലാമുഖം ചിന്തിച്ചിടാനാകാ
ദന്തമില്ലാത്തോരാനനത്തിന്നൊരു
ചന്തവുമില്ലെന്നേവർക്കുമറിയാം.

പൂമുല്ലമൊട്ടുസമാനമാമെന്നെ
പുഞ്ചിരിതെളിയാനാനനേവേണം.      
പല്ലില്ലാമോണയും കാട്ടിച്ചിരിച്ചാൽ
വല്ലാതിരിക്കുമെന്നാർക്കുമറിയാം.

പഞ്ചേന്ദ്രിയങ്ങളഞ്ചും മുഖത്തല്ലോ  
പക്ഷേയെന്നേമാത്രം കൂട്ടാഞ്ഞതെന്തേ?
എന്നേയുംകൂടൊന്നു കൂട്ടിയിരുന്നേൽ 
ഇന്ദ്രിയങ്ങളാറാം - 'ഷഡ്ഡേന്ദ്രി'യങ്ങൾ!  

മൂക്കു ശ്വസിക്കുന്നു, കണ്ണുകാണുന്നു,
ത്വക്കാണെങ്കിലറിയുന്നു സ്പർശനം.
കേൾക്കുന്നു ചെവി, നാക്കുരുചിക്കുന്നു,
കിട്ടുന്നതൊക്കെച്ചവച്ചരക്കും പല്ല്.

ഇന്ദ്രിയമഞ്ചിനുമുണ്ടോരോ ക്രിയ
ഒന്നിലധികം ക്രിയയുണ്ടെനിക്കും   
'ചവയ്ക്കാമിളിക്കാമായുധമാക്കാം
ചിരിക്കാനൊന്നു സഹായിക്കയുമാം' 
      
എന്തേ പഞ്ചേന്ദ്രിയങ്ങളോടൊപ്പം നി-
യന്താവെന്നേക്കൂടെക്കൂട്ടിയതില്ല?
അല്ലാ, നിയന്താവല്ലല്ലോയിന്ദ്രിയം
അഞ്ചെന്നു ചൊല്ലിക്കണക്കങ്ങെടുത്തൂ!

എട്ടുംപൊട്ടും തിരിച്ചറിയാത്തവർ 
പെട്ടെന്നൊരുനാൾ കണക്കെടുത്തെന്നേ 
നാക്കുനീട്ടീടവേ വായങ്ങു പൂട്ടി  
ആർക്കുമെന്നെക്കാണാനായില്ലപോലും!

എന്റെ മാഹാത്മ്യമറിയാതെ പോയോർ
ഇന്ദ്രിയമഞ്ചെന്നങ്ങു ഗണിച്ചുപോൽ
ഇന്നു ഞാൻ ചൊല്ലുന്നു ഇന്ദ്രിയമാറുണ്ട്
എന്നുമിനിച്ചൊല്ലാം 'ഷഡ്ഡേന്ദ്രിയങ്ങൾ' 
    
 



    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ