. വസുന്ധയുടെ പരിവേദനങ്ങൾ
---------
എന്നോനടന്നോരുവിസ്ഫോടനത്തിനാൽ എങ്ങനോ ഭൂമിതൻ രൂപത്തിലായിഞാൻ.
മന്വന്തരങ്ങളായെന്നച്ചുതണ്ടിലും
മാറ്റമില്ലാതെയായർക്കന്റെ ചുറ്റിനും
ചക്രവാളങ്ങളും താണ്ടിക്കടക്കുന്നു!,
എത്ര നാളിവ്വിധം ചുറ്റുക കാരണം
പന്തുപോലങ്ങുരുണ്ടല്ലോ തുടിക്കുന്നു!
,
ഈവിഹായസ്സിന്റെ ശൂന്യപ്രദേശത്തു
ഇവ്വിധത്തിൽ എത്രനാളായ്ക്കറങ്ങുന്നു!
എന്തിനാണീവിധം ഞാൻകറങ്ങീടേണ്ട-തെത്രയുംനാൾകൂടി,യെന്നൊട്ടറിഞ്ഞിടാ
ഏണാങ്കനും മറ്റു താരാഗണങ്ങളും
ഏഴെട്ടു ഗോളവും കൂട്ടിനായുണ്ടഹോ!
എങ്കിലും എത്രയോ ദൂരെയാണെല്ലാരു-
മെന്നതും കൂട്ടായി കൂട്ടുവാ𝖛നാകുമോ?
അമ്മ യെന്നെന്തേവിളിക്കുന്നതെന്നെയീ
അർത്ഥമോഹിയാകും മാനുഷന്മാരൊ ക്കെ?
മർത്യന്നു ഞാനല്ല ജന്മം കൊടുത്തതും
എത്രനാളാകേണമായുസ്സവനെന്നും
എന്നിട്ടുമെന്റെയെല്ലാം തന്നെ പോറ്റമ്മ-
യെന്നമട്ടിൽ പങ്കുവയ്ക്കുന്നവന്നായി!
എന്റെയാ ഉള്ളിന്റെയാഴങ്ങളിലായും
എന്റെയാനിമ്നോന്നതങ്ങൾക്കിടയ്ക്കായി
സൂക്ഷിച്ചുഞാൻവച്ച സമ്പത്തുകൾക്കൊ ക്കെ
സാക്ഷിയേയില്ലാതവന്നാണവകാശം
അമ്മയെന്നെന്നേ വിളിക്കുമെന്നാകിലും
എമ്മട്ടവനെന്നെച്ചൂഷണം ചെയ്‌വതോ!
എന്റെ മാറാകെത്തുളച്ചിട്ടു ബോംബിട്ടു
എന്തോപരീക്ഷിച്ചു നോക്കുന്നിതെന്നുമേ
എന്നുള്ളിലേയ്ക്കങ്ങിടിച്ചു കേറ്റുന്നവൻ
എത്രയോ കമ്പികൾ കെട്ടിടം പൊക്കുവാൻ
എത്രയാഘാതമേൽപ്പിക്കുന്നവനെന്നോ ഇത്രയേറെപ്പീഡനം എനിക്കേകണോ!
ഉരുൾപൊട്ടിയിട്ടങ്ങൊലിക്കുമെൻ കണ്ണീരിൽ
ഉരുൾപൊട്ടിപ്പായും കല്ലാകുമസ്ഥിയിൽ
വറ്റുന്നയാറിന്റെയുള്ളിലെച്ചുഴിയിൽ
വെട്ടിത്തെളിച്ചൊരാക്കുന്നുകൾക്കുള്ളിലായ്
കാണാതവൻപോവതെന്റെയീയുള്ളിലായ്
കേഴുന്ന ഖിന്നയാം മാതൃത്വമല്ലയോ!
സർവ്വംസഹിപ്പവൾ എന്ന പേരേകീട്ടു
സർവ്വപ്രകാരേണ പീഡനം നൽകയോ!
അമ്മയെന്നീയെന്നെ സംബോധനചെയ്യാ-
നെമ്മട്ടധികാരം നേടിയീ മാനുഷൻ?
മർത്യന്റെയത്യാഗ്രഹത്തിനെന്നെങ്കിലും
മാറ്റമുണ്ടാകുമോ കണ്ടറിഞ്ഞീടണം
മാറ്റമുണ്ടാകില്ലയെങ്കിലെൻറെ രൂപം
മാറിടും ശൂന്യമായ് മർത്യന്നു നാശവും.