2020 മാർച്ച് 12, വ്യാഴാഴ്‌ച

അവതാരിക

                    അവതാരിക 
                   സുധാകരൻ D

ശ്രീ  ഉപഗുപ്തൻ കെ.  അയിലറയെ വ്യക്തിപരമായിട്ട്,  വർഷങ്ങളായി,  ഞങ്ങൾ ഡൽഹിയിൽ സെൻട്രൽ  സെക്രെട്ടറിയേറ്റിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോൾ മുതൽ,  എനിക്ക് നേരിട്ട് അറിയാവുന്നതാണ്. അന്നൊന്നും അദ്ദേഹത്തിന്റെയുള്ളിൽ  ഒരു സാഹിത്യകാരൻ,  പ്രത്യേകിച്ച് ഒരു കവി,  ഒളിച്ചിരിപ്പുണ്ടെന്ന്,  എനിക്ക് യാതൊരു വിധ സംശയത്തിനും ഇട വരികയുണ്ടായിട്ടില്ല.   എന്നാൽ റിട്ടയർ മെന്റു കഴിഞ്ഞ്  പതിനഞ്ചു വർഷങ്ങൾക്ക്  ഇപ്പുറം  അദ്ദേഹം തിരുവന്തപുരത്ത് താമസമാക്കിക്കഴിഞ്ഞ ശേഷം,  'ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ'  എന്ന ശീർഷകത്തോടു കൂടിയുള്ള, തന്റെ ആത്മകഥയുടെ ആദ്യ നക്കൽ പതിപ്പുമായി,  ഇതിനകം തിരുവനന്തപുരത്തു തന്നെ താമസമാക്കിയിരുന്ന എന്നേ സമീപിച്ചിട്ട്,  അതൊന്നു വായിച്ച്  പ്രസിദ്ധീകരണ യോഗ്യമാണോ എന്ന അഭിപ്രായം പറയണമെന്ന്  അദ്ദേഹം  എന്നോട് ആവശ്യപ്പെടുകയുണ്ടായി. അല്പം മുൻവിധിയോടുകൂടിയാണെങ്കിലും, കുറച്ചു പേജുകൾ വായിച്ചു കഴിഞ്ഞപ്പോൾ  എനിക്ക് ശരിക്കും അത്ഭുതമാണുണ്ടായത്.  ഒരു ഇരുത്തം വന്ന സാഹിത്യകാരൻ ഏഴുതും വിധമുള്ള ഒഴുക്കും ശൈലിയും ആഖ്യാന പാടവവും ഒന്നിച്ചുള്ള  ഒരു ആത്മകഥ.  അതു മാത്രമല്ല അതിലെനിക്ക് കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞത്.  തുടക്കത്തിൽ ഒരു ബാലസാഹിത്യം,  പിറകേ ഒരു  നോവലിന്റെയും,  ഡിക്ടക്ടീവ് നോവലിന്റെയും പ്രതീതി.  മൊത്തം രു വ്യത്യസ്തവും കൗതുകകരവുമായ ആത്മകഥയും. ഇതിനെല്ലാം പുറമേ എന്നേ അൽഭുതപ്പെടുത്തിയ കാര്യം ഈ ആത്മകഥയിൽ ഇരുപതോളം നല്ല കവിതകൾ മേമ്പൊടിയായിട്ട് എല്ലാ അദ്ധ്യായങ്ങളുടെയും അവസാനം എഴുതിച്ചേർത്തിട്ടുണ്ടെന്നുള്ളതാണ്.  അങ്ങിനെ നോക്കുമ്പോൾ ആ ആത്മകഥയിൽത്തന്നെ ഒരു കവിതാസമാഹാരവും,  മറ്റൊരു പുസ്തകത്തിലും കാണുവാൻ പറ്റാത്തതായ  ഒരു പ്രത്യേകതയായി, അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ! തന്റെ ആത്മകഥയിൽക്കൂടിത്തന്നെയാണ്  ശ്രീ ഉപഗുപ്തനിലെ കവിയുടെയും ജനനം. അതുകൊണ്ടു തന്നെയാവാം ആ ആത്മകഥയ്ക്ക് വളരെ നല്ല സ്വീകാര്യതയുമുണ്ടായി.  ഇനി പ്രധാന കാര്യത്തിലേയ്ക്ക്,  അതായത്,  ഈ കവിതാസമാഹാരത്തെ കുറിച്ചുള്ള,  അവലോകനത്തിലേയ്ക്ക്,  കടക്കാം. 

മുപ്പത്തിയേഴ്  കവിതകൾ അടങ്ങുന്ന ഈ കവിതാ സമാഹാരത്തിന്റെ,  എന്നെ ആകർഷിച്ച,  ആദ്യ പ്രത്യേകത ഇവയെല്ലാം തന്നെ,  ഇന്നത്തെ ഒട്ടു മിക്ക  കവികളും രചിക്കാറുള്ള 'മോഡേൺ കവിതക'ളെയപേക്ഷിച്ച്,  വൃത്തവും പ്രാസവും പാലിച്ചു മാത്രം എഴുതിയിട്ടുള്ളവ  എന്നതാണ്.  ഈ കവിതാസമാഹാരത്തിന്റെ  പേര്,  പ്രകൃതിയുടെ അഞ്ചു പ്രധാനപ്പെട്ടതും,  പ്രകൃതിയുടെ നിലനിൽപ്പിന്‌ തന്നെ ഒഴിച്ചുകൂടുവാൻ സാധിക്കാത്തതുമായ  അഞ്ചു  ഘടകങ്ങളായ, 'വായു',  'ജലം',  'ഭൂമി',  'അഗ്നി',  'ആകാശം' എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒറ്റ വാക്കായ  'പഞ്ചഭൂതങ്ങൾ' എന്നാണ്.  സ്വാഭാവികമായും, സമാഹാരത്തിലെ ആദ്യത്തെ അഞ്ചു കവിതകളും,  ഇവയെപ്പറ്റിത്തന്നെയുള്ളവയാണ്.  ഉപഗുപ്തന് പ്രകൃതിയോട് എത്രമാത്രം പ്രതിപത്തിയുണ്ടെന്നും, അതിന്റെ നിലനിൽപ്പിനായും, അതിന്റെ നശീകരണത്തിനെതിരെയും അദ്ദേഹത്തിന് എത്രമാത്രം താൽപ്പര്യവും ഒപ്പം ഉൽഘണ്ഠയുമുണ്ടെന്നും ഈ കവിതകൾ മാത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഈ അഞ്ചു ഘടകങ്ങളേയും സാകൂതം നിരീക്ഷിച്ചും മനുഷ്യനിൽ അവയ്ക്കുള്ള സ്വാധീനം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിയും, എന്നാൽ മനുഷ്യന്റെ അതിരുവിട്ടുള്ള അത്യാഗ്രഹം എത്രമാത്രം ഇവയുടെ നാശത്തിലേയ്ക്കും മലിനീകരണത്തിലേയ്ക്കും നയിക്കുന്നുണ്ടെന്നും എടുത്തു കാട്ടി രചിച്ചിട്ടുള്ള അഞ്ച് അർത്ഥവത്തായതും ഒപ്പം മനോഹരവുമായ  കവിതകൾ. വീണ്ടും ഒരു പ്രത്യേകതയുള്ളത്,  കവി ഈ പഞ്ചഭൂതങ്ങളെ പറ്റി വർണിക്കുന്നാതായിട്ടല്ല,  നേരേമറിച്ച്,  പ്രപഞ്ചത്തിൽ   അവയ്ക്കുള്ള സ്ഥാനവും പ്രാധാന്യവും എന്തെന്നും,  അവയ്ക്ക് മനുഷ്യനിലുള്ള സ്വാധീനവും മനുഷ്യന് അവയോടുള്ള കടപ്പാടും ത്രമാത്രം ഉണ്ടെന്നും അവ ഓരോന്നും സ്വയം വിവരിക്കുന്ന രചനാ മാർഗമാണ് കവി ഉപയോഗിച്ചിരിക്കുന്നത്.  കവിതകൾ   ഓരോന്നും ഒന്നിനൊന്നു മെച്ചം.  ബാക്കിയുള്ള 30 കവിതകളിൽ 12 എണ്ണം വീണ്ടും പ്രകൃതിയുടെ തന്നെ വിവിധ ഭാവങ്ങളെപ്പറ്റിയും അതിന്റെ  വിവിധ തലങ്ങളെപ്പറ്റിയും പ്രകൃതിയുടെ  തന്നെ ഭാഗങ്ങളായ 'ജീവജാല' കഥാപാത്രങ്ങളെപ്പറ്റിയും ഉള്ളവ!  കുട്ടിക്കാലം മുതൽ ഉപഗുപ്തൻ പ്രകൃതിയോട് വളരെ അടുത്തിടപഴകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിലെ ആദ്യ അദ്ധ്യായത്തിൽ തന്നെ തന്റെ ഗ്രാമത്തെപ്പറ്റിയും അവിടുത്തെ ജീവിതത്തെപ്പറ്റിയും  വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ എഴുപതു വർഷങ്ങൾക്കു ശേഷമുള്ള തന്റെ 'മോഡേൺ' ഗ്രാമത്തെ കുട്ടിക്കാലത്തെ ഗ്രാമവുമായി താരതമ്യം ചെയ്യുന്ന ഒരു മനോഹര കവിതയാണ് ''എന്റെ ഗ്രാമം അന്നും ഇന്നും". അതുപോലെ തന്റെ ബാല്യകാലത്തെപ്പറ്റി അയവിറക്കുന്ന മറ്റൊരു മനോഹര കവിതയാണ് "ഒരു തിരിഞ്ഞു നോട്ടം".  മനുഷ്യ മനസ്സിനെ ഒരു കടങ്കഥയായും അതേ സമയം അഭിലാഷങ്ങളുടെ ഒരു ചെപ്പായും വർണിക്കുന്ന രണ്ടു കവിതകളാണ് 'മനസ്സൊരു പ്രഹേളിക'യും 'മനസ്സെന്ന അഭിലാഷച്ചെപ്പും'.  ഹൃദയത്തിന് വിവിധ സമയങ്ങളിലും തലങ്ങളിലും ഉണ്ടാകാവുന്ന താളങ്ങളെപ്പറ്റി വർണിക്കുന്നു,  'ഹൃദയ താളങ്ങൾ' എന്ന മനോഹരവും അർത്ഥവത്തായതുമായ കവിതയിൽ.  തനിക്ക് ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അത് വളർന്നു പൂർണ മനുഷ്യനാകുന്നതു വരെ അതിന്റെ ഓരോ ചലനത്തിലും അവസ്ഥയിലും ഒരമ്മയ്ക്കു തന്റെ മനസ്സിലുദിക്കുന്ന 'അനുഭൂതികൾ' ഉൾക്കൊള്ളുന്ന,  മനസ്സെന്ന  'നിർവൃതിച്ചെപ്പ്' അവസാനം അവർ വൃദ്ധസദനത്തിലെതിപ്പെടുമ്പോൾ ഒരു 'നിർവികാരച്ചെപ്പാ'യി പരിണമിക്കുന്ന,  ചിന്താദ്യോതകമായ ഒരു നല്ല കവിതയാണ്  'നിർവൃതിച്ചെപ്പ്'.

പ്രകൃതിയ്ക്കും,  ജീവജാലങ്ങൾക്കും, മനുഷ്യ മനസ്സുകൾക്കും ഹൃദയങ്ങൾക്കും പുറമേ നിർജീവ വസ്തുക്കളായ കളിപ്പാവയും,  വഴിത്താരയും,  എന്തിന്,  കുട പോലും ഉപഗുപ്തന് കവിതാ മാധ്യമങ്ങളാണ്.  ഒരു  കളിപ്പാവയ്ക്കും വഴിത്താരയ്ക്കും മനുഷ്യ മനസ്സുണ്ടായിരുന്നെങ്കിൽ അവ എപ്രകാരം ചിന്തിക്കുമായിരുന്നെന്ന് വർണിക്കുന്ന മനോഹരമായ കവിതകളാണ് 'ബാർബിയുടെ ദുഃഖവും' 'കേഴുന്ന വഴിത്താരയും'. ഇതേ ഗണത്തിൽ പെട്ട  കവിതകളാണ്, 'വയലേലയുടെ വിലാപ'വും,  'ഗിരി രോദന'വും,  'പൂമ്പാറ്റയുടെ മനോഗത'വും 'വർഷത്തിന്റെ ഹർഷ'വും,  ഒരു പക്ഷിയും വൃക്ഷവും തമ്മിൽ രണ്ടു വ്യത്യസ്ത   സന്ദർഭങ്ങളിൽ നടക്കുന്ന സംവാദത്തെ പറ്റിയുള്ള   'ഒരു പക്ഷി വൃക്ഷ സംവാദ'വും,  'വീണ്ടും ഒരു പക്ഷിവൃക്ഷ സംവാദ'വും മറ്റും. അതേ സമയം ആനുകാലിക പ്രസക്തിയുള്ള കവിതകളാണ് 'ഞാൻ കവളപ്പാറയുടെ ദുഃഖപുത്രൻ',  'ഓർമ്മയിലായ ഓണക്കളികൾ',  'മാവേലി ഇന്ന് ഓണം  കാണാൻ വന്നാൽ',  'ഗിരി രോദനം',  'വയലേലയുടെ വിലാപം' എന്നീ കവിതകൾ. 

ചുരുക്കത്തിൽ, ഈ സമാഹാരത്തിലടങ്ങിയിരിക്കുന്ന,  ഇവിടെ പരാമര്ശിക്കപ്പെടാതെ പോകുന്ന മറ്റുള്ള കവിതകൾ ഉൾപ്പെടെ,  എല്ലാ കവിതകളും,  വളരെ നല്ല നിലവാരം പുലർത്തുന്നവയും മനസ്സിരുത്തി വായിച്ചുപോകുവാൻ പ്രേരിപ്പിക്കുന്നവയുമാണെന്ന് സംശയലേശമെന്യേ  പറയുവാൻ കഴിയുമെന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ