2017 ഏപ്രിൽ 27, വ്യാഴാഴ്‌ച

Blog post No.5 :: ഉപന്റെ കഥകളി അരങ്ങേറ്റം



    ഉപന്റെ കഥകളിയരങ്ങേറ്റം
                           *******
കുടിപ്പള്ളിക്കൂടത്തിലെ  നിലത്തെഴുത്തു പഠിത്തം  മുന്നോട്ടു പോകുംതോറും ഓലകളുടെ എണ്ണവും കൂടിക്കൂടി വന്നു. സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും കഴിഞ്ഞു  കൂട്ടക്ഷരങ്ങളിലേയ്ക്ക്  കടന്നു.  (ഇന്നസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ആശാൻ   'ക്ക ങ്ങ ക്ഷ ' വരപ്പിച്ചു  -  പഠിപ്പിച്ചു -മൂക്കിൻ തുമ്പ് കൊണ്ടല്ല , വിരലിൻ തുമ്പുകൊണ്ടു ). അതു കഴിഞ്ഞു ചെറിയ വലിയ ഒരു പ്രൊമോഷൻ . ഒന്നാം ക്ലാസ്സ്‌ പുസ്തകത്തിലെ പാഠങ്ങളും, പിന്നെ  അക്കങ്ങളും, സ്ലേറ്റും.  അക്കങ്ങൾ കൂട്ടുവാനും കുറയ്ക്കുവാനും ഒക്കെ ആശാൻ പഠിപ്പിച്ചു. പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ ഒരു കേട്ടെഴുത്തും  കണക്കിന്റെ പരീക്ഷയും നടത്തി, സ്ലേറ്റിൽ മാർക്കും ഇട്ടുകൊടുക്കും. മാർക്ക് മായിച്ചു കളയാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണമെന്നാണ് ആശാന്റെ നിർദേശം.
ഒരിക്കൽ ആശാൻ ഉപന് കണക്കിന് പത്തിൽ    പത്തു മാർക്കും കൊടുത്തത്  സ്ലേറ്റുയർത്തി അവൻ  കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി. പിന്നീട്  'വെളിക്കു' വിട്ടപ്പോൾ മോഹനനൊപ്പം കളിച്ചു കൊണ്ട് നിന്ന ഉപന്റെ അടുത്തേയ്ക്കു  ഭാസ്കരൻ ഓടി   വന്നിട്ട് പറഞ്ഞു : 
"ഉപനേ, ദേ  നിന്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലു തൊട്ടു മാച്ചുകളേന്നു." 
ക്‌ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും.  അവനു ആ കണക്കു പരീക്ഷയ്ക്കു  അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന്  സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവന്റെ    കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു.  ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻമോൻ  കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി.   ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ സ്ലേറ്റ് വാങ്ങി വീണ്ടും മാർക്കിട്ടു കൊടുത്തിട്ട്  തങ്കപ്പനെ വിളിച്ചു  അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു  നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവന്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തി ഒറ്റക്കാലിൽ   കുതിരച്ചാട്ടം ചാടിയത് പിന്നീട്  അവിടെ ആരും ഉപൻമോനെ  ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു. 
സ്ഥലത്തൊരു സ്കൂൾ ഇല്ലാത്തതിനാൽ മൂത്ത മകൾ വിലാസിനി 3 മൈൽ നടന്നു ഏരൂർ സ്കൂളിൽ പോയി വരുന്നതിന്റെ ബുദ്ധിമുട്ടു കാരണം കാരമ്മേലിൽ കേശവനും മറ്റു ചിലരും കൂടി മുൻകയ്യെടുത്തു അവിടെ ഒരു പ്രൈമറി സ്കൂൾ അനുവദിച്ചു തരണമെന്ന് കാണിച്ചു ഒരു ഹർജി അന്നത്തെ തിരുവിതാംകൂർ ദിവാന് സമർപ്പിച്ചിട്ടു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . അതുകൊണ്ടു തന്നെ രണ്ടാമത്തെ മകൾ വാഗമ്മയെ സ്കൂളിൽ ചേർക്കേണ്ട സമയമായിട്ടും, ഒന്നാം ക്‌ളാസ്സിലെ പാഠപുസ്തകവും കണക്കും പഠിച്ചു തീർന്നിട്ടും,  ഏരൂർ സ്കൂളിൽ ചേർക്കുവാൻ  തുനിഞ്ഞിട്ടില്ല. പകരം അവളേയും ഉപനേയും രണ്ടാം ക്ലാസ്സിലെ പുസ്തകവും കണക്കും  പഠിപ്പിച്ചുകൊള്ളുവാൻ ആശാന് നിർദ്ദേശം കൊടുത്തിരിക്കുകയാണ്.
ആ ഇടയ്ക്കു അടുത്തുള്ള ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടത്തിയ കഥകളി ആട്ടം കാണുവാൻ കേശവൻ ഉപൻ മോനെയും കൂട്ടി പോവുകയുണ്ടായി. തലയിൽ മിനുങ്ങുന്ന വലിയ തൊപ്പിയും വച്ചു  മുഖത്തു പലനിറത്തിലുള്ള ചായം തേച്ചു എന്തൊക്കെയോ ഒട്ടിച്ചു വച്ചു നീണ്ട നഖങ്ങളും വളർത്തി ചുവപ്പും വെളുപ്പുമൊക്കെ  നിറമുള്ള ഉടുപ്പും പൊങ്ങി നിൽക്കുന്ന  പാവാടയും    ഉടുത്തു കഴുത്തിൽ   കൂടി തുമ്പത്തു കണ്ണാടിയുള്ള നീണ്ട തുണിയുമിട്ടു എരിയുന്ന വലിയ വിളക്കിന്റെ പിൻപിൽ നിന്നു ചാടുകേം ആടുകേം കൈക്രിയ കാണിക്കുകേം മുഖം വിറപ്പിക്കുകേം  ഇടയ്ക്കു 'കോക്വ' എന്നു അലറുകേം ഒക്കെ  ചെയ്യുന്ന ജന്തുക്കളെ കണ്ടു ഉപൻ മോൻ അമ്പരന്നു പേടിച്ചു അത്ഭുതവും കൂറി അച്ഛന്റെ കയ്യിൽ മുറുകെപ്പിടിച്ചു ഇരുന്നുപോയി. അവരുടെ പിറകിലായി രണ്ടുമൂന്നു പേരു നിന്നു പാടുകേം ചെണ്ട കോട്ടുകേമൊക്കെ ചെയ്യുന്നുമുണ്ട്. പതുക്കെ  ആദ്യത്തെ ഭയം  മാറിയപ്പോൾ ഉപന് അവരുടെ വേഷ ഭൂഷാദികളും ആടയാഭരണങ്ങളും  ആട്ടവും ചാട്ടവും നൃത്തവുമൊക്കെ കാണുവാൻ നല്ല രസമായി. എല്ലാം ശ്രദ്ധിച്ചു, എന്നാൽ ഒന്നും മനസ്സിലാകാതെ, നോക്കി രസിച്ചു അവൻ ഇരുന്നുപോയി .പൊതുവേ അവന് ആ കളി ഇഷ്ടപ്പട്ടു.
കളി കഴിഞ്ഞു തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഉപൻ അവന്റെ സംശയങ്ങൾ അച്ഛനോട് ചോദിച്ചു.
"അച്ചാച്ചാ ആ ചാടിക്കളിച്ചോരു മനുസമ്മരല്ല്യോ,  അവർക്കു മിണ്ടാൻ പറ്റൂലേ, അവരെന്താ നഖം വെട്ടിക്കളയാത്തെ ?"  ഇനിയുമുണ്ട് അവനു ചോദ്യങ്ങൾ.
"അവരു മനുഷ്യേന്മാര് തന്നാ, മോനേ. ഇങ്ങനെ വേഷോമൊക്കെ കെട്ടി കൈക്രിയേമൊക്കെ കാണിച്ചു ചാടീം ആടീം ഒക്കെ കളിക്കുന്നേനാ ആട്ടക്കളി  എന്നു പറേന്നെ.  കഥകളീന്നും പറേം. ആടുന്നോർക്കു മിണ്ടിക്കൂടാ. പകരം  പെറകീ നിന്നു പാടുന്ന പാട്ടിൽ ഒരു കഥയുണ്ട്. ആ കഥ ആടുന്നോരു കൈക്രിയ കൊണ്ടും കണ്ണ് കൊണ്ടും മുഖത്തെ ഭാവം കൊണ്ടുമൊക്കെ അടയാളം കാണിച്ചു കാണാനിരിക്കുന്നോരെ മനസ്സിലാക്കിക്കൊടുക്കും. അങ്ങനാ ആട്ടം കളിക്കുന്നേ.  മോനിപ്പം മനസ്സിലാകത്തില്ല. വലുതാകുമ്പോ ആ പാട്ടു ശ്രദ്ധിച്ചു കേട്ടിട്ട് അവരെന്താ അടയാളം കാണിക്കുന്നേന്ന് നോക്കിയാ മതി.  അന്നേരം മോനെല്ലാം മനസ്സിലാകും.  ആട്ടെ മോനിഷ്ടപ്പെട്ടോ, രസം തോന്നിയോ ?"  കേശവൻ മോന് മനസ്സിലാകുന്ന വിധം പറഞ്ഞുകൊടുക്കുവാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
"കാണാൻ നല്ല രസോണ്ടാരുന്നു. എനിച്ചിസ്‌ട്ടപ്പെട്ടു .  ആ  പാടിയേല് എന്തോന്ന് കതയാരുന്നച്ചാച്ചാ?"  അവനു വീണ്ടും സംശയം.
"മഹാഭാരതോന്നും പറഞ്ഞു വലിയ ഒരു കഥാ  പുസ്തകോണ്ട്.  അതില് പണ്ടത്തെ രാജാക്കമ്മാരേപ്പറ്റി ഒരുപാട് കഥകളൊണ്ട്. പാണ്ഡവന്മാരുടേം കൗരവമ്മാരുടേം ഒക്കെ. അതിലേ ഒരു കൊച്ചു കഥയാ ദുശ്ശാസന വധം. ആ കഥയാ ഇന്ന് കളിച്ചേ."
"ന്നാ അച്ചാച്ചൻ ആ കത മോന് പറഞ്ഞു താ. എനിച്ചു കേക്കാം കൊതിയാ." അവൻ നിർബന്ധിച്ചു.  
കേശവൻ മകന് മനസ്സിലാകും വിധം ചെറിയ, കുറഞ്ഞ വാചകങ്ങളിൽ, കഥാപത്രങ്ങളുടെ പേരുകളും വിവരണങ്ങളും  സന്ദർഭങ്ങളും വിവരിച്ചു ആ കഥ അവനു പറഞ്ഞു കൊടുത്തു. അവൻ കണ്ട കാഴ്ചയും അച്ഛൻ പറഞ്ഞുകൊടുത്ത വിവരണങ്ങളും അവന്റെ കുഞ്ഞു ബുദ്ധിയിൽ സമന്വയിപ്പിച്ചു കൊണ്ട് ആ കളി വീണ്ടും അവൻ  മനസ്സിൽ കണ്ടുകൊണ്ടേ നടന്നു.
വീടെത്തിയിട്ടു ഉറങ്ങുന്നത് വരെയും, അടുത്ത ദിവസങ്ങളിലും ആ ദൃഷ്ട്യ വിരുന്നു അവന്റെ കൊച്ചു മനസ്സിൽതെളിഞ്ഞു  'കളി'യാടിക്കൊണ്ടേയിരുന്നു.
ഒരു അവധി ദിവസം.  ഉപൻ മോനേ കൂട്ടാതെ  ഒളിച്ചു ചേച്ചിമാർ രണ്ടുപേരും കൂടി ഏതോ കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകയാണ്. അതിനവൻ അമ്മച്ചിയോടു ശണ്ഠ കൂടിയിട്ട്  മുറ്റത്തിറങ്ങി ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചു കൂട്ടി കളിയ്ക്കുവാൻ തുടങ്ങുമ്പോൾ പെട്ടെന്ന് കഥകളിയാട്ടം മനസ്സിലേക്കോടിവന്നു.  ഒപ്പം അവന്റെ മനസ്സിൽ ഒരാശയവും കടന്നുവന്നു. ആട്ടക്കളി  ഒന്ന് ആടിനോക്കിയാലെന്ത്? പിന്നെ താമസിച്ചില്ല. വേഷമില്ലാതെന്ത്  ആട്ടം? ഉപൻ ആലോചിച്ചു. ഉണങ്ങിയ വാഴനാര് പുറം വരാന്തയിലുണ്ട്. അതെടുത്തുകൊണ്ടുവന്നു  കനം കുറഞ്ഞകുറേ  നാരുകൾ കീറിയെടുത്തു ചെമ്പരത്തിപ്പൂവുകൾ  അതിൽ അൽപ്പംഅകലങ്ങളിലായി കെട്ടിത്തൂക്കി വലുതും ചെറുതുമായ അഞ്ചാറ്  മാലകളുണ്ടാക്കി. മുറ്റത്തരുകിൽ നിൽക്കുന്ന പ്ലാവിൽ നിന്നും വീണു കിടക്കുന്ന വലുപ്പമുള്ള കുറേ പഴുത്ത  പ്ലാവിലകൾ പെറുക്കിക്കൂട്ടി അവയും വാഴനാരിൽ അടുത്തടുത്തായി ഒന്നിടവിട്ട്  നീട്ടിയും കുറുക്കിയും  കെട്ടിതൂക്കി  പാവാടയും 'തുന്നി'യെടുത്തു.  ഇനി കിരീടം  വേണം.  അതിനും വഴിയുണ്ട്.  അച്ഛനും കൂടെയുള്ള ജോലിക്കാരും  പറമ്പിൽ പണിയെടുക്കുവാൻ പോകുമ്പോൾ തലയിൽ വയ്ക്കുവാനുപയോഗിക്കുന്ന കൂർത്ത തുമ്പുള്ള, പഴയതും പുതിയതുമായ, നാലഞ്ചു  പാളത്തൊപ്പികൾ പുറം  വരാന്തയിൽ കിടന്നിരുന്നതിൽ നിന്നും പുതിയത് നോക്കി ഒരെണ്ണം എടുത്തുകൊണ്ടു വന്നു. ചേച്ചിമാരും ഉപനും അവയെടുത്തു തലയിൽ ധരിച്ചു കൊണ്ട് 'കൃഷിപ്പണിക്കളി'   കളിച്ചിട്ടുള്ളതാണ്. വലിപ്പക്കൂടുതലുള്ളതിനാൽ അവ തലയിൽ വച്ചാൽ കണ്ണ് മറഞ്ഞിരിക്കുമെന്നതിനാൽ, ചേച്ചിമാർ ആദ്യം തൊപ്പിക്കകത്തു പഴയ തുണികൾ കുത്തിനിറച്ചു തൊപ്പി നെറ്റിയോളം മാത്രം ഇറങ്ങിയിരിക്കത്തക്കവിധമാക്കും. എന്നിട്ടു രണ്ടു വശങ്ങളിലുമുള്ള വള്ളികൾ വലിച്ചു   താടിയ്ക്കടിയിൽ കൊണ്ട് കെട്ടിയാൽ തൊപ്പി പാകത്തിനുറച്ചിരിക്കുകയായി. ഉപൻ പാകത്തിന് തുണി നിറച്ചിട്ടു തൊപ്പിയിൽ ചെറുതും  വലുതുമായ രണ്ടു ചെമ്പരത്തിപ്പൂ മലകളെടുത്തു  ചുറ്റിക്കെട്ടിയിട്ടു. ഒരു ചെമ്പരത്തിപ്പൂവ്  തൊപ്പിയുടെ  മുകളറ്റത്തുള്ള  സുഷിരത്തിൽ  കുത്തിയിറക്കി മുകളിൽ വിടർന്നു  നിൽക്കുന്ന വിധമാക്കി.  ഇപ്പോൾ വേഷ ഭൂഷാദികളെല്ലാം വർണാഭയുള്ളവയായിക്കഴിഞ്ഞു.  ഇനി കളിവിളക്കു വേണം. തലപ്പത്തു  ഒരു  പൂവുള്ള ഒരു  ചെമ്പരത്തിക്കമ്പു  അടർത്തിയെടുത്ത്‌  ഇലകളെല്ലാം  നീക്കി അറ്റത്തു പൂവ് മാത്രം  നിറുത്തിയിട്ട് മുറ്റത്തരികിലുള്ള ഒരു ചെറിയ കുഴിയിൽ കുത്തിനിറുത്തി അതിനടുത്തു കിടന്നിരുന്ന ചരലും മണലും നീക്കിയിട്ട് 'വിളക്ക്' ഉറപ്പിച്ചു നിറുത്തി.   അങ്ങിനെ വേഷഭൂഷാദികളെല്ലാം തയ്യാർ.  ഇനി അവയണിഞ്ഞു ആടിയാൽ മാത്രം മതി.
 മുറ്റത്തിന്റെ മദ്ധ്യഭാഗത്തു നിന്നും ഒരിറക്കത്തേയ്ക്കാണ് വഴിയുടെ  തുടക്കം.  വഴിയുടെ ഇടതു ഭാഗത്തായി മരച്ചീനികൾപകുതിയോളം വളർച്ചയായി നിരന്നു നിൽക്കുന്നു.  വലതുവശത്തായി പ്ലാവും.  മരച്ചീനി നിൽക്കുന്ന ഭാഗത്തെ മുറ്റത്താണ് ഉപൻ കളിവിളക്കു  സ്ഥാപിച്ചത്.  അവൻ ആടയാഭരണങ്ങൾ അണിയുവാൻ തുടങ്ങി.  ആദ്യം പ്ലാവിലപ്പാവാട ചുറ്റിക്കെട്ടിയിട്ട് കുനിഞ്ഞു മുൻഭാഗവും തിരിഞ്ഞു വിൻഭാഗവും നോക്കിക്കണ്ടു;  കൊള്ളാം, തരക്കേടില്ല. അടുത്തതായി ഏറ്റവും ചെറിയ ചെമ്പരത്തിപ്പൂമാല എടുത്തണിഞ്ഞു. പിന്നെ അതിനേക്കാൾ വലിയ  ഒന്ന്,  കൂടുതൽ വലിപ്പമുള്ള വേറൊന്നു  അങ്ങിനെ   മൂന്നെണ്ണം  ഒന്നിന് പിറകേ ഒന്നായി എടുത്തണിഞ്ഞു.  വലിയത് മുട്ടിനു മുകളിൽ വരെയുണ്ട്.  ഏറ്റവും കൂടുതൽ നീളമുള്ള ഒരെണ്ണം അറ്റങ്ങൾ കൂട്ടിക്കെട്ടാതെ  കഴുത്തിൽ കൂടി രണ്ടുവശങ്ങളിലായി ഒരേ നീളത്തിൽ   തൂക്കിയിട്ടു - അതു തുമ്പത്തു കണ്ണാടിയുള്ള മാല. ഇനി ഒരു മാല  ദുശ്ശാസനന്റെ കുടൽമലയ്ക്കായി മാറ്റിവച്ചു. അവസാനം തലയിൽ തൊപ്പിയെടുത്തണിഞ്ഞിട്ടു   വശങ്ങളിലെ വള്ളികൾ താടിക്കടിയിൽക്കൂടി എടുത്തു മുറുക്കിക്കെട്ടി ഉറപ്പിച്ചു.  രണ്ടു ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചെടുത്തു ഇരുചെവികൾക്കുമിടയിൽ, കിരീടം ഉയർത്തിയിട്ടു പൂക്കൾ  തിരുകി ഉറപ്പിച്ചു വച്ചു. പൂക്കളുടെ വലിപ്പം കാരണം മുഖം ആരുടെതെന്ന് ഇപ്പോൾതിരിച്ചറിയുക  അത്ര എളുപ്പമല്ലാതായി. അപ്പോഴാണോർത്തത് , ദുര്യോധനന്റെ ഗദയെപ്പറ്റി.  പുറം വരാന്തയിൽ പോയി നോക്കി.  ഒരു ഉണങ്ങിയ തെങ്ങിൻ കൊതുമ്പു കിട്ടി. ധാരാളം , ഗദയുമായി. ഇനി ആടിത്തകർത്താൽ മതി.  
ഉപൻമോൻ വിളക്കിന്റെ പിറകിൽ ചെന്ന് നിന്നു മുന്നോട്ടു നോക്കി.  അത്ഭുതം! ഇത്രയേറെ കാണികളെ അവൻ പ്രതീക്ഷിച്ചില്ല ! മുൻവശത്തെ 'ഉത്സവ' പറമ്പ് നിറയെ അവന്റെ വേഷഭൂഷാദികളെയും ആടയാ ഭരണങ്ങളേയും അഭിനന്ദിച്ചു കൊണ്ട് തലയുമാട്ടി (ഇളം കാറ്റിൽ), ഇനി ആട്ടം കാണുവാനായി, പ്രതീക്ഷയോടെ നിരന്നു  നിൽക്കുന്നു -   മരച്ചീനിത്തലപ്പുകൾ !!! ഇനി താമസിച്ചു കൂടാ.  അവൻ ആലോചിച്ചു, എവിടെയാണ് തുടക്കം? പിടി കിട്ടി.  ആദ്യം തിരനോട്ടം. തിരശ്ശീലയും  അതു പിടിക്കുവാൻ ആളുമില്ല.  സാരമില്ല.  അവൻ കയ്കൾ രണ്ടു വശങ്ങളിലുമായി കഴുത്തോളം    ഉയരത്തിൽ ഉയർത്തി തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് പിടിച്ചു മറ്റുവിരലുകൾ നീണ്ട നഖങ്ങൾ മുകളിലേക്കുയർത്തി നിർത്തി 'തിരശ്ശീലയിൽ' അങ്ങോട്ടുമിങ്ങോട്ടും നീക്കി





 നീക്കി പുരികങ്ങൾ ചുളിച്ചും കണ്ണുകൾ ഉരുട്ടിയും കവിളുകൾ വിറപ്പിച്ചും കൊണ്ട് ഒരു 'കോക്വാ' വിളിയോടെ, തിരശ്ശീല ഒന്ന് ബലത്തിൽ താഴ്ത്തിയിട്ടു വീണ്ടും ഉയർത്തി അതിൽ നിന്നും പെട്ടെന്ന് പിടിവിട്ടു, തിരിഞ്ഞു മറിഞ്ഞു വേദിയിൽ നിന്നും അല്പം മാറി നിന്നു.  എന്നിട്ടു വീണ്ടും ആലോചിച്ചു.  തുടക്കം നന്നായിട്ടുണ്ട്.  അവനു അവനിൽത്തന്നെ അഭിമാനം തോന്നി.  ഇനി?   താമരപ്പൂ വിരിയുന്നതാകട്ടെ. വേദിയിലേക്ക് വന്നു, കാലുകൾ രണ്ടുവശത്തേക്കും വളച്ചു തൊഴുകൈകൾ  മുന്നിൽ താഴ്ത്തിപ്പിടിച്ചു, പിന്നെ പതുക്കെ പതുക്കെ ഉയർത്തിക്കൊണ്ടുവന്ന്, വിരലുകൾ അകത്തിയകത്തി വിറപ്പിച്ചു കൊണ്ട്, ഉയർന്നു കൈകൾ മുഴുവനുമായി   'പൽമജം' വിടർത്തി പങ്കജാക്ഷനെ അവതരിപ്പിച്ചു.  വീണ്ടും ഇടവിട്ട്  ആലോചിച്ചാലോചിച്ചു  നടനവും നൃത്തവും ഗദാപ്രയോഗവും, ദുര്യോധനനായി  "കോക്വാ' പ്രയോഗവും ചെയ്ത് നോക്കി. അടുത്തത് ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രം വലിച്ചഴിക്കുന്നതു.  ഭീമനായി മാറിയിട്ട് , ദുര്യോധനന്റെ ഗദയെ ദുശ്ശാസനനാക്കി, അതിന്റെ  മാറു പിളർന്നു രക്‌തം കുടിച്ചു, കരുതി വച്ചിരുന്ന ചെമ്പരത്തിപ്പൂമാല കുടൽമാലയാക്കി, അതിൽ മിന്നും ഒരു പൂവ് കടിച്ചു പിടിച്ചു രക്തമൊഴുകുന്ന ചുണ്ടുകളുമാക്കി, അലറിക്കൊണ്ട്, രണ്ടുകൈകളിലും പൂവിന്റെ ദളങ്ങൾ വച്ചു രക്താഭമാക്കി, എഴുന്നേറ്റു, ആ കൈകളിലെ രക്തം പാഞ്ചാലിയുടെ മുടിയിൽ പുരട്ടിക്കൊണ്ട്, ദുശ്ശാസന വധം അവസാനിപ്പിച്ചു.  
ഉപൻ മോൻ മാറി നിന്നു വീണ്ടും ആലോചിച്ചു.  ഓരോന്നും ഇടയ്ക്കു നിറുത്തി ആലോചിച്ചു  സമയം കളഞ്ഞു  ഒപ്പിച്ചെടുക്കുകയാണല്ലോ ചെയ്തത്? തൃപ്തിയായില്ല.  അത്രയും കളിച്ചു പഠിച്ചത് മാത്രമാണ് ചെയ്തിരിക്കുന്നത് . (റിഹേഴ്സൽ).  ഇനി തെറ്റാതെ, ആദ്യാവസാനം, തുടർച്ചയായി ചെയ്യണം.  അവൻ ചെയ്ത കാര്യങ്ങൾ മുറപോലെ ആലോചിച്ചെടുക്കുവാൻ തുടങ്ങി.
ഉപൻമോൻ 'റിഹേഴ്സൽ' നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒരാൾ താഴേ വഴിയിൽക്കൂടി കയറിവരികയും അവന്റെ കോപ്രായക്കളി കണ്ടു മറഞ്ഞുനിന്നു കൊണ്ട് മുഴുവനും വീക്ഷിക്കുന്നതും അവൻ അറിഞ്ഞിരുന്നില്ല.
ഭവാനിയുടെ ഇളയ സഹോദരൻ കാർത്തികേയൻ, സഹോദരിയേയും അളിയനേയും അനന്തിരവരേയും സന്ദർശിക്കുവാനായി മലയാലപ്പുഴയിൽ നിന്നും വരികയായിരുന്നു.  വീട്ടുമുറ്റത്തേയ്ക്കു കയറുന്ന വഴിയിലെത്തിയപ്പോൾ വലതു വശത്തെ മരച്ചീനി തലപ്പുകൾക്കു മുകളിൽ കൂടി ചുവപ്പു നിറത്തിൽ എന്തോ പൊങ്ങിയും താണും,  ഇടത്തോട്ടും വലത്തോട്ടും     ചലിക്കുന്നത്   കാണുകയും,  'കോക്വാ' എന്നൊരു കുട്ടിശ്ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ അതു എന്താണെന്ന്‌   അറിയുവാനായി  നിന്നു ശ്രദ്ധിച്ചു നോക്കി. ഒരു കുട്ടി  എന്തൊക്കെയോ ശരീരത്തിൽ വച്ചുകെട്ടി വെറുതേ ചാടിക്കളിക്കുന്നു, മുഖം വ്യക്തമല്ല, പൂവിന്റെ മറവ്‌.  വീണ്ടും ശ്രദ്ധിച്ചു നോക്കിയപ്പോളാണ് ആളിനേ മനസ്സിലായത്  -  ഉപൻമോൻ !  കാർത്തികേയൻ കുനിഞ്ഞു പ്ലാവിന്റെ പിറകിലേക്ക് മാറിനിന്ന്‌  പ്ലാവിൽ പടർന്നുകയറിയ കുരുമുളകു വള്ളിയുടെ ഇലകൾക്കിടയിലൂടെ നോക്കി നിന്നു - സംഭവം എന്താണെന്നറിയണമല്ലോ. 
റിഹേഴ്സൽ കഴിഞ്ഞു ഉപൻമോൻ മുഴുനീള ആട്ടം അവൻ ക്രമപ്പെടുത്തിയതുപോലെ വിടവില്ലാതെ ആടിക്കളിച്ചു.  കാർത്തികേയന് സംഭവമെന്താണെന്നു മനസ്സിലായി. റിഹേർസലിന്റെ അവസാനഭാഗം കണ്ടിരുന്നതാണ്. കളി അവസാനിക്കുന്നെന്നറിഞ്ഞതും ഓടിച്ചെന്നു അവനേ കോരിയെടുത്തു "എടാ ഭയങ്കരാ" എന്നു പറഞ്ഞുകൊണ്ട് അവന്റെ  മുഖത്തും നെഞ്ചത്തുമൊക്കെ തുരുതുരാ ഉമ്മകൾ വയ്ക്കുവാൻ തുടങ്ങി.  എന്താണ് സംഭവിക്കുന്നതെന്ന്‌             അറിയാതെ ഉപൻമോൻ ഭയന്നുപോയി.  അപ്പോഴാണ് ഉമ്മവയ്പ്പു കഴിഞ്ഞു തലയുയർത്തി തന്റെമുഖത്ത് വാത്സല്യത്തോടെ നോക്കിച്ചിരിക്കുന്ന  'പൊന്ന'മ്മാവനെ അവൻ കാണുന്നത്.  കണ്ടതും, നാണം കൊണ്ട് അവൻ ചൂളിപ്പോയി. 
(ഭവാനി, തന്റെ അച്ഛനേയും അമ്മയേയും, തങ്ങൾ എട്ടു സഹോദരിമാർക്കായുള്ള  ഒരേ ഒരു സഹോദരനേയും, സ്നേഹപാരമ്യത്തോടെ, തങ്ങൾ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ, വിളിക്കുവാൻ പഠിപ്പിച്ചിരിക്കുന്നത്, യഥാക്രമം, 'അച്ഛക്കിളൻ', 'അമ്മച്ചിക്കിളി' 'പൊന്നമ്മാവൻ' എന്നായിരുന്നു.)
കാർത്തികേയൻ ഉപൻ മോനെയുമെടുത്തുകൊണ്ടു വീടിനകത്തു കയറി ചേച്ചിയേയുമന്വേഷിച്ചു നേരേ അടുക്കളയിലെത്തി, അവനേ നിലത്തു നിർത്തിക്കൊണ്ട് നടന്ന കാര്യങ്ങൾ ചേച്ചിയേ പറഞ്ഞു കേൾപ്പിച്ചിട്ടു അവർ രണ്ടുപേരും മതിയാവോളം ചിരിച്ചു.  ഉപൻമോനാണെങ്കിൽ, നാണം വന്നു അമ്മച്ചിയുടെ മുണ്ടിൻ തുമ്പെടുത്തു മുഖം  ഒളിച്ചിട്ടു , അമ്മച്ചിയും ചിരിക്കുന്നതിനു പ്രതിഷേധമായി, അമ്മച്ചിയുടെ കാലിൽ പിടിച്ചു  തള്ളി നീക്കുവാൻ തുടങ്ങി. 
പ്രൈമറി സ്കൂളിൽ പഠിക്കുന്ന  കാലം. കഥകളിയിൽ വലിയ ഭ്രമമുണ്ടായിരുന്ന ഒരു നാട്ടുകാരൻ  ദൂരെയെവിടെ നിന്നോ ഒരു കഥകളി ആശാനെ സംഘടിപ്പിച്ചു കൊണ്ടുവന്ന് തണ്ടും തടിയുമുള്ള പത്തു പതിനഞ്ചു കുട്ടികളെ കഥകളി പഠിപ്പിക്കുവാൻ തുടങ്ങി.  ഉപന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും ഉയരവും തടിയുമില്ലാതിരുന്നതിനാൽ അവന്റ ആഗ്രഹം സഫലമായില്ല. അവന്റെ നിരാശ്ശ മനസ്സിലാക്കിയ കേശവൻ അവനേ സമാധാനിപ്പിച്ചു.  
"ഇവരു പഠിച്ചു കഴിയുമ്പോഴേയ്‌ക്ക്‌ രണ്ടുവർഷം കഴിയും.  അപ്പോഴേയ്‌ക്ക്‌ രണ്ടുവർഷം കഴിയും, മോൻ വലുതാകുവേം ചെയ്യും.  അന്നേരം പുതിയ ക്ലാസ്സ്‌ തൊടങ്ങുമ്പം മോനും ചേരാം."   
ഉപൻ  അവധിദിവസങ്ങളിലും മറ്റും കഥകളി പഠനം നടക്കുന്ന അടുത്തുള്ള വീടുകളിൽ പോയി കഥകളി പഠനം കണ്ടു മനസ്സിലാക്കുക പതിവാക്കിയിരുന്നു. അവരുടെ ചവിട്ടി ഉഴിയലുകളും, റിഹേർസലുകളും  അരങ്ങേറ്റ സമയത്തെ ചുട്ടികുത്തലും വേഷമണിയലും  അരങ്ങേറ്റവും വരെ അവൻ കൗതുകത്തോടെ നോക്കിക്കണ്ടു നിന്നു സ്വയം മനസ്സിലാക്കിപ്പഠിച്ചു; ഏകാന്തതതയിൽ സ്വയം അഭിനയിച്ചു നോക്കി തൃപ്തിപ്പെട്ടു.  ആശാൻ തന്റെ ശിഷ്യരേയും കൂട്ടി ഉത്സവക്കാലത്തു കുറച്ചകലെയുള്ള സ്ഥലങ്ങളിൽ കഥകളി ആടുവാൻ പോയിത്തുടങ്ങി. താമസിയാതെ  കുറേ കുട്ടികളെ സംഘടിപ്പിച്ചു അടുത്ത ക്ലാസ്സ്‌ തുടങ്ങുവാനുള്ള  പദ്ധതിയുമിട്ടു.  അതിനു മുൻപ് തൻറെ നാട്ടിലൊന്നു  പോയി വരാമെന്നു പറഞ്ഞു ആശാൻ പോയി.  അതു കഴിഞ്ഞു അയിലറനാട്ടിൽ ആരും ആശാനേ കാണുകയുണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞറിഞ്ഞൂ ,  ആശാൻ മരണപ്പെട്ടുവെന്ന്.  ഉപന്റെ കഥകളി പഠികൂവാനുള്ള അമിതമായ ആഗ്രഹം അതോടെ പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു.
വർഷങ്ങൾക്ക് ശേഷം അമ്മാവന്  ദൂരെയുള്ള സർക്കാർ സ്കൂളിൽ ഡ്രായിങ് മാസ്റ്റർ ആയി ജോലിയായി.  ഉപനും സഹോദരരും  അമ്മച്ചിയുടെ ചേച്ചിമാരുടെയും അനുജത്തിമാരുടെയും ഏതാണ്ടൊക്കെ സമപ്രായക്കാരായ, മിഡ്‌ഡിൽ സ്കൂൾ തലത്തിൽ പഠിക്കുന്ന  കുട്ടികളെല്ലാവരും,  വേനലവധിക്കാലത്തു മലയാലപ്പുഴയിലെ കുടുംബവീട്ടിൽ അവധിക്കാലം അടിച്ചുപൊളിക്കുവാൻ  എത്തിയിരിക്കണമെന്ന, അച്ഛക്കിളന്റെയും അമ്മച്ചിക്കിളിയുടയും ആജ്ഞ നിലവിലുള്ള കാലം. ഒരു വേനലവധിക്കാലത്തു മിക്കവാറുമൊക്കെ,  പത്തോളം, കുട്ടികൾ കുടുംബത്തെത്തി അടിച്ചുപൊളി ആരംഭിച്ചു കഴിഞ്ഞ സമയം. അമ്മാവനുമെത്തി. പകൽ മുഴുവൻ പത്തോളം പലയിനം മാമ്പഴങ്ങൾ ഇറുന്നു വീണുകൊണ്ടേയിരിക്കുന്ന മാഞ്ചുവടുകളിൽ കൂടിയും മറ്റു കളികളിലേർപ്പെട്ടും    അടിച്ചു പൊളിച്ചതിനു ശേഷം സന്ധ്യയ്ക്കു മുൻപ് അടുത്തുള്ള വലിയ കുളത്തിൽ ചാടിമറിഞ്ഞു അടിച്ചുപൊളിച്ചു കുളിച്ചു സന്ധ്യയോടെ കുടുംബത്തു തിരിച്ചെത്തിയ സമയം.
കുട്ടികൾ മിക്കവാറും എല്ലാവരും  മണൽ വിരിച്ച വിശാലമായ മുറ്റത്തു തന്നെയുണ്ട്..അമ്മാവൻ കുട്ടികളെയെല്ലാം മുറ്റത്തു വിളിച്ചു കൂട്ടിയിട്ട് പറഞ്ഞു :
"ഇനി വൈകുന്നേരങ്ങളിലെല്ലാം കുളിയും കഴിഞ്ഞു  ഇതേ സമയത്തു നിങ്ങളെല്ലാവരും ഈ മുറ്റത്തു കൂടിയിരിക്കണം.  എല്ലാവരും അവരോർക്കറിയാവുന്ന ഓരോ കലാ പ്രകടനം  നടത്തണം.  പാട്ടോ ഡാൻസോ, കഥാപ്രസംഗമോ, കഥകളിയോ, പദ്യം ചൊല്ലലോ, ഉപന്യാസമോ , എന്തു വേണമെങ്കിലുമാകാം.ഇന്ന് ആദ്യം യമുനയുടെ പാട്ട്, പിന്നെ കമലയുടെ ഡാൻസ്. അതുകഴിഞ്ഞു ഉപന്റെ കഥകളി."
അമ്മാവനെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്.  ആർക്കും ഒഴിഞ്ഞു മാറുവാൻ സാധ്യമല്ല, അനുസരിക്കുകയേ നിവർത്തിയുള്ളു.
പാട്ടും ഡാൻസും നടക്കുന്നതൊന്നും ഉപനറിഞ്ഞില്ല. അവൻ  കഥകളി എങ്ങിനെ അതരിപ്പിക്കണമെന്നു  മനസ്സിൽ ചിട്ടപ്പെടുത്തുകയായിരുന്നൂ,  ആ  സമയമെല്ലാം.  എങ്കിലും  ഇടയ്ക്കൊരിക്കൽ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോൾ കമല 'അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് '     എന്ന പാട്ട് പാടി ഡാൻസ് ചെയ്യുകയാണെന്നുമനസ്സിലായി.    
ഉപന്റെ അവസരമായി. പണ്ട് അവന്റെ സ്വന്തം കയ്യൊപ്പുണ്ടായിരുന്ന വേഷ ഭൂഷാദികളുടെയും  ആടയാഭരണങ്ങളുടെയും സഹായത്തോടെ അവന്റെ 'കോപ്രായ' ആട്ടക്കളി മറഞ്ഞു നിന്നു  കണ്ടു ആസ്വദിച്ച അമ്മാവനും, മിക്കവാറും  അതേപ്പയറ്റി  അറിവില്ലാത്ത  മറ്റുള്ളവരുമടങ്ങിയ കുടുംബസദസ്സിനും മുൻപിൽ  വേഷങ്ങളൊന്നുമില്ലാതെ കുറെയൊക്കെ ആധികാരികമായ വിധത്തിൽ ഉപൻ  തകർത്ത് ഒരു ഒറ്റയാൾ കഥകളി അവതരിപ്പിച്ചു.
ഉപന്റെ  സ്വയം പരിശീലനത്തെപ്പറ്റി അറിവില്ലാതിരുന്ന അമ്മാവനും മറ്റുള്ളവരും അത് എത്രമാത്രം ആ സ്വദിച്ചിരിക്കണമെന്നറിവില്ല. എന്തായാലും ഒരു കയ്യടിയോടെ അവരെല്ലാം അവന്റെ കളി  അംഗീകരിക്കുകയുണ്ടായി.     
മേമ്പൊടി                           
കഥയറിയാതെ ഞാൻ കണ്ടൊരാട്ട-             ക്കഥയതു താതൻ പറഞ്ഞുകേട്ടപ്പോൾ 
കഥകളിക്കമ്പം മനസ്സിലാഴ്ന്നൂ                     കഥകളിയാടുവാൻ  വെമ്പലായി 
കഥയതു താമസിച്ചില്ല പിന്നെ ഗുരു-                   നാഥനില്ലാതേയരങ്ങേറി, ഞാൻ  സ്വയം
കാണികളായിട്ടങ്ങാരു മില്ലെങ്കിലോ   നാണിച്ചു നിൽക്കേണ്ട കാര്യവുമില്ലല്ലോ ?                                                                                           കാണുവാനായൊരാൾ നിന്നിരുന്നെങ്കിലും     കാണുവാനായില്ലയാളെ എനിക്കഹോ !
കണ്ട ആളെന്നേയെടുത്തുമ്മ വച്ചിട്ടു കൊണ്ടുപോയമ്മതൻ ചാരേ, പറയുവാൻ                                                                                           കൊണ്ടു നാണം, പിന്നൊളിക്കുവാനമ്മതൻ   മുണ്ടിന്റെ തുമ്പെനിക്കെന്തോരനുഗ്രഹം ! 
കഥയിതു വേനലവധിക്കാലത്തൊരു     മധുരാനുഭൂതിയായ് മാറ്റിയെൻ മാതുലൻ!                                                      
















.

2017 ഏപ്രിൽ 19, ബുധനാഴ്‌ച

Blog Post No.4 : ഉപൻമോന്റെ കുടിപ്പള്ളിക്കൂട ജീവിതം : ഒരു കുള അട്ട ആക്രമണം.


                            Post No.4

ഉപൻമോന്റെ  കുടിപ്പള്ളിക്കൂട ജീവിതം :

ഒരു കുള അട്ട  ആക്രമണം.          .         

                *******

കുടിപ്പള്ളിക്കൂടത്തിൽ ഇരുപത്തഞ്ചോളം കുട്ടികളുണ്ടായിരുന്നു.  ഏറ്റവും പ്രായക്കുറവും വലിപ്പക്കുറവും സ്വാഭാവികമായും ഉപൻമൊനു   തന്നെയായിരുന്നു. മൂന്ന് മൈലുകൾക്കുള്ളിൽ സ്കൂളോ മറ്റു കുടിപ്പള്ളിക്കൂടമോ  ഇല്ലാതിരുന്നതിനാൽ എട്ടും ഒൻപതും അതിൽ കൂടുതലും വയസ്സ്  പ്രായമുള്ള കുറെ കുട്ടികൾ ഗ്രാമത്തിൽ  വിദ്യാഭ്യാസം കിട്ടാതെ നിൽപ്പുണ്ടായിരുന്നു.  കുടിപ്പള്ളിക്കൂടം തുടങ്ങിയിട്ടും അവരിൽ പലരും അവിടെ ചേർന്നു പഠിക്കുകയുണ്ടായില്ല.

ആശാൻ ഓലപ്പുസ്തകം       തയ്യാറാക്കുന്നത് വളരെ കലാപരമായാണ്. ഓലയുടെ തുമ്പ് അറ്റത്തു നിന്നും ഒന്നര ഇഞ്ചോളം മുറിച്ചുമാറ്റിയിട്ടു വീണ്ടും അറ്റത്തുള്ള ഈർക്കിൽമാത്രം രണ്ടിഞ്ചോളം ഓലയിൽ നിന്നും വേർപെടുത്തി  മുറിച്ചു മാറ്റും. എന്നിട്ടു വേർപെട്ടുകിടക്കുന്ന രണ്ടു തുമ്പുകളും പിറകോട്ടെടുത്തു മൊത്തം ചുറ്റി   അറ്റം മടക്കിനകത്തുകൂടി തിരുകിക്കയറ്റി വെളിയിൽ കൊണ്ടുവന്നു മുറുക്കിയിട്ട് മുറിച്ചു കളയും.   അപ്പോഴേയ്ക്കും അവിടെ നല്ല ഒരു 'തലേക്കെട്ട്' '  രൂപപ്പെട്ടിരിക്കും. ചുവടെ ഒരു അർദ്ധവൃത്താകൃതിൽ മുറിച്ചെടുക്കും. ഒന്നിലധികം ഓലയായാൽ  എല്ലാ ഓലകൾക്കും ഒരേ നീളം വരത്തക്കവിധം  തലേല്ക്കെട്ടു കെട്ടും. . ഓരോ ഓലയുടെയും ചുവട്ടിൽ നിന്നും അരയടി മുകളിലായി, എല്ലാ ഓലയിലും ഒരേ സ്ഥലത്തു വരത്തക്കവ വിധം   ഒരു  സ്ലേറ്റു  പെൻസിൽ  കടക്കത്തക്ക  വലിപ്പത്തിൽ  വട്ടത്തിലുള്ള  ഒരു  സുഷിരമിടും. ഒരു  ചരടിൽ  എല്ലാ  ഓലകളും   ആ സുഷിരത്തിൽ കൂടി കോർത്ത് കെട്ടിയാൽ നല്ല ഭംഗിയുള്ള ഒരു ഓലപ്പുസ്തക കെട്ടായി. ഈ ഓലക്കെട്ടു കൊണ്ട് ഞങ്ങൾക്ക് വേറേ രണ്ടു പ്രയോജനങ്ങൾ കൂടി ഉണ്ടായിരുന്നു. തെരുവ് നായ അടുത്തു കൂടിയെങ്ങാനും വന്നാൽ അതൊന്നുയർത്തി വീശിയാൽ മതി, വടിയാണെന്നു   കണ്ടു അതു ഓടിപ്പൊയ്ക്കൊള്ളും. ഇനി അതു ഒന്നാംതരമൊരു വാദ്യോപകരണമായി മാറ്റമെന്നതാണ്. ഓലകൾ തമ്മിൽ കെട്ടിയിരിക്കുന്ന ഭാഗത്തു മുറുകെ പിടിച്ചു ആഞ്ഞു താളാൽമകമായി കുലുക്കിയാൽ തലക്കെട്ടുകൾ തമ്മിൽ അടിച്ചു താളാൽമകമായ ശബ്ദമുണ്ടാക്കും.  ഇനിയും ഒരുകൈകൊണ്ടു കെട്ടിന് മുകളിലായും മറുകൈ കൊണ്ട് അരയടി മുകളിലായും പിടിച്ചിട്ടു അതിനു മദ്ധ്യത്തായി  ഓലയുടെ തുറന്ന ഭാഗത്തു ഉള്ളിലേയ്ക്ക്  ശ്വാസം ആഞ്ഞെടുത്തു ഊതിയാൽ നല്ല " പീ....  പീ... " ശബ്ദമുണ്ടാകും. അല്പം ട്യൂൺ കൂടി കൊടുത്തൂതിയാൽ സംഗീതവും.   ഇവയൊക്കെ അന്നത്തെ കുട്ടികളുടെ കലാപരിപാടികളുടെ ഭാഗമായിരുന്നു; ഇപ്പോൾ അവരുടെ ഗൃഹാതുരത്വവും !!! ഇന്നത്തെ കുട്ടികൾക്കു അതൊക്കെ അന്യം നിന്നുപോയി എന്ന് പറഞ്ഞാൽ മതി.    

 ഉപന്റെയും  ചേച്ചിയുടെയും അടുത്ത കൂട്ടുകാർ വട്ടാംകുഴിയിലെ മോഹനനും മംഗലത്തെ ഓമനയും ആയിരുന്നു. മോഹനനും ഓമനയും ചേച്ചിയുടെ പ്രായക്കാരായിരുന്നു. മോഹനന്റെ കുടുംബവും, അമ്മച്ചിയുടെ  സ്ഥലമായ, മലയാലപ്പുഴയിൽ നിന്നും വന്നവരായിരുന്നതിനാൽ അവനുമായി, അവർക്ക്  കൂടുതൽ അടുപ്പ     മുണ്ടായിരുന്നു. അവർ    നാലുപേരും ഒരുമിച്ചായിരുന്നു പള്ളിക്കൂടത്തിലേക്കു പോകുന്നതും തിരികെ വരുന്നതും. ഉച്ച വരെ മാത്രമേ പഠിത്തമുള്ളു. സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ അവർ  മൂന്നു താവളങ്ങളിൽ  കുറച്ചു സമയം ചെലവാക്കുക പതിവായിരുന്നു. ആദ്യത്തെ താവളം സ്കൂളിന്റെ കുറച്ചടുത്തു റോഡരികിൽ നിന്നിരുന്ന  ഒരു വലിയ  കുളമാവിൻ ചുവടായിരുന്നു.  രണ്ടാമത്തെ താവളം വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള വെള്ളച്ചാട്ടവും അതിനടുത്തു റോഡരികിൽ നിന്നിരുന്ന ഒരു കൂറ്റൻ ഇലവുമരത്തിന്റെ ചുവടുമായിരുന്നു. മൂന്നാമത്തേത് റോഡിന്റെയും അവരുടെ   വീടുനിൽക്കുന്ന പുര  യിടത്തിന്റെയും ഇടയിൽക്കൂടി, വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകിയെത്തുന്ന, തോട്ടിലെ കുളിക്കടവാണ്. അവിടെ ഒരു ചെറിയ കുളത്തിന്റെ വലുപ്പത്തിൽ വെള്ളം കെട്ടിനിൽക്കത്തക്ക വിധം കുഴിയുണ്ട്.   അയൽ വക്കങ്ങളിലുള്ള സ്ത്രീകൾ കുളിക്കുന്നതും തുണി കഴുകുന്നതും അവിടെയാണ്.
കുളത്തിനു തൊട്ടു താഴെയുള്ള തോടിന്റെ ഭാഗത്തിന് നല്ല  വീതിയുള്ളതിനാലും     കുളത്തിൽ നിന്ന്  ഒഴുകി വരുന്ന വെള്ളം അവിടെയെത്തുമ്പോൾ പരന്നൊഴുകുന്നതിനാലും   മഴക്കാലമല്ലാത്ത സമയങ്ങളിൽ അവിടെ കണങ്കാൽ  വരെ  മാത്റമേ വെള്ളത്തിന്  ആഴമുണ്ടാകുകയുള്ളു.  അതുകൊണ്ടുതന്നെ അവർ ആ ഭാഗത്തു കൂടി ഇറങ്ങി തോട് കട

ന്നാണ്  വീട്ടിലേയ്ക്കു കയറിപ്പോകുന്നത്.

കുളമാവ് കായ്ക്കുന്ന കാലമായാൽ സ്കൂൾ വിട്ടാൽ ഉടൻ അതിന്റെ ചുവട്ടിലേക്ക് ഓടിയെത്തും. ധാരാളം കുളമാവിൻ കായ്കൾ വീണു കിടപ്പുണ്ടാവും. കുളമാവിന്റെ ഇലയും  തടിയും  മാവിന്റേത് പോലെ ആണെങ്കിലും മാങ്ങയുടെ അടുത്തു രൂപമുള്ള  കായ്ക്കു  ഒരു മഞ്ചാടിക്കുരുവിനേക്കാൾ അല്പം കൂടി  വലിപ്പമേയുള്ളു. പുറത്തെ കനം കുറഞ്ഞ തൊലിക്കകത്തു   ചിരട്ട പോലെ കനമുള്ള തോടും അതിനുമകത്ത്  നല്ല വെള്ള നിറത്തിലുള്ള, രുചിയുള്ള  പരിപ്പുമാണുള്ളത്. 
ആദ്യം നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും  അവ പെറുക്കി നിറയ്ക്കും.  പിന്നീടു   പെറുക്കുന്നവയെല്ലാം അവിടെത്തന്നെയുള്ള പാറക്കല്ലിൽ വച്ചു ഇളകിക്കിടക്കുന്ന  മെറ്റലെടുത്തു ഇടിച്ചു പൊട്ടിച്ചു പരിപ്പെടുത്തു മതിയാവോളം തിന്നും. പോക്കറ്റിൽ കിടക്കുന്നവ വീട്ടലെത്തിയാൽ സൗകര്യം കിട്ടുമ്പോൾ തല്ലിപ്പൊട്ടിച്ചു തിന്നും.  

കുളമാവിൻ ചുവട്ടിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തെത്തിയാൽ ഇലവിൻ ചുവട്ടിൽ നിന്നുകൊണ്ട്, നുരയും പതയുമായി ഇരുപതു             അടിയോളം താഴ്ചയിലേക്ക് കുതിച്ചു ചാടുന്ന, വെള്ളച്ചാട്ടത്തിന്റെ ഭംഗിയും അതിനുപരിയായി, വെള്ളച്ചാട്ടത്തിനു താഴെയുള്ള കുഴിയിൽ നിന്നും വെള്ളച്ചാട്ടത്തിന്  മുകളിൽ   എത്തുവാനായി ചാടിച്ചാടി അശ്രാന്തം പരിശ്രമിക്കുന്ന   പരൽമീനുകളുടെ വ്യഗ്രതയും നോക്കി ആസ്വദിച്ചു   നിൽക്കും. എന്നാൽ അത്ഭുതമെന്നും അവിശ്വസനീയമെന്നും തോന്നുന്ന കാര്യം, അവയിൽ അപൂർവം ചില മീനുകൾ അത്രയും ഉയരമുള്ള  ആ വെള്ളച്ചാട്ടം ചാടിക്കടന്നു മുകളിൽ എത്തുന്നുണ്ട്‌  എന്നുള്ളതാണ്. വെള്ളച്ചാട്ടം ശരിയ്ക്കും കുത്തനെയല്ല, കരിങ്കൽപ്പാറ പൊട്ടിച്ചുണ്ടായതിനാൽ അൽപ്പം ചരിവോടു കൂടിയതാണ്.   അതുകൊണ്ടു തന്നെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ പാറക്കുഴികൾ താഴെ നിന്നും മുകൾഭാഗം വരെയുണ്ട്. ചിലവ വെള്ളമൊഴുക്കിന്റ അരികിലായി, കുതിച്ചു ചാടുന്ന വെള്ളക്കെട്ടിൽ നിന്നും തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളാൽ നിറഞ്ഞുകിടക്കും.  താഴെ നിന്നും മുകളിലേയ്ക്കു ചാടുന്ന മീനുകളിൽ ചിലവ കുത്തൊഴുക്കിൽ തെറിച്ചു ഈ കുഴികളിൽ വീഴും. അവയിൽ ചിലവ വീണ്ടും മുകളിലേയ്ക്കു ചാടുമ്പോൾ അതുപോലെയുള്ള മുകളിലത്തെ കുഴിയിൽ വീണെന്നിരിക്കും.   ഈവിധം അശ്രാന്ത പരിശ്രമത്തിന്റെ ഫലം വിജയമായി  ആഘോഷിക്കുന്നത്  മുകളിലെത്തിയ മീനുകൾ അതിവേഗം, ഇനി താഴേയ്ക്ക് വീഴുമോ എന്ന ഭയത്താലെന്ന വിധം,  മുകളിലത്തെ ചെറിയ ഒഴുക്കിൽ സസന്തോഷം നീന്തിത്തുടിച്ചു മുന്നോട്ടു പോയിട്ടാണ്.  അവയുടെ ആ ശ്രമവും വിജയാഘോഷവും  ഞങ്ങൾ നോക്കിനിന്നു,  അവയോടൊപ്പം,  ആസ്വദിക്കാറുണ്ട്. 

അവിടെ നിന്നും കുളിക്കടവിൽ       എത്തിയാൽ ഉടുപ്പുകളൂരി, അവയും  ഓലപ്പുസ്തകക്കെട്ടും കൂടി കരയിൽ വച്ചിട്ട്, നാലുപേരും ദിഗംബരരായിട്ടു    തോട്ടിൽ അര മണിക്കൂറോളം ചാടിമറിഞ്ഞിട്ടേ വീട്ടിലെത്തൂ.

ഇലവ് പൂക്കുന്ന കാലമായാൽ (അപ്പോൾ കുളമാങ്ങാ ഉണ്ടാകില്ല) ഇലവിൻ ചുവടാണ്  ആദ്യ താവളം.  അവിടെ എത്തിയാൽ വെള്ളച്ചാട്ടത്തിൽ പരൽ മീനുകൾ മുകളിലെത്തുവാൻ  വൃഥാ ഉയർന്നു ചാടി വീണു ഒഴുക്കിൽ വീണ്ടും കൂടുതൽ താഴേയ്ക്ക് പോകുന്നതും  വീണ്ടും ശ്രമം തുടരുന്നതും നോക്കി 

രസിച്ചു നിൽക്കും.  പിന്നെ  ഇലവിൻ       പൂവുകൾ പെറുക്കിയെടുത്തു  അവയുടെ വെൽവെറ്റ് നിറത്തിൽ,  നീണ്ട കട്ടിയുള്ള ദളങ്ങൾ   ഇറുത്ത്‌ മാറ്റി,   നീണ്ട ഷേവിങ്ങ്  ബ്രഷ്ന്റെ  ആകൃതിയിലുള്ള പിടിയും കേസരങ്ങളും ചേർന്ന ഭാഗം ശേഖരിച്ചു അവ കുളിക്കടവിലെ  വെള്ളത്തിലെറിഞ്ഞു ഒഴുകി വരുമ്പോൾ പിടിച്ചെടുത്തു കളിച്ചു രസിക്കും.  ഇലവുമരത്തിലെ  പൂക്കളെല്ലാം കൊഴിഞ്ഞു കായ്ക്കളായി ഉണങ്ങി പൊട്ടിത്തെറിച്ചു നാലുപാടും സിൽക്കുപോലെയുള്ള പഞ്ഞിക്കൂടുകൾ പറന്നുനടക്കുന്ന കാലമാകുമ്പോൾ,  റോഡിന്റെ ഇരുവശത്തുമുള്ള  കാട്ടു ചെടികളിൽ അവ പറ്റിപ്പിടിച്ചു വെള്ളപ്പൂക്കളുടെ നീണ്ട നിരകളുടെ    മനോഹര ദൃശ്യം ഉളവാകുകയായി. ഞങ്ങൾ മത്സരിച്ചു ഓടിനടന്നു അവ പെറുക്കി വായുവിലേക്ക് വീണ്ടും വീണ്ടും ഊതിപ്പറത്തി രസിക്കുകയായി.  ഇലവിന്റെ പൂവോ കായോ ഇല്ലാത്ത സമയത്തു വീട്ടു പുരയിടത്തിലെ വയസ്സൻ റബ്ബർ മരങ്ങളിൽ നിന്നു പൊട്ടിത്തെറിച്ചു വീണുകിടക്കുന്ന റബ്ബർ കുരുക്കളാണ്  വെള്ളത്തിലെറിഞ്ഞു കളിക്കുവാനുള്ള കളിപ്പാട്ടമായി ഞങ്ങൾ കരുതുക. 

 കുള അട്ടയുമായുള്ള ഏറ്റുമുട്ടൽ :

ഓലപ്പള്ളിക്കൂടത്തിൽ  ചേർന്നിട്ടു ആറേഴു മാസം കഴിഞ്ഞ ഒരു ദിവസം.  അന്നു പനി കാരണം ചേച്ചിയില്ലാതെ ഉപൻമോൻ മാത്രം  കൂട്ടുകാരുമൊത്തു സ്കൂളിലേക്ക് പോയി.

പതിവുപോലെ ഇലവിൻചുവട്ടിലെത്തി കുറേ പൂക്കൾ പെറുക്കിയെടുത്തു ദളങ്ങൾ ഇറുത്തു മാറ്റിയിട്ടു അവർ  മൂവരും കുളിക്കടവിലെത്തി.   ചേച്ചി കൂടില്ലാത്തതിനാൽ ഓമന വീട്ടിലേയ്ക്കു പോയി. ഉപൻമോനും       , മോഹനനും ദിഗംബരരായി, പൂക്കളുമെടുത്തു, തോട്ടിലേക്ക്  ചാടി കളി തുടങ്ങി.  കളിക്കു ഹരം കൂടിത്തുടങ്ങിയപ്പോൾ പതുക്കെപ്പതുക്കെ മുകളിലേയ്ക്കു,  ആഴക്കൂടുതൽ ഉള്ളിടത്തേയ്ക്കു, നീങ്ങി നീങ്ങി അരയ്ക്കു മുകളിൽ വെള്ളമുള്ളിടത്തായി കളി. പതിവിലും കൂടുതൽ സമയമെടുത്തെന്നുള്ള തോന്നലുണ്ടായപ്പോൾ മോഹനൻ പറഞ്ഞു :

"ഒത്തിരി  സമേമായി. നമ്മക്കിനി   വീട്ടിപ്പോവാം.  ഒരുപാടു താമസ്സിച്ചാ അച്ചനടിക്കും".

അപ്പോഴാണ്‌  ഉപൻമോനും         സ്ഥലകാലബോധമുണ്ടായത്. ധൃതിയിൽ രണ്ടുപേരും കരയ്ക്കു കയറി. മോഹനൻ ആദ്യം കയറിയിട്ട് പിറകേ കയറിച്ചെന്ന  ഉപനേ   തിരിഞ്ഞു നോക്കിയതും ഭയത്തോടെ അവന്റെ അരയ്ക്കു ചൂണ്ടി  വിളിച്ചു പറഞ്ഞു :

"ഉപനേ ദേ അട്ട കടിച്ചു തൂങ്ങിക്കെടക്കുന്നു"

അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് ഉപൻമോൻ  ഭയപ്പാടോടെ പെട്ടെന്ന് കുനിഞ്ഞു നോക്കിയതും,   ഉച്ചത്തിൽ അലറിയതും ഒരുമിച്ചായിരുന്നു. ഒരു വലിയ കുള അട്ട രക്‌തം കുടിച്ചു വീർത്തുരുണ്ട്  അവന്റെ അടിവയറ്റിൽ തൂങ്ങിക്കിടക്കുന്നു !  അവൻ തുള്ളിച്ചാടി, നിർത്താതെ, അലറിവിളിക്കുന്നതു കണ്ടപ്പോൾ മോഹനൻ ഭയന്ന് വശായി കരച്ചിലോളമെത്തിയിട്ട്, കാര്യം പന്തിയല്ലെന്ന് തോന്നിയിട്ടാവണം,  അവന്റെ തുണികളും ഓലക്കെട്ടും ധൃതിയിൽ വലിച്ചു വാരിയെടുത്തുകൊണ്ടു ഒറ്റ ഓട്ടം വച്ചുകൊടുത്തു. അതുകൂടി കണ്ടപ്പോൾ,   തനിച്ചായത്തിന്റെ ഭയം കൂടിയായപ്പോൾ, അവന്റെ അലർച്ചയുടെ ആക്കം പതിന്മടങ്ങായി. അലർച്ചയ്ക്കിടെ  വിളിച്ചു കൂവുന്നുമുണ്ട് :

"അമ്മച്ചിയേ....... ഓടിവായോ... ഉപമ്മോനെ    അട്ടകടിച്ചേ...... ഞാം  ചത്തുപൊമേ....ഓടിവായോ.... "  എന്ന്. 

ആ സമയം വീട്ടിൽ ഭവാനി ആലോചിക്കുകയായിരുന്നു : 'ഉപൻമോൻ തനിയെയാണല്ലോ ഇന്ന് പോയിരിക്കുന്നത്. വരേണ്ട സമയവും കഴിഞ്ഞെന്നു  തോന്നുന്നു. എന്തായാലും ഒന്ന് തോടുവരെ  പോയിനോക്കാം.  ചേച്ചിയില്ലാതെ തോട്ടിൽ ചാടരുതെന്നു പറഞ്ഞിട്ടുള്ളതാണ്.  മറ്റു പിള്ളേര് കൂടെയുള്ളതിനാൽ പറഞ്ഞതൊക്കെ മറന്നു പോയിട്ടുണ്ടാകും.'   ഭവാനി ഉടൻതന്നെ വഴിയിലേക്കിറങ്ങി. 

കുറച്ചു നേരം എന്താണ് ചെയ്യേണ്ടതെന്നറിയാതെ   ഉപൻമോൻ പകച്ചു നിന്നുപോയി.   അല്പം കഴിഞ്ഞപ്പോൾ തുണിയും ഓലക്കെട്ടുമെടുക്കാതെ, അലറിവിളിച്ചുകൊണ്ടു തന്നെ, വീട്ടിലേയ്ക്കുള്ള വഴിയേ മേലോട്ടൊടുവാൻ തുടങ്ങി.

പകുതി വഴിയ്ക്കു എത്തിയതും     ഭവാനി ഉപൻമോന്റെ അലർച്ച കേട്ടു. ഏന്തോ കാര്യമായി നടന്നിരിക്കുന്നു ; ഭവാനി ഉറപ്പിച്ചുകൊണ്ട് ഓടിയിറങ്ങി ചെന്നപ്പോൾ കണ്ടത് പറക്കുന്നവിധം കൈകൾ രണ്ടു വശങ്ങളിലും അടിച്ചുകൊണ്ട് നഗ്നനായി ഓടിവരുന്ന ഉപൻമോനെയാണ്. അമ്മച്ചിയെ കണ്ടതും അവന് സങ്കടം കൂടുതലായി. ശബ്ദവും ഒപ്പം കൈകളും  ഒന്നുകൂടി ഉയർത്തി, ഓട്ടത്തിന്റെ വേഗത കൂട്ടിക്കൊണ്ടു അവൻ അടുത്തെത്തി   ഏങ്ങി ഏങ്ങി പറഞ്ഞൊപ്പിച്ചു :  "മ്മചീ,  അട്ട കടിച്ചു,  മോൻ ചത്തുപോം" 

അപ്പോഴാണ് അതു ഭവാനിയുടെ ശ്രദ്ധയിൽപ്പെടുന്നത് :  ഒരു കുള അട്ട അവന്റെ അടിവയറ്റിൽ രക്തം കുടിച്ചു വീർത്തുരുണ്ട് കടിച്ചു തൂങ്ങിക്കിടക്കുന്നു. ഭവാനി പെട്ടെന്ന് അവനേ പിടിച്ചു നിർത്തിയിട്ടു കുനിഞ്ഞു  അട്ടയെ അടർത്തിയെടുത്തു ദൂരേക്കെറിഞ്ഞിട്ട്  സമാധാനിപ്പിച്ചു :

"അട്ട പോയില്ലേ? ഇനി കരച്ചില് നിർത്ത്. മോൻ ചത്തു പോത്തോന്നുമില്ല"  

എന്നിട്ടു ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പുകൊണ്ടു അവന്റെ നനഞ്ഞിരുന്നു തലയും ദേഹവും തുവർത്തിക്കൊടുത്തു. അപ്പോൾ കണ്ടൂ അട്ട കടിച്ചിരുന്ന സ്ഥലത്തു നിന്നും രക്തം ഇറ്റു വീഴുന്നു. അവൻ കണ്ടാൽ കുഴപ്പമാവും ; ഭവാനി അവന്റെ  ദേഹം തുവർത്തുന്ന ഭാവത്തിൽ രണ്ടുമൂന്നു പ്രാവശ്യം തുടച്ചു കഴിഞ്ഞപ്പോൾ രക്തത്തിന്റെ വരവ് കുറഞ്ഞു കുറഞ്ഞു വന്നു. ഒരുമ്മ അവന്റെ കവിളിൽ കൊടുത്തിട്ട്, ആശ്വസിപ്പിക്കാനും  വിഷയം മാറ്റാനുമെന്ന വിധം ഒരു പുഞ്ചിരിയോട്, അവന്റെ പുറം തുടയ്ക്കു ഒരു കൊച്ചടി പാസ്സാക്കിക്കൊണ്ടു ഭവാനി അവനേ  ശാസിച്ചു, : 

"തനിയെ തൊട്ടിൽ ഇറങ്ങരുതെന്നു ഞാൻ  പറഞ്ഞിട്ടില്ലേ ? അതനുരിക്കാഞ്ഞിട്ടല്ലേ അട്ട കടിച്ചത് ? ഇനി എന്നേലും തനിയേ നീ തോട്ടിലിറങ്ങുവോ ?"

"ഇല്ല", തന്റെ തെറ്റ് മനസ്സിലായവണ്ണം അവൻ ജാള്യതയോടെ പറഞ്ഞു. അപ്പോഴാണ് അവന്റെ തുണിയുടെയും ഓലക്കെട്ടിന്റെയും കാര്യം ഓർമ വന്നത്. ഭവാനി ചോദിച്ചു :

"മോന്റെ ഉടുപ്പും ഓലേമൊക്കെ എവിടെ?"

"തോട്ടുകരേലൊണ്ട് "

"എന്നാ മോനിവിടെ നിക്ക്; അമ്മച്ചി അതെടുത്തോണ്ടു വരാം "

"വേണ്ടാ, എനിച്ചു പേടിയാ, ഞാനും വരും " :  അവൻ ചിണുങ്ങി. 

ഭവാനി അവനെയും എടുത്തു താഴെച്ചെന്നു തുണികളും മറ്റും എടുത്തുകൊണ്ടു വീട്ടിലേക്കു മടങ്ങി. 

                           *******

മേമ്പൊടി

      ***

പനയോലപ്പുസ്തകത്താളിലാശാൻ   കനിവോടെ നാരായത്തുമ്പിനാലേ    

വിരചിക്കുമക്ഷര മാലകൾ ഞാനൊരു വരമായ്ക്കരുതിപ്പഠിച്ച കാലം 

കുളമാവിൻ ചോട്ടിൽ കഴിച്ച കാലം       കുളയട്ട തൻ കടി ഏറ്റ  കാലം     

ആ കടി   മൂലം താനങ്ങു  പരലോകം                                                             പൂകുമെ-       ന്നകതാര് നൊന്തു കരഞ്ഞകാലം 

നുരയും പതയുമായ്ച്ചാടിടും                                                       വെള്ളത്തിൽ         പരൽമീൻ കുതിപ്പിൽ രസിച്ച കാലം 

ഇലവിലെ പൂക്കളും കായ്കളു                                                    മൊരുപോലെ           നിലവിൽ കളിക്കൂട്ടരായ കാലം 

കഥകളിയാദ്യമായ് കണ്ടകാലം ഞാൻ     കഥയറിയാതാട്ടം   കണ്ട  കാലം     

ഇവയൊക്കെയാണെന്റെയാശാൻ                                                പള്ളിക്കൂട       ജീവിത കാലത്തെയോർമ്മപ്പൂക്കൾ 

                         *******








2017 ഏപ്രിൽ 8, ശനിയാഴ്‌ച

Blog Post No.2 : പൂവൻ കോഴി സമ്മാനിച്ച Identity Card.

 Post No.2

പൻ മോന്   പൂവൻ കോഴി സമ്മാനിച്ച തിരിച്ചറിയൽ കാർഡ്

 

ഉപൻ മോനും നേരെ മൂത്ത ചേച്ചി വാഗമ്മയും (ശരിയായ പേര്  വാഗീശ്വരി) ഇനിയും വിദ്യാരംഭം കുറിച്ചിട്ടില്ല. അടുത്ത് സ്കൂൾ ഇല്ല. ഏറ്റവും മൂത്ത ചേച്ചി വിലാസിനി  മൂന്നു മൈൽ ( ഇന്നത്തെ നാലര കിലോമീറ്റർ) അകലെയുള്ള ഏരൂർ ഗവ.  സ്കൂളിൽ രണ്ടാം ക്‌ളാസ്സിൽ  പഠിക്കുന്നുണ്ട്. അവർ  രണ്ടുപേർക്കും പകൽസമയം  മുഴുവൻ കളിച്ചു 'പഠി'ക്കുന്നതു തന്നെ ജോലി. പല കളികളും മാറി മാറി കളിക്കും.   എങ്കിലും അനുജനെ  തോൽപ്പിക്കാൻ എളുപ്പമുള്ളതിനാൽ ചേച്ചിക്ക് കൂടുതൽ താൽപ്പര്യം 'കളംചാടി' ക്കളിയിലാണ്.   ചേച്ചി  തന്നെ മനഃപൂർവം കളങ്ങൾ അകത്തി വരയ്ക്കുന്നതിനാൽ കൊച്ചു കാലുകൾ കൊണ്ട് അവനു  കളങ്ങൾ വേണ്ടവിധം ചാടിക്കടക്കുവാൻ പറ്റില്ലെന്നുള്ളത് തന്നെ  കാരണം.

പതിവുപോലെ അന്നും അവർ  മുറ്റത്തു 'കളംചാടി' കളിക്കുമ്പോൾ അമ്മച്ചി നെല്ലു പുഴുങ്ങിയത് കൊണ്ടുവന്നു  ഉണക്കുവാനായി പരമ്പിൽ നിരത്തിയിട്ടിട്ടു പറഞ്ഞു

"കളിക്കുന്നതൊക്കെ കൊള്ളാം,   കോഴി നെല്ലു തിന്നാതെ നോക്കിക്കോണം. കോഴി പരമ്പിൽ കേറുന്നത് ഞാൻ  കണ്ടാൽ രണ്ടിനേം  വച്ചേക്കില്ല,    പറഞ്ഞേക്കാം."

അവർ   കളി  തുടർന്നു.  അധികം താമസ്സിച്ചില്ല,  വീട്ടിലെ  പൂവൻ കോഴി  പതിവുപോലെ മൂന്നുനാലു  പിടകളേയും നയിച്ച് പരമ്പിൽക്കയറി നെല്ലൊന്നു ചികഞ്ഞിട്ടു പ്രത്യേക ശബ്ദമുണ്ടാക്കി മറ്റു നാലഞ്ച് പിടകളെക്കൂടി വിളിച്ചുവരുത്തി കുശാലായി കൊത്തിപ്പെറുക്കുവാൻ  തുടങ്ങിയപ്പോഴാണ് അവർ  അറിഞ്ഞത്. രണ്ടുപേരും കൂടി കല്ലും ചരലും വാരിയെറിഞ്ഞു  കോഴികളെ കുറച്ചു ദൂരത്തേക്ക് ഓടിച്ചു വിട്ടിട്ടു വീണ്ടും കളിയിൽ മുഴുകി.  ഈ പരിപാടി പലപ്രാവശ്യം തുടർന്നു.  പിടക്കോഴികൾ, വേണ്ടിവന്നാൽ ഓടാൻ തയ്യാറായി, പരമ്പിനു വെളിയിൽ നിന്നുകൊണ്ട് വേഗം വേഗം കൊത്തിപ്പെറുക്കുമ്പോൾ പൂവൻ പരമ്പിനകത്തു തന്നെ കയറി നെല്ലുചികഞ്ഞു തെറിപ്പിച്ചിട്ടു പിടകളോട്  "നിങ്ങളൊട്ടും പേടിക്കേണ്ടാ, ഞാനില്ലേ,  വേഗം നിറയെ കൊത്തിക്കൊത്തി തിന്നോ" എന്ന് പറയും പോലെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും; ഇടയ്ക്കിടയ്ക്ക് അവനും കൊത്തിപ്പെറുക്കും. ആ പ്രക്രിയയിൽ കുറെ നെല്ലു പരമ്പിന്‌ വെളിയിൽ പോകുകയും ചെയ്തു. അതു കണ്ട്‌ ഉപൻമോൻ  ചേച്ചിയോടായി പറഞ്ഞു :

"നെല്ലൊക്കെ വേളീപ്പോയി.   ചേച്ചിക്കിന്നു അമ്മച്ചീടേന്നു നല്ല കിയുക്കു കിട്ടിയത് തന്നെ".

"എന്നാ നെനക്കും കിട്ടും.  രണ്ടുപേരോടും കൂടാ കോഴിയെ നോക്കാൻ അമ്മച്ചി പറഞ്ഞേ."  
ചേച്ചിയും വിട്ടില്ല.

"ചേച്ചിയല്ല്യോ വല്യേത്.   ഞാൻ കൊച്ചായോണ്ട് എന്നേ തല്ലൂല്ലല്ലോ!"  അവൻ  ആശ്വാസം കൊള്ളുവാൻ നോക്കി.

"അതിനു നീയിപ്പം കൊച്ചല്ലല്ലോ,  കുഞ്ഞുവാവ വന്നേപ്പിന്നെ നീയും വല്യതായി.   അപ്പപ്പിന്നെ നിനക്കും കിട്ടിയത് തന്നെ "    ചേച്ചിയും വിടാൻ ഭാവമില്ല.

അപ്പോ അടിയോ ഞെരിടോ തനിക്കും കിട്ടിയെന്നിരിക്കും.   അടുത്ത പ്രാവശ്യ്യം  കോഴികൾ  വന്നപ്പോൾ അവനു  ശരിക്കും ദേഷ്യം വന്നു. അവൻ മാത്രം ഓടി പെട്ടെന്ന്  പിറകേ ചെല്ലുന്നതു കണ്ടപ്പോൾ പിടക്കോഴികൾ പറമ്പിലേക്ക് ഓടിയെങ്കിലും അൽപ്പ ദൂരം പതുക്കെ ഓടിയിട്ടു പൂവൻ  പെട്ടന്ന്  തിരിഞ്ഞു നിന്നിട്ട് അവനു  നേരേ കൊത്തുവാനായി ആഞ്ഞു ചെന്നു.  അവൻ പേടിച്ചു പിറകോട്ടോടി ചേച്ചിയുടെ അടുത്തെത്തിയപ്പോൾ  പൂവൻ നിന്നിട്ടു "ഹും, എന്നോടാ കളി; പേടിച്ചുതൂറി !"  എന്ന വിധം ശബ്‌ദമുണ്ടാക്കികൊണ്ടു  തിരിഞ്ഞു  നടക്കുവാൻ തുടങ്ങി. അവനു  കൂടുതൽ ദേഷ്യം വന്നിട്ട്  അടുത്തു കണ്ട ഒരു കമ്പും കൈക്കലാക്കി അവന്റെ പിറകേ ഓടുവാൻ തുടങ്ങി. പറമ്പിലേക്ക് പോകാതെ പൂവൻ  വീടിനു വലം  വച്ച് ഓടുവാൻ തുടങ്ങി.   ഉപൻ  കമ്പുമായി പിറകേയും.   രണ്ടാമത്തെ വലംവയ്‌പ്പിൽ ചേച്ചി ഇടയ്ക്കു വന്നത് കണ്ടപ്പോൾ കോഴി വീട്ടിനുള്ളിലേക്ക് ചാടിക്കയറി. അത് സൗകര്യമായിട്ടാണ് അവനു  തോന്നിയത്.  അവനും ഓടി വീടിന്റെ നട ചാടിക്കയറുവാൻ ശ്രമിക്കവേ കാൽ വഴുതി കമിഴ്ന്നു  സ്റ്റെപ്പിൽ മൂക്കിടിച്ചു വീണു: "ധോം...".  മൂക്കിന്റെ പാലം ചതഞ്ഞു തകർന്നു വലിയ മുറിവുമായി രക്തം വാർന്നൊഴുകുവാൻ തുടങ്ങി; അവൻ  അലറി വിളിക്കുവാനും. ശബ്ദം കേട്ട് അമ്മച്ചി വന്നു കോരിയെടുത്തു നാട്ടുവൈദ്യന്റെ അടുത്തേക്കോടി. വൈദ്യൻ എന്തൊക്കെയോ മരുന്നുവച്ചു കെട്ടിക്കൊടുത്തു.     നാലു കുത്തിക്കെട്ടിന്റെയെങ്കിലും  ആവശ്യം വേണ്ടിയിരുന്നെങ്കിലും അന്ന് അടുത്തെങ്ങും ഒരു ഡോക്ടർ ഇല്ലാതിരുന്നതിനാൽ അത് സാധ്യമായിരുന്നില്ല.  മാസങ്ങളെടുത്തു മുറിവുണങ്ങിക്കഴിഞ്ഞപ്പോൾ നീണ്ട വലിയ ഒരു മുറിപ്പാടു കൂടാതെ മൂക്കൊന്ന് പതിഞ്ഞു താഴുകയും ചെയ്തിരുന്നു. പിന്നീട് മലയാലപ്പുഴ (പത്തനംതിട്ട) യിലുള്ള  അമ്മച്ചിയുടെ തറവാട്ടിലെത്തുമ്പോഴൊക്കെ കുഞ്ഞുമ്മമാരും മറ്റു ബന്ധുക്കളും  സ്നേഹത്തോടെ അവനേ   'മുറിമൂക്കൻ മോനേ', 'പതിമൂക്കൻ മോനേ' എന്നൊക്കെ വിളിക്കുമ്പോൾ അവനു നാണം വരുമായിരുന്നു.   ആശാൻ പള്ളിക്കൂടത്തിൽ വച്ച് ആദ്യമൊന്നും ആരും, ആ പ്രായത്തിലെ നിഷ്കളങ്കത കൊണ്ടാകാം,  അതിൽ പ്രത്യേകത ഒന്നും കണ്ടില്ലെന്നു തോന്നുന്നു. എന്നാൽ  ആദ്യ ബാച്ച് കുട്ടികൾക്ക്‌ , അക്ഷരമാലയെല്ലാം        പഠിച്ചുതീർന്നുകഴിഞ്ഞു ഒന്നാം ക്ലാസ് പുസ്തകം പഠിക്കുവാനായി      പൂഴിമണ്ണെഴുത്തിൽ നിന്നും സ്ലേറ്റിലേക്കു പ്രൊമോഷൻ കിട്ടിയപ്പോൾ, ആശാൻ അവനു  കേട്ടെഴുത്തിൽ പത്തിൽ    പത്തു മാർക്കും കൊടുത്തത്  സ്ലേറ്റുയർത്തി അവൻ  കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി.  പിന്നീട്  'വെളിക്കു' വിട്ടപ്പോൾ മോഹനൻ ഓടി അവന്റെയടുത്തു  വന്നിട്ട് പറഞ്ഞു : 

"ഉപനേ, ദേ  നിന്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലൊഴിച്ചിട്ടു മായ്ച്ചു കളേന്നു."   ക്‌ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും.  അവനു ആ കേട്ടെഴുത്തിനു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന്  സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവന്റെ    കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു.  ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻമോൻ  കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി.   ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ തങ്കപ്പനെ വിളിച്ചു  അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു  നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവന്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തി ഒറ്റക്കാലിൽ   കുതിരച്ചാട്ടം ചാടിയത് പിന്നീട്  അവിടെ ആരും ഉപൻമോനെ  ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു. 

എന്നാൽ പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ കാര്യം ഗൗരവതരമായി,  മൂന്നാമത്തെ ഇരട്ടപ്പേരുമായി - 'മൂക്കു ചപ്പൻ'.  ആദ്യമൊക്കെ കളിക്കിടയിലും മറ്റും വഴക്കും  പിണക്കവുമുണ്ടായാൽ ഉടൻ "നീ പോടാ മുറിമൂക്കാ"  അല്ലെങ്കിൽ "പതിമൂക്കാ" അതുമല്ലെങ്കിൽ "ഒരു മൂക്ക് ചപ്പൻ വന്നേക്കുന്നു " എന്നൊക്കെ  വിളിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നു.  പിന്നീടത് തമ്മിലടിയായി മാറി. സ്ഥലത്തെ സ്കൂളിലുണ്ടായിരുന്ന അഞ്ചാം ക്ലാസ്സ്‌ വരെ ഈ  സ്ഥിതി തുടർന്നു. മൂന്ന് മൈൽ അകലെയുള്ള മിഡിൽ സ്കൂളിൽ ആറാം ക്ലാസ്സിൽ  ചേർന്നതിനു ശേഷമാണു ഇതിനൊരാശ്വാസം ഉണ്ടായതു.

ക്രമേണ മൂക്കിന്റെ പതിയൽ കുറഞ്ഞു കുറഞ്ഞു വരികയും  ഇനി മൂക്കൊരു പ്രശ്നമാവില്ലെന്നു ആശ്വാസം കൊണ്ട്,  അക്കാര്യം പാടേ മറന്നിരിക്കുമ്പോഴാണ്, SSLC  ക്ലാസ്സ്‌ അവസാനിക്കാറായപ്പോൾ, അശനിപാതം പോലെ മൂക്ക് കാര്യം വീണ്ടും തലപൊക്കിയത്.  SSLC ബുക്കിൽ  പല വ്യക്തിഗത  വിവരങ്ങളും  എഴുതി ചേർക്കുവാനായി അതതു ക്ലാസ്സ്‌ ടീച്ചർമാർ  കുട്ടികളെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ചു.   ഉപന്റെ സമയമായി.  ക്ലാസ്സ്‌ ടീച്ചർ പ്രഭാകരൻ സാർ അവനോടു  ഓരോരോ കാര്യങ്ങൾ ചോദിച്ചു ബുക്കിലെഴുതുവാൻ തുടങ്ങി.  'Identification Mark' എന്ന കോളം വന്നപ്പോൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ടീച്ചർ എന്തോ എഴുതുവാൻ തുടങ്ങിക്കൊണ്ടു പറഞ്ഞു :

"ഇതിനെനിക്ക് നിന്റെ ദേഹമൊന്നും  പരിശോധിക്കേണ്ട ആവശ്യമില്ല; നിന്റെ മുഖത്ത് തന്നെ വെണ്ടയ്ക്കാ അക്ഷരത്തിൽ അതെഴുതി വച്ചിട്ടുണ്ട്."

അന്നൊക്കെ രണ്ടു ഐഡന്റിഫിക്കേഷൻ മാർക്കാണെഴുതി റെക്കോർ ഡാക്കിയിരുന്നതു.  ആദ്യത്തേതെഴുതിക്കഴിഞ്ഞിട്ടു റ്റീച്ചർ ചോദിച്ചു :

"ഇനി നിന്റെ മുഖത്തല്ലാതെ   ദേഹത്തെവിടെയെങ്കിലും വല്ല ഗുളികനോ (മറുക്) മുറിപ്പാടുകളോ മറ്റോ ഉണ്ടോ?" 

അങ്ങനെയെന്തെങ്കിലും ഉള്ളതായി അവന്    റിയില്ലായിരുന്നു. 'ഗുളികൻ' എന്താണെന്നു മനസ്സിലായതുമില്ല. 

"അറിയില്ല", അവൻ   പറഞ്ഞു.

ഉപൻ  നിക്കറും അരക്കയ്യൻ ഷർട്ടുമായിരുന്നു ഇട്ടിരുന്നത്.  (നിക്കറിടുവാനുള്ള വലിപ്പവും ഉയരവും ഭാരവുമേ അന്നവന്   ഉണ്ടായിരുന്നുള്ളു. SSLC ബുക്കിലെ സ്ഥിതി വിവരം :  ഉയരം : 4' 4 1/2" (അതായതു 137 cm) തൂക്കം : 58 പൗണ്ട് (27 kilogram).   റ്റീച്ചർ  കുനിഞ്ഞു  രണ്ടു കാലുകളുടെയും മുട്ടിനു താഴെ പരിശോധിച്ചു.   ഒന്നും   കണ്ടു കിട്ടിയില്ല. വലതു കൈയ്യുടെ  ഷിർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി  പരിശോധിച്ചു. ഒന്നും കണ്ടില്ല.   അതുപോലെ ഇടതു കൈയ്യും പരിശോധിച്ചിട്ടു  പെട്ടെന്ന് പറഞ്ഞു

"ങ്ങാ, കിട്ടിപ്പോയി."

റ്റീച്ചർ നോക്കുന്നിടത്തേയ്ക്കു അവനും നോക്കി.   അവിടെ, കൈമുട്ടിന് രണ്ടിഞ്ച്  മുകളിലായി, തെളിച്ചം കുറഞ്ഞ കറുപ്പോടു കൂടിയ ഒരു മറുകുണ്ടായിരുന്നു.  (അതു പോലൊരു മറുക് അവന്റെ വയറ്റിലുമുണ്ടായിരുന്നു).  റ്റീച്ചർ അവന്റെ കാലുകൾ പരിശോധിക്കുന്നതിനിടെ   അവൻ ഒളിഞ്ഞു, റ്റീച്ചർ എന്താണ് ആദ്യം എഴുതിയിരിക്കുന്നതെന്നറിയുവാനായി,  ബുക്കിലേക്ക് നോക്കി; കാണുകയും ചെയ്തു.

"A linear scar on the nose."

പെട്ടെന്ന്,  വർഷങ്ങളായി                       മറന്നുകിടന്ന ആ സംഭവവും ആ പൂവൻ കോഴിയും അവന്റെ മനസ്സിലേക്ക് ഓടിവന്നു.   ഇതാ, ഈ നിമിഷം മുതൽ ആ   'കുക്കുടൻ"തനിക്കു മൂക്കിന്മേൽ തന്ന  സമ്മാനം  തന്റെ സ്ഥിരം 'തിരിച്ചറിയൽ  കാർഡാ"യി  മാറിയിരിക്കുന്നു.  അന്നൊന്നും  ഇന്നത്തെപ്പോലെ  ID കാർഡോ  ആധാർ  കാർഡോ  ഇല്ലാതിരുന്നതിനാൽ  പലകാര്യങ്ങൾക്കും  തിരിച്ചറിയാലിനായി  SSLC ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള  'Identification Mark'  ആയിരുന്നു  പ്രയോജനപ്പെട്ടിരുന്നത്.    കൈമുട്ടിനു  മുകളിലും വയറ്റിലുമുള്ള,  അത്ര വ്യക്തമല്ലാതിരുന്ന, ആ  മറുകുകൾ  കുറച്ചു  വർഷങ്ങള്ക്കു ശേഷം  മാഞ്ഞു  പോയിരുന്നു. ഒരു പക്ഷേ  മൂക്കിന്മേൽ ഉണ്ടായ മുറിവിന്റെ പാടില്ലായിരുന്നെങ്കിൽ സ്വാഭാവികമായും വയറ്റിലെ ആ മറുക് രണ്ടാമത്തെ identification mark ആകുമായിരുന്നു.  അപ്പോൾ  ആ പാവം കോഴി  സമ്മാനമായിത്തന്ന   ആ  'identity' ക്കു, രണ്ടു മറുകുകളും മാഞ്ഞു  പോയ അവസ്ഥയിൽ, എത്ര  പ്രാധാന്യം  വന്നുവെന്നു നോക്കൂ. അതേ സമയം  മൂക്കിലെ അടയാളത്തിന്റെ അഭാവത്തിൽ, രണ്ടു മറുകുകളും മാഞ്ഞുപോയ  നിലയ്ക്ക്  താനൊരു identity ഇല്ലാത്ത വ്യക്തി ആയി മാറിയേനേ എന്നോർക്കുമ്പോൾ........   

'കുക്കുട' നു നമോവാകം!!!        

             മേമ്പൊടി 
                    ***

'കുക്കുടൻ' തന്നോരു  സമ്മാനം                                                     ഞാനെന്റെ  
മൂക്കിന്റ  തുമ്പത്തായൊട്ടിച്ചു വച്ചിട്ട- 
തെക്കാലത്തേക്കുമെ 'ന്നൈഡെന്റിറ്റി'                                            ക്കുള്ള 
മാർക്കായി മാറ്റിയെടുത്തറിയാതെ                                                 ഞാൻ.


എപ്പോഴും കൂട്ടുകാർ കളിയാക്കി                                                       ഞാനൊരു 
ചപ്പിയ മൂക്കനാ,   മുറിമൂക്കൻ                                                          എന്നൊക്കെ 
അപ്പോഴെൻ മനതാരിലൂറിയ വേദന 
ഇപ്പോഴെനിക്കില്ല,  കാരണം                                                             കേൾക്കണോ ? 

          

വേഗത്തിലോടുന്ന കാലം മുറിവുള്ള 
ഭാഗമുണക്കിടും,നിശ്ച്ചയമെന്നപോൽ,
ഭാഗ്യമെനിക്കനുകൂലമാണെൻ വാമ - 
ഭാഗത്തിൻ  മൂക്കിന്നുനീ                                                                   ളമുണ്ടേറെയായ്.

                  *******



2017 ഏപ്രിൽ 2, ഞായറാഴ്‌ച

Blog Post No.1 : ഒരു കൊച്ചു കല്യാണ (അധിക) പ്രസംഗം   --  ഉപൻ മോന്റെ ആദ്യത്തെ പൊതുവേദി  പ്രസംഗം

Blog No.1


                ആമുഖം 
റിട്ടയർമെന്റ് കഴിഞ്ഞു സമയം എങ്ങിനെ നീക്കുമെന്ന് ചിന്തിച്ചു സമയം നീക്കുവാൻ തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി  WHO യിൽ  Finance  Consultant ആയി നല്ല ഒരു ജോലി തരപ്പെട്ടത്. അതുസാധ്യമായതു തന്നെ, സാധ്യമാകാതിരിക്കാമായിരുന്ന ,  എന്നാൽ മേലുദ്യോഗസ്ഥനോട് വഴക്കിട്ടു, ഒരുവിധത്തിൽ പറഞ്ഞാൽ അദ്ദേഹത്തെ ധിക്കരിച്ചും, വേണ്ടിവന്നാൽ ആ ജോലി പോയാലും ഡിഗ്രി സമ്പാദിക്കണമെന്ന ഉറച്ച തീരുമാനത്തോട് തന്നെ, ഇടിച്ചുകയറി, ഓഫീസ്  സമയം കഴിഞ്ഞു  വൈകിട്ടു പ്രവർത്തിക്കുന്ന കോളേജിൽ അഡ്മിഷൻ വാങ്ങി  സാധ്യമാക്കി നേടിയെടുത്ത, കോമേഴ്‌സ്  ഡിഗ്രിയുടെയും അതുകഴിഞ്ഞു കൽക്കട്ട യൂണിവേഴ്സിറ്റിയിൽത്തന്നെ M.Com.(Management) - ഇന്നത്തെ MBA(Finance നേക്കാൾ ഭേദപ്പെട്ടതു) ചേർന്ന് പഠിച്ചതിന്റെയും ബലത്തിൽ.  ആ ഡിഗ്രി കൊണ്ട്‌  അന്നുണ്ടായിരുന്ന സർക്കാർ ജോലിക്കോ പ്രൊമോഷനോ റിട്ടയർമെന്റിനു ശേഷമോ പ്രത്യേകിച്ച് പ്രയോജനമൊന്നും    ഉണ്ടായിരിക്കില്ലെന്നും,  അതൊരു വിലയുമില്ലാത്ത  വെറും കടലാസുതുണ്ടായി മാറുമെന്നും വിശ്വസിച്ചു വശായിരിക്കുന്ന സാഹചര്യത്തിൽ,  അത്തരമൊരു ജോലി ഒരു windfall തന്നെയായിരുന്നു.  'ഇടിച്ചു' കയറി ഉന്നത വിദ്യാഭ്യാസം നേടിയെന്നു സൂചിപ്പിച്ചപ്പോഴാണ് എന്റെ ജീവിതത്തിലെ പല പ്രധാന ഘട്ടങ്ങളും ഞാൻ കടന്നത് 'ഇടിച്ചു' കയറി അല്ലെങ്കിൽ 'ഇടിച്ചു' ഇറങ്ങിത്തന്നെയായിരുന്നല്ലോ എന്നു ഞാൻ ഓർത്തു പോകുന്നത്.  എന്റെ വിദ്യാരംഭം,  സ്കൂൾപ്രവേശനം, മേൽസൂചിപ്പിച്ച തുടർവിദ്യാഭ്യാസം,  MP യിൽ (1963) ആദ്യത്തെ കേന്ദ്ര സർക്കാർ ജോലി നേടിയത്, ഒറീസ്സയിൽ വച്ച് UPSC പരീക്ഷയ്ക്ക് പോകാനായി വിജയനഗരത്തു ചെന്ന്  ട്രെയിനിൽ തിരക്കുമൂലം  കയറുവാൻ     സാധിക്കാതെ വന്നപ്പോൾ പരീക്ഷയ്ക്കിരിക്കുവാൻ സാധിക്കാതെ വരുമെന്ന ഭയത്താൽ റെയിലിംഗ്  ഇല്ലാത്ത ജന്നലിൽക്കൂടി കയ്യിലുണ്ടായിരുന്ന, റ്റെപ്‌ റൈറ്റർ പൂട്ടിവച്ചിരുന്ന, പെട്ടി കൊണ്ട് അകത്തു ജന്നലിനുസമീപം നിന്നിരുന്നവരെ ഇടിച്ചുമാറ്റി  പെട്ടിയും താനുംകൂടി അതുവഴി ഇടിച്ചു കയറി ഇറങ്ങി കഷ്ടിച്ച് സമയത്തെത്തി പരീക്ഷയെഴുതിപ്പാസ്സായി രണ്ടാമത്തെ ജോലി നേടിയത്,  തിരുവനന്തപുരത്തു  ജോലിയിലിരുന്നപ്പോൾ എയർപോർട്ടിലെ പോലീസ് താവളത്തിൽ 'ഇടിച്ചു'കയറി അവരുടെ മനുഷ്യക്കടത്തു കയ്യോടെ പിടിച്ചു DYSP, CI, SIs എന്നിവരെ സസ്‌പെൻഡ് ചെയ്യിപ്പിച്ചു കോളിളക്കം സൃഷ്ട്ടിച്ചത് (**pleas see item No.13 of the blog),  ഒറീസ്സയിൽ (1967) ജോലിയിൽ  ഇരിക്കുമ്പോൾ  ഞങ്ങൾ പത്തോളം സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ജീപ്പ് ഒരു വലിയ കൊക്കയിലേക്ക് 'ഇടിച്ചിറങ്ങി മരണത്തെ മുഖാമുഖം കണ്ടതിനുശേഷം അതിശയകരമായി രക്ഷപ്പെട്ടു ഒരു പോറലുപോലുമേൽക്കാതെ ജീവിതത്തിലേക്ക് തിരികെ വന്നത്,   അവസാനം മന്ത്രാലയത്തിൽത്തന്നെ അഴിമതിക്കെതിരെ  ഒരു ചെറിയ പ്രകമ്പനമുണ്ടാക്കിക്കൊണ്ടു 'ഇടിച്ചിറങ്ങി' ജോലിയിൽ നിന്നും വിരമിച്ചത് (voluntary retirement), എല്ലാം തന്നെ 'ഇടിച്ചു' കയറിയോ ഇറങ്ങിയോ ആയിരുന്നെന്നതു ഒരു പക്ഷേ യാദൃശ്ചികമായിരിക്കാമായിരുന്നെങ്കിലും അവയെല്ലാംതന്നെ അപ്പപ്പോഴത്തെ സാഹചര്യയങ്ങളുടെയും സന്ദര്ഭങ്ങളുടെയും സവിശേഷതകൾ കൊണ്ടു മാത്രമായിരുന്നെന്നു എനിക്കുറപ്പു പറയുവാൻ കഴിയും. (ഇവയുടെ സന്ദർഭങ്ങൾക്കൊക്കെ അവയുടേതായ സവിശേഷതകൾ  ഉള്ളതിനാൽ അവയൊക്കെത്തന്നെ എന്റെ ഇനിയുമുള്ള വിവരണങ്ങളിൽ വിഷയങ്ങൾ ആകു ന്നതുമായിരിക്കും.) WHO യിൽ പത്തു വര്ഷം തുടരുന്നതിനിടയിൽ   മക്കൾക്ക് രണ്ടുപേർക്കും ജോലിയാകുകയും വിവാഹം  കഴിഞ്ഞു അവർ settle ആകുകയും ചെയ്‌തപ്പോൾ, സ്വയം  ജോലി      മതിയാക്കി തിരുവനന്തപുരത്തു (ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം) ഞങ്ങളും settle  ചെയ്തു കഴിഞ്ഞപ്പോൾ, വീണ്ടും സമയം തള്ളിനീക്കുന്നതെങ്ങിനെയെന്ന ചിന്തയായി. സ്വാഭാവികമായും,  കുട്ടിക്കാലം   മുതൽ   കൃഷിയിലെനിക്കുണ്ടായിരുന്ന താൽപ്പര്യം പ്രയോജനകരമായി വന്നു. ഞങ്ങൾക്കാവശ്യമുള്ളതിലും കൂടുതൽ പച്ചക്കറികൾ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നതിൽ വ്യാപൃതനായി കുറെ സമയം  ഫലപ്രദമായി ചെലവഴിക്കുവാൻ എനിക്ക് നിഷ്പ്രയാസം കഴിഞ്ഞു. കാര്യമായി അലട്ടുന്ന പ്രശ്നങ്ങൾ ഒന്നും  ഇല്ലാത്തതിനാൽ  സ്വാഭാവികമായും ശേഷിച്ച സമയങ്ങളിൽ കടന്നുപോന്ന ജീവിതവീഥികളിലേക്കു ഒന്ന് തിരിഞ്ഞു നോക്കുവാനുള്ള  കൗതുകവുമുണ്ടായി.  ഒരിക്കലും  മറക്കുവാൻ  സാധിക്കാത്ത,  എന്നാൽ  താൽക്കാലികമായി മറവിയി ലാണ്ടു കിടന്നിരുന്ന പല സംഭവങ്ങൾ ഓർമയിലേക്ക് ഒന്നൊന്നായി അടുക്കും ചിട്ടയും ഇല്ലാതെ ഇഴഞ്ഞിഴഞ്ഞു വന്നപ്പോൾ ചിന്ത വേറൊരുവഴിക്കായി.   "എന്റെ ജീവിതത്തിലെ,  ഓർത്തെടുക്കാവുന്നതും വ്യക്തതയുള്ളതുമായ,  ആദ്യത്തെ സംഭവമെന്തായിരുന്നു"?  രണ്ടാമത്തെ വയസ്സിലും മറ്റും ഉണ്ടായ പല ചെറിയ  ചെറിയ സന്ദർഭങ്ങൾ, സംഭവങ്ങൾ   -  മുറ്റത്തു കോഴിയേ  ഓടിച്ചപ്പോൾ കോഴി വീട്ടിനുള്ളിലേക്ക് ഓടിക്കയറവേ  പിറകെ ഓടിക്കയറു ന്നതിനിടയിൽ  നടക്കലിൽ  വീണു മൂക്ക് മുറിഞ്ഞു അലറി വിളിച്ചത് (അതിന്റെ മറുക്  പിന്നീട് SSLC ബുക്കിൽ identification mark ആകുവാൻ സഹായകമായി), സന്ധ്യകളിൽ അച്ഛന്റെ തോളിലേറി റബ്ബർതോട്ടത്തിലെ ഇറക്കമിറങ്ങി താഴെ ഇരച്ചൊഴുകുന്ന തോട്ടിൽ കുളിക്കുവാൻ പോയിരുന്നത്,  ചേച്ചിയ്ക്ക് വയറിളക്കുവാനായി അമ്മ കൊടുത്ത ആവണക്കെണ്ണയുടെ ബാക്കി, സംഗതിയെന്തെന്നറിയാതെ,  ആരും കാണാതെടുത്തു കുടിച്ചു അമിതമായി വയറിളകി വശം കേട്ടത്, ശാരീരികാസ്വസ്ത തയും ചെറിയ ചെറിയ അസുഖങ്ങളും തനിക്കുണ്ടാകുമ്പോൾ തനിക്കു ആരുടെയോ കണ്ണുകിട്ടിയതാണെന്നു സംശയിച്ചു  അമ്മ ചുവന്ന കടമുളകു  വയറിനും മുഖത്തിനും വട്ടമുഴിഞ്ഞു അടുപ്പിലിട്ടു പുകച്ചിരുന്നതും ആ പുക ശ്വസിച്ചു ചുമച്ചു  ചുമച്ചു കൂടുതൽ  അസ്വസ്‌ഥനായിരുന്നതും - അങ്ങിനെയുള്ള  പല  പല, ചെറിയ ചെറിയ,  സംഭവങ്ങൾ  - അവ്യക്തതയോടെ മനസ്സിലേക്ക് വരികയുണ്ടായെങ്കിലും  നല്ല വ്യക്തതയുള്ള, വിവരണീയ യോഗ്യതയുള്ള,  ആദ്യത്തെ സംഭവം എനിക്ക് മൂന്നു വയസ്സ് തികയുന്നതിനുമുന്പുണ്ടായ  ഒന്നാണ്. എന്റെ വിദ്യാരംഭത്തിനും മുൻപുതന്നെ ഒരു ചെറിയ  പൊതുവേദിയിൽ ചെറിയൊരു  പ്രസംഗം നടത്തി കയ്യടിയും  പ്രശംസകളും നേടിയ ഒരു  സംഭവബഹുലമല്ലാത്ത സംഭവകഥ. പിന്നീടുണ്ടായ,  ഓർത്തിരിക്കുവാൻ പറ്റിയ, പല പല സന്ദർഭങ്ങളും സംഭവങ്ങളും ഒന്നൊന്നായി,  എന്റെ മനസ്സിലേക്ക് വരികയും ചിലവ കുറിച്ചിടുകയും ചെയ്തു. അത്രയുമായപ്പോഴാണ്  അവയിൽ ചിലവ എന്തുകൊണ്ട് വിശദമായി എഴുതിയിട്ടുകൂടാ എന്ന് തോന്നിയതും  അവയിൽ ചിലതു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും.  ഒന്നുകൂടി കടന്നുചിന്തിച്ചപ്പോൾ തോന്നി,  ആദ്യം മുതലുള്ള സംഭവങ്ങൾ അതിന്റെ ക്രമമനുസരിച്ചു ഒരു ബ്ലോഗിലാക്കു   ന്നതായിരിക്കും കൂടുതൽ ഉചിതമെന്നു.  അതിന്റെ ഫലമായി ഇതാ എനിക്കൊരു ബ്ലോഗ് പേജ് പിറവിയെടുത്തിരിക്കുന്നു ! എന്റെ ആദ്യത്തെ ബ്ലോഗിന്റെ വിഷയം എന്റെ ആദ്യത്തെ കൊച്ചു  പ്രസംഗം തന്നെയാണ്.
ബ്ലോഗിൽ ഇതെന്റെ ആദ്യ സംരംഭമാണ്.  എഴുതുന്നത് ഇംഗ്ലീഷിൽ വേണമോ അതോ മലയാളത്തിലാകണമോ എന്ന ചിന്താക്കുഴപ്പവുമുണ്ടായി. SSLC  കഴ്ഞ്ഞു മലയാളം അങ്ങിനെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല. 1960 മുതൽ 80 കളുടെ ആദ്യം വരെ വല്ലപ്പോഴും നാട്ടിലെ ബന്ധുക്കൾക്ക് അഞ്ചാറ് വരികളുള്ള കാത്തെങ്കിലും എഴുതിയിരുന്നു.  ടെലിഫോൺ സൗകര്യം വന്നതിനു ശേഷം അതുമില്ലാതായി. മലയാളം ബുക്കുകളോ പ്രസിദ്ധീകരണങ്ങളോ വായിക്കുന്ന ശീലവും  തഥയ് വ.     എങ്കിലും മാതൃഭാഷയെ കൈവിടുവാനുള്ള മനസ്സ് വരാത്തതിനാൽ ഈ ബ്ലോഗിന്റെ മാധ്യമം മലയാളംതന്നെ യായിക്കോട്ടെ എന്നുറപ്പിച്ചു. ശൈലിയിൽ അല്പം വ്യത്യസ്ഥത വേണമെന്നുള്ള തോന്നലുണ്ടായപ്പോൾ , അതു കഴിവതും ഓരോ ബ്ലോഗിന്റേയും അവസാനം ആ ബ്ലോഗിലെ വിഷയത്തെ സംബന്ധിച്ചുള്ള ചെറിയ ഒരു പരാമർശം 'മേമ്പൊടി" ആയിട്ട് കവിതാ  രൂപത്തിലായിക്കോട്ടെ, എന്നും നിശ്ചയിച്ചു. എന്റെ എഴുത്തിലും ശൈലിയിലും എന്തെങ്കിലും അപാകതകളോ കുറവുകളോ തോന്നുന്നുണ്ടെങ്കിൽ പ്രിയപ്പെട്ട വായനക്കാർ അതു തുറന്നു പ്രകടിപ്പിക്കണം.   എനിക്കതിൽ  സന്തോഷമേയുള്ളൂ എന്ന് ഞാൻ തുറന്നു പറഞ്ഞുകൊള്ളട്ടെ.  എന്നെത്തന്നെ തിരുത്തുവാൻ അതൊരവസരമായി  ഞാൻ എടുക്കുന്നതായിരിക്കും. 
ഇതാ എന്റെ ആദ്യത്തെ ബ്ലോഗ്
                 ******          
      ബാല  കാണ്ഡം              
                *******
ഓർമ്മതൻ ചെപ്പിലെ ഓമന മുത്തുകൾ ഓരോന്നായെണ്ണിപ്പുറത്തെടുക്കട്ടെ  ഞാൻ                 മറവി തൻ ചാമ്പലിൽ മൂടിക്കിടന്നേലും   നറു നിറമാർന്നോരു  കനലുകളാണവ.


ഒരു കൊച്ചു കല്യാണ (അധിക) പ്രസംഗം   --   ഉപൻ മോന്റെ പൊതുവേദിയിലെ ആദ്യത്തെ  പ്രസംഗം 
                      *******
"അച്ചാച്ചാ ......."
കാരമ്മേലിൽ കേശവൻ ഉപൻമോന്റെ ആ വിളി കേട്ടില്ലെന്നു തോന്നുന്നു.
അച്ഛന്റെ   ഇടതുതോളിൽ, മുന്നിലും പിന്നിലുമായി കാലുകൾ തൂക്കിയിട്ടു, അകാലത്തിൽ കഷണ്ടികയറിയ അച്ഛന്റെ തലയിൽ രണ്ടു കുഞ്ഞു കൈപ്പത്തികളും അമർത്തിവച്ചു,  തന്റെ പിൻഭാഗത്തു അച്ഛന്റെ ഇടതുകൈപ്പത്തിയാലുള്ള താങ്ങിന്റെ ഭദ്രതയിൽ ഇടതുവഴിയിലൂടെ നടന്നു കുന്നുകയറുന്ന, അച്ഛന്റെ ഓരോ ചുവടുവെപ്പിലും താളത്മകമായി പൊങ്ങിയും താണുമിരുന്നുകൊണ്ടുള്ള യാത്ര ആസ്വദിച്ചു, മൂന്നുവയസ്സുകാരൻ       ഉപൻമോൻ അച്ഛനെ വീണ്ടും നീട്ടി വിളിച്ചു :
"അച്ചാച്ചാാാാ..... "
"എന്താ മോനേ?"  കേശവൻ ചോദിച്ചു.
"നമ്മള് പുലുക്കുഴീലെ ശാരദ ചേച്ചീടെ കല്യാണത്തിന് പോവല്ല്യോ? കല്യാണോന്നു വച്ചാ എന്തുവാച്ചാ ?"
"അത് ആ ചേച്ചിയെ ഇന്നൊരു ചേട്ടൻ കെട്ടും"
"കയറുകൊണ്ടാന്നോ കെട്ടുന്നേ ?"
"അല്ലാ മോനേ,  താലിമാലകൊണ്ടാ "
"അപ്പം താലിമാലകൊണ്ടു ചേച്ചിയെ ആ ചേട്ടൻ തൂണില് കെട്ടീടുവോ ?
നമ്മടെ കറമ്പമ്പട്ടിയെ കേട്ടീടുന്നപോലെ ?"
കേശവൻ ആസ്വദിച്ചു ചിരിച്ചു - ഒപ്പം ഇളയ  കുഞ്ഞിനേയുമെടുത്തു പിറകേ. ആയാസ്സപ്പെട്ടു നടക്കുന്ന ഭവാനിയും.
"അച്ചനുമമ്മച്ചീമെന്തിനാ ചിരിക്കൂന്നേ?"
"അതുപിന്നെ മോന്റെ പറച്ചിലുകെട്ടാ എങ്ങനാ  ചിരിക്കാതിരിക്കുന്നേ ?  താലിമാലകൊണ്ടു തൂണില് കേട്ടീടുവല്ല ചെയ്യുന്നെ.  ചേട്ടൻ താലിമാല ചേച്ചീടെ കഴുത്തിലിടും.  പിന്നെ  അവരൂ അങ്ങോട്ടുമിങ്ങോട്ടും പൂമാലേം  കഴുത്തിലിടും. അപ്പോ നാദസ്വരവായനേമൊണ്ടാകും.  അതിനാ  കല്യാണം  കഴിക്കുന്നെന്നു പറേന്നെ.  അമ്മച്ചീടെ കഴുത്തേക്കെടക്കുന്നെ താലിമാല മോൻ കണ്ടിട്ടില്ല്യോ ? അത് അമ്മച്ചിയെ അച്ചൻ കല്യാണം കഴിച്ചപ്പോ ഇട്ടതാ"  കേശവൻ വിശദീകരിച്ചു.  
"അന്നേരം  അവര്  അച്ചനുമമ്മച്ചിമല്യോ  ആകുന്നേ?"
കേശവനും ഭവാനിയ്ക്കും വീണ്ടും ചിരിവന്നു. 
"അന്നേരമവര്  പുത്തൻപെണ്ണും പുത്തൻ ചെറുക്കനുമേ ആവത്തുള്ളു.  കെട്ടിയോളും  കെട്ടിയൊനുമെന്നും പിന്നെ നവവധുവെന്നും വരനുമെന്നും പറേം.  അച്ചൻ മോനേ പഠിപ്പിച്ച മംഗളാശംസയിലില്ലേ 'നവവധൂവരന്മാരേ' എന്ന്.   അവര്  അച്ഛനുമമ്മയുമാകുന്നത് അവർക്കും മോനേം ചേച്ചിമാരെയും പോലുള്ള  കുഞ്ഞുങ്ങളുണ്ടാവുമ്പോളാ ".
കേശവൻ ഒന്ന് നിറുത്തിയിട്ട് തുടർന്നു :
അതിരിക്കട്ടെ,  അച്ഛൻ  മോനേ പഠിപ്പിച്ച മംഗളാശംസ  മറന്നില്ലല്ലോ ? ആ ചേച്ചീടേം ചേട്ടന്റേം കല്യാണത്തിന് പറയാനാ   അച്ഛൻ  മോനേ അത് പഠിപ്പിച്ചത്. മാലയിടീലും മറ്റും കഴീമ്പം അച്ചൻ മോനേ മേശപ്പുറത്തു കയറ്റിനിറുത്തും.  അപ്പോ മോൻ അത് ആ ചേച്ചിയേം ചേട്ടനേം നോക്കി തെറ്റാതെ,  അച്ചൻ പഠിപ്പിച്ചതുപോലെതന്നെ, ഉറക്കെ  പറയണം. പറഞ്ഞുതീരുമ്പോ അവിടുള്ളൊരു മോനോട്  സ്നേഹംതോന്നീട്ടു മിടുക്കനെന്നു പറകേം കയ്യടീം ഉമ്മേം  നാരങ്ങായുമൊക്കെ  തരികേം ചെയ്യും. അപ്പോ അച്ഛനുമമ്മച്ചിക്കും എന്തു സന്തോഷമായിരിക്കുമെന്നറിയാമോ?  മോനതു  തെറ്റാതെ ഒന്നുകൂടി  പറഞ്ഞേ ,  അച്ഛനുമമ്മച്ചിം ഒന്ന് കേക്കട്ടെ."
"അമ്മച്ചി  അങ്ങനിപ്പം  കേക്കണ്ട .   കുഞ്ഞുവാവേം അച്ചനും മാത്രം കേട്ടാ മതി."
"നീയൊന്നു പതുക്കെ വാടീ  ഭവാനീ ; മോൻ പറുന്നത് നീ കേക്കണ്ടാ"  കേശവൻ  ഭവാനിയോടായി പറഞ്ഞു.   ഭവാനിയുടെ നടപ്പു പതുക്കെയായി. കേശവൻ തുടർന്നു :
"ഇനി മോൻ പറഞ്ഞാട്ടെ.  അമ്മച്ചിക്ക് കേക്കാൻ പറ്റൂകേല.  മോൻ കൊറേപ്പേരുടെ നടുവിൽ ഒരുമേശപ്പുറത്തു നിന്നുകൊണ്ട് പറേന്ന പോലെ മനസ്സില് കണ്ടേ ; ഇന്നാളൊരു ദിവസം കവലേല്  ഒത്തിരിപേരുടെ നടുവില് നിന്നോണ്ട് ഒരു മാമൻ പ്രസംഗിക്കുന്നത് മോൻ കണ്ടാരുന്നല്ലോ. മോനും അതുപോലെ പ്രസങ്ങിക്കുവാന്നു കരുതിയാമതി. അപ്പോ അറപ്പുണ്ടകുവേല. എന്താ,  മനസ്സില് അതുപോലെ കരുതിയോ മോൻ?"
"ഉം"
"എന്നാ മോൻ പറഞ്ഞേ : (ശബ്ദമുയർത്തി)   "അല്ലയോ..... "   "മോൻ ഉറക്കെ പറഞ്ഞേ "
അവൻ ഉറച്ചതെങ്കിലും അവ്യക്തത കലർന്ന അക്ഷരങ്ങളോടെ പറഞ്ഞു തുടങ്ങി :
"അല്ലയോ നവ വതൂവരമ്മാരേ; ഇന്നത്തെ  ഈ സുപമുകൂർത്തത്തിനു സേസം ഇനിയൊള്ള കാലം  ഒത്തൊരുമിച്ചു തോളോടുതോൾ ചേർന്ന് സുകവും സന്തോസവുമുള്ള ഒരു നീണ്ട ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾ പ്രതിഞ്ഞാ   ബന്തരാണ്. മുന്നോട്ടുള്ള ജീവിതത്തിലെ ആയവും പരപ്പും കണ്ടു പ്രമിക്കാതിരിക്കുക. ഏതു പ്രതിസന്തീലും  അന്നിയൊന്നിയം താങ്ങും തണലുമായി നിന്നുകൊണ്ട് അത് തരണം ചെയ്യാനുള്ള മനക്കരുത്തും നിച്ചയദാർഡിയവും  നിങ്ങക്കൊണ്ടാകട്ടെ.   നിങ്ങളുടെ ജീവിതവല്ലരി പുസ്പിച്ചു സന്താനസൗപാക്യമുണ്ടാകട്ടെ. നല്ലകാര്യങ്ങൾ മാത്രം ചെയ്യുക,   ആപത്തിൽ മനോതൈര്യം കൈവിടാതിരിക്കുക.  സന്തോസവും സൗപാക്യവും  ആയുരാരോക്യവുമുള്ള ഒരു ജീവിതം നയിക്കുവാനായി ഈ ഉപൻമോൻ എല്ലാവിത മംഗളാസംസകളും നേർന്നുകൊള്ളുന്നു. നിങ്ങക്ക് ഈസ്വരന്റെ  അനുക്കര കമൊണ്ടാകട്ടെ!" 
ഉപൻമോൻ പറഞ്ഞു നിർത്തിയിട്ടു ഒരു ദീർഘനിശ്വാസവും വിട്ടു.
"മിടുക്കൻ.   ഇതുപോലെ, ഒന്നും മറക്കാതെ,  അവിടെയും മോൻ പറയണം."  കേശവൻ മകനെ  പ്രോത്സാഹിപ്പിച്ചു.
"ഉം" ഉപൻമോൻ സമ്മതം മൂളി.
അപ്പോഴേയ്ക്കും അവർ കുന്നിൻപുറത്തെത്തിയിരുന്നു. പിന്നെ കുറച്ചു ദൂരത്തെ നിരപ്പായ വഴിയും ഇറക്കവും താണ്ടി അവർ പുലിക്കുഴി കൃഷ്ണന്റെ വീട്ടിലെത്തി.
  
വിവാഹകർമങ്ങൾ കഴിഞ്ഞയുടൻ ഉപൻമോന്റെ  മംഗളാശംസചൊല്ലലും  ഭംഗിയായിത്തന്നെ നടന്നു. പ്രതീക്ഷിച്ചപോലെ ആളുകളുടെ അഭിനനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും അവനു വേണ്ടുവോളം  കിട്ടുകയുമുണ്ടായി.  സദ്യയൂണും കഴിഞ്ഞു അവർ തിരികെ യാത്രയായി.  ഉപൻമോന്റെ    ഇരിപ്പു ഇപ്പോൾ അച്ഛന്റെ വലതു തൊളിലായി.   വഴി വിജനമാണ്, അന്തരീക്ഷം നിശ്ചലവും.ആയാസപ്പെട്ട് തിരികെ  കുന്നുകയറുന്ന  അച്ഛന്റെ നെഞ്ചിൽ മുട്ടിക്കിടക്കുന്ന അവന്റെ വലതുകാൽ അച്ഛന്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി സ്വന്തം ഹൃദയമിടിപ്പുമായി സമ്മിശ്രപ്പെട്ടു,  താളാൽമകമായ ഒരു മുഴക്കമായി അവന്റെ സ്വന്തം ചെവിയിൽ പ്രതിധ്വനിച്ചു. പക്ഷേ അവനു തോന്നിയത് അത്  ദൂരെയെവിടെയോനിന്ന്  അതിവേഗം തങ്ങളെ ലക്‌ഷ്യം വച്ച് വരുന്ന ഏതോ അജ്ഞാതശക്തിയുടെ കാലടിശബ്ദമായിട്ടാണ്. അങ്ങിനെ ചിന്തിച്ചതും അവനു നേരിയെ ഭയം തോന്നി.
മോനെന്തേ മൗനിയായതെന്നു കേശവൻ ചിന്തിച്ചതേയുള്ളു. അപ്പോൾ,  ഉണ്ടായ ഭയചിന്തയിൽ നിന്നും മോചിതനാകാനെന്നവിധം, അവൻ അച്ഛനെ വിളിക്കുകയായി : 
"അച്ചാച്ചാ...     "
"എന്താ മോനേ?"
"കല്യാണം കഴിഞ്ഞുപോകാന്നേരം ആ ചേച്ചിയെന്തിനാ കരഞ്ഞേ ? ചേച്ചീടമ്മേം കരഞ്ഞാരുന്നു. ആ ചേട്ടൻ അവരെ വയക്കു പറേവോ  അടിക്കുവോ ചെയ്തോ ?"
"അല്ല മോനേ, ചേട്ടനടിച്ചിട്ടല്ല അവരു കരഞ്ഞേ. ഇനിമുതൽ ആ ചേച്ചി ചേട്ടന്റെ വീട്ടിലാ  താമസിക്കേണ്ടേ.   അപ്പോ ചേച്ചീ ചേട്ടന്റെ കൂടങ്ങു പോകുമ്പം ചേച്ചിക്കും ചേച്ചീടമ്മയ്ക്കുമൊക്കെ സങ്കടം വരത്തില്ല്യോ ? അതുകൊണ്ടാ ചെച്ചിം അമ്മേം കരഞ്ഞേ."
"അപ്പം വിലാസിനിച്ചേച്ചിയേം വാഗമ്മചേച്ചിയേം കല്യാണം കയിച്ചോണ്ടു പൊമ്പോ അവരും അമ്മച്ചീം കരേവോ?"
"പിന്നേ, അവർക്കും സങ്കടം വാരത്തില്യോ ?"
"അങ്ങനാന്നേ അവരെ ആരും കല്യാണം കയിക്കണ്ടാ.  മോനും സങ്കടം വരും." 
"അന്നത്തേക്കു മോനങ്ങ്‌ വളന്നു വലുതാകത്തില്ലിയോ.  വലുതായാൽ ആണുങ്ങൾ കരയത്തില്ല. പെണ്ണുങ്ങളേ കരയത്തൊള്ളൂ "
കേശവൻ അവനേ ധൈര്യപ്പെടുത്തി.
അപ്പോഴേക്കും അവർ വീടെത്തിക്കഴിഞ്ഞിരുന്നു.
                                          
മേമ്പൊടി
അച്ഛന്റെ തോളേറി, ക്കുന്നേറി, ശ്ശാരദ-                ച്ചേച്ചീടെ കല്യാണപ്പന്തലീലെത്തീട്ടു   
ചേച്ചിക്കും ചേട്ടനുമാശംസാ വാക്കുകൾ               അച്ഛൻ പഠിപ്പിച്ചു തന്ന, തതുപോലെ   
ഉച്ചത്തിലങ്ങോട്ടു, ധൈര്യത്തിലങ്ങോട്ട്   'വെച്ചുകാച്ചി'പ്പോന്നതൊന്നാമത്തേ മുത്ത്                       
                                                                                താതൻ താൻ തന്നുടെയാരാധനാ മൂർത്തി  അതുപോലെ തന്നെ താൻ
അനുകരിക്കേണ്ടയാൾ                                        ഇതു ലോകനീതിപോൽ   ബാലമനസ്സിലേ -    ക്കതിവേഗമാഴ്ന്നിടും, പിച്ചവയ്ക്കുമ്പോഴേ                                                         .
ധീരനാമച്ഛന്റെ  കാലടിപ്പാടുകൾ                       ധൈര്യം പകർന്നു തരും  പാതയാകുകിൽ  വീര്യം പകർന്നുകൊണ്ടപ്പാത പൂകുകാര്യം നിസ്സാരമാണേതോരു   ബാലനും
                                                                       
കാപട്യമെന്തെന്നറിയാത്ത നാളുകൾ   പാപകാര്യങ്ങളോ ചെയ്യാത്ത നാളുകൾ
 മനതാരിലാശങ്കയില്ലാത്ത നാളുകൾ വിനയായ് ഭയം   ലേശമേലാത്ത                      നാളുകൾ.

അന്നാളിലച്ഛൻ പഠിപ്പിച്ച പാഠങ്ങ-             ളൊന്നായതുപോലെ, തെറ്റാതുരുവിടാൻ
എന്നിലേബ്ബാലനസാദ്ധ്യമല്ലെങ്കിലീ           മന്നിലെബ്ബാല്യങ്ങൾക്കൊക്കെയും സാദ്ധ്യമാം 
                                                                                                                                                                                              *******