2024 ഫെബ്രുവരി 16, വെള്ളിയാഴ്‌ച

പാണ്ഡവീയം (2)


    പഞ്ചപാണ്ഡവീയം (2)

30

കൊന്നതാകട്ടെ ധൃഷ്ട-
                       ദ്യുമ്നനെ, ശിഖണ്ഡിയേ
പിന്നെയോ ദ്രൗപതിതൻ
                       പുത്രരേയഞ്ചുപേരേം

പ്രതിവിന്ധ്യന്റെ, ശതാ-
               നീകന്റെ , ശ്രുതസേന-
ശ്രുതകർമ്മന്റേം സുത-
               സോമൻതന്റേയുമന്ത്യം

പാണ്ഡവരഞ്ചുപേരാ-
                       ണെന്നു ധരിച്ചേപോയി
പാതിരാക്കൂരിരുട്ടിൽ
                      ആളുകൾ മാറിപ്പോയി

കൃഷ്ണദീർഘദർശനം
                     പാണ്ഡവർക്കു രക്ഷയായ്
ശേഷിച്ച പുത്രരഞ്ചും
                   നഷ്ടമായല്ലോയെന്നാൽ!

പാണ്ഡവരെക്കാണാതെ
                   വന്നിടേയശ്വത്ഥാമാവ്
വെന്തുമരിക്കാനഗ്നി-
                   ക്കിട്ടെല്ലാ കൂടാരവും

തിരികേയെത്തീ മൂവർ  
                   ചേർന്നു ദുര്യോധനന്നേ   
ധരിപ്പിച്ചു "പാണ്ഡവർ
                   മൊത്തവും വെന്തുചത്തു"

ഏറെസന്തോഷമായി
                   ദുര്യോധനന്നെങ്കിലോ,
ഏറെനേരം ജീവിക്കാൻ
                  ആയുസ്സു നീണ്ടതില്ല

സൂര്യോദയത്തിൻ മുൻപേ
                  യാത്രയായ് ഭൂവിൽനിന്നും
ദുര്യോധനൻ, കൗരവ-
                  കുലത്തിന്റെയന്ത്യമായ്!

അഞ്ചുപുത്രരുമൊപ്പം സോ-
                   ദരനും കൊല്ലപ്പെടേ
പാഞ്ചാലി ദുഃഖാർത്തയായ്
                   പൊട്ടിക്കരഞ്ഞുപോയി

സ്വാന്തനമൊന്നുംതന്നെ
                  ഫലം കാണ്മാതെവരേ
കാന്തനാം ഭീമൻ അശ്വ-
                  ത്ഥാമാവേക്കൊല്ലാനായി

യാത്രയാകേ പിറകേ 
                  കൃഷ്ണനുമർജ്ജുനനും 
എത്തുകയാ,യനർത്ഥം
                  ഒഴിവാക്കുവാനായി

അശ്വത്ഥാമാവോടൊറ്റ-
                  ക്കേറ്റുമുട്ടാൻ ഭീമന്നു
ആവില്ലയെന്ന കാര്യം
                  അറിയാം രണ്ടുപേർക്കും

വെല്ലുവിളിക്കേ ഭീമൻ,
                  ഗംഗയിൽ കുളിക്കുമാ
മല്ലനാമശ്വത്ഥാമാവ്
                  എത്തിയല്ലോ കരയിൽ

പുൽക്കൊടിയൊന്നു മെല്ലേ
                  പറിച്ചെടുത്തെന്നിട്ടു
പ്രയോഗിച്ചു ബ്രഹ്മാസ്‌ത്രം
                  പാണ്ഡവരെത്തകർക്കാൻ

ഉടൻതന്നർജ്ജുനനും
                  പ്രയോഗിച്ചു ബ്രഹ്മാസ്‌ത്രം
കൊടിയോരാപത്തിൽനി-
                  ന്നുള്ളൊരു രക്ഷക്കായി

രണ്ടു ബ്രഹ്മാസ്‌ത്രങ്ങളും
                  കൂട്ടിമുട്ടുകയെന്നാൽ
ഉണ്ടാകും ലോകനാശം
                  എന്നതറിയേ കൃഷ്ണൻ

രണ്ടുപേരോടും തന്റെ
                   ബ്രഹ്മാസ്‌ത്രത്തെത്തിരിച്ചു
കൊണ്ടുവന്നീടുവാനായ്
                   നിർദ്ദേശിക്കയായല്ലോ

പിൻവലിച്ചു ബ്രഹ്മാസ്‌ത്രം
                   ഉടൻതന്നെയർജ്ജുനൻ
പിൻവലിച്ചില്ലായെന്നാൽ
                  അശ്വത്ഥാമാവാ അസ്ത്രം

ദുരന്തമകന്നേപൊയ്,
                  ശപിക്കയായിയെന്നാൽ,
പെരുത്ത കോപത്താലേ 
                  കൃഷ്ണനശ്വത്ഥാമാവേ!

"ചിരഞ്ജീവിയാം നിന്റെ
                  ഉടൽ മൊത്തവും മേലിൽ
ചൊറിയാൽ, ത്വക് രോഗത്താൽ,
                  ഉഴറിനടക്കും നീ"             

30
=================================.


ഭീമനാകട്ടേയുടൻ
                  ചൂഴ്ന്നെടുക്കയായശ്വ-
ത്ഥാമാവിൻ ശിരസ്സിലെ
                   സുന്ദര ചൂഡാരത്നം

ദ്രൗപതീ തന്നാഗ്രഹം
                   പൂർത്തീകരിക്കാനായി
പാപമാം ചെയ്കയെന്ന
                   ബോധമേയുണ്ടാകാതെ!

പണ്ടു ദ്രൗപതിക്കായി
                   സൗഗന്ധികത്തെ തേടി
പോയോരു ഭീമന്നിതോ
                   ദുഷ്‌കരമായ കർമ്മം?

തന്റെയാഗ്രഹം പോലേ-
                   ക്രൂരനാമശ്വത്ഥാമാവ്
തന്നുടെ ബ്രഹ്മാസ്‌ത്രമോ
                   പോയിപ്പതിക്കയായി

ഗർഭിണിയാമുത്തരാ
                    തന്നുടെ വയറ്റിലായ്,
 ഗർഭസ്ഥശിശുവിന്റെ
                   അന്ത്യം സംഭവിക്കയായ്!

എങ്കിലുമാക്കുഞ്ഞിന്നു
                   പുനർജ്ജീവൻ നൽകയായ്
ഫൽഗുന സാരഥിയാം
                   ഭഗവാൻ കൃഷ്ണനാലേ

ധീരനാമഭിമന്യൂ
                   പുത്രനല്ലോ ഭാവിയിൽ
ഭാരതചക്രവർത്തി
                  പരീക്ഷിത്തെന്ന നാമേ!
                 
കൃഷ്ണശാപത്താലശ്വ-
                   ത്ഥാമാവിൻ ദേഹമാകെ       
കുഷ്ഠസമം വ്രണവും
                  ചൊറിയും തഥായന്യ

മാറാ രോഗങ്ങളുമായ്
                 ചിരഞ്ജീവി,യശ്വത്ഥാ-
മാവുമന്ത്യയാത്രയായ്
                 ലക്ഷ്യമേതുമില്ലാതെ

യുദ്ധമവസാനിച്ചിടേ 
                പത്തും രണ്ടുമാളുകൾ 
മാത്രമേ ശേഷിച്ചുള്ളൂ
                 ഇരുഭാഗത്തുമായി 

പാണ്ഡവരഞ്ചുപേരും         
                 സാത്യകീ യുയുത്സുവും,
കൃഷ്ണനും ചേർന്നെട്ടുപേർ
                 പാണ്ഡവപക്ഷത്തായും

കൃപരുമശ്വത്ഥാമാവും
                 വൃഷകേതുവും തഥാ 
കൃതവർമ്മാ,വീനാൽവർ 
                 കൗരവ പക്ഷത്തായും!

ചിത്രാംഗദതന്നിലായ്
                 അർജ്ജുനന്നു ജനിച്ച
ബഭ്രുവാഹനൻ പങ്കെ-
                 ടുത്തിരുന്നില്ല യുദ്ധേ

യുദ്ധത്തിൽ പങ്കെടുത്ത
                 പാണ്ഡവർതൻ മറ്റുള്ള 
പുത്രന്മാരാരുംതന്നെ
                  ശേഷിപ്പതുണ്ടായില്ല

യുദ്ധകാലത്തു ഗർഭ-
                 വതിയായിരുന്നോരു
ഉത്തര പരീക്ഷിത്തി-
                 ന്നേകി ജന്മം പിൽക്കാലേ

പാണ്ഡവർക്കപ്രകാരം
                 ശേഷിച്ചതാട്ടേയോരോ 
പുത്രപൗത്രന്മാർ മാത്രം
                  കുലത്തിൻ ഭാവിക്കായി

31
==================================                


ഗാന്ധാരീ വിലാപം 

എത്തുകയായ് ഗാന്ധാരി
                 യുദ്ധഭൂമിയിലേക്കായ്
പുത്രി ദുശ്ശളയേയും 
                പുത്രവധുക്കളേയും 

പൗത്ര വധുക്കളേയും
                തന്നുടെയൊപ്പം കൂട്ടി,
പോർക്കളത്തിലെ ശേഷം
                അവസ്ഥയറിഞ്ഞീടാൻ 

യുദ്ധക്കളേ ശേഷിച്ച 
                ഭീകരകാഴ്ച കേൾക്കേ 
ഗാന്ധാരിക്കായില്ലതൻ
                ശോകമടക്കുവാനായ്

അംഗഭംഗം വന്നോരു 
                ചീഞ്ഞ ശരീരങ്ങളും
ആകേ വികൃതമായ
                ജീവിക്കും ഗാത്രങ്ങളും

ശവത്തെക്കൊത്തിത്തിന്നും
                ജീവൻവിട്ടുപോകാത്ത,
ശരീരങ്ങങ്ങളെ നോക്കി 
                കാവലിരുന്നീടുന്ന,

കഴുകന്മാരും തഥാ
                നരികൾതൻ കൂട്ടവും,
അഴലാൽ ബന്ധുക്കളെ
                തേടും സ്ത്രീജനങ്ങളും!

ദുര്യോധനന്റെ പത്നി
                ഭാനുമതീ സഹായേ
ദുര്യോധനന്റെ ഗാത്രം
                ദർശിക്കുവാനായെത്തി

ഗാന്ധാരി തന്റെ കണ്ണിൻ
                കെട്ടങ്ങഴിച്ചുമാറ്റി,
അന്ധനാം ധൃതരാഷ്ട്രർ
                തന്നുടെ പത്നിയാകേ

കെട്ടിയതാണാക്കെട്ട്
                പാതിവ്രത്യപ്രമാണം!
കെട്ടഴിച്ചിതേവരേ
                ഒറ്റപ്രാവശ്യം മാത്രം,

യുദ്ധം തുടങ്ങും മുൻപേ
               അനുഗ്രഹമേകുവാൻ
പുത്രൻ ദുര്യോധനന്നെ
              നൂൽബന്ധംവിനാ കണ്ട്

കൈകളാൽ ദുര്യോധനൻ
              തൻ തുട മറയ്ക്കയാൽ
കാണുവാനാകാതേപോയ്‌ 
              നഗ്നശരീരമാകേ

ഏൽക്കാതെപോയിതല്ലോ
              തന്റെയായനുഗ്രഹം,
ഏൽപ്പിച്ചിടേ മർദ്ദനം
              ഭീമനാൽ തുടയ്ക്കിട്ട്!

ഇന്നുരണ്ടാമതായാ
              കൺകെട്ടഴിക്കയായി
പൊന്നുമോൻ ദുര്യോധനൻ
             തന്നുടെ ഗാത്രം കാണാൻ,

അന്ത്യയാത്രയിലൊന്നാ-
              ലിംഗനം ചെയ്യാനായി,
എത്രയായാലും തന്റെ
              ഓമനപ്പുത്രനല്ലോ!

എത്ര ഭയാനകമാം
             കാഴ്ചയല്ലോ താൻകാണ്മൂ
എങ്ങനെ സഹിച്ചീടും
             മാതാവല്ലയോ താനും!

നേരിട്ടു കണ്ടിതല്ലോ
              ദാരുണാന്ത്യം പ്രിയരാം
നൂറു പുത്രന്മാർക്കൊപ്പം
              മറ്റു ബന്ധുക്കളുടേം

ആർത്തു വിലപിച്ചുപോയ്‌
              തന്നുടേയുറ്റ പുത്ര-
മിത്രാദികൾതന്നന്ത്യം
              കണ്ടിടേ ഗാന്ധാരിയും

സത്ബധനായിപ്പോയല്ലോ
               കൃഷ്ണനുമാ ശുദ്ധമാം
പുത്രസ്നേഹത്തിൻമുന്നിൽ,
               അവതാരം തന്നാകിലും!



32

==================================

ഭാനുമതിതന്റെയാ 
                നെഞ്ചത്താഞ്ഞടിച്ചുള്ള
രോദനം കണ്ടീടവേ 
                നൂറ്റൊന്നുപേർക്കമ്മതൻ 

മാതൃസ്നേഹത്തിന്നതിർ 
                പൊട്ടിപ്രവഹിക്കയായ്,
കാതരയാം ഗാന്ധാരി
                 കോപതാപാദികളാൽ

ചാരീ പഴി കൃഷ്ണനേ,
                 പ്രതിയാക്കിത്തീർക്കയായ്
ചോദ്യശരങ്ങളാലേ
                  ഭേദ്യം ചെയ്യുകയായി!

സഹിച്ചീടുവാനാമോ 
                ധർമിഷ്ഠയും ഭക്തയും
സതിയാമൊരമ്മയു-
                മല്ലയോ ഗാന്ധാരിയും!

വാക്കുകൾ തുടർച്ചയാ-
                യുതിർന്നൂ ഗാന്ധാരിതൻ
വക്ത്രത്തിൽനിന്നും ലക്ഷ്യ-
                മാക്കി കൃഷ്ണന്നു നേർക്ക് 
                 
"നിന്നുടെ കാപട്യവും
                  വക്രബുദ്ധിയും മൂലം 
എന്നുടെ നൂറു പുത്രർ-
                  ക്കീഗതി വന്നൂ കൃഷ്ണാ,

"ഭീഷ്മപിതാമഹന്നെ
                  വീഴ്ത്തീ ശരശയ്യയിൽ 
ഉഷ്ണരശ്മിയേ മറച്ച്
                  ജയദ്രഥനേക്കൊന്നു!

"കൊന്നതില്ലേ ദ്രോണരേ 
                 അശ്വത്ഥാമാവ് ചത്തെന്നു
കള്ളമോതിച്ചതിച്ചും,
                 യുദ്ധക്കളം വിട്ടോരെൻ

"പൊന്മകൻ ദുര്യോധനൻ
                 തന്റെ തുടയ്ക്കടിയേൽ-
പ്പിച്ചു കൊല്ലിച്ചതും നീ-
                യല്ലയോ ശ്യാമവർണ്ണാ!"

"ഇത്രയുമേറെ ധാർത്ത-
                രാഷ്ട്രന്മാരെക്കൊല്ലുവാൻ
തീർത്തും നീ നിശ്ചയിച്ചു
                തീരുമാനിച്ചതല്ലേ?

"പതിശുശ്രൂഷയാലേ
                തപോബലം ആർജ്ജിച്ച
പതിവ്രത ഞാനെങ്കിൽ,
              മധുസൂദനാ കേൾക്കൂ 

"ഇന്നീ യുദ്ധഭൂമിയിൽ
                കാലുകളുറപ്പിച്ചു
നിന്നുകൊണ്ടിതാ ഞാനും
                ശപിപ്പൂ നിന്നേ, കൃഷ്ണാ,

"നിന്നുടെ ബന്ധുക്കളും     
                 കൊല്ലപ്പെടുമിവ്വിധം
ഇന്നേക്ക് മുപ്പത്തിയാറാ-
                 മാണ്ടു തികഞ്ഞീടവേ

"തത്ര നീയേകനായി
                വനമദ്ധ്യേ നടക്കേ
കുത്സിതമായുള്ളോരു-
                പായത്താൽ മരിക്കും നീ

"ബന്ധുക്കളേയൊക്കെയും
               നഷ്ടമാകേ നിന്റെയും
ബന്ധുസ്ത്രീകൾ പുലമ്പി-
                ക്കരഞ്ഞീടുമിവ്വിധം"

ഏതും കുലുങ്ങീടാതെ
                കൃഷ്ണനോ ചൊൽകയായി,
"മാതേ അതൊക്കെത്തന്നെ-
                യാണെൻ തീരുമാനവും,

"ഇല്ലയൊന്നുമേ പുത്ത-
                നായ കാര്യങ്ങളിതിൽ"
തെല്ലുപുഞ്ചിരിയേകി,
                പിന്തിരിഞ്ഞു കൃഷ്ണനും,

തന്റെ തീരുമാനത്തി- 
                ന്നൊപ്പം ഗാന്ധാരിയെന്ന 
ധർമിഷ്ഠയും ഭക്തയും
                ആകും സ്ത്രീരത്നത്തിന്റെ

ശാപക്കുകളും സത്യ-
                മാക്കുവാനായിത്തന്നാ
ശാപത്തെ സ്വീകരിച്ചു
               പുഞ്ചിരിയാലേ കൃഷ്ണൻ.

അപ്രകാരം തന്നല്ലോ
                യാദവ കുലത്തിന്റെ
അന്ത്യവും പിൽക്കാലത്ത്
                സംഭവ്യമായിത്തീർന്നൂ!
              
  33
==================================

ധർമ്മപുത്രരുടെ രാജ്യാഭിഷേകം

  
ശാന്തി ലഭിക്കാനായി 
                 മരിച്ചോരുടാത്മാക്കൾക്ക്
പിതൃശുദ്ധികർമ്മങ്ങൾ
                 യുധിഷ്ഠിര നോട്ടത്തിൽ 

ചെയ്ത ശേഷം പാണ്ഡവർ
                ഹസ്തിനാപുരത്തേക്ക്
യാത്രയായിതേ രാജ്യ-
               ഭരണം ഏറ്റെടുക്കാൻ.

ഏത്തീടവേയവർധൃതരാഷ്ട്രർതന്നാശിർ
വാ-
ദത്തെത്തേടുവാനായി ച്ചൊല്ലുകയായി കൃഷ്ണൻ

ദുര്യോധനന്നെ ഭീമൻ നിഷ്‌ക്കരുണം വധിച്ച
വൈരാഗ്യം ധൃതരാഷ്ട്രർക്കുണ്ടെന്നറി ഞ്ഞ കൃഷ്ണൻ

ഭീമനേ മാറ്റിനിർത്തി തൽസ്ഥാനത്തായി ട്ടോരു 
ഭീമമാം കൽവിഗ്രഹം നിർത്തേ ധൃതരാഷ്ട്രരോ

ശക്തിമൊത്തവും തന്റെ കൈകളിലാവാ ഹിച്ചു
ശക്തനാം ഭീമനെന്ന ഭാവേനയമർത്തവേ

പൊട്ടിത്തകർന്നാ മൂർത്തി പൊട്ടിത്തകർ
ന്നീടവേ
പൊട്ടിച്ചിരിച്ചുപോയീ കണ്ടുനിന്നവരൊ ക്കെ

തന്നുടെ വിഡ്ഢിത്തത്തേയറിയേ ധൃതരാ ഷ്ട്രർ
തീർത്തും പശ്ചാത്തപിച്ചു പുൽകി ഭീമ നേപ്പിന്നെ.

പത്തും രണ്ടും ദിനങ്ങൾ
               പോകേ യുദ്ധാനന്തരേ 
പാണ്ഡവ ഗുരുക്കളാം
              ധൗമ്യന്റെയാശിർവാദം

തേടുകയായി, തഥാ 
               ശുഭമുഹൂർത്തം നോക്കി
ധർമ്മപുത്രർതൻ രാജ്യാ-
               ഭിഷേകവും നടത്തി.

കൃഷ്ണന്നുപദേശത്താൽ
                      നാടത്തീ യുധിഷ്ഠിരൻ
ആശ്വമേധയാഗവും
                      വിഘ്നങ്ങൾ നീക്കുവാനായ്

താമസം വിനാ കുന്തീ-
               ദേവി കർണ്ണരഹസ്യം
ധർമ്മപുത്രാരോടോതി,
                ഏറെ സങ്കടത്തോടെ.

താൻമൂലമല്ലോ ജ്യേഷ്ഠൻ
                കൊലചെയ്യപ്പെട്ടതെന്ന്
ധർമ്മപുത്രർക്കു ബോധ്യം
                വന്നിടേ ബോധംകെട്ടു

താഴെവീണല്ലോ രാജൻ,
                കാര്യമറിയേയെത്തീ
തന്റെ സോദരാരെല്ലാം,
                ദുഃഖമാചരിക്കയായ്.

കർണ്ണരഹസ്യം പണ്ടേ 
                അറിഞ്ഞിരുന്നുവെങ്കിൽ
കർണ്ണനെത്തന്നെ രാജാ-
               വായഭിഷേകം ചെയ്തു

വാഴിക്കുമായിരുന്നു,
               എന്നായിയഞ്ചുപേരും,
ഒഴിവായേനെ യുദ്ധം,
               വേറിട്ടെന്തിനിച്ചൊല്ലാൻ!

ഖേദാധിക്യത്താൽ ധർമ്മ-
               പുത്രരാലോചിക്കയായ്
ഖ്യാതിയൊന്നുമേ വേണ്ട,
               വനവാസം നയിക്കാം

കൃഷ്ണന്റെ ചതുരമാം     
                ഉപദേശത്തിനാലും 
ഭീഷ്മ കല്പ്പനയാലും
                തിരുത്തീയാചിന്തകൾ 
               
കർണ്ണപുത്രരൊക്കെയും
                മരിക്കേ യുദ്ധഭൂവിൽ
കർണ്ണനുവേണ്ടി ബലി
                യർപ്പിച്ചിതേ പാണ്ഡവർ 

കർണ്ണപുത്രർക്കും വേണ്ടി 
                തർപ്പണപൂജാദികൾ
പാണ്ഡവർ തന്നെ ചെയ്തൂ
               മാറ്റാരുമില്ലായല്ലോ!               

തത്ര എല്ലാരുമൊത്ത്
                എത്തീ കർണ്ണഗൃഹത്തിൽ
തൻമൂത്തപുത്രൻ തന്റെ
                 വധുവേ പുൽകീ കുന്തി

യുദ്ധത്തിൽ പൊലിഞ്ഞോരു 
                 കർണ്ണപുത്രന്മാർതന്റെ
പത്നിമാരെയൊക്കെയാ-
                  ശ്വസിപ്പിച്ചു കുന്തിയും

 ചേർന്നു കുന്തിയോടൊപ്പം
                  ദ്രൗപതീ സുഭദ്രമാർ
കർണ്ണപത്നിതന്നാശിർ
                  വാദവും നേടിയവർ 

ധൃതരാഷ്ട്രർ, വിദുരർ, 
                  ഗാന്ധാരി എന്നിവരേം 
യുധിഷ്ഠിരൻ സന്ദർശി-
                  ച്ചാശിർവാദവും വാങ്ങി.

ശേഷം പരിവാരത്തോ-
                 ടൊത്തുപോയ്‌ കുരുക്ഷേത്രേ
ഭീഷ്മപിതാമഹന്നെ
                 കണ്ടു വന്ദിച്ചിതല്ലോ


34
================================== 



യുധിഷ്ഠിരന്നു ഭീഷ്മർ
                       പാഠഭാഗമായ്നൽകി-
'യനുശാസനം' രാജ
                       ഭരണത്തിൻ പൊരുളായ്

ഉത്തരായനത്തിനാ-
                  രംഭംവരേയും കുരു-
ക്ഷേത്രേ ശരശയ്യയിൽ
                  ശയിച്ചാ ദിവ്യാത്മാവ്     
 
ദിവ്യോപദേശാദികൾ
                 ചൊല്ലിക്കൊടുത്തശേഷം
ദിവ്യനാമാമഹാത്മാ
                 ചേർന്നഷ്ട്ടവസുക്കളിൽ.

കൃഷ്ണനും യാത്രയായി
                 ദ്വാരക ലക്ഷ്യമാക്കി,
കാര്യങ്ങൾ കൈവിട്ടിടേ 
                 തന്നഭാവം കാരണം

തമ്മിൽതല്ലി യാദവ-
                  കുലം നാശത്തിലെത്തി
തന്റെ ബന്ധുക്കളേറെ
                  മരണപ്പെട്ടുപോയി!

ദുർവാസ്സാവിന്റെ ശാപ
                 കാരണം ഭവിച്ചെല്ലാം,
ദ്വാരകക്കില്ലായേറെ
                 ആയുസ്സെന്നതാം സാരം

എങ്കിലും കുറേക്കാലം
                 ഭരിക്കയായി കൃഷ്ണൻ
എത്രയായാലും തന്റെ
                 കുലവും രാജ്യവുമാം
                                    ധർമ്മപുത്രർക്കുവേണ്ടും
                ഭരണോപദേശങ്ങൾ
ധൃതരഷ്ടരും നൽകീ 
                പതിനഞ്ചു വർഷങ്ങൾ

ഉത്തമമാം വിധത്തിൽ
                രാജ്യം ഭരിച്ചു ധർമ്മ-
പുത്രർ, തന്റെ പ്രജകൾ  
                സന്തുഷ്ടരാകും വിധം 
                                        
കർക്കശമാം വാക്കുകൾ
                ഭീമനിൽനിന്നുതിരേ
കൗരവശ്രേഷ്ഠനൊപ്പം
               ഗാന്ധാരിക്കുമുണ്ടാകേ 

ഏറെയസ്വസ്ഥതകൾ,
               തീരുമാനിക്കയായി
വേറിട്ടില്ലൊരു മാർഗ്ഗം
                വനവാസംതന്നെ ഭേദം.

യുദ്ധത്തിൽ പൊലിഞ്ഞോരു
                കർണ്ണന്റെയാഭാവത്തിൽ
കുന്തീദേവിയുമേറെ
                ഖിന്നയായിരുന്നല്ലോ!

കുന്തീദേവീ,വിദുരർ,
                ഗാന്ധാരി എന്നിവരോ-
ടൊത്തുവനവാസത്തി-
                നായ് പോയി ധൃതരാഷ്ട്രർ

വരില്ലായവർ വീണ്ടും
                തിരികേയൊരിക്കലും
വിധിയെത്തടുക്കുവാ-
                നാവില്ലയാർക്കും തന്നെ 

കുന്തിയും മൂന്നുപേരും
                വർഷം മൂന്നു കഴിയേ
 വെന്തുമരിച്ചു കാട്ടു-          
                തീയിലകപ്പെട്ടിട്ടു

പാണ്ഡവർക്കേറെ ദുഃഖം          
                ഉണ്ടായതിൻകാരണം
പോയവരെല്ലാം തന്നെ
                കുലത്തിൽ മൂത്തവരാം

മൂന്നു വ്യാഴവട്ടങ്ങൾ
                 ഭരിച്ചു യുധിഷ്ഠിരൻ
നന്നായിത്തന്നെ രാജ്യം
                 പ്രജകൾ സന്തോഷിച്ചു.

35

==================================


ഇന്ദ്രപ്രസ്ഥത്തെ വിട്ടു
                 ദ്വാരകതന്നിലേക്ക്
എന്നെന്നേക്കുമായ് കൃഷ്ണൻ
                പോയനാൾമുതൽതന്നെ

യുധിഷ്ഠിരന്നുണ്ടായി-
               രുന്നേറെ ഖേദമെന്നാ-
ലധികാരത്തിലേറേ
                ഒതുക്കീ ഖേദമൊക്കെ

ഇന്നറിവായിതല്ലോ
               വേടന്റെയമ്പിനാൽഗോ-
വിന്ദനുണ്ടായിയന്ത്യം
               വിഷ്ണുപാദം പൂകിപോൽ

കടലിൽ ദ്വാരകയും
              മുങ്ങിപോൽ, ഒരുയുഗം
കടന്നേപോയി കൃഷ്ണൻ
              പോയതോടൊപ്പംതന്നെ

തോന്നുകയായ് വിരക്തി
              ഇഹലോകവാസത്തിൽ 
ഒന്നിലും തോന്നുന്നില്ല
             തൃപ്തിയെന്നു ബോധ്യമായ് 

ഭാരമായിത്തോന്നിടേ
              ഭരണം, യുധിഷ്ഠിരൻ
തീരുമാനിക്കയായി
              ലോകവാസം വെടിയാൻ

സ്വർഗ്ഗം പൂകുവാനായി   
              ദ്രൗപദിയും തന്നുടെ
സോദരരോടുമൊപ്പം
              യാത്രയാകേണമുടൻ

ഏൽപ്പിച്ചു രാജ്യഭാരം
              യുയുത്സുവിന്റെ കയ്യിൽ 
തൽക്കാലത്തേക്കു, പിന്നെ-
             യാകാം രാജ്യാഭിഷേകം

അഭിമന്യുവിന്നേക 
             പുത്രനല്ലോ പരീക്ഷിത്ത്,
അവനേ ശേഷിപ്പുള്ളു
             പാണ്ഡവപിൻഗാമിയായ്!

പാണ്ഡവർക്കൊപ്പം ദ്രൗപ-
              തിയും പോയിതേ മഹാ-
പ്രസ്ഥാനത്തിൻ വഴിയേ                 
               ഹിമാലയം ലക്ഷ്യമായ്

മുൻപിലായ് യുധിഷ്ഠിരൻ
               മുറപോൽ പിന്നിലായി
മറ്റു സോദരന്മാരും,
               ദ്രൗപതിയേറ്റം പിന്നിൽ

യാത്ര തുടർന്നുപോകേ 
               ദ്രൗപതി വീഴുകയായ്
ധാത്രിയിൽ, മുറപോലെ
               മുന്നിലെ മറ്റുള്ളോരും

ഭീമസേനനും വീണെ-
               ന്നാകിലും യുധിഷ്ഠിരൻ,
ഭാവഭേദമില്ലാതെ,
              വീഴാതെ, മുന്നോട്ടു പോയ്‌

ധർമ്മത്തിൻ മൂർത്തിമത് - 
               ഭാവമാകും ധർമ്മപു-
ത്രർക്കുണ്ടായിടാ ക്ഷീണം,
               വീഴുകയസാധ്യമാം!

യാത്ര തുടർന്നേകനായ് 
               കൂട്ടിനായെത്തിയെന്നാൽ
യാത്രാമദ്ധ്യേയെവിടോ
               നിന്നുമൊരു ശ്വാനനും

യാത്രതുടർന്നേ പോയി,
               തിരിഞ്ഞു നോക്കാതേ സു-
ഹൃത്തുക്കളേപ്പോലെയൊ-
               രുവ്യാഴവട്ടക്കാലം

ധരയിൽ വാണിടേണ്ടും
               സമയം കഴിഞ്ഞിട്ടും
ധർമ്മപുത്രർ തുടർന്നു
              ജീവിതം ഏകനായി.

36


==================================


ഇന്ദ്രനെത്തീയൊടുവിൽ
              യുധിഷ്ഠിരന്നു മുന്നിൽ 
തേരുമായ്, കൂട്ടികൊണ്ടു
              പോകുവാൻ സ്വർഗ്ഗത്തേക്ക്

അനുയായിയാകുമാ
              നായയേയുപേക്ഷിച്ചു 
അവനിവിട്ടിന്ദ്രനൊത്ത് 
              ചെല്ലുവാനാവില്ലെന്നു

ചൊല്ലവേ യുധിഷ്ഠിരൻ,
              സ്വർഗ്ഗത്തിൽ ശുനകന്മാർ-
ക്കില്ലല്ലോ പ്രവേശനം,
              ബോധിപ്പിച്ചിതേയിന്ദ്രൻ 

എങ്കിൽ ഞാനുമില്ലല്ലോ
              സ്വർഗ്ഗത്തേക്കൊരിക്കലും,
എന്നായി യുദ്ധിഷ്ഠിരൻ,
              സ്വാർത്ഥത തീണ്ടാത്തവൻ!

നായ തന്റെ രൂപത്തെ 
               പകർത്തി, ധർമ്മദേവ-
നായിട്ടു പ്രത്യക്ഷനായ്,
               പ്രസാദിച്ചു പുത്രനേ.

ധർമ്മദേവന്റെയാശിർ-
              വാദവും വാങ്ങി പിന്നെ 
ധർമ്മപുത്രർ ഇന്ദ്രനോ-
              ടൊത്തു യാത്രയായിതേ

സ്വർഗ്ഗത്തിലെത്തേയാദ്യം
              കണ്ടതോ യുധിഷ്ഠിരൻ,
സംപൂജ്യനായിരിക്കും
              ദുര്യോധനനേയല്ലോ

ദുഷ്ടനാം ദുര്യോധനൻ
              ഇരിക്കുന്നയീ സ്വർഗ്ഗം
ഇഷ്ടമേയല്ലാ തനി-
              ക്കെന്നായി യുധിഷ്ഠിരൻ

കർണ്ണനേയും തന്നുടേ
               മറ്റുള്ള സോദരരേം
കാണേണമെന്നാഗ്രഹം
               പ്രകടിപ്പിച്ചീടവേ

കാട്ടിക്കൊടുത്തുവല്ലോ
               ദേവദൂതൻ നരകം,
കാണ്കയായ് യുധിഷ്ഠിരൻ
               തന്നനുജന്മാരേയും

കർണ്ണനേ, ദ്രൗപതിയേ,
               ഏവരേം നരകത്തിൽ!
കഷ്ടപ്പാടവരെത്ര-
               യനുഭവിക്കുന്നുവോ!

"വേണ്ടെനിക്കിനി സ്വർഗ്ഗം
             ഈനരകത്തിൽ ഞാനും
വാണുകൊള്ളാമിനിമേൽ
             തിരികെപ്പോകൂ നിങ്ങൾ"

ദേവദൂതനോടായി
              ചൊല്ലിടേ യുധിഷ്ഠിരൻ,
ദേവന്മാരെത്തീ സ്വർഗ്ഗ-
               മാക്കിമാറ്റീ നരകം

നരകത്തിൻ പ്രതീതി-
               യുണ്ടാക്കിയെന്നതല്ലോ 
ഒരുസത്യം, നരക-
               ത്തിന്നനുഭവം നൽകാൻ,

ധർമ്മപുത്രരന്നർദ്ധ-
               സത്യമോതീടേ,"യശ്വ-
ത്ഥാമാ ഹതകുഞ്ജര"
               എന്നു ദ്രോണരോടായി,

യുദ്ധം മുറുകി നിൽക്കേ,
              കൃഷ്ണന്റെ പ്രേരണയാൽ,
യുദ്ധം ജയിക്കുവാനും ,
             കൗരവതോൽവിക്കായും!

മായാ നരകം കണ്ട-
             തിൻശേഷം യുധിഷ്ഠിരൻ
പോയി സ്നാനം ചെയ്കയായ്
             ആകാശഗംഗതന്നിൽ

മനുഷ്യരൂപം വിട്ടു,
             ദിവ്യരൂപത്തിൽ ദുര്യോ-
ധനനോടുള്ള വൈര്യം
             പോയിമറഞ്ഞുവല്ലോ!

കൂട്ടിക്കൊണ്ടുപോയിന്ദ്രൻ
             സ്വർഗത്തിലേക്ക് പിന്നെ
കാട്ടിക്കൊടുക്കയായി
             തൻ സോദരരേ,യൊപ്പം

മറ്റു ബന്ധുക്കളേയും,
             സന്തോഷമോടുകൂടി
മേവിടാമീസ്വർഗ്ഗത്തിൽ
             ദിവ്യരൂപവുമായി 

സ്വർഗ്ഗത്തേക്കുടലോടെ
               എത്തിപ്പെടുന്നതിന്നായ് 
അര്‍ഹതനേടിയോരിൽ
                അഗ്രഗണ്യനല്ലയോ 

ധർമ്മദേവന്റെ പുത്രൻ 
                യുധിഷ്ഠിര നാമത്താൽ
കീർത്തിയുമാർജ്ജിച്ചെത്തി 
                ഉടലോടെസ്വർഗ്ഗത്തിൽ !
                            
                    -----:0:-----     



            
==============================
അവലംബം : വിവിധ ലേഖനങ്ങൾ 



 
 

              
 
             
.              

 














                 
 






                




 
          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ