2022 ഏപ്രിൽ 21, വ്യാഴാഴ്‌ച

ഭൗമദിനം

                
.              ഭൗമദിനചിന്തകൾ 

ജീവജാലങ്ങൾക്കശേഷമൊരുപോലെ 
ജീവിക്കുവാനുണ്ടവകാശം ഭൂമിയിൽ
സ്വാർത്ഥതയെന്നാൽ മനുജനെ ഭൂമിത-
ന്നസ്ഥിവാരംവരെതോണ്ടുവാൻ പ്രേരിപ്പൂ

മലിനമാക്കുന്നു ജലാശയമൊക്കെ 
വലയുന്നു ജീവികൾ ജീവജലത്തിന്  
മലകൾ കുന്നുകൾ വെട്ടിനിരത്തുന്നു
മഴയെയകറ്റിക്ഷണിപ്പു താപത്തെ 

വയലുകൾ തൊടുകളെല്ലാം നികത്തി
വരിവരിയായിട്ട് വീടുകൾ കെട്ടുന്നു
കയ്യേറിടുന്നു നദിയുടെതീരങ്ങൾ
കായലുപോലും നികത്താൻ മടിച്ചിടാ.

നേർത്തോരുനദികളും കായലുമൊക്കെ
വീർപ്പുമുട്ടിഗ്ഗതികെട്ടൊടുവിൽ വര- 
വേറ്റിടുന്നു പ്രളയത്തെപ്പെരുംമഴ-
വെള്ളമൊഴുകിപ്പോകാനിടമില്ലാതെ   
  
കൊള്ളചെയ്‌തീടുന്നു സ്വന്തംതനയയെ,  
പൊള്ളലാഭംനോക്കിച്ചെയ്യുന്നിതൊക്കെ.
അന്യമായ്ത്തീരവേ സ്വന്തമിടങ്ങളെ  വന്യജന്തുക്കളെത്തീടുന്നു നാട്ടിലും!

ആഗോളതലത്തിൽനാമൊരോവർഷവും ആഘോഷമാക്കുന്നു പലദിനങ്ങളും    
പാരിസ്ഥിതികം ജലം വനമിത്യാദി,
പോരെങ്കിലോ ഭൗമദിനം മുന്നിലെന്നും!  
 
വേണ്ടത്രയവബോധമെന്നിട്ടുമെന്തേ ഉണ്ടായിടുന്നില്ല മനുജന്റെയുള്ളിൽ?
പരിസ്ഥിതിപ്രശ്‌നങ്ങളേറുന്നെന്നിട്ടും 
പരിതപിച്ചിട്ടിനിയില്ലോരു കാര്യം.

ആരംഭിക്കേണ്ടിയിരിക്കുന്നവബോധം 
ഒരോരോ വീട്ടിലുംനിന്നുതന്നാദ്യമായ്  
പ്രകൃതിയിലേക്ക് മടങ്ങെന്നതേയൊരു
പ്രതിവിധിയെന്നതറിയൂ മനുജാ!