2018 മേയ് 3, വ്യാഴാഴ്‌ച

17. അർബുദവും മുള്ളാത്തയും,  പിന്നെ ലക്ഷ്മി തരുവും.

അർബുദവും മുള്ളാത്തയും,  പിന്നെ ലക്ഷ്മി തരുവും.

ഏതാണ്ട് രണ്ടര വർഷങ്ങൾക്കു മുൻപ് പത്രങ്ങളിലും നവമാധ്യമങ്ങളിലും ഒരു വാർത്ത വന്നു.  'മുള്ളാത്തയുടെയും ലക്ഷ്‌മി തരുവിന്റെയും ഇലകളും മറ്റും അർബുദ ചികിത്സയ്ക്ക് ഉത്തമമാണ് ' എന്ന്.  
മൂന്നു നാലു മാസങ്ങൾക്കു ശേഷം തിരുവനന്തപുരം കനകക്കുന്നിൽ നടന്ന, 2015 December festival കാണുവാൻ ഞാനും ജയയും ചെന്നപ്പോൾ അവിടെ പ്രവർത്തിച്ചിരുന്ന, ചെടികളുടെ വലിയ  ഒരു  നഴ്സറിയിൽ, ശർക്കരത്തുള്ളിക്ക് ചുറ്റും ശോണലുകളെന്നപോലെ ,  നല്ല ആൾ  തിരക്കു കണ്ട്‌  ഞങ്ങളും അങ്ങോട്ട് ചെന്നു.   ധാരാളം , വിവിധ തരം പൂച്ചെടികളും ഇലച്ചെടികളും   മറ്റും പ്രദർശിപ്പിച്ചിരിക്കുന്നു.   പക്ഷേ തിരക്കു,  ചെറിയ പോളിത്തീൻ ബാഗിൽ വച്ചിരിക്കുന്ന  രണ്ടുതരം തൈകളുടെ അടുത്തു മാത്രം.  സാമാന്യം വലിയ  ഓരോ ബോർഡും അവയ്ക്കടുത്തു വച്ചിരിക്കുന്നു. 'മുള്ളാത്ത ', 'ലക്ഷ്മി തരു '.  ആളുകളെല്ലാം അവ രണ്ടും ഓരോ തൈകൾ വീതം വാങ്ങുകയാണ്.  കൂട്ടത്തിൽ നിന്ന  ഒരാൾ മറ്റൊരാളോട്  പറയുന്നത് കേട്ടു  :   "ഇത് രണ്ടും കാൻസർ ചികിത്സയ്ക്ക് നല്ലതാണ് ".  പിന്നെ ഞങ്ങളും മടിച്ചില്ല.   ഓരോ തൈകൾ ഞങ്ങളും നല്ല വില കൊടുത്തു  കൈക്കലാക്കി.
തൈകൾ വച്ചു പിടിപ്പിക്കുവാൻഏറെ  സ്ഥല പരിമിതിയുണ്ട്.  വീടിന്റെ  ഒരു  സൈഡിലും പിറകിലും മാത്രമേ ഏതാണ്ട് രണ്ടടിയോളം വീതിയിൽ മണ്ണുള്ളു. അവിടെയാണെങ്കിൽ മൂന്നു തടിയൻ തെങ്ങുകളും, വളർന്നു വലുതായി മട്ടുപ്പാവിലേയ്ക്ക് പടർന്നു നിൽക്കുന്ന  ഒരു  വയസ്സൻ പേരയും,  അതിനോട് ചേർന്നു വളർന്നു മട്ടുപ്പാവിലേയ്ക്ക് പടർന്ന നാലു വർഷം പ്രായമായ കൂറ്റൻ കോവലും  അനേകം ശാഖകളുള്ള ഒരു കൂറ്റൻ പപ്പായ മരവുമുണ്ടുതാനും.  എങ്കിലും വെയിലും വെളിച്ചവും കിട്ടുന്ന അല്പമൊരിടം കണ്ടുപിടിച്ചു മുള്ളാത്തയെ അഭിമാനപൂർവം,  പ്രതീക്ഷയോടെ,  ആർക്കെങ്കിലും പ്രയോജനപ്പെടേണമേ എന്ന  പ്രാർത്ഥനയോടെ , അവിടെ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാ സ്ഥലത്തിന്റെ കാര്യത്തിൽ  ലക്ഷ്മി തരുവിനു അത്ര ഭാഗ്യം ഉണ്ടായിരുന്നില്ല. തെങ്ങിൻ ചുവട്ടിൽ അധികം വെളിച്ചമില്ലാത്ത ഒരിടമാണ് ലക്ഷ്മിക്ക് കൊടുത്തത്. മഹതിയോടു    ഭക്തി  കുറവുണ്ടായിട്ടല്ല പക്ഷഭേദം കാണിക്കേണ്ടി വന്നത്. സ്ഥലപരിമിതിയ്ക്കു പുറമേ,   മുള്ളാത്തയുടെ കാര്യത്തിൽ അല്പം സ്വാർത്ഥത കടന്നുവന്നെന്ന സത്യം മറച്ചു വയ്ക്കുന്നില്ല.   അയാൾ കാൻസർ ഇല്ലാതാക്കുമെന്നതിനു പുറമേ , നല്ല സ്വാദുള്ള ചക്കപ്പഴം കൂടി സമ്മാനിക്കുമല്ലോ എന്നോർത്തു പോയതു കൊണ്ടു മാത്രമാണ് ഈ പക്ഷഭേദം വന്നുകൂടിയത്.   ലക്ഷ്മി, അവളുടെ കുറവ്  മനസ്സിലാക്കി, എന്നോട് ക്ഷമിക്കുമെന്നെനിക്കുറപ്പു തോന്നുകയുമായുണ്ടായി. അങ്ങനെ വരുമ്പോൾ ഞാൻ  തെറ്റുകാരനാകുന്നില്ലല്ലോ !!!  ഒരു പക്ഷേ,  എല്ലാ വീടുകളിലും മുള്ളാത്തയും ലക്ഷ്മി തരുവും വച്ചു പിടിപ്പിച്ചാൽ കാൻസർ കേരളത്തിൽ നിന്നും കേട്ടു കെട്ടുമെന്ന് ഞങ്ങൾചിന്തിച്ചു പോയെങ്കിൽ,  ആഗ്രഹിച്ചു പോയെങ്കിൽ,  ആർക്കെങ്കിലും ഞങ്ങളെ കുറ്റം പറയുവാൻ കഴിയുമോ ? ഇല്ല തന്നെ.  കാരണം,  മനുഷ്യത്ത്വമുള്ള എല്ലാവരും  അങ്ങനെയല്ലേ ചിന്തിക്കുകയുള്ളൂ ? 
ഒന്നര വർഷമായപ്പോൾ മുള്ളാത്ത പന്ത്രണ്ടടിയോളം ഉയരത്തിൽ വളർന്നു , വലുതായി , പൂവിട്ടു.  പക്ഷേ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യത്തെ  പൂവുകളൊക്കെ കൊഴിഞ്ഞു പോയി ; ഒന്നും  കായായില്ല. ഇതുവരെ ആരും കാൻസർ ചികിത്സയ്ക്ക്  അവയുടെ ഇല തേടി വന്നതുമില്ല. അതേ സമയം ഒന്നര വർഷം കൊണ്ടു ലക്ഷ്മി ഒന്നരയടി ഉയരത്തിൽ മാത്രം വളർന്നു,  ഒരു 'കുരുട്ടി 'യായി  അവളുടെ പ്രതിഷേധവും അമർഷവും നന്നേ പ്രകടിപ്പിക്കുകയും ചെയ്തു. ഈയിടെ അവളുടെ മണ്ടയിൽ ആകെയുണ്ടായിരുന്ന നാലു എത്തുകൾ പഴുത്തു കൊഴിയുകയും മണ്ട അഴുകിയതുപോലെയാകുകയും ചെയ്തു.; Chemo Therapy കഴിഞ്ഞപോലെ
. ലക്ഷ്മി തരുവിനും cancer വന്നോ ?  Njaan സംശയിച്ചതിൽ തെറ്റുണ്ടോ ?  എങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ രണ്ടുമൂന്ന് തളിരുകൾ വന്നെങ്കിലും ഒരിനം മുഞ്ഞ ആക്രമണത്തിൽ വീണ്ടും മുരടിച്ചു പോയി; ഇനി പുതു ജീവൻ ഉണ്ടാകാത്ത വിധം. ഒരു പക്ഷേ ഞാൻ വാങ്ങാതെ   അവളെ നല്ല സ്ഥലമുള്ള വേറേ ആരെങ്കിലും  വാങ്ങിയിരുന്നില്ലെങ്കിൽ അവൾക്കു നല്ലയൊരു ജീവിതം കിട്ടുമായിരുന്നല്ലോ എന്ന് ഞാനോർത്തു പോയി.   ഇനി പറഞ്ഞിട്ടെന്തു കാര്യം ?
പ്രതീക്ഷ മുഴുവൻ  മുള്ളാ ത്ത യിലർപ്പിച്ചു  കാത്തിരുന്നതിനു താമസിയാതെ  ഫലമുണ്ടായി. അവൾ നല്ല വലിപ്പമുള്ള ഒരു ചക്ക ഞങ്ങൾക്ക് സമ്മാനിച്ചു.   ഈയിടെ അത് വിളഞ്ഞു കിട്ടിയപ്പോൾ അടർത്തിയെടുത്തു.  രണ്ടു ദിവസം കൊണ്ടു പഴുത്തു കിട്ടി ; സ്വാദോടെ ഞങ്ങൾ അവനെ ഭുജിക്കുകയും ചെയ്തു.   ഇപ്പോൾ ഏഴെട്ടു കായ്കൾ നിൽപ്പുണ്ട്.   ഒരെണ്ണം വിളയാറായിട്ടുമുണ്ട്.

മേമ്പൊടി

ഇത്രയുമായപ്പോൾ അതാ വീണ്ടും മാധ്യമ റിപ്പോർട്ടുകൾ :  മുള്ളാത്തയ്‌ക്കും ലക്ഷ്മി തരുവിനും ക്യാൻസറിനെ പ്രതിരോധിക്കുവാനുള്ള കഴിവൊന്നുമില്ല.   അത്‌ നഴ്സറിക്കാരുടെ ബുദ്ധിപൂർവമായ ഒരു  കുപ്രചരണം മാത്രമായിരുന്നു പോലും.  അവർ അത് കാര്യമായി മുതലെടുക്കുകയുമുണ്ടായി.   എങ്കിലും ഞങ്ങൾക്കൊരു വിഷമവുമില്ല മുള്ളാത്ത കനിഞ്ഞല്ലോ !!! സ്ഥലം മിനക്കെടുത്തി,  കുരുടിച്ചു സ്വയം നശിക്കുമെന്ന നിലയിലെത്തിയ  ലക്ഷ്മി തരുവിനെ ഇനി നിറുത്തിയിട്ട് കാര്യമില്ലല്ലോ ; സഹതാപത്തോടെ ; സോറി പറഞ്ഞു വേദനിപ്പിക്കാതെ ഞാൻ അവളെ മൂടോടെ പിഴുതെടുത്തു മതിലിനോട് ചേർത്ത് നല്ല വെയിൽ കിട്ടുന്നിടത്തു  നിക്ഷേപിച്ചു.   അന്ത്യ യാത്രയിലെങ്കിലും വെയിലും വെളിച്ചവും പാവം അവൾക്കും കിട്ടട്ടെ !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ