മന്ദഹസിക്കവേ, നയനം ചിരിക്കുന്ന
സുന്ദരമാം ബാല്യകാലം
മോണകൾ കാട്ടിച്ചിരിച്ചുവെന്നാൽ മണി-
മുത്തുപൊഴിക്കുന്ന കാലം
ഒന്നും രണ്ടും പോകേയവിടെതിരിഞ്ഞി-
രുന്നത്കയ്യാൽ തൂക്കും കാലം
മുട്ടിലിഴയവേ കിട്ടുന്നതൊക്കെയും
പൊട്ടിക്കാൻ വെമ്പുന്ന കാലം
മാമുണ്ണുവാൻ നേരത്തെപ്പോഴുമമ്പിളി-
മാമനെക്കാണേണ്ട കാലം
മാതാമഹിയുടെ മടിയിൽത്തലവച്ച്
ഐതിഹ്യങ്ങൾ കേൾക്കും കാലം
അച്ഛന്റെകൈവിരൽത്തുമ്പിലൂയലാടി
പിച്ചനടന്നു പഠിക്കും കാലം
കൂത്താടിയോടും പശുക്കിടാവിൻ മുഖം
മുത്തുവാൻ വെമ്പിടും കാലം
ഉറക്കം നയനത്തിൽ നിന്നുമകറ്റുവാൻ
ഉറക്കെക്കരയുന്ന കാലം
ഉണരവേയമ്മയെക്കണ്ടില്ലയെങ്കിലും
ഉറക്കെക്കരയുന്ന കാലം
ഉടുപ്പ് ധരിപ്പതനാവശ്യമാകയാൽ
ഉരിഞ്ഞെറിഞ്ഞീടുന്ന കാലം
കയ്യിൽക്കളിപ്പാട്ടമേതു കിട്ടിയാലും
വായിലാക്കീടുന്ന കാലം
ബാലഭാവങ്ങളും വേഷങ്ങളുമതേ-
പോലൊന്നുകൂടാടാൻ മോഹം