2023 ഫെബ്രുവരി 28, ചൊവ്വാഴ്ച

നീലവിഹായസ്സ് (included)

                നീലവിഹായസ്സ്
-----------------------------------------------------------

നീലവിഹായസ്സേ! നിന്റെയോളങ്ങളിൽ
നീന്തിത്തുടിക്കാനെനിക്കു മോഹം.

ഇത്രയഗാധമാം നീലിമ നേടുവാൻ 
ഇന്ദ്രനീലം നീയുരച്ചുചേർത്തോ?

നീലക്കടമ്പിന്റെ പൂക്കൾ തിളപ്പിച്ച
നീരിൻരസായനക്കൂട്ടു ചേർത്തോ?

ആദിയുമന്തവുമില്ലാത്ത നിന്നുടെ
ആഴപ്പരപ്പിൻനിബിഡതയ്ക്കായ്

ആരാം നിനക്കിത്രയേറെയബ്ദം നൽക?
ആകാശഗംഗയോ അബ്ധിതാനോ?

ആകില്ല കാർമേഘമെന്നതാം നിശ്ചയം
ആജലത്തിന്നവകാശി ഭൂമി!

ഇന്ദുവാം പത്മവും താരകയാമ്പലും  
നീന്തിത്തുടിപ്പൂ നിന്നോളങ്ങളിൽ.

ഒപ്പമവരുമായ് നീന്തിക്കളിക്കുവാൻ
ഒത്തിരി മോഹമെനിക്കുമുണ്ടേ!   

പേടിയാണെന്നാലവർക്കിടേലായേറെ    
പൃഥ്‌വിതൻ പേടകപ്പൂളുകളും 

ലക്ഷ്യമില്ലാതെ കറങ്ങുന്നവ,യെന്റെ  
കുക്ഷിയിൽ വന്നു തറച്ചെന്നാലോ?

ചീറിപ്പാഞ്ഞെത്തിടും ശീൽക്കാരവുമായി 
ഏറെപ്പുകപടലം പരത്തി,

എത്രയോ ആകാശപേടകമാണിന്നു
മർത്യനവിടേയ്ക്കയച്ചീടുക,

നിന്റെ വിശാലമാമങ്കണം തന്നിലായ്,
നിന്നേയിടത്താവളമാക്കിയും 

മറ്റു ഗ്രഹങ്ങളിലെത്തിപ്പെടാനായു- 
മേറെനിരീക്ഷണങ്ങൾക്കുമായും

മർത്യന്റെയത്യാഗ്രഹങ്ങൾക്കതിരില്ല,
എത്ര പഠിച്ചാലുമില്ലറുതി!

ഇല്ല, ഞാൻകൂടവിടെത്തിയായങ്കണം
വല്ലാതെ വൃത്തികേടാക്കിടേണ്ടാ!

വീക്ഷിച്ചു നന്നായിട്ടാസ്വദിച്ചുകൊള്ളാ
മിക്ഷിതിയിൽ നിന്നുകൊണ്ടു നിന്നെ!