2019 ജൂലൈ 28, ഞായറാഴ്‌ച

18. എന്റെ ഗ്രാമം അന്നും ഇന്നും.

18.  എൻ്റെ ഗ്രാമം അന്നും ഇന്നും


മലയോര സുന്ദര ഗ്രാമമന്നെൻ ഐലറ   ‌ 
മലദേവത കാത്തോരു ശാലീന ഗ്രാമം
മരമാകെവെട്ടി  മലയവിടിന്നില്ല     
മരമെന്ത് മലയെന്തെന്നറിയാത്ത ഗ്രാമം!

മൊത്തവും പച്ച വിരിച്ച വയലേലയിൽ 
കാർത്തികദീപങ്ങൾ തെളിഞ്ഞു നിന്നന്നൊക്കെ
സായന്തനങ്ങളിൽ  നെൽക്കതിരുകളാകെ  
സാന്ധ്യ വെയിൽതട്ടി കാഞ്ചനനിറമോലും 

കൊയ്ത്തു കഴിയും വരെയും നാട്ടാർക്കാകെ  
വയലേലയാകുമൊരു ദേവാലയം പോൽ
കൊയ്തു കഴിയുമ്പോൾ    വയലേലയിലാകേ
കന്നുകൾ മേഞ്ഞു നടന്നു പശിതീർത്തിടും  

കലപിലകൂട്ടിയാ വയലിൽ ബാലകർ 
പലതരം കളികൾ കളിച്ചു രസിക്കും    
മലവെള്ളം കയറി പിറകേയാ പാടം 
കലിതുള്ളാതൊഴുകും  പുഴപോലെയാകും  

വയലിന്ന് കരയായ്, പുഴയാകില്ലിനിയത്
വയലെന്ത്പുഴയെന്തെന്നറിയാത്ത ഗ്രാമം
നുരയും പതയുമായ്  പൊട്ടിച്ചിരിച്ചുകൊ- 
ണ്ടിരമ്പിക്കുതിച്ചിട്ടൊരു  ജലപാതമന്ന്  

ജലമൊഴുക്കില്ലാതെ പാറതെളിഞ്ഞിന്നാ 
ജലപാതമൊരു കരിമ്പാറ തൻ പ്രേതം!
വിദ്യ പഠിക്കുവാൻ വിദ്യാലയമന്നില്ല
വിദ്യപകർന്നാശാൻ പനയോലയിലാദ്യം    

പനയോലത്താളിലായക്ഷരമാലകൾ
കനിവോടെ നാരായത്തുമ്പിനാലെഴുതീട്ട്.
പ്രൈമറിമാദ്ധ്യമ ഹൈസ്കൂളുകളിന്നുണ്ട്
കമനീയ മന്ദിരം പുൽമാടം നിന്നേടം 
 
ഓലപ്പന്തും  വെറും നഗ്നപാദങ്ങളുമായ്
കാല്പന്തുതട്ടിക്കളിച്ചൊരാ മൺപാതയിൽ
മണിയും കിലുക്കിയിട്ടയവുമിറക്കീട്ട്
മണിയൻ കാളേം മാടേം വണ്ടിവലിച്ചന്ന്  

ടാറിട്ടുപൊള്ളുന്ന റോഡിന്മേൽപുകതുപ്പി
ചീറിപ്പാഞ്ഞോടുന്നൊരു  'കരി'ശകടമിന്ന്
തുരുതുരെമണിയടിപോരാഞ്ഞ്ഹോണടി
മരണപ്പാച്ചിൽ ശകട മത്സരയോട്ടം
   
വൈദ്യുതീം ടെലിഫോണുമന്നന്യമാരുന്നേൽ
വീടിന്നവിടില്ല അതു രണ്ടുമില്ലാതെ 
ചിരിക്കും മുഖവുമായെതിരേ വരുമന്ന്‌ 
പരിചയമുള്ളൊരുമില്ലാത്തവർ പോലും !

പണ്ടൊക്കെയെന്തൊക്കെ  വിശേഷമുണ്ടായാലും
പങ്കുകൊടുത്തുപോന്നയൽവക്കക്കാർക്കൊക്കെ  
കണ്ടാലുമറിയില്ലാ ഭാവത്തിൽ നോക്കാതെ 
മിണ്ടാതെയകലുന്നോരയൽവാസിയാണിന്ന്  

വന്നൂ പുരോഗതിയൊരുപാടെൻ ഗ്രാമത്തി-
നെന്നാലോ ഇന്നില്ലാ ശാലീനതയന്നത്തെ
വരുമത് തിരികേയെന്നുറപ്പില്ല തെല്ലും 
വരണമേയെന്നു ഞാനെത്രയാശിച്ചാലും!