Post No.12. പൊട്ടിയ കപ്പ് പൊട്ടിച്ചിരി, പൊട്ടിക്കരച്ചിൽ.
ഫസ്റ്റ് ഫോമിലെ (ആറാം ക്ലാസ്സ്) ക്രിസ്മസ്സ് പരീക്ഷ കഴിഞ്ഞു ഉത്തരക്കടലാസ്സുകളും വിതരണം ചെയ്തു. ഓണപ്പരീക്ഷയുടെ ഫലത്തിൽ നിന്നും വലിയ വ്യത്യാസമില്ല, ഉപൻ കണക്കിന് അൽപം പിറകോട്ടായതും, സോഷ്യൽ സ്റ്റഡീസ്സിനു വേറൊരാൾ ഒന്നാമനായതും ഒഴിച്ചാൽ. അഞ്ചിൽ മൂന്നു വിഷയങ്ങൾക്കും വീണ്ടും ഒന്നാമനെന്ന സ്ഥാനം നിലനിറുത്തിയതിനാൽ, പഠിത്തത്തിൽ ക്‌ളാസ്സിലെ പൊതുവേ ഒന്നാമനെന്ന ധാരണ ഒന്നുകൂടി ബലപ്പെട്ടു. വീണ്ടും ECA പീരിയഡുകളിൽ അച്ഛൻ എഴുതിക്കൊടുത്ത പദ്യങ്ങൾ ചൊല്ലിയും ഉപന്യാസങ്ങൾ വായിച്ചും ഉപൻ മലയാളം സാറിൻ്റെയും പ്രീതി നേടുകയുണ്ടായി.
ക്രിസ്മസ്സ് അവധി കഴിഞ്ഞു ക്ലാസ് പുനരാരംഭിച്ചു മൂന്നാമത്തെ ആഴ്ച തൊഴിൽ വാരമായി കൊണ്ടാടി. സ്കൂളിന് മുൻവശമുള്ള റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള പുറമ്പോക്കുകളിലെയും രണ്ടു ഇടവഴികളിലെയും കാടുകൾ വെട്ടിത്തെളിക്കുക എന്ന ജോലി ആയിരുന്നു കുട്ടികൾ ചെയ്യേണ്ടിയിരുന്നത്. അവസാന ദിവസം ഉച്ചകഴിഞ്ഞു ചെറിയ തോതിൽ ഒരു കലാ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും, എല്ലാവരും പങ്കെടുക്കണമെന്നും, പങ്കെടുക്കുന്നവർ പേരും ഇനവും അവരവരുടെ ക്ലാസ് ടീച്ചർക്ക് കൊടുക്കണമെന്നും, ലളിത ഗാനം, ഉപന്യാസം, പദ്യപാരായണം, അക്ഷരശ്ലോകം, മോണോ ആക്ട്, ഫാൻസി ഡ്രസ്സ് തുടങ്ങിയവയായിരിക്കും പരിപാടിയിലെ ഇനങ്ങൾ എന്നും, സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നും മറ്റും ആദ്യ ദിവസം രാവിലെ ഹെഡ്സ്റ്റമാസ്റ്റർ പോറ്റി സാർ തൊഴിൽവാരം ഉൽഘാടനം ചെയ്യുമ്പോൾ പറയുകയുണ്ടായി.
ഹെഡ് മാസ്റ്റർ പോറ്റി സാറിനെപ്പറ്റി രണ്ടു വാക്കു പറയാതെ വയ്യ. ഉയരം കുറഞ്ഞു, കറുത്ത് തടിച്ചു, ശുഭ്രമായ വേഷ്ടികൊണ്ട് താറുടുത്തു, അത്രതന്നെ ശുഭ്രമായ ജുബ്ബായും ധരിച്ച്, തലയിൽ മുക്കാൽ ഭാഗവും കഷണ്ടി ബാധിച്ചു, തിരുനെറ്റിയിൽ ചന്ദനവും കുങ്കുമവും ചേർത്തുള്ള വലിയ പൊട്ടുമിട്ട്, ഐശ്വര്യം വഴിയുന്ന സുസ്മേരവദനൻ. ആദ്യ കാഴ്ചയിൽത്തന്നെ ആർക്കും ബഹുമാനം തോന്നുന്ന ആകാര സവിശേഷത. സർവീസ്സിൽ നിന്നും വിരമിക്കുവാൻ കാത്തു നിൽക്കുന്ന, ഇരുത്തം വന്ന ഒരു ഉത്തമ അദ്ധ്യാപകൻ. വിദ്യാർത്ഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിൽ അഗ്രഗണ്യൻ. സ്കൂൾ വരാന്തയിൽക്കൂടി സന്തത സഹചാരിയായ ചൂരലുമായി റോന്തു ചുറ്റുന്ന അദ്ദേഹത്തിൻ്റെ തലവെട്ടം കണ്ടാൽ മതി, ഗ്രൗണ്ടിൽ ബഹളമുണ്ടാക്കി കളിച്ചു കൊണ്ടു നിൽക്കുന്ന കുട്ടികൾ പോലും നിശ്ശബ്ദരാകും.
അന്നു വൈകിട്ടുതന്നെ ഉപൻ അച്ഛനോട് കവിതയുടെ കാര്യം പറയുകയും, കേശവൻ പിറ്റേ ദിവസം അവനു കവിത എഴുതി കൊടു ക്കുകയും ചെയ്തു. കുമാരനാശാൻ്റെ 'ചണ്ഡാലഭിക്ഷുകി എന്ന കവിതയിൽ നിന്നും :
'തൂമ തേടും തൻ പാള കിണറ്റിലി -
ട്ടോമൽ കയ്യാൽ കയറുവലിച്ചുടൻ'
എന്ന് തുടങ്ങി
ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
വാർത്തു നിന്നിതേ മെല്ലെക്കുനിഞ്ഞവൾ'
എന്നുവരെ നാൽപ്പതു വരികൾ. ചൊല്ലേണ്ട ട്യൂണിൽത്തന്നെ കേശവൻ ആ കവിതാ ഭാഗം മകനെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.
തൊഴിൽ വാരം ഉപനും ഫസ്റ്റ് ഫോമിലെ മറ്റു കുട്ടികൾക്കും ഒരു പുതിയ അനുഭവമായിരുന്നു. ഓരോ റ്റീച്ചറിന്റെ നേതൃത്വത്തിൽ പല ഗ്രൂപ്കളായി പല സ്ഥലങ്ങളിലായിട്ടായിരുന്നു കാട് തെളിക്കൽ. കൂടുതൽ കുട്ടികളും ആല്മാർഥമായിത്തന്നെ ജോലി ചെയ്തപ്പോൾ, ഒരു ടീച്ചർ ഒപ്പമുണ്ടായിരുന്നിട്ടും, ഉഴപ്പിയും കളിതമാശകളിൽ ഏർപ്പെട്ടും ചില കുട്ടികൾ സമയം ചെലവഴിച്ചു. നാലര ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞതേയില്ല. ഉഴപ്പിയവർ തൊഴിൽ വാരത്തിനു ഒരാഴ്ച പോരെന്നു ആഗ്രഹിച്ചുപോയി. അതവർ തുറന്നു പറയുകയും ചെയ്തു.
കലാപരിപാടികളുടെ സമയമായി. ആദ്യം ലളിത ഗാന മത്സരം. അത് കഴിഞ്ഞു ഉപന്യാസ മത്സരം.അതും കഴിഞ്ഞു ഉപനും പങ്കെടുത്ത പദ്യ പാരായണം. അങ്ങിനെ ഓരോ ഇനങ്ങളായി എല്ലാം കഴിഞ്ഞിട്ട് സമ്മാന ദാനം. എല്ലാ ഇനങ്ങൾക്കും ഒന്നാം സമ്മാനം കപ്പും സോസറും, രണ്ടാം സമ്മാനം സോപ്പ് പെട്ടിയും, മൂന്നാം സമ്മാനം ഗ്ലാസും ആയിരുന്നു. അക്കാലത്തു അപൂർവം വീടുകളിലേ കപ്പും സോസറും സോപ്പ് പെട്ടിയും മറ്റും ഉപോയോഗിച്ചിരുന്നുള്ളു. അതു കൊണ്ടുതന്നെ അവ സമ്മാനമായി കിട്ടുകയെന്നത് വലിയ കാര്യമായിരുന്നു. ഉപന് പദ്യപാരായണത്തിനു ഒന്നാം സമ്മാനം തന്നെ കിട്ടി. ബെഞ്ചുകൾ ചേർത്തുവച്ചു ഉയർത്തിയ സ്റ്റേജിൽ സ്റ്റെപ് കയറി അഭിമാനത്തോടെയും സന്തോഷത്തോടെയും സമ്മാനവും വാങ്ങി താഴേയ്ക്കിറങ്ങുമ്പോൾ, ഉപൻ്റെ കണ്ണുകൾ കപ്പിലായിരുന്നതിനാൽ, നിലത്തേക്ക് വച്ച കാൽ ഒന്നിടറുകയും അവൻ മുന്നോട്ടൊന്നു ആയുകയും ബാലൻസ് വീണ്ടെടുക്കുന്നതിനിടയിൽ നിമിഷ നേരം കൊണ്ട് സോസറിൽ നിന്നും കപ്പു താഴെ വീണു പൊട്ടുകയും ചെയ്തു.. അത് കണ്ടതും, കാഴ്ചക്കാരായി സദസ്സിലിരുന്ന രണ്ടുമൂന്നു വികൃതിക്കുട്ടികൾ കൂവുകയും കയ്യടിച്ചു പൊട്ടിച്ചിരിക്കുകയും ചെയ്തു.. സമ്മാനമായി കിട്ടിയ കപ്പു പൊട്ടിയതിൽ വലിയ സങ്കടം തോന്നിയെങ്കിലും, അതു കണ്ടു സഹപാഠികൾ കൂവി കളിയാക്കും, വിധം പൊട്ടിച്ചിരിക്കുകയും കൂടി ആയപ്പോൾ ഉപന് സങ്കടം ഏറി നിയന്ത്രിക്കാനാകാതെ അതൊരു പൊട്ടിക്കരച്ചിലായി വെളിയിൽ വരികയും ചെയ്തു. ഹെഡ്മാസ്റ്റർ പോറ്റി സാർ അവിടെ നടക്കുന്നതെല്ലാം നിരീക്ഷിച്ചുകൊണ്ട്, തൻറെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്ന ചൂരലും പിറകിലൊളിപ്പിച്ചു പിടിച്ചുകൊണ്ട്, അല്പം ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു. കുട്ടികൾ ഉപനേ കളിയാക്കി കൂവുകയും കയ്യടിച്ചു ചിരിക്കുന്നതും, ഉപൻ നിയന്ത്രണം വിട്ടു കരയുന്നതും കണ്ടയുടൻ പോറ്റി സാർ ചൂരലുമായി ധൃതിയിൽ ഉപൻ്റെ അടുത്തേയ്ക്കു നടന്നടുത്തു. കപ്പു സ്വയം താഴെയിട്ടു പൊട്ടിച്ചിട്ടു നിന്ന് 'മോങ്ങു' ന്നതിനു ദേഷ്യപ്പെട്ടു തന്നേ അടിക്കുവാനായാണ് പോറ്റിസാർ ധൃതിവച്ചു തൻ്റെയടുത്തേക്കു ചൂരലുമായി വരുന്നതെന്ന് തെറ്റിദ്ധരിച്ച ഉപൻ സഡൻ ബ്രേക്കിട്ടതുപോലെ കരച്ചിൽ നിറുത്തി ഭയപ്പാടോട് അതൊരു വലിയ എങ്ങലിൽ ഒതുക്കി നിറുത്തുവാൻ ബദ്ധപ്പെടുന്നത് കണ്ടപ്പോൾ പോറ്റി സാറിനു ചിരി ഒതുക്കേണ്ടി വന്നു. അദ്ദേഹം അവൻ്റെ തോളിൽ വാത്സല്യ പൂർവ്വം കൈ വച്ചിട്ട് പറഞ്ഞു : "ഒന്നാം സമ്മാനം വാങ്ങിയില്ലേ , മിടുക്കൻ . കപ്പു താഴെ വീണു പൊട്ടിപ്പോയി, അല്ലേ ? സാരമില്ല, നിനക്ക് വേറേ കപ്പു കിട്ടും, പോരേ ?" തിരിഞ്ഞു, കുട്ടികൾ കൈകൊട്ടിച്ചിരിച്ച ഭാഗത്തേയ്ക്ക് നോക്കി സാറ് ഗൗരവത്തിൽ ഉറക്കെ ചോദിച്ചു : "ആർക്കൊക്കെയാടാ അസൂയ പൊട്ടിയത്? നിൻ്റെയൊക്കെ പകുതി പോലുമില്ലാത്ത ഈ പയ്യൻ ഒന്നാം സമ്മാനം വാങ്ങിയത് നിനക്കൊന്നും സഹിക്കുന്നില്ല അല്ലേടാ? അവനേ കണ്ടു പഠിക്കിനെടാ " ഉപനേ നോക്കി സാറ് വീണ്ടും പറഞ്ഞു: "നീ ഇനിയും പദ്യം ചൊല്ലിയും പ്രസംഗിച്ചും ഒക്കെ ഒന്നാം സമ്മാനം വാങ്ങി ഇവന്മാരെയെല്ലാം നാണം കെടുത്തണം. ഇനി ആരാ കൂവുന്നതെന്നും ചിരിക്കുന്നതും ഞാനൊന്ന് കാണട്ടെ" . അത് കേട്ടപ്പോഴാണ് ഉപന് ശ്വാസം നേരേ വീണത്. അപ്പോൾ പോറ്റി സാറു ധൃതിയിൽ അടുത്തു വന്നത് തന്നേ അടിക്കാനല്ല , മറിച്ചു , രക്ഷിക്കാനും പ്രോത്സാഹിപ്പിക്കുവാനുമാണ്. ഉപന് സാറിനോടുള്ള ബഹുമാനം ആരാധനയായി മാറി. ഇതിനകം ക്ലാസ്സ് റ്റീച്ചർ പ്രഭാകരൻ സാറു, തന്റെ പ്രിയ ശിഷ്യന്റെ അവസ്ഥ കണ്ടു അവിടെ എത്തിക്കഴിഞ്ഞിരുന്നു. ഹെഡ്മാസ്റ്റർ സന്ദർഭം സമർത്ഥമായി കൈകാര്യം ചെയ്തതിനാൽ അദ്ദേഹത്തിന് വെറും കാഴ്ചക്കാരനായി അരികിൽ നിൽക്കേണ്ടി വന്നതേയുള്ളു. പോറ്റി സാർ സ്റ്റേജിൽ ഉണ്ടായിരുന്ന ഓഫീസ് ഗുമസ്തനെ വിളിച്ചു ഒരു കപ്പു ഉപന് കൊടുക്കുവാൻ പറയുകയും, അയാൾ ഉടൻ തന്നെ ഉപനേ വിളിച്ചു കപ്പു കൊടുക്കുകയും ചെയ്തു.പുതിയ സ്കൂൾ വർഷം. സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ കേശവൻ
