ഒരു ആനക്കാര്യം
അഞ്ചാംക്ലാസ്സിലെ വാർഷികപ്പരീക്ഷ കഴിഞ്ഞ ദിവസം. പരീക്ഷകഴിഞ്ഞു, ഇനി രണ്ടു മാസത്തെ വേനലവധിക്കാലം കളിച്ചു രസിച്ചു നടക്കാമല്ലോ എന്നോർത്ത് സന്തോഷിച്ചു വെളിയിലിറങ്ങിയപ്പോൾ നാലഞ്ച് കുട്ടികൾ കൂട്ടംചേർ ന്നുനിന്നു സംസാരിക്കുന്നത് കണ്ടു ഉപനും അങ്ങോട്ട് ചെന്നു. കുട്ടനാണു വിഷയം അവതരിപ്പിക്കുന്നത്. ക്ലാസ്സിലെ തടിമാടനാണ് കുട്ടൻ. ഉപനേക്കാളും മൂന്നു വയസ്സെങ്കിലും അവനു കൂടുതൽ കാണും. കുട്ടൻ പറഞ്ഞു : "ഞാനും തങ്കപ്പനും കൂടെ ചക്കരമാങ്ങാ പറക്കുവാൻ കാട്ടീ പോവ്വാ ആരെങ്കിലും വരുന്നുണ്ടെങ്കി വാ". രണ്ടുമൂന്നു കുട്ടികൾ ഉറക്കെ പറഞ്ഞു : "ഞാനും വരുന്നൊണ്ട് ". ഉപൻ ഒരുനിമിഷം ആലോചിച്ചു. വനം സ്കൂളിൽനിന്നും അധികം ദൂരെയല്ല. പലപ്രാവശ്യം അച്ഛന്റെ കൂടെയും മറ്റുള്ളവരുടെ കൂടെയും പോയിട്ടുമുണ്ട്. ഇവരുടെകൂടെ പോയാൽ നല്ല രസമായിരിക്കും. ശർക്കരമാമ്പഴം വയറുനിറയെ തിന്നുകയും ചെയ്യാം. നിക്കറിന്റെ പോക്കറ്റിലും കുറച്ചു കൊണ്ടുവരാം. പിന്നെ കൂടുതൽ ആലോചിക്കുവാൻ നിന്നില്ല. "ഞാനും വരുന്നൊണ്ട്." അവൻ ഒരു ചെറിയ ആവേശത്തോടുതന്നെ പറഞ്ഞു. ചേച്ചി വാഗമ്മയും കൂട്ടുകാരികളും ഉപൻ കൂടെയെത്തുവാൻ പതിവു പോലെ കുറച്ചകലെ കാത്തുനിൽക്കുന്നുണ്ട്. അവൻ ഓടി അവരുടെ അടുത്തെത്തി ചേച്ചിയോടായി പറഞ്ഞു : "ഞാൻ കിളിത്തട്ടു കളിച്ചിട്ടേ വരത്തൊള്ളൂ വീട്ടീ പറഞ്ഞേക്ക് "
കുട്ടൻ മുണ്ടും മടക്കിക്കുത്തി മുന്നേ നടന്നു . പിറകെ തങ്കപ്പനും മറ്റുള്ളവരും. തങ്കപ്പനും മുണ്ടാണ് ഉടുത്തിരിക്കുന്നതു. ബാക്കി നാലുപേരും നിക്കറാണിട്ടിരിക്കുന്നതു. പതിനഞ്ചു മിനുട്ടോളം നടന്നപ്പോൾ വനാതിർത്തിയിലെത്തി. വീണ്ടും പതിനഞ്ചു മിനിറ്റോളം നടന്നപ്പോൾ വനത്തി നുള്ളിലെത്തി. താൻ ഈ ഭാഗത്തെങ്ങും വന്നിട്ടില്ലല്ലോ എന്നു ഉപൻ ഓർത്തു. വീണ്ടും നടന്നു കയറ്റം കയറി നീണ്ടുനിവർന്നുകിടക്കുന്ന പുല്മേടുകളിലെത്തിച്ചേർന്നു. പുല്മേടുകളിൽക്കൂടെ കുറെയധികം നടന്നുകഴിഞ്ഞപ്പോൾ നെടുംകുത്തായ ഒരു ചരിവുപ്രദേശത്തെത്തി. താഴെ ഇരുണ്ട ഇടതൂർന്ന വനങ്ങളുടെ താഴ്വരകൾ. താൻ ഇതിനു മുൻപ് വനത്തിൽ ഇത്രയും ദൂരെ വന്നിട്ടില്ലല്ലോ എന്നും ഇത്രയും ഇടതൂർന്ന, കറുത്തിരുണ്ട വനപ്രദേശം കണ്ടിട്ടില്ലല്ലോ എന്നും ഉപൻ വീണ്ടും ചിന്തിച്ചു പോയി. ഉൾവനങ്ങളിൽ പുലിയും ആനയുമൊക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്. നാട്ടുകാരുടെ പശുക്കളെയൊക്കെ വനത്തിൽ കൊണ്ടുപോയി മേയ്ക്കുന്ന കോവിന്ദൻ ഒരിക്കൽ ഒരു പശുവിനെ പുലി പിടിക്കുന്നത് കണ്ടു പേടിച്ചിട്ടു പശുക്കളെയെല്ലാം കാട്ടിലുപേക്ഷിച്ചു ഓടിപ്പോന്ന സംഭവം കഴിഞ്ഞ വർഷം നടന്നിട്ടേയുള്ളു. തങ്ങൾ പോകുന്ന അടുത്തുള്ള വനഭാഗത്തു ഇപ്പോൾ ആനയിറങ്ങാറില്ലെങ്കിലും കുറേക്കൂടി കിഴക്കുള്ള കൊച്ചുകുളത്തു ഈയിടെ ആനയിറങ്ങി തങ്കപ്പനാശാരിയുടെ കൃഷി നശിപ്പിച്ചതായറിഞ്ഞിരുന്നു. ആ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ ഉപന്റെ മനസ്സിൽ ചെറിയ ഒരു അങ്കലാപ്പുണ്ടായി. ഒപ്പം, വീട്ടിലാരുമറിയാതെ ഇത്രയകലെയുള്ള വനത്തിൽ പോയെന്നുള്ള വിവരം അച്ഛനറിഞ്ഞാലോ എന്ന ചിന്ത ഒരു ചാട്ടുളി പോലെ ഉപന്റെ മനസ്സിലേയ്ക്ക് ആഞ്ഞു പതിച്ചു. എങ്കിൽ തല്ലിന്റെ പൂരം ഉറപ്പ്. തിരിച്ചു പോയാലോ? പക്ഷേ ഇത്രയും ദൂരം ഇനി തനിയേ വനത്തിലൂടെ നടക്കാനും പേടി. മാത്രമല്ല, തിരികെ പോയാൽ മറ്റുള്ളവർ തന്നെ പേടിച്ചുതൂറി എന്നു വിളിച്ചു കളിയാക്കും. ഇനി വരുന്നിടത്തു വച്ചു കാണുകയേ വഴിയുള്ളു.
കുട്ടൻ പതുക്കെ താഴേക്കിറങ്ങി. ചെങ്കുത്തായ ഇടം. ഒന്നു കാലു തെറ്റി വീണാൽ പിന്നെ ഉരുണ്ടുമറിഞ്ഞു എവിടെയെത്തുമെന്നറിയില്ല. കുട്ടന്റെ പിറകെ മറ്റുള്ളവരും ബാലൻസ് പിടിച്ചു ഇറങ്ങി. "കാലു തെറ്റി വീഴാതെ ചെടികളിൽ പിടിച്ചിറങ്ങിക്കോണം" കുട്ടന്റെ ഉപദേശം. ചരിവിൽ നിൽക്കുമ്പോൾ തന്നെ കണ്ടു താഴ്‌വരയിൽ നിന്നും തലയുയർത്തിനിൽക്കുന്ന വൃക്ഷങ്ങളുടെ ഇടയിൽ ഇടതൂർന്ന മാമ്പഴക്കുലകളും പേറിനിൽക്കുന്ന അനേകം മാവുകൾ. കണ്ണുകൾക്കു ആനന്ദവും നാവിനു ഹരവും രുചിയും പകരുന്ന മനോഹരമായ കാഴ്ച. പതുക്കെ വനത്തിനുള്ളിലേക്കിറങ്ങി. നല്ല ഇരുട്ട്. ഒപ്പം ചീവീടുകളുടെ നിലയ്ക്കാത്ത ഉച്ചത്തിലുള്ള ഒച്ചകളും. ഒരു ഭയം ക്രമേണ ഉള്ളിലേക്ക് അരിച്ചരിച്ചു കയറുന്നതറിവായി. അതു മനസ്സിലാക്കിയെന്നവണ്ണം കുട്ടന്റെ മുന്നറിയിപ്പ് : "ആരും അകന്നുമാറിപ്പോവരുത്. അടുത്തടുത്തുണ്ടാവണം. ആരും പേടിക്കരുത് ". അൽപ്പം കൂടി താഴേയ്ക്ക് ചെന്നപ്പോൾ മാമ്പഴങ്ങൾ കിടക്കുന്നതു കാണായി. ഉപനും മറ്റും അവ പെറുക്കുവാൻ തുടങ്ങിയപ്പോൾ കുട്ടന്റെ ഉപദേശം : "അതൊക്കെ പുളിച്ചിമാങ്ങകളാ, ചക്കരമാങ്ങയ്ക്കു കുറച്ചുക്കൂടെ താഴോട്ട് പോണം. എനിക്കറിയാം എവിടെയാന്നു. ഞായറാഴ്ച ഞാനും അച്ഛനുംകൂടെ വന്നാരുന്നു ". വീണ്ടും താഴേക്ക്. ഒപ്പം ഭയവും കൂടിക്കൂടിവരുന്നുണ്ടായിരുന്നു. എങ്കിലും മുന്നോട്ടുതന്നെ. കുട്ടനും കൂട്ടരും കൂടെയുണ്ടല്ലോ. ചൂരൽക്കാടുകൾ. പലപ്പോഴും ചൂരൽവള്ളിയിലെ മുള്ളുകൾ നിക്കറിലും ഉടുപ്പിലുമുടക്കുകയും അവ വേർപെടുത്തുവാനുള്ള ശ്രമത്തിൽ കൈകളിൽ തറയ്ക്കുകയും വേദനിക്കുകയും ഉണ്ടായി. സാരമില്ല, ചക്കരമാമ്പഴം തിന്നാമല്ലോ ! പെട്ടെന്ന് കുട്ടന്റെ ശബ്ദം. "ദേ നോക്ക്, ചക്കരമാങ്ങകള് കണ്ടോ ?" കുട്ടൻ താഴേയ്ക്ക് ചൂണ്ടിക്കാട്ടിയിടത്തേക്കു ഞങ്ങൾ നോക്കി. ശരിയാണ്, കാട്ടുചെടികൾക്കും കരി യിലകൾക്കുമിടയിലായി മാങ്ങകൾ കിടക്കുന്നു. അടുത്തേയ്‌ക്കെത്തിയപ്പോൾ നാവിൽ വെള്ളമൂറിക്കുന്ന മണവും. മുകളിലേയ്ക്കു നോക്കി. പാഴ്മരച്ചില്ലകൾക്കിടയിൽക്കൂടി കണ്ണെത്താത്ത ഉയരത്തിൽ ഇരുണ്ട ശിഖരങ്ങളിൽ കാറ്റത്തുലഞ്ഞാടുന്ന മാങ്കുലകൾ കണ്ടു. ഇടയ്ക്കിടയ്ക്ക് ഒന്നും രണ്ടും മാങ്ങകൾ കൊഴിഞ്ഞു വീഴുന്നുമുണ്ട്. കുട്ടൻ ഷർട്ടുപോക്കി മുണ്ടഴിച്ചു ഇറക്കിക്കെട്ടി റബ്ബർ ബാന്റിട്ടു മുറുക്കിയുടുത്തു വലിയ മാറാപ്പു കെട്ടി. തങ്കപ്പനും മാറാപ്പു കെട്ടി അയാൾക്ക് മുണ്ടുറപ്പിക്കുവാൻ ബെൽറ്റോ റബ്ബർ ബാന്റോ ഇല്ല. ഞങ്ങൾ മാങ്ങകൾ പെറുക്കിപ്പെറുക്കി വീണ്ടും താഴേക്ക്. ഇടയ്ക്കു മാങ്ങകൾ ഊറിക്കുടിച്ചാ സ്വദിച്ചിറക്കുന്നുമുണ്ട്. ഇത്ര സ്വാദുള്ള നാട്ടു മാങ്ങാ ഇതിനുമുൻപ് തിന്നിട്ടില്ലതന്നെ. ഉപന്റെ പോക്കറ്റുകൾ രണ്ടും നിറഞ്ഞു കഴിഞ്ഞു. പെട്ടെന്ന് താഴെ മുന്നിലായിരുന്ന തങ്കപ്പന്റെ അങ്കലാപ്പോടുകൂടിയ അടക്കിപ്പിടിച്ച ശബ്ദം. "ആരും അനങ്ങരുത്. ദേ അവിടെ ആന നിക്കുന്നുണ്ട്. നമുക്കിനി തിരികെപ്പോകാം." എല്ലാവരും തങ്കപ്പൻ കാണിച്ചിടത്തേയ്ക്കു നോക്കി. കാടുകൾക്കിടയിൽ ഒരനക്കവും കൂടുതൽ ഇരുൾച്ചയും. ഒന്നുകൂടി നോക്കിയപ്പോൾ ആനയെ വ്യക്തമായും കണ്ടു. പെട്ടെന്ന് ആന തിരിഞ്ഞു തുമ്പിക്കയ്യുയർത്തി മൂക്കുവിടർത്തി. നീണ്ടു വെളുത്ത കൊമ്പുകൾ ആ ഇരുൾച്ചയിൽ വളരെ വ്യക്തമായി കാണുവാൻ കഴിഞ്ഞു. അതിനു മനുഷ്യഗന്ധം അനുഭവപ്പെട്ടിരുന്നു. ഒരു പ്രത്യേക ശബ്ദവും പുറപ്പെടുവിച്ചു. മറ്റുള്ള ആനകൾക്ക് മുന്നറിയിപ്പ്. ഉടൻതന്നെ അടുത്തുള്ള ചെടികൾക്കിടയ്ക്കും അനക്കം. വേറെയും ആനകൾ. അവയും ഉപനേയും കൂട്ടരെയും പോലെതന്നെ ചക്കരമാങ്ങാ പെറുക്കിത്തിന്നാൻ വന്നിരിക്കുകയാണ്. അവരുടെ നല്ലജീവൻ പോയി. ഭയംകൊണ്ട് കാലുകൾ നിലത്തുറച്ചുപോയപോലായി. കുട്ടൻ എല്ലാവരോടുമായി ശബ്ദം താഴ്ത്തി പറഞ്ഞു. "ചെടികളിൽ തൊടാതെ പതുക്കെ തിരിഞ്ഞു താണു താണു മുകളിലേക്ക് വലിഞ്ഞു കേറിക്കോ. ഒരനക്കോം ശബ്ദോമൊണ്ടാക്കരുത്." ആ ശബ്ദം മറ്റുള്ളവർക്ക് ധൈര്യം നൽകിയെന്ന് തോന്നി. അവർ പതുക്കെ, ശബ്ദമുണ്ടാക്കാതെ, പിന്നോട്ടുവലിഞ്ഞു മുകളിലേക്ക് കയറിത്തുടങ്ങി. കുറെ മുകളിലെത്തി തിരിഞ്ഞു താഴേയ്ക്ക് നോക്കി ആന പിറകെയില്ലെന്നു ഉറപ്പുവന്നപ്പോൾ കുട്ടൻ പറഞ്ഞു. "ഇനി പേടിക്കാനില്ല. എന്നാലും ജീവനും കൊണ്ടോടിക്കോ." കേൾക്കാത്ത താമസം, എല്ലാവരും ചെടികളിലും നിലത്തും അള്ളിപ്പിടിച്ചു ഉള്ള ശക്തിയെല്ലാമെടുത്തു ഇഴഞ്ഞും വലിഞ്ഞും മുകളിലേക്ക് വച്ചു പിടിച്ചു. കുട്ടൻ ഇടയ്ക്കിടയ്ക്ക് ഓരോരുത്തരുടെയും പേര് വിളിച്ചു എല്ലാവരും കൂടെയുണ്ടെന്നുറപ്പു വരുത്തി ഒരു നല്ല ലീഡറുടെ ഗുണം കാണിക്കുന്നുമുണ്ട്. എല്ലാവരും ശരിക്കും അവശരായി കുന്നിന്മുകളിലെത്തി കിതച്ചുകൊണ്ട് നിന്ന് ആന പിറകെയില്ലെന്നു ഒന്നുകൂടി ഉറപ്പുവരുത്തി. ഒരുമിച്ചായപ്പോളാണ് എല്ലാവരും അന്യോന്യം നേരിട്ടു നോക്കുന്നത്. ഭീതിയെല്ലാം കാറ്റിൽപ്പറത്തി പെട്ടെന്നൊരു കൂട്ടച്ചിരി മുഴങ്ങി. ചിലർ കൈകൊട്ടുന്നുമുണ്ട്. തങ്കപ്പനെ പിറന്നപടിയിൽ കണ്ടാൽ പൊട്ടിച്ചിരിക്കാതെന്തു ചെയ്യും ? വെപ്രാളത്തിലോടുന്നതിനിടെ തന്റെ മുണ്ടു മുൾ ചെടികളിലുടക്കി ഉരിഞ്ഞുപോയത് തങ്കപ്പൻപോലുമറിഞ്ഞത് അപ്പോഴാണ്. ഇനിയെന്ത് ചെയ്യും? മുണ്ടുമന്വേഷിച്ചു തിരികെപ്പോകുന്ന പ്രശ്നമുദിക്കുന്നില്ല. കൂട്ടത്തിൽ മുതിർന്ന കുട്ടൻപോലും അടിവസ്ത്രമിട്ടിട്ടില്ല. ആർക്കെങ്കിലും അടിവസ്ത്രമുണ്ടായിരുന്നെങ്കിൽ ഒരു തുണി തങ്കപ്പനു കൊടുക്കാമായിരുന്നു. അതിനും നിർവാഹമില്ല. കുട്ടൻ പറഞ്ഞു : "എന്തായാലും ഇനി നിന്നിട്ടു കാര്യമില്ല. പോകാം. കാടിറങ്ങിയിട്ട് എന്തുവേണമെന്നു നോക്കാം." എന്തായാലും ആനയെക്കണ്ട് പേടിച്ചതു മൂലമുണ്ടായ പിരിമുറുക്കം തങ്കപ്പന്റെ നഷ്ടപ്പെട്ട മുണ്ടു കാരണം അയഞ്ഞുകിട്ടിയല്ലോ ! അവർ കുന്നിറങ്ങി തിരികെ നാട്ടിലേക്ക് വച്ചുപിടിച്ചു. വനാതിർത്തി കഴിഞ്ഞു നാട്ടിലെ ഇടുങ്ങിയ ഇടവഴിയിലേക്കിറങ്ങിയപ്പോൾ കുട്ടൻ തങ്കപ്പനോടായി പറഞ്ഞു : "നീ ഏറ്റവും പൊറകേ വന്നാമതി. ആരെങ്കിലും എ തിരെവന്നാ മരത്തിനോ ചെടിക്കൊ പൊറകി ഒളിച്ചോണം." ഏറ്റവും പിറകിൽ തങ്കപ്പനും അവനു മുന്നിലായി കുട്ടനും അതിനും മുന്നിലായി മറ്റു നാലുപേരും വരിയായി ഇടവഴിയിൽക്കൂടി നടപ്പായി. കുറച്ചു ചെന്നപ്പോൾ വഴിയരികിലെ ആദ്യത്തെ വീട് കാണായി. മുന്നോട്ടുപോകുവാൻ മറ്റുള്ളവരെ ആംഗ്യം കാണിച്ചിട്ട് കുട്ടൻ ആ വീടിന്റെ പടിക്കൽനിന്നുകൊണ്ടു മുറ്റമാകെ പരിശോധിച്ചു. ഒന്നും കണ്ടില്ലെന്നുതോന്നിയപ്പോൾ മറ്റുള്ളവർക്കൊപ്പം കൂടി. അടുത്ത വീട്ടിലും പരിശോധന ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാമത്തെ വീട്ടുമുറ്റത്തു അയയിൽ ഒരു കൈലിയും ഷർട്ടും ചുട്ടിത്തോർത്തും കഴുകി ഉണങ്ങാനിട്ടിരിക്കുന്നതു കണ്ടു. മുന്നോട്ടുപോകുവാൻ ആംഗ്യം കാട്ടിയിട്ടു മുറ്റത്താരുമില്ലെന്നുറപ്പുവരുത്തിയ ശേഷം കുട്ടൻ പതുങ്ങിപ്പതുങ്ങി മുറ്റത്തേയ്ക്ക് കയറി മിന്നൽ വേഗത്തിൽ തോർത്തും കൈക്കലാക്കി ഇടവഴിയിൽ ചാടി മറ്റുള്ളവർക്കൊപ്പമെത്തി തോർത്ത് തങ്കപ്പനു കൊടുത്തിട്ടു പറഞ്ഞു : "ഉടുത്തോടാ, എന്നിട്ടെല്ലാവരും ഓടിക്കോ." ഞങ്ങൾ ഓടിയും നടന്നും ഇടവഴിയും കഴിഞ്ഞു സ്കൂളിനടുത്തെ വയൽ വ രമ്പിലെത്തിനിന്നു. പെറുക്കിയെടുത്ത മാങ്ങകളിൽ അധികവും ജീവനുംകൊണ്ടോടുന്നവഴിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. കുട്ടന്റെ മാറാപ്പിലും നിക്കറുകാരുടെ പോക്കറ്റിലുമായി ഉണ്ടായിരുന്ന ശേഷിച്ച മാങ്ങകൾ എല്ലാവർക്കുമായി പങ്കിട്ടുകൊടുത്തിട്ടു കുട്ടൻ പറഞ്ഞു : നമ്മൾ കാട്ടിൽ പോയതും ആനയെക്കണ്ടതും വീട്ടിലോ കൂട്ടുകാരോടോ പറയരുത് പറഞ്ഞാൽ കുഴപ്പമുണ്ടായെന്നുവരും." എല്ലാവരും സമ്മതം മൂളിയിട്ടു അവരവരുടെ വീടുകളിലേക്ക് വച്ചുപിടിച്ചു.
*******
പരീക്ഷാഫലം വന്നു. കുട്ടനും തങ്കപ്പനും തോറ്റു. ആ സാഹസിക സംഘത്തിൽനിന്നും ഉപനും മറ്റു രണ്ടുപേരും മാത്രം ജയിച്ചു. കേശവൻ ഉപനേ മൂന്നു മൈൽ അകലെയുള്ള ഏരൂർ സർക്കാർ മിഡ്‌ഡിൽ സ്കൂളിൽ ഫസ്റ്റ്ൽ (ആറാം ക്ലാസ്സിൽ) ചേർത്തു. സ്കൂൾ തുറന്നപ്പോൾ സംഘത്തിൽനിന്നും അവൻ മാത്രമേയുള്ളു. പാസ്സായ മറ്റുരണ്ടുപേരും തുടർപഠിത്തം മതിയാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആ സാഹസികയാത്ര യെപ്പറ്റി പിന്നീട് ഓർത്തും പറഞ്ഞും രസിക്കുവാൻ ആരുമില്ലാതെ അതു ഉപന്റെ ഓർമച്ചെപ്പിന്റെ ഏതോ കോണിൽ അടിഞ്ഞുകൂടിക്കിടക്കുകയായിരുന്നു. ഇതുവരെ.
മേമ്പൊടി
മാമ്പഴം തിന്നാൻ കൊതിച്ചു ഞങ്ങൾ വമ്പൻ കാട്ടിലേക്കൂളിയിട്ടങ്ങു ചെന്നു
കൊമ്പനാനയ്ക്ക് കൊതിയേറിയിട്ടഹാ മുൻപേയവിടെത്തി, ഞങ്ങളേക്കാൾ
മുമ്പിലവന്റെയടുത്തെത്തിയപ്പോഴേ വെമ്പി ഞങ്ങൾ, ശബ്ദ രഹിതരായി.
കൊമ്പുകൾ രണ്ടും തിളങ്ങിയിരുട്ടിലാ, തുമ്പിയിൽ മാമ്പഴം ഞെങ്ങിയിരിക്കണു.
കണ്ടതും മിണ്ടാതെ മണ്ടിയ കാരണം മുണ്ടുപോയ്, ജീവനോ കൊണ്ടുപോന്നു.
മുണ്ടൊരെണ്ണം കട്ടെടുത്തു വരുംവഴി കണ്ടുപിടിച്ചില്ലതാരുമിതേവരെ !!!
